മുആവിയ ഇബ്‌നു അബീസുഫ്‌യാന്‍
വ്യാപാര പ്രമുഖനും ഖുറൈശി നേതാവും നബി(സ്വ)യുടെയും ഇസ്‌ലാമിന്റെയും പ്രത്യക്ഷവിരോധിയുമായിരുന്ന അബൂസുഫ്‌യാന്റെയും ഹിന്ദിന്റെയും മകനാണ് മുആവിയ (661- 680). മക്കാ വിജയവേളയിലാണ് ഈ കുടുംബം ഇസ്‌ലാം സ്വീകരിക്കുന്നത്. പിന്നീട് ഹിന്ദ് ഉള്‍പ്പെടെയുള്ള കുടുംബം മുഴുവന്‍ ഇസ്‌ലാമിക പ്രബോധന ഭൂമികയില്‍ വിശ്വാസത്തിന്റെ കരുത്ത് കാട്ടി.
മുആവിയ തിരുദൂതരുടെ വിശ്വസ്തനും ദിവ്യ വെളിപാടുകള്‍ എഴുതിവെക്കുന്നവരില്‍ ഒരാളുമായി. ധീരനായ ഇദ്ദേഹം മക്കാ വിജയാനന്തരം നടന്ന യുദ്ധങ്ങളിലും പങ്കുകൊണ്ടു. ഹദീസുകള്‍ നിവേദനം ചെയ്തു.
അബൂബക്ര്‍(റ) ഖലീഫയായിരിക്കെ ഉപസൈന്യത്തിന്റെ നായകനാക്കി. ഉമര്‍(റ) ആദ്യം ജോര്‍ദാനിലും പിന്നീട് ദമസ്‌കസിലും ഗവര്‍ണറാക്കി. ഉസ്മാന്‍(റ)യുടെ കാലത്ത് സിറിയയുടെ മുഴുവന്‍ ചുമതല മുആവിയക്ക് നല്‍കി. അലി(റ) ഖലീഫയായപ്പോള്‍ ബൈഅത്ത് ചെയ്യാതിരുന്നതും ഖിലാഫത്ത് ഏറ്റ ഉടനെ അലി(റ) മുആവിയയെ സിറിയന്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്നു നീക്കിയതുമാണ് പിന്നീട് ഇരുവരും തമ്മിലുണ്ടായ സ്വിഫ്ഫീന്‍ യുദ്ധത്തിലേക്കെത്തിച്ചത്.
ഖലീഫ അലി(റ)യുടെ മരണാനന്തരം മകന്‍ ഹസന്‍(റ) സ്വഹാബികളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഖലീഫ സ്ഥാനമേറ്റു. എന്നാല്‍ മുആവിയ(റ)യുമായി കലഹിച്ച് അധികാരത്തില്‍ തുടരാന്‍ താല്പര്യമില്ലാത്തിതിനാല്‍ ഹസന്‍(റ) ആറുമാസത്തിനകം ഖിലാഫത്ത് ഒഴിയുകയും മുആവിയ(റ)ക്ക് ബൈഅത്ത് ചെയ്യുകയുമായിരുന്നു. അങ്ങനെയാണ് അതുവരെ സിറിയ ഗവര്‍ണര്‍ മാത്രമായിരുന്ന മുആവിയ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭരണതലപ്പത്തെത്തിയത്. ക്രി. വ. 661 (ഹിജ്‌റ 41)ലാണ് ഇത്. രാജ്യതലസ്ഥാനം കൂഫയില്‍നിന്ന് ദമസ്‌ക്കസിലേക്ക് മാറ്റുകയും ചെയ്തു.
ഭിന്നതയെ തുടര്‍ന്ന് കലുഷമായിരുന്ന ഇസ്‌ലാമിക സാമ്രാജ്യത്തില്‍ ഈ രഞ്ജിപ്പ് ശാന്തിയും സമാധാനവും തിരിച്ചുകൊണ്ടുവന്നു. അതുകൊണ്ട് ഈ വര്‍ഷം ആമുല്‍ ജമാഅ (ഐക്യവര്‍ഷം) എന്ന പേരില്‍ അറിയപ്പെട്ടു.
20 വര്‍ഷക്കാലം ഭരണത്തിലിരുന്ന് വിസ്തൃതവും സമ്പദ്‌സമൃദ്ധവുമായ ഒരു രാജ്യം പിന്‍ഗാമികള്‍ക്ക് നല്‍കിയാണ് 680 (ഹി. 60)ല്‍ മുആവിയ(റ)യുടെ അന്ത്യയാത്ര.
മുആവിയയുടെ ഭരണനേട്ടങ്ങള്‍
മുആവിയ, പ്രതിഭയും തന്ത്രജ്ഞനുമായ ഭരണാധികാരിയായിരുന്നു. രണ്ടു ദശാബ്ദ ത്തിലേറെ നീണ്ട ഗവര്‍ണര്‍ ഭരണ പരിചയമാണ് അനുഭവസമ്പത്ത്. ഇക്കാലത്താണ് ബയ്‌സന്ത്യന്‍ സാമ്രാജ്യത്തിനെതിരെ പടയോട്ടം നടന്നത.് കരയിലൂടെയും കടലിലൂടെയും ഒരുമിച്ച് നടത്തിയ സൈനിക മുന്നേറ്റത്തില്‍ മധ്യധരണ്യാഴിയിലും ഏഷ്യാമൈനറിലും നിരവധി വിജയങ്ങള്‍ നേടി.
ഹി.42ല്‍ ബല്‍ഖ, ഹറാത്ത്, ബദഗീസു എന്നിവ അധീനപ്പെടുത്തി. 49ല്‍ കോണ്‍സ്റ്റാന്റി നോപ്പിള്‍ അക്രമിക്കാന്‍ സൈന്യത്തെ നിയോഗിച്ചു. എന്നാല്‍ ഏഴു വര്‍ഷത്തോളം ഉപരോധം നടത്തിയിട്ടും കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിക്കാനായില്ല.
എന്നാല്‍ ഉഖ്ബയുടെ നേതൃത്വത്തില്‍ സുഡാന്‍ വരെയുള്ള ഉത്തരാഫ്രിക്കന്‍ പ്രദേശങ്ങള്‍ മുആവിയയുടെ കീഴില്‍ വന്നു. ഹി. 50ലാണിത്. ഇവിടെ കൂഫ മാതൃകയില്‍ ഒരു നഗരം പണിയുകയും ചെയ്തു. അതാണ് ലോകപ്രശസ്തമായ ഖൈറുവാന്‍.
ബുഖാറ, സമര്‍ഖന്ത്, കാന്തഹാര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇസ്‌ലാമിന്റെ വെളിച്ചം കടന്നുചെന്നത് മുആവിയയുടെ കാലത്തു തന്നെയാണ്.
അക്കാലത്തെ മൂന്നു പ്രഗല്‍ഭ സ്വഹാബിമാരായിരുന്നു അംറുബ്‌നു ആസ്വ്(റ), മുഗീറത്തുബ്‌നു ശുഅ്ബ(റ), സിയാദുബ്‌നു അബീഹി(റ) എന്നിവര്‍. അംറിനെ ഈജിപ്തിലും മുഗീറയെ കൂഫയിലും സിയാദിനെ ഇറാഖിലും ഗവര്‍ണര്‍മാരാക്കി. കുഴപ്പങ്ങളുടെ നാടുകളായിരുന്നു ഇറാഖും കൂഫയും. ഇവിടങ്ങളിലെ കലാപകാരികളെ അടിച്ചമര്‍ത്തുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്തു.
1700 കപ്പലുകളടങ്ങുന്ന നാവികപ്പട, കാര്‍ഷിക വികസനത്തിന് കനാലുകള്‍ നിര്‍മിച്ചത്, ഒട്ടകങ്ങളെ ഉപയോഗിച്ച് തപാല്‍ സമ്പ്രദായം കാര്യക്ഷമമാക്കിയത്, ജനങ്ങള്‍ക്ക് ക്ഷേമവും സമാധാനവും നിറഞ്ഞ അവസ്ഥ സംജാതമാക്കിയത് എന്നിവ മുആവിയയുടെ ഭരണ നേട്ടങ്ങളാണ്.
ഉമയ്യ കുടുംബത്തിലും പുറത്തും അര്‍ഹരായ നിരവധി പ്രമുഖരുണ്ടായിരിക്കെ മുആവിയ(റ) തന്റെ പിന്‍ഗാമിയായി മകന്‍ യസീദിനെ പ്രഖ്യാപിച്ചത് അക്കാലത്ത് ഏറെ വിവാദങ്ങളുണ്ടാക്കി. എന്നാല്‍ മുആവിയ തീരുമാനത്തില്‍ ഉറച്ചുനിന്നു.
