എന്താണ് തവസ്സുല്‍ ?
മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍ നിര്‍ദേശിച്ച മാര്‍ഗമാണ് സ്വീകരിക്കേണ്ടത്. അവരവര്‍ ചെയ്ത പുണ്യകര്‍മങ്ങള്‍ മുന്‍ നിര്‍ത്തിയോ അല്ലാഹുവിന്റെ സ്വിഫത്തുകള്‍ (ഗുണനാമവിശേഷണങ്ങള്‍) എടുത്ത് പറഞ്ഞ് പ്രാര്‍ത്ഥനയിലൂടെയോ അല്ലാഹുവിനോട് സാമീപ്യം തേടാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അതുപോലെ അദൃശ്യമായ രൂപത്തിലുള്ള ഇസ്തിഗാസ അഥവാ സഹായതേട്ടവും ആരാധനയാണ്. അതിനാൽ തന്നെ അതും അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ.
എന്താണ് തവസ്സുല്‍ ? ഏതു രീതിയിലുള്ള തവസ്സുലുകളൊക്കെയാണ് ഇസ്‌ലാം അനുവദിക്കുന്നത്? സഹായതേട്ടത്തിന്റെ വിവിധ രൂപങ്ങൾ, വസ്വീല ഖുർആനിൽ, തവസ്സുൽ ഹദീസുകളിൽ, അനുവദിക്കപ്പെട്ട തവസ്സുൽ, ഇസ്തിഗാസ, അല്ലാഹു അല്ലാത്തവരോടുള്ള സഹായതേട്ടം, ഇസ്തിഗാസ ദുർവ്യാഖ്യാനംങ്ങൾ, മരിച്ചവരോടുള്ള സഹായതേട്ടം, ഔലിയാക്കളോടുള്ള സഹായതേട്ടം തുടങ്ങിയ വിഷയങ്ങളിലെ ഇസ്‌ലാമിക നിലപാട് ഈ ലേഖനത്തിൽ വായിക്കാം.
തവസ്സുല്‍ എന്ന പദം കൊണ്ട് ഭാഷയില്‍ ഉദ്ദേശിക്കപ്പെടുന്ന ആശയം ഒരു ലക്ഷ്യത്തിലെത്തിച്ചേരാന്‍ മാര്‍ഗമവലംബിക്കുക എന്നതാണ്. മനുഷ്യന്‍ തന്റെ ഉപജീവനത്തിനുള്ള മാര്‍ഗമായി സ്വീകരിക്കുന്ന കച്ചവടവും കൃഷിയുമൊക്കെ ആ അര്‍ത്ഥത്തില്‍ തവസ്സുല്‍ ആണ്. പ്രപഞ്ചനാഥനായ അല്ലാഹുവോട് നേരിട്ട് പ്രാര്‍ഥിക്കാന്‍ തങ്ങള്‍ക്ക് അര്‍ഹതയില്ലെന്നും അങ്ങനെയുള്ള പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുകയില്ലെന്നുമുള്ള വിശ്വാസത്താല്‍ അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കാന്‍ പുണ്യാത്മാക്കളെ മധ്യവര്‍ത്തികള്‍(ഇടയാളന്മാര്‍) ആക്കിക്കൊണ്ട് പ്രാര്‍ഥിക്കണമെന്ന് പലരും വിശ്വസിച്ചു പോന്നു. ഇതിനാണ് തവസ്സുല്‍ എന്ന പേര് മതസംജ്ഞയായി ഉപയോഗിക്കുന്നത്. അല്ലാഹുവോട് അടുക്കാന്‍ വേണ്ടി ഈ രൂപത്തിലുള്ള വസ്വീല(ഉപാധി, മാര്‍ഗം)തേടുന്നത് വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ക്ക് കടകവിരുദ്ധമാണ്. സമീപസ്ഥനായ അല്ലാഹുവോട് നേരിട്ട് പ്രാര്‍ഥിക്കാമെന്നും അതുകൊണ്ട് അല്ലാഹുവിനും അവന്റെ അടിമക്കും ഇടയില്‍ ഒരു ഇടയാളന് ഇടമില്ലെന്നും വിശുദ്ധ ഖുര്‍ആനിലെ അനേകം വചനങ്ങളില്‍ നിന്ന് ഗ്രഹിക്കാന്‍ കഴിയുന്നു.
അല്ലാഹു പറയുന്നു: ”എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോട് ചോദിച്ചാല്‍ ഞാന്‍ അവര്‍ക്ക് ഏറ്റവും അടുത്തുണ്ട് എന്ന് പറയുക. എന്നോട് പ്രാര്‍ഥിച്ചാല്‍ ഞാന്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നതാണ്” (2:186). തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം അവന്റെ കണ്ഠനാഡിയേക്കാള്‍ അവനോട് അടുത്തവനാകുന്നു(50:16).
അല്ലാഹുവിലേക്ക് അടുക്കാന്‍ ഇടയാളന്മാരെ സ്വീകരിക്കുക എന്ന അര്‍ത്ഥത്തില്‍ ‘തവസ്സുല്‍’ എന്ന പദത്തെ ദുരുദ്ദേശ്യപൂര്‍വ്വം ചിലര്‍ പ്രയോഗിക്കാറുണ്ട്. മരിച്ചുപോയ മഹാന്മാരേയും മറ്റും മധ്യവര്‍ത്തികളാക്കിക്കൊണ്ട് അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍ തെളിവായി ഖുര്‍ആനില്‍ വന്ന ‘വസ്വീല’ എന്ന പദമുള്ള ആയത്തിനെ പലപ്പോഴും ദുര്‍വ്യാഖാനം ചെയ്യാറുണ്ട്. എന്നാല്‍ പ്രാമാണികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ആരും തന്നെ ഈ വ്യാഖ്യാനം നല്‍കിയിട്ടില്ല.
വസ്വീല ഖുര്‍ആനില്‍
ഖുര്‍ആനില്‍ രണ്ട് സ്ഥലത്താണ് ‘വസ്വീല’ എന്ന പദം പ്രയോഗിച്ചത്. അല്ലാഹു പറയുന്നു: ‘‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കാനുള്ള മാര്‍ഗം തേടുകയും അവന്റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പ്പെടുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം”(5:35)
ഈ സൂക്തത്തില്‍ വിജയത്തിന് നിദാനമാകുന്ന മൂന്ന് കാര്യങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. (ഒന്ന്) അല്ലാഹുവിനെ സൂക്ഷിക്കുക. (രണ്ട്) അടുക്കാനുള്ള മാര്‍ഗം തേടുക (മൂന്ന്) അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരത്തിന് അഥവാ ത്യാഗത്തിന് തയ്യാറാവുക.
അല്ലാഹുവിന്റെ വിധിവിലക്കുകള്‍ സൂക്ഷിച്ചു ജീവിക്കുക, അവന്‍ കല്‍പിച്ചതും പ്രോത്സാഹിപ്പിച്ചതുമായ പുണ്യകര്‍മ്മങ്ങള്‍ കൂടുതല്‍ ചെയ്യുക. ഇതാണ് അവന്റെ പ്രീതി നേടാനുള്ള വസ്വീല ആയി അല്ലാഹു പഠിപ്പിക്കുന്നത് (5:35).
ഈ സൂക്തത്തിലെ ‘വസ്വീല’ എന്ന പദത്തിന് തഫ്‌സീര്‍ ബൈളാവിയില്‍ നല്‍കുന്ന അര്‍ഥം ഇപ്രകാരമാണ്: സദ്കര്‍മ്മങ്ങള്‍ ചെയ്യുക, വിരോധിക്കപ്പെട്ടവയെ വര്‍ജ്ജിക്കുക എന്നതാണ് നിങ്ങള്‍ അല്ലാഹുവിലേക്ക് തേടുക എന്നത് (ബൈളാവി, 1:230).
ഈ ആശയം തന്നെയാണ് ക്വുര്‍ത്വുബി(3:2156), കശ്ശാഫ്(1:627), റാസി(3:379), ബഹ്‌റുല്‍ മുഹീത്വ് (3:472), തഫ്‌സീര്‍ മുനീര്‍(1:203), ഇബ്‌നുജരീര്‍(5:226), തഫ്‌സീര്‍ വാളിഹ്(2:49), മദാരിക്(1:219) തുടങ്ങി എല്ലാ തഫ്‌സീര്‍ ഗ്രന്ഥങ്ങളിലും ഉദ്ധരിച്ചു കാണുന്നത്. പ്രാമാണികരായ പണ്ഡിതന്മാര്‍ വസ്വീലക്ക് നല്‍കിയ വിശദീകരണത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ യാതൊരു അഭിപ്രായഭിന്നതയുമില്ല എന്ന് പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്‌നുകസീര്‍ വ്യക്തമാക്കുന്നു (ഇബ്‌നുകഥീര്‍, 2:53).
‘വസ്വീല’ എന്ന പദം വന്നിട്ടുള്ള സൂറത്തുല്‍ ഇസ്‌റാഇലെ സൂക്തം ഇപ്രകാരമാണ്: ‘നബിയേ, പറയുക. അല്ലഹുവിന് പുറമെ നിങ്ങള്‍ ദൈവങ്ങളെന്നു വാദിച്ചു പോന്നവരെ നിങ്ങള്‍ വിളിച്ചുനോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ നിങ്ങളുടെ സ്ഥിതിക്ക് മാറ്റം വരുത്താനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല. ആരെയാണോ അവര്‍ വിളിച്ചു പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്നത് അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്. അതേ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ അപ്രകാരം തേടുന്നു. അവര്‍ അവന്റെ കാരുണ്യം ആഗ്രഹിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു. നിന്റെ രക്ഷിതാവിന്റെ ശിക്ഷ ഭയപ്പെടേണ്ടതുതന്നെയാകുന്നു’ (17:56,57).
‘മുഴുവന്‍ നബിമാരും മലക്കുകളും അല്ലാഹുവോട് നേരിട്ട് പ്രാര്‍ത്ഥിക്കുന്നവരാണ്. അല്ലാഹുവിങ്കല്‍ സാമീപ്യം ലഭിക്കാന്‍ അവന്‍ നിര്‍ദ്ദേശിച്ച മാര്‍ഗം സ്വീകരിക്കുന്നവരുമാണ്. എന്നിട്ടും മലക്കുകളോടും പ്രവാചകന്മാരോടും മഹാത്മക്കളോടും മറ്റും പ്രാര്‍ത്ഥിക്കുന്നതിലെ അര്‍ത്ഥശൂന്യതയാണ് അല്ലാഹു ഉപരിസൂചിത സൂക്തത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ സൂക്തത്തിന്റെ വ്യാഖ്യാനം ഇമാം റാസി രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്: ”നിശ്ചയം, ഉന്നത പദവിയിലുള്ള പ്രവാചകന്മാര്‍ പോലും അല്ലാഹുവിനെയല്ലാതെ ആരാധിക്കുന്നില്ല. അവങ്കലേക്കല്ലാതെ സാമീപ്യത്തെ ആഗ്രഹിക്കുന്നില്ല. നിശ്ചയം നിങ്ങളും അവരെ പിന്തുടരുവാന്‍ ബാധ്യസ്ഥരാണ്. അതിനാല്‍ അവനെ മാത്രം നിങ്ങള്‍ ആരാധിക്കുവീന്‍ (റാസി, 20:232).
തഫ്‌സീര്‍ സ്വാവിയിലെ വിശദീകരണവും പ്രസക്തമാണ്: ”ആരാധ്യരാണെന്ന് നിങ്ങള്‍ ജല്‍പ്പിക്കുന്ന ബുദ്ധിയുള്ളവര്‍ അല്ലാഹുവിലേക്ക് അനുസരണം, കീഴ്‌വണക്കം എന്നിവയിലൂടെ അല്ലാഹുവിന്റെ സാമീപ്യത്തെ തേടുകയാണ്. അവര്‍ അവന്റെ അനുഗ്രഹത്തെ ആഗ്രഹിക്കുകയും അവന്റെ ശിക്ഷയെ ഭയപ്പെടുകയും ചെയ്യുന്നു. അവരില്‍ കൂടുതല്‍ പദവിയുള്ളവര്‍ അല്ലാഹുവിന് കൂടുതല്‍ കീഴ്‌വണക്കം കാണിക്കുകയും കൂടുതല്‍ ഭയപ്പെടുകയും ചെയ്യുന്നു. അവര്‍ ഒരിക്കലും അല്ലാഹുവിന്റെ കൂടെ ആരാധിക്കപ്പെടുവാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല (സ്വാവി, 2:354).
തവസ്സുല്‍ ഹദീസുകളില്‍
അല്ലാഹുവിങ്കലേക്ക് മധ്യവര്‍ത്തികള്‍ മുഖേന ഇടതേട്ടം(തവസ്സുല്‍) നടത്താമെന്ന് പറയുന്നവര്‍ ചില ഹദീസുകളും തെളിവായി ഉദ്ധരിക്കാറുണ്ട്. യഥാര്‍ഥത്തില്‍ ഈ ഹദീസുകളും ഇടയാളന്മാരെ നിശ്ചയിച്ച് അല്ലാഹുവിലേക്ക് ഇടതേട്ടം നടത്താന്‍ പാടില്ല എന്നതിന് കൃത്യമായ തെളിവ് നല്‍കുന്നവയാണ്. അനസ്(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു ഹദീസ് ബുഖാരി ഉദ്ധരിക്കുന്നു. ജനങ്ങള്‍ക്കു വരള്‍ച്ച ബാധിക്കുമ്പോള്‍ ഉമര്‍(റ) അബ്ബാസ്ബ്‌നു അബ്ദുല്‍ മുത്തലിബിനെ കൊണ്ട് മഴക്ക് വേണ്ടി പ്രാര്‍ത്ഥിപ്പിച്ചിരുന്നു. ഉമര്‍(റ) പറയും: ”അല്ലാഹുവേ, ഞങ്ങളുടെ പ്രവാചകനെകൊണ്ട് പ്രാര്‍ത്ഥന നടത്തി നിന്നിലേക്ക് സാമീപ്യം തേടുകയും അപ്പോള്‍ നീ ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിച്ച് തരികയും ചെയ്തിരുന്നു. ഇപ്പോള്‍ ഞങ്ങളിതാ പ്രവാചകന്റെ പിതൃവ്യനെക്കൊണ്ട് (പ്രാര്‍ത്ഥന നടത്തിച്ചു) നിന്നെ സമീപിക്കുന്നു. അതുകൊണ്ട് നീ ഞങ്ങള്‍ക്കു മഴ വര്‍ഷിപ്പിച്ച് തരേണമേ. അപ്പോള്‍ അവര്‍ക്ക് മഴ വര്‍ഷിപ്പിക്കപ്പെടുകയും ചെയ്യും” (ബുഖാരി) 1.
ഉപരിസൂചിത ഹദീസില്‍ ഉപയോഗിച്ച പദം ‘നതവസ്സലു’ എന്നാണ്. പ്രാര്‍ഥന ഒന്നിച്ച് നടത്തുമ്പോള്‍ കൂട്ടത്തില്‍ യോഗ്യനായ ആളെ നേതൃത്വം ഏല്‍പ്പിക്കുക എന്നത് മാത്രമാണ് ഇവിടെ വിഷയം. നബി(സ്വ)യുടെ വിയോഗാനന്തരം പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിയിരുന്നത് അബ്ബാസ്(റ) ആയിരുന്നു. മഹാന്മാരെക്കൊണ്ട് പ്രാര്‍ത്ഥന നടത്തിക്കുക, തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറ്റൊരാളോട് ആവശ്യപ്പെടുക തുടങ്ങിയ കാര്യങ്ങള്‍ അല്ലാഹുവിങ്കലേക്ക് മധ്യവര്‍ത്തികളെ സ്വീകരിക്കുന്നതിന് തെളിവുകളല്ല.
മുഹമ്മദ് നബിയുടെ വിയോഗാനന്തരം ആയിരക്കണക്കിന് സ്വഹാബിമാര്‍ വധിക്കപ്പെടാന്‍ കാരണമായ യുദ്ധങ്ങള്‍ പോലും നടക്കുകയുണ്ടായി. ഈ സന്ദര്‍ഭത്തില്‍ ഒരു സ്വഹാബിയെങ്കിലും നബി (സ്വ)യുടെ ഹഖ്, ജാഹ്, ബര്‍ക്കത്ത് എന്നിവകൊണ്ട് പ്രാര്‍ത്ഥിച്ചതോ അല്ലെങ്കില്‍ അവിടത്തെ ഖബറിന്റെ അടുക്കല്‍ ചെന്ന് നബി(സ്വ)യെ ഇടയാളനാക്കി പ്രാര്‍ത്ഥിച്ചതോ ആയ ഒരു സംഭവം പോലും സ്ഥിരപ്പെട്ട നിലക്ക് ഉദ്ധരിക്കപ്പെട്ടിട്ടില്ല.
മുഹമ്മദ് നബിക്കും മറ്റു പ്രവാചകന്മാര്‍ക്കും ഉന്നത പദവി അല്ലാഹു നല്‍കിയിട്ടുണ്ട്. അതിന്റെ പേരില്‍ വിശ്വാസികള്‍ക്ക് പ്രവാചകന്മാരോട് ഇടതേടാനുള്ള അനുവാദമില്ല. സത്യവിശ്വാസികളെ സഹായിക്കല്‍ അല്ലാഹു തന്റെ ബാധ്യതയായി വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു. ആ സഹായം ലഭിക്കാനായി അല്ലാഹുവോട് ചോദിക്കാനുള്ള (പ്രാര്‍ഥിക്കാനുള്ള) അവകാശം മനുഷ്യര്‍ക്കുണ്ട്. ഈ പ്രാര്‍ഥനയ്ക്ക് മനുഷ്യന്റെയും ദൈവത്തിന്റെയും ഇടയില്‍ മധ്യവര്‍ത്തികള്‍ വേണമെന്ന് വിശുദ്ധ ഖുര്‍ആനോ നബിചര്യയോ പഠിപ്പിക്കുന്നില്ല.
അനുവദിക്കപ്പെട്ട തവസ്സുല്‍
സദ്കര്‍മങ്ങളിലൂടെ മാത്രമേ അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും നേടാന്‍ സാധിക്കുകയുള്ളൂവെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ‘അതിനാല്‍ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സത്കര്‍മം പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ’ (18:110).
വിപത്ഘട്ടത്തില്‍ പോലും അല്ലാഹുവിന്റെ സഹായത്തിന് നമ്മെ അര്‍ഹരാക്കുന്നത് സ്വന്തം സദ്കര്‍മങ്ങള്‍ മുന്‍നിര്‍ത്തികൊണ്ട് അല്ലാഹുവിനോട് നാം മനമുരുകി നടത്തുന്ന പ്രാര്‍ത്ഥനയാണ്. ബുഖാരിയും മുസ്‌ലിമും രേഖപ്പെടുത്തിയ ഒരു ഹദീസില്‍ നബി(സ്വ) അനുചരന്മാര്‍ക്ക് ഒരു സംഭവം വിവരിച്ചു കൊടുക്കുന്നു.
പണ്ട് മലമുകളില്‍ ഒരു ഗുഹയില്‍ അബദ്ധത്തില്‍ മൂന്ന് പേര്‍ അകപ്പെട്ടുപോയി. രാത്രിയില്‍ മുകളില്‍ നിന്നു വീണ ഒരു വലിയ പാറക്കല്ല് ഗുഹാമുഖത്തെ അടച്ചുകളഞ്ഞു. രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം അടഞ്ഞ സന്നിഗ്ദ ഘട്ടത്തില്‍ ഗുഹയില്‍ അകപ്പെട്ട ഓരോരുത്തരും തങ്ങള്‍ കഴിഞ്ഞ കാലത്ത് പ്രവര്‍ത്തിച്ച നല്ല കാര്യങ്ങള്‍ എടുത്ത് പറഞ്ഞു. പടച്ചവനേ, ഞങ്ങളിതു ചെയ്തത് നിന്റെ പ്രീതിക്കുവേണ്ടിയായിരുന്നു. നീ ഞങ്ങളെ രക്ഷപ്പെടുത്തേണമേ എന്ന് പ്രാര്‍ത്ഥിച്ചു. അങ്ങനെ അല്ലാഹു എല്ലാവരെയും രക്ഷപ്പെടുത്തി 2
ഏത് പ്രതിസന്ധിയിലും അല്ലാഹുവിനോട് നേരിട്ട് മാത്രമേ പ്രാര്‍ത്ഥിക്കാവൂവെന്നും ആരുടെയും ഹഖും ജാഹും ബര്‍ക്കത്തും ഉപയോഗിച്ച് പ്രാര്‍ത്ഥിക്കാന്‍ പാടില്ല എന്നും ഈ സംഭവം പഠിപ്പിക്കുന്നു. അല്ലാഹു പറയുന്നു: ‘അല്ലാഹുവിന് അത്യുത്കൃഷ്ടമായ നാമങ്ങളുണ്ട്. ആ പേരുകളില്‍ നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ത്ഥിക്കുക’ (7:180).
പ്രവാചകന്മാരുടെ പേരുകള്‍ കൊണ്ടോ, അവരുടെ ഹഖ്, ജാഹ്, ബര്‍കത്ത് എന്നിവ കൊണ്ടോ അവനോട് വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നില്ല. നബി(സ്വ പ്രാര്‍ത്ഥിച്ചിരുന്ന രീതി കൂടി ഹദീസുകളില്‍ നിന്ന് ഗ്രഹിക്കാം. ഇബ്‌നു അബ്ബാസ്(റ) നിവേദനം. തിരുനബി(സ്വ) ഇപ്രകാരം പ്രാര്‍ത്ഥിക്കും. അല്ലാഹുവേ, നിന്റെ പ്രതാപം കൊണ്ട് (ജാഹുകൊണ്ട്) ഞാന്‍ നിന്നോട് രക്ഷതേടുന്നു (ബുഖാരി) 3.
ഇമാം അബൂഹനീഫ(റ) ഇപ്രകാരം പറയുന്നു. നിശ്ചയം ആര്‍ക്കും തന്നെ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുമ്പോള്‍ അവന്റെ വിശേഷണങ്ങള്‍ കൊണ്ടല്ലാതെ പ്രാര്‍ഥിക്കുവാന്‍ അവകാശമില്ല (അദുര്‍റുല്‍ മുഖ്താര്‍) 4.
ഹഖ്, ജാഹ് കൊണ്ടുള്ള തവസ്സുലിനെക്കുറിച്ച് ഇമാം ത്വഹാവി(റ) പറയുന്നത് ഇപ്രകാരമാണ്: തവസ്സുല്‍ എന്നുള്ളത് പ്രാര്‍ഥനയില്‍ അതിക്രമം കാണിക്കലാണ്. ഇതു കാരണമാണ് അബൂഹനീഫ ഇപ്രകാരം പറഞ്ഞത്: ഇന്ന ആളുടെ ഹഖ് കൊണ്ട് നിന്നോട് ഞാന്‍ ചോദിക്കുന്നു, അല്ലെങ്കില്‍ നിന്റെ പ്രവാചകന്മാരുടെ ഹഖ് കൊണ്ട് ഞാന്‍ ചോദിക്കുന്നു എന്ന പ്രാര്‍ഥന, പ്രാര്‍ഥനയില്‍ ഉള്ള അതിക്രമവും കറാഹത്തായ (ഹനഫീ മദ്ഹബില്‍ കറാഹത്ത് എന്നത് നിഷിദ്ധത്തിനെ കുറിക്കുന്നു)തേട്ടവുമാണ്. നബി(സ്വ) യുടെ കാലത്ത് സ്വഹാബത്ത് ചെയ്തിരുന്ന തവസ്സുല്‍ ഇപ്രകാരമായിരുന്നുവെങ്കില്‍ പ്രവാചകന്റെ മരണശേഷവും ഇപ്രകാരമുള്ള തവസ്സുല്‍ അവര്‍ ചെയ്യുമായിരുന്നു. മറിച്ച് പ്രവാചകന്റെ കാലത്ത് അവര്‍ ചെയ്തിരുന്ന തവസ്സുല്‍ പ്രവാചകന്റെ പ്രാര്‍ഥന മാത്രമാണ്. അഥവാ പ്രവാചകനോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. (ശറഹു അഖീദത്തുത്ത്വഹാവി) 5.
സൃഷ്ടികള്‍ അവരുടെയും അല്ലാഹുവിന്റെയും ഇടയില്‍ മഹാത്മാക്കളെയും പ്രവാചകന്മാരേയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍ നിര്‍ദേശിച്ച മാര്‍ഗമാണ് നാം സ്വീകരിക്കേണ്ടത്. അവരവര്‍ ചെയ്ത പുണ്യകര്‍മങ്ങള്‍ മുന്‍ നിര്‍ത്തിയോ അല്ലാഹുവിന്റെ സ്വിഫത്തുകള്‍ (ഗുണനാമവിശേഷണങ്ങള്‍) എടുത്ത് പറഞ്ഞ് പ്രാര്‍ത്ഥനയിലൂടെ അല്ലാഹുവിനോട് സാമീപ്യം തേടാം.
ഇസ്തിഗാസ (സഹായതേട്ടം)
ഇസ്തിഗാസ എന്ന അറബി പദത്തിനര്‍ത്ഥം സഹായം തേടുക എന്നതാണ്. സാമൂഹ്യജീവി എന്ന നിലക്ക് മനുഷ്യന്‍ പരസ്പരം ഭൗതിക വിഷയങ്ങളില്‍ സഹായം ആവശ്യപ്പെടുന്നതിന് ഇസ്തിഗാസ എന്ന് അറബി ഭാഷയില്‍ പ്രയോഗിക്കാറുണ്ട്. കാര്യകാരണബന്ധങ്ങള്‍ക്ക് അപ്പുറമുള്ള (മനുഷ്യ കഴിവില്‍ പെടാത്ത) അഭൗതികമായ കാര്യങ്ങള്‍ക്കുള്ള സഹായാഭ്യര്‍ഥന അഥവാ പ്രാര്‍ഥനക്കും ഇസ്തിഗാസ എന്നു അറബിയില്‍ പ്രയോഗിക്കാറുണ്ട്. പ്രാര്‍ഥന എന്ന അര്‍ത്ഥത്തിലുള്ള ഇസ്തിഗാസ അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. ഈ രൂപത്തിലുള്ള സഹായഭ്യര്‍ഥന അല്ലാഹു അല്ലാത്ത ആരോട് നടത്തിയാലും അത് ശിര്‍ക്ക് (ബഹുദൈവ വിശ്വാസം) ആകുന്നു.
വിശുദ്ധ ഖുര്‍ആനില്‍ ‘ഇസ്തിഗാസ’ എന്ന പദം ഈ രണ്ട് അര്‍ഥത്തിലും പ്രയോഗിച്ചതായി കാണാം. മൂസാ നബി(അ)യുടെ കാലത്ത് ഇസ്‌റാഈല്യരില്‍പ്പെട്ട ഒരാളെ ഖിബ്ത്വി മര്‍ദിച്ചപ്പോള്‍ അയാള്‍ മൂസാനബി(അ)യോട് ഇസ്തിഗാസ ചെയ്തുവെന്ന് പരിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഭൗതിക വിഷയങ്ങളിലുള്ള സഹായാഭ്യര്‍ഥനക്ക് ഇവിടെ ഇസ്തിഗാസ എന്നപദമാണ് പ്രയോഗിച്ചിരിക്കുന്നത്.
‘‘അപ്പോള്‍ തന്റെ കക്ഷിയില്‍പ്പെട്ടവന്‍ തന്റെ ശത്രുവിഭാഗത്തില്‍ പെട്ടവനെതിരില്‍ മൂസായോട് സഹായം തേടി’ (28:15).
എന്നാല്‍ മനുഷ്യകഴിവിന്നതീതമായിട്ടുള്ളതും അഭൗതികമായ മാര്‍ഗേണയുള്ളതുമായ സഹായഭ്യര്‍ഥന നടത്തുന്നതിനെപ്പറ്റിയും ഖുര്‍ആന്‍ ഇസ്തിഗാസ എന്നു തന്നെ പ്രയോഗിച്ചിരിക്കുന്നു. ബദ്ര്‍ യുദ്ധവേളയില്‍ നബി(സ്വ) തന്റെ അനുചരരിലേക്ക് നോക്കി. അപ്പോള്‍ അവര്‍ 300ല്‍പരം മാത്രമാണുള്ളത്. മുശ്‌രിക്കുകളുടെ നേരെ നബി(സ്വ) നോക്കി. അപ്പോള്‍ അവര്‍ ആയിരത്തില്‍പ്പരം പേരുണ്ട്. ഈ സന്നിഗ്ദഘട്ടത്തില്‍ നബി(സ്വ) അല്ലാഹുവിനോട് നടത്തിയ പ്രാര്‍ഥനയെ ഉദ്ദേശിച്ചു വിശുദ്ധ ഖുര്‍ആനില്‍ വന്ന പരാമര്‍ശം ഇപ്രകാരമാണ്: ‘‘നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം ഓര്‍ക്കുക. തുടരെത്തുടരെയായി ആയിരം മലക്കുകളെ തുടര്‍ച്ചയായി നിയോഗിച്ച് കൊണ്ട് നിങ്ങളെ സഹായിക്കുമെന്ന് അവന്‍ നിങ്ങള്‍ക്ക് മറുപടി നല്കകി” (8:9).
ഈ ഘട്ടത്തില്‍ നബി(സ്വ) കൈകളുയര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയാണ് ചെയ്തെതന്ന് ഉമര്‍(റ) വിവരിക്കുന്നു:
”അല്ലാഹുവേ നിന്റെ കരാര്‍ യാഥാര്‍ത്ഥ്യമാണ്. ഈ ന്യൂനപക്ഷമായ ഞങ്ങള്‍ ഇവിടെ വെച്ച് നശിച്ചാല്‍ ഭൂമിയില്‍ നിന്നെ വിളിച്ച് പ്രാര്‍ഥിക്കുന്നവര്‍ ഉണ്ടാവുകയില്ല”. അങ്ങനെ വിജയത്തിന് വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടേയിരുന്നു. അപ്പോഴാണ് ഈ ആയത്ത് അവരിപ്പിക്കപ്പെട്ടത്. (ബുഖാരി ) 6
വിപത്ഘട്ടങ്ങളില്‍ നടത്തുന്ന പ്രാര്‍ഥനക്ക് ഇസ്തിഗാസ എന്ന് പറയുമെന്നും അത് അല്ലാഹുവോടു മാത്രമേ പാടുള്ളൂ എന്നും ഈ ആയത്ത് വ്യക്തമാക്കുന്നു. വിശുദ്ധ ഖുര്‍ആനിലെ പ്രഥമ അധ്യായമായ അല്‍ഫാത്തിഹയില്‍ ‘ഇയ്യാക്ക നഅ്ബുദു വ ഇയ്യാക്ക നസ്തഈന്‍’ (നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു) എന്ന് പറയുന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അഭൗതിക മാര്‍ഗത്തിലുള്ള സഹായം തേടലാണ്. അത് അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. ഭൗതികമായ സഹായങ്ങള്‍ മനുഷ്യര്‍ പരസ്പരം ആവശ്യപ്പെടുന്നത് ഖുര്‍ആന്‍ വിലക്കുന്നില്ല.
അല്ലാഹു അല്ലാത്തവരോടുള്ള സഹായതേട്ടം
ഇസ്തിഗാസ എന്ന പദപ്രയോഗത്തെ തെറ്റായി വ്യാഖ്യാനിച്ച് അല്ലാഹുവിന്റെ സൃഷ്ടികളോട് പ്രാര്‍ഥിക്കാന്‍ ന്യായം കണ്ടെത്തുന്ന ചിലരെയും കാണാന്‍ സാധിക്കും. ഇസ്തിഗാസ എന്ന പേരില്‍ മരിച്ചുപോയ മഹാന്മാരോട് സഹായം തേടുമ്പോള്‍ അല്ലാഹുവില്‍ അവരെ പങ്കാളികളാക്കുകയാണ് ചെയ്യുന്നത്. സമ്പൂര്‍ണമായ കാഴ്ചയും കേള്‍വിയും അറിവും നിയന്ത്രണാധികാരവുമെല്ലാം അല്ലാഹുവിനെ പോലെതന്നെ ഈ മഹാന്മാര്‍ക്കും ഉണ്ടെന്ന് അരോപിക്കുകയാണ് ചെയ്യുന്നത്. ഇത് അല്ലാഹു മഹാ അക്രമം എന്ന് വിശേഷിപ്പിച്ച ശിര്‍ക്ക്(ബഹുദൈവ വിശ്വാസം) ആണ് എന്ന കാര്യത്തില്‍ സംശയമില്ല.
മഹാന്മാരോട് വിളിച്ചുതേടുന്നവര്‍ (ഇസ്തിഗാസ) തങ്ങള്‍ ചെയ്യുന്നത് ശിര്‍ക്കാണെന്ന സത്യം വിസ്മരിക്കുന്നു. തങ്ങള്‍ ഈ മഹാന്മാരെ ഇലാഹാക്കിക്കൊണ്ട് വിളിക്കുന്നില്ല എന്നാണവരുടെ ന്യായവാദം. ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇമാം റാസി ഇങ്ങനെ രേഖപ്പെടുത്തുന്നു: ”മലക്കുകളെ ആരാധിച്ചിരുന്നവര്‍ അവന്‍ ഇലാഹാണെന്നു വാദിച്ചിരുന്നില്ല” (21-22:223)
ഇമാം തുര്‍മുദി ഉദ്ധരിച്ച ഒരു ഹദീസ് ഇപ്രകാരമാണ്: ”ഞങ്ങള്‍ നബിയുടെ കൂടെ ഹുനൈന്‍ യുദ്ധത്തിന് പുറപ്പെട്ടു. അവിശ്വാസത്തില്‍ നിന്നും ഞങ്ങള്‍ അടുത്ത കാലത്ത് മാത്രം ഇസ്‌ലാമിലേക്ക് വന്നവരായിരുന്നു. മുശ്‌രിക്കുകള്‍ക്ക് ഒരു വൃക്ഷമുണ്ടായിരുന്നു. അവര്‍ അതിന്റെയടുത്ത് ഭജനമിരിക്കുകയും അതിന്മേല്‍ അവരുടെ ആയുധങ്ങള്‍ കെട്ടിത്തൂക്കുകയും ചെയ്യാറുണ്ട്. ‘ദാതുഅന്‍വാത്’ എന്ന പേരിലാണ് ആ വൃക്ഷം അറിയപ്പെട്ടിരുന്നത്. ഞങ്ങള്‍ നബി തിരുമേനി(സ്വ)യോട് പറഞ്ഞു. ”പ്രവാചകരേ അവര്‍ക്ക് ഉള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ദാത്ത് അന്‍വാത് ഉണ്ടാക്കി തന്നാലും. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു : അല്ലാഹുവാണെ സത്യം. അവര്‍ക്ക് പല ഇലാഹുകള്‍ (ദൈവങ്ങള്‍) ഉള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരികയെന്ന് ഇസ്രായീല്യര്‍ മൂസായോട് പറഞ്ഞത് പോലെയാണല്ലോ ഇത്. നിശ്ചയം നിങ്ങള്‍ അറിവില്ലാത്ത ഒരു സമുദായമാണ്. നിങ്ങള്‍ നിങ്ങള്‍ക്ക് മുമ്പുള്ളവരുടെ ചര്യയെ പിന്തുടരുന്നതാണ് (തിര്‍മിദി)” 7
യുദ്ധത്തിന്പുറപ്പെട്ട സ്വഹാബികള്‍ ഇവിടെ തങ്ങള്‍ക്ക് ഒരു ഇലാഹ് വേണമെന്ന് പറഞ്ഞിട്ടില്ല. ബര്‍ക്കത്തിന് വേണ്ടി ഒരു മരം വേണമെന്ന് പറഞ്ഞത് ഇലാഹാക്കല്‍ (ദിവ്യത്വം കല്‍പ്പിക്കല്‍) ആണെന്ന് പ്രവാചകന്‍ വ്യക്തമാക്കി. വദ്ദ്, സുവാഅ്, ലാത്ത, ഉസ്സ തുടങ്ങിയവരെ പ്രാര്‍ഥിച്ചിരുന്നവര്‍ അവരെ ഇലാഹാക്കുന്നു എന്ന് പറഞ്ഞിട്ടില്ല. എങ്കിലും ഇലാഹിന് ചെയ്യേണ്ട കാര്യങ്ങള്‍ ഏതൊന്നിന് ചെയ്തുവോ അതോട് കൂടി അതിനെ ഇലാഹാക്കി എന്നര്‍ത്ഥം. ഈസാ നബി(അ)യെയും കന്യാമര്‍യമിനെയും വിളിച്ച് പ്രാര്‍ഥിക്കുന്നവരും അയ്യപ്പനോടും കൃഷ്ണനോടും പ്രാര്‍ഥിക്കുന്നവരും അവര്‍ ഇലാഹുകളാണെന്ന് പറയുന്നില്ല. എന്നാല്‍ ഇലാഹിന് ചെയ്യേണ്ട കാര്യങ്ങള്‍ ഇവരോട് ചെയ്യുന്നതോട് കൂടി അവരെ ആരാധ്യന്മാരാക്കി എന്ന ആശയമാണ് ലഭിക്കുന്നത്.
ഇസ്തിഗാസ – ദുര്‍വ്യാഖ്യാനങ്ങള്‍
പ്രപഞ്ചത്തിന്റെ പരമാധികാരം അല്ലാഹുവിനാണെന്ന് ഉറച്ച് വിശ്വസിക്കുകയും അത് പ്രഖ്യാപിക്കുകയും ചെയ്തവരായിരുന്നു മക്കയിലെ മുശ്‌രിക്കുകള്‍. എന്നിട്ടും, അവരില്‍ ശിര്‍ക്ക് (ബുഹുദൈവ വിശ്വാസം) കടന്നുവന്നതെങ്ങനെയാണെന്ന് പരിശോധിക്കേണ്ടതുണ്ട്. ഹജ്ജ് വേളയില്‍ അവര്‍ ഉരുവിട്ടിരുന്ന തല്‍ബിയ്യത്തിന്റെ വാക്യങ്ങളില്‍ ഇതിനുത്തരം നമുക്ക് കാണാന്‍ കഴിയും. അവര്‍ പറഞ്ഞിരുന്നു.
”അല്ലാഹുവേ നിന്റെ വിളിക്കുത്തരം ഞങ്ങള്‍ ഇതാ ചെയ്തിരിക്കുന്നു. നിനക്കൊരു പങ്കുകാരുമില്ല. നിന്റേതു തന്നെയായ ഒരു പങ്കുകാരനൊഴികെ. അവനും അവന്റെ ഉടമസ്ഥതയിലുള്ളതുമൊക്കെ നിന്റെ അധീനത്തില്‍ തന്നെയാകുന്നു”.
അല്ലാഹുവില്‍ പങ്കാളികളായി അവര്‍ കണ്ടിരുന്നവര്‍ സ്വതന്ത്ര കഴിവുള്ളവരാണെന്ന വിശ്വാസം അവര്‍ക്കില്ലായിരുന്നു. അല്ലാഹു കൊടുത്ത കഴിവില്‍ നിന്നും ചോദിക്കുന്നു എന്ന നിലക്കാണ് അവരോട് ഇസ്തിഗാസ നടത്തിയിരുന്നത്. പില്‍ക്കാലത്ത് ഇതേ വാദം തന്നെയാണ് അല്ലാഹു അല്ലാത്തവരോട് അഭൗതിക മാര്‍ഗത്തിലൂടെ സഹായതേട്ടം(ഇസ്തിഗാസ) നടത്തിയവരും ഉന്നയിച്ചിരുന്നത്. അതായത് അല്ലാഹു കൊടുത്ത കഴിവില്‍ നിന്ന് ചോദിക്കുന്നത് അല്ലാഹു അല്ലാത്തവരോടുള്ള ഇസ്തിഗാസയല്ല. ഇതെല്ലാം കേവലം ന്യായീകരണങ്ങള്‍ മാത്രമാണെന്ന് നമുക്ക് മനസ്സിലാവുന്നു. ഉത്തമ നൂറ്റാണ്ടുകളില്‍ സത്യവിശ്വാസമായി നിലവിലുണ്ടായിരുന്നതും ഇതാണ്. ഇബ്‌നു അബ്ബാസ് (റ)വോട് നബി(സ്വ) പറയുന്നു:
”നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക, നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക”(തിര്‍മുദി) 8.
ഔലിയാക്കളോടുള്ള സഹായതേട്ടം
വിലായത്ത്, കറാമത്ത് എന്നീ പദങ്ങള്‍ ദുര്‍വ്യാഖ്യാനങ്ങള്‍ ചെയ്തുകൊണ്ട് ഔലിയാക്കളോട് സഹായം തേടുന്ന ഒരു ദുര്‍മാര്‍ഗം മുസ്‌ലിം സമൂഹത്തില്‍ പ്രചരിച്ചു. മനുഷ്യകഴിവിന്നതീതമായി രക്ഷാശിക്ഷകള്‍ നല്‍കാന്‍ കഴിവുള്ളവരാണ് ഔലിയാക്കള്‍ എന്ന തെറ്റിദ്ധാരണ പടര്‍ന്നു. മരണത്തോടെ അവരുടെ കഴിവുകള്‍ വര്‍ദ്ധിക്കുമെന്ന പ്രചാരണവും വന്നു. അതുകൊണ്ട് രോഗശമനത്തിനും ആപല്‍ഘട്ടങ്ങളില്‍ രക്ഷകിട്ടാനും മണ്‍മറഞ്ഞ മഹാന്മാരെ വിളിച്ചു സഹായം തേടിയാല്‍ ആ വിളി കേട്ട് അവര്‍ ഉത്തരം ചെയ്യുമെന്ന വിശ്വാസം ഇക്കൂട്ടരില്‍ ശക്തിപ്പെട്ടു. മരിച്ചവര്‍ക്ക് പ്രാര്‍ത്ഥന കേള്‍ക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കഴിയുമെന്ന ഈ വിശ്വാസം അവര്‍ക്ക് നേര്‍ച്ച നേരാനും അവരോട് പ്രാര്‍ത്ഥിക്കാനും കാരണമായി. ഇവിടെ വലിയ്യ്, വിലായത്ത് എന്നിവ വിശുദ്ധ ഖുര്‍ആനും നബിചര്യയും ഏതര്‍ത്ഥത്തിലാണ് പഠിപ്പിച്ചത് എന്ന് കൃത്യമായി മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. വിലായത്ത് എന്ന ക്രിയാധാതുവില്‍ നിന്നുണ്ടായ പദമാണ് വലിയ്യ്. പ്രിയപ്പെട്ടവന്‍, അടുത്തവന്‍, മിത്രം എന്നീ അര്‍ത്ഥങ്ങളില്‍ ഇത് ഉപയോഗിക്കുന്നു. അല്ലാഹുവിന്റെ ദീന്‍ അനുസരിച്ച് ജീവിക്കുന്നവനാണ് അല്ലാഹുവിന്റെ മിത്രം എന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ആ നിലക്ക് സത്യവിശ്വാസികള്‍ മുഴുവന്‍ അല്ലാഹുവിന്റെ വലിയ്യ് ആകുന്നു.
”ശ്രദ്ധിക്കുക, തീര്‍ച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. അവര്‍ക്കാണ് ഐകിഹ ജീവിത്തിലും പരലോകത്തും സന്തോഷവാര്‍ത്തയുള്ളത്’‘(10: 62-64).
സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ ഔലിയാക്കളും സത്യനിഷേധികള്‍ പിശാചിന്റെ ഔലിയാക്കളും എന്ന അര്‍ത്ഥത്തില്‍ പ്രയോഗിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ വലിയ്യ് (വലിയുല്ലാഹി) എന്ന് പറയുമ്പോള്‍ അതിനര്‍ത്ഥം അല്ലാഹുവിന് പ്രിയപ്പെട്ടവന്‍ എന്നാണ്. ഇഹലോകത്തും പരലോകത്തും രക്ഷയേകാന്‍ അല്ലാഹു മാത്രമാണ് കഴിവുള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ വലിയ്യ് (രക്ഷാധികാരി) എന്നാണ് ഉപയോഗിച്ചിട്ടുള്ളത്. ചുരുക്കത്തില്‍ സൗഭാഗ്യങ്ങള്‍ പ്രദാനം ചെയ്യാനും വിപത്ഘട്ടങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കാനും കഴിയുന്നവനും സര്‍വ്വലോകത്തിന്റെയും കൈകാര്യകര്‍ത്താവ് ആയിട്ടുള്ളവനും അല്ലാഹു മാത്രമാണ്. ഈ വസ്തുത അംഗീകരിച്ചു ജീവിക്കുന്നവന്‍ അല്ലാഹുവിന് പ്രിയപ്പെട്ടവനാണ്.
എന്നാല്‍ അന്ധവിശ്വാസികളായ മുസ്‌ലിംകള്‍ക്കിടയില്‍ വലിയ്യുമായി ബന്ധപ്പെട്ട് പ്രചരിച്ച വിശ്വാസം മറ്റൊന്നാണ്. വലിയ്യ് എന്നത് അല്ലാഹുവിങ്കല്‍ ഉള്ള ദിവ്യപദവികളില്‍പ്പെട്ട ഒന്നായി അതിനെ കാണുകയും വലിയ്യുകള്‍ക്ക് പ്രപഞ്ച സംവിധാനത്തില്‍ പോലും സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. അമാനുഷിക കഴിവുകള്‍ (കറാമത്തുകള്‍) ലഭിച്ച അവര്‍ക്ക് പല അത്ഭുതങ്ങളും കാണിക്കാന്‍ യഥേഷ്ടം സാധിക്കുമെന്ന വിശ്വാസത്താല്‍ അവരെ പ്രീതിപ്പെടുത്തി ജീവിക്കാന്‍ ശ്രദ്ധിക്കുകയും അവരോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
ഔലിയാക്കള്‍ ആരാണെന്ന് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ മനസ്സിലാക്കുന്നതോട് കൂടി അവരോട് പ്രാര്‍ഥിക്കാനും സഹായം തേടാനും വിശുദ്ധ ഖുര്‍ആനോ പ്രവാചകന്‍(സ്വ) യോ പഠിപ്പിക്കുന്നില്ല എന്ന് നമുക്ക് ബോധ്യപ്പെടും. അല്ലാഹുവിന്റെ ഔലിയാക്കളായ നബിയും ഖുലഫാഉറാശിദുകളും (സച്ചരിതരായ പിന്‍ഗാമികള്‍) ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവരോട് ഏതെങ്കിലും കാര്യസാധ്യത്തിനായിട്ടോ ദുരന്തമൊഴിവായി കിട്ടാനോ സഹാബികളാരും പ്രാര്‍ത്ഥിച്ചിരുന്നില്ല. മറിച്ച്, അല്ലാഹുവോട് മാത്രമാണ് അവര്‍ പ്രാര്‍ത്ഥിച്ചിരുന്നതും സഹായം തേടിയിരുന്നതും. ഒരിക്കല്‍ ബദ്‌റില്‍ പങ്കെടുത്ത ആസിം(റ)വിന്റെ നേതൃത്വത്തില്‍ നബി(സ്വ) ഒരു ചാരസംഘത്തെ അയച്ചു. അവര്‍ ശത്രുക്കളുടെ പിടിയില്‍പെട്ടു. ശത്രുക്കള്‍ അവരെ വധിക്കാനൊരുങ്ങിയപ്പോള്‍ ആസിം(റ) അല്ലാഹുവിനെ വിളിച്ച് സഹായം തേടുന്നു:
”അല്ലാഹുവെ, ഞങ്ങള്‍ അപടകടത്തില്‍പ്പെട്ട വിവരം നീ എന്റെ പ്രവാചകനെ അിറയിക്കേണമേ”.
നാഴികക്കപ്പുറം ജീവനോടെ ഇരിക്കുന്ന, മുഅ്ജിസത്തുകള്‍ നല്‍കപ്പെട്ട നബി(സ്വ)യെ അവിടെ നിന്ന് വിളിച്ചാല്‍ കേള്‍ക്കുകയില്ല. അത് കൊണ്ടാണ് ആസിം(റ) നേരെ അല്ലാഹുവോട് പ്രാര്‍ഥിക്കുന്നത്. അല്ലാഹു ആ പ്രാര്‍ഥന സ്വീകരിച്ച് ദിവ്യസന്ദേശം വഴി വിവരം നബി(സ്വ)യെ അറിയിച്ചു.
മരിച്ചവരോടുള്ള സഹായതേട്ടം
മരിച്ചവര്‍ക്ക് പ്രാര്‍ഥന കേള്‍ക്കാന്‍ കഴിയുമെന്നും അതിനാല്‍ ഭൗതിക ലോകത്ത് വെച്ച് മരിച്ചവരോട് സഹായം തേടാം എന്നും ചിലര്‍ വാദിക്കുന്നു. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ മരിച്ചവരുടെ കേള്‍വിക്കുള്ള വിദൂരസാധ്യത പോലും അംഗീകരിക്കുന്നില്ല. അല്ലാഹു പറയുന്നു: ‘‘അല്ലാഹുവിന് പുറമെ, ഉയിര്‍ത്തെഴുന്നേല്‍പു നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരാണ്? അവരാകട്ടെ, ഇവരുടെ പ്രാര്‍ഥനയെപ്പറ്റി അറിയുന്നുപോലുമില്ല. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ ആരാധ്യര്‍ ആരാധകരുടെ ശത്രുക്കളായിരിക്കുയും ചെയ്യും. ഇവര്‍ തങ്ങളെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുകയും ചെയ്യും’ (46:5,6).
പ്രാര്‍ഥിക്കപ്പെട്ടവര്‍ മഹ്ശറയില്‍ വെച്ച് നിഷേധരൂപത്തില്‍ സംസാരിക്കുമെന്ന് ഈ സൂക്തത്തില്‍ വ്യക്തമാകുന്നതിനാല്‍ ഇവിടെ ഉദ്ദേശിക്കപ്പെടുന്നത് ബിംബങ്ങളല്ല, മരിച്ചവര്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. കാരണം ബിംബങ്ങള്‍ സംസാരിക്കുകയോ ബിംബങ്ങളെ അല്ലാഹു വിചാരണ ചെയ്യുകയോ ഇല്ല. മരണമടഞ്ഞ മഹാത്മാക്കളെ വിളിച്ചു പ്രാര്‍ത്ഥിക്കാമെന്നതിന് ഒരു ന്യായീകരണവും അര്‍ഹിക്കുന്നില്ല എന്ന് വിശുദ്ധ ഖുര്‍ആന്‍ അര്‍ഥശങ്കക്കിടമില്ലാത്തവിധം നമ്മെ ബോധ്യപ്പെടുത്തുന്നു.
‘നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പു നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളിയാക്കിയ കാര്യം അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെപ്പോലെ നിനക്കു വിവരം നല്‍കാന്‍ ആരുമില്ല’ (35:14). ഈ സൂക്തത്തില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ ബഹുദൈവാരാധകരെ നോക്കി അവരുടെ ചെയ്തികളെ നിഷേധിക്കുമെന്ന് പറഞ്ഞത് ബിംബങ്ങളാകാന്‍ ഒരിക്കലും തരമില്ല. ആരാധ്യന്മാരായി അവര്‍ സ്വീകരിച്ച മണ്‍മറഞ്ഞ മഹാന്മാരായിരിക്കുമെന്ന് വളരെ വ്യക്തമാകുന്നു. അല്ലാഹുപറയുന്നു: ”നിനക്ക് ഖബ്‌റിലുള്ളവരെ കേള്‍പ്പിക്കാനാകില്ല” (35:22).
മരിച്ചവര്‍ കേള്‍ക്കില്ല എന്ന് വ്യക്തമാക്കുന്ന ഈ സൂക്തത്തേയും ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടുവരുന്നു. ഉപദേശം തെല്ലും ഫലപ്പെടാത്തവരെ വിശുദ്ധ ഖുര്‍ആന്‍ മരിച്ചവരോട് ഉപമിച്ചിട്ടുണ്ട്. (27:80, 30:52) മരിച്ചവര്‍ക്ക് അല്പമെങ്കിലും കേള്‍വിശക്തിയുണ്ടായിരുന്നെങ്കില്‍ ഈ ഉപമ പറയുമായിരുന്നില്ല. മരിച്ചവരോട് സഹായം തേടാമെന്നതിന് തെളിവായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്ന ഒരു ഹദീസ് ഇപ്രാകാരമാണ്:
”അനസ്(റ)ല്‍ നിന്ന് നിവേദനം. നബി(സ്വ)പറഞ്ഞു. ഒരു മനുഷ്യന്റെ മയ്യിത്ത് ഖബ്‌റില്‍ വെച്ച് അനുയായികള്‍ പിരിഞ്ഞ് പോകുമ്പോള്‍ അവരുടെ ചെരിപ്പ് ഭൂമിയില്‍ അടിക്കുന്ന ശബ്ദം അയാള്‍ കേള്‍ക്കും. അപ്പോള്‍ രണ്ട് മലക്കുകള്‍ അവന്റെയടുക്കല്‍ വന്നു അവനോട് ചോദിക്കും. മുഹമ്മദ് എന്ന ഈ വ്യക്തിയുടെ കാര്യത്തില്‍ നീ എന്തായിരുന്നു പറഞ്ഞിരുന്നത്? അപ്പോള്‍ സത്യവിശ്വാസി പറയും. അവിടുന്ന് അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അന്നേരം അവനോട് മലക്കുകള്‍ പറയും. അതാ നരകത്തിലെ നിന്റെ ഇരിപ്പിടം നോക്കൂ. അതിന്നു പകരം അല്ലാഹു സ്വര്‍ഗത്തില്‍ നിനക്കൊരു ഇരിപ്പിടം നല്‍കിയിരിക്കുന്നു. തല്‍സമയം ആ രണ്ട് ഇരിപ്പിടങ്ങളും അവന്‍ കാണുന്നതാണ്. എന്നാല്‍ സത്യനിഷേധിയോടും കപടവിശ്വാസിയോടും ഇയാളുടെ കാര്യത്തില്‍ നീ എന്ത് പറഞ്ഞിരുന്നവെന്ന് ചോദിക്കുമ്പോള്‍ അവന്‍ പറയും: എനിക്കറിയില്ല. ജനങ്ങള്‍ പറയാറുള്ളത് ഞാനും പറഞ്ഞിരുന്നു. അപ്പോള്‍ മലക്കുകള്‍ അവനോട് പറയും. സത്യം മനസ്സിലാക്കിയില്ല, വായിച്ചുപഠിച്ചതുമില്ല. പിന്നെ ഒരു ഇരുമ്പു ദണ്ഡു കൊണ്ട് ശക്തിയില്‍ അവന്‍ അടിക്കപ്പെടും. അപ്പോഴവന്‍ അത്യുച്ചത്തില്‍ അട്ടഹസിക്കും. ജിന്നുകളും മനുഷ്യരുമൊഴിച്ച് സമീപ പ്രദേശത്തുള്ള എല്ലാ വസ്തുക്കളും അത് കേള്‍ക്കുന്നതാണ് (ബുഖാരി) 9.
ഖബ്‌റിലുള്ളവര്‍ ചെരിപ്പടി ശബ്ദം കേള്‍ക്കുമെന്ന കാര്യം പറഞ്ഞ് ഈ ഹദീസിന്റെ വെളിച്ചത്തില്‍ മരിച്ചുപോയവരോട് സഹായം തേടാമെന്ന് ചിലര്‍ വാദിക്കുന്നു. ഖബ്‌റിലെ ചോദ്യം സത്യവിശ്വാസികളോട് മാത്രമല്ല, സത്യനിഷേധികളോടും കപടവിശ്വസികളോടുമൊക്കെയുള്ളതിനാല്‍ മരിച്ചുപോയ കാഫിറുകളോടും മുനാഫിഖുകളോടും സഹായം തേടാം എന്ന് പറയേണ്ടിവരും. ഈ ഹദീസിനെ വ്യാഖ്യാതക്കളാരും മരിച്ചവരോട് പ്രാര്‍ത്ഥിക്കാനുള്ള തെളിവായി ഉദ്ധരിച്ചിട്ടില്ല. ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത അനസ്(റ) നബി(സ്വ)യുടെ മരണത്തിന് ശേഷവും ജീവിച്ച ആളാണ്. അദ്ദേഹം മരിച്ചുപോയ നബി(സ്വ)യോട് സഹായാഭ്യര്‍ഥന നടത്തിയിട്ടില്ല. മറവു ചെയ്തവര്‍ ഖബ്‌റിന്നരികില്‍ നിന്ന് തിരിച്ച് നടക്കാന്‍ തുടങ്ങുമ്പോഴേക്കും മലക്കുകളുടെ ചോദ്യം നടക്കുമെന്നാണ് ഈ ഹദീസിന്റെ താല്പര്യം. ഖബ്‌റില്‍ മരിച്ച് കിടക്കുന്നവരുടെ കേള്‍വി സ്ഥാപിക്കലല്ല ഹദീസിന്റെ ഉദ്ദേശ്യം. മറിച്ച്, ഖബ്‌റില്‍ അവര്‍ താമസംവിനാ മലക്കുകളുടെ ചോദ്യത്തെ നേരിടേണ്ടിവരുമെന്ന് ബോധ്യപ്പെടുത്തുക എന്നതാണ്.
ആപല്‍ഘട്ടങ്ങളില്‍ രക്ഷതേടി നടത്തുന്ന സഹായര്‍ഥന എന്ന അര്‍ഥത്തില്‍ ‘ഇസ്തിഗാസ’ എന്ന പദം ഉപയോഗിക്കപ്പെട്ടതായി കാണാന്‍ കഴിയും. മനുഷ്യ കഴിവില്‍പ്പെട്ട കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്ന മനുഷ്യര്‍ പരസ്പരം സഹായര്‍ഥന നടത്തുന്നത് ഇസ്‌ലാം അനുവദിച്ചതാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായാര്‍ഥന നടത്തുന്നത് ശിര്‍ക്കാണ് (ബഹുദൈവാരാധനയാണ്). പരിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ വ്യക്തമായിട്ടുള്ള പരമാര്‍ഥമാണത്.
References
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, പതിപ്പ് ഒന്ന്, വാള്യം 5, പേജ് 20, ഹദീസ് നമ്പര്‍ 3710.[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, പതിപ്പ് ഒന്ന്, വാള്യം 3, പേജ് 91, ഹദീസ് നമ്പര്‍ 2272.[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, പതിപ്പ് ഒന്ന്, വാള്യം 5, പേജ് 117, ഹദീസ് നമ്പര്‍ 7383.[↩]
- അദുര്‍റുല്‍ മുഖ്താര്‍ വ ഹാശിയതു ബ്‌നി ആബിദീന്‍, മുഹമ്മദ് അമീനു ബ്‌നു ഉമറബ്‌നി അബ്ദില്‍ അസീസ് ആബിദീന്‍ അദ്ദിമശ്ഖീ, ദാറുല്‍ ഫിക്ര്‍ ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 6, പേജ് 396[↩]
- ശറഹുല്‍ അഖീദതിത്ത്വഹാവിയ്യ, അബ്‌റഹ്‌മാനുബ്‌നു നാസ്വിറിബ്‌നി ബറാക്, ദാറുത്തദ്മുദിയ്യ, രണ്ടാം പതിപ്പ്, പേജ് 263[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, പതിപ്പ് ഒന്ന്, വാള്യം 5, പേജ് 73, കിതാബുല്‍ മഗാസീ[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 40, പേജ് 475, അബ്‌വാബുല്‍ ഫിതന്‍[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 667[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 2, പേജ് 98, കിതാബുല്‍ ജനാഇസ്[↩]
