മനുഷ്യന് സൃഷ്ടിക്കപ്പെട്ടതും വികസിച്ചുവരുന്നതും അതിന്റെ വിവിധ ഘടകങ്ങളിലൂടെ മനസ്സിലാക്കാം. നുത്വഫ, അലഖഃ, മുദ്ഗ്വഃ എന്നിവയുടെ സൃഷ്ടിപ്രക്രിയകളില്‍ നിന്നാരംഭിച്ച്, അണ്ഡാശയം, ഗര്‍ഭാശയം, അസ്ഥി വ്യവസ്ഥ, ദഹനേന്ദ്രിയ വ്യവസ്ഥ, ശ്വസന വ്യവസ്ഥ, രക്തപര്യയന വ്യവസ്ഥ, ഹൃദയം, വിസര്‍ജ്ജന വ്യവസ്ഥ, ത്വക്ക്, മസ്തിഷ്‌കം, നാഡികള്‍, സെറിബ്രം, ഹൈപോതലാമസ്, സെറിബല്ലം, മെഡുല്ല ഒബ്ലാംഗേറ്റ, സുഷുമ്ന എന്നിവയിലെ സങ്കീര്‍ണ്ണ ഘടകങ്ങള്‍, കോശങ്ങളും ജീവിലോകവുമായ ബന്ധവും ഇതില്‍ വിശദീകരിക്കുന്നു. മനുഷ്യന്‍ എങ്ങനെ ശാസ്ത്രീയവും ജൈവികവും രൂപത്തില്‍ പ്രവർത്തിക്കുന്നുവെന്നതും ഈ ലേഖനം വിശദമായി അവതരിപ്പിക്കുന്നു.
പ്രവിശാലമായ ഈ പ്രപഞ്ചത്തില്‍ കേവലം ഭൂമി എന്ന ഒരു ചെറു ഗ്രഹത്തില്‍ മാത്രമേ ജിവജാലങ്ങള്‍ ഉള്ളൂ എന്നാണ് അറിഞ്ഞിടത്തോളം ശാസ്ത്രത്തിന്റെ അന്വേഷണമെത്തിയത്. ജീവന്‍ നിലനില്ക്കാനാവശ്യമായ വെള്ളവും വായുവും അന്തരീക്ഷവും ഭൂമിക്ക് മാത്രമേയുള്ളൂ. ഈ ഭൂമിയില്‍ ദശലക്ഷക്കണക്കിന് ജീവജാലങ്ങളുണ്ട്. അവയില്‍ മനുഷ്യന്‍ എന്ന ഒരു വര്‍ഗത്തിനു മാത്രമേ വിശേഷബുദ്ധിയും ചിന്താശേഷിയും ഉള്ളൂ. ആശയങ്ങള്‍ ആവിഷ്‌കരിക്കാനും അത് വിനിമയം നടത്തുവാനും മനുഷ്യന്നു മാത്രമേ കഴിയൂ. ഇതര ജന്തുക്കള്‍ക്കെല്ലാം ജീവിക്കാനാവശ്യമായ ജന്മവാസന മാത്രമാണുള്ളത്. മനുഷ്യന്‍ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അറിവുകള്‍ ആര്‍ജിക്കുന്നു. ബുദ്ധി കൊണ്ട് ചിന്തിക്കുന്നു. ത്യാജ്യഗ്രാഹ്യ കഴിവുകള്‍ ഉപയോഗിക്കുന്നു. ലഭ്യമായ അറിവുകള്‍ തലമുറകളിലേക്കു പകരുന്നു. അതിനാണ് ആലേഖന കഴിവ് ഉപയോഗിക്കുന്നത്. ഇങ്ങനെ ആശയാവിഷ്‌കരണ ശേഷിയും ആശയവിനിമയ കഴിവും ആലേഖന പാടവവും ചേരുമ്പോഴാണ് സമൂഹത്തിന്റെ വികാസ പരിണാമങ്ങളും ഭൗതിക വളര്‍ച്ചയും നേടുന്നത്. ഇങ്ങനെയുള്ള മനുഷ്യനാണ് ലോകത്തിന്റെ നിയന്ത്രണം നടത്തുന്നത് എന്നു പറയാം. അതുകൊണ്ടുതന്നെയാണ് മനുഷ്യര്‍ക്ക് നിയമങ്ങള്‍ ബാധകമാകുന്നതും നിയമനിര്‍മാണം വേണ്ടിവരുന്നതും. മനുഷ്യനെന്ന ഈ ഉത്കൃഷ്ട സൃഷ്ടിക്ക് ധാര്‍മിക സനാതന മൂല്യങ്ങള്‍ നല്കി ഉത്തമ സൃഷ്ടിയാക്കുക എന്നതാണ് മതങ്ങള്‍ ചെയ്യുന്നത്. ഈ മത ബോധമാകട്ടെ സ്രഷ്ടാവായ അല്ലാഹു മനുഷ്യരില്‍ നിന്ന് തെരഞ്ഞെടുത്ത ദൂതന്മാര്‍ വഴിയാണ് ലഭ്യമാകുന്നത്. അവരാണ് നബിമാര്‍.
മനുഷ്യന്‍ ആരാണെന്ന കാര്യത്തില്‍ ഇസ്‌ലാമിന്റെ കാഴ്ചപ്പാടാണ് മേല്‍പറഞ്ഞത്. സ്രഷ്ടാവായ അല്ലാഹു സോദ്ദേശ്യം സൃഷ്ടിച്ചെടുത്തതാണ് മനുഷ്യവര്‍ഗത്തെ. മനുഷ്യ സൃഷ്ടിപ്പുകമായി ബന്ധപ്പെട്ട് വിശുദ്ധ ഖുര്‍ആന്‍ നടത്തുന്ന അടിസ്ഥാനപരമായ ഒരു പരാമര്‍ശം ഏറെ ശ്രദ്ധേയമാണ്. ‘ഭൂമിയില്‍ മനുഷ്യര്‍ക്ക് ഒരു നിശ്ചിത കാലം വരേക്കും വാസ സ്ഥലവും ജീവിത വിഭവങ്ങളുമുണ്ടായിരിക്കും’ (2:36). ‘എന്റെ പക്കല്‍ നിങ്ങളുടെ മാര്‍ഗദര്‍ശനം നിങ്ങള്‍ക്കു വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല’ (2:38).
ഭൗതിക ലോകത്തിനപ്പുറത്ത് മലക്ക്, ജിന്ന് എന്നീ രണ്ടു ജീവി വിഭാഗങ്ങളെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നുണ്ട്. എന്നാല്‍ അവരെപ്പറ്റി മനസ്സിലാക്കാന്‍ മനുഷ്യന്റെ ചിന്തയും ഗവേഷണവും പര്യാപ്തമല്ല. ചുരുക്കത്തില്‍ തിര്യക്കുകളില്‍ നിന്നും മാലാഖമാരില്‍ നിന്നും വ്യത്യസ്തമായി അസ്തിത്വത്തിന്റെ സ്വാതന്ത്ര്യം നല്കപ്പെട്ട ഒരു പ്രത്യേക സൃഷ്ടി വര്‍ഗമാണ് മനുഷ്യന്‍. ചെറുജീവികളില്‍ നിന്ന് പരിണമിച്ചുണ്ടായ ഒരു സ്പീഷീസ് മാത്രമാണ് മനുഷ്യന്‍ എന്ന ചില സിദ്ധാന്തങ്ങള്‍ക്ക് ശാസ്ത്രീയമെന്ന നിലയില്‍ പ്രചാരം കിട്ടിയെങ്കിലും അത് തെളിയിക്കപ്പെട്ട യാഥാര്‍ഥ്യമല്ല. ശാസ്ത്രം തന്നെ പില്കാലത്ത് ആ സിദ്ധാന്തം നിരാകരിക്കുകയുമുണ്ടായി.
സൃഷ്ടിപ്പ്
ഭൂമിയുടെയും മനുഷ്യന്റെയും സൃഷ്ടിരഹസ്യങ്ങള്‍ തേടി ശാസ്ത്രീയ പഠനം നടത്തുന്നവര്‍ക്കെല്ലാം അതിവിസ്മയങ്ങളേറെ ഒളിപ്പിച്ചുവച്ചൊരു ചെപ്പാണ് മനുഷ്യശരീരം. സങ്കീര്‍ണമായ വിഭവങ്ങളും രൂപകല്പനയും വ്യക്തമായ ആസൂത്രണത്തോടെയും മനുഷ്യനെ സംവിധാനിച്ച സ്രഷ്ടാവിനെ അവന്റെ സൃഷ്ടിവൈഭവത്തിലൂടെ തന്നെ കണ്ടെത്താന്‍ വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരോട് നിരന്തരം ആഹ്വാനം ചെയ്യുന്നു. മനുഷ്യന്റെ സൃഷ്ടിയെക്കുറിച്ച് സൂചന പോലുമില്ലാതിരുന്ന കാലത്ത്, സൃഷ്ടിയിലെ ഘടകങ്ങളെ ഓര്‍മപ്പെടുത്തിക്കൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ അവതരണം ആരംഭിക്കുന്നതു തന്നെ.
”സൃഷ്ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. വായിക്കുക, നിന്റെ രക്ഷിതാവ് അത്യുതാരനാകുന്നു. അവന്‍ പേനകൊണ്ട് പഠിപ്പിച്ചു. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു’ ( 96:1-5).
മാതാവിന്റെ ഗര്‍ഭാശയ ഭിത്തിയില്‍ വളര്‍ന്നുവരുന്ന ‘അലഖി’നെക്കുറിച്ച് തന്നെ ഖുര്‍ആന്‍ ആദ്യമായി പ്രതിപാദിക്കുന്നത് നമുക്ക് ആഴത്തില്‍ ചിന്തിക്കാന്‍ അവസരം നല്കിക്കൊണ്ടാണ്. ആശയാവിഷ്‌കാരത്തിന് തൂലിക കൊണ്ടുള്ള ആലേഖനം ഒരു ഉപാധിയായി സ്വീകരിച്ച ഏക ജന്തുവാണ് മനുഷ്യന്‍. അക്ഷരവിദ്യയാണ് വിജ്ഞാന ക്രോഡീകരണത്തിലൂടെ മനുഷ്യതലമുറകളെ സാംസ്‌കാരികവും നാഗരികവുമായ ഈടുവയ്പുകളുടെ അവകാശികളാക്കിയത്. വഫില്‍ ആഫാഖി വഫീ അന്‍ഫുസിഹിം -ചക്രവാളങ്ങളിലും അവരുടെ ശരീരങ്ങളില്‍ തന്നെയും -സൂക്ഷ്മദൃഷ്ടികള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട് എന്ന ഖുര്‍ആന്‍ സൂക്തവും ഓര്‍ക്കുക.
മനുഷ്യന്റെ പിറവിയെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമുള്ള ഭൗതിക വ്യാഖ്യാനങ്ങളെല്ലാം അപൂര്‍ണമോ അബദ്ധജടിലമോ ആണ്. മനുഷ്യജീവിതത്തിലെ സൃഷ്ടി സംഹാര പ്രക്രിയയെ ക്കുറിച്ച് ചിന്തിക്കുമ്പോള്‍ യുക്തി നമ്മോടു പറയുന്നു, ”വ്യവസ്ഥാപിതമായ ഘടനയോടും യുക്തി ബന്ധുരമായ സൃഷ്ടിചാരുതയോടും കൂടി ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച ഒരു രക്ഷിതാവുണ്ട്” എന്ന്.
നുത്വഫ
നുത്വഫ യുടെ ഭാഷാര്‍ഥം ഒരു തുള്ളി ദ്രാവകം എന്നാണ്. രേതസ് കണത്തില്‍ നിന്നാണ് സ്ത്രീയെയും പുരുഷനെയും സൃഷ്ടിക്കുന്നതെന്ന സത്യം ശാസ്ത്രലോകത്തിന് ഇരുപതാം നൂറ്റാണ്ടു വരെ അജ്ഞാതമായിരുന്നു. എന്നാല്‍ പതിനാലു നൂറ്റാണ്ടു മുമ്പ് ഖുര്‍ആന്‍ പറഞ്ഞു: ‘‘സ്ഖലിക്കപ്പെട്ട രേതസ്‌കണത്തിലെ ഒരു ബീജം മാത്രമായിരുന്നില്ലേ അവന്‍; പിന്നീടവന്‍ തൂങ്ങിക്കിടക്കുന്ന ഒന്നായിത്തീര്‍ന്നു. അല്ലാഹു അതിന് രൂപവും ആകൃതിയും നല്കി. എന്നിട്ടതില്‍ നിന്ന് ആണ്‍, പെണ്‍ എന്നിങ്ങനെ ഇണകളെ ഉണ്ടാക്കി. അങ്ങനെയുള്ള ഒരുവന്‍ മരിച്ചവരെ പുനര്‍ജ്ജനിപ്പിക്കാന്‍ കഴിവുറ്റവനല്ലയോ?” (വി. ഖുര്‍ആന്‍. 75: 37-40)
പുരുഷന്റെ ലിംഗത്തിനു സമീപമുള്ള വൃഷണങ്ങള്‍ നാനൂറോളം അറകളായി വിഭജിച്ചിരിക്കുന്നു. ഓരോ അറയിലും വളഞ്ഞുപുളഞ്ഞു കിടക്കുന്ന നീണ്ട നാളികളുണ്ട്. ഇവയാണ് ബീജനാളികള്‍. ഒരു മില്ലി ലിറ്റര്‍ ശുക്ലത്തില്‍ ഇരുപതു മുതല്‍ നാല്പതു കോടി വരെ ബീജങ്ങളുണ്ടായിരിക്കും. ഒരു തവണ ബീജ സ്ഖലനം നടക്കുമ്പോള്‍ ശരാശരി അഞ്ചു മില്ലി ലിറ്റര്‍ ശുക്ലമാണ് സ്രവിക്കുന്നതെന്നിരിക്കെ ഒരു തവണ സ്ത്രീയുടെ ഗര്‍ഭപാത്രത്തിലേക്ക് ഇരുനൂറു കോടിയോളം പുംബീജങ്ങളെയാണ് സ്രവിപ്പിക്കുന്നത്.
ഭ്രൂണത്തിന്റെ ലിംഗഭേദം ബീജസങ്കലനം നടത്തുന്ന പുരുഷ ബീജത്തെ ആശ്രയിച്ചാണിരിക്കു ന്നതെന്ന് എക്‌സ്, വൈ പാരമ്പര്യഘടകങ്ങളക്കുറിച്ച് മനുഷ്യന്‍ തികച്ചും അജ്ഞാതനായിരുന്ന കാലത്ത് ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നു. സിക്താണ്ഡ രൂപീകരണത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തമുണ്ടെന്ന വസ്തുത അടുത്ത കാലത്താണ് കണ്ടുപിടിക്കപ്പെട്ടതെന്നിരിക്കെ ഇക്കാര്യത്തില്‍ ഖുര്‍ആന്‍ നടത്തുന്നത് അത്ഭുത വെളിപാടുകള്‍ തന്നെ. പുരുഷനും സ്ത്രീയും പരസ്പരം ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ പുരുഷ ബീജവും സ്ത്രീയുടെ അണ്ഡവും അതിസങ്കീര്‍ണമായ ഗര്‍ഭാശയ ഭിത്തിയില്‍ വച്ച് കൂടിച്ചേരുമ്പോഴാണ് മനുഷ്യജനനം സംഭവിക്കുന്നത്.
അലഖഃ
മറ്റൊന്നിനോട് പറ്റിപ്പിടിച്ചു കിടക്കുന്നത് എന്നാണ് അലഖ:യുടെ അറബി ഭാഷാര്‍ഥം. ബീജ സങ്കലന ശേഷമുള്ള രോപണ ഘട്ടം അഥവാ ഇംപ്ലാന്റേഷനെയാണ് ഇത് സൂചിപ്പിക്കുന്നത്. ബീജസങ്കലനം നടന്ന ഉടന്‍ സങ്കലിതാണ്ഡത്തില്‍ കോശവിഭജനം ആരംഭിക്കുന്നു. മൂന്നാം ദിവസമെത്തുമ്പോള്‍, അങ്ങനെ രൂപപ്പെടുന്ന ചെറു കോശങ്ങള്‍ (ബ്ലാസ്റ്റോമിയേഴ്‌സ്) പന്ത്രണ്ടോ പതിനാറോ എണ്ണമായിക്കഴിഞ്ഞിരിക്കും. ഒരു മള്‍ബറിപ്പഴത്തോടു സാദൃശ്യമുള്ളതിനാല്‍ മോറുല എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥയില്‍ നിന്ന് വളര്‍ന്ന് ദ്രാവകം നിറഞ്ഞ് പന്തു പോലെയായിത്തീരും. ഇതിന് ബുള്‍ബുദം (ബ്ലാസ്റ്റുല) എന്നു പറയുന്നു. സങ്കലിതാണ്ഡത്തെ ബീജവാഹിനിയിലേക്ക് പതുക്കെ നീക്കിക്കൊണ്ടു വരുന്നത് രോമക(സീലിയ)ങ്ങളാണ്. നാലോ അഞ്ചോ ദിവസം കൊണ്ട് ബുള്‍ബുദം ഗര്‍ഭാശയത്തിലെത്തും. രണ്ടു ദിവസത്തോളം അത് ഗര്‍ഭാശയസ്രവങ്ങളില്‍ സ്വതന്ത്രമായി കിടക്കും. പിന്നീട് ഗര്‍ഭാശയത്തില്‍ പറ്റിച്ചേര്‍ന്ന് രോപണം (ഇംപ്ലാന്റേഷന്‍) അഥവാ അലഖ രൂപീകരണം നടത്തുന്നു.
പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇബ്‌നു ഖയ്യിമിനെ ഉദ്ധരിച്ചുകൊണ്ട് ഇബ്‌നു ഹജറുല്‍ അസ്ഖലാനി തന്റെ പ്രശസ്തമായ ഫത്ഹുല്‍ ബാരിയില്‍ പറയുന്നു: ശുക്ലം ഗര്‍ഭാശയത്തില്‍ പ്രവേശിച്ചാല്‍ അത് ഒരു പന്തുപോലെയുള്ള വസ്തുവായി മാറി ആറു ദിവസം കഴിഞ്ഞാണ് ഗര്‍ഭാശയത്തോട് ഒട്ടിച്ചേരുന്നത്. കോടിക്കണക്കിന് ബീജങ്ങളില്‍ നിന്ന് അണ്ഡത്തെ പ്രാപിക്കുന്ന നാനൂറോളം പുരുഷ ബീജങ്ങളിലൊന്നിനെ മാത്രമേ സ്രഷ്ടാവ് സങ്കലനത്തിനായി തെരഞ്ഞെടുക്കുന്നുള്ളൂ. ഒരു ബീജം ലക്ഷ്യം പ്രാപിക്കുമ്പോള്‍ മറ്റുള്ളവ പരാജയപ്പെടുന്നതിന്റെ കാരണങ്ങളിന്നും അജ്ഞാതമാണ്. ബീജസങ്കലനം നടന്ന് പുരുഷ ബീജം അതിന്റെ ശിരസ്സിലെ ജനിതക വസ്തുക്കള്‍ അണ്ഡത്തില്‍ നിക്ഷേപിച്ചാല്‍ അണ്ഡം മറ്റു ബീജങ്ങള്‍ക്ക് പ്രവേശിക്കാനാകാത്ത വിധം ചുറ്റും കട്ടിയുള്ള ആവരണമണിയുന്നു.
‘നിസ്സാരമായൊരു ദ്രാവകത്തിന്റെ സത്തില്‍ നിന്നാണവന്റെ സന്താനങ്ങളെ അല്ലാഹു സൃഷ്ടിച്ചത്.‘ (വി. ഖുര്‍ആന്‍ 32:8).
ഏഴാം ദിവസം മുതല്‍ 21ാം ദിവസം വരെയുള്ള മൂന്ന് ക്രമാനുഗത പ്രക്രിയകളില്‍ ഏറ്റവും പ്രധാനം പറ്റിപ്പിടിക്കല്‍ തന്നെ.
മുദ്ഗ്വഃ
ചര്‍വ്വിത സമാന മാംസപിണ്ഡം എന്ന് ശരിയായ വിവര്‍ത്തനം. ‘നിശ്ചയമായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തില്‍ നിന്ന് സൃഷ്ടിച്ചു; പിന്നെയൊരു ബീജമായി ഭദ്രമായ സ്ഥലത്ത് നിക്ഷേപിച്ചു; പിന്നെയാ ബീജത്തെ പറ്റിപ്പിടിക്കുന്ന ഒന്നാക്കി; പിന്നീടതിനെ ചര്‍വ്വിത പിണ്ഡമാക്കി മാറ്റി; ആ പിണ്ഡത്തെ പിന്നീട് എല്ലുകളാക്കി രൂപാന്തരപ്പെടുത്തി; എന്നിട്ട് ആ എല്ലുകളെ നാം മാംസപേശികള്‍ കൊണ്ട് പൊതിഞ്ഞു. അനനന്തരം മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിക്കൊണ്ടുവന്നു. ഏറ്റവും ഉത്തമ സ്രഷ്ടാവായ അല്ലാഹു അനുഗ്രഹ സമ്പൂര്‍ണനത്രെ’‘(സൂറ.23:12-14). അധ്യായം ഹജ്ജില്‍ അഞ്ചാം വചനത്തിലും സമാനമായ ആശയം കാണാം.
നിങ്ങളെ കളിമണ്ണില്‍ നിന്നും പിന്നെ നുത്വ്ഫഃയില്‍ നിന്നും പിന്നെ അലഖഃയില്‍ നിന്നും പിന്നെ മുഖല്ലഖഃ(ഡിഫറന്‍ഷിയേറ്റഡ്)യും ഗൈറു മുഖല്ലഖഃ (അണ്‍ ഡിഫറന്‍ഷിയേറ്റഡ്) യുമായ മുദ്ഗ്വഃയില്‍ നിന്നും നാം സൃഷ്ടിച്ചു. നാം ഇച്ഛിക്കുന്നതിനെ ഒരവധി വരെ നാം ഗര്‍ഭാശയങ്ങളില്‍ സൂക്ഷിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്തുകൊണ്ടു വരികയും ചെയ്യുന്നു.
സങ്കലിതാണ്ഡം (ഫെര്‍ട്ടിലൈസ്ഡ് ഓവം) പല കോശങ്ങളായി വിഭജിക്കുകയും ഗോളാകൃതിയുള്ള ബീജപുടി (ബ്ലാസ്റ്റോസിസ്റ്റ്) ആയിത്തീരുകയും ചെയ്യുന്നു. ഇതിന്റെ ഉള്‍ഭാഗം ഒരു ദ്രാവകം കൊണ്ടു നിറയും. ബിജം ഗര്‍ഭാശയത്തിലെത്തി 42 ദിവസം കഴിഞ്ഞാല്‍ ഭ്രൂണത്തെ രൂപപ്പെടുത്താനും അതിന് ശ്രവണ, ദര്‍ശന, സ്പര്‍ശനേന്ദ്രിയങ്ങളും അസ്ഥിയും മാംസവുമെല്ലാം സൃഷ്ടിക്കാനായി അല്ലാഹു ഒരു മലക്കിനെ നിയോഗിക്കുമെന്നും ആ സൃഷ്ടികര്‍മ്മം കഴിഞ്ഞാല്‍ അതിന്റെ ലിംഗഭേദത്തെക്കുറിച്ച് അല്ലാഹുവിനോട് അന്വേഷിച്ചറിയുമെന്നും പ്രവാചകന്‍ വിശദീകരിച്ചതായി മുസ്‌ലിം ഉദ്ധരിക്കുന്നു. ഏഴാമത്തെയോ എട്ടാമത്തെയോ ആഴ്ചയിലാണ് ലൈംഗിക ഗ്രന്ഥികള്‍ (ഗൊണാഡ്‌സ്) രൂപം കൊള്ളുന്നത്.
അണ്ഡാശയം
മനുഷ്യന്റെ പ്രത്യുല്പാദനത്തില്‍ സ്ത്രീയുടെ അണ്ഡാശയവും അണ്ഡങ്ങളും സുപ്രധാന പങ്കുവഹിക്കുന്നു. ശരീരത്തില്‍ രണ്ട് അണ്ഡാശയങ്ങളുണ്ട്. പൊക്കിളിന്റെയും യോനിയുടെയും മധ്യത്തില്‍, മധ്യരേഖയുടെ ഇടത്തും വലത്തുമായി ചക്കക്കുരുവിന്റെ വലിപ്പത്തില്‍ അവ സ്ഥിതി ചെയ്യുന്നു. ഭാരമാകട്ടെ അഞ്ചു ഗ്രാമിലും കുറവ്. ഇവയില്‍ വച്ച് ഉത്പാദിപ്പിക്കുന്ന അണ്ഡങ്ങളാണ് പുതിയ സൃഷ്ടിയുടെ അടിസ്ഥാന ഘടകങ്ങളായി വര്‍ത്തിക്കുന്നത്.
പെണ്‍കുട്ടി ജനിക്കുമ്പോള്‍ തന്നെ അവളുടെ ശരീരത്തില്‍ രണ്ട് അണ്ഡാശയങ്ങളുണ്ടായിരിക്കും. ഇതില്‍ നിരവധി അണ്ഡങ്ങളുണ്ടാകും. അവള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതോടെ, ഈ അണ്ഡങ്ങള്‍ 400 എണ്ണമായി ചുരുങ്ങും. അവയവങ്ങളെല്ലാം പാകവും പക്വവുമായാല്‍ അണ്ഡാശയത്തില്‍ നിന്ന് ഓരോ അണ്ഡവും വലിയ കുമിളകളായി (ഫോളിക്കിള്‍) ഉയരുന്നു. ഇതില്‍ ഒരു കുമിള മാത്രം എല്ലാ മാസവും വലുതായി പൊട്ടിപ്പിളര്‍ന്ന് അണ്ഡം ഗര്‍ഭാശയത്തിനടുത്തുള്ള അണ്ഡവാഹിനിയിലേക്ക് വരുന്നു. ലൈംഗിക പ്രജനനത്തിനുവേണ്ട പുരുഷ ബീജങ്ങള്‍ സംയോഗസമയത്ത് യോനിയില്‍ പ്രവേശിക്കപ്പെടുമ്പോള്‍ കോടിക്കണക്കായ ബീജങ്ങള്‍ അണ്ഡത്തെ ലക്ഷ്യമാക്കി മുന്നോട്ടുനീങ്ങുന്നു. അതില്‍ ഒരു ബീജം ശക്തമായ അണ്ഡോപരിതലത്തെ പിളര്‍ത്തി അതില്‍ക്കൂടി അണ്ഡബഛു സംയോജനം നടത്തുകയും ചെയ്യുന്നു. ഇതിനാണ് സിക്താണ്ഡം (സൈഗോട്ട്) എന്നു പറയുന്നത്. ബീജത്തെ ലഭിച്ചില്ലെങ്കില്‍ അണ്ഡം സ്വയം ഗര്‍ഭാശയത്തിലേക്ക് നീങ്ങി അവിടെ കാലിയായ സ്ഥലത്ത് അടിഞ്ഞുകൂടുന്ന രക്തകുമിളകളുമായി കൂടിച്ചേര്‍ന്ന് മാസാവസാനത്തില്‍ ഗര്‍ഭാശയത്തിലെ എസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ ഇല്ലാതെയാകുമ്പോള്‍ അവ അടര്‍ന്ന് രക്തത്തുള്ളികളായി യോനീ മുഖത്തിലൂടെ പുറത്തു പോകുന്നു. ഇതാണ് ആര്‍ത്തവം (മെന്‍സസ്).
പ്രത്യുല്പാദന വ്യവസ്ഥയുടെ ഓരോ ഘട്ടങ്ങളിലും, ചിന്തിക്കുന്നവര്‍ക്ക് അതിസങ്കീര്‍ണമായ ഘടനയുള്ള, നിര്‍ണിതമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന നിരവധി സംവിധാനങ്ങളെയും അതിനെല്ലാം പിന്നിലെ യുക്തിബന്ധുരമായ സംവിധായകന്റെ സാന്നിധ്യവും ബോധ്യപ്പെടുക തന്നെ ചെയ്യും.
ഗര്‍ഭാശയം
രേതസ്‌കണം നിക്ഷേപിക്കപ്പെടുന്ന സുരക്ഷിതസ്ഥാനമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് ഗര്‍ഭാശയത്തെയാണ് (യൂട്ടറസ്). വളരെ കട്ടിയുള്ള മൂന്ന് പേശികള്‍ കൊണ്ടാണ് ഗര്‍ഭപാത്രത്തിന് രൂപം നല്‍കിയിരിക്കുന്നത്. ഗര്‍ഭധാരണത്തിനു മുമ്പ് ഏഴു സെന്റിമീറ്റര്‍ മാത്രം നീളമുള്ളൊരു അവയവം ഭ്രൂണത്തിനു വളരാനുള്ള മുറിയായി മാറുകയും പ്രസവസമയമാകുമ്പോഴേക്കും 30 സെ.മീ നീളത്തിലേക്ക് വികസിക്കുകയും ചെയ്യുന്നു. ഗര്‍ഭത്തിനു മുമ്പ് മൂത്രാശയത്തിനു പിന്നില്‍ ഒളിച്ചിരിക്കുന്നതു പോലുള്ള ഗര്‍ഭപാത്രം ഒരു സ്പൂണില്‍ അധികം കൊള്ളാത്ത അവസ്ഥയില്‍ നിന്ന് അഞ്ചു ലിറ്റര്‍ വ്യാപ്തിയിലേക്ക് വളരുന്നു. ഭ്രൂണത്തിന് വളരാന്‍ വഴുവഴുപ്പ് വേണം. ഇതിന് ഗര്‍ഭാശയത്തില്‍ മുന്നീര്‍ക്കുടം (അംനിയോട്ടിക് ഫ്‌ളൂയിഡ്) ഒരുങ്ങുന്നു. കുട്ടി ഉണങ്ങി വരളാതിരിക്കാനും പുറത്തുനിന്ന് മാതാവിന്റെ ശരീരത്തിലേല്‍ക്കുന്ന മര്‍ദ്ദങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാനും പ്രസവസമയത്ത് യോനീമുഖത്ത് വഴുവഴുപ്പിനായും ഇത് സഹായി ക്കുന്നു.
ഭ്രൂണത്തിന്റെ പുറം പാളി ഗര്‍ഭാശയത്തിലേക്ക് തുളച്ചു കയറിയുണ്ടാകുന്ന പ്ലാസന്റ (മറുപിള്ള) വഴിയാണ് കുട്ടിയുടെ വളര്‍ച്ചക്ക് വേണ്ട പോഷകവും ഓക്‌സിജനും വിനിമയം ചെയ്യപ്പെടുന്നത്. ഇതിനായി പ്ലാസന്റയില്‍ നിന്നും വിരലാകൃതിയില്‍ മാതാവിന്റെ രക്തത്തിലേക്ക് തൂങ്ങിക്കിടക്കുന്ന വില്ലസിന്റെ അകത്തുള്ളത് ഭ്രൂണത്തിന്റെ രക്തമാണ്. പുറത്തുള്ളതോ മാതാവിന്റെ രക്തവും. ഇവിടെ രക്തം കൂടിച്ചേരുന്നില്ല. കൂടിച്ചേര്‍ന്നാല്‍ രണ്ടും വ്യത്യസ്ത ഗ്രൂപ്പുകളിലുള്ളതാണെങ്കില്‍ കുട്ടിയുടെ രക്തം കട്ട പിടിക്കാനും കുട്ടിയുടെ ജീവഹാനിക്കും അത് ഇടവരുത്തും. ആസൂത്രണത്തിന്റെ പരമകാഷ്ഠയായ അല്ലാഹുവിന്റെ സൃഷ്ടിവൈഭവം ഓരോ ഘട്ടങ്ങളിലും വ്യക്തമായി കാണാനാവും.
പ്രസവമടുക്കുമ്പോള്‍ കുഞ്ഞിനുള്ള ഭക്ഷണവും മാതൃശരീരത്തില്‍ രൂപപ്പെടും. ചോരയെ മുലപ്പാലാക്കി മാറ്റാന്‍ കഴിവുള്ള ഗ്രന്ഥിയാണ് സ്തനം. ഉള്ളില്‍ അനേകം മുന്തിരിക്കുലകള്‍ പോലെ ആല്‍വിയോളസ്സുകളുള്ള സ്തനങ്ങള്‍ ആര്‍ത്തവത്തോടനുബന്ധമായാണ് വളര്‍ച്ച ആരംഭിക്കുന്നത്. ഗര്‍ഭകാലത്ത് പാല്‍ ഉല്പാദനം തടയുന്ന പ്ലാസന്റ പ്രസവാനന്തരം അഴിഞ്ഞു പോകുന്നതോടെ പാലുല്പാദനം പുനരാരംഭിക്കുന്നു. പ്രസവിച്ച് ആദ്യത്തെ നാലഞ്ചു ദിവസം ഉണ്ടാകുന്ന കൊഴുപ്പ് കുറഞ്ഞ കൊളസ്ട്രം കുഞ്ഞിന്റെ രോഗപ്രതിരോധത്തിനും ആന്റിബോഡികള്‍ക്കും വളരെ അനിവാര്യമാണ്. നിങ്ങള്‍ കുടിക്കുന്ന പാലില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട് എന്ന ഖുര്‍ആന്‍ സൂക്തം സുനിശ്ചിതമായ കര്‍മ്മപദ്ധതി നമുക്ക് മുന്നില്‍ അനാവരണം ചെയ്യുന്നു.
”മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പ്പിനെപ്പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ആലോചിച്ചു നോക്കുക. തീര്‍ച്ചയായും നാമാണ് നിങ്ങളെ ആദിയില്‍ മണ്ണില്‍നിന്നും പിന്നീട് ബീജത്തില്‍നിന്നും പിന്നീട് ഭ്രൂണത്തില്‍ നിന്നും അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരുവാന്‍ വേണ്ടിയാണിത് വിവരിക്കുന്നത്. നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ അവധി വരെ ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത്‌കൊണ്ടു വരുന്നു, അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണശക്തി പ്രാപിക്കുന്നതുവരെ നിങ്ങളെ വളര്‍ത്തുന്നു. നേരത്തെ ജീവിതം അവസാനിക്കപ്പെടുന്നവര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായതിന് ശേഷം യാതൊന്നും അറിയാതാകുംവിധം ഏറ്റവും അവശ വാര്‍ധക്യത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിനു ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. ഭൂമി വരണ്ട് നിര്‍ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും കൗതുകമുള്ള എല്ലാതരം ചെടികളെയും മുളപ്പിക്കുകയും ചെയ്യുന്നു. ” (22:5,6).
അസ്ഥി വ്യവസ്ഥ
ഗര്‍ഭാശയ ഭിത്തിയില്‍ തന്നെ രൂപപ്പെട്ടുവരുന്ന അതിസങ്കീര്‍ണമായ വ്യവസ്ഥകളിലൊന്നാണ് ശരീരത്തിനു രൂപം നല്‍കുന്ന അസ്ഥി വ്യവസ്ഥ. ഏറ്റവും മുകളില്‍ മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട മസ്തിഷ്‌കത്തെ കാത്തുസൂക്ഷിക്കാനുള്ള, പഴുതുകളില്ലാത്ത തലയോട് (സ്‌കള്‍), കണ്ണിനു വേണ്ട കുഴികള്‍, മൂക്കിനു വേണ്ട പാലം, വായക്കുവേണ്ട പല്ലുകള്‍, ചെവിക്കു വേണ്ട തരുണാസ്ഥി. മസ്തിഷ്‌കത്തില്‍ നിന്ന് തുടങ്ങുന്ന സ്‌പൈനല്‍ കോഡിനെ സംരക്ഷിക്കാനും മനുഷ്യനു വളയാനും തിരിയാനുമെല്ലാം സാധിക്കും വിധമുള്ള നട്ടെല്ല്. നട്ടെല്ലിനകത്തുള്ള എല്ലിന്റെ കുഴലില്‍ സുഷുംന നാഡി. അടുക്കടുക്കായി സൃഷ്ടിക്കപ്പെട്ട നട്ടെല്ല്, ഹൃദയം, ശ്വാസകോശം, ഡയഫ്രം തുടങ്ങിയവക്ക് ഭദ്രമായ കവചമായി നിലകൊള്ളുന്ന നെഞ്ചെല്ലും വാരിയെല്ലുകളും തുടങ്ങിയവയുടെ ഘടനയും പ്രവര്‍ത്തനവുമെല്ലാം ചിന്തിക്കുന്നവര്‍ക്കുള്ള ദൃഷ്ടാന്തമാണ്.
മനുഷ്യശരീരത്തില്‍ 213 അസ്ഥികളാണുള്ളത്. എല്ലാം വ്യക്തമായ കണക്കിന്റെയും അളവിന്റെയും അടിസ്ഥാനത്തില്‍ കൂട്ടിയോജിപ്പിക്കപ്പെട്ടവ. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ചോദിക്കുന്നു: ”മരിച്ചതിനു ശേഷം അവരുടെ അസ്ഥി പഞ്ജരങ്ങളെ ഒരുമിച്ചുകൂട്ടാന്‍ നമുക്ക് സാധിക്കുകയില്ല എന്നാണോ അവര്‍ കരുതുന്നത്. അവരുടെ വിരല്‍തുമ്പുകളെ ശരിപ്പെടുത്താന്‍ കഴിവുള്ളവനാണവന്‍”.
ദഹനേന്ദ്രിയ വ്യവസ്ഥ
നിരവധി സങ്കീര്‍ണമായ അവയവങ്ങളും എന്‍സൈമുകളും ഹോര്‍മോണുകളും പ്രവര്‍ത്തിച്ചുകൊണ്ട് നാം കഴിക്കുന്ന ഭക്ഷണം ശരീരത്തിന്റെ ഊര്‍ജ്ജലഭ്യതക്കനുസൃതമായ രീതിയില്‍ മാറ്റിയെടുത്ത് ആവശ്യമില്ലാത്തവ പുറന്തള്ളുന്ന സംവിധാനമാണ് ദഹന വ്യവസ്ഥ. വായ, അന്നനാളം, ആമാശയം, ആഗ്നേയഗ്രന്ഥി, കരള്‍, ചെറുകുടല്‍, വന്‍കുടല്‍, ഡുവോഡിനം, മലാശയം ഇവയെല്ലാം ദഹനേന്ദ്രിയ വ്യവസ്ഥയില്‍ പങ്കെടുക്കുന്ന അവയവങ്ങളാണ്. ഇവയ്ക്ക് മൊത്തത്തില്‍ പറയുന്ന പേരാണ് അന്നപഥം.
”നിശ്ചയം വാനലോകത്തും ഭൂമിയിലും എണ്ണമറ്റ ദൃഷ്ടാന്തങ്ങളുണ്ട്, നിങ്ങളുടെ തന്നെ സൃഷ്ടിയിലും അല്ലാഹു ഭൂമിയില്‍ പരത്തിക്കൊണ്ടിരിക്കുന്ന ജീവജാലങ്ങളിലും മഹത്തായ ദൃഷ്ടാന്തങ്ങളുണ്ട്, ദൃഢവിശ്വാസമുള്ളവര്‍ക്ക്”(വി. ഖുര്‍ആന്‍ 45: 3-4).
ആമാശയത്തിലെത്തുന്ന ഭക്ഷണത്തെ ആമാശയഭിത്തി അതിന്റെ പ്രത്യേക ചലനം കൊണ്ട് കടഞ്ഞെടുക്കുന്നു. പെപ്‌സിന്‍, റെനിന്‍ എന്നീ രാസാഗ്നികള്‍ ദഹനപ്രക്രിയക്കും ഹൈഡ്രോക്ലോറിക് ആസിഡ് ഭക്ഷണത്തോടൊപ്പം വയറ്റില്‍ പ്രവേശിച്ച രോഗാണുക്കളെ നശിപ്പിക്കാനും സഹായിക്കുന്നു. മൂന്നു നാലു മണിക്കൂര്‍ ആമാശയത്തില്‍ കിടന്ന ശേഷം ഭക്ഷണം പൈലോറിക് സ്പിന്‍ക്‌സ്റ്റര്‍ വഴി പക്വാശയം അഥവാ ഡ്യൂഡിനത്തിലേക്ക് കടക്കുന്നു. ആറു മീറ്ററോളം നീളം വരുന്ന ചെറുകുടലിന്റെ വളഞ്ഞ ഭാഗമായ പക്വാശയത്തില്‍ വച്ചാണ് ദഹനത്തിന്റെ പ്രധാനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കരള്‍ ഉത്പാദിപ്പിക്കുന്ന പിത്തരസം (ബൈല്‍) ഭക്ഷണത്തിലെ കൊഴുപ്പിനെ സൂക്ഷ്മ കണികകളാക്കുന്നു. ആമാശയത്തില്‍ നിന്ന് വരുന്ന കുഴമ്പു രൂപത്തിലുള്ള രാസാഗ്നികള്‍ ആഹാരത്തിലെ അമ്ലഗുണം നിര്‍വീര്യമാക്കുന്നു. ആഗ്നേയ ഗ്രന്ഥി (പാന്‍ക്രിയാസ്) ഉത്പാദിപ്പിക്കുന്ന ആഗ്നേയ രസ (പാന്‍ക്രിയാറ്റിക് ജ്യൂസ്)ത്തിന്റെ ഘടകമായ ട്രിപ്‌സിന്‍ ആഹാരത്തെ വിഘടിപ്പിച്ച് ശരീരത്തിന് ആവശ്യമായ രീതിയിലുള്ള അമിനോ ആസിഡുകളാക്കി മാറ്റുകയും അമിലേസ് അന്നജത്തെ ആദ്യം മാള്‍ട്ടോസായും പിന്നീട് ഗ്ലൂക്കോസായും മാറ്റുന്നു. ലിപേസ് കൊഴുപ്പിനെ വസാമ്ലങ്ങളും (ഫാറ്റി ആസിഡ്‌സ്) ഗ്ലിസറോളുകളുമാക്കി മാറ്റുന്നു. ചെറുകുടലില്‍ വച്ച് ദഹനം പൂര്‍ത്തിയാവുന്നു. ഇങ്ങനെ വേര്‍തിരിക്കപ്പെടുന്ന ഗ്ലൂക്കോസും അമിനോ ആസിഡുകളും പ്ലാസന്റയിലേതു പോലെ ചെറുകുടലിലുള്ള വില്ലസുകള്‍ വഴി രക്തത്തിലെ ചുവന്ന രക്താണുക്കള്‍ ശരീരത്തിലെത്തിക്കുന്നു. ബാക്കി കരളിലും ത്വക്കിനടിയിലുമായി സംഭരിക്കപ്പെടുന്നു. ശരീരത്തിനാവശ്യമുള്ളപ്പോള്‍ കരളില്‍ സംഭരിക്കപ്പെടുന്ന ഗ്ലൂക്കോസ് ഗ്ലൈക്കൊജനായി കോശങ്ങളിലെത്തുന്നു. ശരീരത്തിനാ വശ്യമില്ലാത്ത വസ്തുക്കളെ ചെറുകുടല്‍ വന്‍ കുടലിലേക്ക് തള്ളുന്നു. അവിടെ വച്ച് വെള്ളവുമായി കലരുന്ന വിസര്‍ജ്യ വസ്തുക്കളില്‍ നിന്ന് വെള്ളം വലിച്ചെടുക്കപ്പെടുകയും അവസാനം മലാശയത്തില്‍ (റെക്ട്രം) നിറഞ്ഞ് മലദ്വാരം വഴി പുറത്തു പോവുകയും ചെയ്യുന്നു. പരിപക്വമായ ഒരു ബുദ്ധികേന്ദ്രത്തിന്റെ വൈവിധ്യമാര്‍ന്ന നിര്‍മാണ പ്രക്രിയ തന്നെ.
ശ്വസന വ്യവസ്ഥ
പ്രായപൂര്‍ത്തിയായ മനുഷ്യന്റെ ശരീരത്തില്‍ 60 ലക്ഷം കോടി കോശങ്ങളുണ്ടെന്നാണ് കണക്ക്. ശരീരത്തിലെ ഊര്‍ജ്ജോത്പാദക യൂണിറ്റുകളായ കോശങ്ങളില്‍ രക്തലോമികകള്‍ വഴി എത്തിച്ചേരുന്ന ഭക്ഷണ കണികകള്‍ ദഹിക്കണമെങ്കില്‍ അവയ്ക്ക് ഓക്‌സിജന്‍ കണികകള്‍ വേണം. അന്തരീക്ഷവായുവിലെ പ്രാണവായു ശരീരകോശങ്ങള്‍ക്കെത്തിച്ചുകൊടുത്ത് അവയിലെ വിസര്‍ജ്യവസ്തുവായ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറംതള്ളുക എന്ന അതിസങ്കീര്‍ണ്ണമായ പ്രക്രിയയാണ് ശ്വാസകോശങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മനുഷ്യബുദ്ധിക്ക് അജ്ഞാതമായ അവയവ സംവിധാനമാണിത്.
നാസാരന്ധ്രങ്ങള്‍ വഴി അകത്തേക്ക് പ്രവേശിക്കുന്ന അന്തരീക്ഷ വായു ശ്ലേഷ്മദ്രവത്തിലൂടെ അരിച്ചെടുക്കപ്പെട്ട ശേഷം ശ്വാസനാളം വഴി ശ്വസനികകളില്‍ (ബ്രോങ്കൈ) എത്തുന്നു. ഓരോ ശ്വസനികയും ഓരോ ശ്വാസകോശത്തില്‍ പ്രവേശിച്ച് അനേകം ചെറിയ ശാഖകളായി പിരിയുന്നു. ശ്വസനികകള്‍ വായു അറ എന്നറിയപ്പെടുന്ന ചെറിയ കുമിളകള്‍ പോലുള്ള വീര്‍ത്തിരിക്കുന്ന സമൂഹത്തിലേക്ക് തുറക്കുന്നു. ചുറ്റും നിരവധി രക്തലോമികകളുള്ള വായു അറയാണ് ശ്വാസകോശത്തിന്റെ അടിസ്ഥാനം. ഹൃദയത്തിന് രണ്ടു ഭാഗങ്ങളിലേക്കായി തേനീച്ചക്കൂടിന്റെ അരിപ്പ പോലെ തൂങ്ങിക്കിടക്കുന്ന രണ്ട് ബ്രോങ്കികളില്‍ രണ്ടര ലക്ഷത്തോളം ശ്വസനികകള്‍, അവ ഓരോന്നും മുന്തിരിക്കുല പോലുള്ള ആല്‍വിയോളസ്സില്‍ അവസാനിക്കുന്നു. കോശത്തിന്റെ കട്ടി മാത്രം വരുന്ന ഭിത്തിയുള്ള ആല്‍വിയോളസ്സുകള്‍ക്ക് രക്തവും വാതകവും തമ്മില്‍ കൈമാറാന്‍ എളുപ്പമാണ്. ഉച്ഛ്വാസത്തിനു ശേഷം നിശ്വാസവും നടക്കുമ്പോള്‍ മാത്രമേ ഡയഫ്രം വഴി ആവശ്യമായ ഓക്‌സിജന്‍ അകത്തേക്ക് കടക്കുകയുള്ളൂ.
ശരീരത്തിലൂടെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് ഒഴുകി ഹൃദയത്തിലെത്തുന്ന രക്തം ശ്വാസകോശത്തിലെ ആല്‍വിയോളു കളിലൂടെ കടന്നുപോകുമ്പോള്‍ അവിടെയുള്ള ഓക്‌സിജന്‍ രക്തത്തിലേക്കും രക്തത്തിലുള്ള കാര്‍ബണ്‍ ഡയോക്‌സൈഡ് ശ്വാസകോശത്തിലേക്കും വിനിമയം ചെയ്യപ്പെടുന്നു. ഈ ഓക്‌സിജന്‍ കണങ്ങള്‍ കോടിക്കണക്കിന് വരുന്ന കോശങ്ങളിലേക്കെത്തിക്കുന്നത് രക്തത്തിലെ ചുവന്ന രക്താണുക്കളും ഹീമോഗ്ലോബിനും ചേര്‍ന്നാണ്. കോശങ്ങളിലെ മൈറ്റോ കോണ്‍ട്രിയയില്‍ വച്ച് നേരത്തെ എത്തിയ ഗ്ലൂക്കോസ് കണികയും ഓക്‌സിജന്‍ കണികയും കൂടിച്ചേര്‍ന്ന് രാസപ്രവര്‍ത്തനം നടത്തുമ്പോഴാണ് യഥാര്‍ഥ ശ്വസനം അഥവാ കോശശ്വസനം (സെല്ലുലര്‍ റെസ്പിറേഷന്‍) നടക്കുന്നത്. ശ്വാസകോശങ്ങളില്‍ നിന്ന് വായു തിരിച്ചുവരുമ്പോള്‍ തൊണ്ട, നാവ്, ഹാര്‍ഡ് പാലറ്റ്, സോഫ്റ്റ് പാലറ്റ്, പല്ല് തുടങ്ങിയ സംസാരേന്ദ്രിയങ്ങളില്‍ തട്ടി വ്യത്യസ്ത സ്വരങ്ങളുണ്ടാകുമ്പോഴാണ് മനുഷ്യന് സംസാരിക്കാന്‍ സാധിക്കുന്നത് (പള്‍മൊണിക് എയര്‍ സ്ട്രീം). പറയാന്‍ എളുപ്പമുള്ള, എന്നാല്‍ അതിസങ്കീര്‍ണമായ ഈ വ്യവസ്ഥകള്‍ക്കെല്ലാം പിന്നിലെ അതിമഹത്തായ ആസൂത്രണത്തെ നാമെങ്ങനെ കാണാതെ പോകും?
രക്തപര്യയന വ്യവസ്ഥ
ഹൃദയവും രക്തക്കുഴലും അടങ്ങുന്ന പ്രധാന വ്യവസ്ഥയാണ് രക്തപര്യയന വ്യവസ്ഥ. ചലിക്കാനും പദാര്‍ഥ സംവഹനം നടത്താനും ശേഷിയുള്ള രക്തം തന്നെ ഒരു മഹാത്ഭുതമാണ്. ഊര്‍ജ്ജോത്പാദന കേന്ദ്രങ്ങളായ കോശങ്ങളിലേക്ക് അവയ്ക്കാവശ്യമായ അമിനോ ആസിഡുകളും ഗ്ലൂക്കോസും എത്തിക്കുകയും ശ്വാസകോശങ്ങളില്‍ നിന്ന് ഓക്‌സിജനും അതിലേക്ക് തിരിച്ച് കാര്‍ബണ്‍ ഡയോക്‌സൈഡുമെല്ലാം എത്തിക്കുന്നത് രക്തത്തിലെ ചുവന്ന രക്താണുക്കളും ഹീമോഗ്ലോബിനും ചേര്‍ന്നാണ്. രക്തത്തിന്റെ പ്രധാന ഘടകമായ പ്ലാസ്മയുടെ 95 ശതമാനം വെള്ളമാണ്.
പുറത്തുനിന്ന് രോമകൂപങ്ങളിലൂടെയും വിസര്‍ജ്ജനാവയവങ്ങളിലൂടെയും ശരീരത്തിലെത്തുന്ന രോഗാണുക്കളെ പ്രതിരോധിക്കുന്നത് രക്തത്തിലെ ശ്വേതരക്താണുക്കളാണ്. ഇവയുടെ അളവ് ക്രമാതീതമാകുമ്പോഴാണ് രക്താര്‍ബുദ(ലുക്കീമിയ)മുണ്ടാകുന്നത്. ശരീരത്തില്‍ മുറിവുണ്ടായാല്‍ അവിടെ രക്തം കട്ടപിടിച്ച് ശരീരത്തെ സംരക്ഷിക്കുന്നത് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളാണ്.
ഹൃദയം
മനുഷ്യാത്മാവിന്റെ സിംഹാസനമായി കണക്കാക്കുന്ന രക്തപര്യയന വ്യൂഹത്തിലെ കേന്ദ്രാവയവമാണ് ഹൃദയം. രക്തപര്യയന വ്യവസ്ഥയുടെയും ശരീരത്തിന്റെ തന്നെയും പവര്‍സ്റ്റേഷനാണ് ഹൃദയം. രണ്ടു ശ്വാസകോശങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഹൃദയത്തിന് ഒരാളുടെ മുഷ്ടിയോളം വലിപ്പമുണ്ട്. നാലു അറകളുള്ള ഒരു പമ്പിനോട് ഹൃദയത്തെ ഉപമിക്കാം. മുകളില്‍ രണ്ട് ഓറിക്കിള്‍, താഴെ രണ്ട് വെന്‍ട്രിക്കിള്‍. ഓക്‌സിജന്‍ ഇല്ലാത്തതും കാര്‍ബണ്‍ ഡയോക്‌സൈഡ് കൂടിയതുമായ രക്തം ശരീരത്തിന്റെ നാനാഭാഗത്തുനിന്നും രണ്ടു മഹാസിരകള്‍ വഴി വലത്തെ ഓറിക്കിളിലേക്ക് ഒഴുകുന്നു. അല്പസമയം കൊണ്ട് അത് നിറയുമ്പോള്‍ വലത്തെ വെന്‍ട്രിക്കിളിലേക്കുള്ള ത്രിദള വാല്‍വ് (ട്രിക്യുപിഡ് വാല്‍വ്) തുറക്കുന്നു. അത് നിറഞ്ഞശേഷം വെന്‍ട്രിക്കിള്‍ സങ്കോചിക്കുകയും അതിലെ രക്തം ശ്വാസകോശധമനി (പള്‍മണറി ആര്‍ട്ടറി) വഴി ശ്വാസകോശത്തിലേക്ക് പ്രവഹിക്കുകയും ചെയ്യന്നു. അവിടെ വച്ച് വാതകവിനിമയം നടക്കുകയും ഓക്‌സിജനീകരിക്കപ്പെട്ട രക്തം നാലു സിരകള്‍ വഴി ഇടത്തേ ഓറിക്കിളില്‍ വന്ന് നിറയുകയും ചെയ്യും. ഇത് സങ്കോചിക്കുമ്പോള്‍ ഓറിക്കിള്‍-വെന്‍ട്രിക്കിള്‍ വാല്‍വ് വഴി രക്തം ഇടത്തെ വെന്‍ട്രിക്കിളിലേക്ക് ഒഴുകുന്നു. ഇടത്തെ വെന്‍ട്രിക്ക്ള്‍ നിറയുമ്പോള്‍ അത് സങ്കോചിക്കുകയും രക്തം മുഴുവന്‍ അയാര്‍ട്ടയിലേക്ക് ഒഴുകുകയും ചെയ്യുന്നു. ഇടതു വലതു ഓറിക്കിളും വെന്‍ട്രിക്കിളും സങ്കോചിക്കുന്നത് ഒരേ സമയത്താണ്. ഇടത്തെ വെന്‍ട്രിക്കിളില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന രക്തം ധമനികള്‍ വഴി ശരീരത്തിലെ കോടിക്കണക്കായ കോശങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിച്ചുകൊടുക്കുകയും കോശങ്ങളില്‍ നിന്ന് കോശശ്വസനത്തിന് ശേഷം സ്വതന്ത്രമാകുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് സ്വതന്ത്രമാക്കി ശ്വാസകോശത്തിലെത്തിക്കുന്ന ജോലിയും ഹൃദയവും രക്തവും ചെയ്തുകൊണ്ടിരിക്കുന്നു.
മസ്തിഷ്‌കമാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതെങ്കിലും ഹൃദയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ഒരു സ്വയംഭരണാവകാശം (ഓട്ടോണമി) ഹൃദയത്തിന് വിട്ടുകൊടുത്തിട്ടുണ്ട്. കാര്‍ബണ്‍ ഡയോക്‌സൈഡ് നിറഞ്ഞ അശുദ്ധരക്തത്തെ എത്തിക്കുന്ന സിരകളെയും (വെയ്ന്‍സ്) ഹൃദയത്തില്‍ നിന്ന് ശുദ്ധീകരിക്കപ്പെട്ട രക്തം കോശങ്ങളിലെത്തിച്ചു കൊടുക്കുന്ന ധമനികളെയും യോജിപ്പിക്കുന്ന ചെറിയ കുഴലുകളാണ് കാപ്പിലറീസ് അഥവാ ലോമികകള്‍. സാധാരണഗതിയില്‍ ഹൃദയം ഒരു മിനുട്ടിനുള്ളില്‍ 72 തവണ സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്നു. 22 ദിവസം പ്രായമായതു മുതല്‍ മരണം വരെ മനുഷ്യന്റെ ഹൃദയം അല്ലാഹു നിശ്ചയിച്ച താളത്തില്‍ മിടിച്ചുകൊണ്ടേയിരിക്കുന്നു.
വിസര്‍ജ്ജന വ്യവസ്ഥ
ഒരു ഫാക്ടറി കണക്കെ പ്രവര്‍ത്തിക്കുന്ന മനുഷ്യശരീരത്തിലെ വിസര്‍ജ്ജന വ്യവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളാണ് വൃക്കകള്‍(കിഡ്‌നി). അമര വിത്തിന്റെ ആകൃതിയില്‍ ഇരുണ്ട ചുവപ്പു നിറത്തോടെ നട്ടെല്ലിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ഒരു ജോഡി അവയവങ്ങളാണ് കിഡ്‌നികള്‍. ഓരോ വൃക്കയുടെയും മധ്യഭാഗത്തുനിന്ന് മൂത്രവാഹിനി കുഴല്‍ പുറപ്പെടുന്നു. ഉദരാശയത്തിന്റെ അടിഭാഗത്തുള്ള മൂത്രാശയത്തിലേക്ക് മൂത്രം വഹിച്ചു കൊണ്ടുവരുന്നത് ഈ കുഴലുകളാണ്. മൂത്രനാളം വഴിയാണ് വൃക്കകള്‍ അരിച്ചെടുക്കുന്ന വിസര്‍ജ്ജ്യവസ്തുവായ മൂത്രം പുറത്തുപോകുന്നത്. മഹാധമനിയുടെ ഒരു ശാഖയായ വൃക്കാ ധമനി (റീനല്‍ ആര്‍ട്ടറി) വഴിയാണ് വൃക്കയില്‍ രക്തം പ്രവേശിക്കുന്നത്. ഈ ധമനി വൃക്കക്കുള്ളില്‍ നിരവധി ലോമികകളായി പിരിയുന്നു. ഈ ലോമികാ സഞ്ചയത്തിലൂടെ ഒഴുകുന്ന രക്തം വൃക്കാ സിര വഴി ഇന്‍ഫീരിയര്‍ വെനാകാവയില്‍ എത്തുന്നു.
വൃക്കയിലെ പ്രത്യേക ആകൃതിയിലുള്ള കുഴലുകളാണ് നെഫ്രോണുകള്‍ അഥവാ വൃക്കനാളികള്‍. വൃക്കകളിലെ ലോമികാ സഞ്ചയത്തിലൂടെ രക്തം പ്രവഹിക്കുമ്പോള്‍ ഈ നെഫ്രോണ്‍ അരിപ്പകള്‍ രക്തത്തില്‍ നിന്ന് മൂത്രം വേര്‍തിരിക്കുന്നു. അതിസൂക്ഷ്മവും സങ്കീര്‍ണവുമായ പ്രക്രിയയിലൂടെ രക്തത്തെ അരിച്ച് ആവശ്യമായ അമിനോ ആസിഡോ ഗ്ലൂക്കോസോ വിസര്‍ജ്യത്തില്‍ പെടുമ്പോള്‍ വീണ്ടും അരിക്കല്‍ പ്രക്രിയ നടത്തിയാണ് മൂത്രം വേര്‍തിരിക്കപ്പെടുന്നത്. മൂത്രത്തില്‍ 95 ശതമാനം ജലവും അഞ്ചു ശതമാനം യൂറിയ, യൂറിക്കാസിഡ് തുടങ്ങിയ ലവണങ്ങളുമാണ്. വിയര്‍പ്പ്, മലം എന്നിവയിലൂടെ നഷ്ടപ്പെടുന്ന ജലത്തിന്റെ കണക്കനുസരിച്ച് ആന്റി ഡയൂററ്റിക് ഹോര്‍മോണിന്റെ (എ ഡി എച്ച്) സന്ദേശഫലമായാണ് വൃക്കകള്‍ ജല ആഗിരണ തോത് നിയന്ത്രിക്കുന്നത്. മനുഷ്യശരീരത്തിലെ ഏതെങ്കിലും ഒരു അവയവത്തെ മാത്രമെടുത്തു പരിശോധിച്ചാലും അതിന്റെ സങ്കീര്‍ണതയും സൂക്ഷ്മതയും മഹാനായ ഒരു സംവിധായകന്റെ, അല്ലാഹുവിന്റെ അസ്ഥിത്വത്തിന്റെ മികച്ച ദൃഷ്ടാന്തമാകും.
ത്വക്ക്
മനുഷ്യന്റെ ത്വക്കില്‍ നിരവധി സ്വേദഗ്രന്ഥികളുണ്ട്. ചുരുണ്ട് മടങ്ങിക്കിടക്കുന്നതു പോലുള്ള, ചെറിയ സുഷിരങ്ങളുള്ള (സ്വേദരന്ധ്രങ്ങള്‍) ഈ ഗ്രന്ഥികള്‍ ത്വക്കിന്റെ ഉപരിതലത്തിലേക്കാണ് തുറക്കുന്നത്. സ്വേദഗ്രന്ഥികള്‍ക്ക് ചുറ്റുമുള്ള ലോമികകളാണ് രക്തത്തില്‍ നിന്ന് ചെറിയതോതില്‍ ജലവും മാലിന്യവും വേര്‍തിരിച്ച് വിയര്‍പ്പായി പുറന്തള്ളുന്നത്. ശരീരത്തില്‍ നിന്ന് താപം സ്വീകരിച്ച് ബാഷ്പമാക്കി മാറ്റുന്ന വിയര്‍പ്പ് ഇല്ലാത്തപക്ഷം ചൂടുകൊണ്ട് മനുഷ്യന് ജീവിക്കാന്‍ കഴിയാതെ വരുമായിരുന്നു.
മസ്തിഷ്‌കം, നാഡികള്‍
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അത്ഭുത പ്രതിഭാസമാണ് മസ്തിഷ്‌കം. അസ്ഥീപേശീ ചലനം, ദഹനം, ശ്വാസോച്ഛ്വാസം, രക്തപര്യയനം, വിസര്‍ജ്ജനം എന്നീ പ്രവര്‍ത്തനങ്ങളെല്ലാം കൃത്യമായി നടക്കുന്നതും അവയുടെ പ്രശ്‌നങ്ങള്‍ മസ്തിഷ്‌കത്തിലെത്തുമ്പോള്‍ അപ്പപ്പോള്‍ പരിഹരിച്ചു വിടുന്നതും ബാഹ്യമായ സന്ദേശങ്ങളെ അപഗ്രഥിക്കുന്നതുമെല്ലാം മസ്തിഷ്‌കമാണ്. ഈ മസ്തിഷ്‌കമാണ് പരശ്ശതം കോടി ജീവജാലങ്ങളില്‍ നിന്ന് മനുഷ്യനെ വ്യതിരിക്തനാക്കുന്നത്.
”അല്ലാഹു നിങ്ങളെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന് പുറത്തേക്ക് കൊണ്ടു വന്നു. നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞുകൂടാത്ത അവസ്ഥയില്‍ അവന്‍ നിങ്ങള്‍ക്ക് കര്‍ണങ്ങള്‍ തന്നു. കണ്ണുകള്‍ തന്നു. ചിന്താശക്തിയുള്ള മനസ്സുകളും തന്നു. നിങ്ങള്‍ നന്ദിയുള്ളവരാകേണ്ടതിന്” (വി.ഖുര്‍ആന്‍ 16:78).
ശരാശരി മനുഷ്യ മസ്തിഷ്‌കത്തിന് 1400 ഗ്രാം ഭാരമുണ്ടാകും. പതിനായിരം കോടി നാഡികള്‍ (ന്യൂറോണുകള്‍) വ്യവസ്ഥാപിതവും അതിസൂക്ഷ്മവും നിഗൂഢവുമായി അടുക്കി വച്ച അതിവൈദഗ്ധ്യമുള്ള യന്ത്രമാണ് മനുഷ്യമസ്തിഷ്‌കം. തലയോട് (സ്‌കള്‍) അല്ലെങ്കില്‍ കപാലം (ക്രേനിയം) എന്നറിയപ്പെടുന്ന അസ്ഥിപേടകത്തിനുള്ളില്‍ അതിഭദ്രമായി സൂക്ഷിക്കപ്പെട്ടി രിക്കയാണത്. ഇവയെ പൊതിഞ്ഞിരിക്കുന്ന മെനിഞ്ജസ് എന്ന സ്ഥരപാളികള്‍ മസ്തിഷ്‌കത്തെ ബാഹ്യാഘാതങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. മെനിഞ്ജസിലെ രക്തലോമികകള്‍ വഴിയാണ് മസ്തിഷ്‌കത്തിന് രക്തവും ഓക്‌സിജനും ലഭിക്കുന്നത്. സെറിബ്രം, സെറിബല്ലം, ഹൈപോതലാമസ്, മെഡുല്ല ഒബ്ലംഗേറ്റ എന്നിവയാണ് മസ്തിഷ്‌കത്തിന്റെ പ്രധാനഭാഗങ്ങള്‍.
സെറിബ്രം
മനുഷ്യമസ്തിഷ്‌കത്തിലെ ഏറ്റവും പ്രധാന ഭാഗമാണ് സെറിബ്രം. ഇതിന്റെ പ്രധാന ഭാഗം ഗ്രേമാറ്റര്‍, വൈറ്റ് മാറ്റര്‍ എന്നീ ഭാഗങ്ങളായി അറിയപ്പെടുന്നു. ഒരു രേഖ കൊണ്ട് (സെറിബ്രല്‍ ഹെമിസ്ഫിയര്‍) സെറിബ്രത്തെ പകുത്തിരിക്കുന്നു. ഇതിന്റെ ഇടതു ഭാഗം ശരീരത്തിന്റെ വലതു ഭാഗത്തെയും വലതു ഭാഗം ശരീരത്തിന്റെ ഇടതു ഭാഗത്തെയും നിയന്ത്രിക്കുന്നു. കമ്പ്യൂട്ടര്‍ കീ ബോര്‍ഡിലൂടെ ദിവസങ്ങള്‍ കൊണ്ടാണ് നാം ഡാറ്റ ഫീഡ് ചെയ്യുന്നതെങ്കില്‍ മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങളായ കണ്ണ്, കര്‍ണ്ണപുടം, നാവ്, നാസാദ്വാരം, ത്വക്ക് തുടങ്ങിയ അവയവങ്ങളിലൂടെ ലഭിക്കുന്ന കാഴ്ച, കേള്‍വി, സ്പര്‍ശം, രുചി, വാസന എന്നിവയിലൂടെയുള്ള അറിവുകള്‍ മസ്തിഷ്‌കത്തിന്റെ സെറിബ്രല്‍ കോര്‍ട്ടക്‌സിലേക്ക് നിമിഷത്തിലൊരംശം കൊണ്ട് ഫീഡ് ചെയ്യപ്പെടുകയും അവിടെ സ്റ്റോര്‍ ചെയ്യപ്പെടുകയും ചെയ്യുന്നു. ശരീരത്തിന്റെ ഏതു ഭാഗത്തുനിന്നായാലും അതിന്റെ പ്രവര്‍ത്തനത്തിനാവശ്യമായി വരുന്ന ആവേഗങ്ങള്‍ സംവേദനാഡികള്‍ (സെന്‍സറി നര്‍വ്‌സ്) വഴി എത്തുമ്പോള്‍ അവയെ അപഗ്രഥിച്ച് തിരിച്ചയച്ച് പ്രവര്‍ത്തനം ക്രമീകരിക്കാനുള്ള ബാധ്യതയും സെറിബ്രല്‍ കോര്‍ട്ടക്‌സിനാണുള്ളത്.
ഒരു വസ്തുവില്‍ തട്ടി പ്രതിഫലിക്കുന്ന പ്രകാശരശ്മികള്‍ കണ്ണിന്റെ റെറ്റിനയില്‍ പതിക്കുമ്പോള്‍ ആ വസ്തുവിന്റെ പ്രതിബിംബം ഉണ്ടാകുന്നു. സംവേദനാഡികള്‍ ഈ സന്ദേശം സെറിബ്രല്‍ കോര്‍ട്ടക്‌സില്‍ എത്തിക്കുന്നു. അതവിടെ സ്റ്റോര്‍ ചെയ്ത് മസ്തിഷ്‌കം അതിനെ അപഗ്രഥനം ചെയ്ത് ഈ വസ്തു മുമ്പ് കണ്ടതാണോ, എവിടെ വച്ചു കണ്ടു, സവിശേഷതകള്‍ തുടങ്ങിയവയെല്ലാം പഠനവിധേയമാക്കി ക്ഷണനേരം കൊണ്ട് സന്ദേശങ്ങള്‍ തിരിച്ചയക്കുന്നു. അത് ഇരുപത്തഞ്ചു വര്‍ഷം മുമ്പുള്ള കാഴ്ചയാണെങ്കിലും ശരി. ലോകത്തെ ഏറ്റവും മികച്ച കമ്പ്യൂട്ടറിനു പോലും അസാധ്യമായ ആശയവിനിമയ വേഗവും സൂക്ഷ്മതയും നമുക്കിവിടെ കാണാം. സുബോധനം, ഓര്‍മ്മ, ബുദ്ധിശക്തി, ഭാവന, ചിന്ത, വിവേചനം ഇവയെല്ലാം നിയന്ത്രിക്കുന്നത് കോര്‍ട്ടക്‌സാണ്. ഈ കോര്‍ട്ടക്‌സ് നിയന്ത്രിക്കുന്നതോ സര്‍വ്വലോകങ്ങളും നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അല്ലാഹുവും.
ഹൈപോ തലാമസ്
വിശപ്പ്, ദാഹം, ലൈംഗികാസക്തി, സുഖാനുഭൂതി എന്നിവയുണ്ടാക്കുന്നത് ഹൈപ്പോതലാമസ് ആണ്. ശാരിരിക പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട ഹോര്‍മോണുകള്‍ അപ്പപ്പോള്‍ ഉത്പാദിപ്പിക്കുമ്പോള്‍ ശരീര കലകള്‍ക്ക് നിര്‍ദേശം ലഭിക്കുന്നത് ഹൈപ്പോതലാമസില്‍ നിന്നാണ്. ഇതിനു പുറമെ ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന വാസോപ്രസിന്‍, ഓക്‌സിറ്റോസിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ പിറ്റിയൂറ്ററി ഗ്രന്ഥിയില്‍ സമാഹരിക്കുന്നു.
സെറിബല്ലം
മനുഷ്യശരീരത്തിലെ അസ്ഥികളെയും പേശികളെയും കൃത്യമായ കണക്കനുസരിച്ച് ചലിപ്പിക്കുന്നത് സെറിബല്ലമാണ്. തല ചൊറിയുമ്പോള്‍ അത് അടിയായി മാറാതിരിക്കുകയും വെള്ളം ചുണ്ടോട് ചേര്‍ക്കുമ്പോള്‍ അതു തുളുമ്പാതിരിക്കാന്‍ ശ്രദ്ധിക്കുന്നതുമെല്ലാം സെറിബല്ലത്തില്‍ നിന്നു വരുന്ന സന്ദേശങ്ങളുടെ ഫലമായാണ്.
മെഡുല്ല ഒബ്ലാംഗേറ്റ
മനുഷ്യന്‍ എത്ര തന്നെ മേനി നടിച്ചാലും അവന്റെ ഇംഗിതമോ ആഗ്രഹമോ വകവയ്ക്കാതെയാണ് ശരീരത്തിലെ ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഹൃദയസ്പന്ദനം, ശ്വസനം, രക്തക്കുഴലുകളുടെ സങ്കോചം, ദഹനം തുടങ്ങിയവയെല്ലാം നടക്കാന്‍ വേണ്ട സന്ദേശങ്ങള്‍ മുഴുവനും ലഭിക്കുന്നത് മെഡുല്ല ഒബ്ലാംഗേറ്റയില്‍ നിന്നാണ്. ഇതിനു തകരാറു സംഭവിക്കുന്നത് പെട്ടെന്നുള്ള മരണത്തിന് കാരണമാകുകയും ചെയ്യും.
സുഷുംന
ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും മസ്തിഷ്‌കത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍ എത്തിക്കുന്ന നാഡികളുടെ പ്രധാന മസ്തിഷ്‌കസന്ധിയാണ് മനുഷ്യന്റെ നട്ടെല്ലിന്റെ കുഴലിലൂടെ പോകുന്ന സുഷുംന നാഡി (സ്‌പൈനല്‍ കോഡ്). നാഡീ കലകളിലെ ആക്‌സോണ്‍, ഡെന്‍ഡ്രോണ്‍ കലകളുടെ സന്ദേശവിനിമയത്തിലൂടെയാണ് മസ്തിഷ്‌കസന്ദേശം അവയവങ്ങളിലെത്തുന്നത്. സുഷുംന നാഡിക്ക് കേടു സംഭവിച്ചാല്‍ കഴുത്തുവരെ കുഴഞ്ഞ് ദീര്‍ഘകാലം കിടക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകും.
കോശം
ജന്തുശരീരത്തിലെ ഏറ്റവും ചെറിയ യൂണിറ്റാണ് കോശം. പ്രായപൂര്‍ത്തിയായ ഒരു മനുഷ്യനില്‍ 60 ലക്ഷം കോടി കോശങ്ങളുണ്ടെന്നാണ് കണക്ക്. അതിസൂക്ഷ്മമായ ഒരു കോശത്തിനു പോലും അതിവിസ്മയകരമായ ഒരു ലോകമുണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഒരു കോശത്തില്‍ 23 ജോഡി ക്രോമസോമുകളുണ്ട്. ഇവ നിര്‍മിക്കപ്പെട്ടിരിക്കുന്നത് ഡിയോക്‌സി റൈബോ ന്യൂക്ലിക് ആസിഡ് അഥവാ ഡി എന്‍ എ എന്ന പദാര്‍ഥം കൊണ്ടാണ്. ഒരു ഡി എന്‍ എയില്‍ ആയിരക്കണക്കിന് ജീനുകളുണ്ട്. ഈ ജീനുകളെക്കുറിച്ച് പഠിച്ച് ആരോഗ്യ പുരോഗതിക്കുപയുക്തമാക്കുന്ന പദ്ധതിയാണ് ജീനോം പദ്ധതി. ഒരു പിരിയന്‍ ഗോവണിയുടെ ആകൃതിയിലുള്ള ഡിഎന്‍എ നിര്‍മിക്കപ്പെട്ടിരിക്കുന്നത് ഒരു പഞ്ചസാര ഫോസ്‌ഫേറ്റ് ഗ്രൂപ്പ്, രണ്ട് നൈട്രജന്‍ ബേസുകള്‍ എന്നിവ ചേര്‍ന്നാണ്. ഇവ മൂന്നും ചേര്‍ന്നുള്ള ന്യൂക്ലിയോടൈഡുകളാണ് ജീവന് അടിസ്ഥാനം, അഥവാ അചേതന രാസവസ്തുക്കളാണ് ജീവന്റെ ഉറവിടമെന്നാണ് ശാസ്ത്രം ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇതിലെ നൈട്രജന്‍ ബേസുകളായ അഡിനിന്‍, തൈമിന്‍, ഗ്വാനിന്‍, സൈറ്റോസിന്‍ (എ ടി ജി സി) എന്നീ രാസവസ്തുക്കളാണ് ഡി എന്‍ എയുടെ അടിസ്ഥാന ഘടകങ്ങള്‍. ഇവയുടെ ക്രമീകരണം മനസ്സിലാക്കുന്നതിലൂടെ മനുഷ്യന്റെ സ്വഭാവസവിശേഷതകളുടെ അടിസ്ഥാനം കണ്ടെത്താന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
കോടികള്‍ മുടക്കിയുള്ള പരീക്ഷണങ്ങള്‍ കൊണ്ട് ശാസ്ത്രം, നിലവിലുള്ള പ്രപഞ്ച രഹസ്യങ്ങളും സൃഷ്ടിരഹസ്യങ്ങളും കണ്ടെത്തുക മാത്രമാണ് ചെയ്യുന്നതെന്നതാണ് വസ്തുത. ഡി എന്‍ എയിലെ അത്യതിസൂക്ഷ്മമായ അക്ഷരവിന്യാസങ്ങളില്‍ വരെ ഇത്രമാത്രം അതികൃത്യതയുണ്ടെങ്കില്‍ ജീനോം പദ്ധതി ഒരര്‍ഥത്തില്‍ അല്ലാഹുവിന്റെ അലംഘനീയമായ കഴിവുകളെ ശാസ്ത്രീയ വെളിച്ചത്തില്‍ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നതെന്നു പറയാം.
‘മനുഷ്യനു മേല്‍ അവന്‍ പ്രസ്താവയോഗ്യമായ വസ്തുവേ അല്ലാതിരുന്ന ഒരു കാലഘട്ടം കടന്നുപോയിട്ടില്ലയോ? ഈ മനുഷ്യനെ നാം മിശ്രിതമായ ശുക്ലത്തില്‍ നിന്ന് സൃഷ്ടിച്ചു; അവനെ പരീക്ഷിക്കുന്നതിനു വേണ്ടി. ഈ ആവശ്യാര്‍ഥം നാം അവനെ കാഴ്ചയും കേള്‍വിയുമുള്ളവനാക്കി. നാം അവനു വഴികാട്ടിക്കൊടുത്തു. അവന്‍ നന്ദിയുള്ളവനാകാം, നന്ദി കെട്ടവനുമാകാം’ (വി. ഖുര്‍ആന്‍ 76:1-3).
ജീവിലോകം
ഭൂമിയിലെ എല്ലാ വസ്തുക്കളും വെള്ളത്തില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
പ്രവാചക സന്ദേശം അംഗീകരിക്കാന്‍ വിസമ്മതിച്ച ജനം ചിന്തിക്കുന്നില്ലേ? എന്തെന്നാല്‍ ഈ ആകാശഭൂമികളൊക്കെയും പരസ്പരം ഒട്ടിച്ചേര്‍ന്നതായിരുന്നു. പിന്നീട് നാം അവയെ വേര്‍പ്പെടുത്തി. ജലത്തില്‍ നിന്ന് സകല സജീവ വസ്തുക്കളെയും സൃഷ്ടിച്ചു. നമ്മുടെ ഈ സൃഷ്ടിവൈഭവത്തെ അവര്‍ അംഗീകരിക്കുന്നില്ലേ? ( 21: 30).
അല്ലാഹു സര്‍വ്വ ജീവജാലങ്ങളെയും ഒരേ ജലത്തില്‍ നിന്ന് സൃഷ്ടിച്ചു. അവയില്‍ ചിലത് രണ്ടു കാലുകളില്‍ നടക്കുന്നു. ചിലതു നാലു കാലുകളില്‍ നടക്കുന്നു. അവന്‍ ഇച്ഛിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു സകല കാര്യങ്ങള്‍ക്കും കഴിവുള്ളവനല്ലോ (വി. ഖുര്‍ആന്‍ 24: 45).
സൃഷ്ടികളില്‍ വച്ച് ഏറ്റവും ഉത്തമനായ മനുഷ്യന്റെ സൃഷ്ടിപ്പ് ഏവരെയും വിസ്മയിപ്പിക്കുന്ന ഒന്നാണ്. ശരീരത്തെ താങ്ങി നിര്‍ത്തുന്നതില്‍ നിന്ന് സ്വതന്ത്രമായ കൈകളും അനിതരസാധാരണമായി വികാസം പ്രാപിച്ച മസ്തിഷ്‌കവും അവനെ സൃഷ്ടിയുടെ അപൂര്‍വ്വ മാതൃകയാക്കുന്നു. ‘ഒരാള്‍ തന്റെ ശരീരത്തെ തിരിച്ചറിഞ്ഞാല്‍ അവന് തന്റെ രക്ഷിതാവിനെ തിരിച്ചറിയാം’ എന്ന പ്രവാചകന്റെ അധ്യാപനം മനുഷ്യസൃഷ്ടിയുടെ നിഗൂഢ രഹസ്യങ്ങളിലേക്ക് ഖുര്‍ആന്‍ നല്‍കിയ സൂചനകള്‍ക്ക് അടിവരയിടുന്നു.
അവലംബം:
മനുഷ്യസൃഷ്ടി ഖുര്‍ആനിലും വൈദ്യശാസ്ത്രത്തിലും -ഡോ. മുഹമ്മദലി അല്‍ബാര്‍
ശാസ്ത്രപരീക്ഷണം ഖുര്‍ആനിലൂടെ -കെ ടി മുഹമ്മദ് അഷ്‌റഫ്