സഈദുബ്‌നു മുസയ്യിബ്
അമീറുല്‍ മുഅ്മിനീന്‍ അബ്ദുല്‍ മലിക്കിബ്‌നി മര്‍വാന്‍ ഹജ്ജിനെത്തിയതാണ്. മദീന മുനവ്വറ സന്ദര്‍ശിച്ച അദ്ദേഹം ഏതാനും നാളുകള്‍ പ്രിയ നബിയുടെ നഗരിയില്‍ തങ്ങാന്‍ തീരുമാനിച്ചു. വിജ്ഞാന സമ്പന്നമായ മസ്ജിദുന്നബവിയിലെ ക്ലാസ്സുകളായിരുന്നു അബ്ദുല്‍മലിക്കിന്റെ ലക്ഷ്യം.
ഒരു നാള്‍, ഉച്ചയുറക്കം അദ്ദേഹത്തിന്റെ കണ്ണുകളെ തഴുകിയില്ല. വിരസതയനുഭവപ്പെട്ട അമീറുല്‍ മുഅ്മിനീന്‍ തന്റെ അംഗരക്ഷകരിലൊരാളെ മസ്ജിദിലേക്കു വിട്ടു, ഒരു പണ്ഡിതനെ കൊണ്ടു വന്ന് അദ്ദേഹവുമായി സംസാരിച്ചിരുന്ന് വിജ്ഞാനം നേടാന്‍.

അംഗരക്ഷകന്‍ പള്ളിയിലെത്തി. ഒരു തൂണിന് താഴെ ഒരു വിജ്ഞാന സദസ്സ് കണ്ടു. കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്ന ശിഷ്യര്‍ക്കുമുന്നില്‍ സാത്വികനായി ക്ലാസ്സ് നടത്തുന്ന ഒരു ഗുരു. പ്രായം അറുപതിനോടടുത്തു കാണും. പ്രസന്നമായ മുഖം നീണ്ട താടി.
അല്പം അകലെ നിന്ന് അംഗരക്ഷകന്‍ കൈകൊണ്ട് ആംഗ്യം വഴി ഗുരുവിനെ മാടിവിളിച്ചു. എന്നാല്‍ അദ്ദേഹം അത് ഗൗനിച്ചില്ല. അല്പം ജാള്യത്തോടെ അയാള്‍ അടുത്തു വന്നു പറഞ്ഞു.
”അമീറുല്‍ മുഅ്മിനീന് ഇന്ന് ഉച്ചയുറക്കം നടന്നില്ല. സംസാരിച്ചിരിക്കാന്‍ അദ്ദേഹത്തിന് ഒരു പണ്ഡിതനെ വേണം. വരൂ.”
”ഞാന്‍ അബ്ദുല്‍ മലിക്കിന്റെ വിദൂഷകനല്ലല്ലോ.’ ഗുരുവിന്റെ മറുപടി അംഗരക്ഷകനെയും ശിഷ്യരെയും ഒരു പോലെ ഞെട്ടിച്ചു.
”ഹദീസ് പണ്ഡിതനെയാണ് അമീറുല്‍ മുഅ്മിനീന് വേണ്ടത്.” അംഗരക്ഷകന്‍ അധികാര സ്വരം വിടാതെ പറഞ്ഞു. ഗുരുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:
”വിജ്ഞാനം തേടി ആളുകള്‍ ഇങ്ങോട്ട് വരട്ടെ. ആളെത്തേടി വിദ്യ അങ്ങോട്ടു പോകാറില്ല. താങ്കളുടെ അമീറിനോട് ഇവിടെ വന്നിരിക്കാന്‍ പറയൂ.”
അംഗരക്ഷകന്‍ അബ്ദുല്‍ മലിക്കിന്റെ സന്നിധിയില്‍ ചെന്ന് സംഭവം കേള്‍പ്പിച്ചു. എല്ലാം സശ്രദ്ധം ശ്രവിച്ച് അദ്ദേഹം ഒരു ദീര്‍ഘശ്വാസം വിട്ടു. എന്നിട്ട് പറഞ്ഞു. ”നീ അദ്ദേഹത്തെ വിളിക്കേണ്ടിയിരുന്നില്ല. സഈദുബ്‌നുല്‍ മുസയ്യിബാണത്. മദീനയിലെ പണ്ഡിതരുടെ നേതാവ്. സത്യത്തിലും നീതിയിലും അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഗൗനിക്കാത്ത മഹാജ്ഞാനി.”
അംഗരക്ഷകന് അപ്പോഴാണ് ആ ഗുരുവിന്റെ മഹത്വം മനസ്സിലായത്.
ജനനം, ജീവിതം
ഖുറൈശി ഗോത്രത്തിലെ മഖ്‌സൂം കുടുംബത്തില്‍ ഹിജ്‌റ 15ല്‍ സഈദ് പിറന്നു. പിതാവ് മുസയ്യിബും മാതാവ് ഉമ്മു സഈദും. ഉമറി(റ)ന്റെ ഭരണകാലത്താണ് മദീനയില്‍ സഈദിന്റെ ബാല്യകാലം.
വിജ്ഞാന ദാഹം നെഞ്ചേറ്റിയ ആ ബാലന്‍ അക്കാലത്തെ സഹാബി പ്രമുഖരുടെയെല്ലാം സദസ്സിലെ സാന്നിധ്യമായിരുന്നു. ഉമര്‍, ഉസ്മാന്‍, അലി, ഇബ്‌നു അബ്ബാസ്, ഇബ്‌നു ഉമര്‍, നബി പത്‌നിമാരായ ആഇശ, ഉമ്മു സലമ എന്നിവര്‍ക്കുപുറമെ അബൂഹുറയ്‌റ, സൈദുബ്‌നു സാബിത്ത്, സഅ്ദുബ്‌നു അബീവഖാസ്(റ) തുടങ്ങിയവരുടെയും ശിഷ്യനാകാനുള്ള അപൂര്‍വ ഭാഗ്യവും ലഭിച്ചു സഈദിന്.
ഖലീഫ ഉമറി(റ)നും അബൂഹുറയ്‌റക്കുമൊപ്പം സദാ സമയംചെലവിട്ട ഈ വിജ്ഞാന കുതുകി ഇവരില്‍ നിന്ന് നിരവധി ഹദീസുകള്‍ നിവേദനവും ചെയ്തു. പിതാവ് വഴി ഖുറൈശിയും മാതാവ് വഴി ഉമയ്യക്കാരനുമായ സഈദ് തന്റെ പ്രിയ ഗുരുവും നിര്‍ധനനുമായ അബൂഹുറയ്‌റ(റ)യുടെ പുത്രിയെയാണ് ജീവിതസഖിയാക്കിയത്. തിരുനബിയുമായി അബൂഹുറയ്‌റ(റ)ക്കുണ്ടായിരുന്ന അടുപ്പമാണ് സഈദ് പരിഗണിച്ചത്.
താബിഉകളുടെ നേതാവ്
ഹദീസിലും കര്‍മശാസ്ത്രത്തിലും അഗാധ പാണ്ഡിത്യം നേടിയ സഈദുബ്‌നുല്‍ മുസയ്യിബ് മസ്ജിദുന്നബവിയിലെ ഗുരുസ്ഥാനീയരില്‍ പ്രമുഖനായി. ‘മദീന നിവാസികളിലെ പണ്ഡിതന്‍’, ‘താബിഉകളുടെ നേതാവ്’ എന്നീ പേരുകളില്‍ അദ്ദേഹം വിശ്രുതനായി.
”നിഷിദ്ധവും അനുവദനീയവുമായ (ഹറാമും ഹലാലും) കാര്യങ്ങള്‍ ഇത്ര വ്യക്തമായി അറിയുന്ന ഒരു പണ്ഡിതനെയും ഞാന്‍ കണ്ടിട്ടില്ല, സഈദുബ്‌നു മുസയ്യിബിനെയല്ലാതെ” ഒരിക്കല്‍ ഖതാദ പറഞ്ഞു. കര്‍മശാസ്ത്ര വിധികള്‍ തീര്‍പ്പാക്കാന്‍ സഈദിന്റെ അവലംബങ്ങളുടെ ക്രമം ഇതാണ്. ഖുര്‍ആന്‍, നബിചര്യ, ഇജ്മാഅ്, ഖിയാസ്, സ്വഹാബികളുടെ വാക്കുകള്‍.
മസ്ജിദുന്നബവിയില്‍ ജീവിതം സമര്‍പ്പിച്ച ഈ പണ്ഡിത സൂര്യന്‍ അവിടുത്തെ വിജ്ഞാന കുതുകികളുടെ ആശ്രയമായി. മസ്ജിദുന്നബവിയില്‍ 40 വര്‍ഷക്കാലം തുടര്‍ച്ചയായി ജമാഅത്ത് നമസ്‌കാരങ്ങളില്‍ അദ്ദേഹം പങ്കെടുത്തതായി ചരിത്രം പറയുന്നു. അതില്‍ മിക്കതിലും ഒന്നാം വരിയില്‍തന്നെ അദ്ദേഹമുണ്ടായിരുന്നു.
”അല്ലാഹുവിനെ അനുസരിച്ചാരാധിക്കുന്നതിലാണ് അന്തസ്സ്. അവനെ ധിക്കരിക്കുന്നതില്‍ അപമാനവും” സഈദിന്റെ സന്ദേശം ഇതായിരുന്നു. പരീക്ഷണ ഭരിതമായിരുന്നു സഈദുബ്‌നുല്‍ മുസയ്യിബിന്റെ ജീവിതം. സുന്ദരിയായ അദ്ദേഹത്തിന്റെ മകളെ ഒരിക്കല്‍ അമീറുല്‍ മുഅ്മിനീന്‍ അബ്ദുല്‍ മലികിന്റെ മകന്‍ വലീദ് വിവാഹാന്വേഷണം നടത്തി. എന്നാല്‍ സഈദ് തന്റെ മകളെ രാജകുമാരിയാക്കാന്‍ വിട്ടില്ല. അവള്‍ കൊട്ടാരത്തില്‍ ജീവിച്ചാല്‍ ദീന്‍ മറക്കും എന്നായിരുന്നു പിതാവിന്റെ ആവലാതി.
വൈകാതെ മകള്‍ക്ക് ഒരു വരനെ കണ്ടെത്തുകയും ചെയ്തു അദ്ദേഹം. തന്റെ ശിഷ്യനും നിര്‍ധനനും ആദ്യ ഭാര്യയുടെ മരണത്തെ തുടര്‍ന്ന് ദുഃഖമനുഭവിക്കുന്നവനുമായിരുന്ന ഒരു യുവാവിനെ. രണ്ട് ദിര്‍ഹമായിരുന്നു മഹ്‌റ്.
അബ്ദുല്ലാഹിബ്‌നു സുബൈറിന് ബൈഅത്ത് ചെയ്യാന്‍ സഈദ് വിസ്സമ്മതിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇബ്‌നു സുബൈറിന്റെ പ്രതിനിധി സഈദുബ്‌നു മുസയ്യിബിന് 60 ചാട്ടവാര്‍ അടി വിധിച്ചു. അബ്ദുല്‍ മലിക്കുബ്‌നു മര്‍വാന്‍ തന്റെ മക്കളായ വലീദിനെയും സുലൈമാനെയും പിന്‍ഗാമികളാക്കിയുള്ള കരാര്‍ അംഗീകരിക്കാനും സഈദ് കൂട്ടാക്കിയില്ല. അതിനും കിട്ടി ആ മഹാനുഭാവന് 60 ചാട്ടവാര്‍ പ്രഹരം.
ഹി. 94ല്‍ ആ ധന്യ ജീവിതത്തിന് അന്ത്യമായി.
