തൗഹീദ് അഥവാ ഏകദൈവ വിശ്വാസം
പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍ ആരാധിക്കാവൂ. ഏകദൈവത്തിനപ്പുറമുള്ളതെല്ലാം സൃഷ്ടികളാണ്. ആ സൃഷ്ടികള്‍ക്ക് ആരാധന ചെയ്തുകൂടാ. സൃഷ്ടികളോട് പ്രാര്‍ഥിച്ചുകൂടാ. ലോകത്തുള്ള മുഴുവന്‍ മനുഷ്യരുടെയും പ്രാര്‍ഥനകള്‍ കേള്‍ക്കുവാനും അവ നിവൃത്തിച്ചു കൊടുക്കുവാനും കഴിവുള്ളവന്‍ ഏകനായ ദൈവം മാത്രം. ആ ദൈവമാണ് അല്ലാഹു. അല്ലാഹു ഏതെങ്കിലും വിഭാഗത്തിന്റെയോ പ്രദേശത്തിന്റെയോ പ്രത്യേക കാലഘട്ടത്തിന്റെയോ ദൈവമല്ല. ഇങ്ങനെയുള്ള ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന തത്വമാണ് തൗഹീദ് അഥവാ ഏകദൈവ വിശ്വാസം.
ഇസ്‌ലാമിക വീക്ഷണ പ്രകാരം ഒരു പ്രവർത്തനം ആരാധനയാവുന്നതെങ്ങനെ? ആരാധനയ്ക്ക് നല്കപ്പെട്ടിട്ടുള്ള അർഥങ്ങൾ, വ്യാഖ്യാനങ്ങൾ, തൗഹീദിന്റെ വിവിധ ഇനങ്ങൾ, തൗഫീദുൽ ഉലൂഹിയ്യ, തൗഹീദുർറുബൂബിയ്യ, തൗഹീദുൽ അസ്‌മാഇ വസ്സ്വിഫാത്ത് എന്നിവ സംബന്ധിച്ച വിവരങ്ങങ്ങൾ ഈ ലേഖനത്തിൽ വായിക്കാം.
ലോകത്ത് ഏതുകാലത്തുമുള്ള മനുഷ്യരില്‍ ബഹുഭൂരിപക്ഷവും മതവിശ്വാസികളാണ്. ബഹുഭൂരിഭാഗം മതങ്ങളും ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമാണ്. എന്നാല്‍ ദൈവസങ്കല്പത്തിന്റെ കാര്യത്തില്‍ മതവിശ്വാസികള്‍ ഭിന്നതലങ്ങളില്‍ നിലകൊള്ളുന്നു. തങ്ങള്‍ക്ക് ചുറ്റും കാണുന്ന ചെറുതും വലുതുമായ പ്രാപഞ്ചിക പ്രതിഭാസങ്ങളില്‍ പലതിനും ദിവ്യത്വം കല്പിച്ച് അവയെ വണങ്ങുകയും പലതിന്റെയും പേരില്‍ പ്രതിഷ്ഠകള്‍ സ്ഥാപിച്ച് ആരാധിക്കുകയും ചെയ്യുന്നു. ഈ സങ്കല്പം തന്നെ കാലദേശങ്ങള്‍ക്കനുസരിച്ചും ജാതി വര്‍ഗങ്ങള്‍ക്കനുസരിച്ചും മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ദൈവസങ്കല്പത്തിലും ആരാധനാ കാര്യത്തിലും ലോകത്ത് ഒരു കാലത്തും മനുഷ്യര്‍ക്കിടയില്‍ ഏകീഭാവമുണ്ടായിട്ടില്ല. എന്നാല്‍ പ്രപഞ്ചകര്‍ത്താവായ ഒരു അഭൗമശക്തിയെപ്പറ്റിയുള്ള ബോധം ഏത് കാലത്തും മനുഷ്യര്‍ക്കിടയില്‍ ഉണ്ടുതാനും. ദൈവ വിശ്വാസത്തെപ്പറ്റി ഇസ്‌ലാം നല്കുന്ന കാഴ്ച്ചപ്പാട് വളരെ വ്യക്തവും ലളിതവുമാണ്.
പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍ ആരാധിക്കാവൂ. ഏകദൈവത്തിനപ്പുറമുള്ളതെല്ലാം സൃഷ്ടികളാണ്. ആ സൃഷ്ടികള്‍ക്ക് ആരാധന ചെയ്തുകൂടാ. സൃഷ്ടികളോട് പ്രാര്‍ഥിച്ചുകൂടാ. ലോകത്തുള്ള മുഴുവന്‍ മനുഷ്യരുടെയും പ്രാര്‍ഥനകള്‍ കേള്‍ക്കുവാനും അവ നിവൃത്തിച്ചു കൊടുക്കുവാനും കഴിവുള്ളവന്‍ ഏകനായ ദൈവം മാത്രം. ആ ദൈവമാണ് അല്ലാഹു. അല്ലാഹു ഏതെങ്കിലും വിഭാഗത്തിന്റെയോ പ്രദേശത്തിന്റെയോ പ്രത്യേക കാലഘട്ടത്തിന്റെയോ ദൈവമല്ല. ഇങ്ങനെയുള്ള ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന തത്വമാണ് തൗഹീദ്.
തൗഹീദ് എന്ന പദത്തിന്റെ അര്‍ഥം ഏകനാക്കുക, ഒന്നാക്കുക എന്നൊക്കെയാണ്. ബഹുദൈവത്വമെന്ന മിഥ്യാ സങ്കല്പത്തെയും അബദ്ധ ധാരണയെയും തിരുത്തി ആരാധന ഒരേയൊരു ദൈവത്തിലര്‍പ്പിക്കുക എന്നതാണ് തൗഹീദിന്റെ വിവക്ഷ. തൗഹീദ് എന്ന പദം വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടില്ല. നിരവധി പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ ചൂണ്ടിക്കാട്ടി ഖുര്‍ആന്‍ സമര്‍ഥിച്ച ഈ കാര്യത്തെ പണ്ഡിതന്മാര്‍ വിശദീകരിച്ച പ്രയോഗമാണ് തൗഹീദ് എന്നത്. അല്ലാഹുവിന്റെ ഏകത്വമെന്നത് ഏതൊക്കെ തലങ്ങളിലാണ് എന്ന് അക്കാദമികമായി വിശകലനം ചെയ്ത് വിശദപഠനാര്‍ഥം തൗഹീദുര്‍റുബൂബിയ്യത്ത, തൗഹീദുല്‍ ഉലൂഹിയ്യ, തൗഹിദുസ്വിഫാതി വല്‍ അസ്മാഅ് എന്നിങ്ങനെ വിഭജിച്ച് വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവാകുന്നു അവന്‍. അതിനാല്‍ അവനെ താങ്കള്‍ ആരാധിക്കുക. അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചുനില്ക്കുക. അവന്ന് പേരൊത്തെ ആരെയങ്കിലും താങ്കള്‍ക്കറിയുമോ? (വി.ഖു. 19:65). തൗഹീദിന്റെ ഇനങ്ങള്‍ ഈ ആയത്തില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.
ഇസ്‌ലാമിലെ ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനാശയമായ ഏകദൈവാരാധനയെ കുറിക്കാന്‍ ഉപയോഗിക്കുന്ന സംജ്ഞയാണ് തൗഹീദ്. ലാഇലാഹ ഇല്ലല്ലാഹ് (ആരാധനക്കര്‍ഹന്‍ അല്ലാഹു അല്ലാതെ വേറെയാരുമില്ല) എന്ന പരിശുദ്ധ വാക്യം തൗഹീദിന്റെ ആശയത്തെ ഉള്‍ക്കൊള്ളുന്നു. സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്കുള്ള ശക്തി ആരില്‍ നിക്ഷിപ്തമാണോ അവനെ മാത്രം ആരാധിക്കുക എന്നതാണ് തൗഹീദ് (ഏകദൈവാരാധന) കൊണ്ട് ഉദ്ദേശിക്കുന്നത്. സൃഷ്ടിയും സ്ഥിതിയും സംഹാരവും അല്ലാഹുവിന്റെ മാത്രം അധീനത്തിലാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
നിങ്ങള്‍ക്കെങ്ങനെയാണ് അല്ലാഹുവിനെ നിഷേധിക്കാന്‍ കഴിയുക? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്കു ശേഷം അവന്‍ നിങ്ങള്‍ക്ക് ജീവന്‍ നല്കി. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്ക് തന്നെ നിങ്ങള്‍ തിരിച്ചു വിളിക്കപ്പെടുകയും ചെയ്യുന്നു. അവനാണ് നിങ്ങള്‍ക്കു വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്. പുറമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചു കൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചു തന്നതും അവന്‍ തന്നെ. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു (2:28,29).
ഒരുവന്‍ ആരാധിക്കപ്പെടാന്‍ അര്‍ഹനാകണമെങ്കില്‍ ഈ കഴിവുകളെല്ലാം(സൃഷ്ടി, സ്ഥിതി, സംഹാരം) അവനായിരിക്കണം. അത് അല്ലാഹുവിന് മാത്രമേ ഉള്ളൂ. അതുകൊണ്ട് അവനെ മാത്രമേ ആരാധിക്കാവൂ. ആരാധനയുടെ ഏതെങ്കിലുമൊരിനം സൃഷ്ടികള്‍ക്കു നല്‍കുന്നത് മേല്‍പറഞ്ഞ കഴിവുകളുടെ ഏതെങ്കിലും ഒരിനം സൃഷ്ടികള്‍ക്കു വകവെച്ചുകൊടുക്കലാണ്. ഒരാള്‍ക്ക് ഇസ്‌ലാം ആശ്ലേഷിക്കാന്‍ സാധിക്കുന്നത് ഇസ്‌ലാമിന്റെ അടിത്തറയായ ഏകദൈവാരാധനയുടെ സാക്ഷ്യവചനം ഉരുവിട്ടുകൊണ്ടാണ്. ‘അശ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ്’ (അല്ലാഹു അല്ലാതെ ആരാധനക്ക് അര്‍ഹമായി ഒന്നുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു) എന്നതിന്റെ പൊരുള്‍ രണ്ട് കാര്യങ്ങളെ ഉള്‍ക്കൊള്ളുന്നു. ഒരു ദൈവവുമില്ല അഥവാ ആരാധ്യനുമില്ല എന്ന നിഷേധവശവും അല്ലാഹു എന്ന യാഥാര്‍ത്ഥ ആരാധ്യനെ സ്ഥിരീകരിക്കലും. അഥവാ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനില്ല എന്ന സാക്ഷ്യ വചനം ഉരുവിടുന്നതോടു കൂടി ആരാധനാ കര്‍മങ്ങളുടെ അണു അളവ് പോലും അല്ലാഹു അല്ലാത്തവര്‍ക്ക് അവകാശപ്പെടാനോ കൊടുക്കാനോ പാടില്ല എന്ന ദൃഢപ്രതിജ്ഞയെടുക്കുകയാണ് ചെയ്യുന്നത്.
മനുഷ്യര്‍ ആരാധിച്ചു പോന്നിരുന്ന അനേകം ശക്തികളും മൂര്‍ത്തികളും ഉണ്ടായിരുന്നു. അവയൊന്നും ആരാധനക്ക് അര്‍ഹമല്ല എന്നും സാക്ഷാല്‍ പ്രപഞ്ചനാഥനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നുമാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. പല സമൂഹങ്ങള്‍ക്കും കുലദൈവങ്ങള്‍ സങ്കല്‍പ്പിക്കപ്പെടുന്നതുപോലെ അറബികളുടെ കുലദൈവത്തിന്റെ പേരല്ല അല്ലാഹു. സാക്ഷാല്‍ ആരാധ്യന്‍(അല്‍ഇലാഹ്), ആരാധിക്കപ്പെടാന്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹതയുള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ‘ഇലാഹ്’ എന്ന പൊതുനാമത്തെ ‘അല്‍’ എന്ന അവ്യയം ചേര്‍ത്ത് വിശേഷവല്‍ക്കരിച്ചതാണ് അല്ലാഹു എന്ന പദം.
സൃഷ്ടി സ്ഥിതി സംഹാര കഴിവുകള്‍ ആര്‍ക്കാണോ ഉള്ളത് അവനെ മാത്രമേ ആരാധിക്കാന്‍ പാടുള്ളൂ എന്ന ഇസ്‌ലാമിന്റെ മൗലികാദര്‍ശത്തിലേക്ക് ആണ് മുഴുവന്‍ പ്രവാചകന്മാരും ജനങ്ങളെ ക്ഷണിച്ചത്. പ്രാര്‍ത്ഥന ആരാധന തന്നെയാണെന്ന് വിശുദ്ധഖുര്‍ആനില്‍ നിന്ന് സ്പഷ്ടമായി മനസ്സിലാക്കാന്‍ സാധിക്കും. അല്ലാഹുപറയുന്നു. ‘അല്ലാഹുവിന് പുറമെ അന്ത്യനാള്‍ വരെ ഉത്തരം നല്‍കാത്തവരോട് പ്രാര്‍ഥിക്കുന്നവരേക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരോ, ഇവരുടെ പ്രാര്‍ഥനയെപ്പറ്റി അറിയുന്നുപോലുമില്ല. ജനങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുമ്പോള്‍ ആരാധ്യര്‍ ആരാധകരുടെ എതിരാളികളായി മാറുകയും ഇവരുടെ ആരാധനയെ അവര്‍ നിഷേധിക്കുകയും ചെയ്യും'(46:5,6) മറ്റൊരു ദൈവത്തെ സ്വീകരിച്ചു പ്രാര്‍ഥിക്കുന്നതിനെ പരിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം വിരോധിക്കുന്നു. ‘അതിനാല്‍ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെ നീ വിളിച്ചു പ്രാര്‍ഥിക്കരുത്. അങ്ങനെ പ്രാര്‍ത്ഥിക്കുന്ന പക്ഷം നീ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതാണ്'(26:213).
ഇസ്‌ലാമിന്റെ അടിത്തറയായ ഏകദൈവാരാധനയുടെ എല്ലാ ആശയങ്ങളേയും വിശാലാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നതാണ് ലാഇലാഹ ഇല്ലല്ലാഹ് എന്ന പരിശുദ്ധ വചനം.
‘അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹില്ല’എന്നത് തൗഹീദിന്റെ വചനമായിരിക്കുന്നു(തുഹ്ഫ) 1.
ഇബാദത്ത്
ആരാധാന എന്ന പദം സുപരിചിതമാണ്. മതവിശ്വാസികള്‍ പുണ്യം പ്രതീക്ഷിച്ച് ചെയ്യുന്ന കര്‍മങ്ങളെല്ലാം പൊതുവില്‍ ആരാധനയുടെ ഇനത്തില്‍ കണക്കാക്കപ്പെടുന്നു. ഒരുവിഭാഗത്തിന്റെ ആരാധന വേറൊരു വിഭാഗത്തിന് വൃഥാവേലയായി തോന്നാം; മറിച്ചും. എല്ലാ മതങ്ങളിലും വ്യത്യസ്ത തരത്തിലുള്ള ആരാധനാകര്‍മങ്ങളുണ്ട്. എന്നാല്‍ ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ ആരാധന എന്നാല്‍ എന്താണെന്നു നോക്കാം. വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും പ്രതിപാദിച്ച ഇബാദത്ത് എന്ന സാങ്കേതിക പദത്തിന്റെ പരിഭാഷയായിട്ടാണ് ആരാധന എന്ന് ഉപയോഗിക്കുന്നത്. ഇബാദത്ത് എന്നത് ഒറ്റവാക്കില്‍ ഭാഷാന്തരം ചെയ്യപ്പെടാന്‍ പ്രയാസമെങ്കിലും മലയാളത്തില്‍ ഉപയോഗിക്കാവുന്ന ഏറ്റവും ഉചിതമായ പദമെന്ന നിലയിലാണ് നാം ‘ആരാധന’ തെരഞ്ഞെടുക്കുന്നത്. പദത്തിന്റെ അര്‍ഥം എന്താണെന്നതിനേക്കാള്‍ ആരാധന എന്താണെന്ന് വിശദീകരിക്കാവുന്ന ഒരു നിര്‍വചനം ആവശ്യമാണ്.
മുഹമ്മദ് നബി(സ്വ) വിശദീകരിച്ചത് ഏറെ ശ്രദ്ധേയമാണ്. പ്രാര്‍ഥന, അതുതന്നെയാണ് ആരാധന 2. അപ്പോള്‍ എന്താണ് പ്രാര്‍ഥന എന്നുകൂടി പരിശോധിക്കാം.
പ്രാര്‍ഥന, അര്‍ഥന എന്നതിന് ആവശ്യപ്പെടല്‍ എന്നാണ് ഭാഷയില്‍ വിവക്ഷ. കല്പിച്ചു, ആവശ്യപ്പെട്ടു, നിര്‍ദേശിച്ചു, അഭ്യര്‍ഥിച്ചു, അപേക്ഷിച്ചു എന്നീ പ്രയോഗത്തില്‍ അപേക്ഷകന്റെയും അപേക്ഷിക്കപ്പെടുന്നയാളിന്റെയും സ്ഥാനപദവികള്‍ക്കനുസരിച്ച് വരുന്ന പ്രയോഗമാറ്റങ്ങള്‍ മാത്രമാണ് അടങ്ങിയിരിക്കുന്നത്. പ്രാര്‍ഥനയും ആവശ്യപ്പെടല്‍ തന്നെയാണ്. എന്നാല്‍ മനുഷ്യര്‍ തമ്മതമ്മില്‍ ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ആവശ്യപ്പെടുന്നത് പ്രാര്‍ഥനയല്ല. ഭാഷയിലും ആ പ്രയോഗമില്ല. അപ്പോള്‍ മനുഷ്യകഴിവിന്നതീതമായ ഒരു കാര്യം അഭൗതികമായ ഒരു കേന്ദ്രത്തോട് ആവശ്യപ്പെടുന്നത് മാത്രമേ പ്രാര്‍ഥനയാവുകയുള്ളൂ. അങ്ങനെ മനുഷ്യന്റെ പ്രാര്‍ഥന കേള്‍ക്കാനും ആവശ്യങ്ങള്‍ നടപ്പലാക്കിക്കൊടുക്കാനും കഴിവുള്ള ശക്തി അല്ലാഹു (പ്രപഞ്ച സ്രഷ്ടാവ്) മാത്രമേയുള്ളൂ എന്നാണ് ഇസ്‌ലാമിക വിശ്വാസം. ആയതിനാല്‍ അല്ലാഹുവിനോടല്ലാതെ ഏത് ശക്തിയോട് പ്രാര്‍ഥിക്കുന്നതും ശിര്‍ക്ക് ആണ്. പ്രാര്‍ഥന കേള്‍ക്കാനും സ്വീകരിക്കാനും അല്ലാഹു അല്ലാതെ മറ്റാരെങ്കിലും ഉണ്ടെന്ന് വിശ്വസിക്കുന്നതും ശിര്‍ക്ക് അഥവാ ബഹുദൈവാരാധനതന്നെ. പ്രാര്‍ഥനയടങ്ങുന്ന ഏത് കര്‍മവും ആരാധന(ഇബാദത്ത്) തന്നെ.
വിശുദ്ധ ഖുര്‍ആനില്‍ ഇബാദത്തിന് നിര്‍വചനം നല്‍കിയിട്ടില്ല. എന്നാല്‍ തത്സംബന്ധമായി ഖുര്‍ആനിലും ഹദീസിലും വന്ന പാഠങ്ങളുടെ അടിസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ പല നിര്‍വചനങ്ങളും നല്‍കിയിട്ടുണ്ട്. അവയില്‍ ഏറ്റവും പ്രസക്തമായ നിര്‍വചനം ഇപ്രകാരമാണ്. ‘കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി-അഭൗതികമായി-ഗുണം പ്രതീക്ഷിച്ചുകൊണ്ടോ ദോഷം ഭയന്നുകൊണ്ടോ മനുഷ്യന്‍ ചെയ്യുന്ന വാഗ്വിചാരകര്‍മങ്ങളെല്ലാം ആരാധനയാണ്’. പ്രാര്‍ഥന തന്നെയാണ് ആരാധന എന്ന നബിവചനവും ഈ ആശയം തന്നെയാണ് വ്യക്തമാക്കുന്നത്.
ഒരു ഉദാഹരണം പറയാം. നാട്ടില്‍ വരള്‍ച്ച ബാധിക്കുമ്പോള്‍ ‘ഞങ്ങളുടെ ഗ്രാമത്തിലേക്ക് കുടിവെള്ളമെത്തിച്ചുതരാന്‍ സംവിധാനമുണ്ടാക്കണ’മെന്ന് സര്‍ക്കാറിനോടോ മറ്റേതെങ്കിലം ഏജന്‍സിയോടോ അപേക്ഷിക്കുന്നത് പ്രാര്‍ഥനയല്ല. കാര്യകാരണ ബന്ധങ്ങള്‍ക്കുള്ളില്‍ നിന്നുള്ള ഒരു അപേക്ഷ മാത്രം. എന്നാല്‍ വരള്‍ച്ച രൂക്ഷമായി. ജലസ്രോതസ്സുകള്‍ വറ്റി. അപ്പോള്‍ മഴ വര്‍ഷിപ്പിച്ചുതരണേ എന്ന നാട്ടുകാരുടെ അപേക്ഷ അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. കാരണം അത് മനുഷ്യകഴിവില്‍ പെട്ടതല്ല. മഴയ്ക്കുവേണ്ടി നടത്തുന്ന പ്രാര്‍ഥന അല്ലാഹുവിനോടല്ലാതെ മറ്റാരോടു നടത്തിയാലും അത് ശിര്‍ക്ക് (ബഹുദൈവാരാധന) ആണ്. ഇങ്ങനെ പ്രാര്‍ഥിക്കപ്പെടുന്നത് മലക്കോ ദേവനോ പ്രവാചകനോ സിദ്ധനോ ആരായാലും ശിര്‍ക്കുതന്നെ.
ഒരു വ്യക്തിക്കോ വസ്തുവിനോ ദിവ്യത്വം കല്പിച്ച് അവിടെച്ചെന്ന് തൊഴുത് പ്രാര്‍ഥിക്കുന്ന മനുഷ്യന്‍ ചെയ്യുന്നത് അയാള്‍ക്കോ ആ വസ്തുവിനോ അഭൗതികമായ കഴിവുകള്‍ ഉണ്ടെന്ന് ആരോപിക്കുകയാണ്. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ ഒരു കഴിവും പ്രപഞ്ചനാഥനായ ദൈവത്തിനല്ലാതെ ആര്‍ക്കുമില്ല എന്നതാണ് ശരിയായ ഏകദൈവ വിശ്വാസം അഥവാ തൗഹീദ്. അതാണ് ഇസ്‌ലാമിന്റെ അടിത്തറ. അല്ലാഹു അല്ലാതെ ആരാധനയ്ക്ക് അര്‍ഹമായ യാതൊന്നുമില്ല (ലാ ഇലാഹ ഇല്ലല്ലാഹ്) എന്ന വചനം അതിന്റെ പ്രഖ്യാപനമാണ്.
ആരാധന: ചില തെറ്റിദ്ധാരണകള്‍
ഇബാദത്ത് അഥവാ ആരാധന എന്ന സംഗതി മനസ്സിലാക്കുന്നേടത്ത് മുസ്‌ലിം സമൂഹത്തിന്നിടയില്‍ ചില തെറ്റായ ധാരണകള്‍ വന്നുചേര്‍ന്നിട്ടുണ്ട്. ആരാധനയില്‍ പെട്ട ഏതു കാര്യവും അല്ലാഹു അല്ലാത്ത ആര്‍ക്കെങ്കിലും അര്‍പ്പിക്കുന്നത് ശിര്‍ക്കായിത്തീരുമെന്ന ഇസ്‌ലാമിന്റെ അടിസ്ഥാനാദര്‍ശം തത്ത്വത്തില്‍ അംഗീകരിക്കുന്നവര്‍ തന്നെ പല ആരാധനകളും അല്ലാഹു അല്ലാത്തവര്‍ക്ക് സമര്‍പ്പിക്കുന്നതായി കാണാം. പാപമോചന തേട്ടങ്ങളും നേര്‍ച്ചവഴിപാടുകളും ആരാധനയാണെന്ന വസ്തുതയറിയാതെ അതെല്ലാം മറ്റു പലര്‍ക്കും അര്‍പ്പിക്കുന്ന മുസ്‌ലിംകളുണ്ട്. പ്രപഞ്ചത്തിന് ഒന്നിലേറെ സ്രഷ്ടാവുണ്ട് എന്ന വിശ്വാസം മാത്രമേ ശിര്‍ക്കാവുകയുള്ളൂ എന്നാണിവരുടെ തെറ്റായ ധാരണ.
അല്ലാഹുവിന് മാത്രം അര്‍ഹതപ്പെട്ട അദൃശ്യജ്ഞാനം (ഇല്‍മുല്‍ഗൈബ്) പല സിദ്ധന്മാര്‍ക്കും ശൈഖുമാര്‍ക്കും ഉണ്ടെന്ന് ധരിച്ചുവശാവുകയും അവര്‍ക്കെല്ലാം നേര്‍ച്ചകളോ വഴിപാടുകളോ അര്‍പ്പിക്കുകയോ ചെയ്യുന്നവരുണ്ട്. രോഗശമനത്തിനും സന്താനസൗഭാഗ്യത്തിനും മഴ ലഭിക്കാന്‍ പോലും പല ‘ദിവ്യ’കേന്ദ്രങ്ങളെയും സമീപിക്കുന്നവര്‍ മുസ്‌ലിംകള്‍ക്കിടയിലുണ്ട്. ഇത്തരം സഹായം തേടലിന് പ്രാര്‍ഥന(ദുആ) എന്ന സാങ്കേതിക പദം പ്രയോഗിക്കുന്നില്ല എന്നുമാത്രം. തങ്ങള്‍ പ്രാര്‍ഥിക്കുകയല്ല, സഹായം തേടുക(ഇസ്തിഗാസ)യാണ് എന്നാണ് ഇവര്‍ പറയുന്നത്. അഭൗതികമായി സഹായം തേടുന്നത് തന്നെയാണ് യഥാര്‍ഥത്തില്‍ പ്രാര്‍ഥന. ഈ യാഥാര്‍ഥ്യം മനസ്സിലാക്കാതെയാണ് ചില മുസ്‌ലിംകള്‍ ശവകുടീരങ്ങളിലേക്ക് മോക്ഷത്തിനുവേണ്ടി തീര്‍ഥാടനം നടത്തുന്നത്.
ഇബാദത്ത് എന്താണെന്ന് കൃത്യമായി മനസ്സിലാക്കാത്തതിനാല്‍ ഇബാദത്തായ പലതും ഇബാദത്തല്ല എന്ന തെറ്റിദ്ധാരണയില്‍ ഒരു കൂട്ടര്‍ അന്ധവിശ്വാസത്തിലേക്ക് നീങ്ങിപ്പോകുന്നു. ഇതിന്റെ നേരെ മറുവശവുമുണ്ട്. ഇബാദത്തല്ലാത്ത പലതും ഇബാദത്താണെന്ന് തെറ്റിദ്ധരിച്ച് ഏത് പ്രവൃത്തി ചെയ്താലും ശിര്‍ക്കാവുമെന്ന് വാദിക്കുകയും പേടിക്കുകയും ചെയ്യുന്ന അതിവാദമാണ് ഇത്. ഇബാദത്ത് എന്ന അറബി പദത്തിന് ആരാധന, അനുസരണം, അടിമവൃത്തി എന്ന നിര്‍വചനം നല്‍കപ്പെടുന്നതാണിതിനുകാരണം. അല്ലാഹുവിന് മാത്രമേ ആരാധന ചെയ്യാവൂ എന്നതില്‍ തര്‍ക്കമില്ല. അല്ലാഹുവിനെ മാത്രമേ അനുസരിക്കാന്‍ പാടുള്ളൂ എന്ന് പറഞ്ഞാല്‍ അത് അല്ലാഹുവിന്റെ ദീനിനെതിരാണ്, ജീവിതത്തില്‍ അപ്രായോഗികവും. അല്ലാഹു അല്ലാത്ത പലരെയും അനുസരിക്കുവാന്‍ അല്ലാഹു തന്നെ പറഞ്ഞിരിക്കെ അനുസരണം ഇബാദത്താണെന്ന് പറയാന്‍ കഴിയില്ല. ദൈവദൂതനെ(റസൂല്‍) നിരുപാധികം അനുസരിച്ചെങ്കിലേ ഒരാള്‍ മുസ്‌ലിമാവൂ. എന്നാല്‍ പ്രവാചകനെ ആരാധിച്ചാലോ? അയാള്‍ ശിര്‍ക്ക് ചെയ്തു. മാതാപിതാക്കളെ അനുസരിക്കല്‍ നിര്‍ബന്ധമാണ്. അവര്‍ മുസ്‌ലിംകളല്ലെങ്കില്‍പോലും. അപ്പോള്‍ ഇബാദത്തിന് അനുസരണം എന്ന നിര്‍വചനമോ വിശദീകരണമോ നല്കുന്നത് വസ്തുതാവിരുദ്ധമാണ്. ദുര്‍മാര്‍ഗികളെ അനുസരിച്ച് മോശമായ കാര്യം ചെയ്താല്‍ പോലും അത് ശിര്‍ക്കാവുകയില്ല; പാപം മാത്രമേ ആവൂ. എല്ലാ പാപവും ശിര്‍ക്കല്ലല്ലോ.
അടിമവൃത്തിയും ഇങ്ങനെതന്നെ. മനുഷ്യന്‍ അല്ലാഹുവിന്റെ അടിമ(അബ്ദ്)യാണ് എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. അടിമയുടെ പ്രവൃത്തികള്‍ക്ക് അടിമവൃത്തി എന്നു പറയാം. പക്ഷേ അത് ഇബാദത്തിന്റെ നിര്‍വചനമാവാന്‍ തരമില്ല. കാരണം, അല്ലാഹുവിന്റെ അടിമയായ മനുഷ്യന്റെ എല്ലാ പ്രവൃത്തികളും ഇബാദത്തല്ല. മനുഷ്യന്റെ കീഴില്‍ അടിമകളുണ്ടായിരുന്നുവല്ലോ. അടിമകള്‍ യജമാനനു വേണ്ടി ചെയ്യുന്ന നല്ലതോ ചീത്തയോ ആയ കാര്യങ്ങള്‍ ഇബാദത്തല്ല. അതിന് സേവനം(ഖിദ്മത്ത്) എന്നാണ് അറബിയില്‍ പ്രയോഗിക്കുക. അടിമവേല ഇബാദത്താണെങ്കില്‍ അടിമ സമ്പ്രദായം ഇസ്‌ലാം നിരോധിക്കുമായിരുന്നു. അടിമ സമ്പ്രദായം നിരുത്സാഹപ്പെടുത്തുകയും അടിമ ഉടമ ബന്ധം മാനവികമാക്കുകയുമാണ് ഇസ്‌ലാം ചെയ്തത്. അതില്‍ ആരാധനയുടെ വശം കടന്നുവരുന്നില്ല.
അനുസരണം ഇബാദത്താണ് എന്ന് സമര്‍ഥിക്കാന്‍ ശ്രമിച്ചവര്‍ ആ വാദം രാഷ്ട്രീയമായിട്ടാണ് ഉപയോഗിച്ചത്. ഇസ്‌ലാമികേതര ഭരണകൂടങ്ങളുടെ നിയമങ്ങള്‍ അനുസരിക്കുന്നതും അവരുടെ കീഴില്‍ ജോലിയെടുക്കുന്നതും ശിര്‍ക്കാണെന്ന് അവര്‍ സിദ്ധാന്തിച്ചു. ഈ വാദം മൂലം ഇസ്‌ലാമിനെ അപ്രായോഗികമാക്കുകയായിരുന്നു ഇവര്‍. കാരണം ഇത് പ്രവാചകന്‍ പഠിപ്പിച്ചതല്ല. ഇസ്‌ലാമികമല്ലാത്ത ഭരണകൂടത്തിന്റെ കീഴില്‍ യൂസുഫ് നബി(അ) പണിയെടുത്തു. നബി സ്വഹാബിമാരെ ക്രിസ്ത്യാനികള്‍ ഭരിക്കുന്ന ഹബ്ശയിലേക്ക് ജീവിക്കാന്‍ വേണ്ടി പറഞ്ഞയച്ചു. അവര്‍ ആ ഭരണകൂടത്തെ അനുസരിച്ച് ജീവിച്ചു. വിശുദ്ധ ഖുര്‍ആനിലോ നബിചര്യയിലോ ഇത്തരം നടപടിക്ക് ദോഷം പറഞ്ഞിട്ടില്ല. അപ്പോള്‍ ഇബാദത്തിന്റെ നിര്‍വചനമായി അനുസരണമോ അടിമവേലയോ വരുന്നില്ല. എന്നാല്‍ യജമാനനോ ഭരണാധികാരിക്കോ ആരാധന നടത്തിയാല്‍ അത് ശിര്‍ക്കാണെന്നതില്‍ തര്‍ക്കമില്ല. അല്ലാഹുവിനു മാത്രം ചെയ്യേണ്ടതും അല്ലാത്തവര്‍ക്ക് പാടില്ലാത്തതും ആയ കാര്യങ്ങളാണ് ഇബാദത്ത്. അനുഷ്ഠാനകര്‍മങ്ങള്‍, ബലി, നേര്‍ച്ച, വഴിപാട് എന്നിവയെല്ലാം ഇബാദത്ത് ആയിത്തീരുന്നത് അവയിലടങ്ങിയ പ്രാര്‍ഥന മൂലമാണ്.
തൗഹീദ് എന്ന ഇസ്‌ലാമിന്റെ അടിത്തറയായിട്ടുള്ള വിശ്വാസത്തെ മൂന്നു വിഭാഗങ്ങളിലായി വിശദീകരിച്ച് പറയാറുണ്ട്.
1. തൗഹീദുല്‍ ഉലൂഹിയ്യ (ആരാധനയിലും ദൈവത്വത്തിലുമുള്ള ഏകത്വം )
2. തൗഹീദുർറുബൂബിയ്യ (രക്ഷാകര്‍തൃത്തിലുള്ള ഏകത്വം)
3. തൗഹീദുൽ അസ്മാഇ വസ്സിഫാത്ത് (ഗുണവിശേഷങ്ങളിലുള്ള ഏകത്വം)
തൗഹീദുല്‍ ഉലൂഹിയ്യ
ആരാധനയിലുള്ള ഏകത്വമെന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് സര്‍വ്വവിധേനയുള്ള ആരാധനകളെല്ലാം അല്ലാഹുവിനായി ചെയ്യുകയും അവയില്‍ മറ്റൊന്നിനേയും പങ്കോ സമത്വമോ കല്‍പ്പിക്കാതിരിക്കുകയും ചെയ്യുക എന്നതാകുന്നു. ഈ ഏകത്വത്തെ ബഹുദൈവാരാധകന്മാര്‍ നിഷേധിച്ചിരുന്നു. ഖുര്‍ആന്‍ പറയുന്നു. ”എന്ത്? അദ്ദേഹം ദൈവങ്ങളെയെല്ലാം ഒരൊറ്റ ദൈവമാക്കിയോ? ഇത് ആശ്ചര്യകരമായ ഒരു കാര്യം തന്നെ”(38:5). ആരാധ്യനായി അല്ലാഹു അല്ലാതെ ആരുമില്ല എന്ന തത്വം പ്രബോധനം ചെയ്തു തുടങ്ങിയ നബി(സ്വ)യെക്കുറിച്ച് ആദ്യകാലത്തെ ബഹുദൈവാരാധകന്മാര്‍ പറഞ്ഞിരുന്ന വാക്കുകളാണ് ഉപരിസൂചിത സൂക്തത്തിലുള്ളത്.
‘ലാ ഇലാഹ ഇല്ലല്ലാഹ്’ (لَا إِلَٰهَ إِلَّا ٱللَّٰهُ)എന്ന് ഓരോ മുസ്‌ലിമും ഹൃദയപൂര്‍വ്വം ഉച്ചരിക്കുന്ന വാക്യത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്ന ആശയവും ഇത് തന്നെയാകുന്നു. ഇത് കേവലം നാവുകൊണ്ട് മൊഴിയുക എന്നതിലുപരി അര്‍ഥം ഉള്‍ക്കൊണ്ട് കര്‍മപഥത്തില്‍ കൊണ്ടുവരണം. മനസാ വാചാ കര്‍മണാ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ ഉള്‍ക്കൊള്ളണമെന്നര്‍ഥം. അല്ലാഹു പറയുന്നു: അല്ലാഹു അല്ലാതെ ആരാധനയ്ക്ക് അര്‍ഹമായി ഒന്നുമില്ലെന്ന് നീ മനസ്സിലാക്കുക (41:19).
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യത്തിന്റെ അര്‍ത്ഥം യഥാര്‍ഥത്തില്‍ അല്ലാഹു അല്ലാതെ ലോകത്ത് ആരാധ്യനായി മറ്റാരും തന്നെയില്ല എന്നതാകുന്നു. ഇലാഹ് എന്ന പദത്തിന്റെ അര്‍ഥം ‘മഅ്ബൂദ്’ (ആരാധ്യന്‍) എന്ന് മാത്രമാണ്. കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായതും മനുഷ്യശക്തിക്കും കഴിവിനും അധീനമല്ലാത്തതും ആയ കാര്യങ്ങള്‍ക്കായി സര്‍വതിന്റേയും പ്രഥമ കാരണമായ അല്ലാഹുവിനെ മാത്രമേ ആശ്രയിക്കാവൂ എന്നും അതിനര്‍ഹതയുള്ളവന്‍ സാക്ഷാല്‍ ദൈവമായ അല്ലാഹുവല്ലാതെ മറ്റു യാതൊന്നും തന്നെയില്ലെന്നുമാണ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന പരിശുദ്ധ വാക്യം നമ്മെ പഠിപ്പിക്കുന്നത്.
വിഗ്രഹാരാധകന്മാരായ പ്രാചീന അറബികള്‍ അവരുടെ ആരാധ്യവസ്തുക്കള്‍ക്ക് സാക്ഷാല്‍ ദൈവത്തിന്റെ അധികാരത്തില്‍ വല്ല പങ്കുമുണ്ടെന്നോ, ലോക നിയന്ത്രണത്തിലും സൃഷ്ടിസംഹാരങ്ങളിലും സാക്ഷാല്‍ ദൈവത്തിനുള്ള ശക്തിയോടു കൂടി മറ്റു പല ദൈവങ്ങള്‍ക്കും അതില്‍ പങ്കുണ്ടെന്നോ വിശ്വസിക്കുന്നവരായിരുന്നില്ല. എന്നാല്‍ അല്ലാഹുവിന് പുറമെ തങ്ങള്‍ ആരാധിച്ചിരുന്ന വസ്തുക്കള്‍ സാക്ഷാല്‍ ദൈവത്തോട് തങ്ങളെ അടുപ്പിക്കുമെന്നും അവ തങ്ങളുടെയും അല്ലാഹുവിന്റെയും ഇടയിലുള്ള ശുപാര്‍ശകരാണെന്നും വിശ്വസിച്ചു കൊണ്ട് മാത്രമാണ് അവര്‍ അവയെ ആരാധിച്ചിരുന്നത്. ഈ വിശ്വാസപ്രകാരം മലക്കുകള്‍, നബിമാര്‍, ഔലിയാക്കള്‍, ശൈഖുമാര്‍, കല്ലുകള്‍, മരങ്ങള്‍, കൊടികള്‍ എന്നിവക്ക് മധ്യവര്‍ത്തികളുടേയോ ഇടയാളന്മാരുടേയോ സ്ഥാനം നല്‍കുന്നതിലൂടെ അവയില്‍ ദൈവത്വം(ഇലാഹ്) ആരോപിക്കുകയാണ് ചെയ്യുന്നത്. അവയ്ക്ക് നേരെ കാണിക്കുന്ന അത്യധികമായ കീഴ്‌വണക്കവും ഭക്തിയും ഇബാദത്തിന്റെ (ആരാധന) ഗണത്തില്‍പ്പെടുകയും ചെയ്യുന്നു. ഈ രൂപത്തിലുള്ള ദൈവത്വ സങ്കല്‍പത്തേയും ആരാധനകളേയും നിഷേധിക്കുകയാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാക്യം.
അല്ലാഹു പറയുന്നു: ‘അറിയുക, അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്‌കളങ്കമായ കീഴ്‌വണക്കം. അവന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ പറയുന്നു, അല്ലാഹുവിങ്കലേക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ മാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധി കല്‍പ്പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച’ (39:3).
എന്നാല്‍ സാക്ഷാല്‍ ദൈവത്തിങ്കലേക്ക് അടുപ്പിക്കാന്‍ വേണ്ടിയാണ് മറ്റുള്ളവരെ ആരാധ്യന്മാരായി സ്വീകരിക്കുന്നത് എന്ന ബഹുദൈവാരാധാകരുടെ ‘ന്യായ’ ത്തിന് വിശുദ്ധ ഖുര്‍ആന്‍ മറുപടി പറയുന്നു: ‘നബിയേ പറയുക, ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളവനായി അല്ലാഹുവിന്നറിയാത്ത വല്ല കാര്യവും നിങ്ങളവന്ന് അറിയിച്ചുകൊടുക്കുകയാണോ? (10:18). ഇതായിരുന്നു ഏത് കാലഘട്ടത്തിലെയും ബഹുദൈവവിശ്വാസികളുടെ നിലപാട്. ഇതിനുള്ള പ്രധാന കാരണം അല്ലാഹുവിനെ വേണ്ട വിധം മനസ്സിലാക്കിയില്ല എന്നതുതന്നെ. കഴിഞ്ഞുപോയ പ്രവാചകന്മാരഖിലവും ഈ വിശ്വാസ വൈകല്യം ശരിപ്പെടുത്താന്‍ വേണ്ടിയായിരുന്നു നിയുക്തരായിരുന്നത്. സ്രഷ്ടാവിന്റെ മുന്നില്‍ മനുഷ്യര്‍ക്ക് മനസ്സ് തുറക്കാന്‍ ഇടനിലക്കാരന്‍ വേണ്ട എന്ന യാഥാര്‍ഥ്യത്തെ അല്ലാഹു ഓര്‍മപ്പെടുത്തുന്നു.
തൗഹീദുര്‍റുബൂബിയ്യ
അല്ലാഹുവിന്റെ ഏകത്വത്തില്‍ വിശ്വസിക്കുക എന്നതാണ് തൗഹീദ്. ഇത് പ്രബോധനം ചെയ്യാനാണ് പ്രവാചകര്‍ അഖിലവും നിയുക്തരായത്. ദൈവത്തിന്റെ ആസ്തിക്യം അംഗീകരിക്കാത്ത സമൂഹങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. എന്നാല്‍ ദൈവത്തിന്റെ ഏകത്വം ഭാഗികമായി അംഗീകരിക്കുകയും ഭാഗികമായി നിരാകരിക്കുകയും ചെയ്ത സമൂഹങ്ങളെയാണ് പ്രവാചകന്മാര്‍ അഭിമുഖീകരിച്ചത്. സ്രഷ്ടാവും സംരക്ഷകനും അല്ലാഹുവാണെന്ന് ഉറച്ചു വിശ്വസിക്കുന്നവരും ആരാധന അല്ലാഹു അല്ലാത്തവര്‍ക്കും സമര്‍പ്പിച്ചു. ഈ കാര്യം വിശദമായി മനസ്സിലാക്കാന്‍ തൗഹീദിന്റെ വിഭജന പഠനത്തിലൂടെ സാധിക്കും. അവയിലൊന്നാണ് തൗഹീദുര്‍റുബൂബിയ്യ.
തൗഹീദുര്‍റുബൂബിയ്യ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് രക്ഷാകര്‍തൃത്വത്തിലുള്ള ഏകത്വമാണ്. ലോകനിയന്ത്രണത്തിലും പരിപാലനത്തിലും ആഹാരാദി വിഭവങ്ങള്‍ നല്‍കുന്നതിലും സൃഷ്ടിസംഹാരങ്ങളിലും അല്ലാഹു അല്ലാതെ മറ്റാര്‍ക്കും പങ്കില്ല എന്ന വിശ്വാസമാണ് അത്.
ലോകത്തിന്റെ സ്രഷ്ടാവും അതിന്റെ പരിപാലകനും ആഹാരം നല്‍കുന്നവനും അല്ലാഹു മാത്രമാണെന്ന വസ്തുത ബഹുദൈവാരാധകരും നിഷേധിച്ചിരുന്നില്ല. ഈ ഏകത്വത്തില്‍ അവര്‍ അല്ലാഹുവിന് സമന്മാരെ സങ്കല്പിച്ചതുമില്ല. സ്രഷ്ടാവും ജഗന്നിയന്താവും അല്ലാഹു ആണെന്ന് നിസ്സംശയം അവര്‍ സമ്മതിക്കുന്നതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ‘അവരെ സൃഷ്ടിച്ചത് ആരാണെന്ന് ചോദിച്ചാല്‍ നിശ്ചയം അല്ലാഹുവാണെന്ന് അവര്‍ പറയും’ (43:87). ”ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചതും സൂര്യനെയും ചന്ദ്രനെയും അധീനപ്പെടുത്തി ത്തന്നതും ആരാണെന്ന് നീ അവരോട് ചോദിച്ചാല്‍ ഉറപ്പായും അവര്‍ പറയും അല്ലാഹുവാണെന്ന്’ (29:61).
സ്രഷ്ടാവും സംരക്ഷകനുമായ ഒരു അദൃശ്യശക്തിയില്‍ ഖുര്‍ആന്റെ അവതരണ കാലഘട്ടത്തിലുണ്ടായിരുന്ന അറബികള്‍ക്ക് വിശ്വാസമുണ്ടായിരുന്നു. ആ ശക്തിയെ അവര്‍ ‘അല്ലാഹു’ എന്ന് തന്നെയായിരുന്നു വിളിച്ചിരുന്നത്. ഈ സ്രഷ്ടാവിനെപ്പറ്റി പ്രാചീനവും ആധുനികവുമായ എല്ലാ സമൂഹങ്ങള്‍ക്കും പരിചയമുണ്ടായിരുന്നു. അടിസ്ഥാനപരമായ ഈ ദൈവവിശ്വാസത്തോടൊപ്പം തന്നെ മിക്ക സമൂഹങ്ങളും ബഹുദൈവാരാധകരായിരുന്നു എന്നതാണ് വസ്തുത. തങ്ങളുടെ ആരാധ്യന്മാര്‍ക്ക് ഈ പ്രപഞ്ചത്തിന്റെ സംവിധാനത്തില്‍ ഏതെങ്കിലും തരത്തില്‍ നിയന്ത്രണമോ സ്വാധീനമോ അധികാരമോ ഉണ്ടെന്ന് അവര്‍ക്ക് വാദമില്ല. എന്നിട്ടും അവയെ ആരാധിക്കുന്നു, അവയുടെ മുന്നില്‍ പ്രാര്‍ഥനയും നേര്‍ച്ചയും നടത്തുന്നു. വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരോട്, സൃഷ്ടിച്ചവനല്ലാതെ ആരാധന അര്‍ഹിക്കുന്നില്ല എന്ന ലളിത സത്യത്തെക്കുറിച്ച് ചിന്തിക്കാന്‍ ആവശ്യപ്പെടുന്നു.
”ഇതൊക്കെ അല്ലാഹുവിന്റെ സൃഷ്ടിയാകുന്നു. എന്നാല്‍ അവന്നു പുറമെയുള്ളവര്‍ സൃഷ്ടിച്ചിട്ടുള്ളത് എന്താണെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചു തരൂ. അല്ല, അതിക്രമികള്‍ വ്യക്തമായ വഴികേടിലാകുന്നു” (31:11).
വിശുദ്ധ ഖുര്‍ആനിലെ പ്രഥമാധ്യായമായ ‘അല്‍ഫാതിഹ’യില്‍ അല്ലാഹുവിനെ പരിചയപ്പെടുത്തിയത് സര്‍വ്വലോക പരിപാലകന്‍ (റബ്ബുല്‍ ആലമീന്‍) എന്നാണ്. മൂസാ(അ) ലോകരക്ഷിതാവിനെ ആരാധിക്കണമെന്ന് ഫറോവയോട് പറഞ്ഞപ്പോള്‍ ആരാണ് റബ്ബുല്‍ ആലമീന്‍ എന്നായിരുന്നു ഫറോവയുടെ മറുചോദ്യം. മൂസാ(അ) അല്ലാഹുവിനെ പരിചയപ്പെടുത്തി പറഞ്ഞത് ഇപ്രകാരമാണ്: ‘‘ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്‍കുകയും എന്നിട്ട് അവയ്ക്ക് വഴികാണിക്കുകയും ചെയ്തവനാണ് ഞങ്ങളുടെ രക്ഷിതാവ്” (20:50).
ഇബ്‌റാഹീം നബിയും റബ്ബുല്‍ ആലമീന്‍ (ലോകരക്ഷിതാവ്) എന്നു തന്നെയാണ് ദൈവത്തെ പരിചയപ്പെടുത്തിയത്. ഖുര്‍ആന്‍ പറയുന്നു: ‘‘എന്നാല്‍ നിങ്ങള്‍ ആരാധിക്കുന്നവയെല്ലാം എന്റെ ശത്രുക്കളാകുന്നു; ലോകരക്ഷിതാവൊഴികെ. അതായത് എന്നെ സൃഷ്ടിച്ച് എനിക്ക് മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നവന്‍. എനിക്ക് ആഹാരം തരികയും കുടിനീര്‍ തരികയും ചെയ്യുന്നവന്‍. എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്. എന്നെ മരിപ്പിക്കുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യുന്നവന്‍” (26:77-81).
സൃഷ്ടിക്കുക, നിയന്ത്രിക്കുക, സംരക്ഷിക്കുക എന്നീ കാര്യങ്ങളില്‍ അല്ലാഹുവിന് പങ്കുകാരായി ആരുമില്ലെന്ന് അംഗീകരിച്ചിരുന്ന ബഹുദൈവാരാധകര്‍ ആരാധനയിലുള്ള ദൈവത്തിന്റെ ഏകത്വത്തെ നിരസിച്ചു. അത്‌കൊണ്ട് തന്നെ പ്രവാചകന്മാര്‍ ലോകത്ത് നിയോഗിക്കപ്പെട്ടത് ലോക സ്രഷ്ടാവും നാഥനും അല്ലാഹുവാണെന്ന് പ്രബോധനം ചെയ്യുന്നതിനായിട്ടല്ല. നേരെമറിച്ച് ആരാധന ദൈവത്തിന് മാത്രമേ പാടുള്ളൂ എന്ന് ജനങ്ങളെ ഉദ്‌ബോധിപ്പിക്കാനും അതിനെ സ്ഥാപിക്കാനുമായിട്ടായിരുന്നു.
തൗഹീദുല്‍ അസ്മാഇ വസ്സിഫാത്ത്
അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളിലുള്ള ഏകത്വം എന്നാണ് തൗഹീദുല്‍ അസ്മാഇ വസ്സിഫാത്ത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സൃഷ്ടികളില്‍ നിന്ന് സത്തയിലും ഗുണത്തിലും പ്രവര്‍ത്തനത്തിലും തികച്ചും ഭിന്നനാണ് ദൈവം എന്നതാണ് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്.
‘നബിയേ, പറയുക, അല്ലാഹു ഏകനാണ് എന്നതാകുന്നു വസ്തുത. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ ആര്‍ക്കും ജന്മം നല്‍കിയിട്ടില്ല. ആരുടെയും സന്തതിയായി ജനിച്ചിട്ടുമില്ല. അവന് തുല്യനായി ആരും ഇല്ലതാനും’‘ (112: 1-4).
സൃഷ്ടികളില്‍ നിന്ന് തികച്ചും വ്യതിരിക്തനായവനാണ് സാക്ഷാല്‍ ദൈവം(അല്ലാഹു). അവന്റെ സത്തയെ ഉള്‍ക്കൊള്ളാന്‍ മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്കോ ബുദ്ധിക്കോ കഴിയില്ല. ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന രൂപത്തില്‍ അല്ലാഹുവിന്റെ യഥാര്‍ഥ ഗുണനാമവിശേഷങ്ങള്‍ മനസ്സിലാക്കുക എന്നതാണ് കരണീയമായിട്ടുള്ളത്. ആ ഗുണവിശേഷങ്ങളില്‍ അവന്‍ ഏകനാണ്. സ്ഥലകാല പരിമിതികള്‍ക്ക് അധീനനായ സൃഷ്ടികളുടെ ഗുണങ്ങളുമായി അതിനെ തുലനപ്പെടുത്തുക സാധ്യമേ അല്ല. കാരണം സമ്പൂര്‍ണനായ അല്ലാഹുവിന്റെ ഗുണങ്ങള്‍ സ്ഥലകാല പരമിതികള്‍ക്കതീതമാണ്. അല്ലാഹുവിന്റെ ഗുണനാമവിശേഷണങ്ങളിലുള്ള ഏകത്വം അംഗീകരിക്കണമെങ്കില്‍ ഖുര്‍ആന്‍ പറഞ്ഞുതന്ന ആ ഗുണനാമങ്ങളെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. വിശ്വാസികളില്‍ ഗണ്യമായ ഒരു വിഭാഗം അല്ലാഹുവോട് ഇതരരെ പങ്കുചേര്‍ക്കാനുള്ള കാരണം സ്രഷ്ടാവിനെ മനസ്സിലാക്കേണ്ട രീതിയില്‍ മനസ്സിലാക്കാത്തതാണ്. അല്ലാഹു പറയുന്നു: ”അവര്‍ അല്ലാഹുവിനെ കണക്കാക്കേണ്ട പ്രകാരം കണക്കാക്കിയില്ല” (6:91, 39:67).
മനുഷ്യന്റെ ബുദ്ധിക്കും പഞ്ചേന്ദ്രിയങ്ങള്‍ക്കും ഉള്‍ക്കൊള്ളാവുന്ന പരിധിക്കപ്പുറമാണ് ദൈവത്തിന്റെ സത്ത. അതിനെപ്പറ്റി കൂടുതല്‍ ചിന്തിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും അനാവശ്യമാണ്. ബുദ്ധിയുള്ള മനുഷ്യന് ദൈവാസ്തിക്യത്തെ മനസ്സിലാക്കാന്‍ അല്ലാഹുവിന്റെ സത്തയെപ്പറ്റിയുള്ള വിശകലനമല്ല വേണ്ടത്, സൃഷ്ടികളാകുന്ന ദൃഷ്ടാന്തങ്ങളെപ്പറ്റിയുള്ള ചിന്തയാണ് ആവശ്യം. പ്രവാചകന്‍(സ്വ) പറയുന്നു: ‘നിങ്ങള്‍ ദൈവത്തിന്റെ സൃഷ്ടികളെപ്പറ്റി ചിന്തിക്കുക. അവന്റെ സത്തയെപ്പറ്റി ചിന്തിച്ച് നാശമടയാതിരിക്കുക’.
വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പരിചയപ്പെടുത്തിയ ഗുണനാമങ്ങളിലൂടെ സ്രഷ്ടാവിനെ തിരിച്ചറിയുകയും ദൈവത്തിന്റെ സൃഷ്ടികളാകുന്ന ദൃഷ്ടാന്തങ്ങളിലൂടെ അവനിലുള്ള വിശ്വാസത്തെ ദൃഢീകരിക്കുകയും ചെയ്യേണ്ടവനാണ് വിശ്വാസി.
References- തുഹ്ഫത്തുല്‍ മുഹ്താജി ഫീ ശറഹില്‍ നിന്‍ഹാജ്, അഹ്‌മദ്ബ്‌നു മുഹമ്മദ് ബ്‌നു അലി ബ്‌നു ഹജറില്‍ ഹൈതമീ, അല്‍ മക്തബതുത്തിജാറിയ്യതുല്‍ കുബ്‌റാ, ഈജിപ്ത്, വാള്യം 1, പേജ് 8[↩]
- സുനനു അബീ ദാവൂദ്, അബൂ ദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അഥീബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 2, പേജ് 76, ഹദീസ് 1479[↩]
