നാനാത്വത്തില്‍ ഏകത്വം – ജവഹര്‍ലാല്‍ നെഹ്റു
ഇന്ത്യയുടെ നാനാത്വം വമ്പിച്ചതാണ്. അത് പ്രത്യക്ഷമാണ്. അത് ഉപരിതലത്തില്‍ പൊന്തിനില്ക്കുന്നു. ആര്‍ക്കും കാണാന്‍ വിരോധമില്ല. ദേഹപ്രകൃതികളെയും മാനസികങ്ങളായ ചില സമ്പ്രദായങ്ങളെയും സവിശേഷതകളെയുമാണ് അതു കുറിക്കുന്നത്. വടക്കുപടിഞ്ഞാറുള്ള പഠാണിയും അങ്ങ് ദൂരെ തെക്കുള്ള തമിഴനും തമ്മില്‍, പുറമെ കാണാന്‍ പൊതുവായി വളരെയൊന്നുമില്ല. അവരുടെ വംശപാരമ്പര്യങ്ങളില് ചില പൊതുതന്തുക്കളെ കണ്ടേക്കാമെങ്കിലും, അവ ഒന്നല്ല, മുഖത്തിലും ആകൃതിയിലും ഭക്ഷണത്തിലും വസ്ത്രത്തിലും, അവര്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഭാഷയുടെ കാര്യം പറയേണ്ടതുമില്ലല്ലോ. വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനമാകുമ്പോഴേക്കും മധ്യേഷ്യ മണത്തുതുടങ്ങുകയായി. കാശ്മീരിലെന്നപോലെ അവിടത്തെയും പല ആചാരങ്ങളും നമ്മെ ഹിമാലയത്തിനപ്പുറത്തുള്ള രാജ്യങ്ങളെക്കുറിച്ചോര്മിപ്പിക്കുന്നു.
പഠാണികളുടെ ജനകീയ നൃത്തങ്ങള്‍ റഷ്യന്‍ കോസ്സാക് നൃത്തത്തോട് അത്ഭുതകരമാം വണ്ണം സാദൃശ്യമുള്ളതാണ്. ഇങ്ങനെയുള്ള വ്യത്യാസങ്ങളൊക്കെയുണ്ടെങ്കിലും, പഠാണിയില്‍ ഇന്ത്യയുടെ മുദ്രപതിഞ്ഞിരിക്കുന്നത് തെറ്റിദ്ധരിക്കാന്‍ ഇടയില്ല. തമിഴ്നാട്ടിലാകട്ടെ അത് പ്രത്യക്ഷവുമാണ്. ഇതിലൊന്നും അത്ഭുതപ്പെടാനില്ല.
എന്തുകൊണ്ടെന്നാല്‍ ഈ അതിര്ത്തിദേശങ്ങളും, എന്തിന് അഫ്ഘാനിസ്ഥാന് കൂടിയും അനേകായിരം കൊല്ലങ്ങളോളം ഇന്ത്യയോട് ചേര്‍ന്നുനിന്നിട്ടുള്ളവയാണ്. ഇസ്ലാം വരുന്നതിനു മുമ്പ് അഫ്ഘാനിസ്ഥാനിലേയും മധ്യേഷ്യയുടെ ചില ഭാഗങ്ങളിലേയും നിവാസികളായിരുന്ന പണ്ടത്തെ തുര്‍ക്കികളും ഇതര വംശ്യരും മിക്കവാറും ബുദ്ധമതക്കാരായിരുന്നു. അതിനുമുമ്പ്, ഇതിഹാസങ്ങളുടെ കാലത്ത് ഹിന്ദുക്കളും. അതിര്‍ത്തി പ്രദേശങ്ങള്‍ പുരാതനേന്ത്യന്‍ സംസ്കാരത്തിന്റെ മുഖ്യകേന്ദ്രങ്ങളില് ഒന്നായിരുന്നു. സ്മാരകങ്ങളുടെയും ഭിക്ഷമന്ദിരങ്ങളുടെയും, വിശേഷിച്ച് തക്ഷശിലയിലെ മഹാസര്വകലാശാലയുടെയും നഷ്ടാവശിഷ്ടങ്ങള്‍ ഇന്നും അവിടെ സുലഭമാണ്. രണ്ടായിരം കൊല്ലം മുമ്പ് തക്ഷശില കേള്‍വിയുടെ കൊടുമുടിയില്‍ എത്തിയിരുന്നു. ഇന്ത്യയില്‍ നിന്നും ഏഷ്യയുടെ നാനാഭാഗങ്ങളില്‍നിന്നും വിദ്യാര്‍ഥികള്‍ അവിടേക്കാകര്ഷിക്കപ്പെട്ടിരുന്നു. മതത്തില്‍ വന്ന മാറ്റങ്ങള്‍ ഒരു വ്യത്യാസം വരുത്തിത്തീര്‍ത്തു. എന്നാല്‍ ആ പ്രദേശങ്ങളിലെ ജനതയില്‍ വികസിച്ചുവന്നിരുന്ന മാനസികമായ പശ്ചാത്തലങ്ങളെ പാടെ മാറ്റാന്‍ കഴിഞ്ഞില്ല.
പഠാണിയും തമിഴനും അങ്ങേയറ്റത്തും ഇങ്ങേയറ്റത്തുമുള്ള രണ്ടുദാഹരണങ്ങളാണ്. മറ്റുള്ളവര്‍ ഇവയുടെ നടുവില്‍ അങ്ങിങ്ങു കിടക്കുന്നു. അവര്‍ക്കെല്ലാം അവരെ വെവ്വേറെ ചൂണ്ടിക്കാണിക്കുന്ന പ്രകൃതികളുണ്ട്. അതിലുമേറെയായി ഇന്ത്യയുടെ സവിശേഷചിഹ്നവുമുണ്ട്. ബംഗാളികള്‍, മഹാരാഷ്ട്രര്‍, ഗുജറാത്തികള്‍, തമിഴര്‍, ആന്ധ്രദേശക്കാര്‍, ഒറിയക്കാര്‍, ആസ്സാംകാര്‍, കര്ണാടകക്കാര്, മലയാളികള്‍, സിന്ധികള്‍, പഞ്ചാബികള്‍ പഠാണികള്‍, കാശ്മീരികള്‍, രജപുത്രര്‍, ഹിന്ദുസ്ഥാനി ഭാഷക്കാരായ വമ്പിച്ച മധ്യദേശക്കാര്‍ ഇവരെല്ലാം അനേകം നൂറ്റാണ്ടുകളായി തങ്ങളുടെ പ്രത്യേകമായ വ്യതിരേകധര്മങ്ങള് പുലര്‍ത്തിപ്പോന്നിട്ടുണ്ട്. പരമ്പരാപ്രാപ്തങ്ങളായ പഴങ്കഥകളിലും രേഖകളിലും പറഞ്ഞിട്ടുള്ള അതേ ഗുണദോഷങ്ങള്‍ ഇന്നും അവരിലുണ്ട്. എന്നിട്ടും ഈ യുഗയുഗാന്തരങ്ങളില്‍ അവര്‍, ദേശീയമായി ഒരേ പൈതൃകത്തോടും മാനസികവും ധാര്‍മികവുമായി ഒരേ തരതത്തില്പ്പെടുന്ന ഗുണവിശേഷങ്ങളോടും കൂടി, സവിശേഷം ഭാരതീയ രായിത്തന്നെയിരുന്നു. ജീവത്തും ചൈതന്യപൂര്‍ണവുമായ എന്തോ ഒന്ന് ഈ പൈതൃകത്തിലുണ്ടായിരുന്നു. ജീവിതത്തെയും ജീവിതത്തിന്റെ പ്രശ്നങ്ങളെയും സംബന്ധിച്ചു കൈക്കൊണ്ട തത്ത്വശാസ്ത്രപരമായ മനോഗതിയിലും ജീവിതരീതികളിലും അത് പ്രത്യക്ഷപ്പെട്ടു. പുരാതന ചീനയെപ്പോലെ പുരാതനേന്ത്യയും സ്വയമേവ ഒരു പ്രപഞ്ചമായിരുന്നു. എല്ലാ കാര്യങ്ങള്‍ക്കും ആകൃതി നല്കിയ ഒരു സംസ്കാരവും പരിഷ്കാരവും, വിദേശീയങ്ങളായ സ്വാധീനതകള്‍ അടിഞ്ഞു കേറി ആ സംസ്കാരത്തെ ബാധിച്ചു. അതില്‍ ലയിക്കുകയും ചെയ്തു. ഭിന്നിച്ചകലാനുള്ള വാസനകള്‍ ഉടന്‍ തന്നെ ഒരു സുഭഗമേളനം സാധിക്കാനുള്ള യത്നത്തെ പൊക്കിക്കൊണ്ടുവന്നു. ഏതോ തരത്തിലുള്ള ഒരു ഏകത്വത്തിന്റെ സ്വപ്നമാണ് പരിഷ്കാരത്തിന്റെ പ്രഭാതം മുതല്‍ക്കിങ്ങോട്ട് ഇന്ത്യയുടെ മനസ്സില്‍ സ്ഥലം പിടിച്ചിട്ടുള്ളത്. പുറമേനിന്നു വെച്ചുകെട്ടിയ എന്തോ ഒന്നായോ, ബാഹ്യ കാര്യങ്ങളില്‍, എന്തിന്, വിശ്വാസങ്ങളില്‍പ്പോലും ഒരു സാമാന്യത്വം സാധിക്കലായോ അല്ലാത്ത ഏകത്വം വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. അത് കൂടുതല്‍ അഗാധ തരമായ ഒന്നാണ്. അതിന്റെ പരിധിക്കുള്ളില്‍ വിശ്വാസത്തേയോ ആചാരത്തേയോ സംബന്ധിച്ച ഏറ്റവും വിപുലമായ സഹിഷ്ണുത പാലിക്കപ്പെട്ടു പോന്നു. ഓരോ തരത്തിലുള്ള വൈവിധ്യത്തെയും അംഗീകരിക്കുക മാത്രമല്ല പ്രോത്സാഹിപ്പിക്കുക പോലും ചെയ്തുവന്നു.
ഒരു ദേശ ീയ വിഭാഗത്തിന്റെ ഉള്ളില്‍ത്തന്നെയും വലുതോ ചെറുതോ ആയ വ്യത്യാസങ്ങള്‍ എന്നും കണ്ടെത്താന്‍ കഴിയും. ആ വിഭാഗം എത്ര അടുത്തു ബന്ധപ്പെട്ടതായാലും ശരി ആ വിഭാഗത്തിന്റെ കാതലായ ഐക്യം വെളിവാകുന്നത് അതിനെ മറ്റൊരു ദേശീയവിഭാഗവുമായി താരതമ്യപ്പെടുത്തുമ്പോഴാണ്. പക്ഷേ, ഒന്നോര്‍ക്കേണ്ടതുണ്ട്. തൊട്ടുനില്ക്കുന്ന രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍, അതിര്വരമ്പിനടുത്തെത്തുമ്പോള് മങ്ങിമറഞ്ഞുപോവുകയോ കൂടിക്ക ലരുകയോ ചെയ്യുന്നുവെന്നും, സര്വത ഒരുതരം തുല്യത ഉത്പാദിപ്പിക്കുന്നതിനനുകൂലമാണ് ആധുനിക വികാസങ്ങളെന്നും പുരാതന മധ്യകാലങ്ങളില്‍ ഇന്ന ആശയം തന്നെ നിലവിലില്ലായിരുന്നു. നാടുവാഴി പ്രഭുത്വം, മതം, വംശം, സംസ്കാരം എന്നിവയെ സംബന്ധിച്ച ബന്ധങ്ങള്‍ക്കായിരുന്നു കൂടുതല്‍ പ്രാധാന്യം. എങ്കിലും അറിയപ്പെട്ടിട്ടുള്ള ചരിത്രത്തിന്റെ ഏതു കാലഘട്ടത്തിലുമെന്നുതന്നെ പറയാം. ഒരിന്ത്യക്കാരന് ഇന്ത്യയുടെ ഏതുഭാഗത്തും ഏറെക്കുറെ സ്വവാസസ്ഥാനത്തിന്റെ ഒരു ബോധം അനുഭവപ്പെടുമായിരുന്നുവെന്നും, മറ്റേതു രാജ്യങ്ങളിലും ഒരന്യന്റെയും അപരിചിതന്റെയും ബോധമാണ് അവനുഭവപ്പെടുമായിരുന്നതെന്നും ഞാന്‍ വിചാരിക്കുന്നു. തന്റെ സംസ്കാരവും മതവും കുറെയൊക്കെ അംഗീകരിച്ചിട്ടുള്ള രാജ്യങ്ങളില്‍ അവനത്രതന്നെ അന്യത്വം അനുഭവപ്പെടുമായിരുന്നില്ല. ക്രിസ്ത്യാനികള്‍, ജൂതര്‍, പാര്‍സികള്‍, മുസ്ലിംകള് എന്നിവരെപ്പോലെ ഇന്ത്യയില്‍ ഉത്ഭവിച്ചതല്ലാത്ത ഒരു മതത്തിന്റെ അനുയായികള്‍ ഇന്ത്യയില്‍ വന്നു കുടിപാര്ത്തപ്പോള് ഏതാനും തലമുറയ്ക്കുള്ളില്‍ അവര്‍ സവിശേഷം ഭാരതീയരായിത്തീര്ന്നു. ഈ മതങ്ങളില്‍ ചിലതിലേക്കു പരിവര്‍ത്തനം ചെയ്ത ഇന്ത്യക്കാര്‍, മതം മാറിയിട്ടും ഇന്ത്യക്കാരല്ലാതായില്ല. ഇവരെല്ലാം മറ്റു രാജ്യങ്ങ ളില്‍ ഇവരും ആ രാജ്യക്കാരും തമ്മില്‍ മതപരമായ സമാനത്വം ഉണ്ടായിരുന്നാലും ഇന്ത്യക്കാരായും അന്യനാട്ടുകാരായും കരുതപ്പെട്ടുപോന്നു.
ദേശീയത്വമെന്ന സങ്കല്പത്തിനു വളരെയേറെ വികാസം സിദ്ധിച്ചിട്ടുള്ള ഇന്ന് മറുനാട്ടിലെ ഇന്ത്യക്കാര്‍, അവര്‍ തമ്മില്‍ ആഭ്യന്തര വ്യത്യാസങ്ങള്‍ എത്രയൊക്കെ ഉണ്ടായാലും, ഒരു ദേശീയവിഭാഗമായി രൂപപ്പെടുക എന്നത് അനിവാര്യമായിട്ടുണ്ട്. ഒരിന്ത്യന്‍ ക്രിസ്ത്യാനി എവിടെപ്പോയാലും ഇന്ത്യക്കാരനായേ അദ്ദേഹത്തെ ഗണിക്കുന്നുള്ളൂ. ഒരിന്ത്യന്‍ മുസ്ലിം തുര്‍ക്കിയിലോ, അറേബ്യയിലോ, ഇറാനിലോ ഇസ്ലാം ആധിപത്യമാളുന്ന മറ്റേതെങ്കിലും രാജ്യത്തിലോ പോയാലും ഇന്ത്യക്കാരനായേ കരുതപ്പെടുന്നുള്ളൂ.
കടപ്പാട്: ഇന്ത്യയെ കണ്ടെത്തല്‍, ജവഹര്‍ലാല്‍ നെഹ്റു, മാതൃഭൂമി ബുക്സ്, പേജ്: 68-71
