വൈകല്യമല്ല, ഭിന്നശേഷി
ടി.പി ഇബ്രാഹീം
(അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍)
മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം അനിര്‍വചനീയമാണ്. എന്നാല്‍ ഈ വൈവിധ്യങ്ങള്‍ക്കപ്പുറം ചില ആളുകള്‍ക്ക് പഞ്ചേന്ദ്രിയങ്ങള്‍ക്കോ മറ്റ് അവയവങ്ങള്‍ക്കോ അപൂര്‍ണതയുള്ളതായി കാണാം. അവര്‍ക്ക് ആ രംഗത്ത് കഴിവുകള്‍ക്ക് പരിമിതി കാണും. ഇത്തരം ആളുകള്‍ വികലാംഗര്‍ എന്നു പറഞ്ഞ് സമൂഹത്തില്‍ നിന്ന് മാറി നില്‍ക്കുകയോ മാറ്റി നിര്‍ത്തപ്പെടുകയോ ആയിരുന്നു. എന്നാല്‍ പഠന ഗവേഷണങ്ങളുടെ ഫലമായി ഉരുത്തിരിഞ്ഞ ഒരു യാഥാര്‍ഥ്യമുണ്ട്. ‘അംഗവൈകല്യം (Disability) ഉള്ളവര്‍ യഥാര്‍ഥത്തില്‍ ഭിന്നശേഷിയുള്ളവര്‍ (Differently abled) ആണ്. അവര്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടു കൂടാ’. ഇതായിരുന്നു ആ കണ്ടെത്തല്‍.
ഈ യഥാര്‍ഥ്യം സമൂഹത്തെ ബോധ്യപ്പെടുത്താനും ഭിന്നശേഷിക്കാരെ സമൂഹത്തോടൊപ്പം നിര്‍ത്തി സമൂഹക്ഷേമത്തിനായി യത്‌നിക്കാനുമായി 1992 മുതല്‍ ഡിസംബര്‍ മൂന്ന്, അന്തര്‍ദേശീയ ഭിന്നശേഷി ദിനമായി ആചരിച്ചു വരുന്നു.
ഭിന്നശേഷിക്കാരെ ഓര്‍ക്കുവാനും അവരുടെ പരിമിതികളെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും ചിന്തിക്കുവാനും പ്രായോഗിക തലത്തില്‍ അതിന് പരിഹാരം കാണുവാനും ലോകം നീക്കിവെച്ച ദിനമാണ് ഡിസംബര്‍ 3. അതായത് ലോക ഭിന്നശേഷിദിനം.
ശാരീരികമോ ബുദ്ധിപരമോ സംവേദന പരമോ ആയ പരിമിതികള്‍ വിവിധ പ്രതിബന്ധങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതു കാരണം മറ്റുള്ളവര്‍ക്കൊപ്പം തുല്യ അളവില്‍ സമൂഹത്തില്‍ പൂര്‍ണ്ണമായും ഗുണപരമായും ഫലപ്രദമായും ഇടപെടല്‍ നടത്താന്‍ കഴിയാത്ത അവസ്ഥ എന്നാണ് UNCRPD ( United Nation Convention for the Right of Person with Disability) എന്ന അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ ഭിന്നശേഷിയെ നിര്‍വചിക്കുന്നത്.
ഇന്ത്യയില്‍ പൊതുമേഖലാ തൊഴില്‍ രംഗത്ത് ഒരു ശതമാനം മാത്രമാണ് ഭിന്നശേഷി പങ്കാളിത്തം. നാലുശതമാനം സംവരണം നിലനില്‍ക്കുമ്പോഴാണ് ഈ ദുരവസ്ഥ. സ്വകാര്യ തൊഴില്‍ രംഗത്തും ഭിന്നശേഷി പ്രതിനിധ്യം വളരെ കുറവാണ്. കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നാലു ശതമാനം സവരണം നടപ്പിലാക്കണമെന്ന് ഗവര്‍മെന്റ് ഉത്തരവു കോടതി വിധികളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ സങ്കടകരമായ ഒരു വസ്തുത ഇവിടെയും ഭിന്നശേഷിക്കാര്‍ മാറ്റി നിര്‍ത്തപ്പെടുന്നു എന്നതാണ്.
വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുവരുമ്പോള്‍ അവരെ കൂടെ നിര്‍ത്താന്‍ സമൂഹം തയ്യാറാവണം. സഹതാപമല്ല അഭിമാനകരമായ നിലനില്‍പ്പാണ് ഭിന്നശേഷിക്കാര്‍ ആഗ്രഹിക്കുന്നത്. സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗതാഗത-വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍ ഇവയെല്ലാം പൂര്‍ണ്ണമായും ഭിന്നശേഷി സൗഹൃദമാവേണ്ടതുണ്ട്. വൈറ്റ് കെയിന്‍ ലോ നടപ്പിലാക്കാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകള്‍ തയ്യാറാവണം. വികസന പ്രവര്‍ത്തനങ്ങള്‍ ഭിന്നശേഷി സൗഹൃദമാണെന്ന് ഗവണ്മെന്റ് ഉറപ്പുവരുത്തണം . പരിമിതികള്‍ക്കപ്പുറം ഇവരുടെ കഴിവുകള്‍ കണ്ടെത്തി അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം.
ഭിന്ന ശേഷി ദിനാചരണവും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും പതിവായി നടക്കുന്നുണ്ടെങ്കിലും അവര്‍ ഇപ്പോഴും ശാരീരികവും മാനസികവുമായ പരിമിതികള്‍ മൂലം സമൂഹത്തില്‍ നിന്നും അവഗണന നേരിടുന്നു.
ഭിന്നശേഷി വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുവാന്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ അനേകം പദ്ധതികളും സേവനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം പദ്ധതികളും സേവനങ്ങളും പൂര്‍ണ്ണമായും ഇവരിലേക്ക് എത്തുന്നുണ്ടോ എന്നത് പഠന വിധേയമാക്കേണ്ടതുണ്ട്. ഇത്തരം വ്യക്തികള്‍ക്കുള്ളത് ശേഷിക്കുറവല്ല. പരമ്പരാഗത സങ്കല്പങ്ങളില്‍ നിന്നും ഭിന്നമായ ശേഷികളാണുള്ളത്.
സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ അവരെ പിന്നില്‍ ഉപേക്ഷിക്കാതെ കൂടെ ചേര്‍ത്ത് നിര്‍ത്താന്‍ ഈ ഭിന്ന ശേഷി ദിനം ഓര്‍മപ്പെടുത്തുന്നു.
പുകയില മുക്തം, പ്രതിജ്ഞാബദ്ധം
ഡോ. അഹ്‌മദ് ശബീര്‍ എം.കെ (അസി.സര്‍ജന്‍, താലൂക്ക് ഹോസ്പ്പിറ്റല്‍,പൊന്നാനി)
‘പുക വലിക്കരുത്. വലിക്കാനനുവദിക്കരുത്’ ഒരുപക്ഷേ കേട്ടു പഴകിയ, നമ്മില്‍ വേരോടിയ പുകയില വിരുദ്ധ മുദ്രാവാക്യമാണിത്. എന്നാല്‍ പുകയില ഉപഭോഗം നമ്മുടെ സമൂഹത്തില്‍ അതിലും ആഴത്തിലാണ് വേരോടിയിട്ടുള്ളത് എന്നുള്ളതാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ലോകത്ത് ഒന്നര കോടിയിലധികം ആളുകള്‍ ഒരു ആസക്തിയെന്നോണം ഈ വിപത്തിന്റെ പിടിയിലാണ്. അതില്‍ തന്നെ പ്രതിവര്‍ഷം 80 ലക്ഷത്തിലധികം ആളുകള്‍ ഇതുമൂലമുള്ള കെടുതികളാല്‍ മരണമടയുന്നു. ഇതില്‍ പക്ഷേ 65000 കുട്ടികളടങ്ങുന്ന പന്ത്രണ്ട് ലക്ഷത്തോളം പേര്‍ പാസ്സീവ് സ്മോക്കിംഗിന്റെ ഇരകളാണ് എന്നുള്ളതാണ് സങ്കടകരമായ വസ്തുത.
നാം സാധാരണയായി മനസ്സിലാക്കിയിട്ടുള്ള ശ്വാസകോശ രോഗങ്ങള്‍ക്കപ്പുറത്ത് പുകയില സമ്മാനിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണ്. ഇരുപതിലധികം കാന്‍സറുകള്‍, ഹൃദ്രോഗം, ലൈംഗിക ശേഷിക്കുറവ്, ഗര്‍ഭം ധരിക്കാനുള്ള ബുദ്ധിമുട്ട്, ഗര്‍ഭസ്ഥ ശിശുവിനുïാകുന്ന അംഗവൈകല്യങ്ങള്‍, ഗര്‍ഭം അലസല്‍, തലച്ചോറിലുണ്ടാവുന്ന രാസവ്യതിയാനങ്ങള്‍ കാരണമുള്ള ഉന്മേഷക്കുറവ്, വിഷാദം എന്നിവക്കും പുകയില ഉപയോഗം കാരണമാകുന്നു.
ആരോഗ്യപ്രശ്നങ്ങള്‍ക്കുപരിയായി സാമൂഹിക ജീവിതത്തില്‍ ഈ ദുശ്ശീലം വരുത്തുന്ന പ്രത്യാഘാതങ്ങള്‍ നിരവധിയാണ്. പുകയില ഉപഭോഗത്തില്‍ 80% ആളുകളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദരിദ്ര ജനവിഭാഗത്തില്‍ നിന്നുള്ളതാണ് എന്നത് ഇവ തമ്മിലുള്ള ബന്ധത്തിന്റെ നേര്‍ചിത്രമാണ്.
ഇത്തരം കുടുംബങ്ങളിലെ അരക്ഷിതാവസ്ഥയും അന്യതാബോധവും സമൂഹത്തെ കാര്‍ന്നു തിന്നുന്ന കാന്‍സറുകളായി നില നില്‍ക്കുന്നു.
E Cigarette, IQOS, PAX VAPORISERS തുടങ്ങിയ ന്യൂജന്‍ പുകവലി രീതികളും ഇന്ന് പ്രചാരത്തിലുണ്ട്. ശരീരത്തിന് ഹാനികരമായ പലതരത്തിലുള്ള രാസപദാര്‍ത്ഥങ്ങളടങ്ങിയ ദ്രാവകങ്ങള്‍, ബാഷ്പീകരണം വഴി ശ്വാസകോശത്തിലേക്ക് വലിച്ചെടുക്കുന്ന വിധമാണ് അവയുടെ നിര്‍മ്മാണരീതി. ഇവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളുടെ കൃത്യമായ പഠനം നടന്നു വരികയാണ്.
പുകവലി മുക്തമാകുന്നതോടെ ഒരാളുടെ ശരീരം വളരെ പെട്ടെന്നു തന്നെ അതിന്റെ ഗുണഫലങ്ങള്‍ കാണിച്ചു തുടങ്ങുന്നു. ഇരുപത് മിനിട്ടിനുള്ളില്‍ തന്നെ ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം എന്നിവ സാധാരണ അവസ്ഥയിലെത്തുന്നു. പന്ത്രണ്ട് മണിക്കൂറില്‍ രക്തത്തിലെ കാര്‍ബണ്‍ മോണോക്സൈഡിന്റെ (CO) അളവ്, അതുപോലെ അഞ്ച് വര്‍ഷത്തിനുള്ളില്‍ പക്ഷാഘാത സാധ്യത, പത്ത് വര്‍ഷത്തിനുള്ളില്‍ ശ്വാസകോശ അര്‍ബുദ സാധ്യത എന്നിവ പുകവലിക്കാത്ത ഒരാളുമായി സമാസമമാകുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ബഹുരാഷ്ട്ര കുത്തകകള്‍ വികസ്വര രാജ്യങ്ങളിലെ വിശാലമായ കമ്പോളം ലക്ഷ്യമാക്കി നടത്തുന്ന കച്ചവട താല്‍പര്യങ്ങള്‍ക്കു മുന്നില്‍ പലപ്പോഴും സര്‍ക്കാറുകള്‍ നിസ്സഹായരായി നോക്കുകുത്തിയായി നില്‍ക്കേണ്ടി വരുന്നു. അധിക നികുതിയും, പരസ്യങ്ങളുടെ നിരോധനവും ബോധവല്‍ക്കരണ പ്രക്രിയയും ഒരു പരിധി വരെ ഇതിന് തടയിടാന്‍ സഹായിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായ ഈ വിപത്തിനെതിരെയുള്ള ധാര്‍മിക ബോധമാണ് സമൂഹ മനഃസാക്ഷിയില്‍ നിന്നും ഉണ്ടാകേണ്ടത്.
പുകയില മുക്തനാവുക എന്നത് വളരെ ശ്രമകരമായ ദൃഢനിശ്ചയം ആവശ്യപ്പെടുന്ന ഒന്നാണ്. അതുകൊണ്ടു തന്നെയാണ് ഈ ആസക്തിയില്‍ നിന്നും മോചനം ആഗ്രഹിക്കുന്നവരില്‍ വെറും 4% ആളുകള്‍ മാത്രമാണ് അതില്‍ വിജയിക്കുന്നത്. മറ്റേതൊരു ആസക്തിയും പോലെ പൂര്‍ണ്ണമുക്തി നേടാന്‍ കൃത്യമായ പ്രചോദനം നല്‍കുന്ന ഒരു ചാലകശക്തി അത്യാവശ്യമായി വരുന്നു. വ്യക്തിയുടെയും സമൂഹത്തിന്റെയും ഗുണപരമായ മാറ്റങ്ങള്‍ക്കെന്നും നിദാനമാകുന്ന ഉന്നത ധാര്‍മികാവബോധത്തിന്റെ സ്ഫുടം ചെയ്യല്‍ മാത്രമാണതിന്റെ ഒറ്റമൂലി. അതിന് പ്രതിജ്ഞയെടുക്കാം. ലോകാരോഗ്യ സംഘടനയുടെ ഈ വര്‍ഷത്തെ മുദ്രാവാക്യം പുകയില മുക്തം, പ്രതിജ്ഞാബദ്ധം എന്നതിന്റെ കൂടെ നില്‍ക്കാം.
