മതവും രാഷ്ട്രവും
മതവും രാഷ്ട്രവും എന്ന വിഷയത്തില്‍ ഇസ്‌ലാം ഭരണവും സാമൂഹികക്രമവും സംബന്ധിച്ച ചില അടിസ്ഥാന തത്വങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. ഇസ്‌ലാമിലെ രാഷ്ട്രീയം, ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, കമ്യൂണിസം, ഏകാധിപത്യം, രാജഭരണം എന്നിവയോടുള്ള ഇസ്‌ലാമിക നിലപാടുകള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായുള്ള ബന്ധം, തെരഞ്ഞെടുപ്പും നിയമനിര്‍മാണ സഭയും സംബന്ധിച്ച ചർച്ചകള്‍, ബഹുമതസമൂഹത്തില്‍ ഇസ്‌ലാമിക ജീവിതം എങ്ങനെ ക്രമീകരിക്കപ്പെടുന്നു എന്നതുമാണ് ഈ ലേഖനത്തില്‍ വിശദീകരിക്കുന്നത്. ഖുർആനും സ്വീകാര്യ ഹദീസുകളും അടിസ്ഥാനമാക്കി വിഷയത്തെ വിശദീകരണാത്മകമായി അവതരിപ്പിക്കുന്നു.
ഇസ്‌ലാമിക വൈജ്ഞാനിക മണ്ഡലത്തില്‍ ഒട്ടേറെ സംവാദങ്ങള്‍ നടന്നിട്ടുള്ള ഒരു വിഷയമാണ് മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും കൃത്യമായ നിയമ നിര്‍ദേശങ്ങളുള്ള മതം എന്ന നിലയ്ക്ക് ഇസ്‌ലാമിന്ന് രാഷ്ട്രീയ വിഷയങ്ങളില്‍ നിലപാടുണ്ട്. എന്നാല്‍, അത് ഇന്ന് വിവക്ഷിക്കപ്പെടുന്ന ‘രാഷ്ട്രീയ ഇസ്‌ലാം’ അഥവാ പൊളിറ്റിക്കല്‍ ഇസ്‌ലാം അല്ല. രാഷ്ട്രീയം, സമൂഹം, സംസ്‌കാരം തുടങ്ങിയ മേഖലകളില്‍ ഇസ്‌ലാം മതത്തിന് നിയതമായ വിധിവിലക്കുകളുണ്ട്. ‘രാഷ്ട്രീയ ഇസ്‌ലാം’ അധികാരവുമായി ബന്ധപ്പെട്ടാണ് സംസാരിക്കുന്നത്. ഇസ്‌ലാം അധികാരം ലക്ഷ്യമാക്കുന്ന മതമല്ല. മനുഷ്യരുടെ ഇഹലോക ക്ഷേമവും പരലോക മോക്ഷവുമാണ് അതിന്റെ താത്പര്യം. അതുകൊണ്ടാണ് ഇരുലോകത്തും നന്മയുണ്ടാവാന്‍ വേണ്ടി പ്രാര്‍ഥിക്കുവാന്‍ മതം ആവശ്യപ്പെടുന്നത് (ഖുര്‍ആന്‍ 2:201).
മനുഷ്യരെ നന്നാക്കിയെടുക്കുന്നതിനു വേണ്ടിയാണ് പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചിരിക്കുന്നത്. പ്രവാചക ദൗത്യത്തെ ‘നന്നാക്കിയെടുക്കല്‍’ എന്നാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് (ഖുര്‍ആന്‍ 11:88). ഇസ്വ്‌ലാഹ് എന്നാണ് പ്രസ്തുത ദൗത്യത്തിന് അറബിയില്‍ പറയുന്ന സാങ്കേതിക പദം. ഈ ഇസ്വ്‌ലാഹ് ലക്ഷ്യമാക്കിയുള്ള നിരവധി മേഖലകളില്‍ ഒന്ന മാത്രമാണ് അധികാരം. പ്രവാചക ദൗത്യത്തിന് പകരമായി അധികാരത്തെ പ്രവാചകന്‍ കണ്ടിരുന്നില്ല. അതുകൊണ്ടാണ്, അധികാര സംസ്ഥാപനത്തെക്കാള്‍ ദഅ്‌വത്തിന് പ്രാധാന്യം നല്‍കിയത്. സ്വാഭാവികമായും മനഃപരിവര്‍ത്തനത്തിലൂടെ ഒരു സമൂഹം രൂപീകരിക്കപ്പെടുമ്പോള്‍ അതിന്റെ മുന്നോട്ടുള്ള പോക്കിന് നിയമങ്ങളും വ്യവസ്ഥകളും ഉണ്ടാവേണ്ടതുണ്ട്. കൃത്യമായ ഒരു ചട്ടക്കൂട് നിര്‍ദേശിക്കുന്നതിന് പകരം പൊതു നിര്‍ദേശങ്ങളാണ് സമൂഹ രൂപീകരണവും അധികാരവുമായും ബന്ധപ്പെട്ട് ഇസ്‌ലാം മുന്നോട്ട് വെയ്ക്കുന്നത്. അതത് കാലത്തെ സാഹചര്യമനുസരിച്ച് ഈ നിര്‍ദേശങ്ങളിലൂന്നിയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്നാണ് പ്രവാചകന്‍ കാണിച്ച മാതൃക. ഖലീഫമാരുടെ കാലത്തുള്ളത് പോലെയുള്ള വിപുലമായ ഭരണ സംവിധാനം പ്രവാചകന്റെ കാലത്തുണ്ടായിരുന്നില്ല. അധികാരം സ്ഥാപിക്കുക എന്നത് മതത്തിന്റെ ലക്ഷ്യമല്ലാത്തതു കൊണ്ട് തന്നെ അധികാര രൂപീകരണത്തിന്റെ വഴികളെക്കുറിച്ച് ഇസ്‌ലാം പഠിപ്പിക്കുന്നില്ല.
പ്രവാചകന്നു ശേഷം ഓരോ ഖലീഫയും തെരെഞ്ഞെടുക്കപ്പെട്ടത് വ്യത്യസ്ത രൂപത്തിലാണ്. നേതൃത്വം രൂപപ്പെടേണ്ടതിന്റെ പൊതുനിര്‍ദേശം കൂടിയാലോചനയാണ് (ഖുര്‍ആന്‍ 42:38). ഇസ്‌ലാമിക കല്‍പനകള്‍ക്ക് വിരുദ്ധമാകാത്ത കാലത്തോളം ഏതു ഭരണ സംവിധാനങ്ങളോടും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടും സഹകരിക്കുകയും ഭാഗധേയം വഹിക്കുകയും ചെയ്യാമെന്നാണ് ഇസ്‌ലാമിന്റെ രാഷ്ട്രീയ കാഴ്ചപ്പാട്. സ്രഷ്ടാവിനെ ധിക്കരിച്ചു കൊണ്ട് സൃഷ്ടികളെ അനുസരിക്കാന്‍ പാടുള്ളതല്ല, നന്മയിലാണ് അനുസരണം (ബുഖാരി) 1 എന്നീ പ്രവാചക വചനങ്ങളില്‍ നിന്ന് ഇസ്‌ലാമിന് രാഷ്ട്രീയ സംവിധാനങ്ങളോടുള്ള സമീപനം മനസ്സിലാക്കാവുന്നതാണ്.
അതേ സമയം, ഇസ്‌ലാമിലെ സാങ്കേതിക പദങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് ഇസ്‌ലാമിന്റെ രാഷ്ട്രീയ സമീപനം വ്യത്യസ്തമായി വിശദീകരിച്ച പണ്ധിതന്മാരും ലോകത്തുണ്ട്. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി(ഇന്ത്യ), സയ്യിദ് ഖുതുബ് (ഈജിപ്ത്) തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്. സയ്യിദ് മൗദൂദി രചിച്ച ‘ഇസ്‌ലാമിലെ നാലു സാങ്കേതിക പദങ്ങള്‍’ എന്ന പുസ്തകം ഇത്തരത്തില്‍ ഇസ്‌ലാമിന്റെ രാഷ്ട്രീയ സമീപനം വിശദീകരിക്കുന്ന പുസ്തകമാണ്. ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന്‍ എന്നീ നാലു സംജ്ഞകളെയാണ് പ്രസ്തുത പുസ്തകത്തില്‍ വ്യാഖ്യാനിക്കുന്നത്. അതടിസ്ഥാനത്തില്‍, അല്ലാഹു അല്ലാത്തവര്‍ക്കുള്ള ഏത് അനുസരണവും ഇബാദത്തിന്റെ പരിധിയില്‍ വരുമെന്നും ഇസ്‌ലാമികമല്ലാത്ത ഭരണകൂടത്തോട് സഹകരിക്കുന്നത് അല്ലാഹുവിനോടുള്ള ആരാധനയില്‍ അഥവാ ഇബാദത്തില്‍ പങ്കുചേര്‍ക്കലാകുമെന്നുമാണ് അദ്ദേഹം സിദ്ധാന്തിക്കുന്നത്. സയ്യിദ് ഖുതുബും സമാനമായ രീതിയില്‍ ഇസ്‌ലാമിലെ രാഷ്ട്രീയ സമീപനം വിശദീകരിച്ചിട്ടുണ്ട്.
ഇസ്‌ലാമിലെ രാഷ്ട്രീയം
‘രാഷ്ട്രത്തെ സംബന്ധിക്കുന്ന’എന്നാണ് രാഷ്ട്രീയം എന്ന പദത്തിന്റെ അര്‍ഥം. എന്നാല്‍ വിപുലമായ മറ്റൊരര്‍ഥത്തിലാണ് അത് ഉപയോഗിക്കപ്പെടുന്നത്. ഒരു കൂട്ടം ആളുകള്‍ അവരുടെ ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന പ്രക്രിയയാണ് രാഷ്ട്രീയം(Politics)എന്നു പറയാം. ഇന്ന് പൊളിറ്റിക്കല്‍ സയന്‍സ് വിശാലമായ ഒരു പഠന ഗവേഷണ വിഷയമായി വളര്‍ന്നിരിക്കുകയാണ്. ലോകത്ത് വിവിധ രാജ്യങ്ങളില്‍ വിവിധ തരത്തിലുള്ള രാഷ്ട്രീയ നിലപാടുകളും വ്യത്യസ്ത രാഷ്ട്രീയപ്പാര്‍ട്ടികളുമുണ്ട്. രാജ്യങ്ങളില്‍ ഭരണം നടത്തേണ്ടത് ആരെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പുകള്‍ യാഥാര്‍ഥത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലുള്ള മത്‌സരമാണ്. ‘നഗരകാര്യങ്ങള്‍’ എന്ന അര്‍ഥത്തിലുള്ള ‘പൊളിറ്റിക്ക്’ എന്ന ഗ്രീക്ക് പദമാണ് പൊളിറ്റിക്‌സിന്റെ നിഷ്പത്തി. അരിസ്‌റ്റോട്ടിലിന് ‘പൊളിറ്റിക്‌സ്’ എന്ന ഒരു ഗ്രന്ഥമുണ്ട്. രാഷ്ട്രീയം എന്നതിന് അറബിയില്‍ ‘സിയാസ’ എന്നാണ് പ്രയോഗിക്കുന്നത്. നേതൃത്വം നല്കി, നയിച്ചു എന്നെല്ലാം ആശയം വരുന്ന ‘സാസ’യാണ് അതിന്റെ ക്രിയാരൂപം.
ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ സമൂഹത്തിന് വലിയ പ്രാധാന്യമുണ്ട്. സമൂഹത്തിന് നേതൃത്വം ആവശ്യമാണ്. നേതാവും അനുയായികളുമായുള്ള നല്ല ബന്ധമാണ് കെട്ടുറപ്പുള്ള സമൂഹത്തിന്റെ മുഖമുദ്ര. നബി(സ്വ) തന്റെ ജീവിതത്തിലൂടെ നേതാവ് എങ്ങനെയാവണമെന്ന് കാണിച്ചു തന്നു. നേതാവിന്റെ കീഴില്‍ പ്രവര്‍ത്തിക്കേണ്ടതെ ങ്ങനെ എന്നും പഠിപ്പിച്ചു. സമൂഹത്തിന്റെ വിപുലവും ഉന്നതവുമായ രൂപമാണ് രാഷ്ട്രം എന്നു പറയാം. രാഷ്ട്രമാവുമ്പോള്‍ ഭരണാധികാരിയും ഭരണീയരുമാണുണ്ടാവുക. ആ മാതൃകയും നബി(സ്വ) ജീവിതകാലത്ത് കാണിച്ചു തന്നു. ഈയര്‍ഥത്തില്‍ രാഷ്ട്രീയത്തിന്റെ മൗലിക തത്ത്വങ്ങള്‍ പ്രവാചക ചര്യയിലുണ്ട്.
ഇസ്‌ലാം ഒരു രാഷ്ട്രീയപ്രസ്ഥാനമോ രാഷ്ട്രീയ മുന്നേറ്റമോ അല്ല. രാഷ്ട്രീയം ഇസ്‌ലാമിന്റെ അവിഭാജ്യഘടകമോ അനിവാര്യഘടകമോ അല്ല. ഇസ്‌ലാമുമായി രാഷ്ട്രീയത്തിന് ഒരു ബന്ധവും ഇല്ലാ എന്നും പറയാവതല്ല. മാറ്റം വരുത്താന്‍ പാടില്ലാത്ത വിശ്വാസ അനുഷ്ഠാന കാര്യങ്ങളല്ലാത്ത മറ്റനേകം വ്യവഹാരങ്ങള്‍ ഇസ്‌ലാമിലുണ്ട്. കൃഷി, കച്ചവടം തുടങ്ങിയ ജീവിതായോധന കര്‍മങ്ങളും കല, സാഹിത്യം തുടങ്ങിയ വൈകാരിക മേഖലകളും ഉദാഹരണങ്ങളാണ്. ഇസ്‌ലാമിന്റെ മൗലിക തത്ത്വങ്ങള്‍ക്കും അടിസ്ഥാന നിയമങ്ങള്‍ക്കും വിരുദ്ധമാകാത്ത തരത്തില്‍ ഇവയെല്ലാം കൈകാര്യം ചെയ്യേണ്ടതാണ്. അതുതന്നെയാണ് രാഷ്ട്രീയത്തിന്റെയും സ്ഥിതി. ആധുനിക സങ്കല്പത്തിലുള്ള രാഷ്ട്രീയം എന്ന പ്രയോഗം പോലും നബി നടത്തിയിട്ടില്ല. എന്നാല്‍ ഏതുകാലത്തെ രാഷ്ട്രീയ കാലാവസ്ഥയിലും പരിഗണിക്കപ്പെടേണ്ട മൂല്യങ്ങള്‍ നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.
രാജ്യഭരണമാണല്ലോ രാഷ്ട്രീയത്തിന്റെ മുഖ്യ പ്രവര്‍ത്തന മേഖല. നബി(സ്വ) രാജ്യം ഭരിച്ചിട്ടുണ്ട്. എന്നാല്‍ നബിയുടെ കാലത്തെ രാഷ്ട്രീയമല്ല ഇന്നുള്ളത്. അതിന്നര്‍ഥം ഇസ്‌ലാമില്‍ അതിനൊന്നും പോംവഴി ഇല്ല എന്നല്ല. ഭരണം ദുന്‍യാവിന്റെ കാര്യമാണ്. ദീന്‍ കാര്യമല്ല. ദുന്‍യാവ് മാറിക്കൊണ്ടിരിക്കും. ആ മാറ്റങ്ങള്‍ക്കനുസരിച്ച് മുസ്‌ലിംകള്‍ പെരുമാറണം. ഇസ്‌ലാമിന്റെ തത്ത്വങ്ങള്‍ മുറുകെപ്പിടിക്കണമെന്നു മാത്രം. ഭരണത്തിന്റെ ആദ്യപടിയായ ഭരണാധികാരിയെ തെരഞ്ഞെടുക്കേണ്ടത് എങ്ങനെയെന്ന് നബി പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പിന്‍ഗാമികളായ നാലു ഖലീഫമാര്‍ (ഖുലഫാഉര്‍റാശിദൂന്‍) നാലുവിധത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതേ സമയം ഭരണാധികാരി നീതിമാനായിരിക്കണമെന്നതും ഭരണാധികാരി അനുസരിക്കപ്പെടണ മെന്നതും നബി(സ്വ) പഠിപ്പിച്ച ഭരണപാഠങ്ങളാണ്. കൂടിയാലോചന(ശൂറാ)യിലൂ ടെയാണ് പൊതുകാര്യങ്ങളില്‍ തീരുമാനത്തിലെത്തേണ്ടത് എന്ന തത്ത്വം ഏതവസ്ഥയിലും പാലിക്കപ്പെടണം. നീതിമാനായ ഭരണാധികാരി പരലോകത്ത് പ്രത്യേക പരിരക്ഷയ്ക്ക് അര്‍ഹനാണ് എന്ന് നബി സുവിശേഷമറിയിച്ചു.
ഇസ്‌ലാമികമായി ഭരണം നടത്തുന്ന ഭരണാധികാരി അല്ലാഹുവിന്റെ നിയമങ്ങള്‍ക്കനുസരിച്ചാണ് ഭരണം നടത്തേണ്ടത്. വിശുദ്ധ ഖുര്‍ആനിന്റെ അടിസ്ഥാന നിയമങ്ങളില്‍ നിന്നുകൊണ്ട് മനുഷ്യന്‍ നിയമനിര്‍മാണം നടത്തേണ്ടി വരും. ഭൗതിക കാര്യങ്ങളില്‍ മനുഷ്യനിര്‍മിത നിയമങ്ങള്‍ അനിവാര്യമാണ്. നബി(സ്വ) ചെയ്യാത്ത പല കാര്യങ്ങളും ഭരണരംഗത്ത് ഖുലഫാഉര്‍റാശിദുകള്‍ ചെയ്തിട്ടുണ്ട്. അവര്‍ ചെയ്യാത്ത ഭരണ പരിഷ്‌കാരങ്ങളാണ് പില്കാല ഖലീഫമാര്‍ ചെയ്തത്. അത്തരം നിയമനിര്‍മാണങ്ങള്‍ ഇസ്‌ലാമിന്നെതിരല്ല. ആ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കല്‍ മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമാണ്. പൊതുവിഷയങ്ങളില്‍ ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരല്ലാത്ത രീതിയില്‍ നിയമനിര്‍മാണം നടത്തുക എന്ന ഉദാരനിലപാടാണ് ഇസ്‌ലാമിനുള്ളത്. ഇത് പ്രജകള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു (4:59).
അടിസ്ഥാനപരമായ ഈ വസ്തുതകള്‍ക്ക് വിരുദ്ധമായ ധാരണകള്‍ വെച്ചു പുലര്‍ത്തിയവരുണ്ട്. ഇസ്‌ലാമിക സമൂഹത്തില്‍ ഏറ്റവുമാദ്യം ഭിന്നത ഉടലെടുത്തത് രാഷ്ട്രീയത്തിന്റെ പേരിലായിരുന്നു. ഖവാരിജുകള്‍ എന്ന ഒരു വിഭാഗം തീവ്രവാദികള്‍ നാലാം ഖലീഫ അലി(റ)യുടെ കാലത്ത് രംഗത്തു വന്നു. അതിനെത്തുടര്‍ന്ന് അലി(റ)യുടെ പേരില്‍ ചിലര്‍ കക്ഷിത്വമുണ്ടാക്കി. നബി(സ്വ)ക്കു ശേഷം ഭരണം നടത്തേണ്ട നേര്‍പിന്‍ഗാമി അലിയാണ് എന്നാണവര്‍ വാദിച്ചത്. ഒരു തരം കക്ഷിത്വ വൈകാരികതയല്ലാതെ പ്രമാണമോ യുക്തിയോ അവരുടെ വാദങ്ങള്‍ക്ക് പിന്‍ബലമേകിയില്ല. ഈ കക്ഷിത്വത്തിന് മുസ്‌ലിം സമൂഹം വലിയ വില കൊടുക്കേണ്ടി വന്നു. സമുദായത്തെ രണ്ടായി പിളര്‍ത്തിക്കൊണ്ട് ഉടലെടുത്ത ‘ശീഅ’കളാണ് ഈ വിഭാഗം.
ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ പേരില്‍ ഭരണസംസ്ഥാപനം തൗഹീദിന്റെ ഭാഗമാണെന്നു സിദ്ധാന്തിച്ച ഒരു തരം ‘മതരാഷ്ട്രവാദം’ ഇരുപതാം നൂറ്റാണ്ടില്‍ മുസ്‌ലിം സമൂഹത്തിനിടയില്‍ ഉടലെടുത്തു. ”ഭരണമില്ലാത്ത ദീന്‍ ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത സങ്കല്പ വീടുപോലെയാണ്”(ഖുത്തുബാത്ത്) എന്ന് വാദിച്ച സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി (1903-1972)യാണ് ഈ ചിന്തയുടെ ഉപജ്ഞാതാവ്. ഈജിപ്തുകാരും മൗദൂദി സാഹിബിന്റെ സമകാലികരുമായ സയ്യിദ് ഖുത്വുബ്(1906-1966), ഹസനുല്‍ ബന്ന(1906-1949) എന്നിവര്‍ ഈ വാദം ഏറ്റുപിടിച്ചു. ഈ കാഴ്ചപ്പാടുകള്‍ ഇസ്‌ലാമിക പ്രമാണങ്ങളുമായി വിയോജിക്കുന്നു എന്ന് തിരിച്ചറിഞ്ഞ അനുയായികള്‍ തന്നെ പില്കാലത്ത് അതു കൈയൊഴിക്കുകയാണുണ്ടായത്.
ജനാധിപത്യം
ജനങ്ങള്‍ എന്നര്‍ഥമുള്ള ഡെമോസ് (Demos), ഭരണം എന്നര്‍ഥമുള്ള ക്രറ്റോസ് (Kratos) എന്നീ പദങ്ങള്‍ ചേര്‍ന്നുണ്ടായ ഗ്രീക്കുഭാഷയിലെ ഡെമോക്രാറ്റിയ എന്ന വാക്കില്‍ നിന്നാണ് ജനാധിപത്യം എന്നര്‍ഥമുള്ള Democracy ഉണ്ടാവുന്നത്. ‘ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍, ജനങ്ങളെ ഭരിക്കുന്നതാണു ജനാധിപത്യമെന്ന്’ പൊതുവില്‍ വിവക്ഷിക്കപ്പെടുന്നു. എബ്രഹാം ലിങ്കണ്‍ നല്‍കിയ നിര്‍വചനമാണിത്. ആധുനിക ലോകത്ത് രാഷ്ട്രങ്ങളുടെ ഭരണ സംവിധാനത്തിന് സ്വീകരിക്കുന്ന മാര്‍ഗം എന്ന നിലയില്‍ ജനാധിപത്യത്തിന് ഏറെ പ്രസക്തിയുണ്ട്.
ജനാധിപത്യം എന്നത് ഒരു മൂല്യം കൂടിയാണ്. ഭൂരിപക്ഷം ജനാധിപത്യത്തിന്റെ അടിസ്ഥാന മാനദണ്ഡമായാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ അത് മെജോറിറ്റേറിയനിസം (Majoritarianism) ആണ്, ജനാധിപത്യം അഥവാ ഡെമോക്രസി ആകുന്നില്ലെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. ഭൂരിപക്ഷം പരിഗണിക്കുക എന്നത് ജനാധിപത്യപരമായ ഭരണകൂടം നിലവില്‍ വരാനുള്ള ഒരു പ്രയോഗിക മാര്‍ഗം മാത്രമായി ഈ നിരീക്ഷകര്‍ മനസ്സിലാക്കുന്നു. അതേ സമയം, ജനാധിപത്യത്തെ ഒരു മൂല്യമായാണ് സമകാലീന രാഷ്ട്രീയ വ്യവഹാരങ്ങളില്‍ മനസ്സിലാക്കപ്പെടുന്നത്. ഒരു സംസ്‌കാരം എന്ന നിലയില്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നു എന്നതാണ്. ഇസ്‌ലാമിലെ ശൂറാ അഥവാ കൂടിയാലോചന എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണ്. ആ നിലയ്ക്ക് ജനാധിപത്യത്തെ മുമ്പെ തന്നെ ആന്തരികവത്കരിച്ച മതമാണ് ഇസ്‌ലാം. അരികുവത്കരിക്കപ്പെട്ടവരും മാറ്റിനിര്‍ത്തപ്പെട്ടവരും ദുര്‍ബലരും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഭാഗധേയം വഹിക്കാന്‍ സാധിക്കുമ്പോഴാണ് ജനാധിപത്യം പൂര്‍ണാര്‍ഥത്തില്‍ നടപ്പിലാകുന്നത്.
ജനാധിപത്യത്തിന്റെ അടിസ്ഥാനം ഭൂരിപക്ഷമാവുമ്പോള്‍, മൂല്യങ്ങള്‍ ബലികഴി ക്കപ്പെടില്ലേ എന്നൊരു ചര്‍ച്ച വൈജ്ഞാനിക ലോകത്തുണ്ട്. എന്നാല്‍, ഏതെങ്കിലും നൈതികമായ സംസ്‌കാരത്തെ പുല്‍കുന്നവര്‍ ഭൂരിപക്ഷാടിസ്ഥാനത്തില്‍ തീരുമാനമെടുത്താല്‍ പോലും അത് മൂല്യങ്ങളെ ഹനിക്കുകയില്ല. അതുകൊണ്ട്, ഭൂരിപക്ഷ ജനാധിപത്യത്തിന്റെ മുന്നുപാധി വ്യക്തിപരമായ വൈശിഷ്ട്യവും ഉദാത്തതയുമാണ്.
ജനാധിപത്യം തന്നെ സംസ്‌കാരമായി സ്വീകരിച്ചവരെ സംബന്ധിച്ചേടത്തോളം ഭൂരിപക്ഷം ഒരു മാനദണ്ഡമായി മാറുകയില്ല. എന്നാല്‍, മൂല്യബോധത്തെ ആന്തരീകരിച്ചതിന് ശേഷം പ്രയോഗികമായി ഭൂരിപക്ഷത്തെ അടിസ്ഥാനമാക്കുന്നതില്‍ തെറ്റില്ല. ഈയര്‍ഥത്തില്‍, ജനാധിപത്യത്തെ ഏറ്റവും നന്നായി പ്രോത്സാഹിപ്പിക്കുന്ന മതമാണ് ഇസ്‌ലാം. ശൂറാ തന്നെയാണ് അതിന് ഏറ്റവും വലിയ തെളിവ്. ദുര്‍ബലര്‍ക്കും അശരണര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണമെന്ന ആഹ്വാനവും അവരെ പരിഗണിക്കണമെന്ന കല്‍പനയും ജനാധിപത്യ സംസ്‌കാരത്തിന് മാറ്റുകൂട്ടുന്നതാണ്.
ജനാധിപത്യത്തിന്റെ താത്ത്വികാടിത്തറ ഭൂരിപക്ഷമാണെന്നും അതിന് ഇസ്‌ലാമില്‍ തെളിവില്ല എന്നും വിശദീകരിച്ചുകൊണ്ട് ജനാധിപത്യത്തെ ഇസ്‌ലാമിക വിരുദ്ധമായി കാണുന്ന പണ്ഡിതന്മാരുണ്ട്. സയ്യിദ് മൗദൂദി ആ ഗണത്തില്‍ പെടുന്ന ഒരാളാണ്. എന്നാല്‍, ജനാധിപത്യത്തെ ഒരു മൂല്യമായി മനസ്സിലാക്കിക്കൊണ്ട്, കൂടിയാലോചന അടിസ്ഥാന സ്വഭാവമായി നിശ്ചയിച്ചു കൊണ്ട്, പ്രയോഗവത്കരിച്ചാല്‍ അത് ഇസ്‌ലാമിക മൂല്യങ്ങളുമായി ഒത്തുചേരുന്നതായി നമുക്ക് കാണാന്‍ സാധിക്കും.
മതേതരത്വം
ലത്തീന്‍ ഭാഷയിലെ Saeculum-സിക്യുലം- എന്ന പദത്തില്‍ നിന്ന് നിഷ്പന്നമായതാണ് മതേതരത്വം എന്നര്‍ഥത്തിലുള്ള ഇംഗ്ലീഷിലെ സെക്കുലറിസം. മതപരമായ വിവേചനം കാണിക്കുന്നതിനെതിരായ തത്ത്വശാസ്ത്രമാണത്. ഹാര്‍വി കോക്‌സ് നിര്‍വചിക്കുന്ന പ്രകാരം, മനുഷ്യന്റെ യുക്തിയിലും ഭാഷയിലും മതവും അതിഭൗതിക ശാസ്ത്രവും ചെലുത്തുന്ന നിയന്ത്രണങ്ങളില്‍ നിന്നുള്ള മോചനം എന്ന നിലയിലാണ് ആദ്യം മതേതരത്വം സമീപിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ യൂറോപ്യന്‍ സെക്കുലറിസം എന്ന് അതിനെ വേര്‍തിരിച്ച് മനസ്സിലാക്കേണ്ടതാണ്. എല്ലാ മതപരമായ സ്വാധീനങ്ങളെയും നിരാകരിക്കുന്ന സമീപനമാണ് യൂറോപ്യന്‍ സെക്കുലറിസത്തിന്റേത്. ആന്റി റിലീജ്യന്‍ എന്നതാണ് മുഖമുദ്ര. എന്നാല്‍, ഇന്ത്യന്‍ സെക്കുലറിസം മതനിരപേക്ഷതയാണ്. Nuetral to Religion എന്നതാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ മുഖമുദ്ര. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നത് ഒരു മതത്തോടും വിധേയത്വമില്ല എന്നതാണ്. എന്നാല്‍ പൗരന്മാര്‍ക്ക് മതം വിശ്വസിക്കുന്നതിനോ അനുഷ്ഠിക്കുന്നതിനോ ഭരണഘടന സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നു. രാജ്യത്തിന് ഔദ്യോഗിക മതമില്ല എന്നതാണ് അതിന്റെ മറ്റൊരു വിവക്ഷ.
യൂറോപ്യന്‍ സെക്കുലറിസം മതങ്ങള്‍ക്കെതിരാണ്. മതപരമായ എല്ലാ ചായ്‌വുകളെയും അത് നിരാകരിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ സെക്കുലറിസം മതനിരപേക്ഷതയാണ്. എല്ലാ മതങ്ങളെയും അത് അംഗീകരിക്കുന്നു. ഒരു മതത്തിനും അമിത പ്രാധാന്യമോ പരിഗണനയോ നല്കാതിരിക്കുക എന്നതാണ് അതിന്റെ താത്ത്വിക അടിത്തറ. മതവിരുദ്ധമായ സെക്കുലറിസത്തെക്കുറിച്ചാണ് നിരവധി പഠനങ്ങള്‍ നടന്നിട്ടുള്ളത്. ഇസ്‌ലാം അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ചര്‍ച്ചയുടെ കാതല്‍. എന്നാല്‍, മതങ്ങളെ അംഗീകരിക്കുന്ന ഇന്ത്യന്‍ സെക്കുലറിസത്തോട് ഇസ്‌ലാം എന്ത് സമീപനമാണ് സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് അധികം പഠനങ്ങളില്ല. മതസ്വാതന്ത്യം അനുവദിക്കപ്പെടുന്ന ഒരു രാജ്യത്ത് മുസ്‌ലിമായി ജീവിക്കുന്നതില്‍ ഒട്ടും പ്രയാസമില്ല. പൗരന്‍ ഇസ്‌ലാമിക വിശ്വാസിയായി ജീവിക്കുന്നതിന് ഇന്ത്യന്‍ സെക്കുലറിസം എതിരല്ല. വിവിധ മതങ്ങളുടെ അസ്തിത്വം അംഗീകരിക്കുകയും അവരുടെ ആചാര്യന്‍മാരെ ആദരിക്കുകയും ചെയ്യുന്നുവെന്നതാണ് ഇസ്‌ലാമിക സമീപനം. ഉദാ: ജൂത, ക്രൈസ്തവ മതവിഭാഗങ്ങള്‍. ബഹുദൈവത്വ മതങ്ങളുടെ അസ്തിത്വവും ഇസ്‌ലാം അംഗീകരിക്കുന്നു. അഥവാ മതേതരത്വം എന്ന സങ്കല്പം ഇസ്‌ലാമിന് അന്യമല്ല.
സോഷ്യലിസം
ഉത്പന്നങ്ങളുടെയും സ്വത്തിന്റെയും സ്വകാര്യ ഉടമസ്ഥാവകാശം ഇല്ലാതിരിക്കുകയും എല്ലാവിധ സ്വത്തുക്കളും പൊതുമുതലാക്കി മാറ്റുകയും ചെയ്യുന്നതാണ് സോഷ്യലിസം. സാമ്പത്തിക സമത്വമാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍ മനുഷ്യന്റെ സ്വാഭാവിക പ്രകൃതിയെ അഭിസംബോധന ചെയ്യാന്‍ സോഷ്യലിസത്തിന് സാധിക്കാത്തതു കൊണ്ട് സമ്പൂര്‍ണ സോഷ്യലിസം ലോകത്ത് പരാജയപ്പെടു കയാണുണ്ടായത്. വര്‍ഗസമരത്തിലൂടെയും സാമൂഹ്യവിപ്ലവത്തിലൂടെയും സാമൂഹിക സമത്വത്തിലെത്താമെന്നാണ് മാര്‍ക്‌സിസത്തിന്റെ വീക്ഷണം. മൂലധനാധിഷ്ഠിത വ്യവസ്ഥയ്ക്കും കമ്യൂണിസത്തിനും ഇടയിലുള്ള ഒരു നീണ്ട കാലഘട്ടം സോഷ്യലിസത്തിന്റെതാകുമെന്നും കാള്‍ മാര്‍ക്‌സ് അഭിപ്രായപ്പെട്ടു (Karl Marx, Communist Manifesto, Penguin).
ഇസ്‌ലാം മുന്നോട്ട് വെയ്ക്കുന്നത് സാമ്പത്തിക സമത്വമല്ല, സാമ്പത്തിക നീതിയാണ്. സാമ്പത്തിക സമത്വം പ്രയോഗികമോ മനുഷ്യ പ്രകൃതിക്ക് അനുയോജ്യമോ അല്ല. സ്വകാര്യസ്വത്തിനെയും ലാഭമുണ്ടാക്കുന്നതിനെയും ഇസ്‌ലാം എതിര്‍ക്കുന്നില്ല. അനുവദനീയമായ മാര്‍ഗങ്ങളിലൂടെ സാമ്പാദ്യം ഉണ്ടാക്കുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്ന കാര്യമാണ്. എന്നാല്‍ അങ്ങനെയുണ്ടാക്കുന്ന സമ്പത്ത് ആവശ്യക്കാര്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടാതെ കെട്ടിക്കിടക്കുന്നതും ദരിദ്രര്‍ക്ക് അതിലുള്ള അവകാശം (സകാത്ത്) വീതിക്കപ്പെടാതിരിക്കുന്നതും പാപമായി ഇസ്‌ലാം കാണുന്നു. ഭരണകൂടത്തിന് ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരില്‍ നടപടി എടുക്കാവുന്നതുമാണ്.
കമ്യൂണിസവും ഇസ്‌ലാമും
സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു തത്ത്വശാസ്ത്രമാണ് കമ്യൂണിസം. വ്യക്തികള്‍ക്ക് സ്വകാര്യ സമ്പത്ത് ഇല്ലാതിരിക്കുകയും അതുവഴി വര്‍ഗരഹിതമായ ഒരു സാമൂഹികാവസ്ഥ സൃഷ്ടിച്ചെടുക്കുകയുമാണ് കമ്യൂണിസം വിഭാവന ചെയ്യുന്നത്. തൊഴിലാളി, മുതലാളി എന്നീ രണ്ടു വര്‍ഗങ്ങളുടെ സംഘട്ടനമാണ് ലോകചരിത്രമെന്നും വര്‍ഗരഹിതമായ സാമൂഹിക സ്ഥിതിയും തൊഴിലാളി വര്‍ഗത്തിന്റെ രാഷ്ട്രീയ ആധിപത്യവുമാണ് കമ്യൂണിസ്റ്റ് ലക്ഷ്യം. കമ്യൂണിസത്തില്‍ ആരും സമ്പത്ത് കൈകാര്യം ചെയ്യുന്നില്ല. എല്ലാവരും പൊതു ഉടമസ്ഥതയിലുള്ള നിര്‍മാണശാലകളില്‍ അവരാലാകുന്നതു പോലെ തൊഴിലെടുക്കുന്നു. ഒരോരുത്തരുടെ തൊഴിലും പ്രതിനിധീകരണത്തിനും ആവശ്യത്തിനുമനുസരിച്ച് ലാഭം പങ്കുവയ്ക്കപ്പെടുന്നു.
മനുഷ്യ പ്രകൃതിയുടെ ചോദനകളില്‍ പെട്ട സാമ്പത്തിക ലാഭവും ലാഭേച്ഛയും കമ്യൂണിസം അഭിമുഖീകരിക്കുന്നില്ല. അതുപോലെ, മനുഷ്യന്റെ ആത്മീയ ചോദനകളെയും അത് സ്പര്‍ശിക്കുന്നില്ല. ശരീരത്തിന്റെ വിശപ്പ് മാറിയാലും മനസ്സിന്റെ വിശപ്പ് ബാക്കിയാകുമെന്നത് മനുഷ്യ പ്രകൃതിയാണ്. അതുകൊണ്ട് തന്നെ ഈ അടിസ്ഥാന പോരായ്മകള്‍ കമ്യൂണിസത്തെ തളര്‍ച്ചയിലേക്ക് നയിച്ചു. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ കെട്ടിപ്പടുക്കപ്പെട്ട പ്രസ്ഥാനങ്ങളും രാജ്യങ്ങളും ഇന്ന് അതിനെ കൈയൊഴിയുകയാണ്.
ഇസ്‌ലാം സ്വകാര്യ സ്വത്തിനെയും സമ്പാദ്യത്തെയും അംഗീകരിക്കുന്നു. മനസ്സിന്റെ ചോദനകള്‍ക്ക് ആത്മീയതയിലൂടെയും ആരാധനയിലൂടെയും പരിഹാരം കാണുന്നു. മനുഷ്യന്റെ പ്രകൃതിയെ അംഗീകരിച്ചുകൊണ്ടുള്ള മതമെന്ന നിലയിലാണ് ഇസ്‌ലാം പ്രകൃതി മതമാണ് എന്ന് വിളിക്കപ്പെടുന്നത്.
കമ്യൂണിസ്റ്റ് വ്യവസ്ഥയുടെ സൃഷ്ടിയെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായി ചിന്തിച്ചത് കാള്‍ മാര്‍ക്‌സ് ആയിരുന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും, അതില്‍ പിന്നീട് നടന്ന കൂട്ടിച്ചേര്‍ക്കലുകളും മാര്‍ക്‌സിസം എന്നാണ് അറിയപ്പെടുന്നത്. കമ്യൂണിസവും മാര്‍ക്‌സിസവും വളരെയധികം കൂടിക്കുഴഞ്ഞു കിടക്കുന്നു. കമ്യൂണിസം ഒരു ലക്ഷ്യവും അത് കൈവരിക്കുന്നതിനുള്ള ചരിത്രവീക്ഷണവും ചരിത്ര വിശകലനവും പ്രവര്‍ത്തന ങ്ങളെ വിലയിരുത്തുവാനുള്ള സിദ്ധാന്തവും കൂടിയുള്‍പ്പെട്ടതാണ് മാര്‍ക്‌സിസം എന്ന് സാമാന്യമായി വേര്‍തിരിക്കാവുന്നതാണ്. മതങ്ങളെ സംബന്ധിച്ച മാര്‍ക്‌സിസ്റ്റ് വീക്ഷണം, കറുപ്പ് ലഹരി നല്‍കുന്നത് പോലെ അത് മനുഷ്യ ഹൃദയങ്ങള്‍ക്ക് ആശ്വാസമേകുന്നു എന്നതാണ്. എന്നാല്‍, മാര്‍ക്‌സിസം അംഗീകരിക്കുന്നവര്‍ പിന്നെ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നതിനെ പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. എല്ലാ മതങ്ങളെയും നിരസിക്കുന്ന യുക്തി ചിന്തകളാണ് കമ്യൂണിസത്തിന്റെയും മാര്‍ക്‌സി സത്തിന്റെയും അടിസ്ഥാനം.
ഇസ്‌ലാം ഒരു മതമെന്ന നിലയില്‍ കമ്യൂണിസത്തിന്റെയും സോഷ്യലിസത്തിന്റെയും നല്ല വശങ്ങളെ കൂടി ഉള്‍വഹിക്കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. മുതലാളിത്ത ചൂഷണവും ലാഭം കുന്നുകൂടുന്നതും ചില വ്യക്തികളില്‍ മാത്രം കേന്ദ്രീകരിക്കുന്നതും ഇസ്‌ലാം അംഗീകരിക്കുന്നില്ല. സാമ്പത്തിക, സാമൂഹിക നീതിയാണ് ഇസ്‌ലാം മുന്നോട്ട് വെയ്ക്കുന്നത്.
ഏകാധിപത്യവും ഇസ്‌ലാമും
ഏകാധിപത്യം എന്നത് ലോകത്ത് പല രാജ്യങ്ങളിലും നിലനിന്നിരുന്ന ഭരണ സംവിധാനമാണ്. ഇന്നും ചില രാജ്യങ്ങളില്‍ നിലനില്‍ക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യമോ കൂടിയാലോചനകളോ ഇല്ലാത്ത ഭരണ സംവിധാനമാണത്. ഇസ്‌ലാം ഏതെങ്കിലും ഭരണ സംവിധാനത്തെ നിരുപാധികം എതിര്‍ക്കുന്നില്ല. ഇസ്‌ലാം മുന്നോട്ട് വെയ്ക്കുന്ന മൂല്യങ്ങളെ നിരാകരിക്കുകയും ഇസ്‌ലാം വിരുദ്ധമായ നിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് അത്തരം ഭരണ സംവിധാനങ്ങളോട് വിയോജിപ്പുണ്ടാവുക. ഭരണത്തില്‍ കൂടിയാലോചനയും പ്രജകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാത്ത ഭരണം ഇസ്‌ലാമികമല്ല. എങ്കില്‍ പോലും അത്തരം ഭരണകൂടങ്ങള്‍ക്കു കീഴില്‍ ജീവിക്കേണ്ടി വരുമ്പോള്‍ അതത് രാജ്യത്തെ പൗരന്മാരെന്ന നിലയില്‍ കരാറിലേര്‍പ്പെട്ടവര്‍ സ്വീകരിക്കേണ്ട മര്യാദകളുണ്ട്. അക്രമത്തിന്റെയോ അട്ടിമറികളുടെയോ മാര്‍ഗം സ്വീകരിച്ചുകൊണ്ട് അധികാരം പിടിച്ചെടുക്കല്‍ ഇസ്‌ലാമികമല്ല. ഗുണകാംക്ഷയുള്ള ഉപദേശവും ആവശ്യമെങ്കില്‍ ന്യായമായ രീതിയിലുള്ള പ്രതിഷേധവുമാണ് വിശ്വാസികള്‍ നിര്‍വഹിക്കേണ്ടതെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അനീതി പ്രവര്‍ത്തിക്കുന്ന രാജാവിന്റെ അടുക്കല്‍ സത്യം പറയലാണ് ധര്‍മസമരമെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു (തിര്‍മിദി) 2 എല്ലാവരും ഇടയന്മാരാണ്, ഓരോരുത്തരും അവരുടെ പറ്റത്തെ സംബന്ധിച്ച് ഉത്തരാവദിത്വമുള്ളവരാണ് എന്നും നബി(സ്വ) ഉണര്‍ത്തുന്നു (ബുഖാരി) 3 ഭരണനിര്‍വഹണത്തെ സംബന്ധിച്ച പൊതു തത്ത്വം കൂടി ഈ ഹദീസില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്.
രാജഭരണവും ഇസ്‌ലാമും
ഒരു ഭരണ രീതിയെയും ഇസ്‌ലാം നിരുപാധികം വിലക്കുന്നില്ല എന്നതിനാല്‍ തന്നെ രാജഭരണം അഥവാ മലികിയ്യത്തിനെയും ഇസ്‌ലാം നിരാകരിക്കുന്നില്ല. ഇന്ന് പല മുസ്‌ലിം രാജ്യങ്ങളിലും നിലനില്‍ക്കുന്നത് രാജഭരണമാണ്. പൗരന്മാരുടെ ക്ഷേമവും കാര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ കൂടിയാലോചനയും പ്രായോഗികമായി നിര്‍വഹിക്കാന്‍ സാധിക്കുന്നുവെങ്കില്‍ പ്രസ്തുത ഭരണ രീതി ഇസ്‌ലാമികമായി സാധുതയുള്ളതാണ്. ഇസ്‌ലാമിക വിരുദ്ധമായ ഭരണ നിര്‍വഹണമാണെങ്കില്‍ ഏത് ഭരണരീതിയായാലും അത് ഇസ്‌ലാമികമായി അംഗീകരിക്കപ്പെടില്ലതാനും. ഖുലഫാഉര്‍റാശിദുകള്‍ക്ക് ശേഷം വന്ന ഖിലാഫത്തുകള്‍ ഏതാണ്ട് രാജഭരണം പോലെത്തന്നെയായിരുന്നു. രാജാവായ പിതാവിനു ശേഷം മകന്‍ അധികാരം ഏറ്റെടുക്കുന്ന സ്ഥിതി തുടര്‍ന്നു.
ഇസ്‌ലാമും രാഷ്ട്രീയ പ്രസ്ഥാനങ്ങളും
ഇസ്‌ലാമിന് രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. ഒരു വിശ്വാസിയുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന എല്ലാ മേഖലകളിലും മതത്തിന് പൊതുവായ നിര്‍ദേശങ്ങളും ചില മേഖലകളില്‍ പ്രത്യേക നിര്‍ദേശങ്ങളുമുണ്ട്. പൊതുവായ നിര്‍ദേശമുള്ള മേഖല എന്ന നിലയിലാണ് രാഷ്ട്രീയത്തോടുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാട് രൂപീകരിക്കപ്പെടുന്നത്. ‘രാഷ്ട്രീയ ഇസ്‌ലാം’ എന്ന വിവക്ഷയില്‍ വരുന്ന കാര്യങ്ങള്‍ തെറ്റിദ്ധാരണാജനകമാണ്. അങ്ങനെ ഇസ്‌ലാമിനെ തരംതിരിക്കുന്നത് വൈജ്ഞാനികമായി നീതികരിക്കാനാവാത്തതാണ്. ഇസ്‌ലാമിക മൂല്യങ്ങള്‍ ബലികഴിക്കാന്‍ ഇടയാകുന്ന ഒരു സാഹചര്യത്തോടും സമരസപ്പെടുവാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. മറ്റു വഴികളൊന്നുമില്ലാത്ത നിര്‍ബന്ധിത സാഹചര്യങ്ങളിലൊഴികെ. രാഷ്ട്രീയ പ്രസ്ഥാനങ്ങളോടുള്ള ഇസ്‌ലാമിന്റെ നിലപാട്; അവയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം എന്നുതന്നെയാണ്. അതോടൊപ്പം, വിശ്വാസപരവും ആരാധനാ ബന്ധിതവുമായ ഇസ്‌ലാമിക ജീവിതത്തിന് അത്തരം പ്രസ്ഥാനങ്ങള്‍ തടസ്സം നില്‍ക്കുന്ന സാഹചര്യമില്ലെന്ന് ഉറപ്പുവരുത്തണം. വിശ്വാസ സ്വാതന്ത്ര്യം അനുവദിക്കുന്ന സാഹചര്യത്തില്‍ ഒരു വിശ്വാസിയുടെ കഴിവും അറിവും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കുന്നതില്‍ തെറ്റില്ല. ബഹുസ്വര സമൂഹത്തില്‍ അത് വിശ്വാസിയെ സംബന്ധിച്ചേടത്തോളം അത്യന്താപേക്ഷിതവുമാണ്.
തെരഞ്ഞെടുപ്പും നിയമനിര്‍മാണ സഭയും
ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ചല്ലാതെ ഭരണം നടക്കുന്ന രാജ്യങ്ങളില്‍ അവിടത്തെ ഭരണകാര്യങ്ങളില്‍ ഭാഗഭാക്കാവാന്‍ പാടുണ്ടോ എന്ന ചര്‍ച്ച ആധുനിക ലോകത്തുണ്ട്. ഇത്തരം നിയമനിര്‍മാണ സഭകളില്‍ ഭാഗഭാക്കാവുന്നത് തെറ്റും ശിര്‍ക്കുമാണെന്ന് വാദിച്ചവരുണ്ട്. നിയമം നിര്‍മിക്കാനുള്ള അധികാരം ദൈവത്തിന് മാത്രമാണ് എന്നതാണ് ന്യായം. എന്നാല്‍, സ്രഷ്ടാവിന് എതിരാകാത്ത വിധത്തില്‍ നിയമങ്ങള്‍ ഉണ്ടാക്കാന്‍ സൃഷ്ടികള്‍ക്ക് അനുവാദം നല്‍കിയ മതമാണ് ഇസ്‌ലാം. അതുകൊണ്ട് നിയമ നിര്‍മാണ സഭയും അതിലേക്കുള്ള തെരഞ്ഞെടുപ്പും ബഹിഷ്‌കരിക്കേണ്ട ഒന്നല്ല. മറിച്ച്, തന്റെ ഭാഗധേയം വഹിക്കാന്‍ വിശ്വാസിക്കു ബാധ്യതയുണ്ട്. നിയമനിര്‍മാണ സഭയില്‍ അംഗമാവാനും അതിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും മതപരമായ യാതൊരു തടസ്സവുമില്ല. നിയമനിര്‍മാണ സഭ രൂപീകരിക്കുന്ന നിയമങ്ങളെല്ലാം തന്നെ ഇസ്‌ലാമിക ശരീഅത്തിന്റെ ഭാഗമായിരിക്കണം എന്ന നിബന്ധനയുമില്ല. മറിച്ച്, വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും ഒരു മുസ്‌ലിമിനെ ശരീഅത്ത് വിരുദ്ധമായി ജീവിക്കാന്‍ നിര്‍ബന്ധിക്കുന്നതുമായ നിയമങ്ങള്‍ നിര്‍മിക്കാന്‍ പാടുള്ളതല്ല. സ്രഷ്ടാവിനെ ധിക്കരിച്ചു കൊണ്ട് സൃഷ്ടികളെ അനുസരിക്കാന്‍ പാടുള്ളതല്ല (മുസ്‌ലിം) 4 എന്ന ഹദീസാണ് ഈ വിഷയങ്ങളിലെ കാഴ്ചപ്പാടുകളുടെ ആധാരം. ഈ ഹദീസിന്റെ അന്തസ്സാരം സ്രഷ്ടാവിനെ ധിക്കരിക്കാതെ സൃഷ്ടികളെ അനുസരിക്കാം എന്നു തന്നെയാണ്.
ബഹുമതസമൂഹത്തിലെ ഇസ്‌ലാമിക ജീവിതം
സമൂഹജീവിതത്തിന് ഇസ്‌ലാം ഏറെ പ്രാധാന്യം കല്പിക്കുന്നു. വിശ്വാസവും അനുഷ്ഠാനവും വ്യക്തിനിഷ്ഠമാണെങ്കിലും ജീവിതം സമൂഹമായിട്ടാണ് ഇസ്‌ലാം കാണുന്നത്. സാമൂഹ്യജീവിതത്തിലാണ് സ്വഭാവവും സംസ്‌കാരവും ആവശ്യമായി വരുന്നതും പ്രതിഫലിക്കുന്നതും. എന്നാല്‍ സമൂഹം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? സത്യവിശ്വാസികളുടെ സമൂഹം എന്നത് ഒരു വൃത്തമാണ്. ഇസ്‌ലാമിലെ സാമൂഹിക നിയമങ്ങളും ചട്ടങ്ങളും പൂര്‍ണമായി പാലിക്കാവുന്നത് അവിടെയാണ്. മുഹമ്മദ് നബി ജീവിച്ചത് ഇങ്ങനെയൊരു സമൂഹത്തിലല്ല. മക്കയിലും ഹിജ്‌റക്കു ശേഷം മദീനയിലും ഇസ്‌ലാം സ്വീകരിക്കാത്ത ഒട്ടേറെ ആളുകളുണ്ടായിരുന്നു. അമുസ്‌ലിംകളായ അയല്‍വാസികളില്‍ നിന്നു സ്വഹാബികള്‍ അകന്നുപോയില്ല. അയല്‍വാസികള്‍ മുസ്‌ലിംകളായ കാരണത്താല്‍ മുശ്‌രിക്കുകളോ ജൂതന്‍മാരോ ക്രിസ്ത്യാനികളോ സ്വഹാബികളുടെ അടുത്ത് നിന്നും മാറിത്താമസിച്ചിട്ടില്ല. ബഹുസ്വരസമൂഹമായിരുന്നു മക്കയിലും മദീനയിലും നബിയും സ്വഹാബികളും അഭിമുഖീകരിച്ചത്. ഈ സാമൂഹികാവസ്ഥ ഇല്ലാതാക്കണം എന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിച്ചിട്ടില്ല.
നബി(സ്വ)യും സ്വഹാബികളും സ്വദേശം വിട്ടു പാലായനം ചെയ്യേണ്ടി വന്നു എന്നത് ചരിത്രയാഥാര്‍ഥ്യമാണ്. മുഹമ്മദ് നബി പ്രബോധനം ചെയ്ത മതം ഖുറൈശികള്‍ക്ക് സ്വീകാര്യമായില്ല. ഗോത്ര ദുരഭിമാനത്തിലും ആഢ്യത്തത്തിലും കഴിഞ്ഞുകൂടിയിരുന്ന അവര്‍ക്ക് ഇസ്‌ലാമിന്റെ മാനവികമുഖം ഉള്‍കൊള്ളാനായില്ല. അവര്‍ എതിര്‍ത്തു. കഠിനമായി എതിര്‍ത്തു. മുസ്‌ലിംകള്‍ക്കെതിരെ മര്‍ദനങ്ങള്‍ അഴിച്ചു വിട്ടു. മര്‍ദകര്‍ക്കായിരുന്നു ആളും അര്‍ഥവും ഉണ്ടായിരുന്നത്. മുസ്‌ലിംകള്‍ക്ക് ചെറുത്തു നില്ക്കാനോ അതിജീവിക്കാനോ കഴിഞ്ഞില്ല. ഈ സന്നിഗ്ധഘട്ടത്തില്‍ നാടുവിട്ടു കൊള്ളാന്‍ നബി നിര്‍ദേശം നല്കി. അവര്‍ പോയത് ഒരു മുസ്‌ലിം പോലുമില്ലാത്ത ഹബ്ശയിലേക്കായിരുന്നു. ക്രൈസ്തവരായിരുന്നു ആ ജനതയും ഭരണാധികാരി നജ്ജാശിയും. ആ ഭരണാധികാരിയുടെ തണലില്‍ അവര്‍ സുഖമായി ജീവിച്ചു; ഇസ്‌ലാമിക സംസ്‌കാര മൂല്യങ്ങളോടു കൂടി.
ഹബ്ശയിലേക്കു പോയത് എഴുപതോളം പേര്‍ മാത്രമായിരുന്നു. മറ്റുള്ളവര്‍ക്കും മക്കയില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഒടുവില്‍ എല്ലാവര്‍ക്കും നാടുവിടാന്‍ അനുമതി കിട്ടി. നബിയും മക്കയിലെ മുഴുവന്‍ മുസ്‌ലിംകളും യഥ്‌രിബ് (പിന്നീട് മദീനയായി മാറി) എന്ന സ്ഥലത്തേക്ക് പലായനം ചെയ്യുകയായിരുന്നു. അതായിരുന്നു ചരിത്രപ്രസിദ്ധമായ ഹിജ്‌റ. മക്കയില്‍ നിന്നെത്തിയ മുഹാജിറുകളും തദ്ദേശീയരായ അന്‍സ്വാറുകളും ജീവിതം ആരംഭിച്ചത് ജൂതരും ക്രൈസ്തവരും മറ്റു പല തരക്കാരും ഉള്ള യഥ്‌രിബിലായിരുന്നു. തികച്ചും ഒരു ബഹുസ്വരസമൂഹം.
ഒരു നാട്ടിലെ മുഴുവന്‍ ആളുകളെയും മുസ്‌ലിംകളാക്കുക എന്നോ മുസ്‌ലിംകള്‍ക്കിടയിലേ ജീവിക്കാവൂ എന്നോ പ്രവാചകന്‍ പഠിപ്പിച്ചിട്ടില്ല. തത്‌സംബന്ധമായ വിശുദ്ധ ഖുര്‍ആനിന്റെ വചനം ഏറെ ശ്രദ്ധേയമാണ്. ”മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം, നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു’‘ (60:8).
മുസ്‌ലിംകള്‍ മാത്രം പൗരന്‍മാരായുള്ള ഒന്നോ രണ്ടോ രാജ്യങ്ങളേ ഇന്ന് ലോകത്തുള്ളൂ. അവിടങ്ങളില്‍ തന്നെയും ജോലിക്കാരും സഞ്ചാരികളും പഠിതാക്കളുമായി ഇതര മതാനുയായികള്‍ ധാരാളം ജീവിക്കുന്നു. മുസ്‌ലിംകള്‍ ന്യൂനപക്ഷമായ രാജ്യങ്ങളും എമ്പാടുമുണ്ട്. മുസ്‌ലിംകള്‍ ഒട്ടുമില്ലാത്ത രാജ്യങ്ങളും കണ്ടേക്കാം. എന്നാല്‍ ലോകത്തിന്റെ പൊതുസ്ഥിതി ബഹുസ്വരമാണ്. ബഹുമത സമൂഹങ്ങളുടെ സാകല്യമാണ് ഓരോ ദേശവും. ഏതുരാജ്യത്തും ജീവിക്കുന്നതിന് മുസ്‌ലിംകള്‍ക്ക് മതപരമായി യാതൊരു തടസ്സവുമില്ല. മുസ്‌ലിംകള്‍ ഇസ്‌ലാമിക ജീവിതം നയിച്ചു ജീവിക്കുന്നത് ഔപചാരികമായി വിലക്കപ്പെട്ട ഒരു രാജ്യവും ലോകത്തില്ല. എന്നാല്‍ സമൂഹങ്ങള്‍ തമ്മിലും മതവിഭാഗങ്ങള്‍ തമ്മിലും ഭരണകൂടവും ജനങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ എമ്പാടുമുണ്ട്. അവയൊന്നും സാമൂഹ്യവത്കരി ക്കപ്പെട്ടു കൂടാ.
ഇന്ത്യ ഒരു ബഹുമത രാജ്യമാണ്. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് (ആര്‍ട്ടിക്ക്ള്‍ 25-28) പൗരന് പൂര്‍ണ മതസ്വാതന്ത്ര്യമുണ്ട്. ഏതു മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനം അനുവാദമുണ്ട്. രാഷ്ട്രത്തിന്റെ പൊതുനിയമത്തില്‍ എല്ലാ പൗരന്‍മാരും തുല്യരാണ്. അവിടെ ജാതി-മത-ലിംഗ-ദേശ ഭേദമില്ല. എന്നാല്‍ തികച്ചും മതകീയമായി കൈകാര്യം ചെയ്യപ്പെടേണ്ട ചില കാര്യങ്ങള്‍ അതാതു മതവിശ്വാസികള്‍ക്ക് തങ്ങളുടെ മതാചാരപ്രകാരം നിര്‍വഹിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അനുവാദം നല്കുന്നുണ്ട്. അതാണ് വ്യക്തിനിയമം (സിവില്‍ കോഡ്) എന്നറിയപ്പെടുന്നത്. ശേഷക്രിയ, ദായക്രമം, വിവാഹം, വിവാഹമോചനം, വസ്വിയ്യത്ത് തുടങ്ങിയ കാര്യങ്ങളാണ് വ്യക്തിനിയമത്തിന്റെ പരിധിയില്‍ വരുന്നത്. ഈ കാര്യങ്ങള്‍ ശരീഅത്ത് അനുസരിച്ച് ജീവിക്കാന്‍ മുസ്‌ലിംകള്‍ക്ക് അവകാശമുണ്ട്. ഇത്രയൊക്കെ സൂക്ഷ്മത പാലിച്ചുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടനയ്ക്കു രൂപം നല്കിയിട്ടുള്ളത്. പോരയ്മകള്‍ എമ്പാടും ഉണ്ടായേക്കാം. ഇസ്‌ലാമിക ജീവിതം നയിക്കാന്‍ മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ പ്രയാസമില്ല.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06,, പേജ് 2649, ഹദീസ് 2583[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 471, ഹദീസ് 2174[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 31, ഹദീസ് 5200[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 06, പേജ് 18, ഹദീസ് 1844[↩]
