അമവി ഭരണാധികാരികള്‍
ഖിലാഫത്ത് ചരിത്രത്തിലെ ഒരു പ്രധാനഘട്ടത്തില്‍ ഭരണരീതികളും രാഷ്ട്രീയസംവിധാനങ്ങളും പുതിയ രൂപം കൈക്കൊണ്ടു. കേന്ദ്രഭരണത്തിന്റെ ശക്തീകരണം, ഭരണപരിഷ്‌കരണങ്ങള്‍, സൈനികവ്യാപനം, സാമ്പത്തികക്രമീകരണം എന്നിവയിലൂടെ ഈ കാലഘട്ടം ശ്രദ്ധേയമായി. മര്‍വാനുബ്‌നു ഹകം മുതല്‍ മര്‍വാനുബ്‌നു മുഹമ്മദ് വരെ അധികാരത്തിലിരുന്ന ഭരണാധികാരികളുടെ ഭരണനയങ്ങള്‍, അബ്ദുല്‍ മലിക്കുബ്‌നു മര്‍വാന്‍, ഉമറുബ്‌നു അബ്ദില്‍ അസീസ് തുടങ്ങിയ വ്യക്തിത്വങ്ങളുടെ പ്രത്യേക സംഭാവനകള്‍ എന്നിവ ഈ അധ്യായം വിശദീകരിക്കുന്നു. ഈ കാലഘട്ടം ഇസ്‌ലാമിക ഭരണചരിത്രത്തിലെ ഒരു നിര്‍ണായക വഴിത്തിരിവായി മാറിയ പശ്ചാത്തലവും ഇവിടെ അവതരിപ്പിക്കുന്നു.
മര്‍വാനുബ്‌നു ഹകം
മൂന്നാം ഖലീഫ ഉസ്മാന്റെ(റ) ബന്ധുവാണ് മര്‍വാനുബ്‌നു ഹകം (684þþ-685). നബി(സ്വ) ഇദ്ദേഹത്തെ മദീനയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ഉസ്മാന്‍(റ) ഖലീഫയായപ്പോള്‍ തിരിച്ചു വിളിക്കുകയും സെക്രട്ടറി പദവിയില്‍ നിയമിക്കുകയും ചെയ്തു. യസീദിന്റെ ഭരണത്തില്‍ മദീനയിലെ ഗവര്‍ണറായിരുന്നിട്ടുമുണ്ട് മര്‍വാന്‍.
യസീദിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ പുത്രന്‍ മുആവിയയെ പിന്‍ഗാമിയായി വാഴിച്ചെങ്കിലും 40 ദിവസം മാത്രം ഭരിച്ച് അദ്ദേഹം ഭരണം വിട്ടൊഴിഞ്ഞു. ഇതിനെതുടര്‍ന്ന് നാട്ടില്‍ കലാപങ്ങളും അഭ്യന്തര സംഘര്‍ഷങ്ങളും തലപൊക്കി. ഈ സാഹചര്യത്തിലാണ് ക്രി. 684 (ഹി: 64)ല്‍ മര്‍വാന്‍ ഭരണമേറ്റെടുത്തത്.
യസീദ് മരിച്ചതിനു പിന്നാലെ അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) സിറിയയിലും ഈജിപ്തിലും ഭരണം സ്ഥാപിക്കാന്‍ ശ്രമിച്ചു. ഇത് മര്‍വാന്‍ അടിച്ചമര്‍ത്തി. എന്നാല്‍ മദീനയില്‍ അബ്ദുല്ലാഹിബ്‌നു സുബൈറിനു തന്നെയായിരുന്നു വിജയം. ഒരു വര്‍ഷത്തെ ഭരണത്തിനുശേഷം ഹി. 65ല്‍ മര്‍വാന്‍ മരിച്ചു.
അബ്ദുല്‍ മലിക്കുബ്‌നു മര്‍വാന്‍
ഹിജാസില്‍ അബ്ദുല്ലാഹിബ്‌നു സുബൈര്‍, ഇറാഖില്‍ മുഖ്താറുസ്സഖഫി എന്നിവര്‍ സ്വയം അമീറുമാരായി പ്രഖ്യാപിക്കുന്നു. ഖവാരിജുകള്‍ തങ്ങളുടെ ഖിലാഫത്തിനായി കലാപങ്ങളുണ്ടാക്കുന്നു. ബൈസന്ത്യന്‍ സാമ്രാജ്യം ഇസ്‌ലാമിന്റെ അതിര്‍ത്തികളില്‍ യുദ്ധാരവം മുഴക്കുന്നു. ഇസ്‌ലാമിക സാമ്രാജ്യം ആഭ്യന്തരമായും വൈദേശികമായും ഭീഷണി നേരിടുന്ന നിര്‍ണായക സന്ധി, അസ്ഥിരതയും ശൈഥില്യവും കൊണ്ട് മുസ്‌ലിംലോകം കെടുതിയിലകപ്പെട്ടുനില്ക്കവെയാണ് 685ല്‍ (ഹി.65) മര്‍വാന്റെ മകന്‍ അബ്ദുല്‍ മലിക്ക് എന്ന 40കാരന്‍ അമീറായെത്തുന്നത് (685-705). പത്തുവര്‍ഷം കൊണ്ട് കലാപങ്ങള്‍ അടിച്ചൊതുക്കി ഇസ്‌ലാമിക ലോകത്തെ ഒരു കുടക്കീഴിലാക്കിയ അബ്ദുല്‍ മലിക് അമവി ഖിലാഫത്തിന്റെ രണ്ടാം സ്ഥാപകനായി.
ഉസ്മാന്‍(റ) ഖലീഫയായിരിക്കെ ഹി. 26ല്‍ മദീനയിലാണ് ജനനം. മസ്ജിദുന്നബവിയെന്ന സര്‍വ്വകലാശാലയില്‍ ബാല്യ-കൗമാരം ചെലവിട്ട അബ്ദുല്‍ മലിക് ഖുര്‍ആന്‍, ഹദീസ്, ഭാഷ, സാഹിത്യം എന്നിവയില്‍ അഗാധ പാണ്ഡിത്യം നേടി. അബൂ ഹുറയ്‌റ, അബൂസഈദില്‍ ബുദ്‌രി, ജാബിറുബ്‌നു അബ്ദില്ല(റ) തുടങ്ങിയ സ്വഹാബിമാരാണ് ഗുരുനാഥന്‍മാര്‍.
ഭരണമേറ്റെടുത്ത അബ്ദുല്‍ മലിക് ധീരമായ നടപടികളാണ് കൈക്കൊണ്ടത്. ഇറാനും ഇറാഖും കേന്ദ്രീകരിച്ച ഖവാരിജുകളെ നേരിടാന്‍ മുഹല്ലബ് എന്ന നായകനെ അയച്ചു. ഹിജാസിലെ അബ്ദുല്ലാഹിബ്‌നു സുബൈറിനെതിരെ ഹജ്ജാജുബ്‌നു യൂസുഫിനെ നിയോഗിച്ചു. അബ്ദുല്ലയെ വകവരുത്തി പ്രശ്‌നങ്ങള്‍ ഒതുക്കിയ ഹജ്ജാജിനെത്തന്നെ കൂഫയിലേക്കും ഗവര്‍ണറായയച്ചു. അവിടെയും അദ്ദേഹം വിജയിച്ചു. ഇതോടെ ആഭ്യന്തര ശൈഥില്യം ഒതുങ്ങി.
പിന്നീട് അയല്‍രാജ്യങ്ങളിലേക്കായി അബ്ദുല്‍ മലിക്കിന്റെ ശ്രദ്ധ. യസീദിന്റെ കാലത്ത് കൈവിട്ട ഉത്തരാഫ്രിക്കയിലേക്ക് സുഹയ്‌റുബ്‌നു ഖൈസിനെ നായകനാക്കി വന്‍ സൈനികനീക്കം നടത്തി. ആ പ്രദേശങ്ങള്‍ പൂര്‍ണമായും ഇസ്‌ലാമിനു കീഴില്‍ വരികയും ബര്‍ബരികള്‍ മുസ്‌ലിംകളാവുകയും ചെയ്തതായിരുന്നു ഫലം. ക്രി. 695ലാണ് ഈ വിജയം.
കാബൂളിലേക്ക് സൈനിക നീക്കം നടന്നെങ്കിലും വിജയിച്ചില്ല. 21 വര്‍ഷം നീണ്ട ഭരണത്തിന് ക്രി. 105 (ഹി: 86)ല്‍ അന്ത്യമായി. അറുപതാമത്തെ വയസ്സിലായിരുന്നു അബ്ദുല്‍ മലിക്കിന്റെ വിടവാങ്ങല്‍.
പ്രധാന പരിഷ്‌കാരങ്ങള്‍
ക്രൈസ്തവ ചിഹ്നങ്ങള്‍ മുദ്രണം ചെയ്തിരുന്ന റോമന്‍ നാണയങ്ങളാണ് അതുവരെ പ്രചാരത്തിലുണ്ടായിരുന്നത്. അവ പാടേ പിന്‍വലിച്ച് ശഹാദത്ത് കലിമ മുദ്രണം ചെയ്ത് പുതിയ അറബ് നാണയം പുറത്തിറക്കി. നാണയ ശാലകളും തുറന്നു.
ഭരണഭാഷ പൂര്‍ണമായും അറബിയാക്കി. ഗ്രീക്കിലും പേര്‍ഷ്യനിലും മറ്റു പ്രാദേശിക ഭാഷകളിലുമുണ്ടായിരുന്ന റിക്കാര്‍ഡുകളും ഫയലുകളുമെല്ലാം അറബിയിലേക്കു മാറ്റി.
യൂഫ്രട്ടീസ്, ടൈഗ്രീസ് നദികളിലെ ജലം കര്‍ഷകര്‍ക്ക് ഉപകാരപ്പെടുംവിധം കനാലുകള്‍ നിര്‍മിച്ച് അതുവഴി കൃഷിയിടങ്ങളിലെത്തിച്ചു. അണക്കെട്ടുകളും പണിതു.
മസ്ജിദുല്‍ അഖ്‌സാ പരിസരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന വിശ്രുതമായ ഖുബ്ബതുസ്സഖ്‌റ അബ്ദില്‍ മലിക് നിര്‍മിച്ചതാണ്. നബി(സ്വ) ആകാശാരോഹണം (മിഅ്‌റാജ്) ആരംഭിച്ച പാറക്കല്ലിലാണ് സുവര്‍ണ താഴികക്കുടമുള്‍പ്പെടുന്ന ആ വിസ്മയ നിര്‍മിതിയുള്ളത്.
വലീദുബ് അബ്ദില്‍ മലിക്ക്
താരീഖുബ്‌നു സിയാദ്, മുഹമ്മദുബ്‌നു ഖാസിം, ഖുതൈബ, മൂസബ്‌നു നുസൈര്‍ എന്നീ സൈനിക നായകരും വലീദുബ്‌നു അബ്ദില്‍ മലിക്ക് (705-715) എന്ന അമീറും ഒന്നിച്ചു നിന്നപ്പോള്‍ ആഫ്രിക്കയിലും യൂറോപ്പിലും ഏഷ്യയിലും ഇസ്‌ലാമിന്റെ വെന്നിക്കൊടി പാറിയതിന് ലോകം സാക്ഷിയായി. ഇസ്‌ലാമിക ശില്പകല വികസിച്ച കാലം കൂടിയായിരുന്നു വലീദ് യുഗം.
ഹി. 50ലാണ് വലീദിന്റെ ജനനം. പിതാവിനെപോലെ വിജ്ഞാന കുതുകിയായിരുന്നില്ല. ഭാഷയില്‍ പോലും വലീദിന് പരിചയക്കുറവുണ്ടായിരുന്നു.
36-ാം വയസ്സില്‍ ഭരണമേല്ക്കുമ്പോള്‍ ഇസ്‌ലാമിക സാമ്രാജ്യം ശാന്തവും ക്ഷേമപൂര്‍ണവുമായിരുന്നു. അതുകൊണ്ടുതന്നെ സാമ്രാജ്യ വികസനത്തിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ പതിപ്പിച്ചു വലീദ്.
ഇതിന്റെ ഭാഗമായാണ് മധ്യേഷ്യയിലേക്ക് ഖുതൈ്വബതുബ്‌നു മുസ്‌ലിമിന്റെ നേതൃത്വത്തില്‍ സൈന്യത്തെ നിയോഗിച്ചത്. ട്രാന്‍സോക്‌സിയാന (മാവറാഅന്നഹ്ര്‍)യില്‍ ക്രി. 765ലാണ് ഖുത്വയ്ബയെത്തിയത്. ബുഖാറ, ഖുവാറസ്, സമര്‍ഖന്ത് എന്നിവ കീഴടക്കി. ഈ സ്ഥലങ്ങള്‍ പില്‍ക്കാലത്ത് ഉസ്ബക്കിസ്താന്‍, തുര്‍ക്കുമാനിസ്താന്‍, ഖസാക്കിസ്താന്‍, കിര്‍ഗിസ്താന്‍ എന്നീ പേരുകളിലാണ് അറിയപ്പെട്ടത്.
ശക്തമായ പ്രബോധന പ്രവര്‍ത്തനം വഴി ഇവിടെ ഇസ്‌ലാമിന് ആഴത്തില്‍ വേരോട്ടമുണ്ടായി. ഇവിടെനിന്ന് ഖുതൈ്വബ പോയത് ചൈനയിലേക്കാണ്. ഖുതൈ്വബയുടെ നിബന്ധനകള്‍ അംഗീകരിച്ച് കപ്പം നല്‍കാന്‍ ചൈനീസ് രാജാവ് തയ്യാറായി.
മുഹമ്മദുബ്‌നു ഖാസിമിന്റെ നേതൃത്വത്തിലാണ് സിന്ധിലേക്കുള്ള പട നീങ്ങിയത്. ക്രി. 710ല്‍ 6000 ഭടന്‍മാരടങ്ങുന്ന സൈന്യം ബലൂചിസ്താന്‍, മുല്‍ത്താന്‍, സിന്ധ് എന്നിവ കീഴടക്കി. ഇന്ത്യയിലെ ഖനൂജിലേക്ക് മുഹമ്മദ് നീങ്ങിയെങ്കിലും വലീദ് മരിച്ചതിനെ തുടര്‍ന്ന് പിന്തിരിയുകയാണ് ചെയ്തത്.
യൂറോപ്പിലെ അന്തുലുസ് (സ്‌പെയിന്‍) ലക്ഷ്യമാക്കി താരിഖുബ്‌നുസിയാദ് നീങ്ങിയതാണ് മറ്റൊരു സൈനിക മുന്നേറ്റം. മൂസബ്‌നു നുസൈ്വര്‍ താരിഖിനെ സഹായിക്കാനുണ്ടായിരുന്നു. 715ല്‍ വന്‍ യുദ്ധമുതലുമായി മടങ്ങുമ്പോള്‍ സ്‌പെയിന്‍ ഇസ്‌ലാമിന് കീഴിലെത്തിയിരുന്നു. ഈ വിജയ പരമ്പരകളെല്ലാം കേട്ട ശേഷം 715 (ഹി. 86)ലാണ് വലീദ് നിര്യാതനാവുന്നത്.
വലീദിന്റെ കാലത്തെ വികസനം
കിഴക്കു നിന്നും പടിഞ്ഞാറ് വരെ എട്ടുമാസത്തെ വഴി ദൂരത്തോളം പരന്നുകിടന്ന ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അമീറായി വാണ വലീദ് നിരവധി വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളും നടപ്പാക്കി.
മസ്ജിദുന്നബവിയും മസ്ജിദുല്‍ അഖ്‌സായും പുതുക്കിപ്പണിയുകയും അവയെ മനോഹരമാക്കുകയും ചെയ്തു. തലസ്ഥാനമായ ദമസ്‌കസില്‍ പണിത ജാമിഅ് അമവി, വിസ്മയിപ്പിക്കുന്ന മസ്ജിദാണ്.
റോഡുകള്‍ നവീകരിച്ചു. പാതയോരങ്ങളില്‍ വിശ്രമ കേന്ദ്രങ്ങള്‍, കിണറുകള്‍ എന്നിവ നിര്‍മിച്ചു. പ്രധാന പട്ടണങ്ങളില്‍ ആശുപത്രികള്‍ പണിതു.
യാചന നിരോധിക്കുകയും കുഷ്ഠരോഗികള്‍, അഗതികള്‍, അവശര്‍ എന്നിവര്‍ക്ക് നിത്യച്ചെലവ് നല്‍കുകയും ചെയ്തു. അന്ധര്‍ക്കും വികലാംഗര്‍ക്കും സഹായികളെ നല്‍കി. പണ്ഡിതര്‍, കര്‍മശാസ്ത്ര വിദഗ്ധര്‍, സച്ചരിതര്‍ എന്നിവര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തി.
നോമ്പുകാലത്ത് പള്ളികളില്‍ സൗജന്യ ഭക്ഷണം വിളമ്പി. ഖുര്‍ആന്‍ മന:പാഠമാക്കുന്നവര്‍ക്ക് സമ്മാനങ്ങളും ഏര്‍പ്പെടുത്തി.
സുലൈമാനുബ്‌നു അബ്ദില്‍ മലിക്
വലീദിന്റെ പിന്‍ഗാമിയായി 715ല്‍ (ഹി.98) സഹോദരന്‍ സുലൈമാനുബ്‌നു അബ്ദില്‍ മലിക് (715þ-717) ഭരണത്തിലേറി. മകന്‍ അബ്ദുല്‍ അസീസിനെ കിരീടാവകാശിയാക്കാനുള്ള വലീദിന്റെ ശ്രമം വിജയിച്ചില്ല.
രണ്ടുവര്‍ഷം മാത്രമാണ് സുലൈമാന്‍ രാജ്യം ഭരിച്ചത്. കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിക്കാന്‍ തീവ്രശ്രമം നടന്നെങ്കിലും വിജയിച്ചില്ല. സുലൈമാന്‍ തന്നെയാണ് ഇതിന് നേതൃത്വം നല്‍കിയത്. അദ്ദേഹത്തിന്റെ മരണവും ഇതിനിടെ തന്നെയായിരുന്നു. ക്രി. 717ല്‍.
ഭക്തനും നന്മകളുടെ കൂട്ടുകാരനുമായാണ് ചരിത്രം സുലൈമാനെ പരിചയപ്പെടുത്തുന്നത്. മിഫ്താഫുല്‍ ഖൈര്‍ (നന്മകളുടെ താക്കോല്‍) എന്ന പേരില്‍ അറിയപ്പെടുന്നു. രണ്ടാം ഉമറെന്ന പേരില്‍ വിശ്രുതനായ ഉമറുബ്‌നു അബ്ദില്‍ അസീസ് എന്ന മഹാനായ പിന്‍ഗാമിയെ മുസ്‌ലിം സമൂഹത്തിന് നല്കി എന്നതായിരുന്നു അദ്ദേഹം ചെയ്ത ഏറ്റവും വലിയ സേവനം.
വലീദിന്റെ കാലത്ത് ദിഗ്വിജയങ്ങള്‍ക്ക് നായകത്വം വഹിച്ച ഹജ്ജാജുബ്‌നു യൂസുഫ്, മുഹമ്മദുബ്‌നു ഖാസിം, ഖുതൈ്വബതുബ്‌നു മുസ്‌ലിം, മൂസബ്‌നു നുസൈര്‍ എന്നിവരുടെ മരണം ഇക്കാലത്തായിരുന്നു. ജയിലില്‍ കിടന്നായിരുന്നു പലരുടെയും അന്ത്യം.
ഉമറുബ്‌നു അബ്ദില്‍ അസീസ്
സുലൈമാനുബ്‌നു അബ്ദില്‍ മലിക് നിര്യാതനായി. മയ്യിത്ത് ഖബറടക്കും മുമ്പുതന്നെ, സുലൈമാന്റെ വിശ്വസ്തനായ റജാഉബ്‌നു ഹൈവ മിമ്പറില്‍ കയറി. തന്റെ പിന്‍ഗാമി ആരാണെന്നെഴുതി സുലൈമാന്‍ ഏല്പിച്ച കത്തെടുത്തു പേരു വായിച്ചു: ”സഹോദരന്‍ അബ്ദുല്‍ അസീസിന്റെ മകന്‍ ഉമര്‍.”
പള്ളിയില്‍ കൂടി നില്ക്കുന്നവരില്‍ നിന്നൊരാള്‍ ഉച്ചത്തില്‍ പറഞ്ഞു. ”ഇന്നാലില്ലാഹ് വഇന്നാ ഇലൈഹി റാജിഊന്‍” പിന്നീടയാള്‍ തളര്‍ന്നിരിക്കുകയും ചെയ്തു.
ആളുകള്‍ അദ്ദേഹത്തെ താങ്ങിയെടുത്ത് മിമ്പറില്‍ കയറ്റി. നിറകണ്ണുകളോടെ ഏതാനും വാക്കുകള്‍ സംസാരിച്ചു. ശേഷം അവിടെ കൂടിയവരെല്ലാം അദ്ദേഹത്തിന് ബൈഅത്തും ചെയ്തു.
ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അടുത്ത അമീറായിരുന്നു അദ്ദേഹം. അതേ, ഖലീഫമാര്‍ക്കുശേഷം മുസ്‌ലിം ലോകത്തിനു മുന്നില്‍ വെണ്‍ താരകമായി തിളങ്ങിയ ഉമറുബ്‌നു അബ്ദില്‍ അസീസ്(റ, 717-720).
നമസ്‌കാരം കഴിഞ്ഞ് പരിചാരകര്‍ ഉമറിനെ കൊട്ടാരത്തിലേക്ക് ആനയിച്ചു. എന്നാല്‍ അദ്ദേഹം പോയത് സ്വന്തം വീട്ടിലേക്ക്. അതും തന്റെ കോവര്‍ കഴുതയുടെ പുറത്തുകയറി.
ഹിജ്‌റ 61ല്‍ ഈജിപ്തിലെ ഹുല്‍വാനിലാണ് ജനനം. മര്‍വാന്റെ പുത്രനും ഈജിപ്ത് ഗവര്‍ണറുമായിരുന്ന അബ്ദുല്‍ അസീസ് ആണ് പിതാവ്. മാതാവ്, ഖലീഫ ഉമറിന്റെ കാലത്തെ പാല്‍ക്കാരി പെണ്‍കുട്ടിയുടെ മകള്‍ ലൈല എന്ന ഉമ്മു ആസ്വിം. ഖലീഫ ഉമറിന്റെ പൗത്രിയുടെ മകനാണ് ഉമറുബ്‌നു അബ്ദില്‍ അസീസ് എന്നര്‍ഥം.
ഖുര്‍ആന്‍ മനപ്പാഠത്തിനുശേഷം ഉപരിപഠനം മദീനയിലെ മസ്ജിദുന്നബവിയില്‍. ഗുരു സ്വാലിഹുബ്‌നു കൈസാന്‍. മാതൃക അമ്മാവനായ അബ്ദുല്ലാഹിബ്‌നു ഉമര്‍(റ). ഈജിപ്ത് ഗവര്‍ണറായിരിക്കെ പിതാവ് കാഴ്ചവെച്ച ഭരണവും ഉമറിന് മാതൃകയായി. അക്കാലത്തെ പ്രമുഖ പണ്ഡിതനായും അറിയപ്പെട്ടു.
വലീദ് അമീറായിരിക്കെ ഉമറിനെ മദീനയിലെ ഗവര്‍ണറാക്കി. മസ്ജിദുന്നബവിയുടെ വിപുലീകരണത്തിന് നേതൃത്വം നല്‍കിയതും ഇക്കാലത്തു തന്നെയാണ്. അമീറുമാരെ സന്ദര്‍ശിക്കുകയോ അവരില്‍നിന്ന് സഹായങ്ങള്‍ സ്വീകരിക്കുകയോ ചെയ്യാത്ത പ്രസിദ്ധ പണ്ഡിതന്‍ സഈദുബ്‌നു മുസ്വയ്യബ്. പക്ഷേ, ഇദ്ദേഹത്തെ സ്‌നേഹിക്കുകയും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
രണ്ടാം ഉമര്‍
ഇസ്‌ലാമിക ചരിത്രത്തില്‍ രണ്ടാം ഉമര്‍ എന്ന പേരില്‍ ഖ്യാതി നേടിയ ഉമറുബ്‌നു അബ്ദില്‍ അസീസ് ക്രി. വ. 717 (ഹി. 99) 37-ാം വയസ്സിലാണ് ഭരണമേറ്റെടുത്തത്.
സുലൈമാന്‍ തന്നെ പിന്‍ഗാമിയാക്കിയതിലൂടെ ഭരണമേറ്റെടുക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ജനം ഒറ്റക്കെട്ടായി അദ്ദേഹത്തിന്റെ പേര് പറയുകയും ബൈഅത്ത് നല്‍കുകയും ചെയ്തപ്പോഴാണ് ഖിലാഫത്ത് ഏറ്റെടുത്തത്. അതാണ് ഇസ്‌ലാമിക രീതി എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
അമീറിന്റെ രാജകീയ വാഹനങ്ങള്‍ വില്ക്കാനും ആ പണം പൊതു ഖജനാവിലടക്കാനുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യകല്പന. അത്രമാത്രം വിശുദ്ധിയും സൂക്ഷ്മതയും ഭരണത്തിലുടനീളം ഉമര്‍ കാണിച്ചു.
ജനങ്ങളോട് അന്യായം കാണിക്കുകയും അക്രമത്തിന്റെ പാത പിന്തുടരുകയും ചെയ്യുന്ന ഗവര്‍ണര്‍മാരെ അദ്ദേഹം താക്കീതുചെയ്തു. ചമ്മട്ടിയും വാളുമല്ല, സത്യവും നീതിയുമാണ് ജനങ്ങളുടെ മേല്‍ നടപ്പാക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ കല്‍പന. ഇത് അദ്ദേഹം കാണിച്ചുകൊടുക്കുകയും ചെയ്തു.
നീതി മുസ്‌ലിംകള്‍ക്കിടയില്‍ മാത്രമല്ല ക്രൈസ്തവരടക്കമുള്ള അമുസ്‌ലിംകള്‍ക്കിടയിലും കര്‍ശനമായി പാലിച്ചു. സിന്ധിലെ രാജാ ദാഹിറിന്റെ മകന്‍ ജയ്‌സിങ് ഇസ്‌ലാം സ്വീകരിച്ചത് ഉമറിന്റെ നീതിനിഷ്ഠയില്‍ ആകൃഷ്ടനായാണ്.
വലീദിന്റെ കാലത്ത് തുടങ്ങിയ ക്ഷേമ പദ്ധതികളെല്ലാം തുടരുകയും നവജാത ശിശുവിനുപോലും റേഷന്‍ പോലുള്ള ജനക്ഷേമ പദ്ധതികള്‍ ആരംഭിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ അനര്‍ഹരായവരുടെ ആനുകൂല്യങ്ങള്‍ തടഞ്ഞു. അഴിമതിയും ഉദ്യോഗസ്ഥ ഭരണവും അവസാനിപ്പിച്ചു.
ഇക്കാലയളവിലാണ് സാമ്രാജ്യത്തോട് ചേര്‍ക്കപ്പെട്ട വിവിധ പ്രദേശങ്ങളിലെ ജനങ്ങള്‍ കൂട്ടമായി ഇസ്‌ലാമിലേക്കു വന്നത്. ഉമര്‍(റ) നടപ്പാക്കിയ പദ്ധതികളും നീതിയുമായിരുന്നു കാരണം. അധികാരത്തിന്റെ തണലില്‍ കഴിഞ്ഞിരുന്ന ചില കുടുംബാംഗങ്ങള്‍ മാത്രമായിരുന്നു ഉമറി(റ)ന് എതിരാളികളായുണ്ടായിരുന്നത്. രണ്ടാം നൂറ്റാണ്ടിലെ മുജദ്ദിദായി ചരിത്രം കണ്ട ഈ മഹാന്റെ ഭരണത്തില്‍ സകാത്ത് വാങ്ങാന്‍ അര്‍ഹരില്ലാത്ത അവസ്ഥയുണ്ടായി. ക്രി. 720 (ഹി 101)ല്‍ 29 മാസത്തെ ഭരണത്തിന് വിരാമമിട്ട് ഉമര്‍(റ) അന്ത്യയാത്രയായി. അന്ന് വയസ്സ് 39 ആയിരുന്നു.
യസീദുബ്‌നു അബ്ദില്‍ മലിക്
അമവി ഖിലാഫത്തില്‍ ക്രി. 720 മുതല്‍ 724 (ഹി. 101-105) വരെ ഭരണം നടത്തിയ ഭരണാധികാരിയാണ് സയീദുബ്‌നു അബ്ദില്‍ മലിക്ക്. യസീദ് രണ്ടാമന്‍ എന്ന പേരിലും അറിയപ്പെട്ടു.
ഭരണസംരംഭത്തില്‍ മുന്‍ഗാമി ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ പാത പിന്തുടരാന്‍ ശ്രമിച്ചെങ്കിലും അതിലുറച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.
29-ാം വയസ്സിലാണ് ഭരണമേറ്റത്. യൗവനത്തിന്റെ ചാപല്യങ്ങള്‍ യസീദിനെ ഭരണകാര്യങ്ങളില്‍ നിന്നും അകറ്റി. സൗന്ദര്യാരാധകനും തരളഹൃദയനുമായിരുന്നു യസീദ്.
ഭരണകാലത്ത് കാര്യമായ നേട്ടങ്ങള്‍ കൈവരിക്കാനായില്ല. ഖുറാസാനിലെ മുന്‍ വൈസ്രോയിയായിരുന്ന യസീദുബ് മുഹല്ലഹ് ഇറാഖില്‍ കലാപത്തിന് കോപ്പുകൂട്ടി. അമവി ഭരണത്തിനെതിരായ പ്രക്ഷോഭം സഹോദരന്‍ മസ്‌ലമയെ അയച്ച് യസീദ് ഒതുക്കി. തുര്‍ക്കിയിലെ കിഷ്, നസഫ്, ബയ്‌സിന്ത്യയിലെ ഡല്‍സ, ഖുനിയ എന്നിവയും ഇക്കാലത്ത് മുസ്‌ലിംകള്‍ അധീനപ്പെടുത്തി.
ഹിശാമുബ്‌നു അബ്ദിൽ മലിക്
അമവീ ഖിലാഫത്തിലെ പ്രമുഖന്‍മാരുടെ പട്ടികയിലെ അവസാന നാമമാണ് ഹിശാമുബ്‌നു അബ്ദില്‍ മലിക്കിന്റേത് (724-743). മുആവിയയുടെ വൈദഗ്ധ്യവും അബ്ദുല്‍ മലിക്കിന്റെ നിശ്ചയദാര്‍ഢ്യവും ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ സാത്വികതയും ഒത്തിണങ്ങിയ ഭരണാധികാരിയാണ് ഹിശാം.
ഹിജ്‌റ 105 (ക്രി. 724)ലാണ് ഹിശാം ഖിലാഫത്ത് ഏറ്റെടുക്കുന്നത്. 20 വര്‍ഷം ഭരണം നീണ്ടുനിന്നു. അമവി കാലഘട്ടത്തില്‍ സാമ്രാജ്യത്തോട് ചേര്‍ക്കപ്പെട്ട മധ്യേഷ്യയിലും ഉത്തരാഫ്രിക്കയിലും ആഭ്യന്തര കലാപങ്ങള്‍ ഹിശാമിന് നേരിടേണ്ടി വന്നു. നസ്‌റുബ്‌നു സയ്യാറിന്റെ സഹായത്തോടെ മധ്യേഷ്യയിലെ കലാപങ്ങള്‍ ഒതുക്കി. ഉത്തരാഫ്രിക്കയിലെ കലാപങ്ങള്‍ ഹിശാം തന്നെ അടിച്ചമര്‍ത്തി.
മൊറോക്കോയുടെ തെക്കേ അറ്റത്തെ സൂസ് പട്ടണം, സിന്ധ് മേഖലയില്‍ കശ്മീര്‍ വരെയുള്ള പ്രദേശങ്ങള്‍, ഇന്ത്യയിലെ ഗുജറാത്ത്, ഉജ്ജൈന്‍, മാര്‍വാട് പട്ടണങ്ങള്‍ എന്നിവ ഇക്കാലത്താണ് മുസ്‌ലിംകള്‍ക്കു കീഴില്‍ വന്നത്. മുസ്‌ലിം സൈന്യം ഫ്രാന്‍സില്‍ കടന്നതും ഹിശാമുബ്‌നു അബ്ദില്‍ മലിക് കിരീടം ചൂടിയ വേളയില്‍ തന്നെ.
വലീദുബ്‌നു യസീദ്
ഹിശാമുബ്‌നു അബ്ദില്‍ മലിക് തന്റെ സഹോദരപുത്രന്‍ വലീദുബ്‌നു യസീദിനെയാണ് പിന്‍ഗാമിയാക്കിയത്. ക്രി.വ. 743ല്‍ ഭരണമേറിയ വലീദ് ഒരു വര്‍ഷം മാത്രമാണ് ആ പദവിയിലിരുന്നത്. 744ല്‍ തന്നെ വധിക്കപ്പെടുകയും ചെയ്തു.
കവിയും അഭ്യാസിയുമായിരുന്ന ഇദ്ദേഹം പക്ഷേ സംഗീതം, നൃത്തം, നായാട്ട് തുടങ്ങിയ വൃത്തികളില്‍ സദാ വ്യാപൃതനായി. ഹിശാം ഉപദേശിക്കുകയും ഹജ്ജിന് പറഞ്ഞുവിടുകയും ചെയ്‌തെങ്കിലും നന്നായില്ല.
ഖിലാഫത്ത് ഏറ്റെടുത്തിട്ടും സ്വഭാവം നേരെയാക്കുകയോ വഹിക്കുന്ന പദവിയുടെ മാഹാത്മ്യം തിരിച്ചറിയുകയോ ചെയ്തില്ല. ഇതോടെ ബന്ധുക്കള്‍ തന്നെ ഖിലാഫത്ത് പദവിയില്‍ നിന്ന് മാറ്റുകയായിരുന്നു. വൈകാതെ വധിക്കപ്പെടുകയും ചെയ്തു.
വലീദ് രണ്ടാമന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. 36-ാം വയസ്സിലാണ് അന്ത്യം.
യസീദുബ്‌നു വലീദ്
വലീദ് രണ്ടാമനുശേഷം ക്രി. 744ല്‍ യസീദുബ്‌നു വലീദ് (യസീദ് മൂന്നാമന്‍) അധികാരത്തിലെത്തി. ധര്‍മനിഷ്ഠനും ആദര്‍ശവാദിയുമായിരുന്നു യസീദ്. ഉമറുബ്‌നു അബ്ദില്‍ അസീസിനുശേഷം അധികാരത്തിലെത്തിയ സാത്വികരില്‍ ഒരാളാണ് യസീദ് മൂന്നാമന്‍. അദ്ദേഹം നിരവധി നല്ല കാര്യങ്ങള്‍ നടപ്പാക്കി. എന്നാല്‍ വലീദ് രണ്ടാമന്‍ ഇരട്ടിയാക്കിയ സൈനികരുടെ ശമ്പളം അദ്ദേഹം വെട്ടിക്കുറച്ചു. ഇത് സൈനികരുടെ വെറുപ്പിനിടയാക്കുകയും നടപ്പിലാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഗുണം ലഭിക്കാതെ പോവുകയും ചെയ്തു.
ഇതിനിടെ, വലീദിന്റെ രക്തത്തിന് പ്രതികാരം ചോദിക്കാന്‍ മര്‍വാനുബ്‌നു മുഹമ്മദ് സിറിയയിലെത്തി. ഇത് അമവികളില്‍ ചേരിതിരിവിന് കാരണമായി. ഇതിനിടെ കോളറ ബാധിച്ച് യസീദ് മൂന്നാമന്‍ മരിക്കുകയും ചെയ്തു. ആറുമാസം മാത്രമാണ് ഇദ്ദേഹം ഖലീഫയായിരുന്നത്.
ഇബ്‌റാഹീമുബ്‌നു വലീദ്
യസീദ് മൂന്നാമന്റെ പിന്‍ഗാമിയായാണ് ഇബ്‌റാഹീം അധികാരമേറ്റത്. അമവി ഭരണത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയ ആഭ്യന്തര-കുടുംബ സംഘര്‍ഷം അതിന്റെ പാരമ്യത്തിലെത്തിയ നാളുകളായിരുന്നു ഇബ്‌റാഹീമിന്റെ ഭരണകാലം.
യസീദുബ്‌നു വലീദ് ആറുമാസം മാത്രമാണ് ഖിലാഫത്തിലിരുന്നതെങ്കില്‍ ഇബ്‌റാഹീം ഭരണചക്രം തിരിച്ചത് കേവലം മൂന്നുമാസമാണ്. അര്‍മീനിയ പ്രവിശ്യയിലെ ഗവര്‍ണറായിരുന്ന മര്‍വാനുബ്‌നു മുഹമ്മദ് ഇബ്‌റാഹീമിനെതിരെ പടനീക്കം നടത്തി. വലീദ് രണ്ടാമന്റെ പുത്രന്‍മാരില്‍ ഒരാളെ ഖിലാഫത്ത് ഏല്പിക്കണമെന്നായിരുന്നു മര്‍വാന്റെ ആവശ്യം.
ഇവര്‍ തമ്മില്‍ നടന്ന യുദ്ധത്തില്‍ ഇബ്‌റാഹീം പരാജയപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹം ഭരണത്തില്‍ നിന്ന് പുറത്തായത്. ക്രി.വ. 744 (ഹി. 128)ലായിരുന്നു ഈ സംഭവങ്ങള്‍.
മര്‍വാനുബ്‌നു മുഹമ്മദ്
ഇബ്‌റാഹീമുബ്‌നു വലീദിനെ പരാജയപ്പെടുത്തി ക്രി.വ. 744 (ഹി. 128)ലാണ് മര്‍വാനുബ്‌നു മുഹമ്മദ് (മര്‍വാന്‍ രണ്ടാമന്‍, 744-750) ദമസ്‌കസിന്റെ നിയന്ത്രണമേറ്റത്. അര്‍മീനിയായിലെ പട്ടാളമേധാവി കൂടിയായിരുന്ന അദ്ദേഹം ഭരണനിപുണനായിരുന്നു.
എന്നാല്‍ ആഭ്യന്തര കലഹങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഭരണം അതീവ ദുഷ്‌കരമായി. മര്‍വാന്‍ തലസ്ഥാനം മെസപ്പൊട്ടേമിയയിലെ ഹര്‍റാനിലേക്ക് മാറ്റിയിരുന്നു. ഇത് സിറിയന്‍ ജനതയെ അദ്ദേഹത്തില്‍ നിന്നകറ്റി. ഈ സാഹചര്യം മുതലാക്കി ഇബ്‌റാഹീമിന്റെ സൈനിക മേധാവിയായിരുന്ന സുലൈമാനുബ്‌നു ഹിശാം സിറിയയിലെ അമീറായി സ്വയം പ്രഖ്യാപിച്ചു. ഇതോടെ സിറിയക്കാരും മര്‍വാനെ പിന്തുണച്ചിരുന്ന ഖയ്‌സുകാരും തമ്മില്‍ ചേരിതിരിഞ്ഞു.
ഇതിനിടെ ഇറാഖില്‍ ഖവാരിജുകളും ശക്തി സംഭരിച്ച് രംഗപ്രവേശം ചെയ്തു. അവര്‍ മക്കയും മദീനയും പിടിച്ചു. ശക്തമായ സൈനിക നീക്കം വഴി ഇത് മര്‍വാന്‍ പിന്നീട് തിരിച്ചുപിടിച്ചു. പിന്നീട് യുദ്ധങ്ങളുടെ പരമ്പരയായിരുന്നു. 750ല്‍ (ഹി. 132) മര്‍വാന്റെ വധത്തോടെ അമവി ഭരണത്തിനു തന്നെ അന്ത്യവുമായി.
