സഈദുബ്നു ജുബൈര്‍
ഹജ്ജാജുബ്നു യൂസുഫ് ഇറാഖ് ഭരിക്കുന്ന കാലം, റത്ബീന് എന്ന തുര്‍ക്കി രാജാവിനെ നേരിടാന്‍ തന്റെ സൈന്യാധിപന് അബ്ദുറഹ്മാനുബ്നു അസ്അസിനെ ഹജ്ജാജ് നിയോഗിച്ചു. വിജയിയായ ഇബ്നു അസ്അസ് പക്ഷേ മടങ്ങുന്നതിനു മുമ്പ് ഹജ്ജാജുമായി പിണങ്ങി. പിന്നീട് യുദ്ധം അവര്‍ തമ്മിലായി. വിജയം മാറിമാറിവന്നു.
ഇതിനിടെ, ജിസ്യയില്‍ നിന്ന് ഒഴിവാകാന്‍ അമുസ്ലിംകള് കൂട്ടമായി ഇസ്ലാമിലേക്ക് വന്നുകൊണ്ടിരുന്നു. നികുതി വരുമാനം കുറഞ്ഞതോടെ ഇത്തരം ആളുകളെ നഗരത്തില്‍ നിന്ന് പുറത്താക്കാന്‍ കൂഫയിലെ ഗവര്‍ണര്‍ക്ക് ഹജ്ജാജ് നിര്‍ദ്ദേശം നല്കി. ഇത് കൂഫയിലെ പണ്ഡിതന്മാരെ ഹജ്ജാജിനെതിരാക്കി. അവര്‍ ഇബ്നു അസ്അസിനെ പിന്തുണച്ച് ഹജ്ജാജിനെ വിമര്‍ശിച്ചു.

എന്നാല്‍ അസ്അസിനുമേല് സമ്പൂര്‍ണ വിജയം നേടിയ ഹജ്ജാജ് പിന്നീട് ചെയ്തത് തനിക്കെതിരെ തിരിഞ്ഞ പണ്ഡിതരെ തെരഞ്ഞുപിടിച്ച് വധിക്കലായിരുന്നു. ബൈഅത്ത് ലംഘിച്ച് ഹജ്ജാജിനെതിരെ നിന്നത് കുഫ്റാണെന്ന് സമ്മതിക്കുന്നവരെ മാത്രമാണ് അദ്ദേഹം വെറുതെ വിട്ടിരുന്നത്.
ഇങ്ങനെ ഹജ്ജാജിനെതിരെ നിന്നവരില്‍ ഒരാളായിരുന്നു സഈദുബ്നു ജുബൈര്‍. ഒളിവിലായിരുന്ന സഈദിനെ മക്ക ഗവര്‍ണര്‍ ഖാലിദ് പിടികൂടി ഹജ്ജാജിന്റെ മുമ്പാകെ ഹാജരാക്കി. ബൈഅത്ത് ലംഘനം കുഫ്റാണെന്ന് സമ്മതിക്കാന്‍ ആ മഹാ പണ്ഡിതന് സന്നദ്ധനായില്ല. ഹജ്ജാജിന്റെ പരിഹാസ ചോദ്യങ്ങള്‍ക്ക് നെഞ്ചുറപ്പോടെ അദ്ദേഹം ഉത്തരം പറഞ്ഞു. ഇളിഭ്യനായ ഹജ്ജാജ് ഒടുവില്‍ സഈദുബ്നു ജുബൈറിനെ കൊല്ലാന്‍ ആരാച്ചാര്‍ക്ക് കല്പന നല്കി.
ആരാച്ചാരുടെ ഖഡ്ഗം തന്റെ പിരടിയില്‍ വീഴും മുമ്പ് സഈദ് ഒരു നിമിഷം, പ്രാര്‍ഥനാനിരതനായി: ”അല്ലാഹുവേ, എനിക്കുശേഷം മറ്റൊരാളെയും കൊല്ലാന്‍ ഇയാളെ നീ ബാക്കിവെക്കരുതേ.”
അടുത്ത നിമിഷം സഈദിന്റെ ശിരസ്സ് നിലത്ത് വീണുരുണ്ടു. ക്രി. 714 (ഹി. 95)ല്‍ ഒരു നോമ്പ് കാലത്തായിരുന്നു ഈ ശഹാദത്ത്.
ഭക്തനായ തന്റെ അടിമയുടെ മനംനൊന്തുള്ള പ്രാര്‍ഥന അല്ലാഹു കേട്ടു. രണ്ടാഴ്ച പിന്നിടും മുമ്പ് തന്നെ ഹജ്ജാജിന് ഉറക്കം നഷ്ടപ്പെട്ടു തുടങ്ങി. ശക്തമായ പനിയും ബാധിച്ചു. വൈകാതെ ഹജ്ജാജിനെത്തേടിയും മരണമെത്തി.
ഭക്തനായ പണ്ഡിതന്
അബൂഅബ്ദില്ല സഈദുബ്നു ജുബൈര്‍ ക്രി. 665 (ഹി.46)ല്‍ ജനിച്ചു. എത്യോപ്യക്കാരനായ അടിമയായിരുന്നു ഈ അസദ് ഗോത്രക്കാരന്‍. അമവി ഖിലാഫത്തിലായിരുന്നു ജനനവും ജീവിതവും. നരച്ച താടിയും തലമുടിയും. കുറുത്തിരുണ്ട മേനി. എന്നാല്‍ അകമേ സൂക്ഷിച്ച ദൈവഭക്തി പുറം കറുപ്പിന് അഴകായി. ആര്‍ജിച്ച വിജ്ഞാനം അദ്ദേഹത്തെ ആദരണീയനുമാക്കി.
വിജ്ഞാന തൃഷ്ണയുമായി വളര്‍ന്ന സഈദിന് ഇബ്നു അബ്ബാസാ(റ)ണ് ദാഹം തീര്‍ത്തിരുന്നത്. ഖുര്‍ആനും വ്യാഖ്യാനവും ഹദീസും കര്‍മശാസ്ത്രവും ഖുര്‍ആന്‍ പാരായണവും ഇബ്നു അബ്ബാസില്‍ നിന്നാണ് സഈദ് പഠിച്ചത്.
ഇബ്നു അബ്ബാസിന്(റ) പുറമെ അബ്ദുല്ലാഹിബ്നു മുഗഫ്ഫല്‍, അദിയ്യുബ്നു ഹാതിം, അബൂമുസല്‍ അശ്അരി, ആഇശ, ഇബ്നു ഉമര്‍(റ) തുടങ്ങിയവരില്‍ നിന്നും അദ്ദേഹം ഹദീസുകള്‍ നിവേദനം ചെയ്തു.
സൂക്ഷ്മതയിലും പാണ്ഡിത്യത്തിലും സമകാലികരില്‍ അതുല്യനായിരുന്ന അദ്ദേഹം കൂഫയിലാണ് ശിഷ്ട ജീവിതത്തിനായി എത്തിയത്. വര്‍ഷത്തില്‍ ഓരോ ഉംറയും ഹജ്ജും അദ്ദേഹം ചെയ്തു. മിക്ക പകലിലും നോമ്പെടുത്തു. എല്ലാ രാത്രികളിലും നിശാനമസ്കാരം നിര്‍വഹിച്ചു. മൂന്നു ദിവസം കൊണ്ട് ഈ നമസ്കാരങ്ങളില്‍ ഖുര്‍ആന്‍ ഒരാവര്‍ത്തി ഓതിത്തീര്‍ക്കും.
റമദാന് രാവുകളില്‍ ജനങ്ങള്‍ക്ക് ഇമാമായി നില്ക്കുമ്പോള് ഒരു ദിവസം ഇബ്നു മസ്ഊദിന്റെ പാരായണ രീതിയാണ് അവലംബിക്കുക. അടുത്ത ദിവസം സൈദുബ്നു സാബിത്തിന്റെതായിരിക്കും. മൂന്നാം നാള് മറ്റൊരു രീതിയിലായിരിക്കും പാരായണം. അത്രയേറെ പാരായണ വിദഗ്ധനായിരുന്നു സഈദ്.
ഇബ്നു അബ്ബാസിനോട് മതവിധി ചോദിച്ചെത്തുന്ന കൂഫ നിവാസികളോട് അദ്ദേഹം പറയുമായിരുന്നു, നിങ്ങള്‍ക്കിടയില്‍ സഈദുബ്നു ജുബൈറില്ലേ എന്ന്. ഇതുമാത്രം മതി ആ പണ്ഡിതവര്യന്റെ മഹത്വം തിരിച്ചറിയാന്‍.
