തവക്കുല്‍ അഥവാ ഭരമേല്‍പ്പിക്കല്‍
മനുഷ്യൻ സ്വതവേ ദുർബലനായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെങ്കിലും, അവന് ജ്ഞാനമാർജ്ജിക്കാനും പരിശ്രമിക്കാനുമുള്ള ശേഷിയുണ്ട്. എന്നാൽ, ഈ പരിമിതമായ കഴിവുകൾക്കപ്പുറം, അവൻ്റെ പരിശ്രമങ്ങൾ സഫലമാകണമെങ്കിൽ സർവശക്തനായ അല്ലാഹുവിൻ്റെ സഹായം കൂടിയേ തീരൂ. ഈ തിരിച്ചറിവിൻ്റെ അടിസ്ഥാനത്തിൽ, നന്മ ലഭിക്കാനും തിന്മ തടയാനും വേണ്ടി മനുഷ്യസാധ്യമായതെല്ലാം ചെയ്ത ശേഷം, ബാക്കിയുള്ള കാര്യങ്ങൾ അല്ലാഹുവിൽ പൂർണ്ണമായി അർപ്പിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന വിശ്വാസമാണ് തവക്കുല്‍ അഥവാ ഭരമേല്‍പ്പിക്കല്‍.
ഈ ഭരമേൽപ്പിക്കലിനുള്ള അല്ലാഹുവിൻ്റെ അർഹതയായി ഖുർആൻ നിരവധി ഗുണവിശേഷങ്ങൾ എടുത്തുപറയുന്നുണ്ട്: എന്നെന്നും ജീവിച്ചിരിക്കുന്നവൻ, സർവതിൻ്റേയും സ്രഷ്ടാവ്, പരമകാരുണികൻ, പ്രതാപശാലി, സൂക്ഷ്മജ്ഞാനി എന്നിവയെല്ലാം അതിൽപ്പെടുന്നു. തവക്കുൽ എന്നാൽ, അധ്വാനമോ പരിശ്രമമോ ഇല്ലാതെ ആലസ്യത്തിലിരിക്കുക എന്നല്ല അർത്ഥമാക്കുന്നത്; മറിച്ച്, ഒട്ടകത്തെ കയറിൽ ബന്ധിച്ച ശേഷം മാത്രം ഭരമേൽപ്പിക്കാൻ നബി(സ്വ) ഉപദേശിച്ചതുപോലെ, ആവശ്യമായ എല്ലാ മുൻകരുതലുകളും പരിശ്രമങ്ങളും എടുത്തശേഷം അല്ലാഹുവിൻ്റെ രക്ഷാകർതൃത്വത്തിൽ പൂർണ്ണമായി വിശ്വാസമർപ്പിക്കലാണ്. തവക്കുലുള്ള വിശ്വാസിക്ക് എന്ത് സംഭവിച്ചാലും അത് ഗുണകരമായി ഭവിക്കുമെന്നും, അവൻ സന്തോഷത്തിൽ നന്ദിയുള്ളവനും വിഷമത്തിൽ ക്ഷമയുള്ളവനുമായിരിക്കുമെന്നും പ്രവാചക വചനങ്ങൾ പഠിപ്പിക്കുന്നു. വിധി, തവക്കുൽ, പ്രാർത്ഥന എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതും വിശ്വാസിയുടെ ജീവിതത്തിൽ ആത്മവിശ്വാസവും സമാധാനവും നൽകുന്നതുമായ അവിഭാജ്യ ഘടകങ്ങളാണ്. തവക്കുല്‍ പ്രവാചകന്മാരുടെ ജീവിതത്തില്‍, തവക്കുല്‍ നബി വചനങ്ങളില്‍, വിധിയും പ്രാര്‍ഥനയും എന്നിവ സംബന്ധിച്ച് ഈ ലേഖനത്തിൽ വിശദമായി വായിക്കാം.
‘മനുഷ്യന് ദുര്‍ബലനായിട്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് അല്ലാഹു എടുത്തുപറയുന്നു’ (4:28). ഇതര ജന്തുജാലങ്ങള്‍ക്കില്ലാത്ത ഒട്ടേറെ വ്യതിരിക്തതകള്‍ മനുഷ്യനെന്ന സൃഷ്ടിക്കുണ്ട് എന്നത് നേരാണ്. അവന് പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ച് ജ്ഞാനം ആര്‍ജിക്കാനും വികസിപ്പിക്കാനും പ്രയോഗിക്കാനും പരിപോഷിപ്പിക്കാനും ശേഷിയുണ്ട്. അവന്റെ അറിവും ശേഷിയുമൊക്കെ പരിമിതമാണ്. അതിരുകളുമുണ്ട്. പരിമിതമായ അവന്റെ കഴിവും സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള അവന്റെ പരിശ്രമങ്ങള്‍ സഫലമാവുകയും വിജയം കാണുകയും ചെയ്യണമെങ്കില്‍ സര്‍വശക്തനായ അല്ലാഹുവിന്റെ സഹായം കൂടിയേ തീരു. അവനാണ് എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കുകയും മനുഷ്യന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുന്നവന്. നാം ആഗ്രഹിക്കുന്നത് നാം നേടാതെ പോവുന്നതും നാം ആഗ്രഹിക്കാത്തത് നമുക്ക് നേടാനാവുന്നതുമൊക്കെ കാര്യങ്ങളുടെ കൈകാര്യ കര്‍ത്താവ് അല്ലാഹു ആയതു കൊണ്ടാണ്.
നന്മയുടെയും തിന്മയുടെയും നിര്‍ണയം അല്ലാഹുവില്‍ നിന്ന് മാത്രമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഏതൊരാള്‍ക്കും നന്മ ലഭിക്കാനും തിന്മ തടയാനും അല്ലാഹുവിനോടല്ലാതെ തേടാന്‍ കഴിയില്ല. നന്മകള് ലഭിക്കാനും തിന്മകള് നീങ്ങാനും മനുഷ്യസാധ്യമായത് ചെയ്തതിന് ശേഷം ബാക്കിയുള്ള കാര്യങ്ങള്‍ സര്‍വശക്തനായ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചു കൊടുക്കുന്നത് (തവക്കുല്‍) വിശ്വാസികളുടെ ഗുണമായിട്ടാണ് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പഠിപ്പിക്കുന്നത്.
അല്ലാഹു പറയുന്നു: ”നീ ഒരു താക്കീതുകരാന് മാത്രമാകുന്നു. അല്ലാഹു എല്ലാ കാര്യത്തിന്റേയും സംരക്ഷണമേറ്റവനാകുന്നു” (11:12).
ദൃഢവിശ്വാസമുള്ളവരെ ചിലര്‍ ഭയപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍, അവരുടെ പ്രതികരണം, ഞങ്ങള്‍ക്ക് അല്ലാഹുമതി, അവനാണ് ഏറ്റവും നല്ല കൈകാര്യ കര്‍ത്താവ് എന്നായിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആനില്‍ കാണാം. ‘ആ ജനങ്ങള്‍ നിങ്ങള്‍ക്കെതിരെ സൈന്യത്തെ ശേഖരിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളവരെ ഭയപ്പെടണമെന്ന് ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അത് അവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്പ്പിക്കുവാന് ഏറ്റവും നല്ലത് അവനത്രെ’ (3:173). ഭയമോ ആശങ്കയോ നിരാശയോ കൂടാതെ ജീവിതത്തില്‍ സര്‍വകാര്യങ്ങളിലും അല്ലാഹുവിന്റെ കൈകാര്യകര്‍തൃത്വം അംഗീകരിച്ച് തൃപ്തിപ്പെടുക എന്നതാണ് തവക്കുല്‍. അല്ലാഹുവെ ഭരമേല്‍പ്പിക്കല്‍ എന്നാണ് തവക്കുലിന് സാമാന്യമായ പരിഭാഷ നല്കി വരുന്നത്.
അല്ലാഹു പറയുന്നു: ‘വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയാണെങ്കില്‍ അവന് അല്ലാഹു തന്നെമതി’ (65:3).അല്ലാഹു നബി(സ്വ)യോട് കല്പിക്കുന്നു. ‘നീ ഒരു തീരുമാനം എടുത്തു കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കണം. തന്നില്‍ ഭരമേല്‍പ്പിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെ ചെയ്യും’ (3:159). ‘ഒരിക്കലും മരിക്കാതെ, ജീവിച്ചിരിക്കുന്നവനെ നീ ഭരമേല്‍പ്പിക്കുക. അവനെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുക. തന്റെ ദാസന്മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനായിട്ട് അവന് തന്നെ മതി’ (25:58). ‘ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറ് ദിവസങ്ങളില്‍ സൃഷ്ടിച്ചവനത്രെ അവന്. എന്നിട്ട് അവന് സിംഹാസനസ്ഥനായിരിക്കുന്നു. പരമകാരുണികനാണവന്‍. ആകയാല്‍ ഇതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനോട് തന്നെ ചോദിക്കുക’ (25:59). ‘പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവനെ നീ ഭരമേല്‍പ്പിക്കുക’ (26:217).
ഭരമേല്പ്പിക്കപ്പെടാനുള്ള അല്ലാഹുവിന്റെ അര്ഹതയായിട്ട് ഉപരിസൂചിത സൂക്തങ്ങളില്‍ പരാമര്‍ശിച്ചത് ചില ഗുണ വിശേഷങ്ങളാണ്.
- എന്നെന്നും ജീവിച്ചിരിക്കുന്നവന്
- സൂക്ഷ്മ ജ്ഞാനി
- സര്‍വതിന്റേയും സ്രഷ്ടാവ്
- സിംഹാസനസ്ഥന്
- പരമകാരുണികന്
- പ്രതാപശാലി
- കരുണാനിധി
‘അല്ലാഹുവെക്കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? എനിക്ക് വല്ല വിപത്തും വരുത്താന്‍ അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ അത് നീക്കാനോ അവന് അനുഗ്രഹം ചെയ്യുകയാണെങ്കില്‍ അത് പിടിച്ചുവെക്കാനോ പ്രാര്‍ഥിക്കപ്പെടുന്ന സൃഷ്ടികള്‍ക്കൊന്നും സാധ്യമല്ല. ‘എനിക്ക് അല്ലാഹു മതി, അവന്റെ മേലാണ് ഭരമേല്പ്പിക്കുന്നവനെല്ലാം ഭരമേല്‍പ്പിക്കേണ്ടത്’ (39:38).
മനുഷ്യന് ആവശ്യമായ അധ്വാനങ്ങളും പരിശ്രമങ്ങളുമൊന്നും നടത്താതെ എല്ലാം അല്ലാഹു നിറവേറ്റിത്തരും എന്ന് കരുതി ആശ്വസിച്ചിരിക്കണമെന്ന് ഇതിന് അര്‍ഥമില്ല. ശത്രുക്കളുടെ ആക്രമണമുണ്ടാവുകയാണെങ്കില്‍ നേരിടാന്‍ ആവശ്യമായ ശക്തി സംഭരിച്ച ശേഷം അല്ലാഹുവില്‍ കാര്യങ്ങള്‍ ഭരമേല്പ്പിക്കാന് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു (8:61). ഒട്ടകത്തെ കയറില്‍ ബന്ധിച്ചശേഷം അല്ലാഹുവില്‍ ഭരമേല്പ്പിക്കാന് ഒരു സ്വഹാബിയോട് നബി(സ) നിര്‍ദേശിച്ച സംഭവം പ്രസിദ്ധമാകുന്നു.
അല്ലാഹുവിന്റെ രക്ഷാകര്‍തൃത്വത്തിലും കൈകാര്യത്തിലും പൂര്ണവിശ്വാസമര്പ്പിക്കുന്ന വ്യക്തിക്ക് എന്ത് സംഭവിച്ചാലും അതയാള്‍ക്ക് ഗുണകരമായി ഭവിക്കുമെന്നാണ് ഖുര്‍ആന്‍ നമുക്ക് മനസ്സിലാക്കിത്തരുന്നത്. അല്ലാഹു പറയുന്നു: ‘പറയുക അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാത്തതൊന്നും ഞങ്ങളെ ഒരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്. സത്യവിശ്വാസികള്‍ അല്ലാഹുവിലാണ് ഭരമേല്‍പ്പിക്കേണ്ടത്” (9:51).
‘പറയുക: രക്തസാക്ഷിത്വം, വിജയം എന്നീ നേട്ടങ്ങളില്‍ ഒന്നല്ലാതെ മറ്റെന്തെങ്കിലും ഞങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? എന്നാല്‍ നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് നിങ്ങള്‍ക്ക് അല്ലാഹു തന്റെ പക്കല്‍നിന്ന് നേരിട്ടോ ഞങ്ങളുടെ കൈക്കോ ശിക്ഷയാണ്. അതിനാല്‍ നിങ്ങള്‍ കാത്തിരുന്നു കൊള്ളുക. ഞങ്ങളും നിങ്ങളോടൊപ്പം കാത്തിരിക്കാം‘ (9:52). സന്തോഷകരമായ കാര്യം സംഭവിച്ചാല്‍ അല്ലാഹുവിന് നന്ദി പറയുകയും വിഷമകരമായ വല്ലതും നേരിട്ടാല്‍ ക്ഷമിക്കുകയും ചെയ്യുന്ന സത്യവിശ്വാസിക്ക് അത് ഗുണകരമായിത്തീരുന്ന അത്ഭുതകരമായ അവസ്ഥ പ്രവാചകന്റെ വചനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അല്ലാഹു മാത്രമാണ് ഇലാഹും റബ്ബും വലിയ്യും (ആരാധ്യനും പരിപാലകനും രക്ഷാധികാരിയും) എന്ന് ഉറച്ചു വിശ്വസിക്കുന്ന വ്യക്തിക്ക് അല്ലാഹുവിന്റെ വിധിയെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസമാണ് അല്ലാഹുവിന്റെമേല്‍ എല്ലാം ഭരമേല്പ്പിക്കാന് പ്രചോദനമാകുന്നത്.
തവക്കുല്‍ പ്രവാചകന്മാരുടെ ജീവിതത്തില്‍
ദൈവിക സന്ദേശം ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കാനായി അല്ലാഹു തിരഞ്ഞെടുത്തയച്ച അവന്റെ ദൂതന്മാരായ പ്രവാചകന്മാര്ക്ക് അവരുടെ ജീവിതത്തില്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. ഭയം, ദാരിദ്ര്യം, ആദര്‍ശ ശത്രുക്കളില്‍ നിന്നുള്ള ശാരീരികവും മാനസികവുമായ പീഡനം, ശരീരത്തിലും സമ്പത്തിലുമുള്ള നാശനഷ്ടങ്ങള്‍ എന്നിവയൊക്കെ പ്രാവചകന്മാര് തങ്ങളുടെ ജീവിതത്തില്‍ അനുഭവിച്ചിട്ടുണ്ട്. അക്ഷരാര്‍ഥത്തില്‍ അഗ്നിപരീക്ഷണങ്ങള്ക്ക് വിധേയനാകേണ്ടി വന്ന, പ്രവാചകന്മാരുടെ പ്രപിതാവ് ഇബ്റാഹീം(അ) അടക്കമുള്ളവര്‍ ജീവിതത്തിലെ പ്രതിസന്ധികളുടെ മുമ്പില്‍ പതറാതെ, ദൃഢവിശ്വാസത്തില്‍ അല്ലാഹുവില്‍ എല്ലാം ഭരമേല്പിക്കുകയും ക്ഷമ കൊണ്ടും പ്രാര്‍ഥനയിലൂടെയും അല്ലാഹുവിന്റെ സഹായം തേടുകയും ചെയ്യുകയായിരുന്നു. ചരിത്ര സംഭവങ്ങളിലൂടെ നമുക്ക് ഇത് ഗ്രഹിക്കാനാവുന്നു.
പ്രവാചകത്വത്തിന്റെ ആദ്യ നാളുകളില്‍ റസൂല്‍(സ്വ)യുടെ കൂടെ വിരലിലെണ്ണാവുന്ന സ്വഹാബികള്‍ മാത്രമായിരുന്നു ഇസ്ലാമിന്റെ അനുയായികളായിട്ട് ഉണ്ടായിരുന്നത്. രഹസ്യ പ്രബോധനഘട്ടത്തില്‍ നബി(സ്വ)യുടെയും സ്വഹാബികളുടെയും ജീവന് ഭീഷണിയാവുന്ന പല നീക്കങ്ങളും ശത്രുക്കള്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തിയിരുന്നു. ആ സന്ദിഗ്ധഘട്ടത്തിലൊക്കെ, ധീരതയോടെ നിലയുറപ്പിക്കാന്‍ പ്രവാചകന്(സ്വ)ക്ക് ആത്മധൈര്യം ലഭിച്ചത് അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും അവനില്‍ സര്‍വവും ഭരമേല്‍പ്പിക്കുന്നതിലൂടെ ലഭിക്കുന്ന ഉള്‍ക്കരുത്തും മൂലമാണ് അബൂബക്കര്‍(റ) ഒരു സംഭവം വിവരിക്കുന്നു. ”ഞാന്‍ നബി(സ്വ)യോടൊപ്പം (സൗര്‍) ഗുഹയിലായിരുന്നു. തലയുയര്‍ത്തി നോക്കിയപ്പോള്‍ ശത്രുജനത്തിന്റെ പാദഭാഗങ്ങള്‍ എനിക്ക് ദൃശ്യമായി. ഞാന്‍ നബിയോട് പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ, അവരില്‍ വല്ലവരും താഴോട്ട് നോക്കിയാല്‍ നമ്മെ കണ്ടതുതന്നെ. അപ്പോള്‍ റസൂല്‍(സ്വ) പറഞ്ഞു. മിണ്ടാതിരിക്കൂ അബൂബക്കര്‍, നമ്മള് രണ്ടുപേരാണെങ്കിലും മൂന്നാമനായി അല്ലാഹുവുണ്ട് (ബുഖാരി) 1.
‘ജനത നിങ്ങള്‍ക്കെതിരില്‍ സംഘടിച്ചിരിക്കുന്നു, അവരെ ഭയപ്പെടുവിന്‍’ എന്ന് ശത്രുക്കള്‍ പറഞ്ഞപ്പോള്‍ മുഹമ്മദ് നബി(സ്വ)യും അനുചരരും പറഞ്ഞത് ‘ഞങ്ങള്‍ക്ക് അല്ലാഹുമതി, അവന് ഭരമേല്പ്പിക്കാന് എത്ര യോഗ്യന്‍‘ (3:173). അല്ലാഹുവിന്റെ ഉറ്റ ചങ്ങാതി ഇബ്റഹീം നബി(അ) ബിംബാരാധനക്ക് എതിരെ ശബ്ദിക്കുകയും ഏക ദൈവാരാധനയിലേക്ക് സ്വപിതാവ് അടക്കമുള്ള ബിംബാരാധകരുടെ സമൂഹത്തെ ക്ഷണിക്കുകയും ചെയ്തപ്പോള്‍ അദ്ദേഹത്തെ അവര്‍ അഗ്നികുണ്ഡമൊരുക്കി ചുട്ടെരിക്കാന്‍ ഒരുങ്ങി. അഗ്നിയില്‍ എറിയപ്പെട്ടപ്പോഴും തെല്ലും ഭയക്കാതെ അദ്ദേഹം ഉരുവിട്ടിരുന്ന വാക്ക് ഇപ്രകാരമായിരുന്നു. ‘ഞങ്ങള്‍ക്ക് അല്ലാഹു മതി, അവന് ഭരമേല്പിക്കുവാന് എത്ര യോഗ്യന്‍’.
പ്രിയപുത്രന് യൂസുഫ് നബി(അ) നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന ആഅ്ഖൂബ് നബി(അ) മറ്റു സന്താനങ്ങളുടെ കൂടെ ഇളയ മകനെയും കൂടി ഈജിപ്തിലേക്ക് അയക്കുമ്പോള്‍ ആ സ്നേഹനിധിയായ പിതാവ് ഈജിപ്തിലെ രാജസന്നിധിയില്‍ നിങ്ങള്‍ പ്രവേശിക്കുന്നത് ഭിന്ന വഴികളിലൂടെയായിരിക്കണം എന്ന് ഉപദേശിക്കുന്നു. സുരക്ഷക്കുള്ള മുന്‍ കരുതല്‍ എന്ന നിലക്കുള്ള ഈ ഉപദേശം നല്കുമ്പോഴും അദ്ദേഹം പറയുന്ന വാക്കുകള്‍ ഖുര്‍ആന്‍ എടുത്ത് ഉദ്ധരിക്കുന്നു. ”എന്റെ മക്കളേ, നിങ്ങള്‍ ഒരേ വാതിലില്‍ക്കൂടി പ്രവേശിക്കരുത്, ഭിന്നമായ പല വാതിലുകളിലൂടെ പ്രവേശിക്കുവിന്‍. അല്ലാഹുവിങ്കല്‍ നിന്ന് ഉണ്ടാകുന്ന യാതൊന്നിനേയും നിങ്ങളില്‍ നിന്ന് ഞാന്‍ തടുക്കുകയില്ല. വിധികര്‍തൃത്വം അല്ലാഹുവിനല്ലാതെ ആര്‍ക്കുമില്ല, ഞാന്‍ അവനില്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു. ഭരമേല്‍പ്പിക്കുന്നവര്‍ അവനില്‍ തന്നെ ഭരമേല്‍പ്പിച്ചുകൊള്ളട്ടെ” (12:67).
ധാരാളം സമ്പത്തിനുടമയായിരുന്ന അയ്യൂബ് നബി(അ) രോഗങ്ങളാലും മറ്റ് കഷ്ടനഷ്ടങ്ങളാലും ജീവിതത്തില്‍ ഏറെ പരീക്ഷിക്കപ്പട്ടു. എന്നിട്ടു, അതില്‍ അക്ഷമ കാണിക്കുകയോ നന്ദികേടിന്റെ ഒരു വാക്കുപോലും ഉച്ചരിക്കുകയോ ചെയ്യാതെ ദൃഢവിശ്വാസത്തോടെ അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രാര്‍ഥിച്ചപ്പോള്‍ ആ പ്രവാചകന്റെ ജീവിതത്തില്‍ നിന്ന് പ്രതിസന്ധികള്‍ നീങ്ങിപ്പോവുകയും അല്ലാഹു അദ്ദേഹത്തിന് അനുഗ്രഹം ചൊരിഞ്ഞുകൊടുക്കുകയും ചെയ്തുവെന്നും വിശുദ്ധ ഖുര്‍ആനില്‍ വിവരിക്കുന്നു. ”അയ്യൂബിനേയും ഓര്‍ക്കുക. ‘എനിക്ക് കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു, നീ ഏറ്റവും കരുണ ചെയ്യുന്നവനത്രെ. പ്രാര്‍ഥിച്ചു; അപ്പോള്‍ ആദ്ദേഹത്തിന്ന് നാം ഉത്തരം നല്കി; അങ്ങനെ അദ്ദേഹത്തിന്റെ കഷ്ടപ്പാട് നാം അകറ്റിക്കളഞ്ഞു. നമ്മുടെ പക്കല്‍ നിന്നുള്ള അനുഗ്രഹവും ആരാധന ചെയ്യുന്നവര്‍ക്ക് സ്മരണയുമായിക്കൊണ്ട്. അദ്ദേഹത്തിന്റെ വീട്ടുകാരെയും അവരോടൊപ്പം അവരുടെ അത്രയും പേരെയും അദ്ദേഹത്തിന് നാം കൊടുക്കുകയും ചെയ്തു” (21:83,84).
അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും ആള്‍രൂപമായി വര്‍ത്തിച്ച ഫിര്‍ഔന്റെ അടുക്കലേക്ക് ദൈവിക സന്ദേശവുമായി കടന്നുചെല്ലാനുള്ള കല്പനയുണ്ടായപ്പോള് മൂസാ(അ) പ്രാര്‍ഥനാമനസ്സോടെ അല്ലാഹുവിനോട് തേടി, ‘‘റബ്ബേ, എന്റെ ഹൃദയത്തില്‍ നീ വിശാലത നല്കേണമേ, എന്റെ കാര്യത്തെ നീ എളുപ്പമാക്കിത്തരേണമേ, എന്റെ നാവിന്റെ കെട്ട് നീ അഴിച്ച് തരേണമേ” (20:25-27). ഏത് പ്രതിസന്ധിഘട്ടങ്ങളിലും പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് അല്ലാഹുവിനോട് തേടുകയാണ് വേണ്ടതെന്നും അവനില്‍ അല്ലാഹുവില്‍ സര്‍വവും ഭരമേല്പ്പിക്കാനും പ്രവാചകന്മാര്ക്ക് ഭാഗ്യമുണ്ടായിരുന്നു. അങ്ങനെ ഭരമേല്‍പ്പിക്കുന്നതിലൂടെ അവന് സഹായിയും രക്ഷാധികാരിയുമായി എപ്പോഴും ഉണ്ടാകുമെന്നുള്ള പരമാര്‍ഥം വിശ്വാസികളുടെ ജീവിതത്തില്‍ പൂര്‍വിക പ്രവാചകന്മാരുടെ ചരിത്രത്തില്‍ നിന്ന് ഗുണപാഠമായി ഉള്‍ക്കൊളളാന്‍ സാധിക്കുന്നു.
തവക്കുല്‍ നബി വചനങ്ങളില്‍
ഏകനായ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം സകലമാന ഭയാശങ്കകളില്‍ നിന്നും മോചനം നല്കി അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കാനുള്ള കരുത്ത് പകരുന്നു. അല്ലാഹുവില്‍ ഭരമേല്പ്പിക്കുന്നവന് തനിക്ക് അല്ലാഹു എല്ലാറ്റിനും മതിയായവനാണെന്നും ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ സഹായം കൂടെയുണ്ടാകുമെന്നും ഉറച്ച് വിശ്വസിക്കുന്നു. അല്ലാഹുവിന്റെ സഹായം ലഭിക്കാതെ പോയാല്‍ പിന്നെ ആശ്രയവും പ്രതീക്ഷയും ഒരാളിലും അര്‍പ്പിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. അല്ലാഹു പറയുന്നു:
”നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം, നിങ്ങളെ തോല്പിക്കാനാരുമില്ല. അവന് നിങ്ങളെ കൈവിടുകയാണെങ്കില്‍ അവന്നു പുറമെ ആരാണ് നിങ്ങളെ സഹായിക്കാനുള്ളത്? അതിനാല്‍ സത്യവിശ്വാസി കള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കട്ടെ” (3:160).
നന്മ തിന്മകളുടെ വിധി നിര്‍ണയം (ഖദ്ര്) അല്ലാഹുവില്‍ നിന്നാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഏതൊരാളും നന്മ ലഭിക്കുമ്പോള്‍ അതിന് അല്ലാഹുവിനോട് നന്ദി പറയുകയും തനിക്ക് തിന്മ ബാധിച്ചാല്‍ ക്ഷമിച്ച്, അത് നീക്കിത്തരുവാനായി അവനോട് പ്രാര്‍ഥിക്കുകയും ചെയ്യന്നു. ഇഹത്തില്‍ സാധ്യമായ പ്രവര്‍ത്തനങ്ങളില്‍ നിരതനായി അതിനപ്പുറമുള്ള കാര്യങ്ങളില്‍ അല്ലാഹുവിന്റെ സഹായത്തിലും ഔദാര്യത്തിലും പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കുന്നവര്‍ക്ക് അല്ലാഹു സന്തോഷങ്ങള്‍ നല്‍കുന്നുണ്ടെന്ന് നബി(സ്വ) പഠിപ്പിക്കുകയുണ്ടായി.
ഉമറുബ്നുല്‍ ഖത്താബ്(റ) പറയുന്നു: നബി(സ്വ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു. നിങ്ങള്‍ അല്ലാഹുവിന്റെമേല്‍ ശരിയാം വിധം ഭരമേല്‍പ്പിക്കുകയാണെങ്കില്‍ പക്ഷികള്‍ക്ക് ഉപജീവനം നല്കുന്നതുപോലെ നിങ്ങള്‍ക്കും ഉപജീവനം നല്‍കും. അവ ഒഴിഞ്ഞ വയറുമായി രാവിലെ പുറപ്പെടുകയും നിറഞ്ഞ വയറുമായി വൈകുന്നേരം മടങ്ങുകയും ചെയ്യുന്നു (തിര്‍മിദി) 2.
‘നാളെയെക്കുറിച്ച് ആധിയോ ആശങ്കകളോ ഇല്ലാതെ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് ശുദ്ധ മനസ്കരായി കര്മരംഗത്തിറങ്ങുന്നവര്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടെന്നും അവര്‍ വിചാരിക്കാത്ത മാര്‍ഗങ്ങളിലൂടെ അല്ലാഹു അവര്‍ക്ക് ഉപജീവനം നല്‍കുമെന്നും അല്ലാഹു പഠിപ്പിക്കുന്നു’ (65:2,3).
ഐഹിക ജീവിതത്തിന് പുറമെ ശാശ്വതമായ പാരത്രിക ജീവിതത്തിലും അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചവരായ വിശ്വാസികള്‍ക്ക് പ്രത്യേക പദവിയുണ്ട് എന്ന് റസൂല്‍(സ്വ) പഠിപ്പിച്ചിട്ടുണ്ട്.
”ഇബ്നു അബ്ബാസ്(റ) പറയുന്നു. റസൂല്‍(സ്വ) പറഞ്ഞു: ‘എന്റെ സമുദായത്തില്‍ നിന്നുള്ള എഴുപതിനായിരം ആളുകള്‍ യാതൊരു വിചാരണയും നേരിടാതെ തന്നെ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അവര്‍ മന്ത്രങ്ങള്‍ നടത്തുവാന്‍ ആവശ്യപ്പെടുകയില്ല. ശകുനം നോക്കുകയില്ല. എല്ലാ കാര്യങ്ങളും തങ്ങളുടെ രക്ഷിതാവില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യും. (ബുഖാരി) 3.
വിശ്വാസം പരീക്ഷിക്കപ്പെടുന്നത് പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴാണ്. ഏകദൈവ വിശ്വാസത്തിന്റെ അടിവേരറുക്കുന്ന രൂപത്തില്‍ പക്ഷിലക്ഷണം നോക്കുന്നവരും ജ്യോത്സ്യന്മാരെ സമീപിക്കുന്നവരും അഭൗതിക മാര്‍ഗത്തിലൂടെ മറ്റ് പലരിലൂടെയും ദോഷബാധ ഉണ്ടാകുമെന്ന് പേടിക്കുന്നവരുമൊക്കെയുണ്ട്. എന്നാല്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്ന സത്യവിശ്വാസിക്ക് വിപത്ത് നേരിടുമ്പോള്‍ അവന് ക്ഷമിച്ച് ഉരുവിടുന്നത് ‘തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന് ഉള്ളവരാണ്. അവങ്കലേക്ക് തന്നെ മടങ്ങി ചെല്ലുന്നവരുമാണ്’ എന്ന പ്രാര്‍ഥനയായിരിക്കും. (2:156) വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ പോലും അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് കൊണ്ടുള്ള പ്രാര്‍ഥന നിര്‍വഹിക്കാനാണ് റസൂല്‍(സ്വ) പഠിപ്പിച്ചിട്ടുള്ളത്.
അബൂഹുറയ്റ(റ) പറയുന്നു. ”നബി(സ്വ) തന്റെവീട്ടില്‍ നിന്ന് പുറപ്പെട്ടാല്‍, ‘ബിസ്മില്ലാഹി ലാഹൗല വലാ ഖുവ്വത ഇല്ലാബില്ലാഹ്, അത്തക്ലാനു അലല്ലാഹ്’ (അല്ലാഹുവിന്റെ നാമത്തില്‍, അവന്നല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല. ഭരമേല്‍പ്പിക്കല്‍ അല്ലാഹുവിലാണ്) എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.. (ഇബ്നുമാജ) 4.
വിധിയും പ്രാര്‍ഥനയും
പ്രാര്‍ഥന കേള്‍ക്കാനും അതിന് ഉത്തരം നല്‍കാനും കഴിയുന്നവന് അല്ലാഹു മാത്രമാണ്. അതുകൊണ്ട് അല്ലാഹുവിനോട് മാത്രമേ പ്രാര്‍ഥിക്കാവൂ. ഒരടിമയെ അല്ലാഹു പരിഗണിക്കുന്നതിന് കാരണമാകുന്നത് അല്ലാഹുവിനോടുള്ള അവന്റെ പ്രാര്‍ഥനയാണ്. ആരാധനയുടെ മജ്ജ എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രാര്‍ഥന അല്ലാഹുവിനോട് മാത്രമേ പാടുള്ളൂവെന്നും പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് അല്ലാഹു മാത്രമേ ഉത്തരം നല്‍കുവെന്നും വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കുമെന്ന് പറഞ്ഞതിന്റെ അര്‍ഥം പ്രാര്‍ഥിക്കുന്നവരുടെ ആഗ്രഹമെല്ലാം അവന് സാധിപ്പിക്കുമെന്നല്ല. അല്ലാഹുവിന്റെ ഹിതത്തിനും വിധിക്കും വിധേയമായിരിക്കും അവന് നല്കുന്ന ഉത്തരം.
മനുഷ്യര്‍ തങ്ങളുടെ പരിമിതമായ അറിവിന്റേയും അനുഭവങ്ങളുടേയും അടിസ്ഥാനത്തിലായിരിക്കും പ്രാര്‍ഥിക്കുന്നത്. തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് അവര്‍ കരുതുന്ന കാര്യങ്ങള്‍ക്ക് വേണ്ടിയാകും അവരുടെ പ്രാര്‍ഥന. എന്നാല്‍ അല്ലാഹുവിന്റെ അറിവിനനുസരിച്ച് അക്കാര്യം ആത്യന്തികമായി അവര്‍ക്ക് ദോഷകരമായി ഭവിക്കാന്‍ സാധ്യതയുണ്ട്. പ്രഥമ ദൃഷ്ട്യാ അനിഷ്ടകരമായി തോന്നുന്ന കാര്യങ്ങള്‍ ഒഴിവായി കിട്ടാന്‍ വേണ്ടിയും അവര്‍ പ്രാര്‍ഥിച്ചേക്കും. എന്നാല്‍ ആ കാര്യങ്ങള്‍ മുഖേന ഇഹലോകത്തോ പരലോകത്തോ അല്ലാഹു അവര്‍ക്ക് നന്മ നിശ്ചയിച്ചിട്ടുണ്ടാവാം. അതിനാല്‍ അല്ലാഹു മനുഷ്യരുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നത് അവന്റെ പരമവും സമ്പൂര്‍ണവുമായ അറിവിന്റേയും തെറ്റ് പറ്റാത്ത തീരുമാനത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും. മനുഷ്യരുടെ ഇഷ്ടാനിഷ്ടങ്ങളില്‍ തെറ്റ് പറ്റാനുള്ള സാധ്യതയെയും അല്ലാഹുവിന്റെ ജ്ഞാനത്തിന്റെ അന്യൂനതയെയും വ്യക്തമാക്കിക്കൊണ്ട് അല്ലാഹു പറയുന്നു. ”യുദ്ധം ചെയ്യാന്‍ നിങ്ങള്‍ക്കിതാ നിര്‍ബന്ധ കല്പന നല്കപ്പെട്ടിരിക്കുന്നു. അതാകട്ടെ നിങ്ങള്‍ക്ക് അനിഷ്ടകരമാകുന്നു. എന്നാല്‍ കാര്യം നിങ്ങള്‍ വെറുത്തേക്കാം. ദോഷകരമായത് ഇഷ്ടപ്പെടുകയും ചെയതേക്കാം. അല്ലാഹു എല്ലാം അറിയുന്നു; നിങ്ങള്‍ അറിയുന്നുമില്ല.’‘ (2:216).
നന്മ തേടിക്കൊണ്ട് നബി(സ്വ) പ്രാര്‍ഥിച്ചിരുന്നത് എപ്രകാരമായിരുന്നുവെന്ന് ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ കാണാം. ”അല്ലാഹുവേ, നിന്റെ അറിവ് മുഖേന നിന്നോട് ഞാന്‍ നന്മ തേടുന്നു. നിന്റെ കഴിവ് മുഖേന നിന്നോട് ഞാന്‍ കഴിവ് തേടുന്നു. നിന്റെ മഹത്തായ അനുഗ്രഹത്തില്‍ നിന്ന് നിന്നോട് ഞാന്‍ ചോദിക്കുന്നു. അല്ലാഹുവേ, നിനക്കാണ് കഴിവുള്ളത്. എനിക്ക് കഴിവില്ല, നീയാണ് അറിയുന്നത്. ഞാന്‍ അറിയുന്നില്ല. അദൃശ്യ കാര്യങ്ങള്‍ ഏറെ അറിയുന്നവന് നീയാകുന്നു. അല്ലാഹുവേ, ഈ കാര്യം എനിക്ക് എന്റെ മതത്തിലും ജീവിതത്തിലും കാര്യത്തിന്റെ പര്യവസാനത്തിലും ഗുണകരമാണെന്ന് നീ അറിയുന്നുവെങ്കില്‍ എനിക്ക് നീ അത് വിധിക്കേണമേ, ഈ കാര്യം എന്റെ മതത്തിലും ജീവിതത്തിലും കാര്യത്തിന്റെ പര്യവസാനത്തിലും എനിക്ക് ദോഷകരമാണെന്ന് നീ അറിയുന്നുവെങ്കില്‍ അതിനെ എന്നില്‍നിന്നും എന്നെ അതില്‍ നിന്നും നീ തിരിച്ചു കളയുകയും നന്മ എവിടെയാണെങ്കിലും അത് എനിക്ക് നീ വിധിക്കുകയും പിന്നീട് അത് എനിക്ക് തൃപ്തിപ്പെട്ടതാക്കുകയും ചെയ്യേണമേ” (ബുഖാരി) 5.
റസൂല്‍(സ്വ) പറഞ്ഞു: ”അല്ലാഹുവേ, നീ ഉദ്ദേശിക്കുകയാണെങ്കില്‍ എനിക്ക് പൊറുത്തു തരണേമേ, നീ ഉദ്ദേശിക്കുകയാണെങ്കില്‍ എന്നോട് കരുണ കാണിക്കേണമേ എന്നിങ്ങനെ നിങ്ങളാരും പറയരുത്. ഉറപ്പായി തന്നെ പ്രാര്‍ഥിക്കുക. നിര്‍ബന്ധപൂര്‍വം അല്ലാഹുവിനെക്കൊണ്ട് കാര്യങ്ങള്‍ നിര്‍വഹിപ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ല” (ബുഖാരി). മറ്റൊരു ഹദീസില്‍ നബി(സ്വ) പറഞ്ഞു. ”ഞാന്‍ പ്രാര്‍ഥിച്ചു. ഞാന്‍ പ്രാര്‍ഥിച്ചു, എന്നിട്ടും എനിക്ക് ഉത്തരം ലഭിച്ചുകണ്ടില്ല. എന്നിങ്ങനെ ധൃതിപ്പെടാതിരിക്കുവോളം നിങ്ങളുടെ പ്രാര്‍ഥന സ്വീകരിക്കപ്പെടും (ബുഖാരി). നബി(സ്വ) പറയുന്നു. ”പ്രാര്‍ഥനയല്ലാതെ വിധിയെ തട്ടിമാറ്റുന്നില്ല, സദ്കര്മമല്ലാതെ പ്രായത്തെ വര്‍ധിപ്പിക്കുന്നില്ല” (തിര്‍മിദി).
ഉപരിസൂചിത ഹദീസുകളില്‍നിന്ന് നമുക്ക് ഗ്രഹിക്കാന്‍ കഴിയുന്നത് ഒരടിമ അല്ലാഹുവിനോട് നടത്തുന്ന പ്രാര്‍ഥന ഒരിക്കലും പാഴായി പോകുന്നില്ല എന്നതാണ്. കാര്യങ്ങളെല്ലാം അല്ലാഹുവിന്റെ മുന്‍ നിശ്ചയത്തിന്റെയും തീരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ കൃത്യമായ രേഖയില്‍ അവയൊക്കെയും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്റെ ഖണ്ഡിത തീരുമാനമായ ‘ഖദാഅ്’ അവന്റെ അടിമയുടെ കാര്യത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്ന് അല്ലാഹു ഓര്‍മിപ്പിക്കുന്നു. ‘‘ഭൂമിയിലോ നിങ്ങളില്തന്നെയോ ഒരു വിപത്തും ബാധിക്കുന്നില്ല; നാം അത് മുന്‍പേ രേഖപ്പെടുത്തി വെച്ചിട്ടല്ലാതെ. അത് അല്ലാഹുവിന് നിസ്സാരമാകുന്നു. നിങ്ങള്‍ക്ക് ലഭിക്കാതെ പോയതിന്റെ പേരില്‍ നിങ്ങള്‍ സങ്കടപ്പെടാതിരിക്കാനും നിങ്ങള്‍ക്ക് അവന് നല്‍കിയതില്‍ നിങ്ങള്‍ അമിതമായി ആഹ്ലാദം കൊള്ളാതിരിക്കാനും വേണ്ടിയത്രെ അത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല” (57:22,23).
പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്കുന്ന രീതി മൂന്നിലൊരു തരത്തിലാവും.
- പ്രാര്‍ഥിക്കപ്പെടുന്ന കാര്യം ഇഹലോകത്ത് വെച്ച് സാധിപ്പിച്ച് കൊടുക്കും.
- പ്രാര്‍ഥിക്കപ്പെടുന്ന കാര്യത്തില്‍ ഫലം അവന് ഇഹലോകത്ത് വെച്ച് ലഭിക്കുന്നതിനേക്കാള്‍ ഗുണകരമാകുക അത് ലഭിക്കാതിരിക്കുന്നതാവാം. അതുകൊണ്ട് പ്രാര്‍ഥനയുടെ ഫലം പരലോകത്തേക്ക് അല്ലാഹു മാറ്റിവെക്കുകയും പ്രാര്ഥിച്ചതിന്റെ പ്രതിഫലം ലഭിക്കുകയും ചെയ്യുന്നു.
- പ്രാര്‍ഥിക്കുന്നവന്റെ ജീവിതത്തില്‍ കണക്കാക്കിയ ഒരു വിപത്ത് അവനില്‍ നിന്ന് പ്രാര്‍ഥനയുടെ ഫലമായി തട്ടിമാറ്റപ്പെടുന്നു.
തന്റെ മുന്‍ തീരുമാനത്തില്‍ മാറ്റം വരുത്താനുള്ള അധികാരവും അവകാശവും അല്ലാഹുവിന് മാത്രമേയുള്ളൂ. വിപത്തുകള്‍ നീക്കാനും പരീക്ഷണങ്ങളില്‍ നിന്ന് മോചനം ലഭിക്കാനും രോഗങ്ങള്‍ ഭേദമാക്കാനും ഒക്കെ റസൂല്‍ (സ) നിരന്തരം പ്രാര്‍ഥിക്കാറുണ്ടായിരുന്നു. ദുരിതങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അല്ലാഹുവിനോടുള്ള പ്രാര്‍ഥന ഒരു പരിച ആയതുകൊണ്ടാണ് റസൂല്‍(സ) അത് പതിവാക്കിയത്. അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് പ്രാര്‍ഥനയില്‍ പ്രതീക്ഷ വെക്കുകയാണ് വേണ്ടത്. അല്ലാഹുവിന്റെ വിധിയിലുള്ള വിശ്വാസം, തവക്കുല്‍ (അല്ലാഹുവില്‍ ഭരമേല്‍പ്പിക്കല്‍), പ്രാര്‍ഥന ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു.
References- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 1337, ഹദീസ് 3453[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 370,371, ഹദീസ് 2498[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2396, ഹദീസ് 6175[↩]
- സുനനു ഇബ്നി മാജ, ഇബ്നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്നു യസീദില്‍ ഖസ്വീനി, ദാറു ഇഹ്യാഇല് കുതുബില്‍ അറബിയ്യ, വാള്യം 02, പേജ് 1278, ഹദീസ് 3885[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 2345, ഹദീസ് 6019[↩]
