ഇല്യാസ്, അല്‍യസഅ് നബി(അ)
ഇല്യാസ് നബി(അ)
”നിശ്ചയം, ഇല്യാസ് ദൂതന്മാരില്പെട്ടവന് തന്നെ. അദ്ദേഹം തന്റെ ജനതയോട് പറഞ്ഞു. നിങ്ങള്‍ക്ക് സൂക്ഷ്മത പാലിച്ചു കൂടേ. നിങ്ങള്‍ ഏറ്റവും മികച്ച സൃഷ്ടികര്‍ത്താവിനെ അവഗണിച്ച് ‘ബഅ്ലി’നെ വിളിച്ചു തേടുകയാണോ? അല്ലാഹു നിങ്ങളുടെ രക്ഷിതാവാണ്, നിങ്ങളുടെ പൂര്‍വപിതാക്കളുടെയും രക്ഷിതാവാണ്’‘(സ്വാഫാത്ത് 123, 126).
ജൂത ഗ്രന്ഥങ്ങളില്‍ ഈലിയാ പ്രവാചകന് എന്ന് പരിചയപ്പെടുത്തുന്ന ഇല്യാസ് നബി(അ) ഇസ്റാഈല്‍ ജനതയില്‍ നിയുക്തനായ ദൈവദൂതനാണ്. മൂസാനബി(അ)യുടെ സഹോദരന് ഹാറൂന്റെ മകന് യാസീന്റെ പുത്രനായാണ് ഇല്യാസ്(അ) ജനിക്കുന്നത്. ഇദ്ദേഹം ബഅ്ലബിലേക്കാണ് നിയുക്തനായത.് ഇസ്റാഈല്‍ ജനതയില്‍ വിഗ്രഹാരാധന അടിയുറച്ച വേളയിലാണ് ഇല്യാസ്(അ) ദൈവിക സന്ദേശവുമായി വരുന്നത്. ‘ബഅ്ല്’ എന്ന ദേവന്റെ പ്രതിഷ്ഠയെയായിരുന്നു അവര്‍ ആരാധിച്ചിരുന്നത്. അദ്ദേഹം സമൂഹത്തെ അല്ലാഹുവിന്റെ ഏകത്വത്തിലേക്ക് ക്ഷണിച്ചു. എന്നാല്‍ അവര്‍ അദ്ദേഹത്തെ അവഗണിക്കുകയായിരുന്നു. ഇക്കാര്യം ഖുര്‍ആന്‍ പറയുന്നു:
”അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു, അതിനാല്‍ അവര്‍ (ശിക്ഷക്ക്) കൊണ്ടുവരപ്പെടുകതന്നെ ചെയ്യും. കളങ്കമില്ലാത്ത ദൈവ ദാസന്മാരൊഴികെ”(സ്വാഫാത്ത് 127,128).
വിഗ്രഹാരാധനയില്‍ നിന്ന് വിരമിക്കാന്‍ വിസമ്മതിച്ച ജനങ്ങള്‍ക്കെതിരെ ഇല്യാസ് പ്രാര്‍ഥിച്ചു. പ്രാര്‍ഥന സ്വീകരിച്ച അല്ലാഹു അവര്‍ക്ക് മൂന്നു വര്‍ഷത്തോളം മഴ തടഞ്ഞു വെക്കുകയും അവരുടെ കൃഷി നശിക്കുകയും കന്നുകാലികള്‍ ചത്തൊടുങ്ങുകയും ചെയ്തു. വരള്‍ച്ചയില്‍ പൊറുതിമുട്ടിയ ജനത ഒടുവില്‍ ഇല്യാസ്(അ)നെ സമീപിച്ച്, മഴക്കുവേണ്ടി അല്ലാഹുവിനോട് തേടണമെന്നും മഴ പെയ്താല്‍ നിന്നില്‍ വിശ്വസിക്കാമെന്നും അറിയിച്ചു.
ഇല്യാസ് പ്രാര്‍ഥിച്ചു, മഴ പെയ്തു, എന്നാല്‍ വാഗ്ദാനം ലംഘിച്ച ഇസ്റാഈല്‍ ജനത നന്ദികേടില് തുടരുകയായിരുന്നു. ഒടുവില്‍ അവരെ ദൈവിക ശിക്ഷ പിടികൂടി(ഇബ്നു ഇസ്ഹാഖില്‍ ത്വബ്രി ഉദ്ധരിച്ചതാണ് ഈ ചരിത്രം).
സ്വാഫാത്തിനു പുറമെ സൂറ. അന്‍ആം 85ലും ഇല്യാസിനെ ഖുര്‍ആന്‍ സ്മരിക്കുന്നുണ്ട്.
അല്‍യസഅ് നബി(അ)
ഇല്യാസി(അ)ന്റെ പിന്‍ഗാമിയായി ഇസ്റാഈല്‍ ജനതയിലേക്ക് നിയോഗിക്കപ്പെട്ട ദൂതനാണ് അല്‍യസഅ്(അ). വിശുദ്ധ ഖുര്‍ആനില്‍ രണ്ടിടങ്ങളില്‍ മാത്രമാണ് ഇദ്ദേഹം പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. സൂറ. സ്വാദ് 48ലും സൂറ. അന്‍ആം 86ലും. പേര് മാത്രമേ ഇവിടങ്ങളില്‍ പറഞ്ഞിട്ടുള്ളൂ.
ത്വബ്രിയെപോലുള്ള ചരിത്ര ഗ്രന്ഥങ്ങളില്‍ അല്യസഇ(അ)നെക്കുറിച്ചുള്ള ചില വിവരങ്ങള്‍ കാണാം. അതിപ്രകാരമാണ.് ഇല്യാസ് നബി(അ)യുടെ പിതൃവ്യനായ അഖ്തൂബിന്റെ പുത്രനാണ് അല്‍യസഅ്(അ). ഇല്യാസി(അ)ന്റെ കൂടെ വളര്‍ന്ന അല്‍യസഅ്(അ) അദ്ദേഹത്തിന്റെ മരണ ശേഷം ദൈവദൂതനായി. ശാമിലെ പട്ടണമായ ബാനിയാസിലേക്കായിരുന്നു നിയോഗം.
ഏകാധിപതികളായ നാടുവഴികള്‍ ദൈവദൂതന്മാരെ കൊലപ്പെടുത്തുകയും തിന്മകളില് ആറാടുകയും ചെയ്യുന്ന കാലമായിരുന്നു അത്. അല്‍യസഅ് നബി(അ) സമൂഹത്തെ അല്ലാഹുവിലേക്ക് ക്ഷണിച്ചു. എന്നാല്‍ അവര്‍ ക്ഷണം നിരസ്കരിക്കുകയാണ് ചെയ്തത്.
ബി.സി. 9ാം നൂറ്റാണ്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രബോധനകാലഘട്ടം എന്നു ത്വബ്രി രേഖപ്പെടുത്തുന്നു.
