അറബി ഭാഷാപഠനം കേരളത്തില്‍
കേരളത്തിലെ വിദ്യാഭ്യാസ–സാംസ്കാരിക ചരിത്രത്തില്‍ അറബി ഭാഷാപഠനത്തിന് ദീർഘവും സമ്പന്നവുമായ പാരമ്പര്യമുണ്ട്. അറബിക്കടലിലൂടെയുള്ള വ്യാപാരബന്ധങ്ങളും ഇസ്ലാമിന്റെ പ്രചാരണവും അറബി ഭാഷാപഠനം കേരളത്തില്‍ പഠിക്കപ്പെടാൻ വഴിയൊരുക്കി. ആദ്യം പള്ളികളിലും ദര്‍സുകളിലും ആരംഭിച്ച അറബി ഭാഷാപഠനം പിന്നീട് മദ്റസകളിലേക്കും അറബിക് കോളേജുകളിലേക്കും വികസിച്ചു.
കേരളത്തിലെ അറബി ഭാഷാപഠനത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. മതപരമായ ഒരു ഭാഷ എന്ന രീതിയിലായിരുന്നില്ല ആ പഠനം. മറിച്ച്, കച്ചവട ആവശ്യങ്ങളെ മുന്നിര്ത്തിയുളളതായിരുന്നു. പിന്നീട് അറബികളോടൊപ്പം ഇസ്ലാമും കേരളത്തിലേക്ക് വന്നതോടെ മുസ്ലിം സമൂഹത്തിന് അതൊരു മതപരമായ കടമയായി മാറി. പള്ളി ദര്‍സുകളിലൂടെയും മദ്റസകളിലൂടെയും അറബി ഭാഷ വളര്‍ന്നു വന്നു. അത് പിന്നീട് വിവിധ സ്ഥാപനങ്ങളിലൂടെ പ്രചരിക്കുകയും വളരുകയും ഒരു സ്വതന്ത്രഭാഷ എന്ന മേല്‍വിലാസത്തില്‍ സ്വാധീനം ഉറപ്പിക്കുകയും ചെയ്തു.
എന്നാല്‍ പൊതുവിദ്യാഭ്യാസ രംഗത്ത് അറബി ഭാഷാ പഠനം ആരംഭിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മാത്രമാണ്. 1912 ല്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവി അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.ബിഷപ്പിന് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം വിദ്യാഭ്യാസം ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ ഒരു സമിതി നിശ്ചയിക്കുകയും അതിന്റെ ചുമതല ശ്രീ.രാമസ്വാമി അയ്യരെ ഏല്പിക്കുകയും ചെയ്തു. തത്ഫലമായി 1913 മുതല്‍ തിരുവിതാംകൂറിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഖുര്‍ആന്‍ ടീച്ചര്‍മാരെ നിയമിച്ചു തുടങ്ങി. 25 മുസ്ലിം വിദ്യാര്‍ഥികളുള്ള ഓരോ സ്കൂളിലും ഒരു ഖുര്‍ആന്‍ ടീച്ചറെ നിയമിച്ചുകൊണ്ട് ഉത്തരവായി. 1920 കളില്‍ കൊച്ചി പ്രവിശ്യയിലെ ഏതാനും സ്കൂളുകളില്‍ അറബി അധ്യാപകരെ നിയമിക്കാന്‍ കൊച്ചി ദിവാനായിരുന്ന വിജയരാഘവ ആചാരി മുന്നോട്ടുവന്നു.
കേരള സംസ്ഥാനം രൂപം കൊണ്ടതുമുതലുള്ള സര്‍ക്കാറുകള്‍ അറബി ഭാഷാ പഠനത്തെ പ്രോത്സാഹിപ്പിച്ചു. ഖുര്‍ആന്‍ ടീച്ചര്മാര് എന്ന പേരു മാറ്റി അറബി അധ്യാപകരെ സ്പെഷ്യലിസ്റ്റ് ടീച്ചര്‍ തസ്തകയിലാക്കി. 1967 ല്‍ മന്ത്രിസ്ഥാനം ഏറ്റെടുത്ത സി.എച്ച് മുഹമ്മദ് കോയ സാഹിബ് അറബി മുന്‍ഷികളെ അധ്യാപകരായി പരിഗണിച്ച് ഉത്തരവിറക്കി.
അറബി ഭാഷാപഠനത്തിന് ഇന്ന് കേരളത്തില്‍ വിപുലവും വ്യവസ്ഥാപിതവുമായ നിരവധി കേന്ദ്രങ്ങളും സംവിധാനങ്ങളുമുണ്ട്. ഈ കേന്ദ്രങ്ങള്‍ മുസ്ലിം സമുദായത്തിന് മാത്രമായി ഉള്ളതല്ല. ഭാഷാ പഠനത്തില്‍ താത്പര്യമുള്ള ഏതു വ്യക്തിക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിലുള്ള പഠന ക്രമീകരണങ്ങളാണ് ഇത്തരം കേന്ദ്രങ്ങളിലുള്ളത്.
ആറായിരത്തിലധികം സ്കൂളുകളിലായി പത്ത് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ നിലവില്‍ കേരളത്തില്‍ അറബി പഠിക്കുന്നുണ്ട്. ഇതിനു പുറമെ അറബി ഭാഷാ രംഗത്ത് ഉപരിപഠനം നടത്താന്‍ കേരളത്തിലെ യൂണിവേഴ്സിറ്റികളുടെ കീഴില്‍ നൂറുകണക്കിന് കോളേജുകളുണ്ട്, സര്‍വകലാശാലകളില്‍ റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റുകളുമുണ്ട്.
അറബിക്കോളേജുകള്‍
കേരളത്തിലെ അറബി ഭാഷാ പഠന രംഗത്ത് വിപ്ലവാത്മകമായ വളര്‍ച്ചക്ക് നേതൃത്വം നല്‍കിയത് അറബിക്കോളേജുകളാണ്. പള്ളി ദര്‍സുകളുടെ കാലികമായ പരിഷ്കരണ രൂപമാണ് അറബിക് കോളെജുകള്‍.
പ്രാചീന-ആധുനിക അറബി ഭാഷയുടെയും സാഹിത്യത്തിന്റെയും പഠനം, അറബി വ്യാകരണം, ഭാഷാശാസ്ത്രം, ഖുര്‍ആന്‍, ഉലൂമുല്‍ ഖുര്‍ആന്‍, ഹദീസ്, മുസ്തലഹുല്‍ ഹദീസ്, ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, ചരിത്രം, ഇംഗ്ലീഷ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ വിഷയങ്ങള്‍ അറബിക്കോളേജുകളില്‍ പഠിപ്പിക്കുന്നുണ്ട്.
1942 ജനുവരി അഞ്ചാം തിയ്യതി മഞ്ചേരിക്കടുത്ത് ആനക്കയത്ത് സ്ഥാപിതമായ റൗദത്തുല്‍ ഉലൂമാണ് കേരളത്തിലെ ആദ്യത്തെ അറബിക്കോളെജ്. മൗലാനാ അബുസ്സബാഹ് മൗലവിയായിരുന്നു സ്ഥാപകന്‍. സൗകര്യാര്‍ഥം റൗദത്തുല്‍ ഉലൂം പിന്നീട് ഫറോഖിലേക്ക് മാറ്റപ്പെട്ടു.
ചാലിലകത്ത് കുഞ്ഞഹ്മദ് ഹാജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കേരളത്തിലെ ആദ്യത്തെ വ്യവസ്ഥാപിത മദ്റസയായ വാഴക്കാട് ദാറുല്‍ ഉലൂം 1944 ല്‍ ‘കുല്ലിയ്യത്ത്’ എന്ന പേരു സ്വീകരിച്ച് അറബിക് കോളെജാക്കി മാറ്റി. കാസര്‍ഗോഡ് ജില്ലയിലെ ആലിയ അറബിക് കോളേജ്, പുളിക്കല്‍ മദീനത്തുല്‍ ഉലൂം, അരീക്കോട് സുല്ലമുസ്സലാം, കാഞ്ഞിരപ്പള്ളി നൂറുല്‍ ഹുദാ എന്നിവയും ആദ്യകാല അറബിക് കോളെജുകളില്‍ പെട്ടവയാണ്.
സര്‍ക്കാര്‍ അംഗീകാരമുള്ള 11 അറബിക് കോളെജുകള്‍ക്കു പുറമെ 150 ഓളം അറബിക് കോളെജുകള്‍ കേരളക്കരയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിക്കൊണ്ടിരിക്കുന്നുണ്ട്.
കേരളത്തിലെ എയ്ഡഡ് അറബിക്കോളെജുകള്‍
- അന്‍വാറുല്‍ ഇസ്ലാം അറബിക് കോളേജ്
കുനിയില്‍ പി.ഒ, കീഴുപറമ്പ്, അരീക്കോട്, പിന്: 673639, മലപ്പുറം.
ഫോണ്‍: 0483 2858310
ഇ-മെയില്‍: anvarkuniyil@gmail.com
വെബ്സൈറ്റ്: http://www.aiacollege.org/ - അന്‍സാര്‍ അറബിക് കോളെജ്, വളവന്നൂര്‍
കടുങ്ങാത്തുക്കുണ്ട് പി.ഒ, വളവന്നൂര്‍, മലപ്പുറം
പിന്: 676551
ഫോണ്‍: 0494 2547037
വെബ്സൈറ്റ്:
www.ansararabiccollege.com - എ.ഐ.ഡബ്ല്യൂ.എ കോളേജ്
മോങ്ങം പി.ഒ
മലപ്പുറം.
പിന്:673642
ഫോണ്‍: +91 483 2772048
ഇ-മെയില്‍: aiwacollege@gmail.com
വെബ്സൈറ്റ്: http://www.aiwacollege.com
- ദാറുല്‍ ഇര്‍ശാദ് അറബിക് കോളെജ്
പാറാല്‍ പി.ഒ, കണ്ണൂര്‍ ജില്ല.
പിന്: 670671
ഫോണ്‍: 04902336004
- ദാറുല്‍ ഉലൂം അറബിക് കോളെജ് വാഴക്കാട്,
വാഴക്കാട് പി.ഒ, പിന്:673640,
മലപ്പുറം.
ഫോണ്‍: 9698301412
ഇ-മെയില്‍: duacvkd@gmail.com
വെബ്സൈറ്റ്: www.duacollege.in
- ദാറുന്നജാത്ത് അറബിക് കോളെജ്, കൂനഞ്ചേരി
കൂനഞ്ചേരി പി.ഒ, കോഴിക്കോട്,
പിന്:673620
ഫോണ്‍: 04962705352
വെബ്സൈറ്റ് www.ktmcollege.org
- മദീനത്തുല്‍ ഉലൂം അറബിക് കോളെജ് പുളിക്കല്‍,
മലപ്പുറം, പിന്: 673637,
ഫോണ്‍: 914832791048
ഇ-മെയില്‍:
വെബ്സൈറ്റ്:
www.muacollege.ac.in
- നുസ്റത്തുല്‍ ഇസ്ലാം അറബിക് കോളെജ്
കടവത്തൂര്‍ പി.ഒ
കണ്ണൂര്‍ ജില്ല.
പിന്:670676
ഫോണ്‍: 0490 2390381
- സുല്ലമുസ്സലാം അറബിക് കോളെജ്, അരീക്കോട്
അരീക്കോട് പി.ഒ, മലപ്പുറം
പിന്: 673639
ഫോണ്‍:0483 285 0236
ഇ-മെയില്‍: sullamareacode@gmail.com
- സുന്നിയ്യ അറബിക് കോളെജ്, ചേന്ദമംഗലൂര്‍
മുക്കം പി.ഒ, കോഴിക്കോട്
പിന്: 673602
ഫോണ്‍: 04952297115
ഇ-മെയില്‍: Sunniyya@gmail.com
വെബ്സൈറ്റ്: http://www.sunniyyacollege.com/
- റൗദത്തുല്‍ ഉലൂം അറബിക് കോളേജ്
ഫറോക്ക് കോളേജ് പി.ഒ
കോഴിക്കോട് ജില്ല, കേരളം, ഇന്ത്യ.
ഫോണ്‍: 0495 2440663
ഇ മെയില്‍: ruacollege@gmail.com
വെബ്സൈറ്റ്: www.ruacollege.in
കേരളത്തിലെ അറബിക് കോഴ്സുകള്‍
- ബി എ അഫ്ദലുല്‍ ഉലമ
കാലാവധി: മൂന്നു വര്‍ഷം
യോഗ്യത: പ്ലസ് 2 (അറബിക്), അഫ്ദലുല്‍ ഉലമ പ്രിലിമിനറി
യൂണിവേഴ്സിറ്റികളില്‍ അംഗീകാരമുള്ള മൂന്നു വര്‍ഷക്കാലത്തെ ഡിഗ്രി കോഴ്സുകള്‍ക്ക് തത്തുല്യമായ അണ്ടര്‍ ഗ്രാജ്വേറ്റ് അറബി ഭാഷാ കോഴ്സാണ് ബി എ അഫ്ദലുല്‍ ഉലമ അഥവാ ബാച്ച്ലര് ഓഫ് ആര്‍ട്സ് ഇന്‍ അഫ്ദലുല്‍ ഉലമ. ഗദ്യം, പദ്യം, നോവല്‍, നാടകം, ഗ്രാമര്‍, വിവര്‍ത്തനം തുടങ്ങി ഒന്നാം ഭാഷ അറബിയും രണ്ടാം ഭാഷ ഇംഗ്ലീഷുമായാണ് പാഠ്യ പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. പ്ലസ് ടു വിന് അറബിക് രണ്ടാം ഭാഷയെടുത്തവര്ക്കും പത്താം തരം പൂര്‍ത്തിയാക്കി പ്ലസ് ടു വിന് തുല്യമായ രണ്ടുവര്‍ഷക്കാലത്തെ അഫ്ദലുല്‍ ഉലമ പ്രിലിമിനറി കോഴ്സ് പാസായവര്‍ക്കും ബി എ കോഴ്സില്‍ ചേരാവുന്നതാണ്.
ഗഹനമായ ഭാഷാ പഠനത്തിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ അധ്യാപകന്, വിവര്ത്തകന്, ഭാഷാ വിദഗ്ധന്‍ തുടങ്ങി നിരവധി തസ്തികകളില്‍ വിദേശ രാജ്യങ്ങളിലടക്കം ജോലി സാധ്യതയുണ്ട്. ഡിഗ്രി തലത്തിലുള്ള മുഴുവന്‍ സര്‍ക്കാര്‍ തസ്തികകളിലേക്കും ബി എ അഫ്ദലുല്‍ ഉലമയുള്ളവര്ക്ക് അപേക്ഷിക്കാവുന്നതാണ്. സര്‍ക്കാര്‍ സ്കൂളുകളില്‍ യു പി തലം വരെയുള്ള അധ്യാപക നിയമനത്തിന്റെ പ്രധാന മാനദണ്ഡം ഈ കോഴ്സ് തന്നെയാണ്. സിനിമ, ഐ ടി, ബിസിനസ്, പത്രപ്രവര്‍ത്തനം, ലൈബ്രറി തുടങ്ങി വിവിധ തലങ്ങളില്‍ അഫ്ദലുല്‍ ഉലമക്കാര്‍ക്ക് തൊഴില്‍ സാധ്യതകളേറെയുണ്ട്. ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ക്ക് ബി.എഡ്, എം എ, എം ഫില്‍, പി എച്ച് ഡി തുടങ്ങി നിരവധി കോഴ്സുകള്‍ ചെയ്യാവുന്നതാണ്.
- ബി എ അറബിക്
കാലാവധി: മൂന്നു വര്‍ഷം
യോഗ്യത: പ്ലസ് ടു
പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായവര്‍ക്ക് ചേരാവുന്ന മൂന്നുവര്‍ഷ ഡിഗ്രി കോഴ്സാണ് ബി എ അറബിക്. ഇംഗ്ലീഷ് ഭാഷയ്ക്കും അറബി ഭാഷയ്ക്കും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന കോഴ്സായതിനാല്‍ അറബി ഭാഷയില്‍ പ്രത്യേകം ഗവേഷണം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അഭികാമ്യമല്ല. സ്കൂള്‍, ഐ ടി, ബിസിനസ്, പത്രപ്രവര്‍ത്തനം, തുടങ്ങി അറബി ഭാഷ ഉപയോഗിക്കേണ്ട മേഖലകളില്‍ വിവര്ത്തകന്, ടൈപ്പിസ്റ്റ്, അധ്യാപകന് എന്നിങ്ങനെ വിവിധ മേഖലകളില്‍ തൊഴില്‍ സാധ്യതകളുണ്ട്. ബി എഡ്, എം എ, എം ഫില്‍, പി എച്ച് ഡി തുടങ്ങി നിരവധി ഉപരി പഠന കോഴ്സുകള്‍ ബി എ അറബിക് പാസായവര്‍ക്ക് ചേരാവുന്നതാണ്.
- ബി എ (ഓണേസ് ഇന്‍ അറബിക്)
കാലാവധി: മൂന്ന് വര്‍ഷം
യോഗ്യത: പ്ലസ് ടു
പ്ലസ് ടു (അറബിക്) അല്ലെങ്കില്‍ തത്തുല്യ പരീക്ഷയില്‍ അറുപത് ശതമാനം മാര്‍ക്കോടെ പാസായവര്‍ക്ക് അറബി ഭാഷയില്‍ അണ്ടര്‍ ഗ്രാജ്വേറ്റിന് സാധ്യമാകുന്ന കോഴ്സാണ് ബി എ ഓണേര്‍സ് ഇന്‍ അറബിക് അഥവാ ബാച്ച്ലര് ഓഫ് ആര്‍ട്സ് ഓണേര്‍സ് ഇന്‍ അറബിക്. അറബിക് സാഹിത്യം, പദ്യം, ഗദ്യം, ഗ്രാമര്‍ കൂടാതെ മോഡേണ്‍ അറബിക്, ബിസിനസ്, സയന്‍സ്, ടെക്നോളജി അപ്ലിക്കേഷന്‍ എന്നിവ പഠന വിഷയമായി വരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമായി എയര്‍പോര്‍ട്ട്, ട്രാവല്‍ ഏജന്‍സി, റെസ്റ്റോറന്റ്സ്, ഗവണ്മെന്റ് ഓഫീസുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ തൊഴില്‍ സാധ്യതയുള്ള കോഴ്സാണിത്.
- എം എ (പോസ്റ്റ് അഫ്ദലുല്‍ ഉലമ)
കാലാവധി: രണ്ടു വര്‍ഷം
യോഗ്യത: ഡിഗ്രി (അറബിക്)
ബി എ അറബിക് അല്ലെങ്കില്‍ ബി എ അഫ്ദലുല്‍ ഉലമ കോഴ്സ് അമ്പത് ശതമാനം മാര്‍ക്കോടെ പാസായവര്‍ക്കുള്ള പോസ്റ്റ് ഗ്രാജ്വേഷന് കോഴ്സാണ് എം എ പോസ്റ്റ് അഫ്ദലുല്‍ ഉലമ അഥവാ മാസ്റ്റര്‍ ഓഫ് ആര്‍ട്സ് ഇന്‍ പോസ്റ്റ് അഫ്ദലുല്‍ ഉലമ. നാല് സെമസ്റ്ററുകളിലായി ദ്വിവര്‍ഷ കോഴ്സില്‍ ട്രാന്സ്ലേഷന്, ഫംങ്ഷണല്‍ അറബിക്, അഡ്വാന്‍സ്ഡ് ഗ്രാമര്‍, നിരൂപണ സാഹിത്യം, ആധുനിക സാഹിത്യം, മത താരതമ്യ പഠനം, മീഡിയ റൈറ്റിംഗ് തുടങ്ങിയ വിവിധ മേഖലകള്‍ പാഠ്യവിഷയമായി വരുന്നുണ്ട്. പത്രമാധ്യമങ്ങള്‍, ടൂറിസം, ലൈബ്രറി, ഫിലിം ഇന്റസ്ട്രി, കമ്മ്യൂണിക്കേഷന്‍ മാനേജ്മെന്റ്, ഗവണ്മെന്റ് തുടങ്ങി വിവിധ മേഖലകളില്‍ ഉന്നത തസ്തികകളില്‍ ജോലി ചെയ്യാന്‍ ഈ കോഴ്സിലൂടെ സാധ്യമാകും.
- എം. എ അറബിക്
കാലാവധി: രണ്ടു വര്‍ഷം
യോഗ്യത: ഡിഗ്രി (അറബിക്)
ബി എ അറബിക് അല്ലെങ്കില്‍ ബി എ അഫ്ദലുല്‍ ഉലമ കോഴ്സ് അമ്പത് ശതമാനം മാര്‍ക്കോടെ പാസായവര്‍ക്കുള്ള പോസ്റ്റ് ഗ്രാജ്വേഷന് കോഴ്സാണ് എം എ അറബിക്.
ഇതിനു പുറമെ അറബി ഭാഷയില്‍ എം.ഫില്‍ ചെയ്യുന്നതിനും പി.എച്ച്. ഡി ചെയ്യുന്നതിനും കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ സൗകര്യമുണ്ട്.
