ഹോം > നിലപാട്... > നിലപാട് 2021-3

1 മിനിറ്റ് വായിച്ചില്ല

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ്

അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു സൃഷ്ടിസംവിധാനവും നാശത്തെയോ ദൂഷ്യത്തെയോ നേരിടുകയില്ല. അണു അളവ് പോലും അവ്യവസ്ഥിതത്വം ദര്‍ശിക്കാനും കഴിയില്ല (67:03).
സ്രഷ്ടാവില്‍ നിന്നുള്ള മാര്‍ഗദര്‍ശനം പ്രപഞ്ചത്തിലെ ഓരോ സംവിധാനങ്ങള്‍ക്കും ഉണ്ട് (20:50). അവയുടെ പാരസ്പര്യവും സ്വഛന്ദമായ ജീവിതത്തിന് അനിവാര്യമാണ്.

പരിഗണന (രിആയ), പരിപാലനം (ഹിമായ) എന്നിവയ്ക്ക് ഇസ്‌ലാം പ്രാധാന്യം നല്‍കുന്നു. പ്രകൃതി, മനുഷ്യന്‍, ഇതര ജീവജാലങ്ങള്‍, ആവാസവ്യവസ്ഥ, വിഭവങ്ങള്‍ തുടങ്ങിയ രംഗങ്ങളിലെല്ലാം ഈ രണ്ടു മൗലിക തത്ത്വങ്ങളും പാലിക്കേണ്ടത് അനിവാര്യമാണ്. മനുഷ്യന്‍ സമാദരണീയനായ ദൈവ സൃഷ്ടിയാണ്. സന്‍മാര്‍ഗ വഴിയിലൂടെ ജീവിച്ച് സ്വര്‍ഗം നേടേണ്ട ബാധ്യത നിശ്ചയിക്കപ്പെട്ട സവിശേഷ സൃഷ്ടി. (51:56, 31:85). അതിന്നാവശ്യമായ മാര്‍ഗദര്‍ശനം (ഹുദാ) പ്രകൃതിപരമാണ് (30:30). പ്രപഞ്ചമുള്‍പ്പെടെയുള്ള സൃഷ്ടിജാലങ്ങള്‍ എല്ലാം മനുഷ്യനെ കേന്ദ്രീകരിച്ചാണ് സ്രഷ്ടാവ് സംവിധാനിച്ചിട്ടുള്ളത് (55:10). അതുകൊണ്ടു തന്നെ മനുഷ്യന്റെ മൗലികബാധ്യതകളില്‍ ഒന്നാണ്, പരിസ്ഥിതി സംരക്ഷിക്കുക എന്നത്. അന്യൂനമായ പ്രപഞ്ചഘടനയേയും സൃഷ്ടി സംവിധാനങ്ങളേയും നിലനിര്‍ത്തേണ്ടതും പരിപാലിക്കേണ്ടതും. പ്രസ്തുത പാരിസ്ഥിതിക ധര്‍മം സമസ്ത ലോകത്തിന്റെയും ജീവന്റെ നിലനില്‍പ്പിന് അനിവാര്യവും ആധാരവുമാണ്. അതിനാല്‍ പ്രകൃതിയോടുള്ള എല്ലാ അരുതായ്മകളും വലിയ വിപത്തായി (ഫസാദ്) ഇസ്‌ലാം കാണുന്നു (7:85, 47:22).

ജീവന്റെ താഴ്‌വേരുകളായ മരങ്ങള്‍, ജൈവസുരക്ഷയുടെ കാവലാളാവുന്ന വെള്ളം, അതിന്റെ സംരക്ഷണം, മണ്ണുമായുള്ള ബന്ധം നിലനിര്‍ത്തല്‍, കൃഷി, മാലിന്യസംസ്‌കരണവും ശുചിത്വബോധവും വികസന രംഗത്തെ സന്തുലിതാവസ്ഥ പാലിക്കല്‍, മിതോപയോഗ ശീലവും വിഭവ സംരക്ഷണങ്ങളും ഹരിതവല്‍ക്കരണം, ഭക്ഷ്യോപയോഗ വസ്തുക്കള്‍ വളര്‍ത്തലും അതിന്റെ പരിപാലനവും പ്രകൃതിവിഭവങ്ങളിലെ പക്വമായ ഉപഭോഗവും നിലനിര്‍ത്തലും തുടങ്ങി പരിസ്ഥിതി പാഠങ്ങള്‍ ഇസ്‌ലാമിക പ്രമാണങ്ങള്‍ ഗൗരവത്തോടെ പഠിപ്പിക്കുന്നു. ഇത്തരം മൗലികമായ പരിസ്ഥിത പരിപാലന സുരക്ഷാ മാര്‍ഗങ്ങളെ ജീവന്റെ രക്ഷയായി കാണുകയും ചെയ്യുന്നു. മനുഷ്യന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന പരിസ്ഥിതി വിരുദ്ധമായ പ്രവര്‍ത്തനങ്ങളും സര്‍വ്വനാശത്തിന്റെ വഴിയാണെന്ന ജാഗ്രതയും മതം പഠിപ്പിക്കുന്നുണ്ട് (22:05, 7:56).
2015ല്‍ United Nations Environment Programme UNEP ന്റെ മുദ്രാവാക്യം ഇങ്ങനെയായിരുന്നു. Seven Billion Dream, One Planet, Consume with Care. എഴുന്നൂറ് കോടി സ്വപ്നങ്ങള്‍, ഒരൊറ്റ ഗ്രഹം, കരുതലോടെ ഉപഭോഗം ചെയ്യുക.

തലമുറകളുടെ ജീവനും സ്വപ്നവും ഫലഭൂയിഷ്ഠമാവേണ്ട ഭൂമിയുടെ പാരിസ്ഥിതിക സംരക്ഷണത്തെപ്പറ്റി പരിസ്ഥിതി പ്രോട്ടോകോളുകള്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് മനുഷ്യാരംഭം മുതല്‍, പഠിപ്പിച്ചിട്ടുണ്ട് ഇസ്‌ലാം.

1962ല്‍ അമേരിക്കന്‍ മറൈന്‍ ബയോളജിസ്റ്റായ റേച്ചല്‍ കാഴ്സന്‍, In Nature Nothing Exists Alone എന്ന പുസ്തകമാണ് ആഗോള തലത്തില്‍ ആധുനിക പരിസ്ഥിതി സംരക്ഷണ ചിന്തകള്‍ ലോകത്തിന് പകര്‍ന്ന ആദ്യ ബുക്ക് എന്ന് പറയാം. 1972ലെ സ്റ്റോക്ക് ഹോം കണ്‍വേന്‍ഷന്‍, റിയോ കോണ്‍ഫറന്‍സ് തുടങ്ങിയ ആഗോള സംഗമങ്ങളിലും ലോകം ദര്‍ശിച്ച ഹരിത പാഠങ്ങളുടെ മൗലിക ദര്‍ശനങ്ങള്‍, ഇസ്‌ലാം നൂറ്റാണ്ടുുകള്‍ക്കു മുന്‍പേ പ്രഖ്യാപിച്ചിട്ടുണ്ട്.

മനുഷ്യന് സ്രഷ്ടാവുമായുള്ള ബന്ധം കഴിഞ്ഞാല്‍ പിന്നീട് സൃഷ്ടികള്‍, പ്രപഞ്ചം എന്നിവയോടുള്ള ബന്ധമാണ് അതിപ്രധാനം. മണ്ണുമായി മനുഷ്യനുള്ള പോക്കിള്‍കൊടി ബന്ധം പവിത്രമായി പരിപാലിക്കാന്‍ ഇസ്‌ലാം ആഹ്വാനം ചെയ്യുന്നു.

അന്ത്യനാള്‍ ആസന്നമാകുന്ന അവസരത്തിലും തന്റെ കൈയില്‍ ഒരു വിത്ത് അവശേഷിക്കുന്നുവെങ്കില്‍ അവ ഭൂമിയില്‍ നിക്ഷേപിക്കുകയെന്ന പ്രവാചക വചനം (ഹദീസ്) മാത്രം മതി, എത്ര ഗൗരവത്തോടെയാണ് പരിസ്ഥിതിയുടെ കാവലാവാന്‍ മതം പഠിപ്പിക്കുന്നത് എന്ന് ഗ്രഹിക്കാന്‍.

കന്യാവനങ്ങള്‍, ചരിത്രത്തിലും സാഹിത്യങ്ങളിലും മാത്രം പരിമിതപ്പെട്ടു പോവുമ്പോള്‍ തന്നെ, ഭൂമിയെ ഊഷരമാക്കിയിടുന്നത് തിന്‍മയാണെന്നും ഹരിതവല്‍ക്കരണവും കൃഷിയും പുണ്യകര്‍മമാണെന്നും ഇസ്‌ലാം ബോധനം നല്‍കുന്നു.

വൃക്ഷങ്ങള്‍ വെട്ടി മുറിക്കരുത്, കൃഷിസ്ഥലത്തെ നശിപ്പിക്കരുത്, തീവെക്കരുത്, ഈത്തപ്പനയെ നിങ്ങള്‍ ആദരിക്കുക. നീ ഭൂമിയില്‍ നിക്ഷേപിച്ച വിത്ത് വഴിയുടെ ഫലം ആര് ഉപയോഗിച്ചാലും നിനക്ക് മഹത്തായ പ്രതിഫലമുണ്ട്. തുടങ്ങിയ അധ്യാപനങ്ങള്‍ ഉദാഹരണമത്രെ.

മഴയും വെള്ളവും നല്‍കിയ സ്രഷ്ടാവിനെ സ്മരിക്കല്‍, ജലസ്രോതസ്സുകളുടെ സംരക്ഷം, മാലിന്യമുക്തമായി സൂക്ഷിക്കല്‍, കെട്ടിനില്‍ക്കുന്ന ജലാശയങ്ങളെ വൃത്തികേടാക്കാതിരിക്കല്‍, വെള്ളത്തില്‍ വിസര്‍ജ്ജനം ചെയ്യാതിരിക്കല്‍, വെള്ളം കണിശതയോടെ ഉപയോഗിക്കല്‍, തുടങ്ങിയ ജലസാക്ഷരതാ പാഠങ്ങളും ഇസ്‌ലാം പകര്‍ന്ന് നല്‍കുന്നുണ്ട് (23:18, 56:69, 50:9, 16:10).

പ്രവാചകന്‍ ആഹ്വാനം ചെയ്തു.

ഒഴുകുന്ന പുഴയില്‍ നിന്ന് അംഗശുദ്ധി വരുത്തുമ്പോഴും വെള്ളം അമിതമായി ഉപയോഗിക്കരുത് (ഇബ്നു മാജ – ഹദീസ്)

വിശ്വാസ വിശുദ്ധിയുള്ള പാവനമായ മനസ് വഴി മണ്ണിന്റെ സംശുദ്ധി നില നിര്‍ത്താനാവുമെന്നും തന്റെ ജീവന്‍ തനിക്കു പ്രധാനമെന്ന പോലെ ഇതര സൃഷ്ടി സംവിധാനങ്ങളുടെയും ജീവനും ജീവിതവും അമൂല്യമാണെന്നും തിരിച്ചറിയണം. മണ്ണില്‍ നിന്ന പിറവിയെടുത്ത മനുഷ്യന്, മണ്ണ് തൊട്ടാല്‍ വൃത്തികേടാവില്ലെന്ന് കൃഷിപാഠം ഉള്‍ക്കൊള്ളുമ്പോള്‍ കൃഷി സംസ്‌കാരമായി (Agriculture) മാറും.

വിശ്വാസ അനുഷ്ഠാനങ്ങള്‍ മൗലികമാണെന്ന് വിസ്മരിക്കാതെ തന്നെ മതജീവിതത്തിന്റെ ആകാശത്തു നിന്ന് പരിസ്ഥിതി സൗഹൃദ സംരക്ഷണത്തിന്റെ പേമാരിയെ മണ്ണില്‍ ചൊരിഞ്ഞ് ജീവന്റെ തുടിപ്പുകളെ ഫലഭൂയിഷ്ഠമാക്കേണ്ടത് മതബാധ്യതയാണെന്ന് നാം മറക്കരുത്.

 

വെറുപ്പിന്റെ രാഷ്ട്രീയം ആപത്ത്

നമ്മുടെ ഇന്ത്യ ഒരു ബഹുസ്വര രാജ്യമാണ്. അനേകം ജാതികള്‍, അതിലേറെ ഉപജാതികള്‍, നിരവധി ഭാഷകള്‍, വ്യത്യസ്ത സംസ്‌കാരങ്ങള്‍, വൈവിധ്യമാര്‍ന്ന ജീവിത രീതികള്‍, വിഭിന്ന മതങ്ങള്‍.. ഇതെല്ലാമടങ്ങുന്നതാണ് ബഹുസ്വരത. ഇത്തരം രാജ്യങ്ങള്‍ ലോകത്തില്‍ ഏറെയില്ല.

പണ്ട് ഇന്ത്യ ഉപഭൂഖണ്ഡം അനേകം നാട്ടുരാജ്യങ്ങളായിരുന്നു. കൊളോണിയന്‍ ഭരണകാലത്ത് അത് ഏതാണ്ടൊക്കെ ഇല്ലാതായി. സ്വതന്ത്ര ഇന്ത്യ ഒരു ദേശ(നാഷന്‍)മായി നിലകൊണ്ടു.

ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളായി തിരിച്ചു. കുറെയേറെ സ്വയം നിര്‍ണായകാവകാശമുള്ള സംസ്ഥാന ഭരണകൂടങ്ങളും എല്ലാം നിയന്ത്രിക്കുന്ന കേന്ദ്ര ഭരണവും ഉള്ള ഫെഡറല്‍ സംവിധാനമാണ് നമ്മുടെ രാജ്യത്ത് നില നില്ക്കുന്നത്. യഥാര്‍ത്ഥ നാനാത്വത്തില്‍ ഏകത്വം.

മുകളില്‍ പറഞ്ഞ വൈവിധ്യങ്ങളെല്ലാം നില നില്‌ക്കെത്തന്നെ ഇന്ത്യയെ ഒറ്റ രാജ്യമായിക്കാണാനും കുറ്റമറ്റ ഭരണഘടന തയ്യാറാക്കി വ്യവസ്ഥാപിത റിപ്പബ്‌ളിക്കായി നിലനിര്‍ത്താനും നവ ഭാരത ശില്പികളായ മഹാരഥന്‍മാര്‍ക്ക് കഴിഞ്ഞു.

ബഹുസ്വരത ഉള്‍ക്കൊണ്ട് മതനിരപേക്ഷതയും ജനാധിപത്യവും മുഖ മുദ്രയായിട്ടാണ് ഇന്ത്യ മുന്നോട്ടു നീങ്ങിയത്. ജനാധിപത്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറെ പ്രധാന്യമുണ്ട്. വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങള്‍ വെച്ചു പുലര്‍ത്തുന്നവയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. നയനിലപാടുകളില്‍ വൈജാത്യവും ഒരുവേള വൈരുധ്യവും വെച്ചുപുലര്‍ത്തുന്ന പാര്‍ട്ടികളുണ്ട്. പക്ഷേ, ആത്യന്തികമായി ഭരണ ഘടനയ്ക്ക് വിധേയമായി മാത്രമേ ആര്‍ക്കും ഭരണം നടത്താനാവൂ.

ഈ രാഷ്ട്രീയ സംവിധാനത്തില്‍ മതകീയമോ ജാതീയമോ പ്രാദേശികമോ ആയ വിഭാഗീയതകളില്ല. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് മതകീയമോ ജാതീയമോ പ്രദേശികമോ ആയ വിവേചനങ്ങള്‍ പാടില്ല. ഓരോ പൗരന്നും വ്യക്തിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനല്കുന്നു. ഭരണ കക്ഷിയും പ്രതിപക്ഷവും ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരാണ്.

ജാതിയുടെയോ മതത്തിന്റെയോ വര്‍ഗത്തിന്റെയോ അടിസ്ഥാനത്തിലല്ല രാഷ്ട്രീയ നിലപാടുകള്‍ നിശ്ചയിക്കപ്പെടുന്നത്. ജാതി മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കപ്പെടുന്ന രാഷ്ട്രീയം മതനിരപക്ഷജനാധിപത്യത്തിന് വിരുദ്ധമാണ്. എന്നാല്‍ പതുക്കെപ്പതുക്കെ മതവികാരം രാഷ്ട്രീയ രംഗത്ത് ദുരുപയോഗപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. മതവികാരം ആളിക്കത്തിച്ച് ചിലര്‍ രാഷ്ട്രീയത്തെ വഴി തിരിച്ചു വിടുന്നു. മതവികാരം ഭരണം കൈയടക്കാനുള്ള കുറുക്കുവഴികളായി വിനിയോഗിച്ച ദുരവസ്ഥയാണ് ഇന്ന് ഇന്ത്യയുടെ ദുരന്തം. തന്റെ മതത്തിനു വേണ്ടി പ്രവര്‍ത്തിക്കുക എന്നതിലുപരി പരമതവിദ്വേഷം ജനിപ്പിക്കുക എന്ന വെറുപ്പിന്റെ രാഷ്ട്രീയമാണ് ചിലരെങ്കിലും പയറ്റാന്‍ ശ്രമിക്കുന്നത്.

ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ താരതമ്യേന പ്രബുദ്ധതയുള്ള കേരളത്തില്‍ മതവര്‍ഗീയതയോ സാമുദായിക ധ്രുവീകരണമോ അപരവിദ്വേഷമോ രാഷ്ടീയത്തിന്റെ ചാലക ശക്തിയായിരുന്നില്ല. ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായിരുന്നു കേരളം. എന്നാല്‍ അടുത്ത കാലത്തായി അപരനെ വെറുക്കാനും പരമതവിദ്വേഷം വളര്‍ത്താനും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നതായി അനുഭവപ്പെടുന്നു.

ഹിന്ദു, മുസ്‌ലിം, ക്രൈസ്തവ മതങ്ങളാണ് കേരളത്തിലുള്ളത്. ഓരോ മതവിഭാഗവും തങ്ങളുടെ വിശ്വാസാചാരങ്ങളുമായി ജീവിക്കുന്നു. നാട്ടിലെ സൗഹാര്‍ദാന്തരീക്ഷത്തിന് വിശ്വാസമോ ആചാരമോ ആരാധനാലയങ്ങളോ ഒരിക്കലും തടസ്സമായിരുന്നിട്ടില്ല. വിശ്വാസാചാരങ്ങള്‍ക്കപ്പുറം അയല്‍പക്ക ബന്ധങ്ങള്‍, സഹവര്‍ത്തനങ്ങള്‍, നിരവധി മതനിരപേക്ഷകൂട്ടായ്മകള്‍ എല്ലാം നാടിന്റെ മുഖ മുദ്രയായി വര്‍ത്തിക്കുന്നു. നാടിന്റെ ഭരണം നിയന്ത്രിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും എല്ലാ മതവിശ്വാസികളും ഉണ്ട്. അവനവന്റെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുന്ന ഒരു വിഭാഗവും അപരന്റെ അവകാശം തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല.

കേരളജനതയുടെ ഈ സുസ്ഥിതിക്ക് പോറലേല്പിക്കാന്‍ തല്പര കക്ഷികള്‍ ശ്രമിക്കുന്നുവോ എന്നു സംശയിക്കണം. ഹിന്ദുക്കളെയും, മുസ്‌ലിംകളെയും തമ്മില്‍ തെറ്റിക്കുവാനും മുസ്‌ലിംകളെയും ക്രൈസ്തവരെയും പരസ്പരം ശത്രുക്കളാക്കാനും ശ്രമങ്ങള്‍ നടക്കുന്നു. ഇത് തോന്നല്‍ മാത്രമല്ല . വസ്തുതയുടെ കണിക പോലുമില്ലാത്ത ലൗ ജിഹാദ് എന്ന, ബോധപൂര്‍വമുണ്ടാക്കിയ ഒരു വിവാദം ഇതിനുദാഹരണമാണ്. അന്വേഷണ കമ്മീഷനുകളും കോടതികളും അങ്ങനെയൊരു സംഗതി ഇല്ല എന്ന് വ്യക്തമാക്കിയിട്ടും പരമതവിദ്വേഷത്തിന് കുട പിടിച്ചുകൊണ്ട് ലൗജിഹാദ് ആരോപണം വീണ്ടും തലപൊക്കുന്നു.

ഈയിടെ വന്ന എയ്റ്റി ട്വന്റി വിവാദം സാമുദായിക ധ്രുവീകരണത്തിലേക്കും പരസ്പര വിദ്വേഷത്തിലേക്കും ചിലര്‍ വലിച്ചുകൊണ്ടുപോയി. വസ്തുതകള്‍ വ്യക്തമാക്കിക്കൊണ്ട് സര്‍ക്കാര്‍ പ്രസ്താവനയിറക്കിയാല്‍ തീരാവുന്ന പ്രശ്‌നത്തില്‍ സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്. വിദ്വേഷം വളര്‍ത്തുന്നതില്‍ സോഷ്യല്‍ മീഡിയക്കുള്ള പങ്ക് വലുതാണ്. തങ്ങളുടെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി സമൂഹ മാധ്യമങ്ങളില്‍ വര്‍ഗീയത വളര്‍ത്തുന്നവരെ കരുതിയിരിക്കണമെന്ന് കെ.സി.ബി.സി യുടെ യുവഘടകമായ ക.സി.വൈ.എം പത്രക്കുറിപ്പിറക്കേണ്ടിവന്നു. സോഷ്യല്‍ മീഡിയയില്‍ പുതുതായി കടന്നു വന്ന ‘ക്ലബ്ഹൗസ് റൂമു’കളില്‍ പലതും വിദ്വേഷ പ്രചാരണത്തിന്റെ ആയുധങ്ങളായി മാറുന്നു.

മതങ്ങള്‍ തമ്മില്‍ ആശയപരമായി പൂര്‍ണയോജിപ്പുകളില്ല. അത് ആദര്‍ശങ്ങളാണ്. എന്നാല്‍ മതവിശ്വാസികള്‍ തമ്മില്‍ വെറുപ്പിന്റെ ആവശ്യമില്ല. വിവിധ വിശ്വാസികള്‍ തമ്മിലുള്ള സൗഹാര്‍ദന്തരീക്ഷവും ജീവിതത്തിന്റെ വിവിധ മേഖലകളിലെ കൊള്ളക്കൊടുക്കകളും ആണ് നമ്മുടെ സമാധാനന്തരീക്ഷത്തിന്റെ നിദാനം. രാഷ്ട്രീയ പാര്‍ട്ടികള്‍ തികച്ചും വ്യത്യസ്തമാണ്. എന്നാല്‍ പാര്‍ട്ടിക്കാര്‍ തമ്മില്‍ രാഷ്ട്രീയമായി വിയോജിക്കുമ്പോഴും സമൂഹക്ഷേമത്തിനു വേണ്ടി കൈകോര്‍ക്കണം. നാടിന്റെ നന്‍മയില്‍ മതമില്ല, രാഷ്ട്രീയമില്ല. നാട്ടില്‍ ശാന്തിയും സമാധാനവും കളിയാടിയെങ്കിലേ മതപ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും നടക്കൂ. അതിന്നായി മനസ്സടുപ്പം വേണം. വെറുപ്പും വിദ്വേഷവും കൈവെടിയണം.

ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തിലെ സമാധാനത്തിന്റെ ഏറ്റവും മികച്ച സാമൂഹികാന്തരീക്ഷത്തിന് താത്ക്കാലിക നേട്ടം ആര്‍ക്കെങ്കിലും ലഭിച്ചാലും ദൂരവ്യാപക പ്രത്യാഘാതങ്ങളായിരിക്കും ഫലം. മത പ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടികളും മീഡിയയും ഒത്തൊരുമിച്ച് ‘വെറുപ്പിന്റെ രാഷ്ട്രീയ’ ത്തെ നിരാകരിക്കാന്‍ ശ്രമിക്കേണ്ടതാണ്.

ഹജ്ജിന്റെ ആത്മീയ ചൈതന്യം

ഇസ്ലാമില്‍ വ്യക്തികള്‍ അനുഷ്ഠിച്ചിരിക്കേണ്ട നിര്‍ബന്ധ ആരാധനകളിലൊന്നാണ് ഹജ്ജ്. നമസ്‌കാരം, സകാത്ത്, നോമ്പ് എന്നിവയാണ് മറ്റു കര്‍മങ്ങള്‍. നമസ്‌കാരം, നോമ്പ് സകാത്ത് എന്നിവയില്‍ നിന്ന് വ്യതിരിക്തമാണ് ഹജ്ജ്. അത് ലോകത്ത് ഒരിടത്തു മാത്രമേ ചെയ്യാന്‍ കഴിയൂ; മക്കയില്‍. അവിടെ പോയി വരാന്‍ സാമ്പത്തിക-ശാരീരിക-സാങ്കേതിക സൗകര്യങ്ങള്‍ ഒത്തിണങ്ങിയവര്‍ക്ക് മാത്രമേ ഹജ്ജ് കര്‍മം നിര്‍ബന്ധമുള്ളൂ. മാത്രമല്ല ജീവിതത്തില്‍ ഒരു തവണ മാത്രമേ ഹജ്ജ് ചെയ്യാന്‍ ബാധ്യതയുള്ളൂ. ഐച്ഛികമായി കൂടുതല്‍ നിര്‍വഹിക്കാവുന്നതാണ്.

മതങ്ങള്‍ അടിസ്ഥാനപരമായിത്തന്നെ വ്യത്യസ്തങ്ങളാണെങ്കിലും അവ തമ്മില്‍ ചില സാമ്യങ്ങളും കാണാം. മാനവിക മൂല്യങ്ങളില്‍ മാത്രമല്ല കര്‍മങ്ങളിലും മൗലികമായ ഐകരൂപ്യവും പ്രയോഗ തലത്തില്‍ ഭിന്നതയുമാണുള്ളത്. തീര്‍ഥാടനം എല്ലാ മതങ്ങളിലും പുണ്യ പ്രവര്‍ത്തനമാണ്. എന്നാല്‍ മിക്ക മതങ്ങളിലും തീര്‍ഥാടനം ആചാര്യന്‍മാരുടെ ജന്മസ്ഥലത്തേക്കോ സമാധിസ്ഥലത്തേക്കോ ആണ് നടത്താറുള്ളത്. ഇസ്ലാമില്‍ തീര്‍ഥാടനം ആദര്‍ശ പ്രധാനവും ഏകദൈവ വിശ്വാസത്തില്‍ ഊന്നിക്കൊണ്ടുമുള്ളതാണ്. ഹജ്ജും ഉംറയും അല്ലാതെ മറ്റൊരു കര്‍മവും ഇങ്ങനെ ചെയ്യാന്‍ ഇസ്ലാം നിര്‍ദേശിക്കുന്നില്ല. അത് മക്കയില്‍ മാത്രമേ പാടുള്ളുതാനും.

മനുഷ്യര്‍ക്കിടയിലെ സമഭാവനയാണ് ഹജ്ജിന്റെ ഒരു പ്രധാന ഊന്നല്‍. അല്ലാഹുവിനു മുമ്പില്‍ എല്ലാവരും തുല്യരാണെന്നും ഭക്തി മാത്രമാണ് അല്ലാഹുവിന്റെ തൃപ്തി ലഭിക്കാനുള്ള മാനദണ്ഡമെന്നും ഹജ്ജ് ഘോഷിക്കുന്നു. എന്നാല്‍ തങ്ങളുടെ ഗോത്രമഹിമയും വംശമാഹാത്മ്യവും വിളിച്ചു പറയാനായിരുന്നു ജാഹിലിയ്യാകാലത്തെ ഖുറൈശികള്‍ ഹജ്ജിനെ ഉപയോഗിച്ചത്. കഅ്ബയുടെ ആള്‍ക്കാരെന്നപേരില്‍ അഹങ്കരിക്കാനുള്ള വേദിയാക്കി ഹജ്ജിനെ അവര്‍ മാറ്റി. ഖുറൈശികള്‍ മാത്രമേ വസ്ത്രം ധരിച്ച് ത്വവാഫ് ചെയ്യാവൂ എന്നും തങ്ങള്‍ക്ക് അറഫയില്‍ നില്ക്കേണ്ടതില്ലെന്നും അവര്‍ തീരുമാനിച്ചു. കൂടാതെ കുറെ അനാചാരങ്ങളും അവര്‍ നടപ്പില്‍ വരുത്തി.

ബലിമൃഗത്തിന്റെ രക്തം കഅ്ബയുടെ ചുമരില്‍ തേക്കുക, കൊട്ടും പാട്ടും നടത്തുക, ഹജ്ജ് കഴിഞ്ഞ് വീട്ടിലേക്ക് പിന്‍വാതിലിലൂടെ കടക്കുന്നതില്‍ പുണ്യം കാണുക, ഹജ്ജ് കഴിയുംവരെ കച്ചവടം നിഷിദ്ധമാക്കുക, നടന്ന് ഹജ്ജുചെയ്യല്‍ ഏറെ പുണ്യമായി ഗണിക്കുക തുടങ്ങി അത്യാചാര സമുച്ചയമായി ഹജ്ജ് അധഃപതിച്ചു.

മുഹമ്മദ് നബി(സ്വ) ജനിച്ചതും അന്തിമപ്രവാചകനായി നിയുക്തനായതും ഇതേ മക്കയിലാണ്. അദ്ദേഹത്തിന്റെ പ്രബോധന ജീവിതത്തിലൂടെ ഇസ്ലാം പൂര്‍ണമായി. ഭൂമിയിലെ പ്രഥമ ആരാധനാമന്ദിരം കേന്ദ്രമാക്കിയുള്ള ഹജ്ജ് കര്‍മം നബി(സ്വ) അംഗീകരിക്കുകയും ഇസ്ലാമിക അനുഷ്ഠാനത്തിന്റെ ഭാഗമാക്കുകയും ചെയ്തു. കാലാന്തരത്തില്‍ ഹജ്ജില്‍ വരുത്തിയ അരുതായ്മകള്‍ തിരുത്തി തൗഹീദിന്റെ വിളംബരമായി നബി(സ്വ) ഹജ്ജ് കര്‍മം ജനങ്ങളെ പഠിപ്പിച്ചുകൊടുത്തു.

മുഹമ്മദ് നബി(സ്വ) ഒരിക്കല്‍ മാത്രമേ ഹജ്ജ് ചെയ്തിട്ടുള്ളൂ. ഒന്നിലേറെ ഹജ്ജ് ചെയ്യുന്നത് പുണ്യമാണ്. ഏറെ സമയവും സമ്പത്തും അധ്വാനവും ശ്രദ്ധയുമെല്ലാം വേണ്ട ആരാധന എന്നനിലയില്‍ ഹജ്ജിന് മഹത്തായ പുണ്യം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. അബൂഹുറയ്റ പറയുന്നു: ”ഏത് കര്‍മമാണ് കൂടുതല്‍ ശ്രേഷ്ഠമായതെന്ന് തിരുമേനി(സ്വ)യോട് ഒരാള്‍ ചോദിച്ചു. അപ്പോള്‍ തിരുമേനി(സ്വ) പറഞ്ഞു: അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കല്‍. അയാള്‍ വീണ്ടും ചോദിച്ചു. പിന്നെ ഏതാണ്. തിരുമേനി(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നടത്തുന്ന ത്യാഗം. പിന്നെ ഏതാണെന്ന് വീണ്ടും ചോദിക്കപ്പെട്ടു. നബി(സ്വ) ഉത്തരം നല്കി: സ്വീകാര്യയോഗ്യമായ നിലക്ക് നിര്‍വഹിച്ച ഹജ്ജ്” (ബുഖാരി).

ത്യാഗജീവിതത്തിന്റെ ഓര്‍മപ്പെരുന്നാള്‍

വര്‍ഷത്തില്‍ രണ്ടു സുദിനങ്ങളാണ് മുസ്‌ലിംകള്‍ക്ക് ആഘോഷിക്കാനായി മുഹമ്മദ് നബി നിര്‍ദേശിച്ചത്. ഈദുല്‍ഫിത്വ്‌റും ഈദുല്‍അദ്വ്ഹായും, മഹത്തായ, ത്യാഗനിര്‍ഭരമായ രണ്ട് ആരാധനകളോടനുബന്ധിച്ചാണ് ഈ പെരുന്നാളുകള്‍. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിന്റെ പിറ്റേ ദിവസമാണ് (ശവ്വാല്‍ ഒന്ന്) ഈദുല്‍ ഫിഫിത്വർ. ലോകത്ത് തന്നെ വലിയൊരു സംഭവമായിത്തീരുന്ന മഹത്തായ ഹജ്ജ് കര്‍മത്തോടനുബന്ധിച്ചാണ് (ദുല്‍ഹിജ്ജ പത്ത്) ഈദുല്‍അദ്വ്ഹാ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.

നിര്‍ണയിക്കപ്പെട്ട സമയങ്ങള്‍ പോലെ വേറെയും പ്രത്യേകതകള്‍ രണ്ട് ആഘോഷങ്ങള്‍ക്കുമുണ്ട്. ദൈവകീര്‍ത്തനങ്ങളാണ് പ്രഥമ പരിഗണനയെങ്കില്‍ സമസൃഷ്ടി സ്‌നേഹവും മാനവിക സമീപനങ്ങളുമാണ് ദ്വിതീയം. ആഘോഷങ്ങളോടനുബന്ധിച്ച് പാവങ്ങള്‍ക്ക് ആഹാരം നല്‍കല്‍ നിര്‍ബന്ധമാണ്. സകാത്തുല്‍ ഫിത്വ്‌റും ബലികര്‍മവും.

നമ്മുടെ മുന്നില്‍ എത്തിനില്‍ക്കുന്ന ഈദുല്‍ അദ്വ്ഹായാകട്ടെ ഇബ്‌റാഹീം(അ), ഭാര്യഹാജര്‍, മകന്‍ ഇസ്മാഈല്‍(അ) എന്നിവരുടെ സംഭവ ബഹുലമായ ത്യാഗജീവിതത്തിന്റെ ഓര്‍മപ്പെരുനാള്‍ കൂടിയാണ്. ഇബ്‌റാഹീം നബി(അ)യെ അനുസ്മരിക്കാതെ ഹജ്ജ് കര്‍മം നിര്‍വഹിക്കാനോ ഹജ്ജ് പെരുന്നാള്‍ ആഘോഷക്കാനോ കഴിയില്ല. ലോകത്ത് ആദ്യമായി അല്ലാഹുവിനെ ആരാധിക്കാനായി ഒരു കേന്ദ്രം പണിതുയര്‍ത്താന്‍ അല്ലാഹു നിയോഗിച്ചത് അദ്ദേഹത്തെയാണ്. ആ ആരാധനാലയത്തിന് ചുറ്റുമായി വിശ്വാസികള്‍ക്കുള്ള ഏക തീര്‍ത്ഥാടനം (ഹജ്ജ്) പ്രഖ്യാപിക്കപ്പെട്ടത് അദ്ദേഹത്തിന്റെ നാവിലൂടെയാണ്. ഹജ്ജ്,എന്ന അനുഷ്ഠാനത്തിന്റെ ഓരോകര്‍മാംശവും ഇബ്‌റാഹീം(അ)ഭാര്യ ഹാജര്‍, മകന്‍ ഇസ്മാഈല്‍(അ) എന്നിവരുടെ ത്യാഗ ജീവിതത്തിന്റെ പ്രതീകങ്ങള്‍കൂടിയാണ്. ഭക്തിയും ഗൗരവചിന്തയും ഒത്തിണങ്ങിയ ഈ പശ്ചാത്തലത്തില്‍ തന്നെയാണ് വിശ്വാസികള്‍ക്ക് ആനന്ദിക്കാനും ആഹ്ലാദിക്കാനുമായി ഒരു ആഘോഷസുദിനം റസൂല്‍(സ്വ) കാണിച്ചു തന്നിരിക്കുന്നത്. അതാണ് ഈദുല്‍അദ്വ്ഹാ(ബലിപെരുന്നാള്‍).

ആഹ്ളാദിക്കാനും ആനന്ദിക്കാനും ഒത്തുചേരുക, സന്തോഷം പങ്കുവയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ മനുഷ്യപ്രകൃതത്തില്‍ ഊട്ടപ്പെട്ടതാണ്. ഗൗരവതരമായ കൃത്യാന്തര ബാഹുല്യങ്ങളില്‍ നിന്ന് അല്‍പം മാറിനിന്ന് ഒന്നാശ്വസിക്കാനും മനസ്സിന് സ്വാസ്ഥ്യം വീണ്ടെടുക്കാനും ആഗ്രഹിക്കാത്ത ആളുകളില്ല. പക്ഷേ, ആനന്ദലബ്ധിക്കായി പലരും പല തരത്തിലുള്ള മാര്‍ഗങ്ങള്‍ അവലംബിക്കുന്നതായി കാണാം. ലഹരിയില്‍ മയങ്ങി പ്രയാസങ്ങള്‍ മറക്കാന്‍ ശ്രമിക്കുന്നവരുണ്ട്. അവര്‍ തേടിപ്പോകുന്ന സുഖമെന്ന താത്ക്കാലിക മിഥ്യ നിത്യദുഖത്തിലേക്കുള്ള കവാടം മാത്രമാണ്. എന്നാല്‍ ആഹ്ലാദിക്കുവാന്‍ വേണ്ടി ഇസ്‌ലാം അനുവദിച്ച, അല്ല നിശ്ചയിച്ച, മാര്‍ഗം എത്ര ഉദാത്തമാണെന്നറിയുന്നത് പ്രവാചകന്‍ പഠിപ്പിച്ച പെരുന്നാളുകളിലൂടെയാണ്. ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കനുബന്ധമായി ഉണ്ടാകാവുന്ന സകല തിന്മകളും മാറ്റിനിര്‍ത്തിയും, അവയിലൂടെ ലഭ്യമാകുന്ന ആനന്ദം പൂര്‍ണമായും ഉള്‍ക്കൊണ്ടും ഇസ്‌ലാം നിശ്ചയിച്ചതാണ് രണ്ട് പെരുന്നാളുകള്‍. ഈദുല്‍ ഫിത്വ്‌റും ഈദുല്‍ അദ്വ്ഹായും. അവയിലൊന്നായ ഈദുല്‍ അദ്വ്ഹാ (ബലിപെരുന്നാള്‍) നമ്മുടെ മുന്നിലെത്തിനില്‍ക്കുന്നു.

ബന്ധങ്ങള്‍ വിസ്മരിച്ചുകൊണ്ട് ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുനിന്നു കൊണ്ടോ അല്ല വിശ്വാസിയുടെ പെരുന്നാള്‍. പെരുന്നാളാഘോഷത്തിന് രണ്ട് ഘടകങ്ങളുണ്ട്. ഒന്ന് സ്രഷ്ടാവുമായുള്ള ബന്ധവും മറ്റേത് സമസൃഷ്ടികളുമായുള്ള ബന്ധവും. ആഘോഷത്തിന്റെ ആരംഭം തന്നെ സ്രഷ്ടാവിനെ വാഴ്ത്തിക്കൊണ്ടാണ്. തക്ബീര്‍ മുഴക്കിയും നമസ്‌കാരം നിര്‍വഹിച്ചും അത് നാം പൂര്‍ത്തിയാക്കുന്നു. പെരുന്നാള്‍ നമസ്‌കാരമാവട്ടെ, ഭക്തിയും ജീവിതവും ഒത്തിണങ്ങിയ ഒരു അനുഭൂതിയാണ്. ആബാലവൃദ്ധം ഒത്തുചേരുന്നു, നമസ്‌കരിക്കാന്‍ പാടില്ലാത്തവര്‍ പോലും. ജീവിതായോധന മുറകള്‍ നിര്‍ത്തിവെച്ച് കുടുംബത്തിലേക്കണയുന്നു എല്ലാവരും. കുടുംബത്തിലെ എല്ലാവരും ഒത്തുചേരുന്ന അസുലഭ മുഹൂര്‍ത്തങ്ങള്‍, ശയ്യാവലംബികളെ അങ്ങോട്ടുചെന്ന് ആഘോഷത്തില്‍ പങ്കെടുപ്പിക്കുന്ന അവസരങ്ങള്‍, കഷ്ടപ്പെടുന്നവര്‍ക്ക് സഹായമെത്തിച്ച് പൊതുധാരയിലേക്ക് കൊണ്ടുവരുന്ന ആഘോഷം. കളിയും അതിരുവിടാത്ത വിനോദങ്ങളുമായി ആഹ്ലാദം വര്‍ധിപ്പിക്കുന്നു. ആനന്ദലബ്ധിക്കിനി എന്തു വേണം!
പുത്തനുടുപ്പും മുന്തിയ സദ്യയും മാത്രമായി പെരുന്നാളിനെ കണ്ടുകൂടാ. പെരുന്നാളിന്റെ മുഖ്യമായ രണ്ട് സന്ദേശങ്ങളുണ്ട്. ഒന്ന്. സ്രഷ്ടാവിന്റെ താത്പര്യങ്ങള്‍ക്കപ്പുറം താന്‍ ജീവിക്കുകയില്ല എന്ന പ്രഖ്യാപനം. അല്ലാഹു അക്ബര്‍ എന്ന തക്ബീര്‍ ധ്വനി അതിന്റെ പ്രതീകമാണ്. രണ്ട്. ഉത്തമ സമൂഹത്തിലെ ഊഷ്മള ബന്ധം ബന്ധവിശുദ്ധിയുടെ ഊടും പാവുമായി ആഘോഷം മാറുമ്പോള്‍ മാത്രമേ പെരുന്നാള്‍ സാര്‍ഥകമാവു.

ഉദാത്തമായ ആഘോഷങ്ങള്‍ക്ക് ഇസ്‌ലാം തെരഞ്ഞെടുത്ത ദിനങ്ങള്‍ പോലും സമൂഹത്തിന് നല്‍കുന്നസന്ദേശങ്ങള്‍ വലുതാണ്. വ്യക്തിപൂജയില്‍ ഒതുക്കപ്പെടാത്ത ഇസ്‌ലാം ജനിമൃതികള്‍ക്ക് പ്രാധാന്യം കല്‍പിക്കുന്നില്ല. ജയന്തിയോ സമാധി ദിനമോ ആഘോഷമാക്കിയില്ല. പകരം ഭക്തിയുടെയും ത്യാഗത്തിന്റെയും മഹത്ത്വം വിളിച്ചോതുന്ന പശ്ചാത്തലങ്ങളിലാണ് ഇസ്‌ലാമിലെ പെരുന്നാളുകള്‍. വ്രതാനുഷ്ഠാനത്തിന്റെ സമാപനത്തിലാണ് ഈദുല്‍ ഫിത്വർ എങ്കില്‍ മഹത്തായ ഹജ്ജ് കര്‍മത്തിന്റെ സുപ്രധാന നാളിലാണ് ബലിപെരുന്നാള്‍. അതാകട്ടെ, പ്രവാചകന്മാരുടെ ത്യാഗജീവിതത്തിന്റെ ധന്യസരണകളിലും.

ദൗര്‍ഭാഗ്യവശാല്‍, ആശയ തലത്തിലേക്കിറങ്ങിച്ചെല്ലാ പെരുന്നാള്‍ പെരുമകള്‍ ഭക്ഷണ വൈവിധ്യത്തിലും വിപണി വിപുലീകരണത്തിലുമായി മീഡിയ ഒതുക്കുന്നു. അതില്‍ വീണുപോവുന്ന സമുദായം ആരാധനയെ ആഘോഷവും ആഘോഷത്തെ ആര്‍ഭാടവും ആക്കിത്തീര്‍ക്കുന്നു. സങ്കടകരമായ ഈ അവസ്ഥക്ക് മാറ്റം വരണം.
എന്നാല്‍ എല്ലാ ആഹ്ലാദവും പോയ്മറയുന്ന പശ്ചാത്തലത്തിലാണ് നാം പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നത്. പെരുന്നാള്‍ നമസ്‌കാരം പേരിനുമാത്രം പള്ളികളില്‍ ഒതുങ്ങുന്നു. ഭക്ത ജനങ്ങള്‍ക്ക് ഒരുമിച്ചുകൂടാനോ ഇഷ്ടജനങ്ങളുമായി സംസാരിക്കാ നോ കഷ്ടപ്പെടുന്നവരെ ചെന്ന് കാണാനോ കഴിയാതെ എല്ലാവരും വീടകങ്ങളില്‍ ഒതുങ്ങിക്കൂടേണ്ടി വരുന്ന കോവിഡ് മഹാമാരി വരുത്തിവെച്ച ദുരവസ്ഥ. അല്ലാഹു വിന്റെ പരീക്ഷണം. വിശ്വാസികള്‍ പതറില്ല. അവര്‍ക്ക് നിരാശയില്ല. നിസ്സംഗതയില്ല. സാധിക്കുന്നേടത്തോളം അല്ലാഹുവിനെ സൂക്ഷിക്കുക (64:16) എന്ന ഖുര്‍ആന്‍ വാക്യം നല്‍കുന്ന ആശ്വാസം ചെറുതല്ല. ചെന്ന് കാണാന്‍ കഴിയാത്ത ബന്ധപ്പെട്ടവരെ ഫോണില്‍ വിളിച്ച് ആശ്വാസം പകരാം. അതും അല്ലാഹുവിന്റെ അനുഗ്രഹമാണല്ലോ. അനുഗ്രഹങ്ങള്‍ യഥാവിധി ഉപയോഗപ്പെടുത്തുക. നല്ല നാളേക്ക് വേണ്ടി നാഥനോടിരക്കുക. അവന്‍ നമ്മെ കൈവിടില്ല.

 

മുൻപത്തെ ലേഖനം നിലപാട് 2021-2
അടുത്ത ലേഖനം നിലപാട് 2021-4

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History