മലയാളത്തിലെ അറബി പദങ്ങള്‍
മലയാള ഭാഷയുടെ പദസമ്പത്ത് രൂപപ്പെട്ടതിൽ അറബി ഭാഷയ്ക്ക് പ്രധാന പങ്കുണ്ട്. കേരളവും അറബിഭാഷാഭൂമിയും തമ്മിലുണ്ടായിരുന്ന പുരാതന വ്യാപാരബന്ധങ്ങളും ഇസ്ലാമിന്റെ പ്രചരണവും അറബി പദങ്ങള്‍ മലയാളത്തിലേക്ക് പ്രവേശിക്കുന്നതിന് വഴിയൊരുക്കി. കാലക്രമത്തില്‍ ഈ പദങ്ങള്‍ മലയാളത്തിന്റെ സ്വാഭാവിക ഭാഗമായിത്തീർന്നു. ഇന്ന് മതപരമായ വാക്കുകളായി മാത്രമല്ല, ദിനചര്യയിലെ സംസാരത്തിലും എഴുത്തിലും അറബി മൂലമുള്ള പദങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നു. മലയാളത്തിലെ അറബി പദങ്ങള്‍ എങ്ങനെ ഭാഷയില്‍ ലയിച്ചു എന്നതും അവയുടെ ഉത്ഭവം, അര്‍ഥം, സംസ്കാരപരമായ സ്വാധീനം എന്നിവയും ലളിതമായി വിശദീകരിക്കുന്നു.
അല്ലാഹു, ദുആ, നമസ്കാരം, ഇമാം, ഹലാല്‍, ഹറാം, കബര്‍, സദഖ, റിസ്ഖ് തുടങ്ങിയ അനവധി പദങ്ങള്‍ മലയാളത്തില്‍ പൂര്‍ണമായി ലയിച്ചവയാണ്. അറബി പദങ്ങള്‍ മലയാളത്തിന്റെ അര്ഥവൈവിധ്യവും ആവിഷ്കാരശക്തിയും വര്‍ധിപ്പിച്ചു. ഇതുവഴി മലയാളം ഒരു സമ്പന്നമായ സംയോജിത ഭാഷയായി വളരാന്‍ സാധിച്ചു. അതിനാല്‍ മലയാളത്തിലെ അറബി പദങ്ങള്‍ പഠിക്കുന്നത് ഭാഷയുടെ ചരിത്രവും സാംസ്കാരിക സമ്പര്‍ക്കങ്ങളും മനസ്സിലാക്കുന്നതിനുള്ള ഒരു പ്രധാന വഴിയാണ്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിലവില്‍ 1635ല്‍ പരം ഭാഷകള്‍ ആളുകള്‍ സംസാരിക്കുന്നു. ഇവയില്‍ 22 ഭാഷകള്‍ ഔദ്യോഗികമായി അംഗീകരിച്ചവയാണ്. പ്രാചീന ഭാഷയായ സംസ്കൃതത്തിന്റെ സ്വാധീനം പല ഭാഷകളിലും കാണാം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷകളില്‍ എട്ടാമത്തേതാണ് മലയാളം. ദ്രാവിഡ ഗോത്രത്തിലെ ദക്ഷിണശാഖയില്‍ പെട്ട സംശ്ലിഷ്ട ഭാഷയാണ് മലയാളം. കേരളവും ലക്ഷദ്വീപുമാണ് പ്രധാന വ്യവഹാരമേഖലകള്‍.
മലയാള ഭാഷ അതിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ അന്യഭാഷകളെ ആശ്രയിച്ചിട്ടുണ്ട്. പൂര്‍വ ഘട്ടങ്ങളില്‍ തമിഴ് ഭാഷയോടും പിന്നീട് സംസ്കൃതത്തോടും ചാര്‍ച്ച കൂടി. സാന്ദര്‍ഭികമായി പോര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് തുടങ്ങിയ വിദേശ ഭാഷകളുമായും ബന്ധം പുലര്‍ത്തി. അറബി ഭാഷയുമായുള്ള സുദീര്‍ഘ സമ്പര്‍ക്കം അറബി മലയാളമെന്ന പ്രബലമായ ഒരു ഭാഷാഭേദത്തിന് പോലും സാഹചര്യമൊരുക്കി.
മലയാളത്തില്‍ പ്രചാരപ്പെട്ട അന്യഭാഷാപദാവലിയെ ഭാഗികമായെങ്കിലും ആദ്യം വര്‍ഗീകരിച്ചത് ഹെര്‍മണ്‍ ഗുണ്ടര്‍ട്ടാണ്. മലയാളത്തിനന്യമായ പദങ്ങള്‍ തിരിച്ചറിഞ്ഞ് അവ ഏതു ഭാഷയില്‍ നിന്നുള്ളതാണെന്ന് അദ്ദേഹം സ്വന്തം നിഘണ്ടുവില്‍ രേഖപ്പെടുത്തി. ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ ശബ്ദതാരാവലി, മലയാള മഹാനിഘണ്ടു, ശബ്ദ സാഗരം എന്നിവയിലും മലയാളം കടമെടുത്ത അന്യഭാഷാപദങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലെ അന്യഭാഷാപദങ്ങളെക്കുറിച്ച് ശാസ്ത്രീയമായി നിരീക്ഷണം നടത്തിയവരില്‍ ഒരാളാണ് ഡോ: ഗോദവര്‍മ. അദ്ദേഹത്തിന്റെ ‘ഇന്തോ-ആര്യന് ലോണ്‍ വേഡ്സ് ഇന്‍ മലയാളം’ എന്ന ഗവേഷണ പ്രബന്ധം മലയാളത്തിലേക്ക് കടന്നുവന്ന സംസ്കൃത പദങ്ങളുടെ ശാസ്ത്രീയ പഠനമാണ്.
ഡോ: പി.എം.അബ്ദുറഹ്മാന്റെ ‘കോണ്ട്രിബൂഷണ് ഓഫ് അറബിക് ടു മലയാളം വൊക്കാബുലറി ആന്റ് ഗ്രാമര്‍’ (1978) എന്ന ഗവേഷണ പ്രബന്ധമാണ് മലയാളത്തിലെ അറബി ഭാഷാ സ്വാധീനത്തെക്കുറിച്ചുള്ള ആദ്യ ഗവേഷണ പ്രബന്ധം. ഇദ്ദേഹത്തിനു മുമ്പും പിമ്പും ചില ഭാഗിക നിരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒ.അബുവിന്റെ ‘അറബി മലയാള സാഹിത്യ ചരിത്രം’ (1970), കെ.ഒ.ശംസുദ്ദീന്റെ ‘മാപ്പിള മലയാളം’ എന്നിവ ശ്രദ്ധേയമാണ്. മലയാളത്തിലേക്ക് കടന്നുവന്ന അറബി പദങ്ങളുടെ ക്രോഡീകരണത്തിനും അവയുടെ വര്‍ഗീകരണത്തിനും പ്രാമുഖ്യം നല്കി, മലയാളത്തിലെ അറബിഭാഷാ സ്വാധീനത്തെ ചരിത്രപരമായും ഭാഷാ ശാസ്ത്രപരമായും പഠനവിധേയമാക്കിയുള്ള ഡോ: കെ.അബ്ദുല്‍ അസീസിന്റെ ‘മലയാളം കടം കൊണ്ട അറബി പദങ്ങള്‍’ എന്ന ഗവേഷണ പ്രബന്ധം മുകളില്‍ പറഞ്ഞവയില്‍ നിന്നെല്ലാം മികച്ചു നില്ക്കുന്നു.
മലയാള ഭാഷയില്‍ അറബി പദങ്ങളുടെ കടന്നുവരവ് പ്രധാനമായും മൂന്നു മേഖലകളിലൂടെയാണ്.
1. അറബ് വ്യാപാരികളുമായുള്ള ബന്ധം
2. ഇസ്ലാം മത ദര്‍ശനങ്ങളും ആചാരാനുഷ്ഠാനങ്ങളും
3. അറബി-മലയാള ഭാഷയും സാഹിത്യവും
മലയാളികളുടെ പൊതുജീവിതവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ ധാരാളം അറബി പദങ്ങളുണ്ട്. അവയൊന്നും അറബി പദങ്ങളാണെന്ന തിരിച്ചറിവ് വക്താവിനോ ശ്രോതാവിനോ ഇല്ല. അത്തരത്തിലുള്ള ചില പദങ്ങള്‍ താഴെ ചേര്‍ക്കുന്നു.
പൊതുഭരണം
| മലയാളം | അറബിക് | അര്‍ഥം |
| അദാലത്ത് | അദാലത്ത് | നീതിന്യായം |
| അസ്സല് | അസ്ല് | യഥാര്‍ഥം |
| ഒസ്യത്ത് | വസിയ്യത് | മരണപത്രം |
| കരാര്‍ | ഖറാര്‍ | ഉറപ്പ് |
| മുന്‍സിഫ് | മുന്‍സ്വിഫ് | ന്യായാധിപന് |
| റദ്ദ് | റദ്ദ് | നിരോധം |
| ഹാജര്‍ | ഹാദര്‍ | സന്നിഹിതനാവുക |
| മഹസ്സര്‍ | മഹ്ദര് | മൊഴി രേഖപ്പെടുത്തുക |
| ജാമ്യം | ദ്വാമിന് | ഉത്തരവാദിയായവന് |
| തര്‍ജുമ | തര്‍ജമ | ഭാഷാന്തരണം ചെയ്യുക |
| വസൂല്‍ | വസൂല്‍ | ഈടാക്കുക |
| വക്കാലത്ത് | വകാലത് | ചുമതലപ്പെടുത്തല്‍ |
| ജപ്തി | ദ്വബ്ത് | വശപ്പെടുത്തുക, പിടിച്ചെടുക്കുക |
| രാജി | റാദി | ധാരണ |
| താരിഫ് | തഅ്രീഫ് | പട്ടിക |
| നികുതി | നക്ദീ | ധനകാര്യം |
| മാമൂല് | മഅ്മൂല്‍ | ആചാരങ്ങള്‍ (നടന്നുകൊണ്ടിരിക്കുന്നത്) |
| ബദല്‍ | ബദല്‍ | പകരം |
ധനകാര്യം
| മലയാളം | അറബിക് | അര്‍ഥം |
| ഖജനാവ് | ഖസാന | സൂക്ഷിപ്പുകേന്ദ്രം |
| ഹവാല | ഹവാല | ക്രയവിക്രയം |
| തഹസീല്‍ദാര്‍ | തഹ്സീല്‍ | പിടിച്ചെടുക്കല്‍ |
| ഇനാം | ഇന്‍ആം | സമ്മാനം, ദാനം |
| കുറി | ഖുര്‍അ് | കുറി (നറുക്ക്) |
| ഖജാഞ്ചി | ഖാസിന് | സൂക്ഷിപ്പുകാരന് |
| പൈസ | ഫില്‍സ് | പൈസ |
ഭക്ഷണ പാനീയങ്ങള്‍
| മലയാളം | അറബിക് | അര്‍ഥം |
| ഹലുവ | ഹല്‍വ | മധുരപലഹാരം |
| ചക്കര | സുക്കര്‍ | പഞ്ചസാര |
| കാവ | കഹ്വ | കാപ്പി |
| ഉലുവ | ഹുല്‍ബഹ് | ഉലുവ |
| ചായ | ശായ് | ചായ |
| ഖുബ്ബൂസ് | ഖുബ്സ് | റൊട്ടി |
| പത്തിരി | ഫതീര്‍ | പത്തിരി |
| അലീസ | ഹരീസ് | പായസം |
| സര്‍ബത്ത് | ശര്ബത് | പാനീയം |
| നാരങ്ങ | നാരഞ്ച് | നാരങ്ങ |
വീട്ടുപകരണങ്ങള്‍
| മലയാളം | അറബിക് | അര്‍ഥം |
| കൂജ | കോസ് | കൂജ |
| കോപ്പ | കൂബ് | കപ്പ് |
| പിഞ്ഞാണം | ഫിന്‍ജാന്‍ | കപ്പ്/പാത്രം |
| സാണ് | സ്വഹൻ | പാത്രം |
| സുപ്പറ | സുഫ്റ | ഭക്ഷണത്തളിക |
പ്രയോഗങ്ങള്‍
| മലയാളം | അറബിക് | അര്‍ഥം |
| ഇല്ല | ലാ | ഇല്ല |
| അത് | ഹാദാ | അത് |
| ഹിമാര് | ഹിമാര് | കഴുത |
| മാപ്പ് | മആഫ് | മാപ്പ് |
| കാലി | ഖാലി | ഒഴിഞ്ഞ |
| ബാക്കി | ബാഖി | ബാക്കി |
| സലാം | സലാം | അഭിവാദ്യ വചനം |
| ഹമുക്ക് | ഹംഖ് | മണ്ടന്‍ |
| കലാശം | ഖലാസ് | അവസാനിച്ചു |
| താഴത്ത് | തഹ്ത് | താഴെ |
| പൊക്കം | ഫൗഖ് | മുകളില്‍ |
| തവണ | ദഫ്ആ | കാശടക്കല് |
| ആമീന്‍ | ആമീന്‍ | ഉത്തരം നല്‍കണേ |
| താക്കീത് | തഅക്കിദ് | ഉറപ്പാക്കല്‍/ശാസന |
| മുസീബത് | മുസ്വീബത് | അപകടം |
| നസീബ് | നസ്വീബ് | ഭാഗ്യം |
| മുശ്കില്‍ | മുശ്കില്‍ | പ്രശ്നം |
| നസ്വീഹത് | നസ്വീഹത് | ഗുണകാംക്ഷ, ഉപദേശം |
| ഫിത്ന | ഫിത്ന | കുഴപ്പം, പരീക്ഷണം |
| മുഹബ്ബത് | മുഹബ്ബത് | സ്നേഹം |
| ജാഹില് | ജാഹില് | വിഡ്ഢി, വിവരദോഷി |
| അറാംപിറന്നോന്‍ | ഹറാം | ജാരസന്തതി |
| കറാഹത്ത് | കറാഹത്ത് | വെറുക്കപ്പെട്ടത് |
| ജിസ്യ | ജിസ്യ | നികുതി |
| ഹഖീഖത്ത് | ഹഖീഖത്ത് | യാഥാര്‍ഥ്യം |
| ഹഖ് | ഹഖ് | സത്യം |
| ഹയാത് | ഹയാത് | ജീവിതം |
പേരുകള്‍
| മലയാളം | മലയാളം | അര്‍ഥം |
|---|---|---|
| ഖലാസി | ഖലാസി | മിനുക്ക് പണിക്കാര് |
| വാടി | വാദി | തോട്ടം, മലവാരം |
| മൈതാനം | മൈദാന് | മൈതാനം |
| സായിപ്പ് | സാഹിബ് | യജമാനന്/നല്ല മനുഷ്യന് |
| ചക്കാത്ത് | സകാത്ത് | ദാനം |
| മാലാഖ | മലക് | മാലാഖ |
| പറങ്കി | ഫിറാന്ജി | വെള്ളക്കാരന്/പോര്ത്തുഗീസുകാരന് |
| കീശ | കീസ് | കീശ, സഞ്ചി |
| ജില്ല | ളില്ലാഹ് | ഖണ്ഡം |
| തഹസില്‍(ജില്ലയുടെ വിഭാഗം) | തഹ്സ്വീല്‍ | ശേഖരിക്കല്‍ |
| താലൂക് | (ജില്ലയുടെ വിഭാഗം) | തഅല്ലുക |
| മഹല്ല് | മഹല്ല് | സ്ഥലം, സ്ഥാനം |
| ഉറുമി | റുമീ | (റോമില്‍ നിന്ന് വന്നത്) |
| ഉറുമാല് | റുമാല്‍ | തൂവാല |
| ജുബ്ബ | ജുബ്ബ | വലിയ വസ്ത്രം |
| അത്തര്‍ | അത്വർ | സുഗന്ധം |
| ഉപ്പ | അബു(ന്) | ഉപ്പ |
| ഉമ്മ | ഉമ്മു(ന്) | ഉമ്മ |
| ഇങ്ക്വിലാബ് | ഇന്ഖിലാബ് | വിപ്ലവം (പരിവര്‍ത്തനം) |
| നസ്റാണി | നസ്റാനീ | ക്രിസ്ത്യാനി |
| ശിപായി | സ്വിഫാഈ | വൃത്തിയാക്കുന്നയാള്‍ |
| ഉലമാ | ഉലമാ | പണ്ഡിതന് |
| മുക്രി | മുക്രിഅ് | ബാങ്ക് വിളിക്കുന്നയാള്‍ |
| മുസല്ല്യാര് | മുസല്ലി | നമസ്കരിക്കുന്നയാള്‍ |
| ചെകുത്താന് | ശെയ്ത്താന് | പിശാച് |
| ബക്രീദ് | ബകര്‍ ഈദ് | ബലിപെരുന്നാള്‍ |
| ഈദ് | ഈദ് | പെരുന്നാള്‍, ആഘോഷം |
| ഊദ് | ഊദ് | കമ്പ് |
| ഖബ്ര്‍ | ഖബ്ര്‍ | കുഴിമാടം |
| ഹജ്ജ് | ഹജ്ജ് | ഹജ്ജ് |
| ദുനിയാവ് | ദുന്യാവ് | ഭൗതീകലോകം |
| സുറിയാനി | സുറിയാനി | സിറിയക്കാരന് |
| കസ്ബ | കസ്ബ | ചെറിയ സ്ഥലം |
| മുന്‍ഷി | മുന്ശിഅ് | ഭാഷാധ്യാപകന്, വളര്ത്തുന്നവന് |
| മുല്ല | മുഅല്ലിം | അധ്യാപകന് |
| ഇഫ്താര്‍ | ഇഫ്താര്‍ | മുറിക്കല്‍ |
| സാബൂന് | സ്വാബൂന് | സോപ്പ് |
| മദ്രസ്സ | മദ്റസ | സ്കൂള്‍ |
| ആഖിറം | ആഖിറത്ത് | പരലോകം |
| ജുമുഅ | ജുമുഅ | വെള്ളി |
| ശേഖ് | ശൈഖ് | പ്രായമുള്ളയാള്‍, ബഹുമാനിതന് |
| ജനാബ് | ജനാബ് | ബഹുമാന്യന്‍ |
| സുല്‍ത്താന്‍ | സുല്ത്വാന് | ഭരണാധികാരി |
| നൈസാം | നിദ്വാം | വ്യവസ്ഥ |
| നവാബ് | നവാബ് | പ്രതിനിധി |
| താജ് | താജ് | കിരീടം |
| മരാമത്ത് | മറമ്മത് | പുനരുദ്ധാരണം |
| തബല | ത്വബ്ല് | തബല |
| ദല്ലാള്‍ | ദല്ലാല് | ഇടനിലക്കാരന്, മാര്‍ഗ്ഗദര്‍ശി |
| കമ്മീസ് | ഖമീസ് | (അയഞ്ഞ മേല്‍ക്കുപ്പായം) |
| കത്ത് | ഖത് | എഴുത്ത് |
| ഇശാ | ഇശാഅ് | രാവ് |
| ഖാരിഫ് വിളകള്‍ | ഖരീഫ് | മഴക്കാല വിളകള്‍ |
| ദര്‍സ് | ദര്‍സ് | പാഠം |
| മന്‍സില്‍ | മന്‍സില്‍ | വീട്, താമസസ്ഥലം |
| ആദത്ത് | ആദത് | പതിവ് |
| മുസാഫിര്‍ | മുസാഫിര്‍ | യാത്രക്കാരന് |
| ബഹര്‍ | ബഹ്ര് | കടല്‍ |
| മഹര്‍ | മഹ്ര് | വിവാഹ സമ്മാനം |
| പാനീസ് | ഫാനൂസ് | വിളക്ക് |
മറ്റുള്ളവ
| മലയാളം | അറബിക് | അര്‍ഥം |
| കവാത്ത് | കവ്വ്ദ | നിരയില്‍ സഞ്ചരിക്കുക |
| നികാഹ് | നികാഹ് | വിവാഹം |
| തലാഖ് | ത്വലാഖ് | വിവാഹമോചനം |
| ഹലാല്‍ | ഹലാല്‍ | അനുവദനീയം |
| ഹറാം | ഹറാം | നിഷിദ്ധം |
| വര്‍ക്കത്ത് | ബറകത്ത് | അനുഗ്രഹം |
| ഫര്‍ക്ക | ഫിര്‍ക്കത്ത് | വിഭാഗം |
ഇത്തരത്തില്‍ നിരവധി പദങ്ങള്‍ വേറെയുമുണ്ട്.
മലയാളികളുടെ ഔപചാരിക ആഖ്യാന ശൈലിയിലും അറബിഭാഷാ സ്വാധീനമുണ്ട്. തണ്ടപ്പേര് ചേര്‍ത്തുള്ള ആധാരമെഴുത്തു രീതി ഇതിനുദാഹരണമാണ്. അന്താരാഷ്ട്ര വാണിജ്യഭാഷ, മതഭാഷ, ഭരണഭാഷ എന്ന രീതികളിലെല്ലാം പ്രചരിച്ച അറബി ഭാഷയുടെ സ്വാധീനം മലയാള ഭാഷയിലും ഉണ്ടായി എന്നുള്ളത് സ്വാഭാവികമാണ്. തമിഴ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും അറബിഭാഷാ സ്വാധീനം കാണാവുന്നതാണ്.
കടം കൊടുത്തും വാങ്ങിയും ഭാഷകള്‍ കരുത്ത് നേടുന്നു. ഒരു ഭാഷയും ഇതിന്നപവാദമല്ല. ഒരു ജനത മറ്റൊരു ജനതയുടെ അധീനത്തിലമരുമ്പോഴും രണ്ട് ഭിന്ന സംസ്കൃതികളുടെ വിനിമയങ്ങളുണ്ടാകുമ്പോഴും സംഭവിക്കുന്ന ഇത്തരത്തിലുള്ള ഭാഷാസങ്കലനങ്ങളിലൂടെ ഭാഷകള്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നതായാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്.
