കുഫ്ര് (സത്യനിഷേധം)
ദൈവിക ദൃഷ്ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത് അംഗീകരിക്കുകയും മറ്റു ചിലത് നിരാകരിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ഇവയാണ് ഇസ്ലാം പഠിപ്പിച്ച കുഫ്ര് (സത്യനിഷേധം).
സത്യനിഷേധികള്‍, ത്രിയേകത്വവാദം, സത്യനിഷേധികളും ഖുര്‍ആനും, സത്യനിഷേധം പ്രവാചക വചനങ്ങളില്‍, സത്യനിഷേധികളുടെ നിലപാടുകള്‍, സത്യനിഷേധികളുടെ പര്യവസാനം, അല്ലാഹുവിന്റെ ഏകത്വത്തിലുള്ള അവിശ്വാസം, സത്യനിഷേധം ആരോപിക്കല്‍, കാഫിര്‍, അമുസ്ലിംകളെ എന്തു വിളിക്കണം, കാഫിറുമായുള്ള സഹവാസം, കണ്ടിടത്തുവെച്ച് കൊല്ലുക തുടങ്ങി സത്യനിഷേധത്തിന്റെ (കുഫ്റിൻറെ) വിവിധ മേഖലകളെ പ്രതിപാദിക്കുന്ന ഭാഗങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
സത്യത്തെ നിഷേധിക്കുന്നവര്‍ക്ക് പൊതുവെ ഖുര്‍ആന്‍ നല്കിയ നാമമാണ് കാഫിര്‍. മൂടിവെക്കുക, മറച്ചുവെയ്ക്കുക എന്നതാണ് കാഫിര്‍ എന്ന പദത്തിന്റെ ഭാഷാപരമായ വിവക്ഷ. കര്ഷകന് വിത്ത് മണ്ണില്‍ മറച്ചുവെക്കുന്നവനായതിനാല്‍, കര്‍ഷകര്‍ എന്ന അര്‍ഥത്തില്‍ കാഫിറിന്റെ ബഹുവചന രൂപമായ കുഫ്ഫാര്‍ വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ട്(48:29).
‘അറിയുക. ഇഹലോക ജീവിതം കളിയും വിനോദവും അലങ്കാരവും പരസ്പരം ദുരഭിമാനം നടിക്കലും, സ്വത്തുകളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്. ഒരു മഴ പോലെ. അതു മൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോള്‍ അത് മഞ്ഞ നിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീടത് തുരുമ്പായിപ്പോകുന്നു. എന്നാല്‍ പരലോകത്ത്(ദുര്‍വൃത്തര്‍ക്ക്) കഠിനമായ ശിക്ഷയും സദ്വൃത്തര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്. ഐഹിക ജിവതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല’(57:20).
ദൈവിക ദൃഷ്ടാന്തങ്ങള്‍ തെളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താത്പര്യങ്ങള്‍ കൊണ്ടും അത് മറച്ചു വെച്ച് നിഷേധിക്കുന്നവര്‍ക്കാണ് കാഫിര്‍ എന്ന് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത്.
സത്യനിഷേധികള്‍
പ്രവാചകന്മാര് മുഖേന അല്ലാഹു മനുഷ്യര്‍ക്ക് നല്കിയ സന്ദേശങ്ങള്‍ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്തവര്‍ക്ക് വിശ്വാസികളെന്ന് അവയെ നിരാകരിച്ചവര്‍ക്ക് അവിശ്വാസികളെന്നും പറയപ്പെടുന്നു. പ്രവാചകന്മാരുടെ സമൂഹങ്ങളില്‍ വിശ്വാസികളും അവിശ്വാസികളും കപട വിശ്വാസികളും ഉണ്ടായിരുന്നു.
വിശ്വാസ കാര്യങ്ങളില്‍ ചിലത് അംഗീകരിക്കുകയും മറ്റു ചിലത് നിരാകരിക്കുകയും ചെയ്യുന്ന പ്രവണതയോട് ഇസ്ലാം വിയോജിക്കുന്നു. മത നിയമങ്ങളും വിശ്വാസകാര്യങ്ങളും താല്പര്യമുള്ളത് സ്വീകരിക്കുകയും താല്പര്യങ്ങള്ക്ക് യോജിക്കാത്തത് നിഷേധിക്കുകയും ചെയ്യുന്നവര്‍ യഥാര്‍ഥത്തില്‍ നിഷേധികള്‍ തന്നെയാണ്.
അല്ലാഹു പറയുന്നു: ”അല്ലാഹുവിലും അവന്റെ ദൂതന്മാരിലും അവിശ്വസിക്കുകയും വിശ്വാസകാര്യത്തില്‍ അല്ലാഹുവിന്നും അവന്റെ ദൂതന്മാര്ക്കുമിടയില് വിവേചനം കല്പിക്കാന് ആഗ്രഹിക്കുകയും ഞങ്ങള്‍ ചിലരെ വിശ്വസിക്കുകയും ചിലരെ നിഷേധിക്കുകയും ചെയ്യുന്നു എന്ന് പറയുകയും അങ്ങനെ വിശ്വാസത്തിനും അവിശ്വാസത്തിനുമിടയില്‍ മറ്റൊരു മാര്‍ഗം സ്വീകരിക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നവര്‍ തന്നെയാകുന്നു യഥാര്‍ഥത്തില്‍ സത്യനിഷേധികള്‍. സത്യനിഷേധികള്‍ക്ക് അപമാനകരമായശിക്ഷ നാം ഒരുക്കിവെച്ചിട്ടുണ്ട് (4:150-151).
ത്രിയേകത്വവാദം
മഹാനായ ഈസാ നബി(അ) അല്ലാഹുവിന്റെ പ്രവാചകനാണ്. അദ്ദേഹത്തിന്റെ അനുയായികള്‍ ക്രിസ്ത്യാനികള്‍(നസ്വാറാ) എന്നറിയപ്പെടുന്നു. മറ്റെല്ലാ പ്രവാചകരേയും പോലെ ഈസാ നബിയും അല്ലാഹു ഏകനാണെന്ന തൗഹീദ് പഠിപ്പിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ കാല ശേഷം വന്നവരില്‍ ചിലര്‍ ഈസാ നബി ദൈവത്തിന്റെ പുത്രനാണെന്ന് പറഞ്ഞു. പിതാവ്, പുത്രന്, പരിശുദ്ധാത്മാവ് എന്നിവ മൂന്നും ചേര്‍ന്നതാണ് ദൈവം. എന്ന ഒരു വാദം ക്രിസ്ത്യാനികള്‍ക്കിടയില്‍ ഉടലെടുത്തു. ത്രിയേകത്വമെന്ന പേരില്‍ അതിനെ സിദ്ധാന്ത വത്കരിച്ചു. ഈ വാദം വിശുദ്ധ ഖുര്‍ആന്‍ ശക്തിയായി എതിര്‍ത്തു. കാരണം സ്രഷ്ടാവിന്റെ മഹത്വത്തിന് കളങ്കം ചാര്‍ത്തുന്നതാണ് ത്രീയേകത്വം. ഈസാ നബി(അ) ദൈവപുത്രനാണെന്ന് വിശ്വസിച്ച ജനവിഭാഗം അവിശ്വാസികളായിരിക്കുന്നുവെന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നു.
‘മര്‍യമിന്റെ മകന് മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും സത്യനിഷേധികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത് ഇപ്രകാരമാണ്: ഇസ്രാഈല്‍ മക്കളേ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് പങ്കു ചേര്ക്കുന്നവന്ന് തീര്‍ച്ചയായും അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. അവന്റെ വാസസ്ഥലം നരകമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായിയായി ആരും തന്നെയില്ല’ (5:72).
‘അല്ലാഹു മൂവരില്‍ ഒരാളാണ് എന്നു പറഞ്ഞവര്‍ തീര്‍ച്ചയായും സത്യനിഷേധികള്‍ തന്നെ. ഏക ആരാധ്യനല്ലാതെ യാതൊരാരാധ്യനും ഇല്ലതന്നെ’ (5:73).
സത്യനിഷേധികളും ഖുര്‍ആനും
ഖുര്‍ആന്‍ ശ്രദ്ധിച്ചു കേട്ടാല്‍ മാത്രമേ വിശ്വാസകാര്യങ്ങളും അതിനെ തുടര്‍ന്നുള്ള മത നിയമങ്ങളും ഗ്രഹിക്കാന്‍ കഴിയുകയുള്ളൂ. പക്ഷേ ധിക്കാരവും നിഷേധവും നിമിത്തം ബധിരതയും അന്ധതയും ചിന്താപരമായ അധഃപതനവും വന്നു ചേരുന്നു. അവരെക്കുറിച്ച് അല്ലാഹു പറയുന്നത് ഇപ്രകാരമാണ്:
”അവരുടെ മനസ്സുകള്‍ക്കും കാതുകള്‍ക്കും അല്ലാഹു മുദ്ര വെച്ചിരിക്കുകയാണ്. അവരുടെ ദൃഷ്ടികളിന്മേലും ഒരു മൂടിയുണ്ട്. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്’‘ (2:7).
അല്ലാഹു പറയുന്നു: ”നീ ഖുര്‍ആന്‍ പാരായണം ചെയ്താല്‍ നിന്റെയും പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും ഇടയില്‍ ദൃശ്യമല്ലാത്ത മറ നാം വെക്കുന്നതുമാണ്. അത് മനസ്സിലാക്കാനാവാത്ത വിധം അവരുടെ ഹൃദയങ്ങളില്‍ നാം ഒരു തരം മൂടിയിടുന്നു. ഖുര്‍ആന്‍ പാരായണത്തില്‍ നിന്റെ രക്ഷിതാവിനെപ്പറ്റി മാത്രം പരാമര്‍ശിച്ചാല്‍ അവര്‍ വിറളിയെടുത്ത് പുറം തിരിഞ്ഞു പോകുന്നതാണ് (17:45,46).
സത്യനിഷേധം പ്രവാചക വചനങ്ങളില്‍
പ്രവാചകന്(സ്വ)യുടെ നിയോഗം തന്നെ സമൂഹത്തില്‍ നിന്ന് അവിശ്വാസത്തെ(കുഫ്ര്) തുടച്ചു നീക്കാന്‍ വേണ്ടിയായിരുന്നു. നബി(സ്വ)യുടേതായി 5 നാമങ്ങള്‍ ഹദീസുകളില്‍ വന്നിട്ടുണ്ട്. അതിലൊരു നാമം ‘മാഹീ’ എന്നാണ്. നബി(സ്വ) പറയുന്നു: ”എനിക്ക് 5 പേരുകള്‍ ഉണ്ട്. ഞാന്‍ മുഹമ്മദാണ്, സ്തുതിക്കപ്പെടുന്നവന്‍. അഹമ്മദാണ് (ഏറ്റവും സ്തുതിക്കപ്പെടുന്നവന്‍). ഞാന്‍ മുഖേന അവിശ്വാസത്തെ അല്ലാഹു തുടച്ചു നീക്കുന്നതിനാല്‍ ‘മാഹി’ യുമാണ്. എനിക്ക്ശേഷമാണ് ജനങ്ങളെല്ലാം (പരലോകത്ത്) ഒരുമിച്ചുകൂട്ടപ്പെടുന്നത് എന്നതിനാല്‍ ഞാന്‍ ‘ഹാശിര്‍’ ആണ്. ഒടുവില്വരാനുള്ള പ്രവാചകനായതിനാല്‍ ആക്വിബുമാണ് ഞാന്‍ (ബുഖാരി) 1.
ജാബിര്‍(റ) പറയുന്നു. പ്രവാചകന്(സ്വ) പറഞ്ഞു: ഒരു ദൈവദാസന്റേയും സത്യനിഷേധത്തിന്റേയും ഇടയില്‍ നമസ്കാരം ഉപേക്ഷിക്കുക എന്നതല്ലാതെ മറ്റൊന്നുമില്ല (നസാഈ) 2.
അബ്ദുല്ല(റ) പറയുന്നു: പ്രവാചകന്(സ്വ) പറഞ്ഞു: ഒരു മുസ്ലിമിനെ ശകാരിക്കുന്നത് തെമ്മാടിത്തവും അവനോട് യുദ്ധം ചെയ്യുന്നത് കുഫ്റുമാണ് (ബുഖാരി) 3.
അബൂഹുറയ്റ(റ) പറയുന്നു: ”നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ വെറുക്കരുത്. ഒരുവന് തന്റെ പിതാവിനെ വെറുക്കുന്നത് കുഫ്റാണ്’ (ബുഖാരി) 4.
അബൂദര്‍റ്(റ) പറയുന്നു: നബി(സ്വ) ഇപ്രകാരം പറയുന്നത് അദ്ദേഹം കേട്ടു. ‘തന്റെ പിതാവ്ആരാണെന്ന് അറിവുണ്ടായിരിക്കെ, താന്‍ മറ്റൊരാളുടെ മകനാണെന്ന് വല്ലവനും വാദിച്ചാല്‍ അവന് അവിശ്വാസി ആകാതിരിക്കുകയില്ല. താന്‍ ഒരു ഗോത്രത്തില്‍, കുടുംബത്തില്പ്പെട്ടവനാണെന്നു വാദിച്ച വ്യക്തി യഥാര്‍ഥത്തില്‍ അവരില്പ്പെട്ടവനല്ലെങ്കില് നരകത്തില്‍ അവന്റെ ഇരിപ്പിടം ഉറപ്പിച്ചുകൊള്ളട്ടെ (ബുഖാരി) 5.
സത്യനിഷേധികളുടെ നിലപാടുകള്‍
സത്യ സന്ദേശം ഉള്‍ക്കൊള്ളാനും അത്സ്വീകരിക്കാനും കൂട്ടാക്കാതെ ഉദ്ബോധനങ്ങളെ നിഷേധിച്ചു തള്ളിയവര്‍ പരലോകത്ത് വരുമ്പോള്‍ സത്യം ഉള്‍ക്കൊള്ളാത്തതിലും ചിന്തിക്കാത്തതിലും ഖേദിക്കും. സ്വര്‍ഗത്തില്‍ പ്രവേശിക്കാനോ അല്ലാഹുവിന്റെ കാരുണ്യം അനുഭവിക്കാനോ സാധിക്കാതെ അവര്‍ വിലപിക്കുന്നത് ഇപ്രകാരമാണ്:
”അത് കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല എന്ന് അവര്‍ പറയും’‘ (67:10).
ചിന്തിക്കാനും വിവേക പൂര്‍ണമായ തീരുമാനത്തിലെത്തി പ്രവര്‍ത്തിക്കാനുമെല്ലാം കഴിവുള്ളവര്തന്നെ കണ്ണും കാതും ബുദ്ധിയും ഉപയോഗപ്പെടുത്തി ചിന്തിക്കാതെ അശ്രദ്ധയിലും അവിശ്വാസത്തിലും ഉറച്ച് നില്ക്കുന്നു. അവരുടെ ഈ നിലപാട് സത്യാസത്യ വിവേചന ചിന്തയോ ബുദ്ധിയോ ഇല്ലാതെ ജീവിക്കുന്ന കാലികളേക്കാള്‍ അവരെ അധഃപതിച്ചിവരാക്കുന്നു.
അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും നികൃഷ്ടജീവികള്‍ സത്യ നിഷേധികളാകുന്നു. ആകയാല്‍ അവര്‍ വിശ്വസിക്കുകയില്ല. അവരില്‍ ഒരു വിഭാഗവുമായി നീ കരാറില്‍ ഏര്പ്പെടുകയുണ്ടായല്ലോ. എന്നിട്ട് ഓരോതവണയും തങ്ങളുടെ കരാര്‍ അവര്‍ ലംഘിച്ചു കൊണ്ടിരുന്നു. അവര്‍ സൂക്ഷ്മത പുലര്‍ത്തുന്നുമില്ല’‘ (8:55,56).
അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും അല്ലാഹുവിന്റെ അടുക്കല്‍ ജന്തുക്കളില്‍ വെച്ച് ഏറ്റവും മോശപ്പെട്ടവര്‍ സത്യനിഷേധികളാകുന്നു. ആകയാല്അവര്വിശ്വസിക്കുകയില്ല. അവരില്‍ ഒരു വിഭാഗവുമായി നീ കരാറില്‍ ഏര്‍പ്പെടുകയുണ്ടായി. എന്നിട്ട് ഓരോ തവണയും തങ്ങളുടെ കരാര്‍ അവര്‍ ലംഘിച്ചുകൊണ്ടിരുന്നു” (അവര്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നുമില്ല).
അല്ലാഹു പറയുന്നു: ”സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക് താക്കീത് നല്കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല. അവരുടെ മനസ്സിനും കാതിനും അല്ലാഹു മുദ്ര വെച്ചിരിക്കുന്നു. അവരുടെ ദൃഷ്ടികളിന്മേലും ഒരു മൂടിയുണ്ട്. അവര്‍ക്കാകുന്നു കനത്ത ശിക്ഷ” (2:6,7).
സത്യനിഷേധികളുടെ പര്യവസാനം
വിശ്വാസമുള്‍ക്കൊണ്ട് ജീവിക്കാന്‍ മതം കല്‍പ്പിക്കുന്നത് മനുഷ്യന്റെ ഐഹിക ജീവിതം സാര്‍ഥകമാകാന്‍ വേണ്ടിയാണ്. ഭൗതിക ലോകത്ത് വിശ്വാസ രഹിത ജീവിതം കൊണ്ട് സമ്പാദ്യങ്ങളേറെ ഉണ്ടായിരുന്നാലും പാരത്രിക ലോകത്ത് അവ ഒട്ടും പ്രയോജനപ്രദമല്ല.
അല്ലാഹു പറയുന്നു”സത്യനിഷേധികള്‍ക്ക് അവരുടെ സ്വത്തുക്കളോ സന്താനങ്ങളോ അല്ലാഹുവിങ്കല്‍ യാതൊരു പ്രയോജനവും ചെയ്യുകയില്ല; തീര്‍ച്ച. അവരാകുന്നു നരകത്തിലെ ഇന്ധനമായിത്തീരുന്നവര്‍’‘ (3:10).
വിശ്വാസപ്രേരിതമല്ലാതെ ഐഹിക ജീവിതത്തില്‍ സത്കര്‍മങ്ങള്‍ എത്ര ചെയ്തിരുന്നാലും അവയെല്ലാം അവിശ്വാസം നിമിത്തം പരലോകത്ത് നിഷ്ഫലമായിത്തീരുന്നു. അവിശ്വാസികള്ക്കുണ്ടാകുന്ന ഈ പര്യവസാനം അല്ലാഹു സോദാഹരണം വ്യക്തമാക്കുന്നു. ‘തങ്ങളുടെ രക്ഷിതാവിനെ നിഷേധിച്ചവരുടെ ഉപമ: കൊടുങ്കാറ്റുള്ള ഒരു ദിവസം കനത്ത കാറ്റത്ത് പാറിപ്പോയ വെണ്ണീറുപോലെയാകുന്നു. അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍ നിന്ന് യാതൊന്നും അനുഭവിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. അത്തന്നെയാണ് വിദൂരമായ മാര്‍ഗ ഭ്രംശം‘ (14:18).
അല്ലാഹുവിന്റെ ഏകത്വത്തിലുള്ള അവിശ്വാസം
‘അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹന്‍ മറ്റാരുമില്ല. അവന് മാത്രമാകുന്നു ലോക രക്ഷിതാവും സ്രഷ്ടാവും നിയന്താവും. അവന് തുല്യരായി ആരുമില്ല. അവന്റെ ഗുണനാമങ്ങളേയും അവന്റെ പ്രവര്‍ത്തനങ്ങളേയും അവന്റെ സത്തയേയും മറ്റൊന്നിനോടും സാദൃശ്യപ്പെടുത്താവതല്ല’
ഈ അടിസ്ഥാന വിശ്വാസത്തില്‍ നിന്ന് ഏതെങ്കിലും നിലക്ക് വ്യതിചലിച്ചാല്‍ അത് അല്ലാഹുവിലുള്ള അവിശ്വാസമാണ്. അതുകൊണ്ട് തന്നെ ഏകൈദവാരാധന (തൗഹീദ്) എന്ന മൗലിക വിശ്വാസത്തില്‍ നിന്ന് യാതൊരു നീക്കു പോക്കും നടത്താന്‍ മതം അനുവദിക്കുന്നില്ല.
ചില ഖുറൈശി നേതാക്കള്‍ നബി(സ്വ)യോട് ഇങ്ങനെ പറഞ്ഞു: ”മുഹമ്മദേ, ഞങ്ങളുടെ മതം നീ പിന്‍പറ്റുക, നിന്റെ മതം ഞങ്ങളും പിന്‍പറ്റാം. ഞങ്ങളുടെ ദൈവത്തെ നീയും ആരാധിക്കുക. നിന്റെ ദൈവത്തെ ഞങ്ങളും ആരാധിക്കാം. എന്നാല്‍ നിന്റേതാണ് ഉത്തമമെങ്കില്‍ അതില്‍ ഞങ്ങളും ഞങ്ങളുടേതാണ് ഉത്തമമെങ്കില്‍ അതില്‍ നീയും പങ്കാളികളാകാമല്ലോ. അപ്പോള്‍ നബി(സ്വ) പറഞ്ഞു : അല്ലാഹുവിനോട് മറ്റൊന്നിനെ പങ്ക് ചേര്‍ക്കുന്നതില്‍ നിന്ന് ഞാന്‍ അവനോട് ശരണം തേടുന്നു. ഇതിനെ തുടര്‍ന്നാണ് കാഫിറൂന്‍ (അവിശ്വാസികള്‍) എന്ന വിശുദ്ധ ഖുര്‍ആനിലെ 109ാം സൂറത്തിന്റെ അവതരണമുണ്ടായത്. മസ്ജിദുല്‍ ഹറമില്‍ വെച്ച് ഖുറൈശി പ്രമാണികളുടെ സാന്നിധ്യത്തില്‍ തിരുമേനി(സ്വ) ഓതി വിളംബരം ചെയ്ത പ്രസ്തുത സൂറത്തിലെ അഭിസംബോധന തന്നെ അവിശ്വാസികളേ, എന്നാണ്. ”പറയുക, അവിശ്വാസികളേ, നിങ്ങള്‍ ആരാധിച്ചു വരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ ആരാധിച്ചു വന്നതിനെ ആരാധിക്കുന്നവനല്ല ഞാന്‍. ഞാന്‍ ആരാധിച്ചു വരുന്നതിനെ (അഥവാ എന്റെ ആരാധന) നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്റെ മതം” (109:1-6).
സത്യനിഷേധം ആരോപിക്കല്‍
വിശ്വാസം എന്നത് ആത്മനിഷ്ഠമാണ്. ആ വിശ്വാസത്തെ സത്യപ്പെടുത്തിക്കൊണ്ട് ജീവിതത്തില്‍ നിലനിര്‍ത്തിപ്പോരുന്നവയാണ് ബാഹ്യമായ കര്‍മങ്ങള്‍. മനസ്സിലുള്ളത് സൂക്ഷ്മമായി അറിയുന്നവന് അല്ലാഹുമാത്രമാണ്. അതുകൊണ്ട് ഒരാളുടെ വിശ്വസത്തിന്റെ യഥാര്‍ഥ അവസ്ഥ അല്ലാഹുവിന് മാത്രമേ അറിയാന്‍ കഴിയൂ. അതിനാല്‍ ഒരു വിശ്വാസിയുടെ മേല്‍ അവിശ്വാസംആരോപിക്കാന്‍ നിര്‍വാഹമില്ല. സത്യവിശ്വാസിയെ മറ്റൊരാള്‍ അവിശ്വാസിയെന്നു വിളിക്കാന്‍ പാടില്ല എന്ന് വിശുദ്ധ ഖുര്‍ആനും നബി(സ്വ)യുടെ വചനങ്ങളും നമ്മെ പഠിപ്പിക്കുന്നു.
അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിനു പോയാല്‍ ശത്രുക്കളെയും മിത്രങ്ങളെയും വ്യക്തമായി മനസ്സിലാക്കണം. നിങ്ങള്‍ക്ക് സലാം അര്‍പ്പിച്ചവനോട് നീ വിശ്വാസിയല്ലയെന്ന് നിങ്ങള്‍ പറയരുത്. ഇഹലോക ജീവിതത്തിലെ നേട്ടം കൊതിച്ചു കൊണ്ടാണ് നിങ്ങള്‍ അങ്ങനെ പറയുന്നത്. എന്നാല്‍ നേടിയെടുക്കാവുന്ന ധാരാളം സ്വത്തുക്കള്‍ അല്ലാഹുവിന്റെ അടുക്കലുണ്ട്. മുമ്പ് നിങ്ങളും അവിശ്വാസത്തില്‍ ആയിരുന്നല്ലോ. അനന്തരം അല്ലാഹു നിങ്ങള്‍ക്ക് അനുഗ്രഹം ചെയ്തു. അതിനാല്‍ നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു’‘ (4: 94)
ഇബ്നുഉമര്‍(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: ഏതൊരാള്‍ മറ്റൊരാളെ സത്യനിഷേധിയെന്ന് വിശേഷിപ്പിക്കുമ്പോഴും അയാള്‍ പറയുന്നതു പോലെയാണ് വിശേഷിപ്പിക്കപ്പെട്ട ആളെങ്കില്‍ അങ്ങനെത്തന്നെ. ഇല്ലെങ്കില്‍ പറഞ്ഞവന് സത്യനിഷേധിയായിത്തീരുന്നു. (അഹ്മദ്) 6 വിശ്വാസിയുടെമേല്‍ അവിശ്വാസം (കുഫ്ര്) ആരോപിക്കുന്നതിന്റെ ഗൗരവം ഇതില്‍ നിന്ന് നമുക്ക്ബോധ്യപ്പെടുന്നു.
കാഫിര്‍
സമൂഹം തെറ്റായി മനസ്സിലാക്കിയ ഇസ്ലാമിലെ സാങ്കേതിക വാക്കുകളിലൊന്നാകുന്നു കാഫിര്‍. സത്യം ബോധ്യമായിട്ടും അത് നിഷേധിക്കുന്നവരെ കുറിക്കുവാനാണ് കാഫിര്‍ എന്ന പദം സാങ്കേതികമായി ഖുര്ആന്നില് ഉപയോഗിച്ചിട്ടുള്ളത്. ‘അവര്‍ക്ക് സുപരിചിതമായ ആ സന്ദേശം വന്നെത്തിയപ്പോള്‍ അവരത് നിഷേധിക്കുകയാണ് ചെയ്തത്. അതിനാല്‍ ആ നിഷേധികള്‍ക്ക് (കാഫിറുകള്‍) അല്ലാഹുവിന്റെ ശാപം’ (വി.ഖു 2:89). കാഫിര്‍ എന്ന വാക്കിന്റെ സാങ്കേതികാര്‍ഥം ഇതുപോലുള്ള വചനങ്ങളില്‍ നിന്ന് വ്യക്തമാകുന്നു.
കഫറ എന്ന ക്രിയയില്‍ നിന്നാണ് കാഫിര്‍ എന്ന നാമപദം നിഷ്പന്നമായത്. മറച്ചുവെക്കുക, മൂടി വെക്കുക എന്നൊക്കെയാണ് കഫറയുടെ അര്‍ഥം. വിത്ത് മണ്ണില്‍ മൂടിവെക്കുന്ന ആള് എന്ന അര്‍ഥത്തില്‍ കര്ഷകന് അറബി ഭാഷയില്‍ കാഫിര്‍ എന്ന് പ്രയോഗിക്കാറുണ്ട്. ഖുര്‍ആനിലും ഈ പ്രയോഗം വന്നിട്ടുണ്ട് (57:20). അനിഷേധ്യ സത്യങ്ങളെ നിഷേധിക്കുകയും മറച്ചുവെക്കുകയും ചെയ്യുന്നവര്‍ക്കാണ് കാഫിറെന്ന സാങ്കേതിക വാക്ക് ഖുര്‍ആനിലും ഹദീസിലും പ്രയോഗിച്ചിരിക്കുന്നത്. ദൈവത്തിന്റെ അസ്തിത്വം തുടങ്ങിയ കാര്യങ്ങളെല്ലാം ഒരാള്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത സത്യമാകുന്നു . എന്നിട്ടും അവയെ നിഷേധിക്കാന്‍ ഒരുമ്പെടുന്നതുകൊണ്ടാണ് സത്യനിഷേധി എന്ന അര്‍ഥത്തില്‍ കാഫിര്‍ എന്ന വാക്ക് ഇസ്ലാം ഉപയോഗിച്ചിരിക്കുന്നത് .
കാഫിര്‍ ജാതിപ്പേരല്ല
ചിലര്‍ കരുതുന്നതുപോലെ കാഫിര്‍ എന്ന പദം അമുസ്ലിങ്ങളെ അഭിസംബോധന ചെയ്യാനുള്ള ഒരു ജാതിപ്പേരല്ല. 59 സ്ഥലങ്ങളില്‍ ഖുര്‍ആനില്‍ കഫറയും അനുബന്ധ പദങ്ങളും പ്രയേിഗിച്ചിട്ടുണ്ട്. 136 പ്രാവശ്യം കാഫിര്‍ എന്ന വാക്ക് നേരിട്ട് തന്നെ ഉപയോഗിച്ചിട്ടുമുണ്ട്. എന്നാല്‍ അതൊന്നും ഇതര മതസ്ഥരെ കുറിക്കുവാനുള്ളതല്ല. മറിച്ച് സത്യത്തെ ബോധപൂര്‍വം നിഷേധിച്ചവരെ സൂചിപ്പിക്കുവാനുള്ളതാകുന്നു. കാഫിര്‍ എന്ന വാക്കിന് സത്യനിഷേധി എന്ന അര്‍ഥമാകുന്നു കൂടുതല്‍ അനുയോജ്യമായിട്ടുള്ളത് .
അഞ്ച് അര്‍ത്ഥതലങ്ങളില്‍ ഖുര്‍ആനില്‍ കാഫിര്‍ എന്ന പദം ഉപയോഗിച്ചതായി പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നുണ്ട്. ദൈവത്തിന്റെ ഏകത്വത്തെ നിഷേധിക്കല്‍ (3:80), അനുഗ്രഹങ്ങളെ നിഷേധിക്കല്‍ (2:182), അല്ലാഹുവല്ലാത്ത ആരാധ്യരും ആരാധകരും പരസ്പരം ഒഴിഞ്ഞുമാറല്‍ (29:25), സത്യനിഷേധം (2:89), മറച്ചുവെക്കല്‍ (57:20) എന്നിവയാണവ.
അമുസ്ലിങ്ങളെ എന്തു വിളിക്കണം
വിശുദ്ധ ഖുര്‍ആനില്‍ പൊതുവെ അവിശ്വാസികളെ അഭിസംബോധന ചെയ്യാന്‍ കാഫിര്‍ എന്ന പദം ഉപയോഗിക്കാറില്ല. യാ അയ്യുഹന്നാസ് (ജനങ്ങളേ ), യാ ഇബാദീ (എന്റെ ദാസന്മാരേ ), യാ അഹ്ലല്‍ കിത്താബ് (വേദക്കാരേ) തുടങ്ങിയ അഭിസംബോധനകളാണ് സ്വീകരിച്ചിട്ടുള്ളത്. രണ്ടിടങ്ങളില്‍ മാത്രമാണ് കാഫിറുകളേ എന്ന് വിളിക്കുന്നത്. ഒന്ന്: പ്രവാചകന്റെ മക്കയിലെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഖുറൈശികളടക്കം ആകൃഷ്ടരാകുന്നതില്‍ വിറളി പൂണ്ട സത്യനിഷേധികള്‍ ഒരിക്കല്‍ അദ്ദേഹവുമായി വിലപേശലിനു മുതിര്‍ന്നു. ‘മുഹമ്മദേ നാട്ടില്‍ കുഴപ്പമില്ലാതിരിക്കാന്‍ നമുക്ക് രണ്ടുകൂട്ടര്‍ക്കും നമ്മുടെ ദൈവങ്ങളെ മാറിമാറി ആരാധിക്കാം എന്നതായിരുന്നു അതിലെ ഉള്ളടക്കം. ഇത് ഇസ്ലാമിന്റെ ഏകദൈവാരാധനയെന്ന അടിത്തറ പിളര്‍ത്താനുള്ള അനുരഞ്ജന ശ്രമമാണെന്നതിനാല്‍ ആദര്‍ശത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് പ്രഖ്യാപിക്കാന്‍ വേണ്ടി കാഫിറുകളേ (സത്യനിഷേധികളേ) എന്ന് വിളിച്ചുകൊണ്ട് അവര്‍ക്ക് മറുപടി നല്‍കുകയായിരുന്നു (109: 1-6).
രണ്ട് : പരലോക ജീവിതത്തില്‍ സത്യനിഷേധികള്‍ക്ക് ലഭിച്ചിരിക്കുന്ന കടുത്ത ശിക്ഷ അവരുടെ പ്രവര്‍ത്തനഫലം മാത്രണെന്നും അന്ന് അതിനെക്കുറിച്ച് വിലപിച്ചിട്ട് കാര്യമില്ലെന്ന് ഉണര്‍ത്തുകയും ചെയ്യുമ്പോഴാണ് കാഫിറേ എന്ന് വിളിച്ചിരിക്കുന്നത് (66:07). യഥാര്‍ഥത്തില്‍ മുഹമ്മദ് നബിക്കു മുമ്പ് വേദഗ്രന്ഥങ്ങള്‍ (തൗറാത്ത്, ഇന്‍ജീല്‍) പിന്‍പറ്റിയ ജൂതന്മാരും ക്രിസ്ത്യാനികളും വേദങ്ങളുടെ അവസാന പതിപ്പായ ഖുര്‍ആനിനെ നിഷേധിക്കുകയായിരുന്നു. അവരെ കാഫിറുകളേ എന്ന് വിളിച്ചാല്‍ അതൊട്ടും അപലപനീയമായ കാര്യമല്ല. എന്നിട്ടും അവരിലെ വേദങ്ങളിലുള്ള വിശ്വാസം കണക്കിലെടുത്ത് ‘വേദക്കാരേ’ എന്ന് അഭിസംബോധന ചെയ്യുകയാണ് അല്ലാഹു ചെയ്തത്. ഈ നിലപാട് തന്നെയായിരിക്കണം പ്രബോധിത സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോള്‍ യഥാര്‍ഥ മുസ്ലിം സ്വീകരിക്കേണ്ടത്.
കാഫിറുമായുള്ള സഹവാസം
സത്യനിഷേധികളെ കാഫിര്‍ എന്ന മുദ്രകുത്തി ശത്രുപക്ഷത്തു നിര്‍ത്താന്‍ ഇസ്ലാം ഒരിക്കലും അനുവദിക്കുന്നില്ല. എന്നു മാത്രമല്ല നിത്യ ജീവിതത്തില്‍ സ്നേഹവും സൗഹൃദവും പരസ്പരം പങ്കുവെച്ചു കൊണ്ടുള്ള സഹവാസം നിലനിര്‍ത്താന്‍ വിശ്വാസി, ബോധപൂര്‍വ്വം ഇടപെടണമെന്നും മതത്തിന് നിര്‍ബന്ധമുണ്ട്. അല്ലാഹു പറയുന്നു: ‘മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവര്‍ക്ക് നന്മ ചെയ്യുന്നതിനെയും നിങ്ങള്‍ അവരോട് നീതി കാണിക്കുന്നതിനെയും അല്ലാഹു വിലക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതിപുലര്‍ത്തുന്നവരെ ഇഷ്ടപ്പെടുന്നു. മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും ചെയ്തവരെ സംബന്ധിച്ച് മാത്രമാണ് അവരോട് മൈത്രി കാണിക്കുന്നത് അല്ലാഹു വിലക്കുന്നത്. അത്തരക്കാരോട് വല്ലവരും മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍‘(60: 8,9).
മുസ്ലിങ്ങളെ ശത്രുപക്ഷത്തുനിര്‍ത്തുന്ന സത്യനിഷേധികളെ മാത്രമേ ശത്രു പട്ടികയിലുള്പ്പെുത്താന് പാടുള്ളൂവെന്ന് ഈ വചനത്തില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയും. ഇവരാകട്ടെ സത്യനിഷേധികള്‍ക്കിടയില്‍ വളരെ വിരളമായിരിക്കുകയും ചെയ്യും. ഈ ചെറുന്യൂനപക്ഷം വിഷം ചീറ്റുന്നതുകൊണ്ട് അവര്‍ക്കിടയിലെ മഹാഭൂരിപക്ഷത്തെ ശത്രുക്കളായി ഗണിക്കരുതെന്ന് സ്വജീവിതത്തിലൂടെ മഹാനായ പ്രവാചകന്(സ്വ) പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലിങ്ങളെ ശത്രുപക്ഷത്തു നിര്‍ത്തി നിരന്തരം സാമൂഹികമായും ശാരീരികമായും പീഡിപ്പിച്ചു കൊണ്ടിരുന്ന മക്കയിലെ സത്യനിഷേധികളുടെ കൊടുംക്രൂരതയില്‍ നിന്ന് മോചനം തേടിക്കൊണ്ട് പ്രവാചകന് മക്കയുപേക്ഷിച്ച് മദീനയിലേക്ക് പലായനം ചെയ്തു. പലായനത്തിന് മദീനയിലേക്കുള്ള വഴികാട്ടിയായി പ്രവാചകന്(സ്വ) സ്വീകരിച്ചത് അവിശ്വാസിയായ മനുഷ്യനെയായിരുന്നു. കാരണം അദ്ദേഹം മുസ്ലിങ്ങളോട് ശത്രുതാപരമായി പെരുമാറുന്ന ആളായിരുന്നില്ല. ഇതുപോലെ ഒട്ടേറെ സംഭവങ്ങള്‍ പ്രവാചകന്റെയും അനുചരന്മാരുടെയും ജീവിതത്തില്‍ നമുക്ക് കാണാന്‍ കഴിയും. ഈ മാതൃക തന്നെയാണ് സത്യനിഷേധികളോടുള്ള സഹവാസത്തില്‍ മുസ്ലിങ്ങളും സ്വീകരിക്കേണ്ടത്.
കണ്ടിടത്തുവെച്ച് കൊല്ലുക
ഇസ്ലാം വിമര്‍ശകര്‍ ഖുര്‍ആനിനെതിരെ ഉന്നയിക്കുന്ന ഒരു ദുരാരോപണമുണ്ട് . കാഫിറുകളെ കണ്ടിടത്തു വച്ച് കൊല്ലാന്‍ ഖുര്‍ആനില്‍ ആഹ്വാനമുണ്ടെന്നാണ് അവരുടെ ആരോപണം. 2:191 എന്ന വചനമാണ് അതിനവര്‍ തെളിവായി ഉദ്ധരിക്കാറുള്ളത്. എന്നാല്‍ സത്യത്തെ നിഷേധിച്ചു എന്ന കാരണത്താല്‍ ഒരാളെയും കൊന്നുകളയാന്‍ ഖുര്‍ആനില്‍ ആഹ്വാനമില്ല. ഇസ്ലാം സ്വീകരിക്കണമോ വേണ്ടയോ എന്നുള്ളത് വ്യക്തി സ്വാതന്ത്ര്യമായിട്ടാണ് അല്ലാഹു കാണുന്നത്. മതം സ്വീകരിക്കുന്ന കാര്യത്തില്‍ ഒരാളെയും ഒരുതരത്തിലുമുള്ള നിര്‍ബന്ധത്തിനും വിധേയമാക്കരുത് എന്നാണ് ഖുര്‍ആനികാധ്യാപനം. ‘ മതത്തില്‍ നിര്‍ബന്ധം ചെലുത്തലേ ഇല്ല. ദുര്‍മാര്‍ഗത്തില്‍ നിന്ന് നേര്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ആരെങ്കിലും ദുര്‍മൂര്‍ത്തികളില്‍ അവിശ്വസിക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ, അവന് ബലമുള്ള പിടിവള്ളിയില്‍ മുറുകെ പിടിച്ചുകഴിഞ്ഞു. അത് കെട്ടറ്റുപോവുകയില്ല. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു’ (2:256). തള്ളാനും കൊള്ളാനും പൂര്‍ണ സ്വാതന്ത്ര്യമുള്ള ഒരു കാര്യത്തില്‍ അത് സ്വീകരിച്ചില്ല എന്നതിന്റെ പേരില്‍ ഒരാളെ വധിക്കാന്‍ ആഹ്വാനം ചെയ്യുന്നു എന്നു പറയുന്നത് യുക്തിരഹിതമായ ആരോപണം മാത്രം.
കൊലപാതകാഹ്വാനമാണെന്ന് ആരോപിക്കപ്പെട്ട ഖുര്‍ആന്‍ വചനത്തിന്റെ (2:191) തൊട്ടുമുകളിലുള്ള വചനങ്ങള്‍ വായിച്ചാല്‍ ആശയം വ്യക്തമാവും. ‘നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ടു പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ’ (2:190). ഇതിനു ശേഷമാണ് അത്തരക്കാരെ കണ്ടുമുട്ടുന്നിടത്ത് വച്ച് കൊന്നുകളയുക എന്ന് നിര്‍ദേശിക്കുന്നത്. ഇങ്ങോട്ട് യുദ്ധം ചെയ്യുന്നവരെപ്പോലും വധിക്കുന്നത് പാപമാണെന്ന് ധരിച്ച മുസ്ലിംകളോട്, അത് പാപമല്ല എന്ന് ഉണര്‍ത്തുകയാണ് ഈ വചനം. ഖുര്‍ആന്‍ വചനത്തിലെ ‘നിങ്ങള്‍ അതിരുകവിയരുത്’ എന്ന പരാമര്‍ശത്തെ പ്രവാചകന്റെ സമകാലികരായ അനുയായികള്‍ എങ്ങനെയാണ് മനസ്സിലാക്കിയത് എന്നുകൂടി അന്വേഷിക്കുന്നവര്‍ക്ക് കണ്ടിടടുത്തുവെച്ച് കൊല്ലാന്‍ പറഞ്ഞത് ആരെക്കുറിച്ചാണെന്ന് ബോധ്യപ്പെടുക തന്നെ ചെയ്യും . ഇബ്നു അബ്ബാസ്(റ)പറയുന്നു: സ്ത്രീകളെയും കുട്ടികളെയും വയോവൃദ്ധരെയും നിങ്ങളോട് സമാധാനപൂര്‍വം പെരുമാറുന്നവരെയും നിങ്ങള്‍ കൊല്ലരുത്. അങ്ങനെ നിങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ അതിക്രമം കാണിച്ചു (ത്വബരി) 7.
ചുരുക്കത്തില്‍ സമൂഹം (മുസ്ലിങ്ങള്‍ പോലും) തെറ്റായി മനസ്സിലാക്കിയ ഇസ്ലാമിക സാങ്കേതിക ശബ്ദങ്ങളില്‍ ഒന്നാണ് കാഫിര്‍.
References- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 151, ഹദീസ് 4896[↩]
- അസ്സുനനുസ്സുഗ്റാ ലിന്നസാഈ, അബൂ അബ്ദിര്റഹ്മാന് അഹ്മദ് ബിന്‍ ശുഐബ് അല്‍ ഖുറാസിനി അന്നസാഈ, മക്തബുല്‍ മത്വ്ബൂആതില്‍ ഇസ്ലാമിയ്യ, ഹാലപ്പോ, രണ്ടാം പതിപ്പ്, വാള്യം 01, പേജ് 232, ഹദീസ് 464[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 50, ഹദീസ് 7076[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 156, ഹദീസ് 6768[↩]
- സ്വഹീഹുല്‍ ബുഖാരി, ഇമാം ബുഖാരി, ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 180, ഹദീസ് 3508[↩]
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നിഹമ്പല്‍, മുഅസ്സത്തുരിസാല, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 380, ഹദീസ് 4745[↩]
- തഫ്സീറു ത്വബ്രി, (ജാമിഉല്‍ ബയാന്‍ അന് തഅ്വീലി ആയില് ഖുര്‍ആന്‍), അബൂജഅ്ഫര്‍ മുഹമ്മദു ബ്നു ജരീരി ത്വബ്രീ, ദാറു ഹിജ്രി ലിത്വിബാഅ കെയ്റോ, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 563, ഹദീസ് 3094[↩]
