ഇസ്‌ലാമിലെ ആരാധനകളെല്ലാം മുഹമ്മദ് നബി(സ്വ )യുടെ മരണത്തിന് മുമ്പ് തന്നെ പൂർണ്ണമായി നിർണയിക്കപ്പെട്ടതാണ്. അവയുടെ രൂപം, സമയം, സ്ഥലം, എന്നിവയെല്ലാം പിന്നീട് മാറ്റങ്ങൾ വരുത്താൻ പാടില്ലാത്തതാണ്. വളരെ പ്രധാനപ്പെട്ട നോമ്പും ഇങ്ങനെ തന്നെയാണ്. നോമ്പിന്റെ രൂപവും നിര്‍ബന്ധഘടകങ്ങളും എന്ന ഈ അധ്യായത്തിൽ നോമ്പിന്റെ സമയം, അത്താഴം, നോമ്പുതുറ, നാവിനെ സൂക്ഷിക്കുക, ഖുർആനുമായി അടുക്കുക, ക്ഷമയുടെ മാസം, നോമ്പ് തുറപ്പിക്കൽ, വ്രതവും ഉദാരതയും, കീർത്തനങ്ങൾ പ്രാർത്ഥനകൾ,നമസ്കാരവും മറ്റു പുണ്യകർമ്മങ്ങളും, തറാവീഹ് നമസ്കാരം, ഇഅ്തികാഫ്, റമദാനിലെ ഉംറ തുടങ്ങിയ നോമ്പിന്റെ മര്യാദകൾ വിശദമായി മനസ്സിലാക്കാം
ഇസ്‌ലാമിലെ അനുഷ്ഠാനങ്ങള്‍ ഐതിഹ്യങ്ങളാല്‍ സ്ഥാപിതമായതല്ല. ആര്‍ക്കും എപ്പോഴും നിര്‍മിക്കാവുന്നതോ തിരുത്താവുന്നതോ ആയ രൂപവുമല്ല അതിനുള്ളത്. കൃത്യമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ അതിന്റെ രൂപവും ഘടനയുമെല്ലാം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. മുഹമ്മദ് നബി(സ്വ)യുടെ ജീവിതകാലത്ത് പൂര്‍ത്തീകരിക്കപ്പെട്ട ഈ കാര്യത്തില്‍ ഇനി കൂട്ടിച്ചേര്‍ക്കലുകള്‍ പാടില്ല. അങ്ങനെ കൂട്ടിച്ചേര്‍ക്കുന്നവ ഇസ്‌ലാമിന്റെതായി പരിഗണിക്കപ്പെടുകയുമില്ല. ”ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു കഴിഞ്ഞിരിക്കുന്നു” (5:3).
നോമ്പിനും ഇത് ബാധകമാണ്. അതിന്റെ രൂപവും സമയവുമെല്ലാം നേരത്തേ തന്നെ കണക്കാക്കപ്പെട്ടിരിക്കുന്നു. ഭക്തിയുടെയോ സൂക്ഷ്മതയുടെയോ പേരില്‍ അതില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലുകളോ വെട്ടിമാറ്റലുകളോ അനുവദനീയമല്ല. പുതിയ കാലത്തിനും ലോകത്തിനും പറ്റുന്ന ആധുനികരീതിയില്‍ അതില്‍ മാറ്റങ്ങള്‍ വരുത്താവുന്നതുമല്ല. എല്ലാ കാലത്തേക്കും ജനസമൂഹത്തിലേക്കും പ്രയാസരഹിതമായി ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇസ്‌ലാം അത് സംവിധാനിച്ചിരിക്കുന്നത്.
നോമ്പിന് രണ്ടു നിര്‍ബന്ധഘടകങ്ങളുണ്ട്. ഒന്ന് നിയ്യത്തുതന്നെ. പ്രഭാതം മുതല്‍ അസ്തമയം വരെ ഭക്ഷണപാനീയങ്ങളും ഭാര്യാഭര്‍തൃബന്ധവും ഉപേക്ഷിക്കലാണ് രണ്ടാമത്തേത്. ഇതില്‍ ഏതെങ്കിലും ഒന്ന് നഷ്ടപ്പെടുകയോ ന്യൂനതയുള്ളതാവുകയോ ചെയ്താല്‍ ആ വ്രതം നിഷ്ഫലമാകുന്നതാണ്.
നോമ്പിന്റെ ഏറ്റവും പ്രധാന ഘടകമാണ് നിയ്യത്ത്. ഏതൊരു കര്‍മത്തിനുമെന്നപോലെ നോമ്പിനും നിയ്യത്ത് (ഉദ്ദേശ്യം) കൃത്യമായിരിക്കണം. അഥവാ, അല്ലാഹു നിര്‍ബന്ധമാക്കിയ വ്രതം അവന്റെ മാത്രം പ്രതിഫലം പ്രതീക്ഷിച്ചും ശിക്ഷ ഭയപ്പെട്ടും നിര്‍വഹിക്കുന്നു എന്ന ബോധമുണ്ടാകുമ്പോഴേ നോമ്പ് സാധുവാകൂ. രാത്രിയില്‍ നോമ്പ് തീരുമാനിച്ചവന്നേ നോമ്പ് ലഭിക്കുകയുള്ളൂ (തിര്‍മുദി) . ‘നിയ്യത്തിന്റെ സ്ഥാനം മനസ്സാണ്’ (ഫത്ഹുല്‍ബാരി) . ഹജ്ജും ഉംറയുമൊഴിച്ച് മറ്റു കര്‍മങ്ങള്‍ക്കൊന്നും നിയ്യത്തിനായി പ്രത്യേക പദങ്ങളില്ല. നാവു കൊണ്ട് ഉച്ചരിക്കേണ്ടതുമില്ല.
നോമ്പിന്റെ സമയം തുടങ്ങുന്നതിന് മുമ്പ്തന്നെ ‘താന്‍ നെമ്പെടുക്കുന്നു’ അല്ലെങ്കില്‍ നോമ്പെടുക്കണം എന്ന കരുതല്‍ മനസ്സിലുണ്ടായിരിക്കണം. പ്രത്യേക സമയമോ പദപ്രയോഗങ്ങളോ പ്രമാണങ്ങളില്‍ നിര്‍ദേശിക്കപ്പെട്ടിട്ടില്ല. റമദാന്‍ മാസം പിറന്നതുമുതല്‍ ഒരാള്‍ക്ക് വ്രതം നിര്‍ബന്ധമായി. അതോടെ താന്‍ നോമ്പെടുക്കും എന്ന് അയാള്‍ തീരുമാനിച്ചാല്‍ നിയ്യത്ത് പ്രാബല്യത്തിലായി. പിന്നീട് ഒരോ ദിവസവും അയാള്‍ പ്രത്യേകം നിയ്യത്തു വെക്കേണ്ടതില്ല. (മജ്മൂഅ്ഫതാവാ, ഇബ്‌നു തൈമിയ്യ) . ഉറങ്ങിപ്പോവുകയോ മറ്റോ ചെയ്താല്‍ രാത്രി നിയ്യത്തു ചെയ്യാന്‍ കഴിയില്ലെന്ന കാരണത്താല്‍ നോമ്പെടുക്കാതിരിക്കേണ്ടതില്ല. നാളെ നോമ്പെടുക്കണമെന്ന വിചാരത്തോടെയാണല്ലോ ഉറങ്ങാന്‍ കിടന്നിട്ടുണ്ടാവുക. നിയ്യത്തായി അതു മതിയാവുന്നതാണ്.
ഇളവുകള്‍ സ്വീകരിക്കണമെന്ന് ഉദ്ദേശിച്ചോ മനഃപൂര്‍വം നോമ്പ് നോല്‍ക്കുന്നില്ല എന്ന് കരുതിയോ ആണ് നേരം പുലര്‍ന്നതെങ്കില്‍ അയാള്‍ക്ക് നോമ്പ് നോല്‍ക്കാന്‍ സാധിക്കില്ല. എന്നാലും നോമ്പു മുറിയുന്ന മറ്റു കാര്യങ്ങളൊന്നും അയാള്‍ ചെയ്തിട്ടില്ലെങ്കില്‍ അപ്പോള്‍ മുതല്‍ അയാള്‍ക്ക് നോമ്പില്‍ പ്രവേശിക്കാമെന്നും അഭിപ്രായമുണ്ട്. ഇത് സുന്നത് നോമ്പിന് മാത്രമേ ബാധകമാകൂ എന്നാണ് മിക്ക പണ്ഡിതന്മാരുടെയും വീക്ഷണം. ഉച്ചയ്ക്കു മുമ്പായി നിയ്യത്തുണ്ടായാല്‍ നോമ്പെടുക്കാമെന്നാണ് ഇമാം അബൂഹനീഫ(റ)യുടെയും ഇമാം ശാഫിഈയുടെയും അഭിപ്രായം.
പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങളും ലൈംഗിക ബന്ധങ്ങളുമടക്കം നോമ്പ് മുറിക്കുന്ന കാര്യങ്ങളില്‍ നിന്ന് അകന്നുനില്ക്കുക എന്നതാണ് നോമ്പിന്റെ ബാഹ്യമായ രൂപവും രണ്ടാമത്തെ നിര്‍ബന്ധ ഘടകവും. പകല്‍ സമയത്ത് മനഃപൂര്‍വം ആഹാര പാനീയങ്ങള്‍ കഴിക്കുകയോ ലൈംഗിക ബന്ധം പുലര്‍ത്തുകയോ ചെയ്താല്‍ നോമ്പ് നഷ്ടപ്പെടും. അല്ലാഹുവിന്റെ റസൂല്‍ അനുവദിച്ച പുണ്യകര്‍മങ്ങള്‍ (നോമ്പിന്റെ മര്യാദകള്‍) കൊണ്ട് നോമ്പിനെ അലങ്കരിക്കുക എന്നതാണ് നോമ്പിന്റെ പൂര്‍ണരൂപം.
നോമ്പിന്റെ സമയം
പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെയാണ് വ്രതത്തിന്റെ സമയം. പകല്‍ ദീര്‍ഘിക്കുകയും ചുരുങ്ങുകയുമെല്ലാം ചെയ്യുന്ന കാലത്തിനും പ്രദേശങ്ങള്‍ക്കും ഇത് ബാധകമാണ് എന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. ഭൂമിയിലെ ചില പ്രദേശങ്ങളില്‍ (സ്‌കാന്‍ഡിനേ വിയന്‍ നാടുകള്‍ പോലെ) ചിലകാലങ്ങളില്‍ പകല്‍ ഏറെ ദീര്‍ഘിക്കുന്നു. ഒരു പകല്‍തന്നെ ദിവസങ്ങളും മാസങ്ങളും നീണ്ടുനില്ക്കുന്ന പ്രദേശങ്ങളിലുള്ളവര്‍ എങ്ങനെ നോമ്പെടുക്കണമെന്നതില്‍ ആധുനിക പണ്ഡിതന്മാര്‍ക്ക് ഭിന്നവീക്ഷണങ്ങളുണ്ട്. ഇവര്‍ യാത്രക്കാരാണെങ്കില്‍ ഇളവുപയോ ഗപ്പെടുത്തി നാട്ടിലെത്തിയശേഷം നോമ്പെടുക്കാമെന്നതില്‍ സംശയമില്ല. എന്നാല്‍ 24 മണിക്കൂറു കള്‍ക്കിടയില്‍ പകലും രാവും മാറുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പകല്‍ എത്ര മണിക്കൂറാ യാലും നോമ്പെടുക്കണം. എന്നാല്‍ അത് അവര്‍ക്ക് രോഗമോ അപകടമോ ഉണ്ടാക്കുമെങ്കില്‍ പകല്‍ കുറയുന്ന സമയത്തേക്ക് മാറ്റിവെക്കുകയോ കഴിയില്ലെങ്കില്‍ പ്രായശ്ചിത്തം നല്കുകയോ ചെയ്യാ വുന്നതാണ്. എന്നാല്‍ ദിവസങ്ങള്‍ നീണ്ടുനില്ക്കുന്ന പകലും രാവുമുള്ളവര്‍ സാധാരണ സമയമുള്ള തൊട്ടടുത്ത പ്രദേശത്തിനനുസരിച്ചോ, മക്കയെ അടിസ്ഥാനമാക്കിയോ ഗണിച്ച് നമസ്‌കരിക്കുകയും അതുപോലെ വ്രതം അനുഷ്ഠിക്കുകയുമാണ് വേണ്ടത്.
യാത്രക്കാരന്‍ നോമ്പെടുക്കുകയാണെങ്കില്‍ അയാള്‍ പുറപ്പെട്ട നാട്ടിലെ ദിവസത്തിന്റെയും സമയ ത്തിന്റെയും കണക്കിലാണ് നോമ്പും പെരുന്നാളും തീരുമാനിക്കേണ്ടത്. ഇനി അയാള്‍ യാത്ര അവ സാനിപ്പിക്കുന്ന നാട്ടില്‍ മറ്റൊരു സമയവും ദിവസവുമാണെങ്കില്‍ അതുപ്രകാരമാണ് അവിടെ അയാള്‍ നോമ്പും പെരുന്നാളും നിര്‍വഹിക്കേണ്ടത്.
എന്നാല്‍ ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുമ്പോള്‍ ദിവസ ഗണനയിലുള്ള വ്യത്യാസം മൂലം തന്റെ നോമ്പ് എണ്ണം കുറവാണെങ്കില്‍ (28 നോമ്പ്) പെരുന്നാളിനു ശേഷം അയാള്‍ അത് നോറ്റുവീട്ടേണ്ടതാണ്. അതേസമയം അയാള്‍ 30 നോമ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ ചെന്നെത്തിയ നാട്ടുകാരോടൊപ്പം നോമ്പ് നോല്‍ക്കേണ്ടതില്ല. മാസം ഇരുപത്തി ഒന്‍പതോ മുപ്പതോ ആയിരിക്കുമെന്നാണല്ലോ നബി(സ്വ) പഠിപ്പിക്കുന്നത്.
നോമ്പില്ലാത്ത നാട്ടില്‍നിന്ന് നോമ്പുള്ള നാട്ടിലെത്തിയാല്‍, യാത്രക്കാരനാണെങ്കില്‍ നോമ്പെടു ക്കാതെ മാറ്റിവെക്കാം. എന്നാല്‍ സ്ഥിരതാമസമുള്ള നാട്ടിലാണെത്തിയതെങ്കില്‍ എത്തിയ സമയം മുതല്‍ നോമ്പെടുക്കണം. പിന്നീട് നോറ്റുവീട്ടേണ്ടതില്ല.
നോമ്പിന്റെ മര്യാദകള്‍
നോമ്പിന്റെ നിര്‍ബന്ധ ഘടകങ്ങള്‍ പൂര്‍ത്തിയായാല്‍ നോമ്പ് സാധുവാകുകയും നോമ്പുകാരന്‍ പ്രതിഫലാര്‍ഹനാവുകയും ചെയ്യും. എന്നാല്‍ എഴുനൂറും അതിലേറെയും ഇരട്ടി പുണ്യം ലഭിക്കുന്ന കാര്യമായി നോമ്പ് മാറണമെങ്കില്‍ നോമ്പിന്റെ പ്രതിഫല പൂര്‍ത്തീകരണത്തിനാവശ്യമായ കുറെ മര്യാദകള്‍ പാലിക്കപ്പെടണം. നബി(സ്വ) നിര്‍ദേശിച്ചതും കാണിച്ചുതന്നതുമായ രൂപത്തില്‍ നോമ്പ് പൂര്‍ത്തിയാക്കുക എന്നതാണ് നോമ്പിന്റെ മര്യാദകള്‍ പാലിക്കുക എന്നു പറയുന്നതിന്റെ താത്പര്യം.
ഏറെ പുണ്യം ലഭിക്കുന്ന കര്‍മമായി നോമ്പ് പരിഗണിക്കപ്പെടാനുള്ള പ്രധാന കാരണം ഒരുകൂട്ടം നന്മകള്‍ക്ക് അതിനകത്ത് അവസരങ്ങളുണ്ട് എന്നതാണ്. ഇവ പരമാവധി നിര്‍വഹിക്കുന്നതുവഴി ഓരോ നോമ്പുകാരനും കണക്കറ്റ പ്രതിഫലം ഒരുക്കൂട്ടാന്‍ സാധിക്കും. അത്താഴം കഴിക്കുക, അത് രാത്രിയുടെ അന്ത്യയാമത്തിലാവുക, നാവിനെ നിയന്ത്രിക്കുക, ഖുര്‍ആനുമായി കൂടുതല്‍ അടു ക്കുക, ക്ഷമ കൈക്കൊള്ളുക, ദാനധര്‍മങ്ങള്‍ ചെയ്യുക, ദിക്ര്‍ ദുആകള്‍ വര്‍ധിപ്പിക്കുക, ഐഛിക നമസ്‌കാരവും മറ്റു പുണ്യകര്‍മങ്ങളും വര്‍ധിപ്പിക്കുക, സമയമായാല്‍ വേഗം നോമ്പ് തുറക്കുക, നോമ്പു തുറപ്പിക്കുക, തഹജ്ജുദ് നിര്‍വഹിക്കുക, പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുക, ഉംറ നിര്‍വഹിക്കുക തുടങ്ങിയ കാര്യങ്ങളാണ് റമദാനിന്റെ പ്രതിഫലം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍. അതുതന്നെയാണ് വ്രതത്തിന്റെ പൂര്‍ണതയും.
അത്താഴം
നോമ്പിനുവേണ്ടി എന്ന ഉദ്ദേശ്യത്തോടുകൂടി പാതിരാവിനു ശേഷം പ്രാഭാതോദയത്തിനു മുമ്പായി ഭക്ഷണം കഴിക്കുക എന്നതാണ് അത്താഴംകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് നോമ്പിന്റെ പ്രധാന സുന്നത്താണ്. ‘നിങ്ങള്‍ അത്താഴം കഴിക്കുക, അതില്‍ അനുഗ്രഹമുണ്ട്’ എന്ന് നബി(സ്വ) പറയുന്നു (ബുഖാരി) . ഒരിറക്ക് വെള്ളം കുടിച്ചെങ്കിലും ഇത് നിര്‍വഹിക്കണമെന്നും അത്താഴം കഴിക്കുന്ന വര്‍ക്ക് അല്ലാഹുവിന്റെ കാരുണ്യവും മലക്കുകളുടെ പ്രാര്‍ഥനയും ഉണ്ടാകുമെന്നും നബി(സ്വ) ഉണര്‍ത്തിയിട്ടുണ്ട്.
അത്താഴം കഴിക്കുക എന്നത് മറ്റു മതങ്ങളിലെ വ്രതങ്ങളില്‍നിന്ന് ഇസ്‌ലാമിക വ്രതത്തെ വ്യതിരിക്തമാക്കുന്ന കാര്യമാണ്. അംറുബ്‌നുല്‍ ആസ്വ്(റ) പറയുന്നു: റസൂല്‍(സ) പറഞ്ഞു: ‘നമ്മുടെയും വേദം നല്കപ്പെട്ടവരുടെയും നോമ്പുകള്‍ തമ്മിലുള്ള വ്യത്യാസം അത്താഴം കഴിക്കലാണ്’ (മുസ്‌ലിം) ). നിര്‍ണിത സമയത്തിനപ്പുറം ഭക്ഷണം കഴിക്കാതെ നോമ്പ് തുടരുന്നത് പ്രത്യേക പുണ്യമുള്ളതല്ലെന്നും അതില്‍ അനുഗ്രഹമില്ലെന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
സൂര്യാസ്തമയം മുതല്‍ പ്രഭാതോദയം വരെ ഭക്ഷണം കഴിക്കാന്‍ നോമ്പുകാരന് അനുവാദമുണ്ട്. എന്നാല്‍ ഈ ഭക്ഷണം അത്താഴത്തിന്റെ പരിധിയില്‍ വരികയില്ല. അത് പ്രത്യേക ഉദ്ദേശ്യത്തോടെ (നിയ്യത്ത്) തന്നെ നിര്‍വഹിക്കണം. എങ്കിലേ അതിന്റെ പുണ്യം ലഭിക്കൂ. അത്താഴത്തിന്റെ ഏറ്റവും പുണ്യകരമായ സമയം രാത്രിയുടെ അന്ത്യയാമമാണ്. അമ്പത് ഖുര്‍ആന്‍ വചനങ്ങള്‍ പാരായണം ചെയ്യുന്ന സമയമായിരുന്നു നബി(സ്വ)യുടെ അത്താഴത്തിനും സ്വുബ്ഹ് ബാങ്കിനും ഇടയിലുണ്ടായിരുന്നത്.
‘പാത്രം തന്റെ കയ്യിലിരിക്കെ, നിങ്ങളാരെങ്കിലും ബാങ്ക് കേട്ടാല്‍, അതില്‍ നിന്ന് തനിക്കുള്ള ആവശ്യം പൂര്‍ത്തിയാക്കിയിട്ടല്ലാതെ അവന്‍ അത് താഴെ വെക്കേണ്ടതില്ല'(അബൂദാവൂദ്) . ഉദയസമയത്തെക്കുറിച്ച് സംശയമുണ്ടായാലും ഭക്ഷണം കഴിക്കാവുന്നതാണ്. അത്താഴം കഴിച്ചശേഷമാണ് സമയംവൈകിയത് അറിഞ്ഞത് എങ്കിലും ആ നോമ്പ് നഷ്ടപ്പെടുകയില്ല; പൂര്‍ത്തി യാക്കാവുന്നതാണ്.
നോമ്പുതുറ
ഒരു ദിവസത്തെ നോമ്പ് അവസാനിപ്പിക്കുന്നതിനാണ് നോമ്പ് തുറക്കല്‍ എന്ന് പ്രയോഗിച്ചുവരുന്നത്. സൂര്യാസ്തമയം ആയിക്കഴിഞ്ഞാല്‍ നോമ്പു തുറക്കല്‍ നിര്‍ബന്ധമാണ്. ഇസ്‌ലാമിലെ ഒരു നോമ്പിന്റെ പരമാവധി ദൈര്‍ഘ്യം ഒരു പകലാണ്. അതുകഴിഞ്ഞാല്‍ നീട്ടിക്കൊണ്ടു പോകാതി രിക്കുകയും വൈകാതെ നോമ്പ് തുറക്കുകയും ചെയ്യുക എന്നത് പ്രബലമായ സുന്നത്താണ്.
ഒരു നോമ്പ് മുറിക്കാതെ അടുത്ത ദിവസത്തെ നോമ്പ് തുടര്‍ന്ന് അനുഷ്ഠിക്കല്‍ നിഷിദ്ധമാണ്. നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ നോമ്പുകള്‍ ചേര്‍ത്തനുഷ്ഠിക്കുന്നത് സൂക്ഷിക്കുക. സ്വഹാബിമാര്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ അങ്ങ് ചിലപ്പോള്‍ ചേര്‍ത്തനുഷ്ഠിക്കുന്നുണ്ടല്ലോ. നബി(സ്വ) പറഞ്ഞു: അക്കാര്യത്തില്‍ നിങ്ങള്‍ എന്നെപ്പോലെയല്ല. നിശാവേളയില്‍ എന്റെ നാഥന്‍ എന്നെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്യാറുണ്ട്. അതിനാല്‍ നിങ്ങള്‍ നിങ്ങളെക്കൊണ്ട് സാധ്യമായ കര്‍മങ്ങള്‍ അനുഷ്ഠിക്കുക’ (ബുഖാരി) .
സമയമായാല്‍ ഉടനെ നോമ്പ് തുറക്കുക എന്നതാണ് നബിചര്യ. ‘നോമ്പ് തുറക്കാന്‍ ധൃതികാണിക്കുന്ന കാലത്തോളം ജനങ്ങള്‍ നന്മയിലായിരിക്കും'(ബുഖാരി) .
മഗ്‌രിബ് നമസ്‌കരിക്കുന്നതിന് മുമ്പ് ഏതാനും ഈത്തപ്പഴം കഴിച്ചെങ്കിലും നോമ്പു തുറക്കുകയായിരുന്നു നബി(സ്വ)യുടെ പതിവ് (അബൂദാവൂദ്) .
അബൂഅത്വിയ്യ്(റ) പറയുന്നു: ‘ഒരിക്കല്‍ ഞാനും മസ്‌റൂഖും ആഇശ(റ)യുടെ അടുത്തുചെന്നു. തത്സ മയം മസ്‌റൂഖ് പറഞ്ഞു. റസൂല്‍(സ്വ)യുടെ സന്തതസഹചാരികളില്‍ രണ്ടാളുകളുണ്ടായിരുന്നു. സദ് വൃത്തിയില്‍ അവരൊട്ടും പിന്നാക്കമല്ല. ഒരാള്‍ മഗ്‌രിബ് നമസ്‌കരിക്കലും നോമ്പ് മുറിക്കലും ധൃതിയില്‍ ചെയ്തുതീര്‍ക്കും. മറ്റെയാള്‍ മഗ്‌രിബ് നമസ്‌കരിക്കലും നോമ്പ് തുറക്കലും പിന്തിക്കും. ആയിശ(റ) ചോദിച്ചു: മഗ്‌രിബ് നമസ്‌കാരവും നോമ്പ് തുറക്കലും ധൃതിയില്‍ കൊണ്ടുവരുന്നവനാരാണ്? മസ്‌റൂഖ് പറഞ്ഞു: അബ്ദുല്ലാഹിബ്‌നു മസ്ഊദാണ്. ആഇശ(റ) പറഞ്ഞു: ഇപ്രകാരമാണ് റസൂല്‍(സ്വ) ചെയ്തിരുന്നത്’ (മുസ്‌ലിം) ).
അബൂഹുറയ്‌റ(റ) പറയുന്നു: റസൂല്‍(സ്വ) പറഞ്ഞു: ‘അല്ലാഹു അരുള്‍ ചെയ്തിട്ടുണ്ട്. എന്റെ ദാസ ന്മാരില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടവര്‍ അസ്തമനത്തിനുശേഷം ധൃതിയില്‍ നോമ്പ് മുറിക്കുന്ന വരാണ്’ (തിര്‍മിദി) .
നബി(സ്വ)യുടെ കാലത്ത് മേഘംമൂടിയ ഒരു ദിവസം നേരത്തെ നോമ്പു തുറക്കുകയും ശേഷം സൂര്യനെ കാണുകയും ചെയ്തു. എന്നാല്‍ നോമ്പ് മാറ്റി നിര്‍വഹിക്കാന്‍ നബി(സ്വ) ആവശ്യപ്പെട്ടില്ല (ബുഖാരി) . ഇതിന്റെ അടിസ്ഥാനത്തില്‍ മേഘാവൃത ദിനങ്ങളില്‍ സമയമായെന്ന് ഉറപ്പുവ രുത്താന്‍ വേണ്ടി നോമ്പുതുറക്കാതെ കാത്തിരിക്കേണ്ടതില്ലെന്നും അങ്ങനെ തെറ്റിപ്പോയാല്‍ നോമ്പ് പകരം നോറ്റു വീട്ടേണ്ടതില്ലെന്നും ഇമാം ഇബ്‌നു തൈമിയ നിരീക്ഷിക്കുന്നു. (മജ്മൂഉല്‍ഫതാവാ, 25/124). വാച്ചും സൗകര്യങ്ങളുമുള്ള ഇക്കാലത്ത് അത് പ്രശ്‌നമേയല്ല.
നോമ്പുതുറക്കാന്‍ പഴുത്ത ഈത്തപ്പഴം, ഉണങ്ങിയ കാരക്ക, ശുദ്ധജലം എന്നിവയിലേതെങ്കിലും ഉപയോഗിക്കുന്നത് സുന്നത്താണ്. എന്നാല്‍ അതാത് പ്രദേശത്തെ മുഖ്യ ഭക്ഷണം കൊണ്ട് നോമ്പുതുറക്കാവുന്നതാണ് എന്ന യുക്തിചിന്തക്ക് ന്യായമില്ല. കേരളീയര്‍ നാളീകേരവും ഫലസ്തീന്‍കാര്‍ ഒലിവുകായയുമൊക്കെയാണ് ഉപയോഗിക്കേണ്ടത് എന്നു ചിലര്‍ പറയുന്നത് പ്രമാണങ്ങളുടെ ശരി യായ വായനയല്ല. ഭക്ഷണം അമിതവും അഹിതവും ആകാതിരിക്കാന്‍ മറ്റെല്ലാ കാലത്തെക്കാളും റമദാനില്‍ ശ്രദ്ധിക്കേണ്ടതാണ്.
നോമ്പുതുറക്കുമ്പോള്‍ നബി(സ്വ) ഇങ്ങനെ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. ”ദഹബദ്വമഉ, വബ്തല്ലത്തില്‍ ഉറൂഖു, വ സബതല്‍ അജ്‌റു ഇന്‍ശാ അല്ലാഹ്”(68) (ദാറുഖുത്‌നി) . സാരം: ദാഹം ശമിച്ചു. ഞരമ്പുകള്‍ നനഞ്ഞു. അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറച്ചു.
നാവിനെ സൂക്ഷിക്കുക
നോമ്പ് മനുഷ്യനെ സംസ്‌കരിക്കാന്‍ കൂടിയുള്ള കര്‍മമാണ്. ആയതിനാല്‍ മോശമായ വാക്കും പ്രവൃത്തികളും ഇല്ലായ്മ ചെയ്യാനുള്ള പരിശീലനക്കാലം കൂടിയാവണം നോമ്പ്.
നാവ് മനുഷ്യന്റെ മഹത്വമളക്കാനുള്ള പ്രധാന ഉപാധിയാണ്. മൗനം തന്നെ വ്രതമാക്കാന്‍ മര്‍യം (അ)യോട് അല്ലാഹു നിര്‍ദേശിക്കുന്നത് സ്മരണീയമാണ്. (വിശുദ്ധ ഖുര്‍ആന്‍ 19:26) എല്ലാ കാല ത്തും മോശമായ വാക്കുകളില്‍നിന്ന് വിട്ടുനില്ക്കുക വിശ്വാസിയുടെ ബാധ്യതയാണ്. അല്ലാഹു പറഞ്ഞു ”നിങ്ങള്‍ നേരായ വാക്കുകള്‍ പറയുക. കര്‍മങ്ങള്‍ നന്നാകും, പാപങ്ങള്‍ പൊറുക്കപ്പെടും” (വിശുദ്ധ ഖുര്‍ആന്‍ 33:70,71). ഖുര്‍ആനിലും ഹദീസിലുമായി ഈ വിഷയത്തില്‍ ഒരുപാട് മാര്‍ഗനിര്‍ദേശങ്ങളുണ്ട്: ശപിക്കരുത്, തെറിവാക്കുകള്‍ പറയരുത്, കയര്‍ക്കരുത്, നിന്ദിക്കരുത്, കുത്തുവാക്കുകള്‍ ഉപയോഗിക്കരുത്, പരിഹാസപ്പേരുകള്‍ വിളിക്കരുത് എന്നീ നിര്‍ദേശങ്ങളെല്ലാം നോമ്പുകാലത്ത് ഏറെ ശ്രദ്ധിക്കേണ്ടതാണ്. നബി(സ്വ) പറഞ്ഞു: ആഹാരപാനീയങ്ങള്‍ വര്‍ജിക്കല്‍ മാത്രമല്ല നോമ്പ്. വ്യര്‍ഥവും മ്ലേഛവുമായ വാക്കുകള്‍ വര്‍ജിക്കലാണ് നോമ്പ്. നിന്നെ ആരെങ്കിലും ചീത്ത പറയുകയോ നിന്നോട് ആരെങ്കിലും അവിവേകം കാണിക്കുകയോ ചെയ്താല്‍, ഞാന്‍ നോമ്പു കാരനാണ്, ഞാന്‍ നോമ്പുകാരനാണ് എന്ന് അവനോട് പറയുക (ഇബ്‌നു ഹിബ്ബാന്‍) .
നബി(സ്വ) പറയുന്നു: ‘ഒരാള്‍ വ്യാജമായ വാക്കും അതനുസരിച്ചുള്ള കര്‍മങ്ങളും ഉപേക്ഷിക്കുന്നില്ലെങ്കില്‍ അവന്‍ ഭക്ഷണവും വെള്ളവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് താല്പര്യമില്ല’ (ബുഖാരി) . ഇത്തരം വാക്കുകളും പ്രവര്‍ത്തനങ്ങളും കാരണം പ്രത്യക്ഷത്തില്‍ നോമ്പ് നഷ്ടപ്പെടുമെന്നും പകരം നോമ്പ് നോറ്റുവീട്ടണം എന്നുമുള്ള അര്‍ഥത്തിലല്ലെങ്കിലും പ്രതിഫലത്തില്‍ വലിയ കുറവുവരും എന്നാണ് നബി(സ്വ) താക്കീത് ചെയ്യുന്നത്.
നോമ്പനുഷ്ഠിക്കുന്നതുകൊണ്ട് വിശപ്പല്ലാതെ മറ്റൊന്നും ലഭിക്കാത്ത എത്ര നോമ്പുകാരുണ്ട്! ഉറക്ക മൊഴിക്കലല്ലതെ മറ്റൊന്നും ലഭിക്കാത്ത എത്ര നമസ്‌കാരക്കാരുണ്ട്, (ഇബ്‌നുമാജ) . നബി(സ്വ) ഓര്‍മപ്പെടുത്തുന്നത് അനാവശ്യവാക്കും പ്രവൃത്തിയുമായി നോമ്പിന്റെ ചൈതന്യം ചോര്‍ ത്തുന്നവരെക്കുറിച്ചാണ്.
അനാവശ്യ വിനോദങ്ങളും തമാശകളുമായി കളയാനുള്ളതല്ല നോമ്പുകാരന്റെ പുണ്യരകമായ ഓരോ നിമിഷവുമെന്ന് മനസ്സിലാക്കുക.
ഖുര്‍ആനുമായി അടുക്കുക
വിശുദ്ധ ഖുര്‍ആന്‍ ആദ്യമായി ഇറങ്ങി എന്നതാണല്ലോ റമദാനിന്റെ മഹത്വം. മാനവരാശിയുടെ മോചനഗ്രന്ഥവും ധര്‍മശാസ്ത്രവുമായ ഖുര്‍ആന്‍ മനുഷ്യന് അല്ലാഹു നല്കിയ ഏറ്റവും മഹത്തായ സമ്മാനമാണ്. ആ ഗ്രന്ഥം അവതരിപ്പിക്കപ്പെട്ട നാളുകള്‍ തന്നെയാണ് അത് കൂടുത ലായി പഠിക്കാനും പാരായണം ചെയ്യാനും ജീവിതത്തില്‍ പകര്‍ത്താനും ഏറ്റവും അനുയോജ്യമായ സമയം. റമദാനില്‍ ഒരു സത്യവിശ്വാസി ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതും അതാണ്. മറ്റുകാലങ്ങളില്‍ വ്യക്തിപരമായി നിര്‍വഹിക്കുന്ന തഹജ്ജുദ് നമസ്‌കാരം സംഘമായി റമദാനില്‍ അനുഷ്ഠിക്കാന്‍ റസൂല്‍ അനുമതി നല്കിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ക്ക് ഏറെ നേരം ഖുര്‍ആന്‍ പാരായണം കേള്‍ക്കാനും നമസ്‌കരിക്കാനും ഇതുമൂലം അവസരം ലഭിക്കുന്നു. കൂടാതെ അവസാന പത്തില്‍ (ലൈലതുല്‍ഖദ്‌റിന്റെ ദിനങ്ങളില്‍) നബി (സ്വ) പുണ്യകര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ ഏറെ നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു.
ജിബ്‌രീല്‍(അ) ഒരോ റമദാനിലും അതുവരെ അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ വചനങ്ങള്‍ നബി(സ്വ) യുമായി ഒത്തുനോക്കാറുണ്ടായിരുന്നു. നബി(സ്വ) മരണപ്പെട്ടവര്‍ഷം ഇത് രണ്ടു തവണ ആവര്‍ത്തി ക്കുകയുണ്ടായി. അതിനാല്‍ ഈ സമയം ഖുര്‍ആന്‍ കൂടുതലായി പഠിക്കാനും ഉപയോഗിക്കുക. ഖുര്‍ആന്‍ വെറുതെ പാരായണം ചെയ്യുന്നത് പുണ്യമാണ്. ഓരോ അക്ഷരപാരായണത്തിനും പുണ്യം വാഗ്ദാനം ചെയ്യപ്പെട്ട മറ്റൊരു ഗ്രന്ഥവുമില്ല. അറിവില്ലായ്മയില്‍ തപ്പിപ്പിടിച്ച് പാരായണം ചെയ്യുന്നവന് ഇരട്ടി പ്രതിഫലമാണ് നബി(സ്വ) വാഗ്ദാനം ചെയ്യുന്നത്. അതിന്റെ അര്‍ഥം അറിഞ്ഞും ആലോചിച്ചുമുള്ള പഠനവും പാരായണവും ഏറെ പുണ്യാര്‍ഹമാണ്. ‘എന്താണവര്‍ ഖുര്‍ആനിനെ ആലോചനക്ക് വിധേയമാക്കാത്തത്, അവരുടെ ഹൃദയങ്ങളില്‍ താഴുകളിട്ടിട്ടുണ്ടോ‘(47:24). എന്ന് ഖുര്‍ആന്‍ ചോദിക്കുന്നത് ഉള്‍ക്കാഴ്ചയോടെയുള്ള പഠനത്തിനുവേണ്ടിയാണ്.
കൂടാതെ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന വിശ്വാസം, സ്വഭാവം, അനുഷ്ഠാനം, സമൂഹസേവനം തുട ങ്ങിയ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തുന്നതില്‍ നിഷ്ഠ പാലിക്കേണ്ടതുണ്ട്. നബി(സ്വ) ഏറ്റവുമേറെ ഇഅ്തികാഫ് ഇരുന്നതും ദാനം ചെയ്തതും ഈ മാസത്തിലായിരുന്നു. ഒന്ന് പടച്ചവനു മായി പ്രത്യക്ഷത്തില്‍ അടുക്കാനും മറ്റൊന്ന് മനുഷ്യസേവനത്തിലൂടെ ദൈവസാമീപ്യം നേടാനും ഉപകരിക്കുന്നതാണല്ലോ.
ക്ഷമയുടെ മാസം
റമദാനിനെ ക്ഷമയുടെ മാസം എന്നാണ് നബി(സ്വ) പരിചയപ്പെടുത്തിയത്. അക്രമത്തിന് മുതിരുന്നവരോട്, അസഭ്യവുമായി വരുന്നവരോട് താന്‍ നോമ്പുകാരനാണ് എന്ന ക്ഷമയുടെ വാക്കുകള്‍ പറയാനും നബി(സ്വ) ഓര്‍മിപ്പിക്കുന്നു. വിശപ്പും ദാഹവും ലൈംഗിക ഇഛയും നിയന്ത്രിക്കുക എന്നത് നോമ്പിന്റെ ഏറ്റവും വലിയ സഹനമാണ്. ഇസ്‌ലാം ഏറെ പ്രോത്സാഹിപ്പിച്ച സദ്‌സ്വഭാവമാണ് ക്ഷമ. ‘സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമയും നമസ്‌കാരവുമായി അല്ലാഹുവിനോട് സഹായം തേടുക, തീര്‍ച്ചയായും അല്ലാഹു ക്ഷമാലുക്കളുടെ കൂടെയാണ്’ (2:153). ‘ക്ഷമയില്‍ മുന്നേറുക’ (3:200). ‘ക്ഷമ പാലിക്കാന്‍ പരസ്പരം ഉപദേശിക്കുക എന്നത് വിജയിക്കുന്ന മനുഷ്യന്റെ ലക്ഷണമാണെന്നതിന് കാലം സാക്ഷിയാണ്’ (103:3).എന്നിങ്ങനെ ധാരാളം ഖുര്‍ആന്‍ സൂക്തങ്ങളും നബി(സ്വ) വചനങ്ങളും കാണാവുന്നതാണ്.
ക്ഷമ എന്ന സദ്ഗുണം നോമ്പിന്റെ കര്‍മങ്ങളിലും സംസാരങ്ങളിലും ഭക്ഷണവേളകളിലും ആരാധന കളിലും പെരുമാറ്റങ്ങളിലുമെല്ലാം പ്രതിഫലിക്കണം. നോമ്പുകാരനും അവനുള്‍ക്കൊള്ളുന്ന സമൂ ഹവും സാഹചര്യവും പരിസരവുമെല്ലാം സംയമനത്തിന്റെയും സഹനത്തിന്റെതുമാകണം. ആഇശ (റ)ക്കെതിരെ നടന്ന ആരോപണം വ്യാജമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയപ്പോള്‍ അബൂബക്ര്‍(റ)വില്‍ നിന്നു വന്ന മാനുഷികമായ പ്രതികരണത്തെപ്പറ്റി അല്ലാഹു പറയുന്നു: ”നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞുവന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പു നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ’‘(24:22). ഇത് നമുക്ക് എന്നേക്കുമുള്ളതാണ്; റമദാനിലേക്ക് പ്രത്യേകിച്ചും.
റമദാനിന്റെ അവസാന പത്തില്‍ ലോകരക്ഷിതാവിനോട് വിട്ടുവീഴ്ച ഏറെയായി ചോദിക്കുന്ന നോമ്പുകാരന്‍, രക്ഷിതാവെന്ന നിലയില്‍ തന്റെ കീഴിലുള്ളവരോട് വിട്ടുവീഴ്ച കാണിക്കാറുണ്ടോ എന്ന് ആത്മപരിശോധന നടത്താനാണ് ഈ വചനം ഉണര്‍ത്തുന്നത്.
നോമ്പ് തുറപ്പിക്കല്‍
ഒരു നോമ്പുകാരനെ നോമ്പുതുറപ്പിക്കുന്നത് പുണ്യകരമാണ്. നബി(സ്വ) പറഞ്ഞു: ‘ഒരു നോമ്പുതുറപ്പിച്ചാല്‍ നോമ്പെടുത്തവന് ഒട്ടും കുറവുവരാത്ത വിധം നോമ്പുതുറപ്പിച്ചവന് പ്രതിഫലം ലഭിക്കും’ (അത്തര്‍ഗീബുവത്തര്‍ഹീബ്) .
നബി(സ്വ) പറഞ്ഞു: ഒരു നോമ്പുകാരനെ ഒരാള്‍ നോമ്പുതുറപ്പിച്ചാല്‍, ആ നോമ്പുകാരന്റെ പ്രതിഫലത്തിന് ഒട്ടും കുറവ് വരാതെ ത്തന്നെ അതിനു സമമായ പ്രതിഫലം അവനു ലഭിക്കുന്നതാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരു യോദ്ധാവിനെ ഒരാള്‍ ഒരുക്കി വിട്ടാല്‍, അദ്ദേഹത്തിന്റെ പ്രതിഫലത്തിന് ഒട്ടും കുറവ് വരാതെത്തന്നെ, അതിനു സമമായ പ്രതിഫലം ഇദ്ദേഹത്തിനും ലഭിക്കും (ബൈഹഖീ) .
നോമ്പു തുറപ്പിക്കുന്ന കാര്യത്തില്‍ ദരിദ്രനായ നോമ്പുകാരനാണ് പ്രാമുഖ്യം നല്‌കേണ്ടതെങ്കിലും മറ്റു നോമ്പുകാരെ തുറപ്പിക്കുന്നതും പുണ്യകരം തന്നെയാണ്. നോമ്പില്ലാത്തവരെയും അമുസ്‌ലിം കളെയുമെല്ലാം നോമ്പുതുറക്കാന്‍ ക്ഷണിക്കുന്നത് നോമ്പുതുറയുടെ പുണ്യം നല്കുന്നതല്ലെങ്കിലും പരസ്പര സ്‌നേഹവും സൗഹൃദവുമെല്ലാം നിലനിര്‍ത്താന്‍ ഗുണകരവും ആ രൂപത്തില്‍ പരിണഗി ക്കപ്പെടാവുന്നതുമാണ്. നോമ്പുതുറയുടെ പേരിലുള്ള ദുര്‍വ്യയങ്ങളും പൊങ്ങച്ചങ്ങളും ഒഴിവാക്കേ ണ്ടതാണ്. ആവശ്യക്കാര്‍ ക്ഷണിക്കപ്പെടാത്ത സദ്യ ഏറ്റവും ചീത്തയാണെന്ന് നബി(സ്വ) പറഞ്ഞിരി ക്കുന്നു. നമസ്‌കാരത്തിനും മറ്റു പുണ്യകര്‍മങ്ങള്‍ക്കും തടസ്സമാകുന്ന വിധത്തില്‍ നോമ്പുതുറ സത്കാരങ്ങള്‍ നീങ്ങുന്നത് പ്രതിഫലം നഷ്ടപ്പെടുത്തും. നോമ്പ് ആരാധനയാണ്, ആഘോഷമല്ല. നോമ്പുതുറ പുണ്യകര്‍മമാണ്; സദ്യവട്ടമല്ല.
നോമ്പുകാരന് നോമ്പുതുറക്കാനുള്ള ഭക്ഷണമോ അതിനുള്ള പണമോ നല്കാവുന്നതാണ്. ഏറെ മുന്തിയതോ ഏറ്റവും മോശമോ അല്ലാത്ത, മധ്യമമായ ഭക്ഷണത്തിന്റെ തോതാണ് പരിഗണിക്കേണ്ടത്.
വ്രതവും ഉദാരതയും
അല്ലാഹുവിന്റെ ഔദാര്യം അളവില്ലാതെ അടിമകളില്‍ പെയ്തിറങ്ങുന്ന മാസമാണ് റമദാന്‍. എന്നി രിക്കെ, നന്ദിയുള്ള അടിമകളും ആ നാളുകളില്‍ ഏറെ ഉദാരരാകേണ്ടതുണ്ട്. നിനക്ക് അല്ലാഹു നന്മ ചെയ്തതുപോലെ നീ ജനങ്ങള്‍ക്കും നന്മചെയ്യുക എന്നാണല്ലോ ഖാറൂന്‍ എന്ന ധനികനോട് അന്നാ ട്ടിലെ വിശ്വാസികള്‍ ഓര്‍മപ്പെടുത്തിയത് (28:77). അടിച്ചുവീശുന്ന കാറ്റുപോലെയായിരുന്നു റമദാനില്‍, വിശിഷ്യാ അവസാന പത്തില്‍ നബി(സ്വ)യുടെ ദാനധര്‍മമെന്ന് ഹദീസുകളില്‍ കാണാം. പടച്ചവന്‍ ഏറെ തരുമ്പോള്‍ പടച്ചവന്ന് ഏറെ നന്ദി ചെയ്ത് ഇരട്ടി പുണ്യം വാങ്ങാന്‍ മത്സരിക്കുക.
ജീവിത നിലപാടുകളില്‍ ദാനശീലവും വിട്ടുവീഴ്ചയും ശീലമാക്കാനാണ് നബി(സ്വ) പഠിപ്പിക്കുന്നത്. റമദാന്‍ മാസത്തില്‍ തന്റെ തൊഴിലാളിക്ക് തൊഴിലില്‍ ഇളവനുവദിക്കുന്നത് പാപമോചനത്തിന് കാരണമാകുമെന്ന് പ്രവാചകന്‍ ഉണര്‍ത്തുന്നു.
നിര്‍ബന്ധ ദാനമായ സകാത്ത് സമയമായാല്‍ നല്കണം. അത് റമദാനിലേക്ക് നീട്ടിവെക്കുന്നത് പ്രത്യേകം പുണ്യകരമല്ല. മാത്രമല്ല, ബാധ്യതാസമയത്തിനു ശേഷം വീട്ടാന്‍ കഴിയാതെ മരണപ്പെട്ടാല്‍ കടക്കാരനാവുക വഴി കുറ്റക്കാരനാവുകയും ചെയ്യും. എന്നാല്‍ വര്‍ഷക്കണക്കും മറ്റും സൂക്ഷിക്കാനുള്ള സൗകര്യം കരുതി സകാത്ത് നല്കുന്നതിന് റമദാന്‍ മാസം തെരഞ്ഞെ ടുക്കുന്നത് കുറ്റകരമല്ല.
റമദാനിലെ അവസാന പത്തില്‍ ലൈലതുല്‍ഖദ്ര്‍ വരുന്നതിനാല്‍ ദാനധര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് മറ്റു ദിവസങ്ങളെക്കാള്‍ പ്രതിഫലമുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ അത്യാവശ്യമായ ദാനധര്‍മങ്ങളോ മറ്റു പുണ്യകര്‍മങ്ങളോ റമദാനിന്റെ അവസാനത്തെ പത്തിലേക്ക് നീട്ടിവെക്കുന്നത് ശരിയല്ല.
കീര്‍ത്തനങ്ങള്‍, പ്രാര്‍ഥനകള്‍
എല്ലാ നന്മകള്‍ക്കും എഴുനൂറിലേറെ ഇരട്ടി പ്രതിഫലം ലഭിക്കുന്ന സന്ദര്‍ഭമെന്ന നിലയില്‍, അല്ലാഹു വിന് ഏറെ ഇഷ്ടമുള്ള അവനെക്കുറിച്ചുള്ള സ്മരണകളും (ദിക്ര്‍) അവനോടുള്ള പ്രാര്‍ഥനകളും റസൂലിന്നു വേണ്ടിയുള്ള പ്രാര്‍ഥനയും (സ്വലാത്ത്) നിര്‍വഹിക്കുന്നത് കൂടുതലായി ശ്രദ്ധിക്കേണ്ട സമയമാണ് റമദാന്‍.
റമദാനില്‍ നിശ്ചിത ദിവസങ്ങളിലേക്ക് നിര്‍ണിത പ്രാര്‍ഥനകളോ ദിക്‌റുകളോ നിര്‍ദേശിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അവസാന പത്തില്‍ ‘അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫ്‌വ ഫഉഫ്അന്നീ’(66) (അല്ലാഹുവേ, നീ ഏറെ പൊറുക്കുന്നവനും പൊറുക്കല്‍ ഇഷ്ടപ്പെടുന്നവനുമാണ്. എനിക്ക് നീ മാപ്പു നല്‌കേണമേ.) എന്ന പ്രാര്‍ഥന കൂടുതലായി ചൊല്ലുന്നത് സുന്നത്താണ്.
ഒരു അടിമക്ക് തന്റെ യജമാനനായ പ്രപഞ്ചസ്രഷ്ടാവിനെ ആരാധിക്കാനും പുണ്യങ്ങള്‍ വാരിക്കൂ ട്ടാനും ഏറ്റവും എളുപ്പമായ മാര്‍ഗമാണ് ദിക്‌റുകള്‍ (സ്‌തോത്രങ്ങള്‍). അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും കൂടാതെ മുഹമ്മദ് നബി(സ്വ) പഠിപ്പിച്ചുതന്ന പ്രത്യേക വാക്യങ്ങളും ഏതു സന്ദര്‍ ഭത്തിലും എത്രതവണയും ചൊല്ലാവുന്നതാണ്. ചില നിശ്ചിത സ്ഥലങ്ങളിലും സമയങ്ങളിലും റസൂല്‍(സ്വ) നിര്‍ണയിച്ചുതന്ന ദിക്‌റുകള്‍ നിര്‍ണിത അളവില്‍ മാത്രം നിര്‍വഹിക്കേണ്ടതാണ്. അല്ലാത്ത ഏതവസരത്തിലും നമുക്കിഷ്ടമുള്ള ഏത് ദിക്‌റുകളും എത്രവേണമെങ്കിലും ചൊല്ലുന്നത് പുണ്യമാണ്. ഇതിന് പ്രത്യേക എണ്ണമോ സമയമോ രൂപമോ നിശ്ചയിക്കുമ്പോള്‍ അത് മതത്തിലെ പുതുനിര്‍മിതി (ബിദ്അത്ത്)യായി മാറുകയും കുറ്റകൃത്യമാവുകയും ചെയ്യും.
നോമ്പുകാരന്റെ പ്രാര്‍ഥന ഉത്തരം ലഭിക്കുന്നതാണ്. നബി(സ്വ) പറഞ്ഞു: ‘മൂന്നു പ്രാര്‍ഥനകള്‍ക്ക് അല്ലാഹു ഉത്തരം നല്കാതിരിക്കില്ല. നോമ്പുകാരന്റെയും മര്‍ദിതന്റെയും യാത്രക്കാരന്റെയും’ (സഹീഹുല്‍ജാമിഅ്) . ലംഘിക്കപ്പെടാത്ത വാഗ്ദാനമാണ് അല്ലാഹുവിന്റെത്. അതുകൊണ്ടുതന്നെ പരമാവധി പ്രാര്‍ഥനയില്‍ കഴിച്ചുകൂട്ടാന്‍ ശ്രദ്ധിക്കുക.
നമസ്‌കാരവും മറ്റു പുണ്യകര്‍മങ്ങളും
റമദാന്‍ എല്ലാ നന്മകള്‍ക്കും പുണ്യമേറ്റുന്നു. ഒരു സുന്നത്തായ കര്‍മത്തിന് ഫര്‍ദിന്റെയും ഒരു ഫര്‍ ദിന് എഴുപത് ഫര്‍ദിന്റെയും പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ടു തന്നെ പടച്ചവനുമായോ പടപ്പുകളുമായോ ബന്ധപ്പെട്ട എല്ലാവിധ നന്മകളും ഏറെ സംഭരിക്കാന്‍ നോമ്പു കാരന്‍ മത്സരിക്കേണ്ടതാണ്.
നമസ്‌കാരം പോലെ നിര്‍ബന്ധമായ കാര്യങ്ങള്‍ ഏറെ കൃത്യതയോടെ സമയബന്ധിതമായി നിര്‍വ ഹിക്കാനും പരമാവധി ജമാഅത്ത് (സംഘം) നമസ്‌കാരത്തില്‍ പങ്കെടുക്കാനും ശ്രമിക്കേണ്ടതാണ്. നമസ്‌കാരം ശ്രദ്ധിക്കാതെ നോമ്പ് എങ്ങനെ പൂര്‍ത്തിയാകാനാണ്!
രോഗീ സന്ദര്‍ശനം, കുടുംബബന്ധം ചാര്‍ത്തല്‍, അയല്‍പക്ക ബന്ധം സുദൃഢമാക്കല്‍, വൈയക്തികവും സാമൂഹികവുമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുതലായവയിലെല്ലാമായി നോമ്പ് ഊര്‍ജസ്വലമാകണം.
തറാവീഹ് നമസ്‌കാരം
ഫര്‍ദ് (നിര്‍ബന്ധ) നമസ്‌കാരങ്ങള്‍ കഴിഞ്ഞാല്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടതും ഏറെ പുണ്യ കരവുമാണ് തഹജ്ജുദ് നമസ്‌കാരം. ഇശാഇനും സുബ്ഹിനുമിടയില്‍ നിര്‍വഹിക്കേണ്ട ഐഛിക നമസ്‌കാരമാണ് ഇത്. ഒന്ന്, മൂന്ന്, അഞ്ച്…എന്നിങ്ങനെ പതിനൊന്നു റക്അത്ത് വരെ ഒറ്റയാക്കി ഇത് നമസ്‌കരിക്കാം. തഹജ്ജുദ്, വിത്ര്‍, ഖിയാമുല്ലൈല്‍ എന്നെല്ലാം ഈ നസമ്കാരത്തിന് പേരുണ്ട്. അഞ്ചുനേരം നമസ്‌കാരം നിര്‍ബന്ധമാക്കപ്പെടുന്നതിനു മുമ്പു തന്നെ ഈ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടിരുന്നു. പിന്നീട് ഇത് ഐഛികമായി നിശ്ചയിക്കപ്പെട്ടു. നബി(സ്വ) ഖിയാമുല്ലൈല്‍ നിര്‍വഹിക്കുന്നതില്‍ ഏറെനിഷ്‌കര്‍ഷ പുലര്‍ത്തി. സ്വഹാബികള്‍ ഇതില്‍ മത്സരിച്ച് മുന്നേറിയിരുന്നു.
റമദാനിലെ ഖിയാമുല്ലൈല്‍ ഖിയാമു റമദാന്‍ എന്നറിയപ്പെടുന്നു. ഇതിന് അളവറ്റ പ്രതിഫലമുണ്ട്. മുന്‍കാല പാപങ്ങള്‍ പൊറുക്കാന്‍ കാരണമാകുമെന്ന് നബി(സ്വ) ഉണര്‍ത്തുന്നു. ഖിയാമു റമദാന്‍ പള്ളികളില്‍ ജമാഅത്തായി നമസ്‌കരിക്കാന്‍ നബി(സ്വ)യുടെ മാതൃകയുണ്ട്. പള്ളിയില്‍ വെച്ച് ജമാഅത്തായി നമസ്‌കരിക്കുന്നതാണോ വീട്ടില്‍ സ്വന്തമായി നമസ്‌കരിക്കുന്നതാണോ ഉത്തമം എന്ന വിഷയത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്. രാത്രിയുടെ അന്ത്യയാമങ്ങളില്‍ വീട്ടില്‍ വെച്ച് സ്വന്തമായി ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്ത് നമസ്‌കരിക്കാന്‍ കഴിയാത്തവര്‍ക്ക് പള്ളിയിലെ ജമാഅത്ത് തന്നെയാണ് ഉത്തമം. ഇങ്ങനെ താല്പര്യമുള്ളവര്‍ക്ക് വേണ്ടി പള്ളിയില്‍ ഖിയാമുല്ലൈല്‍ സംഘടിപ്പിക്കപ്പെടണം.
രാത്രി നമസ്‌കാരം (ഖിയാമുല്ലൈല്‍) ഈരണ്ട് റക്അത്തായി നമസ്‌കരിക്കുകയും ഒറ്റ റക്അത്തുകൊണ്ട് അവസാനിപ്പിക്കുകയുമാണ് വേണ്ടത്. ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്ത് ഈരണ്ടു റക്അത്തുകളായി നിര്‍വഹിക്കപ്പെടുമ്പോള്‍ ഇടയില്‍ വിശ്രമിക്കുന്നതിനു വിരോധമില്ല. ഇങ്ങനെ ചെയ്യുന്നതിനാല്‍ വിശ്രമം എന്ന അര്‍ഥത്തിലുള്ള തറാവീഹ് എന്ന ഒരു നാമം ഈ നമസ്‌കാരത്തിന് പില്ക്കാലത്ത് വന്നുചേര്‍ന്നു. പക്ഷേ തറാവീഹ് എന്നത് ഒരു പ്രത്യേക നമസ്‌കാരമാണെന്ന് ചിലര്‍ തെറ്റായി ധരിച്ചുപോയി. റമദാനിലെ ഖിയാമുല്ലൈല്‍ തന്നെയാണ് തറാവീഹ് എന്നറിയപ്പെടുന്നത്.
ഇഅ്തികാഫ്
ജീവിതത്തിന്റെ അനിവാര്യമല്ലാത്ത എല്ലാ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞുമാറി അല്ലാഹുവിനെ ആരാധിക്കാനായി പ്രത്യേക നിയ്യത്തോടെ (ഉദ്ദേശ്യം) പള്ളിയില്‍ താമസിക്കുന്നതിനാണ് ഇഅ്തികാഫ് എന്നു സാങ്കേതികമായി പറയുന്നത്. ഒരു കാര്യത്തില്‍ പ്രത്യേകം ചടഞ്ഞുകൂടുക, മുഴുകുക എന്നെല്ലാമാണ് ഇഅ്തികാഫിന്റെ ഭാഷാര്‍ഥം. തന്റെ രക്ഷിതാവിനെ അറിയാനും അവനോട് അടു ക്കാനും ഒരു അടിമ തന്റെ ഭൗതികജീവിതത്തിന്റെ കെട്ടുപാടുകള്‍ വിട്ട് അല്ലാഹുവിന്റെ ഭവനത്തില്‍ ഒഴിഞ്ഞിരിക്കുക. അനാവശ്യ സംസാരങ്ങളും പ്രവര്‍ത്തനങ്ങളും ഒഴിവാക്കി പ്രത്യക്ഷത്തില്‍ തന്നെ അല്ലാഹുവുമായി ബന്ധപ്പെടുന്ന നമസ്‌കാരം, ഖുര്‍ആന്‍ പാരായണം, ദിക്‌റ്, ദുആ എന്നിവയുമായി ഭക്തിയോടെ കഴിച്ചുകൂട്ടുക. ഇതാണ് ഇഅ്തികാഫിന്റെ സാമാന്യരൂപം.
എല്ലാ മുസ്‌ലിം സ്ത്രീപുരുഷന്‍മാര്‍ക്കും ഇഅ്തികാഫ് സുന്നത്താണ്. ഇതിന് സമയം നിര്‍ണയിക്ക പ്പെട്ടിട്ടില്ല. ഏതു കാലത്തും ഏതാനും സമയമോ ദിവസങ്ങള്‍ തന്നെയോ ഈ നിയ്യത്തോടെ ഇരി ക്കാവുന്നതാണ്. രാത്രിയോ പകലോ മാത്രവും തെരഞ്ഞെടുക്കാം. ഇഅ്തികാഫ് ഇരിക്കുന്ന ആള്‍ക്ക് അനിവാര്യമായ കാര്യങ്ങള്‍ക്കായി പുറത്തുപോകാവുന്നതാണ്. ഭക്ഷണം, വിസര്‍ജനം, രോഗീസന്ദര്‍ ശനം, മയ്യിത്ത് സംസ്‌കരണം, മറ്റു പരിഹാരങ്ങളില്ലെങ്കില്‍ വീട്ടിലേക്കാവശ്യമായ അത്യാവശ്യകാര്യ ങ്ങള്‍ നിര്‍വഹിക്കല്‍ എന്നിവയെല്ലാം ഇതില്‍പെടും. നിയ്യത്ത് ചെയ്യുമ്പോള്‍ ഈ വ്യവസ്ഥകള്‍ ഉള്‍പെടുത്താവുന്നതാണ്. ആവശ്യം കഴിഞ്ഞ് പെട്ടെന്നു തന്നെ തിരിച്ചുവരണം. വലിയ അശുദ്ധിയു ണ്ടായിരിക്കെ ഇഅ്തികാഫ് പാടില്ല.
റമദാന്‍ മാസത്തിലെ അവസാന പത്തുനാളുകളില്‍ ഇഅ്തികാഫിന് ഏറെ പ്രതിഫലമുണ്ട്. റസൂല്‍(സ്വ)യുടെ മാതൃകയും അതിനുണ്ട്. നബി(സ്വ) എല്ലാ റമദാനിലും അവസാന പത്തില്‍ മസ്ജിദുന്നബവിയില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. മരണമടഞ്ഞ വര്‍ഷം അവസാനത്തെ ഇരുപതു ദിവസം നബി(സ്വ) ഇഅ്തികാഫ് നിര്‍വഹിച്ചു (അബൂദാവൂദ്) . നബി(സ്വ)യുടെ ഭാര്യമാരും അദ്ദേഹത്തോടൊപ്പം ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷവും അവര്‍ അത് തുടര്‍ന്നുപോന്നു (ബുഖാരി) .
ഇഅ്തികാഫ് ഏതു സമയത്തും തുടങ്ങാമെങ്കിലും സ്വുബ്ഹ് നമസ്‌കരിച്ച് ആരംഭിക്കലാണ് നബി (സ്വ)യുടെ പതിവ്. ഉദ്ദേശിക്കുന്ന സമയത്ത് അവസാനിപ്പിക്കാവുന്നതാണ്. പള്ളിയില്‍ മാത്രമേ ഇഅ്തികാഫ് പാടുള്ളൂ. ജമാഅത്ത് നമസ്‌കാരം നടക്കുന്ന ഏതു പള്ളിയിലും ആകാം. ജുമുഅ ത്തുപള്ളി തന്നെ വേണമെന്നില്ല. മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കാത്ത വിധത്തില്‍ പള്ളിക്കകത്ത് പ്രത്യേകം സ്ഥലം ഒരുക്കാവുന്നതാണ്. നോമ്പുണ്ടെങ്കിലും ഇല്ലെങ്കിലും ഇഅ്തികാഫ് നിര്‍വ ഹിക്കാം. സുന്നത്തായ ഇഅ്തികാഫിന്റെ സമയം മാറ്റുകയോ ഒഴിവാക്കുകയോ ചെയ്യാം. എന്നാല്‍ നേര്‍ച്ചയിലൂടെ നിര്‍ബന്ധമായതാണെങ്കില്‍ അത് കൃത്യമായി പൂര്‍ത്തീകരിക്കുകയോ പിന്നീട് നിര്‍വഹിക്കുകയോ വേണം.
ആവശ്യമില്ലാതെ പള്ളിയില്‍നിന്ന് പുറത്തുപോവുക, ലൈംഗികബന്ധം, ബോധപൂര്‍വമായ സ്ഖല നം, ആര്‍ത്തവം, പ്രസവരക്തം, ബുദ്ധിഭ്രമം, ഇസ്‌ലാം പരിത്യാഗം എന്നിവമൂലം ഇഅ്തികാഫ് മുറി യും. ഇഅ്തികാഫിന്റെ സമയത്ത് ഖുര്‍ആന്‍ പാരായണം, ദിക്ര്‍, ദുആ, സ്വലാത്ത്, ഇസ്‌ലാമിക വിജ്ഞാനപഠനം, തഹജ്ജുദ് നമസ്‌കാരം റവാതിബ് സുന്നത്തുകള്‍ പോലെ പുണ്യകരമായ കാര്യ ങ്ങള്‍ കൂടുതലായി നിര്‍വഹിക്കാം.
റമദാനിലെ ഉംറ
റമദാന്‍ മാസത്തില്‍ നിര്‍വഹിക്കുന്ന ഉംറക്ക് നബി(സ്വ)യോടൊത്ത് ഹജ്ജു ചെയ്യുന്നതിന് സമാനമായതാണ് (ബുഖാരി) . അതുകൊണ്ടുതന്നെ പരമാവധി നന്മകള്‍ വാരിക്കൂട്ടാന്‍ വിശ്വാസി ആര്‍ത്തികാണിക്കുന്ന റമദാനില്‍ ഉംറ നിര്‍വഹിക്കാനും ശ്രമിക്കാവുന്നതാണ്. റമദാനിലെ ഉംറക്ക് ഹജ്ജിന്റെ പ്രതിഫലമുണ്ടെങ്കിലും ഈ ഉംറ വഴി ഹജ്ജിന്റെ ബാധ്യത ഒഴിവാകുകയില്ല. അവര്‍ ഹജ്ജ് വേറെ നിര്‍വഹിക്കുകതന്നെ വേണം. അതുപോലെ ഉംറ ചെയ്തു എന്നതിന്റെ പേരില്‍ കഴിവില്ലാത്തവര്‍ക്ക് ഹജ്ജ് നിര്‍ബന്ധ മാവുകയുമില്ല.
References