ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളിൽ പെട്ട വ്രതം വിശുദ്ധ ഖുര്‍ആനില്‍ ഏറെ പ്രാധാന്യപൂർവ്വം വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഈ കാര്യങ്ങളാണ് അധ്യായത്തിൽ വിശദ പഠനത്തിന് വിധേയമാക്കുന്നത്. പുറമെ, വ്രതവും ആരോഗ്യവും, വ്രതത്തിന്റെ ആത്മാവ്, നോമ്പ് നിർബന്ധമായത് എപ്പോൾ, റമദാൻ എന്നാൽ, റമദാനിൻ്റെ ശ്രേഷ്ഠത, റയ്യാൻ കവാടം, ലൈലത്തുൽ ഖദ്ർ തുടങ്ങി ഇസ്‌ലാമിലെ വ്രതവുമായി ബന്ധപ്പെട്ട പ്രധാന ഭാഗങ്ങൾ ഇവിടെ പ്രമാണബദ്ധമായി വായിക്കാം.
വിശുദ്ധ ഖുര്‍ആനില്‍ സ്വൗം എന്ന പദത്തിന്റെ നിഷ്പന്നങ്ങളാണ് നോമ്പിനുവേണ്ടി ഉപയോഗിച്ചത്. വിവിധതരം നോമ്പുകളെ പരാമര്‍ശിക്കാന്‍ ഈ പദം തന്നെയാണുള്ളത്. രണ്ടാം അധ്യായമായ സൂറത്തുല്‍ ബഖറയില്‍ 183 മുതല്‍ 187 കൂടിയ സൂക്തങ്ങളിലാണ് റമദാന്‍ നോമ്പിനെ കുറിച്ച് പറയു ന്നത്.
”സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. ഭക്തിയുള്ളവരാവാന്‍’‘ (2:183).
‘നിര്‍ണിതമായ ഏതാനും ദിവസങ്ങളില്‍മാത്രം. നിങ്ങളിലാരെങ്കിലും രോഗിയോ യാത്രക്കാരനോ ആയാല്‍ മറ്റു ദിവസങ്ങളില്‍നിന്ന് അത്രയും എണ്ണം നോമ്പെടുക്കേണ്ടതാണ്. പ്രയാസത്തോടെ മാത്രം അതിന്നു സാധിക്കുന്നവര്‍ പകരം ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്‍മ ചെയ്താല്‍ അതവന്ന് ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്ന താകുന്നു നിങ്ങള്‍ക്ക് ഉത്തമം‘ (2:184).
‘വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അത് ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമാണ്. നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമാണ്. സുവ്യക്ത തെളിവുകളായിക്കൊണ്ടും. അതുകൊണ്ട് നിങ്ങളില്‍ ആരെങ്കിലും ആ മാസത്തില്‍ സന്നിഹിതരാണെങ്കില്‍ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗത്തിലോ യാത്രയിലോ ആണെങ്കില്‍ പകരം മറ്റു ദിവസങ്ങളില്‍ അത്രയും എണ്ണം നോമ്പെടുക്കേണ്ടതാണ്. നിങ്ങള്‍ക്ക് ആശ്വാസമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനാണിത്. നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്ത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ ഇത്’ (2:185).
‘നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ അടുത്തു തന്നെയുണ്ട്. എന്നോട് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്’ (2:186).
‘നോമ്പിന്റെ രാത്രിയില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്ക് വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും വസ്ത്രമാകുന്നു. ഭാര്യാഭര്‍തൃസമ്പര്‍ക്കം നിഷിദ്ധമായി കരുതിക്കൊണ്ട് നിങ്ങള്‍ ആത്മവഞ്ചനയില്‍ അകപ്പെടുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിരിക്കുന്നു. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും പൊറുക്കുകയും ചെയ്തിരിക്കുന്നു. ഇനിമേല്‍ നിങ്ങള്‍ അവരുമായി സഹവസിക്കുക. അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചത് തേടുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നതുവരെ. പിന്നെ രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണമായി അനുഷ്ഠിക്കുകയും ചെയ്യുക. നിങ്ങള്‍ പള്ളികളില്‍ ഭജനമിരിക്കുമ്പോള്‍ ഇണകളുമായി സഹവസിക്കരുത്. അവയൊക്കെ അല്ലാഹുവിന്റെ അതിര്‍വരമ്പുകളാകുന്നു. നിങ്ങള്‍ അവയോടടുക്കരുത്. ജനങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാനായി അല്ലാഹു അപ്രകാരം അവന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വ്യക്തമാക്കികൊടുക്കുന്നു‘ (2:187).
റമദാനിലെ നിര്‍ബന്ധ നോമ്പിനെക്കുറിച്ചാണ് മുകളില്‍ പറഞ്ഞത്. ഇതിനുപുറമെ ഖുര്‍ആനില്‍ വ്രതങ്ങളെ പരാമര്‍ശിക്കുന്ന വചനങ്ങള്‍ വേറെയുമുണ്ട്.
‘അല്ലാഹുവിന് കീഴ്‌പ്പെടുക, സത്യവിശ്വാസം, ഭയഭക്തി, സത്യസന്ധത, ക്ഷമാശീലം, വിനയം, ദാനശീലം, വ്രതാനുഷ്ടാനം, ലൈംഗിക വിശുദ്ധി എന്നിവ കാത്തു സൂക്ഷിക്കുന്നവരും അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുന്ന പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പാപമോചനവും മഹത്തായ പ്രതിഫലവും അല്ലാഹു ഒരുക്കി വെച്ചിട്ടുണ്ട്’ (33:35).
മനുഷ്യര്‍ക്ക് സംഭവിച്ചുപോകുന്ന വിവിധ തരത്തിലുള്ള പിഴവുകള്‍ക്ക് പ്രായശ്ചിത്തമായി നോമ്പനുഷ്ഠിക്കേണ്ടതുണ്ട്. (5:89, 5:95, 58:4, 4:92, 2:196)
വ്രതവും ആരോഗ്യവും
ഇസ്‌ലാമിലെ മറ്റെല്ലാ ആരാധനകളെയും പോലെ വ്രതത്തിന് ആത്മീയവും ഭൗതികവുമായ മാനങ്ങളുണ്ട്. ദൈവപ്രീതിയാണ് വ്രതത്തിന്റെ കാതല്‍. എന്നാല്‍ ഈ ആത്മീയ അനുഷ്ഠാനം കേവലം അര്‍ഥരഹിതമായ ആചാരമല്ല. അന്നപാനങ്ങള്‍ ഉപേക്ഷിച്ച് വ്രതമെടുക്കുന്നത് ആത്മപീഡനമല്ല. മാത്രമല്ല, വ്രതാനുഷ്ഠാനം ഭൗതികമായി മനുഷ്യ ശരീരത്തിന് ആവശ്യമാണെന്ന് ആരോഗ്യ ശാസ്ത്രം പറയുന്നു. ഇങ്ങനെ ഒരുഭൗതികമാനവും കൂടി ഈ ആരാധനാകര്‍മത്തിനുണ്ട്. പക്ഷേ അത് ലക്ഷ്യമല്ല. ആരോഗ്യസംരക്ഷണത്തിനും രോഗശാന്തിക്കും പുരാതനകാലം മുതല്‍ ഇന്നുവരെയുള്ളവൈദ്യലോകം ഉപവാസം നിര്‍ദേശിക്കാറുണ്ട്. ഇസ്‌ലാമിന്റെ നോമ്പ് വ്യതിരിക്തമാകുന്നത്, ആത്മീയതക്കു പുറമെ അനിതരമായ അതിന്റെ ബാഹ്യവും ശാരീരികവും മാനസികവുമായ സ്വാധീനങ്ങളില്‍കൂടിയാണ്.
ഇസ്‌ലാമിലെ വ്രതം മനുഷ്യന്റെ അടിസ്ഥാന ആഗ്രഹമായ ഭക്ഷണം, ലൈംഗികത തുടങ്ങിയവയെ നിര്‍ണിത മണിക്കൂറുകളില്‍ പൂര്‍ണമായും സൂക്ഷ്മമായും നിയന്ത്രിക്കുമ്പോള്‍ മോഹങ്ങളെ നിയന്ത്രിച്ച് പൂര്‍ണ മാനസിക കരുത്ത് നേടാന്‍ അവനെ സഹായിക്കുന്നു.
അതോടൊപ്പം ഭക്ഷണത്തോടും ലൈംഗികതയോടുമുള്ള നൈസര്‍ഗിക താത്പര്യങ്ങളെ പൂര്‍ണമായും നിഷേധിക്കുന്നത് പ്രകൃതിവിരുദ്ധമാണ്. പ്രകൃതിപരമായി മനുഷ്യന് ആസ്വദിക്കാനുള്ളതും നിലനില്പിന് അനിവാര്യമായിട്ടുള്ളതുമാണ് അന്നപാനീയങ്ങളും ലൈംഗികചോദനകളും. ഇത് രണ്ടും തടയുന്നത് മാനസികവും ശാരീരികവുമായ ക്രൂരതയാണ്. ഇവയുടെ അനിയന്ത്രിതമായ ഉപയോഗമാകട്ടെ മനുഷ്യനെ മാറാരോഗിയും സമൂഹദ്രോഹിയുമാക്കും. ഇവിടെയാണ് ഇസ്‌ലാമിലെ വ്രതത്തിന്റെ മറ്റൊരുയുക്തി പ്രകടമാകുന്നത്.
ആഹാരത്തിന്റെ നിയന്ത്രിത ഉപയോഗമാണ് മനുഷ്യന്റെ ആരോഗ്യത്തിന്റെ കാതല്‍. എന്നാല്‍ മനുഷ്യന്റെ ഇഛകള്‍, അപകടകരമാണെന്നറിയുമ്പോഴും ഈ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ അവനെ പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പലപ്പോഴും അവനതില്‍ വീണുപോവുകയും ചെയ്യുന്നു. അങ്ങനെ അഹിതവും അമിതവുമായ ഭക്ഷണക്രമം അവനെ ശാരീരിക-മാനസിക പ്രയാസങ്ങളിലേക്കെത്തിക്കുന്നു. നിര്‍ണിത ദിവസങ്ങളിലെ നിശ്ചിത മണിക്കൂറുകള്‍ അന്നപാനീയങ്ങള്‍ പൂര്‍ണമായും വര്‍ജിക്കുകവഴി അവന്റെ മനസ്സിന്റെയും ശരീരത്തിന്റെയും ഇത്തരം കേടുപാടുകള്‍ തീര്‍ക്കാന്‍ കഴിയുന്നു. ഏതാനും മണിക്കൂറുകള്‍ ദഹനപ്രക്രിയ നിര്‍ത്തിവെക്കപ്പെടുമ്പോള്‍ അവയവങ്ങള്‍ക്ക് ആവശ്യമായ വിശ്രമം ലഭിക്കും. ഇത് അവയെ കൂടുതല്‍ കരുത്തുറ്റതാക്കുകയും പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഇങ്ങനെ ശരീരകോശങ്ങള്‍, മജ്ജ, കരള്‍, വൃക്കകള്‍, ഹൃദയം, തലച്ചോറ്, രക്തം, അന്നനാളം മുതല്‍ വിസര്‍ജനാവയവങ്ങള്‍ വരെയുള്ള ദഹനേന്ദ്രിയങ്ങള്‍ എന്നിവയെല്ലാം പുനക്രമീകരിക്കപ്പെടുന്നു.
ഈ വിശ്രമസമയത്തും ശരീരത്തിന്റെ മറ്റുപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം ലഭിക്കണം. ശരീരത്തില്‍ അടിഞ്ഞുകൂടി മാലിന്യമായി മാറിയ പോഷകങ്ങള്‍ ഈ സമയത്തെ ശാരീരിക പ്രവര്‍ത്തനത്തിന് ഉപയോഗിക്കപ്പെടുക വഴി ഇതു സാധിക്കുന്നു. പുറമെ ശരീരത്തെ ദുര്‍മേദസ്സുകളില്‍ നിന്ന് മുക്തമാക്കാനും കഴിയുന്നു. ഉപവാസം മിക്ക രോഗങ്ങള്‍ക്കും ശമനൗഷധമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. (ആരോഗ്യവിജ്ഞാനകോശം – ഡോ. ഗോപാലകൃഷ്ണന്‍, വൈദ്യരത്‌നം വേലായുധന്‍ നായര്‍) നബി(സ) പറഞ്ഞതെത്ര ശരി! നിങ്ങള്‍ നോമ്പെടുക്കുക, ആരോഗ്യവാന്മാരാകാം (ത്വബ്‌റാനീ).
ഭക്ഷ്യപേയാദികളുടെ നിരാസം ശരീരത്തിനെ അപകടത്തിലാക്കുന്നത് ആദ്യത്തെ 36 മണിക്കൂറുകള്‍ക്ക് ശേഷമാണ്. അഥവാ ശരാശരിയില്‍ താഴ്ന്ന ആരോഗ്യസ്ഥിതിയുള്ളവന് പോലും പരമാവധി 14-15 മണിക്കൂര്‍ വരുന്ന ഇസ്‌ലാമിലെ വ്രതം യാതൊരു അപകടവുമുണ്ടാക്കുന്നില്ല. ഈ സമയത്ത് അവന് അനുഭവപ്പെടുന്ന വിശപ്പും ക്ഷീണവും പ്രത്യക്ഷത്തില്‍ പ്രയാസം ഉണ്ടാക്കുമെങ്കിലും അത് അവന് ഹാനികരമാകുന്നില്ല. ഇനി ഉപവസിക്കുന്നവന് അപകടമുണ്ടാക്കുന്ന സന്ദര്‍ഭങ്ങളിലാകട്ടെ വ്രതം അനുഷ്ഠിക്കല്‍ ഇസ്‌ലാമില്‍ കുറ്റകരമാണുതാനും. രോഗികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍, വാര്‍ധക്യത്തിന്റെ അവശതയനുഭവിക്കുന്നവര്‍, യാത്രക്കാര്‍, കടുത്തജോലിക്കാര്‍, കുട്ടികള്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം നോമ്പില്‍ ഇളവനുവദിക്കപ്പെട്ടിട്ടുണ്ട്.
വ്രതമെടുക്കുന്നത് പ്രഭാതം മുതല്‍ അസ്തമയം വരെ എന്ന സമയപരിധി പാലിച്ചുകൊണ്ടാകണം എന്നതുപോലെ അത്താഴം കഴിക്കാനും കാരക്ക, വെള്ളം എന്നിവകൊണ്ട് നോമ്പുതുറക്കാനും ആവശ്യപ്പെടുന്നതും രാത്രി സമയത്ത് ഭക്ഷണവും ലൈംഗികതയും ആവാമെന്ന് പഠിപ്പിക്കുന്നതും (2:187) നോമ്പുകാരന്റെ ആരോഗ്യ സംരക്ഷണാര്‍ഥമാണ്. റമദാന്‍ മാസത്തില്‍ മാത്രമേ തുടര്‍ച്ചയായി നോമ്പെടുക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നുള്ളൂ. ഐഛികവ്രതം കൂടിവന്നാല്‍ ഒന്നിടവിട്ട ദിവസങ്ങളിലേ പാടുള്ളൂ. ഇതും വ്രതം ആരോഗ്യദായകമാകാനും ആരോഗ്യമുള്ള വ്രതക്കാരനാകാനും ഇസ്‌ലാമിന്റെ ശ്രദ്ധയാണ്.
വ്രതത്തിന്റെ ആത്മാവ്
മനുഷ്യനെ ആത്മീയവും മാനസികവും ശാരീരികവുമായി സുരക്ഷിതനാക്കി നിലനിര്‍ത്തുക എന്നതാണ് ഇസ്‌ലാമിലെ വ്രതലക്ഷ്യം. വൈകല്യങ്ങളില്ലാത്ത ആത്മീയതയുടെ ഉടമയായി നോമ്പുകാരന്‍ മാറണം. എല്ലാ മൃഗീയചോദനകളെയും പരാജയപ്പെടുത്തി മാനവികതയുടെ മാതൃകയാകണം. പ്രത്യക്ഷമോ പരോക്ഷമോ ആയ ഏതുതരം പ്രയാസങ്ങളെയും നേരിടാനുള്ള ആയുധമായി നോമ്പിനെ ഉപയോഗിക്കാന്‍ കഴിയണം. ദൈവിക നിര്‍ദേശങ്ങള്‍ ഏതും ഏറ്റെടുക്കാന്‍ ശക്തിയുള്ള വിശ്വാസം നിലനിര്‍ത്തണം. ദൈവം നിഷിദ്ധമാക്കിയ തിന്മകളെ തന്നില്‍ പ്രവേശിക്കാതെ അകറ്റിനിര്‍ത്താന്‍ കഴിയണം. സര്‍വോപരി ആരോഗ്യമുള്ള മനസ്സും ശരീരവുമായി ഈ മണ്ണിലെ ജീവിതം ആസ്വാദ്യമാക്കണം. ക്ഷണിക വികാരങ്ങള്‍ക്കടിപ്പെട്ട് അവന്‍ ദുര്‍ബലനും പരാജിതനുമാകരുത്. പരലോകമെന്ന ശാശ്വതലോകം സ്വര്‍ഗീയമാക്കുന്ന ആത്മവിശുദ്ധിനേടുകയും വേണം. ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഉപയുക്തമായ ഏറ്റവും നല്ല ആയുധമാണ് നോമ്പ് എന്നത്രെ നബി(സ) ഉണര്‍ത്തുന്നത്.
‘അല്ലാഹു പറഞ്ഞിരിക്കുന്നു. ആദം സന്തതികളുടെ ഓരോ പ്രവര്‍ത്തനവും അവന്നുള്ളതാണ്, നോമ്പൊഴികെ. അതെനിക്കുള്ളതാണ്. ഞാനാണതിന് പ്രതിഫലം നല്കുക. നോമ്പ് ഒരു പരിചയാണ്. നിങ്ങളിലൊരാള്‍ നോമ്പുകാരനായാല്‍ അവന്‍ ശണ്ഠയും അസഭ്യവും ഒഴിവാക്കട്ടെ. ആരെങ്കിലും അവനോട് കയര്‍ക്കുകയോ ശണ്ഠക്ക് മുതിരുകയോ ചെയ്താല്‍, താന്‍ നോമ്പുകാരനാണെന്ന് അവന്‍ പറയട്ടെ’ (ബുഖാരി) .
നബി(സ്വ) ഓര്‍മിപ്പിക്കുന്നു: ചീത്തവാക്കുകളും മോശം പ്രവര്‍ത്തനങ്ങളും ഉപേക്ഷിക്കാത്തവന്റെ വ്രതം വെറും പട്ടിണിയാണ്, അത് അല്ലാഹുവിന് ആവശ്യമില്ല (ബുഖാരി) .
അസഭ്യവും പരദൂഷണവുംകൊണ്ട് തകര്‍ക്കപ്പെടാതിരുന്നാല്‍ നോമ്പൊരു പരിചയാണ് (ദാരിമി) .
അക്രമകാരിയായ ഭക്ഷണ പ്രിയത്തെയും അനിയന്ത്രിത ലൈംഗിക വികാരങ്ങളെയും ഈ പരിച തടുത്തുനിര്‍ത്തുന്നു. വിവാഹം കഴിക്കാന്‍ ശേഷിയില്ലാത്തവനോട് ധാര്‍മികത സൂക്ഷിക്കാനായി നോമ്പെടുക്കാനാണ് നബി(സ്വ) ഉപദേശിക്കുന്നത്
അബ്ദുല്ലാ(റ) പറയുന്നു: ഞങ്ങള്‍ നബി(സ്വ)യോടൊപ്പമിരിക്കവേ അവിടുന്ന് ഇപ്രകാരം പറഞ്ഞു: ദാമ്പത്യജീവിതം നയിക്കാന്‍ സാധ്യമായവര്‍ വിവാഹം ചെയ്യണം. എന്തെന്നാല്‍ കണ്ണിനെ ഏറ്റവും താഴ്ത്തിക്കാനും ലൈംഗികാവയവത്തെ ഏറ്റവും സംശുദ്ധമായി നിറുത്തുവാനും തീര്‍ത്തും അനുയോജ്യമാണ് അത്. അതിന് കഴിഞ്ഞിട്ടില്ലാത്തവര്‍ വ്രതമനുഷ്ഠിക്കണം. എന്തെന്നാല്‍ അവന്ന് വികാര ശമനമാകുന്നു (ബുഖാരി) .
നരകത്തെ പ്രതിരോധിക്കാനുള്ള പരിചയാണ് നോമ്പ് (സവാജിര്‍) .
റമദാന്‍ മാസത്തിലെ ആദ്യരാത്രി സമാഗതമായാല്‍ പിശാചുക്കളും ധിക്കാരികളായ ജിന്നുകളും തടവിലാക്കപ്പെടും. നരക കവാടങ്ങള്‍ അടയ്ക്കപ്പെടും. അതില്‍നിന്ന് ഒരു കവാടവും പിന്നെ തുറക്കപ്പെടുകയില്ല. സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും ചെയ്യും (തിര്‍മിദി) . ഈ നബിവചനം നോമ്പ് വിശ്വാസിയിലുണ്ടാക്കുന്ന ആത്മീയ പരിവര്‍ത്തനത്തെ സൂചിപ്പിക്കുന്നതാണ്.
നോമ്പ് നിര്‍ബന്ധമായത് എപ്പോള്‍
ഇസ്‌ലാമിലെ മറ്റുപല ആരാധനാകര്‍മങ്ങളെയും പോലെ നോമ്പും നിര്‍ബന്ധമാക്കപ്പെടുന്നത് ഹിജ്‌റക്കു ശേഷമാണ്. മൂന്നു ഘട്ടങ്ങളായിക്കൊണ്ടാണ് വ്രതം നിര്‍ബന്ധമാകുന്നത് (ഫിഖ്ഹുസ്സിയാം- ഡോ.യൂസുഫുല്‍ ഖര്‍ദാവി).
മുഹര്‍റം പത്തിന്റെ ആശൂറാഅ് പോലെ അറബികള്‍ക്കിടയില്‍ നേരത്തേ ഉണ്ടായിരുന്ന ചില വ്രതങ്ങള്‍ ഇസ്‌ലാമിന്റെ ആദ്യകാലങ്ങളില്‍ അനുഷ്ഠിക്കപ്പെട്ടിരുന്നു. റമദാന്‍ വ്രതം നിര്‍ബന്ധമാക്കപ്പെടുന്നത് ഹിജ്‌റ രണ്ടാം വര്‍ഷം (മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വത്തിന്റെ പതിനഞ്ചാം വര്‍ഷം, എ ഡി 626) ശഅ്ബാന്‍ മാസം രണ്ടാം തിയ്യതിയാണ്.
വിശുദ്ധ ഖുര്‍ആനിലെ രണ്ടാം അധ്യായമായ സൂറത്തുല്‍ ബഖറയിലെ 183 മുതല്‍ 187 കൂടിയ സൂക്തങ്ങളിലാണ് നോമ്പ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കല്പനയുള്ളത്. മക്കയിലെ പതിമൂന്നു വര്‍ഷക്കാലത്തെ വിശ്വാസ ദൃഢീകരണത്തിനുശേഷമാണ് വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കിയത്. പട്ടിണി പരിശീലിപ്പിക്കലെന്ന ചെറിയ ലക്ഷ്യമായിരുന്നു വ്രതത്തിനെങ്കില്‍ അതിന് ഏറ്റവും അനുയോജ്യമായ സമയം മക്കാകാലഘട്ടമായിരുന്നു. മുസ്‌ലിംകളെ പീഡിപ്പിച്ച് മെരുക്കലായിരുന്നു ഉദ്ദേശ്യമെങ്കില്‍ അതിനും നല്ലത് മക്കതന്നെയായിരുന്നു. കാരണം മാനസികവും ശാരീരികവുമായ കടുത്ത പീഡനങ്ങള്‍ വിശ്വാസത്തിന്റെ പേരില്‍ അവര്‍ ഒറ്റയ്‌ക്കൊറ്റയ്ക്കനുഭവിച്ച തീക്കാലമായിരുന്നല്ലോ അത്. എന്നാല്‍ ഇസ്‌ലാമിലെ വ്രതത്തിന് അതിമഹത്തായ ലക്ഷ്യങ്ങളുണ്ട്. കാരുണ്യവാനായ ദൈവത്തിന് തന്റെ ഇഷ്ടദാസന്മാരുടെ മേലുള്ള കരുതലാണ് വ്രതം.
നോമ്പ് നിര്‍ബന്ധമാക്കുമ്പോള്‍ തന്നെ പ്രയാസപ്പെടുന്നവര്‍ പ്രായശ്ചിത്തം നല്കിയാല്‍ മതി എന്ന ഇളവ് അനുവദിച്ചു. ഇതാണ് ഖുര്‍ആന്‍ 2:183, 184 വചനങ്ങള്‍ സൂചിപ്പിക്കുന്നത്. പിന്നീട് 2:185 അവതരിച്ചതോടെ ഈ ഇളവ് ചില പ്രത്യേക ആളുകള്‍ക്ക് (വളരെ പ്രയാസപ്പെട്ടുമാത്രമേ നോമ്പെടുക്കാന്‍ കഴിയൂ എന്നുള്ളവര്‍ക്ക്) മാത്രമാക്കി പരിമിതപ്പെടുത്തുകയും മറ്റെല്ലാവര്‍ക്കും നോമ്പ് നിര്‍ബന്ധമാക്കുകയും ചെയ്തു. ഇതില്‍തന്നെ രണ്ടു ഘട്ടമുണ്ടായിരുന്നു. നോമ്പ് തുറന്നശേഷം രാത്രി ഇശാ നമസ്‌കരിക്കുന്നത് വരെയോ അല്ലെങ്കില്‍ ഉറങ്ങുന്നുത് വരെയോ മാത്രം ഭക്ഷണം കഴിക്കാനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനും അനുമതി നല്കിയതായിരുന്നു ആദ്യഘട്ടം. എന്നാല്‍ അടുത്തഘട്ടത്തില്‍ 2:187 അവതരിക്കുന്നതോടെ ഈ അവസ്ഥക്ക് മാറ്റം വരികയും പ്രഭാതം വരെ ഭക്ഷണവും സ്ത്രീ സംസര്‍ഗവും അനുവദിക്കപ്പെടുകയും ചെയ്തു. (ഫിഖ്ഹുസ്സിയാം- ഡോ. യൂസുഫുല്‍ ഖര്‍ദാവി).
റമദാന്‍ എന്നാല്‍
ചാന്ദ്രവര്‍ഷ കാലഗണനപ്രകാരം ഒന്‍പതാം മാസമാണ് റമദാന്‍. കഠിനചൂട് എന്നാണ് ഇതിന്റെ അര്‍ഥം. അവര്‍ കലണ്ടറിന് രൂപമുണ്ടാക്കിയ സമയത്ത് ആ മാസം കൊടുംചൂടിന്റെ കാലമായിരുന്ന തിനാലാണ് ഈ പേര് സിദ്ധിച്ചത്. നബി(സ്വ)യുടെ നിയോഗത്തിനും 150 വര്‍ഷം മുമ്പ് അദ്ദേഹ ത്തിന്റെ അഞ്ചാം പിതാമഹനായ കിലാബുബ്‌നു മുര്‍റയുടെ കാലത്താണ് ഈ ക്രമീകരണം നട ന്നത് (വിക്കിപീഡിയ). എന്നാല്‍ പ്രവാചകനിയോഗത്തിനു മുമ്പുള്ള അറേബ്യന്‍ കാലഘട്ടത്തില്‍ (ജാഹിലിയ്യാ കാലത്ത്) ഈ മാസത്തിന് എന്തെങ്കിലും പ്രത്യേകതയോ വിശുദ്ധിയോ കല്പിക്കപ്പെട്ടിരുന്നില്ല.
പിന്നീട് മുഹമ്മദ് നബി(സ്വ)ക്ക് പ്രവാചകത്വം ലഭിച്ചതും വിശുദ്ധ ഖുര്‍ആനിന്റ അവതരണം ആരംഭിച്ചതും ഒരു റമദാന്‍ മാസത്തിലായിരുന്നു. ‘വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അത് ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്ന സുവ്യക്ത തെളിവുകളുമാണ്’ (2:185). ഇതാണ് ഈ മാസത്തിന് മഹത്വമേറ്റിയതും ഇസ്‌ലാമിക ജീവിതത്തിലെ ഏറ്റവും പുണ്യകരമായ ദിനങ്ങളാക്കിയതും.
പ്രപഞ്ചപരിപാലകന്റെ കാരുണ്യം വര്‍ഷിക്കുന്ന അവസരത്തില്‍ ആ ദയാവായ്പിന് നന്ദിചെയ്യാനും ആ ദിവ്യഗ്രന്ഥത്തിന്റെ സന്ദേശങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തുന്നത് പരിശീലിക്കാനും ഇതില്‍പരം അനുയോജ്യമായ സമയമില്ല. അങ്ങനെ അല്ലാഹു ഈ മാസം ഇരട്ടി അനുഗ്രഹങ്ങളുടെതാക്കുകയും നോമ്പടക്കം അക്കാലത്തുള്ള എല്ലാ നന്മകള്‍ക്കും പലമടങ്ങ് പ്രതിഫലം നിശ്ചയിക്കുകയും ചെയ്തു. ഇതുകൂടാതെ പാപമോചനത്തിന്റെയും സ്വര്‍ഗപ്രവേശത്തിന്റെയും പവിത്രതയും അല്ലാഹുവിന്റെ സാമീപ്യത്തിന്റെ മഹാഭാഗ്യവും ഈ മാസത്തില്‍ അവന്‍ കൂട്ടിച്ചേര്‍ത്തു.
റമദാനിലെ നോമ്പ് നിര്‍ബന്ധമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു. ‘വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അത് ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്ന സുവ്യക്ത തെളിവുകളുമാണ്'(2:185). നബി(സ്വ)യും ഇത് ഉണര്‍ത്തുന്നുണ്ട്. ‘ഇസ്‌ലാം അഞ്ചുകാര്യങ്ങളിലാണ് പടുത്തുയര്‍ത്തപ്പെട്ടത്. അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ലെന്നും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യംവഹിക്കല്‍, നമസ്‌കാരം നിലനിര്‍ത്തല്‍, സകാത്ത് നല്കല്‍, റമദാനില്‍ നോമ്പനുഷ്ഠിക്കല്‍, ഹജ്ജ് നര്‍വഹിക്കല്‍’ (ബുഖാരി) .
റമദാനിന്റെ ശ്രേഷ്ഠത
അല്ലാഹു ആദരണീയമാണെന്നറിയിച്ച നാലുമാസങ്ങളില്‍ (അല്‍ അശ്ഹുറുല്‍ ഹുറും) റമദാന്‍ ഉള്‍പ്പെടുന്നില്ല. എന്നാല്‍ പുണ്യംനേടാന്‍ റമദാനോളം പവിത്രതയുള്ള മറ്റൊരു മാസവുമില്ല. നബി(സ്വ)യുടെ ശഅ്ബാന്‍ മാസത്തിലെ പ്രഭാഷണം ഇങ്ങനെയാണ്: ജനങ്ങളേ, മഹത്തായ ഒരു മാസം നിങ്ങള്‍ക്കിതാ തണലിട്ടിരിക്കുന്നു. അനുഗൃഹീത മാസം, ആ മാസത്തില്‍ ആയിരം മാസത്തേക്കാള്‍ ഉത്തമമായ ഒരു രാത്രിയുണ്ട്. ആ മാസത്തില്‍ വ്രതമനുഷ്ഠിക്കല്‍ അല്ലാഹു നിര്‍ബന്ധമാക്കുകയും രാത്രിനമസ്‌കാരം ഐഛികമാക്കുകയും ചെയ്തിരിക്കുന്നു. ആ മാസം വല്ല നന്മയും ചെയ്ത് ദൈവസാമീപ്യം തേടുന്നവന്‍ ഇതരമാസങ്ങളില്‍ ഒരു നിര്‍ബന്ധകര്‍മം അനുഷ്ഠിച്ചവനെപ്പോലെയാണ്. ഈ മാസം ഒരു നിര്‍ബന്ധകര്‍മം ചെയ്യുന്നവന്‍ മറ്റു ദിവസങ്ങളില്‍ എഴുപത് നിര്‍ബന്ധകര്‍മം അനുഷ്ഠിച്ചവനെപോലെയാണ്. റമദാന്‍ സഹനത്തിന്റെ മാസമാണ്. സഹനത്തിന്റെ പ്രതിഫലം സ്വര്‍ഗമത്രെ. ഇത് സഹാനുഭൂതിയുടെ മാസമാണ്. സത്യവിശ്വാസികളുടെ ഉപജീവനത്തില്‍ വര്‍ധനവുണ്ടാകുന്ന മാസവുമാണിത്. ഇതില്‍ വല്ലവനും ഒരു നോമ്പുകാരനെ നോമ്പുതുറപ്പിച്ചാല്‍ അവന്റെ പ്രതിഫലം പാപമോചനവും നരക വിമുക്തിയുമാണ്. ആ നോമ്പുകാരന്റെ പ്രതിഫലത്തിന് ഒട്ടും കുറവുവരാതെത്തന്നെ അതിനു സമമായ പ്രതിഫലം അവനു ലഭിക്കുന്നതാണ് (ബൈഹഖി)
നബി(സ്വ) പറയുന്നു: ”റമദാനില്‍ നരകകവാടങ്ങള്‍ അടയ്ക്കപ്പെടുകയും സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും പിശാചുക്കള്‍ ബന്ധിക്കപ്പെടുകയും ചെയ്യും. ‘ഹേ നന്മ കാംക്ഷിക്കുന്നവനേ, നീ മുന്നോട്ടുവരിക, തിന്മ ആഗ്രഹിക്കുന്നവരേ വിരമിക്കുക’ എന്ന് റമദാന്‍ തീരുവോളം ഒരു മലക്ക് വിളിച്ചു പറയും” (നസാഈ) .
മഹാപാപങ്ങള്‍ ഉപേക്ഷിക്കുന്നപക്ഷം ഒരു റമദാന്‍ അടുത്ത റമദാന്‍ വരെയുള്ള ചെറുപാപങ്ങള്‍ പൊറുക്കപ്പെടാന്‍ കാരണമാണ് (മുസ്‌ലിം) ).
ആര്‍ റമദാനില്‍ നോമ്പനുഷ്ഠിക്കുകയും അതിന്റെ പരിധികള്‍ പാലിക്കുകയും സൂക്ഷ്മത വേണ്ട കാര്യങ്ങളെക്കുറിച്ച് സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവോ അവന്റെ മുന്‍പാപങ്ങള്‍ പൊറു ക്കുന്നതാണ് (ഇബ്‌നുഹിബ്ബാന്‍) .
റയ്യാന്‍ കവാടം
സ്വര്‍ഗത്തിലെ ഒരു കവാടമാണ് റയ്യാന്‍. റയ്യ് എന്ന പദത്തില്‍ നിന്ന് നിഷ്പദിച്ചതാണ് റയ്യാന്‍. ദാഹശമനം വരുത്തുക എന്നാണ് അര്‍ഥം. ഇത് റമദാന്‍ വ്രതം അനുഷ്ഠിച്ചവര്‍ക്ക് മാത്രം പ്രവേശിക്കാനുള്ള കവാടമാണ്.
നബി(സ്വ) പറഞ്ഞു: ‘സ്വര്‍ഗത്തിന് റയ്യാന്‍ എന്ന് വിളിക്കപ്പെടുന്ന ഒരു വാതിലുണ്ട്. ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ നോമ്പുകാരല്ലാതെ ആ വാതിലിലൂടെ പ്രവേശിക്കുകയില്ല. നോമ്പുകാര്‍ എവിടെയെന്ന് ചോദിക്കപ്പെടും. അപ്പോള്‍ അവര്‍ എഴുന്നേറ്റുനില്ക്കും. അവരല്ലാതെ മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല. അവര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ (വാതില്‍) അടയ്ക്കപ്പെടുന്നു. പിന്നീട് മറ്റാരും അതിലൂടെ പ്രവേശിക്കില്ല’ (ബുഖാരി) .
അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) അരുളി: ”വല്ലവനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെല വഴിച്ചാല്‍ സ്വര്‍ഗത്തിന്റെ വാതില്‍ക്കല്‍ നിന്ന് വിളിച്ചു പറയപ്പെടും. ദാസാ, ഈ കവാടമാണ് നിന ക്ക് നല്ലത്. നമസ്‌കരിച്ചവരെ നമസ്‌കാരത്തിന്റെ കവാടത്തില്‍ നിന്നും ജിഹാദ് ചെയ്തവരെ ജിഹാദി ന്റെ വാതില്‍ക്കല്‍ നിന്നും നോമ്പുകാരെ റയ്യാന്‍ വാതില്‍ക്കല്‍ നിന്നും ധര്‍മം ചെയ്തവരെ ധര്‍മ ത്തിന്റെ വാതില്‍ക്കല്‍ നിന്നും വിളിക്കപ്പെടും. അപ്പോള്‍ അബൂബക്ര്‍(റ) പറഞ്ഞു: ‘പ്രവാചകരേ, എന്റെ മാതാപിതാക്കള്‍ താങ്കള്‍ക്ക് പ്രായശ്ചിത്തമാണ്. ഈ വാതിലുകളില്‍ ഏതെങ്കിലുമൊരു വാതി ലില്‍ നിന്ന് വല്ലവനെയും വിളിച്ചുകഴിഞ്ഞാല്‍ അവന് വിഷമമൊന്നുമില്ല. എന്നാല്‍ ഈ വാതിലുകളില്‍ എല്ലാറ്റില്‍ നിന്നും ആരെയെങ്കിലും വിളിക്കുമോ?’ നബി(സ്വ) അരുളി: അതേ, വിളി ക്കപ്പെടുന്നതാണ്. നീ അവരില്‍പെട്ടവനാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു” (ബുഖാരി) .
‘റമദാന്‍ സമാഗതമായാല്‍ സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടും, നരക കവാടകങ്ങള്‍ അടയ്ക്കപ്പെടും. പിശാചുക്കള്‍ ബന്ധിക്കപ്പെടും’ (മുസ്‌ലിം) ).
അബൂഉമാമ(റ) പറയുന്നു: ‘ഞാന്‍ റസൂല്‍(സ്വ)യുടെ അടുക്കല്‍ചെന്ന് സ്വര്‍ഗപ്രവേശം നേടിത്തരുന്ന വല്ല കര്‍മവും ഉപദേശിച്ചുതരണമെന്ന് ആവശ്യപ്പെട്ടു. തിരുമേനി പറഞ്ഞു: നോമ്പനുഷ്ഠിച്ചുകൊള്ളൂ, അതിന് തുല്യമായി മറ്റൊന്നുമില്ല. ഞാന്‍ പിന്നെയും ചെന്നു. അപ്പോഴും തിരുമേനി ആദ്യത്തെ മറുപടി തന്നെ ആവര്‍ത്തിച്ചു’ (അഹ്‌മദ്)
അല്ലാഹു തന്റെ അടിമകള്‍ക്ക് ഏറ്റവുമേറെ പാപമോചനവും നരകമുക്തിയും നല്കുന്ന മാസമാണ് റമദാന്‍. മനുഷ്യര്‍ അല്ലാഹുവിനോട് നോമ്പുനോറ്റും മറ്റു സത്കര്‍മങ്ങള്‍ ചെയ്തും അടുക്കുകയും പാപങ്ങളില്‍ നിന്ന് പരമാവധി അകന്നു നില്ക്കുകയും ചെയ്യുന്ന സമയമാണ് റമദാന്‍. അതോടൊപ്പം അല്ലാഹുവിനോട് ഏറ്റവുമേറെ പാപമോചനം ചോദിക്കാനും അവന്‍ ഈ സമയം ഉപയോഗപ്പെടുത്തുന്നു. ഇതിനുമേല്‍ അല്ലാഹുവിന്റെ റമദാന്‍ കാരുണ്യംകൂടി പെയ്തിറങ്ങുന്നതോടെ അടിമകള്‍ക്ക് നരകമോചനത്തിന് വഴിതെളിയുന്നു.
‘ഏതെങ്കിലും ഒരുഅടിമ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരുദിവസം നോമ്പുനോല്‍ക്കുന്ന പക്ഷം ആ ദിവസം കാരണമായി അല്ലാഹു അവന്റെ മുഖത്തെ നരകത്തില്‍ നിന്നും എഴുപത് വര്‍ഷത്തെ ദൂരം അകറ്റാതിരിക്കുകയില്ല’ (മുസ്‌ലിം) ).
‘ആരെങ്കിലും റമദാന്‍ മാസത്തില്‍ വിശ്വാസത്തോടും പ്രതിഫലേഛയോടുംകൂടി നോമ്പനുഷ്ഠിച്ചാല്‍ അവന്റെ മുന്‍കാല പാപങ്ങളെല്ലാം പൊറുക്കപ്പെടും’ (ബുഖാരി) .
ലൈലത്തുല്‍ ഖദ്ര്‍
വിശുദ്ധ ഖുര്‍ആനിന്റെ അവതരണമാണ് റമദാനിന്റെ ശ്രേഷ്ഠതക്ക് നിദാനം. ഈ ഖുര്‍ആന്‍ അവ തരിച്ച രാവിനാണ് ലൈലതുല്‍ഖദ്ര്‍ (നിര്‍ണയത്തിന്റെ രാത്രി) എന്നു പറയുന്നത്. റമദാനിന്റെ മഹത്വമേറ്റുന്നതാണ് ലൈലത്തുല്‍ഖദ്‌റിന്റെ സാന്നിധ്യം. നിര്‍ണയം, മഹത്വം, വ്യവസ്ഥ എന്നെല്ലാ മാണ് ഖദ്ര്‍ എന്ന വാക്കിന്റെ അര്‍ഥം. സത്യാസത്യങ്ങള്‍ നിര്‍ണയിക്കാനും മനുഷ്യന് മഹത്വമേ റ്റാനും ധര്‍മം വ്യവസ്ഥപ്പെടുത്താനും അടിസ്ഥാനമായ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട രാത്രിയാണ് ലൈലതുല്‍ഖദ്ര്‍.
”നിശ്ചയം ഖുര്‍ആനിനെ ലൈലതുല്‍ഖദ്‌റില്‍ അവതരിപ്പിച്ചു. ലൈലതുല്‍ഖദ്ര്‍ ആയിരം മാസങ്ങളെക്കാള്‍ ഉത്തമമാകുന്നു. അന്ന് മലക്കുകളും ജിബ്‌രീലും തങ്ങളുടെ നാഥന്റെ അനുവാദത്തോടുകൂടി എല്ലാ കല്പനകളുമായി ഇറങ്ങുന്നു. പ്രഭാതം വരെ അത് രക്ഷയായിരിക്കും” (97:1-5)
ഈ ദിവസത്തിന്റെ മഹത്വം സൂചിപ്പിക്കുന്ന ധാരാളം നബിവചനങ്ങളുണ്ട്:
അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) അരുളി: ‘ലൈലത്തുല്‍ ഖദ്‌റിന്റെ രാത്രിയില്‍ വല്ലവനും വിശ്വാസത്തോടുകൂടിയും പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും എഴുന്നേറ്റു നമസ്‌കരിച്ചാല്‍ അവന്റെ പാപങ്ങളില്‍നിന്ന് പൊറുക്കപ്പെടും. വല്ലവനും റമദാനില്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്ന് പൊറുക്കപ്പെടും. അവനെ അതിന് പ്രേരിപ്പിച്ചത് വിശ്വാസവും പ്രതിഫലം ആഗ്രഹിക്കലുമാ യിരിക്കണം’ (ബുഖാരി) .
അവസാന പത്തായാല്‍ നബി(സ്വ) അര മുറുക്കി ഉടുക്കുകയും രാത്രി സജീവമാക്കുകയും വീട്ടു കാരെ ഉണര്‍ത്തുകയും ചെയ്യും (ബുഖാരി) .
റമദാന്‍ അവസാനപത്തില്‍ നബി(സ്വ) മറ്റൊരുകാലത്തും ചെയ്യാത്തവിധം ആരാധനാ കര്‍മങ്ങളില്‍ മുഴുകാറുണ്ടായിരുന്നു (മുസ്‌ലിം) ).
നബി(സ്വ) സാധാരണയായി ഇഅ്തികാഫ് അനുഷ്ഠിച്ചിരുന്നതും റമദാനിലെ അവസാന പത്തി ലായിരുന്നു (ബുഖാരി) .
ലൈലതുല്‍ഖദ്ര്‍ എല്ലാവര്‍ഷവും ആവര്‍ത്തിക്കപ്പെടുന്നു. എന്നാല്‍ ഇത് ഏതു ദിവസത്തിലാണെന്ന് നബി(സ്വ) വ്യക്തമാക്കിയിട്ടില്ല. റമദാന്‍ മാസത്തിലെ അവസാന പത്തിലെ ഒറ്റ രാവുകളിലാണ് എന്ന് ചില നബി(സ്വ) വചനങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും അവസാന പത്തിലെ ഏതു ദിവസവു മാകാം എന്നതാണ് ഹദീസുകള്‍ നല്കുന്ന പ്രബലമായ സൂചന.
ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: നബി(സ്വ) അരുളി: ‘ലൈലത്തുല്‍ഖദ്‌റിനെ നിങ്ങള്‍ റമദാനിലെ ഒടുവിലെ പത്തില്‍ അന്വേഷിക്കുക. അതായത് ഒമ്പത് അവശേഷിക്കുമ്പോള്‍, ഏഴ് അവശേ ഷിക്കുമ്പോള്‍, അഞ്ച് അവശേഷിക്കുമ്പോള്‍’ (ബുഖാരി) .
ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: നബി(സ്വ) അരുളി: ‘ലൈലത്തുല്‍ഖദ്ര്‍ അവസാത്തെ പത്തിലാണ്. 9ലോ അല്ലെങ്കില്‍ 7 അവശേഷിക്കുന്ന സന്ദര്‍ഭത്തിലോ അന്വേഷിക്കുക. മറ്റൊരു നിവേദനത്തില്‍ 25ലോ അന്വേഷിക്കുക എന്ന് പ്രസ്താവിക്കുന്നു’ (ബുഖാരി)
റമദാന്‍ ഇരുപത്തിഏഴിനാണ് ലൈലതുല്‍ഖദ്ര്‍ എന്നതിന് വ്യക്തമായ യാതൊരു രേഖയുമില്ല. അത് നിര്‍ണയിക്കപ്പെടാത്തത് നിങ്ങള്‍ക്ക് അനുഗ്രഹമായേക്കാം എന്ന് ഈ വിഷയത്തില്‍ നബി(സ്വ) പറഞ്ഞിട്ടുണ്ട്. അതിനാല്‍ അവസാനപത്തിലെ എല്ലാ ദിനങ്ങളും പരമാവധി നന്മകളുമായി നാം മുന്നേറുക. റമദാന്‍ ഇരുപത്തിഏഴ് ലൈലതുല്‍ഖദ്‌റായി കരുതി പ്രത്യേക പ്രാര്‍ഥനകളും ദാനധര്‍മങ്ങളും മരണപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ഖുര്‍ആന്‍ പാരയാണവും പോലെ കുറെ അനാചാരങ്ങള്‍ നടപ്പിലുണ്ട്. എന്നാല്‍ ഇതിനൊന്നും യാതൊരു പ്രമാണത്തിന്റെയും പിന്‍ബലമില്ല. മറ്റു ദിനങ്ങളില്‍ ചെയ്യുന്ന പുണ്യകര്‍മങ്ങള്‍ പരമാവധി അധികരിപ്പിക്കുയും ഇഅ്തികാഫ് നിര്‍വഹിക്കുകയും ചെയ്യുക എന്നതാണ് ലൈലതുല്‍ഖദ്‌റില്‍ ഏറെയായി ചെയ്യാനുള്ളത്.
ലൈലതുല്‍ഖദ്ര്‍ പ്രതീക്ഷിക്കുന്ന ദിനങ്ങളില്‍ അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫ്‌വ ഫഅ്ഫു അന്നീ (അല്ലാഹുവേ, നീ പാപങ്ങള്‍ പൊറുക്കുന്നവനാണ്. അത് നിനക്ക് ഇഷ്ടവുമാണ്. അതിനാല്‍ എനിക്ക് നീ പൊറുത്തുതരേണമേ) എന്ന് പ്രാര്‍ഥിക്കാന്‍ നബി(സ്വ) നിര്‍ദേശിക്കുന്നുണ്ട് (തിര്‍മിദി) .
References