സലമത്തുബ്നു ദീനാര്‍
ഒരിക്കല്‍ സുലൈമാനുബ്നു അബ്ദില്‍ മലിക് പരിവാര സമേതം മദീനയിലെത്തി. വിശുദ്ധ നഗരികള്‍ സന്ദര്‍ശിക്കലായിരുന്നു ലക്ഷ്യം. മദീനയിലെത്തിയ അമീറുല്‍ മുഅ്മിനീനെ പണ്ഡിത പ്രമുഖരെല്ലാം സന്ദര്‍ശിച്ച് സുഖവിവരങ്ങളാരാഞ്ഞു.
മടങ്ങും മുമ്പ് സുലൈമാന്‍, തന്നെ ഉപദേശിക്കാന്‍ കഴിയുന്ന ഒരു പണ്ഡിതനെ ആവശ്യപ്പെട്ടു. എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. ‘അബൂ ഹാസിം’. മദീനയിലെ പണ്ഡിത മുഖ്യനായ സലമത്തുബ്നു ദീനാറായിരുന്നു അത്.

സലമ അമീറിന് മുന്നിലെത്തി. അദ്ദേഹം കുറെ സംശയങ്ങള്‍ ചോദിച്ചു. അവയ്ക്കെല്ലാം കൃത്യമായ ഉത്തരങ്ങള്‍ നല്കി സലമത്തുബ്നു ദീനാര്‍ അമീറിനെ തൃപ്തിപ്പെടുത്തി.
അമീറിന്റെ ഒരു സംശയം ഇതായിരുന്നു: ‘ഞാന്‍ നാളെ അല്ലാഹുവിന്റെ മുന്നില്‍ ഹാജരാക്കപ്പെടുക എങ്ങനെയായാരിക്കും?”
സലമയുടെ മറുപടി പെട്ടെന്നായിരുന്നു: ‘ഏറെ കാലത്തിനു ശേഷം കുടുംബത്തിലേക്ക് മടങ്ങി വരുന്ന പ്രവാസിയെപ്പോലെയായിരിക്കും സുകൃതവാന് അല്ലാഹുവിന്റെ മുന്നിലേക്ക് വരിക. തിന്മകളില് ജീവിച്ചവനാകട്ടെ, ഒളിച്ചോടിയ അടിമ യജമാനന്റെ അടുത്തേക്ക് മടങ്ങിവരുന്നതു പോലെയും.’
അമീറുല്‍ മുഅ്മിനീന്റെ കണ്ണുകള്‍ നിറഞ്ഞു. തേങ്ങലടക്കാനാവാതെ അദ്ദേഹം ചോദിച്ചു. ‘അബൂഹാസിം, സുകൃതവാനാവാന് എന്താണ് വഴി?’
അഹങ്കാരം വെടിയുക, ദൈവഭക്തനാവുക- അബൂഹാസിം അമീറുല്‍ മുഅ്മിനീനെ ഉപദേശിച്ചു.
മടങ്ങാന്‍ നേരം അമീറുല്‍ മുഅ്മിനീന്‍ സലമത്തുബ്നു ദീനാറിന് ഉപഹാരമായി ഒരു പണക്കിഴി നല്കി. അത് തിരിച്ചു നല്‍കിക്കൊണ്ട് ആ മഹാന് ഇങ്ങനെ പറഞ്ഞു.
‘ഞാന്‍ അങ്ങയോട് സംസാരിച്ചതിനുള്ള പ്രതിഫലമാണ് ഈ കിഴി എങ്കില്‍ ഇതെനിക്ക് നിഷിദ്ധമാണ്. പൊതു ഖജനാവിലെ എന്റെ അവകാശമാണ് ഇത് എങ്കില്‍ ഇതേ കിഴികള്‍ മറ്റുള്ളവര്‍ക്കും നല്‍കണം. ‘
തനിക്കു വേണ്ടി പ്രാര്‍ഥിക്കണമെന്ന അപേക്ഷയോടെ അമീറുല്‍ മുഅ്മിനീന്‍, ദമസ്കസിലേക്ക് മടങ്ങി.
മദീനയിലെ ശൈഖ്
ഹിജ്റ ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മദീനയില്‍ ജീവിച്ച താബിഈ പണ്ഡിതനാണ് അബൂഹാസിം എന്ന് വിളിക്കപ്പെട്ടിരുന്ന സലമത്തുബ്നു ദീനാര്‍. മഖ്സൂം കുലത്തില്‍പെട്ട ഇദ്ദേഹം പേര്‍ഷ്യന്‍ വംശജനാണ്.
മദീനയിലെ ജഡ്ജിയും ഹദീസ് വിജ്ഞാനത്തിലെ ഗുരുവുമായിരുന്ന അബ്ദുല്ലാഹിബ്നു സുബൈര്‍, അബ്ദുല്ലാഹിബ്നു ഉമര്‍, താബിഈ പ്രമുഖന് സഈദുബ്നുല്‍ മുസയ്യിബ് തുടങ്ങിയവരില്‍ നിന്നാണ് വിജ്ഞാനമാര്‍ജിച്ചത്.
ആരാധനകളും ഭൗതിക വിരക്തിയുമായിരുന്നു ഇദ്ദേഹത്തെ വേറിട്ടു നിര്‍ത്തിയിരുന്നത്. പണത്തോടോ മറ്റു വിഭവങ്ങളോടോ ഒരുതരത്തിലുമുള്ള താല്പര്യവും കാട്ടിയില്ല സലമത്ത്. ഭരണാധികാരികളെ വാഴ്ത്തുകയല്ല അദ്ദേഹം ചെയ്തത്; ഉപദേശിക്കുകയായിരുന്നു. അവരെ ഉപദേശിക്കാന്‍ അങ്ങോട്ടു ചെന്നില്ല. ഉപദേശം തേടി അവര്‍ ഇങ്ങോട്ടു വന്നു. എന്നിട്ടും അവര്‍ സലമത്തിനെ അംഗീകരിച്ചാദരിച്ചു.
ഉപദേശം തേടിയെത്തുന്നവര്‍ക്ക് സലമത്തുബ്നു ദീനാര്‍ നല്കുന്ന ഉപദേശങ്ങള്‍ അര്‍ഥവത്തായിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധങ്ങളായ ചില ഉപദേശങ്ങള്‍:
മനസ്സാക്ഷിയെ ഉണര്‍ത്തുന്നതിലൂടെ പാപങ്ങള്‍ പൊറുക്കപ്പെടും. പാപങ്ങള്‍ വെടിയാന്‍ ദൃഢ നിശ്ചയം ചെയ്താല്‍ മനസ്സാക്ഷി ഉണരും.
മനുഷ്യമനസ്സില്‍ ഓരോ ദിവസവും വിജ്ഞാനവും വികാരവും മല്‍പ്പിടുത്തം നടത്തും. വിജ്ഞാനം ജയിക്കുന്ന ദിനം ലാഭത്തിന്റെ ദിവസമാണ്. വികാരം ജയിക്കുന്നത് നഷ്ട ദിനവുമാണ്.
നന്ദി വാക്കില്‍ മാത്രം ഒതുങ്ങാനുള്ളതല്ല. ഹൃദയവും ഇതര അവയവങ്ങളും ആ നന്ദി പ്രകടിപ്പിക്കണം. വസ്ത്രം കൈയില്‍ പിടിക്കുകയും അത് അണിയാതിരിക്കുകയും ചെയ്താല്‍ ചൂടില്‍ നിന്നും തണുപ്പില്‍ നിന്നും നമുക്ക് രക്ഷ നേടാനാവുമോ?
ഹിജ്റ 133ല്‍ സലമത്തുബ്നു ദീനാര്‍ നിര്യാതനായി.
