ദാറുല്‍ ഉലൂം ദയൂബന്ദ്
ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ നഗരം ഇന്ന് ഇന്ത്യയിലും പുറത്തും അറിയപ്പെടുന്നത് അവിടെ സ്ഥിതി ചെയ്യുന്ന സുപ്രസിദ്ധമായ വൈജ്ഞാനിക ഭവന(ദാറുല്‍ ഉലൂം)ത്തിന്റെ പേരിലാണ്. മുസ്‌ലിം ലോകത്താകെ പ്രശസ്തി പരത്തിയ വിദ്യാലയം, ഒരു പ്രദേശത്തിനും രാജ്യത്തിനാകെയും പെരുമയുടെ കീര്‍ത്തി മുദ്ര ചാര്‍ത്തിയ സ്ഥാപനം. ചരിത്രത്തില്‍ ഒരു വഴിത്തിരിവ് സൃഷ്ടിച്ച ഈ വിദ്യാകേന്ദ്രത്തിന്റെ പിറവി ഇന്ത്യന്‍ മുസ്‌ലിംകളുടെ പില്ക്കാല ചരിത്രത്തില്‍ ഏറെ നിര്‍ണായകവും ദൂരവ്യാപകവുമായ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചതായി കാണാം.
ആരംഭം
1867 മെയ് 30 (ഹിജ്‌റ വര്‍ഷം 1283 മുഹര്‍റം 15)നാണ് ഈ സ്ഥാപനത്തിന് അസ്തിവാരമിടുന്നത്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ബഹദൂര്‍ഷാ സഫറിനെ മുന്‍നിര്‍ത്തി നടത്തിയ ചെറുത്തുനില്‍പ്പ് 1857ല്‍ അടിച്ചമര്‍ത്തപ്പെടുകയും മുഗള്‍ ഭരണത്തിന്റെ അവസാനത്തെ ചിഹ്നവും തേച്ചു മായിക്കപ്പെടുകയും ചെയ്തതോടെ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ പിടി മുറുക്കി. മുസ്‌ലിംകള്‍ തങ്ങളുടെ നൂറ്റാണ്ടുകളുടെ പ്രതാപചിഹ്നങ്ങളും രാഷ്ട്രീയ അസ്തിത്വവും തകര്‍ന്നു, തികഞ്ഞ നഷ്ടബോധത്തിലും അനാഥത്വത്തിലും ആണ്ടു. ഇനിയൊരു തിരിച്ചുവരവ് അസാധ്യമെന്ന് തോന്നിക്കുന്ന അവസ്ഥ.
ഇത്തരമൊരു ഘട്ടത്തിലാണ് പ്രതിരോധത്തിന്റെയും ആത്മരക്ഷയുടെയും യഥാര്‍ത്ഥ ഉള്‍ക്കരുത്ത് വൈജ്ഞാനിക അസ്തിവാരത്തിലാണെന്ന് തിരിച്ചറിഞ്ഞ ഒരു പറ്റം ദീര്‍ഘദര്‍ശികള്‍ ദാറുല്‍ ഉലൂം എന്ന പേരില്‍ ഈ സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ യു.പി.യിലെ ഥാനാഭവന്‍, ശാംലി പ്രദേശങ്ങളില്‍ ചെറുത്തു നില്‍പ്പിന് നേതൃത്വം നല്‍കുക വഴി ഏറെ മതിപ്പും സ്വീകാര്യതയും നേടിയിരുന്ന ശൈഖ് മുഹമ്മദ് ഖാസിം നാനൂഥവി (മരണം 1880)യായിരുന്നു ഇതിന്റെ മുന്‍നിരയില്‍. പ്രമുഖ പണ്ഡിതനും പ്രബോധകനും പോരാളിയുമായിരുന്ന ശൈഖ് നാനൂഥവി, ക്രിസ്ത്യന്‍ മിഷനറിമാര്‍, ഖാദിയാനികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും സംവാദങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുക വഴിയും പ്രശസ്തി നേടിയിരുന്നു.
അദ്ദേഹത്തോടൊപ്പം പ്രമുഖ ഹദീസ് പണ്ഡിതന്‍ റശീദ് അഹ്‌മദ് ഗാംഗോഹി (1905) പ്രമുഖ അറബി കവിയും പണ്ഡിതനുമായിരുന്ന ശൈഖ് ദുല്‍ഫിഖാര്‍ അലി ദയൂബന്തി (1904) അല്‍ ഹാജ് ആബിദ് ഹുസൈന്‍ ദയൂബന്തി (1912) ശൈഖ് മുഹമ്മദ് യഅ്ഖൂബ് നാനൂഥവി (1884) ശൈഖ് റഫീഉദ്ദീന്‍ (1980) ശൈഖ് ഫദ്‌ലുറഹ്‌മാന്‍ ഉസ്മാനി (1907) തുടങ്ങിയവരും സജീവമായി സഹകരിച്ചു. അങ്ങനെ ഒരു മുഹര്‍റം മാസം 15ന് വ്യാഴാഴ്ച (1283) തശ്ത മസ്ജിദ് എന്ന പേരില്‍ അറിയപ്പെടുന്ന പുരാതന പള്ളിയുടെ മുന്‍വശത്ത് കൊച്ചു മരച്ചോട്ടില്‍ മുല്ലാ മഹമൂദ് എന്ന അദ്ധ്യാപകന്‍ മഹ്‌മൂദ് ഹസന്‍ എന്ന വിദ്യാര്‍ത്ഥിക്ക് അറിവ് പകര്‍ന്നു നല്‍കി ആരംഭിച്ച ഒരു കൊച്ചു മദ്‌റസയാണ് പില്‍ക്കാലത്ത് വളര്‍ന്നു വികസിച്ച് ഇന്ത്യയിലെ മുസ്‌ലിം ചരിത്രത്തിന് പുതിയ ദിശാസൂചി നല്‍കി തല ഉയര്‍ത്തി നില്‍ക്കുന്ന ദാറുല്‍ ഉലൂം ദയൂബന്ദ് എന്ന ഇസ്‌ലാമിക സര്‍വകലാശാലയായി മാറിയത്.
ലക്ഷ്യം
ഇസ്‌ലാമിക വിശ്വാസവും സംസ്‌കാരവും അതിന്റെ തനിമയോടെ നിലനിര്‍ത്താന്‍ ആവശ്യമായ വിദ്യാഭ്യാസം നല്‍കുക. ഇതിനായി അധ്യാപനം, പത്രപ്രവര്‍ത്തനം, ഗ്രന്ഥരചന, മാര്‍ഗ നിര്‍ദേശങ്ങള്‍ തുടങ്ങിയവയ്ക്ക് വേണ്ട സംവിധാനങ്ങള്‍ ഒരുക്കുക, ആലസ്യത്തിലും സുഖനിദ്രയിലും കഴിയുന്ന മുസ്‌ലിംകളെ തട്ടിയുണര്‍ത്തി അവരുടെ കടമകളും ദൗത്യങ്ങളും സംബന്ധിച്ച് ബോധവല്‍ ക്കരിക്കുക, വിശ്വാസ രംഗത്ത് വന്നുപെട്ട അപചയങ്ങളും ദുരാചാരങ്ങളും നിര്‍മാര്‍ജനം ചെയ്യാന്‍ പരിശ്രമിക്കുക. ഇതിന് വേണ്ട വിദ്യാലയ ശൃംഖലകള്‍ രാജ്യത്തുടനീളം സ്ഥാപിക്കാന്‍ മുന്‍കയ്യെടുക്കുക, ക്രിസ്ത്യന്‍ മിഷനറിമാരുടെയും ഓറിയന്റലിസ്റ്റുകളുടെയും മറ്റു നിരീശ്വര നിര്‍മത പ്രസ്ഥാനങ്ങളുടെയും ഗൂഢ തന്ത്രങ്ങള്‍ തിരിച്ചറിയാനും ചെറുത്തു നില്‍ക്കാനും മുസ്‌ലിംകളെ പ്രാപ്തമാക്കുക, ഖാദിയാനീ ബഹായി പ്രസ്ഥാനങ്ങളുടെ കുതന്ത്രങ്ങളെ തുറന്നു കാട്ടുക. കൊളോണിയലിസത്തിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ വേണ്ട സന്നാഹങ്ങള്‍ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സ്ഥാപനം അടിസ്ഥാനപരമായി മുന്നില്‍ കണ്ടത്. പ്രസ്തുത ലക്ഷ്യങ്ങളുടെ സാക്ഷാല്‍ക്കാരവീഥിയില്‍ സ്ഥാപനവും സന്തതികളും ബഹുദൂരം മുന്നോട്ടു പോയെന്ന് പില്‍ക്കാല ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
വേറിട്ട വഴി
പാരമ്പര്യത്തിന്റെ തനിമയും മഹിമയും നിലനിര്‍ത്തി വേണം ദീനീ സ്ഥാപനം നിലനില്‍ക്കേണ്ടതെന്ന കാര്യത്തില്‍ സ്ഥാപകനേതാക്കള്‍ക്ക് നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു. അതിനാല്‍ വിനയവും ലാളിത്യവും മുഖമുദ്രയായി അവര്‍ സ്വീകരിച്ചു. സുഖലോലുപതയും ആര്‍ഭാടജീ വിതവുമായി അവര്‍ അകലം പാലിച്ചു. സ്ഥാപനത്തിന് സ്ഥായിയായ വരുമാനമോ സര്‍ക്കാര്‍ സഹായമോ സ്വീകരിക്കരുതെന്നും അതാത് കാലത്തെ സാധാരണക്കാരായ മുസ്‌ലിം സഹോദരങ്ങള്‍ നല്‍കുന്ന സംഭാവനകളില്‍ ആശയം അര്‍പ്പിച്ചു മുന്നോട്ടു പോകണമെന്നും സ്ഥാപകര്‍ പ്രത്യേകം എഴുതി വെച്ചു. ഇതിന് വിരുദ്ധമായി നീങ്ങിയാല്‍ ദൈവിക ആശയത്വത്തിന്റെ കണ്ണി അറ്റുപോകുമെന്നും പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നത ഉടലെടുക്കുമെന്നും വരെ സ്ഥാപകന്‍ ഖാസിം നാനൂഥവി ദീര്‍ഘദര്‍ശനം ചെയ്തു. 1980കളില്‍ നൂറാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് (സദ്‌സാല) ശേഷം സ്ഥാപനത്തില്‍ ഉടലെടുത്ത ഭിന്നതയും ചേരിതിരിവും ആ ദീര്‍ഘദര്‍ശനം ശരിവെയ്ക്കുന്ന തരത്തിലായിരുന്നു.
കാമ്പസ്
ഒരു ലക്ഷം ചതുരശ്രമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു കിടക്കുന്ന ദാറുല്‍ ഉലൂം കാമ്പസ്, പുരാതന പേര്‍ഷ്യന്‍ ഇസ്‌ലാമിക ശില്‍പവിദ്യയില്‍ പണിത കോട്ട സമാനമായ കെട്ടിടങ്ങളാല്‍ മിക്കവാറും വലയം ചെയ്ത നിലയിലാണ്. വിവിധ വിഭാഗങ്ങളിലുള്ള പഠനങ്ങള്‍ക്ക് പ്രത്യേകം ക്ലാസുമുറികളും ഹോസ്റ്റലുകളും കൂടാതെ ദാറുല്‍ ഹദീസ്, ദാറുത്തഫ്‌സീര്‍, ദാറുല്‍ ഇഫ്താ, ദാറുല്‍ ഖുര്‍ആന്‍, അറബിഭാഷാ പഠന വിഭാഗം, കമ്പ്യൂട്ടര്‍ വിഭാഗം, പ്രത്ര-രചനാ പരിശീലന വിഭാഗം, വിവിധ മത പ്രത്യയശാസ്ത്ര പഠന വിഭാഗം, ഇംഗ്ലീഷ് പഠന വിഭാഗം, ദാറുദ്ദിയാഫ് (ഗസ്റ്റ് ഹൗസ്), മൂന്ന് പള്ളികള്‍, വിവിധ പേരുകളിലുള്ള ഹോസ്റ്റലുകള്‍ തുടങ്ങിയവയായി നിരവധി കെട്ടിടങ്ങളുടെ സമുച്ചയമാണ് കാമ്പസ്, പ്രൊപഗേഷന്‍ & ഗൈഡന്‍സ് ബ്യൂറോ, പബ്ലിഷിംഗ് & ഡിസ്ട്രിബ്യൂഷന്‍ ഓഫീസ്, ദാറുല്‍ ഉലൂം ഉര്‍ദു മാസിക, അദ്ദാഈ അറബി മാസിക, ശൈഖുല്‍ ഹിന്ദ് അക്കാദമി, തുടങ്ങിയവയ്ക്ക് പുറമെ രണ്ടര ലക്ഷത്തില്‍പ്പരം ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബൃഹത്തായ ലൈബ്രറിയും ദാറുല്‍ ഉലൂമിന്റെ സവിശേഷതയാണ്. നൂറില്‍പ്പരം അദ്ധ്യാപകരും 300ല്‍പ്പരം മറ്റു ജീവനക്കാരും സേവനം ചെയ്യുന്നു. ഓരോ വര്‍ഷവും വിവിധ വിഷയങ്ങളില്‍ 25000ല്‍ പരം ഫത്‌വകള്‍ ഇവിടെ നിന്ന് നല്‍കപ്പെടുന്നു. വര്‍ഷംപ്രതി ശരാശരി 4000 വിദ്യാര്‍ത്ഥികള്‍ വിവിധ വിഭാഗങ്ങളില്‍ പ്രവേശനം നേടുന്നു. ഇതിനകം ഒരു ലക്ഷത്തിലധികം പേര്‍ പഠനം പൂര്‍ത്തിയാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്നു.
ഹദീസ് പഠനം
വിവിധ ഇസ്‌ലാമിക വിജ്ഞാനശാഖകളില്‍ പഠനം നടത്താനുള്ള സംവിധാനങ്ങള്‍ അവി ടെയുണ്ടെങ്കിലും ഹദീസ് പഠനമാണ് ദാറുല്‍ ഉലൂമിന്റെ മുഖമുദ്രയായി അറിയപ്പെടുന്നത്. ഹദീസ് പഠന രംഗത്ത് ഈ സ്ഥാപനവും അതിലെ അദ്ധ്യാപകരും സന്തതികളും അര്‍പ്പിച്ച സേവനങ്ങള്‍ ഒരു പക്ഷെ, ലോകത്ത് മറ്റൊരു സ്ഥാപനത്തിനും അവകാശപ്പെടാനാവാത്തവിധം സമഗ്രവും വേറിട്ടതുമാണ്. ശാഹ് വലിയുല്ലാഹിദ്ദഹ്ലവി എന്ന വിഖ്യാത ഇന്ത്യന്‍ പണ്ഡിതന്‍ കൊളുത്തി വെച്ച ആ ദീപശിഖ അണയാതെ കാത്തു സൂക്ഷിക്കുകയും പുതിയ തലമുറകള്‍ക്ക് കൈമാറുകയും ചെയ്യുകയാണവര്‍.
ദയൂബന്ദ്; സാരഥികളും സന്തതികളും
ദാറുല്‍ ഉലൂം ദയൂബന്തിനെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ എന്നും ഓര്‍ക്കേണ്ട കുറേ പ്രമുഖ വ്യക്തിത്വങ്ങളുണ്ട്. ഒന്നാമന്‍ നേരത്തേ സൂചിപ്പിച്ച സ്ഥാപകന്‍ മുഹമ്മദ് ഖാസിം നാനൂഥവി തന്നെ. അവസരത്തിനൊത്തുയര്‍ന്ന അദ്ദേഹം സ്ഥാപിച്ച ഈ സ്ഥാപനത്തിന്റെ പിന്നിലെ ഉദ്ദേശ്യ ശുദ്ധിയും ആത്മാര്‍ത്ഥതയും സാധൂകരിക്കുന്ന വളര്‍ച്ചയാണ് പില്‍ക്കാലത്ത് സ്ഥാപനം നേടിയത്. അപ്പോഴും അവരാരും സ്ഥാപകനെ മറന്നില്ല. ഇന്നും അവിടെ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ സ്ഥാപകനിലേക്ക് ചേര്‍ത്തു അല്‍ഖാസിമി എന്ന പേരിലാണ് അറിയപ്പെടുന്നത്. റശീദ് അഹ്‌മദ് ഗംഗോഹി (1905), മുഹമ്മദ് യഅ്ഖൂബ് നാനൂഥവി (ഹി.1267) അശ്‌റഫ് അലി ഥാനവി (1943), ഹുസൈന്‍ അഹമദ് മദനി (1957), അല്ലാമാ ശബ്ബീര്‍ അഹ്‌മദ് ഉസ്മാനി (1949), അന്‍വര്‍ഷാ കാശ്മീരി (1933), മുഫ്തി അസീസുര്‍റഹ്‌മാന്‍ ഉസ്മാനി (ഹി. 1347), ഫഖ്‌റുദ്ദീന്‍ അഹ്‌മദ് മുറാദാബാദി (1972) മുഫ്തി മുഹമ്മദ് കിഫായത്തുല്ലാഹ് ദഹ്ലവി (ഹി. 1372) മുഫ്തി അതീഖുര്‍റഹ്‌മാന്‍ ഉസ്മാനി (1984), ഖാരി മുഹമ്മദ് ത്വയ്യിബ് അല്‍ ഖാസിമി (1983) തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രമാണ്.
പൊതു നേതൃത്വം
ദാറുല്‍ ഉലൂമിലെ പ്രമുഖരില്‍ നിന്ന് അറിവ് നേടി ദീര്‍ഘകാലം അവിടെ തന്നെ അദ്ധ്യാപകനായും പിന്നീട് റെക്ട്ടറായും പ്രവര്‍ത്തിച്ച ഖാരി ത്വയ്യിബ് സാഹിബ്, സ്ഥാപകന്‍ ഖാസിം നനൂഥവിയുടെ പൗത്രന്‍ കൂടിയാണ്. ഉജ്വലവാഗ്മിയും പ്രഭാഷകനും കൂടിയായിരുന്ന അദ്ദേഹത്തിന്റെ കാലഘട്ടം സംഭവബഹുലവും ശ്രദ്ധേയവുമായിരുന്നു. പൊതു പ്രശ്‌നങ്ങളിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും പക്വതയാര്‍ന്ന നിലപാടുകളും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ അദ്ദേഹത്തിന് ഏറെ സ്വീകാര്യതയും മതിപ്പും നേടിക്കൊടുത്തു. ഇന്ത്യയുടെ വിവിധ കോണുകളില്‍ നിന്ന് മുസ്‌ലിം വ്യക്തി നിയമത്തിനെതിരിലും ഏക സിവില്‍ കോഡിന് അനുകൂലമായും ശബ്ദം ഉയര്‍ന്നപ്പോള്‍ ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് എന്ന പേരില്‍ 1972ല്‍ ഒരു മുസ്‌ലിം പൊതുവേദി രൂപം കൊണ്ടു. സുന്നീ-ശിആ, ദയൂബന്തി-ബറേല്‍വി തുടങ്ങി ഇന്ത്യയില്‍ എന്നും അകന്നു കഴിയുന്ന വ്യത്യസ്ത വിഭാഗങ്ങളെ ഒന്നിച്ചണി നിരത്തി നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം രൂപം കൊണ്ട ഈ ബോര്‍ഡിന്റെ സ്ഥാപകപ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ഖാരി ത്വയ്യിബ് സാഹിബായിരുന്നു. മരണം വരെ ആ സ്ഥാനത്ത് അദ്ദേഹം തുടര്‍ന്നു. ശേഷം സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി (മരണം 1999) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ദാറുല്‍ ഉലൂം ദയുബന്തില്‍ നിന്ന് വിജ്ഞാനം സമ്പാദിച്ച വ്യക്തിയാണ്.
പ്രഥമ വിദ്യാര്‍ത്ഥി
ദയൂബന്ദില്‍ പ്രഥമ വിദ്യാര്‍ത്ഥിയായി പഠനം തുടങ്ങിയ മഹ്‌മൂദ് ഹസന്‍ പിന്നീട് അവിടെ തന്നെ പഠനം പൂര്‍ത്തിയാക്കി അതേ സ്ഥാപനത്തില്‍ അദ്ധ്യാപകനായും ഇന്ത്യയിലെ അറിയപ്പെട്ട പണ്ഡിതനായും സ്വാതന്ത്ര്യ സമരസേനാനിയായും ബ്രിട്ടീഷ് അധികൃതരുടെ കണ്ണിലെ കരടായും മാറി. ഇന്ത്യന്‍ മുസ്‌ലിംകള്‍ ശൈഖുല്‍ ഹിന്ദ് എന്ന് വിളിച്ചാദരിച്ച മഹ്‌മൂദ് ഹസന്‍ ദയൂബന്തി (1851-1920) നിശ്ചയ ദാര്‍ഢ്യവും ത്യാഗബോധവും സ്വാതന്ത്ര്യാഭിവാഞ്ചയും ആസൂത്രണ വൈഭവവും ഒത്തുകൂടിയ അദ്ദേഹം ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തുന്ന നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ഇന്ത്യയിലേയും വിദേശത്തേയും അനവധി വ്യക്തികളെയും സംഘങ്ങളേയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലേക്ക് നയിക്കുകയും ചെയ്തു. ബ്രിട്ടീഷ് വിരുദ്ധ ചേരിയിലുള്ള പല രാജ്യങ്ങളുമായും നേരില്‍ ബന്ധപ്പെട്ടും ദൂതന്മാരെ അയച്ചും അദ്ദേഹം സൈനിക രാഷ്ട്രീയ ശക്തി സംഭരിക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. തന്റെ കാഴ്ചപ്പാടുകളും പദ്ധതികളും അതീവ രഹസ്യമായി കൈമാറാന്‍ പട്ടുശീലകളാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. അതിനാല്‍ ഈ നീക്കങ്ങള്‍ ആന്റി കൊളോണിയല്‍ സില്‍ക് ലെറ്റര്‍ കോണ്‍സ്പിറസി എന്നപേരില്‍ അറിയപ്പെടുന്നു.
പിന്നീട് ഇദ്ദേഹത്തെയും തന്റെ ശിഷ്യനായ ഹുസൈന്‍ അഹ്‌മദ് മദനി (1957)യെയും മറ്റും മക്കയിലെ ശരീഫ് ഭരണകൂടം കഡിയിലെടുത്തു ബ്രിട്ടീഷ് അധികൃതര്‍ക്ക് കൈമാറുകയും അവര്‍ ഇരുവരേയും മാള്‍ട്ടായിലേക്ക് നാടുകടത്തുകയും ചെയ്തു. അതിനാല്‍ അസീറെ മാള്‍ട്ടാ എന്ന പേരിലും ശൈഖുല്‍ ഹിന്ദ് അറിയപ്പെടുന്നു.
പെഴ്‌സനല്‍ ലോ ബോര്‍ഡ് സെക്രട്ടറിയായിരുന്ന മിന്നത്തുല്ലാഹ് റഹ്‌മാനി, ആള്‍ ഇന്ത്യാ ഫിഖ്ഹ് അക്കാദമി ചെയര്‍മാന്‍ മുജാഹിദുല്‍ ഇസ്‌ലാം അല്‍ ഖാസിമി, തബ്‌ലീഗ് ജമാഅത്ത് സ്ഥാപകന്‍ മുഹമ്മദ് ഇല്‍യാസ് കാന്തവി, മലേഷ്യയിലെ കലന്താന്‍ പ്രവിശ്യയുടെ മുഖ്യമന്ത്രിയായിരുന്ന നിക് അബ്ദുല്‍ അസീസ് നിക്മത്ത്, ലോകസഭാ അംഗമായിരുന്ന മൗലാനാ അസ്‌റാറുല്‍ ഹഖ് ഖാസിമി, ആസാമിലെ എ.ഐ.യു.സി.എഫ് സ്ഥാപക പ്രസിഡന്റ് മൗലാനാ ബദ്‌റുദ്ദീന്‍ അജ്മല്‍ ഖാസിമി തുടങ്ങി വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സ്ഥാപകരും പ്രധാന നേതാക്കളുമായ ഒട്ടേറെ പേര്‍ ദാറുല്‍ ഉലൂമിന്റെ സന്തതികളായി ഉണ്ട്.
മലയാളി സ്പര്‍ശം
ഉപരിപഠനത്തിന് പ്രധാനമായും വെല്ലൂര്‍ ബാഖിയാത്ത് അറബി കോളേജായിരുന്നു കേരളീയര്‍ ആശ്രയിച്ചിരുന്നതെങ്കിലും ദയൂബന്തിലും അവര്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പഠനകാലത്ത് അവിടെയും ശേഷം കേരളീയ പരിസരത്തും ശ്രദ്ധേയമായ ചലനങ്ങള്‍ സൃഷ്ടിച്ച പ്രമുഖ വ്യക്തിത്വങ്ങള്‍ ദാറുല്‍ ഉലൂമിന്റെ സന്തതികളായി കേരളീയര്‍ക്ക് എടുത്തു പറയാനുണ്ട്. ശൈഖ് ഹസന്‍ ഹസ്‌റത്ത്, മുസ്തഫാ ആലിം സാഹിബ്, കെ.കെ. അബൂബക്കര്‍ ഹസ്‌റത്ത്, പാനൂര്‍ സഹ്‌റാ കോളേജ് സ്ഥാപകന്‍ സയ്യിദ് ശിഹാബുദ്ദീന്‍ പൂക്കോയ തങ്ങള്‍, ബഷീര്‍ മുഹ്‌യിദ്ദീന്‍ അസ്ഹരി, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, അബുല്‍ ഖൈര്‍ മൗലവി, സയ്യിദ് അബ്ദുറഹ്‌മാന്‍ അസ്ഹരി, അബ്ദുശ്ശുക്കൂര്‍ ഖാസിമി, നൂഹ് മൗലവി, ശര്‍ഖാവി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കോട്ട മൊയ്തീന്‍ മുസ്‌ലിയാര്‍, ത്വാഖാ അഹ്‌മദ് മൗലവി, ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, മിത്തബയല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍, എം.എ. ഖാസിം മുസ്‌ലിയാര്‍, തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.
ദയൂബന്തി പ്രസ്ഥാനം
ചുരുക്കത്തില്‍ ദാറുല്‍ ഉലൂമിന്റെ ചിന്തകളും നിലപാടുകളും പിന്നീട് ദയൂബന്തീ പ്രസ്ഥാനം എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വന്‍ മുന്നേറ്റമായി മാറിയ ചരിത്രമാണ് ലോകത്തിന് പറയാനുള്ളത്. ഇന്ത്യയിലെ അസ്ഹര്‍ എന്ന ഖ്യാതി നേടിയ ഈ സ്ഥാപനത്തിന്റെ ചുവട് പിടിച്ചു ധാരാളം സ്ഥാപനങ്ങള്‍ ഇന്ത്യക്കകത്തും പുറത്തും നിലവില്‍ വന്നു. ദാറുല്‍ ഉലൂം എന്ന പേര്‍ പോലും പലേടത്തും ഈ മുന്നേറ്റത്തിന്റെ തിലകക്കുറിയായി മാറി. വൈജ്ഞാനിക ജാഗരണത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ ഉണര്‍ത്തി ഇന്നും ആ സ്ഥാപനം തല ഉയര്‍ത്തി നില്‍ക്കുന്നു.
Address:
Darul Uloom Chowk,
Deoband,
Uttar Pradesh
Pin: 247554
Ph: 01336 222 429
https://darululoom-deoband.com/
