മൂസാ നബി(അ)
”ഇസ്‌റാഈല്‍ വംശത്തില്‍ ഒരു ശിശു പിറക്കാനിരിക്കുന്നു. അവന്‍ ഫറോവ രാജവംശത്തിന്റെ അന്തകനാവും”- താന്‍ കണ്ട സ്വപ്നത്തിന്റെ വ്യാഖ്യാനം കേട്ട് ഫിര്‍ഔന്‍ കലിതുള്ളി സിംഹാസനത്തില്‍ നിന്നെഴുന്നേറ്റു: ”ആ നശിച്ച വംശത്തില്‍ ഇനിമേല്‍ പിറക്കുന്ന ആണ്‍കുഞ്ഞുങ്ങളെ മുഴുവന്‍ കൊന്നേക്കുക, പെണ്‍കുട്ടികള്‍ മാത്രം ജീവിക്കട്ടെ”- അയാള്‍ ഉത്തരവിട്ടു.
വേട്ടപ്പട്ടികളുടെ ഘ്രാണശക്തിയോടെ ഫറോവയുടെ കിങ്കരന്‍മാര്‍ ഈജിപ്തില്‍ ഓടിനടന്നു. ഇസ്‌റാഈല്‍ കുലത്തിലെ ആണ്‍ പൈതലുകളുടെ രക്തം കണ്ട് ഗ്രാമങ്ങളും വിറങ്ങലിച്ചു തങ്ങളുടെ ഉദരങ്ങളില്‍ തുടിക്കുന്ന ജീവന്‍ ആണ്‍തരിയുടേതാവരുതേയെന്ന് ഇസ്‌റാഈലീ ഉമ്മമാര്‍ അകമേ പ്രാര്‍ഥിച്ചു. ഭീതിദമായ ഈ വേളയെ ഖുര്‍ആന്‍ വരച്ചിടുന്നതിങ്ങനെ:
”ഭൂമിയില്‍ ഫറോവ ഔന്നത്യം നടിച്ചു. അതിലെ ജനത്തെ വിഭജിക്കുകയും ഒരുവിഭാഗത്തെ ദുര്‍ബലരാക്കുകയും അവരിലെ ആണ്‍കുട്ടികളെ അറുകൊല നടത്തുകയും സ്ത്രീകളെ ജീവിക്കാന്‍ വിടുകയും ചെയ്തു. അവന്‍ നാശകാരി തന്നെയായിരുന്നു”(28:4).
എന്നാല്‍ ദൈവഹിതമായി മൂസാ പിറന്നു. മനസ്സില്‍ തീയുമായി ആ മാതാവ് ഫറോവയുടെ ആളുകളെ കാത്തിരുന്നെങ്കിലും അല്ലാഹുവിന്റെ സംരക്ഷണത്തില്‍ ആ കുഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടു. ആധിയും വ്യഥയുമായി കഴിഞ്ഞിരുന്ന ഉമ്മയുടെ മനസ്സില്‍ ദൈവിക ബോധനമായി ഉപായം തെളിഞ്ഞു: ”മൂസായുടെ മാതാവിന് നാം ബോധനം നല്‍കി. നീ അവനെ മുലയൂട്ടുക. നിനക്ക് ഭയം തോന്നുന്നുവെങ്കില്‍ അവനെ നീ നദിയിലൊഴുക്കുക. ഭയപ്പെടരുത്, ദുഃഖിക്കുകയുമരുത്. അവനെ നാം നിനക്ക് മടക്കിത്തരും. അവനെ നാം എന്റെ ദൂതനാക്കുകയും ചെയ്യും”(28:7).
നൈലിന്റെ ഓളങ്ങളിലൊഴുകിയൊഴുകി പെട്ടിയെത്തിയത് ഫറോവയുടെ കൊട്ടാരത്തില്‍ തന്നെ. ചിരി തൂകിയ കുഞ്ഞിന്റെ നിഷ്‌കളങ്കഭാവത്തില്‍ രാജ്ഞിയും ഫറോവയും ഭാര്യയും വീണു. അവരുടെ അരുമയായി അവന്‍ പിച്ചവെച്ചു. മുലയൂട്ടാന്‍ സേവികമാര്‍ ആറുപേരെത്തിയെങ്കിലും ഏഴാമതെത്തിയ സ്വന്തം ഉമ്മയില്‍ നിന്ന് മാത്രം അവന്‍ സ്തന്യം നുകര്‍ന്നു. അതെ, ”അവനെ നാം നിനക്ക് തിരിച്ചുതരും” എന്ന വാഗ്ദാനം അല്ലാഹു പാലിക്കുകയായിരുന്നു (28:13).
മൂസാ മദ്‌യനിലേക്ക്
മുലകുടി പ്രായം കഴിഞ്ഞ മൂസാ കൊട്ടാരത്തില്‍ തിരിച്ചെത്തി. കൗമാരം പിന്നിട്ട് യൗവനയുക്തനായി. പക്വതയെത്തിയ മൂസാക്ക് അല്ലാഹു വിജ്ഞാനവും തത്വജ്ഞാനവും നല്‍കി(28:14). ദുര്‍ബലരെ, പ്രത്യേകിച്ച് ഇസ്‌റാഈല്യരെ സഹായിക്കണമെന്നും അക്രമികളെ അകറ്റണമെന്നും അദ്ദേഹം ആഗ്രഹിച്ചു.
ഒരിക്കല്‍ പട്ടണത്തിലെത്തിയ മൂസാ(അ), ഒരു ഖിബ്ത്വിയും ഒരു ഇസ്‌റാഈലിയും തമ്മില്‍ അടിപിടികൂടുന്നത് കണ്ടു. ഇസ്‌റാഈല്യനെ സഹായിക്കാനെത്തിയ മൂസാ(അ)യുടെ അടിയേറ്റ് ഖിബ്ത്വി മരിച്ചു. പിശാചിന്റെ കെണിയില്‍ വീണ അദ്ദേഹം അല്ലാഹുവിനോട് മാപ്പ് തേടി. എന്നാല്‍, അടുത്ത ദിവസവും ഇതേ ഇസ്‌റാഈല്യന്‍ മറ്റൊരു ഖിബ്ത്വിയുമായി ശണ്ഠക്കിടെ മൂസാ(അ)യുടെ സഹായം തേടി. അദ്ദേഹം വിസമ്മതിച്ചു. പ്രകോപിതനായ ഇസ്‌റാഈല്യന്‍ മൂസാ കൊലയാളിയാണെന്ന രഹസ്യം വെളിപ്പെടുത്തി.
ഇതോടെ, സ്വന്തം വംശക്കാരനെ കൊന്ന മൂസാക്കെതിരെ ഫറോവ വധശിക്ഷ വിധിച്ചു. ഇക്കാര്യം രഹസ്യമായി അറിഞ്ഞ മൂസാ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു: ”നാഥാ, അക്രമികളായ ജനതയില്‍ നിന്ന് എന്നെ നീ രക്ഷിക്കേണമേ’‘(28:21).
അല്ലാഹുവിന്റെ ബോധനം ലഭിച്ച അദ്ദേഹം ഫറോവയുടെ അക്രമമെത്താത്ത ഗ്രാമമായ മദ്‌യനിലേക്ക് യാത്രയായി. അവിടെയെത്തി വിശ്രമിക്കവെ, ആടുകളെ വെള്ളം കുടിപ്പിക്കാന്‍ കൊണ്ടുവന്ന രണ്ടു യുവതികളെ കണ്ടു. ആടുകള്‍ക്ക് വെള്ളം ലഭ്യമാക്കാന്‍ മൂസാ അവരെ സഹായിക്കുകയും ചെയ്തു.
അന്യനാട്ടില്‍ അഭയവും ആശ്രയവുമില്ലാതെ ഒറ്റപ്പെട്ട അദ്ദേഹം പ്രാര്‍ഥനാനിരതനായി: ”എന്റെ നാഥാ, എനിക്കു നീ നല്‍കുന്ന ഏതൊരു നന്മക്കും ഞാന്‍ ആവശ്യക്കാരനാണ്”(28:24). ഇതിനിടെ, നേരത്തെ കണ്ട യുവതികളിലൊരാള്‍ വന്ന് പറഞ്ഞു:”താങ്കളെ ഞങ്ങളുടെ പിതാവ് വിളിക്കുന്നു”.
വൃദ്ധപിതാവിനു മുന്നില്‍ മൂസാ തന്റെ കഥ നിരത്തി. അദ്ദേഹം മൂസായെ സമാധാനിപ്പിച്ചു: ”ഇവിടെ താങ്കള്‍ക്ക് നിര്‍ഭയമായി ജീവിക്കാം”(28:25). ദിവസങ്ങള്‍ കഴിഞ്ഞു. മൂസാ അവരെ ജോലിയില്‍ സഹായിച്ചു കൊണ്ടിരുന്നു. ഒരു ദിവസം മകള്‍ പിതാവിനോട് പറഞ്ഞു:”മൂസായെ താങ്കള്‍ ജോലിക്കാരനായി വെക്കുക. അദ്ദേഹം വിശ്വസ്തനും കരുത്തനുമാണ്.” അതിന് അവള്‍ തെളിവും നിരത്തി.
ഇത് ബോധ്യപ്പെട്ട പിതാവ് മൂസാക്കു മുന്നില്‍ നിര്‍ദേശം വെച്ചു. ”ഞാന്‍ എന്റെ മക്കളില്‍ ഒരാളെ നിനക്ക് ഇണയാക്കിത്തരാം. എട്ടുവര്‍ഷമോ അല്ലെങ്കില്‍ പത്തുവര്‍ഷമോ നീ ഇവിടെ ജോലിയെടുക്കുക. അതാണ് വിവാഹമൂല്യം. ഞാന്‍ നിങ്ങളെ പ്രയാസപ്പെടുത്തുകയില്ല. ഞാന്‍ സത്കര്‍മകാരികളില്‍ പെട്ടവനാണ്’‘(28:27).
അല്ലാഹുവിനെ സാക്ഷിയാക്കി വൃദ്ധന്റെ കരാര്‍ മൂസാ അംഗീകരിച്ചു. (ഈ വൃദ്ധന്‍ ശുഅയ്ബ് നബിയാണെന്ന് ഹസന്‍ ബസ്വരി, മാലികുബ്‌നു അനസ് തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്). പത്തുവര്‍ഷം മൂസാ മദ്‌യനില്‍ ജീവിച്ചു. ശേഷം ഈജിപ്തിലേക്കു തന്നെ മടങ്ങി.
പ്രവാചക പദവിയിലേക്ക്
കുടുംബവുമായി ജന്മനാട്ടിലേക്ക് മടങ്ങിയ മൂസാ ‘ത്വുവാ’ താഴ്‌വരയിലെത്തി, ഇരുട്ടില്‍ വെളിച്ചമന്യേഷിച്ചിറങ്ങിയതിനിടെ ദൂരെ കണ്ട തീയിനടുത്തേക്ക് നീങ്ങി. പൊടുന്നനെ ഒരശരീരി ഉയര്‍ന്നു: ”മൂസാ, ഞാന്‍ നിന്റെ രക്ഷിതാവാണ്. നീയിപ്പോള്‍ വിശുദ്ധമായ ത്വുവാ താഴ്‌വരയിലത്രെ. അതിനാല്‍ നീ ചെരുപ്പഴിക്കുക. താങ്കളെ നാം ദൂതനായി തെരഞ്ഞെടുത്തിരിക്കുന്നു. ബോധനം നല്‍കുന്നത് നീ ശ്രദ്ധിച്ചു കേള്‍ക്കണം” (20:12,13).
പ്രവാചകത്വത്തിന്റെ തെളിവായി രണ്ട് ദൃഷ്ടാന്തങ്ങളും നല്‍കപ്പെട്ടു. മൂസാ സ്ഥിരമായി കൊണ്ടുനടന്നിരുന്ന വടിയാണൊന്ന്. അത് നിലത്തിട്ടാല്‍ സര്‍പ്പമാവും, മറ്റൊന്ന് കൈ കക്ഷത്തില്‍ വെക്കുമ്പോള്‍ അത് തിളങ്ങുന്നതും. ഇത് നല്‍കിയ ശേഷം, ദൈവം ചമയുന്ന ഫിര്‍ഔനിനെ അവന്റെ കൊട്ടാരത്തില്‍ ചെന്ന് ദൈവവഴിയിലേക്ക് ക്ഷണിക്കാനും ഇസ്‌റാഈല്യരെ അടിമത്വത്തില്‍ നിന്ന് വിട്ടുതരാന്‍ ആവശ്യപ്പെടാനും അല്ലാഹു കല്‍പിച്ചു.
ഹൃദയവിശാലതക്കും കാര്യങ്ങളുടെ സുഗമമായ ഒഴുക്കിനും സംസാരസ്ഫുടതയുണ്ടാക്കാനുമുള്ള മൂസാ(അ)യുടെ പ്രാര്‍ഥനയും അല്ലാഹു സ്വീകരിച്ചു. സഹായിയായി സഹോദര പുത്രന്‍ ഹാറൂനിനെയും നിശ്ചയിച്ചുകൊടുത്തു (20:25 -30).
പ്രവാചകത്വവും അദ്ഭുത ദൃഷ്ടാന്തവും ലഭിച്ച മൂസാ(അ) ഹാറൂനെ(അ)യും കൂട്ടി സധൈര്യം ഫറോവയുടെ കൊട്ടാരത്തിലെത്തി.
ഫറോവയുടെ മുന്നില്‍
മുമ്പിലെത്തിയ മൂസായെ ഫറോവ ധിക്കാരത്തോടെയാണ് നേരിട്ടത്. ”നിന്നെ വളര്‍ത്തിയത് ഞാനാണ്. നീ ഞങ്ങളുടെ വംശക്കാരനെ കൊന്നു. എന്നിട്ടിപ്പോള്‍ എന്റെ കൊട്ടാരത്തിലെത്തി എന്നെ ഉപദേശിക്കുന്നുവോ?”. ഫറോവയുടെ മുന്നില്‍ മൂസാ ഉത്തരം നിരത്തി ശേഷം പറഞ്ഞു: ”നീ ലോകരക്ഷിതാവിന് കീഴ്‌പ്പെടുക”.
ഫിര്‍ഔന്‍ ചോദിച്ചു: ”ഏതാണ് നീ പറയുന്ന ലോകരക്ഷിതാവ്?”. ”ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിന്റെയും നാഥന്‍” മൂസാ പറഞ്ഞു. ”നിങ്ങളുടെയും നിങ്ങളുടെ പൂര്‍വ പിതാക്കളുടെയും രക്ഷിതാവ്, കിഴക്കിന്റെയും പടിഞ്ഞാറിന്റെയും അവയ്ക്കിടയിലുള്ളതിന്റെയും നാഥന്‍” ഫറോവയുടെ പരിഹാസങ്ങള്‍ക്കിടയില്‍ മൂസാ പറഞ്ഞുകൊണ്ടേയിരുന്നു(26:23-28).
”അപ്പോള്‍ പൂര്‍വ തലമുറകളുടെ അവസ്ഥയെന്താണ്’‘ മൂസായെ കുടുക്കി സദസ്യരെ ഇളക്കിവിടാനുദ്ദേശിച്ചുകൊണ്ട് ഫിര്‍ഔന്‍ ചോദ്യം തൊടുത്തുവിട്ടു. എന്നാല്‍ ബുദ്ധിമാനായ മൂസാ(അ)യുടെ മറുപടി കൃത്യമായിരുന്നു:”അവരുടെ വിവരങ്ങള്‍ എന്റെ നാഥന്റെ കൈവശമുള്ള ഗ്രന്ഥത്തിലാണ്’‘(20:51,52).
തന്റെ ദൃഷ്ടാന്തം പ്രയോഗിച്ച മൂസാ(അ)യെ ഫിര്‍ഔന്റെ മായാജാലക്കാരുമായി മത്സരിക്കാന്‍ അദ്ദേഹത്തെ വെല്ലുവിളിച്ചു. രാജ്യത്തുള്ള മുഴുവന്‍ മാന്ത്രികരെയും വിളിച്ചു കൂട്ടി മൂസാ(അ)യെ തറപറ്റിക്കാനായിരുന്നു അയാളുടെ ഉദ്യമം.
മാന്ത്രികവിദ്യാ പ്രകടനത്തില്‍ ഫിര്‍ഔന്റെ മാന്ത്രികര്‍ നിഷ്പ്രഭരായി. അവര്‍ വടികള്‍ നിലത്തിട്ടപ്പോള്‍ രൂപാന്തരപ്പെട്ട ചെറുസര്‍പ്പങ്ങളെ മൂസായുടെ വടിയില്‍ നിന്നുയിരെടുത്ത ഉഗ്രസര്‍പ്പം ഒന്നാകെ വിഴുങ്ങി. മൂസായുടേത് കേവലം മാന്ത്രികതയല്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവരെല്ലാം ഒരേസ്വരത്തില്‍ പറഞ്ഞു: ”ഞങ്ങള്‍ മൂസായുടെയും ഹാറൂന്റെയും രക്ഷിതാവായ ലോകനാഥനില്‍ വിശ്വസിച്ചിരിക്കുന്നു‘ (7:121,122).
കുപിതനായ ഫിര്‍ഔന്‍ മാന്ത്രികരെ മുഴുവന്‍ കുരിശില്‍ തറച്ചു കൊലപ്പെടുത്തി(ത്വാഹാ 71). ഫിര്‍ഔനിന്റെ ആജ്ഞകള്‍ നിറവേറ്റപ്പെട്ടു.
മൂസാ(അ)യെ നാട്ടില്‍ നിന്ന് പുറത്താക്കാനായിരുന്നു ഫിര്‍ഔനിന്റെ അടുത്ത നീക്കം. ഹാമാന്‍ ഉള്‍പ്പെടെയുള്ള പ്രമാണിമാരുടെ പിന്‍തുണയും അതിനുണ്ടായിരുന്നു. എന്നാല്‍ ഫിര്‍ഔന്റെ അടുത്ത ബന്ധുവായ ഒരു വിശ്വാസി മൂസായെ അപായപ്പെടുത്തന്നതിനെതിരെ രംഗത്തുവന്നു: ”എന്റെ രക്ഷിതാവ് അല്ലാഹുവാണെന്ന് പ്രഖ്യാപിച്ചതിന്റെ പേരില്‍ മാത്രം ഒരു മനുഷ്യനെ നിങ്ങള്‍ വധിച്ചുകളയുകയോ? അദ്ദേഹം ആഗതനായിരിക്കുന്നത് നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള പ്രമാണങ്ങളുമായാണ്. അദ്ദേഹം പറയുന്നത് വ്യാജമാണെങ്കില്‍ അത് അയാളില്‍ തന്നെ ആപതിക്കും. എന്നാല്‍ അദ്ദേഹം സത്യവാനാണെങ്കില്‍ അദ്ദേഹം മുന്നറിയിപ്പു നല്‍കുന്ന ബീഭല്‍സങ്ങളായ വിപത്തുകളില്‍ ചിലത് നിങ്ങള്‍ക്കാണ് വന്നു ഭവിക്കുക’‘ (40:28). ഈ വിശ്വാസിയെ അവഗണിച്ച ഫറോവ ചതിയൊരുക്കി അപായപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിശ്വാസിയെ അല്ലാഹു കാത്തു രക്ഷിച്ചു.
പരീക്ഷണങ്ങള്‍
മൂസാ(അ)യെയും അദ്ദേഹത്തില്‍ വിശ്വസിച്ചവരെയും മര്‍ദന പീഡന മുറകളിലൂടെ പരീക്ഷിക്കാന്‍ ഒരുങ്ങിയ ഫിര്‍ഔന്‍ തന്റെ അപ്രമാദിത്വം സ്ഥാപിക്കാന്‍ തീവ്രശ്രമം തന്നെ നടത്തി. ”ജനങ്ങളേ മിസ്വ്‌റിന്റെ ആധിപത്യം എനിക്കുള്ളതാണ്. ഇവിടുത്തെ നദികള്‍ ഒഴുകുന്നത് എന്റെ കാല്‍ചുവട്ടിലാണ്. നിങ്ങള്‍ക്ക് ഞാനല്ലാതെ മറ്റൊരു ദൈവം ഇല്ലതന്നെ. സ്ഫുടമായി സംസാരിക്കാന്‍പോലും കഴിയാത്ത ഈ നിസ്സാരനെയാണോ നിങ്ങള്‍ അംഗീകരിക്കുന്നത്?” (43:51,52).
ഇസ്‌റാഈല്യരെ ക്രൂരമായി മര്‍ദിച്ചുകൊണ്ട് അയാള്‍ പ്രതികാര നടപടി തുടങ്ങി. ആരാധനയില്‍ നിന്നു പോലും അവരെ തടഞ്ഞു. അവര്‍ പൊറുതിമുട്ടി. അവരെ ആശ്വസിപ്പിച്ചുകൊണ്ട് മൂസാ(അ) പറഞ്ഞു: ”ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നവരെങ്കില്‍ അവനില്‍ ഭരമേല്‍പിക്കുക”, അവര്‍ പറഞ്ഞു: ”ഞങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പിച്ചിരിക്കുന്നു, അക്രമികളുടെ മര്‍ദനങ്ങള്‍ക്ക് നീ ഞങ്ങളെ ഇരയാക്കരുതേ, സത്യനിഷേധികളില്‍ നിന്ന് ഞങ്ങളേ നീ രക്ഷിക്കേണമേ, നാഥാ’‘(10:84, 86).
ഇതിനിടെ ഫിര്‍ഔനും തിരിച്ചടി നേരിട്ടു തുടങ്ങിയിരുന്നു; അല്ലാഹുവിന്റെ മുന്നറിയിപ്പെന്നവണ്ണം. ഈജിപ്തിനെ എക്കാലവും സമ്പുഷ്ടവും സസ്യശ്യാമളവുമാക്കിയിരുന്ന നൈല്‍ നദിയെ വറ്റിച്ചുകൊണ്ടാണ് പരീക്ഷണം തുടങ്ങിയത്. അതോടെ ഈജിപ്ത് ഉണങ്ങി. പട്ടിണിയും ദാരിദ്ര്യവും നാടിനെ വലച്ചു.
അടുത്ത വര്‍ഷം മഴയായിരുന്നു, തോരാത്തമഴയില്‍ നൈല്‍ കര കവിഞ്ഞു. കൃഷി വെള്ളത്തിലായി, വീണ്ടും ക്ഷാമം അവരെ വേട്ടയാടി. വെട്ടുകിളികളെയും പേനിനെയും തവളകളെയും മാറിമാറി അയച്ചും പടച്ചവന്‍ ഈജിപ്തിനെ പരീക്ഷണവേദിയാക്കി (7:130, 133).
പരീക്ഷണങ്ങളില്‍ പതറിയ ഫറോവയും കൂട്ടരും കുറ്റം മൂസാ(അ)യുടെ തലയിലിട്ടു. ജനങ്ങളൊന്നടങ്കം മൂസായെ സമീപിച്ച് തങ്ങളെ പിടികൂടിയ ദുരന്തങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണെമെന്ന് അപേക്ഷിച്ചു. അങ്ങനെയെങ്കില്‍ ഇസ്‌റാഈല്യരെ താങ്കളോടൊപ്പം അയക്കാമെന്നും നിന്നില്‍ വിശ്വസിക്കാമെന്നും വാഗ്ദാനവും നല്‍കി. മൂസാ പ്രാര്‍ഥിക്കും, ദുരിതങ്ങള്‍ അല്ലാഹു നീക്കും. എന്നാല്‍ ജനങ്ങള്‍ കാലുമാറും(7:134,135).
സ്വന്തം ഭാര്യ തന്റെ ശത്രു മൂസായിലും അദ്ദേഹത്തിന്റെ ദൈവത്തിലും വിശ്വസിച്ചതായിരുന്നു ഫറോവയെ ബാധിച്ച ഏറ്റവും വലിയ പരീക്ഷണം. ഫറോവ അറിയാതെ ഭാര്യ ആസ്യ വിശ്വാസം മനസ്സില്‍ കൊണ്ടു നടന്നു. ആരാധനകളും അനുഷ്ഠിച്ചു. അയാളുടെ ചെയ്തികളില്‍ നിന്ന് രക്ഷപ്പെടുത്താനും സ്വര്‍ഗത്തില്‍ ഭവനം നിര്‍മിച്ചു തരാനും അവര്‍ സദാ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. സത്യവിശ്വാസികള്‍ക്കു മുഴുവന്‍ മാതൃകയായി ഈ ധീരവനിതയെ ഖുര്‍ആന്‍ അവതരിപ്പിക്കുകയും ചെയ്തു (66:11).
ഫിര്‍ഔനിന്റെ പതനം
ക്ഷമയുടെ നെല്ലിപ്പടി കണ്ട ഇസ്‌റാഈല്യരുമായി നാടുവിടാന്‍ അല്ലാഹു മൂസാക്ക് ബോധനം നല്‍കി. രാത്രിക്കു രാത്രി അവര്‍ പുറപ്പെട്ടു. മൂസായെ വകവരുത്താന്‍ ഒരുങ്ങിയിരുന്ന ഫിര്‍ഔന്‍ വിവരമറിഞ്ഞു, സൈന്യത്തിനു നേതൃത്വം നല്‍കി ഫിര്‍ഔന്‍ തന്നെ അവരെ നേരിടാന്‍ പിന്നാലെയും.
ഇസ്‌റാഈല്യരിലെ 12 ഗോത്രങ്ങള്‍ക്കും ഓരോ നായകന്മാരെ മൂസാ(അ) നിശ്ചയിച്ചു നല്‍കിയിരുന്നു. ശാമിലേക്കുള്ള സഞ്ചാരപാതയിലൂടെ ഫലസ്തീനിലേക്ക് പോകാനായിരുന്നു മൂസാ(അ)യുടെ തീരുമാനം. എന്നാല്‍ അല്ലാഹുവിന്റെ നിശ്ചയം നടക്കണമെങ്കില്‍ അവര്‍ വഴിമാറണം. അറിയാതെയാണെങ്കിലും മൂസാ(അ)യും സംഘവും വഴിതിരിഞ്ഞു. വടക്കു ഭാഗത്തേക്കു നീങ്ങേണ്ട അവര്‍ കിഴക്കു ഭാഗത്തേക്കായി സഞ്ചാരം. തൊട്ടുപിന്നില്‍ ഫിര്‍ഔനും സൈന്യവുമുണ്ടായിരുന്നു.
ഏറെ ദൂരം നടന്ന അവര്‍ക്കു മുന്നില്‍ ചെങ്കടലിന്റെ അലയൊലിയുയരാന്‍ തുടങ്ങി. പാരാവാരത്തിനു മുന്നില്‍ വാപിളര്‍ന്നു നില്‍ക്കെ അവരുടെ പ്രജ്ഞയെ കവര്‍ന്നുകൊണ്ട് പിന്നില്‍ ഫിര്‍ഔനിന്റെ സംഘം ഹുങ്കാരം മുഴക്കിയെത്തി. കണ്ണുകളില്‍ ഇരുട്ടു പരക്കുന്നതിനിടെ അവര്‍ മൂസായുടെ പ്രഖ്യാപനം കേട്ടു: ”എന്റെ ഒപ്പം എന്റെ നാഥനുണ്ട്. അവന്‍ എനിക്ക് വഴികാണിച്ചു തരും’‘(26:62).
”മൂസാക്ക് നാം ദിവ്യബോധനം നല്‍കി: നിന്റെ വടികൊണ്ട് നീ സമുദ്രത്തെ അടിക്കുക. അപ്പോഴത് പിളര്‍ന്നു നിന്നു’‘(26: 63).
മൂസാ തങ്ങളെ ചതിച്ചുവെന്ന് സംശയിച്ച ഇസ്‌റാഈല്യര്‍ അടുത്ത നിമിഷം തന്നെ സമുദ്രത്തില്‍ രൂപം കൊണ്ട വഴികളിലൂടെ ചെങ്കടലിന്റെ മറുകര പ്രാപിച്ചു. മറ്റൊന്നും നോക്കാതെ ഫറോവയും സംഘവും കടല്‍വഴിയില്‍ കടന്നു. മറുകരയിലെത്തിയവര്‍ ഇതു കണ്ട് അന്ധാളിച്ചു നില്‍ക്കെ, സാവധാനം ചെങ്കടല്‍ പഴയ രൂപം കൊണ്ടു.
കടല്‍ മധ്യത്തില്‍ മുങ്ങിത്താഴവെ, ഫറോവ ഉച്ചത്തില്‍ പറഞ്ഞുകൊണ്ടിരുന്നു: ”ഇസ്‌റാഈല്‍ ജനത വിശ്വസിച്ച ആരാധ്യനല്ലാതെ മറ്റൊന്നില്ലെന്ന് ഞാനും വിശ്വസിക്കുന്നു. ഞാന്‍ മുസ്‌ലിംകളില്‍പെട്ടവനാണ്’‘(10:90).
അങ്ങനെ ദൈവം ചമഞ്ഞ ഫറോവയെയും സൈന്യത്തെയും ഒന്നൊഴിയാതെ അല്ലാഹു മുക്കിക്കൊന്നു. ആകാശവും ഭൂമിയുമെന്നല്ല, ഒരാളും അവരുടെ പതനത്തില്‍ കരഞ്ഞില്ല.
നന്ദികേട് തുടങ്ങുന്നു
ചെങ്കടല്‍ കടന്ന് ഇസ്‌റാഈല്യര്‍ വാഗ്ദത്തഭൂമിയില്‍ കഴിച്ചുകൂട്ടി. മണലരണ്യത്തിലെ പൊരിവെയിലില്‍ ക്ഷീണിച്ചില്ല അവര്‍. അതിനു മുമ്പ് അല്ലാഹു അവര്‍ക്ക് മേഘത്തണലുകള്‍ നല്‍കി. ഭക്ഷണമായി മന്നും സല്‍വായും എത്തിച്ചു. വരണ്ടുണങ്ങിയ മരുപ്പറമ്പിലെ പാറക്കല്ലില്‍ നിന്ന് ഓരോ വിഭാഗത്തിന്നും പ്രത്യേകം ഉറവകള്‍ ഒഴുക്കി നല്‍കി.
എന്നാല്‍ പതിറ്റാണ്ടുകള്‍ അടിമത്തത്തില്‍ കഴിഞ്ഞ് ശീലിച്ച ഇസ്‌റാഈല്യര്‍ സ്വാതന്ത്ര്യത്തിലേക്കു വന്നപ്പോള്‍ നന്ദിക്കു പകരും നിന്ദയും വിശ്വാസത്തിനുപകരം ജീര്‍ണതയും അവരുടെ ജീവിത രീതിയില്‍ സ്ഫുരിക്കാന്‍ തുടങ്ങി. അനുഗ്രഹമായി ലഭിച്ച ഭക്ഷണം മടുത്തു. അവര്‍ക്ക് കിട്ടാത്തതിനോട് കൊതിയുമായി. ഇക്കാര്യം ഉണര്‍ത്തി മൂസായെ അവര്‍ ശല്യം ചെയ്തു. എന്നാല്‍ ചോദിക്കുന്നതെല്ലാം വേണ്ടവര്‍ക്ക് പട്ടണത്തിലേക്ക് പോവാമെന്ന് പറഞ്ഞ് മൂസാ(അ) അവരെ പിന്തിരിപ്പിച്ചു(2:60,61).
അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചും ചെറിയ പ്രശ്‌നങ്ങള്‍ക്കുപോലും പരസ്പരം കലഹിച്ചും കഴിഞ്ഞ അവര്‍ പശുവിനെ ബലിയറുക്കാനുള്ള അല്ലാഹുവിന്റെ വിധിയില്‍ സംശയങ്ങളുന്നയിച്ച് മൂസാ(അ) യെ കുഴക്കി. ഇത് ഖുര്‍ആനില്‍ (2:67- 73)ല്‍ വിശദീകരിച്ചിട്ടുണ്ട്.
ദൈവവിളിക്കുത്തരം നല്‍കി മൂസാ(അ) തൗറാത്ത് സ്വീകരിക്കാന്‍ പോകുമ്പോള്‍ തന്നെ സഹോദരപുത്രന്‍ ഹാറൂനി(അ)നെയാണ് അദ്ദേഹം ഇസ്‌റാഈല്യരുടെ ചുമതലയേല്‍പ്പിച്ചത്. 40 ദിവസം അവിടെ തങ്ങി. ഇതിനിടെ അല്ലാഹുവിനെ കാണണമെന്ന് മൂസാ(അ) ആവശ്യപ്പെട്ടതും ദിവ്യപ്രകാശം കണ്ട് അദ്ദേഹം പ്രജ്ഞയറ്റ് വീണതുമായ സംഭവമുണ്ടായി.
വേദഗ്രന്ഥമായ തൗറാത്തുമായി മടങ്ങിയെത്തിയ മൂസാ(അ) കാണുന്നത് സാമിരി എന്ന ദുഷ്ടന്‍ ഉണ്ടാക്കിയ സ്വര്‍ണപ്പശുക്കിടാവിനെ ആരാധിക്കുന്ന ഇസ്‌റാഈല്‍ വിഭാഗത്തെയാണ്. സാമിരിയെ സമൂഹത്തില്‍ നിന്ന് പുറത്താക്കിയ മൂസാ(അ) പശുക്കിടാവിന്റെ പ്രതിമയെ ചുട്ടെരിച്ച് കടലിലെറിയുകയും ചെയ്തു. ബഹുദൈവാരാധന നടത്തിയവര്‍ പരസ്പരം വെട്ടിമരിക്കണമെന്ന ശിക്ഷയ്ക്കാണ് അവര്‍ വിധിക്കപ്പെട്ടത്.
വാഗ്ദത്ത ഭൂമിയായ ഫലസ്തീനിലേക്ക് പോകാന്‍ മൂസാ(അ) അവരെ നിര്‍ബന്ധിച്ചു. എന്നാല്‍ അവിടെയുളള തങ്ങളുടെ ശത്രുക്കളെ തുരത്തണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. നീയും നിന്റെ രക്ഷിതാവും പോയി അവരെ തുരത്തുക. തങ്ങള്‍ ഇവിടെ ഇരിക്കാം എന്നായിരുന്നു അവരുടെ നിലപാട് ഈ ധിക്കാരത്തെ തുടര്‍ന്ന് അവര്‍ക്ക് അല്ലാഹു ഫലസ്തീന്‍ നിഷിദ്ധമാക്കുകയും നാലു പതിറ്റാണ്ടുകാലം മരുഭൂമിയില്‍ കിടന്നു നരകിക്കുകയെന്ന ശിക്ഷ വിധിക്കുകയും ചെയ്തു.
മൂസാ നബി ഒരു വിസ്മയം
നിരവധി സവിശേഷതകളുടെ ഉടമായാണ് മൂസാ(അ). വിശുദ്ധ ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട നാമവും ചരിത്രവും മൂസായുടേതാണ്. മുഹമ്മദ് നബിക്കു പുറമെ, സ്വന്തം പ്രബോധിത സമൂഹത്തെ അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ച് അവര്‍ക്ക് അസ്തിത്വവും വ്യക്തിത്വവും തിരിച്ചുനല്‍കാന്‍ കഴിഞ്ഞിട്ടുള്ളത് മൂസാ പ്രവാചകനു മാത്രമാണ്.
അല്ലാഹുവിനോട് നേരിട്ട് സംസാരിച്ചതു വഴി ‘കലീമുല്ലാഹ്’ എന്ന പദവിയിലെത്തിയതും മൂസാ(അ) മാത്രം.
ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരന്‍ ഹാമാന്‍ എന്ന ഫറോവ മന്ത്രിയോടും ഏറ്റവും വലിയ അഹങ്കാരിയായ ധനാഢ്യന്‍ ഖാറൂനേടും പിന്നെ ഫിര്‍ഔനിനോടും ഒരേ സമയം സമരം നയിച്ച ഈ കരുത്തനായ ദൈവദൂതന്‍ തന്നെയാണ് ചരിത്രത്തിലെ നന്ദികേടിന്റെ ഉദാഹരണമായ ഇസ്‌റാഈല്‍ ജനതയെ ഒരു പിതാവിനെപോലെ നയിച്ചിട്ടുള്ളതും.
ജനങ്ങളില്‍ ഏറ്റവും അറിവുള്ളവന്‍ താനാണെന്ന ധാരണയുണ്ടായിരുന്നു മൂസാ(അ)ക്ക്. എന്നാല്‍ ഇത് തിരുത്തിക്കൊടുത്തു അല്ലാഹു. ഖിദ്ര്‍ എന്ന ജ്ഞാനിയോടൊപ്പം യാത്രചെയ്യാന്‍ അവസരം നല്‍കിക്കൊണ്ടായിരുന്നു തിരുത്തല്‍. ഈ സംഭവം ഖുര്‍ആന്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട് (18: 60- 82).
ക്രൈസ്തവര്‍ ഏറെ ആദരിക്കുന്ന മോശെ പ്രവാചകനെക്കുറിച്ച് ഖുര്‍ആനിലെപ്പോലെത്തന്നെ ബൈബിളിലും നിരവധി പുറങ്ങളില്‍ വിവരണമുണ്ട്. തോറ(തൗറാത്ത്) എന്ന വേദഗ്രന്ഥം നല്‍കപ്പെട്ട മൂസാ(അ)യുടെ അനുയായികളാണ് തങ്ങളെന്ന് ജൂതന്‍മാര്‍ അവകാശപ്പെടുന്നുണ്ട്. ത്വുവാ താഴ്‌വരയും (സെന്റ് കേത്തറിന്‍), അടിച്ച് അരുവികളൊഴുക്കിയ അവിടുത്തെ കല്ലും ഇപ്പോഴുമുണ്ട്. ചെങ്കടലില്‍ മുങ്ങിമരിച്ച ഫറോവയുടെ ജഡവും കെയ്‌റോവിലെ മ്യൂസിയത്തിലുണ്ട്; ലോകര്‍ക്ക് എന്നെന്നേക്കുമുള്ള ദൃഷ്ടാന്തമായിക്കൊണ്ട്.(10:92).
