സ്ത്രീ: സ്വത്വം
സ്ത്രീ: സ്വത്വം എന്നത് സ്ത്രീയുടെ വ്യക്തിത്വം, മാന്യത, അവകാശങ്ങള്‍, ഉത്തരവാദിത്വങ്ങള്‍ എന്നിവയെ സൂചിപ്പിക്കുന്ന ആശയമാണ്. സ്ത്രീ ഒരു സ്വതന്ത്ര വ്യക്തിയായി കുടുംബത്തിലും സമൂഹത്തിലും നിലകൊള്ളുന്നു. വിശ്വാസം, വിദ്യാഭ്യാസം, സാമൂഹ്യ ഇടപെടല്‍ എന്നീ മേഖലകളില്‍ സ്ത്രീയ്ക്ക് വ്യക്തമായ സ്ഥാനം ഉണ്ടെന്ന് ഇസ്‌ലാം വ്യക്തമാക്കുന്നു. സ്ത്രീയുടെ സ്വത്വം സംരക്ഷിക്കുകയും ആദരിക്കുകയും ചെയ്യുന്നതാണ് സമതുലിതമായ സമൂഹത്തിന്റെ അടിസ്ഥാനം.
പുരുഷനെ സൃഷ്ടിച്ച അതേ അസ്തിത്വത്തില്‍ നിന്നുതന്നെ ദൈവം സൃഷ്ടിച്ച സ്വതന്ത്രമുള്ള വിഭാഗമാണ് സ്ത്രീ. അവര്‍ പരസ്പരം സഹകരിച്ച് ഇണകളായി ജീവിക്കുമ്പോഴാണ് മനുഷ്യരാശി വളരുന്നതും വികസിക്കുന്നതും. അതാണ് കുടുംബം. ഇതാണ് മതകീയ വീക്ഷണം. ലോകചരിത്രത്തില്‍ ഏറ്റവുമധികം ആളുകള്‍ അംഗീകരിച്ചതും യാഥാര്‍ഥ്യത്തോട് ചേര്‍ന്നു നില്ക്കുന്നതുമാണ് ഈ വീക്ഷണം.
‘പ്രകൃതിയുടെ ഒരു സ്വതന്ത്ര സൃഷ്ടിയാണ് സ്ത്രീ. അവളെ പുരുഷ സഹായിയും അവന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങി കഴിയേണ്ടവളുമെല്ലാമാക്കി മാറ്റിയത് മതവും പുരുഷമേധാവിത്വവും ചേര്‍ന്നാണ്. സ്ത്രീ അനുഭവിക്കുന്ന വിവേചനങ്ങള്‍ക്കെല്ലാം ഇതാണ് കാരണമായത്’. മനുഷ്യരാശിയെ മൂലധന വീക്ഷണത്തിലൂടെ മാത്രം സമീപിച്ച ഭൗതിക തത്ത്വശാസ്ത്രത്തിന്റെതാണ് ഈ രണ്ടാം വീക്ഷണം.
പ്രത്യേക ധാരണകള്‍ വെച്ച് എഴുതിയ വികലചിന്തകള്‍ എന്നല്ലാതെ ഈ വീക്ഷണത്തില്‍ കഴമ്പില്ല. മതങ്ങളില്‍ മനുഷ്യരുണ്ടാക്കിയ കൈകടത്തലുകള്‍ ദൈവദത്തമായ പ്രകൃതിയെ അട്ടിമറിക്കാനും തന്റെ തന്നെ അസ്തിത്വത്തില്‍ നിന്ന് ഉരുവംകൊണ്ട സ്ത്രീയെ അടിച്ചമര്‍ത്താനും ചരിത്ര കാലങ്ങളിലെല്ലാം നിമിത്തമായി എന്നത് നേരാണ്. എന്നാല്‍ അക്കാരണത്താല്‍ ചരിത്ര യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നത് ശരിയല്ല.
സ്ത്രീ എക്കാലത്തും വിവേചനങ്ങള്‍ക്കും അനീതിക്കുമിരയായിട്ടുണ്ട്. എന്നാല്‍ എന്താണ് അനീതി എന്നും വിവേചനം എന്നും നിര്‍വചിക്കുന്നിടത്ത് വീക്ഷണവ്യത്യാസങ്ങളുണ്ട്.
സ്ത്രീയുടെ ജന്മപ്രകൃതത്തിലെ വ്യത്യാസം പോലെത്തന്നെ ജീവിത ഇടപെടലുകളിലും വ്യത്യസ്തത പുലര്‍ത്തിയിട്ടുണ്ട് എന്നതാണ് മാനവ ചരിത്രം. ലോകത്ത് ഉദിച്ചു ശോഭിച്ച സമൂഹങ്ങളുടെയും ദ്രവിച്ച് നശിച്ച ജനതതികളുടെയും ചരിത്രങ്ങളിലെല്ലാം നമുക്കിത് വീക്ഷിക്കാന്‍ സാധിക്കും. പുരോഗമനത്തിന്റെ അവകാശവാദങ്ങളുമായി നിലനില്‍ക്കുന്ന വര്‍ത്തമാന കാലവും ഇതില്‍ നിന്ന് ഭിന്നമല്ല.
പതിറ്റാണ്ടുകളായി സ്ത്രീ സ്വാതന്ത്ര്യവാദികള്‍ക്ക് വെള്ളവും വളവും നല്കി പോറ്റിയ രാഷ്ട്രീയ കൂട്ടായ്മകളില്‍ പോലും സ്ത്രീ സമത്വം നടപ്പാക്കി കാണിക്കാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല, ആരോപിത സമൂഹങ്ങളിലുള്ളതിനെക്കാള്‍ പതിതാവസ്ഥയിലാണ് അവിടങ്ങളിലെ സ്ത്രീ പദവി.
മനുഷ്യരില്‍ മാത്രമല്ല സകല പ്രകൃതിപ്രതിഭാസങ്ങള്‍ക്കും അവയുടെതായ വ്യത്യസ്തതകളും വിഭിന്നമായ ശേഷികളുമുണ്ടെന്നും അത് അവയുടെ സ്വത്വത്തിന്റെ ഭാഗമാണെന്നും അതിന്റെതായ വ്യതിരിക്തതകള്‍ പരിഗണിക്കപ്പെടുമ്പോഴാണ് നീതിയും തുല്യതയും നടപ്പിലാകുന്നത് എന്നുമുള്ള പ്രാഥമിക സത്യം വിസ്മരിക്കരുത്. ചിലര്‍ വിഭാവനം ചെയ്യുന്ന പോലെ ചില പ്രത്യേക സ്വാതന്ത്ര്യങ്ങള്‍ കിട്ടിയതു കൊണ്ടു മാത്രം വിമോചിതയായ, പീഡനങ്ങളും പ്രശ്‌നങ്ങളുമില്ലാത്ത ഒരു അവസ്ഥ സ്ത്രീക്ക് സാധ്യമാകണം എന്നില്ല. കാരണം ഇന്ന് സ്വാതന്ത്ര്യമെന്നും വിമോചനമെന്നും തുല്യത എന്നുമെല്ലാം പറയുന്ന പലതും അടിസ്ഥാന രഹിതവും ഉപരിപ്ലവവുമാണ്.
സ്ത്രീ: മതകീയ സമൂഹങ്ങളില്‍
‘ആദം എന്ന മനുഷ്യനാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത്. ശേഷം അവന്ന് ഇണയായി ഹവ്വാഅ് എന്ന സ്ത്രീയെ സൃഷ്ടിച്ചു. ഇങ്ങനെ സൃഷ്ടിക്കപ്പെട്ട ആദമെന്ന ആദ്യ പുരുഷനും ഇണയായ ഹവ്വയും സ്വര്‍ഗലോകത്ത് താമസിച്ചു. അവര്‍ക്ക് കൂട്ടു കുടുംബമായും സമൂഹമായും ജീവിക്കാനാവശ്യമായ വിഭവങ്ങളൊരുക്കിയ ശേഷം ദൈവം അവരെ ഭൂമിയിലേക്ക് അയക്കുകയും ചെയ്തു’.
ഇതാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്ന മനുഷ്യോത്പത്തിയുടെ സംക്ഷിപ്തരൂപം. മുന്‍വേദങ്ങളായ തൗറാത്തിന്റെയും ഇഞ്ചീലിന്റെയും മാറ്റം വരുത്തപ്പെട്ട രൂപങ്ങളായ ബൈബിള്‍ പഴയനിയമം, പുതിയ നിയമം എന്നിവയും വിശദീകരിക്കുന്നത് ഏതാണ്ട് ഇങ്ങനെത്തന്നെയാണ്. മതങ്ങള്‍ ഉദ്‌ഘോഷിക്കുന്ന മനുഷ്യോത്പത്തി ചരിത്രത്തെ വെല്ലുവിളിച്ച് കടന്നുവന്ന ഊഹാധിഷ്ഠിതമായ ഒറ്റപ്പെട്ട പഠനങ്ങള്‍ ഡാര്‍വിനില്‍ അവസാനിച്ചു. അദ്ദേഹത്തിന്റെ പരിണാമവാദമെന്ന മനുഷ്യോത്പത്തി സിദ്ധാന്തം തെളിവുകള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ കാലഹരണപ്പെടുകയായിരുന്നു.
ദൈവം നിശ്ചയിച്ച കുടുംബ-സമൂഹ രംഗങ്ങളില്‍ ന്യായമായ അസ്തിത്വവും വ്യക്തിത്വവും അനുവദിക്കപ്പെട്ടവളും അനുഭവിച്ചവളുമാണ് സ്ത്രീ. അതുകൊണ്ടാണ് വേദങ്ങളുടെ മാറ്റിമറിക്കപ്പെട്ടിട്ടില്ലാത്ത നിയമങ്ങളില്‍ അവള്‍ക്ക് ഏറെ സുരക്ഷയും സ്വസ്ഥതയും നേടാനാവശ്യമായ നിയമങ്ങള്‍ കാണുന്നത്. എന്നാല്‍, വര്‍ഗ ശത്രുവായ പിശാചിന്റെ പ്രലോഭനങ്ങളില്‍ വശംവദനായ മനുഷ്യന്‍ എന്നും ദൈവിക കല്‍പനകളില്‍ നിന്ന് വഴിതെറ്റിക്കപ്പെട്ടു.
നേര്‍ വഴിയിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ദൈവം അവരിലേക്ക് ദൂതന്മാരെ അയച്ചു. അവര്‍ വേദങ്ങള്‍ നല്കിയും അല്ലാതെയും സമൂഹത്തെ ഉദ്ധരിക്കാനുള്ള ഉദ്‌ബോധനങ്ങള്‍ നടത്തി. അവരുടെ കാലം കഴിഞ്ഞ് അധികം വൈകാതെ വീണ്ടും മനുഷ്യര്‍ ദൈവകല്പനകളില്‍ നിന്ന് വഴിമാറിക്കൊണ്ടിരുന്നു. ഈ വഴിമാറലുകളുടെ ഭാഗമായാണ് സമൂഹത്തിലെ അബലരെ ആശ്രിതരാക്കുക എന്ന ജന്തുസഹജവാസന അവനില്‍ കടന്നുവരുന്നത്. അങ്ങനെയാണ് സ്ത്രീകളും കുട്ടികളും മറ്റു ദുര്‍ബല വിഭാഗങ്ങളുമെല്ലാം തങ്ങളുടെ ഇംഗിതങ്ങള്‍ക്കനുസരിച്ച് നീങ്ങാവുന്ന വിധം മതനിയങ്ങളെ വളച്ചൊടിക്കാന്‍ അതാതു സമൂഹങ്ങളിലെ ശക്തരെ പ്രചോദിപ്പിച്ചത്. ഇതാണ് സ്ത്രീ മനുഷ്യനാണോ അല്ലേ എന്നു ചര്‍ച്ച ചെയ്യാന്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ പോലും ഫ്രാന്‍സില്‍ സമ്മേളം സംഘടിപ്പിക്കാന്‍ കാരണമായത്. അങ്ങനെ അവര്‍ സ്ത്രീയെ ഖുര്‍ആനില്‍ പറഞ്ഞ ഇണ എന്ന സ്ഥാനത്തു നിന്ന് അടിമ എന്ന അവസ്ഥയിലേക്ക് തരം താഴ്ത്തി.
സ്ത്രീ ഹിന്ദു മതത്തില്‍
സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ളതാണ് ഭാരതീയ സംസ്‌കൃതി. ഹൈന്ദവതയാണ് അതിന്റെ അടിത്തറ. പുരാണങ്ങളും ഇതിഹാസങ്ങളും വേദങ്ങളും സ്മൃതികളുമെല്ലാം ഉണ്ടെങ്കിലും വൈയക്തികമോ സാമൂഹികമോ ആയ ജീവിതത്തിന്റെ ദിശ നിര്‍ണയിക്കുന്ന പ്രമാണങ്ങളായി അവ കല്പിക്കപ്പെടാറില്ല. ഹൈന്ദവത ഒരു മതമാണെന്ന് പറയപ്പെടാറില്ല. അതൊരു ധര്‍മമോ സംസ്‌കാരമോ ആയാണ് വ്യവഹരിക്കപ്പെടാറുള്ളത്. ഏതായിരുന്നാലും പാരമ്പര്യങ്ങളും നാട്ടുനടപ്പുകളുമാണ് പ്രായോഗിക തലത്തില്‍ ഹൈന്ദവ സമൂഹത്തില്‍ പ്രചാരത്തിലുള്ളത്.
വേദകാലത്ത് ഹൈന്ദവ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് പുരുഷനോളം തന്നെ പ്രാധാന്യമുണ്ടായിരുന്നു. പൂണൂല്‍ ധരിക്കുന്നതിനോ വേദം അഭ്യസിക്കുന്നതിനോ അവര്‍ക്ക് തടസ്സമുണ്ടായിരുന്നില്ല. പാണിനി ആചാര്യണികളെന്നും ഉപധ്യായകളെന്നും സ്ത്രീകളെ അക്കാലഘട്ടത്തില്‍ വിശേഷിപ്പിച്ചിരുന്നത് അതുകൊണ്ടാണ്. തപസ്സനുഷ്ഠിക്കുവാനും ജപമന്ത്രങ്ങളുരുവിടുവാനും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. സ്ത്രീകള്‍ യുദ്ധങ്ങള്‍ക്കു പോലും നേതൃത്വം നല്കിയതായും ഋഗ്വേദത്തില്‍ പറയുന്നുണ്ട്.
വേദകാലഘട്ടത്തിനു ശേഷം സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യം നല്കിയിരുന്ന സാമൂഹികാവസ്ഥയ്ക്ക് മാറ്റം വരാന്‍ തുടങ്ങി. സ്ത്രീ പാപയോനിയില്‍ ജനിച്ച അശുദ്ധയാണെന്ന ചിന്ത ആചാര്യന്മാരെപ്പോലും സ്വാധീനിച്ചു. സ്ത്രീകള്‍ സമ്പാദനത്തില്‍ നിന്നും അനന്തരാവകാശങ്ങളില്‍ നിന്നും തടയപ്പെടാനും ആര്‍ത്തവ സമയത്ത് അകറ്റി നിര്‍ത്തപ്പെടാനും ഇതു കാരണമായി.
ജാതീയതയും ജാതികള്‍ തമ്മിലുള്ള ഉച്ചനീചത്വ സങ്കല്പങ്ങളും തത്ഫലമായുണ്ടാകുന്ന തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമൊന്നും പ്രമാണബദ്ധമായ തത്ത്വങ്ങളല്ല. നൂറ്റാണ്ടുകള്‍ നീണ്ട പൗരോഹിത്യത്തിന്റെ സൃഷ്ടികളും ചൂഷണോപാധികളുമാണ്. ഒട്ടേറെ അന്ധവിശ്വാസങ്ങളും ബ്രാഹ്‌മണന്റെ എച്ചിലിലയില്‍ താഴ്ന്നവര്‍ കിടന്നുരുളുന്നതു പോലുള്ള അനാചാരങ്ങളും നിരപരാധിയും നിരാലംബയുമായ വിധവ, ഭര്‍ത്താവിന്റെ ചിതയില്‍ ചാടി മരിക്കണമെന്ന സതി പോലുള്ള അത്യാചാരങ്ങളും ഹൈന്ദവതയുടെ പേരില്‍ ഉയര്‍ന്നു വന്നു. അവയില്‍ പലതും ഹൈന്ദവരില്‍ നിന്നുതന്നെയുള്ള ഉത്പതിഷ്ണുക്കള്‍ രംഗത്തു വന്ന് ഇല്ലായ്മ ചെയ്തു. ചിലത് നിയമം മൂലം നിരോധിച്ചു.
ബ്രാഹ്‌മണ്യവും ജാതീയതയും നിലനിന്നിരുന്ന ഹൈന്ദവ സമൂഹങ്ങളില്‍ സ്ത്രീകള്‍ക്ക് പരിഗണന ലഭിച്ചിരുന്നില്ല എന്നു മാത്രമല്ല സാമൂഹിക ജീര്‍ണതകളില്‍ മിക്കതിന്റെയും ഇരകള്‍ സ്ത്രീകളായിരുന്നു. ‘ഉയര്‍ന്ന ജാതി’യില്‍പ്പെട്ട സ്ത്രീകള്‍ അന്തഃപുരങ്ങളിലും പുറത്തിറങ്ങിയാല്‍ മറയ്ക്കു പിന്നിലും കഴിയേണ്ടി വന്നു. ‘താഴ്ന്ന ജാതി’ക്കാരായ സ്ത്രീകള്‍ക്കാവട്ടെ തങ്ങളുടെ മാറു മറയ്ക്കാന്‍ പോലും സ്വാതന്ത്ര്യമില്ലായിരുന്നു. സ്ത്രീകളുടെ ഈ ദുരവസ്ഥയ്‌ക്കെതിരെ മലയാളക്കരയില്‍ രംഗത്തു വന്ന പരിഷ്‌കര്‍ത്താക്കളാണ് ശ്രീനാരായണ ഗുരുവും അയ്യങ്കാളിയുമൊക്കെ. സ്ത്രീകളെ അടുക്കളയില്‍ നിന്ന് അരങ്ങത്തെത്തിക്കുന്നതില്‍ വി.ടി. ഭട്ടതിരിപ്പാടിന്റെ സാമൂഹിക സാഹിത്യ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. മലയാളത്തിലെ ലക്ഷണമൊത്ത പ്രഥമ നോവല്‍ ‘ഇന്ദുലേഖ’യുടെ ഇതിവൃത്തവും സന്ദേശവും ഹൈന്ദവ സമൂഹത്തിലെ പീഡിതരായ സ്ത്രീകളുടെ മോചന മുദ്രാവാക്യമായിരുന്നു. ദായക്രമത്തില്‍ ഹൈന്ദവസ്ത്രീകള്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിച്ചത് അടുത്ത കാലത്തെ നിയമനിര്‍മാണത്തിലൂടെയാണ്.
ഹിന്ദു ധര്‍മത്തില്‍ സ്ത്രീ ഉന്നതസ്ഥാനീയയാണെങ്കിലും സമൂഹത്തില്‍ പ്രായോഗിക ജീവിതത്തില്‍ സ്ത്രീകള്‍ക്ക് നീതി ലഭിക്കാന്‍ തുടങ്ങിയത് ഈയടുത്ത കാലത്താണ്.
സ്ത്രീ: ജൂത ക്രൈസ്തവ മതങ്ങളില്‍
ജൂത സമൂഹം മോശെ പ്രവാചകന്റെ അനുചരന്മാരും പിന്‍ഗാമികളുമാണ്. അവര്‍ ധിക്കാരിയായ ഫിര്‍ഔനിന്റെ ദൈവവിശ്വാസിയായ ഭാര്യയെ മഹത്തായ പദവിയിലിരുത്തിയ മത സംസ്‌കാരത്തിന്റെ ആളുകളാണ്. എന്നാല്‍, കാലം കടന്നുപോയപ്പോള്‍ ജൂത സമൂഹവും സ്ത്രീകളെ നികൃഷ്ടരായി കാണുന്ന അവസ്ഥ സംജാതമായി. തൗറാത്തിന്റെ പേരില്‍ അവര്‍ ചമച്ചുണ്ടാക്കിയ പഴയ നിയമത്തില്‍ സ്ത്രീ ജന്മംകൊണ്ടു തന്നെ പാപിയാണ്. ആദം സ്വര്‍ഗത്തില്‍ നിന്ന് പുറത്താകാനുള്ള കാരണം ദൈവം വിലക്കിയ ഫലം അവള്‍ തിന്നുകയും ആദമിനെ തീറ്റുകയും ചെയ്തതാണ്. യഹോവ പറയുന്നു. ‘ഞാന്‍ നിനക്ക് കഷ്ടവും ഗര്‍ഭധാരണവും ഏറ്റവും വര്‍ധിപ്പിക്കും. നീ വേദനയോടെ മക്കളെ പ്രസവിക്കും. നിന്റെ ആഗ്രഹം നിന്റെ ഭര്‍ത്താവിനോടാകും. അവന്‍ നിന്നെ ഭരിക്കും’ (ഉത്പത്തി അദ്ധ്യായം: 3 വചനം: 16). സ്ത്രീത്വവും പ്രസവവുമെല്ലാം ആദമിനെ പിഴപ്പിച്ചതിനുള്ള ദൈവിക ശിക്ഷയായാണിവിടെ ചിത്രീകരിച്ചത്. അതിനാല്‍ തന്നെ ലൈംഗിക യന്ത്രം എന്നതില്‍ കവിഞ്ഞ യാതൊരു പങ്കും അവള്‍ക്ക് സമൂഹത്തിലുണ്ടായിരുന്നില്ല. അതു തന്നെയാണ്, ഈ ആധുനിക കാലത്ത് ടോപ്‌ലെസ് സംസ്‌കാരവും പോണ്‍ വ്യാപാരവും ജൂതരിലൂടെ വളര്‍ന്നുവരാന്‍ കാരണമായതും. സംസാരിക്കാനോ സമ്പാദിക്കാനോ ആ ദര്‍ശനം അവളെ അനുവദിച്ചില്ല. സുരക്ഷയ്ക്കായി ദൈവം നിശ്ചയിച്ച നഗ്നത മറയ്ക്കുന്ന വസ്ത്ര രീതിയും പൗരോഹിത്യം അവളില്‍ നിന്നു നീക്കി.
ക്രൈസ്തവതയുടെ സ്ത്രീ സങ്കല്പവും പഴയനിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പുരുഷന് സ്വര്‍ഗം നിഷേധിക്കപ്പെടാനും അവന്റെ സ്വസ്ഥതകെടുത്താനും കാരണക്കാരിയാണവിടെ സ്ത്രീ. സ്വര്‍ഗത്തില്‍ ആദമിന് വിലക്കപ്പെട്ട കനി അദ്ദേഹം തിന്നാന്‍ കാരണം സ്ത്രീയാണെന്നും അതിനാലാണ് പ്രസവം ശാപമായി നല്കിയതെന്നും ബൈബിള്‍ സ്ഥാപിക്കുന്നു.
അപ്പോസ്തലനായ പൗലോസ്, തിമോമൈഥയോസിനെഴുതിയ കത്തില്‍ എഴുതി: ‘സ്ത്രീ മൗനമായിരുന്ന്, പൂര്‍ണമായ ആജ്ഞാനുസരണത്തോടെ പഠിക്കേണ്ടതാണ്. ഉപദേശം നടത്തുകയോ പുരുഷന്റെമേല്‍ അധികാരം വാഴുകയോ ചെയ്യുവാന്‍ സ്ത്രീയെ ഞാന്‍ അനുവദിക്കുന്നില്ല. അടങ്ങിയൊതുങ്ങിയിരിക്കണം അവള്‍. കാരണമിതാണ്: ആദ്യം ആദാം സൃഷ്ടിക്കപ്പെട്ടു; അനന്തരം ഹവ്വായും. ആദാം സ്വയം വഞ്ചനയില്‍ പെട്ടില്ല; സ്ത്രീ വഞ്ചിച്ചിട്ടാണ് ആദാം പാപത്തില്‍ പതിച്ചത്.’
വ്യഭിചാരം കാരണം മാത്രമേ വിവാഹമോചനം പാടുള്ളൂ. വിവാഹമോചിതരെ വിവാഹം കഴിക്കാന്‍ പാടില്ല, വിവാഹമില്ലാതെ ജീവിക്കുന്നതാണ് ഉത്തമം, വേണമെങ്കില്‍ ഷണ്ഡീകരണവും ആകാവുന്നതാണ് തുടങ്ങിയവയാണ് ക്രൈസ്തവ പാഠങ്ങള്‍. ക്രൈസ്തവതയ്ക്ക് മേല്‍കോയ്മയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ത്രീക്ക് സ്വത്തവകാശവും മറ്റും ലഭിക്കുന്നത് ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രമാണ്. ജൂതര്‍ക്കെന്ന പോല ക്രൈസ്തവര്‍ക്കും സ്ത്രീ സുരക്ഷയുടെ ഭാഗമായി നിശ്ചയിച്ച വസ്ത്രരീതി അവര്‍ ‘ദൈവമണവാട്ടി’മാരായ കന്യാസ്ത്രീകള്‍ക്കു മാത്രമാക്കി ചുരുക്കുകയുണ്ടായി.
പുരാതന അറബികളിലും സംസ്‌കാരങ്ങളിലും
നബി(സ്വ) ഭൂജാതനാകുന്ന അറബി സമൂഹത്തിലും സ്ത്രീയുടെ നില പരിതാപകരമായിരുന്നു. വില്‍ക്കാനും വാങ്ങാനും വെച്ചുമാറാനുമെല്ലാമുള്ള ഒരു ഉത്പന്നമായിരുന്നു പുരാതന അറബികള്‍ക്ക് സ്ത്രീകള്‍. പെണ്‍കുഞ്ഞിനെ അപമാനവും ഭാരവുമായി കണ്ട ചില വിഭാഗങ്ങള്‍ ആ പൈതലിനെ ജീവിക്കാന്‍ അനുവദിച്ചില്ല. ഇനി അപമാനഭാരത്തോടെ രഹസ്യമായി വളര്‍ത്തിയാല്‍ അവള്‍ക്ക് സ്വത്തിലോ സ്വന്തത്തിലോ യാതൊരു അധികാരവും അനുവദിച്ചിരുന്നില്ല. ഭര്‍ത്താവ് മരിച്ചാല്‍ ഒരു വര്‍ഷം നുരുമ്പിദ്രവിച്ച വസ്ത്രവുമായി ദൂരെ കുടിലില്‍ ദുഃഖത്തില്‍ കഴിയണം. ശേഷം ഭര്‍ത്താവിന്റെ മറ്റു ഭാര്യയിലെ മൂത്ത മകന്ന് അവളെ അനന്തരമായി കിട്ടും. കണക്കില്ലാതെ വിവാഹം കഴിക്കാം, എത്ര പ്രാവശ്യവും വിവാഹമോചനം നടത്താം, മോചനം കൊടുക്കാതെ കാലങ്ങളോളം ‘ദിഹാര്‍’ എന്ന ക്രമത്തിലൂടെയും മറ്റും ഭാര്യാവകാശങ്ങളില്ലാതെ മുടക്കിയിടാം. സ്ത്രീത്വത്തിന് യാതൊരു വിലയും കല്പിക്കപ്പെടാത്ത ഇത്തരം നിയമങ്ങളായിരുന്നു ആ ബഹുദൈവാരാധകരുടെ ഇടയില്‍ ഉണ്ടായിരുന്നത്.
ആറാം നൂറ്റാണ്ടില്‍ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിലനിന്നിരുന്ന മറ്റു ഭരണക്രമങ്ങളിലും സംസ്‌കാരങ്ങളിലും സ്ത്രീപദവി വ്യത്യസ്തമായിരുന്നില്ല. അന്നത്തെ പ്രധാന സംസ്‌കാരങ്ങള്‍ നില നിന്ന ഗ്രീസ്, ഈജിപ്ത്, റോം, പേര്‍ഷ്യ എന്നിവിടങ്ങളിലൊന്നും സ്ത്രീക്ക് ആദരണീയ പദവികള്‍ ഉണ്ടായിരുന്നില്ല. ഇസ്‌ലാം എത്തിയ ഇടങ്ങളില്‍ സ്ത്രീ ഉണരുകയും ഉയരുകയും ചെയ്‌തെങ്കിലും പുരുഷന്റെ ഉപഭോഗ വസ്തുവെന്ന ഈ അവസ്ഥ മറ്റിടങ്ങളില്‍ നൂറ്റാണ്ടുകളോളം തുടര്‍ന്നു പോന്നു. പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിലാണ് യൂറോപ്പിലും മറ്റും രൂപംകൊണ്ട സാമൂഹിക കൂട്ടായ്മകളും ചിന്താപ്രസ്ഥാനങ്ങളും സ്ത്രീകളുടെ പതിതാവസ്ഥക്കെതിരെ ശബ്ദിച്ചു തുടങ്ങിയത്. അത് സ്വാഭാവികമായും അന്നുണ്ടായിരുന്ന അധികാര സമ്പ്രദായത്തിനെതിരായിരുന്നു.
മതങ്ങളുടെ പേരിലാണ് അന്ന് സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടതെന്നതിനാല്‍ മതത്തിനെതിരെയും സ്ത്രീയുടെ സുരക്ഷയ്ക്കുള്ള മത നിയമങ്ങള്‍ക്കെതിരെയും വകതിരിവില്ലാതെയുള്ള സമരമായി സ്ത്രീവിമോചനം മാറി. യൂറോപ്പിലെ സ്ത്രീവാദ പ്രസ്ഥാനങ്ങളെല്ലാം മതവിരുദ്ധതയെ മതമാക്കാന്‍ മേലധ്യക്ഷന്മാരെ നിര്‍ബന്ധിക്കുന്നിടത്തേക്കും മതനിയമങ്ങള്‍ അതിനു വഴങ്ങുന്നിടത്തേക്കും എത്താനുള്ള സാഹചര്യം അതാണ്. അവസാനം, മതത്തിന്റെ പേരില്‍ സ്ത്രീ പീഡനം നടത്തിയവര്‍ക്ക് മതം ശരിയായി അനുവദിച്ച കാര്യങ്ങളില്‍ പോലും വിട്ടുവീഴ്ച ചെയ്ത് മാറി നില്‍ക്കേണ്ടി വന്നു.
സ്ത്രീ: ഇസ്‌ലാമില്‍
അവകാശങ്ങളും ബാധ്യതകളുമുള്ള പൂര്‍ണമായ സ്വതന്ത്ര അസ്തിത്വമാണ് ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ സ്ത്രീ. ‘‘മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും സൃഷ്ടിക്കുകയും ചെയ്ത നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരുക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക; കുടുംബ ബന്ധങ്ങളെയും. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു”(4:1). കളിമണ്ണിന്റെ സത്തില്‍ നിന്നാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് എന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു (55:14).
ആദ്യമനുഷ്യനായ ആദമിന്റെ വാരിയെല്ലില്‍ നിന്നാണ് ഇണയെ പടച്ചതെന്ന അധ്യാപനം ഇസ്‌ലാമികമല്ല. പുരുഷനെപ്പോലെ തന്നെ അതേ സത്തയില്‍ നിന്ന് ദൈവം സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്തതാണ് സ്ത്രീയുടെ അസ്ഥിത്വവും. അവള്‍ക്കുള്ള ജൈവിക പ്രത്യേകതകള്‍ വിവേചനത്തിന്റെതല്ല, സൃഷ്ടി വൈവിധ്യത്തിന്റെതാണ്. ഇസ്‌ലാം സ്ത്രീയെ പുരുഷന്റെ അടിമയായോ പുരുഷനെ സ്ത്രീയുടെ ഉടമയായോ അല്ല, ഇണയായാണ് നിര്‍ണയിച്ചത്. എന്നാല്‍ പുരുഷനും സ്ത്രീയും പാരസ്പര്യത്തോടെ ജീവിക്കാന്‍ സൃഷ്ടിക്കപ്പെട്ടതാണ്. ‘‘ഒരൊറ്റ സത്തയില്‍ നിന്ന് തന്നെ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണവന്‍. അതില്‍ നിന്ന് തന്നെ അതിന്റെ ഇണയെയും അവനുണ്ടാക്കി. അവളോടൊത്ത് അവന്‍ സമാധാനമടയുവാന്‍ വേണ്ടി”(7:189). അവര്‍ പരസ്പരമുള്ള ആകര്‍ഷണവും ആശ്രിതത്വവും ദൈവിക നിശ്ചയമാണ്. ”നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്”(30:21).
സൃഷ്ടിപ്പിന്റെ തുല്യത നിലനിര്‍ത്തിക്കൊണ്ടു തന്നെ സ്ത്രീപുരുഷന്മാരുടെ മാനസികവും ശാരീരികവുമായ വൈവിധ്യങ്ങളും പ്രത്യേകതകളും അംഗീകരിക്കപ്പെടണം. അപ്പോള്‍ ആര്‍ക്കും സ്വയം നിലനില്പ് സാധ്യമല്ലെന്നും പരസ്പരാശ്രയം അനിവാര്യമാണെന്നും വരും. ഈ ആശ്രയത്തിലും രണ്ടുപേരും തുല്യരാണ്; വ്യത്യസ്തരുമാണ്. പുരുഷന്ന് ചില കാര്യങ്ങള്‍ സ്ത്രീയില്‍ നിന്നു കിട്ടിയേ മതിയാവൂ. അത് മറ്റെവിടെ നിന്നും അവന് ലഭിക്കില്ല. അതുപോലെ സ്ത്രീക്ക് ചില കാര്യങ്ങള്‍ പുരുഷനില്‍ നിന്ന് കിട്ടേണ്ടതുണ്ട്. അതിന്ന് അവള്‍ക്കും ഇതര സ്രോതസ്സുകളില്ല. എന്നാല്‍ രണ്ടുപേര്‍ക്കും ലഭിക്കേണ്ടത് ഒരേ കാര്യമല്ല. പുരുഷന്‍ സ്ത്രീയില്‍ നിന്ന് താല്‍പര്യപ്പെടുന്നതല്ല സ്ത്രീ പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നത്. സമ്പത്തല്ല, ഈ സൃഷ്ടി പ്രകൃതമാണ് വര്‍ഗീകരണത്തിന് മാനദണ്ഡമാക്കേണ്ടത്.
അങ്ങനെയാകുമ്പോള്‍ സ്ത്രീ പുരുഷന്റെ താങ്ങും തണലുമായി. അതോടൊപ്പം അവന്റെ സംരക്ഷണയില്‍ അനുസരണയോടെ കഴിഞ്ഞൂകൂടുന്ന സുസ്ഥിരമായ കുടുംബജീവിതം അനിവാര്യമാണെന്നു വരും. ലൈംഗിക താത്പര്യമുള്ളപ്പോള്‍ ഇഷ്ടമുള്ളവര്‍ക്കൊപ്പം ലൈംഗികത പങ്കിടുകയും ഭാര്യ, മകള്‍, മാതാവ് തുടങ്ങിയ പദവികള്‍ നിരാകരിക്കുകയും ചെയ്യുന്നതല്ല സ്ത്രീ സ്വാതന്ത്ര്യമെന്നു തിരിച്ചറിയാന്‍ കഴിയുന്നത് അപ്പോഴാണ്.
ഈ കൂട്ടു ജീവിതത്തിന് നേതൃത്വം വേണം. കുടുംബനേതൃത്വം പുരുഷനിലാണ് ഇസ്‌ലാം അര്‍പിക്കുന്നത്. സ്ത്രീ ആ നേതൃത്വത്തിനു കീഴില്‍ ജീവിക്കുന്നു. ”പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം പുരുഷന്‍മാരുടെ അഭാവത്തില്‍ സംരക്ഷിക്കേണ്ടതെല്ലാം സംരക്ഷിക്കുന്നവരുമാണ്’‘(4:34).
ഒരു സ്ഥാപനത്തിന് ഓരാളേ മേലധികാരിയാകാന്‍ പാടുള്ളൂ എന്നും മറ്റുള്ളവര്‍ അയാളെ അനുസരിക്കണമെന്നും പറയുന്നതെങ്ങനെയാണ് അടിമത്തമാവുക. ഈ ലോകക്രമം മാത്രമേ ഇസ്‌ലാം സ്ത്രീപുരുഷ ബന്ധത്തിലും നിശ്ചയിച്ചിട്ടുള്ളൂ. സ്ഥാപനാധികാരിക്ക് അയാളുടെ ജോലികള്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നു. കീഴുദ്യോഗസ്ഥരുടെ ജോലി അവര്‍ക്കും നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഒരാളുടെ ഉത്തരവാദിത്തവും പ്രത്യേകം മഹത്വമുള്ളതല്ല. ഇരുവിഭാഗവും പരസ്പരം ആശ്രയിക്കുകയും സഹകരിക്കുകയും ചെയ്യണം. അവരവരുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കണം. വീഴ്ചവരുത്തുന്നത് രണ്ടുപേര്‍ക്കും ഉത്തരവാദിത്തത്തിന്റെ ഭാരമനുസരിച്ച് ശിക്ഷവാങ്ങാനുള്ള കാരണമാണ്.
