വിവിധ ചികിത്സാരീതികള്‍
മനുഷ്യന് രോഗശമനത്തിനായി വിവിധ കാലഘട്ടങ്ങളില്‍ വിവിധ ചികിത്സാരീതികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ശാസ്ത്രീയ ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയ ആധുനിക വൈദ്യശാസ്ത്രം മുതല്‍ പാരമ്പര്യ ചികിത്സാസമ്പ്രദായങ്ങളായ ഹോമിയോപ്പതി, ആയുര്‍വേദം, യുനാനി, സിദ്ധവൈദ്യം എന്നിവ വരെയും പ്രകൃതി ചികിത്സ പോലുള്ള സമീപനങ്ങളെയും കുറിച്ചുള്ള അറിവാണ് ഈ ലേഖനം അവതരിപ്പിക്കുന്നത്. ചികിത്സ തിരഞ്ഞെടുക്കുമ്പോള്‍ വിവേകവും ഉത്തരവാദിത്വവും എത്രമാത്രം ആവശ്യമാണ് എന്നതിനെ വിശദീകരിക്കുന്നതിനൊപ്പം, വിവിധ ചികിത്സാരീതികള്‍ ഇസ്‌ലാമിക കാഴ്ചപ്പാടില്‍ എങ്ങനെ വിലയിരുത്തപ്പെടുന്നു എന്നതും ഇവിടെ ചര്‍ച്ച ചെയ്യുന്നു.
വിവിധതരം ചികിത്സാരീതികള്‍ ഇന്ന് നമ്മുടെ നാട്ടില്‍ നിലവിലുണ്ട്. അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദം, യൂനാനി ചികിത്സ, അക്യൂപങ്ങ്ചര്‍, സിദ്ധവൈദ്യം, പ്രകൃതി ചികിത്സ എന്നിവ ഉദാഹരണം. എല്ലാ ചികിത്സകള്‍ക്കും അതിന്റേതായ ഗുണഫലങ്ങളും ദോഷവശങ്ങളുമുണ്ട്. അതിനാല്‍ തന്നെ ഏതെങ്കിലും ഒരു ചികിത്സ മാത്രമാണ് പൂര്‍ണമായും ശരിയെന്നും മറ്റെല്ലാ ചികിത്സകളും ഉപേക്ഷിക്കേണ്ടതാണെന്നും പറയുന്നത് വിഡ്ഢിത്തമാണ്. ഓരോ രോഗത്തിനും ഫലപ്രദമായ ചികിത്സാരീതി ഏതാണോ അതു സ്വീകരിക്കുക എന്നതാണ് ഉത്തമമായ മാര്‍ഗം. നിലവില്‍ നമുക്കിടയില്‍ പ്രചാരത്തിലുള്ള ഏതാനും ചില ചികിത്സാ രീതികളെ ഇവിടെ പരിചയപ്പെടാം.
ആധുനിക വൈദ്യശാസ്ത്രം
18ാം നൂറ്റാണ്ടില്‍ പാശ്ചാത്യരാജ്യങ്ങളിലുണ്ടായ വ്യവസായിക വിപ്ലവങ്ങളുടെ ഭാഗമായി ശാസ്ത്രീയ കണ്ടെത്തലുകള്‍ വര്‍ധിക്കുകയും മനുഷ്യന്‍ പുരോഗതി കൈവരിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. 1632ല്‍ ജനിച്ച് 1723 വരെ ജീവിച്ചിരുന്ന ഡച്ചുകാരനായ അന്‍േറാണി ഫിലിപ് വാന്‍ ലീവെന്‍ഹോക് മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് രോഗാണുക്കളെ കണ്ടെത്തിയത് മുതലാണ് യഥാര്‍ഥത്തില്‍ ആധുനിക വൈദ്യശാസ്ത്രം പിറവികൊള്ളുന്നത്. തുടര്‍ന്ന് ശാസ്ത്രത്തിന്റെ കുതിപ്പുകള്‍ക്കൊപ്പം അതിവേഗം വളര്‍ന്ന് വികസിച്ച ഈ ശാസ്ത്രമാണ് വൈദ്യശാസ്ത്രരംഗത്ത് പ്രമുഖ സ്ഥാനത്തുള്ളത്.
ഇന്ന് കാണുന്ന സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലുകളും ഡോക്ടര്‍മാരുമൊക്കെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭാഗമാണ്. മൃഗചികിത്സയായ വെറ്ററിനറി വിഭാഗവും ഇതില്‍ ഉള്‍പ്പെടുന്നു. ഗുളികകള്‍, സിറപ്പുകള്‍, ഇന്‍ജക്ഷനുകള്‍, ശസ്ത്രക്രിയകള്‍ എന്നിവയെല്ലാം ആധുനിക വൈദ്യശാസ്ത്രത്തിലെ രീതികളാണ്.
ഈ ചികിത്സ അലോപ്പതി എന്ന നാമത്തിലാണ് പ്രശസ്തമായിട്ടുള്ളത്. എന്നാല്‍ ഈ പ്രയോഗം ശരിയല്ല. ഹോമിയോപ്പതിയുടെ പിതാവായ സാമുവല്‍ ഹാനിമാന്‍ (1755-1843)തന്റെ പുതിയ ചികിത്സാരീതി അവതരിപ്പിക്കുമ്പോള്‍, അക്കാലത്തു യൂറോപ്പില്‍ നിലവിലിരുന്ന ചികിത്സാരീതിയെ വിളിച്ച പേരു മാത്രമാണ് അലോപ്പതി.
പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ നിലവിലിരുന്ന വൈദ്യശാസ്ത്രരീതി വളരെ പ്രാകൃതമായിരുന്നു. ചില രോഗങ്ങള്‍ക്കുള്ള ചികിത്സ രക്തം ഊറ്റിക്കളയുക പോലുള്ള പ്രാകൃത ചികിത്സാസമ്പ്രദായമായിരുന്നു. അക്കാലത്തുണ്ടായിരുന്ന ഈ പ്രാകൃത ചികിത്സാരൂപവുമായി തങ്ങള്‍ക്കുള്ള അഭിപ്രായവ്യത്യാസമാണ് ഹാനിമാനും കൂട്ടരും ആ ചികിത്സാരീതിക്ക് ഈ പേര് നല്കാന്‍ ഇടയാക്കിയത്. എന്നാല്‍ ആധുനിക വൈദ്യ ശാസ്ത്രം എവിടെയും അതിനെ അലോപ്പതി എന്നു വിശേഷിപ്പിച്ചിട്ടില്ല.
ഹോമിയോപ്പതി
ജര്‍മനിയില്‍ ജീവിച്ചിരുന്ന സാമുവല്‍ ഹാനിമാന്‍ എന്ന ഡോക്ടര്‍ 1796ല്‍ കണ്ടെത്തിയ ചികിത്സാ സമ്പ്രദായമാണ് ഹോമിയോപ്പതി. ഗ്രീക്ക് ഭാഷയിലെ ‘ഒരുപോലെ’ എന്നര്‍ഥമുള്ള ഹോമോയിസ് എന്ന വാക്കും അസുഖം എന്നര്‍ഥമുള്ള പതോസ് എന്ന വാക്കും ചേര്‍ന്നാണ് ഹോമിയോപ്പതി എന്ന പദമുണ്ടായിരിക്കുന്നത്.
രോഗങ്ങള്‍ക്ക് കാരണം ‘ജീവശക്തി’ യുടെ അസന്തുലിതാവസ്ഥയാണെന്നും ജീവശക്തിയെ ചികിത്സിക്കുന്നതിലൂടെ രോഗനിവാരണം സാധ്യമാവും എന്നുമാണ് ഹോമിയോപ്പതിയുടെ അടിസ്ഥാനതത്ത്വങ്ങളില്‍ ഒന്ന്. ഒരു രോഗത്തിനുള്ള ഫലപ്രദമായ മരുന്ന് ആരോഗ്യവാനായ ഒരു വ്യക്തി കഴിക്കുകയാണെങ്കില്‍, ആ രോഗത്തിനുള്ള സമാനമായ ലക്ഷണങ്ങള്‍ അയാളില്‍ ഉണ്ടാക്കുമെന്നു വ്യാഖ്യാനിച്ച ഹാനിമാന്‍, ഇതിന്റെ അടിസ്ഥാനത്തില്‍ ഹോമിയോപ്പതിയുടെ സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നുവെന്ന സിദ്ധാന്തത്തിനു രൂപം നല്കി.
ഹോമിയോപ്പതി മരുന്നുകള്‍ നിര്‍മിക്കുന്നത് സസ്യങ്ങള്‍, ജന്തുക്കള്‍, ധാതുക്കള്‍ എന്നിവയില്‍നിന്നാണ്. ഇവയുടെ അങ്ങേയറ്റം നേര്‍പ്പിച്ചെടുത്ത മിശ്രിതങ്ങളാണ് മരുന്നായി ഉപയോഗിക്കുന്നത്. എന്നാല്‍ ഈ നേര്‍പ്പിക്കല്‍ സിദ്ധാന്തത്തിന് ഒരുപാട് വിമര്‍ശനങ്ങളുണ്ട്. ഇന്ത്യ, ബ്രിട്ടന്‍, ജര്‍മനി, അമേരിക്കന്‍ ഐക്യ നാടുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ഹോമിയോപ്പതി ചികിത്സ നടന്നു വരുന്നത്. ചില രാജ്യങ്ങള്‍ ഹോമിയോപ്പതി നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
ആയുര്‍വേദം
കാലങ്ങളോളമായി ഇന്ത്യയില്‍ നിലനിന്നുപോരുന്ന ഒരു ചികിത്സാരീതിയാണ് ആയുര്‍വേദം. ആയുസിനെക്കുറിച്ചുള്ള വേദം എന്നാണ് ഈ പദത്തിനര്‍ഥം. ചരകന്‍, സുശ്രുതന്‍, വാഗ്ഭടന്‍ എന്നിവരാണ് അഥര്‍വവേദത്തിന്റെ ഉപവേദമായി കണക്കാക്കുന്ന ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികളായി അറിയപ്പെടുന്നത്. ത്രിദോഷ സിദ്ധാന്തമാണ് ആയുര്‍വേദത്തിന്റെ അടിസ്ഥാനം. വാതം, പിത്തം, കഫം എന്നിവയാണ് ത്രിദോഷം. ഇവയുടെ സന്തുലിതാവസ്ഥയെ ആരോഗ്യമെന്നും ഇവയ്ക്കുണ്ടാകുന്ന അസന്തുലിതാവസ്ഥയ്ക്ക് രോഗം എന്നും പറയുന്നു. ഭൂമി, ജലം, അഗ്‌നി, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങള്‍. പഞ്ചഭൂതനിര്‍മിതമായ പ്രകൃതിയില്‍, പഞ്ചഭൂതനിര്‍മിതമായ മനുഷ്യശരീരത്തെ, പഞ്ചഭൂതങ്ങള്‍ ഉപയോഗിച്ചു തന്നെ ചികില്‍സിക്കുക എന്നതാണ് ആയുര്‍വേദത്തിന്റെ ചികിത്സാ തത്ത്വം.
ഇന്നു ലഭ്യമായതില്‍ ഏറ്റവും പഴക്കമുള്ള ആയുര്‍വേദ ഗ്രന്ഥങ്ങളാണ് ചരകന്‍ രചിച്ച ചരകസംഹിത, സുശ്രുതന്‍ രചിച്ച സുശ്രുത സംഹിത എന്നിവ. ശസ്ത്രക്രിയകളുടെ പിതാവായി അറിയപ്പെടുന്നത് സുശ്രുതന്‍ ആണ്. അഷ്ടാംഗ ഹൃദയം, അഷ്ടാംഗ സംഗ്രഹം എന്നീ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് വാഗ്ഭടന്‍. വിവിധ തരം സസ്യങ്ങള്‍ ഉപയോഗിച്ചാണ് ആയുര്‍വേദത്തിലെ ഔഷധനിര്‍മാണം. കഷായം, അരിഷ്ടം, തൈലം, ചൂര്‍ണം, ഘൃതം, ഭസ്മസിന്ദൂരം, ലേഹ്യം, ഗുളിക എന്നിവയാണ് ഔഷധങ്ങള്‍. വാമനം, വിരേചനം, വസ്തി, നസ്യം തുടങ്ങിയ ചികിത്സാവിധികളുപയോഗിച്ചാണ് രോഗിയെ ചികിത്സിക്കുന്നത്. ചികിത്സകന്ന് വൈദ്യന്‍ എന്ന പേര്‍ വിളിക്കപ്പെടുന്നു.
യുനാനി
തെക്കേ ഏഷ്യയില്‍ പ്രചാരത്തിലുള്ള ഒരു പാരമ്പര്യ ചികിത്സാരീതിയാണിത്. യുനാനി പിറവിയെടുത്തത് ഗ്രീസിലാണെന്നും പ്രാചീന പേര്‍ഷ്യന്‍ വൈദ്യത്തില്‍ നിന്നാണെന്നും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. ഗ്രീക്ക് ഭിഷഗ്വരന്‍ ഹിപ്പോക്രാറ്റസും റോമന്‍ ഭിഷഗ്വരന്‍ ഗലേനും അറേബ്യയിലെയും പേര്‍ഷ്യയിലെയും ഭിഷഗ്വരനായിരുന്ന റാസി, ഇബ്‌നു സീന, അല്‍സഹ്‌റാവി, ഇബ്‌ന് നഫിസ് എന്നിവരൊക്കെ യുനാനിയുടെ വളര്‍ച്ചയില്‍ പങ്കുവഹിച്ചിട്ടുണ്ട്.
മനുഷ്യ ശരീരത്തിന്റെ നിലനില്‍പ്പിന് അര്‍കാന്‍ (Elements), മിസാജ് (Temperament), അഖ്‌ലാത്ത് (Humours), ആസ(Organs), അര്‍വാഹ് (Spirit), അഫ്ആല്‍ (Functions) എന്നിങ്ങനെ അടിസ്ഥാന ഘടകങ്ങളുണ്ടെന്നും അവയില്‍ വരുന്ന ഏറ്റക്കുറച്ചിലുകളാണ് രോഗത്തിനു കാരണമെന്നുമാണ് യുനാനിയുടെ അടിസ്ഥാന തത്ത്വം.
സൗദ(വാതം), സഫ്ര(പിത്തം), ബല്‍ഗം(കഫം), ദം(രക്തം) എന്നീ ചതുര്‍ദോഷങ്ങളെ അടിസ്ഥാനമാക്കിയാണ് യൂനാനിയില്‍ ചികിത്സ നിര്‍ണയിക്കുന്നത്. ദല്‍ഹി സുല്‍ത്താന്മാരാണ് ഇന്ത്യയില്‍ യൂനാനി കൊണ്ടുവന്നത്. ഹക്കീമുകള്‍ എന്നാണ് യൂനാനി വൈദ്യന്മാരെ വിളിക്കുന്നത്.
പ്രാദേശികമായി ലഭിക്കുന്ന ജന്തുജന്യവും ധാതുജന്യവുമായ പ്രകൃതിദത്തമായ ഔഷധങ്ങ ളാണ് ഈ ചികിത്സാരീതിയിലുള്ളത്. ആയുര്‍വേദത്തിലെന്നപോലെ ചൂര്‍ണങ്ങള്‍, കഷായങ്ങള്‍, രസങ്ങള്‍, ആസവങ്ങള്‍, അരിഷ്ടങ്ങള്‍, ലേഹ്യം, മധുരദ്രവങ്ങള്‍, ഗുളികകള്‍ തുടങ്ങിയ രൂപങ്ങളിലുള്ള മരുന്നുകളാണ് യുനാനിയിലുമുള്ളത്.
സിദ്ധവൈദ്യം
ആയുര്‍വേദത്തേക്കാളും പഴക്കമുള്ള ചികിത്സാരീതിയാണ് സിദ്ധവൈദ്യം. ബി.സി 1000 നും ബി.സി 500 നും ഇടയിലാണ് ഇതു രൂപപ്പെട്ടതെന്ന് കരുതുന്നു. സിദ്ധം-സിദ്ധി എന്ന വാക്കില്‍ നിന്നാണ് സിദ്ധം എന്ന വാക്കുണ്ടായത്. തമിഴ് ഋഷിമാരാണ് ഈ ചികിത്സാ രീതിയുടെ ഉപജ്ഞാതാക്കള്‍. സിദ്ധവൈദ്യത്തെപ്പറ്റിയുള്ള മൂലഗ്രന്ഥങ്ങളെല്ലാം തമിഴിലാണ്.
സിദ്ധവൈദ്യത്തില്‍ മനുഷ്യന്റെ ശാരീരിക-മാനസികാവസ്ഥകളെ ആയുര്‍വേദത്തിലെ ത്രിദോഷങ്ങള്‍ക്ക് സമാനമായി വലി, അഴല്‍, ഇയം എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. ഇതിനെ ഉയിര്‍ധാതു എന്നു പറയുന്നു. ശസ്ത്രക്രിയാവിധികളും നിരവധി രോഗപ്രതിരോധ വിധികളും ഇതിലുണ്ട്. തൊക്കണം, യോഗം, മര്‍മം, ധ്യാനം തുടങ്ങിയ ചികിത്സാരീതികളും സിദ്ധവൈദ്യം നിര്‍ദേശിക്കുന്നുണ്ട്. അഗസ്ത്യരാണ് സിദ്ധവൈദ്യത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നത്.
പ്രകൃതി ചികിത്സ
ഔഷധരഹിത ചികിത്സ എന്ന പേരില്‍ വിശേഷിപ്പിക്കപ്പെടുന്ന ചികിത്സാ സമ്പ്രദായമാണ് പ്രകൃതി ചികിത്സ. ഓര്‍ത്തോപ്പതി എന്ന പേരിലും ഇത് അറിയപ്പെടുന്നു. പല രീതികളിലായി ലോകത്തെല്ലായിടത്തും വളരെക്കാലം മുമ്പുതന്നെ ഈ ചികിത്സ നിലവിലുണ്ടായിരുന്നു. ശരീരത്തിന് രോഗത്തെ സ്വയം മാറ്റിയെടുക്കാന്‍ കഴിവുണ്ട് എന്നതാണ് ഈ ചികിത്സയുടെ അടിസ്ഥാന തത്ത്വം.
ഡോ. ഐസക് ജന്നിങ്‌സ്, റസല്‍ താങ്കര്‍ത്രാള്‍, ഫാ.സിര്‍വസര്‍ ഗ്രഹാം, അഡോള്‍ഫ് ജസ്റ്റിന്‍, ജോണ്‍ എച്ച് ടില്‍ഡണ്‍,ആര്‍നോള്‍ഡ് റിക്ലി,വിന്‍സെന്റ് പ്രസ്‌നിറ്റ്‌സ് തുടങ്ങിയ വ്യക്തികള്‍ പ്രകൃതി ചികിത്സയുടെ വളര്‍ച്ചക്ക് നേതൃത്വം നല്കിയവരാണ്.
വിശ്രമം, ഉപവാസം, ശരീരത്തിന് ആരോഗ്യകരമായ പച്ചക്കറികളും പഴങ്ങളും മിതമായി കഴിക്കല്‍ തുടങ്ങിയ രീതികളാണ് ഈ ചികിത്സാ ശാസ്ത്രത്തിലുള്ളത്. ശരീരത്തില്‍ മണ്ണ് പൊതിഞ്ഞുകൊണ്ടുള്ള ചികിത്സയും വെള്ളത്തില്‍ ശരീരഭാഗങ്ങള്‍ മുക്കിയുള്ള ജലചികിത്സയും വെയിലുകൊള്ളലുമെല്ലാം ചില പ്രകൃതിചികിത്സകര്‍ ചികിത്സയുടെ ഭാഗമായി പ്രയോഗിക്കുന്നുണ്ട്. മതിയായ വിശ്രമം നല്‍കിയാല്‍ ശരീരം രോഗംമൂലം കേടായ അതിന്റെ ഭാഗങ്ങള്‍ സ്വയം അറ്റകുറ്റപ്പണികള്‍ നടത്തി പൂര്‍വരൂപത്തിലാക്കുന്നുവെന്നാണ് പ്രകൃതിചികിത്സാ തത്ത്വം.
ഇതിനു പുറമെ ഫിസിയോതെറാപ്പി, അക്യുപങ്ചര്‍, അക്യുപ്രഷര്‍, ഹിജാമ, പ്രാണിക് ഹീലിംഗ്, വര്‍ണ ചികിത്സ, കാന്ത ചികിത്സ തുടങ്ങി നിരവധി ചികിത്സാ സമ്പ്രദായങ്ങള്‍ നിലവിലുണ്ട്.
