ഈമാന്‍
ഇസ്ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്കാരവും ചേര്‍ന്നതാണ് ഇസ്ലാം. ഇസ്ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്ലിംകള് വിശ്വസിക്കുന്നു. ദൈവദൂതന്മാര് മുഖേനയാണ് ഇവ പഠിപ്പിക്കപ്പെട്ടത്. ‘വിശ്വാസം’ എന്നതിന് ഈമാന്‍ എന്ന സംജ്ഞയാണ് അറബിയില്‍ ഉപയോഗിക്കപ്പെടുന്നത്.
മതങ്ങളുടെ അടിത്തറ വിശ്വാസമാണ്. പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്ലാമിലും ഇങ്ങനെത്തന്നെയാണ്. ദൈവ വിശ്വാസത്തിന്റെ ചരിത്രം.
എന്താണ് ഈമാന്‍
വിശ്വാസം എന്ന ആശയത്തിന് അറബിയില്‍ പ്രയോഗിക്കുന്ന പദമാണ് ഈമാന്‍. എന്നാല്‍ ‘വിശ്വസ്തത’യില്‍ നിന്ന് ഉത്ഭൂതമാകുന്നതും മനുഷ്യര്‍ പരസ്പരം വിശ്വാസത്തിലെടുക്കുന്നതുമായ സംഗതികളല്ല ഈമാന്‍ എന്നതു കൊണ്ട് അര്‍ഥമാക്കുന്നത്.
അറിവുകള്‍ ആര്‍ജിക്കാന്‍ മനുഷ്യന് അല്ലാഹു നല്കിയ മാര്‍ഗങ്ങളാണ് പഞ്ചേന്ദ്രിയങ്ങള്‍. കണ്ടും കേട്ടും മണത്തും രുചിച്ചും സ്പര്ശിച്ചും കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ് മനുഷ്യനുണ്ട്. ഈ കഴിവ് തിര്യക്കുകള്ക്കുമുണ്ട്. ഓരോന്നും വ്യത്യസ്ത അളവിലും തോതിലുമാണ് എന്നുമാത്രം. പഞ്ചേന്ദ്രിയങ്ങള്‍ മൂലം ലഭിക്കുന്ന അറിവുകള്‍ക്ക് പുറമെ തന്റെ സവിശേഷ ബുദ്ധിയും ചിന്താ ശേഷിയും ഉപയോഗിച്ച് മനനം ചെയ്തെടുക്കുന്ന നിഗമനങ്ങളും കണ്ടെത്തലുകളും മനുഷ്യന്റെ മാത്രം കഴിവുകളില്പെട്ടതാണ്. ഇങ്ങനെ പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ചുകൊണ്ടോ ചിന്താശേഷികൊണ്ടോ കണ്ടെത്താവുന്ന ഒരു കാര്യത്തില്‍ ‘വിശ്വസിച്ചു’ എന്ന് പറയാറില്ല. തേനിന് മധുരമുണ്ട് എന്നത് വിശ്വാസം അഥവാ (ഈമാന്‍) അര്‍പ്പിക്കേണ്ട ഒരു കാര്യമല്ല. മക്ക കാണാത്ത ഒരാള്‍, താന്‍ മക്കയുണ്ടെന്ന് വിശ്വസിക്കുന്നു എന്ന് പറയാറില്ല.
മനുഷ്യന്റെ കഴിവുകള്‍കൊണ്ട് കണ്ടെത്താന്‍ കഴിയാത്ത അഭൗതികമായ വിഷയങ്ങളിലാണ് വിശ്വാസം വേണ്ടി വരുന്നത്. ഈ അര്‍ഥത്തിലാണ് പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിലും ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളിലും വിശ്വസിക്കുന്നത്. മരണാനന്തര ജീവിതത്തില്‍ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും അറിയില്ല. അത് മനുഷ്യന്റെ അറിവിന്റെ പരിധിയില്‍ പെട്ടതല്ല. അത്തരം കാര്യങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുന്നതിനാണ് ഈമാന്‍ എന്നു പറയുന്നത്. എല്ലാ മതങ്ങളിലും വിശ്വാസ കാര്യങ്ങളുണ്ട്. ഇസ്ലാം മതത്തിന്റെ അടിത്തറ തന്നെ വിശ്വാസമാണ്. അല്ലാഹു, പരലോകം, മലക്കുകള്‍, സ്വര്‍ഗനരകങ്ങള്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ വിശ്വസിക്കേണ്ടതുണ്ട്. ഈ വിശ്വാസങ്ങള്‍ക്കാധാരം ദൈവദൂതന്മാര് മുഖേനയുള്ള ദിവ്യ സന്ദേശങ്ങളാണ്. അതാണ് വഹ്യ് എന്നറിയപ്പെടുന്നത്. ഇത്തരം കാര്യങ്ങളില്‍ ഈമാന്‍ (വിശ്വാസം) ഉള്ളയാള്‍ മുഅ്മിന് (വിശ്വാസി) എന്ന് അറിയപ്പെടുന്നു.
ദൈവദൂതന്മാര് മുഖേന ലഭിക്കുന്ന ദൈവിക പ്രമാണങ്ങളിലുള്ളതല്ലാത്ത കാര്യങ്ങള്‍ കേട്ടുകേള്‍വിയുടെയോ മറ്റോ അടിസ്ഥാനത്തില്‍ പിന്പറ്റുന്നതിനെയാണ് അന്ധവിശ്വാസമെന്ന് പറയുന്നത്. ഈമാന്‍ നാവുകൊണ്ട് ഉരുവിടാനുള്ളതല്ല. കൃത്യമായ അറിവിന്റെ അടിസ്ഥാനത്തില്‍ മനസ്സില്‍ നിന്നുണ്ടാവേണ്ട ബോധ്യമാണത്. കാണാത്തതും ഭൗതികമായി വിശദീകരിക്കാന്‍ കഴിയാത്തതുമാണെങ്കിലും പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളുടെയും ദൈവിക പ്രമാണങ്ങളുടെയും അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടതും മനസ്സിന് ശാന്തത നല്‍കുന്നതുമായി മാറുമ്പോഴാണ് ഈമാന്‍ അര്‍ഥപൂര്‍ണമാകുന്നത്.
വിശ്വാസം എന്നാണ് ഈമാന്‍ എന്നതിന് സാമാന്യമായി അര്‍ഥം പറയാറുള്ളത്. അംന് എന്ന ശബ്ദധാതുവില്‍ നിന്നാണ് വിശ്വാസം എന്നര്‍ഥമുള്ള ഈമാന്‍ നിഷ്പന്നമായിരിക്കുന്നത്. നിര്‍ഭയത്വം, സുരക്ഷിതത്വം, വിശ്വസ്തത എന്നീ അര്‍ഥങ്ങളാണ് അംന് എന്ന പദധാതുവിനുള്ളത്. സര്‍വജ്ഞനും സര്‍വശക്തനും പരമകാരുണികനുമായ പ്രപഞ്ചനാഥന്റെ തെറ്റുപറ്റാത്ത വ്യവസ്ഥക്ക് വിധേയമാണ് താനടക്കമുള്ള സര്‍വചരാചരങ്ങളും എന്ന് വിശ്വസിക്കുന്ന വ്യക്തി തികഞ്ഞ നിര്‍ഭയത്വവും സുരക്ഷാബോധവും അനുഭവിക്കുന്നു. ജീവിതത്തിന്റെ സര്‍വതോമുഖമായ നന്മക്കും വിജയത്തിനും വേി പരമകാരുണികനായ പ്രപഞ്ചനാഥന് നല്കിയ മാര്‍ഗദര്‍ശനം പിന്തുടരുന്ന ഒരാള്‍ സകലവിധ ഭയാശങ്കകളില്‍ നിന്നും മുക്തനായി അവാച്യമായ സമാധാനത്തോടെ ജീവിക്കുന്നു.
ആകാശ ഗോളങ്ങളും ഭൂമിയും അതിലുള്ള സസ്യജന്തു ജീവജാലങ്ങളും പര്‍വ്വതങ്ങളും പാരാവാരങ്ങളും കാറ്റും കാടും മണ്ണും മഴയും തുടങ്ങി പ്രകൃതി പ്രതിഭാസങ്ങളും സര്‍വജ്ഞനായ സ്രഷ്ടാവ് ലക്ഷ്യത്തോടും വ്യവസ്ഥയോടും കൂടി സംവിധാനിച്ചതാണെന്ന് മനസ്സിലാക്കുന്ന മനുഷ്യന് സ്രഷ്ടാവിനോടും സൃഷ്ടിയായ പ്രപഞ്ചത്തോടും വിശ്വസ്തത പുലര്‍ത്തുന്നു. സൃഷ്ടിപ്പിന്റെ അത്ഭുതങ്ങളെക്കുറിച്ച് ആഴത്തില്‍ ആലോചിക്കുന്നതിലൂടെ അത്യൂന്നതനായ സ്രഷ്ടാവിന്റെ അതുല്യമായ സൃഷ്ടിവൈഭവത്തെ അടുത്തറിയാന്‍ വിശുദ്ധ ഖുര്‍ആന്‍ പ്രോത്സാഹനം നല്കുന്നു. ഈ പ്രപഞ്ചത്തിന്റെയും അതിലുള്ള സര്‍വചരാചരങ്ങളുടെയും സൃഷ്ടികര്‍ത്താവിലുള്ള അചഞ്ചലമായ വിശ്വാസം നിര്‍ഭയത്വവും സുരക്ഷിതത്വ ബോധവും വിശ്വസ്തതയും ഉറപ്പ് നല്കുന്നു.
മനുഷ്യന് സ്വന്തം അസ്തിത്വത്തെക്കുറിച്ചും ഈ വിശാല പ്രപഞ്ചത്തിലെ അനേകം പ്രതിഭാസങ്ങളെക്കുറിച്ചും ഗൗരവമായി ആലോചിക്കുന്നതിലൂടെ അവയുള്‍ക്കൊള്ളുന്ന ചിന്തനീയ ദൃഷ്ടാന്തങ്ങളില്‍ നിന്ന് പാഠമുള്ക്കൊ് ഏകദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്താല്‍ സമാധാന പൂര്‍ണമായ ജീവിതം നയിക്കേവരാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
മനുഷ്യരില്‍ ബഹുഭൂരിപക്ഷത്തെയും ഭരിച്ചുകൊണ്ടിരിക്കുന്ന വികാരമാണ് ഭയം. അടിസ്ഥാന രഹിതമായ ഭയാശങ്കകളില്‍ നിന്ന് മോചിതരാവാന്‍ വേണ്ടി മനുഷ്യന് മന്ത്രവാദികളെയും പുരോഹിതന്മാരെയും സമീപിക്കുന്നു. മുട്ടുശാന്തി വാഗ്ദാനം ചെയ്യപ്പെടുന്ന കേന്ദ്രങ്ങളില്‍ ചെന്ന് ബഹുദൈവാരാധനയില് തളച്ചിടപ്പെടുന്നു. എന്നാല്‍ ഏകദൈവത്തിലുള്ള അടിയുറച്ച വിശ്വാസം മാത്രമാണ് മനുഷ്യമനസ്സില്‍ നിന്ന് സകല ഭയാശങ്കകളെയും പിഴുതെറിയുന്നത്. ദൈവത്തിലുള്ള അചഞ്ചല വിശ്വാസത്തിലൂടെ നിര്‍ഭയത്വം സ്വജീവിതത്തില്‍ അനുഭവിക്കുകയും ആ വിശ്വാസം പകര്‍ന്നുകൊടുത്ത് ജനങ്ങളെ ഭയമുക്തരാക്കാന്‍ അഹോരാത്രം യത്നിക്കുകയും ചെയ്ത പ്രവാചക ശ്രേഷ്ഠന് ഇബ്റാഹീം(അ) ക്രൈസ്തവ-യഹൂദ മതവിഭാഗങ്ങള്‍ക്കിടയില്‍ സര്‍വാദരണീയനായിരുന്നു. സ്വപിതാവ് ഉള്‍പ്പെടെയുള്ള ബിംബാരാധനയില്‍ മുഴുകിയ സമൂഹത്തോട് വിഗ്രഹങ്ങളെ സംബന്ധിച്ച ഭയത്തിന്റെ വ്യര്‍ത്ഥതയാണ് ആദ്യമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് (21:51,52). കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത, യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുവെ ആരാധിക്കുന്നതിലെ അര്‍ഥശൂന്യത ഇബ്റാഹീം(അ) ചോദ്യം ചെയ്തു. എന്നാല്‍ ഭക്ത്യാദരപൂര്‍വ്വം വിഗ്രഹങ്ങളെ പ്രതിഷ്ഠിച്ച് അവയെ ആരാധിക്കുന്ന സമൂഹത്തെ അടക്കിഭരിച്ചിരുന്നത് ഭയാശങ്കകളായിരുന്നു. ബഹുദൈവാരാധക സമൂഹം ഒറ്റക്കെട്ടായി നിന്ന് ഭീഷണികള്‍ മുഴക്കിയപ്പോള്‍ ഇബ്റാഹീം(അ) മനുഷ്യനെ ഭയത്തില്‍ നിന്ന് മോചിപ്പിക്കുന്ന ദൈവിക മതത്തിന്റെ അന്തസ്സത്ത അവര്‍ക്കു മുമ്പില്‍ അസന്നിഗ്ധമായി തെളിയിച്ചു (6:80,81).
വിശ്വാസിക്ക് നിര്‍ഭയത്വവും സമാധാനവും അനുഭവിക്കാനാവുന്നതിന്റെ കാരണം ജീവിതം മുഴുക്കെ ദൈവിക പരീക്ഷണത്തിന് വിധേയനാവേവനാണെന്ന ഉറച്ചബോധ്യമുണ്ടാകുന്നതിനാലും നന്മകള് സംഭവിക്കുമ്പോള്‍ നന്ദിബോധവും തിന്മകള് അനുഭവിക്കേണ്ടി വരുമ്പോള്‍ ക്ഷമയും സഹനവും പാലിക്കുന്നതിനാലുമാണ്. തന്റെ രക്ഷിതാവിങ്കല്‍ അവയെല്ലാം പ്രതിഫലാര്‍ഹമായിത്തീരുമെന്ന പ്രതീക്ഷ അവാച്യമായ സമാധാനമാണ് പകര്‍ന്ന് തരുന്നത്. നിര്‍ഭയത്വത്തിന്റെ അചഞ്ചലമായ പ്രതീകമായിരുന്ന മഹാനായ പ്രവാചകന് ഇബ്റാഹീം(അ) വിഗ്രഹങ്ങളുടെ ശാപകോപങ്ങളേയോ വിഗ്രഹ ഭക്തരുടെ രോഷത്തെയോ തെല്ലും ഭയക്കാതെ നിര്‍ഭയത്വം പ്രാവര്‍ത്തികമാക്കി കാണിച്ചു കൊടുത്തു. വിഗ്രഹങ്ങളെക്കുറിച്ചുള്ള ഭയാശങ്കകളകറ്റി സാക്ഷാല്‍ ജഗന്നിയന്താവിലേക്ക് സ്വജനതയുടെ ശ്രദ്ധ തിരിച്ചുകൊണ്ടുവരാനായി വിഗ്രഹങ്ങളുടെ കാര്യത്തില്‍ തന്ത്രം പ്രയോഗിച്ചു (21:57). സ്വയം ദൈവം ചമഞ്ഞ സ്വേഛാധിപതിയോട് ഉത്തരം മുട്ടിക്കുന്ന ശൈലിയില്‍ ന്യായവാദം നടത്തി (2:58). അക്ഷരാര്‍ത്ഥത്തില്‍ അഗ്നിപരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നപ്പോള്‍ ഭയാശങ്കകളേതുമില്ലാതെ സധൈര്യം സര്‍വതിനേയും നേരിടാന്‍ കരുത്ത് പകരുന്നത് ജഗന്നിയന്താവിലുള്ള ദൃഢവിശ്വാസം കൊണ്ട് സാധ്യമായിട്ടുള്ള നിര്‍ഭയത്വം കൊണ്ടുതന്നെയായിരുന്നു.
താഴ്മയും സമര്‍പ്പണവും പ്രാര്‍ഥനയും കൊണ്ട് ധന്യമായിരുന്ന, അല്ലാഹുവിന്റെ ഉറ്റ മിത്രമെന്ന് വിശേഷിപ്പിക്കപ്പെട്ട, ഇബ്റാഹീം(അ)യുടെ ജീവിതം പിന്തുടരപ്പെടേണ്ട ജീവിത സരണിയായി ഖുര്‍ആന്‍ പഠിപ്പിക്കുന്നു. നിര്‍ഭയത്വവും നിശ്ചയദാര്‍ഢ്യവും വളര്‍ത്തുന്ന ദൈവിക ആദര്‍ശത്തിന്റെ സ്ഥായീഭാവത്തെ അല്ലാഹു ഉപമിക്കുന്നത് ഒരു നല്ല മരത്തോടാണ്. ഭൂമിയിലേക്ക് വേരുകള്‍ ആഴ്ത്തി ആകാശത്തിലേക്ക് ശാഖകള്‍ പന്തലിച്ച് നില്ക്കുന്ന വൃക്ഷം അല്ലാഹുവിന്റെ അനുമതിയോടെ ഫലങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്നു. അല്ലാഹു അല്ലാതെ ആരാധ്യനായി മറ്റാരുമില്ല എന്ന ഇസ്ലാമിന്റെ മൗലിക വിശ്വാസ ദര്‍ശനം മനസ്സില്‍ വേരുറക്കുന്നതോടെ ഇഹപര ജീവിതത്തില്‍ നന്മയും വിജയവും സുസ്ഥിരതയും കൈവരുന്നു.
ഇസ്ലാം എന്നത് അനിതരവും അന്യൂനവുമായ ഒരു ആദര്‍ശത്തിന്റെ പേരാണ്. സര്‍വകാല പ്രസക്തവും സകല മനുഷ്യര്‍ക്കും പ്രയോഗവല്ക്കരിക്കാവുന്നതുമായ ഇസ്ലാമിക അനുശാസനങ്ങളുടെയെല്ലാം അടിസ്ഥാനം ഈമാന്‍ അഥവാ വിശ്വാസമാണ്. ജഗന്നിയന്താവിലുള്ള ദൃഢവിശ്വാസത്താല്‍ പ്രചോദിതമായിട്ടല്ലാതെ ഒരാള്‍ സത്കര്മനിരതനാവുകയും ദുഷ്കര്‍മങ്ങള്‍ പാടെ വര്‍ജ്ജിക്കുകയും ചെയ്താലും ഇസ്ലാമിക ദൃഷ്ട്യാ അവയൊന്നും മൂല്യവത്തായിതീരുന്നില്ല.
മനുഷ്യന് സ്വന്തം ശരീരത്തെയും അവന് ജീവിക്കുന്ന പ്രകൃതി വ്യവസ്ഥയെയും അന്യുനവും വ്യവസ്ഥാപിതവുമായി സംവിധാനിച്ചതിനെക്കുറിച്ച് ആലോചിച്ചു നോക്കിയാല്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായ ജഗന്നിയന്താവിന്റെ മാര്‍ഗദര്‍ശനം അതിന്റെ പിന്നിലുണ്ടെന്ന സത്യം ബോധ്യപ്പെടാതിരിക്കില്ല. മനുഷ്യ ശരീരത്തിലെ നിസ്സാരമായ കണ്ണിമ, കണ്ണ് മൂടാന്‍ വേണ്ട വലുപ്പമെത്തിയാല്‍ ആ രോമങ്ങളുടെ വളര്‍ച്ച നില്ക്കുന്നു. ഒരു ഇമ കൊഴിഞ്ഞു പോയാല്‍ പകരം വളരുന്ന രോമവും ഇതേ കൃത്യത പുലര്‍ത്തുന്നു. സഹസ്ര കോടിക്കണക്കിന് കോശങ്ങള്‍ നമ്മുടെ ശരീരത്തിനകത്ത് വളരുകയും പെരുകുകയും പോഷണം നേടുകയും ചെയ്തുകൊണ്ടിരിക്കുന്നു. ശരീരഭാഗത്ത് എവിടെയെങ്കിലും മുറിവു പറ്റിയാല്‍ ചുറ്റുപാടുമുള്ള കോശങ്ങള്‍ അടിയന്തര ജോലികള്‍ ഏറ്റെടുത്ത് നിര്‍വ്വഹിക്കുന്നു. മുറിവുണങ്ങി ശരീരഭാഗം പൂര്‍വസ്ഥിതിയിലായാല്‍ ഏറ്റെടുത്ത ജോലി നിര്‍ത്തി അവ പൂര്‍വ ധര്‍മങ്ങളിലേക്ക് തിരിച്ചു പോകുന്നു. മനുഷ്യ ശരീരത്തിനകത്ത് ഇവയെല്ലാം യാദൃച്ഛികമായി സംഭവിക്കുന്നതാണെന്ന് പറയാന്‍ ന്യായമില്ല. കുറ്റമറ്റ രീതിയില്‍ സൃഷ്ടിക്കുകയും വ്യവസ്ഥാപിതമായി സംവിധാനിക്കുകയും ചെയ്ത പ്രപഞ്ചനാഥന്റെ വ്യക്തമായ മാര്‍ഗദര്‍ശനം ഇവക്കെല്ലാം കൂടിയേ തീരൂ എന്ന സത്യത്തിലാണ് നാം എത്തിച്ചേരുന്നത്.
മനുഷ്യ ശരീരം എന്ന അദ്ഭുതയന്ത്രം കുറ്റമറ്റരീതിയില്‍ സംവിധാനിച്ച് മാര്‍ഗദര്‍ശനം നല്കിക്കൊണ്ടിരിക്കുന്ന പ്രപഞ്ചനാഥന് തന്നെ മനുഷ്യന്റെ വര്‍ത്തനം എവ്വിധമായിരിക്കണമെന്ന് വഴികാണിക്കാന്‍ ബാധ്യതയുണ്ട്. ആ മാര്ഗദര്ശനങ്ങളാവട്ടെ കണിശവും അന്യുനവുമാണെന്ന് നാം വിശ്വസിച്ചേ തീരൂ.
ദൈവിക മാര്‍ഗദര്‍ശനത്തെ കണ്ണടച്ച് അംഗീകരിക്കണമെന്ന് പറയുന്നത് ശാസ്ത്രത്തെ തള്ളിക്കളയുന്ന നിലപാടല്ലേ എന്ന് ശങ്കിച്ചേക്കും. യഥാര്‍ഥത്തില്‍ ശാസ്ത്രത്തിന്റെ നിലനില്‍പ്പ് ജഗന്നിയന്താവിന്റെ കണിശമായ വ്യവസ്ഥയെ ആശ്രയിച്ചാണുള്ളത്. ശാസ്ത്രങ്ങള്‍ പുതുതായി പദാര്‍ഥങ്ങളെ നിര്‍മിക്കുകയോ നിയമങ്ങള്‍ ആവിഷ്കരിക്കുകയോ ചെയ്യുന്നില്ല. സൂക്ഷ്മവും സ്ഥൂലവുമായ പദാര്‍ഥങ്ങള്‍ എങ്ങനെ വര്‍ത്തിക്കണമെന്നത് സംബന്ധിച്ച് പ്രപഞ്ചസ്രഷ്ടാവ് നല്കിയ മാര്‍ഗദര്‍ശനം കണ്ടെത്തുകയും അവ പ്രയോജനപ്പെടുത്തുകയുമാണ് സത്യത്തില്‍ ശാസ്ത്ര ഗവേഷണങ്ങള്‍ ചെയ്യുന്നത്. ശാസ്ത്രകാരന്മാര് നിരീക്ഷണത്തിലൂടെ നിഗമനങ്ങളില്‍ എത്തിച്ചേരുകയും നിയമങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നത് സൃഷ്ടികര്‍ത്താവിന്റെ മാര്‍ഗദര്‍ശനത്തെ ഉപജീവിച്ചാണ്. അതുകൊണ്ട് തന്നെ ജീവിത വ്യവഹാരങ്ങളില്‍ ദൈവിക മാര്‍ഗദര്‍ശനത്തിന്റെ ആവശ്യകത നിരാകരിക്കുന്നതിലും യാതൊരു സാധൂകരണവുമില്ല. കഠിന ധിക്കാരിയായ ഫറോവ ചക്രവര്‍ത്തിയോട് ദൈവദൂതന്മാരായ മൂസാ(അ)യും ഹാറൂനും(അ) പറഞ്ഞ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. ”ഓരോ വസ്തുവിനും അതിന്റെ സൃഷ്ടിഘടന നല്‍കുകയും എന്നിട്ട് അതിന് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തവനാണ് ഞങ്ങളുടെ രക്ഷിതാവ്” (20:50).
ശാസ്ത്രത്തിന്റെ യുക്തിയും നിഗമനവും തിരുത്തപ്പെട്ടേക്കാം. തെറ്റുകളില്‍ നിന്ന് ശരിയെന്ന് തോന്നുന്നതിലേക്ക് മനുഷ്യബുദ്ധി വികസിപ്പിച്ചെടുത്തതാണ് ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെല്ലാം. എന്നാല്‍ മനുഷ്യന്റെ മസ്തിഷ്കവും പഞ്ചേന്ദ്രിയങ്ങളും അവ കൂടാതെ കോടാനു കോടി ജൈവ അജൈവ വ്യവസ്ഥകളും പ്രപഞ്ചത്തില്‍ യാതൊരു തിരുത്തലുകളും കൂടാതെ അന്യൂനമായി സംവിധാനിച്ച് വ്യവസ്ഥാപിതമായി പരിപാലിച്ച് പോരുന്ന പ്രപഞ്ചനാഥനിലുള്ള വിശ്വാസം പരമപ്രധാനമായ ഒന്നാണ്.
ദൈവവിശ്വാസത്തിന്റെ ഉത്പത്തിയെയും പരിണാമത്തെയും പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു സാമൂഹ്യ സ്ഥാപനമാണ് മതമെന്ന അടിത്തറയില്‍ നിന്ന് കൊണ്ടാണ് ഭൗതികവാദികള്‍ ദൈവവിശ്വാസത്തിന്റെ ഉത്പ്പത്തിയെയും പരിണാമത്തെയും വിശദീകരിക്കാന്‍ ശ്രമിച്ചത്. പ്രാഗ് ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഉദ്ഖനന ഗവേഷണഫലങ്ങള്‍ മതത്തിന്റെയും ദൈവവിശ്വാസത്തിന്റെയും പരിണാമത്തെ സംബന്ധിച്ച ഭൗതികവാദത്തിന്റെ വികല വീക്ഷണങ്ങളുടെ മുനയൊടിക്കുന്നവയാണ്.
വിവിധ മതോത്പത്തി സിദ്ധാന്തങ്ങളും, പ്രാക്തന വര്‍ഗങ്ങളിലെ ദൈവസങ്കല്പത്തെക്കുറിച്ചും, ആഫ്രിക്കന്‍ ആദിവാസികളുടെ ദൈവസങ്കല്പം, പുരാതന ആസ്ത്രേലിയന്‍ ദൈവവിശ്വാസം, നദീതട സംസ്കാരങ്ങളിലെ ദൈവസങ്കല്പം, യൂഫ്രട്ടീസിന്റെയും ടൈഗ്രീസിന്റെയും നൈല്‍ തീരപ്രദേശത്ത് നിലനിന്നിരുന്ന ദൈവവിശ്വാസം, നൈല്‍ നദിയുടെയും സിന്ധുതടുതങ്ങളിലും നിലനിന്നിരുന്ന വിശ്വാസങ്ങള്‍, ഹിന്ദുമതത്തിലെയും ക്രിസ്തു മതത്തിലെയും യഹൂദ മതത്തിലെയും ഇസ്ലാമിലെയും ദൈവ വിശ്വാസങ്ങളും അവയുടെ രൂപവും തുടര്‍ന്നുവരുന്ന കുറിപ്പുകളിലൂടെ മനസ്സിലാക്കാം.
മതത്തിന്റെ അടിത്തറയായ ദൈവവിശ്വാസത്തിന്റെ ഉത്പത്തിയെയും പരിണാമത്തെയും സംബന്ധിച്ച് നിരവധി പഠന ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. അവയ്ക്കൊടുവില്‍ ഉരുത്തുരിഞ്ഞ് വന്ന അഭിപ്രായങ്ങളെയും നിഗമനങ്ങളെയും ഭൗതികവാദത്തിന്റെ അളവുകോലുകളുപയോഗിച്ച് ദൈവവിശ്വാസത്തിന്റെ ചരിത്രം വിശദീകരിക്കാനുള്ള ശ്രമങ്ങളായിട്ടേ കാണാന്‍ കഴിയുകയുള്ളൂ. ഏറ്റവും ഉന്നതമായ ദൈവസങ്കല്പ്പം ഏകദൈവവിശ്വാസമാണെന്നും താഴ്ന്നത് ബഹുദൈവവാദമാണെന്നും ഈ ഭൗതികവാദികളടക്കം അംഗീകരിക്കുന്നു.
എല്ലാ വസ്തുക്കളുടെയും പരിണാമപ്രക്രിയ താഴ്ന്നതില്‍ നിന്ന് ആരംഭിച്ച് മുകളിലേക്ക് പുരോഗമിക്കുന്നത് പോലെ ദൈവവിശ്വാസവും ബഹുദൈവാരാധനയില് നിന്ന് പടിപടിയായി പുരോഗമിച്ച് ഏകദൈവത്വത്തിലെത്തുകയാണെന്ന് ചിലര്‍ വാദിച്ചു. ഇതിനെ വ്യാഖ്യാനിച്ച് വിവിധ ഭൗതികവാദികള്‍ വ്യത്യസ്ത സിദ്ധാന്തങ്ങള്‍ ഉാക്കി.
മധ്യേഷ്യയിലെ ആര്യഗോത്രങ്ങളുടെ (INDO GERMANS) ചരിത്രം വെളിച്ചം കാണുന്നത് 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്. ആ ഗോത്രക്കാര്‍ നടത്തിയ സംവാദങ്ങള്‍ ‘മതവിശ്വാസത്തിന്റെ ഉത്പത്തിയെയും പരിണാമത്തെയും കുറിച്ച പഠനം’ എന്ന സ്വതന്ത്ര ശാസ്ത്ര ശാഖയുടെ പിറവിക്ക് കാരണമായി.
ദൈവവിശ്വാസത്തിന്റെ ആദിമരൂപമെന്ന് വാദിക്കപ്പെട്ടിട്ടുള്ള ഭൂതാരാധനാ സമ്പ്രദായത്തിന്റെ ആവിര്‍ഭാവം ആഫ്രിക്കയിലെയും അമേരിക്കയിലെയും ആദിവാസികളുടെ വിശ്വാസങ്ങളെക്കുറിച്ച് ഡി ബ്രോഇെജസ് നടത്തിയ പഠനത്തില്‍ നിന്നാണ്. 1851ല്‍ എക്യാമട്ട് ആവിഷ്കരിച്ച ഫെറ്റിഷിസം (FETISHISM) എന്നറിയപ്പെട്ട സിദ്ധാന്തം ഭൂതാരാധനാ സമ്പ്രദായത്തില്‍ നിന്നാണ് ദൈവവിശ്വാസത്തിന്റെ ഉത്പത്തിയെന്ന് സ്ഥാപിക്കുന്നു. ദുര്‍ഭൂതങ്ങളുടെ ഭൗതികമൂര്ത്തിയെ പൂജിക്കുന്നതിലൂടെ അവയുടെ സേവനം സ്വായത്തമാക്കാമെന്ന വിശ്വാസം പരിണമിച്ചാണ് ദൈവവിശ്വാസമുണ്ടായതെന്ന് ഫെറ്റിഷിസത്തിന്റെ വക്താക്കള്‍ സിദ്ധാന്തിക്കുന്നു. പരേതരായ മുന്‍ ഗാമികളോടുള്ള ബഹുമാനവും പൂര്‍വ പിതാക്കളോടുള്ള ഭക്ത്യാദരവും അവരുടെ കാല്പാടുകളെ അനുഗമിക്കുന്നതിലേക്കും അവരെ പൂജിക്കുന്നതിലേക്കും മനുഷ്യരെ എത്തിക്കുകയും അതില്‍ നിന്ന് ദൈവവിശ്വാസമുണ്ടാവുകയും ചെയ്തുവെന്ന് വാദിക്കുന്ന സിദ്ധാന്തമായിരുന്നു മാനിസം (MANISM). മാനിസത്തെ അടിസ്ഥാനമാക്കി 1870ല്‍ ഹെര്‍ബര്‍ട്ട് സ്പെന്‍സര്‍ അവതരിപ്പിച്ച മറ്റൊരു സിദ്ധാന്തമാണ് പ്രേതാരാധനാ സിദ്ധാന്തം (GHOST THEORY). പിതാക്കളുടെ പ്രേതങ്ങളെ പ്രീതിപ്പെടുത്തുന്നതിലൂടെ പലതും നേടിയെടുക്കാമെന്ന വിശ്വാസത്തില്‍ നിന്നാണ് ദൈവവിശ്വാസത്തിന്റെ ഉത്പ്പത്തിയെന്ന് സ്പെന്‍സര്‍ വാദിച്ചു.
മനുഷ്യന്റെ ശാരീരിക ജീവിതത്തിന് പുറമെ മറ്റൊരു ആത്മീയ ജീവിതം കൂടിയുന്നെ ധാരണയിലാണ് ദൈവവിശ്വാസത്തിന്റെ അടിവേരുകള്‍ സ്ഥിതിചെയ്യുന്നത് എന്ന വാദവുമായി മുന്നോട്ടു വന്നത് ഇ ബി ടൈലര്‍ ആയിരുന്നു. 1872ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രാകൃത സംസ്കാരം (PRIMITIVE CULTURE) എന്ന പുസ്തകത്തിലൂടെ ഇദ്ദേഹത്തിന്റെ ആശയങ്ങള്‍ ഏറെ ജനശ്രദ്ധ നേടുകയുായി.
നൈല്‍, യൂഫ്രട്ടീസ്, ടൈഗ്രീസ് തുടങ്ങി നദീതീരങ്ങളിലെ ജനവാസത്തെക്കുറിച്ചും അവിടങ്ങളിലെ പുരാതന നാഗരികതയെക്കുറിച്ചുമുള്ള പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് പ്രകൃതിപ്രതിഭാസങ്ങളെയും വിഭവങ്ങളെയും അവര്‍ ആരാധനാ മനോഭാവത്തില്‍ മനസ്സില്‍ പ്രതിഷ്ഠിച്ച് അവയെ പൂജിക്കുന്നു എന്നതാണ.് ‘ജ്യോതിര്‍ഗോള പ്രകൃതി പുരാണം’ (ASTRAL AND NATURAL MYTHOLOGY) എന്ന തത്ത്വത്തിന് സ്വീകാര്യത ലഭിക്കാന്‍ ഇത് കാരണമായി. ഉപരിമണ്ഡലത്തിലെ ജ്യോതിര്ഗോളങ്ങളോടുള്ള ഭക്ത്യാദരങ്ങളും പ്രകൃതി പ്രതിഭാസങ്ങളെപ്പറ്റിയുള്ള ഭയവുമാണ് മനുഷ്യനെ ദൈവ വിശ്വാസത്തിലെത്തിച്ചത് എന്നായിരുന്നു ഈ സിദ്ധാന്ത പ്രകാരം വാദിക്കപ്പെട്ടത്.
റോബര്‍ട്ട് സണ്‍സ്മിത്ത് ആയിരുന്നു ഗണചിഹ്ന സിദ്ധാന്ത (TOTEMISM) ത്തിന്റെ പിതാവ്. മനുഷ്യ ചരിത്രത്തിന്റെ പ്രാരംഭദശയില്‍ തന്നെ ആദിമ മനുഷ്യന്റെ ജീവിതത്തില്‍ വിവിധ വസ്തുക്കളെയും ജീവികളെയും ആരാധനാ മനോഭാവത്തില്‍ കണ്ട് അവയെ വന്ദിക്കാനും പൂജിക്കുവാനും തുടങ്ങിയതിലൂടെ മനുഷ്യനില്‍ ക്രമേണ ദൈവവിശ്വാസം ഉടലെടുത്തുവെന്ന വാദത്തെയാണ് ഗണചിഹ്ന സിദ്ധാന്തത്തിലൂടെ റോബര്‍ട്ട് സണ്‍സ്മിത്ത് സമര്‍ഥിച്ചത്. ഈ കാലഘട്ടത്തില്‍ തന്നെ കാറല്‍ മാര്‍ക്സ് വൈരുധ്യാത്മക ഭൗതിക വാദവുമായി രംഗത്ത് വരികയുണ്ടായി. മതവിശ്വാസത്തിന്റെ ഉത്പത്തിയെയും പരിണാമത്തെയുംവിശദീകരിക്കാന് മാര്‍ക്സ് തുനിഞ്ഞപ്പോള്‍ പ്രധാനമായും അതിന് അവലംബിച്ചത് മാനിസത്തെയും ആസ്ട്രല്‍ ആന്റ് നാചുറല്‍ മിത്തോളജിയെയുമാണ്. ബഹുദൈവാരാധന പരിണമിച്ചാണ് ഏകദൈവ വിശ്വാസമുണ്ടായതെന്ന വാദമാണ് ഉപരിസൂചിത സിദ്ധാന്തങ്ങളെല്ലാം സമര്‍ഥിക്കുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ നടന്ന ഉദ്ഖനന ഗവേഷണങ്ങള്‍ നല്കുന്ന ഫലങ്ങള്‍ ആദിമ മനുഷ്യരുടെ ആചാരങ്ങളിലും വിശ്വാസങ്ങളിലും ഏകദൈവ സങ്കല്പമാണുണ്ടായിരുന്നത് എന്ന വസ്തുതയെ ശരിവെക്കുന്നു. പ്രകൃതിപ്രതിഭാസങ്ങളുടെ ആരാധനക്കും പിതുരാരാധനയില് സായൂജ്യമടയുന്നവരുമായ ജനസമൂഹം രംഗത്ത് വരുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പുരാതന നാഗരികതകളിലെ പരാശക്തി ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ദൈവവും അവയുള്ക്കൊണ്ടിരുന്ന മതം ശുദ്ധമായ ഏകദൈവത്വത്തിലധിഷ്ഠിതമായ മതവുമായിരുന്നു എന്ന് വിയന്നാ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഡബ്ളിയു ഷ്മിറ്റ് എഴുതിയിട്ടുണ്ട്. 1
മനുഷ്യന്റെ ശുദ്ധമായ പ്രകൃതിയാണ് ഏകദൈവവിശ്വാസം. ആദിമ മനുഷ്യന്റെ മതം ശുദ്ധമായ ഏകദൈവ വിശ്വാസമായിരുന്നു. നേര്‍മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുവാന്‍ ഉള്ള മനുഷ്യന്റെ സ്വാഭാവികമായ ത്വരയാണ് അവനെ ഏകദൈവാരാധനയില്‍ നിന്ന് ബഹുദൈവ വിശ്വാസത്തിലേക്ക് വഴിമാറാന്‍ പ്രേരിപ്പിച്ചത്. ക്രമേണ മനുഷ്യന് പ്രകൃതിശക്തികളെ ഭയപ്പാടോടെ കാണുകയും പുണ്യ പുരുഷന്മാരോടുള്ള ആദരവും പക്ഷിമൃഗാദികളുമായുള്ള സഹവാസവും അവയെ പൂജിക്കുന്നതിലും ആരാധിക്കുന്നതിലും എത്തിപ്പെടാന്‍ കാരണമാകുകയും ചെയ്തു. ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ശുദ്ധപ്രകൃതിയാണ് മനുഷ്യനുള്ളതെന്ന് വ്യക്തമാക്കുന്ന ഇസ്ലാമികാധ്യാപനങ്ങള്‍ ദൈവവിശ്വാസത്തിന്റെ കാര്യത്തില്‍ പരിണാമം നടന്നിരുന്നത് ഏക ദൈവവിശ്വാസത്തില്‍ നിന്ന് ബഹുദൈവാരാധനയിലേക്കാണെന്ന വസ്തുതയെ അടിവരയിടുന്നു. ഈ രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന പുതിയ പഠനങ്ങളും ഇസ്ലാമികാധ്യാപനത്തിന്റെ സത്യതയിലേക്ക് തന്നെയാണ് സൂചന നല്‍കുന്നത്.
നരവംശ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത് മാനവചരിത്രത്തില്‍ രണ്ടരലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഘട്ടത്തില്‍ മനുഷ്യന് ജീവിച്ചത് ഇതര ജീവികളെപ്പോലെ മാത്രമാണ് എന്നാണ്. പ്രാചീന ശിലായുഗമെന്ന് പുരാതന ശാസ്ത്രജ്ഞന്മാര് പേരുവിളിച്ച പ്രസ്തുത കാലഘട്ടത്തില്‍ മനുഷ്യ സമൂഹത്തിന്റെ സംസ്കാരത്തെ പ്രഗത്ഭ നരവംശ ശാസ്ത്രജ്ഞനായ മോര്ഗന് പേര് വിളിച്ചത് കാടത്തം എന്നാണ്. ഇതിനെക്കുറിച്ച് മനസ്സിലാക്കാന്‍ പര്യാപ്തമായ ലിഖിതരേഖകളോ മറ്റോ ലഭ്യമല്ല. എങ്കിലും പ്രാചീന ശിലായുഗ സംസ്കാരം സ്വീകരിച്ചിരിക്കുന്ന വിഭാഗങ്ങള്‍ ഇന്ന് മലായിലെയും മധ്യാഫ്രിക്കയിലെയും വനാന്തരങ്ങളിലും വടക്കു പടിഞ്ഞാറന്‍ ആസ്ത്രേലിയയിലെയും തെക്കെ ആഫ്രിക്കയിലെയും മരുഭൂമികളിലും ആര്‍ട്ടിക് പ്രദേശങ്ങളിലും ജീവിച്ചിരിപ്പുണ്ട്. ആ സമൂഹങ്ങള്‍ രണ്ടു ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അതേ സസ്കാരവും ജീവിതരീതിയും തന്നെയാണ് പിന്തുടരുന്നത്. പ്രാചീന ശിലായുഗ കാലഘട്ടത്തിലെ മനുഷ്യരുടെ ദൈവസങ്കല്പ്പത്തെ മനസ്സിലാക്കാന്‍ ഇന്ന് ജീവിച്ചിരിക്കുന്ന പുരാതനശിലായുഗ സംസ്കാരം സ്വീകരിച്ചിരിക്കുന്നവരുടെ ദൈവസങ്കല്പ്പത്തെ പഠനവിധേയമാക്കുകയല്ലാതെ മറ്റു വഴികളൊന്നുമില്ല.
ആഫ്രിക്കന്‍ ആദിവാസികളായ സുലുകള്‍ (ZULU) ദൈവത്തെ ‘ഉംവലിന്‍ക്വന്‍ഗി’ (UMVEELINQANGI) എന്നാണ് വിളിച്ചിരുന്നത്. ഉംവലിന്ക്വന്ഗിയെക്കുറിച്ച് സുലുകള്‍ വെച്ചുപുലര്‍ത്തിയ വിശ്വാസം ദക്ഷിണാഫ്രിക്കയിലെ പ്രഗത്ഭ ഇസ്ലാമിക പ്രവര്‍ത്തകനായ അഹമ്മദ് ദീദാത്ത് തന്റെ WHAT IS HIS NAME എന്ന ലഘുകൃതിയില്‍ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്, ”ഉംവലിന്‍ക്വന്‍ഗി വിശുദ്ധനും പരിശുദ്ധാത്മാവുമാണ്. അവന് ജനിക്കുകയോ ജനിപ്പിക്കുകയോ ചെയ്തിട്ടില്ല, അവനെപ്പോലെ ആരും തന്നെയില്ല. 2
ഏകദൈവത്തെ സംബോധന ചെയ്യാന്‍ ആഫ്രിക്കയിലെ ആദിവാസി വര്‍ഗങ്ങള്‍ (TIXO) മോഡിമോ (MODIMO), ഉന്‍കുലന്‍കുലു (UNKULUNKULU) തുടങ്ങി വ്യത്യസ്ത പേരുകള്‍ ഉപയോഗിച്ചിരുന്നുവെങ്കിലും ദൈവത്തിന് പ്രതിനിധികളെയോ പ്രതിപുരുഷന്മാരെയോ അവര്‍ കല്പിച്ചിരുന്നില്ല. പേരുകള്‍ വ്യത്യസ്തമാണെങ്കിലും അവയെല്ലാം പരിശുദ്ധനും സര്‍വ്വശക്തനുമായ ദൈവത്തെക്കുറിച്ച സങ്കല്പം തന്നെയാണുള്ക്കൊള്ളുന്നത്. അവര്‍ ദൈവത്തെ വിളിച്ചിരുന്ന ‘ഉന്‍കുലന്‍കുലു’ എന്ന പദത്തിന്റെ ഭാഷാര്‍ത്ഥം ‘മഹാന്മാരില് മഹാനും അജയ്യരില്‍ അജയ്യനും’ എന്നാണ്.
ആഫ്രിക്കന്‍ ആദിവാസികള്‍ ഏകദൈവവിശ്വാസികളാണെന്നതിനുള്ള തെളിവുകളായിട്ടാണ് ഇവയെല്ലാം നമുക്ക് വായിക്കാന്‍ സാധിക്കുന്നത്. ഉംവലിന്ക്വന്ഗിയുടെ നാമം ആഫ്രിക്കന്‍ ആദിവാസികള്‍ കൂടുതലായി ഉപയോഗിച്ചിരുന്നില്ല. കാരണം അവന് വളരെ വിശുദ്ധനും ഉന്നതനുമായതിനാല്‍ അവന്റെ നേര്‍ക്ക് ഇടയാളന്മാരില്ലാതെ അടുക്കാന്‍ സാധ്യമല്ല എന്നാണ് അവരുടെ വിശ്വാസം. ഉന്വലിന്ക്വന്ഗിയുമായി അടുപ്പമുള്ള പൂര്‍വ്വ പിതാക്കളുടെ ആത്മാക്കളെ ദൈവത്തിലേക്ക് അടുപ്പിക്കുന്നതിനായി വിളിച്ച് തേടുന്നു. അപ്പോള്‍ ആ ഇടയാളന്മാര്‍ക്ക് ദൈവ പരിവേഷം അവര്‍ നല്‍കിയിരുന്നില്ല. അവര്‍ പരിശുദ്ധരായ ദൈവദാസന്മാരായതിനാല് അവരിലൂടെ സാധാരണക്കാര്‍ക്ക് ദൈവത്തിലേക്ക് അടുക്കാമെന്ന് മാത്രമേയുള്ളൂവെന്ന് അവര്‍ വിശ്വസിച്ചു പോന്നു. പരിശുദ്ധമായ ഏകദൈവ വിശ്വാസത്തില്‍ നിന്നുള്ള ഈ വ്യതിയാനം പരേതാത്മാക്കളെ പൂജിക്കുകയും ദിവ്യവത്കരിക്കുകയും ചെയ്യുന്നതിലേക്ക് ക്രമേണ സുലുകളെ (ആഫ്രിക്കന്‍ ആദിവാസികളെ) നയിച്ചു.
പ്രാചീന ശിലായുഗ മനുഷ്യന്റെ ശാരീരികവും മാനസികവുമായ സകല സവിശേഷതകളോടും കൂടി കാണപ്പെട്ടിരുന്ന ആദിവാസി വര്‍ഗമാണ് വടക്കുപടിഞ്ഞാറന്‍ ആസ്ത്രേലിയന്‍ മരുഭൂമികളില്‍ ജീവിച്ചിരുന്നത്. ഇവരുടെ ദൈവസങ്കല്പം ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ആസ്ത്രേലിയന്‍ ആദിവാസികള്‍ ഏകദൈവത്തെ വിളിക്കുന്ന പേര് അട്നാട്ടു (ATNATU) വെന്നാണ്. ‘മലദ്വാരമില്ലാത്തവന്‍’ എന്ന് ഭാഷാപരമായി അര്‍ത്ഥം കല്പിക്കപ്പെടുന്ന പദമാണിത്. ഭക്ഷണപദാര്‍ഥങ്ങളോ മറ്റോ ആവശ്യമില്ലാതെ നിലനില്ക്കുന്നവന് എന്ന ആശയം പ്രാകൃതവര്‍ഗക്കാരുടെ ഭാഷയില്‍ പുറത്ത് വന്നപ്പോഴാണ് ദൈവത്തിന്റെ നാമം ‘അട്നാട്ടു’ എന്നായി തീര്‍ന്നതെന്ന് പണ്ഡിതനായ അഹ്മദ് ദീദാത്ത് 3 അഭിപ്രായപ്പെടുന്നുണ്ട്.
ഏകദേശം അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നൈല്‍, യൂഫ്രട്ടീസ്, ടൈഗ്രീസ്, സിന്ധു തുടങ്ങിയ നദികളുടെ തീരപ്രദേശങ്ങള്‍ പട്ടണങ്ങളായി മാറുന്നതോടെയാണ് നാഗരികയുഗത്തിന് ആരംഭം കുറിക്കപ്പെടുന്നത്. നാഗരികതയുടെ ആദ്യത്തെ രണ്ടായിരം കൊല്ലങ്ങള്‍ക്കാണ് വെങ്കലയുഗം എന്ന് പറയുന്നത്. നദീതട നാഗരികതകളെക്കുറിച്ച് നമുക്ക് അറിവ് പകര്‍ന്നുതരുന്നത് വ്യക്തമായ ശിലാലിഖിതങ്ങളും പൗരാണിക വസ്തുക്കളുമാണ്. നദീതട സംസ്കാരങ്ങളില്‍ ഉപയോഗിക്കപ്പെട്ടിരുന്ന ഭാഷകളില്‍ നിന്ന് അവിടങ്ങളില്‍ നിലനിന്നിരുന്ന വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ച് ധാരാളം വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.
നദീതട നാഗരികതകളില്‍ മിക്കതിലും ജീവിച്ചിരുന്നവര്‍ വിവിധ ദേവന്മാരെ ആരാധിച്ചിരുന്നവരായിരുന്നുവെന്ന് ശിലാലിഖിതങ്ങളും നഗരാവശിഷ്ടങ്ങളും വ്യക്തമാക്കുന്നു. യഥാര്‍ത്ഥ ദൈവത്തിലേക്ക് അടുപ്പിക്കുന്ന ഇടയാളന്മാരായിട്ടാണ് ദേവന്മാരെ അവര്‍ കണ്ടിരുന്നത്. മരണാനന്തരമുള്ള പരലോകത്ത് മനുഷ്യചെയ്തികള് വിചാരണവിധേയമാക്കപ്പെടുമെന്നും ആ പരലോകത്തിന്റെ നാഥന് ഏകനായ ശക്തി മാത്രമാണെന്നുമുള്ള വിശ്വാസമായിരുന്നു അവര്‍ പുലര്‍ത്തിയത്. ബഹുദൈവത്വം നിലകൊണ്ട നദീതട സംസ്കാരങ്ങളില്‍ പൗരോഹിത്യം അവരുടെ ദൈവവിശ്വാസത്തെ ചൂഷണോപാധിയാക്കി.
വിവിധ നദീതടസംസ്കാരങ്ങളിലെ ദൈവികവിശ്വാസം എങ്ങനെയായിരുന്നു എന്ന് തുടര്‍ന്ന് വിശദീകരിക്കുന്നു.
യൂഫ്രട്ടീസിന്റെയും ടൈഗ്രീസിന്റെയും തീരപ്രദേശത്ത് നിലനിന്നിരുന്ന നാഗരികതകളുടെ സാരഥികള്‍ സുമേരിയക്കാര്‍ എന്നാണറിയപ്പെട്ടിരുന്നത്. നദികള്‍ക്കിടയിലുള്ള പ്രദേശമെന്ന അര്‍ഥമുള്‍കൊള്ളുന്ന ഗ്രീക്ക് നാമമുള്ള മെസപ്പെട്ടോമിയയിലായിരുന്നു സുമേരിയക്കാരുടെ താമസം.
സുമേരിയന്‍ സിഗുരുത്തുകളില് (ബാബിലോണിയന്‍ ക്ഷേത്ര ഗോപുരത്തിന്റെ പേര്) നിന്നാണ് അക്കാലത്തെ ദൈവവിശ്വാസത്തെക്കുറിച്ച് നമുക്ക് അറിവ് ലഭിക്കുന്നത്. അതിപുരാതനമായ ഒരു സിഗുരുത്തിന്റെ അവശിഷ്ടങ്ങള്‍ ഉത്ഖനനത്തില്‍ നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്. ഇതില്‍ നിന്ന് സുമേരിയയില്‍ ദൈവപ്രതിനിധികളായി വിലസിയിരുന്ന പൗരോഹിത്യം നിലനിന്നിരുന്നുവെന്ന് വ്യക്തമാണ്.
പുണ്യാത്മാക്കള്‍ എന്ന പേരില്‍ പലതും ആരാധിക്കപ്പെട്ടിരുന്നെങ്കിലും ദേവന്മാരുടെ ദേവനും സകലവിധ ശക്തികളുടെ ഉടമസ്ഥനുമായ ഏകദൈവത്തെക്കുറിച്ച വിശ്വാസം അവര്‍ക്കുണ്ടായിരുന്നു. ആ ദൈവത്തെ ‘ഇയാ’ എന്നും ‘നിങ്കര്‍സു’വെന്നും അവര്‍ വിളിച്ചു. സര്‍വ്വശക്തനായ ‘ഇയ’ എല്ലാം അറിയുന്നവനാണ്. അവന് ഇച്ഛിക്കുന്നതെല്ലാം ഞൊടിയില്‍ സംഭവിക്കും. ഇതായിരുന്നു സുമേരിയക്കാരുടെ വിശ്വാസം. എങ്കിലും പൗരോഹിത്യത്തിന്റെ ഇടപെടല്‍ കാരണം ശുദ്ധ ഏകദൈവ വിശ്വാസത്തില്‍ നിന്നുള്ള വ്യതിചലനമായ ദേവന്മാരെക്കുറിച്ച വിശ്വാസം യൂഫ്രട്ടീസ്, ടൈഗ്രീസ് തീരദേശവാസികളിലുണ്ടായിരുന്നു.
മെസപ്പെട്ടോമിയന്‍ ക്ഷേത്രങ്ങള്‍ ഉണ്ടാവുന്നതിന് മുമ്പ് സുമേരിയയിലെ ആദിവാസികള്‍ ശുദ്ധമായ ഏകത്വത്തിലധിഷ്ഠിതമായ ദൈവവിശ്വാസം സ്വീകരിച്ചവരായിരുന്നെന്ന് മൗലാനാ അബുല്‍ കലാം ആസാദ് വ്യക്തമാക്കുന്നുണ്ട്. 4
ക്രിസ്തുവിന് ഏകദേശം മൂവായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് നൈല്‍നദിയുടെ തീരപ്രദേശങ്ങളില്‍ നിലനിന്നിരുന്ന ഈജിപ്ഷ്യന്‍ സംസ്കാരമാണ്, സുമേരിയന്‍ സംസ്കാരം കഴിഞ്ഞാല്‍ ഏറ്റവും പഴക്കമുള്ളത്. പിരമിഡുകളുടെ കുംഭഗോപുരങ്ങളും ശവകുടീരങ്ങളുമാണ് ഈ സംസ്കാരത്തെക്കുറിച്ച് നമുക്ക് അറിവ് തരുന്ന വസ്തുക്കള്‍. എണ്ണായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് ഈജിപ്ഷ്യന്‍ സമതലങ്ങളില്‍ വസിച്ചിരുന്ന രാജവംശ പൂര്‍വ്വ ഈജിപ്തുകാര്‍ ആയിരുന്നു (Pre-clynastic Egyptian) അവിടത്തെ ആദിവാസികള്‍ എന്ന് വിശ്വസിക്കപ്പെടുന്നു. ഇവര്‍ ഏകദൈവാരാധകരായിരുന്നുവെന്ന് മൗലാനാ ആസാദ് തന്റെ തര്‍ജുമാനുല്‍ ഖുര്‍ആനില്‍ രേഖപ്പെടുത്തുന്നു.
ഈജിപ്ഷ്യന്‍ നാഗരികതയില്‍ ജീവിച്ചിരുന്ന ജനങ്ങള്‍ ബഹുദൈവാരാധകരായിരുന്നുവെന്ന വസ്തുത പിരമിഡുകളിലെ ലിഖിതങ്ങള്‍ തന്നെ സുതരാം വ്യക്തമാക്കുന്നു. പല ദേവന്മാരില് അവര്‍ക്ക് വിശ്വാസമുങ്കെിലും ഏകദൈവത്തെകുറിച്ച സങ്കല്പവുമുായിരുന്നു. പുരോഹിതന്മാര്ക്ക് അവരുടെ ജീവിതത്തിലുള്ള സ്വാധീനം വളരെ വലുതായിരുന്നു. തങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കുന്ന ദേവന്മാരുടെ മുഴുവന്‍ ദൈവമായ ഏകദൈവത്തിനാണ് മരണാനന്തര ജീവിതത്തിന്റെ അധീശാധികാരം എന്നായിരുന്നു അവരുടെ വിശ്വാസം. ഗോര്‍ഡന്‍ ചൈല്‍ഡ് എഴുതുന്നു: ”ദൈവങ്ങളുടെ ലോകമാകെ ഒരു ഉന്നത ദൈവത്തിന്റെ ആധിപത്യത്തിനു കീഴിലുള്ള സാമ്രാജ്യമായി സങ്കല്പിക്കപ്പെട്ടിരുന്നു” 5
ഈജിപ്ഷ്യന്‍ പുരാതനാവശിഷ്ടങ്ങള്‍ സംബന്ധിച്ച പ്രധാനപ്പെട്ടതും പഴയതുമായ അമൂല്യ രേഖയാണ് പ്രേത പുസ്തകം. 6 ഈ പുസ്തകത്തില്‍ നൈല്‍ നദീ താഴ്വരയില് പടര്‍ന്നു പിടിച്ച ‘ഓസിറസ്’ എന്ന അദൃശ്യ സ്വത്വത്തെക്കുറിച്ച വിവരണങ്ങള്‍ കാണാം. മഹാദേവന്, പരലോകാധിപന്‍, നന്മയുടെ ദേവത, അനശ്വരാധിപതി തുടങ്ങിയ വിശേഷണങ്ങളാണ് രേഖയില്‍ ഈ സ്വത്വത്തിന് നല്കപ്പെട്ടിരിക്കുന്നത്. നൈല്‍ നദീതട സംസ്കാരത്തിന്റെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഈജിപ്തുകാര്‍ ഏകദൈവവിശ്വാസികളായിരുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്.
സിന്ധു നദിയില്‍ നിന്നും അതിന്റെ അഞ്ചു പോഷക നദികളില്‍ നിന്നും വെള്ളം കയറുന്ന പഞ്ചാബിലെ സമതലപ്രദേശത്ത് ക്രിസ്തുവിന് 2500 വര്‍ഷം മുമ്പുണ്ടായിരുന്ന നാഗരികതയെയാണ് സിന്ധു നദീതട സംസ്കാരം എന്ന് വിളിക്കുന്നത്. ഇന്നും അജ്ഞാത ലിപികളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയായ ക്രിപ്റ്റോളജിക്കു (CRYPTOLOGY) കീഴില്‍ വരുന്ന ഒന്നാണ് സൈന്ധവ ലിപി. അതിനാല്‍ സിന്ധുനദീതട നാഗരികതയെക്കുറിച്ച് വേണ്ടത്ര അറിവ് ഇപ്പോഴും ഇല്ല. ഉള്ള അറിവിന്റെ അടിസ്ഥാനത്തില്‍ സൈന്ധവ നാഗരികതയുടെ നാശത്തിന് നിമിത്തമായ അധിനിവേശം നടത്തിയ ആര്യന്മാരുടെ വിശ്വാസാചാരങ്ങളുമായി സിന്ധു നദീതട വാസികളുടെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. വിഗ്രഹങ്ങളും ശവകുടീരങ്ങളും ആരാധിക്കപ്പെടാത്ത മതസങ്കല്പമായിരുന്നു മൊഹന്ജദാരൊ, ഹാരപ്പയിലെ ജനങ്ങളുടേത്. വിഗ്രഹങ്ങളോ ശവകുടീരങ്ങളോ സിന്ധു നദീതടത്തില്‍ കാണപ്പെടാത്തതിന്റെ കാരണം ശുദ്ധമായ ഏകദൈവവിശ്വാസമായിരുന്നു സൈന്ധവര്‍ സ്വീകരിച്ചുപോന്നിരുന്നത് എന്നതാണ്. ഈ വസ്തുത മൗലാനാ ആസാദ് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. ‘മൊഹന്‍ ജദാരോവിലെ ജനങ്ങള്‍ പല ദൈവങ്ങളില്‍ വിശ്വസിച്ചിരുന്നില്ല. ഓം എന്നുവിളിക്കപ്പെട്ട സര്‍വ്വശക്തനായ ദൈവത്തിലായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്. അതിനു തുല്യമായ സംസ്കൃത പദം ഈവാന്‍ എന്നാണ്. എല്ലാം ഭരിക്കുന്നത് ഈ ഏകാസ്തിത്വമാണെന്നും ആ ശക്തിയുടെ നിയമമനുസരിച്ചാണ് സകല വസ്തുക്കളും നിലനില്‍ക്കുന്നതെന്നുമായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്. ആ ശക്തിയുടെ ഒരു ഗുണം ‘വേദ്കുണ്’ എന്നായിരുന്നു എന്നെന്നും ഉണര്ന്നിരിക്കുന്നവന് എന്നാണതിന്റെ അര്‍ത്ഥം. ‘മയക്കമോ ഉറക്കമോ ഇല്ലാത്തവന്’ എന്ന ഖുര്‍ആനിക പ്രയോഗത്തിന് തുല്യമായ ഒരു പ്രയോഗമാണിത്’ 7
ലോകത്ത് ഏതുകാലത്തുമുള്ള മനുഷ്യരില്‍ ബഹുഭൂരിപക്ഷവും മതവിശ്വാസികളാണ്. ബഹുഭൂരിഭാഗം മതങ്ങളും ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമാണ്. എന്നാല്‍ ദൈവസങ്കല്പത്തിന്റെ കാര്യത്തില്‍ മതവിശ്വാസികള്‍ ഭിന്നതലങ്ങളില്‍ നിലകൊള്ളുന്നു. തങ്ങള്‍ക്ക് ചുറ്റും കാണുന്ന ചെറുതും വലുതുമായ പ്രാപഞ്ചിക പ്രതിഭാസങ്ങളില്‍ പലതിനും ദിവ്യത്വം കല്പിച്ച് അവയെ വണങ്ങുകയും പലതിന്റെയും പേരില്‍ പ്രതിഷ്ഠകള്‍ സ്ഥാപിച്ച് ആരാധിക്കുകയും ചെയ്യുന്നു. ഈ സങ്കല്പം തന്നെ കാലദേശങ്ങള്‍ക്കനുസരിച്ചും ജാതി വര്‍ഗങ്ങള്‍ക്കനുസരിച്ചും മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ദൈവസങ്കല്പത്തിലും ആരാധനാ കാര്യത്തിലും ലോകത്ത് ഒരു കാലത്തും മനുഷ്യര്‍ക്കിടയില്‍ ഏകീഭാവമുണ്ടായിട്ടില്ല. എന്നാല്‍ പ്രപഞ്ചകര്‍ത്താവായ ഒരു അഭൗമശക്തിയെപ്പറ്റിയുള്ള ബോധം ഏത് കാലത്തും മനുഷ്യര്‍ക്കിടയില്‍ ഉണ്ടുതാനും. ദൈവ വിശ്വാസത്തെപ്പറ്റി ഇസ്ലാം നല്കുന്ന കാഴ്ച്ചപ്പാട് വളരെ വ്യക്തവും ലളിതവുമാണ്.
പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍ ആരാധിക്കാവൂ. ഏകദൈവത്തിനപ്പുറമുള്ളതെല്ലാം സൃഷ്ടികളാണ്. ആ സൃഷ്ടികള്‍ക്ക് ആരാധന ചെയ്തുകൂടാ. സൃഷ്ടികളോട് പ്രാര്‍ഥിച്ചുകൂടാ. ലോകത്തുള്ള മുഴുവന്‍ മനുഷ്യരുടെയും പ്രാര്‍ഥനകള്‍ കേള്‍ക്കുവാനും അവ നിവൃത്തിച്ചു കൊടുക്കുവാനും കഴിവുള്ളവന് ഏകനായ ദൈവം മാത്രം. ആ ദൈവമാണ് അല്ലാഹു. അല്ലാഹു ഏതെങ്കിലും വിഭാഗത്തിന്റെയോ പ്രദേശത്തിന്റെയോ പ്രത്യേക കാലഘട്ടത്തിന്റെയോ ദൈവമല്ല. ഇങ്ങനെയുള്ള ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന തത്വമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്നത്.
ഇസ്ലാമിലെ ദൈവ വിശ്വാസത്തിന്റെ അടിസ്ഥാനാശയമായ ഏകദൈവാരാധനയെ കുറിക്കാന്‍ ഉപയോഗിക്കുന്ന സംജ്ഞയാണ് തൗഹീദ്. ലാഇലാഹ ഇല്ലല്ലാഹ് (ആരാധനക്കര്‍ഹന്‍ അല്ലാഹു അല്ലാതെ വേറെയാരുമില്ല) എന്ന പരിശുദ്ധ വാക്യം തൗഹീദിന്റെ ആശയത്തെ ഉള്‍ക്കൊള്ളുന്നു. സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്കുള്ള ശക്തി ആരില്‍ നിക്ഷിപ്തമാണോ അവനെ മാത്രം ആരാധിക്കുക എന്നതാണ് തൗഹീദ് (ഏകദൈവാരാധന) കൊണ്ട് ഉദ്ദേശിക്കുന്നത്. സൃഷ്ടിയും സ്ഥിതിയും സംഹാരവും അല്ലാഹുവിന്റെ മാത്രം അധീനത്തിലാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
‘നിങ്ങള്‍ക്കെങ്ങനെയാണ് അല്ലാഹുവിനെ നിഷേധിക്കാന്‍ കഴിയുക? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്കു ശേഷം അവന് നിങ്ങള്‍ക്ക് ജീവന് നല്കി. പിന്നെ അവന് നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവങ്കലേക്ക് തന്നെ നിങ്ങള്‍ തിരിച്ചു വിളിക്കപ്പെടുകയും ചെയ്യുന്നു. അവനാണ് നിങ്ങള്‍ക്കു വേണ്ടണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്. പുറമെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചു കൊണ്ട് ഉപരിലോകത്തെ സംവിധാനിച്ചു തന്നതും അവന് തന്നെ. അവന് എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു’ (2:28,29).
അല്ലാഹു (ദൈവം) മനുഷ്യര്‍ക്ക് നല്കിയ ജീവിത വ്യവസ്ഥയാണ് മതം. മനുഷ്യരില്‍ നിന്നുള്ള ദൂതന്മാര് (പ്രവാചകന്മാര്) മുഖേനയാണ് അതു നല്‍കിയത്. ഭൗതിക കാര്യങ്ങള്‍ നേടിയെടുക്കാന്‍ മനുഷ്യര്‍ക്കു കഴിവു നല്കിയ അല്ലാഹു ധാര്‍മിക കാര്യങ്ങള്‍ മനുഷ്യര്‍ക്ക് ദൂതന്മാര് മുഖേന എത്തിച്ചു കൊടുക്കുകയായിരുന്നു. കാരണം സത്യാസത്യങ്ങളും ധര്മാധര്മങ്ങളും സ്വയം തീരുമാനമെടുക്കാവുന്നതോ ഗവേഷണം നടത്തി കണ്ടെത്താവുന്നതോ അല്ല. മനുഷ്യ കഴിവുകളാകട്ടെ പ്രതിജനഭിന്നമാണുതാനും. ആയതിനാല്‍ ധര്‍മബോധം സ്രഷ്ടാവു തന്നെ മനുഷ്യര്‍ക്കെത്തിച്ചു കൊടുത്തുകൊണ്ടിരിക്കുന്നു. എന്നാല്‍ ഓരോ ദൂതനും അതാതു ജനതയ്ക്ക് എത്തിച്ചുകൊടുത്ത കാര്യങ്ങള്‍ ആ ദൂതന്റെ കാലശേഷം വികലമാക്കപ്പെടുകയും കാലക്രമത്തില്‍ മറ്റൊരാശയമായിത്തീരുകയും ചെയ്യുന്നു. ഇങ്ങനെയാണ് നിരവധി മതങ്ങള്‍ ഉടലെടുത്തത്. യഥാര്‍ഥത്തില്‍ എല്ലാ ദൈവദൂതരും ജനങ്ങള്‍ക്കെത്തിച്ചു കൊടുത്തത് ഒരേ മതമാണ്. കാലദേശങ്ങള്‍ക്കനുസരിച്ച് വിശദാംശങ്ങളില്‍ മാറ്റമുണ്ടാകാമെങ്കിലും മൗലികമായ ആശയങ്ങള്‍ ഒന്നുതന്നെയായിരുന്നു. അവ വ്യത്യസ്ത മത ദര്ശനങ്ങളായിത്തീര്ന്നത് കാലാന്തരത്തില്‍ വന്ന വ്യതിയാനങ്ങളിലൂടെയാണ്.
പ്രപഞ്ച സ്രഷ്ടാവായ ദൈവം എന്ന വിശ്വാസം എല്ലാ മതങ്ങളിലും മൗലികമായി നില നില്ക്കുന്നു. എന്നാല്‍ ദൈവത്തെ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തതില്‍ വന്ന വീഴ്ചകള്‍ മൂലം ഓരോ മതത്തിലും ഓരോ തരത്തിലുള്ള വിശ്വാസങ്ങള്‍ ഉടലെടുത്തു. അങ്ങനെയാണ് ത്രിമൂര്‍ത്തി സങ്കല്പം, ത്രിയേകത്വ സിദ്ധാന്തം, മുപ്പത്തി മുക്കോടി ദൈവങ്ങളിലുള്ള വിശ്വാസം, വിഗ്രഹാരാധന, അദ്വൈതവാദം തുടങ്ങിയ ഒട്ടേറെ വിശ്വാസങ്ങള്‍ വിവിധ മതങ്ങള്‍ക്കിടയില്‍ കടന്നു കൂടിയത്. അതിന്റെ കാരണം വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നതിങ്ങനെയാണ്: ‘അല്ലാഹുവെ കണക്കാക്കേണ്ട വിധം അവര്‍ കണക്കാക്കിയിട്ടില്ല'(39:67). മൂസാ, ഈസാ എന്നീ നബിമാരിലേക്ക് ചേര്ത്തിപ്പറയുകയും അവരുടെ അനുയായികളാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന ജൂതരും ക്രൈസ്തവരും അവര്‍ തങ്ങളുടെ വേദഗ്രന്ഥങ്ങളായി അംഗീകരിക്കുന്ന തോറയും ബൈബിളും പഠിപ്പിക്കുന്ന വിശ്വാസമല്ല പുലര്‍ത്തുന്നത്.
ലോകത്ത് നിലവിലുള്ള പ്രമുഖ മതങ്ങളില്‍ ഒന്നാണ് ഹിന്ദുമതം. ഹിന്ദു എന്നതിനെക്കാള്‍ ‘വൈദിക ധര്‍മം’, സനാതന ധര്‍മം എന്നൊക്കെയാണീ മതത്തെ സംബോധനം ചെയ്യാന്‍ പറ്റിയ കൃത്യമായ പദങ്ങള്‍. പരമാത്മാവിന്റെ എകത്വമാണ് ഹിന്ദു മതത്തിന്റെ ആദര്‍ശം. ‘ഏകം സത്ത്’ എന്നാണ് പരമമായ സത്യത്തെ കുറിച്ച് (ഉണ്മ) ഋഗ്വേദം ഉദ്ഘോഷിക്കുന്നത്. ഇതിഹാസ കാലഘട്ടത്തില്‍ ത്രിമൂര്‍ത്തി സങ്കല്പം പ്രത്യക്ഷപ്പെടുകയും പുരാതന കാലഘട്ടത്തില്‍ അത് ശക്തി പ്രാപിക്കുകയും ചെയ്തു. പിന്നീടാണ് ഹിന്ദു മതത്തില്‍ ബിംബാരാധന നടപ്പിലാവുകയും പ്രചാരം സിദ്ധിക്കുകയും ചെയ്തത്. സത്തയെ പ്രകാശിപ്പിക്കുന്നതില്‍ പ്രതീകങ്ങള്‍ എത്രത്തന്നെ അപര്യാപ്തമാണെങ്കിലും ദൈവിക സാമീപ്യം സാക്ഷാല്കരിക്കാന് സഹായിക്കുമെന്നുള്ളത് കൊണ്ട് അവയെ അനുവദിക്കാമെന്ന് ഡോ.രാധാകൃഷണന് അഭിപ്രായപ്പെടുന്നുണ്ട്.
ഹിന്ദുമതത്തിലെ ദൈവസങ്കല്പവും, വിശ്വാസാനുഷ്ഠാനങ്ങളും കാലദേശങ്ങളില്‍ വ്യത്യാസപ്പെട്ട് കാണാറുണ്ട്. എങ്കിലും പൊതുവായി പരമാത്മാവ്, ഭഗവാന്, ഭഗവതി അഥവാ പരബ്രഹ്മം എന്ന ഈശ്വരസങ്കല്പവും ഇതേ ഭഗവാന്റെ വിവിധ ഭാവങ്ങളിലുള്ള ദേവതാസങ്കല്‍പ്പങ്ങളും കാണാം. ഇതാണ് സഗുണാരാധന. ഈ ദേവതകളെ ആരാധിക്കുന്നതിന് ‘ഓം’ എന്ന ശബ്ദം പൊതുവായി ഉപയോഗിക്കാറുണ്ട്.
ആദിപരാശക്തിയുടെ സാത്വിക, രാജസിക, താമസിക ഗുണങ്ങള്‍ ത്രിമൂര്‍ത്തികള്‍ ആയി ആരാധിക്കപ്പെട്ടു. സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയെ ആണ് ത്രിമൂര്‍ത്തികള്‍ പ്രതിനിധീകരിക്കുന്നത്. ഇവരുടെ ശക്തികളായി ത്രിദേവിമാരെയും കാണാം. ഇവരാണ് സരസ്വതി, ലക്ഷ്മി, പാര്‍വതി എന്നിവര്‍. ജ്ഞാനം, ഐശ്വര്യം, ശക്തി അഥവാ ജ്ഞാനശക്തി, ക്രിയാശക്തി, ഇച്ഛാശക്തി എന്നിവയെ ആണ് ഭഗവതി പ്രതിനിധീകരിക്കുന്നത്. എല്ലാ ദേവതകളും പരമാത്മാവില്‍ കുടികൊള്ളുന്നു എന്ന് ഭഗവദ്ഗീത പഠിപ്പിക്കുന്നു.
ഹിന്ദു മതത്തിന്റെ സവിശേഷ ഘടകമായ ‘ധര്‍മം’ ജനങ്ങളുടെ ആത്മീയ ബോധവും സ്വഭാവവും രൂപപ്പെടുത്തുന്നു. ധര്മാനുഷ്ഠാനങ്ങളാണ് ഒരാളെ ഹിന്ദുവാക്കുന്നത്. ജൈവാസ്തിത്വത്തിലുള്ള വിശ്വാസത്തിന്റെ പ്രതിഫലമാണ് ധര്‍മം.ഇത്തരം പ്രവൃത്തികള്‍ ധാര്‍മികതയില്‍ അധിഷ്ടിതമാവണം. മതത്തിന്റെ ഉറച്ച അടിത്തറയില്‍ പടുത്തുയര്‍ത്തിയ ധാര്മികതക്കേ നിലനില്‍പ്പുള്ളൂ.
കര്‍മസിദ്ധാന്തം ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്. പ്രവൃത്തി എന്നാണീ വാക്കിനര്‍ഥം. ഇഛാജാതം, ക്രിയ എന്നിവയാണ് മനുഷ്യന്റെ കര്‍മത്തെ രൂപപ്പെടുത്തുന്ന ഘടകങ്ങള്‍. അവന്റെ ആഗ്രഹവും ചീത്ത പ്രവൃത്തിയും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു. ആഗ്രഹങ്ങള്‍ മനുഷ്യനെ അതിന്റെ സാക്ഷാത്കാരത്തിന് പ്രേരിപ്പിക്കുന്നു. മനസ്സ് വത്സനെ അതിനു വേണ്ടി പാകപ്പെടുത്തുന്നു. പ്രവൃത്തികള്‍ അവന്റെ ഭാഗധേയം നിര്‍ണയിക്കുന്നു.
ഹിന്ദു മതം പഠിപ്പിക്കുന്ന മറ്റൊരു വിഷയം മോക്ഷമാണ്. ഈശ്വര സാമീപ്യം ലഭിക്കുന്നതോടുകൂടിയാണ് മനുഷ്യന് മോക്ഷം സിദ്ധിക്കുന്നത്. പരിപൂര്‍ണനായ ഈശ്വരന്-പരമാത്മാവ്- പൂര്‍ണ സുഖസ്വരൂപനാണ്. പഞ്ചേന്ത്രിയങ്ങള്ക്കപ്പുറമുള്ള അനന്ത സുഖമാണ് മോക്ഷം. ഹിന്ദുമതവിശ്വാസങ്ങള്‍ പ്രകാരം മനുഷ്യജീവിതത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ ധര്‍മം (സ്വപ്രവൃത്തി), അര്‍ഥം (സമ്പത്ത്), കാമം (ഇന്ദ്രിയസുഖം/ആഗ്രഹങ്ങള്‍), മോക്ഷം (ജീവിതമോചനം/ പരമപദപ്രാപ്തി) ഇവയൊക്കെയാണ്.
മനുഷ്യന്റെ ധാര്‍മികവും ആത്മീയവുമായ ഉന്നതിക്കുവേണ്ടി അവന്റെ ജീവിതത്തെ 4 ഘട്ടങ്ങള്‍(ആശയ)ങ്ങളായി തിരിച്ചിരിക്കുന്നു. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം, എന്നിവയാണവ. ജീവിതിയാത്ര സുഗമവും സുന്ദരവുമാക്കാന് വേണ്ട തയ്യാറെടുപ്പുകള്‍ മനുഷ്യന് നടത്തേണ്ടതുണ്ട്. തന്റെ കഴിവും പരിസ്ഥിതികളും ആവതും ഉപയോഗപ്പെടുത്തി ലക്ഷ്യം തേടാനുള്ള വഴികളാണ് ചതുരാശ്രമങ്ങളിലൂടെ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ആയുഷ്കാലത്തിന്റെ ആദ്യ ഘട്ടമാണ് ബ്രഹ്മചര്യം. പഠിപ്പ്, പരിശീലനം, സ്വഭാവ സംസ്കരണം എന്നിവയാണ് യൗവനം വരെ നീണ്ടു നില്ക്കുന്ന ഈഘട്ടത്തില്‍ നടക്കേണ്ടത്. ഈ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ആള് ഗൃഹാസ്ഥാശ്രമത്തില്‍ പ്രവേശിക്കുന്നു. ആര്യ ജീവിത ക്രമത്തിലെ ഹൃദയമാണ് ഗൃഹസ്ഥാശ്രമം. ജീവിതത്തില്‍ അര്‍ധഭാഗം കഴിഞ്ഞാല്‍ ഗൃഹസ്ഥന് മൂന്നാമത്തെ ആശ്രമമായ വാനപ്രസ്ഥത്തില് പ്രവേശിക്കുന്നു. തുടര്‍ന്ന് എല്ലാ ലൗകിക ബന്ധങ്ങളും കര്‍മങ്ങളും ത്യജിച്ച് സന്ന്യാശ്രമം സ്വീകരിക്കുന്നു.
സെമിറ്റിക് മതങ്ങളിലൊന്നാണ് ക്രിസ്തുമതം. യേശു ക്രിസ്തുവിന്റെ അധ്യാപനം സ്വീകരിച്ചവരെ ക്രിസ്ത്യാനികളെന്നും അവരുടെ മതത്തെ ക്രിസ്തുമതമെന്നും വിളിക്കപ്പെടുന്നു. വിവിധ വിഭാഗങ്ങളിലായി ക്രിസ്തുമതത്തില്‍ ഇരുന്നൂറു കോടിയിലേറെ വിശ്വാസികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ലോകജനസംഖ്യയുടെ മൂന്നിലൊന്നു വരുമിത്. ബൈബിളാണ് ക്രിസ്ത്യാനികളുടെ പ്രാമാണികവും വിശുദ്ധവുമായ ഗ്രന്ഥം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികളുള്ള മതമാണ് ക്രിസ്തുമതം.
യഹൂദ സമുദായം ആത്മീയമായും സംസ്കാരികമായും ജീര്‍ണിച്ച അവസരത്തിലാണ് യേശു തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. റോമ ചക്രവര്‍ത്തിയായിരുന്ന ആഗസ്റ്റസ് സീസറുടെ കാലത്ത് ഫലസ്തീന് പ്രവിശ്യയില്‍ ബത്ലഹേമിലാണ് ക്രിസ്തു പിറന്നത്. അദ്ദേഹത്തിന്റെ ജനന തിയ്യതിയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. യേശുവിന്റെ ജീവിതത്തിലെ ആദ്യത്തെ 30 വര്‍ഷങ്ങള്‍ അജ്ഞാതമാണ്. 30ാം വയസിലാണ് അദ്ദേഹം പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്.
യഹൂദ സമുദായത്തിലെ ചൂഷണങ്ങളെയും അനീതിയെയും യേശു ശക്തമായി എതിര്‍ത്തു. പുരാതനകാലത്തെ പ്രവാചകാധ്യാപനങ്ങളെ പുനരുദ്ധരിക്കലാണ് തന്റെ ദൗത്യമെന്ന് ആവര്‍ത്തിച്ചു പറഞ്ഞു.
നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണ് ഞാന്‍ വന്നതെന്ന് നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല, പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത് (മത്തായി 5:17).
യേശുവിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ദരിദ്രജന വിഭാഗത്തെ ആകര്‍ഷിച്ചപ്പോള്‍ അത് സുഖഭോഗ നിമഗ്നരായുള്ള പുരോഹിതന്മാരെ വിറളിപിടിപ്പിച്ചു. ഭരണകര്‍ത്താക്കളെ തെറ്റിദ്ധരിപ്പിച്ച് അവരെ സമ്മര്‍ദത്തിലാക്കി യേശുവിനെ കുരിശിലേറ്റുന്നതില്‍ യഹൂദര്‍ വിജയിച്ചു എന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു.
ക്രിസ്തുവിന്റെ വ്യക്തിത്വത്തില്‍ ദൈവികതയും മനുഷ്യ പ്രകൃതിയും സമ്മേളിക്കുന്നു എന്നുള്ളത് ക്രിസ്തീയ വിശ്വാസത്തിന്റെ കാതലായ ഭാഗമത്രെ. പിതാവ്, പുത്രന്, പരിശുദ്ധാത്മാവ് എന്ന ത്രിത്വമാണ് ക്രിസ്തീയ കാഴ്ച്ചപ്പാടില്‍ ദൈവ വിശ്വാസം. ത്രിത്വത്തില്‍ മൂന്നും മുന്നിലോ പിന്നിലോ അല്ല. അവ മൂന്നും സഹസമാനരും (co. equal) സഹ അനശ്വരരും (co. eternal)ആണ്. അതായത് ത്രിത്വത്തില്‍ എകത്വവും എകത്വത്തില്‍ ത്രിത്വവും സമമായ മോക്ഷത്തിനായി നാഥനായ യേശു ക്രിസ്തുവിന്റെ അവതാരത്തില്‍ വിശ്വസിക്കേണ്ടതുണ്ട്. കര്‍ത്താവായ ദൈവ പുത്രനായ യേശു ദൈവ പുത്രനാണെന്നതാണ് ഉത്തമമായ വിശ്വാസം. ക്രിസ്തുവിന്റെ മാതാവെന്ന നിലയില്‍ കന്യ മറിയത്തെ ആദരിക്കല്‍ ക്രിസ്തീയ വിശ്വാസത്തിന്റെ ഭാഗമാണ്. ഒരു സൃഷ്ടിക്ക് നല്കുന്ന ഏറ്റവും ഉന്നതമായ ആദരവാണ് ചര്‍ച്ച് കന്യാമറിയത്തിന് നല്‍കിവരുന്നത്.
മറിയ യേശുവിന്റെ മാതാവും (ക്രിസ്റ്റോകോസ്) ദൈവത്തിന്റെ മാതാവും(തിയോഡോകോസ്) ആണ്. അവര്‍ മോചകന്റെ മാതാവും വിശുദ്ധാത്മാവിന്റെ നക്ഷത്രവുമാണ്.
മൂന്ന് വര്‍ഷത്തെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മനുഷ്യ വംശത്തിന്റെ പാപം കഴുകിക്കളയാനായി യേശു സ്വയം കുരിശിലേറി എന്നതാണ് ക്രിസ്തീയ വിശ്വാസം. അവതരണത്തിന്റെ ലക്ഷ്യം തന്നെ ഇതായിരുന്നുവത്രേ. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ചരിത്രമാണ് സുവിശേഷകര്‍ നല്‍കുന്നത്.
യേശുവിന്റെ അധ്യാപനങ്ങള്‍ പ്രധാനമായും നാല് സുവിശേഷങ്ങളായി ക്രമീകരിക്കപ്പെടുന്നു. ക്രിസ്ത്യാനികള്‍ പഴയ നിയമവും പുതിയ നിയമവും സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഉത്പത്തി മുതല്‍ മക്കബായര്‍ വരെ പഴയ നിയമത്തിലെ 40 പുസ്തകളില്‍ 39 എണ്ണം മാത്രമേ പ്രൊട്ടസ്റ്റന്റ് വിഭാഗം ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നുള്ളൂ. മത്തായി എഴുതിയ സുവിശേഷം മുതല്‍ വെളിപാടു വരെയുള്ള 27 പുസ്തക സമുച്ചയമാണ് പുതിയ നിയമം. സുവിശേഷകരായ മാത്യു(മത്തായി)വും ജോണും(യോഹന്നാന്) ക്രിസ്തുവിന്റെ 12 ശിഷ്യരില്‍പ്പെടുന്നു. മാര്‍ക്കോസ്(മാര്‍ക്ക്) ക്രിസ്തുവിന്റെ പ്രധാന ശിഷ്യനായ പത്രോസി(പീറ്റര്‍)ന്റെയും ലൂക്കാ(ലൂക്ക) പൗലോസ്(പോള്‍)ന്റെയും ശിഷ്യന്മാരാണ്. ഇവരാണ് മറ്റ് രണ്ട് സുവിശേഷകര്‍.
ക്രിസ്തീയ വിശ്വാസ പ്രകാരം ചര്‍ച്ചിന് പ്രമുഖ സ്ഥാനമാണുള്ളത്. ചര്‍ച്ച് ദൈവ കാരുണ്യത്തിന്റെയും അധികാരത്തിന്റെയും പ്രതീകമാണ്
ആരാധനാ രീതികള്‍ അനുസരിച്ച് ക്രിസ്തീയ സഭകളെ രണ്ടായി തിരിക്കാം. റോമന്‍, അംബ്രേഡിയന്, മൊസാറബിക് എന്നീ ഉപവിഭാഗങ്ങളടങ്ങിയ പാശ്ചാത്യ (ലാറ്റിന്‍) സഭയും അലക്സാണ്ട്രിയന്, ആന്ഗിയോക്കിയന്, ബൈസന്റയിന്‍, കാല്‍ഡിയന്‍ എന്നീ ഉപസഭകളുടെ പൗരസ്ത്യന് സഭയുമാണത്.
ദൈവ പ്രീതിക്ക് വേണ്ടിയും ആത്മ സംസ്കരണത്തിനായും അനുവദിക്കപ്പെടുന്ന ചില ബാഹ്യ കര്‍മങ്ങളാണ് കൂദാശകള്‍. 7 കൂദാശകളാണ് ക്രിസ്തു നിശ്ചയിച്ചതെന്ന് ബഹുഭൂരിപക്ഷം ക്രിസ്തീയരും വിശ്വസിക്കുന്നു.
മാമുദീസ(Baptism) നവജാത ശിശുവിന് ക്രിസ്തു മതത്തില്‍ അംഗ്വതം നല്കുന്ന കര്‍മമാണ്. കുട്ടിയുടെ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ ത്രിത്വത്തിന്റെ പേരില്‍ മൂന്ന് പ്രാവിശ്യം തലയില്‍ വെള്ളമൊഴിക്കലാണ് ഇതിന്റെ പ്രധാന ഭാഗം. നല്ല ജീവിതം നയിക്കാന്‍ ശിശുക്കളുടെ നെറ്റിയില്‍ സുഗന്ധ തൈലം ചാര്‍ത്തുന്ന കര്‍മമാണ് സ്ഥൈര്യലേപനം. പാപികള്‍ക്ക് പാപമോചനം നല്കാന് കുമ്പസാരമെന്നും (confecsin) ദൈവ പ്രീതിക്കായി നടത്തുന്ന കര്‍മത്തെ കുര്‍ബാന എന്നും പറയപ്പെടുന്നു. മരണം, വിധി നടത്തല്‍, നരകം, സ്വര്‍ഗം എന്നിവ കൂടി ക്രിസ്തീയ വിശ്വാസം സ്പര്‍ശിക്കുന്നതാണ്.
ക്രിസ്താബ്ദം ആറാം നുറ്റാണ്ടോടു കൂടി ആരംഭിച്ച ആശ്രമ സമ്പ്രദായമാണ് സന്യാസി മഠങ്ങള്‍.
16ാം നൂറ്റാണ്ടില്‍ ജര്‍മനിയില്‍ ആരംഭിച്ച പ്രൊട്ടസ്റ്റന്റ് വിപ്ലവം കത്തോലിക്ക സഭയെ പിളര്‍പിലേക്ക് നയിച്ചു. പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനം ആരംഭിച്ചത് പതിനാറാം നൂറ്റാണ്ടില്‍ ജര്‍മനിയിലാണ്. കത്തോലിക്ക സഭയില്‍ നടമാടിയിരുന്ന ദുരാചാരങ്ങള്‍ക്കെതിരെ ആരംഭിച്ച ഈ പ്രസ്ഥാനം ക്രൈസ്തവ യൂറോപ്പിനെ രണ്ടായി പിളര്‍ത്തി.
ഏകദൈവ വിശ്വാസം അടിസ്ഥാനമായ ഒരു പഴയ മതമാണ് യഹൂദ മതം. തോറയാണവരുടെ അടിസ്ഥാന പ്രമാണം. അംഗ സംഖ്യയുടെ അടിസ്ഥാനത്തില്‍ ലോകത്തെ പത്താമത്തെ മതമത്രെ അത്. അബ്രഹാം, ഇസ്ഹാഖ്, യാക്കോബ് എന്നീ പുണ്യ പുരുഷന്മാരോടു കൂടിയാണിവരുടെ ചരിത്രം ആരംഭിക്കുന്നത്. ദൈവം തങ്ങളെ അവന്റെ ഇഷ്ട ജനങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നുവെന്നും കനാന്‍ പ്രദേശം തങ്ങള്‍ക്ക് ഇഷ്ടദാനമായി നല്കിയിരിക്കുന്നുവെന്നും അവര്‍ വിശ്വസിക്കുന്നു. ഈ ശ്രേഷ്ഠത തങ്ങള്‍ക്ക് ലഭിക്കാന്‍ നിമിത്തമായത് പൂര്വികന്മാരുടെ വിശിഷ്യാ ഏകദൈവത്തെ മാത്രം ആരാധിക്കുകയും ഉപാസിക്കുകയും ബിംബാരാധന തിരസ്കരിക്കുകയും ചെയ്ത അബ്രഹാമിന്റെ ദൈവ സാമീപ്യമാണെന്ന് അവര്‍ വിശ്വസിക്കുന്നു.
ദൈവത്തിന്റെ ഏകത്വത്തെ കുറിച്ചാണ് യഹൂദ മതം പറയുന്നത്. നാഥനായ ദൈവം ഏകനാണെന്ന് ഇസ്രാഈല്യരോട് ആവര്‍ത്തിച്ച് ഉദ്ബോധിപ്പിക്കുന്നതായി കാണാം (നിയമവര്‍ത്തനം 6:4).
‘ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കു ഉണ്ടാകരുതു. ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാന്‍ തീക്ഷ്ണതയുള്ള ദൈവം ആകുന്നു;’ (പുറപ്പാട് 20:3-5).
സീനായ് പര്‍വത നിരകളില്‍ വെച്ച് ദൈവം മോശയ്ക്കു നല്കിയ തോറയിലെ പ്രധാന ഭാഗമായ 10 കല്പനകള് യഹൂദമതത്തിന്റെ അന്തസ്സത്ത പ്രകാശിപ്പിക്കുന്നു.
വൈവാഹിക ജീവിതത്തില്‍ പ്രതിഫലിക്കേണ്ടത് ദൈവിക ശാസനകള്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടാണ്. ചേലാകര്‍മം, വിവാഹം, മാതാപിതാക്കളോടുള്ള ഉത്തരവാദിത്തം, ആഹാര ക്രമം, ദാനധര്‍മങ്ങള്‍ അയല്‍വാസി ബന്ധം എന്നീ സകല മേഖലകളിലും അനുവര്‍ത്തിക്കേണ്ട വ്യക്തവും കര്‍ക്കശവുമായ ശാസനങ്ങളാണ് അവ.
യഹൂദമതം ദൈവത്താല്‍ നിയുക്തരായ പ്രവാചകന്മാരിലും വിശ്വസിക്കുന്നു. ജനം സന്മാര്ഗത്തില് നിന്നും വ്യതിചലിച്ച് ദുര്‍ഗന്ധപൂരിതമായ ജീവിതം നയിച്ചപ്പോള്‍ ദൈവത്തിന്റെ കല്പന അവരെ അറിയിച്ച് അവരെ സന്മാര്ഗത്തിലേക്ക് തിരിച്ചു കൊണ്ടുവരലായിരുന്നു പ്രവാചകന്മാരുടെ മുഖ്യ ദൗത്യം. ചെറുതും വലുതുമായ വളരെയധികം പ്രവാചകന്മാര് ഇസ്റാഈല്യര്‍ക്കിടയില്‍ പ്രബോധനം നടത്തിയിട്ടുണ്ട്. ഇസ്റാഈല്യരെ ബാഹ്യസ്വാധീനത്തില്‍ നിന്ന് രക്ഷിക്കാന്‍ ദൈവത്താല്‍ തന്നെ ന്യായാധിപന്മാര് നിയുക്തനായി. 12 ാംനൂറ്റാണ്ടിന്റെ ആരംഭം മുതല്‍ 11ാം നൂറ്റാണ്ടിന്റെ അവസാനം വരെയാണ് ഇവരുടെ കാലഘട്ടം. ബി.സി 1010ല്‍ സാമുവല്‍ ദാവീദിനെ രാജാവായി പ്രഖ്യാപിച്ചു. ദാവീദ്, രാജാവും ദൈവദൂതനുമാകുന്നു. സംഭവ ബഹുലമായിരുന്നു ദാവീദ് ഭരിച്ച വര്‍ഷം. ദാവീദ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം പുത്രന് സോളമനെ തുടര്‍ന്ന് അനേകം പ്രവാചകന്മാര് ആഗതരായി.
മസീഹ(രക്ഷകന്) യെക്കുറിച്ചുള്ള വിശ്വാസമാണ് യഹൂദ വിശ്വാസ സംഹിതയുടെ ഒരു പ്രധാന ഘടകം. മസീഹയെപ്പറ്റി വിവിധ കാഴ്ചപ്പാടുകളും വ്യാഖ്യാനങ്ങളും നിലനില്‍ക്കുന്നുണ്ട്. ”ജനങ്ങളുടെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കും. അവരുടെ വാള് കൊഴുവും അവരുടെ കുന്തങ്ങള്‍ വാക്കത്തിയുമായി അടിച്ചു രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനു മേല്‍ വാളുയര്‍ത്തില്ല” (യെശയ്യാ 2:4).
യഹൂദ മതഗ്രന്ഥങ്ങളെ ചരിത്രപരം, പ്രവചനപരം, പ്രബോധനപരം എന്നിങ്ങനെ തരം തിരിക്കാവുന്നതാണ്. പഞ്ച ഗ്രന്ഥി എന്നറിയപ്പെടുന്ന പുസ്തകങ്ങളും. ജോഷ്വ ന്യായാധിപന്മാര്, റൂത്ത്, സാമുവല്‍ (2പുസ്തകം), രാജാക്കന്മാര് (2പുസ്തകം), ദിനവൃത്താന്തങ്ങള്‍ (2 പുസ്തകം), എസ്രാ, നെഹെമിയ, തോബിന്ത് യൂദിത്ത് എസ്തേര്‍ (2പുസ്തകം) മക്കമ്പായര്‍ എന്നിവയാണ് ചരിത്രപരമായ ഗ്രന്ഥങ്ങള്‍.
എശെയ്യാ, ജറമിയ്യ, എസെക്കിയേല്‍, ദാനിയേല്‍ എന്നീ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളും വിലാപങ്ങള്‍, ബാറുക്ക് എന്നിവയും പ്രവചനപരമായ ഗ്രന്ഥങ്ങളാണ്.
ജോബ്, സങ്കീര്‍ത്തനങ്ങള്‍, സുഭാഷിതങ്ങള്‍, സഭാ പ്രാസംഗകന്‍, ഉത്തമ ഗീതം, ജ്ഞാനം, പ്രഭാഷകന്‍, എന്നിവയാണ് പ്രബോധനപരമായ ഗ്രന്ഥങ്ങള്‍.
ബൈബിളിന്റെ ഒന്നാം ഭാഗം പഴയ നിയമം (old testament) എന്നും രണ്ടാം ഭാഗം പുതിയ നിയമം (new testament) എന്നും അറിയപ്പെടുന്നു.
ഉത്പത്തി, പുറപ്പാട്, ലേവ്യര്‍, സംഖ്യ, നിയമവര്‍ത്തനം എന്നീ അഞ്ചു പുസ്തകങ്ങള്‍ നിയമം (തോറ) എന്ന വിഭാഗത്തില്‍പെടുന്നു. പ്രവാചകന്മാര്, ലിഖിതങ്ങള്‍ എന്നിവയാണ് മറ്റു രണ്ടു വിഭാഗങ്ങള്‍. ഇതിലൊന്നും പെടാത്ത അനേകം അര്‍ധപവിത്ര ഗ്രന്ഥങ്ങള്‍ യഹൂദര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. പഴയ നിയമത്തിന്റെ ഒരു തരം അനുബന്ധമായിട്ടാണ് ഇവ കണക്കാക്കപ്പെടുന്നത്.
ഇസ്ലാമിന്റെ അടിസ്ഥാന ശിലയാണ് വിശ്വാസം അഥവാ ഈമാന്‍. മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്കും ധിഷണാ ശേഷിക്കും എത്തിച്ചേരാന്‍ കഴിയാത്ത മേഖലയില്‍ നബിമാര്‍ മുഖേന പഠിപ്പിച്ച കാര്യങ്ങളാണ് വിശ്വാസ കാര്യങ്ങള്‍. എന്നാല്‍ ഈമാന്‍ എന്നത് നിശ്ചിതമായ സംഗതി മാത്രമാണ് എന്ന നിലയിലല്ല നബി(സ്വ) പഠിപ്പിച്ചത്. ഒരുവിശ്വാസിയുടെ ജീവിതത്തെ ആമൂലാഗ്രം ഗ്രസിക്കുന്ന ധര്‍മപാത മുഴുവന്‍ ഈമാനിന്റെ വരുതിയില്‍ ചേര്‍ത്തിക്കൊണ്ട് നബി(സ്വ) പറയുന്നു: ‘ഈമാന്‍ എന്നത് എഴുപതിലേറെ ശാഖകളുള്ളതാണ്. അവയില്‍ ഏറ്റവും ശ്രേഷ്ഠമായത് ലാഇലാഹ ഇല്ലല്ലാഹ് എന്ന വചനമാണ്. അവയില്‍ ഏറ്റവും താഴെ നില്‍ക്കുന്നത് വഴിയില്‍ നിന്ന് ഉപദ്രവങ്ങള്‍ നീക്കം ചെയ്യലാണ്. ലജ്ജാശീലം ഈമാനിന്റെ ഭാഗമാണ്’. 8
‘അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി ആരുമില്ല’ എന്ന ഏകദൈവ വിശ്വാസത്തിന്റെ അടിസ്ഥാനാദര്‍ശം ഉള്‍കൊണ്ടവരില്‍ ജീവിതത്തിന്റെ നിഖില മേഖലകളിലും ധാര്‍മികത സജീവമായി നില്ക്കും എന്നതാണ് സത്യവിശ്വാസത്തിന്റെ പൊരുള്‍. എന്നാല്‍ ഈമാനിന്റെ അടിസ്ഥാനമായി ആറുവിശ്വാസ കാര്യങ്ങള്‍ നബി(സ്വ) പഠിപ്പിച്ചിരിക്കുന്നു. ‘അല്ലാഹുവിലും മലക്കുകളിലും വേദഗ്രന്ഥങ്ങളിലും ദൈവദൂതന്മാരിലും പുനരുത്ഥാനത്തിലും നന്മതിന്മകളെല്ലാം കണക്കാക്കപ്പെട്ടിരിക്കുന്നതിലും വിശ്വസിക്കുക എന്നതാണ് ഈമാന്‍’ (ഇബ്നു ഹിബ്ബാന്‍). 9 ഈ ആറുവിശ്വാസ കാര്യങ്ങള്‍ പൊതുവില്‍ ‘ഈമാന്‍ കാര്യങ്ങള്‍’ എന്നാണ് അറിയപ്പെടുന്നത്. വിശുദ്ധ ഖുര്‍ആന്‍ 4:136ല്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
References
- W. Schmidt: The origin and growth of religion, Facts and theories (London 1931) Page 8-Quoted by Maulana Abulkalam Azad: The Tarjuman Al-Quran Vol:1 Page 102[↩]
- What ls his Name?, Ahmed Deedat, Islamic Propagation Centre, 1981, Page 7[↩]
-
What ls his Name?, Ahmed Deedat, Islamic Propagation Centre, 1981, Page 12[↩]
- തര്‍ജുമാന്‍, മൗലാനാ അബുല്‍ കലാം ആസാദ്, പേജ്:103[↩]
- What Happened in History, Gordan Child, Penguin Books,1946, Page 186[↩]
- Dr. EAT Budge: The Book of the Dead, London, 1933[↩]
- തര്‍ജുമാന്‍, മൗലാനാ ആസാദ്, പേജ് 103[↩]
- സ്വഹീഹു മുസ്ലിം, ഇമാം മുസ്ലിം, ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 1, പേജ് 63, ഹദീസ് 57.[↩]
- സ്വഹീഹു ഇബ്നി ഹിബ്ബാന്‍, മുഹമ്മദു ബ്നു ഹിബ്ബാനു ബ്നു അഹ്മദു ബ്നി ഹിബ്ബാന്‍ അത്തമീമി, മുഅസ്സതുര്‍റിസാല ബൈറൂത്ത്, രാം പതിപ്പ്, വാള്യം 1, പേജ് 389, ഹദീസ് 168[↩]
