കേരളത്തിലെ പഴയ പള്ളികള്‍-1
കേരളത്തിലെ പഴയ പള്ളികള്‍ ഇന്ത്യയില്‍ ഇസ്‌ലാം ആദ്യമായി എത്തിച്ചേരുന്ന കാലഘട്ടത്തിന്റെ ചരിത്ര സാക്ഷ്യങ്ങളാണ്. അറബിക്കടല്‍ തീരദേശങ്ങളിലൂടെ നടന്ന വ്യാപാര ബന്ധങ്ങളുടെയും മതപരമായ ഇടപെടലുകളുടെയും ഫലമായാണ് കേരളത്തില്‍ പള്ളികള്‍ സ്ഥാപിക്കപ്പെട്ടത്. ഇവയില്‍ പലതും പ്രാചീന വാസ്തുശൈലിയും പ്രാദേശിക നിര്‍മ്മാണ ശൈലിയും ഇസ്‌ലാമിക മൂല്യങ്ങളും സംയോജിപ്പിച്ച രൂപത്തിലാണ് നിലകൊള്ളുന്നത്. കേരളത്തിലെ പഴയ പള്ളികള്‍ ആരാധനാ കേന്ദ്രങ്ങള്‍ മാത്രമല്ല, മതവിദ്യാഭ്യാസം, സാമൂഹ്യ ഇടപെടല്‍, സംസ്കാര കൈമാറ്റം തുടങ്ങിയ മേഖലകളിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിലെ ഇസ്‌ലാമിക ചരിത്രവും പൈതൃകവും മനസ്സിലാക്കാന്‍ ഈ പള്ളികളുടെ പഠനം സഹായിക്കും.
ചേരമാന്‍ ജുമാമസ്ജിദ്, കൊടുങ്ങല്ലൂര്‍
ഇന്ത്യയിലെ ആദ്യത്തെ പള്ളിയാണ് കൊടുങ്ങല്ലൂരില്‍ സ്ഥിതിചെയ്യുന്ന ചേരമാന്‍ ജുമാമസ്ജിദ്. നാട്ടുരാജാവായിരുന്ന ചേരമാന്‍ പെരുമാള്‍ മുഹമ്മദ് നബിയെ കാണാന്‍ മക്കയിലേക്ക് പോയി തിരിച്ചു വരുമ്പോള്‍ വഴിമധ്യേ അദ്ദേഹം മരണപ്പെട്ടുവെന്നും ആ കൂട്ടത്തിലുണ്ടായിരുന്ന മാലിക്ബിന്‍ ദീനാറിന്റെ കൈയില്‍ കൊട്ടാരത്തിലേക്ക് ഒരെഴുത്ത് കൊടുത്തു എന്നുമാണ് ചരിത്രം. എഴുത്തുമായി വരുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കണം എന്നായിരുന്നു അതിലുണ്ടായിരുന്നത്. അതുപ്രകാരം മാലിക് ബിന്‍ ദീനാറിനും സഹചാരികള്‍ക്കും ജീവിക്കാനും ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കുവാനുമുള്ള സൗകര്യങ്ങള്‍ രാജകുടുംബം ചെയ്തുകൊടുത്തു. അങ്ങനെയാണ് ഇന്ത്യയിലെ ആദ്യപള്ളി ക്രിസ്താബ്ദം 621 ല്‍ കൊടുങ്ങല്ലൂരില്‍ സ്ഥാപിതമാവുന്നത്.
പള്ളിയുടെ ആദ്യ പുനര്‍നിര്‍മാണം 11ാം നൂറ്റാണ്ടില്‍ നടന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകഴിഞ്ഞ് 300 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പള്ളി പുനര്‍നിര്‍മിച്ചു. പിന്നീട് വിശ്വാസികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ 1974ല്‍ പഴയ പള്ളിയുടെ മുന്‍ഭാഗം നീക്കം ചെയ്തുകൊണ്ട് കൂടുതല്‍ വിശാലമായി പള്ളി വിപുലീകരിച്ചു. മുന്‍വശത്തുനിന്ന് അല്പഭാഗം നീക്കം ചെയ്തുവെങ്കിലും മിഹ്‌റാബും മിമ്പറും എല്ലാം അടങ്ങുന്ന ഉള്‍ഭാഗം അതുപോലെത്തന്നെ നിലനിര്‍ത്തി. വിശ്വാസികളുടെ അംഗസംഖ്യവീണ്ടും വര്‍ധിച്ചപ്പോള്‍, പഴയ പള്ളി എങ്ങനെയായിരുന്നുവോ അതേ മാതൃകയില്‍ പള്ളി പുതിക്കിപ്പണിയാന്‍ 2001ല്‍ തീരുമാനിച്ചു. ആ മാതൃകയിലുള്ള പള്ളിയാണ് ഇപ്പോള്‍ നിലവിലുള്ളത്. പള്ളി നിരവധി തവണ വിശാലമാക്കുകയും പുതുക്കിപ്പണിയുകയും ചെയ്തുവെങ്കിലും അകമേയുള്ള പഴമയും തടിപ്പണികളും എല്ലാം അതേപടിതന്നെ നിലനിര്‍ത്തിയിരിക്കുന്നു. വിശാലമാക്കിയത് പഴയ പള്ളിക്ക് പുറത്തുള്ള ഭാഗങ്ങള്‍ മാത്രമാണ്.
മുസ്‌ലിം സമൂഹത്തിന്റ ആരാധനാ കേന്ദ്രം ആണെങ്കിലും അമുസ്‌ലിം സഹോദരങ്ങള്‍ പോലും ഒരു പുണ്യസ്ഥലമായാണ് ഈ പള്ളിയെ പരിഗണിക്കുന്നത്. റമദാന്‍ മാസത്തില്‍ അമുസ്‌ലിംകള്‍ മുസ്‌ലിംകള്‍ക്കുവേണ്ടി ഇഫ്താര്‍ പോലും ഈ പള്ളിയില്‍ സംഘടിപ്പിക്കുന്നു. പല അമുസ്‌ലിംകളും അവരുടെ മക്കള്‍ക്ക് ഈ പള്ളിയില്‍വെച്ച് വിദ്യാരംഭത്തിന് തുടക്കം കുറിക്കുന്നു.
രണ്ടുവര്‍ഷം കൂടുമ്പോള്‍ ജനറല്‍ബോഡി ചേര്‍ന്ന് തെരഞ്ഞെടുക്കുന്ന കമ്മിറ്റിയാണ് പള്ളിയുടെ ഭരണ നിര്‍വഹണം നടത്തുന്നത്. 1600 കുടുംബങ്ങളിലായി 7000 അംഗങ്ങള്‍ ചേരമാന്‍ പള്ളി കേന്ദ്രീകരിച്ചുള്ള മഹല്ലില്‍ ഉണ്ട്.
കുറ്റിച്ചിറ മിസ്‌കാല്‍ പള്ളി, കോഴിക്കോട്
കേരളത്തിലെ പുരാതന പള്ളികളില്‍ ഒന്നാണ് കോഴിക്കോട് കുറ്റിച്ചിറ മിസ്‌കാല്‍ പള്ളി. കേരളത്തില്‍ നിര്‍മാണത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ മരം ഉപയോഗിച്ച പള്ളിയാണിത്. കല്ലിനേക്കാള്‍ മരമാണ് ഈ പള്ളിയുടെ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. നാലു നിലകളില്‍ ഉയര്‍ന്നു നില്ക്കുന്ന ഈ പള്ളിയുടെ നിര്‍മാണ വൈഭവം അത്ഭുതമുളവാക്കുന്നതാണ്. നാലു നിലകളിലും മരം കൊണ്ടുള്ള വണ്ണം കൂടിയ ബീമുകളും തൂണുകളും ഉണ്ട്. തട്ടുകള്‍ പലകകള്‍ നിരത്തിയാണ് നിര്‍മിച്ചിട്ടുള്ളത്. മേല്ക്കൂരയും കഴുക്കോല്‍ കൂട്ടങ്ങളുമെല്ലാം അതിപുരാതന കേരളീയ വാസ്തുശൈലിയുടെ പ്രതാപത്തെ ഓര്‍മിപ്പിക്കുന്നുണ്ട്.
പള്ളിക്ക് ഏഴുനിലകളുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പണ്ട് പള്ളിയുടെ മുകളില്‍ കയറി നിന്നാല്‍ കോഴിക്കോട് പട്ടണം മുഴുവന്‍ കാണാമായിരുന്നത്രേ. പതിനാലാം നൂറ്റാണ്ടില്‍ കച്ചവടത്തിനായി കോഴിക്കോട്ടെത്തിയ നാഖൂദാ മിസ്‌കാല്‍ എന്ന അറബിപ്രമുഖനാണ് പള്ളി നിര്‍മിച്ചത്. ഇയാളുടെ പേരിലേക്ക് ചേര്‍ത്തിയാണ്മിസ്‌കാല്‍ പള്ളി എന്ന പേരു വന്നത്. നഹ കുടുംബക്കാരുടെ പൂര്‍വീകനാണ് ഇദ്ദേഹം.
കച്ചവടയാത്രയ്ക്കിടയില്‍ കപ്പലും ചരക്കും സുരക്ഷിതമായി തീരത്തണിയുവാന്‍ വേണ്ടി പട്ടണത്തില്‍ ഏറ്റവും വലിയ ഒരു പള്ളി പണിയുക നാഖുദാ മിസ്‌കാല്‍ നേര്‍ച്ച ചെയ്തതായിരുന്നു. പള്ളിയുടെ നിര്‍മാണ കാലഘട്ടം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.ക്രി. 1346 ല്‍ ആറാം തവണ കോഴിക്കോട്ടെത്തിയ തനിക്ക് മടക്കയാത്രയ്ക്കു വേണ്ടി കപ്പലില്‍ സീറ്റു ശരിയാക്കി തന്നത് നാഖൂദാ മിസ്‌കാലാണെന്ന് ഇബ്‌നു ബത്തൂത്ത പറയുന്നുണ്ട്. അപ്പോള്‍ ഏകദേശം 1300 നും 1350 നും ഇടയിലായിരിക്കണം പള്ളി നിര്‍മാണം നടന്നതെന്ന് ഊഹിക്കാം.
പ്രസിദ്ധമായ ‘കരിങ്കല്ലു കേസി’നു ശേഷം മിസ്‌കാല്‍ പള്ളി ചെറിയ വിഭാഗക്കാരുടെ ഖാദ്വി ആസ്ഥാനമായി. ചരിത്ര പണ്ഡിതനായ മുഹമ്മദ് ഖാദ്വി, മതപണ്ഡിതനായ മാമുക്കോയ ഖാദ്വി എന്നിവരെ ഖാദ്വിമാരായി അവരോധിച്ചത് ഈ പള്ളിയില്‍ വെച്ചാണ്.
വാസ്‌ഗോഡ ഗാമയുടെ പിന്‍ഗാമിയായി കോഴിക്കോട്ടെത്തിയ ആല്‍ബുക്കര്‍ക്ക് മുസ്‌ലിംകളെ തുരത്താന്‍ ആരംഭിച്ചു. 1510 ജനുവരി മൂന്നാം തിയ്യതി (915 റമദാന്‍ 22) വലിയ ഒരു സൈന്യത്തോടു കൂടി ആല്‍ബുക്കര്‍ക്ക് കല്ലായിപ്പുഴ വഴി പട്ടണത്തില്‍ പ്രവേശിക്കുകയും മുസ്‌ലികള്‍ക്കെതിരില്‍ ആക്രമണം നടത്തുകയും ചെയ്തു. ആക്രമണത്തിനിടെ മിസ്‌കാല്‍ പള്ളി തീവെച്ചു നശിപ്പിച്ചു. അഞ്ഞൂറിലധികം വരുന്ന മുസ്‌ലിം-നായര്‍ പോരാളികള്‍ ഇവര്‍ക്കെതിരില്‍ പടപൊരുതി. ഒരുപാടാളുകള്‍ക്ക് ജീവന്‍ നഷ്ടമായി. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തുഹ്ഫത്തുല്‍ മുജാഹിദീനില്‍ ഈ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെതീവെപ്പിന്റെ ചില മായാത്തപാടുകള്‍ ഇന്നും പള്ളിയുടെ മുകള്‍ ഭാഗത്തുണ്ട്.
മാലിക് ദീനാര്‍ ജുമുഅത്ത് പള്ളി, കാസര്‍ഗോഡ്
ഇസ്‌ലാമിക പ്രബോധനവുമായി കേരളത്തിലെത്തിയ മാലികുബ്‌നു ദീനാറും സംഘവും കേരളത്തില്‍ വിവിധയിടങ്ങളില്‍ പള്ളികള്‍ സ്ഥാപിച്ചു. അങ്ങനെ സ്ഥാപിക്കപ്പെട്ട ഒരു പള്ളിയാണ് കാസര്‍ഗോഡ് തളങ്കരയില്‍ സ്ഥിതിചെയ്യുന്ന മാലികുബ്‌നു ദീനാര്‍ ജുമുഅത്ത് പള്ളി.
ഹിജ്‌റ വര്‍ഷം 22 റജബ് 13 (എ.ഡി 642) നാണ് പള്ളി നിര്‍മിച്ചതെന്ന് പള്ളിക്കകത്ത് കൊത്തിവെച്ചിട്ടുണ്ട്. ചരിത്ര പ്രാധാന്യം തിരിച്ചറിഞ്ഞ് പള്ളിയെ പരിപാലിക്കാനും, പഴമ നിലനിര്‍ത്താനും ഈ പള്ളിയുടെ അധികൃതര്‍ ശ്രദ്ധാലുക്കളാണ്. അതിനാല്‍ തന്നെ ആരേയും ആകര്‍ഷിക്കുന്ന പ്രൗഢിയോടെ പള്ളി തല ഉയര്‍ത്തി നില്ക്കുന്നു.
പള്ളിക്കമിറ്റിയുടെ കീഴില്‍ 2001 ഏപ്രില്‍ 11 ന് ആരംഭിച്ച മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പള്ളിയുടെ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നു.
മുച്ചുന്തിപ്പള്ളി, കോഴിക്കോട്
കാലപ്പഴക്കത്തോടൊപ്പം വലിയ മാറ്റങ്ങളൊന്നുമില്ലാതെ നിലനില്ക്കുന്ന കേരളത്തിലെ പുരാതന പള്ളികളിലൊന്നാണ് കോഴിക്കോട്ടെ മുച്ചുന്തിപ്പള്ളി. തളിയമ്പലത്തിന്റെ മാതൃകയിലാണ് ഈ പള്ളിയുടെ നിര്‍മാണം. നാലടി നീളവും രണ്ടടി വീതിയുമുള്ള കരിങ്കല്ലുപയോഗിച്ചാണ് ഈ പള്ളി പടുത്തുയര്‍ത്തിയിരിക്കുന്നത്. ഇടക്കാലത്ത് പുറംഭാഗത്തും ഉള്ളിലും ചില്ലറ പുതുക്കിപ്പണിയലുകള്‍ നടത്തിയിട്ടുണ്ടെങ്കിലും വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. പൂമുഖത്തെ മച്ചിലുള്ള മരത്തില്‍ കൊത്തിയ ചിത്രപ്പണികളും അവയ്ക്കിടയില്‍ ആലേഖനം ചെയ്യപ്പെട്ട ഖുര്‍ആന്‍ വാക്യങ്ങളും ഇന്നും നിലനില്ക്കുന്നു.
ക്രി. പതിമൂന്നാം നൂറ്റാണ്ടിലെ ഒരു ശിലാലിഖിതം പള്ളിയുടെ അകത്ത് മതിലിലായി കാണാം. ഈ അപൂര്‍വ ചരിത്ര ലിഖിതത്തെ സംബന്ധിച്ച് ഒരുപാടു ഗവേഷണങ്ങളും പഠനങ്ങളും നടന്നിട്ടുണ്ട്. ഈ ലിഖിതത്തിന്റെ താഴ്ഭാഗത്ത് അറബിയില്‍ ശിഹാബുദ്ദീന്‍ എന്നു കാണുന്നത് ഇബ്‌നു ബത്തൂത്തയുടെ സഞ്ചാരക്കുറിപ്പില്‍ പരാമര്‍ശിച്ച ശഹാബുദ്ദീന്‍ ഗാസറൂനിയായിരിക്കാമെന്ന് ചിലര്‍ അനുമാനിക്കുന്നു.
സാമൂതിരിരാജാക്കന്മാരുടെയും കേരള മുസ്‌ലിംകളുടെയും ചരിത്രത്തിലേക്ക് വെളിച്ചം വീശാന്‍ ഈ ശിലാലിഖിതത്തിനു സാധിക്കുമെന്നതിനാല്‍ അവയില്‍ എഴുതിയതെന്താണെന്ന് പഠിക്കാന്‍ വ്യത്യസ്ത കാലങ്ങളിലായി പലരും ശ്രമിച്ചിട്ടുണ്ട്. മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ അജ്ഞാതഭാഷയില്‍ എഴുതപ്പെട്ടത് എന്നാണ് ഇതിനെക്കുറിച്ച് സൂചിപ്പിക്കുന്നത്. എന്നാല്‍ ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ 1961 ല്‍ പ്രസിദ്ധീകരിച്ച ‘ചരിത്ര കുസുമങ്ങള്‍’ എന്ന ഗ്രന്ഥത്തില്‍ ക്രിസ്താബ്ദം പതിമൂന്നാം ശതകത്തിലെ വട്ടെഴുത്ത് ലിപിയില്‍ പഴയ മലയാള ഭാഷയില്‍ 32 വരികളും അറബി ഭാഷയില്‍ കുറച്ചു പേരുകളുമാണ് ഈ ശിലയില്‍ രേഖപ്പെടുത്തിയിട്ടുള്ളത് എന്നു പറയുന്നു.
ഉള്ളിലേക്കു കടക്കുന്ന വാതിലിന്റെ വലതുവശത്തെ മതിലില്‍ ‘മരണപ്പെട്ട മസ്ഊദ് എന്ന ആളുടെ ശിഹാബുദ്ദീന്‍ റൈഹാന്‍ എന്ന മോചിപ്പിക്കപ്പെട്ട അടിമ (അതീക്ക്) സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കി ഉടമസ്ഥനില്‍ നിന്നു വാങ്ങി അവിടെ പള്ളി പണിത് ഒരു വലിയ എടുപ്പ് നിര്‍മിച്ച് ഇമാമിനെയും നിയമിച്ചു’ എന്ന് ശിലാലിഖിതത്തില്‍ അറബിയിലെഴുതിയതായി കാണാം.
ഇബ്‌റാഹീം സഹ്‌വത്ത് മകന്‍ അബ്ദുല്‍ ഖാദര്‍ എന്നയാള്‍ ഹിജ്‌റ 1093 ല്‍ പള്ളിയുടെ അറ്റകുറ്റപ്പണികള്‍ നടത്തിയതായി മച്ചില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടു വരെ വളരെ പ്രശസ്തരായ മതപണ്ഡിതരുടെ നേതൃത്വത്തില്‍ ഇവിടെ മതപഠനം നടന്നിരുന്നു. വിദൂര പ്രദേശങ്ങളില്‍ നിന്നു പോലും വിജ്ഞാനം തേടി കുട്ടികള്‍ മുച്ചുന്തിപ്പള്ളിയിലേക്ക് വന്നിരുന്നു. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ തന്റെ ഉഹ്ദ് പടപ്പാട്ട് എന്ന കാവ്യം രചിച്ചത് മുച്ചുന്തിപ്പള്ളിയിലെ മുകള്‍ തട്ടിലിരുന്നായിരുന്നു.
നാദാപുരം ജുമുഅത്ത് പള്ളി
കണ്ണൂരിലെ മട്ടന്നൂര്‍ സ്വദേശിയായ മൗലാനാ യഅ്ക്കൂബ് മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പണിത പള്ളിയാണ് 120 വര്‍ഷത്തോളം പഴക്കമുള്ള നാദാപുരം പള്ളി. വാസ്തുശില്പ കലയുടെ സവിശേഷതകളാല്‍ ശ്രദ്ധേയമാണ് ഈ പള്ളി. കേരളത്തിലെയും പേര്‍ഷ്യയിലെയും വാസ്തു വിദ്യയുടെ സമന്വയിപ്പിച്ച ഒരു രീതിയാണ് നാദാപുരം പള്ളിയുടേത്. പള്ളിയുടെ ഉള്ളില്‍ ഒരു മീറ്ററിലധികം ചുറ്റളവും നാലു മീറ്ററിലധികം ഉയരവുമുള്ള ഗ്രാനൈറ്റ് തൂണുകളുണ്ട്. വ്യത്യസ്ത വലുപ്പത്തിലുള്ള ഇത്തരം 23 ഗ്രാനൈറ്റ് തൂണുകളാണ് പള്ളിക്ക് ബലമേകുന്നത്. മൂന്നു നിലകളുള്ള പള്ളിയുടെ മുന്നാമത്തെ നില പൂര്‍ണമായും മരത്താലാണ് നിര്‍മിച്ചിട്ടുള്ളത്. പള്ളിയുടെ നിര്‍മാണത്തിന് ഒരുപാടു വര്‍ഷങ്ങള്‍ സമയമെടുത്തെന്ന് പറയപ്പെടുന്നു. എന്നാല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ഒരു രേഖയും ലഭ്യമല്ല.
ആരാധനാ കര്‍മങ്ങള്‍ക്കു വേണ്ടി ഉച്ചഭാഷിണി ഉപയോഗിക്കുന്നില്ല എന്നത് ഈ പള്ളിയുടെ പ്രത്യേകതയാണ്. പള്ളിയുടെ ആരംഭം മുതല്‍ തന്നെ ദര്‍സ് സംവിധാനം ഇവിടെ നടന്നു വരുന്നു. പണ്ട് സൂര്യന്റെ ചലനം നോക്കി നമസ്‌കാരസമയം മനസ്സിലാക്കാന്‍ ഉപയോഗിച്ചിരുന്ന ഇസ്തിവാകുറ്റികളും ആസ്ട്രിയയില്‍ നിര്‍മിച്ച പഴയ ഖജനാപ്പെട്ടിയും ഇപ്പോഴും പള്ളിയിലുണ്ട്. അകം പള്ളിയിലെ പഴയ വിളക്ക് ഇന്നും പള്ളിയെ പ്രകാശപൂരിതമാക്കി നില്ക്കുന്നു. പള്ളിയുടെ തൊട്ടടുത്തായി മനോഹരമായ രീതിയില്‍ കെട്ടിയുണ്ടാക്കിയ പള്ളിക്കുളം ആദ്യ കാലങ്ങളില്‍ അംഗശുദ്ധി വരുത്തുവാന്‍ വേണ്ടി നിര്‍മിച്ചതാണ്.
പള്ളിയിലെ ചരിത്ര സൂക്ഷിപ്പുകളെ കേടു കൂടാതെ സംരക്ഷിക്കുന്നത് മരുമക്കത്തായ സമ്പ്രദായം തുടരുന്ന നാലു കുടുംബങ്ങളാണ്.
പെരിങ്ങത്തൂര്‍ ജുമുഅത്ത് പള്ളി
പെരിങ്ങത്തൂരിലും പരിസര പ്രദേശങ്ങളിലുമുണ്ടായിരുന്ന ‘ദവാരികള്‍’ എന്ന വിഭാഗമൊന്നടങ്കം ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ ഒരു പള്ളി അത്യാവശ്യമായി. അങ്ങനെഹിജ്‌റ 212 ല്‍ പ്രഗത്ഭ പണ്ഡിതനായ ശൈഖ് അലിയ്യുല്‍ കൂഫി നിര്‍മിച്ചതാണ് പെരിങ്ങത്തൂര്‍ ജുമാ മസ്ജിദ്. ഇദ്ദേഹം അറേബ്യയിലെ കൂഫക്കാരനാണ്. കുടുംബ സ്വത്തായിരുന്ന ഈ പള്ളി 1981ല്‍ വഖ്ഫ് ബോര്‍ഡിന്റെ കീഴിലേക്കു മാറ്റപ്പെട്ടു. പള്ളി നിര്‍മാണത്തിന് വേണ്ടി വലിയ മരത്തടികളാണ് പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്.
പാറക്കടവ് ജുമുഅത്ത് പള്ളി
1907 ല്‍ പ്രഗത്ഭ പണ്ഡിതന്‍ സയ്യിദ് മുഹമ്മദ് ഇമ്പിച്ചിക്കോയ തങ്ങളുടെ നേതൃത്വത്തിലാണ് പാറക്കടവ് പഴയ പള്ളി ഇന്നു കാണുന്ന രൂപത്തില്‍ പുതുക്കിപ്പണിതത്. ഇന്‍ഡോ പേര്‍ഷ്യന്‍ കലയും സാരസനിക് കലയും ഒത്തുചേര്‍ന്ന കലാരൂപത്തിലാണ് പള്ളിയുടെ നിര്‍മിതി. ഇസ്‌ലാം സ്വീകരിച്ച സാമൂതിരിയുടെ കൊട്ടാരത്തിലെ ഒരു തച്ചു ശാസ്ത്രജ്ഞനാണ് പള്ളിയുടെ ശില്‍പവേല നടത്തിയെതെന്ന് പറയപ്പെടുന്നു. വ്യത്യസ്ത വര്‍ഷങ്ങളിലായി പള്ളിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അതിമനോഹരമായ പഴമ നില നിര്‍ത്തിയിട്ടുണ്ട്.
തലശ്ശേരി ഓടത്തില്‍പള്ളി
ഡച്ച് പദമായ ‘ഓര്‍ത്ത’ എന്ന വാക്കില്‍ നിന്നാണ് ഓടത്തില്‍പള്ളി എന്ന പേരുണ്ടായത്. പൂന്തോട്ടമെന്നാണ് ഇതിന്റെ അര്‍ഥം. ഓര്‍ത്ത ലോപിച്ച് ഓടയായതാണെന്ന് കരുതുന്നു. തലശ്ശേരിയിലെ പ്രമുഖ കുടുംബമായ കേയി കുടൂംബത്തിലെ മൂസയാണ് ക്രി.1792 ല്‍ പള്ളി പണികഴിപ്പിച്ചത്. തലശ്ശേരിയിലെ മുസ്‌ലിം സാംസ്‌കാരികത്തനിമയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അടയാളമാണ് ഈ പള്ളി.
ടിപ്പുവുമായുള്ള യുദ്ധത്തില്‍ ബ്രട്ടീഷുകാരെ സഹായിച്ചതിന്റെ പ്രത്യുപകാരം എന്ന നിലയില്‍ അഞ്ച് ഏക്കര്‍ സ്ഥലം മൂസക്ക് (ചൂരക്കര മൂസ) സൗജന്യമായി നല്കാന്‍ ബ്രട്ടീഷുകാര്‍ തീരുമാനിച്ചു. പള്ളി നിര്‍മിക്കാന്‍ ഉദ്ദേശിച്ചതിനാല്‍ പണം കൊടുത്താണ് സ്ഥലം വാങ്ങിയത്. പൂര്‍ണമായും വാസ്തുവും, തച്ചുശാസ്ത്രവും സമന്വയിപ്പിച്ചുകൊണ്ട് കേരളീയ ശില്പഭംഗിയില്‍ മേലാശാരിമാര്‍ നിര്‍മിച്ചതാണീ പളളി. നിര്‍മാണത്തിനാവശ്യമായ തേക്കിന്‍ തടികള്‍ മുഴുവന്‍ തിരുവിതാംകൂര്‍ മഹാരാജാവാണ് നല്കിയത്. പളളിയുടെ മേല്‍ക്കൂര പാകിയത് ചെമ്പുതകിട് ഉപയോഗിച്ചാണ്. അമ്പലത്തിന്റെ മാതൃകയാണെങ്കിലും ഇന്ന് കാണുന്ന താഴികകുടങ്ങള്‍ പള്ളിക്കു മുകളില്‍ സ്ഥാപിക്കാന്‍ അന്നത്തെ ഭരണാധികാരികള്‍ അനുവാദം നല്കിയിരുന്നില്ല. മൂസയുടെ കാലശേഷം 1825ല്‍ മുഹമ്മദ് കേയിയുടെ കാലത്താണ് സ്വര്‍ണം പൂശിയ താഴികക്കുടം സ്ഥാപിച്ചത്.
പട്ടാളപ്പള്ളി, കോഴിക്കോട്
പട്ടാളത്തിലെ മുസ്‌ലിംകള്‍ക്ക് പ്രാര്‍ഥനാ സൗകര്യത്തിനു വേണ്ടി ടിപ്പു സുല്‍ത്താന്‍ പണിതതാണ് കോഴിക്കോട് നഗര മധ്യത്തില്‍ സ്ഥിതിചെയ്യുന്ന പട്ടാളപ്പള്ളി. ബ്രിട്ടീഷ് സര്‍ക്കാര്‍ മലബാറിന്റെ ഭരണകേന്ദ്രം ഈ പള്ളിക്ക് സമീപം സ്ഥാപിച്ചപ്പോള്‍ മുസ്‌ലിംകള്‍ പള്ളി വിപുലീകരിച്ചു. പിന്നീട് 1934 ല്‍ കൊയപ്പത്തൊടി മുഹമ്മദ് കുട്ടി ഹാജി പള്ളി പുതുക്കിപ്പണിതു. 1980 ലാണ് പള്ളി ഇന്നു കാണുന്ന രൂപത്തിലേക്കു മാറ്റിയത്. 1943 ല്‍ മലബാറില്‍ ആദ്യമായി മലയാളത്തില്‍ ഖുതുബ ആരംഭിച്ചത് ഈ പള്ളിയിലാണ്. മുജാഹിദ് പ്രസ്ഥാനത്തിന്റെ കോഴിക്കോട്ടെ പ്രധാന പള്ളികളിലൊന്നാണിത്.
പാളയം മുഹ്‌യുദ്ദീന്‍ പള്ളി, കോഴിക്കോട്
സാമൂതിരിയുടെ കോട്ടപ്പറമ്പത്തെ കൊട്ടാരത്തിനു സമീപം പണിതതാണ് ഈ പള്ളി. കേരളത്തിലെ ചീഫ് എഞ്ചിനീയര്‍ ടി.പി കുട്ടിയാമു സാഹിബിന്റെ നേതൃത്വത്തില്‍ പള്ളി വിപുലീകരിക്കാന്‍ ആരംഭിച്ചു. 1965 ജനുവരി 8 ന് ഇന്നു കാണുന്ന രൂപത്തില്‍ പണി പൂര്‍ത്തിയാക്കി.
കൊയിലാണ്ടി ചെറിയ പള്ളി എന്ന ചീനം പള്ളി
പന്തലായിനി കൊല്ലത്തെത്തിയ ചൈനക്കാരായ മുസ്‌ലിം വ്യാപാരികള്‍ പണിതതാണ് കൊയിലാണ്ടി ചെറിയ പള്ളി എന്ന ചീനം പള്ളി. ഈ പള്ളിക്ക് ആറു നൂറ്റാണ്ടിലധികം പഴക്കമുണ്ടെന്ന് കരുതുന്നു. കൊയിലാണ്ടിയിലെ ആദ്യത്തെ പള്ളി കൂടിയാണിത്. പള്ളിയുടെ മതിലില്‍ 140 വര്‍ഷം മുമ്പ് രേഖപ്പെടുത്തിയ ലിഖിതമനുസരിച്ച് ഈ പള്ളിയില്‍ ജുമുഅ തുടങ്ങിയിട്ട് 643 വര്‍ഷമായി.
പന്തലായനിക്കൊല്ലത്തിന്റെ പ്രതാപകാലത്ത് കോയില്‍ക്കണ്ടി എന്ന കൊയിലാണ്ടി പട്ടണം ഉണ്ടായിരുന്നില്ല. കോയില്‍ക്കണ്ടി എന്ന പുതിയപട്ടണത്തില്‍ ചേക്കേറിയ ചൈനയില്‍ നിന്നുള്ള കച്ചവടക്കാരായ മുസ്‌ലിംകള്‍ അവിടെ ഉണ്ടാക്കിയ ആദ്യത്തെ പള്ളിയാണ് ചീനം പള്ളി എന്ന് ഈ ലിഖിതത്തില്‍ നിന്ന് മനസ്സിലാക്കാം. ബഫക്കീഹ്, ഹമദാനീ എന്നീ പുരാതന അറബി പാരമ്പര്യമുള്ള കുടുംബങ്ങള്‍ ഇപ്പോഴും പന്തലായനിയില്‍ താമസമുണ്ട്.
കാപ്പാട് ജുമുഅത്ത് പള്ളി
മാലികുബ്‌നു ദീനാറിനു ശേഷം രണ്ടു നൂറ്റാണ്ട് കഴിഞ്ഞ് കേരളത്തിലെത്തിയ ഒരു മതപ്രചാരക സംഘമാണ് കാപ്പാട് ജുമുഅത്ത് പള്ളി സ്ഥാപിച്ചത്. പള്ളിയോടനുബന്ധിച്ചുള്ള ഖബ്‌റിന്റെ മീസാന്‍ കല്ലില്‍ ഏതോ ലിപിയില്‍ കുറേ എഴുത്തുകുത്തുകളുണ്ട്. ഇതിനെപ്പറ്റി ശാസ്ത്രീയമായ ഒരു പഠനം നടന്നിട്ടില്ലാത്തതിനാല്‍ ലിപിയോ കാലമോ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടാം പൊന്നാനിയെന്നറിയപ്പെടുന്ന കാപ്പാട്ടെ ഈ പള്ളി പഴയകാലത്തെ ദീനീ വിജ്ഞാനത്തിന്റെ ഉറവയായിരുന്നു. ഇസ്‌ലാമിക വിജ്ഞാനങ്ങളിലെ അപൂര്‍വ ഗ്രന്ഥങ്ങള്‍ അടങ്ങിയ ഒരു വലിയ ഗ്രന്ഥശേഖരം ഈ പള്ളിയിലുണ്ടായിരുന്നു.
