പ്രപഞ്ചം
പ്രപഞ്ചം മനുഷ്യന്റെ ചിന്തകളെ നിരന്തരം ആഴത്തിലേക്കു നയിക്കുന്ന മഹാവിസ്മയമാണ്. അതിന്റെ ഉദ്ഭവം, വ്യാപ്തി, പ്രായം, ചലനനിയമങ്ങള്‍ എന്നിവയെക്കുറിച്ച് ശാസ്ത്രം വിശദമായ പഠനങ്ങള്‍ അവതരിപ്പിക്കുമ്പോള്‍, പ്രപഞ്ചവുമായി ബന്ധപ്പെട്ട നിരവധി സൂചനകള്‍ ഖുര്‍ആനിലും കാണാം. ഇരുണ്ട ഊര്‍ജം, പ്രകാശപ്രവേഗം തുടങ്ങിയ ആശയങ്ങള്‍ ആധുനിക ശാസ്ത്രീയ ചര്‍ച്ചകളില്‍ കേന്ദ്രസ്ഥാനത്ത് നിലകൊള്ളുന്നവയാണ്. ഇതോടൊപ്പം ബൈബിള്‍ വചനങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചില വിവരണങ്ങളിലെ വൈരുധ്യങ്ങളും പഠനവിധേയമാക്കുന്നു. ശാസ്ത്രീയ അന്വേഷണവും ദിവ്യവചനങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിയാന്‍ സഹായിക്കുന്ന രീതിയിലാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
മനുഷ്യനെ സംബന്ധിച്ചേടത്തോളം ചരിത്രകാലം എന്നറിയപ്പെടുന്ന ഏതാനും സഹസ്രാബ്ദങ്ങളില് സംഭവിച്ച കാര്യങ്ങള്‍ മാത്രമേ അറിയൂ. എന്നാല്‍ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട ശേഷം ചരിത്രകാലത്തിനിടയില്‍ എത്രയോ നീണ്ട കാലമുണ്ട്. ചരിത്രാതീത കാലത്ത് ഉണ്ടായ ചില കാര്യങ്ങള്‍ വിശുദ്ധ ഖുര്‍ആനും മറ്റു വേദഗ്രന്ഥങ്ങളും പറഞ്ഞുതന്നിട്ടുണ്ട്. പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പ്, വികാസം, വിശാലത, പരിവര്‍ത്തനങ്ങള്‍ തുടങ്ങിയ ഒട്ടേറെ സങ്കീര്‍ണമായ കാര്യങ്ങള്‍ മനുഷ്യന്ന് അജ്ഞാതമാണ്. തന്റെ ബുദ്ധിയും ചിന്തയും കൊണ്ട് വികസിപ്പിച്ചെടുത്ത ശാസ്ത്രത്തിന്റെ കണ്ടെത്തലുകളും നിഗമനങ്ങളുമായി ഒട്ടേറെ പ്രപഞ്ച രഹസ്യങ്ങള്‍ ആധുനിക മനുഷ്യന് മനസ്സിലാക്കിയിട്ടുണ്ട്. പല കണ്ടെത്തലുകളും പില്കാലത്ത് തിരുത്തേണ്ടി വന്നിട്ടുമുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ പ്രപഞ്ച പഠനം അനിവാര്യമാണെന്നുണര്ത്തുന്ന അനേകം സൂചനകളുണ്ട്. അനന്തമജ്ഞാതമവര്‍ണനീയമായ പ്രപഞ്ചത്തിന്റെ ഒരു മൂലക്കിരുന്ന് മനുഷ്യന് എത്തിച്ചേരുന്ന നിഗമനങ്ങളേക്കാള്‍ എത്രയോ ബൃഹത്താണ് വസ്തുത. അതിന്റെ സ്രഷ്ടാവ് എത്രമാത്രം സൂക്ഷ്മജ്ഞനാണെന്ന് തിരിച്ചറിയാന്‍ മനുഷ്യനു കഴിയണം. വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. ‘തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും രാപകലുകള്‍ മാറിമാറി വരുന്നതിലും സദ്ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്’ (3:190).
പ്രപഞ്ചവും ഖുര്‍ആനും
പ്രപഞ്ചം പിറന്നത് ഏതാണ്ട് 1370 കോടിവര്‍ഷം മുമ്പു നടന്ന മഹാവിസ്ഫോടനത്തിലൂടെയാണെന്ന് ആധുനികശാസ്ത്രം നിരീക്ഷിക്കുന്നു. അന്നുതൊട്ട് അതിവേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കയാണ് പ്രപഞ്ചം. സമയത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍, പ്രാക്തനകാലത്ത് പ്രപഞ്ചത്തിന് ഇത്ര വികാസമുണ്ടായിരുന്നില്ലെന്നു മനസ്സിലാക്കാം. വീണ്ടും കാലത്തിന്റെ പിറകോട്ടുപോയി 13.7 ബില്യന്വര്ഷം മുമ്പ് പ്രപഞ്ചത്തിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് ആലോചിച്ചുനോക്കൂ. പദാര്‍ഥവും ഊര്‍ജവും സ്ഥലകാലങ്ങളുമെല്ലാം ഒരൊറ്റ സമുജ്വല പ്രാരംഭരാശിയായി നിന്നിരുന്നിരിക്കണം എന്ന ഒഴിച്ചുകൂടാനാവാത്ത നിഗമനത്തില്‍ നാം എത്തുന്നു. ഭാവിയില്‍ പ്രപഞ്ചം അതിന്റെ പ്രാഗ്രൂപത്തിലേക്ക് ചുരുട്ടപ്പെടാനുള്ള സാധ്യത (Big Crunch) തള്ളിക്കളയാനാവില്ലെന്ന് ഗവേഷകര്‍ വെളിപ്പെടുത്തുന്നു.
വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം ഇങ്ങനെ പറഞ്ഞുവെക്കുന്നു: ”വാനലോകങ്ങളും ഭൂമിയുമെല്ലാം ഒട്ടിച്ചേര്‍ന്ന രൂപത്തിലായിരുന്നുവെന്നും പിന്നീട് നാം അവയെ വിടര്‍ത്തിയെടുക്കുക യാണുണ്ടായതെന്നും സത്യനിഷേധികള്‍ നിരീക്ഷിക്കുന്നില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവ വസ്തുക്കളെയും അവന് പടക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?” (21:30).
ഇതേ അധ്യായത്തില്‍ 104ാം വചനത്തില്‍ പ്രപഞ്ചത്തിന്റെ പര്യവസാനം എങ്ങനെയായിരുക്കുമെന്നും ഖുര്‍ആന്‍ പ്രവചിക്കുന്നു: ”ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്നതുപോലെ വാനലോകത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം. ആദ്യമായി സൃഷ്ടിച്ചതുപോലെ നാമത് ആവര്‍ത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ വാഗ്ദാനമത്രെ അത്. നാം അത് നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്” (21:104).
എന്നാല്‍ പ്രപഞ്ചസൃഷ്ടിയെക്കുറിച്ച് വളരെ വിചിത്രമായ പരാമര്‍ശങ്ങളാണ് ബൈബിളില്‍ കാണുന്നത്. ”ആദിയില്‍ കര്‍ത്താവ് പറഞ്ഞു: പ്രകാശമുണ്ടാവട്ടെ” (Genesis 1:3) 1
ആദിയില്‍ ഫോട്ടോണുകള്‍ക്ക് (പ്രകാശ കണികകള്‍) സഞ്ചരിക്കാന്‍ പാകത്തിലായിരുന്നില്ല പ്രപഞ്ചമെന്ന് ശാസ്ത്രം വ്യക്തമാക്കുന്നുണ്ട്. മഹാവിസ്ഫോടനത്തിനു തൊട്ടുശേഷം പ്രാഥമിക മൂലകങ്ങളായ ഹൈഡ്രജനും ഹീലിയവും അല്പം ലിഥിയവുമാണ് പദാര്‍ഥികസത്തയായി വിശ്വം മുഴുവന്‍ വ്യാപിച്ചുകിടന്നത്. ബിഗ് ബാങ് നല്കിയ വന്‍ ഊഷ്മാവില്‍ ഈ വാതകങ്ങള്‍ അവിശ്വസനീയമാംവിധം ചൂടേറിയതുമായിരുന്നിരിക്കണം. ആ മൂലകങ്ങളുടെ ആറ്റങ്ങള്‍ കൊടുംചൂടില്‍ ഇലക്ട്രോണുകള്‍ നഷ്ടപ്പെട്ട് അയോണീകരിക്കപ്പെട്ടിട്ടുമുണ്ടാവും. അയോണീകരിക്കപ്പെട്ട ഈ വാതകങ്ങള്‍, നമ്മള്‍ക്ക് പരിചിതമായ പുക പോലെ കറുത്തിരുണ്ട് അതാര്യവുമായിരിക്കും. ആദിയില്‍ പ്രപഞ്ചം ദൃശ്യപ്രകാശത്തിന് സുതാര്യമായിരുന്നില്ല എന്നര്‍ഥം. ആ കറുത്തിരുണ്ട വാതകപടലം പുകപടലം പോലെ പ്രപഞ്ചശൂന്യതയില്‍ ഒഴുകി നടന്നു. മൂന്നുലക്ഷം വര്‍ഷം പിന്നിട്ടപ്പോള്‍ മാത്രമായിരുന്നു പ്രപഞ്ചം ദൃശ്യപ്രകാശത്തിന് സുതാര്യമായിത്തീര്‍ന്നത്. എന്നാല്‍ പ്രകാശത്തിലെ മറ്റു തരംഗ ദൈര്‍ഘ്യങ്ങള്‍ക്ക് പിന്നെയും ബില്ല്യണ്‍ വര്‍ഷം കാത്തിരിക്കേണ്ടിവന്നു, പ്രപഞ്ചം സുതാര്യമായിക്കിട്ടാന്‍.
”ആദിയില്‍ പ്രകാശമുണ്ടാവട്ടെ” എന്ന ബൈബിളിലെ പരാമര്‍ശത്തിന് ശാസ്ത്രത്തിന്റെ പിന്‍ബലമില്ലെന്നു മനസ്സിലാക്കാം. എന്നാല്‍ മഹാവിസ്ഫോടനത്തിനു ശേഷം പ്രപഞ്ചം പുകപടലത്തിന്റെ രൂപത്തിലായിരുന്നുവെന്ന വസ്തുതതയും നമ്മെ അറിയിക്കാന്‍ ഖുര്‍ആന്‍ വിട്ടുപോകുന്നില്ല. ‘‘അതിനു പുറമെ അവന് വാനലോകത്തിന്റെ നേര്‍ക്കു തിരിഞ്ഞു. അതു പുകപടലമായിരുന്നു” (41:11).
ഈ വിഷയം ഖുര്‍ആന്‍ വിശദീകരിക്കുന്നതിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്: നീ പറയുക: രണ്ടുദിവസ(ഘട്ട)ങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്ന് നിങ്ങള്‍ സമന്മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്. അതില്‍ (ഭൂമിയില്‍) – അതിന്റെ ഉപരിഭാഗത്ത് – ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന് സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസ(ഘട്ട)ങ്ങളിലായിട്ടാണ് (അവനത് ചെയ്തത്.) ആവശ്യപ്പെടുന്നവര്‍ക്ക് വേണ്ടി ശരിയായ അനുപാതത്തില്‍. അതിനു പുറമെ അവന് ആകാശത്തിന്റെ നേര്‍ക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവന് പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു. (41: 9-11).
ഈ വചനത്തില്‍ പ്രയോഗിച്ച സവാഅ് എന്ന പദത്തിന് ശരിയായത്, പൂര്‍ണമായത്, തൃപ്തമായത് എന്നല്ലാം അര്‍ഥമുണ്ട്. സാഇലീന്‍ എന്ന പദത്തിന് പ്രാര്ഥിക്കുന്നവര്, ചോദിക്കുന്നവര്‍, തേടുന്നവര്‍ എന്നൊക്കെയാണ് അര്‍ഥം. പിന്നെ എന്ന അര്‍ഥം വരുന്ന സുമ്മ എന്ന അവ്യയം സംഭവങ്ങളുടെ കാലക്രമത്തെ സൂചിപ്പിക്കാന്‍ മാത്രമല്ല, വിവരണത്തിലെ ക്രമാനുഗതികത്വത്തെ വെളിപ്പെടുത്താനും സ്വീകരിക്കാറുണ്ട്. അനന്തരം എന്ന അര്‍ഥത്തിനപ്പുറം ‘എന്നു മാത്രമല്ല’, ‘അതിനു പുറമെ’ എന്ന അര്‍ഥവും ഈ വാക്കിനുണ്ട്. വാനലോകത്തിന്റെ സൃഷ്ടിപ്പിനും സംവിധാനത്തിനുമൊക്കെ ശേഷമുള്ള രണ്ടു ദിവസത്തിലാണ് ഭൂമി സൃഷ്ടിക്കപ്പെട്ടതെന്ന് ഖുര്‍ആന്‍ പലയിടങ്ങളിലും സന്ദേഹത്തിനു പഴുതില്ലാത്തവിധം വ്യക്തമാക്കുന്നുണ്ട്.
പ്രപഞ്ചസൃഷ്ടി നടന്ന് ആദ്യ നാലു ദിവസം പിന്നിട്ടപ്പോഴും ഭൂമി പിറന്നിരുന്നില്ല. ഭൂമി പിറന്ന് വളരെയേറെക്കാലം പിന്നിട്ടപ്പോള്‍ മാത്രമായിരുന്നു മനുഷ്യന് പിറന്നത്. അതുപോലെ, ഭൂമി ഉത്ഭൂതമാകുന്നതിനു മുമ്പ് ഭൂമിയോട് അനുസരണയോടെ വരാന്‍ കല്‍പ്പിക്കുന്നതും ഖുര്‍ആനിലെ കാല്പനിക സൗന്ദര്യത്തിന്റെ വശ്യതയില്‍ നിന്നു വേണം വായിച്ചെടുക്കാന്‍.
ഇരുണ്ട ഊര്‍ജം
ഇരുണ്ട ഊര്‍ജത്തിന്റെ (Dark Energy) സാന്നിധ്യം ശാസ്ത്രലോകം സമീപകാലത്തായി അംഗീകരിക്കുന്നുണ്ട്. ജ്യോതിര്‍ ഗോളങ്ങളുടെയും ആകാശ ഗംഗകളുടെയും നബുലകളുടെയും തമോ ദ്വാരങ്ങളുടെയും ക്വാസാറുകളുടെയും ഗുരുത്വ ബലത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ഈ നിഗൂഢ ഊര്‍ജമാണ് പ്രപഞ്ചത്തെ വിടര്‍ത്തി വികസിപ്പിക്കുന്നത്. ഗാലക്സികളെ ബഹിരാകാശാന്തരാളങ്ങളിലേക്ക് തള്ളി മാറ്റുന്നതും ഇരുണ്ട ഊര്‍ജമാണ്. ദൂരം കൂടുന്നതനുസരിച്ച് ഈ വികര്‍ഷണ ബലം ശക്തമാകുന്നുണ്ട്. ഇത്രയും ദ്രുതഗതിയില്‍ പ്രപഞ്ച വികാസം നടക്കുന്നതിനു പുറകില്‍ ഇരുണ്ട ഊര്‍ജത്തിന്റെ സാന്നിധ്യമാണെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു.
ഒരു റോസാപ്പൂ വിരിയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ബാഹ്യ ഇതളുകള്‍ ഉള്ളിലെ ഇതളുകളേക്കാള്‍ വേഗത്തില്‍ വിരിയും, അല്ലേ? പ്രപഞ്ച വികാസം ഏതാണ്ടിതേ പോലെയാണ്. ദൂരെയുള്ള ഗ്യാലക്സികളും ക്ലസ്റ്ററുകളും നമ്മില്‍ നിന്ന് അതിവേഗം പിന്‍വാങ്ങിക്കൊണ്ടിരിക്കും. പ്രപഞ്ചത്തിലെ ഏതൊരു ബിന്ദുവും പ്രപഞ്ച വികാസത്തിന്റെ കേന്ദ്രമായി തോന്നുംവിധമാണ് ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നത്.
വാനലോകം ഒരു റോസാപ്പൂവിന്റെ വര്‍ണ ശബളിമയില്‍ വിടര്ന്നുകൊണ്ടിരിക്കയാണെന്നത് സത്യമാണെങ്കില്‍ വര്‍ണിച്ച അനുഭവങ്ങളും അതുപോലെ സത്യമാണെന്ന് ഖുര്‍ആന്‍ റഹ്മാന് എന്ന അധ്യായത്തില്‍ വിമര്‍ശകരെ ബോധ്യപ്പെടുത്തുന്നു: ”എന്നാല്‍ ആകാശം പൊട്ടിപ്പിളരുകയും, അത് കുഴമ്പു പോലുള്ളതും റോസ് നിറമുള്ളതും ആയിത്തീരുകയും ചെയ്താല്‍” (55:37).
ആംബുലന്‍സിന്റെ സൈറണ്‍ നമ്മള് കേട്ടുകാണും. ആംബുലന്‍സ് നമ്മെ സമീപിക്കുമ്പോഴും നമ്മില്‍ നിന്ന് അകലുമ്പോഴും വ്യത്യസ്ത ശബ്ദമാണല്ലോ കേള്‍ക്കുന്നത്. ശബ്ദത്തിന്റെ ആവൃത്തി മാറുന്നതു കൊണ്ടാണിത്. അതുപോലെ, സാപേക്ഷ വേഗത്തില്‍ (Relativistic speed) പ്രകാശ സ്രോതസ്സ് നമ്മോട് അടുത്താലും നമ്മില്‍ നിന്ന് അകന്നാലും പ്രകാശത്തിന് നിറവ്യത്യാസം അനുഭവപ്പെടുന്നു. അടുക്കുമ്പോള്‍ പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം നീലയിലേക്ക് ചെറുതാവുകയും അകലുമ്പോള്‍ ചുവപ്പിലേക്ക് വലുതാവുകയും ചെയ്യും.
ഗ്യാലക്സികള്‍ പരസ്പരം ദ്രുതഗതിയില്‍ അകലുകയാണെന്ന് നാം മനസ്സിലാക്കി. വിദൂര ഗ്യാലക്സികളില്‍ നിന്നുള്ള പ്രകാശത്തിന് ‘ചുവപ്പുനീക്കം’ (Redshift) സംഭവിക്കുന്നത് അതുകൊണ്ടാണ്. പ്രപഞ്ച സീമകളിലേക്ക് നിരീക്ഷണം നടത്തുന്ന ഗവേഷകര്‍ക്ക് ആ ചക്രവാളങ്ങള്‍ റോസ് വര്‍ണത്തിലുള്ള ചായം ചിന്തിയ പോലെ തോന്നുന്നതും അതുകൊണ്ടാണ്. ”വാനലോകത്തെ പിളര്‍ത്തുകയും അത് റോസ് വര്‍ണത്തിലുള്ള ചായക്കൂട്ടാവുകയും ചെയ്തത്” എന്ന ഖുര്‍ആന്‍ വചനത്തില്‍ പ്രയോഗിച്ച ശഖ്വ (പിളര്‍ത്തി) എന്ന പദത്തിന്റെ അതേ അര്‍ഥം കിട്ടുന്ന ripped എന്ന വാക്കാണ് ഗവേഷകര്‍ ഈ അവസ്ഥാ വിശേഷത്തെ സൂചിപ്പിക്കാന്‍ പ്രയോഗിച്ചതെന്നത് കൗതുകമുണര്‍ത്തുന്ന കാര്യമാണ്.
പ്രപഞ്ചത്തിന്റെ പ്രായം
ആറു ദിവസം കൊണ്ടാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതെന്ന് ക്രിസ്തുമതാനുയായികള്‍ വിശ്വസിക്കുന്നു. ഏഴാം ദിവസം കര്‍ത്താവ് വിശ്രമിച്ചു എന്ന് ബൈബിള്‍ പറയുമ്പാള്‍, ആറ് ഭൗമ ദിനങ്ങളാണ് ഉദ്ദേശിച്ചതെന്നു വ്യക്തം. ആഴ്ച എന്ന സങ്കല്പത്തില് നിന്നാണ് ഏഴാം ദിവസത്തെ വിശ്രമത്തിലൂടെ അതു പൂര്‍ത്തിയാക്കുന്നത്.
ഉറക്കമോ മയക്കമോ ക്ഷീണമോ വിശ്രമമോ ഇല്ലാത്ത സര്‍വേശ്വരനെയാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ആറു ദിവസം കൊണ്ടു തന്നെയാണ് പ്രപഞ്ചസൃഷ്ടി നടന്നതെന്ന് ഖുര്‍ആന്‍ പറയുമ്പോള്‍ ഏഴാം ദിവസത്തെ ദൈവത്തിന്റെ വിശ്രമത്തെ അതു തള്ളിക്കളയുന്നു. ആറു ദിവസത്തിലാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതെന്ന് ബൈബിളിലും ഖുര്‍ആനിലും ഒരുപോലെ കാണുന്നത്, അല്ലാഹുവില്‍ നിന്നാണ് രണ്ടും അവതരിക്കപ്പെട്ടതെന്നതിന് തെളിവാണ്. തുടര്‍ന്നു പറഞ്ഞ ബൈബിളിലെ അബദ്ധം തിരുത്താന്‍ ഖുര്‍ആന്‍ കഴിയുന്നത് അതിന്റെ അമാനുഷഭാവം എക്കാലത്തും സംരക്ഷിക്കപ്പെടുന്നതു കൊണ്ടുമാണ്.
ഖുര്‍ആന്‍ പറയുന്നു: ”നിങ്ങളുടെ രക്ഷിതാവ് ആറു ദിവസങ്ങളിലായി വാനലോകങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ അര്ശിന്മേല് നിലകൊണ്ടു” (7:54).
അര്‍ശ് എന്നാല്‍ ഭാഷാപരമായി സിംഹാസനം, അധികാരകേന്ദ്രം എന്നൊക്കെയാണ് അര്‍ഥം. ഇസ്തവാ എന്ന പദത്തിന് ആലങ്കാരികമായി ഉപവിഷ്ടനായി, ഇരുന്നു എന്നെല്ലാം അര്‍ഥം നല്‍കാറുണ്ട്. പുക പടലമായിരുന്ന ആകാശത്തിനു നേര്‍ക്ക് കല്പനയിറക്കി, തിരിഞ്ഞു (41:11) എന്നു പറയുമ്പോഴും ഇസ്തവാ എന്നുതന്നെയാണ് ഖുര്‍ആന്‍ അര്‍ഥഗര്‍ഭമായി പ്രയോഗിച്ചത്. അവിടെ, ‘പുകപടലത്തില്‍ ഉപവിഷ്ടനായി’ എന്ന സങ്കല്പം ഒരിക്കലും ചേരില്ല. അപ്പോള്‍ അര്‍ശ് എന്നത് കൂടുതല്‍ വിശാലമായ അര്‍ഥം നല്കപ്പെടേണ്ട സംജ്ഞയായിട്ടാണ് ഖുര്‍ആന്‍ വചനങ്ങള്‍ സൂചിപ്പിക്കുന്നത്.
പ്രപഞ്ചത്തിന്റെ പ്രായം ആറു ദിവസമാണെന്നു പറയുന്ന ഖുര്‍ആന്‍, ആ പ്രായമളക്കുന്ന പ്രമാണ (Frame of reference)മായി ‘സിംഹാസന’ത്തെ സ്വീകരിക്കുന്നതു കാണാം. ഇതേ സിംഹാസനത്തെ പ്രമാണമാക്കി ഭൂമിയുടെ പ്രായത്തിലേക്കും ഖുര്‍ആന്‍ വിരല്‍ ചൂണ്ടുന്നുണ്ട്. ‘സിംഹാസന’മെന്ന മനുഷ്യര്‍ക്ക് അജ്ഞേയമായ പ്രമാണത്തിനു സാപേക്ഷമായി പ്രപഞ്ചത്തിനു പ്രായം ആറു ദിവസമാണെങ്കില്‍, ഭൂമിയുടെ പ്രായം അതേ പ്രമാണത്തില്‍ വെച്ച് അളക്കുമ്പോള്‍ രണ്ടു ദിവസം മാത്രമാണെന്നും ഖുര്‍ആന്‍ നമ്മെ അറിയിക്കുന്നു: ”നീ പറയുക: രണ്ടു ദിവസങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന് നിങ്ങള്‍ സമന്മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്?” (41:9).
സമയം സാപേക്ഷികമാണ്. അനന്തമായ ഭൂതത്തില്‍ നിന്ന് അറ്റമില്ലാത്ത ഭാവിയിലേക്ക് ഒരേ താളത്തില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന കാല പ്രവാഹം എന്ന സങ്കല്പം നിരര്‍ഥകമാണ്. അളക്കുന്ന പ്രമാണത്തിന്റെ വേഗവും ഗുരുത്വവും ആശ്രയിച്ച് സമയം മാറിക്കൊണ്ടിരിക്കും. അപരിമേയമായ പിണ്ഡമുള്ള പ്രമാണത്തില്‍ സമയം പതുക്കെ മാത്രമേ നീങ്ങുകയുള്ളൂവെന്ന് ഐന്‍സ്റ്റൈന്റെ സാമാന്യ സാപേക്ഷതാ വാദം വെളിപ്പെടുത്തുന്നു. മഹാപിണ്ഡമുള്ള, ഗുരുത്വശക്തിയുടെ ഈറ്റില്ലമായ തമോദ്വാരങ്ങളുടെയും ക്വാസാറുകളുടെയും പരിസരങ്ങളില്‍ നിന്ന് പ്രപഞ്ചത്തിന്റെ പ്രായമളന്നാല്‍ പ്രപഞ്ചം പിറന്നിട്ട് വിരലിലെണ്ണാവുന്ന വര്‍ഷങ്ങളേ ആയിട്ടുള്ളൂവെന്ന് തോന്നും.
പപഞ്ചത്തിന്റെ പ്രായം 1370 കോടി വര്‍ഷമാണെന്ന് ശാസ്ത്രം കണക്കാക്കുന്നത് ഭൂമിയെന്ന ചെറിയ ഗുരുത്വബലമുള്ള പ്രമാണത്തില്‍ വെച്ചാണ്. ഭൂമിയുടെ പ്രായം 456.7 കോടി വര്‍ഷമായി തിട്ടപ്പെടുത്തുന്നതും ഭൂമിയില്‍ വെച്ചുതന്നെ. ഉദാഹരണത്തിന്, ഭൂമിയേക്കാള്‍ വളരെയധികം ഗുരുത്വബലം അനുഭവപ്പെടുന്ന ഒരു പ്രമാണത്തില്‍വെച്ച് പ്രപഞ്ചത്തിന്റെ പ്രായം അളന്നപ്പോള്‍ പതിനഞ്ചു വര്‍ഷം എന്ന ഉത്തരമാണ് കിട്ടിയതെന്നിരിക്കട്ടെ. അതേ പ്രമാണത്തില്‍ വെച്ച് ഭൂമിയുടെ പ്രായമളന്നാലോ? സാപേക്ഷ സമയ പ്രകാരം അഞ്ചുവര്‍ഷം എന്ന ഒഴിച്ചുകൂടാനാവാത്ത ഉത്തരത്തിലായിരിക്കും ചെന്നെത്തുക. പ്രപഞ്ചത്തിന്റെ പ്രായത്തിന്റെ മൂന്നിലൊന്നാണ് ഭൂമിയുടെ ഇപ്പോഴത്തെ പ്രായം എന്ന അനുപാതം ഏതു പ്രമാണത്തില്‍ വെച്ച് അളന്നാലും കാത്തു സൂക്ഷിക്കപ്പെടുന്നതു കാണാം. പ്രപഞ്ചത്തിന്റെയും ഭൂമിയുടെയും പ്രായം തമ്മിലുള്ള അനുപാതത്തിനാണ് ഖുര്‍ആന്‍ പ്രാധാന്യം കല്‍പ്പിക്കുന്നതെന്നു വ്യക്തം. പ്രമാണം നിര്‍വചിക്കാതെ പ്രായം പറയുന്നത് നിരര്‍ഥകമാണെന്ന് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. ‘സിംഹാസന’മെന്ന നമുക്കറിയാത്ത പ്രമാണത്തെയാണ് ഖുര്‍ആന്‍ അടിസ്ഥാനമാക്കുന്നത്. ഈ പ്രമാണത്തിനു സാപേക്ഷമായി പ്രപഞ്ചത്തിന്റെ പ്രായം ആറു ദിവസമാണെന്നു പറയുന്ന ഖുര്‍ആന്‍, ഭൂമിയുടെ പ്രായം ഇതേ പ്രമാണത്തില്‍വെച്ച് അളക്കുമ്പോള്‍ രണ്ടു ദിവസമാണെന്നു വ്യക്തമാക്കുന്നത് വലിയ യാഥാര്‍ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്നു. പ്രപഞ്ചത്തിന്റെ പ്രായവും (6) ഭൂമിയുടെ പ്രായവും (2) തമ്മിലുള്ള അനുപാതം 2/6 = 1/3 ആണെന്നു കിട്ടുന്നു.
ശാസ്ത്രം പറയുന്നതും ഇതു തന്നെയാണ്. ഭൂമിയെ പ്രമാണമാക്കി അളക്കുമ്പോള്‍ പ്രപഞ്ചത്തിന്റെ പ്രായം 1370 കോടി വര്‍ഷവും ഭൂമിയുടെ പ്രായം 456.7 കോടി വര്‍ഷവും ആണല്ലോ. 4.567/13.7 എന്നത് 1/3 എന്ന അനുപാതത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. സിംഹാസനത്തില്‍ വെറും ആറു ദിവസം പിന്നിടുന്നത് ഭൂമിയില്‍ 1370 കോടി വര്‍ഷമായി അനുഭവപ്പെടുന്നു എന്നര്‍ഥം. അര്‍ശ് എന്ന പ്രമാണത്തിലെ ഒരു ദിനത്തിന് ഭൂമിയില്‍ 228 കോടി വര്‍ഷത്തിന്റെ ദൈര്‍ഘ്യമുണ്ടെന്ന് ഖുര്‍ആന്‍ വചനങ്ങളുടെ വെളിച്ചത്തില്‍ ഗ്രഹിച്ചെടുക്കാം (13.7/6 = 2.28 ബില്യണ്‍).
ദൈവസിംഹാസനമെന്നത് ഒരു റഫറന്‍സ് മാത്രമാണെന്ന് മനസ്സിലാകുന്നു. അല്ലാഹു പ്രമാണ ബദ്ധമല്ലെന്നും അവന് ഏകനും പരാശ്രയം ആവശ്യമില്ലാത്തവനും ഏറ്റവും വലിയവനുമാണെന്നും, സിംഹാസനമെന്നല്ല എന്തും അവന്റെ കൈപ്പിടിയിലാണെന്നും ഖുര്‍ആനില്‍ നിന്നുതന്നെ ഗ്രഹിക്കാം.
ഖുര്‍ആനിനെതിരെ ക്രിസ്ത്യാനികളടക്കം പലരും ഇങ്ങനെ വിമര്‍ശനമുന്നയിക്കാറുണ്ട്: വാന ലോകങ്ങളും ഭൂമിയുമെല്ലാം ആറു ദിനങ്ങളിലാണ് സൃഷ്ടിക്കപ്പെട്ടതെന്ന് ഖുര്‍ആന്‍ പറയുന്നുണ്ടെങ്കിലും ഭൂമി സൃഷ്ടിക്കപ്പെട്ടത് രണ്ടു ദിവസം കൊണ്ടാണെന്ന് വേറെ പ്രത്യേകമായി പറയുന്നതു കൂടി കൂട്ടുമ്പോള്‍ ആകെ എട്ടു ഘട്ട(periods)മായില്ലേ എന്നാണ് വിമര്‍ശനം. ഈ വിമര്‍ശനം വളരെ ബാലിശമാണെന്ന് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം: ഒരു പിതാവിന്റെ പ്രായം 40 വയസ്സും മകന്റെ പ്രായം 15 വയസ്സുമാണെന്നിരിക്കട്ടെ. ഇതു രണ്ടുംകൂടി കൂട്ടി ആകെ 55 വയസ്സ് എന്നു പറയാറില്ലല്ലോ. പിതാവിന് 25 വയസ്സ് ആകുന്നതുവരെ ആ മകന് പിറന്നിരുന്നില്ലെന്നും അല്ലെങ്കില്‍ അദ്ദേഹത്തിന് 25 വയസ്സ് ആയപ്പോള്‍ മാത്രമാണ് മകന് പിറന്നതെന്നും ഇതില്‍നിന്ന് ഊഹിക്കാം. അതുപോലെ, ഇപ്പോള്‍ പിതാവിന് 40 വയസ്സായെങ്കില്‍ മകന് 15 വയസ്സായിട്ടുണ്ടാകുമെന്നും മനസ്സിലാക്കാം. ഇവിടെ 55 വയസ്സിന് എന്തു പ്രസക്തിയാണുള്ളത്? പിതാവിനെ പ്രപഞ്ചമായും മകനെ ഭൂമിയുമായും സങ്കല്പ്പിച്ചു നോക്കൂ. കാര്യങ്ങള്‍ വ്യക്തമാകും. ഭൂമിയടക്കമുള്ള മൊത്തം പ്രപഞ്ചത്തിന്റെ പ്രായം ആറു ദിവസമാണെന്നും ഭൂമിയുടെ പ്രായം രണ്ടു ദിവസമാണെന്നും ഏഴ് ആകാശങ്ങളെ ആദ്യത്തെ രണ്ടു ദിവസങ്ങളിലാണ് സൃഷ്ടിച്ചതെന്നുമൊക്കെ ഖുര്‍ആന്‍ പറയുമ്പോള്‍ അതില്‍ അബദ്ധം കണ്ടെത്തുന്നത് സഹതാപാര്‍ഹമാണ്.
ഒന്നാം ദിവസംതന്നെ വാനലോകങ്ങളോടൊപ്പം ഭൂമി സൃഷ്ടിക്കപ്പെട്ടിരുന്നു എന്നാണ് ബൈബിള്‍ പറയുന്നത്. അപ്പോള്‍ പ്രപഞ്ചത്തിന്റെയും ഭൂമിയുടെയും പ്രായം ബൈബിള്‍ ഒന്നാക്കുകയല്ലേ സത്യത്തില്‍ ചെയ്യുന്നത്? ആറായിരം കൊല്ലം മുമ്പാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതെന്ന, തീരെ യുക്തിക്ക് നിരക്കാത്ത പരാമര്‍ശവും ബൈബിളില്‍ കാണാം. 13 ബില്ല്യണ്‍ വര്‍ഷം ദൂരെയുള്ള ഗ്യാലക്സികള്‍ ഇന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ നിന്ന് പ്രകാശം ഇവിടെ എത്തുന്നുണ്ട് എന്ന ഒരൊറ്റ തെളിവുമതി, ബൈബിളിലെ ആറായിരം കൊല്ലമെന്ന വാദം തകര്‍ന്നു പോകാന്‍. ഈ പ്രശ്നത്തില്‍ നിന്നു രക്ഷപ്പെടാന്‍, പ്രകാശം പ്രകാശത്തേക്കാള്‍ വലിയ വേഗത്തില്‍ ഈ കാലയളവിനുള്ളില്‍ സഞ്ചരിച്ചതുകൊണ്ടാണ് വിദൂര ഗ്യാലക്സികളില്‍ നിന്ന് ഇവിടെ പ്രകാശമെത്തിയതെന്ന് അവര്‍ വാദിക്കുന്നു. ഐന്‍സ്റ്റൈന്റെ സാപേക്ഷതാവാദ പ്രകാരം പ്രകാശപ്രവേഗം സ്ഥിരമായിരിക്കും. പ്രപഞ്ചത്തിലെ ഏറ്റവും വലിയ വേഗമാണത്. നോണ്‍ ഇനേര്‍ഷ്യല്‍ ഫ്രെയിമില്‍ ഈ വേഗം 299792.458 കിലോമീറ്റര്‍/സെക്കന്‍ഡാണ്. അതില്‍ക്കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്ന വസ്തുക്കള്‍ ശാസ്ത്രലോകത്ത് ഇന്നും പരിചിതമല്ല. ട്രാക്കിയോണ്‍ പോലുള്ള പല സൈദ്ധാന്തിക കണങ്ങളും ഇടയ്ക്ക് കൗതുക വാര്‍ത്ത സൃഷ്ടിക്കാറുണ്ടെങ്കിലും ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല. ഐന്‍സ്റ്റൈന്റെ സാപേക്ഷതാവാദം തെറ്റാണെന്നു പോലും പ്രചരിപ്പിക്കാന്‍ ക്രിസ്ത്യാനികള്‍ നിര്‍ബന്ധിതരായി.
ആയിരം ചാന്ദ്രവര്‍ഷത്തില്‍ ചന്ദ്രന് ഭൂമിക്കു ചുറ്റും സഞ്ചരിക്കുന്ന അത്രയും ദൂരമാണ് പ്രകാശം ഒരു ഭൗമദിനത്തില്‍ സഞ്ചരിക്കുന്നതെന്നു വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തം (32:5) ബൈബിളില്‍ നിന്നു കട്ടെടുത്തതാണെന്ന് ക്രിസ്ത്യാനികള്‍ വാദിക്കാറുണ്ട്. ആ ഖുര്‍ആന്‍ വചനം ഇങ്ങനെയാണ്: ”അവന് വാനലോകത്തു നിന്നും ഭൂമിയിലേക്ക് കാര്യങ്ങള്‍ നിയന്ത്രിച്ചയക്കുന്നു. പിന്നെ ഈ കാര്യങ്ങള്‍ അവങ്കലേക്ക് ആരോഹണം ചെയ്യുന്നത് നിങ്ങള്‍ എണ്ണിക്കണക്കാക്കുന്ന ആയിരം വര്‍ഷത്തിനു തുല്യമായ ദൂരത്തിലാണ്” (32:5).
സമാനമെന്നു തോന്നിക്കുന്ന ബൈബിള്‍ വചനം ഇതാണ്: ”കര്‍ത്താവിന്റെ അടുത്ത് ഒരു ദിവസമെന്നത് ആയിരം വര്‍ഷം പോലെയാണ്; ആയിരം വര്‍ഷമെന്നതോ ഒരു ദിവസം പോലെയും” (2 പീറ്റര്‍ 3:8) 2
ബൈബിള്‍ വചനത്തിലെ വൈരുധ്യം
ബൈബിള്‍ വചനത്തിലെ ഒന്നാമത്തെ വൈരുധ്യം എന്തെന്നാല്‍, ഖുര്‍ആന്‍ ‘കാര്യങ്ങളുടെ’ (പ്രകാശത്തിന്റെയെന്നോ പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ട മലക്കുകളുടെയെന്നോ പറയാം) സഞ്ചാരമാണ് ഉദ്ദേശിക്കുന്നത്. ബൈബിളാകട്ടെ സമയവും സമയവും തമ്മില്‍ താരതമ്യം ചെയ്യുകയാണ് ചെയ്യുന്നത്. ഒരുവേള കര്‍ത്താവാണ് സഞ്ചരിക്കുന്നത് എന്നു വായനക്കാരനു തോന്നിപ്പോകുന്നതിലും തെറ്റില്ല. കര്‍ത്താവാണ് സഞ്ചരിക്കുന്നത് എന്നു സങ്കല്പിച്ചാല് തന്നെ ഇതില്‍ ഖുര്‍ആനിലെപ്പോലെ ദൂരവും സമയവും താരതമ്യം ചെയ്യപ്പെടുന്നില്ല. ഖുര്‍ആന്‍ മുന്‍ചൊന്ന വചനത്തില്‍ യഅ്റുജു എന്നു പ്രയോഗിച്ചത് സൂക്ഷ്മമായാണ്. മനുഷ്യന്റെ കാല്‍വെപ്പ് (Stepping) ഈ പ്രയോഗം വ്യക്തമാക്കുന്നു. മലക്കുകള്‍ സഞ്ചരിക്കുന്ന (പ്രകാശത്തിന്റെയും) ദൂരത്തെ ക്കുറിക്കാനാണ് ഖുര്‍ആന്‍ ഈ പദം സ്വീകരിച്ചതെന്നു കാണാം. പഴയ പ്രമുഖ ഇംഗ്ലീഷ് തഫ്സീറുകളില്‍ Spaceനോടാണ് ഈ വചനത്തിലെ താരതമ്യമെന്നു പറയുന്നത് ഇതേ ആശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
പ്രഗത്ഭ ഖുര്‍ആന്‍ വ്യാഖ്യാതാവ് യൂസുഫലി ഈ വചനത്തിലെ ആശയം ചോര്‍ന്നു പോകാതെ ഇംഗ്ലീഷിലേക്ക് മനോഹരമായി വിവര്‍ത്തനം ചെയ്തത് കാണുക: ‘He rules (all) affairs from the heavens to the earth: in the end will (all affairs) go up to Him, on a Day, the Space whereof will be (as) a thousand years of your reckoning’.
പ്രകാശം ഒരു ഭൗമ ദിനത്തില്‍ പിന്നിടുന്ന അത്രയും ദൂരമാണ് 1000 ചാന്ദ്ര വര്‍ഷത്തില്‍ ചന്ദ്രന് ഭൂമിക്കു ചുറ്റും കൃത്യമായി സഞ്ചരിക്കുന്നതെന്ന് വിശുദ്ധ ഖുര്‍ആന്‍ വെളിപ്പെടുത്തുകയാണ്. ശാസ്ത്രീയമായി ഇത് തെളിയിക്കപ്പെട്ടതുമാണ്.
ഈ ഖുര്‍ആന്‍ സൂക്തത്തിന്റെ നമ്പറിലും (32:5) അമാനുഷികതയുണ്ട്. ഒരു ചാന്ദ്രവര്‍ഷവും ഒരു സൗരവര്‍ഷവും തമ്മിലുള്ള ദിവസ വ്യത്യാസത്തെ 32.5 എന്ന ഈ സൂക്തത്തിന്റെ നമ്പര്‍ കൊണ്ട് ഗുണിച്ചാല്‍ ഒരു ചാന്ദ്രവര്‍ഷത്തിലെ ആകെ ദിവസമെത്രയെന്നു കിട്ടുമെന്നതാണത്. (ശരിയായ വില 32.5707… എന്നാണ്. എന്നാല്‍ 32-ാമത്തെ അധ്യായത്തില്‍ 30 വചനം മാത്രമുള്ളതിനാല്‍ 32:5 എന്നതായിരിക്കുമല്ലോ ഏറ്റവുംചേരുന്നത്.)
ദൈവസിംഹാസനമെന്ന റഫറന്‍സില്‍പോലും ഒരുദിവസമെന്നത് ഇവിടത്തെ 228 കോടി വര്‍ഷമാണെന്ന് നാം മനസ്സിലാക്കി. ”കര്‍ത്താവിന്റെ അടുത്ത് ഒരു ദിവസമെന്നത് ആയിരം വര്‍ഷ”മായി ബൈബിള്‍ ചുരുക്കിക്കളഞ്ഞു. ഈ വചനത്തില്‍ തുടര്‍ന്നു വന്ന ”ആയിരം വര്‍ഷമെന്നതോ ഒരുദിവസം പോലെയും” എന്നു പറഞ്ഞാലോ? കര്‍ത്താവിന്റെ അടുത്ത് ആയിരം വര്‍ഷം പിന്നിടുമ്പോള്‍ ഭൂമിയില്‍ ഒരു ദിവസമേ ആകുന്നുള്ളൂ എന്നല്ലേ അര്‍ഥമാക്കുന്നത്? ബൈബിള്‍ ഇങ്ങനെ തിരിച്ചു പ്രയോഗിച്ചപ്പോള്‍ ദൈവസിംഹാസനം ഭൂമിയേക്കാള്‍ വളരെ ചെറുതായിപ്പോവുകയും ചെയ്തു!
ബൈബിള്‍ പകര്‍ത്തിയെഴുതുമ്പോഴോ മറ്റോ പറ്റിയ തെറ്റ് ഖുര്‍ആന്‍ തിരുത്തുകയായിരുന്നില്ലേ സത്യത്തില്‍ സംഭവിച്ചത്?
പ്രപഞ്ചസൃഷ്ടിയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ രാത്രിയും പകലുമായി സൂര്യന് എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്നും ബൈബിള്‍ പറയുന്നുണ്ട് (Genesis 1:131) 3 ഒന്നാംദിവസം കര്‍ത്താവ് ഭൂമിയില്‍ പ്രകാശവും ഇരുട്ടും സൃഷ്ടിച്ചു. അങ്ങനെ ആദ്യത്തെ സായന്തനം വന്നു. അനന്തരം ആദ്യ പ്രഭാതവും. എന്നാല്‍ നാലാം ദിവസമാകുന്നതു വരെ കര്‍ത്താവ് സൂര്യനെ സൃഷ്ടിച്ചിരുന്നില്ല. അതായത്, മൂന്ന് സായന്തനവും മൂന്ന് പ്രഭാതവും ഭൂമിയില്‍ ഉണ്ടായത് ബൈബിള്‍ പ്രകാരം സൂര്യനില്ലാതെയെന്ന്!
ബൈബിളിലെ നക്ഷത്രസങ്കല്പവും യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണ്. സൂര്യന് ഒരു ശരാശരി നക്ഷത്രം മാത്രമാണ്. സൂര്യന്റെ അനേകംമടങ്ങ് പിണ്ഡമുള്ളവയാണ് ഒട്ടുമിക്ക നക്ഷത്രങ്ങളും. എന്നാല്‍ ബൈബിളിന്റെ ധാരണ നക്ഷത്രങ്ങള്‍ ചെറിയ വസ്തുക്കളാണെന്നാണ്. തന്റെ ഭൂമിയിലേക്കുള്ള രണ്ടാമത്തെ വരവിനു മുമ്പ് ഭൂമിയിലേക്ക് നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമെന്ന് യേശു പറയുന്നതായി ബൈബിളില്‍ കാണാം (മാര്‍ക്ക് 13:24-30) 4
ഏതെങ്കിലും നക്ഷത്രം ഭൂമിയിലേക്ക് വീഴുന്നതു പോകട്ടെ, അതിന്റെ സമീപത്തു പോലും എത്തുന്നതിനു മുമ്പ് ഭൂമി ബാഷ്പമായിപ്പോകും. അപ്പോള്‍ യേശുവിന്റെ രണ്ടാം വരവിന് ഭൂമിയുണ്ടാവില്ലെന്നര്‍ഥം. വിശുദ്ധ ഖുര്‍ആന്‍ പക്ഷേ, നക്ഷത്രങ്ങളെ നിരീക്ഷിക്കുന്നത് മഹാപ്രതിഭാസമായാണ്. ഖുര്‍ആന്‍ പറയുന്നു: ”നക്ഷത്രങ്ങളുടെ പതന സ്ഥാനങ്ങളെക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു: തീര്‍ച്ചയായും, നിങ്ങള്‍ക്കറിയാമെങ്കില്‍, വമ്പിച്ച യാഥാര്‍ഥ്യം തന്നെയാണത്” (56:75,76).
പ്രകാശപ്രവേഗം: ഖുര്‍ആന്റെ സമവാക്യം
മലക്കുകള്‍ പ്രകാശത്തില്‍ നിന്നു സൃഷ്ടിക്കപ്പെട്ടതാണെന്നാണ് ഇസ്ലാമികാധ്യാപനം. ദ്രവ്യ സാന്ദ്രത ഒട്ടുമില്ലാത്ത, പ്രകാശ വേഗത്തില്‍ വിശ്വം മുഴുവന്‍ പ്രയാണം നടത്തി ദൈവിക ദൗത്യ നിര്‍വഹണം നടത്തുന്ന വിശ്വസ്തവും എന്നാല്‍ മനുഷ്യര്‍ക്ക് അജ്ഞേയവുമായ സൃഷ്ടി വിശേഷമാണ് ഇവയെന്ന് മുസ്ലിംകള് വിശ്വസിക്കുന്നു.
ആഇശ(റ) പറയുന്നു: ”റസൂല്‍(സ്വ) പറഞ്ഞു: മലക്കുകള്‍ പ്രകാശത്താലാണ് സൃഷ്ടിക്കപ്പെട്ടത്”.(മുസ്ലിം) 5
വിശുദ്ധ ഖുര്‍ആന്‍ മലക്കുകളെ ഇങ്ങനെ വര്‍ണിക്കുന്നതു കാണാം: ”ഈരണ്ടും മുമ്മൂന്നും നന്നാലും ചിറകുകളുള്ള മലക്കുകളെ ദൂതന്മാരായി നിയോഗിച്ചവനായ അല്ലാഹുവിന് സ്തുതി. സൃഷ്ടികളില്‍ താന്‍ ഉദ്ദേശിക്കുന്നത് അവന് അധികമാക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു’‘ (35:1).
ഈ വചനത്തില്‍ പരാമര്‍ശിച്ച ‘ചിറകുകള്’ പറക്കാന്‍ സഹായിക്കുന്ന പദാര്‍ഥികമായ ഉപാധി എന്ന നിലയ്ക്കായിരിക്കില്ലെന്ന് പൗരാണികരും ആധുനികരുമായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. പ്രകാശത്തില്‍നിന്ന് ഉണ്മയെടുക്കുന്ന സൃഷ്ടിവിശേഷത്തിന് ഭൗതികവും ജൈവികവുമായ ചിറകുകള് ഒരിക്കലും ചേരില്ലല്ലോ. മലക്കുകളുടെ വൈവിധ്യമാര്‍ന്ന ചുമതലകളിലേക്കും കര്ത്തവ്യത്തിലേക്കുമാവാം ഈ ‘ചിറകുകള്’ വിരല്‍ ചൂണ്ടുന്നതെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരുമുണ്ട്. ഏതായാലും, ക്രിസ്ത്യാനികളും ജൂതന്മാരും സങ്കല്പിക്കുന്നതുപോലെ പക്ഷികളുടെ ചിറകുകള് പോലെ പറക്കാനുള്ള സംവിധാനമായി മുസ്ലിംകള് ഈ ‘ചിറകു’കളെ കണക്കാക്കുന്നില്ലെന്നര്ഥം.
മനുഷ്യപ്രകൃതി നമ്മള് അറിയുന്നതുപോലെ മലക്കുകളുടെ പ്രകൃതി പൂര്‍ണമായും നമുക്കുള്‍ക്കൊള്ളാനാവില്ല. വിശുദ്ധ ഖുര്‍ആന്‍ ഈ മേഖലയെക്കുറിച്ച് കൂടുതലായൊന്നും വിവരിച്ചുതന്നിട്ടുമില്ല. എന്നിരുന്നാലും, പ്രകാശത്തില്‍നിന്ന് ഉരുവംകൊണ്ടതായതുകൊണ്ട്, പ്രകാശത്തിന്റെ സവിശേഷതകള്‍ ഈ സൃഷ്ടിയില്‍ അന്തര്‍ലീനമായിക്കിടക്കുന്നുണ്ട് എന്ന വസ്തുത ഖുര്‍ആന്‍ വചനങ്ങളുടെ തന്നെ വെളിച്ചത്തില്‍ ചിന്തിച്ചു മനസ്സിലാക്കാവുന്നതാണ്.
ഏതൊരു പ്രകാശപ്രസരണത്തിനു ചുറ്റും ദ്വിമാനവും ത്രിമാനവും ചതുര്‍മാനവുമായ (ശൂന്യതയ്ക്ക് അതിലും കൂടുതല്‍ മാനങ്ങള്‍ ശാസ്ത്രം ഇന്നു കണ്ടെത്തിയിട്ടുണ്ട്) വൈദ്യുത കാന്തിക ക്ഷേത്രത്തിന്റെ അഗോചരമായ ‘ചിറകുകള്’ വിരിഞ്ഞിരിക്കുമെന്ന് ഗവേഷകര്‍ വെളിപ്പെടുത്തു ന്നുണ്ട്. ഒരുപക്ഷേ ആ അവസ്ഥാവിശേഷവുമാകാം ഈ ഖുര്‍ആന്‍ വചനത്തില്‍ ഒളിഞ്ഞിരിക്കുന്നത് (അല്ലാഹുവിന്നറിയാം).
മലക്കുകള്‍ ദൈവകല്പനകള് എങ്ങനെ നിര്‍വഹിക്കുന്നുവെന്നും പ്രകാശവേഗത്തിലാണ് അവയുടെ യാത്രയെന്നും ഖുര്‍ആന്‍ വചനം വെളിപ്പെടുത്തുന്നു: ”അവന് വാനലോകത്തു നിന്നും ഭൂമിയിലേക്ക് കാര്യങ്ങള്‍ നിയന്ത്രിച്ചയയ്ക്കുന്നു. പിന്നെ ഈ കാര്യങ്ങള്‍ അവങ്കലേക്ക് ആരോഹണം ചെയ്യുന്നത് ഒരു ദിവസത്തില്‍ നിങ്ങള്‍ എണ്ണിക്കണക്കാക്കുന്ന ആയിരം വര്‍ഷത്തിനു സമാനമായ ദൂരത്തിലാണ്’‘ (32:5).
നബിയുടെ കാലത്ത് ദൂരമളന്നിരുന്നത് കിലോമീറ്ററുകളിലോ മൈലുകളിലോ ഒന്നുമായിരുന്നില്ല. കാല്‍നടയായി എത്ര ദിവസത്തെ യാത്ര വേണ്ടിവരും എന്ന നിലയ്ക്കായിരുന്നു. ഉദാഹരണത്തിന്, ഒരു ഗ്രാമത്തിലേക്ക് രണ്ടുദിവസത്തെ യാത്രയുണ്ട് എന്നുപറഞ്ഞാല്‍ രണ്ടുദിവസം നടന്നാലേ അവിടെയെത്തൂ എന്നര്‍ഥം. പത്തുദിവസം അകലെയുള്ള പട്ടണമെന്നു പറഞ്ഞാല്‍ അവിടേക്ക് പത്തുദിവസത്തെ നടത്തദൈര്ഘ്യമുണ്ടെന്ന് അവര്‍ക്ക് മനസ്സിലാകും. ഖുര്‍ആന്‍ മുന്‍ചൊന്ന വചനത്തില്‍ ദൂരത്തെ പരാമര്‍ശിക്കുന്നത് ”നിങ്ങള്‍ എണ്ണിക്കണക്കാക്കുന്ന ആയിരം വര്‍ഷം” എന്നാണ്; അല്ലാതെ ആയിരം വര്‍ഷത്തെ നടത്തദൈര്ഘ്യം എന്ന നിലയ്ക്കല്ല.
അറബികള്‍ ചാന്ദ്രവര്‍ഷത്തെ ആശ്രയിക്കുന്നവരാണ്. പന്ത്രണ്ട് ചാന്ദ്രമാസം ചേര്‍ന്നതാണ് ഒരു ചാന്ദ്രവര്‍ഷം. അപ്പോള്‍ ഇവിടെ ‘കാര്യങ്ങള്‍’ ആരോഹണം ചെയ്യുന്ന വേഗം (പ്രകാശപ്രവേഗ മെന്നോ പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ട മലക്കുകളുടെ വേഗമെന്നോ പറയാം) ഒരു ദിവസത്തില്‍ ആയിരം ചാന്ദ്രവര്‍ഷത്തിനു തുല്യമാണെന്ന ഒരു സമവാക്യം ഖുര്‍ആന്‍ നമ്മുടെ ചിന്തയ്ക്കു മുമ്പില്‍ ഇട്ടുതരുന്നു.
ഈ വചനം സൂക്ഷ്മമായി മനസ്സിലാക്കുമ്പോള്‍ ഒരു ഭൗമദിവസത്തില് പ്രകാശം, ആയിരം ചാന്ദ്രവര്‍ഷത്തില്‍ ചന്ദ്രന് ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന അത്രയും ദൂരം പിന്നിടുന്നുണ്ടെന്ന ശാസ്ത്രസത്യം അനാവരണം ചെയ്യുന്നത് കാണാം.
ദൂരത്തെ സമയവുമായാണ് ഈ വചനം താരതമ്യം ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. ചന്ദ്രന് ഒരു ചാന്ദ്ര മാസത്തില്‍ ഒരു ചാന്ദ്ര ഭ്രമണപഥ ദൂരം (Length of a Lunar Orbit) ‘നടക്കു’മല്ലോ. അപ്പോള്‍ ഒരു ചാന്ദ്ര വര്‍ഷത്തില്‍ 12 ചാന്ദ്ര ഭ്രമണപഥ ദൂരം സഞ്ചരിക്കും; ആയിരം വര്‍ഷത്തില്‍ 12000 (12 x 1000) ചാന്ദ്ര ഭ്രമണപഥ ദൂരവും. ദൂരത്തെ സമയം കൊണ്ട് ഹരിച്ചാല്‍ സഞ്ചാര വേഗം കിട്ടും. (ദൂരം/സമയം = വേഗം).
ഇവിടെ 12000 ചാന്ദ്ര ഭ്രമണപഥ ദൂരം/ഒരു ഭൗമദിനം = പ്രകാശ പ്രവേഗം (മലക്കുകളുടെ വേഗവും) എന്ന സമവാക്യം കിട്ടുന്നു. പ്രകാശത്തിന്റെ പ്രവേഗത്തെ ‘C’ എന്നും ഒരു ഭൗമ ദിനത്തിലെ ആകെ സെക്കന്‍ഡുകളെ ‘t’ എന്നും ഭൂമിക്കു ചുറ്റുമുള്ള ഒരു ചാന്ദ്ര ഭ്രമണപഥത്തിന്റെ ദൈര്‍ഘ്യത്തെ ‘L’ എന്നും സങ്കല്പ്പിച്ചാല് C x t = 12000L എന്ന സമവാക്യമെഴുതാം.
പ്രകാശം ഒരു ഭൗമദിനത്തില്‍ പിന്നിടുന്ന അത്രയും ദൂരമാണ് 1000 ചാന്ദ്ര വര്‍ഷത്തില്‍ ചന്ദ്രന് ഭൂമിക്കു ചുറ്റും കൃത്യമായി സഞ്ചരിക്കുന്നതെന്ന് വിശുദ്ധ ഖുര്‍ആന്‍ വെളിപ്പെടുത്തുകയാണ്. മലക്കുകളെക്കുറിച്ച് നമ്മെ ബോധ്യപ്പെടുത്താന്‍ പ്രകാശ ശാസ്ത്രത്തിലെ വിസ്മയിപ്പിക്കുന്ന ശാസ്ത്ര സത്യമാണ് ഖുര്‍ആന്‍ തെളിവായി നിരത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ശാസ്ത്ര ഗവേഷകര്‍ പോലും ഇങ്ങനെയൊരു തുലനം ഇപ്പോഴും മനസ്സിലാക്കിയിട്ടില്ലെന്നതാണ് വസ്തുത.
പ്രകാശ പ്രവേഗമെന്നത് അതളക്കുന്ന പ്രമാണത്തെ (Frame of reference) സാപേക്ഷമായേ നിര്വചിക്കാനൊക്കൂ. വ്യത്യസ്ത പ്രമാണങ്ങളില്‍ നിന്ന് പ്രകാശവേഗം അളക്കുമ്പോള്‍ വ്യത്യസ്ത ഉത്തരങ്ങളിലാണ് നമ്മള് ചെന്നെത്തുന്നത്. ലോക്കല്‍ ഇനേര്‍ഷ്യല്‍ ഫ്രെയിമില്‍ പ്രകാശ പ്രവേഗം താരതമ്യം ചെയ്യണമെങ്കില്‍ ലോക്കല്‍ ഇനേര്‍ഷ്യല്‍ ഫ്രെയിമില്‍ നിന്നു തന്നെ എല്ലാ വിലകളും അളന്നു തിട്ടപ്പെടുത്തേണ്ടതുണ്ട്.
ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡില്‍ ലോക്കല്‍ ഇനേര്‍ഷ്യല്‍ പ്രമാണത്തില്‍ പ്രകാശ പ്രവേഗം എന്നത് 299792.458 കിലോമീറ്റര്‍/സെക്കന്‍ഡ് ആണ്.
ഐന്‍സ്റ്റൈന്റെ പ്രത്യേക സാപേക്ഷതാ വാദത്തില്‍, പ്രകാശ പ്രവേഗം അളക്കുന്ന പ്രമാണം ‘ഇനേര്‍ഷ്യല്‍’ ആകണമെന്ന നിബന്ധനയുണ്ട്. അതായത്, ആ പ്രമാണം നേര്‍രേഖയില്‍ സഞ്ചരിക്കുന്നതായിരിക്കണം എന്നു ചുരുക്കം. ഭൂമി (നമ്മുടെ ലോക്കല്‍ പ്രമാണം) സൂര്യനെ ചുറ്റുന്നതിനാല്‍ അതിനെ നേര്‍രേഖയില്‍ പ്രയാണം നടത്തുന്ന പ്രമാണമായി കണക്കാക്കാന്‍ വയ്യ. അപ്പോള്‍ സൗരയൂഥത്തിനുള്ളില്‍ ഭൂമിയെ ‘നോണ്‍-ഇനേര്‍ഷ്യല്‍’ പ്രമാണമായാണ് പരിഗണി ക്കുന്നത്.
അറബികള്‍ക്ക് ഒരു മാസമെന്നത് ശരാശരി 29.53059 ദിവസമാണ്. ചന്ദ്രന്റെ ഈ ചുറ്റല്സമയം അവര്‍ അളക്കുന്നത് സൂര്യനെ ചുറ്റുകയും സ്വയം ഭ്രമണം നടത്തുകയും ചെയ്യുന്ന ഭൂമിയെന്ന പ്രമാണത്തില്‍ വെച്ചാണ്. 299792.458 കിലോമീറ്റര്‍/സെക്കന്‍ഡ് എന്ന ലോക്കല്‍ ഇനേര്‍ഷ്യല്‍ പ്രമാണത്തിലെ പ്രകാശ പ്രവേഗവുമായി താരതമ്യം ചെയ്യാന്‍ ഈ വിലകള്‍ പറ്റില്ല.
സൂര്യന്റെ നേര്‍ക്കുള്ള ദിശയില്‍, സൂര്യനു സാപേക്ഷമായി, ചന്ദ്രന് വേഗത്തില്‍ ചലിക്കുന്നതു കാണാം. സൂര്യന്റെ എതിര്‍ദിശയില്‍ വരുമ്പോള്‍ ചന്ദ്രന്റെ ഭ്രമണപഥവേഗം അത്രതന്നെ കുറഞ്ഞുവരികയും ചെയ്യുന്നുണ്ട്. മണിക്കൂറില്‍ ഏറിയാല്‍ 3873 കിലോമീറ്റര്‍ എന്ന വേഗം ചന്ദ്രന് ആര്‍ജിക്കുന്നു. കുറഞ്ഞാല്‍ ഇത് മണിക്കൂറില്‍ 3470 കീലോമീറ്ററുമാകും. ചന്ദ്രന്റെ ശരാശരി വേഗം മണിക്കൂറില്‍ 3682.8 കിലോമീറ്ററാണ് (1.023 കിലോമീറ്റര്‍/സെക്കന്‍ഡ്).
സൂര്യനെ സാപേക്ഷമായി അളക്കുമ്പോള്‍ (Synodic) ഭൂമി 24 മണിക്കൂര്‍ കൊണ്ട് ഒരുതവണ സ്വയംഭ്രമണം നടത്തും. അതായത് 86,400 സെക്കന്‍ഡില്‍. എന്നാല്‍ സൗരയൂഥത്തിനു പുറത്തുള്ള ഏതെങ്കിലും നക്ഷത്രത്തെ ആസ്പദമായി നിരീക്ഷിക്കുകയാണെങ്കില്‍ (Sidereal) ഭൂമിയുടെ സ്വയംഭ്രമണത്തിന് ഇത്രയും സമയം വേണ്ടിവരില്ലെന്ന് മനസ്സിലാക്കാം. ഭൂമിയുടെ സ്വയം ഭ്രമണത്തിന് 23 മണിക്കൂര്‍ 56 മിനുട്ട് 4.0906 സെക്കന്‍ഡ് മതിയെന്നര്‍ഥം (86164.0906 സെക്കന്‍ഡ്). ഈ വ്യത്യാസത്തിനു കാരണം ഭൂമി സ്വയംഭ്രമണം നടത്തുന്നതിനിടയ്ക്ക് സൂര്യന്റെ സാപേക്ഷ സ്ഥാനം അല്‍പ്പം മുന്നോട്ടു പോകുന്നതാണ്.
ഒരു ഉദാഹരണത്തിലൂടെ ഇതു വ്യക്തമാക്കാം. രാത്രിയില്‍ വീടിന്റെ മേല്‍ക്കൂരയിലെ ഒരു ദ്വാരത്തിലൂടെ ഏതെങ്കിലും ഒരു നക്ഷത്രത്തെ നിരീക്ഷിക്കുന്നുവെന്ന് വെക്കുക. അതേ നക്ഷത്രം പിറ്റേന്ന് രാത്രി ആ ദ്വാരത്തിനു നേരെ മുകളിലെത്താന്‍ 24 മണിക്കൂര്‍ എടുക്കില്ല. പകരം, ഏതാണ്ട് നാലുമിനുട്ട് മുമ്പ് ആ നക്ഷത്രം ദ്വാരത്തിനു മുകളില്‍ വരും-കൃത്യമായിപ്പറഞ്ഞാല്‍ 86164.0906 സെക്കന്‍ഡ് കൊണ്ട്. എന്നാല്‍ സൂര്യനെയാണ് ഈ ദ്വാരത്തിലൂടെ നിരീക്ഷിക്കുന്നതെങ്കിലോ? കൃത്യം 24 മണിക്കൂര്‍ (86400 സെക്കന്‍ഡ്) ആകുമ്പോഴേ സൂര്യന് ദ്വാരത്തിനു നേരെ മുകളില്‍ വരൂ.
അതുപോലെ ചന്ദ്രന് ഭൂമിയെ ഒരു പ്രാവശ്യം ചുറ്റാന്‍ 29.53059 ദിവസം എടുക്കുന്നതായാണ് നമുക്ക് അനുഭവപ്പെടുന്നത്. ചന്ദ്രന് ഭൂമിയെ ചുറ്റുന്നതിനിടയ്ക്ക് ഭൂമി അതേ ദിശയില്‍ സ്വയംഭ്രമണം നിര്‍വഹിക്കുന്നതിനാലാണ് ചന്ദ്രന് ഇത്രയും കൂടുതല്‍ ദിവസം എടുക്കുന്നതായി അനുഭവപ്പെടുന്നത്. സൗരയൂഥത്തിനു പുറത്തുള്ള ഏതെങ്കിലും നക്ഷത്രത്തെ ആസ്പദമായി നിരീക്ഷിക്കുകയാണെങ്കില്‍ 27.321661 ദിവസം കൊണ്ട് ചന്ദ്രന് ഭൂമിയെ ഒരു പ്രാവശ്യം ചുറ്റും (Sidereal).
പ്രകാശപ്രവേഗം കണക്കാക്കുമ്പോള്‍ അളക്കുന്ന പ്രമാണം ഇനേര്‍ഷ്യല്‍ ആയിരിക്കണമല്ലോ. സൗരയൂഥത്തിനു പുറത്തുള്ള ഏതെങ്കിലും നക്ഷത്രത്തെ ആസ്പദമായി അളന്നാലേ കാര്യങ്ങള്‍ക്ക് കൃത്യത കൈവരൂ. ഭൗമദിനത്തിലെ സെക്കന്‍ഡുകള്‍ അളക്കുന്നതും ചാന്ദ്രഭ്രമണത്തിന്റെ സമയ ദൈര്ഘ്യമളക്കുന്നതും ചാന്ദ്ര ഭ്രമണ പഥത്തിന്റെ ദൂരമളക്കുന്നതും സൂര്യനെയല്ല, വിദൂരതയിലുള്ള ഏതെങ്കിലും നക്ഷത്രത്തെ ആശ്രയിച്ചായിരിക്കണം. അതായത് ഒരേ പ്രമാണത്തില്‍ നിന്നായിരിക്കണം എല്ലാ ചരങ്ങളുടെയും വിലകള്‍ കണ്ടെത്തേണ്ടത് എന്നര്‍ഥം.
ചാന്ദ്ര ഭ്രമണപഥത്തിന്റെ ദൈര്‍ഘ്യം (Sidereal) 2152612.27 കിലോമീറ്ററാണ്. ഒരു വര്‍ഷത്തില്‍ ചന്ദ്രന് സഞ്ചരിക്കുന്ന ദൂരം 2152612.27 ഃ 12 = 25831347 കിലോമീറ്ററാണ്. (ചെറിയ ഭിന്നസംഖ്യ സൗകര്യപൂര്‍വം വിട്ടുകളയുന്നു). ആയിരം ചാന്ദ്ര വര്‍ഷത്തില്‍ 25831347 x 1000 = 25831347000 കിലോമീറ്ററാണ് ചന്ദ്രന് സഞ്ചരിക്കുന്നത്.
ഭൗമ ദിനദൈര്‍ഘ്യം (Sidereal) 86164 സെക്കന്‍ഡായി എടുക്കാം. വേഗം= ദൂരം/സമയം എന്നാണല്ലോ. അതായത്, 25831347000/86164 = 299792 കിലോമീറ്റര്‍/സെക്കന്‍ഡ് എന്ന വിസ്മയിപ്പിക്കുന്ന ഉത്തരമാണ് കിട്ടുന്നത്. ശാസ്ത്രം ഒട്ടേറെ പരീക്ഷണങ്ങളിലൂടെ എത്തിച്ചേര്‍ന്ന പ്രകാശപ്രവേഗം തന്നെയല്ലേ ഇത്?
ദൂരത്തെ സമയവുമായി താരതമ്യം ചെയ്യുന്ന ഈയൊരൊറ്റ വചനമേ ഖുര്‍ആനിലുള്ളൂ. എന്നാല്‍ സമയവും സമയവുമായി (സാപേക്ഷ സമയം) താരതമ്യം ചെയ്യുന്ന മറ്റൊരു ഖുര്‍ആന്‍ വചനം ശ്രദ്ധിക്കുക: ”അമ്പതിനായിരം കൊല്ലത്തിനു സമാനമായ ഒരു ദിവസത്തില്‍ മലക്കുകളും റൂഹും അവങ്കലേക്ക് ആരോഹണം ചെയ്യുന്നു” (70:4).
ഭൂമിയില്‍ അമ്പതിനായിരം വര്‍ഷം പിന്നിടുന്നത് മലക്കുകള്‍ക്ക് വെറും ഒരു ദിവസമായേ അനുഭവപ്പെടുകയുള്ളൂവെന്ന് ഖുര്‍ആന്‍ നമ്മെ അറിയിക്കുന്നു. ഒരു പ്രമാണം പ്രകാശവേഗത്തോട് അടുത്ത വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ആ പ്രമാണത്തില്‍ കാലം ‘വിറങ്ങലി’ച്ചുനില്ക്കുമെന്ന് സാപേക്ഷതാവാദത്തിന്റെ വെളിച്ചത്തില്‍ നാമറിയുന്നു. സമയത്തിന്റെ സാപേക്ഷതയാണ് ഈ വചനത്തിന്റെ പൊരുള്‍. ദൂരവും സമയവും താരതമ്യം ചെയ്ത ഖുര്‍ആന്‍ വചനത്തില്‍ നിന്ന് (32:5) നമ്മള് പ്രകാശപ്രവേഗം (മലക്കുകളുടെ വേഗവും) മനസ്സിലാക്കി. ഇവിടെയും സാപേക്ഷ സമയത്തിന്റെ പ്രസിദ്ധമായ മറ്റൊരു സമവാക്യമെഴുതാം:

V= C x 0.9999999999999981 = 299792.4579999994 കിലോമീറ്റര്‍/സെക്കന്‍ഡ്.
ഈ സമവാക്യത്തിലെ ചരങ്ങള്‍ക്ക് ഖുര്‍ആനില്‍നിന്നു കിട്ടുന്ന വിലകള്‍ ചേര്‍ത്തുനോക്കി മലക്കുകളുടെ സാപേക്ഷസമയവും വേഗവും കണ്ടുപിടിക്കാം. ഇവിടെ t0 എന്നത് മലക്കുകള്‍ക്ക് അനുഭവപ്പെടുന്ന സമയദൈര്‍ഘ്യം (ഒരു ദിവസം) എന്നു സങ്കല്‍പ്പിക്കുക. t എന്നത് ഭൂമിയില്‍ നമ്മള് അനുഭവിക്കുന്ന സമയദൈര്‍ഘ്യം-50,000 വര്‍ഷം. ഒരു ചാന്ദ്രമാസം 27.321661 ദിവസ(Sidereal)മാണല്ലോ. അപ്പോള്‍ 50,000 വര്‍ഷത്തില്‍ 50,000 x 12 x 27.321661 ദിവസം കാണും. ‘ഇ’ എന്നത് പ്രകാശത്തിന്റെ പ്രവേഗത്തെ സൂചിപ്പിക്കുന്നു. ഈ സമവാക്യത്തില്‍നിന്ന് മലക്കുകളുടെ പ്രവേഗം (V) ഇനി കണ്ടെത്താമല്ലോ. ആ വില 299792.4579999994 കിലോമീറ്റര്‍/സെക്കന്‍ഡ് ആണെന്ന് മുകളിലെ സമവാക്യത്തില്‍നിന്നു ഗണിച്ചതു കാണുക. ഇങ്ങനെ നോക്കിയാലും പ്രകാശത്തോട് വളരെ വളരെയടുത്ത വേഗത്തിലാണ് മലക്കുകളുടെ പ്രയാണമെന്ന് മനസ്സിലാക്കാം.
2015 അന്താരാഷ്ട്ര പ്രകാശവര്‍ഷമായി ആചരിച്ചപ്പോള്‍ മഹാ ഭൗതികശാസ്ത്രപ്രതിഭയായ ഇബ്നു ഹൈതമിനെയും പൗരാണികകാലത്ത് പ്രകാശഗോപുരങ്ങളായി ശിരസ്സുയര്‍ത്തിനിന്ന ഇസ്ലാമിക ശാസ്ത്ര വിജ്ഞാനീയങ്ങളെയും ലോകം അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്തുവെന്നത് പ്രശംസനീയമാണ്. ഇവര്‍ക്കൊക്കെ പ്രചോദനമായി വര്‍ത്തിച്ച, പ്രകാശശാസ്ത്രത്തിലെ ഏറ്റവും പുതിയ കണ്ടെത്തലുകളിലേക്ക് വെളിച്ചംവീശിയ വിശുദ്ധ ഖുര്‍ആനെ ശാസ്ത്രലോകം ഇനിയുമേറെ മനസ്സിലാക്കാനുണ്ട്.
References
- https://www.biblegateway.com/passage/?search=Genesis%201-3&version=NIV[↩]
- https://www.biblegateway.com/passage/?search=2%20Peter%203&version=NIV[↩]
- https://www.biblegateway.com/passage/?search=Genesis%201&version=NIV[↩]
- https://www.biblegateway.com/passage/?search=Mark%2013&version=NIV[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 226, ഹദീസ് 2996[↩]
