ഖദ്ര് അഥവാ വിധി
ഇസ്ലാമിലെ അടിസ്ഥാന വിശ്വാസകാര്യങ്ങളിൽ ആറാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഒന്നാണ് ഖദ്ര് അഥവാ വിധി യിലുള്ള വിശ്വാസം. ഒരു വസ്തുവിനെ കൃത്യമായ അളവിൽ, അവന്റെ യുക്തിക്കും തീരുമാനത്തിനും അനുസരിച്ച് ഒരു പ്രത്യേക രീതിയിൽ ആക്കുന്ന അല്ലാഹുവിൻ്റെ പ്രവർത്തിയെയാണ് ഇത് സൂചിപ്പിക്കുന്നത്.
പ്രശസ്ത അറബി ഭാഷാ പണ്ഡിതനായ ഇമാം റാഗിബ് ഖദ്ർ എന്ന ദൈവിക പ്രവൃത്തിയെ രണ്ട് വിധത്തിൽ വിശദീകരിക്കുന്നുണ്ട്. ഒന്ന്, ആകാശങ്ങളും അവയിലെ വസ്തുക്കളുമെന്നപോലെ മാറ്റമില്ലാതെ സ്ഥിരമായ അസ്തിത്വം നൽകിക്കൊണ്ടുള്ള സൃഷ്ടിപ്പ്. രണ്ട്, ഈന്തക്കുരുവിൽ നിന്ന് ഈന്തപ്പനയുണ്ടാകുന്നത് പോലെ, മൂലവസ്തുക്കളെ സൃഷ്ടിക്കുകയും അവയിൽനിന്ന് ശാഖകൾ ഉണ്ടാകാനുള്ള ശക്തി വ്യവസ്ഥാപിതമായി ഏർപ്പെടുത്തുകയും ചെയ്യുക. ഈ ചിട്ടപ്പെടുത്തലും വ്യവസ്ഥാപിതത്വവുമാണ് ഖദ്ർ. അതേസമയം, ഖദാഅ് എന്ന പദം ഈ ദൈവിക നിശ്ചയത്തെ (ഖദ്ർ) നടപ്പാക്കുന്നതിനെ സൂചിപ്പിക്കുന്നു.
വിധിയിലുള്ള വിശ്വാസം പൂർണമാകണമെങ്കിൽ വിശ്വാസി നാല് കാര്യങ്ങൾ ഉൾക്കൊള്ളണം:
1. ഓരോ കാര്യത്തെക്കുറിച്ചുമുള്ള അല്ലാഹുവിൻ്റെ പൂർണമായ അറിവ്
2. ഈ കാര്യങ്ങളെല്ലാം ‘ലൗഹുൽ മഹ്ഫൂളിൽ’ രേഖപ്പെടുത്തിയിരിക്കുന്നു എന്ന വിശ്വാസം.
3. ഓരോ കാര്യവും അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തോടുകൂടി മാത്രമേ സംഭവിക്കൂ എന്ന തിരിച്ചറിവ്.
4. എല്ലാ സൃഷ്ടികളുടെയും സ്രഷ്ടാവ് അല്ലാഹുവാണ് എന്ന ഉറച്ച ബോധ്യം.
ഖദ്ർ എന്ന വിശ്വാസത്തെക്കുറിച്ച് ഇതിലപ്പുറമുള്ള ചർച്ചകൾ ആശാസ്യമല്ലെന്നും, വിധി അല്ലാഹുവിൻ്റെ സൃഷ്ടിപ്പിലുള്ള രഹസ്യമാണെന്നും പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഖദാഉം ഖദ്റും, വിധിവിശ്വാസം: സാങ്കേതിക പദങ്ങള്‍ എന്നിവ വിശദമായി ഈ ലേഖനത്തിൽ വായിക്കാം.
ഖദ്ര് എന്നും ഖദര്‍ എന്നും രണ്ട് വിധത്തിലുളള പ്രയോഗങ്ങളുണ്ട്. രണ്ടിന്റെയും അര്‍ഥത്തില്‍ വ്യത്യാസമില്ല. ‘ഖദ്ര്’ എന്ന പദത്തിന് പ്രസിദ്ധ അറബിഭാഷാ നിഘണ്ടുവായ ഖാമൂസില്‍ നല്‍കിയിട്ടുള്ള അര്‍ഥം തീരുമാനം, വിധി, ഒരുവസ്തുവിന്റെ തുക അഥവാ ആകെ അളവ് എന്നൊക്കെയാണ്. ധനം, കഴിവ്, ശക്തി, എന്നും ‘ഖദ്ര്’ എന്ന പദത്തിന് അര്‍ഥം നല്കപ്പെടാറുണ്ട്. ക്രിയാരൂപമായ ‘ഖദറ’ എന്നതിന് കുടുസ്സാക്കുക, കണക്കാക്കുക, നിര്‍ണയിക്കുക മഹത്വപ്പെടുത്തുക, ചിട്ടപ്പെടുത്തുക, വേവിക്കുക എന്നൊക്കെ അര്‍ഥം കല്പിക്കപ്പെടുന്നു. ആധുനിക നിഘണ്ടുവായ അല്‍മുന്‍ജിദില്‍ ‘ഖദ്ര്’ എന്നതിന് നല്കുന്ന വിവക്ഷ. ‘അല്ലാഹു കണക്കാക്കുന്നതും വിധിക്കുന്നതുമായതീരുമാനം, വസ്തുക്കളോട് തക്കസമയങ്ങളില്‍ അല്ലാഹുവിന്റെ ഉദ്ദേശം ബന്ധപ്പെടല്‍’ എന്നതാണ്.
ഖുര്‍ആനിന്റെ പ്രത്യേക നിഘണ്ടുവായ ‘അല്‍മുഫ്റദാത്തി’ല്‍ ഇമാം റാഗിബ് ഖദ്ര്, ഖദറ എന്നീ ധാതുക്കളെപ്പറ്റി സവിശദം വ്യക്തമാക്കിയിട്ടുണ്ട്. ഖദ്ര്, തഖ്ദീര്‍ എന്നീ പദങ്ങളുടെ അര്‍ഥം ഒരുവസ്തു എത്രയാണെന്നജല്പ അളവ് വിവരിക്കലാണ്. ‘ഖദ്ദറ’ എന്ന പദത്തിന് കഴിവു നല്കി എന്ന് അര്‍ഥം പറയാം. ഖദ്ര് തഖ്ദീര്‍ എന്നത് അല്ലാഹുവിലേക്ക് ചേര്‍ത്തികൊണ്ട് പറയുമ്പോള്‍ രണ്ട് കാര്യങ്ങള്‍ പ്രധാനമായും ഉദ്ദേശിക്കപ്പെടുന്നു. ഒന്ന്, അതിന് കഴിവ് നല്കുന്നതുമുഖേനയും മറ്റൊന്ന് അവന്റെ യുക്തിക്കും തീരുമാനത്തിനുമനുസരിച്ച് ഒരു പ്രത്യേകതോതിലും പ്രത്യേകരീതിയിലും അതിനെ ആക്കുന്നതുമുഖേനയും.
ഇമാം റാഗിബ് ‘തഖ്ദീര്‍’ എന്ന പദത്തിന്റെ വിവക്ഷയുമായി ബന്ധപ്പെട്ട അല്ലാഹുവിന്റെ പ്രവൃത്തി രണ്ട് വിധത്തിലാണുള്ളത് എന്ന് വിശദീകരിക്കുന്നു.
- അല്ലാഹു ഉദ്ദേശിച്ച കാലത്തോളം യാതൊരു ഭേദഗതിയും കൂടാതെ സ്ഥിരമായ അസ്തിത്വം നല്‍കിക്കൊണ്ട് സൃഷ്ടിക്കുക. ഉദാഹരണം, ആകാശങ്ങളും അതിലെ വസ്തുക്കളും.
- രണ്ടാമത്തേത്, മൂലവസ്തുക്കളെ സൃഷ്ടിക്കുകയും അവന് നിശ്ചയിച്ച വ്യവസ്ഥയനുസരിച്ച് മാത്രം അതില്‍ നിന്ന് ജന്യങ്ങളായ അംശങ്ങള്‍ അഥവാ ശാഖകള്‍ ഉണ്ടായിത്തീരാനുള്ള ശക്തി അതില്‍ ഏര്പ്പെടുത്തുകയുംചെയ്യുക. ഉദാഹരണം ഈന്തക്കുരുവില്‍ നിന്ന് ഈന്തപ്പനയും, മനുഷ്യബീജത്തില്‍ നിന്ന് മനുഷ്യനും ഉണ്ടാകുന്നത് പോലെയുള്ള കാര്യങ്ങള്‍. അപ്പോള്‍ അല്ലാഹുവിന്റെ ‘തഖ്ദീര്‍’ രണ്ടുവിധമാണ്. (ഒന്ന്) ഇന്ന പ്രകാരം ഉണ്ടാവണം അല്ലെങ്കില്‍ ഇന്ന പ്രകാരം ഉണ്ടാവരുത് എന്ന നിര്‍ബന്ധത്തിന്റെ നിലക്കോ സാധ്യതയുടെ നിലക്കോ വിധിക്കുക. അല്ലാഹു പറയുന്നു: ‘ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്’ (65:3). (രണ്ട്) ഒരു വസ്തുവിന് ഒരു കാര്യത്തിന് കഴിവുകൊടുക്കല്.
ഖദ്ര് എന്ന പദവും അതില്‍നിന്ന് നിഷ്പന്നമായ മഖ്ദൂര്‍, തഖ്ദീര്‍ എന്നീ പദങ്ങളും വിശുദ്ധഖുര്‍ആനിലും പ്രവാചക വചനത്തിലും വന്നിട്ടുള്ള പ്രയോഗങ്ങളും അതിന്റെ അര്‍ത്ഥവും താല്പര്യവുമെല്ലാം ഇമാം രാഗിബ് തുടര്‍ന്ന് വിശദീകരിക്കുന്നു. അല്ലാഹു പറയുന്നു: ‘അല്ലാഹുവിന്റെ കലപ്ന ഖണ്ഡിതമായ ഒരുവിധിയാകുന്നു‘ (33:38). ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഖദര്‍ എന്ന വാക്ക് അല്ലാഹു നേരത്തെ തീരുമാനിച്ചിട്ടുള്ളതിനെയും ‘ലൗഹുല്മഹ് ഫൂളില്‍’ രേഖപ്പെടുത്തിയതിനെയും സൂചിപ്പിക്കുന്നു. സൃഷ്ടി, കാലാവധി, ആഹാരം എന്നിവയുടെ ജോലിയില്‍ നിന്ന് നിങ്ങളുടെ റബ്ബ് വിരമിച്ചിരിക്കുന്നു. അഥവാ അവയെ സംബന്ധിച്ച തീരുമാനം കഴിഞ്ഞിരിക്കുന്നു എന്ന നബി വചനത്തില്‍ സൂചിപ്പിക്കപ്പെട്ടതും അതുതന്നെ.
‘മഖ്ദൂര്‍’ എന്ന വാക്ക്കൊണ്ട് അര്‍ഥമാക്കുന്നത് അല്ലാഹു കണക്കാക്കിവെച്ചതില്‍നിന്ന് അപ്പപ്പോള്‍ സംഭവിക്കുന്നതിലേക്കുള്ള സൂചനയാണ്. ‘എല്ലാദിവസവും അവന് കാര്യനിര്വഹണത്തിലാകുന്നു’ (55:29) എന്ന ആയത്ത് സൂചിപ്പിക്കുന്ന ആശയവും അല്ലാഹു കണക്കാക്കിവെച്ച കാര്യങ്ങളില്‍ നിന്ന് ഓരോന്നും യഥാസമയം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് തന്നെയാണ്.
അല്ലാഹു പറയുന്നു: ”എല്ലാറ്റിന്റെയും ജീവിതോപാധിയുടെ ഖജനാവുകള്‍ നമ്മുടെ പക്കലാണ്. നിര്‍ണിതമായ തോതനുസരിച്ച് നാമത് ഇറക്കിക്കൊടുക്കുന്നു’ (15:21). ഏതൊരു വസ്തുവും യഥേഷ്ടം സൃഷ്ടിച്ചിറക്കാന് അല്ലാഹുവിന് കഴിയും. പക്ഷേ നിര്‍ണിതമായ അനുപാതത്തിലല്ലാതെ യാതൊന്നും അവന് സൃഷ്ടിക്കുകയില്ല.
ഇമാം ഇബ്നു കസീര്‍(റ) തന്റെ തഫ്സീറില്‍ ഖദ്റിന് നല്കുന്ന നിര്‍വചനം ഇപ്രകാരമാണ്. കാര്യങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് അതിനെക്കുറിച്ച് അല്ലാഹു അറിയുക എന്നതും അവയെ സൃഷ്ടിച്ചുണ്ടാക്കുന്നതിന് മുമ്പ് അവയെ രേഖപ്പെടുത്തലുമാകുന്നു.
ദൈവികമായി ഖദ്ര് രണ്ട് വിധമാണ്.
- അറിവിലും നിശ്ചയത്തിലും അഥവാ രേഖപ്പെടുത്തുന്നതിലും ഉള്ളത്.
- വസ്തുക്കളെ സൃഷ്ടിക്കാനുള്ള അവന്റെ കഴിവുകൊണ്ട് അവയെ സൃഷ്ടിക്കലും അവക്ക് രൂപം നല്‍കലും. നിര്‍മാണവും വ്യവസ്ഥയും കൂടി ഉള്‍ക്കൊള്ളുന്നതാണ് സൃഷ്ടിപ്പ്.
ഖദാഉം ഖദ്റും
ഖദാഅ് എന്നതിന്റെ അര്‍ത്ഥം വിധി, തീരുമാനം, നിര്‍വഹണം, കടമവീട്ടല്, നടപ്പില്‍ വരുത്തല്‍ എന്നൊക്കെയാണ്. ഇമാംറാഗിബ്(റ) പ്രസിദ്ധമായ അല്‍മുഫ്റദാത്തില്‍ ഖദാഅ് എന്ന് പറഞ്ഞതിന്റെ അര്‍ഥം വിശദീകരിക്കുന്നത് ഇപ്രകാരമാണ്. ‘ഖദാഅ്’ എന്നാല്‍ വാക്ക് കൊണ്ടോ പ്രവൃത്തികൊണ്ടോ കാര്യത്തിന് തീരുമാനമെടുക്കലാണ്. അതിനെ ദൈവികം, മാനുഷികം എന്നിങ്ങനെ വിഭജിക്കാം. ”തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന് നിന്റെ രക്ഷിതാവ് തീരുമാനിച്ചിരിക്കുന്നു” (17:23) എന്ന സൂക്തത്തില്‍ ‘ഖദാ’ എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത് വാക്ക് മൂലമുള്ള ദൈവീക ഖദാഅ് ആണ്. ‘രണ്ട് ദിവസങ്ങളില്‍ അവയെ ഏഴു ആകാശങ്ങളാക്കി ഖദാ ചെയ്തു സൃഷ്ടി പൂര്‍ത്തിയാക്കി’ എന്ന സൂക്തം (41:12) പ്രവൃത്തി മൂലമുള്ള ദൈവീക ഖദാഇനു ഉദാഹരണമാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ന്യായാധിപന് ഇപ്രകാരം ഖദാ ചെയ്തു (ഖദാ അല്ഹാകിമു ബികദാ) എന്നത് വാക്ക് മൂലമുള്ള മാനുഷിക ഖദാഇന്നും, നിങ്ങളുടെ ഹജ്ജ് സംബന്ധമായ ആരാധനാ കര്‍മങ്ങള്‍ ഖദാചെയ്താല് (നിര്‍വ്വഹിച്ചാല്‍) (2:200) എന്ന ഖുര്‍ആന്‍ വചനം പ്രവൃത്തി മൂലമുള്ള മാനുഷിക ഖദാഇനും അദ്ദേഹം ഉദാഹരണമായി പറയുന്നു.
ഭാഷാര്‍ഥത്തില്‍ ഖദാഉം ഖദ്റും ഏറെക്കുറെ യോജിക്കുമെങ്കിലും രണ്ടും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട് എന്ന് ഇമാം റാഗിബ് ചൂണ്ടിക്കാണിക്കുന്നു. എല്ലാ ഖദ്റും ഖദാഅ് ആയിരിക്കുകയില്ല. ഖദ്റിനേക്കാള്‍ പ്രത്യേകമായിട്ടുള്ളതാണ് (ഖാസ്സ്) ഖദാഅ് എന്ന് റാഗിബ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഖദ്ര് എന്നാല്‍ വ്യവസ്ഥ നിശ്ചയിക്കലും ഖദാഅ് എന്നാല്‍ അത് ഖണ്ഡിതമാക്കലും തീരുമാനിക്കലുമാകുന്നു. ഖദര്‍ ഖദാഅ് ആയി കഴിയുമ്പോള്‍ അഥവാ ദൈവനിശ്ചയം നടപ്പില്‍ വരുത്തുമ്പോള്‍ അല്ലാഹു അതിനെ തടഞ്ഞു വെച്ചേക്കാമെന്ന പ്രതീക്ഷക്ക് വകയുണ്ടെന്നും അത് ഖദാ ആയി കഴിഞ്ഞാല്‍ പിന്നീടത് അല്ലാഹു തടയുകയില്ല എന്നും ഉമര്‍(റ) ഉണര്‍ത്തിയിട്ടുണ്ട്. ഖദാഅ് എന്നതിന്റെ അര്‍ഥ വിശദീകരണത്തില്‍, വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു, ഈസാ നാബിയുടെ പിതാവില്ലാതെയുള്ള ജനനത്തെക്കുറിച്ച് പരാമര്‍ശിച്ച ഭാഗം ശ്രദ്ധേയമാകുന്നു. ”അത് തീരുമാനിക്കപ്പെട്ട കാര്യമാകുന്നു’‘ (19:21).
ഖദാഉം ഖദ്റും തമ്മില്‍ വ്യത്യാസമുണ്ട് എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാര് ഉണ്ട്. എങ്കിലും വിശുദ്ധ ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും അവ തമ്മില്‍ കാര്യമായ അന്തരം കുറിക്കുന്ന തെളിവുകള്‍ നിരത്താന്‍ സാധ്യമല്ല. വിധി വിശ്വാസത്തിന്റെ ഭാഗമായി വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും കൂടുതല്‍ വന്നിട്ടുള്ള പദപ്രയോഗം ഖദ്ര് എന്നുള്ളതാണ്. ഖദാഅം ഖദ്റും തമ്മില്‍ നിര്‍വചനത്തില്‍ വ്യത്യാസമുണ്ടെന്ന് അഭിപ്രായമുള്ള പണ്ഡിതര്‍ ഇവ രണ്ടിനും നല്കിയ വിശദീകരണം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഖദ്ര് എന്നതിന്റെ വിവക്ഷ ഭാവിയില്‍ സൃഷ്ടികളില്‍ സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ചുള്ള അല്ലാഹുവിന്റെ അറിവാണ്. ആ അറിവ് അല്ലാഹുവിന് മാത്രമേ ഉള്ളു. ഖദാഅ് എന്നതിന്റെ ഉദ്ദേശ്യം അല്ലാഹു അവന്റെ ഉദ്ദേശ്യത്തിനും അറിവിനും നിര്‍ണയത്തിനും അനുസരിച്ച് ഓരോ വസ്തുതകളെയും സൃഷ്ടികളെയും സൃഷ്ടിക്കലാണ്.
വിധിയിലുള്ള വിശ്വാസം നാല് കാര്യങ്ങളുള്‍ക്കൊള്ളുന്നു.
- ഓരോന്നിന്റെയും സൃഷ്ടിപ്പ് നടക്കുന്നതിന് മുമ്പ് തന്നെ അല്ലാഹുവിന് ആ സൃഷ്ടികളുടെ അവധി, ഉപജീവനം തുടങ്ങി എല്ലാ കാര്യങ്ങളെകുറിച്ചും പൂര്‍ണമായ അറിവ് ഉണ്ട്. അങ്ങനെ ജ്ഞാനമുള്ളവന് അല്ലാഹു മാത്രമാണ്. ”നിശ്ചയം, അല്ലാഹു എല്ലാകാര്യത്തെ സംബന്ധിച്ചും അറിവുള്ളവനാണ്” (29:62). ‘അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും സൃഷ്ടിച്ചത്. ഭൂമിയില്‍ നിന്നും അതുപോലുള്ളവ അവന് സൃഷ്ടിച്ചു. അവയ്ക്കിടയില്‍ അവന്റെ കല്പന ഇറങ്ങുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാണെന്നും അവന്റെ അറിവ് എല്ലാറ്റിനെയും ചൂഴ്ന്നു നില്‍ക്കുന്നുവെന്നും നിങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ വിശദീകരിക്കുന്നത്” (65:12).
- വിധി വിശ്വാസത്തിന്റെ രണ്ടാമത്തെ ഭാഗമായിട്ട് വരുന്നത് അല്ലാഹുവിന്റെ നിര്‍ണിത രേഖയില്‍ സൃഷ്ടികളുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും രേഖപ്പെടുത്തി വെച്ചിരിക്കുന്നു എന്നതാണ്. ആകാശത്തിലും ഭൂമിയിലുമുള്ളത്. ‘നിനക്ക് അറിഞ്ഞുകൂടേ; ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്ന് അറിയാമെന്ന്? തീര്‍ച്ചയായും അതെല്ലാം ഒരുരേഖയിലുണ്ട്. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാകുന്നു’ (22:70).
- ആകാശങ്ങളിലോ ഭൂമിയിലോ അവക്കിടയിലുള്ള അവന്റെ സൃഷ്ടികളിലോ ഏതൊരു കാര്യവും സംഭവിക്കുന്നത് അവന്റെ ഉദ്ദേശ്യത്തോടു കൂടിയല്ലാതെ ഇല്ല. ”ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉദ്ബോധനം മാത്രമാണ്. അതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി. ലോക രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ക്ക് ആഗ്രഹിക്കാനാവില്ല” (81:27,29).
- എല്ലാ സൃഷ്ടികളുടെയും സ്രഷ്ടാവ് അല്ലാഹുവാണ്. അതുകൊണ്ട് സ്രഷ്ടാവിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാ സൃഷ്ടികളിലും അവന്റെ ഉദ്ദേശ്യത്തിനും തീരുമാനത്തിനും അനുസരിച്ച് നടപ്പില്‍ വരുത്തുന്നു. എന്നാല്‍ സൃഷ്ടികളില്‍ വിവേകിയായ മനുഷ്യന് കര്‍മം ചെയ്യാനുള്ള ഇച്ഛാസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ”അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവന് എല്ലാ വസ്തുക്കളുടെയും കൈകാര്യകര്‍ത്താവാകുന്നു” (39:62).
സകല ചരാചരങ്ങളുടെ സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെ ഉദ്ദേശ്യവും തീരുമാനവും നിര്‍ണയവുമില്ലാതെ യാതൊന്നും ഇവിടെ നടക്കുന്നില്ല. വിധിയിലുള്ള വിശ്വാസത്തിന്റെ ഭാഗമായി അല്ലാഹു സര്‍വജ്ഞനാണെന്ന് ഉള്‍ക്കൊള്ളുന്നതോടെ അല്ലാഹുവിലുള്ള വിശ്വാസം തന്നെ ദൃഢപ്പെടുന്നു. ഓരോ സൃഷ്ടിയുടേയും ഉണ്മക്ക് മുമ്പ് തന്നെ ആ സൃഷ്ടിയുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും സസൂക്ഷ്മം അറിയുന്ന അല്ലാഹു അവ ‘ലൗഹുല്‍ മഹ്ഫൂദി’ല്‍ (സുരക്ഷിത ഫലകം) രേഖപ്പെടുത്തിയിരിക്കുന്നു. ഓരോ കാര്യവും അവന് ഇച്ഛിക്കുംവിധം നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നു. ലോകത്ത് അവനൊഴികെയുള്ളതെല്ലാം, അവന്റെ സൃഷ്ടികളാണ്. സ്രഷ്ടാവ് അവന് മാത്രമാണ്.
ഇതിലപ്പുറം അല്ലാഹുവിന്റെ വിധി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് കടക്കുന്നത് ആശാസ്യമല്ല. ഇമാം ത്വഹാവി പറയുന്നു; ”വിധിയുടെ അടിസ്ഥാനം അല്ലാഹുവിന്റെ സൃഷ്ടിപ്പിലുള്ള രഹസ്യമാണ്. അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരായ പ്രവാചകന്മാര്ക്കോ സാമീപ്യം സിദ്ധിച്ച മലക്കുകള്‍ക്ക് പോലുമോ ആ രഹസ്യം വെളിപ്പെടുത്തിക്കൊടുത്തിട്ടില്ല”
വിധിവിശ്വാസം: സാങ്കേതിക പദങ്ങള്‍
വിധി വിശ്വാസ പഠനത്തിലെ മശീഅത്ത്, ഇറാദത്ത് എന്നീ രണ്ടു വാക്കിനും ഭാഷയില്‍ ഉദ്ദേശ്യം എന്നാണ് അര്‍ഥം പറയാറുള്ളത്. അവയുടെ ക്രിയാ രൂപങ്ങളായ അറാദ, ശാഅ എന്നിവക്ക് ഉദ്ദേശിച്ചു എന്നും മലയാളത്തില്‍ അര്‍ഥം കല്പിക്കുന്നു. അറാദ എന്നതിന് ഇഷ്ടപ്പെട്ടു, ആഗ്രഹിച്ചു, പരിഗണിച്ചു (അഹബ്ബ, റഗിബ ഫീഹി, അനിയ ബിഹീ) എന്നിങ്ങനെയും ശാഅ എന്നതിന് കണക്കാക്കി, നിശ്ചയിച്ചു (ഖദറ) എന്നും അര്‍ഥമുണ്ട്.
ഇമാം റാഗിബ് അല്‍മുഫ്റദാത്തില്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. മശീഅത്തിന്റെ കര്‍ത്താവ് അല്ലാഹു ആയിരിക്കുമ്പോള്‍ ആ ഉദ്ദേശ്യം പ്രാവര്‍ത്തികമായിരിക്കും. മനുഷ്യനായിരിക്കുമ്പോള്‍ പ്രാവര്‍ത്തികമായിരിക്കണമെന്നില്ല. ശാഅല്ലാഹു കദാ എന്ന് (അല്ലാഹു ഇന്നത് ഉദ്ദേശിച്ചു എന്ന് മശീഅത്തിന്റെ ക്രിയ ഉപയോഗിച്ച്) പറഞ്ഞാല്‍ അക്കാര്യം യഥാര്‍ഥത്തില്‍ സംഭവിച്ചതായിരിക്കും. ഇത് കര്‍ത്താവിന്റെ അടിസ്ഥാനത്തിലുള്ള വ്യത്യാസമാണ്. അറാദല്ലാഹു കദാ (അല്ലാഹു ഇന്നത് ഉദ്ദേശിച്ചു) എന്ന് ഇറാദത്തിന്റെ ക്രിയ ഉപയോഗിച്ച് പറയുമ്പോള്‍ ആ ഉദ്ദേശിക്കപ്പെട്ട കാര്യം സംഭവിച്ചിരിക്കണമെന്നില്ല. അതുകൊണ്ടാണ് ”അല്ലാഹു ഉദ്ദേശിച്ചതെന്തോ അത് ഉണ്ടാവും, അവന് ഉദ്ദേശിക്കാത്തതെന്തോ അത് ഉണ്ടാവുകയില്ല. (മാശാഅ അല്ലാഹു കാന, വ മാലം യശഅ് ലം യകുന്‍) എന്ന് മശീഅത്തിന്റെ ക്രിയമാത്രം ഉപയോഗിച്ചു പറയുന്നത്.
ഇറാദത്തിന്റെ ക്രിയാരൂപമായ യുരീദു എന്ന പദപ്രയോഗം ഖുര്‍ആനില്‍ വന്നത് ശ്രദ്ധിച്ചാല്‍ പ്രയോഗ വ്യത്യാസം മനസ്സിലാക്കാം. അല്ലാഹു നിങ്ങളില്‍ എളുപ്പത്തെ ഉദ്ദേശിക്കുന്നു. നിങ്ങളില്‍ അവന് ഞെരുക്കത്തെ ഉദ്ദേശിക്കുന്നില്ല. (യുരീദുല്ലാഹു ബികുമുല് യുസ്റ വലാ യുരീദുബികുമുല് ഉസ്റ) എന്ന് ഖുര്‍ആനില്‍ പ്രയോഗിച്ചത് (2:185) ഇറാദത്തിന്റെ ക്രിയാ രൂപമായിട്ടാണ്. മനുഷ്യരില്‍ ചിലപ്പോള്‍ എളുപ്പവും ചിലപ്പോള്‍ ഞെരുക്കവും ഉണ്ടാകുന്നത് നാം കാണുന്നു.
മനുഷ്യന്റെ ‘മശീഅത്താകുന്ന’ ഉദ്ദേശ്യം അല്ലാഹുവിന്റെ ‘മശീഅത്തോടു കൂടി മാത്രമേ ഉണ്ടാവുകയുള്ളു. അല്ലാഹു പറയുന്നു. ലോകരക്ഷിതാവായ ”അല്ലാഹു ഉദ്ദേശിക്കുന്നതല്ലാതെ നിങ്ങള്‍ക്ക് ആഗ്രഹിക്കാനാവില്ല’‘ (81:29).
ഇവിടെ മശീഅത്തിന്റെ ക്രിയാരൂപമായ ‘ശാഅ’ എന്നാണ് ഖുര്‍ആന്‍ സൂക്തത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു: ”യാതൊരു കാര്യത്തെപ്പറ്റിയും, ‘നാളെ ഞാനത് തീര്‍ച്ചയായും ചെയ്യും’ എന്ന് നീ പറയരുത്. അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കില്‍ എന്നു പറഞ്ഞകൊണ്ടല്ലാതെ. നീ മറന്നുപോകുന്ന പക്ഷം ഉടനെ നിന്റെ രക്ഷിതാവിനെ അനുസ്മരിക്കുക. എന്നിട്ടിങ്ങനെ പറയുക: എന്റെ രക്ഷിതാവ് എന്നെ ഇതിനേക്കാള്‍ നേരായ വഴിയിലേക്ക് നയിച്ചേക്കാം” (18:23,24).
ഇന്‍ശാ അല്ലാഹ് എന്ന് മശീഅത്തിന്റെ ക്രിയ ഉപയോഗിച്ച് മൂസാ നബി(അ) പറയുന്നത് ഇങ്ങനെ വായിക്കാന്‍ കഴിയുന്നു. അദ്ദേഹം പറഞ്ഞു. ”അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമയുള്ളവനായി താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്. ഞാന്‍ താങ്കളുടെ ഒരു കല്പനക്കും എതിര് പ്രവര്‍ത്തിക്കുന്നതല്ല’ (18:69). ഇന്‍ശാ അല്ലാഹ് എന്ന വാക്ക് ഇസ്മാഈല്‍ നബി(അ)യുടെ സംസാരത്തിലും പ്രയോഗിച്ചതായി കാണാന്‍ കഴിയും. ”ആ കുട്ടി അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു. എന്റെ കുഞ്ഞുമകനേ, ഞാന്‍ നിന്നെ അറുക്കുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു. അതുകൊണ്ട് നോക്കൂ, നിന്റെ അഭിപ്രായമെന്താണ്? അവന് പറഞ്ഞു: എന്റെ ഉപ്പാ, കല്പിക്കപ്പെടുന്നതെന്തോ അത് അങ്ങ് ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം, ക്ഷമാശീലരുടെ കൂട്ടത്തില്‍ അങ്ങേക്കെന്നെ കാണാം’ (37:102)
യൂസുഫ് നബി(അ)യും ഈ വാക്യം (ഇന്‍ശാ അല്ലാഹ്) ഉപയോഗിക്കുന്നത് കണാന്‍ കഴിയും. ‘അനന്തരം അവര്‍ യൂസുഫിന്റെ സന്നിധിയില്‍ പ്രവേശിച്ചു, അദ്ദേഹം യൂസുഫ് തന്റെ മാതാപിതാക്കളെ തന്നിലേക്ക് അണച്ചുകൂട്ടി. അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം, നിങ്ങള്‍ നിര്‍ഭയരായിക്കൊണ്ട് ഈജിപ്തില്‍ പ്രവേശിച്ചു കൊള്ളുക’ (12:99).
ഉദ്ദേശ്യം രണ്ട് തരമുണ്ട്. ഈ കാര്യം ഉണ്ടാവണം, അല്ലെങ്കില്‍ ഉണ്ടാവരുത് എന്നുള്ള ഇഛയില്‍ നിന്നും ആഗ്രഹത്തില്‍നിന്നും ഉദ്ഭവിക്കുന്നതാണ് ഒന്ന്. അക്കാര്യം പ്രാവര്ത്തികമാകുന്നതത്രെ മറ്റേത്. അല്ലാഹുവിന്റെ ഉദ്ദേശ്യത്തോടുകൂടി മാത്രമേ അത് ഉണ്ടാകുകയുള്ളൂ. മശീഅത്ത്, ഇറാദത്ത് എന്നിവയുടെ വാക്കര്ഥമായി ഉദ്ദേശ്യം എന്ന് പറയുമ്പോള്‍ത്തന്നെ പ്രയോഗത്തില്‍ അവ തമ്മില്‍ നേരത്തെ സൂചിപ്പിച്ച വ്യത്യാസങ്ങള്‍ ഉണ്ട് എന്ന് മനസ്സിലാക്കാം.
