മതങ്ങൾ
മതങ്ങള്‍ മനുഷ്യന്റെ ആത്മീയ അന്വേഷണത്തിന്റെ ഫലമായാണ് രൂപംകൊണ്ടത്. മനുഷ്യന്‍ പ്രകൃതിയെയും ജീവിതത്തെയും മരണത്തെയും കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയ കാലം മുതലേ പരമസത്യത്തെ തേടുന്ന ശ്രമങ്ങള്‍ നടന്നുവരുന്നു. ഈ അന്വേഷണങ്ങളാണ് വിവിധ മതങ്ങള്‍ക്ക് അടിത്തറയിട്ടത്. മതങ്ങള്‍ മനുഷ്യന്റെ വിശ്വാസം മാത്രമല്ല, അവന്റെ ജീവിതരീതി, ചിന്താശൈലി, സാമൂഹിക ബന്ധങ്ങള്‍ എന്നിവയും രൂപപ്പെടുത്തുന്ന ശക്തിയാണ്.
ഓരോ മതവും മനുഷ്യനെ ശാസനാപഥത്തിലേക്ക് നയിക്കുന്ന ധാര്‍മ്മിക മാര്‍ഗനിര്‍ദേശങ്ങളാണ് നല്‍കുന്നത്. ആരാധനാചാരങ്ങള്‍, പ്രാര്‍ഥനകള്‍, ഉപവാസങ്ങള്‍, ധാര്‍മിക നിയമങ്ങള്‍ എന്നിവ മനുഷ്യന്റെ ആത്മനിയന്ത്രണത്തിനും ആത്മശുദ്ധിക്കും സഹായകമാണ്. ഇസ്‌ലാം, ക്രിസ്തുമതം, യഹൂദമതം എന്നീ മതങ്ങള്‍ ഏകദൈവ വിശ്വാസത്തെ ആധാരമാക്കി മനുഷ്യജീവിതത്തിന് വ്യക്തമായ മാര്‍ഗരേഖകള്‍ നല്‍കുന്നു. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം തുടങ്ങിയ മതങ്ങള്‍ ആത്മീയമോക്ഷം, അഹിംസ, സമാധി, ധ്യാനം തുടങ്ങിയ ആശയങ്ങളെ മുന്‍നിര്‍ത്തുന്നു.
വിശ്വാസരീതികളിലും ആരാധനാചാരങ്ങളിലും വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നാലും, മനുഷ്യനെ നന്മയിലേക്കും നീതിയിലേക്കും നയിക്കുക എന്നത് എല്ലാ മതങ്ങളുടെയും പൊതുവായ ലക്ഷ്യമാണ്. സാമൂഹിക ഐക്യം, സഹജീവിതം, കരുണ, ഉത്തരവാദിത്വബോധം എന്നിവ വളര്‍ത്തുന്നതില്‍ മതങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. മതങ്ങള്‍ വ്യക്തിയുടെ ആത്മീയ വളര്‍ച്ചയ്‌ക്കൊപ്പം സമൂഹത്തിന്റെ ധാര്‍മിക നിലനില്‍പ്പിനും സഹായകമാകുന്നു. അതിനാല്‍ മതങ്ങളെ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത് മനുഷ്യജീവിതത്തെ സമഗ്രമായി ഗ്രഹിക്കുന്നതിനുള്ള ഒരു പ്രധാന വഴിയാണ്.
ഇസ്‌ലാം
ഏകദൈവ വിശ്വാസം അടിസ്ഥാനമായ മതമാണ് ഇസ്‌ലാം. ലോകത്തെയും അതിലെ കോടാനുകോടി ജീവികളെയും സൃഷ്ടിക്കുകയും അവയ്ക്ക് ജീവിക്കാനാവശ്യമായ സൗകര്യങ്ങളൊരുക്കുകയും ചെയ്ത സ്രഷ്ടാവിനു മാത്രമേ ആരാധന അര്‍പ്പിക്കാവൂ എന്നാണ് ഇസ്‌ലാമിന്റെ അടിസ്ഥാനസിദ്ധാന്തം. മുസ്‌ലിംകള്‍ ആ സ്രഷ്ടാവിനെ ‘യഥാര്‍ഥ ആരാധ്യന്‍’ എന്നര്‍ഥം വരുന്ന അല്ലാഹു എന്ന പദംകൊണ്ട് വിശേഷിപ്പിക്കുന്നു.
സമാധാനം, വിശുദ്ധി, സമര്‍പ്പണം എന്നൊക്കെയാണ് ഇസ്‌ലാം എന്ന പദത്തിന്റെ അര്‍ഥം. ഇസ്‌ലാം ഒരു സാമുദായിക മതമല്ല. പ്രപഞ്ച സ്രഷ്ടാവ് മനുഷ്യസമൂഹത്തിന് ജീവിതപ്പാത കാട്ടിക്കൊടുക്കുവാന്‍ അവതരിപ്പിച്ച ആദര്‍ശവും, ഒരു മനുഷ്യന്‍ തന്റെ ജനനം മുതല്‍ മരണം വരെ പാലിക്കേണ്ട നിര്‍ദേശങ്ങളുമടങ്ങുന്ന നിയമസംഹിതയാണത്. മനുഷ്യന്റെ ആരംഭം മുതല്‍ സ്രഷ്ടാവ് ഈ ജീവിതപ്പാതയെക്കുറിച്ച് മനുഷ്യനെ അറിയിച്ചുകൊണ്ടേയിരുന്നു. മനുഷ്യരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ദൂതന്മാരിലൂടെയാണ് അല്ലാഹു ഇതു നിര്‍വഹിച്ചത്. വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിഭിന്ന പ്രദേശങ്ങളിലായി അനേകം പ്രവാചകര്‍ ദൗത്യനിര്‍വഹണം നടത്തി. അവരില്‍ ചിലര്‍ക്ക് അല്ലാഹു വേദഗ്രന്ഥങ്ങള്‍ നല്കുകയും ചെയ്തു. നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസാ തുടങ്ങിയ പ്രവാചകരും തൗറാത്ത്, സബൂര്‍, ഇഞ്ചീല്‍ വേദഗ്രന്ഥങ്ങളും ഇതിനുദാഹരണങ്ങളാണ്.
പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി എന്ന ദൈവദൂതന്‍. അദ്ദേഹത്തിലൂടെ ഇസ്‌ലാമികനിയമസംഹിത അല്ലാഹു പൂര്‍ത്തിയാക്കുകയും ലോകവസാനം വരെയുള്ള മനുഷ്യര്‍ക്കു വേണ്ടി ഖുര്‍ആന്‍ എന്ന വിശുദ്ധ ഗ്രന്ഥം അവതരിപ്പിക്കുകയും ചെയ്തു. ലോകാന്ത്യം വരെ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാവാതെ അത് നിലനില്ക്കും. വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങള്‍ക്ക് പ്രവാചകന്‍ തന്റെ ജീവിതം കൊണ്ട് മാതൃക കാണിച്ചിട്ടുണ്ട്. ഖുര്‍ആന്റെയും പ്രവാചകധ്യാപനങ്ങളുടെയും സ്വാധീനത്തിലൂടെ അജ്ഞാന കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആറാം നൂറ്റാണ്ടിലെ അറബ് ജനത സംസ്‌കാരസമ്പന്നരായിത്തീര്‍ന്നു.
ഇസ്‌ലാം ഒരു സാമുദായിക മതമല്ല. ആദര്‍ശമതമാണ്. വിശുദ്ധഖുര്‍ആനും പ്രവാചചര്യയുമാണ് (ഹദീസ്) അതിന്റെ അടിസ്ഥാന പ്രമാണങ്ങള്‍. ഈ പ്രമാണങ്ങള്‍ക്കനുസരിച്ച് ജീവിതത്തെ ക്രമീകരിക്കുകയാണ് വേണ്ടത്. മനുഷ്യന്റെ വൈയക്തിക, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ ജീവിതം എങ്ങനെയാവണമെന്നും അവന്ന് സ്രഷ്ടാവിനോടും മനുഷ്യരോടും ഇതരജീവികളോടും പ്രകൃതിയോടുമുള്ള ബാധ്യതകള്‍ എന്തൊക്കെയാണെന്നും ദൈവപ്രീതിക്കു വേണ്ട അനുഷ്ഠാനങ്ങളും ആചാരങ്ങളും എന്തൊക്കെയാണെന്നും പ്രമാണങ്ങള്‍ കൃത്യമായി പഠിപ്പിക്കുന്നു. ഈ പ്രമാണങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നതിലൂടെ മനുഷ്യജീവിതം സമാധാനം നിറഞ്ഞതായിത്തീരുന്നു.
ഈ ലോകത്തിന് ഒരവസാനമുണ്ട്. അന്ന് എല്ലാം നശിക്കും. തുടര്‍ന്ന് മനുഷ്യന്‍ പുനര്‍ജീവിക്കപ്പെടും. ഭൂമിയിലെ ജീവിതത്തെക്കുറിച്ച് സ്രഷ്ടാവ് വിചാരണ നടത്തും. പ്രമാണബദ്ധമായ ജീവിതം നയിച്ചവര്‍ക്ക് രക്ഷ ലഭിക്കുകയും അല്ലാത്തവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും. ഇക്കാര്യങ്ങളെല്ലാം ഗ്രഹിച്ചവരും ഉള്‍ക്കൊണ്ടവരുമാണ് മുസ്‌ലിംകള്‍.
അംഗസംഖ്യയില്‍ ലോകത്തെ രണ്ടാമത്തെ വലിയ മതമാണ് ഇസ്‌ലാം. ലോകജനസംഖ്യയുടെ 24% ല്‍ അധികം മുസ്‌ലിംകളാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന മതവും ഇസ്‌ലാമാണ്. ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകളുള്ളത് ഇന്ത്യോനേഷ്യയിലാണ്. ഇന്ത്യക്കാണ് രണ്ടാം സ്ഥാനം.
ക്രിസ്തുമതം
സെമിറ്റിക് മതങ്ങളിലൊന്നാണ് ക്രിസ്തുമതം. യേശു ക്രിസ്തുവിന്റെ അധ്യാപനം സ്വീകരിച്ചവരെ ക്രിസ്ത്യാനികളെന്നും അവരുടെ മതത്തെ ക്രിസ്തുമതമെന്നും വിളിക്കപ്പെടുന്നു. വിവിധ വിഭാഗങ്ങളിലായി ക്രിസ്തുമതത്തില്‍ ഇരുന്നൂറു കോടിയിലേറെ വിശ്വാസികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ലോകജനസംഖ്യയുടെ മൂന്നിലൊന്നു വരുമിത്. ബൈബിളാണ് ക്രിസ്ത്യാനികളുടെ പ്രാമാണികവും വിശുദ്ധവുമായ ഗ്രന്ഥം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികളുള്ള മതമാണ് ക്രിസ്തുമതം.
യഹൂദ സമുദായം ആത്മീയമായും സംസ്‌കാരികമായും ജീര്‍ണിച്ച അവസരത്തിലാണ് യേശു തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. റോമ ചക്രവര്‍ത്തിയായിരുന്ന ആഗസ്റ്റസ് സീസറുടെ കാലത്ത് ഫലസ്തീന്‍ പ്രവിശ്യയില്‍ ബത്‌ലഹേമിലാണ് ക്രിസ്തു പിറന്നത്. അദ്ദേഹത്തിന്റെ ജനന തിയ്യതിയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. യേശുവിന്റെ ജീവിതത്തിലെ ആദ്യത്തെ 30 വര്‍ഷങ്ങള്‍ അജ്ഞാതമാണ്. 30ാം വയസിലാണ് അദ്ദേഹം പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്.
യഹൂദ സമുദായത്തിലെ ചൂഷണങ്ങളെയും അനീതിയെയും യേശു ശക്തമായി എതിര്‍ത്തു. പുരാതനകാലത്തെ പ്രവാചകാധ്യാപനങ്ങളെ പുനരുദ്ധരിക്കലാണ് തന്റെ ദൗത്യമെന്ന് ആവര്‍ത്തിച്ചു പറഞ്ഞു.
നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണ് ഞാന്‍ വന്നതെന്ന് നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല, പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത് (മത്തായി 5:17).
യേശുവിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ദരിദ്രജന വിഭാഗത്തെ ആകര്‍ഷിച്ചപ്പോള്‍ അത് സുഖഭോഗ നിമഗ്നരായുള്ള പുരോഹിതന്മാരെ വിറളിപിടിപ്പിച്ചു. ഭരണകര്‍ത്താക്കളെ തെറ്റിദ്ധരിപ്പിച്ച് അവരെ സമ്മര്‍ദത്തിലാക്കി യേശുവിനെ കുരിശിലേറ്റുന്നതില്‍ യഹൂദര്‍ വിജയിച്ചു എന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു.
ക്രിസ്തുവിന്റെ വ്യക്തിത്വത്തില്‍ ദൈവികതയും മനുഷ്യ പ്രകൃതിയും സമ്മേളിക്കുന്നു എന്നുള്ളത് ക്രിസ്തീയ വിശ്വാസത്തിന്റെ കാതലായ ഭാഗമത്രെ. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന ത്രിത്വമാണ് ക്രിസ്തീയ കാഴ്ച്ചപ്പാടില്‍ ദൈവ വിശ്വാസം. ത്രിത്വത്തില്‍ മൂന്നും മുന്നിലോ പിന്നിലോ അല്ല. അവ മൂന്നും സഹസമാനരും (co. equal) സഹ അനശ്വരരും (co. eternal)ആണ്. അതായത് ത്രിത്വത്തില്‍ എകത്വവും എകത്വത്തില്‍ ത്രിത്വവും സമമായ മോക്ഷത്തിനായി നാഥനായ യേശു ക്രിസ്തുവിന്റെ അവതാരത്തില്‍ വിശ്വസിക്കേണ്ടതുണ്ട്. കര്‍ത്താവായ ദൈവ പുത്രനായ യേശു ദൈവ പുത്രനാണെന്നതാണ് ഉത്തമമായ വിശ്വാസം. ക്രിസ്തുവിന്റെ മാതാവെന്ന നിലയില്‍ കന്യ മറിയത്തെ ആദരിക്കല്‍ ക്രിസ്തീയ വിശ്വാസത്തിന്റെ ഭാഗമാണ്. ഒരു സൃഷ്ടിക്ക് നല്‍കുന്ന ഏറ്റവും ഉന്നതമായ ആദരവാണ് ചര്‍ച്ച് കന്യാമറിയത്തിന് നല്‍കിവരുന്നത്.
മറിയ യേശുവിന്റെ മാതാവും (ക്രിസ്‌റ്റോകോസ്) ദൈവത്തിന്റെ മാതാവും(തിയോഡോകോസ്) ആണ്. അവര്‍ മോചകന്റെ മാതാവും വിശുദ്ധാത്മാവിന്റെ നക്ഷത്രവുമാണ്.
മൂന്ന് വര്‍ഷത്തെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മനുഷ്യ വംശത്തിന്റെ പാപം കഴുകിക്കളയാനായി യേശു സ്വയം കുരിശിലേറി എന്നതാണ് ക്രിസ്തീയ വിശ്വാസം. അവതരണത്തിന്റെ ലക്ഷ്യം തന്നെ ഇതായിരുന്നുവത്രേ. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ചരിത്രമാണ് സുവിശേഷകര്‍ നല്‍കുന്നത്.
യേശുവിന്റെ അധ്യാപനങ്ങള്‍ പ്രധാനമായും നാല് സുവിശേഷങ്ങളായി ക്രമീകരിക്കപ്പെടുന്നു. ക്രിസ്ത്യാനികള്‍ പഴയ നിയമവും പുതിയ നിയമവും സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഉത്പത്തി മുതല്‍ മക്കബായര്‍ വരെ പഴയ നിയമത്തിലെ 40 പുസ്തകളില്‍ 39 എണ്ണം മാത്രമേ പ്രൊട്ടസ്റ്റന്റ് വിഭാഗം ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നുള്ളൂ. മത്തായി എഴുതിയ സുവിശേഷം മുതല്‍ വെളിപാടു വരെയുള്ള 27 പുസ്തക സമുച്ചയമാണ് പുതിയ നിയമം. സുവിശേഷകരായ മാത്യു(മത്തായി)വും ജോണും(യോഹന്നാന്‍) ക്രിസ്തുവിന്റെ 12 ശിഷ്യരില്‍പ്പെടുന്നു. മാര്‍ക്കോസ്(മാര്‍ക്ക്) ക്രിസ്തുവിന്റെ പ്രധാന ശിഷ്യനായ പത്രോസി(പീറ്റര്‍)ന്റെയും ലൂക്കാ(ലൂക്ക) പൗലോസ്(പോള്‍)ന്റെയും ശിഷ്യന്മാരാണ്. ഇവരാണ് മറ്റ് രണ്ട് സുവിശേഷകര്‍.
ക്രിസ്തീയ വിശ്വാസ പ്രകാരം ചര്‍ച്ചിന് പ്രമുഖ സ്ഥാനമാണുള്ളത്. ചര്‍ച്ച് ദൈവ കാരുണ്യത്തിന്റെയും അധികാരത്തിന്റെയും പ്രതീകമാണ്
ആരാധനാ രീതികള്‍ അനുസരിച്ച് ക്രിസ്തീയ സഭകളെ രണ്ടായി തിരിക്കാം. റോമന്‍, അംബ്രേഡിയന്‍, മൊസാറബിക് എന്നീ ഉപവിഭാഗങ്ങളടങ്ങിയ പാശ്ചാത്യ (ലാറ്റിന്‍) സഭയും അലക്‌സാണ്ട്രിയന്‍, ആന്‍ഗിയോക്കിയന്‍, ബൈസന്റയിന്‍, കാല്‍ഡിയന്‍ എന്നീ ഉപസഭകളുടെ പൗരസ്ത്യന്‍ സഭയുമാണത്.
ദൈവ പ്രീതിക്ക് വേണ്ടിയും ആത്മ സംസ്‌കരണത്തിനായും അനുവദിക്കപ്പെടുന്ന ചില ബാഹ്യ കര്‍മങ്ങളാണ് കൂദാശകള്‍. 7 കൂദാശകളാണ് ക്രിസ്തു നിശ്ചയിച്ചതെന്ന് ബഹുഭൂരിപക്ഷം ക്രിസ്തീയരും വിശ്വസിക്കുന്നു.
മാമുദീസ(Baptism) നവജാത ശിശുവിന് ക്രിസ്തു മതത്തില്‍ അംഗ്വതം നല്‍കുന്ന കര്‍മമാണ്. കുട്ടിയുടെ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ ത്രിത്വത്തിന്റെ പേരില്‍ മൂന്ന് പ്രാവിശ്യം തലയില്‍ വെള്ളമൊഴിക്കലാണ് ഇതിന്റെ പ്രധാന ഭാഗം. നല്ല ജീവിതം നയിക്കാന്‍ ശിശുക്കളുടെ നെറ്റിയില്‍ സുഗന്ധ തൈലം ചാര്‍ത്തുന്ന കര്‍മമാണ് സ്ഥൈര്യലേപനം. പാപികള്‍ക്ക് പാപമോചനം നല്‍കാന്‍ കുമ്പസാരമെന്നും (confecsin) ദൈവ പ്രീതിക്കായി നടത്തുന്ന കര്‍മത്തെ കുര്‍ബാന എന്നും പറയപ്പെടുന്നു. മരണം, വിധി നടത്തല്‍, നരകം, സ്വര്‍ഗം എന്നിവ കൂടി ക്രിസ്തീയ വിശ്വാസം സ്പര്‍ശിക്കുന്നതാണ്.
ക്രിസ്താബ്ദം ആറാം നുറ്റാണ്ടോടു കൂടി ആരംഭിച്ച ആശ്രമ സമ്പ്രദായമാണ് സന്യാസി മഠങ്ങള്‍.
16ാം നൂറ്റാണ്ടില്‍ ജര്‍മനിയില്‍ ആരംഭിച്ച പ്രൊട്ടസ്റ്റന്റ് വിപ്ലവം കത്തോലിക്ക സഭയെ പിളര്‍പിലേക്ക് നയിച്ചു. പ്രൊട്ടസ്റ്റന്റ് പ്രസ്ഥാനം ആരംഭിച്ചത് പതിനാറാം നൂറ്റാണ്ടില്‍ ജര്‍മനിയിലാണ്. കത്തോലിക്ക സഭയില്‍ നടമാടിയിരുന്ന ദുരാചാരങ്ങള്‍ക്കെതിരെ ആരംഭിച്ച ഈ പ്രസ്ഥാനം ക്രൈസ്തവ യൂറോപ്പിനെ രണ്ടായി പിളര്‍ത്തി.
യഹൂദ മതം
ഏകദൈവ വിശ്വാസം അടിസ്ഥാനമായ ഒരു പഴയ മതമാണ് യഹൂദ മതം. തോറയാണവരുടെ അടിസ്ഥാന പ്രമാണം. അംഗ സംഖ്യയുടെ അടിസ്ഥാനത്തില്‍ ലോകത്തെ പത്താമത്തെ മതമത്രെ അത്. അബ്രഹാം, ഇസ്ഹാഖ്, യാക്കോബ് എന്നീ പുണ്യ പുരുഷന്മാരോടു കൂടിയാണിവരുടെ ചരിത്രം ആരംഭിക്കുന്നത്. ദൈവം തങ്ങളെ അവന്റെ ഇഷ്ട ജനങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നുവെന്നും കനാന്‍ പ്രദേശം തങ്ങള്‍ക്ക് ഇഷ്ടദാനമായി നല്‍കിയിരിക്കുന്നുവെന്നും അവര്‍ വിശ്വസിക്കുന്നു. ഈ ശ്രേഷ്ഠത തങ്ങള്‍ക്ക് ലഭിക്കാന്‍ നിമിത്തമായത് പൂര്‍വികന്മാരുടെ വിശിഷ്യാ ഏകദൈവത്തെ മാത്രം ആരാധിക്കുകയും ഉപാസിക്കുകയും ബിംബാരാധന തിരസ്‌കരിക്കുകയും ചെയ്ത അബ്രഹാമിന്റെ ദൈവ സാമീപ്യമാണെന്ന് അവര്‍ വിശ്വസിക്കുന്നു.
ദൈവത്തിന്റെ ഏകത്വത്തെ കുറിച്ചാണ് യഹൂദ മതം പറയുന്നത്. നാഥനായ ദൈവം ഏകനാണെന്ന് ഇസ്രാഈല്യരോട് ആവര്‍ത്തിച്ച് ഉദ്‌ബോധിപ്പിക്കുന്നതായി കാണാം (നിയമവര്‍ത്തനം 6:4).
‘ഞാനല്ലാതെ വേറെ ദേവന്മാര്‍ നിങ്ങള്‍ക്ക് വരാനുണ്ട്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള മുത്തിന്റെയും പ്രതിമയോ സ്വരൂപമോ നിര്‍മിക്കരുത്. അവയ്ക്കുമുമ്പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത് (പുറപ്പാട് 20:3-5).
സീനായ് പര്‍വത നിരകളില്‍ വെച്ച് ദൈവം മോശയ്ക്കു നല്‍കിയ തോറയിലെ പ്രധാന ഭാഗമായ 10 കല്പനകള്‍ യഹൂദമതത്തിന്റെ അന്തസ്സത്ത പ്രകാശിപ്പിക്കുന്നു.
വൈവാഹിക ജീവിതത്തില്‍ പ്രതിഫലിക്കേണ്ടത് ദൈവിക ശാസനകള്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടാണ്. ചേലാകര്‍മം, വിവാഹം, മാതാപിതാക്കളോടുള്ള ഉത്തരവാദിത്തം, ആഹാര ക്രമം, ദാനധര്‍മങ്ങള്‍ അയല്‍വാസി ബന്ധം എന്നീ സകല മേഖലകളിലും അനുവര്‍ത്തിക്കേണ്ട വ്യക്തവും കര്‍ക്കശവുമായ ശാസനകളാണ് അവ.
യഹൂദമതം ദൈവത്താല്‍ നിയുക്തരായ പ്രവാചകന്മാരിലും വിശ്വസിക്കുന്നു. ജനം സന്മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ച് ദുര്‍ഗന്ധപൂരിതമായ ജീവിതം നയിച്ചപ്പോള്‍ ദൈവത്തിന്റെ കല്‍പന അവരെ അറിയിച്ച് അവരെ സന്മാര്‍ഗത്തിലേക്ക് തിരിച്ചു കൊണ്ടുവരലായിരുന്നു പ്രവാചകന്മാരുടെ മുഖ്യ ദൗത്യം. ചെറുതും വലുതുമായ വളരെയധികം പ്രവാചകന്മാര്‍ ഇസ്‌റാഈല്യര്‍ക്കിടയില്‍ പ്രബോധനം നടത്തിയിട്ടുണ്ട്. ഇസ്‌റാഈല്യരെ ബാഹ്യസ്വാധീനത്തില്‍ നിന്ന് രക്ഷിക്കാന്‍ ദൈവത്താല്‍ തന്നെ ന്യായാധിപന്മാര്‍ നിയുക്തനായി. BCE 12ാംനൂറ്റാണ്ടിന്റെ ആരംഭം മുതല്‍ 11ാം നൂറ്റാണ്ടിന്റെ അവസാനം വരെയാണ് ഇവരുടെ കാലഘട്ടം. BCE 1010ല്‍ സാമുവല്‍ ദാവീദിനെ രാജാവായി പ്രഖ്യാപിച്ചു. ദാവീദ്, രാജാവും ദൈവദൂതനുമാകുന്നു. സംഭവ ബഹുലമായിരുന്നു ദാവീദ് ഭരിച്ച വര്‍ഷം. ദാവീദ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്വന്തം പുത്രന്‍ സോളമനെ തുടര്‍ന്ന് അനേകം പ്രവാചകന്മാര്‍ ആഗതരായി.
മസീഹ(രക്ഷകന്‍) യെക്കുറിച്ചുള്ള വിശ്വാസമാണ് യഹൂദ വിശ്വാസ സംഹിതയുടെ ഒരു പ്രധാന ഘടകം. മസീഹയെപ്പറ്റി വിവിധ കാഴ്ചപ്പാടുകളും വ്യാഖ്യാനങ്ങളും നിലനില്‍ക്കുന്നുണ്ട്. ”ജനങ്ങളുടെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കും. അവരുടെ വാള്‍ കൊഴുവും അവരുടെ കുന്തങ്ങള്‍ വാക്കത്തിയുമായി അടിച്ചു രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനു മേല്‍ വാളുയര്‍ത്തില്ല” (ഏശയ്യ 2:4).
യഹൂദ മതഗ്രന്ഥങ്ങളെ ചരിത്രപരം, പ്രവചനപരം, പ്രബോധനപരം എന്നിങ്ങനെ തരം തിരിക്കാവുന്നതാണ്. പഞ്ച ഗ്രന്ഥി എന്നറിയപ്പെടുന്ന പുസ്തകങ്ങളും. ജോഷ്വ ന്യായാധിപന്മാര്‍, റൂത്ത്, സാമുവല്‍ (2പുസ്തകം), രാജാക്കന്മാര്‍ (2പുസ്തകം), ദിനവൃത്താന്തങ്ങള്‍ (2 പുസ്തകം), എസ്രാ, നെഹെമിയ, തോബിന്ത് യൂദിത്ത് എസ്‌തേര്‍ (2പുസ്തകം) മക്കമ്പായര്‍ എന്നിവയാണ് ചരിത്രപരമായ ഗ്രന്ഥങ്ങള്‍.
എശെയ്യാ, ജറമിയ്യ, എസെക്കിയേല്‍, ദാനിയേല്‍ എന്നീ പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളും വിലാപങ്ങള്‍, ബാറുക്ക് എന്നിവയും പ്രവചനപരമായ ഗ്രന്ഥങ്ങളാണ്.
ജോബ്, സങ്കീര്‍ത്തനങ്ങള്‍, സുഭാഷിതങ്ങള്‍, സഭാ പ്രാസംഗകന്‍, ഉത്തമ ഗീതം, ജ്ഞാനം, പ്രഭാഷകന്‍, എന്നിവയാണ് പ്രബോധനപരമായ ഗ്രന്ഥങ്ങള്‍.
ബൈബിളിന്റെ ഒന്നാം ഭാഗം പഴയ നിയമം (old testament) എന്നും രണ്ടാം ഭാഗം പുതിയ നിയമം (new testament) എന്നും അറിയപ്പെടുന്നു.
ഉത്പത്തി, പുറപ്പാട്, ലേവ്യര്‍, സംഖ്യ, നിയമവര്‍ത്തനം എന്നീ അഞ്ചു പുസ്തകങ്ങള്‍ നിയമം (തോറ) എന്ന വിഭാഗത്തില്‍പെടുന്നു. പ്രവാചകന്മാര്‍, ലിഖിതങ്ങള്‍ എന്നിവയാണ് മറ്റു രണ്ടു വിഭാഗങ്ങള്‍. ഇതിലൊന്നും പെടാത്ത അനേകം അര്‍ധപവിത്ര ഗ്രന്ഥങ്ങള്‍ യഹൂദര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. പഴയ നിയമത്തിന്റെ ഒരു തരം അനുബന്ധമായിട്ടാണ് ഇവ കണക്കാക്കപ്പെടുന്നത്.
ജൈന മതം
ഇന്ത്യയില്‍ ഉടലെടുത്ത മതങ്ങളില്‍ ഒന്നാണ് ജൈനമതം. വര്‍ധമാന മഹാ വീരനാണ് ജൈനമത സ്ഥാപകനെന്ന് പൊതുവെ കരുതപ്പെടുന്നുണ്ടെങ്കിലും ജൈന മത വിശ്വാസികള്‍ അദ്ദേഹത്തെ 24ാമത്തെ തീര്‍ഥങ്കരനായിട്ടാണ് കരുതി വരുന്നത്. വൈദിക മതത്തിന്റെ അത്രതന്നെ പുരാതനമാണ് ജൈന മതമെന്ന് ജൈനര്‍ അവകാശപ്പെടുന്നു. ഋഷഭ ദേവന്‍ എന്ന ആദിനാരനത്രെ പ്രഥമ തീര്‍ഥങ്കരന്‍. വാജി രാജ്യത്തിന്റെ തലസ്ഥാനമായ വൈശാലിയിലാണ്( ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ല) മഹാവീരന്‍ (599 ബി.സി) ജനിച്ചത്. രാജകീയ ജീവിതം നയിച്ച മഹാവീരന്‍ ചെറുപ്പത്തില്‍ തന്നെ വൈദിക മതവിശ്വാസം പരിത്യജിച്ചു. സമൂഹത്തിലെ ജാതി സമ്പ്രദായം വിവേചനം എന്നിവയെ എതിര്‍ത്തു. ശ്രീ ബുദ്ധനെപ്പോലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് 30ാമത്തെ വയസ്സില്‍ കൊട്ടാരം വിട്ടിറങ്ങി. ദീര്‍ഘമായ 12 വര്‍ഷകാലം തപസ്സനുഷ്ഠിച്ചു ജീനനായി. ജൈനന്‍ ജീനന്‍ എന്നീ പദങ്ങളുടെ അര്‍ഥം വിജയം വരിച്ച ആള്‍ എന്നതാണ്. ആസക്തികള്‍ വെടിഞ്ഞ് അനന്തമായ ശക്തിയും ജ്ഞാനവും സമ്പാദിച്ച് മോചനം നേടുകയാണ് ജൈന ധര്‍മത്തിന്റെ കാതല്‍. ജീനനായതിന് ശേഷം 32 വര്‍ഷക്കാലം ബീഹാറിലെ മഗധ, അങ്ക, മിഥില, കോസല, വൈശാലി എന്നീ പ്രദേശങ്ങളില്‍ തന്റെ തത്ത്വശാസ്ത്രം പ്രചരിപ്പിച്ചു.
ഗൗതമ ബുദ്ധനുമായി പലതവണ സംവാദത്തിലേര്‍പ്പെട്ടിരുന്നു. ജന്‍മത്തിന്റെ മാഹാത്മ്യമാണ് സര്‍വ്വ ഉന്നതിക്കും കാരണമെന്ന് വിശ്വസിച്ചിരുന്ന വൈദിക ബ്രാഹ്‌മണിക മതത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു മഹാവീരന്റെ അധ്യാപനം. ജാതീയതയെ ശക്തിയായി എതിര്‍ത്തു. അഹിംസ ജീവിത വ്രതമായി സ്വീകരിക്കാനായിരുന്നു മഹാവീരന്‍ നല്‍കിയ മറ്റൊരാഹ്വാനം. യുദ്ധവും കലഹവുമില്ലാത്ത ശാന്തിയുടെയും സമാധാനാത്തിന്റെയും ലോകമായിരുന്നു അദ്ദേഹം വിഭാവന ചെയ്തത്.
മുപ്പത് വര്‍ഷത്തെ തത്ത്വ പ്രചാരണത്തിന് ശേഷം മഹാവീരന്‍ തന്റെ 72ാം വയസ്സില്‍ ബി സി 527 ല്‍ അന്തരിച്ചു.
തന്റെ ശിഷ്യ ഗണങ്ങളെ ഭിക്ഷുകള്‍, ഭിക്ഷുണികള്‍, ഗൃഹസ്ഥര്‍, ഗൃഹസ്ഥകള്‍ എന്നിങ്ങനെ തരം തിരിച്ചു പ്രത്യേകം സംഘങ്ങള്‍ മഹാവീരന്‍ ഏര്‍പ്പെടുത്തി. അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ക്രോഡീകരിച്ചത്.
ജൈനമതത്തിന്റെ തത്ത്വങ്ങള്‍ മൂന്ന് രത്‌നങ്ങളില്‍ അടങ്ങിയിരിക്കുന്നു.
1. ദര്‍ശനം – (ശരിയായ വിശ്വാസം, സത്യത്തെയും അസത്യത്തെയും യഥാര്‍ഥ രൂപത്തില്‍ കാണുക)
2. നല്ല ജ്ഞ്ാനം (ജൈനമത സിദ്ധാന്തങ്ങളെ ശരിക്കും അനുസരിക്കല്‍)
3. നല്ല ചാരിത്ര്യം (നല്ല സ്വഭാവം)
ഒരോ ജൈന മതവിശ്വാസിയും 5 പ്രതിജ്ഞകള്‍ എടുക്കേണ്ടതുണ്ട്.
1. ഒരു ജീവിയെയും നശിപ്പിക്കാതിരിക്കുക.
2. അസത്യം പറയാതിരിക്കുക.
3. അവകാശപ്പെട്ടതല്ലാതെ കൈവശപ്പെടുത്താതിരിക്കുക.
4. ബ്രഹ്‌മചര്യം
5. സുഖലോലുപത വര്‍ജിക്കുക.
ഒരു ജൈനനെ സംബന്ധിച്ചേടത്തോളം നല്ല സ്വഭാവം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഈ പഞ്ച വ്രതാനുഷ്ഠാനമാണ്.
പില്ക്കാലത്ത് ജൈന മതവിശ്വാസികള്‍ ദിഗംബര(നഗ്നര്‍) ശ്വേതാംബര(വെളുത്ത വസ്ത്ര ധാരികള്‍) ആയി വിഭജിക്കപ്പെട്ടു.
വൈദിക മതത്തിനും ബുദ്ധ മതത്തിനും ഉള്ളത് പോലെ വിപുലവും സമ്പുഷ്ടവുമായ ഒരു സാഹിത്യ സഞ്ചയം ജൈനമതത്തിനുമുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടത് മഹാവീരന്റെ ഉപദേശങ്ങളാണ്. ജൈന മതാധ്യാപനങ്ങളുടെ ലാളിത്യവും ചില ഭരണാധികാരികളില്‍ നിന്നു ലഭിച്ച രാഷ്ട്രീയ പരിലാളനയും ജൈനമതത്തില്‍ പ്രചരണത്തിന് കാരണമായിട്ടുണ്ട്.
ബുദ്ധമതം
ക്രിസ്തുവിന് മുമ്പ് 6ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ഉദയം ചെയ്തതാണ് ബുദ്ധമതം. സാന്മാര്‍ഗിക തത്ത്വങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയ ബുദ്ധ ദര്‍ശനം മനുഷ്യന്റെ മാനസിക വികാസത്തിനും മനഃശാസ്ത്രത്തിനും പരിഗണന നല്‍കുന്നു. ബുദ്ധമത വിശ്വാസിക്ക് മനസ്സാണ് പ്രധാനം. സ്വാഭാവികമായും മനസ്സ് പരിശുദ്ധമാണ്. എല്ലാ ചെയ്തികളും അതിന്റെ പ്രതിഫലനമാണ്. സത്കര്‍മങ്ങളും ദുഷ്‌കര്‍മങ്ങളും ചിന്തയുടെ ആവിഷ്‌കാരങ്ങളാണ്.
നേപ്പാളിനടുത്തുള്ള കപിലവസ്തുവിലെ ശാക്യ വംശത്തില്‍ ബി സി 567ലാണ് ബുദ്ധമത സ്ഥാപകനായ ശ്രീ ബുദ്ധന്റെ ജനനം. സിദ്ധാര്‍ഥന്‍ എന്നാണ് യഥാര്‍ഥ പേര്. വര്‍ധമാന മഹാവീരനും സിദ്ധാര്‍ഥനും സമകാലികരാണ്. ജീവജാലങ്ങളെ പിന്തുടരുന്ന രോഗം, വാര്‍ധക്യം, മരണം എന്നീ സത്യങ്ങള്‍ സിദ്ധാര്‍ഥനെ ആകുലനാക്കി. ജീവിതത്തില്‍ വിരക്തി പൂണ്ട് സിദ്ധാര്‍ഥന്‍ ഏകാന്തനായി ദിവസങ്ങള്‍ തള്ളി നീക്കി. ഒരു രാത്രിയില്‍ ഭാര്യയെയും കുഞ്ഞിനെയും കൊട്ടാരത്തില്‍ വിട്ട് യാത്രയായ സിദ്ധാര്‍ഥന്‍ തന്റെ രാജകീയ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു, ഭിക്ഷുവിന്റെ വേഷം ധരിച്ച് ജീവിത രഹസ്യങ്ങള്‍ തേടി സത്യാന്വേഷണ യാത്രതിരിച്ചു.
ആസക്തിയില്‍ മുഴുകിയ മനസ്സിന് സത്യത്തെ കണ്ടെത്താന്‍ സാധ്യമല്ലെന്നും തപസ്യര്‍ക്ക് മാത്രമേ ലക്ഷ്യ പ്രാപ്തി കൈവരികയുള്ളു എന്നും അദ്ദേഹം മനസ്സിലാക്കി. പ്രലോഭനങ്ങളഖിലവും ഉപേക്ഷിച്ച ധ്യാനം ജീവിത രഹസ്യങ്ങളെക്കുറിച്ച് അവസാനം അഗാധമായ അറിവ് നേടി ബുദ്ധനായിത്തീര്‍ന്നു.
വൈദിക മതത്തിനെതിരെയുള്ള ഒരു കാലപമായിരുന്നു ബുദ്ധമതം. ബ്രാഹ്‌മണ മേധാവിത്വം കൊണ്ട് പൊറുതിമുട്ടിയ ഒരു സാമൂഹ്യ സാഹചര്യത്തിലാണ് ബുദ്ധമതം രംഗപ്രവേശനം ചെയ്യുന്നത്. ബ്രാഹ്‌മണ്യം ജന്മസിദ്ധമാണെന്ന വാദത്തെ ശ്രീ ബുദ്ധന്‍ നിരാകരിച്ചു. കര്‍മമാണ് ഒരാളെ ഉത്തമനാക്കുന്നതെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. ധര്‍മം, ബുദ്ധം, സഘം ഇവയാണ് ബുദ്ധ മതത്തിലെ ത്രി രത്‌നങ്ങള്‍.
പ്രപഞ്ചം മുഴുവന്‍ ദു:ഖമാണ്. ദീര്‍ഘകാലത്തെ ധ്യാനത്തിന് ശേഷമാണ് ദു:ഖ കാരണം അദ്ദേഹത്തിന് ഗ്രാഹ്യമായത് ദു:ഖത്തെ നിര്‍മാര്‍ജനം ചെയ്യാനുള്ള മാര്‍ഗങ്ങളും ബുദ്ധന്‍ നിര്‍ദേശിക്കുന്നുണ്ട്. ഈ നാല് തത്ത്വങ്ങള്‍ ആര്യ സത്യങ്ങള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ജനനം തന്നെ ദു:ഖമാണ്. വാര്‍ധക്യം, രോഗം, മരണം, അസ്വാസ്ഥ്യം എന്നിവയും ദു:ഖമാണ്. ഇഷ്ടമുള്ളവയില്‍ നിന്നും വേര്‍പാട്, സഫലീകരിക്കാത്ത അഭിലാഷം എന്നിവ ദു:ഖത്തിലേക്ക് നയിക്കുന്നു. ഇതാണ് ദു:ഖത്തെ വിശദീകരിച്ചു കൊണ്ടുള്ള ആര്യ സത്യം.
ദു:ഖത്തിന്റെ കാരണം തൃഷ്ണയാണ്. ദു:ഖം ഇല്ലാതാക്കാന്‍ തൃഷ്ണ അവസാനിപ്പിക്കണം. തൃഷ്ണയാണ് പുനര്‍ ജന്മ ചക്രത്തില്‍ മനുഷ്യനെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി. തൃഷ്ണ സ്വയം ഒരു ദോഷമല്ല. അധര്‍മ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരകമാവുന്ന തൃഷ്ണയാണ് പരിത്യജിക്കേണ്ടത്.
തൃഷ്ണയെ തീര്‍ത്തും പിഴുതെറിയുന്നത് ദു:ഖത്തില്‍ നിന്ന് മനുഷ്യനെ മുക്തനാക്കും.
തൃഷ്ണ എങ്ങനെ ഉന്മൂലനം ചെയ്യുമെന്ന് നിര്‍ദേശിക്കുകയാണ് നാലാമത്തെ ആര്യ സത്യം. ലോഭം, ദോഷം, മോഹം എന്നിവ നശിപ്പിക്കുന്നതിലൂടെ മാത്രമേ നിര്‍വാണം പ്രാപിക്കാന്‍ കഴിയൂ. തൃഷ്ണയെ ഒതുക്കാനുള്ള ഒരു മധ്യമ മാര്‍ഗമാണ് നാലാമത്തെ ആര്യ സത്യം വെളിപ്പെടുത്തുന്നത്. ഇത് അഷ്ടാംഗ മാര്‍ഗമെന്ന് അറിയപ്പെടുന്നു.
മാനസികവും കായികവുമായ സവിശേഷ ബുദ്ധമത ചര്യകളാണ് അഷ്ടാംഗ മാര്‍ഗം. ശരിയായ ജ്ഞാനം. ശരിയായ സങ്കല്‍പം, ശരിയായ വാക്യം, ശരിയായ കര്‍മം, ശരിയായ സമാധി എന്നിവയാണ് തൃഷ്ണയെ നശിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിങ്ങനെ ബുദ്ധമതം ദര്‍ശിക്കുന്നു.
കര്‍മഫലത്തെക്കുറിച്ചുള്ള ബുദ്ധമത വിശ്വാസം ഹിന്ദു മതത്തിനോട് തുല്യമാണ്. കര്‍മത്തില്‍ കൂടി ലക്ഷ്യം കൈവരിക്കാനാണ് ബുദ്ധന്‍ ആഹ്വാനം ചെയ്യുന്നത്. ലാഭമോഹം കൂടാതെ കര്‍മം ചെയ്യാനാണ് ബുദ്ധന്‍ പഠിപ്പിക്കുന്നത്.
ശ്രീ ബുദ്ധന്റെ മരണ ശേഷം 100 കൊല്ലം കഴിഞ്ഞാണ് ബുദ്ധമതത്തില്‍ പിളര്‍പ്പുണ്ടാവുന്നത്. വൈശാലിയിലെ രണ്ടാം ബുദ്ധമത സമ്മേളനത്തില്‍ ഉടലെടുത്ത ഈ ചേരിതിരിവ് അശോക ചക്രവത്തിയുടെ കാലത്ത് ബുദ്ധമതത്തിനുണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ച ശമിപ്പിച്ചു. മഹായാനം എന്ന പേരില്‍ മറ്റൊരു വിഭാഗം കൂടി ഉടലെടുത്തു. മാതൃസംഘം ഹീനയാനം എന്ന പേരിലും അറിയപ്പെട്ടു. ബുദ്ധമതത്തില്‍ ഇവ കൂടാതെ വേറെയും നിരവധി ഉപ വിഭാഗങ്ങള്‍ പില്‍ക്കാലത്ത് ഉണ്ടായി. ഥേരവാദം, സര്‍വാസതി വാദം, മാധ്യമികം, വസ്ത്രയാനം, യോഗാചാരം, വജ്രയാനം എന്നിവയാണ് പ്രധാന ഉപവിഭാഗങ്ങള്‍. ജപ്പാനിലെ സെന്‍ ബുദ്ധമതം ബുദ്ധമതത്തിന്റെ പുനരുദ്ധരിച്ച രൂപമാണ്. ബുദ്ധമതത്തിന്റെ മറ്റൊരു ശാഖയാണ് ഷിന്‍ ബുദ്ധമതം. തത്ത്വ ചിന്തയില്‍ നിന്ന് മുക്തമായ തീര്‍ത്തും ലളിതമായ സാധാരണക്കാരെ ഉദ്ദേശിച്ചു കൊണ്ടുള്ള ഒരു ശാഖയാണിത്. ബുദ്ധമത നിയമ സംഹിതകള്‍ പ്രധാനമായും 3 എണ്ണമാണ്. അവ ത്രിപിടകങ്ങള്‍(കുടകള്‍) എന്നറിയപ്പെടുന്നു. വിനയ പിടകം, സൂത്ര പിടകം, അഭിധര്‍മ പിടകം എന്നിവയാണവ.
തിബത്ത്, ചൈന, ജപ്പാന്‍, ബര്‍മ, ശ്രീലങ്ക, എന്നിവിടങ്ങളില്‍ ബുദ്ധമതത്തിന് ധാരാളം അനുയായികളുണ്ടെങ്കിലും ജന്‍മദേശമായ ഇന്ത്യയില്‍ അത് നാശോന്‍മുഖമായിരിക്കുന്നു.
ഹിന്ദു മതം
ലോകത്ത് നിലവിലുള്ള പ്രമുഖ മതങ്ങളില്‍ ഒന്നാണ് ഹിന്ദുമതം. ഹിന്ദു എന്നതിനെക്കാള്‍ ‘വൈദിക ധര്‍മം’, സനാതന ധര്‍മം എന്നൊക്കെയാണീ മതത്തെ സംബോധനം ചെയ്യാന്‍ പറ്റിയ കൃത്യമായ പദങ്ങള്‍. പരമാത്മാവിന്റെ എകത്വമാണ് ഹിന്ദു മതത്തിന്റെ ആദര്‍ശം. ‘ഏകം സത്ത്’ എന്നാണ് പരമമായ സത്യത്തെ കുറിച്ച് (ഉണ്മ) ഋഗ്വേദം ഉദ്‌ഘോഷിക്കുന്നത്. ഇതിഹാസ കാലഘട്ടത്തില്‍ ത്രിമൂര്‍ത്തി സങ്കല്പം പ്രത്യക്ഷപ്പെടുകയും പുരാതന കാലഘട്ടത്തില്‍ അത് ശക്തി പ്രാപിക്കുകയും ചെയ്തു. പിന്നീടാണ് ഹിന്ദു മതത്തില്‍ ബിംബാരാധന നടപ്പിലാവുകയും പ്രചാരം സിദ്ധിക്കുകയും ചെയ്തത്. സത്തയെ പ്രകാശിപ്പിക്കുന്നതില്‍ പ്രതീകങ്ങള്‍ എത്രത്തന്നെ അപര്യാപ്തമാണെങ്കിലും ദൈവിക സാമീപ്യം സാക്ഷാല്‍കരിക്കാന്‍ സഹായിക്കുമെന്നുള്ളത് കൊണ്ട് അവയെ അനുവദിക്കാമെന്ന് ഡോ.രാധാകൃഷണന്‍ അഭിപ്രായപ്പെടുന്നുണ്ട്.
ലോകത്താകെയുള്ള 905 ദശലക്ഷത്തോളം ഹിന്ദുമതവിശ്വാസികളില്‍ 98 ശതമാനവും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍, പ്രധാനമായും ഇന്ത്യയില്‍ വസിക്കുന്നു. ക്രിസ്തുമതവും ഇസ്‌ലാം മതവും കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ വിശ്വാസികളുള്ള മതമാണ് ഹിന്ദുമതം.
ഹിന്ദുമതത്തിലെ ദൈവസങ്കല്‍പവും, വിശ്വാസാനുഷ്ഠാനങ്ങളും കാലദേശങ്ങളില്‍ വ്യത്യാസപ്പെട്ട് കാണാറുണ്ട്. എങ്കിലും പൊതുവായി പരമാത്മാവ്, ഭഗവാന്‍, ഭഗവതി അഥവാ പരബ്രഹ്‌മം എന്ന ഈശ്വരസങ്കല്പവും ഇതേ ഭഗവാന്റെ വിവിധ ഭാവങ്ങളിലുള്ള ദേവതാസങ്കല്‍പ്പങ്ങളും കാണാം. ഇതാണ് സഗുണാരാധന. ഈ ദേവതകളെ ആരാധിക്കുന്നതിന് ‘ഓം’ എന്ന ശബ്ദം പൊതുവായി ഉപയോഗിക്കാറുണ്ട്.
ആദിപരാശക്തിയുടെ സാത്വിക, രാജസിക, താമസിക ഗുണങ്ങള്‍ ത്രിമൂര്‍ത്തികള്‍ ആയി ആരാധിക്കപ്പെട്ടു. സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവയെ ആണ് ത്രിമൂര്‍ത്തികള്‍ പ്രതിനിധീകരിക്കുന്നത്. ഇവരുടെ ശക്തികളായി ത്രിദേവിമാരെയും കാണാം. ഇവരാണ് സരസ്വതി, ലക്ഷ്മി, പാര്‍വതി എന്നിവര്‍. ജ്ഞാനം, ഐശ്വര്യം, ശക്തി അഥവാ ജ്ഞാനശക്തി, ക്രിയാശക്തി, ഇച്ഛാശക്തി എന്നിവയെ ആണ് ഭഗവതി പ്രതിനിധീകരിക്കുന്നത്. എല്ലാ ദേവതകളും പരമാത്മാവില്‍ കുടികൊള്ളുന്നു എന്ന് ഭഗവദ്ഗീത പഠിപ്പിക്കുന്നു.
ഹിന്ദു മതത്തിന്റെ സവിശേഷ ഘടകമായ ‘ധര്‍മം’ ജനങ്ങളുടെ ആത്മീയ ബോധവും സ്വഭാവവും രൂപപ്പെടുത്തുന്നു. ധര്‍മാനുഷ്ഠാനങ്ങളാണ് ഒരാളെ ഹിന്ദുവാക്കുന്നത്. ജൈവാസ്തിത്വത്തിലുള്ള വിശ്വാസത്തിന്റെ പ്രതിഫലമാണ് ധര്‍മം.ഇത്തരം പ്രവൃത്തികള്‍ ധാര്‍മികതയില്‍ അധിഷ്ടിതമാവണം. മതത്തിന്റെ ഉറച്ച അടിത്തറയില്‍ പടുത്തുയര്‍ത്തിയ ധാര്‍മികതക്കേ നിലനില്‍പ്പുള്ളൂ.
കര്‍മസിദ്ധാന്തം ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്. പ്രവൃത്തി എന്നാണീ വാക്കിനര്‍ഥം. ഇഛാജാതം, ക്രിയ എന്നിവയാണ് മനുഷ്യന്റെ കര്‍മത്തെ രൂപപ്പെടുത്തുന്ന ഘടകങ്ങള്‍. അവന്റെ ആഗ്രഹവും ചീത്ത പ്രവൃത്തിയും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു. ആഗ്രഹങ്ങള്‍ മനുഷ്യനെ അതിന്റെ സാക്ഷാത്കാരത്തിന് പ്രേരിപ്പിക്കുന്നു. മനസ്സ് വത്സനെ അതിനു വേണ്ടി പാകപ്പെടുത്തുന്നു. പ്രവൃത്തികള്‍ അവന്റെ ഭാഗധേയം നിര്‍ണയിക്കുന്നു.
ഹിന്ദു മതം പഠിപ്പിക്കുന്ന മറ്റൊരു വിഷയം മോക്ഷമാണ്. ഈശ്വര സാമീപ്യം ലഭിക്കുന്നതോടുകൂടിയാണ് മനുഷ്യന് മോക്ഷം സിദ്ധിക്കുന്നത്. പരിപൂര്‍ണനായ ഈശ്വരന്‍-പരമാത്മാവ്- പൂര്‍ണ സുഖസ്വരൂപനാണ്. പഞ്ചേന്ത്രിയങ്ങള്‍ക്കപ്പുറമുള്ള അനന്ത സുഖമാണ് മോക്ഷം.
ഹിന്ദുമതവിശ്വാസങ്ങള്‍ പ്രകാരം മനുഷ്യജീവിതത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ ധര്‍മം (സ്വപ്രവൃത്തി), അര്‍ഥം (സമ്പത്ത്), കാമം (ഇന്ദ്രിയസുഖം/ആഗ്രഹങ്ങള്‍), മോക്ഷം (ജീവിതമോചനം/ പരമപദപ്രാപ്തി) ഇവയൊക്കെയാണ്.
മനുഷ്യന്റെ ധാര്‍മികവും ആത്മീയവുമായ ഉന്നതിക്കുവേണ്ടി അവന്റെ ജീവിതത്തെ 4 ഘട്ടങ്ങള്‍(ആശയ)ങ്ങളായി തിരിച്ചിരിക്കുന്നു. ബ്രഹ്‌മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം, എന്നിവയാണവ. ജീവിതിയാത്ര സുഗമവും സുന്ദരവുമാക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ മനുഷ്യന്‍ നടത്തേണ്ടതുണ്ട്. തന്റെ കഴിവും പരിസ്ഥിതികളും ആവതും ഉപയോഗപ്പെടുത്തി ലക്ഷ്യം തേടാനുള്ള വഴികളാണ് ചതുരാശ്രമങ്ങളിലൂടെ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ആയുഷ്‌കാലത്തിന്റെ ആദ്യ ഘട്ടമാണ് ബ്രഹ്‌മചര്യം. പഠിപ്പ്, പരിശീലനം, സ്വഭാവ സംസ്‌കരണം എന്നിവയാണ് യൗവനം വരെ നീണ്ടു നില്‍ക്കുന്ന ഈഘട്ടത്തില്‍ നടക്കേണ്ടത്. ഈ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ആള്‍ ഗൃഹാസ്ഥാശ്രമത്തില്‍ പ്രവേശിക്കുന്നു. ആര്യ ജീവിത ക്രമത്തിലെ ഹൃദയമാണ് ഗൃഹസ്ഥാശ്രമം. ജീവിതത്തില്‍ അര്‍ധ ഭാഗം കഴിഞ്ഞാല്‍ ഗൃഹസ്ഥന്‍ മൂന്നാമത്തെ ആശ്രമമായ വാനപ്രസ്ഥത്തില്‍ പ്രവേശിക്കുന്നു. തുടര്‍ന്ന് എല്ലാ ലൗകിക ബന്ധങ്ങളും കര്‍മങ്ങളും ത്യജിച്ച് സന്ന്യാശ്രമം സ്വീകരിക്കുന്നു.
ഹിന്ദു മതഗ്രന്ഥങ്ങള്‍
ഹിന്ദു മതത്തിന്റെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ പ്രമുഖമായവ വേദങ്ങളാണ്. സ്‌തോത്രങ്ങളും, സ്തുതി ഗീതങ്ങളുമടങ്ങിയ ഗ്രന്ഥങ്ങളാണ് വേദങ്ങള്‍. ദേവന്മാരെ അഭിസംബോധന ചെയ്തു കൊണ്ടുള്ളവയാണ് ഇവയിലെ ഗീതങ്ങളും സ്‌തോത്രങ്ങളും. വേദങ്ങള്‍ മനുഷ്യോക്തിയല്ലെന്നും അവയുടെ കാലം നിര്‍ണയിക്കാവുന്നതല്ലെന്നും അവയെ ആരും സൃഷ്ടിച്ചതല്ലെന്നും വിശ്വസിക്കപ്പെടുന്നു. ക്രിസ്തുവിന് മുമ്പ് 1500, 1200 കാലഘട്ടങ്ങളിലാണ് ഋഗ്വേദം രചിക്കപ്പെട്ടതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. മറ്റു വേദങ്ങള്‍ അതിന് ശേഷം രചിക്കപ്പെട്ടവയാണ്. ഋഗ്വേദം, സാമവേദം, യജുര്‍വേദം, അഥര്‍വവേദം എന്നിങ്ങനെ വേദങ്ങള്‍ നാല് ആണ്. ഒരോ വേദവുംനാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
- സംഹിതകള്‍
- ബ്രാഹ്‌മണങ്ങള്‍
- ആരണ്യകങ്ങള്‍
- ഉപനിഷത്തുകള്‍
ചിന്താമണ്ഡലത്തില്‍ ഭാരതത്തിന്റെ ഉജ്വല സംഭാവനയാണ് ഉപനിഷത്തുകള്‍. പില്‍ക്കാലത്ത് ഇന്ത്യയില്‍ രൂപംകൊണ്ട ചിന്തയുടെയും മതരൂപങ്ങളുടെയും അടിസ്ഥാനവും പ്രേരകശക്തിയുമായിത്തീര്‍ന്നത് ഉപനിഷത്തുകളാണ്. ജീവിത ക്ലേശം മൂലം ചപല മനസ്സുകള്‍ക്ക് ശാന്തിയും സമാധാനവും കൈവരിക്കാന്‍ സഹായിക്കുക എന്നുള്ളതാണ് ഉപനിഷത്തുകളുടെ ലക്ഷ്യം. താത്ത്വിക സത്യത്തെ സ്ഫുടവും വ്യക്തവുമായ രീതിയില്‍ അവ അവതരിപ്പിക്കുന്നു. സത്യം എന്താണ് എന്നുള്ള അന്വേഷണമാണ് ഒരോ ഉപനിഷത്തും ലക്ഷ്യമിടുന്നത്. ഇന്ദ്രിയ മാര്‍ഗേണ ലഭിക്കാത്ത അനുഭവങ്ങളുടെ നിജസ്ഥിതി അറിയാനുള്ള ചിന്തകരുടെ അന്വേഷണമാണത്.
രണ്ടായിരത്തോളം ഉപനിഷത്തുകളില്‍ 108 എണ്ണമാണ് കണ്ടുകിട്ടിയത്. ഇവ നാലു വേദങ്ങളില്‍ ഉള്‍പ്പെട്ടവയാണ്. ഇവയില്‍ പ്രധാനപ്പെട്ട 10 ഉപനിഷത്തുക്കള്‍ ‘ഭഗോപനിഷത്തുകള്‍’ എന്നറിയപ്പെടുന്നു. ഈശോവാന്യോപനിഷത്താണ് അതില്‍ പ്രധാനം. കേതോപനിഷത്ത്, കഠോപനിഷത്ത്, പ്രശ്‌നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, മാണ്ഡ്യുക്യോപനിഷത്ത്, തൈത്തിരിയോപനിഷത്ത്, ഐതരെയോപനിഷത്ത്, ഛാന്ദോഗ്യോപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത് എന്നിവയാണ് മറ്റുള്ളവ.
ഹിന്ദു മതത്തിന്റെ മറ്റൊരു പ്രധാന സാഹിത്യ ഭാഗമാണ് ഇതിഹാസങ്ങള്‍. ഇവ 5ാം വേദമെന്ന് അറിയപ്പെടുന്നു. ഇവയുടെ രചനാ കാലത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. മഹാഭാരതമാണ് പ്രഥമ രചനയെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഒരു കൂട്ടം ആളുകളാണ് ഇതിഹാസങ്ങളുടെ രചയിതാക്കളെന്നും അവ ഒരു പ്രത്യേക കാലഘട്ടത്തിലെ സ്ഥിതിഗതികളെയെല്ലാം വിവരിക്കുന്നതെന്നും അഭിപ്രായമുണ്ട്.
രാമായണം വാത്മീകി മഹര്‍ഷി രചിച്ചതാണെന്ന് കരുതപ്പെടുന്നു. ഇരുപത്തിനാലായിരം ശ്ലോകങ്ങള്‍ ഇതിലുണ്ട്. തേത്രായുഗമാണ് രചനാ പശ്ചാത്തലം. ദശരഥ പുത്രനായ ശ്രീരാമ മൗറിന്റെയും സീതാ ദേവിയുടെയും ജീവചരിത്ര പശ്ചാത്തലത്തിലാണ് വിവരണം.
വ്യാസ മഹര്‍ഷിയാല്‍ വിരചിതമായ മഹാഭാരതമാണ് മറ്റൊരു ഇതിഹാസം. ധര്‍മം ജയിക്കും എന്നുള്ളതാണ് മഹാഭാരതം നല്‍കുന്ന സന്ദേശം. മഹാഭാരതയുദ്ധത്തില്‍ പാണ്ഡവരുടെ ധര്‍മവും കൗരവരുടെ അധര്‍മവും ഏറ്റുമുട്ടിയപ്പോള്‍ ധര്‍മത്തിനായിരുന്നു വിജയം.
ഭഗവദ്ഗീത മഹാഭാരത ഇതിഹാസത്തിന്റെ ഭാഗമാണ്. ഭീഷ്മ പര്‍വത്തിലെ 25 മുതല്‍ 42 വരെയുള്ള 18 അധ്യായങ്ങള്‍ അടങ്ങിയതാണ് ഗീത. കുരുക്ഷേത്ര യുദ്ധത്തില്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് നല്‍കിയ തത്ത്വോപദേശങ്ങളാണ് ഗീതയിലെ പ്രതിപാദ്യം.
ശ്രുതി-സ്മൃതി
വേദം ശ്രുതിയെന്നും ധര്‍മ ശാസ്ത്രം സ്മൃതിയെന്നും അറിയപ്പെടുന്നു. ശ്രുതികളിലാണ് വൈദിക ധര്‍മത്തിന്റെ ചട്ടക്കൂടുകള്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്. പക്ഷേ സ്മൃതികള്‍ പരമ പ്രമാണങ്ങളല്ല. സ്മൃതിയില്‍ ശ്രുതി വിതണ്ഡമായ വല്ലതുമുണ്ടെങ്കില്‍ അവ ത്യജിക്കേണ്ടതാണ്. സ്മൃതികള്‍ കാലം തോറും മാറിയിട്ടുണ്ട്.
