നിലപാട് 2023
മനുഷ്യാവകാശം
മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties). സമൂഹത്തില്‍ നിന്ന് വ്യക്തിക്ക് ലഭിക്കേണ്ട അവകാശങ്ങളും (Rights) ഉണ്ട്. ഓരോരുത്തരും ബാധ്യതകള്‍ നിറവേറ്റിയും അവകാശങ്ങള്‍ അനുഭവിച്ചും ജീവിക്കുമ്പോള്‍ സ്വസ്ഥതയും ശാന്തിയും ആ സമൂഹത്തില്‍ വിളയാടുന്നു. എന്നാല്‍ ബാധ്യതകള്‍ നിര്‍വഹിക്കപ്പെടാതിരിക്കുമ്പോഴും അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴും സമൂഹത്തില്‍ സമാധാനവും സ്വസ്ഥതയും വിനഷ്ടമാകുന്നു.
സമൂഹമെന്നുപറയുന്നത് ഒരു സാകല്യമാണ്. അതിനകത്ത് അനേകം ഉപസമൂഹങ്ങളും ഘടകങ്ങളും ഉണ്ട്. രാഷ്ട്രം, മതം, വംശം, തൊഴില്‍, സംസ്‌കാരം, ഭാഷ, നിറം, വര്‍ഗ്ഗം, കുടുംബം തുടങ്ങിയവയെല്ലാം മനുഷ്യസമൂഹത്തിലെ ഉപസമൂഹങ്ങളാണ്. അവയിലോരോന്നിലും നിരവധി അവാന്തരവിഭാഗങ്ങളുണ്ട്. ഈ വ്യതിരിക്തതകള്‍ ഉള്‍കൊണ്ടു കൊണ്ടും തന്നെ വ്യക്തികള്‍ തമ്മിലും ഉപസമൂഹങ്ങള്‍ തമ്മിലും ആദാനപ്രദാനങ്ങള്‍ നിരന്തരമായി നടക്കുന്നു. ഈ പ്രക്രിയകളിലാണ് ഉത്തരവാദിത്വവും അവകാശങ്ങളും പരിഗണിക്കപ്പെടുന്നത്.
അല്ലാഹുവിന്റെ സൃഷ്ടികളായ മനുഷ്യര്‍ എല്ലാവരും ഒരുകാര്യത്തിലും ഒരുപോലെയല്ല. നിമ്‌നോന്നതികളും മികവുകളും കുറവുകളും സര്‍വസാധാരണമാണ്. എന്നാല്‍ ഈ വ്യതിരിക്തതകളും വൈജാത്യങ്ങളും ഉച്ചനീചത്വമായി കണക്കാക്കാന്‍ പാടില്ല. ശക്തനും ദുര്‍ബലനും മികവുറ്റവരും കഴിവു കുറഞ്ഞവരും ശേഷിയുള്ളവരും ഭിന്നശേഷിക്കാരും ഭൂരിപക്ഷമുള്ളവരും ന്യൂനപക്ഷവും തുടങ്ങിയവ വൈവിധ്യമെന്നല്ലാതെ വൈരുധ്യമായി കണ്ടുകൂടാ. ഇങ്ങനെയുള്ള പ്രവിശാലമായ സമൂഹസാഗരത്തില്‍ പരസ്പര സഹകരണവും പരിഗണനയും നടക്കുമ്പോള്‍ മനുഷ്യത്വവും മാനവികതയും സഫലമാകുന്നു. കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന തരത്തിലേക്ക് നീങ്ങുമ്പോള്‍ അത് കാട്ടുനീതിയായി തരം താഴുന്നു.
അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന, നിഷേധിക്കപ്പെടുന്ന ദുര്‍ബലവിഭാഗങ്ങള്‍ എന്നും സമൂഹത്തില്‍ അവശതയനുഭവിക്കുന്നു. ശക്തന്‍ ദുര്‍ബലര്‍ക്കെതിരെ, അധികാരികള്‍ പ്രജകള്‍ക്കെതിരെ ഭൂരിപക്ഷം ന്യൂനപക്ഷങ്ങള്‍ക്കെതിരെ തങ്ങളുടെ ശക്തി അന്യായമായി പ്രയോഗിക്കപ്പെടുമ്പോള്‍ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നു. ഈ പ്രശ്‌നം മനുഷ്യ ചരിത്രത്തിലുടനീളം കാണപ്പെട്ടിട്ടുണ്ട്. ജാതീയത മറയാക്കി ‘ഉയര്‍ന്ന’ജാതിക്കാര്‍ ‘താഴ്ന്ന’വരെ തങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നു. പ്രകൃത്യാ അബലകളായ സ്ത്രീകള്‍ക്കുനേരെ മനുഷ്യത്വരഹിതമായി പെരുമാറിയായിരുന്ന സമൂഹങ്ങളുണ്ട്; ഇന്നും. പൊതു സമൂഹത്തില്‍ ജാതി-മത-ഭാഷാ ന്യൂനപക്ഷങ്ങളെ ഭൂരിപക്ഷവിഭാഗങ്ങള്‍ അവകാശ നിഷേധം കൊണ്ട് വീര്‍പ്പുമുട്ടിക്കുന്നു. അധിനിവേശം നടത്തിയ ഏതു ഭരണവര്‍ഗ്ഗവും അധിനിവിഷ്ട സമൂഹങ്ങളെ മൃഗാവകാശം പോലും നല്‍കാതെ കഷ്ടപ്പെടുത്തുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ സമൂഹത്തോട് ചെയ്തു കൂട്ടിയ കിരാതത്വങ്ങള്‍ മാത്രം മതി ഉദാഹരണമായിട്ട്. മനുഷ്യനെ മനുഷ്യന്‍ തന്നെ അടിമകളാക്കി വെച്ച് മൃഗതുല്ല്യം പരിഗണിക്കപ്പെട്ടപ്പോള്‍ അടിമകള്‍ അനുഭവിച്ച മനുഷ്യാവകാശ ധ്വംസനങ്ങള്‍ മനുഷ്യചരിത്രത്തിലെമ്പാടുമുണ്ട്. ഹിറ്റ്‌ലര്‍, മുസോളിനി, സ്റ്റാലിന്‍, മാവോസെതുങ്ങ് തുടങ്ങിയ ഭരണാധികാരികള്‍ തങ്ങളുടെ പ്രജകളെ കൈകാര്യം ചെയ്തത് അടിമകളെ പോലെയായിരുന്നു. അവര്‍ കൊന്നുതള്ളിയത് ജനകോടികളെയാണ്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ ലോകത്തിനു വരുത്തിവെച്ച നാശനഷ്ടങ്ങള്‍, വിശേഷിച്ചും ശക്തികുറഞ്ഞ രാജ്യങ്ങള്‍ക്ക് കണക്കാക്കാവുന്നതിലപ്പുറമാണ്.
രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ പശ്ചാത്തലത്തിലാണ് ലോക രാജ്യങ്ങളെ ഒന്നിച്ച് കോര്‍ത്തിണക്കിക്കൊണ്ട് ഐക്യരാഷ്ട്ര സഭയ്ക്ക് രൂപം നല്‍കപ്പെട്ടത്. ഐക്യരാഷ്ട്ര സഭയുടെ പ്രഥമ പരിഗണനകളിലൊന്ന് ലോകത്ത് മനുഷ്യാവകാശം നിലനിര്‍ത്താന്‍ യത്‌നിക്കുക എന്നതായിരുന്നു. അങ്ങനെയാണ് 1948 യൂഎന്‍ ജനറല്‍ അസംബ്‌ളിയില്‍ മനുഷ്യാവകാശ പ്രഖ്യാപനമുണ്ടാവുകയും മനുഷ്യാവകാശ നിയമം പാസാക്കുകയും ചെയ്തത്. ഓരോ രാജ്യവും സ്വതന്ത്രമാണ്. ഓരോ പൗരനും സ്വതന്ത്രനാണ്. രാഷ്ട്രീയ സാമ്പത്തിക സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലൊക്കെ ഓരോ വ്യക്തിയും സ്വാതന്ത്ര്യം അനുഭവിക്കുകയും അപരന്റെ സ്വാതന്ത്ര്യം ഹനിക്കാതിരിക്കുകയും ചെയ്യണമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ പൊരുള്‍.
ഈ നിയമങ്ങള്‍ ലോകം അംഗീകരിച്ചതാണ്. പക്ഷേ ശക്തരായ രാജ്യങ്ങള്‍ അശക്തരെ ഇന്നും കീഴിലാക്കിവെക്കുന്നു. ഓരോ രാജ്യത്തിനകത്തും വംശീയവും രാഷ്ട്രീയവും ഭാഷാപരവുമായ അസമത്വങ്ങളും തദ്വാരാ മനുഷ്യാവകാശ ലംഘനങ്ങളും ഉണ്ടാവുന്നു. അതുകൊണ്ടുതന്നെ ലോകത്തിന്റെ ഏതുകോണില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടായാലും അത് ശ്രദ്ധയില്‍ കൊണ്ടുവരാനും ആവശ്യമായ പ്രതിവിധികള്‍ ചെയ്യാനും വേണ്ടി നിരവധി സര്‍ക്കാറേതര സംഘടനകള്‍ (NGO) പ്രവര്‍ത്തിക്കുന്നുണ്ട്. ഹുമാന്‍ റൈറ്റ്‌സ് വാച്ച്, ആനംസ്റ്റി ഇന്റര്‍നാഷനല്‍ ഗ്ലോബല്‍ റൈറ്റ്‌സ് തുടങ്ങിയ ഇരുപത്തിയഞ്ചിലേറെ അന്താരാഷ്ട്ര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനര്‍ഥം ഐക്യരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകത്ത് വ്യാപകമായി നടക്കുന്നു എന്നാണല്ലോ. ഉയിഗൂറുകള്‍ക്കെതിരെ ചൈനയിലും രോഹിങ്ക്യന്‍ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ മ്യാന്‍മറിലും ഫലസ്തീനികള്‍ക്കുനേരെ ഇസ്‌റായേലും ചെയ്തിടുന്ന മനുഷ്യത്വരഹിത കൂട്ടക്കുരുതികള്‍ ഇത്തരം ഏജന്‍സികള്‍ പുറത്തുകൊണ്ടു വന്നിട്ടുണ്ട്. ഉത്തരേന്ത്യയില്‍ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭൂരിപക്ഷത്തിന്റെ ഹുങ്കിലും ഭരണത്തിന്റെ തണലിലും വ്യാപകമായി നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ നിത്യവാര്‍ത്തകളാണ്.
ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ നിയമം പാസാക്കേണ്ടി വന്ന അതേ സാഹചര്യത്തിലാണല്ലോ ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്ന് സ്വതന്ത്രമാക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ശില്പികള്‍ ഇന്ത്യക്കുവേണ്ടി തയ്യാറാക്കിയ ഭരണഘടന ലോകോത്തരമാകുന്നതിന്റെ കാരണം മനുഷ്യാവകാശങ്ങള്‍ക്ക് ഏറെ വില കല്‍പ്പിക്കുന്നതാണ്. പൗരന്റെ അടിസ്ഥാന കടമകളും (Fundamental Duties) മൗലികാവകാശങ്ങളും (Fundamental Rights) ഭരണഘടനയില്‍ (Part III Article 12-35) വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അവകാശം നിഷേധിക്കപ്പെട്ടാല്‍ പരാതിപ്പെടാന്‍ നീതിന്യായ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഭരണഘടനയുടെ തത്ത്വങ്ങള്‍ കണക്കിലെടുത്തുകൊണ്ട് വീഴ്ച വരുന്ന ഭാഗങ്ങള്‍ നികത്തപ്പെടുവാന്‍ വേണ്ടിയാണ് നിയമപ്രകാരം അധികാരമുള്ള പല കമ്മീഷനും നിശ്ചയിക്കപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. വനിതാ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്.
ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ മനുഷ്യാവകാശത്തിന് പ്രത്യേകം ഊന്നല്‍ നല്‍കിയിട്ടുണ്ട്. മനുഷ്യനെ മനുഷ്യനായി കാണുക എന്നതാണ് മതത്തിന്റെ മൗലികത. പെണ്ണിന് ആത്മാവുണ്ടോ എന്ന് സംശയിച്ചിരുന്ന 6ാം നൂറ്റാണ്ടിലെ അറബികളോടും അതുവഴി ലോകത്തോടും പ്രാഖ്യാപിച്ച ദൈവിക വചനം സ്ത്രീകള്‍ക്ക് സമൂഹത്തോട് ബാധ്യതകളുള്ളതു പോലെ അവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളുമുണ്ട് (വിഖു. 2:228) എന്നാണ്. അടിമ സമ്പ്രദായം കൊടിക്കുത്തി വാണിരുന്ന സമൂഹത്തോട് മുഹമ്മദ് നബി പ്രഖ്യാപിച്ചത് അടിമയും ഉടമയും സഹോദരങ്ങളാണ് എന്നാണ്. ഒരു പാത്രത്തില്‍ നിന്നു തിന്നാനും ഒരേ വസ്ത്രം ധരിക്കാനും ഉടമയെയും അടിമയെയും വളര്‍ത്തിക്കൊണ്ടു വന്ന ഇസ്‌ലാം വ്യക്തിപരമായ പ്രായശ്ചിത്തങ്ങളില്‍ പ്രഥമസ്ഥാനം നല്‍കിയത് അടിമ മോചനത്തിനാണ്. ഗോത്രദുരഭിമാനത്തില്‍ അഭിരമിച്ചിരുന്ന ഒരു ജനതയെ മുന്‍നിര്‍ത്തി ലോകത്തോട് ഖുര്‍ആന്‍ ഉണര്‍ത്തുന്നു: മനുഷ്യരേ, നിങ്ങള്‍ ഒരേ മാതാപിതാക്കളുടെ മക്കളാണ്. ഗോത്രങ്ങളും കുടുംബങ്ങളുമായി തിരിക്കപ്പെട്ടത് പരസ്പരം അറിയാന്‍ വേണ്ടി മാത്രം. (49:13) അറബിക്ക് അനറബിയേക്കാള്‍, വെളുത്തവന് കറുത്തവനേക്കാള്‍ ഒരു മികവുമില്ല; ധര്‍മനിഷ്ഠ കൊണ്ടല്ലാതെ, മുഹമ്മദ് നബിയുടെ വാക്കുകളാണിത്. എത്ര ഉദാത്തമാണ് ഇസ്‌ലാമിലെ മാനവിക സമീപനം!
ചുരുക്കത്തില്‍ മതകീയവും രാഷ്ട്രീയവുമായ നിയമങ്ങളുടെ അപര്യാപ്തതയല്ല മറിച്ച് മനുഷ്യന്റെ അഹങ്കാരവും അധര്‍മ ചിന്തയുമാണ് മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും അതുവഴി സമൂഹം അനുഭവിക്കുന്ന തിക്താനുഭവങ്ങള്‍ക്കും മൂലകാരണം. മതവിശ്വാസികള്‍ വിശ്വാസം മുറുകെ പിടിച്ചും ഓരോ ഇന്ത്യന്‍ പൗരനും ഭരണഘടനയില്‍ വിശ്വാസമര്‍പ്പിച്ചും ജീവിക്കുകയാണ് ഇതിനു പരിഹാരം.
ജെന്‍ഡര്‍ ന്യൂട്രാലിറ്റി
ലിംഗനീതി (Gender Justice) ലിംഗ സമത്വം (Gender equality) തുടങ്ങിയ സംജ്ഞകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ലിംഗരാഹിത്യമെന്നോ ലിംഗ നിഷ്പക്ഷത എന്നോ വ്യവഹരിക്കപ്പെടാവുന്ന Gender Neutrality ആണ് സമകാല ചര്‍ച്ചാ വിഷയം. സ്ത്രീവിമോചനമെന്ന ഫെമിനിസത്തിന്റെ മുഖമുദ്ര ഏതാണ്ട് ഇല്ലാതായ മട്ടാണ്. ഈ വിഷയങ്ങളുടെയെല്ലാം മര്‍മം സമൂഹത്തില്‍ സ്ത്രീ അനുഭവിക്കുന്ന അധസ്ഥിതിക്കും വിവേചനങ്ങള്‍ക്കും പരിഹാരമുണ്ടാവണം എന്നതാണല്ലോ.
മനുഷ്യന്‍ രണ്ടു പകുതിയാണ്; സ്ത്രീയും പുരുഷനും. ഇവ രണ്ടും ഒന്നിച്ചു ചേര്‍ന്നുകൊണ്ടല്ലാതെ സമൂഹത്തിനു മുന്നോട്ടു നീങ്ങാനാവില്ല. അത് പ്രകൃതി നിയമമാണ്. അഥവാ സ്രഷ്ടാവിന്റെ വ്യവസ്ഥയാണ്. ഇതില്‍ ആരാണ് മികച്ചത് ആരാണ് താഴ്ന്നത് എന്ന ചര്‍ച്ച തന്നെ അപ്രസക്തമാണ്. കാരണം ഓരോ വിഭാഗത്തിനും സമൂഹനിര്‍മാണ പ്രക്രിയയില്‍ വ്യത്യസ്തമായ റോളുകളുണ്ട്. അവ യഥാവിധി നിര്‍വഹിക്കപ്പെടുമ്പോള്‍ സമൂഹത്തിന് സുഗമത കൈവരിക്കാനാവുന്നു. ഈ ബന്ധങ്ങളില്‍ അസന്തുലിതത്വം പിടി മുറുക്കിയാല്‍ സമൂഹജീവിതം താളം തെറ്റുന്നു.
താരതമ്യേന ശക്തി കുറഞ്ഞ സ്ത്രീവിഭാഗം വിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയമാകുന്ന സ്ഥിതിവിശേഷത്തിന് ഒരുപക്ഷേ മനുഷ്യചരിത്രത്തോളം പഴക്കമുണ്ടായേക്കാം. സ്ത്രീജന്‍മം തന്നെ അധമമാണെന്ന് ‘വിശ്വസിച്ച’ സമൂഹങ്ങളുണ്ട്. പലവിധത്തില്‍ കഷ്ടതകള്‍ മാത്രം തരണം ചെയ്ത് സ്ത്രീകള്‍ കഴിഞ്ഞു കൂടുന്ന സമൂഹങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓരോ കാലത്തെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളും യഥാര്‍ഥ മതവിശ്വാസികളും ഈ നിലപാടിനെതിരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ ബാക്കിപത്രമാണ് ആധുനിക യുഗത്തില്‍ സ്ത്രീ സമുദ്ധാരണ പ്രവര്‍ത്തനങ്ങളും അപ്പേരില്‍ സംഘടിപ്പിക്കപ്പെട്ട പ്രസ്ഥാനങ്ങളും.
ദുര്‍ബല വിഭാഗങ്ങള്‍ക്ക് വിവേചന രഹിതമായ ജീവിതവ്യവസ്ഥ നല്കിക്കൊണ്ട് മുഖ്യധാരയില്‍ തുല്യപരിഗണന ലഭിക്കുക എന്നതാണ് സര്‍ക്കാറുകള്‍ പോലും നയമായി സ്വീകരിക്കുന്നത്. കുട്ടികള്‍, വൃദ്ധജനങ്ങള്‍, ഭിന്നശേഷിക്കാര്‍, മത ജാതി വര്‍ഗ ഭാഷാ ന്യൂനപക്ഷങ്ങള്‍, ചരിത്രപരമായ കാരണങ്ങളാല്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങളുടെ ശാക്തീകരണത്തിലൂടെ മാത്രമേ സമൂഹ പുരോഗതി നേടാനാവൂ. ആ നിലയില്‍ കാലങ്ങളായി പല കാരണങ്ങളാല്‍ പിന്‍തള്ളപ്പെട്ടു പോയ സ്ത്രീകളെ മുന്നോട്ടു നയിക്കാന്‍ സന്നദ്ധസംഘങ്ങളും സാമൂഹിക പരിഷ്‌കര്‍ത്താക്കളും രംഗത്തു വന്നു. സര്‍ക്കാരുകള്‍ സ്ത്രീ ശാശ്തീകരണത്തിനായി നിയമനിര്‍മാണം നടത്തി. ‘സ്ത്രീ ശാക്തീകരണത്തിലൂടെ സമൂഹ സമുദ്ധാരണം’എന്ന മുദ്രാവാക്യം പൊതുവില്‍ അംഗീകരിക്കപ്പെട്ടു. ഭരണ സംവിധാനങ്ങളിലേക്ക് സ്ത്രീ സംവരണവും, സ്ത്രീ പീഡനങ്ങള്‍ക്ക് ശിക്ഷയും ഭരണകൂടം ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത് ഈ നിലപാടിലാണ്.
എന്നാല്‍ നിയമങ്ങള്‍ കൊണ്ടോ മറ്റു നിലയിലുള്ള മുന്നേറ്റങ്ങള്‍ കൊണ്ടോ താത്കാലികമായി നേടേണ്ട ഒരു സംഗതിയല്ല സ്ത്രീ ശാക്തീകരണം. പുരുഷന്‍ സ്ത്രീക്കു കൊടുക്കേണ്ട ഔദാര്യവുമല്ല. മനുഷ്യന്റെ മനോഭാവമാണ് മാറേണ്ടത്. പുരുഷനും സ്ത്രീയും ചേര്‍ന്നതാണ് കുടുംബം. കുടുംബങ്ങള്‍ ചേര്‍ന്നതാണല്ലൊ സമൂഹം. തിര്യക്കുകളുടെ വംശവര്‍ധനവില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യരില്‍ ആജീവനാന്ത ഇണകള്‍ -ദമ്പതികള്‍- ചേര്‍ന്ന് കുടുംബങ്ങള്‍ രൂപപ്പെടുന്നു. സമൂഹത്തിന്റെ ചെറിയ ഏകകമാണ് കുടുംബം. കുടുംബത്തില്‍ സ്ത്രീയും പുരുഷനും ഇല്ല. ഇണകള്‍, മാതാപിതാക്കള്‍, സഹോദരീസഹോദരന്‍മാര്‍, മക്കള്‍ തുടങ്ങിയ ബന്ധങ്ങളേ ഉള്ളൂ. ഈ ബന്ധങ്ങളാണ് മൃഗീയതയില്‍ നിന്ന് മാനവികതയെ വ്യതിരക്തമാക്കുന്നത്. ബന്ധവിശുദ്ധിയുടെ ഈ ബലിഷ്ഠ കവചമാണ് സമൂഹത്തിന്റെ ഭദ്രത നിലനിര്‍ത്തുന്നത്.
കുടുംബത്തില്‍ ഒരാള്‍ക്ക് നേതൃത്വം ഉണ്ടാകണമല്ലോ. ആ നേതൃത്വം പുരുഷനില്‍ അര്‍പ്പിതമായിട്ടാണ് ചരിത്രകാലത്തും ചരിത്രാതീത കാലത്തും മനുഷ്യന്‍ കഴിഞ്ഞുകൂടിയത്. ഇത് സ്ത്രീവിവേചനമല്ല. നേതൃത്വം പുരുഷനായതിനാല്‍ പുരുഷാധിപത്യസമൂഹമാണെന്ന് പറയുന്നതിലും അര്‍ഥമില്ല. അതു മാറ്റി സ്ത്രീക്ക് നേതൃത്വം നല്കിയാലോ? സ്ത്രീ ആധിപത്യമെന്ന ആക്ഷേപമാണ് ഫലം. നേതൃത്വം ആധിപത്യമാണെന്ന് തെറ്റായി ധരിച്ചതും തെറ്റായി പ്രയോഗിക്കുന്നതുമാണ് ഇന്നത്തെയും എന്നത്തെയും സാമൂഹിക അസമത്വത്തിനും അസമാധാനത്തിനും ഒരു കാരണം.
സ്ത്രീയും പുരുഷനും വൈരുധ്യാത്മക ദ്വന്ദ്വമല്ല; അനുപൂരക യുഗ്മമാണ്. അഥവാ ഒന്ന് മറ്റേതിന് എതിരല്ല. ഒന്നില്ലാതെ മറ്റേതില്ലതാനും. ഈ പ്രകൃതിയാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാല്‍ ലിംഗനീതി (gender Justice)ക്കു വേണ്ടി പോരാടേണ്ടി വരില്ല. ലിംഗ നീതി സമൂഹത്തിന്റെ അനിവാര്യതയാണ്. ജീവിക്കാനും സമ്പാദിക്കാനും വിദ്യ അഭ്യസിക്കാനും തൊഴിലെടുക്കാനും സഞ്ചരിക്കാനും വിശ്വാസാചാരങ്ങള്‍ സ്വീകരിക്കാനും സ്ത്രീക്കും പുരുഷനും അവകാശമുണ്ട്. ഈ അവകാശങ്ങള്‍ ഏതെങ്കിലും തരത്തില്‍ ധ്വംസിക്കപ്പെടുമ്പോള്‍ അസംതൃപ്തിയും പ്രയാസങ്ങളും ഉണ്ടാവുക സ്വാഭാവികം.
അവകാശ ലംഘനങ്ങള്‍ക്കും അതുവഴി വരുന്ന പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ചിലര്‍ ‘സ്ത്രീ വിമോചനം’ എന്ന ആശയം മുന്നോട്ടു വെച്ചു. എവിടെ നിന്നാണ് മോചനം? പുരുഷനില്‍ നിന്നോ. അതോ സമൂഹജീവിതത്തില്‍ നിന്നോ? ഇത് അസംബന്ധവും അസംഭവ്യവും ആണെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഫെമിനിസം കൂമ്പടഞ്ഞത്. ലിംഗനീതി അനിവാര്യമാണ്. അഥവാ സ്ത്രീയായതിന്റെ പേരില്‍/ പുരുഷനായതിന്റെ പേരില്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു കൂടാ എന്ന ആശയമാണ് ജന്റര്‍ ജസ്റ്റിസ്. വിശുദ്ധ ഖുര്‍ആനിലെ ഒരു പ്രഖ്യാപിത തത്ത്വം ഇവിടെ ശ്രദ്ധയര്‍ഹിക്കുന്നു. ‘സ്ത്രീകള്‍ക്ക് ബാധ്യതകള്‍ ഉള്ളതു പോലെത്തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്‘ (2:228).
ലിംഗ നീതി ഉറപ്പാക്കാന്‍ വേണ്ടി ചിലര്‍ മുന്നോട്ടു വെച്ച ആശയമാണ് ലിംഗ സമത്വം (Gender Equality). ഒരിക്കലും സമമല്ലാത്തവയെ സമമാക്കുക എന്ന ആശയം അശാസ്ത്രീയമാണ്; അയുക്തികമാണ്. വോട്ടവകാശം, തുല്യജോലിക്ക് തുല്യവേതനം തുടങ്ങിയ അവകാശങ്ങളിലുള്ള സമത്വം സമൂഹ ഭദ്രതയ്ക്കാവശ്യമാണ്. എന്നാല്‍ പൗരുഷം, സ്‌ത്രൈണത എന്നീ പ്രകൃതിദത്തമായ പ്രത്യേകതകള്‍ മാറ്റാനോ ഒന്നാക്കാനോ കഴിയില്ല. അങ്ങനെ ശ്രമിക്കാനും പാടില്ല. ഈ പ്രകൃതി യാഥാര്‍ഥ്യം വിസ്മരിക്കുന്നത് സ്വത്വനിരാസമാണ്. സ്ത്രീസ്വത്വത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്താണല്ലോ ചില പ്രത്യേക അവകാശങ്ങളും അവസരങ്ങളും സ്ത്രീകള്‍ക്ക് നല്കപ്പെട്ടത്. വിദ്യാലയങ്ങളില്‍ ‘ഗേള്‍സ് ഫ്രണ്ട്‌ലി’ ടോയ്‌ലറ്റുകള്‍ നിര്‍ബ്ബന്ധമാണെന്ന മുറവിളി അതിന്റെ ഭാഗമാണ്. ബോയ്‌സ് ഫ്രണ്ട്‌ലി വേണ്ടേ എന്ന മറുചോദ്യമല്ല, എന്തുകൊണ്ട് ഗേള്‍സ് ഫ്രണ്ട്‌ലി എന്ന യാഥാര്‍ഥ്യബോധമാണ് നമുക്കാവശ്യം.
പുരുഷനെ പുരുഷനായും സ്ത്രീയെ സ്ത്രീയായും അംഗീകരിക്കുന്നതാണ് സ്വത്വബോധം. സ്വത്വ നിരാസത്തിലൂടെ ലിംഗ സമത്വം നടപ്പാക്കാനാവില്ല. അഞ്ചു വര്‍ഷം മുന്‍പ് കേരളത്തില്‍ റേഷന്‍ കാര്‍ഡുകള്‍ ഗൃഹനാഥന്റെ പേരില്‍ നിന്നു മാറ്റി ഗൃഹനാഥയുടെ പേരിലാക്കി. എന്തു സാമൂഹിക മാറ്റമാണ് അതിലൂടെ നേടാനായത് എന്ന വല്ല പഠനവും നടന്നിട്ടുണ്ടോ ?
Masculine Gender, Feminine Gender എന്ന സങ്കല്പം തന്നെ ഇല്ലാതാക്കി Natural Gender (നപുംസക ലിംഗം) ബോധത്തിലേക്കു നയിക്കുന്നത് പുരോഗമനമാണെന്ന് ചിലര്‍ സിദ്ധാന്തിക്കുന്നു. ക്ലാസ്സില്‍ ഇരുവിഭാഗങ്ങള്‍ക്കും പ്രത്യേകം ഇരിപ്പിടങ്ങള്‍ പാടില്ല, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വസ്ത്രമാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന Gender Neutrality ചിന്തിക്കുന്ന സമൂഹത്തിനു ചേര്‍ന്നതല്ല. പ്രത്യേകിച്ചും കൗമാരപ്രയത്തില്‍. ആണ്‍പെണ്‍ സ്വത്വബോധം നിലനിര്‍ത്തിക്കൊണ്ടു തന്നെ ആരോഗ്യകരമായ സൗഹാര്‍ദാന്തരീക്ഷം നിലനിര്‍ത്തുകയാണ് കാമ്പസുകളില്‍ ആവശ്യം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഇരിപ്പിടം, പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം, പ്രത്യേകം ഹോസ്റ്റലുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ മാറ്റപ്പെടേണ്ട പഴഞ്ചന്‍ ആശയങ്ങളല്ല. അത് ലിംഗപരമായ അനീതിയുമല്ല. എതിര്‍ലിംഗവുമായി അടുക്കുവാനുള്ള നൈസര്‍ഗിക ത്വര തീക്ഷ്ണമായേക്കാവുന്ന കൗമാരത്തില്‍ അവരുടെ ‘കംഫര്‍ട്ടിനു’ വേണ്ടി അവരെ പാട്ടിനു വിടുക എന്നതല്ല വിവേകം. അതിനര്‍ഥം ‘എയര്‍ടൈറ്റ് കംപാര്‍ട്ടുമെന്റുകളില്‍’ അടച്ചു പൂട്ടണമെന്നുമല്ല. മുന്‍ഗാമികള്‍ ചിന്തിച്ചു സംവിധാനിച്ച സന്തുലിത വിദ്യാലയാന്തരീക്ഷം വിവേകമതികള്‍ അംഗീകരിക്കുന്നു.
അവ തല്ലിപ്പൊളിക്കാതെ പോരായ്മകളുണ്ടെങ്കില്‍ നികത്താവുന്നതാണ്.
സ്വത്വബോധത്തിന്റെ ബാഹ്യപ്രകടനമാണല്ലോ വസ്ത്രം. ലോകചരിത്രത്തില്‍, സംസ്‌കൃതികളുടെ ചരിത്രത്തില്‍ എവിടെയെങ്കിലും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഒരേ വസ്ത്രം ധരിക്കണമെന്ന ചിന്ത നില നിന്നിട്ടുണ്ടോ? ആണിനും പെണ്ണിനും തിരിച്ചറിയാവുന്ന വസ്ത്രം എന്ന പ്രാഥമിക പരിഗണന പോലും ഇല്ലായ്മ ചെയ്യുന്ന Dress Neutrality യാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം! സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും Girls Friendly toilet എങ്കിലും ഉറപ്പു വരുത്താന്‍ കഴിയാത്ത നമുക്ക് Neutral Uniform കൊണ്ട് ഒരു നേട്ടവും കൊയ്യാനാവില്ല.
ഇരുന്ന് മൂത്രമൊഴിക്കാന്‍ പോലും കഴിയാത്ത ടൈറ്റ് ജീന്‍സ് കൗമാരപ്രായത്തില്‍ ധരിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പറഞ്ഞ ഒരു പ്രൊഫസറെ നിര്‍ത്തിപ്പൊരിച്ച മാധ്യമങ്ങള്‍ ഇന്ന് കംഫര്‍ട്ടിനെപ്പറ്റി വാചാലമാകുന്നത് വിരോധാഭാസമാണ്. കംഫര്‍ട്ട് ഏതെന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്കുന്നതിനു പകരം ആരെങ്കിലും അടിച്ചേല്പിക്കുന്നത് എല്ലാവര്‍ക്കും കംഫര്‍ട്ടാകണമെന്നില്ല.
പുണ്യങ്ങളുടെ വസന്തകാലം
പുണ്യങ്ങളുടെ വസന്തകാലം, റമദാന്‍. പന്ത്രണ്ട് ചാന്ദ്രമാസങ്ങളില്‍ ഏറെ ശ്രേഷ്ടതയുള്ള ദിനരാത്രികള്‍! വിശുദ്ധ ഖുര്‍ആനിന്റെ അവതാരണം നിര്‍വ്വഹിക്കപ്പെട്ടുവെന്ന പരിശുദ്ധിയാണ് റമദാനിന്റെ മുഖ്യ വ്യതിരക്തത. വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്ന വിശ്വാസിക്ക് നരകവിമുക്തിയും സ്വര്‍ഗപ്രവശേവും ലഭ്യമാക്കത്തക്കവിധം ദൈവിക അനുഗ്രഹങ്ങളും പാപമോചനവും കൊണ്ട് ധന്യമാണ് റമദാന്‍.
ദേഹവും ദേഹിയും ചേര്‍ന്ന സൃഷ്ടിയാണ് മനുഷ്യന്‍. ശരീരവും മനസ്സും വൈവിധ്യമാര്‍ന്ന സംവിധാനവും ദൗത്യവും നിര്‍വഹിക്കുന്നു. ഭൗതിക പ്രമത്തതയും ഉപഭോഗ തൃഷ്ണയും ശക്തമായ സമകാലത്ത് ശരീരേഛകള്‍ അനിയന്ത്രിതമായി വരുന്നു. സുഖലോലുപതക്കും ഭൗതിക ഐശ്വര്യങ്ങള്‍ക്കുമുള്ള നിരന്തരമായ സഞ്ചാരവും സാഹസവുമാണ് പൊതുവില്‍ കാണുന്നത്. അതിരും എതിരുമില്ലാത്ത ശരീരകാമനകളെ സംതൃപ്തിപ്പെടുത്താന്‍ കുതിക്കുന്ന ആധുനിക സമൂഹം. നവ ഉദാര സമീപനങ്ങളിലൂടെ പവിത്രമായ ബന്ധങ്ങളും ജൈവ പരിഗണനകളും വരെ തകര്‍ത്തെറിയുന്ന ലോകം. അപരവത്ക്കരണവും അധിനിവേശങ്ങളും വഴി അന്യനെ ആക്രമിച്ച് കീഴ്‌പ്പെടുത്താനും അടക്കിഭരിക്കാനുമുള്ള ശ്രമങ്ങള്‍, ഭ്രാന്തമായ കിടമത്‌സരങ്ങളായി വ്യക്തി മുതല്‍ രാഷ്ട്രം വരെ പരിണമിച്ചിരിക്കുന്നു. ഇത്തരം പ്രവണതകളെ നിയന്ത്രിക്കുകയെന്ന പ്രധാന ദൗത്യമാണ് വ്രതം പകരുന്ന കരുത്ത്.
മനുഷ്യന്‍ ആര്? അവന്റെ ദൗത്യമെന്ത്, ജീവിത വീക്ഷണമെന്ത്, തുടങ്ങിയ സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള അടിസ്ഥാന വിചാരങ്ങളുടെ വീണ്ടെടുപ്പാണ് റമദാന്‍. സ്രഷ്ടാവിന്റെ നിയമങ്ങളും മാര്‍ഗദര്‍ശനവും പൂര്‍ണമായി അനുധാവനം ചെയ്യുകയാണ് സൃഷ്ടിയുടെ മൗലികമായ ധര്‍മം. ആ ധര്‍മ നിര്‍വ്വഹണത്തിന്റെ ശക്തമായ മാര്‍ഗ്ഗമാണ് വ്രതം. പ്രഭാതം മുതല്‍ പ്രദോഷം വരെ ഒരു വ്യക്തി അന്നപാനീയങ്ങള്‍ വര്‍ജ്ജിക്കുന്നതിന്റെ താത്പര്യം എന്ത്, മനുഷ്യന്റെ ജൈവികമായ പ്രതികരണമാണ് ഭക്ഷണം, ലൈംഗിക വികാരങ്ങള്‍ തുടങ്ങിയവ. പക്ഷേ ഇവ നിശ്ചിത സമയത്തില്‍ മാറ്റിവെച്ച് ശരീരേഛകളെ നിയന്ത്രിക്കുന്നു. അഥവാ ദേഹത്തിന്റെ സ്വാഭാവിക ചോദനകളെ സ്രഷ്ടാവിന്റെ കല്പന വഴി മാത്രം ഉപയോഗപ്പെടുത്തുന്നു. ഇത്തരമൊരു പരിശീലനം വ്രതം വഴി ലഭ്യമാകുന്നുവെന്നിരിക്കെ സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള അനിവാര്യമായ വിധേയത്വമാണ് ഉണ്ടാകുന്നത്.
ശരീരേഛകളെ നിയന്ത്രിച്ച് സദ്‌വഴികളിലും ധര്‍മപാതയിലും മാത്രം ചരിക്കുകയെന്ന സൃഷ്ടിധര്‍മമാണ് മൗലികമായി റമദാനില്‍ പരിശീലിച്ചെടുക്കുന്നത് . ഖുര്‍ആന്‍ 2:183 ല്‍ ഈ ലക്ഷ്യമാണ് നിര്‍ബ്ബന്ധ വ്രതാനുഷ്ഠാനത്തിന്റെ അടിസ്ഥാന താത്പര്യമായി പറയുന്നത്. ആധുനിക മനുഷ്യന്റെ ഭൗതികപ്രമത്തതയെ ‘കടിഞ്ഞാണിടാന്‍’ വ്യവസ്ഥാപിതമായ വ്രതാനുഷ്ഠാനത്തിന് സാധ്യമാണ്.
ശരീരത്തിന്റെ കാവല്‍ഭടനാവണം ആത്മാവ്. തിന്‍മകളെ പ്രതിരോധിക്കുന്ന പരിച. ഉപഭോഗതൃഷ്ണയെ തകര്‍ക്കുന്ന ഉള്‍ക്കരുത്ത്. അതിരടയാളങ്ങളെ ആവര്‍ത്തിച്ച് ബോധനം ചെയ്യുന്ന ഗുണകാംക്ഷയുള്ള നിര്‍വ്വാഹകന്‍..
വ്രതാനുഷ്ഠാനം വഴി ശാരീരികമായ ചില ക്രമീകരണങ്ങളേക്കാള്‍ ആത്മീയ വിശുദ്ധിയാണ് പൂര്‍ത്തീകരിക്കേണ്ടത്. സദ്കര്‍മവും സത്‌വഴിയും തിരിച്ചറിയുന്ന വിശുദ്ധിയുള്ള ആത്മാവിന്റെ നിയന്ത്രണത്തില്‍ മാത്രം ശരീരേഛകളുടെ സഞ്ചാരം ക്രമീകരിക്കുക വഴി മനുഷ്യന്‍ സ്തുത്യര്‍ഹനായി മാറുന്നു. നന്‍മ വിചാരങ്ങളും ബന്ധങ്ങളിലെ പവിത്രതയും കര്‍മങ്ങളിലെ സത്യസന്ധതയും സന്‍മാര്‍ഗദര്‍ശനവും ഉള്‍കൊണ്ട് ഉത്തമസൃഷ്ടിയായി മാറുന്നു.
അത്തരമൊരു പരിശീലനമാണ് വ്രതം. ശരീരേഛകളെ സദ്‌വഴികളിലേക്ക് തിരിച്ചൊഴുക്കാന്‍ കഠിനമായ ചെറുത്ത്‌നില്പ്പ് നിര്‍വ്വഹിക്കുന്ന മനസ്സിന്റെ വിശ്വാസ ശക്തി (ഖുവ്വതുല്‍ ഈമാന്‍) യാണ് റമദാനിന്റെ കരുതലും കാവലും.
പിടിച്ചു വെക്കുക (ഇംസാക്ക്) എന്ന ആശയമാണ് സ്വൗമ് (നോമ്പ്) എന്ന അറബി പദത്തിന്റെ താത്പര്യം-റമദാന്‍ എന്നത് കരിച്ചു കളയുന്നതും, ചൂടേറിയതുമായ മണല്‍ പരപ്പിനെ ഭാഷാര്‍ത്ഥത്തില്‍ പ്രതിനിധീകരിക്കുന്നു. തിന്‍മകളുടെ സാധ്യതകളെയും തെറ്റുകളെയും കരിച്ചുകളഞ്ഞ് നന്‍മയുടെ വസന്തം തീര്‍ക്കലാണ് ആ അര്‍ഥത്തില്‍ റമദാന്‍.
