ഖുർആൻ ഉപമകൾ-1
അല്ലാഹുവിൽ നിന്നുള്ള ഗ്രന്ഥമായ വിശുദ്ധ ഖുർആൻ കേവലം വിധിവിലക്കുകൾ മാത്രം പരാമർശിക്കുന്ന ഒന്നല്ല, മറിച്ച് മാനവ സമൂഹത്തിന് സമഗ്രവും സമ്പൂർണ്ണവുമായ വെളിച്ചം നൽകാൻ പര്യാപ്തമായ ഒരു മഹദ് ഗ്രന്ഥമാണ്. നിയമാവലികൾ, ശിക്ഷണപാഠങ്ങൾ, ഗുണപാഠങ്ങൾ എന്നിവ ധാരാളമായി അതിലുണ്ട്. വിവരണം, കഥാകഥനം, ആഖ്യാനം തുടങ്ങിയ പല രൂപത്തിലും ഖുർആൻ മനുഷ്യമനസ്സുകളെ സമീപിക്കുന്നു. കാര്യങ്ങൾ എളുപ്പത്തിൽ ഗ്രഹ്യമാക്കുന്നതിനായി ഉപമകളിലൂടെയും ഉദാഹരണങ്ങളിലൂടെയും കാര്യങ്ങൾ അവതരിപ്പിക്കുന്നു. ഭാഷയിൽ ഉപമാലങ്കാരങ്ങൾക്കുള്ള വലിയ സ്ഥാനം കാരണം, വായനക്കാരന്റെ ആസ്വാദ്യത വർദ്ധിപ്പിക്കുന്നതിനൊപ്പം വിഷയം വേഗത്തിൽ മനസ്സിലാക്കാനും ഇത് സഹായിക്കുന്നു. ഖുർആനിൽ നാൽപ്പതിലേറെ വ്യക്തമായ ഉപമകളും ഒട്ടേറെ വ്യംഗ്യമായ ഉപമകളും കാണാവുന്നതാണ്. അവയിൽ മനുഷ്യനും പടക്കുതിരയും, ഇരുട്ടിൽ തപ്പുന്ന കപടവിശ്വാസി, കപട വിശ്വാസിയും പേമാരിയും, കരിമ്പാറ പോലുള്ള മനസ്സുകൾ, ജന്തുക്കളോട് ഒച്ചയിടുന്നവർ, ഭാര്യമാരും കൃഷിഭൂമിയും, കതിരിടുന്ന നന്മകൾ, പാറപ്പുറത്തെ മണ്ണുപോലെ, ഭ്രാന്ത് പിടിച്ചവനെപ്പോലെ, കർമ്മനഷ്ടവും കൃഷിനാശവും, ശീതക്കാറ്റേറ്റ കൃഷിയിടം പോലെ, ധിക്കാരവും കൃഷിനാശവും തുടങ്ങിയ ഉപമകളാണ് ഖുർആൻ ഉപമകൾ എന്ന ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ഖുർആനിലെ ഉപമകളിൽ എന്തിനോട് ഉപമിക്കുന്നു എന്നതിനേക്കാൾ, ഉപമയിലെ പ്രമേയമാണ് ശ്രദ്ധിക്കേണ്ടത്. ഒരു കൊതുകിനെയോ അതിനേക്കാൾ നിസ്സാരമായതിനെയോ ഉപമയാക്കുന്നതിൽ അല്ലാഹു ലജ്ജിക്കുന്നില്ല. എന്നാൽ പ്രമേയങ്ങളെ ശ്രദ്ധിക്കാതെ ഉപമകളുടെ ബാഹ്യമായ കാര്യങ്ങളിൽ തർക്കവിതർക്കങ്ങൾ നടത്തുന്നവരെ ഖുർആൻ ആക്ഷേപിക്കുന്നത്
മനുഷ്യനും പടക്കുതിരയും
”കിതച്ചു പായുകയും, അങ്ങനെ കുളമ്പടികളാല്‍ തീ പാറിക്കുകയും, പുലര്‍വേളകളില്‍ കടന്നാക്രമിക്കുകയും എന്നിട്ടവിടെ പൊടി പാറിക്കുകയും, അങ്ങനെ ജനമധ്യത്തിലേക്ക് തള്ളിക്കയറുകയും ചെയ്യുന്ന കുതിരകളാണ് സത്യം. മനുഷ്യന് തന്റെ രക്ഷിതാവിനോട് വളരെ നന്ദികെട്ടവന്‍ തന്നെ. അവന് തന്നെ അതിന് സാക്ഷിയാണ്. പണത്തോടുള്ള അവന്റെ സ്നേഹം അതിശക്തം തന്നെയാണ്” (100:1-8).
അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങള്‍ അനുഭവിക്കുന്നവനാണ് മനുഷ്യന്. അടിസ്ഥാന വസ്തുവായ വായുവും വെള്ളവും മാത്രം എടുത്ത് നോക്കുക. അതിന് സമാനമായത് മറ്റാര്‍ക്കും തരാന്‍ കഴിയില്ല. ഈ ഭൂമുഖത്ത് മനുഷ്യന് ജീവിക്കാനാവശ്യമായ മുഴുവന്‍ സൗകര്യങ്ങളും സ്രഷ്ടാവ് ഒരുക്കിവെച്ചിട്ടുണ്ട്. ചൂടും തണുപ്പും മലകളും മരങ്ങളും മഴയും മഞ്ഞും തുടങ്ങി എല്ലാം സൗജന്യമായി പടച്ചതമ്പുരാന് സംവിധാനിച്ചിരിക്കുന്നു. ഇതെല്ലാം മനുഷ്യന് അനുഭവിക്കാന്‍ അനുവാദവും നല്‍കിയിട്ടുണ്ട്. അതോടൊപ്പം ഈ അനുഗ്രഹ ദാതാവിനോട് നന്ദി കാണിക്കണമെന്ന് ഉണര്‍ത്തുകയും ചെയ്തിരിക്കുകയാണ്. പക്ഷേ ഈ അനുഗ്രഹങ്ങള്‍ ദിനേനെ ആസ്വദിക്കുന്ന മനുഷ്യന് പൊതുവെ നന്ദി കാണിക്കുന്ന കാര്യത്തില്‍ പിന്നിലാണ്.
അതേസമയം ഒരു കുതിരയുടെ പ്രവര്‍ത്തനം ഒന്ന് നിരീക്ഷിച്ച് നോക്കൂ. അത് അതിരാവിലെ തന്നെ, തന്റെ യജമാനനെയും പുറത്തിരുത്തി, വെട്ടിത്തിളങ്ങുന്ന വാളുകള്‍ ഊരിപ്പിടിച്ച ശത്രുവിന്റെ മുന്നിലേക്ക് ചാടാന്‍ തയ്യാറാവുന്നു. അതിവേഗതയില്‍ ശത്രുവിന് നേരെ കുതിക്കുന്നു. അതിന്റെ കാലിലെ ലാഡം കല്ലില്‍ തട്ടുമ്പോള്‍ തീ പാറുന്നുണ്ട്. ശത്രുവില്‍നിന്ന് തനിക്കും വെട്ടേല്ക്കാമെന്നറിഞ്ഞിട്ടും തന്റെ യജമാനന്റെ വിജയത്തിന് വേണ്ടി, തന്നെത്തന്നെമറന്ന് പ്രവര്‍ത്തിക്കുകയാണ്. യജമാനന് എല്ലാ ദിവസവും തനിക്ക് തരുന്നത് പുല്ലും വെള്ളവുമാണ്. തന്റെ യജമാനനോട് ഇത്രമാത്രം നന്ദി കാണിക്കാന്‍ ഒരു കുതിരക്ക് കഴിയുമ്പോള്‍ ജീവിതത്തിന്നാവശ്യമായതെല്ലാം ചെയ്ത അല്ലാഹുവിനോട് മനുഷ്യന് നന്ദി കാണിക്കുന്നത് എത്ര കുറച്ചാണ്! അവന് സമ്പത്തിന്റെ പിന്നാലെ പോയി സ്രഷ്ടാവിനെ മറക്കുന്ന കാഴ്ച എത്രമാത്രം നന്ദികേടിന്റെതാണ്!.
ഇരുട്ടില്‍ തപ്പുന്ന കപടവിശ്വാസി
”കപടവിശ്വാസികളെ ഉപമിക്കാവുന്നത് ഒരാളോടാകുന്നു. അയാള്‍ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം എടുത്തുകളയുകയും അവരെ, ഒന്നുംകാണാനാവാത്ത വിധം ഇരുട്ടില്‍ തപ്പുവാന്‍ വിടുകയും ചെയ്തു. അവര്‍ ബധിരരും മൂകരും അന്ധരുമാകുന്നു. ഇനിയവര്‍ മടങ്ങുന്നതല്ല” (2:17,18).
വിശ്വാസവുമായി ബന്ധപ്പെട്ട് പ്രധാനമായും മൂന്ന് വിഭാഗങ്ങളെ കാണാം. ഒന്ന്: യഥാര്‍ത്ഥ വിശ്വാസമുള്‍ക്കൊണ്ട് ജീവിക്കുന്ന സത്യവിശ്വാസികള്‍. രണ്ട്: വിശ്വാസം പാടെ നിരാകരിച്ച സത്യനിഷേധികള്‍. മൂന്ന്: മനസ്സില്‍ അവിശ്വാസം കൊണ്ടുനടന്ന് പുറമെ വിശ്വാസികളായി അഭിനയിക്കുന്ന കപട വിശ്വാസികള്‍.
കാപട്യം കടുത്ത പാപമായാണ് ഇസ്ലാം കാണുന്നത്. നരകത്തിന്റെ അടിത്തട്ടില്‍ വലിയ ശിക്ഷ അനുഭവിക്കേണ്ടി വരുന്ന ഒരു വിഭാഗമാണ് കപടന്മാര്. സത്യം വ്യക്തമായി ബോധ്യപ്പെടാന്‍ അവസരം ലഭിച്ചവരാണവര്‍. പക്ഷേ അതിന്റെ മാധുര്യം നുകരാനോ ശീതളച്ഛായ അനുഭവിക്കാനോ അവര്‍ക്ക് കഴിയാതെ പോയി.
ശക്തമായ അന്ധകാരത്തിലും അജ്ഞതയിലും കഴിഞ്ഞ് കൂടുകയായിരുന്നു അവര്‍. അനീതിയും അക്രമവും അവരുടെ കൂടപ്പിറപ്പായിമാറിയിരുന്നു. സമാധാനവും ശാന്തിയും അവര്‍ക്ക് നഷ്ടപ്പെട്ടിരുന്നു. ഈയവസരത്തിലാണ് മുഹമ്മദ് നബി(സ്വ) ഒരു പ്രാകാശദീപമായി അവരിലേക്ക് കടന്നു വരുന്നത്. പ്രവാചകന് കത്തിച്ചുവെച്ച ഖുര്‍ആന്‍ ആകുന്ന പ്രകാശഗോപുരത്തിലൂടെ അവര്‍ക്ക് അവരുടെ പരിസരവും സാഹചര്യങ്ങളും വ്യക്തമായി തിരിച്ചറിയാനായി. മുന്നിലുള്ള ദുര്‍ഘടവും അപകടകരവുമായ വഴികള്‍ അവര്‍ മനസ്സിലാക്കി. വിജയപാതയും വിനാശവീഥിയും അവര്‍ കണ്ടറിഞ്ഞു. അതു മുഖേന നല്ലതും ചീത്തയും പാടുള്ളതും പാടില്ലാത്തതും അവര്‍ക്ക് ബോധ്യമായി. എന്നിട്ടും അന്ധവിശ്വാസത്തിലേക്ക് തന്നെ അവരുടെ മനസ്സ് തിരിച്ച് പോവുകയായിരുന്നു.
സത്യം കണ്മുമ്പിലുണ്ടായിട്ടും അന്ധവിശ്വാസത്തെ മനസ്സില്‍ കുടിയിരുത്തിയവര്‍ക്ക് സംഭവിച്ച ഗുരുതരമായ ഒരു സ്ഥിതിവിശേഷത്തെ വളരെ മനോഹരമായാണ് അല്ലാഹു വരച്ച് കാണിക്കുന്നത്. മനസില്‍ മായാതെ നില്ക്കുന്ന ഉപമയിലൂടെ.
കപട വിശ്വാസിയും പേമാരിയും
”അല്ലെങ്കില്‍ കപടവിശ്വാസികളെ ഉപമിക്കാവുന്നത് ആകാശത്ത് നിന്ന് ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്. ഇടിനാദം കേട്ട്, മരണഭയത്താല്‍ അവര്‍ ചെവിയില്‍ വിരലുകള്‍ തിരുകുന്നു. എന്നാല്‍ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുകയാണ്. മിന്നല്‍ പിണര്‍ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കാറായി. മിന്നല്‍ അല്പം വെളിച്ചം നല്‍കുമ്പോഴെല്ലാം അതിലൂടെ അവര്‍ നടക്കുന്നു. ഇരുട്ടാവുമ്പോള്‍ നിശ്ചലരാവുകയും ചെയ്യും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും എടുത്തു കളയുമായിരുന്നു. അല്ലാഹു എല്ലാറ്റിനും പ്രാപ്തനാണ്, തീര്‍ച്ച (2:19,20).
സത്യത്തിന്റെ കൂടെ ഉറച്ച് നില്‍ക്കാനും ത്യാഗങ്ങള്‍ സഹിക്കാനും സന്നദ്ധരല്ലാത്ത കപട വിശ്വാസികളുടെ സ്ഥിതിഗതികളെ ചിത്രീകരിക്കുന്ന ഒരു ഉപമയാണിത്. മാനവ സമൂഹത്തിന്റെ മോചനത്തിനും ക്ഷേമത്തിനുമായി സ്രഷ്ടാവ് അവര്‍ക്ക് ഇറക്കിക്കൊടുക്കുന്ന ഖുര്‍ആനിക വചനങ്ങളും ദൈവീക ദൃഷ്ടാന്തങ്ങളും നിയമാവലികളുമാണ് കുത്തിച്ചൊരിയുന്ന പേമാരിയോടുപമിപ്പിച്ചിരിക്കുന്നത്. മഴ, മണ്ണിന് ജീവനും തുടിപ്പും നല്കുന്ന പോലെ മനസ്സിന് സമാധാനവും സന്തോഷവും നല്‍കുന്നതാണ്. ദിവ്യദര്ശനങ്ങളില് നിറഞ്ഞ് നില്ക്കുന്ന താക്കീതുകളും മുന്നറിയിപ്പുകളും മഴയോടൊപ്പം വരുന്ന ഇടിനാദങ്ങളായും, ദൃഷ്ടാന്തങ്ങളും സന്തോഷവാര്‍ത്തകളും മിന്നല്‍ പിണരുകളായും മനസിലാക്കാവുന്നതാണ്.
ദിവ്യവചനമായ പേമാരിയോടൊപ്പം വരുന്ന ഇടിനാദങ്ങളായ താക്കീതുകളും ശാസനകളും കേള്‍ക്കുമ്പോള്‍ അവര്‍ക്കത് സഹിക്കാവുന്നില്ല. കാത് പൊത്തിയും കണ്ണ് ചിമ്മിയും ഇടിമിന്നലുകളില്‍ നിന്ന് രക്ഷപ്പെടാമെന്നു കരുതുന്ന മൗഢ്യത്തിലാണ് കപടവിശ്വാസികളുള്ളത്.
സത്യസന്മാര്‍ഗം സ്വീകരിച്ചാല്‍ ലഭിക്കാനിരിക്കുന്ന മഹത്തായ സൗഭാഗ്യങ്ങളെക്കുറിച്ച് ചിന്തകള്‍ ചിലപ്പോള്‍ അവരുടെ മനസ്സുകളെ പ്രചോദിപ്പിക്കും. അപ്പോള്‍ കുറച്ച് കാലം അവര്‍ പ്രവാചന്റെയും അനുയായികളുടെയും കൂടെ സഞ്ചരിക്കും. വിഷമങ്ങളും പരീക്ഷണങ്ങളും ത്യാഗങ്ങളും ഈ ലോകത്ത് അനുഭവിക്കേണ്ടിവരുമല്ലോ എന്നോര്‍ക്കുമ്പോള്‍ അവര്‍ പിന്‍വലിയുകയും ചെയ്യും. അതാണ് മിന്നല്‍ നല്കുന്ന വെളിച്ചത്തിലൂടെ അവര്‍ കുറച്ച് മുന്നോട്ട് പോകും. ഇരുട്ടായാല്‍ നിശ്ചലമായി പോവുകയും ചെയ്യും എന്ന് പറഞ്ഞത്.
പഞ്ചേന്ദ്രീയങ്ങള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് അവര്‍ക്ക് അല്ലാഹു നല്‍കിയിട്ടും അവയെ ദുരുപയോഗപ്പെടുത്തുകയാണെങ്കില്‍ അവ നിശ്ശേഷം പിന്‍വലിക്കാന്‍ അല്ലാഹുവിന് ഒരു പ്രയാസവുമില്ല. എങ്കിലും അത്തരം കാര്യങ്ങള്‍ അല്ലാഹു പെട്ടെന്ന് ചെയ്യുന്നില്ല എന്ന് അവര്‍ തിരിച്ചറിയട്ടെ എന്ന് അല്ലാഹു ഉണര്‍ത്തുന്നുണ്ട്. ചുരുക്കത്തില്‍ കൂരിരുട്ടുള്ള രാത്രിയില്‍ പേമാരിയിലകപ്പെട്ട് ആശയ്ക്കും ആശങ്കയ്ക്കുമിടയില്‍ നിമിഷങ്ങള്‍ തള്ളി നീക്കുന്ന സ്ഥിതിവിശേഷമാണ് കപടന്മാരുടേത് എന്ന് അല്ലാഹു ഉദാഹരണസഹിതം വ്യക്തമാക്കിയിരിക്കുകയാണ് ഇവിടെ.
കരിമ്പാറ പോലുള്ള മനസ്സുകള്‍
”പക്ഷേ, ദൃഷ്ടാന്തങ്ങള്‍ എല്ലാം കണ്ടിട്ടും നിങ്ങളുടെ മനസ്സുകള്‍ കടുത്തുപോയി. അത് പാറപോലെയോ അതിനെക്കാള്‍ കടുത്തതോ ആയി മാറി. ചില പാറകളില്‍ നിന്ന് നദികള്‍ ഉദ്ഭവിക്കാറുണ്ട്. ചിലത് പിളര്‍ന്ന് നീരുറവകള്‍ പുറത്ത് വരാറുണ്ട്. ദൈവഭയത്താല്‍ ചിലത് താഴോട്ടുരുണ്ട് വീഴുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന യാതൊന്നിനെക്കുറിച്ചും അല്ലാഹു അശ്രദ്ധനല്ല” (2:74).
നല്ല ചിന്തകളും സത്യവിശ്വാസവും കടന്നു ചെല്ലാത്ത മനസ്സുകളെ പാറക്കല്ലുകളോടാണ് ഖുര്‍ആന്‍ ഉപമിച്ചിരിക്കുന്നത്. ‘ശിലാഹൃദയ’മെന്ന മലയാള പ്രയോഗം ഓര്‍ക്കുക. സ്രഷ്ടാവായ ദൈവത്തെ മനസ്സിലാക്കാനും പ്രവാചകന്മാരുടെ സത്യസന്ധത ഉള്‍ക്കൊള്ളുവാനും ഉപയുക്തമായ നിരവധി തെളിവുകള്‍ കണ്മുന്നില് കാണാനും അനുഭവിക്കാനും അവസരം ലഭിച്ചവരായിരുന്നു ബനൂഇസ്റാഈല്യര്‍. പക്ഷേ, മൂസാനബി(അ)യോട് വളരെ നന്ദികെട്ട സമീപനമാണവര്‍ സ്വീകരിച്ചത്. ക്രൂരനായ ഫറോവയില്‍ നിന്ന് രക്ഷപ്പെടുത്തി, ചെങ്കടല്‍ കടത്തി, സീനാ താഴ്വരയില് മന്നും സല്‍വായും ഭക്ഷണമായി നല്കി. കാര്മേഘങ്ങളാല് തണല്‍ നല്കി. പാറപിളര്‍ത്തി പന്ത്രണ്ട് നീരുറവകള്‍ നല്കി, വാഗ്ദത്ത ഭൂമിനല്‍കി ഇങ്ങനെ ഒട്ടേറെ അനുഗ്രഹങ്ങളും ദൃഷ്ടാന്തങ്ങളും നേരില്‍ കണ്ട ആ സമൂഹം യഥാര്‍ഥത്തില്‍ മൂസാ നബി(അ)യെ അംഗീകരിക്കാനോ അല്ലാഹുവിനെ മാത്രം ആരാധിക്കാനോ സന്നദ്ധമാവാതെ കടുത്ത മനസ്സിന്റെ ഉടമകളായി മാറുകയായിരുന്നു.
മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും മറ്റും ഉപകാരപ്പെടുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ കരിമ്പാറകളില്‍ നിന്നുപോലും ഉണ്ടായേക്കാം. എന്നാല്‍ കടുത്ത മനസുകളില്‍ നിന്ന് ജനോപകാരപ്രദമായ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്.
ജന്തുക്കളോട് ഒച്ചയിടുന്നവര്‍
‘സത്യനിഷേധികളെ ഉപമിക്കാവുന്നത്, വിളിയും തെളിവുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത കാലികളോട് ഒച്ചയിടുന്നവനോടാകുന്നു. അവര്‍ ബധിരരും മൂകരും അന്ധരുമാണ്. അതിനാല്‍ അവര്‍ ചിന്തിക്കുന്നവരുമല്ല’‘ (2:171).
ബുദ്ധിയും വിവേചന ശക്തിയും നല്കി, സുന്ദരഘടനയോടെ സൃഷ്ടിക്കപ്പെട്ടവരാണ് മനുഷ്യര്‍. ചിന്താശക്തി ഉപയോഗപ്പെടുത്തി, സത്യസരണി തെരഞ്ഞെടുത്ത്, നന്മനിറഞ്ഞ ജീവിതം നയിക്കുമ്പോഴാണ് അവര്‍ സത്യവിശ്വാസികളും സന്മാര്ഗചാരികളുമായിത്തീരുക. എന്നാല്‍ പാരമ്പര്യത്തെ അവലംബമാക്കി, അന്ധവിശ്വാസത്തിലും, സത്യനിഷേധത്തിലും അടിയുറച്ച് നില്‍ക്കുകയും, യഥാര്ഥസത്യത്തെക്കുറിച്ച് പഠിക്കാനോ മനസ്സിലാക്കാനോ തയ്യാറാവാതിരിക്കുകയും ചെയ്യുന്നവര്‍ മൃഗതുല്യരാണ്. മൃഗങ്ങളെ മേക്കുന്നവര്‍ ഒച്ചയിടുകയും തെളിക്കുകയും ചെയ്യുമ്പോള്‍ അവ ആ ശബ്ദം കേള്‍ക്കുന്നു എന്നതിന്നപ്പുറം, അവന് പറയുന്നതിന്റെ സാരവും ഉദ്ദേശ്യവും എന്താണെന്ന് ആ മൃഗങ്ങള്‍ക്കറിയില്ലല്ലോ.
ഇതുപോലെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുത്ത് സത്യത്തിലേക്ക് അവരെ ക്ഷണിച്ചാലും അവര്‍ കേള്‍ക്കുന്നതിനപ്പുറം, അവരുടെ ഹൃദയത്തിലേക്ക് അത് കടന്ന് ചെല്ലുകയോ ആ സന്ദേശം ഉള്‍ക്കൊണ്ട് സത്യവിശ്വാസം സ്വീകരിക്കുകയോ ചെയ്യാത്ത വിഭാഗമാണവര്‍.
അവരുടെ നാവിലൂടെ സത്യത്തിന്റെ പ്രഖ്യാപനം പുറത്ത് വരാതെ ഊമകളായാണ് അവര്‍ കഴിയുന്നത്. സത്യം കണ്ട് മനസ്സിലാക്കാനോ യാഥാര്‍ഥ്യം കേട്ട് ഗ്രഹിക്കാനോ തയ്യാറില്ലാത്തവര്‍ അന്ധരും ബധിരരുമായി ഉപമിക്കപ്പെട്ടിരിക്കുന്നു.
ഭാര്യമാരും കൃഷിഭൂമിയും
”നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. നിങ്ങളുടെ കൃഷിയിടത്തില്‍ നിങ്ങള്‍ ഇഷ്ടാനുസരണം ചെല്ലുക. നിങ്ങളുടെ ഭാവിക്ക് വേണ്ടി മുന്‍കരുതലെടുക്കുകയും ചെയ്യുക. അല്ലാഹുവെ സൂക്ഷിക്കുകയും ഉറപ്പാക്കുകയും അവനെ കണ്ടുമുട്ടുന്നവരാണെന്നറിയുകയും ചെയ്യുവിന്‍. സത്യവിശ്വാസികള്‍ക്ക് സുവിശേഷമറിയിക്കുക” (2:223).
ദാമ്പത്യ ബന്ധത്തിന്റെ പവിത്രതയും മഹത്വവും ലക്ഷ്യവും വ്യക്തമാക്കുന്ന, ലളിതമായ ഒരു ഉപമയാണ് ഈ വചനത്തിലുള്ളത്. ഓരോ ഉപമയ്ക്കും ഓരോ പശ്ചാത്തലമുണ്ടായിരിക്കും. ഒരു കര്‍ഷകനും അയാളുടെ കൃഷിഭൂമിയും തമ്മിലുള്ള ബന്ധം കര്‍ഷകര്‍ക്ക് ഏറെ ഉള്‍ക്കൊള്ളാനാവും. കര്‍ഷകന്റെ പ്രഭാതോദയം കൃഷിഭൂമിയെപ്പറിയുള്ള ചിന്തയിലാവും. അതിന്റെ പരിചരണം അയാള്‍ക്ക് ജീവിതപ്രശ്നമാണ്. പലരും വെറുക്കുന്ന മണ്ണിന്റെയും ചെളിയുടെയും മണം കര്ഷകന് പക്ഷേ, നിര്‍വൃതി നല്കുന്നു. ദൂരെപ്പോകേണ്ടിവന്നാല് കൃഷിയിടം നോക്കാന്‍ സംവിധാനമുണ്ടാക്കുന്നു. ഈയൊരു ആത്മബന്ധം ദാമ്പത്യത്തിന്റെ മഖമുദ്രയാണെന്ന് ഒരുപമയിലൂടെ ഖുര്‍ആന്‍ വിശദീകരിച്ചു. ശരീരത്തോടൊട്ടി നില്ക്കുന്ന വസ്ത്രമായും ഇണകളെ വിശുദ്ധ ഖുര്‍ആനില്‍ ഉപമിച്ചിട്ടുണ്ട്.
കൃഷിയിറക്കുന്നത് ഭാവിദിനങ്ങള്‍ സുഭിക്ഷവും സന്തോഷവും സുരക്ഷിതത്വവും നിറഞ്ഞതാകാന്‍ വേണ്ടിയാണ്. തങ്ങള്‍ക്കു ജനിക്കുന്ന മക്കള്‍ ഭാവിയില്‍ ഈ ലോകത്ത് തങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നവരും, പരലോകജീവിതത്തിലേക്ക് എന്നെന്നും ഗുണം നല്കിക്കൊണ്ടിരിക്കുന്നവരുമായിരിക്കേണ്ടതാണ്. മക്കളെ ഉത്തമ ശിക്ഷണം നല്കി വളര്‍ത്തിയാല്‍ അവര്‍ പരലോകത്തേക്കുള്ള വിലയേറിയ മുതല്‍ക്കൂട്ടായി മാറും. മക്കളുടെ പ്രാര്‍ഥനയും സത്കര്‍മങ്ങളും മാതാപിതാക്കള്‍ക്ക് മരണാനന്തരവും തുടരുന്ന നന്മകളായി നിലനില്ക്കും. അതിനാലാണ് ‘നിങ്ങള്‍ നിങ്ങളുടെ ഭാവിക്ക് വേണ്ടി മുന്‍കരുതലെടുക്കുക’ എന്ന് ഈ ഉപമയ്ക്കിടയില്‍ ഓര്‍മപ്പെടുത്തുന്നത്. വേട്ടക്കാരന് വനത്തെ കാണുന്നതുപോലെയല്ല, കര്ഷകന് കൃഷിഭൂമിയെ കാണുന്നതു പോലെയാണ് ഇണയെ കാണേണ്ടത്. കൃഷിസംരക്ഷിക്കാന്‍ ധാരാളം കരുതലുകള്‍ എടുക്കാറുണ്ട്. ഇണയുടെ സംരക്ഷണം ഇതിനേക്കാള്‍ പ്രധാനമാണ്.
കതിരിടുന്ന നന്മകള്
”തങ്ങളുടെ സമ്പത്ത് ദൈവികസരണിയില്‍ ചെലവഴിക്കുന്നവരുടെ ഉദാഹരണം ഒരു ധാന്യമണി വിതച്ചത് പോലെയാകുന്നു. അത് ഏഴ് കതിരുകള്‍ വിളയിച്ചു. ഓരോ കതിരിലും നൂറ് വീതം മണികള്‍, അല്ലാഹു അവനിച്ഛിക്കുന്നവരുടെ കര്‍മത്തെ ഇവ്വിധം പെരുക്കിക്കൊടുക്കുന്നു. അല്ലാഹു വിശാലനും സര്‍വജ്ഞനുമാണ് (ഖു:2:261).
ദൈവം ഇഷ്ടപ്പെടുന്ന മാര്‍ഗ്ഗത്തില്‍, ദൈവിക നിര്‍ദേശാനുസരണം മനുഷ്യന് ചെലവഴിക്കുന്ന പണം ഒരിക്കലും നഷ്ടപ്പെടുകയില്ല. മറിച്ച് ഇരട്ടിയിരട്ടിയായി തിരിച്ച് ലഭിക്കുന്ന വന്‍നേട്ടമാണ് അവരെ കാത്തിരിക്കുന്നത്. സ്വന്തം ജീവിതാവശ്യങ്ങള്‍ക്കും കുടുംബപരിപാലനത്തിനും ബന്ധുക്കള്‍, അയല്‍വാസികള്‍, അഗതികള്‍, അനാഥകള്‍ തുടങ്ങിയവരുടെ സംരക്ഷണത്തിനും അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ച് ധനം ചെലവഴിക്കുന്നതെല്ലാം ദൈവമാര്‍ഗത്തിലുള്ള ധനവ്യയമാണ്.
ഇത് നഷ്ടമായി കാണരുത്. വമ്പിച്ച പ്രതിഫലവും പുണ്യവും ലഭിക്കുന്ന കാര്യമാണിത്. അതിനെ നമുക്ക് വയലില്‍ വിതക്കുന്ന നെല്‍വിത്ത് പോലെ കാണാം. നല്ല ഒരു വിത്തില്‍ നിന്ന് ഏഴു മുളകള്‍ പൊട്ടുന്നു. അവ വളര്‍ന്നാല്‍ ഓരോ മുളയും ഓരോ കതിരുകളായി മാറും. ഓരോ കതിരിലും നൂറു നെന്മണിയുണ്ടാവുന്നു. അങ്ങനെ ഒന്നില്‍നിന്ന് എഴുന്നൂറ് തിരിച്ച് തരുന്നു. മനുഷ്യന്റെ സത്കര്‍മ്മങ്ങളുടെ ഫലം എഴുന്നൂറു മേനിയായാണ് സ്രഷ്ടാവ് തിരിച്ച് തരുന്നത്.
നല്ല കാര്യങ്ങള്‍ക്കായി ധനം ചെലവഴിക്കുന്നതിന് മടി കാണിക്കുന്നവരുണ്ട്. മണ്ണില്‍ വിതക്കേണ്ട വിത്തെടുത്ത് നമുക്ക് ആഹാരമാക്കാം. പക്ഷേ അത് മണ്ണില്‍ കുഴിച്ചിട്ടാല്‍ വളരെയേറെ വിത്തുകളാണ് വളര്‍ന്നു വരിക. പിശുക്ക് കാരണം ധനം ചെലവഴിക്കാത്തവര്‍ക്ക് ഒരു നേരത്തെ നേട്ടം മാത്രം ലഭ്യമായേക്കാം. എന്നാല്‍ അത് ചെലവഴിക്കുന്നവര്‍ക്ക് ലഭിക്കുന്നത് അനേകായിരം ഗുണങ്ങളാണെന്ന് അല്ലാഹു ഉദാഹരണസഹിതം വ്യക്തമാക്കുകയാണ്.
നന്മകള്‍ക്ക് പരലോകത്ത് പത്ത് മുതല്‍ എഴുന്നൂറ് ഇരട്ടിവരെ പ്രതിഫലം ലഭിക്കുമെന്ന് നബി(സ്വ) പറയുന്നു. അതുപോലെ അല്ലാഹു അതിലും കൂടുതല്‍ നല്കുമെന്നുള്ള കാര്യവും പല ഹദീസുകളില്‍നിന്നും ആയത്തുകളില്‍നിന്നും വ്യക്തമാണ്. ഏതൊരു കാര്യത്തിനും അല്ലാഹു പ്രതിഫലം നല്‍കുന്നത് അത് ചെയ്യുന്നവന്റെ ആത്മാര്‍ത്ഥയും താത്പര്യവും സദുദ്ദേശ്യവും അനുസരിച്ചാണ്. അതുകൊണ്ട് നിഷ്കളങ്കവും ആത്മാര്‍ത്ഥവും സന്ദര്‍ഭോചിതവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് അല്ലാഹു നല്കുന്ന പ്രതിഫലം നമുക്ക് കണക്കാക്കാന്‍ കഴിയുന്നതിനുമപ്പുറമാണ്.
പാറപ്പുറത്തെ മണ്ണുപോലെ
”സത്യവിശ്വാസികളേ, നിങ്ങള്‍ കൊടുത്തത് എടുത്തു പറഞ്ഞും സ്വീകര്‍ത്താക്കളെ ശല്യം ചെയ്തും നിങ്ങളുടെ ദാനധര്‍മങ്ങളെ, പാഴാക്കാതിരിക്കുവിന്‍. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതെയും, ലോകമാന്യത്തിനും വേണ്ടി മാത്രം ധനം ചെലവഴിക്കുന്നവനെപ്പോലെ നിങ്ങളാവരുത്. അവനെ ഉപമിക്കാവുന്നത് മുകളില്‍ അല്പം മണ്ണുള്ള ഒരു പാറയോടാണ്. പെരുമഴ പെയ്തപ്പോള്‍ മണ്ണുമുഴുവന്‍ ഒലിച്ചുപോയി. പാറപ്പുറം മിനുത്ത പാറപ്പുറം മാത്രമായി അവശേഷിച്ചു. ഇതേപ്രകാരം ഇക്കൂട്ടര്‍ ധര്‍മങ്ങളെന്ന ഭാവേന ചെയ്തുകൂട്ടുന്നതൊന്നും ഇവര്‍ക്ക് അനുഭവിക്കുവാന്‍ കഴിയുന്നതല്ല. സത്യനിഷേധികളെ സത്പാന്ഥാവിലേക്ക് അല്ലാഹു നയിക്കുകയില്ല’‘ (2:264).
ദാനധര്‍മങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം മറന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുടെ നിരര്‍ത്ഥകത ബോധ്യപ്പെടുത്തുന്ന ഒരുപമയാണിത്. ദാനധര്‍മങ്ങളുടെ ഫലം നഷ്ടപ്പെടാന്‍ ഇടയാക്കുന്ന സാഹചര്യങ്ങളെ ഇവിടെ വിവരിക്കുന്നു. കൊടുത്തത് കൊട്ടിഘോഷിച്ചും വാങ്ങിയവരെ ശല്യം ചെയ്തും ധര്‍മഫലം നഷ്ടപ്പെടുത്തരുതെന്ന് വിശ്വാസികളെ ഉണര്‍ത്തുന്നു. അവിശ്വാസികളുടെ രീതിയാണ്, ദാനധര്‍മങ്ങള്‍ എടുത്ത് പറഞ്ഞ്, അത് സ്വീകരിച്ചവരെ അലോസരപ്പെടുത്തുക എന്നത്.
അല്പം മാത്രം മണ്ണുള്ള ഒരു പാറപ്പുറം, അവിടെ ശക്തമായ മഴ പെയ്യുന്നു. ആ മണ്ണത്രയും താഴോട്ട് ഒലിച്ചു പോകുന്നു. ഒടുവില്‍ പാറപ്പുറം വെറും പാറയായി അവശേഷിക്കുന്നു. മനോഹരമായ ഒരു ഉപമ.
എന്നാല്‍ ആത്മാര്‍ഥമായി ദൈവപ്രീതി കാംക്ഷിച്ചുകൊണ്ട് തങ്ങളുടെ ധനം ചെലവഴിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിഫലവും ആത്മനിര്‍വൃതിയും ഭൗതിക സമൃദ്ധിയും വളരെ ഹൃദ്യമായ ഒരു ഉപമയിലൂടെ തൊട്ടടുത്ത സൂക്തത്തില്‍ വിശുദ്ധഖുര്ആന് വിശദീകരിക്കുന്നു. ”അല്ലാഹുവിന്റെ പ്രീതി നേടിക്കൊണ്ടും തങ്ങളുടെ മനസ്സില്‍ (സത്യവിശ്വാസം) ഉറപ്പിച്ചുകൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ഉയര്‍ന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന തോട്ടത്തോടാകുന്നു. അതിന്നൊരു കനത്ത മഴ ലഭിച്ചപ്പോള്‍ അത് രണ്ടിരട്ടി കായ്കനികള്‍ നല്കി. ഇനി അതിന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറല്‍ മഴയേ ലഭിച്ചുള്ളൂ എങ്കില്‍ അതു മതിയാകുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു” (2:265).
പുണ്യകര്‍മങ്ങള്‍ ചെയ്യുന്നത് മറ്റുള്ളവരെ കാണിക്കാനാവരുത്. ദൈവപ്രീതി പ്രതീക്ഷിച്ചുകൊണ്ടായിരിക്കണം. അങ്ങനെ ചെയ്യുന്ന ചെറിയ നന്മകള്ക്കും വലിയ പ്രതിഫലം ലഭിക്കുമെന്ന് വിശദമാക്കുകയാണ് ഈ ഉപമകളിലൂടെ.
ഭ്രാന്ത് പിടിച്ചവനെപ്പോലെ
”എന്നാല്‍ പലിശ തിന്നുന്നവരാരോ, അവരുടെ ഗതി ചെകുത്താന് ബാധിച്ച് ഭ്രാന്ത് പിടിച്ചവന്റേതുപോലെയാകുന്നു. കച്ചവടവും പലിശപോലെത്തന്നെയല്ലേ എന്ന് വാദിച്ചതുകൊണ്ടത്രെ അവര്‍ക്കീ ഗതി വന്നത്. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിക്കുകയും, പലിശ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. ആര്‍ക്കെങ്കിലും തന്റെ നാഥനില്‍നിന്നുള്ള ഈ ഉപദേശം വന്നെത്തുകയും അങ്ങനെ പലിശ ഇടപാടില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്താല്‍ അവന് നേരത്തെ അനുഭവിച്ചത് അനുഭവിച്ചു കഴിഞ്ഞു. ഇനി അവന്റെ കാര്യം അല്ലാഹുവിങ്കലാകുന്നു. ഈ വിധിക്ക് ശേഷം ഇതേ ഇടപാട് തുടരുന്നവരാരോ, അവര്‍ നരകാവകാശികളാകുന്നു. അവരതില്‍ നിത്യവാസികളുമായിരിക്കും (2:275).
പലിശ എന്ന മഹാപാപത്തിന്റെ ഗൗരവവും ശിക്ഷയും വിവരിക്കുകയാണിവിടെ. പലിശ ഭോജികള്‍ ഉയിര്ത്തെഴുന്നേല്പ് നാളില്‍ അവരുടെ ഖബറിടങ്ങളില്‍ നിന്ന് നേരെ ചൊവ്വെ എഴുന്നേറ്റ് വരാന്‍ പോലും കഴിയാത്തവരാവും. അത്യന്തം സംഭ്രമചിത്തരായി, അസ്വസ്ഥതയോടെ, ഭ്രാന്തനെയും മനോരോഗിയെയും പോലെ ആടിയുലഞ്ഞും മറിഞ്ഞ് വീഴുന്ന രൂപത്തിലുമായിരിക്കും. അവരുടെ വരവ്. പലിശ തിന്നുന്നവര്‍ ഇഹലോകത്ത് അങ്ങേയറ്റത്തെ ആര്‍ത്തിയുടെയും മാനസിക പിരിമുറക്കത്തിന്റെയും ഉടമകളായിരിക്കും. അസ്വസ്ഥതയും അശാന്തിയും അവരെ വേട്ടയാടും. ധര്‍മാധര്‍മങ്ങള്‍ തമ്മിലും മനുഷ്യത്വവും മൃഗീയതയും തമ്മിലുമുള്ള അന്തരം അവരില്‍ കുറഞ്ഞുവരും.
ചെകുത്താന് ദുഷ്ടാത്മാക്കളുടെ രൂപം പൂണ്ട് മനുഷ്യശരീരത്തില്‍ കയറി ഭ്രാന്തും ശാരീരിക രോഗങ്ങളുമുണ്ടാക്കുമെന്ന് പുരാതന അറബികള്‍ വിശ്വസിച്ചിരുന്നു. പലിശഭോജനത്തിന്റെ ഗൗരവം തുറന്ന് കാണിക്കുവാന്‍ അല്ലാഹു അറബികളുടെ പിശാചുബാധാസങ്കല്പത്തെ ഉപയോഗിച്ചിരിക്കുകയാണിവിടെ.
അഗോചര യാഥാര്‍ത്ഥ്യങ്ങളെ സമകാലിക സമൂഹത്തിന് സുപരിചിതമായ സങ്കല്പങ്ങളിലൂടെ പരിചയപ്പെടുത്തുന്ന രീതി ഖുര്‍ആനില്‍ പലയിടങ്ങളിലും സ്വീകരിച്ചിട്ടുണ്ട്. ഉദാഹരണമായി ‘സഖൂം’ വൃക്ഷത്തെ അല്ലാഹു പരിചയപ്പെടുത്തുന്നു. ”അത് നരകത്തിന്റെ അടിത്തട്ടില്‍ വളരുന്ന വൃക്ഷമാകുന്നു. അതിന്റെ കുലകള്‍ ചെകുത്താന്മാരുടെ തലകളെന്നോണമായിരിക്കും.’‘ സക്കൂം പോലെതന്നെ ചെകുത്താന്മാരും മനുഷ്യര്‍ക്ക് അഗോചരമാണ്. എങ്കിലും ചെകുത്താന്മാരെക്കുറിച്ചും അവരുടെ തലകളെക്കുറിച്ചും എക്കാലത്തും ആളുകള്‍ക്ക് ചില വികൃത-ഭീകര സങ്കല്പങ്ങളുണ്ട്. അല്ലാഹുവും വൃക്ഷത്തെ ഉപമിക്കുന്നത് ഈ ഭാവനാചിത്രത്തോടാണ്.
കര്മനഷ്ടവും കൃഷിനാശവും
”നിങ്ങളിലൊരാള്‍ക്ക്, ഈന്തപ്പനകളും മുന്തിരിവള്ളികളും നിറഞ്ഞ ഒരു തോട്ടമുണ്ട്. എല്ലാത്തരം കായ്കനികളും നിറഞ്ഞതാണത്. അവനാണെങ്കില്‍ വാര്‍ധക്യം ബാധിച്ചിരിക്കുന്നു. ഒന്നിനും പോരാത്ത കുറെ പിഞ്ചു മക്കളാണവനുള്ളത്. ഈ സാഹചര്യത്തില്‍ ഒരു തീക്കാറ്റ് വന്ന് ആ തോട്ടം കത്തിച്ചാമ്പലാകുന്നു. ഈ അവസ്ഥയിലാകാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? ഇപ്രകാരം നിങ്ങള്‍ ചിന്തിക്കുന്നതിനുവേണ്ടി അല്ലാഹു ദൃഷ്ടാന്തങ്ങള്‍ വിവരിക്കുകയാണ് (ഖുര്‍ആന്‍ : 2:266).
മനുഷ്യന് ചെയ്യുന്ന സത്കര്മങ്ങളുടെ ഫലം, കൃത്യമായി അവന് അനുഭവിക്കേണ്ട സമയത്ത്, അതിന് കഴിയാതായിത്തീരുന്ന അവസ്ഥയാണ് അല്ലാഹു ഉപമയിലൂടെ ഇവിടെ വിവരിക്കുന്നത്. ദാനധര്‍മങ്ങളിലും മറ്റു ഇബാദത്തുകളിലും ആത്മാര്‍ഥതക്ക് പകരം പ്രകടനപരത വന്നാല്‍, പരലോകമെന്ന ലക്ഷ്യത്തിന്നപ്പുറം ഭൗതിക താല്പര്യങ്ങളുണ്ടായാല്, ഉപകാരം ചെയ്ത് കൊടുത്തതിന്റെ പേരു പറഞ്ഞ് ശല്യം ചെയ്തു കഴിഞ്ഞാല്‍ മുഴുവന്‍ സത്കര്‍മങ്ങളും ഫലശൂന്യമായിത്തീരുന്ന കാര്യം അല്ലാഹു ഇവിടെ ഉണര്‍ത്തുകയാണ്.
വാര്‍ധക്യകാലത്ത്, തന്റെ സ്വത്ത് മുഴുവന്‍ അപ്രതീക്ഷിതമായി നശിച്ചു പോയാല്‍, അവ വീണ്ടെടുക്കാന്‍ തന്റെ ആരോഗ്യം അവനെ അനുവദിക്കുകയില്ല. ഇതുപോലെ സത്കര്മങ്ങളുടെ ഫലങ്ങള്‍ അനുഭവിക്കേണ്ട കാലത്ത് അവ നിഷ്ഫലമായിരുന്നുവെന്നറിയുമ്പോള് അത് പരിഹരിക്കാനോ പ്രതിവിധികള്‍ കണ്ടെത്താനോ കഴിയാത്ത സ്ഥിതിയാണ് വന്നു ചേരുക.
ദാനധര്‍മങ്ങള്‍ ചെയ്ത ശേഷം അവ, കൊട്ടിഘോഷിച്ച് നടക്കുകയും ദാനം സ്വീകരിച്ചവരെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ സ്വന്തം കൈകൊണ്ട് ഒരു തീക്കാറ്റ് ഒരുക്കുകയാണ്. നാളെ സ്വന്തം കര്‍മങ്ങള്‍ നിങ്ങള്‍ക്ക് ഏറ്റവും അത്യാവശ്യമായി വരുന്ന നിര്‍ണായകമായ ആ സമയത്ത്, നിങ്ങള്ത്തന്നെ സൃഷ്ടിച്ച ആ തീക്കാറ്റ് നിങ്ങളുടെ ദാനധര്‍മങ്ങളില്‍ അടിച്ച് വീശുകയും അവ മുഴുവന്‍ ചാരമാവുകയും ചെയ്യുന്നു. സ്വന്തം കര്‍മഫലങ്ങള്‍ നിഷ്ഫലമാവാതിരിക്കാന്‍ സ്വീകരിക്കേണ്ട വളരെ കരുതലോടെയുള്ള ചില മുന്നൊരുക്കങ്ങളെക്കുറിച്ച് സൂചനകളാണ് അല്ലാഹു ഈ ഉപമയിലൂടെ അടിമകള്‍ക്ക് നല്‍കുന്നത്.
ശീതക്കാറ്റേറ്റ കൃഷിയിടം പോലെ
”ഐഹിക ജീവിതത്തില്‍ അവര്‍ ചെലവഴിക്കുന്നതിന്റെ ഉപമ, അതിശൈത്യമുള്ള ഒരു കാറ്റിന്റേതാക്കുന്നു. അത് സ്വന്തത്തോട് അക്രമം കാണിച്ച ഒരു ജനതയുടെ കൃഷിയിടത്തെ ബാധിക്കുകയും അതിനെ നശിപ്പിക്കുകയും ചെയ്തു. അല്ലാഹു അവരെ ദ്രോഹിച്ചിട്ടില്ല പിന്നെയോ, അവര്‍ തന്നെയാണ് അവരെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നത്” (3:117).
വിശ്വാസമോ, പരലോകത്തെ പ്രതിഫലേച്ഛയോ കൂടാതെ അവിശ്വാസികള്‍ ചെയ്യുന്ന സത്പ്രവര്‍ത്തനങ്ങളും ദാനധര്‍മങ്ങളും പാഴായിപ്പോകുന്നതിനെയാണ് ഈ വചനത്തില്‍ ഉദാഹരിക്കുന്നത്. ധാരാളം നല്ല കാര്യങ്ങള്‍ അവര്‍ ചെയ്യാറുണ്ട്. പക്ഷേ, ലക്ഷ്യം ഭൗതിക കാര്യങ്ങള്‍ മാത്രമാവും. പരലോകത്തെ അവര്‍ നിഷേധിക്കുന്നതിനാല്‍ അവിടെ നാളെ ലഭിക്കേണ്ട നേട്ടങ്ങളെക്കുറിച്ച് അവര്‍ക്ക് ചിന്തയേ ഇല്ല. ഇഹലോകത്തെ ചില ഗുണങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് അവര്‍ പ്രവര്‍ത്തിച്ചത്. ഒരു പരിധിവരെ അത് അവര്‍ക്ക് നേടാനായി എന്ന് വരാം. എന്നാല്‍ ആത്യന്തികമായി വിളവെടുപ്പ് നടത്തേണ്ട പരലോകത്തേക്ക് അവരുടെ കൃഷി നിലനില്ക്കുന്നില്ല. ഇടക്ക് വെച്ച് വന്ശീതക്കാറ്റേറ്റ് അത് വീണും ചീഞ്ഞും നശിച്ച് പോവുകയാണ് ചെയ്യുന്നത്.
ജീവിതത്തിലെ സത്കര്‍മങ്ങളാണ് ഇവിടെ പറഞ്ഞ കൃഷി. ഇതിന്റെ വിളവെടുപ്പ് പരലോകത്ത്. കാറ്റിനെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു പ്രേരകശക്തിയായി ഉപമിക്കാം. ചില പ്രേരണകള്‍ മുഖേന നല്ലത് പലതും ചെയ്യുമെങ്കിലും അവിശ്വാസമാകുന്ന ശീതക്കാറ്റ് വന്ന് അവയെ നശിപ്പിക്കുകയാണ്. കൃഷിയുടെ വളര്‍ച്ചക്ക് കാറ്റ് വേണം. എന്നാല്‍ അത് രൂക്ഷമായാല്‍ കൃഷിയെ നശിപ്പിക്കുന്നു. പരലോക മോക്ഷത്തിന് സത്കര്‍മങ്ങള്‍ വേണം. എന്നാല്‍ ഭൗതിക ലക്ഷ്യം വെച്ചാണ് അവ ചെയ്യുന്നതെങ്കില്‍ പരലോകത്ത് വിളവെടുക്കാന്‍ അത് നിലനില്ക്കുകയില്ല. ഇടക്കാലത്ത് വരുന്ന പ്രകൃതി ദൂരന്തങ്ങളിലൂടെ അവ നശിച്ച് പോകുന്നു.
ധിക്കാരവും കൃഷിനാശവും
”പ്രവാചകരേ, അവര്‍ക്ക് രണ്ട് വ്യക്തികളുടെ ഉദാഹരണം പറഞ്ഞു കൊടുക്കുക, അവരിലൊരാള്‍ക്ക് നാം രണ്ട് മുന്തിരിത്തോപ്പുകള്‍ നല്കി. അവ ഈന്തപ്പനകളാല്‍ പൊതിയുകയും അവക്കിടയില്‍ മറ്റു കൃഷികള്‍ ഉണ്ടാക്കുകയും ചെയ്തു. ഒട്ടും കുറവ് വരുത്താതെ, ഇരുതോട്ടങ്ങളും സമൃദ്ധമായി വിളവ് നല്കി. ഈ രണ്ട് തോട്ടങ്ങള്‍ക്കുമിടയിലൂടെ നാം ഒരു നദിയൊഴുക്കിക്കൊടുക്കുകയും ചെയ്തിരുന്നു” (18:32,33).
ഭൗതികപ്രമത്തരായ ധനാഢ്യന്മാരുടെയും പാവങ്ങളായ വിശ്വാസികളുടെയും ജീവിത വീക്ഷണത്തെയും അവ തമ്മിലുള്ള അന്തരത്തെയും ചൂണ്ടിക്കാണിക്കുന്ന ഒരു ഉപമയാണിവിടെ വിവരിക്കുന്നത്. ഇത് ഒരേ സമയം ഉപമയും ഒരു സംഭവ വിവരണവുമാണ്.
ഭൗതിക വിഭവങ്ങള്‍ സ്രഷ്ടാവായ ദൈവത്തിന്റെ അനുഗ്രഹങ്ങളാണെന്ന് തിരിച്ചറിയുന്നവരുണ്ട്. തങ്ങളുടെ പ്രാപ്തികൊണ്ടും കൗശലം കൊണ്ടും നേടിയെടുക്കാനായതാണ് സമ്പത്ത് എന്ന് കരുതുന്നവരും ജനങ്ങളിലുണ്ട്.
ഈ ഉദാഹരണത്തില്‍, സമൃദ്ധമായ വിഭവങ്ങളും കായ്കനികളും സൗന്ദര്യവും നിറഞ്ഞു നില്ക്കുന്ന രണ്ട് വലിയ തോട്ടങ്ങളുടെ ഉടമയായ ഒരാള്‍ തന്റെ സുഹൃത്തിനോട്, അഹങ്കാരപൂര്‍വ്വം സംസാരിക്കുകയാണ് ”ഞാന്‍ നിന്നെക്കാള്‍ സമ്പത്തും ആള്‍ബലവും ഉള്ളവനാണ്, ഈ തോട്ടവും വിളകളും ഞാന്‍ സംരക്ഷിക്കുന്നതിനാല്‍ നശിച്ച് പോകുന്ന പ്രശ്നമില്ല, മരണാനന്തരമുള്ള ഉയിര്ത്തെഴുന്നേല്പില് ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിക്കുന്ന നിന്നേക്കാള്‍ അനുഗൃഹീതനാണല്ലോ ഞാന്‍. എന്നിരിക്കെ പരലോകം ഉണ്ടെങ്കില്‍ പോലും അവിടെയും ഞാന്‍ തന്നെയായിരിക്കും, കേമന്‍”. ഇങ്ങനെ പോകുന്നു അവന്റെ ധിക്കാരം നിറഞ്ഞ വാക്കുകള്‍.
പക്ഷേ, വിനയവും വിശ്വാസവും കൈമുതലാക്കിയ തന്റെ കൂട്ടുകാരന് അവനെ തിരുത്താന്‍ ശ്രമിക്കുന്നു. നന്ദികേടിന്റെയും ധിക്കാരത്തിന്റെയും അനന്തരഫലങ്ങളെക്കുറിച്ച് അവനെ ഓര്‍മപ്പെടുത്തുന്നു. സ്വന്തം അസ്തിത്വത്തെ മറന്നു പോകരുതെന്നും, അഹങ്കാരം മൂത്ത് ബഹുദൈവവിശ്വാസിയാവരുതെന്നും, അല്ലാഹുവിന്റെ ഇടപെടലുകളെക്കുറിച്ച് ഓര്മ വേണമെന്നും അവനെ ഉണര്‍ത്തുന്നു. നിന്റെ സമ്പത്ത് എനിക്കും എന്റെ ദാരിദ്ര്യം നിനക്കും നല്കാന് സര്‍വശക്തനായ നാഥന് കഴിവുണ്ടെന്നും ബോധ്യപ്പെടുത്താനും ശ്രമിക്കുന്നു.
പക്ഷേ ധിക്കാരികള്‍ക്ക്, ഉപദേശികളെ ഉള്ക്കൊള്ളാനാവില്ലല്ലോ. ഉപദേശം അയാളുടെ മനോഗതിക്ക് ഒരു മാറ്റവും വരുത്തിയില്ല. തുടര്‍ന്ന് അല്ലാഹുവിന്റെ ശിക്ഷയിറങ്ങുകയും അവന്റെ തോട്ടങ്ങള്‍ അപ്രതീക്ഷിതമായി, പൂര്‍ണമായും നശിപ്പിക്കപ്പെടുകയുമുണ്ടായി. ആര്‍ക്കും അവ തടഞ്ഞു നിര്‍ത്താന്‍ കഴിഞ്ഞില്ല. ആള്‍ബലവും സമ്പത്തും പ്രയോജനം ചെയ്തില്ല. എല്ലാം നഷ്ടപ്പെട്ടപ്പോള്‍ അവന്ന് വീണ്ടുവിചാരമുണ്ടായി. ഞാന്‍ എന്റെ നാഥനെ ധിക്കരിച്ചില്ലായിരുന്നുവെങ്കില് എനിക്ക് രക്ഷയുണ്ടാവുമെന്ന് അവന് വിലപിച്ചു.
ധിക്കാരികളും അഹങ്കാരികളും ഓര്‍ത്തിരിക്കേണ്ട ഒരു വലിയ പാഠമാണ്, ഈ ഉദാഹരണത്തിലൂടെ അല്ലാഹു ഓര്‍മപ്പെടുത്തുന്നത്. നമ്മുടെ സിദ്ധികളും നേട്ടങ്ങളും എത്ര വലുതായാലും അത് നല്‍കിയത് അല്ലാഹു ആണെന്ന് മറന്നുകൂടാ. വിനയത്തോടെ, യഥാര്‍ഥ്യബോധത്തോടെ കാര്യങ്ങളെ സമീപിക്കാത്തവര്‍ക്ക് കടുത്ത ഖേദം അനുഭവിക്കേണ്ടിവരുമെന്ന യാഥാര്‍ഥ്യം നാം എപ്പോഴും ഓര്‍ക്കണം.
.
