ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കി. വിവിധ പ്രദേശങ്ങളില്‍ സ്ഥാപിതമായ ഇസ്‌ലാമിക സര്‍വകലാശാലകളും മദ്‌റസകളും, ഖുര്‍ആന്‍, ഹദീസ്, ഫിഖ്‌ഹ് തുടങ്ങിയ പരമ്പരാഗത വിജ്ഞാനങ്ങളോടൊപ്പം ഭാഷ, ചരിത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ മേഖലകളിലും പഠനത്തിന് വഴിയൊരുക്കി. ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ മതപരമായ പരിശീലന കേന്ദ്രങ്ങള്‍ മാത്രമല്ല, മറിച്ച് സാമൂഹിക നവോത്ഥാനത്തിന്റെയും വിദ്യാഭ്യാസ മുന്നേറ്റത്തിന്റെയും ശക്തമായ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നതാണ് അതിന്റെ ചരിത്രപ്രാധാന്യം.
അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി
സ്ഥിരോത്സാഹത്തിന്റെയും കഠിന പരിശ്രമത്തിന്റെയും വിജയത്തിന്റെ അടയാളമായിരുന്നു ഉയര്‍ന്നു പൊങ്ങിയ ആ മഹാസ്ഥാപനം. അതാണ് ഒറ്റവാചകത്തില്‍ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി. ഒരു ചെറിയ വിദ്യാലയമായി തുടങ്ങി വളര്‍ന്നു വന്ന് 300-ല്‍ പരം പഠന വിഭാഗങ്ങളുള്ള സര്‍വ്വകലകളുടെയും ശാലകളുള്ള ഒരു യൂണിവേഴ്‌സിറ്റിയായി മാറിയ ചരിത്രമാണ് അലിഗഢിന് പറയാനുള്ളത്. അതിന് വേണ്ടി ചോരയും നീരും വിയര്‍പ്പുമൊഴുക്കിയവര്‍ ഏറെയുണ്ട്. എല്ലാവരുടെയും ലക്ഷ്യം പിന്നോക്കത്തിന്റെ പിന്നില്‍ നിന്നിരുന്ന മുസ്‌ലിംകളെ വിദ്യ കൊണ്ട് പ്രബുദ്ധരാക്കി മുന്‍ നിരയിലേക്കെത്തിക്കുക എന്നതായിരുന്നു. ആ വിദ്യാലയം ആപ്തവാക്യമായി സ്വീകരിച്ചത് തന്നെ പരിശുദ്ധ ഖുര്‍ആനിലെ അറിവിനെ പ്രോള്‍സാഹിപ്പിക്കുന്ന വചനമായിരുന്നു. ”മനുഷ്യന് അറിയാത്തത് അവനെ പഠിപ്പിച്ചവനാകുന്നു (നിന്റെ നാഥന്‍)”.
സര്‍ സയ്യിദ് അഹമ്മദ് ഖാന്‍, ഇതായിരുന്നു അലിഗഢിന് ജീവനും നാമവും നല്‍കിയ വ്യക്തി. അറിവ് തേടിയുള്ള തന്റെ അലച്ചിലിനിടയില്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയും സന്ദര്‍ശിച്ചതാണ് അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ പിറവിക്ക് കാരണമായത്. അതുപോലൊരു സ്ഥാപനം മുസ്‌ലിംകള്‍ക്കും വേണമെന്ന ചിന്തയാണ് അതിന് നിദാനം. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ ‘ഫൗണ്ടേഷന്‍ ഓഫ് മുസ്‌ലിം കോളേജ്’ എന്ന പേരില്‍ ഒരു സംഘടന ആരംഭിക്കുകയും ഫണ്ട് ശേഖരണം തുടങ്ങുകയും ചെയ്തു. വൈസ്രോയി ആയിരുന്ന ലോര്‍ഡ് നോര്‍ത്ത് ബ്രൂക്ക് 10000 രൂപയും, വടക്കു പടിഞ്ഞാറന്‍ മേഖലയിലെ ലഫ് ഗവര്‍ണര്‍ 1000 രൂപയും സംഭാവന നല്‍കി. 1874 ആയപ്പോഴേക്കും 153492 രൂപ, എട്ട് അണ. ഈ സംഘം കോളേജിന് വേണ്ടി ശേഖരിച്ചു. അതിന് വേണ്ടി അഹോരാത്രം പരിശ്രമിച്ചവരായിരുന്നു സര്‍ മുഹമ്മദലി മുഹമ്മദ് ഖാന്‍, ആഗാഖാന്‍ മൂന്നാമന്‍ എന്നിവര്‍.
1875-ല്‍ ‘മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ്’ എന്ന പേരില്‍ സ്ഥാപനത്തിന് തുടക്കം കുറിച്ചു. പിന്നീടങ്ങോട്ട് സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ കാലമായിരുന്നു. 1877-ല്‍ വിശാലമായ ഒരു ലൈബ്രറി സ്ഥാപിച്ചു. 1906-ല്‍ സ്ത്രീ വിദ്യാഭ്യാസം അലിഗഢില്‍ ആരംഭം കുറിച്ചു. 1902-ലെ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി ആക്റ്റ് പ്രകാരം ഇതൊരു കേന്ദ്ര സര്‍വകലാശാലയായിത്തീര്‍ന്നു. അതോടു കൂടി ഉയരങ്ങളിലേക്ക് വീണ്ടും കുതിക്കുവാന്‍ തുടങ്ങി. 1960-ല്‍ വിശാലമായ സൗകര്യങ്ങളിലേക്ക് മാറിയ ലൈബ്രറിക്ക് ‘മൗലാനാ ആസാദ് ലൈബ്രറി’ എന്ന് നാമകരണം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്ഥാപനം 467 ഹെക്ടറുകളിലും 3 ഓഫ് ക്യാംപസുക ളിലുമായി നിലകൊള്ളുന്നു.
ഓഫ് ക്യാംപസുകള്‍
- മലപ്പുറം-കേരള
- കിഷന്‍ ഗഞ്ച്- ബിഹാര്‍
- മുര്‍ശിദാബാദ്-വെസ്റ്റ് ബംഗാള്‍
Rankings
- 157th (Brics and Emerging Economics) 2017
- 601thof 800 (World University Ranking) 2017
ഒറ്റ നോട്ടത്തില്‍
- സ്ഥപിതം- 1857 (MAO)
- 1920 (AMU)
- ആപ്തവാക്യം- ”മനുഷ്യന് അറിവില്ലാത്തത്അവനെ പഠിപ്പിച്ചവനായ (നാഥന്‍)”
- സ്ഥാപകന്‍- സര്‍സയ്യിദ്അഹ്‌മദ് ഖാന്‍
- ചാന്‍സലര്‍- മുഫള്ള്വര്‍ സൈഫുദ്ദീന്‍
- വൈസ് ചാന്‍സിലര്‍- സമീറുദ്ദീന്‍ഷാ (ലഫ്. ജനറല്‍)
- അക്കാദമിക്സ്റ്റാഫ്- 2000
- വിദ്യാര്‍ത്ഥികള്‍- 30000
- സ്ഥലം-അലിഗര്‍, ഉത്തര്‍പ്രദേശ്
- അഫിലിയേഷന്‍- UGC, NAAC, AIU
- web site- WWW.AMU.AC.IN
അല്‍ ജാമിഅതുല്‍ അശ്‌റഫിയ്യ, മുബാറക്പൂർ
മുസ്‌ലിംകളിലെ ബറേല്‍വി വിഭാഗത്തില്‍ പെട്ടവരുടെ ഏറ്റവും വലിയ സ്ഥാപനമണ് ഉത്തര്‍ പ്രദേശിലെ മുബാറക്പൂരില്‍ സ്ഥിതി ചെയ്യുന്ന ‘അല്‍ ജാമിഅത്തുല്‍ അശ്‌റഫിയ്യ’. ചെറിയ ഒരു മദ്രസയായി തുടങ്ങി ഒരു വലിയ സ്ഥാപനമായി മാറിയ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് നിരവധി പേരായിരുന്നു. നിസ്വാര്‍ത്ഥരും സേവന തല്പരരുമായ ആ സാത്വികരാണ് ഈ സ്ഥാപനത്തിന്റെ വെള്ളവും വളവുമായിത്തീര്‍ന്നത്.
മിസ്ബാഹുല്‍ ഉലൂം എന്ന പേരില്‍, ബ്രിട്ടീഷ് ഇന്ത്യയില്‍ 1898ല്‍ ഒരു ചെറിയ മദ്‌റസ യായിട്ടാണ് ജാമിഅതുല്‍ അശ്‌റഫിയ്യ തുടക്കം. സ്വൂഫിയായി അറിയപ്പെട്ടിരുന്ന ഹസ്രത്ത് ശാഹ് അലി ഹുസൈന്റെ മരണ ശേഷമാണ് സ്ഥാപനം ‘അശ്‌റഫിയ്യ’ എന്ന പേര്‍ സ്വീകരിച്ചത്. അസീസ് മുറാദാബാദിയായിരുന്നു അതിനുവേണ്ടിയുള്ള ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്‍കിയിരുന്നത്.
ഹാഫിദ് അബ്ദുല്‍ അസീസ്, 1972-മെയ് മാസത്തില്‍ ഒരു വലിയ സമ്മേളനം സംഘടിപ്പിക്കുകയും അവിടെ വെച്ച് അശ്‌റഫിയ്യയെ ഒരു വലിയ ക്യാംപസ് ആക്കി മാറ്റാനുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. അതിന്റെ ആവശ്യകത മനസിലാക്കിയ നേതാക്കള്‍ ആ ആവശ്യം അംഗീകരിക്കുകയും പ്രസിദ്ധ ബറേല്‍വി പണ്ഡിതനായിരുന്ന മുസ്തഫ റാസാഖാന്‍, അര്‍ശദുല്‍ ഖുദ്‌രി തുടങ്ങിയവര്‍ ചേര്‍ന്ന് ആ വര്‍ഷം തന്നെ ഒരു വലിയ സ്ഥാപനത്തിന് വേണ്ടി തറക്കല്ലിടുകയും ചെയ്തു. ഹനഫി ആദര്‍ശത്തിനുവേണ്ടി ഈ പുതിയ കെട്ടിടം നിര്‍മിച്ചത് അഅ്‌സംഗഡ് പട്ടണത്തിനു പുറത്തായിരുന്നു. ഇതിന്റെ ഫണ്ട് ശേഖരണത്തിനായി അഹോരാത്രം പരിശ്രമിച്ചിരുന്നത് അല്ലാമാ ദ്വിയാ ഉല്‍ മുസ്ത്വഫാ, അര്‍ശദുല്‍ ഖുദ്‌രി, ഖമറുസ്സമാന്‍ അസ്മി എന്നീ പണ്ഡിതരായിരുന്നു. ഇസ്‌ലാമിക് ഫത്‌വാ വിഭാഗം അടക്കമുള്ള വ്യത്യസ്തതകള്‍ ഉള്‍ക്കൊള്ളുന്ന ഈ സ്ഥാപനം, ബറേല്‍വികളുടെ ഏറ്റവും വലിയ സ്ഥാപനമായി കണക്കാക്കപ്പെടുന്നു.
ഒറ്റനോട്ടത്തില്‍
- സ്ഥാപിതം-1898
- ലൊക്കേഷന്‍- മുബാറക്പൂര്‍, യു.പി
- പ്രസിഡണ്ട്- ഹസ്രത്ത് അബ്ദുല്‍ ഫാരിസ് മുറാദാബാദി
- വൈസ് പ്രസിഡണ്ട്- ഹാജി മുഹമ്മദ് നിസാമുദ്ദീന്‍ മുബാറക്പൂരി
- പ്രിന്‍സിപ്പല്‍- ആലം മുഹമ്മദ് അഹ്‌മദ് മിസ്വ്ബാഹി
- വെബ് സൈറ്റ്- www.aljamiatulashrifia.org
അല്‍ ജാമിഅതുസ്സലഫിയ്യ, വാരാണസി
ഉത്തര്‍പ്രദേശിലെ വരാണസി നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഇസ്‌ലാമിക സര്‍വകലാശാലയാണ് അല്‍ ജാമിഅതുസ്സലഫിയ്യ. സാധാരണ ഗതിയില്‍ എല്ലാ സ്ഥാപനങ്ങളും ചെറുതായി ആരംഭിച്ച് ഉന്നതങ്ങളിലേക്കെത്തുന്ന സ്ഥിതിയാണെങ്കില്‍ ജാമിയ: സലഫിയ്യയുടെ ആരംഭം തന്നെ അതി ഗംഭീരമായിരുന്നു. അതിഗംഭീരമായി തുടങ്ങി അത്യൂന്നതങ്ങളിലേക്ക് പടവുകള്‍ കയറിയ ചരിത്രമാണ് ജാമിഅ: സലഫിയ്യക്കുള്ളത്.
അഹ്‌ലെ ഹദീസിന്റെ കീഴിലാണ് സ്ഥാപനം നില കൊള്ളുന്നത്. 1963-ല്‍ ആള്‍ ഇന്ത്യാ അഹ്‌ലേ ഹദീസിന്റെ മഹാസമ്മേളനത്തില്‍ വെച്ച്, സുഊദി അറേബ്യയുടെ അംബാസഡര്‍ ശൈഖ് യൂസുഫ് അല്‍ ഫൗസാനാണ് ജാമിഅ: സലഫിയ്യക്ക് തറക്കല്ലിടുന്നത്. അതിവേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച ജാമിഅ, ഒരു വലിയ വിദ്യാഭ്യാസ സമുച്ചയമായി ഉയര്‍ന്നു. തറക്കല്ലിട്ട് വെറും മൂന്ന്‌വര്‍ഷം കൊണ്ട് തന്നെ ജാമിഅയുടെ പണി പൂര്‍ത്തിയായി. 1966-ല്‍ ശൈഖ് ഇബ്‌നുബാസിന്റെ പ്രതിനിധിയായി, മദീന മുനവ്വറയിലെ ജാമിഅ: ഇസ്‌ലാമിയ്യയുടെ വൈസ് ചാന്‍സിലര്‍ ജാമിഅ: സലഫിയ്യയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
അറബി-ഇസ്‌ലാമിക വിജ്ഞാനങ്ങളില്‍ തികഞ്ഞ അറിവും ധാരണയും എന്നതോടൊപ്പം തന്നെ സാമൂഹിക-ശാസ്ത- ഭാഷാവിജ്ഞാനങ്ങളിലും, സാങ്കേതിക പരിജ്ഞാന രംഗത്തും തങ്ങളുടെ വിദ്യാര്‍ത്ഥികളെ മുന്‍ നിരയിലേക്കെത്തിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യംജാമിഅ: സലഫിയ്യ നേടിയെടുക്കുകയും ഉയരങ്ങളിലേക്ക് കുതിച്ച് കൊണ്ടിരി ക്കുകയും ചെയ്യുന്നു.
ജാമിഅ സലഫിയ്യയുടെ പ്രധാന നേട്ടങ്ങള്‍, പ്രത്യേകതകള്‍
- മത, ആധുനിക വിദ്യാഭ്യാസത്തിനായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം വിഭാഗങ്ങള്‍
- ട്രാന്‍സ്‌ലേഷനും ഗവേഷണങ്ങള്‍ക്കുമായി വിവിധ ഭാഷകളിലെ ഗ്രന്ഥ ശേഖരങ്ങളുള്ള പ്രത്യേക വിഭാഗം
- മതപരമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും പ്രത്യേകം വിഭാഗം
- ലോകത്തിലെ എല്ലാമേഖലകളിലേക്കും എത്തിക്കുന്ന മാഗസിനുവേണ്ടി പ്രസിദ്ധീകരണ വിഭാഗം
- മതപരമായ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കായി ദഅ്‌വാ വിഭാഗം
- ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും പണ്ഡിതന്മാര്‍ക്കും ഏറ്റവും അനുയോജ്യമായ രീതിയില്‍, എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടിയുള്ള ലൈബ്രറി
- കലാ ഭംഗി നിറഞ്ഞു നില്ക്കുന്ന വിശാലമായ പള്ളി. പരീക്ഷാ സമയങ്ങളിലും പ്രത്യേക ദിവസങ്ങളിലും ഉപയോഗിക്കാന്‍ സജ്ജമായ ബേസ്‌മെന്റ്
- എല്ലാ സായാഹ്നങ്ങളിലും, കലാ വൈജ്ഞാനിക പരിപാടികള്‍ നടക്കുന്ന, ആധുനിക സജ്ജീകരണങ്ങളോടു കൂടിയ അസംബ്ലി ഹാള്‍
- അനുബന്ധ കംപ്യുട്ടര്‍ സ്ഥാപനം
- വിദഗ്ധ പരിശീലകരുടെ സേവനങ്ങളുറപ്പു വരുത്തിക്കൊണ്ട് വിപുലമായ സൗകര്യങ്ങളോടു കൂടിയ വിശാല സൗകര്യങ്ങളുമായി വോളിബോള്‍ കോര്‍ട്ട്
ഇതര കായിക പരിശീലങ്ങള്‍
- മൗലാനാ ആസാദ് നാഷ്ണല്‍ ഉറുദു യൂണിവേഴ്‌സിറ്റിയുടെ താഴെ കാണിച്ച കോഴ്‌സുകള്‍ക്കായുള്ള പഠനസൗകര്യം ജാമിഅയില്‍ ലഭ്യമാണ്. വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ എന്ന നിലയില്‍.
- B.A
- B.com
- M.A
- Diploma in English
- Diploma in food and nutrition
Contact
Phone- +91-542-245 2241, 245 2242, 245 1495
E mail- salafiyahvaranasi@gmail.com
ADDRESS- Al-jamia-tus- salafiyya
Markazidarululoom
B. 18/IG, jamiasalafiyamarg
Reoritalab, Varanasi, India
221010
Website- aljamiatussalafiyah.org
അല്‍ ജാമിഅതുല്‍ അമീനിയ അല്‍ ഇസ്‌ലാമിയ്യ
കശ്മീര്‍ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് ‘അല്‍ ജാമിഅതുല്‍ അമീനിയ്യ അല്‍ ഇസ്‌ലാമിയ്യ’. ഹിജ്‌റ: 1315(ക്രി. 1894)ല്‍ ‘ശൈഖുല്‍ കബീര്‍ അമീനുദ്ദീന്‍ ദഹ്‌ലവി’ റോശന്‍ ദൗലയിലെ സനഹ്‌രി മസ്ജിദിലാണ് ഇതിന് രൂപം കൊടുക്കുന്നത്. പിന്നീട് കശ്മീര്‍ ബോര്‍ഡറിലെ ‘ലത്വ്ഫുല്ലാഹിസ്വാസിഖ്’ പള്ളിയുടെ വലിയ മുറ്റത്തേക്ക് മാറ്റിയ സ്ഥാപനത്തില്‍ ധാരാളം പണ്ഡിതര്‍ സേവനമനുഷ്ഠിക്കുകയും നിരവധി വിദ്യാര്‍ത്ഥികള്‍ അവിടെ നിന്ന് ബിരുദമെടുക്കുകയും ചെയ്തു.
പ്രധാന അധ്യാപകര്‍
- അന്‍വര്‍ ശാഹ് കാശ്മീരി
- അല്‍ മുഫ്തി മുഹമ്മദ് കിഫായതുല്ലാഹ് അദ്ദഹ്‌ലവി
- അല്‍ ഹാഫിദുദ്ദ്വിയാഉല്‍ഹഖ്
അല്‍ ജാമിഅതുല്‍ ഖാസിമിയ്യതു മദ്‌റസതുശാഹി
മുറാദാബാദിലെ ബ്രിട്ടന്‍ ഖസാറിലെ ശാഹി മസ്ജിദിലാണ് ഹിജ്‌റ: 1296(1875)ല്‍, ഹുജ്ജതുല്‍ ഇസ്‌ലാം ‘ശൈഖ് മുഹമ്മദ് ഖാസിം നാനൂതവി’ ജാമിഅതുല്‍ ഖാസിമിയ്യ സ്ഥാപിക്കുന്നത്. സ്ഥാപിച്ച് രണ്ടു വര്‍ഷത്തിനു ശേഷം ഹദീസ് വിജ്ഞാനത്തിനു വേണ്ടി പ്രത്യേക ശാഖ തുടങ്ങുകയും ആ വര്‍ഷംതന്നെ 30 വിദ്യാര്‍ത്ഥികള്‍ ബിരുദമെടുക്കുകയും ചെയ്തു.
ഖുര്‍ആനും ഹദീസുമായി ബന്ധപ്പെട്ട വിജ്ഞാനീയങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയ സ്ഥാപനം ഏറ്റവും പ്രഗല്‍ഭരായ ഖുര്‍ആന്‍ ഹദീസ് പണ്ഡിതരെയെല്ലാം അവിടേക്കെത്തിച്ചു. ആ മികച്ച മേല്‍നോട്ടത്തിന്റെയും അധ്യാപനത്തിന്റെയും ഫലമായി ഓരോ വിഷയത്തിലും നിരവധി വിദ്യാര്‍ത്ഥികള്‍ ബിരുദം നേടി.
പ്രമുഖരായ അധ്യാപകര്‍
- അല്‍ മുഹദ്ദിസ് അഹ്‌മദ് ഹസന്‍ അംറോഹി
- അല്‍ മുഹദ്ദിസ് മന്‍സൂര്‍ അലിഖാന്‍ മുറാദാബാദി
- അല്‍ മുഹദ്ദിസ് അബുല്‍അലി
- ശൈഖ് മുഹമ്മദ് ഹസന്‍ അല്‍ മുറാദാബാദി
- മുഹദ്ദിസ് മഹ്‌മൂദ് ഹസന്‍ സല്‍ഹവാനി
- മുഹദ്ദിസ് അബുല്‍ജബ്ബാര്‍ അഅ്ദമീ
വിവിധ വിഷയങ്ങളില്‍ ബിരുദമെടുത്തവരുടെ എണ്ണം
- ഹദീസ്‌വിഭാഗം- 1938
- ഫത്‌വാവിഭാഗം- 160
- തജ്‌വീദ്- പാരായണം- 1227
- ഖുര്‍ആന്‍ മനഃപാഠമാക്കിയവര്‍- 975
അല്‍ ജാമിഅതുല്‍ അറബിയ്യ ഹയാതുല്‍ഉലൂം
ഹിജ്‌റ 1375 (ക്രി: 1954)ല്‍ മുറാദാബാദിലാണ് അല്‍ മുഹദ്ദിസ് അല്‍ ജലീല്‍ മുഹമ്മദ് ഹയാത് സനഹബലി ‘ജാമിഅതുല്‍ അറബിയ്യ ഹയാതുല്‍ ഉലൂം’ സ്ഥാപിക്കുന്നത്. ആരംഭ കാലത്ത് ഒരു ചെറിയ മദ്‌റസയായി തുടങ്ങിയ സ്ഥാപനം, അതിന്റെ സ്ഥാപകരുടെ നിഷ്‌കളങ്കവും ആത്മാര്‍ത്ഥവുമായ പ്രവര്‍ത്തനത്താല്‍ ഇന്ത്യയിലെ മികച്ച ഒരു ഇസ്‌ലാമിക വിജ്ഞാന കേന്ദ്രം എന്ന നിലയിലേക്കുയര്‍ന്നു. പഠിപ്പിക്കുന്ന വിഷയങ്ങളുടെ ആഴത്തിലുള്ളതും വ്യത്യസ്തവുമായ മേഖലകള്‍ പഠന വിധേയമാക്കുക എന്നത് ഈ സ്ഥാപനത്തിന്റെ പ്രത്യേകതയായിരുന്നു. അത് കൊണ്ടു തന്നെ വിജ്ഞാനത്തില്‍ വ്യത്യസ്തതകള്‍ തേടുന്ന, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം പൂര്‍ത്തിയാക്കി.
നിരവധി വിദ്യാര്‍ത്ഥികളും 21 അധ്യാപകരും സ്ഥിരമായി സ്ഥാപനത്തിലുണ്ടായിരുന്നു. ഇവിടെ നിന്ന് പഠനം പൂര്‍ത്തിയാക്കി ബിരുദം നേടി പുറത്തിറങ്ങിയ വിദ്യാര്‍ത്ഥികള്‍ വ്യത്യസ്ത മേഖലകളില്‍ ദീനീ പ്രവര്‍ത്തനം നടത്തിവരുന്നു.
കോഴ്‌സുകള്‍
- ഖുര്‍ആന്‍ മനഃപാഠം
- ഖുര്‍ആന്‍ പാരായണം
- അര്‍ത്ഥ സഹിതമുള്ള ഖുര്‍ആന്‍ പഠനം
പ്രധാന അധ്യാപകര്‍
- ശൈഖ് മുഹമ്മദ് സകരിയ്യാ കാന്തഹ്‌ലവി
- ശൈഖ് അസ്അദുല്ലാ ബാഹ്‌റാംപൂരി
- ശൈഖ് അല്‍ ഖാരി മുഹമ്മദ് ത്വയ്യിബ്
- ശൈഖ് അല്‍ മുഫ്തി മഹ്‌മൂദ് ഹസന്‍ ഗന്‍ ഗോഹി
അല്‍ ജാമിഅതുല്‍ അറബിയ്യതു ഖാദിമുല്‍ ഇസ്‌ലാം
ഉയര്‍ച്ചയുടെയും തകര്‍ച്ചയുടേയുമായ രണ്ട് ഘട്ടങ്ങളുടെ കഥ പറയാനുള്ള വിദ്യാ സ്ഥാപനമാണ് അല്‍ ജാമിഅതുല്‍ അറബിയ്യ ഖാദിമുല്‍ ഇസ്‌ലാം. ഒരു രാജാവിനാല്‍ നിര്‍മിക്കപ്പെടുകയും മറ്റൊരു ഭരണകൂടത്തിന്റെ അനുയായികളാല്‍ തകര്‍ക്കപ്പെടുകയും ചെയ്ത സ്ഥാപനമെന്ന ചരിത്ര മുള്‍ക്കൊള്ളുന്ന വിദ്യാ കേന്ദ്രം.
മുഗള്‍ വംശത്തിലെ അഞ്ചാമത്തെ ചക്രവര്‍ത്തിയായ ഷാജഹാന്റെ കാലത്താണ് ശൈഖ് സയ്യിദ് ഖുത്വുബിന്റെയും ബാക്കിയുള്ള പണ്ഡിതരുടെയും നേതൃത്വത്തില്‍ ഈ സ്ഥാപനം നിര്‍മിക്കപ്പെടുന്നത്. ആരംഭിച്ച് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രശസ്തിയുടെ കൊടുമുടിയിലേക്കുയര്‍ന്ന സ്ഥാപനത്തിലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്ത്യക്ക് പുറത്ത് നിന്നും ധാരാളം വിദ്യാര്‍ത്ഥികള്‍ വിജ്ഞാന മധുരം നുകരാന്‍ ഒഴുകിക്കൊണ്ടേയിരുന്നു. ഇന്ത്യക്ക് പുറമെ ഇറാഖ്, സിറിയ, ഈജിപ്ത്, താഷ്‌കന്റ്, ബുഖാറ തുടങ്ങിയ നാടുകളില്‍ നിന്നായിരുന്നു പ്രധാനമായും വിദ്യാര്‍ത്ഥികള്‍ വന്നു കൊണ്ടിരു ന്നത്. എന്നാല്‍ 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടീഷുകാര്‍ മുസ്‌ലിം സ്ഥാപനങ്ങള്‍ തെരഞ്ഞ് പിടിച്ച് നശിപ്പിച്ചതില്‍ ജാമിഅ: ഖാദിമുല്‍ ഇസ്‌ലാമും ഉള്‍പ്പെട്ടു. സ്ഥാപനം നശിപ്പിക്കപ്പെടുകയും സ്ഥാപനത്തിന്റെ സ്വത്തുക്കള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തു.
എന്നാല്‍ കാലം കഴിഞ്ഞു പോകവെ ഈയൊരു സ്ഥാപനത്തിനുള്ള ആവശ്യം വീണ്ടും ശക്തമായി. ശൈഖ് സയ്യിദ് ആലം ഹിജ്‌റ: 1318 (ക്രി. 1897)ല്‍ ഇതിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചു. മുമ്പുണ്ടായിരുന്ന വിഷയങ്ങളോടൊപ്പം പുതിയ സ്ഥാപനത്തില്‍ ഹദീസിനു വേണ്ടി പ്രത്യേക കോഴ്‌സും ആരംഭിച്ചു. ഏറ്റവും മികച്ച അധ്യാപകരെ സ്ഥാപനത്തിന് വേണ്ടി കണ്ടെത്തിയ മേലധികാരികള്‍ മികച്ച വിദ്യാര്‍ത്ഥികളെയും സൃഷ്ടിച്ചെടുത്തു. എന്നാല്‍ ഒരിക്കല്‍കൂടി തകര്‍ച്ച നേരിട്ട സ്ഥാപനം വീണ്ടുമൊരിക്കല്‍ കൂടി ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു.
പ്രധാന അധ്യാപകര്‍
- ശൈഖ് ജലീല്‍ അബുല്‍ഹയ്യ് ലാഹോരി
- ശൈഖ് മുഹമ്മദ് അലി ഹൗശാബാദി
അല്‍ ജാമിഅതുല്‍ അഹ്‌മദിയ്യ അസ്സലഫിയ്യ
രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഈ സ്ഥാപനം അതിന്റെ പ്രവര്‍ത്തന പഥത്തില്‍ മുന്നേറിയിട്ടുള്ളത്. ശൈഖ് ഹദീര്‍ ഹുസൈന്‍ അദ്ദഹ്‌ലവിയുടെ ശിഷ്യരുടെ നേതൃത്വത്തില്‍ ‘ആറാഹ്’ പട്ടണത്തിലാണ് ഈ സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കുന്നത്. വൈവിധ്യ പൂര്‍ണ്ണമായ പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ടായിരുന്നു ജനങ്ങളുടെ ശ്രദ്ധ തങ്ങളിലേക്ക് ഇവര്‍ നേടിയെടുത്തത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ‘സനവിയ്യാ’ എന്ന എന്ന പേരില്‍ കൃത്യമായി വാര്‍ഷിക സമ്മേളനം നടത്തിയിരുന്നത്. ഈ സ്ഥാപനത്തിന്റെ പേരും പ്രശസ്തിയും കേട്ടറിഞ്ഞ് ‘അന്താക്കിയ’യിലെ സലഫി പണ്ഡിതര്‍ ഗവേഷണത്തിനും ചര്‍ച്ചക്കുമായി ഇവരോട് ബന്ധപ്പെടാറുണ്ടായിരുന്നു.
എന്നാല്‍ രണ്ടാം ഘട്ടത്തില്‍ സ്ഥാപനം ‘ആറാഹി’ല്‍ നിന്ന് ‘ദര്‍ഭംഗ’ പട്ടണത്തിലേക്ക് മാറ്റി സ്ഥാപിച്ചു. പുരോഗമനപരമായ ഈ നടപടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ജാമിഅതുല്‍ അഹമ്മദിയ്യയില്‍ നിന്ന് തന്നെ ബിരുദം നേടിയ ഡോ: അബ്ദുല്‍ ഹഫീദ് അസ്സലഫി ആയിരുന്നു. പഠന മേഖലയില്‍ ഏറെ പ്രസരിപ്പോടെ മുന്നേറിയ ഈ സ്ഥാപനത്തില്‍ ധാരാളം മഹാപണ്ഡിതരും വിദ്യാര്‍ത്ഥികളും വന്നുചേര്‍ന്നു. ദഅ്‌വത്ത് മേഖലയിലും പഠന മേഖലയിലും സ്വപ്ന തുല്യമായ മുന്നേറ്റം കാഴ്ച വെച്ച ഈ സ്ഥാപനത്തിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ബംഗാള്‍, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു. അതില്‍ ഏറ്റവും പ്രധാനിയാണ് ഡോക്ടര്‍ മുഹമ്മദ് ലുഖ്മാന്‍ അസ്സലഫി. ജാമിഅതുല്‍ അഹ്‌മദിയ്യയില്‍ നിന്ന് ബിരുദമെടുത്ത ശേഷം ജാമിഅതുല്‍ ഇസ്‌ലാമിയ്യയില്‍ നിന്ന് മാസ്റ്റര്‍ ഡിഗ്രിയും, റിയാദിലെ മുഹമ്മദ് ബിന്‍ സഊദ് അല്‍ ഇസ്‌ലാമിയ്യ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും നേടി.
ശൈഖ് ശംസുല്‍ ഹഖ് അല്‍ ബിഹാരി, ശൈഖ് അഹ്‌മദ് അല്‍ മുഹദ്ദിസ്, ഡോ: മുഹമ്മദ് ലുഖ്മാന്‍ അസ്സലഫി തുടങ്ങിയ പ്രശസ്ത പണ്ഡിതര്‍ക്ക് ജന്മമേകിയ ജാമിഅത മറ്റു പല സ്ഥാപനങ്ങള്‍ക്കും ദിശാബോധം നല്‍കിയ മാര്‍ഗ ദര്‍ശി കൂടിയായിരുന്നു.
അന്‍ജുമന്‍ ഹാമിഈ മുസ്‌ലിമീന്‍- ഭട്കല്‍
അറിവു തേടലും നേടലും ഇസ്‌ലാമില്‍ മതപരമായ ബാധ്യതയാണ്. എന്നാല്‍ ഇന്ത്യ എന്ന മഹാരാജ്യത്ത് അറിവിന്റെയും തൊഴിലിന്റെയും മേഖലകളില്‍ മുസ്‌ലിംകള്‍ ഏറെ പിന്നിലും. കല, ശാസ്ത്ര മേഖലകളിലും സ്ഥിതി വ്യത്യസ്തമല്ല. വിദ്യാഭ്യാസ മേഖലയിലെ ഈ പിന്നാക്കാവസ്ഥ സാമൂഹികമായും സാംസ്‌കാരികമായും മുസ്‌ലിംകളെ ഏറെ പിന്നോട്ട് വലിച്ചു. അതിനൊരു പരിഹാരം വേണമെന്നും അവരെ വിദ്യാഭ്യാസപരമായി ഉയര്‍ത്തുകയും സാമൂഹ്യ പുരോഗതിയിലേക്ക്നയിക്കുകയും വേണമെന്നുമുള്ള ചിന്താഗതിയില്‍ നിന്നാണ് കര്‍ണാടകയിലെ ഭട്കലില്‍ അന്‍ജുമന്‍ ഹാമിഈ മുസ്‌ലിമീന്റെ പിറവി.
1919-ല്‍ സര്‍സയ്യിദ് ആണ് ഇതിന് തുടക്കം കുറിക്കുന്നത്. ഒരു ചെറിയ ഗ്രാമമായ ഭട്കലില്‍ പ്രൈമറി സ്‌കൂള്‍ ആയിട്ടാണ് സ്ഥാപനത്തിന്റെ ആരംഭം. ഭട്കലിലെയും സമീപ പ്രദേശങ്ങളിലെയും മുസ്‌ലിം സമൂഹത്തിന് മതപരമായ വിദ്യയുടെ കൂടെ ഭൗതിക വിഷയങ്ങളിലെ അറിവും നല്‍കുക എന്നതായിരുന്നു സ്ഥാപനത്തിന്റെ പ്രാഥമിക ലക്ഷ്യം. 1929-ല്‍ പ്രസ്തുത പ്രൈമറി സ്‌കൂള്‍ ഹൈസ്‌കൂള്‍ ആയി അപ്‌ഗ്രേഡ് ചെയ്യപ്പെട്ടു.
ഒരു മുസ്‌ലിം സ്ഥാപനമായിട്ടാണ് തുടങ്ങിയതെങ്കിലും ഇന്നതിന്റെ ഗുണഭോക്താക്കള്‍ മുസ്‌ലിംകള്‍ മാത്രമല്ല. വിവിധ മതവിഭാഗങ്ങളില്‍പെട്ട നിരവധിയാളുകള്‍ അവിടെ പഠിക്കുന്നു. എല്ലാവര്‍ക്കും മുന്നില്‍ അന്‍ജുമനിന്റെ കവാടങ്ങള്‍ തുറന്നു കിടക്കുന്നു. പ്രൈമറി സ്ഥാപനങ്ങള്‍ മുതല്‍ തന്നെ ഇതര സ്ഥാപനങ്ങളില്‍ നിന്ന് വ്യതിരിക്തത പുലര്‍ത്തുകയും ബിരുദതലം വരെ ആ വ്യത്യസ്തത കാത്ത് സൂക്ഷിക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ക്ക് അവരുടെ മതപരമായ എല്ലാസ്വാതന്ത്ര്യങ്ങളും ആചാര അനുവാദങ്ങളും നല്‍കുന്ന അന്‍ജുമന്‍ പഠനത്തിന് പുറമെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലൂം ഏറെ മുന്നിലാണ്.
അന്‍ജുമന്‍ ഹാമിഈ മുസ്‌ലിമീന്റെ കീഴില്‍ ഇന്ന് പതിനഞ്ച് സ്ഥാപനങ്ങളുണ്ട്. മത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, ഭൗതിക പഠന സ്ഥാപനങ്ങള്‍, കലാ-എഞ്ചിനിയറിംഗ് സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഇന്ന് അന്‍ജുമന്റെ പേരിലുണ്ട്. 1970-ല്‍ കര്‍ണാടക ഗവണ്‍മന്റ് സ്വകാര്യ സ്ഥാപനങ്ങള്‍ സ്ഥാപിക്കുവാനുള്ള അനുമതി നല്‍കിയപ്പോള്‍ വൈകാതെ തങ്ങളുടെ കീഴില്‍ ഒരു എഞ്ചിനിയറിംഗ് കോളേജ് സ്ഥാപിച്ച് കൊണ്ടാണ് അന്‍ജുമന്‍ ആ അവസരം ഉപയോഗപ്പെടുത്തിയത്.
അന്‍ജുമന്റെ കീഴിലുള്ള പ്രധാന സ്ഥാപനങ്ങള്‍
courses
- Anjuman Jnstitute of Technology And Management
- Anjuman Institute of Management and Computer Application.
- Anjuman Degree College and PG Centre
- Anjuman College for Women
- Anjuman College of Education
- Anjuman Pre- University College for Men
- Anjuman Pre- University College for Women
High schools
- Anjuman Boys High School
- Anjuman Girls High School
- Anjuman Girls High School, Nawayalh Colony
- Jaslamiya Anglo Urudu High School
- Jaslamiya Anglo Urudu High School, Nawayalh Colony
Primary schools
- Anjuman Primary School
- Anjumannoor Primary School
- Anjuman Azad Primary School
Location- Anjumanbad, Bhatkel
Mangalour, Karnataka
Website- www.anjuman.edu.in
ആലിയ യൂണിവേഴ്‌സിറ്റി, കല്‍കത്ത
237 വര്‍ഷങ്ങളുടെ ചരിത്രം പറയാനുള്ള സര്‍വകലാശാലയാണ് ആലിയ യൂണിവേഴ്‌സിറ്റി. യുദ്ധവും പോരാട്ടവും സ്വാതന്ത്ര്യവുമെല്ലാം കാണുകയും അനുഭവിക്കുകയും ചെയ്ത ചരിത്രമുണ്ട് ആലിയ യൂണിവേഴ്‌സിറ്റിക്ക്. ഭരണാധികാരികള്‍ തന്നെ ചിറകരിയാന്‍ നോക്കിയിട്ടും ഒഴിഞ്ഞു മാറി പറന്നുയര്‍ന്ന വീരഗാഥയുണ്ട് ആലിയ യൂണിവേഴ്‌സിറ്റിക്ക്.
മുഹമ്മദന്‍ കോളേജ് ഓഫ് കല്‍കത്ത എന്നാണ് പേരെങ്കിലും മദ്രസ-ഇ-ആലിയ, കല്‍ക്കത്ത മദ്രസ എന്നിങ്ങനെയൊക്കെയുള്ള പേരിലായിരുന്നു ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. 1780ല്‍ ഇന്ത്യന്‍ ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന വാറന്‍ ഹേസ്റ്റിങ്ങ്‌സ് ആണ് മദ്‌റസ-ഇ-ആലിയ സ്ഥാപിക്കുന്നത്. മുസ്‌ലിം സമൂഹത്തെ ഉണര്‍ത്തുകയും അവരുടെ പ്രാതിനിധ്യം ഗവണ്‍മെന്റ് തൊഴില്‍ മേഖലകളില്‍ ഉറപ്പാക്കുകയും ചെയ്യുക എന്നത് ആലിയ:യുടെ സ്ഥാപനലക്ഷ്യമായിരുന്നു.
മത വിജ്ഞാനത്തോടൊപ്പം ഭൗതിക വിജ്ഞാനത്തിലും ബദ്ധശ്രദ്ധ പുലര്‍ത്തിയ ആലിയ: യൂണിവേഴ്‌സിറ്റി 1821-ല്‍ അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പൊതു പരീക്ഷ സംഘടിപ്പിച്ചു. അനവധി നേതാക്കന്മാരുടെയും പണ്ഡിതന്മാരുടെയും സാന്നിധ്യത്തില്‍ വെച്ച് നടത്തിയ ആ പരീക്ഷയായിരുന്നു ഇന്ത്യയിലെ ആദ്യത്തെ പൊതുപരീക്ഷ. അക്കാദമികമായി ഉയര്‍ന്ന നിലവാരം ആലിയ:യിലെ വിദ്യാര്‍ത്ഥികള്‍ പുലര്‍ത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ അധികൃതര്‍ 1826-ല്‍ ആലിയയിലെ വിദ്യാര്‍ത്ഥികള്‍ക്കായി വൈദ്യ ശാസ്ത്ര പഠനവും തുടങ്ങി. 1836-ല്‍ കൊല്‍ക്കത്ത മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതു വരെ ഇത് തുടരുകയും ആലിയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ നല്കിപ്പോരുകയും ചെയ്തു.
1915, 1923, 1931, 1938-1940, 1946 തുടങ്ങിയ വര്‍ഷങ്ങളില്‍ സ്ഥാപനത്തിന്റെ പുരോഗതിക്ക് വേണ്ടി വിവിധ കമ്മീഷനുകള്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ ഇന്ത്യാ വിഭജനത്തോടു കൂടി നിരവധി ജംഗമവസ്തുക്കള്‍ ആലിയ:ക്ക് നഷ്ടമായി. പിന്നീട് 1949-ലാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് ആലിയ: തുറക്കപ്പെടുന്നത്.
രണ്ട് നൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ടായിരുന്നെങ്കിലും ആലിയ: ഒരു യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്തപ്പെടുന്നത് 2007-ലും അത് പ്രവൃത്തി പഥത്തില്‍ വരുന്നത് 2008-ലുമാണ്. ഇതിലേക്ക് വഴി തെളിച്ചത് 1984-ല്‍ സംഘടിപ്പിച്ച അതിന്റെ 205ാം വാര്‍ഷിക പരിപാടിയായിരുന്നു. ആ പരിപാടിയുടെ ഗുണഫലമെന്ന നിലക്ക് 1985-ല്‍ ശ്രീമതി: ഉമാ ദീക്ഷിത് ഇതൊരു കേന്ദ്ര അംഗീകാരമുള്ള യൂണിവേഴ്‌സിറ്റിയാക്കണമെന്ന് നിര്‍ദേശിച്ചു. 2001-ല്‍ മോഡേണ്‍ എഡ്യുക്കേഷന്‍ കമ്മറ്റി ചെയര്‍മാന്‍ സ്ഥാപനത്തിന്റെ ഉയര്‍ച്ചക്കും പുരോഗതിക്കും വേണ്ട വ്യക്തമായ ഫോര്‍മുലയും നല്‍കി. ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം ഫലമായി 2008 ഏപ്രില്‍ 5-ന് ഒരു ഓട്ടോണമസ് യൂണിവേഴ്‌സിറ്റിയായി ഈ സ്ഥാപനം ഉയര്‍ത്തപ്പെട്ടു.
കോഴ്‌സുകള്‍
- 5 Year Integrated M.A In Arabic.
- 5 Year Integrated M.A In Islamic Theology.
- 2 Year M.A In English
- 2 Year M.sc In Geography
- 5 Year Integrated M.A In English
- 5 Year Integrated Msc in C.S, Chemistry, Physics, Mathematics, Computing, Statistics and Informatics, Economics, Geography.
- 4 Year B.Tech/ 5 Year M.Tech.
- 5 Year Integrated MCA.
- 5 Year Integrated MBA.
- 2 Year M.A/MSC. In Arabic Science.
- ഇസ്‌ലാമിക, ആദര്‍ശ, വിജ്ഞാന, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, അറബിക് രംഗത്തെ പുതിയ പഠനങ്ങളെയും കണ്ടുപിടുത്തങ്ങളെയും പ്രോത്സാഹിപ്പിക്കുക.
- വിവിധ പഠന മേഖലകളിലെ പുതിയ അധ്യാപന രീതികള്‍ പരിചയപ്പെടുത്തുക
- ആധുനിക-സാങ്കേതിക-തൊഴിലധിഷ്ഠിത കോഴ്‌സുകളെ പ്രോത്സാഹിപ്പിക്കുക.
- യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നല്കുന്നതു പോലെത്തന്നെ ധാര്‍മികതയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധവും നല്കിപ്പോരുക.
- മതേതരത്വം, ദേശീയത, മനുഷ്യത്വം എന്നിവയെക്കുറിച്ചുള്ള അവബോധം വളര്‍ത്തി യെടുക്കുക
- അറബിക്
- ഇംഗ്ലീഷ്
- ഫ്രഞ്ച്
- പേര്‍ഷ്യന്‍
- ജര്‍മന്‍
- ചൈനീസ്
- വെസ്റ്റ് ബംഗാള്‍ സര്‍ക്കാറിനു കിഴിലുള്ള, ന്യുനപക്ഷ സ്വാതന്ത്ര സര്‍വകലാശാല.
- Chancellor- Kesharivalh, Tripalhi, Governor, west Bengal.
- Vice: ചാന്‍സലര്‍ഡോ: അബൂത്വാലിബ് ഖാന്‍
Phone- +91 33 2341 6444
Website-www.aliah.ac.in