റബീഅത്തുബ്‌നു ഫര്‍റൂഖ്
27 വര്‍ഷം മുമ്പ് മുസ്‌ലിം സൈന്യത്തിന്റെ കൂടെ ഖുറാസാനിലേക്ക് പോയ ഫര്‍റൂഖ് ഒരിക്കല്‍ തന്റെ ഭാര്യയെ സ്വപ്‌നം കണ്ടു. 20,000 ദീനാര്‍ നല്‍കി അവളെ തനിച്ചാക്കി യുദ്ധക്കളത്തിലേക്ക് വന്നതാണയാള്‍. അന്ന് തന്റെ ഭാര്യയുടെ ഉദരത്തില്‍ ഒരു ഭ്രൂണം വളരുന്നുണ്ടെന്ന സത്യം അയാള്‍ അറിഞ്ഞിരുന്നില്ല.
ഒടുവില്‍ ഫര്‍റൂഖ് സൈന്യത്തലവനോട് കാര്യം പറഞ്ഞു. നാട്ടിലേക്കുള്ള മടക്കത്തിന് അനുമതി കിട്ടി. വൈകാതെ ഫര്‍റൂഖ് മദീനയണഞ്ഞു. മസ്ജിദുന്നബവിയില്‍ വെച്ച് സുബ്ഹ് നമസ്‌കരിച്ചു. നമസ്‌കാര ശേഷം വീട്ടിലേക്ക് പോകാനായി എഴുന്നേറ്റ അദ്ദേഹം പള്ളിയില്‍ ഒരാള്‍ക്കൂട്ടത്തെ കണ്ടു. ഒരു വലിയ സദസ്സ്. അവരുടെ മുന്നില്‍ ഒരു യുവാവായ ശൈഖ്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി ദാഹിച്ചിരിക്കുന്ന ആള്‍ക്കൂട്ടത്തില്‍ ഒരാളായി ഫര്‍റൂഖും ഇരുന്നു. യുവാവായ ശൈഖിന്റെ ക്ലാസ്സ് വിസ്മയമായപ്പോള്‍ ഫര്‍റൂഖ് അടുത്തിരിക്കുന്ന ആളോട് സംശയമുന്നയിച്ചു.
‘ഏതാണ് ഈ പണ്ഡിതന്‍? എന്താണിദ്ദേഹത്തിന്റെ പേര്?”
‘ഇദ്ദേഹത്തെ അറിയില്ലെന്നോ? താങ്കള്‍ ഇവിടത്തുകാരനല്ല അല്ലേ? മദീനയിലെ പണ്ഡിതരില്‍ പ്രമുഖനായ റബീഅയാണിദ്ദേഹം. ഇദ്ദേഹത്തെ അറിയാത്തവരുണ്ടാവില്ല.” അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോള്‍ ഫര്‍റൂഖിനും അദ്ഭുതം.
‘റബീഅത്തുര്‍റഅ്‌യ് എന്ന മഹാപണ്ഡിതന്‍ ഇദ്ദേഹമാണോ?’
‘അതേ” ഇദ്ദേഹം തന്നെയാണ്, മദീനക്കാരുടെ ഐശ്വര്യമായ റബീഅ’ – അയാള്‍ ഫര്‍റൂഖിന്റെ സംശയം തീര്‍ത്തു.
ഫര്‍റൂഖ് പിന്നീടറിഞ്ഞു, മദീനക്കാരുടെ വിജ്ഞാനദാഹം തീര്‍ത്തുകൊണ്ടിരുന്ന റബീഅത്തുര്‍റഅ്‌യ് തന്റെ സ്വന്തം മകനാണെന്ന്. താന്‍ നാട്‌വിടുമ്പോള്‍ തന്റെ ഭാര്യയുടെ ഉദരത്തില്‍ ഉയിരെടുത്തവന്‍. തന്റെ ഭാര്യയുടെ പ്രവര്‍ത്തനവും പ്രാര്‍ഥനയുമാണ് അവനെ മഹാ പണ്ഡിതനാക്കിയതെന്ന്. എന്നാല്‍ തിരിച്ചറിഞ്ഞ ശേഷം ഫര്‍റൂഖിന് തന്റെ മകനെ പിന്നീട് നേരില്‍ കാണാനായില്ല.
മദീനയിലെ പണ്ഡിതന്‍
റബീഅത്തുബ്‌നു അബീ അബ്ദുറഹ്‌മാന്‍, റബീഅത്തുര്‍റഅ്‌യ് എന്നീ പേരുകളില്‍ അറിയപ്പെട്ട റബീഅത്തുബ്‌നു ഫര്‍റൂഖ് ഹദീസ് നിവേദക പരമ്പരയിലെ അഞ്ചാം വിഭാഗക്കാരില്‍ പ്രമുഖനാണ്. ജനനം മദീനയില്‍. തൈം ഗോത്രക്കാരന്‍. പിതാവ് ഫര്‍റൂഖ്, മാതാവ് സുഹൈല.
മദീനയുടെ പണ്ഡിതന്‍, ആധികാരിക വീക്ഷണങ്ങള്‍ ഉള്ള വ്യക്തി എന്നീ നിലകളില്‍ അംഗീകരിക്കപ്പെട്ടിരുന്നു.
പ്രമുഖ സ്വഹാബിമാരും താബിഉകളുമായ അനസുബ്‌നു മാലിക്, സാഇബുബ്‌നു യസീദ്, സഈദുബ്‌നുല്‍ മുസയ്യിബ്, ഹാരിസുബ്‌നു ബിലാല്‍, ഹന്‍ദ്വലത്തുബ്‌നു ശൈസ്, അത്വാഉബ്‌നു യസാര്‍ തുടങ്ങിയവരില്‍ നിന്നാണ് റബീഅ ഹദീസും മതപാഠങ്ങളും പഠിച്ചത്.
ഖുര്‍ആനിലും ഹദീസിലും അവഗാഹം നേടിയ റബീഅ തന്റെ സമകാലികരായ പണ്ഡിതരില്‍ ആധികാരിക പദവി നേടി. മസ്ജിദുന്നബവിയിലെ ഏറ്റവും വലിയ വിജ്ഞാന സദസ്സ് റബീഅയുടേതായിരുന്നു അന്യ രാജ്യങ്ങളില്‍ നിന്നുപോലും അദ്ദേഹത്തിന്റെ വൈജ്ഞാനിക വിരുന്ന് അനുഭവിക്കാന്‍ പണ്ഡിതരെത്തി.
‘റബീഅത്തുര്‍റഅ്‌യ്’ എന്ന പേരു കൂടിയുണ്ടായിരുന്നു റബീഅക്ക്. അതിനു കാരണം മതവിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചയായിരുന്നു. ഹദീസോ ഒറ്റപ്പെട്ട വീക്ഷണമോ പോലും ഇല്ലാത്ത വിഷയങ്ങളില്‍ റബീഅയുടെ താരതമ്യത്തിന് (ഖിയാസ്) ഹദീസ് പണ്ഡിതര്‍ പ്രാമുഖ്യം കല്പിച്ചു.
‘സുന്നത്തിനെ മുറുകെ പിടിക്കുന്നതിലും സംരക്ഷിക്കുന്നതിലും റബീഅയെക്കാള്‍ ശ്രദ്ധ വെച്ചിരുന്ന വ്യക്തികളെ ഞാന്‍ കണ്ടിട്ടില്ല.’ എന്ന് ഇബ്‌നു മാജിഷൂന്‍ പറഞ്ഞു.
ശിഷ്യ സമ്പത്തും ഏറെയുണ്ടായിരുന്നു റബീഅക്ക്, ലോക പ്രസിദ്ധനായ ഇമാം മാലിക്കുബ്‌നു അനസ് തന്നെയാണ് ശിഷ്യരില്‍ പ്രമുഖന്‍. യഹ്‌യബ്‌നു സഈദ്, സുലൈമാനുത്തയ്മീ, സുഹൈലുബ്‌നു അബീ സ്വാലിഹ്, ഔസാഈ, ശുഅ്ബ, സുഫ്‌യാനുസ്സൗരീ, സുഫ്‌യാനുബ്‌നു ഉയയ്‌ന തുടങ്ങിയവര്‍ പില്ക്കാല പണ്ഡിതരും അദ്ദേഹത്തിന്റെ ശിഷ്യരും അദ്ദേഹത്തില്‍ നിന്ന് ഹദീസുകള്‍ നിവേദനം ചെയ്തവരുമാണ്.
ഹി. 136ല്‍ അംബാറില്‍ വെച്ച് റബീഅത്തുബ്‌നുഫര്‍റൂഖ് നിര്യാതനായി. ‘കര്‍മ ശാസ്ത്രത്തിന്റെ മാധുര്യം ഓര്‍മയായി’ എന്നാണ് ആ മരണത്തെപ്പറ്റി പണ്ഡിതര്‍ വിലയിരുത്തിയത്.
