സ്‌പെയിനിലെ അമവീ ഭരണാധികാരികള്‍
യൂറോപ്യന്‍ ചരിത്രത്തില്‍ ഇസ്‌ലാമിക സാംസ്‌കാരികവും രാഷ്ട്രീയവുമായ സാന്നിധ്യം ശക്തമായി പ്രകടമായ ഒരു കാലഘട്ടം ഇവിടെ പ്രതിപാദിക്കുന്നു. ഭരണസംവിധാനം, വിജ്ഞാനവികാസം, കലയും ശാസ്ത്രവും ഒരുമിച്ചു വളര്‍ന്ന ഈ പശ്ചാത്തലത്തിലാണ് സ്‌പെയിനിലെ അമവീ ഭരണാധികാരികള്‍ ഭരണചുമതല ഏറ്റെടുത്തത്. അബ്ദുറഹ്‌മാന്‍ ഒന്നാമന്‍ മുതല്‍ അബ്ദുറഹ്‌മാന്‍ മൂന്നാമന്‍, ഹകം രണ്ടാമന്‍ എന്നിവരുവരെയുള്ള ഭരണകാലങ്ങളില്‍ രാഷ്ട്രീയസ്ഥിരതയും സാംസ്‌കാരിക ഉന്നതിയും ശ്രദ്ധേയമായി. തുടര്‍ന്ന് ആഭ്യന്തര സംഘര്‍ഷങ്ങളും അധികാരദുർബലതകളും മൂലം സ്‌പെയിനിലെ ഉമവി ഭരണം തകരുന്ന ഘട്ടവും ഈ അധ്യായം വിശദീകരിക്കുന്നു.
അബ്ദുറഹ്‌മാന്‍ ഒന്നാമന്‍
അമവികളെ തെരഞ്ഞുപിടിച്ച് വധിക്കാന്‍ അബ്ബാസി സേന ദമസ്‌കസ് അരിച്ചുപെറുക്കുന്ന കാലം അമവി ഖലീഫയായിരുന്ന ഹിശാമുബ്‌നുഅബ്ദില്‍ മലിക്കിന്റെ പൗത്രന്‍ അബ്ദുറഹ്‌മാനും സഹോദരനും സഹോദരിയും കുഞ്ഞും ടൈഗ്രീസ് തീരത്തെ വനത്തില്‍ ഒളിച്ചിരുന്നു.
എന്നാല്‍ കറുത്ത പതാകയും പിടിച്ച് അബ്ബാസിന്റെ ചാരന്‍മാര്‍ അവിടെയുമെത്തി. ചരിത്രം തനിക്കായി കാത്തുവെച്ച ദൗത്യം നിര്‍വഹിക്കാന്‍ അബ്ദുറഹ്‌മാനു മുന്നില്‍ ഒരൊറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ. ടൈഗ്രീസ് നദി.
സഹോദരിയെയും കുഞ്ഞിനെയും അടിമയെ ഏല്പിച്ച് പത്തൊമ്പതുകാരനായ അബ്ദുറഹ്‌മാനും 13കാരനായ സഹോദരനും ടൈഗ്രീസിന്റെ മാറിലേക്കു ചാടി. ഓളങ്ങളില്‍ മരണത്തെ മുഖാമുഖം കണ്ട അനുജന്‍ കരയിലേക്ക് തിരിച്ചുനീന്തി. അവന്‍ വാളിനിരയാവു കയും ചെയ്തു.
നീന്തല്‍ വിദഗ്ധനായ അബ്ദുറഹ്‌മാന്‍ പക്ഷെ, ടൈഗ്രീസിന്റെ ഭീകരതയെ തോല്പിച്ച് തന്റെ ജീവിത നിയോഗത്തിലേത്ത് നീന്തിക്കയറി; ചരിത്രത്തിന് വിസ്മയം പകര്‍ന്നുകൊണ്ട്.
ദുരിതങ്ങളുടെ മലകളും മരുഭൂമികളും താണ്ടി വേഷപ്രച്ഛന്നനായി ആ യുവാവ് അലഞ്ഞുതിരിഞ്ഞു. ഫലസ്തീനിലും മൗറിത്താനിയയിലും എത്തി. കൂട്ടിനുണ്ടായിരുന്നത് വിശ്വസ്ത സേവകന്‍ ബദറും പിന്നെ വിശപ്പും ദാഹവും.
അബ്ബാസി ഖിലാഫത്തിനു കീഴിലെ സ്‌പെയിനില്‍ അന്ന് അറബ് വംശജരിലെ യമനികളും മുദരികളും തമ്മില്‍ ചേരിപ്പോര് നടക്കുമായിരുന്നു. ഗവര്‍ണര്‍ യൂസുഫ് ഫിഹ്‌രി മുദറുകാരനായതിനാല്‍ യമനികളുടെ ശത്രുപക്ഷക്കാരനായി അദ്ദേഹം.
സ്‌പെയിനിലെ അമവികളുടെ സഹായത്തോടെ ഈ ചേരിപ്പോരിനെ വിദഗ്ധമായി മുതലെടുത്തു അബ്ദുറഹ്‌മാന്‍. അമവികള്‍ അയച്ച കപ്പലില്‍ സ്‌പെയിനില്‍ വന്നിറങ്ങിയ സുമുഖനും തേജസ്വിയുമായ അബ്ദുറഹ്‌മാനെ രാജോചിതമായാണ് അവര്‍ വരവേറ്റത്.
അമവികള്‍, യമനികള്‍, അബ്ബാസികളുടെ സിറിയക്കാരനായ അറബ് ഭടന്‍മാര്‍ എന്നിവരുടെ പിന്തുണയില്‍ ക്രി. 756ല്‍ (ഹി. 138) അബ്ദുറഹ്‌മാന്‍ കൊര്‍ദോവ പിടിച്ചു. 764ഓടെ സ്‌പെയിന്‍ പൂര്‍ണമായും അബ്ദുറഹ്‌മാന്റെ അമവി ഭരണത്തിനു കീഴിലായി. ഖലീഫക്കുപകരം അമീര്‍ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്.
അബ്ദുറഹ്‌മാന്റെ സംഭാവനകള്‍
33 വര്‍ഷമാണ് അബ്ദുറഹ്‌മാന്‍ സ്‌പെയിന്‍ ഭരിച്ചത്. ആദ്യം തന്നെ കൊര്‍ദോവയില്‍ അദ്ദേഹം ഒരു പള്ളി പണി കഴിച്ചു. ജാമിഅ് ഖുര്‍തുബ എന്ന പേരില്‍ അത് പ്രസിദ്ധമായി. (ഇത് പിന്നീട് ക്രൈസ്തവ ദേവാലയമാക്കി മാറ്റി, ഫെര്‍ഡിനന്റ് മൂന്നാമന്‍).
ഭരണത്തിന്റെ മികവുകാട്ടി സ്‌പെയിനിന് ശാന്തിയുടെയും സ്വസ്ഥതയുടെയും ദിനങ്ങള്‍ സമ്മാനിച്ചു അബ്ദുറഹ്‌മാന്‍. ഇതിനിടയിലാണ് ക്രി. 778ല്‍ ഫ്രാന്‍സിലെ ചാര്‍ലിമിന്‍ സ്‌പെയിനിനെ അക്രമിച്ചത്. മുസ്‌ലിം ഭരണത്തെ തകര്‍ക്കലാണ് ലക്ഷ്യം.
സറാഗോസയില്‍ വെച്ച് ഹുസൈനുസ് അന്‍സാരിയുടെ നേതൃത്വത്തിലുള്ള സൈന്യം ചാര്‍ലിമിനെ നേരിട്ടു. കനത്ത നഷ്ടങ്ങളോടെ ഫ്രാന്‍സ് പിന്തിരിഞ്ഞോടി.
തലസ്ഥാന നഗരിയായ കൊര്‍ദോവയെ യൂറോപ്പിലെ പൂങ്കാവനമാക്കി മാറ്റിയത് അബ്ദുറഹ്‌മാനാണ്. മുസ്‌ലിംകളുടെ അഭിമാനമായി അന്തലൂസിനെ മാറ്റിയെടുത്തതും ഈ വീരജേതാവ് തന്നെ.
ക്രി. 788ല്‍ (ഹി. 172) അബ്ദുറഹ്‌മാന്‍ ചരിത്രത്തലേക്ക് വിടവാങ്ങി.
ഹിശാം ഒന്നാമന്‍
അബ്ദുറഹ്‌മാന്‍ അദ്ദാഖിലിനെക്കാള്‍ കഴിവും ഭരണ നിപുണനുമായിരുന്നു അദ്ദേഹത്തിന്റെ പുത്രന്‍ ഹിശാം. 788ലാണ് (ഹി. 172) ഹിശാം സ്‌പെയിനിന്റെ അമീറായത്. തന്റെ ഭരണകാലത്തു തന്നെ അബ്ദുറഹ്‌മാന്‍ മകനെ പരിശീലിപ്പിച്ചെടുത്തു.
ജനസവേനത്തിലും പാണ്ഡിത്യത്തിലും ജീവിത ലാളിത്യത്തിലും ഉമറുബ്‌നു അബ്ദില്‍ അസീസിനെ ഓര്‍മ്മിപ്പിച്ച ഹിശാം, സ്‌പെയിനിനെ ശാന്തിയുടെ തീരമാക്കി.
ശരീഅത്തിന് നിരക്കാത്ത നികുതികള്‍ എടുത്തുകളഞ്ഞു. സകാത്തും മറ്റു ദാനധര്‍മങ്ങളും (സ്വദഖ) സംഭരിച്ച് വ്യവസ്ഥാപിതമായി വിതരണം ചെയ്തു. രാത്രികാലത്ത് നഗരസഞ്ചാരം നടത്തി അബലകളായ സ്ത്രീകളെയും നിര്‍ധനരെയും കണ്ടെത്തി അവരെ സഹായിച്ചു. രോഗി സന്ദര്‍ശനത്തിനും മയ്യിത്ത് നമസ്‌കാരങ്ങളിലും വരെ പങ്കെടുക്കാന്‍ സമയം കണ്ടെത്തി. പ്രവിശ്യയിലെ ഗവര്‍ണര്‍മാര നിരീക്ഷിക്കുകയും പരാതികള്‍ വന്നാല്‍ ഉടനടി അവരെ മാറ്റുകയും ചെയ്തു.
എട്ടുവര്‍ഷം ഭരിച്ച ഹിശാം ക്രി. 796ല്‍ (ഹി. 180) നിര്യാതനായി.
ഹകമുബ്‌നു ഹിശാം
ഹിശാമിന്റെ മരണശേഷം പുത്രന്‍ ഹകം ആണ് കിരീടം ചൂടിയത്. ഹകം പക്ഷേ, പിതാവിനെ പ്പോലെ പ്രാഗല്‍ഭ്യം കാണിച്ചില്ല. ധീരനും പ്രതിഭാധനനുമായിരുന്നു. എന്നാല്‍ ആഢംബരവും അമിതമായ സാഹിത്യോപാസനയും ശീലമാക്കി. ഇതു നിമിത്തം കൊട്ടാരത്തില്‍ ഗായികമാരും സാഹിത്യകാരന്‍മാരും നിറഞ്ഞു. എന്നാല്‍ മതപണ്ഡിതന്‍മാരെ തഴയുകയും ചെയ്തു. അവര്‍ മതകാര്യം നോക്കിയാല്‍ മതി എന്നായിരുന്നു ഹകമിന്റെ നയം.
അറബികള്‍, ക്രൈസ്തവര്‍, നവമുസ്‌ലിംകളായ സ്‌പെയിന്‍കാര്‍, അറബികള്‍ക്ക് സ്‌പെയിന്‍ സ്ത്രീകളില്‍ ജനിച്ചവര്‍ എന്നിവരാണ് സ്പാനിഷ് ജനതയിലുണ്ടായിരുന്നത്.
പണ്ഡിതര്‍ക്കെതിരായ ഹകമിന്റെ നയത്തിനെതിരെയും അറബികളുടെ അഹങ്കാര ഭാവത്തിനെതിരെയും മേല്‍പറഞ്ഞവരിലെ മൂന്നും നാലും വിഭാഗങ്ങള്‍ കലാപത്തിനിറങ്ങി. ക്രൈസ്തവരും അവസരം മുതലെടുത്തു. പിതൃവ്യരായ സുലൈമാനും അബ്ദുല്ലയും ഫ്രാന്‍സ് ചക്രവര്‍ത്തി ചാര്‍ലിമിന്റെ സഹായത്തോടെ ഹകമിനെതിരെ പടനയിച്ചു.
രാജ്യത്ത് മൊത്തം കലാപമായി. ബാര്‍സലോണ സുലൈമാനും ടോലഡോ അബ്ദുല്ലയും പിടിച്ചു. എന്നാല്‍ ധീരനായ ഹകം കലാപകാരികള്‍ക്കും ഫ്രാന്‍സിനുമെതിരെ ഒറ്റക്കു പൊരുതി. ഒടുവില്‍ വിജയം ഹകമിനു തന്നെയായി.
കലാപകാരികളെ നാടുകടത്തി. ബാര്‍സലോണയും ടൊലഡോയും തിരിച്ചു പിടിച്ചു. ഇതിനിടെ യഹ്‌യബ്‌നു യഹ്‌യ എന്ന പണ്ഡിതന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഹകമിനെ സ്ഥാന ഭ്രഷ്ടനാക്കാനും വധിക്കാനും ശ്രമം നടത്തി. ഇവരെയും അടിച്ചമര്‍ത്തി. മൊറോക്ക, അലക്‌സാണ്ട്രിയ എന്നിവിടങ്ങളിലേക്ക് 20,000ത്തിലധികം കുടുംബങ്ങള്‍ ഇതുകാരണം പലായനം ചെയ്തു.
27 വര്‍ഷം സ്‌പെയിന്‍ വാണ ഹകം ക്രി. 822ല്‍ (ഹി. 205) നിര്യാതനായി.
അബ്ദുറഹ്‌മാന്‍ രണ്ടാമന്‍
32 വര്‍ഷം സ്‌പെയിന്‍ ഭരിച്ച അബ്ദുറഹ്‌മാന്‍ രണ്ടാമനാണ് ഹകമിന്റെ പിന്‍ഗാമിയായി അധികാരമേറ്റത് (ക്രി. 822 – 852). ദീര്‍ഘദൃഷ്ടിയോടെ രാജ്യം ഭരിച്ച ഇദ്ദേഹത്തിന്റെ രാജ്യതന്ത്രജ്ഞതയില്‍ സ്‌പെയിന്‍ അക്കാലത്തെ മികച്ച അറബി-മുസ്‌ലിം രാജ്യമായി മാറി.
ഫിലിപ്പ് കെ. ഹിറ്റി അബ്ദുറഹ്‌മാനെക്കുറിച്ച് രസകരമായ ഒരു വസ്തുത പങ്കുവെക്കു ന്നുണ്ട്. തന്റെ ‘ഹിസ്റ്ററി ഓഫ് അറബ്‌സി’ല്‍.
”നാലുപേരായിരുന്നു അബ്ദുറഹ്‌മാന്റെ ഉപദേഷ്ടാക്കള്‍. ഒരു വനിത, ഒരു ഷണ്ഠന്‍, ഒരു മതപണ്ഡിതന്‍, ഒരുഗായകന്‍. ഭാര്യ സുല്‍ത്താന ത്വദൂബയായിരുന്നു വനിത. അംഗരക്ഷകന്‍ നസ്വ്‌റായിരുന്നു ഷണ്ഠന്‍. ഇദ്ദേഹം ബുദ്ധിമാനും സമര്‍ഥനുമായിരുന്നു. പിതാവ് ഹകമിന്റെ ബദ്ധവൈരിയായിരുന്ന യഹ്‌യബ്‌നു യഹ്‌യയായിരുന്നു മതപണ്ഡിതന്‍. ഇദ്ദേഹത്തെ അബ്ദുറഹ്‌മാന്‍ അനുനയിപ്പിച്ച് കൂടെ കൂട്ടിയതാണ്. പേര്‍ഷ്യന്‍ വംശജന്‍ സിര്‍യാബായിരുന്നു ഗായകന്‍. അമവികളുടെ ദര്‍ബാറിലെ ഗായകനായിരുന്ന സിര്‍യാബ് മനംമടുത്താണ് സ്‌പെയിനിലെത്തിയത്.”
ഇക്കാലത്ത് കൊര്‍ദോവ വിജ്ഞാനീയങ്ങളുടെ കേന്ദ്രമായി. പണ്ഡിതരുടെയും ശാസ്ത്രകാരന്‍മാരുടെയും അമൂല്യഗ്രന്ഥങ്ങളുടെയും പറുദീസയായ കൊര്‍ദോവ ബഗ്ദാദിനെപ്പോലും പിന്നിലാക്കി.
റോഡുകള്‍, പാലങ്ങള്‍, പട്ടണങ്ങള്‍, പള്ളികള്‍, മതപാഠശാലകള്‍, ആശുപത്രികള്‍, പൂന്തോട്ടങ്ങള്‍ എന്നിവ പരക്കെ നിര്‍മിച്ചു.
ക്രൈസ്തവര്‍ക്ക് നല്ല പരിഗണന നല്‍കി, അവരെ ഉയര്‍ന്ന ജോലികളില്‍ നിയമിച്ചു. പൂര്‍ണ മതസ്വാതന്ത്ര്യം അനുവദിച്ചു. ഇതു നിമിത്തം അവര്‍ മുസ്‌ലിംകളെ അതിരറ്റ് സ്‌നേഹിക്കുകയും അറബി പഠിക്കുകയും ചെയ്തു. നിരവധിപേര്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.
എന്നാല്‍ ഇതിനെതിരെ ജുലാജിസ് എന്ന പുരോഹിതന്‍ മതനിന്ദാ പ്രസ്ഥാനം ആരംഭിച്ചു. മുഹമ്മദ് നബിയെ നിന്ദിച്ച് മുസ്‌ലിം ക്രൈസ്തവ സൗഹൃദം തകര്‍ക്കലായിരുന്നു അയാളുടെ ശ്രമം. ഇതു പക്ഷേ അബ്ദുറഹ്‌മാന്‍ തകര്‍ത്തു. ഒടുവില്‍ ചര്‍ച്ച് തന്നെ ഈ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞു.
ക്രി. 852ല്‍ (ഹി. 258) അബ്ദുറഹ്‌മാന്‍ അന്തരിച്ചു.
അബ്ദുറഹ്‌മാന്‍ മൂന്നാമന്‍
അബ്ദുറഹ്‌മാന്‍ രണ്ടാമന്റെ നിര്യാണശേഷം പുത്രന്‍ മുഹമ്മദ് ഒന്നാമന്‍ ഭരണമേറ്റു. ശേഷം മുഹമ്മദിന്റെ പുത്രന്‍ മുന്‍ദിറും പിന്നീട് മുന്‍ദിറിന്റെ സഹോദരന്‍ അബ്ദുല്ലയും സാരഥ്യം വഹിച്ചു. 72 സംവത്സരങ്ങള്‍ നീണ്ടുനിന്ന ഈ മൂവരുടെയും ഭരണകാലത്തിന് ചരിത്രപരമായ പ്രാധാന്യങ്ങളൊന്നുമുണ്ടായില്ല.
അബ്ദുല്ലയുടെ പൗത്രന്‍ അബ്ദുറഹ്‌മാന്‍ നാസിര്‍ (അബ്ദുറഹ്‌മാന്‍ മൂന്നാമന്‍) ആണ് പിന്നീട് കിരീടമണിഞ്ഞത്. ക്രി.വ. 912ലാണിത് (ഹി.300). 22കാരനായ ഈ അമീറാണ് മുസ്‌ലിം സ്‌പെയിനിന് നവോന്മേഷം പകര്‍ന്നത്.
മുഹമ്മദിന്റെ മകനായി ക്രി.891ല്‍ പിറന്ന അബ്ദുറഹ്‌മാന് ചെറുപ്പത്തില്‍ തന്നെ പിതാവ് നഷ്ടപ്പെട്ടു. പിതാമഹനില്‍ നിന്നാണ് ഭരണപാഠങ്ങള്‍ പഠിച്ചത്.
കഴിഞ്ഞ 70 വര്‍ഷത്തെ ഭരണം സ്‌പെയിനിനെ കനത്ത ആഭ്യന്തര സംഘര്‍ഷത്തിലേക്ക് തള്ളിവിട്ടിരുന്നു. എല്‍വിറ, ജായിന്‍ എന്നിവിടങ്ങളിലെ കലാപകാരികളെ അദ്ദേഹം നേരിട്ടു. മലമ്പ്രദേശങ്ങളില്‍ വാസമുറപ്പിച്ച കൊള്ളക്കാരെ കീഴ്‌പ്പെടുത്തി. കലാപത്തിന് ശ്രമിച്ച ക്രൈസ്തവ തീവ്രവാദികളെ ഒതുക്കി. ടോളിഡോ, ലിയോണ്‍, നാഫാര്‍ എന്നിവിടങ്ങളിലെ കൈയേറ്റക്കാരെ തുരത്തിയോടിച്ചു.
ഏതാനും വര്‍ഷങ്ങള്‍കൊണ്ട് സ്‌പെയിന്‍ അതിന്റെ പൂര്‍വ പ്രതാപം വീണ്ടെടുത്തു. എത്ര വലിയ കുറ്റവാളിക്കും മാപ്പ് നല്‍കുന്നതായിരുന്നു അബ്ദുറഹ്‌മാന്റെ പ്രകൃതം. അത് അദ്ദേഹത്തെ മഹാനാക്കി മാറ്റി.
ഇതിനിടെ ആഫ്രിക്കയിലെ ഫാത്വിമികളും സ്‌പെയിന്‍ അക്രമിച്ചു. ക്രൈസ്തവരുടെ സഹകരണത്തോടെയായിരുന്നു ഇത്. എന്നാല്‍ അക്കാലത്തെ അബ്ദുറഹ്‌മാന്റെ കിടയറ്റ നാവികസേനക്കു മുമ്പില്‍ ഫാത്വിമി സേന നിലംപരിശായി.
അബ്ബാസികള്‍ ഖുവൈഹികളുടെ കളിപ്പാവകളായി മാറിയതോടെ അബ്ദുറഹ്‌മാന് അമീര്‍ എന്ന പദവി ഉപേക്ഷിച്ച് ഖലീഫ (അമീറുല്‍ മുഅ്മിനീന്‍) എന്ന് സ്വയം പ്രഖ്യാപിച്ചു. 929 ലാണ് (ഹി.317) പ്രഖ്യാപനമുണ്ടായത്.
ഇക്കാലത്ത് കൊര്‍ദോവ കൂടുതല്‍ പ്രതാപിയായി. 400 മുറികളുള്ള ഒരു വെണ്ണക്കല്‍ കൊട്ടാരം അറബ് വാസ്തുശില്പത്തിന്റെ മകുടോദാഹരണമായി. അര നൂറ്റാണ്ടുകാലം ഭരിച്ച്, സ്‌പെയിനിനെ സംസ്‌കാരങ്ങളുടെ കളിത്തൊട്ടിലാക്കി മാറ്റി. ക്രി. 961ല്‍ അദ്ദേഹം നിര്യാതനായി.
ഹകം രണ്ടാമന്‍ (സിഇ. 961-976)
സ്‌പെയിനിനെ ചരിത്രത്തിലെ വിസ്മയങ്ങളിലൊന്നാക്കിയ മഹാന്‍മാരായ മുസ്‌ലിം ഭരണാധികാരികളില്‍ അവസാനത്തെ ആളാണ് ഹകം രണ്ടാമന്‍. അബ്ദുറഹ്‌മാന്‍ നാസിറിന്റെ മകന്‍.
പിതാവില്‍ നിന്ന് അനന്തരമായി ലഭിച്ച രാജ്യം ക്ഷേമപൂര്‍ണവും സമാധാന നിര്‍ഭരവുമായിരുന്നു. ചില പ്രഭുക്കളും ക്രൈസ്തവ തീവ്രവാദികളും മാത്രമേ അപവാദങ്ങളായുണ്ടായുള്ളൂ. തന്റെ രണവീരന്‍മാരായ സകാലിബ സൈന്യത്തിനു മുമ്പില്‍ അവര്‍ നിഷ്പ്രഭരായി.
ഹകം പണ്ഡിതനും പട്ടാളക്കാരനുമായിരുന്നു. കലയും സാഹിത്യവും ശാസ്ത്രവും അദ്ദേഹത്തിന്റെ ഇഷ്ട വിഷയങ്ങളാണ്. ലോകത്തിന്റെ ഏത് ഭാഗത്തു പുതിയ പുസ്തകം പുറത്തിറങ്ങിയാലും അത് തന്റെ ലൈബ്രറിയില്‍ അദ്ദേഹം എത്തിക്കും. അക്കാലത്ത് നാലു ലക്ഷം ഗ്രന്ഥങ്ങള്‍ കൊര്‍ദോവയിലെ ഹകമിന്റെ ലൈബ്രറിയിലുണ്ടായിരുന്നു. അബുല്‍ ഫറജുല്‍ ഇസ്ഫഹാനിയുടെ ‘കിതാബുല്‍ അഗാനീ’ ആയിരം സ്വര്‍ണനാണയം ഗ്രന്ഥകാരന് നല്‍കി ഹകം സ്വന്തമാക്കി.
പുസ്തകം വായിക്കാനും അസ്വാദനക്കുറിപ്പുകള്‍ എഴുതാനും ഈ ഭരണാധികാരി സമയം കണ്ടെത്തി. യൂറോപ്പിലെ ഇതര ക്രൈസ്തവ രാജ്യങ്ങളിലെ ഭരണാധികാരികള്‍ പോലും നിരക്ഷരരായിരുന്ന കാലത്താണീ സ്‌പെയിനിലെ വിജ്ഞാന വിപ്ലവം.
ബഗ്ദാദിലും കെയ്‌റോവിലും അന്ന് സര്‍വകലാശാലകളുണ്ടായിരുന്നു. യൂറോപ്പിലെ പ്രഥമ സര്‍വകലാശാല ഹകം രണ്ടാമന്‍ കൊര്‍ദോവയില്‍ സ്ഥാപിച്ചതാണ്.
15 വര്‍ഷമാണ് ഹകം രണ്ടാമന്‍ ഭരണം നടത്തിയത്. ക്രി.വ. 976ല്‍ (ഹി. 366) അദ്ദേഹം ദിവംഗതനായി.
സ്‌പെയിനിലെ ഉമവി ഭരണം തകരുന്നു
അല്‍ ഹകം രണ്ടാമന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ പതിനൊന്നു വയസ്സുകാരന്‍ ഹിശാം രണ്ടാമനാണ് സ്‌പെയിനിന്റെ കിരീടമണിഞ്ഞത്. എന്നാല്‍ ഭരണം നിയന്ത്രിച്ചിരുന്നത് ഹിശാമിന്റെ മാതാവ് സുബ്ഹ് ആയിരുന്നു. കൊട്ടാരവുമായും ഹിശാമിന്റെ കുടുംബവുമായും അടുത്ത ബന്ധമുണ്ടായിരുന്ന ഇബ്‌നു ആമിര്‍ മന്ത്രിയുമായി. പിന്നീട് ഇദ്ദേഹം ഹാജിബ് (അംഗരക്ഷകന്‍, പ്രധാനമന്ത്രിക്ക് തുല്യമായ പദവി) എന്ന പദവിയും മന്‍സൂര്‍ എന്ന പേരും സ്വീകരിച്ചു. സാവധാനം മന്‍സൂര്‍ അധികാര കേന്ദ്രം തന്നെയായി. ഖലീഫ അദ്ദേഹത്തിന്റെ കീഴിലാവുന്ന സ്ഥിതിയും വന്നു.
എങ്കിലും മന്‍സൂര്‍ പ്രാപ്തനും പ്രതിഭാവിലാസമുള്ളവനുമായിരുന്നു. ആഭ്യന്തര കലാപകാരികള്‍, വൈദേശിക ശത്രുക്കള്‍ എന്നിവരുമായി അമ്പതിലേറെ തവണ യുദ്ധം നടത്തിയ അദ്ദേഹം ഒന്നില്‍ പോലും പരാജയം രുചിച്ചിട്ടില്ലെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു.
സൈന്യത്തിലെ സ്ലാവുകളുടെ ധിക്കാരം അസഹ്യമായപ്പോള്‍ ബര്‍ബറുകളെ ചേര്‍ത്ത് സന്തുലിതത്വമുണ്ടാക്കിയതും കൃഷിയും വ്യവസായവും വികസിപ്പിച്ചതും ക്രൈസ്തവ തീവ്രവാദികളെ നിലക്കുനിര്‍ത്തിയതും മന്‍സൂറിന്റെ മികച്ച പ്രവര്‍ത്തനങ്ങളാണ്. ഹാജിബ് പദവി തന്റെ കുടുംബത്തില്‍ നിക്ഷിപ്തമാക്കിയാണ് ക്രി. 1002ല്‍ മന്‍സൂര്‍ വിടവാങ്ങിയത്.
ഉമവി കുടുംബങ്ങള്‍ തമ്മിലുള്ള കിടമത്സരങ്ങളും അധികാര വടംവലികളുമാണ് പിന്നീട് സ്‌പെയിനില്‍ അരങ്ങേറിയത്. ഇരുപത് വര്‍ഷത്തിനിടെ ഒമ്പത് ഖലീഫമാര്‍ മാറിമാറി ഭരിച്ചു. അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ വീണ്ടും തിരിച്ചുവന്നു. ചിലര്‍ ഒന്നോ രണ്ടോ വര്‍ഷം, മറ്റു ചിലര്‍ മാസങ്ങളോളം ഖിലാഫത്ത് നടത്തി.
ദുര്‍ബലരായ ഖലീഫമാര്‍ സ്ലാവ്, ബര്‍ബര്‍ വിഭാഗത്തില്‍ നിന്നുവന്ന അംഗരക്ഷകരുടെ (ഹാജിബ്) പാവകള്‍ മാത്രമായി. ഏറെ സങ്കടകരമായത് ഖലീഫയെ മാറ്റുന്നതിലും വാഴിക്കുന്നതിലും ക്രൈസ്തവര്‍ ചരടുവലി തുടങ്ങി എന്നതാണ്. കലഹിക്കുന്ന മുസ്‌ലിംകളുടെ പക്ഷത്ത് അവസരത്തിനൊത്ത് മാറിമാറി നിന്ന് അവര്‍ ഉമവി ഭരണത്തകര്‍ച്ചക്ക് ആക്കം കൂട്ടി. ഖലീഫമാര്‍ വധിക്കപ്പെടുന്നതും സ്ഥാനഭ്രഷ്ടരാക്കപ്പെടുന്നതും പതിവായി.
ഇതിനിടെ വടക്കെ ആഫ്രിക്കയിലെ ഇദ്‌രീസി വംശജനായ അലിബ്‌നു ഹമൂദ് സിംഹാസനം പിടിച്ചു. എന്നാല്‍ ജനം അദ്ദേഹത്തെ പുറത്താക്കി. വൈകാതെ സ്‌പെയിനിലെ പ്രവിശ്യകളോരോന്നും സ്വതന്ത്രമാവുകയും ഹിശാം മൂന്നാമനോടെ 275 വര്‍ഷം നീണ്ട ഉമവീ ഭരണത്തിന് സ്‌പെയിനില്‍ തിരശ്ശീല വീഴുകയും ചെയ്തു. ക്രി. 1031ലാണ് (ഹി. 422) ഇത് സംഭവിച്ചത്.
