ആരോഗ്യമെന്ന അനുഗ്രഹം
മനുഷ്യജീവിതത്തിന്റെ ഗുണനിലവാരത്തെ നേരിട്ട് സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ് ആരോഗ്യം. ശരിയായ ആഹാരം, രോഗങ്ങളോടുള്ള മനുഷ്യന്റെ സമീപനം, രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രാധാന്യം, രോഗിയായ വ്യക്തി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, രോഗിയെ സന്ദര്‍ശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍, ചികിത്സ തിരഞ്ഞെടുക്കുമ്പോള്‍ ആവശ്യമായ വിവേകം തുടങ്ങിയ വിഷയങ്ങള്‍ ഈ ലേഖനം വിശദീകരിക്കുന്നു. ആരോഗ്യമെന്ന അനുഗ്രഹം ഇസ്ലാമിക കാഴ്ചപ്പാടില്‍ എങ്ങനെ വിലയിരുത്തപ്പെടുന്നു എന്നതിനെ ഖുർആനും സ്വീകാര്യ ഹദീസുകളും അടിസ്ഥാനമാക്കി അവതരിപ്പിക്കുന്നതാണ് ഇതിന്റെ ഉള്ളടക്കം.
അല്ലാഹു മനുഷ്യന്നു നല്കിയ മഹത്തായ ഒരു അനുഗ്രഹമാണ് ആരോഗ്യം. രോഗങ്ങളില്ലാത്തതും ശരീരത്തിനും മനസ്സിനും ഒരു പോലെ സുഖം തോന്നുന്നതുമായ അവസ്ഥയാണ് ആരോഗ്യം എന്ന പദംകൊണ്ടുദ്ദേശ്യം. ആരോഗ്യത്തെ സമ്മാനമായി മനസ്സിലാക്കണമെന്ന് ചില ഹദീസുകളില്‍ വന്നിട്ടുണ്ട്. ആരോഗ്യവും ശക്തിയും സമ്പത്തിനേക്കാള്‍ വലിയ അനുഗ്രഹമാണെന്നും പ്രവാചകന് പഠിപ്പിച്ചു. നബി(സ്വ) പറഞ്ഞു: അംറേ, നല്ല മനുഷ്യന് നല്ല സമ്പത്ത് എത്ര നല്ലതാണ്! (മുസ്നദു അഹ്മദ്) 1
രോഗം മനുഷ്യന്റെ ഊര്‍ജസ്വലത നഷ്ടപ്പെടുത്തുകയും ശാരീരികമായും മാനസികമായും അവനെ തളര്‍ത്തുകയും ചെയ്യുന്നു. വ്യത്യസ്ത അസുഖങ്ങളാല്‍ കിടപ്പിലായവരും വേദന കടിച്ചമര്‍ത്തുന്നവരും മരുന്നുകളാല്‍ ജീവിക്കുന്നവരും പ്രായഭേദമന്യേ ദിനേന വര്‍ധിച്ചു വരികയാണ്. ഇത്രയധികം രോഗങ്ങള്‍ക്കിടയിലും ആരോഗ്യവാന്മാരായി ജീവിക്കുന്നവര്‍ മഹത്തായ അനുഗ്രഹത്തിനുടമകളാണ്.
മനുഷ്യജീവിതത്തിന് മഹത്തായ ഒരു ലക്ഷ്യമുള്ളതിനാല്‍ ഈ അനുഗ്രഹത്തെ പ്രയോജനപ്പെടുത്തണമെന്നാണ് ഇസ്ലാമികാധ്യാപനം. അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറഞ്ഞു: നബി(സ്വ) പറയുകയുണ്ടായി: ”രണ്ട് അനുഗ്രഹങ്ങളുടെ കാര്യത്തില്‍ മിക്ക ആളുകളും അനാസ്ഥ കാണിക്കുന്നു; ആരോഗ്യവും ഒഴിവു സമയവുമാണവ”(ബുഖാരി) 2 അതിനാല്മനുഷ്യബുദ്ധിയുടെയും പ്രകൃതിയുടെയും തേട്ടം പോലെ ഇസ്ലാം ആരോഗ്യ സംരക്ഷണത്തിന് വലിയ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. ആരോഗ്യത്തിന് അപകടം വരുത്തുന്നതും മനുഷ്യന്റെ ഇതരമേഖലകളിലുള്ള പ്രയത്നങ്ങള്‍ക്ക് തടസ്സവുമാവുന്ന രൂപത്തിലേക്ക് ആരാധനകള്‍ മാറുന്നതിനെയും ഇസ്ലാം വിലക്കിയത് ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായാണ്.
ആഹാരവും ആരോഗ്യവും
ഇസ്ലാം മനുഷ്യന്റെ സമ്പൂര്‍ണ നന്മയാണ് ഉദ്ദേശിക്കുന്നത്. അവന്റെ ഭൗതിക ജീവിത വിജയവും അതിന്റെ അജണ്ടയില്‍പ്പെട്ടതാണ്. അതുകൊണ്ടു തന്നെ ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കാന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും ഇസ്ലാം മുന്നോട്ടു വെച്ചിട്ടുണ്ട്. ആഹാരത്തിന് ആരോഗ്യവുമായി അഭേദ്യബന്ധമുണ്ട്. ഓരോ വ്യക്തിയുടെയും മനസ്സും ശരീരവും അതുവഴി സമൂഹവും രേഗാതുരമാകുന്നതില്‍ അഹിതവും അമിതവുമായ ആഹാരരീതിക്കുള്ള പങ്കു വ്യക്തമാണ്. ആയതിനാല്‍ ആഹാരം എന്ത്, എങ്ങനെ, എത്ര, എപ്പോള്‍ എന്നിത്യാദി കാര്യങ്ങളില്‍ ഇസ്ലാം കണിശത പുലര്‍ത്തുന്നു.
ഹലാലും(അനുവദനീയം) ത്വയ്യിബു(ശുദ്ധമായത്)മായതേ കഴിക്കാവൂ. (വിശുദ്ധ ഖുര്‍ആന്‍ 5:5). മോഷണം, പിടിച്ചുപറി, കൈക്കൂലി, കരിഞ്ചന്ത, കൊള്ളലാഭം, നോക്കു കൂലി, പലിശ, ചൂതുകളി തുടങ്ങിയവയിലൂടെ അന്യായമായി നേടുന്ന ഭക്ഷണം ഹലാലല്ല. ഇത്തരം ആഹാരം ഭൗതികമായി ദോഷകരമല്ലെങ്കിലും അവ ഉപയോഗിക്കുന്നതില്‍ മനഃസാക്ഷിക്കുത്ത് അനുഭവപ്പെടും. തന്മൂലം ഇത് ശാരീരിക-മാനസിക രോഗങ്ങള്‍ക്ക് കാരണമാകും. അതുപോലെ മ്ലേഛമായത് കഴിക്കരുത്. ശവം, രക്തം, പന്നിമാംസം, ശ്വാസം മുട്ടി ചത്തത്, അടിച്ചു കൊന്നത്, വീണു ചത്തത്, കുത്തേറ്റുചത്തത്, വന്യമൃഗം കടിച്ചു ചത്തത്, മാംസഭുക്കുകള്‍, എലി, കാക്ക, കഴുകന് തുടങ്ങിയ ക്ഷുദ്രജീവികള്‍ എന്നിവയും മദ്യവും ആഹാരമാക്കരുതെന്ന് ഖുര്‍ആനും നബി(സ്വ)യുടെ വചനങ്ങളും നിര്‍ബന്ധിക്കുന്നു.
ധാന്യങ്ങളും പയറും പഴങ്ങളും പച്ചക്കറികളും കിഴങ്ങുകളും പാലും തേനും മത്സ്യവും മാംസവുമെല്ലാം സമീകൃതാഹാരഭാഗമായതിനാല്‍ ഇസ്ലാം അനുവദിക്കുന്നു. എന്നാല്‍ ഒന്നും അമിതമാകരുത് (വി.ഖു 7:31). നിറയ്ക്കാവുന്നതില്‍ ഏറ്റവും മോശമായ പാത്രം വയറാണ് എന്ന നബി(സ്വ)യുടെ വചനം ഈ ആശയമാണ് ഉണര്‍ത്തുന്നത്. ഖര-ദ്രവ ഭക്ഷണത്തോടൊപ്പം ആവശ്യമായ ഇടം വായുവിനായി വിട്ടേക്കണമെന്നും നബി(സ്വ) നിര്‍ദേശിക്കുന്നു. ഇവിടങ്ങളില്‍ ഇസ്ലാം പഠിപ്പിച്ച സൂക്ഷ്മത പാലിക്കാത്തതാണ് ഭക്ഷണം വിഷമാവാനും മരുന്ന് ഭക്ഷണമാവാനും വിഷം മരുന്നാകാനുമെല്ലാം സാഹചര്യമൊരുക്കിയത്.
ഭക്ഷണത്തിന് മുമ്പും ശേഷവും കൈ, വായ എന്നിവ വൃത്തിയാക്കണം, സാവകാകാശത്തോടെ അല്പാലപമായി ഭക്ഷിക്കണം, കുടിവെള്ളത്തില്‍ ഊതരുത്, പാത്രങ്ങള്‍ മൂടി വെക്കണം തുടങ്ങി മുഹമ്മദ് നബി(സ്വ)യുടെ ഭക്ഷണശീലവും നിര്‍ദേശങ്ങളും മതചിട്ട എന്നതോടൊപ്പം ആരോഗ്യ സംരക്ഷണത്തിന്റെ കൂടി ഭാഗമാണ്.
രോഗം
ശരീരത്തിന്റെയോ മനസ്സിന്റെയോ അനാരോഗ്യകരമായ അവസ്ഥയെയാണ് രോഗം എന്നു വിവക്ഷിക്കുന്നത്. ബാഹ്യമോ ആന്തരികമോ ആയ കാരണങ്ങളാല്‍ രോഗങ്ങള്‍ വരാം. രോഗങ്ങള്‍ പരത്തുന്നതില്‍ രോഗാണുക്കള്‍ക്ക് വലിയ പങ്കുണ്ട്. കൂടാതെ ശരീരത്തിനുള്ളിലെ സംവിധാനങ്ങളുടെ താളപ്പിഴകള്‍ കാരണവും രോഗങ്ങള്‍ വന്നേക്കാം. രോഗപ്രതിരോധ സംവിധാനം സ്വശരീരത്തിനെതിരെ തിരിയുമ്പോഴുണ്ടാകുന്ന അസുഖങ്ങള്‍ ഇതിനുദാഹരണമാണ്. പരിക്കുകള്‍, വൈകല്യങ്ങള്‍, സിന്‍ഡ്രോമുകള്‍, രോഗാണു ബാധകള്‍, സ്വഭാവ വ്യതിയാനങ്ങള്‍, മനുഷ്യരുടെ ശരീരഘടനയിലെ അസ്വാഭാവിക വ്യതിചലനങ്ങള്‍ എന്നിവയും രോഗമായി കണക്കാക്കാവുന്നതാണ്. ശാരീരികാസുഖങ്ങള്‍ ക്കു പുറമെ മാനസിക രോഗങ്ങളും മനുഷ്യനെ ബാധിക്കാറുണ്ട്.
അല്ലാഹുവിന്റെ പരീക്ഷണമായാണ് ഇസ്ലാം രോഗത്തെ കണക്കാക്കുന്നത്. കൂടെ രോഗം വന്നാല്‍ ചികിത്സിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ഇസ്ലാം അനുശാസിക്കുന്നു. അതൊന്നും ദൈവഭക്തിക്കോ മതബോധത്തിനോ എതിരല്ല. രോഗങ്ങളില്‍ നിന്ന് മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് ഇസ്ലാം പ്രോത്സാഹിപ്പിക്കുകയും ചികിത്സ നടത്താതിരിക്കുന്നതും രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യങ്ങളുണ്ടാക്കുന്നതും വിലക്കിയിട്ടുമുണ്ട്.
രോഗത്തില്‍ വ്യാകുലപ്പെട്ട് നിരാശനായിരിക്കുന്നത് ഇസ്ലാം ഇഷ്ടപ്പെടുന്നില്ല. ക്ഷമിക്കുകയും ദൈവത്തില്‍ ഭരമേല്പിക്കുകയും ചെയ്തുകൊണ്ട് ചികിത്സ തേടുന്നവര്‍ക്ക് വലിയ പ്രതിഫലമാണ് അല്ലാഹു വാഗ്ദാനം നല്‍കുന്നത്. ചികിത്സ നടത്തുന്നത് ധര്‍മാനുസൃതമായിരിക്കണം. യഥാര്‍ഥ ആശ്വാസദായകന്‍ പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവാണ്. അതിനാല്‍ എല്ലാ ചികിത്സക്കുമുപരിയായി നാഥനോടു കൂടുതല്‍ അടുക്കുവാനും പ്രാര്‍ഥിക്കുവാനുമാണ് നബി(സ്വ) പഠിപ്പിച്ചത്. ഇബ്റാഹീം നബി(അ) പറഞ്ഞതായി അല്ലാഹു പറയുന്നു: ”എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് ആ രോഗം മാറ്റുന്നവന് (26:80).
രോഗപ്രതിരോധ വ്യവസ്ഥ
ബാക്റ്റീരിയ, വൈറസുകള്‍, പൂപ്പല്‍ തുടങ്ങിയ രോഗാണുക്കള്‍, വിഷലിപ്തമായ വസ്തുക്കള്‍ തുടങ്ങി ആന്തരികവും ബാഹ്യവുമായ രൂപത്തില്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഉപദ്രവകാരികളായ പലതും ഈ ലോകത്തുണ്ട്. ഇവയില്‍ നിന്നെല്ലാം മനുഷ്യശരീരത്തെ സംരക്ഷിക്കുവാനുതകുന്ന രൂപത്തില്‍ സ്രഷ്ടാവ് മനുഷ്യശരീരത്തില്‍ സംവിധാനിച്ച സംവിധാനമാണ് രോഗപ്രതിരോധ വ്യവസ്ഥ. വ്യവസ്ഥാപിതമായ രീതിയിലാണ് മനുഷ്യ സൃഷ്ടിപ്പെന്ന് അല്ലാഹു ഉണര്‍ത്തുന്നുണ്ട്. ‘‘മനുഷ്യനെ നാം ഏറ്റവും നല്ല നിലയിലാണ് സൃഷ്ടിച്ചത്’‘ (ഖുര്‍ആന്‍ 95:4).
വായ, ത്വക്ക്, കുടല്, ശ്വാസനാളികള്‍ തുടങ്ങിയ എല്ലാ ശരീരഭാഗങ്ങളിലും അണുജീവികള്‍ വസിക്കുന്നുണ്ട്. ശരീരകലകളിലേയ്ക്ക് ആഴ്ന്നിറങ്ങാന്‍ അവസരമുണ്ടായാല്‍ അണുബാധയിലൂടെ കോശജ്വലനവും കലകളുടെ നാശവുമൊക്കെ ഉണ്ടാക്കാന്‍ പോന്നവയാണ് ഇവയില്‍ പലതും. എന്നാല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന രോഗപ്രതിരോധ വ്യവസ്ഥ ശരീരത്തിലുണ്ടായതിനാല്‍ ഇത്തരം ആക്രമണങ്ങളില്‍ നിന്ന് ശരീരം സ്വയം പ്രതിരോധ കവചം തീര്‍ക്കുന്നു. ഒരാള്‍ രോഗിയാവുന്നതും രോഗവിമുക്തനാവുന്നതും അയാളിലെ പ്രതിരോധ വ്യവസ്ഥയുടെ ഭദ്രതയ്ക്കനുസരിച്ചാണ്. ഈ വ്യവസ്ഥ ദുര്‍ബലമാവുമ്പോള്‍ രോഗാണുക്കള്‍ ശരീരത്തെ കീഴടക്കുന്നു. എന്നാല്‍ രോഗഹേതുക്കള്‍ക്കെതിരില്‍ ശരീരം തന്നെ ഫലപ്രദമായ നടപടി സ്വീകരിക്കുമ്പോള്‍ രോഗവിമുക്തിയുണ്ടാവുന്നു.
ഗര്‍ഭസ്ഥ ശിശു മുതല്‍ വൃദ്ധജനങ്ങള്‍ വരെയുള്ള എല്ലാവരുടെ ശരീരത്തിലും സാധാരണഗതിയില്‍ രോഗപ്രതിരോധസംവിധാനം അന്യുനമായി പ്രവര്‍ത്തിക്കും. നവജാതശിശുവിന്റെ പൊക്കിള്‍ക്കൊടി മുറിച്ചാല്‍ സങ്കീര്‍ണതകളൊന്നും കൂടാതെ രണ്ടോ മൂന്നോ ദിവസം കൊണ്ട് മുറിവുണങ്ങുന്നത് ആ ശിശുവിന്റെ പ്രതിരോധ സംവിധാനം കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ്.
രോഗി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രോഗത്തെ ശിക്ഷയായി കാണുന്ന ഒരുപാടുപേരുണ്ട്. മനുഷ്യന്റെ അശ്രദ്ധയും നിഷ്ഠയില്ലാത്ത ജീവിതവുമെല്ലാം രോഗങ്ങള്‍ക്ക് കാരണമാണ്. ഇസ്ലാമിക ദൃഷ്ട്യാ ആത്യന്തികമായി രോഗം ദൈവിക പരീക്ഷണമാണ്. രോഗത്തോട് ശരിയായ സമീപനം സ്വീകരിച്ചാല്‍ വിശ്വാസികള്‍ക്ക് ഇഹത്തിലും പരത്തിലും അത് അനുഗ്രഹമായി ഭവിക്കും. നബി(സ്വ) പറഞ്ഞു: ”ഒരി വിശ്വാസിക്ക് ക്ഷീണമോ തളര്‍ച്ചയോ രോഗമോ മനോദുഖമോ വല്ല ഉപദ്രവമോ കാലില്‍ തറച്ച മുള്ള് കാരണം വേദനയോ അനുഭവിക്കേണ്ടിവരുന്ന പക്ഷം അതു കാരണം അവന്റെ പാപങ്ങളില്‍ നിന്ന് അല്ലാഹു പൊറുത്തുകൊടുക്കാതിരിക്കില്ല” (ബുഖാരി 3,
മുസ്ലിം 4). അതുകൊണ്ടു തന്നെ രോഗാവസ്ഥയില്‍ അങ്ങേയറ്റത്തെ ക്ഷമ രോഗിക്കുണ്ടാവണം. അല്ലാഹുവിന്റെ വിധിയില്‍ സമാശ്വസിച്ച് അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ഥിക്കണം. രോഗാവസ്ഥയെ കൂടുതല്‍ നന്മകള് ചെയ്യാനും പാപങ്ങളില്‍ നിന്നു മുക്തമാവാനുമുള്ള അവസരമായി ഉപയോഗപ്പെടുത്താന്‍ കഴിയണം. അല്ലാഹുവിനെക്കുറിച്ചോ അവന്റെ സഹായത്തെക്കുറിച്ചോ നിരാശനാവുകയോ നാഥനെക്കുറിച്ചുള്ള നല്ല വിചാരത്തെ കൈവിട്ടു കളയാനോ പാടില്ല. നബി(സ്വ) പറഞ്ഞു: ”അല്ലാഹുവിനെക്കുറിച്ച് നല്ല വിചാരത്തോടെയല്ലാതെ നിങ്ങളിലാരും മരിക്കാനിടയാവരുത്” (മുസ്ലിം) 5
തന്റെ കഴിവിന്റെ പരമാവധി രോഗത്തിനു ചികിത്സ തേടുകയും കാര്യങ്ങള്‍ അല്ലാഹുവില്‍ ഭരമേല്പിച്ച് പ്രതീക്ഷയും പ്രാര്‍ഥനയുമായി കഴിയുകയുമാണ് രോഗി ചെയ്യേണ്ടത്. രോഗം എത്ര കഠിനമായാലും മരണം ആഗ്രഹിക്കുകയോ ആത്മഹത്യ ചെയ്യുകയോ അരുത്. കഠിനമായ വേദന കാരണം മരണമാണ് നല്ലതെന്നു തോന്നിയാല്‍ പോലും ഇങ്ങനെ പ്രാര്‍ഥിക്കാനാണ് നബി(സ്വ) പഠിപ്പിച്ചത്: ”അല്ലാഹുവേ ജീവിതമാണ് എനിക്ക് ഗുണകരമെങ്കില്‍ എന്നെ നീ ജീവിപ്പിക്കേണമേ. മരണമാണ് എനിക്ക് ഗുണകരമെങ്കില്‍ എന്നെ നീ മരിപ്പിക്കേണമേ” (ബുഖാരി) 6
രോഗീ സന്ദര്‍ശന മര്യാദകള്‍
രോഗികളെ സന്ദര്‍ശിക്കുന്നത് വിശ്വാസികളുടെ പരസ്പര ബാധ്യതകളിലൊന്നായാണ് ഇസ്ലാം കണക്കാക്കുന്നത്. പ്രവാചകന് (സ്വ) രോഗികളെ സന്ദര്‍ശിക്കാന്‍ കല്പിക്കുകയും അത് നാഥന്റെ അടുത്ത് വമ്പിച്ച പ്രതിഫലാര്‍ഹമായ കാര്യമാണെന്ന് പഠിപ്പിക്കുകയുണ്ടായി. നബി(സ്വ) പറഞ്ഞു: ”ഒരു മുസ്ലിം തന്റെ രോഗിയെ സന്ദര്‍ശിച്ചാല്‍ മടങ്ങുന്നതു വരെ അവന് സ്വര്‍ഗത്തില്‍ നിന്ന് ഫലങ്ങള്‍ പറിച്ചെടുക്കാവുന്ന സൗകര്യത്തിലാണ്”(മുസ്ലിം) 7 രോഗിയെ സന്ദര്‍ശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ പ്രവാചകന് ഉണര്‍ത്തുകയും ചെയ്തു.
- രോഗിയുടെ അടുക്കല്‍ നല്ലതു മാത്രം പറയുക.
- രോഗിയെ പേടിപ്പിക്കുകയോ നിരാശനാക്കുകയോ ചെയ്യരുത്.
- രോഗിക്ക് പ്രതീക്ഷയും മനക്കരുത്തും വളര്‍ത്തുന്ന കാര്യങ്ങള്‍ സംസാരിക്കുക.
- രോഗിയുടെ കൈയിലോ നെറ്റിയിലോ തടവി ആശ്വസിപ്പിക്കുക.
- രോഗിയുടെ ആഗ്രഹങ്ങള്‍ ചോദിച്ചറിയുക.
- രോഗിക്കു വേണ്ടി പ്രാര്‍ഥിക്കുക.
اللَّهُمَّ ربَّ النَّاسِ ، أَذْهِب الْبَأسَ ، واشْفِ ، أَنْتَ الشَّافي لا شِفَاءَ إِلاَّ شِفَاؤُكَ ، شِفاءً لا يُغَادِرُ سقَماً
ജനങ്ങളുടെ രക്ഷിതാവായ നാഥാ, നീ ദുരിതം അകറ്റേണമേ. നീ രോഗശമനം നല്കെണമേ. നീയാണ് രോഗശമനം നല്കുന്നവന്. നീ നല്കുന്ന ശമനമല്ലാതെ രോഗശമനമില്ല. രോഗമൊന്നും ഇല്ലാതാക്കുന്ന യഥാര്‍ഥ ശമനം (ബുഖാരി) 8
ചികിത്സ തെരഞ്ഞെടുക്കുമ്പോള്‍
രോഗങ്ങള്‍ മനുഷ്യനെ നിസ്സഹായനാക്കിത്തീര്‍ക്കും. രോഗികളുടെടെയും കുടുംബാംഗങ്ങളുടെയും ഈ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്ത് ആവശ്യമില്ലാത്ത ചികിത്സകള്‍ നിര്‍ദേശിക്കുന്ന, ഗൗരവമല്ലാത്ത രോഗങ്ങളെ ഊതി വീര്‍പ്പിച്ച് ലാഭം കൊയ്യുന്ന ആശുപത്രികള്‍ ദിനേന വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ആത്മീയ ചികിത്സ എന്ന പേരിലും ഒരുപാട് തട്ടിപ്പുകള്‍ അരങ്ങേറുന്നു. വിവിധ ചികിത്സാ രീതികള്‍ ഉണ്ടെങ്കിലും സാമ്പത്തികമായ നേട്ടം ലക്ഷ്യം വെച്ച് ഓരോരുത്തരും തങ്ങളുടെ ചികിത്സാ രീതികള്‍ മാത്രമാണ് ശരിയെന്ന് വാദിക്കുന്ന സ്ഥിതിഗതിയാണ് ഇന്ന് നിലവിലുള്ളത്.
ചികിത്സാ രംഗത്തേക്ക് പ്രവേശിക്കുമ്പോള്‍ ഇത്തരം ബോധം നമുക്ക് അത്യാവശ്യമാണ്. രോഗത്തിന് ഏറ്റവും നല്ല ചികിത്സാരീതി തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. സാമ്പത്തികമായി കബളിപ്പിക്കപ്പെടുന്നില്ലായെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. എന്തിനും ഏതിനും മരുന്ന് ഉപയോഗിക്കുക, സ്വയം ചികിത്സിക്കുക തുടങ്ങിയ പ്രവണതകളില്‍ നിന്ന് മുക്തമാവാനും കഴിയണം.
References
- മുസ്നദു അഹ്മദ്, അബൂ അബ്ദില്ല അഹ്മദുബ്നു മുഹമ്മദിബ്നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 29, പേജ് 299, ഹദീസ് 17763[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 574, ഹദീസ് 2346[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 114, ഹദീസ് 5641[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 16, ഹദീസ് 2573[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 165, ഹദീസ് 2817[↩]
- സ്വഹീഹുനു ബുഖാരി, അബൂഅബ്ദിസ്റ്റാ മുഹമ്മദ് ബ്നു ഇസ്മാഈനു (ഇമാം ബുഖാരി), ദാറു ത്വൗഖുങ്കജാത്ത്, ഒങ്കാം പതിപ്പ്, വാള്യം 07, പേജ് 121, ഹദീസ് 5671[↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 12, ഹദീസ് 2568[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 134, ഹദീസ് 5750[↩]
