ഇസ്‌ലാമിക ചരിത്രത്തിലെ ഒരു പ്രധാനഘട്ടത്തില്‍ ഭരണവും വിജ്ഞാനവും ഒരുമിച്ചു മുന്നേറി. ബാഗ്ദാദ് കേന്ദ്രമായി ഉയര്‍ന്നുവന്ന ഈ കാലഘട്ടത്തില്‍ ഭരണപരിഷ്‌കരണങ്ങള്‍, ബൗദ്ധിക ചലനം, ശാസ്ത്രീയ പഠനം, സാംസ്‌കാരിക ഉണര്‍വ് എന്നിവ ശ്രദ്ധേയമായി. ഈ പശ്ചാത്തലത്തിലാണ് അബ്ബാസീ ഭരണാധികാരികള്‍ ഭരണചുമതല ഏറ്റെടുത്തത്. അല്‍ മന്‍സൂര്‍, ഹാറൂന്‍ റശീദ്, അല്‍ മഅ്മൂന്‍ തുടങ്ങിയ ഭരണാധികാരികളുടെ കാലത്ത് രാഷ്ട്രീയസ്ഥിരതയും വിജ്ഞാനവ്യാപനവും ശക്തമായി. തുടര്‍ന്ന് അല്‍ മുതവക്കില്‍ അലല്ലാഹ്, അല്‍ മുന്‍തസിര്‍ ബില്ലാഹ് എന്നിവരുവരെയുള്ള ഭരണഘട്ടം ഉള്‍പ്പെടുത്തി, ഈ അധ്യായം അബ്ബാസീ ഭരണത്തിന്റെ സ്വഭാവവും ചരിത്രപ്രാധാന്യവും വിശദീകരിക്കുന്നു.
അല്‍ മന്‍സൂര്‍ (സിഇ 754-775)
അബ്ബാസി ഭരണത്തിന് അടിത്തറയുറപ്പിച്ച ഖലീഫയാണ് അബൂജഅ്ഫര്‍ അല്‍മന്‍സൂര്‍ (754-775). അബുല്‍ അബ്ബാസ് അസ്സഫ്ഫാഹിന്റെ മാതാവൊത്ത സഹോദരന്‍. മുഖം നോക്കാതെ നീതി നടപ്പാക്കി, ജനങ്ങളോട് അടുത്തിടപഴകി, ശാസ്ത്രത്തേയും സാഹിത്യത്തേയും അഗാധമായി സ്‌നേഹിക്കുകയും അവയില്‍ ഗ്രന്ഥരചനകള്‍ക്ക് തുടക്കമിടുകയും ചെയ്തു. 22 വര്‍ഷം നീണ്ട ഭരണത്തിലൂടെ ഭദ്രമായ ഒരു സാമ്രാജ്യം കെട്ടിപ്പടുത്തു അല്‍മന്‍സൂര്‍.
മുഹമ്മദുബ്‌നു അലിയുടെയും ബര്‍ബര്‍ വംശജ സലാമയുടേയും മകനായി ഹി: 101ല്‍ ഹുമൈമയില്‍ ജനനം. മതവിജ്ഞാനീയങ്ങളില്‍ വ്യുല്‍പത്തി നേടി. അബുല്‍ അബ്ബാസ് ഖലീഫയായപ്പോള്‍ ഭരണകാര്യങ്ങളില്‍ സഹോദരന്റെ വലം കൈയായി. അതിനാല്‍ തന്നെ മന്‍സൂറിനെ പിന്‍ഗാമിയാക്കി വസ്വിയ്യത്ത് എഴുതിവെച്ചാണ് അബുല്‍ അബ്ബാസ് കണ്ണടച്ചത്. ക്രി.വ 754 (ഹി:136) മന്‍സൂര്‍ മുസ്‌ലിം സാമ്രാജ്യത്തിന്റെ കാര്യദര്‍ശിയായി ചുമതലയേല്‍ക്കുകയും ചെയ്തു.
ഭരണ നേട്ടങ്ങള്‍
ഗ്രന്ഥരചന ഒരു പ്രസ്ഥാനമായി തുടങ്ങിയത് മന്‍സൂറാണ്. ഇന്ന് അറിയപ്പെടുന്ന പല പ്രാമാണിക ഗ്രന്ഥങ്ങളും വിരചിതമായതും ഇക്കാലത്തുതന്നെ. ഇമാം മാലിക്കിന്റെ ‘അല്‍ മുവത്വ’, ഇബ്‌നു ഇസ്ഹാഖിന്റെ ‘അല്‍ മഗാസി’, ഇബ്‌നുജുറൈജ്, ഔസാഈ തുടങ്ങിയവരുടെ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകൃതമായത് മന്‍സൂറിന്റെ ഭരണകാലത്താണ്.
ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം, തത്വശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവ ഗ്രീക്കിലും റോമിലും മാത്രം ഒതുങ്ങി നില്‍ക്കുകയായിരുന്നു. അവ അറബിയിലേക്ക് ഭാഷാന്തരം നടത്തി. ഇതിന് വിദഗ്ധരായ പണ്ഡിതന്മാരെയും നിയമിച്ചു. ഇന്ത്യയിലെ സംസ്‌കൃത ഭാഷയില്‍ വിരചിതമായ പഞ്ചതന്ത്രം കഥകള്‍ ‘കലീല വദിംന’ എന്ന പേരില്‍ അറബിയിലാക്കിയത് ഇബ്‌നുല്‍ മുഖഫ്ഫഅ് ആണ്.
അരിസ്റ്റോട്ടില്‍, പ്ലാറ്റോ തുടങ്ങിയവരുടെ ദാര്‍ശനിക രചനകളും ഇക്കാലത്ത് അറബികള്‍ പരിചയപ്പെട്ടു.
കൃഷി, വ്യവസായ രംഗങ്ങളില്‍ പുരോഗതിയുണ്ടായി. ഉദ്യോഗസ്ഥരെ കര്‍ശനമായി നിയന്ത്രിച്ച മന്‍സൂര്‍ സാമ്പത്തിക രംഗത്ത് അച്ചടക്കമുണ്ടാക്കി.
ഖുലാഫാഉര്‍റാശിദുകളുടെ കാലത്ത് മദീനയും അമവീകാലത്ത് ദമസ്‌കസും തിളങ്ങിയപ്പോള്‍ അബ്ബാസികളുടേതായ ഒരു നഗരമില്ലാത്തത് മന്‍സൂറിനെ അലട്ടി. അങ്ങനെയാണ് അബ്ബാസികളുടെ തലസ്ഥാനമായി ടൈഗ്രീസ് നദിയുടെ തീരത്ത് ഒരു നഗരം പണിതത്-മദീനത്തുസ്സലാം.
ലോകത്തെ അറിയപ്പെട്ട ശില്‍പികളും എഞ്ചിനിയര്‍മാരും നൂറുക്കണക്കിന് തൊഴിലാളികളും ഒന്നിച്ചപ്പോള്‍ ഹി. 145ല്‍ നഗരം യാഥാര്‍ഥ്യമായി. 1,80,00,000 ദീനാര്‍ അതിന് ചെലവാക്കി. സംസ്‌കാരത്തിന്റെ കളിത്തൊട്ടിലായി വിളങ്ങുകയും ലോകത്തെ മനോഹര നഗരങ്ങളിലൊന്നായി വളരുകയും ചെയ്ത ഈ നഗരം പിന്നീട് ബഗ്ദാദ് എന്ന പേരിലറിയപ്പെട്ടു. അബ്ബാസികളുടെ തലസ്ഥാനവും ബഗ്ദാദായി.
പുത്രന്‍ മഹ്ദിയെ കിരീടാവകാശിയാക്കി ക്രി. 775 (ഹി.156)ല്‍ ഹജ്ജ് യാത്രക്കിടെ മക്കയില്‍വെച്ച് അല്‍മന്‍സൂര്‍ യാത്രയായി. 63 വയസ്സായിരുന്നു.
അല്‍ മഹ്ദീ (സിഇ 775-785)
അബ്ബാസീ ഭരണത്തിലെ മൂന്നാം ഖലീഫ (ക്രി. 775-785). സമാധാനവും പ്രജാവാത്സല്യവും ഒപ്പം ധീരതയും ഒത്തിണങ്ങിയ വ്യക്തി.
അല്‍ മന്‍സൂറിന്റെയും യമനിലെ ഹിംയര്‍ വംശജ അര്‍വയുടെയും മകനായി ഹിജ്‌റ 126ല്‍ ഹുമൈമയില്‍ ജനിച്ചു. യഥാര്‍ഥ പേര് മുഹമ്മദ് ബിന്‍ അബ്ദില്ല. തന്റെ മകന്‍, ലോകാന്ത്യത്തില്‍ അവതരിക്കാനുള്ള മഹ്ദിയാകുമെന്ന് ഖലീഫ മന്‍സൂര്‍ വിശ്വസിച്ചിരുന്നുവത്രേ. അതുകൊണ്ടാണ് ‘അല്‍ മഹ്ദി’ എന്നുവിളിച്ചത്.
അബ്ബാസി ഖിലാഫത്തിന്റെ ആരംഭകാലത്ത് മഹ്ദിയുടെ പ്രായം ആറായിരുന്നു. അതുകൊണ്ട് വളര്‍ന്നത് രാജകൊട്ടാരത്തിലാണ്. ആ നിലക്കുള്ള വിദ്യാഭ്യാസവും ലഭിച്ചു. മതശാസ്ത്രങ്ങളിലും അറബിസാഹിത്യത്തിലും അവഗാഹം നേടി. കവിതാ രചനയിലും മികവ് കാട്ടി.
15-ാം വയസ്സില്‍ ഖുറാസാനിലേക്കയച്ച സൈന്യത്തിന്റെ നേതൃത്വം മഹ്ദിയെ ഏല്‍പിച്ചു പിതാവ്. 26-ാം വയസ്സില്‍ ഹജ്ജിന്റെ അമീറായും നിശ്ചയിച്ചു. കാര്യപ്രാപ്തി തെളിയിച്ച മഹ്ദി ക്രി. 775ല്‍ (ഹി:158) രാജ്യഭരണവുമേറ്റു. പിതാവ് മന്‍സൂര്‍ ഹജ്ജ് യാത്രക്കിടെ മക്കയില്‍വെച്ച് നിര്യാതനായതിനെത്തുടര്‍ന്നായിരുന്നു അത്.
ഭരണമേറ്റ മഹ്ദിയുടെ ആദ്യ നടപടി പിതാവിനെ തിരുത്തുന്നതായി. മന്‍സൂര്‍ ജയിലിലടച്ച നിരവധി പേരെ മോചിപ്പിക്കുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. പിടിച്ചെടുത്ത സ്വത്തുക്കള്‍ തിരിച്ചു നല്‍കി. മക്ക, മദീന, യമന്‍, ബഗ്ദാദ് തുടങ്ങിയ നഗരങ്ങള്‍ക്കിടയില്‍ ഒട്ടകങ്ങളെ ഉപയോഗിച്ചുള്ള തപാല്‍ സംവിധാനം നടപ്പാക്കി.
ബഗ്ദാദില്‍ നിന്ന് വിവിധ നഗരങ്ങളിലേക്ക് റോഡുകള്‍ പണിതു. യാത്രികര്‍ക്കായി സത്രങ്ങളും പാതയോരങ്ങളും നിര്‍മിച്ചു. കിണറുകള്‍, ജലസംഭരണികള്‍, ചന്തകള്‍ എന്നിവ ഏര്‍പ്പാടാക്കി. പെന്‍ഷന്‍ പോലുള്ള ജനക്ഷേമ പദ്ധതികള്‍ നടപ്പില്‍വരുത്തി.
കഅ്ബയുടെ ഖില്ല ഓരോവര്‍ഷവും മാറ്റിത്തുടങ്ങിയതും മഹ്ദിയാണ്. മസ്ജിദുല്‍ ഹറാം നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്തു.
മന്‍സൂറിന്റെ കാലത്ത് വന്ന ഗ്രീക്ക്- റോമന്‍ തത്വചിന്തകളും വിവിധ ശാസ്ത്ര ശാഖകളും മുസ്‌ലിംകളില്‍ നേരിയ വിശ്വാസ വ്യതിയാനമുണ്ടാക്കിത്തുടങ്ങി. അരാജകവാദി മസ്ദഖിന്റെ തത്വചിന്തകള്‍, മാനിയുടെ ദര്‍ശനങ്ങളും മുസ്‌ലിംകളില്‍ ചിലരെ നാസ്തികതയിലേക്ക് ആകര്‍ഷിച്ചു. ഇത് സാവധാനം പ്രചരിക്കുകയും രാജ്യത്തിന്റെ ഭദ്രതയെ ബാധിക്കുകയും ചെയ്തു. ഇവര്‍ക്കെതിരെ മഹ്ദി കടുത്ത നിലപാടെടുത്തു. പുത്രന്‍ ഹാദിക്ക്, ഈ നാസ്തിക വാദികള്‍ അപകടകാരികളാണെന്ന മുന്നറിയിപ്പും നല്‍കി.
ഹി. 155ല്‍ നടന്ന ബൈസന്ത്യന്‍ ആക്രമണത്തെ നിര്‍വീര്യമാക്കിയത് മഹ്ദി നേരിട്ട് യുദ്ധം നയിച്ചാണ്. റോമയുടെ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിള്‍ ആക്രമിക്കുകയും അവരെ സന്ധിക്ക് നിര്‍ബന്ധിപ്പിച്ച് കപ്പം വാങ്ങുകയും ചെയ്തു.
മഹ്ദിയെ ഭരണകാര്യങ്ങളില്‍ സഹായിച്ചിരുന്നത് യഅ്ഖൂബുബ്‌നു ദാവൂദ് എന്ന ഭരണതന്ത്രജ്ഞനായ മന്ത്രിയായിരുന്നു. പത്‌നി ഖയ്‌സൂറാനും വലം കൈയായി നിന്നിരുന്നു.
പത്ത് വര്‍ഷം നീണ്ട ഭരണത്തിന് ക്രി. 785 (ഹി.169)ല്‍ അന്ത്യമായി. മൂത്തപുത്രന്‍ മൂസ അല്‍ ഹാദിയെ കിരീടാവകാശിയാക്കിയായിരുന്നു മഹ്ദിയുടെ വിടപറയല്‍.
അല്‍ഹാദി (സിഇ 785-786)
അബ്ബാസീ ഖിലാഫത്തിന്റെ നാലാമനാണ് അല്‍ഹാദി (സിഇ. 785-786). അല്‍ മഹ്ദിയുടെയും ഖൈസൂറാന്റെയും മകനായി ഹി. 144ല്‍ ജനിച്ചു. മൂസാ അല്‍ഹാദി എന്നാണ് യഥാര്‍ഥ പേര്.
കൗമാരത്തില്‍തന്നെ സൈനിക നേതൃത്വമേറ്റെടുത്ത ഹാദി അതികായനും ധീരനും അഭ്യാസിയുമായിരുന്നു. ക്രി. 785ല്‍(ഹി. 169) പിതാവിന്റെ മരണാനന്തരം ഖിലാഫത്ത് ഏറ്റെടുക്കുമ്പോള്‍ പ്രായം 24 വയസ്സ് മാത്രം.
ഹാദി സമര്‍ഥനായ ഖലീഫയായിരുന്നു. അലവികള്‍, ഖവാരിജികള്‍, അമവികള്‍, മതനിരാസര്‍ എന്നിവരോട് കര്‍ശന നിലപാടെടുക്കുകയും വിചാരണയില്ലാതെ ശിക്ഷിക്കുകയും ചെയ്തു. അലവികളുമായി മദീനക്കടുത്തഫാഖില്‍വെച്ച് യുദ്ധവും നടത്തി.
മാതാവ് ഖൈസൂറാന്റെ ഭരണത്തിലെ ഇടപെടല്‍ ഹാദിക്ക് ഇഷ്ടപ്പെട്ടില്ല. സഹോദരന്‍ ഹാറൂന് പകരം ബാലനായ മകന്‍ ജഅ്ഫറിനെ പിന്‍ഗാമിയാക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. അതിനിടയില്‍ ക്രി. 786 (ഹി. 170) അല്‍ഹാദി മരിക്കുകയും ചെയ്തു.
ഒരുവര്‍ഷവും രണ്ട് മാസവും മാത്രമേ ഹാദിയുടെ ഭരണകാലം നീണ്ടുനിന്നുള്ളൂ.
ഹാറൂന്‍ റശീദ് (സിഇ 786-809)
ഹിജ്‌റ 170 റബീഉല്‍അവ്വല്‍ 15. അന്ന് ബഗ്ദാദില്‍ ഒരു ഖലീഫ മരിച്ചു. ഒരു ഖലീഫ അധികാരത്തില്‍ വന്നു. മറ്റൊരു ഖലീഫ ജനിക്കുകയും ചെയ്തു. മരിച്ചത് ഖലീഫ അല്‍ ഹാദി. ജനിച്ചത് പില്‍കാലത്ത് ഖലീഫയായ മഅ്മൂന്‍ റശീദ്. ഖലീഫയായി ഭരണമേറ്റതാകട്ടെ, അബ്ബാസീ ഖിലാഫത്തിലെ അതി പ്രശസ്തന്‍ ഹാറൂന്‍ റശീദും (ക്രി. 786-809).
ഇസ്‌ലാമിക സാമ്രാജ്യത്തിലേക്ക് സുഭിക്ഷതയും സമാധാനവും കൊണ്ടുവന്ന, ബാഗ്ദാദിനെ വിജ്ഞാനത്തിന്റെ മലര്‍വാടിയാക്കിയ ഹാറൂനിനെ പാശ്ചാത്യരും പൗരസ്ത്യരും ഒരു പോലെ ഇഷ്ടപ്പെട്ടു.
അല്‍ മഹ്ദി-ഖൈസുറാന്‍ ദമ്പതികളുടെ മകനായി ഹി. 145ല്‍ ഹാറൂന്‍ റശീദ് ജനിച്ചു. അരോഗദൃഢഗാത്രനും സുന്ദരനുമായിരുന്നു. കൗമാരത്തില്‍തന്നെ സൈനികവൃത്തി നടത്തി. റോമക്കാരെ നേരിട്ട സൈന്യത്തെ സഹായിച്ചത് ഹാറൂനായിരുന്നു.
ആര്‍ഭാടം ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും ദാനധര്‍മങ്ങളിലും ദൈവഭക്തിയിലും ഒട്ടും പിശുക്ക് കാണിച്ചില്ല. ലോലഹൃദയനും പെട്ടെന്ന് കരയുന്നവനുമായിരുന്നു. ആരാധനകളില്‍ അതീവ ഭക്തികാണിച്ചു.
ഹജ്ജ്‌ചെയ്യുക, സ്വന്തം ചെലവില്‍ പണ്ഡിതരെ ഹജ്ജിന് പറഞ്ഞയക്കുക, ദാനം ചെയ്യുക എന്നിവ അദ്ദേഹത്തിന്റെ ശീലങ്ങളില്‍പെട്ടതായിരുന്നു. പണ്ഡിതരില്‍ നിന്ന് ഉപദേശം തേടുകയും പരലോകത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഏറെ നേരം കരയുകയും ചെയ്തിരുന്നു ഹാറൂന്‍ റശീദ്.
നീതിനിഷ്ഠയില്‍ എക്കാലത്തെയും മാതൃകയായ ഖാദി അബൂയൂസുഫായിരുന്നു ഇക്കാലത്തെ മുഖ്യ ന്യായാധിപന്‍. ഖലീഫ തന്നെയാണ് ഇദ്ദേഹത്തെ നിയമിച്ചത്. ഖലീഫക്കെതിരെ പോലും വിധിപറഞ്ഞഅബൂയൂസുഫ് ഒരിക്കല്‍ പോലും അനീതി വിധിച്ചിട്ടില്ല. പ്രശസ്തമായ ‘കിതാബുല്‍ ഖറാജ്’ എന്ന ഗ്രന്ഥം രചിച്ചത് അബൂയൂസുഫാണ്.
ദാനധര്‍മങ്ങള്‍ക്ക് പ്രശസ്തിയാര്‍ജിച്ച ബര്‍മകീ കുടുംബക്കാരായിരുന്നു ഹാറൂന്‍ റശീദിന്റെ മന്ത്രിമാര്‍. യഹ്‌യയും മക്കളായ ജഅ്ഫര്‍, ഫദ്ല്‍ എന്നിവരുമായിരുന്നു മന്ത്രിമാരായിട്ടുണ്ടാ യിരുന്നത്. ജനപ്രിയഭരണം കാഴ്ചവെക്കാന്‍ ഹാറൂനിനെ സഹായിച്ചത് ബര്‍മക്കിക ളായിരുന്നു.
23 വര്‍ഷം ഭരിച്ച്, ക്രി 809 (ഹി.193)ല്‍ ഖുറാസാനിലേക്ക് യുദ്ധത്തിന് പോകവെ സനാബാദില്‍ വെച്ച് ഹാറൂന്‍ റശീദ് അന്ത്യയാത്രയായി. 47 വയസ്സായിരുന്നു പ്രായം.
ഹാറൂന്റെ വിജ്ഞാന വിപ്ലവം
സമ്പത്തും സൗന്ദര്യബോധവും ബാഗ്ദാദിനെ വിജ്ഞാന കുതുകികളുടെയും സഞ്ചാരികളുടെയും ഖിബ്‌ലയാക്കി മാറ്റിയ സുവര്‍ണ കാലമായിരുന്നു ഹാറൂന്‍ റശീദിന്റെത്. അക്കാലത്ത് ജീവിച്ചിരുന്ന വിശുദ്ധ പണ്ഡിതന്മാരില്‍ ബഗ്ദാദ് സന്ദര്‍ശിക്കാത്തവരുണ്ടായിരുന്നില്ല.
കവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും പണ്ഡിതര്‍ക്കും സമ്മാനങ്ങള്‍ വാരിക്കോരിയാണ് നല്‍കിയിരുന്നത്. ലോകത്തെ പ്രധാന ഭാഷകളിലേക്കെല്ലാം വിവര്‍ത്തനം ചെയ്തിട്ടുള്ള പ്രശസ്ത ഗ്രന്ഥം ‘ആയിരത്തൊന്ന് രാവുകള്‍’ (അല്‍ഫ് ലൈല വ ലൈല) ഇക്കാലത്ത് വിരചിതമായതാണ്.
ഭാഷാപണ്ഡിതന്‍ അല്‍ ഇസ്മഈ, വ്യാകരണ വിദഗ്ധര്‍ അല്‍ കസാഈ, കവി പുംഗവന്‍ അബൂ നവാസ്, അറബി സൗന്ദര്യ ശാസ്ത്രജ്ഞന്‍ ഖലീല്‍ അഹ്‌മദ്, സീബവൈഹി തുടങ്ങിയവര്‍ ഹാറൂനിന്റെ ആദരവിന് പാത്രമായവരില്‍ പെടുന്നു.
ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അഹ്‌മദുബ്‌നു ഹമ്പല്‍ എന്നിവരുടെ സാന്നിധ്യം ഹാറൂന്റെ കാലഘട്ടത്തെ ധന്യമാക്കി.
ഗ്രീക്ക്, ലാറ്റിന്‍, സംസ്‌കൃതം, പേര്‍ഷ്യന്‍, സുരിയാനി ഭാഷകളിലെ വിവിധ ശാസ്ത്ര- സാഹിത്യ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് ഭാഷാന്തരം നടത്തി. ഇതിനായി ശാസ്ത്ര അക്കാദമി (ബൈതുല്‍ ഹിക്മ) തന്നെ സ്ഥാപിച്ചു.
എഞ്ചിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, ശില്‍പികള്‍, തത്വജ്ഞാനികള്‍ എന്നിവരെ വിദേശ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്ന് മുസ്‌ലിംകള്‍ക്ക് പരിശീലനം നല്‍കി.
ബാഗ്ദാദിന് കപ്പം നല്‍കിവന്നിരുന്ന റോമക്കാര്‍ പുതിയ രാജാവ് വന്നപ്പോള്‍ കപ്പം നിഷേധിച്ചു. അതുവരെ നല്‍കിയ കപ്പം തിരികെ വേണമെന്നും ഹാറൂന്‍ റശീദിനെ അറിയിച്ചു. ക്ഷുഭിതനായ ഖലീഫ നേരിട്ട് യുദ്ധം നയിക്കുകയും റോമയെ പരാജയപ്പെടുത്തി കപ്പം പുന:സ്ഥാപിക്കുകയും ചെയ്തു.
ആഫ്രിക്കയിലെ പ്രശ്‌നങ്ങള്‍ അന്നും തുടരുകയായിരുന്നു. ഇത് പരിഹരിക്കാന്‍ ഇബ് റാഹീമുബ്‌നു അഗ്‌ലബിനെ ഗവര്‍ണറാക്കി. പിന്നീട് ഇബ്‌റാഹീം അബ്ബാസി ഖിലാഫത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും അഗാലിബ് ഭരണം സ്ഥാപിക്കുകയും ചെയ്തു.
അല്‍ അമീന്‍ (സിഇ 808-813)
മരിക്കുന്നതിന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഹാറൂന്‍ റശീദ് പിന്‍ഗാമികളെക്കുറിച്ച് വസ്വിയ്യത്ത് എഴുതുകയും അത് കഅ്ബയില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. അതുപ്രകാരം ഇളയപുത്രന്‍ അമീന്‍ (ക്രി. 808-813) ആദ്യത്തെയും മൂത്തപുത്രന്‍ മഅ്മൂന്‍ രണ്ടാമത്തെയും കിരീടാവകാശിയായി.
ഹി.193ല്‍ കലാപം അടിച്ചൊതുക്കാന്‍ ഖുറാസാനിലേക്ക് പോയ ഹാറൂന്‍ സൈനിക നേതൃത്വം മഅ്മൂനെ ഏല്‍പ്പിച്ചപ്പോള്‍ ഭരണചുമതല അമീനെയാണ് ഏല്‍പിച്ചത്. സൈനികയാത്രയില്‍ ത്വൂസില്‍വെച്ച് ഹാറൂന്റശീദ് മരണപ്പെട്ടതോടെ ഖിലാഫത്ത് പൂര്‍ണമായും അമീന്‍ കൈയാളുകയായിരുന്നു.
ഹി.170ല്‍, ഹാശിമീ വംശജ സുബൈദയിലാണ് ഹാറൂന് അമീന്‍ ജനിക്കുന്നത്. ഹാറൂന്‍ ഖിലാഫത്ത് ഏറ്റെടുത്ത് ആറുമാസം കഴിഞ്ഞായിരുന്നു ഈ ജനനം. അബൂഅബ്ദില്ല മുഹമ്മദ് അല്‍ അമീന്‍ എന്ന് പൂര്‍ണനാമം.
സുന്ദരനും ശക്തനുമായ അമീന്‍ മല്ലയുദ്ധത്തില്‍ സിംഹത്തെ വധിച്ചതായി ചരിത്രകാരന്‍ സുയൂത്വി പറയുന്നു. കാവ്യ-സാഹിത്യാഭിരുചിയുമുണ്ടായിരുന്നു. എന്നാല്‍ ഭരണ നിപുണതയും കാര്യശേഷിയും വേണ്ടത്ര ഉണ്ടായിരുന്നുമില്ല. ഭാര്യ സുബൈദയുടെ സമ്മര്‍ദം മൂലമാണ് ഇളയവനായ അമീന് ആദ്യം ഖിലാഫത്ത് നല്‍കാന്‍ ഹാറൂന്‍ തയ്യാറായത്.
അതേസമയം, പടിഞ്ഞാറേ ഇറാന്‍, ഇറാഖ് മുതല്‍ ആഫ്രിക്ക വരേയുള്ള രാജ്യങ്ങളില്‍ അമീനിനും ഇറാന്റെ കൂടുതല്‍ ഭാഗങ്ങളും സിന്ധുനദി വരേയുള്ള രാജ്യങ്ങളും മഅ്മൂനിനും നല്‍കി എന്നും ചരിത്രത്തില്‍ കാണുന്നു. ബഗ്ദാദ് അമീനും മര്‍വ് മഅ്മൂനും തലസ്ഥാനങ്ങളാക്കി.
മഅ്മൂന്‍ സഹോദരന്‍ അമീനെ അംഗീകരിക്കുകയും ബൈഅത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് അമീന്‍ മഅ്മൂനിനെ രണ്ടാം കിരീടാവകാശി സ്ഥാനത്ത് നിന്നും നീക്കി സ്വന്തം പുത്രന്‍ മൂസായെ കിരീടാവകാശിയാക്കി. മര്‍വില്‍ നിന്നും മഅ്മൂനിനെ പുറത്താക്കുകയും ചെയ്തു. തന്റെ ഉപദേശികളുടെ പ്രേരണയാലാണ് ഇതെല്ലാം നടത്തിയത്.
ഇക്കാലത്ത് ബഗ്ദാദ് സാംസ്‌കാരിക ജീര്‍ണതയിലകപ്പെട്ടിരുന്നു. വെപ്പാട്ടികളും നര്‍ത്തകിമാരും അന്തപ്പുരങ്ങളില്‍ നിറഞ്ഞു. വിദൂഷകരും ജോത്സ്യന്മാരും സംഗീതവിദ്വാന്മാരും രാജസദസ്സ് കയ്യടക്കി. ഖലീഫ അമീന്‍, സുപ്രധാന സംഭവങ്ങള്‍ നടക്കുമ്പോള്‍ പോലും ടൈഗ്രീസില്‍ മീന്‍ പിടിക്കാറായിരുന്നുവെന്നും ചില ചരിത്രകാരന്മാര്‍ പറയുന്നു.
ഇതിനിടെ ഹി.197ല്‍ മഅ്മൂന്‍ ബഗ്ദാദ് അക്രമിച്ചു. മൂന്നു സൈന്യങ്ങളുടെ ത്രിമുഖാക്രമണത്തില്‍ പിടിച്ചു നില്‍ക്കാനാവാത്ത അമീന്‍ ബഗ്ദാദ് വിട്ടു. ടൈഗ്രീസ് കടന്ന് ഒരു വീട്ടില്‍ അഭയം തേടിയ അദ്ദേഹത്തെ മഅ്മൂന്റെ സേനാനായകരിലൊരാളായ ത്വാഹിറിന്റെ സൈനികര്‍ വധിക്കുകയായിരുന്നു. മഅ്മൂന്റെ സമ്മതമില്ലാതെയായിരുന്നു ഈ കുരുതി.
അതോടെ ക്രി.813(ഹി.198)ല്‍ അമീനിന്റെ ഖിലാഫത്തിന് അന്ത്യമായി. നാലര വര്‍ഷമായിരുന്നു അദ്ദേഹത്തിന്റെ ഭരണം.
അല്‍ മഅ്മൂന്‍
ഖലീഫ ഹാദിയുടെ മരണവും ഹാറൂന്‍ റശീദിന്റെ സ്ഥാനാരോഹണവും മഅ്മൂനിന്റെ ജനനവും ഒരുദിവസമായിരുന്നു. ഹിജ്‌റ 170 റബീഉല്‍ അവ്വല്‍ 15ന് (സിഇ 786ല്‍). പേര്‍ഷ്യക്കാരിയായ ഭാര്യയിലാണ് ഹാറൂന്‍ റശീദിന് മഅ്മൂന്‍ പിറന്നത്. തന്നെക്കാള്‍ ആറുമാസം ഇളയവനായ സഹോദരന്‍ അമീനെ ആദ്യ പിന്‍ഗാമിയായി പിതാവ് പ്രഖ്യാപിച്ചപ്പോള്‍ മഅ്മൂന്‍ അത് അനുസരിക്കുകയും അവന് ബൈഅത്ത് നല്‍കുകയും ചെയ്തു.
പിതാവിനെപ്പോലെ തന്നെയായിരുന്നു പല കാര്യങ്ങളിലും മഅ്മൂന്‍. വിനയവും ലാളിത്യവും ഒരിക്കലും കൈവിട്ടില്ല. സാഹിത്യാഭിരുചിയിലും ശാസ്ത്ര ബോധത്തിലും പിന്നിലുമായിരുന്നില്ല. ഹി. 198ലാണ് മഅ്മൂന്‍ ഖിലാഫത്ത് ഏറ്റെടുക്കുന്നത് (സഹോദരന്‍ അമീന്‍ മരിച്ച അന്നുതന്നെ). എന്നാല്‍ പിതാവ് മരിച്ചതിനുശേഷം മര്‍വ് ആസ്ഥാനമായി ഭരണം നടത്തിവന്നിരുന്നു. ഖിലാഫത്ത് ഏറ്റെടുത്തിട്ടും ആറുമാസം അദ്ദേഹം മര്‍വില്‍ തന്നെ തുടര്‍ന്നു. പിന്നീട് ബഗ്ദാദില്‍ ഭരണ വിരുദ്ധ വികാരം കലാപമായപ്പോഴാണ് ഹിജ്‌റ 204ല്‍ അദ്ദേഹം തിരിച്ചുവന്ന് ബഗ്ദാദ് തലസ്ഥാനമാക്കിയത്. അതോടെ കലാപം ഒതുങ്ങുകയും ചെയ്തു.
മഅ്മൂനിന്റെ നീതിബോധത്തിനും വിനയത്തിനും അടിവരയിടുന്ന നിരവധി സംഭവങ്ങള്‍ ചരിത്രത്തിലുണ്ട്. തന്റെ സ്വത്ത് അന്യായമായി കൈയിലാക്കുന്ന ഖലീഫയുടെ പുത്രനെതിരെ ഒരു വൃദ്ധ അദ്ദേഹത്തെ സമീപിച്ചു. വാദം കേട്ട് അന്യായം ബോധ്യപ്പെട്ട മഅ്മൂന്‍ സ്വത്ത് തിരിച്ചു നല്‍കാന്‍ മകനോട് കല്പിച്ചു.
ദാഹിച്ചു വലഞ്ഞ ജഡ്ജിക്ക് വെള്ളമെടുക്കാന്‍ പോയി ഒരിക്കല്‍ ഖലീഫ. ”ഭൃത്യനോട് പറഞ്ഞാല്‍ പോരേ” എന്നുചോദിച്ച ജഡ്ജിയോട് ”അവന്‍ ഉറങ്ങുകയായിരിക്കും” എന്നായിരുന്നു മഅ്മൂന്റെ മറുപടി.
‘ജനനായകന്‍ ജനസേവകനാണ്’ എന്ന നബി വചനം പലരെയും ഓര്‍മിപ്പിക്കുമായിരുന്നു ഖലീഫ. ബൈതുല്‍ ഹിക്മ (സയന്‍സ് അക്കാദമി)യുടെ പ്രവര്‍ത്തനം വിപുലീകരിച്ച് റോമില്‍ അവഗണിക്കപ്പെട്ടുകിടന്നിരുന്ന പൗരാണിക ഗ്രന്ഥങ്ങള്‍ ബഗ്ദാദിലെത്തിച്ചു അറബിയിലാക്കി. ഗ്രന്ഥത്തിന്റെ അത്ര തൂക്കം വരുന്ന സ്വര്‍ണമായിരുന്നു വിവര്‍ത്തവര്‍ക്കു നല്‍കിയ പ്രതിഫലം.
ഗോളശാസ്ത്ര-ഗണിതശാസ്ത്ര പണ്ഡിതരുടെ ശ്രമഫലമായി അക്കാലത്ത് ഭൂഗോളത്തിന്റെ അളവെടുക്കുകയുമുണ്ടായി. യൂറോപ്യന്‍പോലും ഗുരു എന്നുവിളിച്ചു ഈ വിജ്ഞാന കുതുകിയെ.
രണ്ട് പതിറ്റാണ്ട് രാജ്യം ഭരിച്ച അദ്ദേഹം ക്രി.833ല്‍(ഹി. 218) ത്വൂസില്‍ വെച്ചാണ് ദിവംഗതനായത്. 48 വയസ്സായിരുന്നു.
മഅ്മൂന്റെ കാലത്തെ ചിലസംഭവങ്ങള്‍
ഖുറാസാനിലെ താമസവും ബര്‍മക്കികളുമായുള്ള സഹവാസവും മഅ്മൂനില്‍ ശീഈ ചിന്താഗതി വളര്‍ത്തി. ഇത് അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. തന്റെ പിന്‍ഗാമിയായി അദ്ദേഹം അലിരിദാ എന്ന ശീഈ ഇമാമിനെ ഹിജ്‌റ 201ല്‍ പ്രഖ്യാപിച്ചു. അബ്ബാസികളുടെ കറുപ്പ് നിറത്തിനു പകരം ശീഈകളുടെ പച്ച നിറം ഔദ്യോഗിക വര്‍ണമായും അംഗീകരിച്ചു.
ഇതോടെ ബാഗ്ദാദ് പ്രകമ്പനം കൊണ്ടു. അവര്‍ മഅ്മൂനിനെ തള്ളി മഹ്ദിയുടെ പുത്രന്‍ ഇബ്‌റാഹീമിനെ ഖലീഫയാക്കി. എന്നാല്‍ ഇബ്‌റാഹീമിന് അധികകാലം പിടിച്ചു നില്‍ക്കാനായില്ല. അതിനിടെ അലിരിദാ മരിച്ചു. ബാഗ്ദാദിലെ കലാപമറിഞ്ഞ് മര്‍വ് വിട്ട് മഅ്മൂന്‍ അവിടെയെത്തി. തന്റെ ‘പിന്‍ഗാമി’ തീരുമാനം പിന്‍വലിക്കുകയും ബാഗ്ദാദിലേക്ക് തലസ്ഥാനം മാറ്റുകയും ചെയ്തു.
മുഅ്തസിലി വിഭാഗത്തിന്റെ ഖുര്‍ആന്‍ സൃഷ്ടിവാദം മഅ്മൂന്‍ ഏറ്റു പിടിച്ചതാണ് മറ്റൊരു വിവാദത്തിന് തിരികൊളുത്തിയത്. അത് അംഗീകരിപ്പിക്കാന്‍ പണ്ഡിതരെ അദ്ദേഹം നിര്‍ബന്ധിച്ചു. ആ വാദം തള്ളിയ ഇമാം അഹ്‌മദുബ്‌നു ഹമ്പലിനെ മര്‍ദനത്തിന് വിധേയമാക്കുകയായിരുന്നു.
ഇക്കാലത്ത് ചില സ്ഥലങ്ങള്‍ ഇസ്‌ലാമിക സാമ്രാജ്യത്തിലേക്ക് ചേര്‍ക്കപ്പെടുകയും ചെയ്തു. സ്‌പെയിനിലെ അമവി ഭരണം സഹിക്കാനാവാതെ രാജ്യംവിട്ട ഒരു സംഘം ക്രിറ്റി ദ്വീപ് പിടിച്ചടക്കി. മൊറോക്കോയിലെ ആശ്രിതഭരണകൂടമായ അഗാലിബുകള്‍ സിസിലി പിടിച്ചെടുത്തു. ഇവ രണ്ടും അബ്ബാസിയാ ഖിലാഫത്തിനോട് ചേര്‍ക്കപ്പെട്ടു. തുര്‍ക്കികളില്‍ ഇസ്‌ലാം പ്രചരിക്കാന്‍ ഇത് ഇടയാക്കി.
ബൈസന്ത്യക്കാരുടെ ഇടക്കിടെയുള്ള ആക്രമണങ്ങള്‍ക്കറുതി വരുത്താന്‍ ഖലീഫ മഅ്മൂന്‍ തന്നെനേതൃത്വം വഹിച്ച സൈന്യം ത്വര്‍സൂസിലേക്ക് പോയി. റോമക്കാരുടെ കോട്ട പിടിക്കുകയും അവരുടെ അതിര്‍ത്തിയായ തവാനയില്‍ സൈനിക നഗരം പണിയുകയും ചെയ്തു.
മുഅ്തസിം ബില്ലാഹ് (സിഇ 839-842)
ഹാറൂന്‍ റശീദിന്റെ മൂന്നാമത്തെ മകന്‍. ജനനം ഹി. 179ല്‍. മാതാവ് മാരിയ. അബൂ ഇസ്ഹാഖ് മുഹമ്മദ് എന്ന് യഥാര്‍ഥ പേര്. അല്‍ മുഅ്തസിം ബില്ലാഹ് അപരനാമം (സിഇ 839-842).
അതികായനും അതിശക്തനുമായിരുന്നു. നാലര ക്വിന്റല്‍ ഭാരം വഹിക്കാന്‍ മുഅ്തസിമിനു കഴിഞ്ഞിരുന്നുവത്രേ. തന്റെ ഭരണകാലത്ത് മഅ്മൂന്‍ മുഅ്തസിമിനെ സൈനിക നേതൃത്വമേല്‍പ്പിച്ചിരുന്നു. സിറിയയിലെയും ഈജിപ്തിലെയും ഗവര്‍ണറുമാക്കി.
പഠനത്തില്‍ താല്‍പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ സാധുക്കളെ സഹായിക്കുന്നതില്‍ ഉദാര മനസ്സു കാട്ടി. പ്രതിയോഗികളെ നേരിടുന്നതില്‍ ഒരുകാരുണ്യവും കാണിച്ചുമില്ല.
തന്റെ പിന്‍ഗാമിയായി മകന്‍ അബ്ബാസിനെ പ്രഖ്യാപിക്കാന്‍ സൈന്യവും ഉപദേശകരും ഖലീഫ മഅ്മൂനെ നിര്‍ബന്ധിച്ചു. എന്നാല്‍ അദ്ദേഹം വഴങ്ങിയില്ല. സഹോദരന്‍ മുഅ്തസിമിനെ തന്നെ കിരീടാവകാശിയാക്കി. ക്രി.839ല്‍ (ഹി:218) മഅ്മൂനിന്റെ മരണദിവസം തന്നെ മുഅ്തസിം അധികാരമേല്‍ക്കുകയും ചെയ്തു.
അഭ്യന്തര പ്രശ്‌നങ്ങളാല്‍ കലുഷമായിരുന്നു മുഅ്തസിമിന്റെ ഭരണകാലം. ഖുറാസാനില്‍ അലവികള്‍ ഭരണവിരുദ്ധ കലാപം നടത്തി. മുഹമ്മദുബ്‌നു ഖാസിമായിരുന്നു നേതൃത്വത്തില്‍. നേതാവിനെ പിടിക്കുകയും അണികളെ അടിച്ചമര്‍ത്തുകയും ചെയ്തു. യൂഫ്രട്ടീസ്, ടൈഗ്രീസ് തീരങ്ങളിലെ സത്തുക്കള്‍ (ഇന്ത്യന്‍ ജാട്ടുവംശജര്‍) കലാപത്തിനിറങ്ങി. ഇവരെ പിടിച്ചു നാടുകടത്തി.
പുതിയ മതം സ്ഥാപിച്ച് മുസ്‌ലിംകള്‍ക്കെതിരെ രംഗത്തു വന്ന അസര്‍ബീജാനിലെ ബാബക് അല്‍ഖുറമി നിരവധി മുസ്‌ലിംകളെ കൊന്നൊടുക്കിയിരുന്നു. ഇവര്‍ക്കെതിരെ തുര്‍ക്കിസേന യെയാണ് മുഅ്തസിം അയച്ചത്. അവരെ അമര്‍ച്ച ചെയ്ത് ബാബക്കിന് വധശിക്ഷ നല്‍കി. ഹി. 223ലാണീ സംഭവം.
അറബികളെയും പേര്‍ഷ്യക്കാരെയും സംശയത്തോടെ കണ്ട ഖലീഫ, തുര്‍ക്കികളെയും യമനികളെയും ഉള്‍പ്പെടുത്തി തുര്‍ക്കിസേന രൂപീകരിച്ചു. അവരെ അധിവസിപ്പിക്കാന്‍ ഹി. 221ല്‍ ബഗ്ദാദിനു പുറത്ത് ‘സാമിര്‍റ’ (സുര്‍റമന്റആ-നയനാന്ദകരം) എന്ന നഗരവും പണിതു. ഇത് സൈനികരില്‍ ചിലരെ മുഅ്തസിമിനെതിരെ തിരിച്ചു. അവര്‍ മഅ്മൂന്റെ മകന്‍ അബ്ബാസിനെ ഖലീഫയാക്കാന്‍ ഗൂഢാലോചന നടത്തി. എന്നാല്‍ രഹസ്യം പൊളിയുകയും അബ്ബാസിനെ ഉള്‍പ്പെടെ ഗൂഢാലോചനയില്‍ ഭാഗവാക്കായ മുഴുവന്‍ പേരെയും മുഅ്തസിം ബില്ലാഹ് തുടച്ചു നീക്കുകയും ചെയ്തു.
സഹോദരന്‍ മഅ്മൂനിന്റെ വസ്വിയ്യത്ത് പ്രകാരം ഖുര്‍ആന്‍ സൃഷ്ടിവാദം മുഅ്തസിമും പ്രചരിപ്പിച്ചു. മഅ്മൂനെക്കാള്‍ ഒരു പടികടന്ന്, ഈ വാദം അംഗീകരിക്കാത്ത പണ്ഡിതരെ ക്രൂരമായി പീഡിപ്പിക്കാനും മുഅ്തസിം ഉദ്യുക്തനായി.
കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. എന്നാല്‍ അവരില്‍ നിന്ന് അമോറിയ പിടിച്ചടക്കി.
എട്ടരവര്‍ഷത്തെ ഭരണത്തിന് തിരശ്ശീല വീഴ്ത്തി സിഇ 842 (ഹി. 227)ല്‍ മുഅ്തസിം അന്തരിച്ചു. 49 വയസ്സായിരുന്നു. പുത്രന്‍ അല്‍ വാസിഖിനെയാണ് കിരീടാവകാശിയാക്കിയത്.
അല്‍വാസിഖ് ബില്ലാഹ്
മുഅ്തസിമിന്റെയും യൂറോപ്യന്‍ വനിതയായ ക്രാതീസിന്റെയും മകനായി ഹി.186ല്‍ വാസിഖ് ബില്ലാഹ് ജനിച്ചു. മുഴുവന്‍ പേര് ഹാറൂന്‍ അല്‍ വാസിഖ് ബില്ലാഹ് എന്നാണ്.
കാര്യബോധവും വിജ്ഞാന തൃഷ്ണതയും ചെറുപ്പം മുതലേ പ്രകടിപ്പിച്ച വാസിഖ് പിതൃവ്യന്‍ മഅ്മൂനിന്റെ സ്വഭാവശീലങ്ങള്‍ അപ്പടി പകര്‍ത്തിയിരുന്നു. സാമിര്‍റ എന്ന പുതിയ തലസ്ഥാന നഗരം നിര്‍മിച്ച് മുഅ്തസിം അങ്ങോട്ടു പോയപ്പോള്‍ ബഗ്ദാദില്‍ ചുമതലയേല്‍പ്പിച്ചത് വാസിഖിനെയായിരുന്നു. ചില യുദ്ധങ്ങള്‍ക്കും പറഞ്ഞയച്ചു.
പിതാവിന്റെ മരണത്തെ തുടര്‍ന്ന് ക്രി. 842ല്‍ അധികാരമേറ്റു. ഇക്കാലത്ത് സാമ്രാജ്യവികസനം നടന്നില്ല. മദീനയിലും ബഗ്ദാദിലും അറബ് വംശജരുടെ നേതൃത്വത്തില്‍ കലാപങ്ങള്‍ അരങ്ങേറി. തുര്‍ക്കികള്‍ക്ക് സൈന്യത്തിലും കൊട്ടാരത്തിലും ഭരണത്തിലും അമിതമായ സ്ഥാനം നല്‍കിയതിലുള്ള പ്രതിഷേധമായിരുന്നു കലാപത്തിന് കാരണം. മുഅ്തസിം രൂപം നല്‍കിയ തുര്‍ക്കിസേനയുടെ നായകനായ അശ്‌നാസിനെ സുല്‍ത്താനായി വാഴിക്കാന്‍ വരെ വാസിഖ് തയ്യാറായി.
ഈ രണ്ട് കലാപങ്ങളും അടിച്ചമര്‍ത്തപ്പെട്ടു. ബഗ്ദാദിലെ കലാപത്തിന് നേതൃത്വം നല്‍കിയ അഹ്‌മദുബ്‌നുനസ്‌റിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷക്ക് വിധേയനാക്കി.
ഖുര്‍ആന്‍ സൃഷ്ടിവാദം മുന്‍ഗാമികളെക്കാള്‍ ശക്തമായി പ്രചരിപ്പിച്ച വാസിഖ്, ഖുര്‍ആന്‍ സൃഷ്ടിയാണെന്നും പരലോകത്ത് വെച്ച് സ്വര്‍ഗവാസികള്‍ അല്ലാഹുവിനെ കാണില്ലെന്നും വിശ്വസിക്കാത്തവരെ കൊല്ലാനായിരുന്നു കല്പിച്ചിരുന്നത്. ഇത്തരം നടപടികള്‍ക്കെതിരെ മുസ്‌ലിം ലോകത്തുനിന്ന് വന്‍ പ്രതിഷേധങ്ങളുമുയര്‍ന്നു.
ക്രി. 847ല്‍ (ഹി.232) സാമിര്‍റയിലെ കൊട്ടാരത്തില്‍ വെച്ചാണ് വാസിഖിന്റെ അന്ത്യമുണ്ടായത്. പിന്‍ഗാമിയായി ആരെയും നിശ്ചയിച്ചിരുന്നില്ല.
വാസിഖിന്റെ നിര്യാണത്തോടെ അബ്ബാസി ഖിലാഫത്തിന്റെ സുവര്‍ണകാലം അവസാനിച്ചു. പിന്നീട് വന്ന ഖലീഫമാരെല്ലാം തുര്‍ക്കികളുടെ നിയന്ത്രണത്തിലാണ് രാജ്യഭരണം നടത്തിയത്.
അല്‍ മുതവക്കില്‍ അലല്ലാഹ് (സിഇ 847-861)
അബ്ബാസി ഖിലാഫത്ത് രണ്ടാം ഘട്ടത്തിലെ ആദ്യ ഭരണാധികാരിയാണ് മുഅ്തസിമിന്റെ പുത്രനും വാസിഖിന്റെ അര്‍ധ സഹോദരനുമായ ജഅ്ഫര്‍. ഖിലാഫത്ത് ഏറ്റെടുത്തപ്പോള്‍ മുതവക്കില്‍ അലല്ലാഹ് എന്ന നാമം സ്വീകരിക്കുകയായിരുന്നു. ക്രി. 847ലാണ് (ഹി. 232) ഈ അധികാരാരോഹണം.
മുതവക്കിലിന്റെ ഭരണകാലം സമാധാന പൂര്‍ണമായിരുന്നു. ഇക്കാലത്ത് ഐശ്വര്യവും സമൃദ്ധിയും നാട്ടില്‍ കളിയാടി. അബൂബക്ര്‍ സിദ്ദീഖ്, ഉമറുബ്‌നു അബ്ദുല്‍ അസീസ് എന്നിവരോടാണ് മുതവക്കിലിനെ ഇബ്‌നുകസീര്‍ സാമ്യപ്പെടുത്തിയത് (അല്‍ ബിദായ വന്നിഹായ 10/445).
മുതവക്കിലിന്റെ ഏറ്റവുംവലിയ പ്രത്യേകത മുഅ്തസിലുകള്‍, ശീഈകള്‍ എന്നിവരോട് കടുത്ത നിലപാട് സ്വീകരിച്ചുവെന്നതാണ്. ഖുര്‍ആന്‍ സൃഷ്ടിവാദം പോലുള്ള ചര്‍ച്ചകള്‍ തന്നെ അദ്ദേഹം നിരോധിച്ചു. തിരുനബി(സ്വ)യുടെ നാലു ഖലീഫമാരെയും ആഇശ(റ) യെയും അധിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാക്കി. കര്‍ബലയില്‍ ഹുസൈന്റെ ഖബറില്‍ കെട്ടിപ്പൊക്കിയ കെട്ടിടം പൊളിച്ചുനീക്കുകയും ചെയ്തു. ബിദ്അത്തുകള്‍ ക്കെതിരെയും ഖലീഫ കര്‍ശന നിലപാടെടുത്തു.
സൈന്യത്തിലെയും ഭരണത്തിലെയും തുര്‍ക്കി ആധിപത്യം കുറക്കാനും മുതവക്കില്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായി തലസ്ഥാനം ദമസ്‌കസിലേക്ക് മാറ്റാന്‍ ആഗ്രഹിച്ചു. പക്ഷേ നടന്നില്ല. മാത്രമല്ല ഈ ശ്രമം അദ്ദേഹത്തിന്റെ വധത്തില്‍ കലാശിക്കുകയും ചെയ്തു.
ക്രി. 861(ഹി.247)ലായിരുന്നു മുതവക്കിലിന്റെ ദാരുണാന്ത്യം; 40-ആം വയസ്സില്‍. 15 വര്‍ഷമാണ് അദ്ദേഹം ഭരണചക്രം തിരിച്ചത്.
അല്‍ മുന്‍തസിര്‍ ബില്ലാഹ് (സിഇ 861-862)
അല്‍ മുതവക്കിലിന്റെ മകനാണ് മുഹമ്മദ് മുന്‍തസിര്‍ ബില്ലാഹ്. പിതാവ് വധിക്കപ്പെട്ടതിന് പിന്നാലെ തുര്‍ക്കികളുടെ ആശീര്‍വാദത്തോടെ അല്‍ മുന്‍തസിര്‍ ഖലീഫ പദവിയേറ്റു. ക്രി. 861 (ഹി. 247)ലായിരുന്നു അത്.
ഭരണമേറ്റ ഉടനെതന്നെ, പിതാവിന്റെ നയങ്ങള്‍ക്ക് കടക വിരുദ്ധമായ നടപടികളാണ് ഇദ്ദേഹമെടുത്തത്. ശീഈകളോടും മുഅ്തസിലികളോടും ജൂത-ക്രൈസ്തവ ന്യൂനപക്ഷങ്ങ ളോടും അനുയനത്തില്‍ വര്‍ത്തിച്ചു.
ഇക്കാലത്ത് തുര്‍ക്കികള്‍ പൂര്‍ണമായും അധികാരത്തില്‍ പിടിമുറുക്കിയിരുന്നു. ഇസ്‌ലാമിക സമൂഹത്തിന്റെ നന്മയല്ല സ്വന്തം വംശീയ താല്‍പര്യങ്ങളാണ് അവര്‍ സംരക്ഷിച്ചത്.
സ്വന്തം പിതാവിന്റെ ഘാതകനെന്ന അപഖ്യാതി മുന്‍തസിറിനെ വല്ലാതെ വേട്ടയാടി. തുര്‍ക്കികളെ അകറ്റാന്‍ ഖലീഫ തയ്യാറെടുത്തു. എന്നാല്‍ ഇത് തിരിച്ചറിഞ്ഞ തുര്‍ക്കികള്‍ കൊട്ടാരവൈദ്യനെ സ്വാധീനിച്ച് മരുന്നില്‍ വിഷം കലര്‍ത്തി നല്‍കി മുന്‍തസിറിനെ വധിക്കുകയായിരുന്നു. ആറുമാസം മാത്രമാണ് അദ്ദേഹം ഭരണത്തിലിരുന്നത്. 26-ാം വയസ്സില്‍ അന്ത്യം.