ഇസ്ലാമിലെ നോമ്പിന് കൃത്യമായ രൂപമുണ്ട്. നോമ്പു സാധുവാകാന്‍ അനിവാര്യമായ കാര്യങ്ങളുണ്ട്. ഇവ ലംഘിക്കപ്പെടുന്നത് നോമ്പിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ നഷ്ടപ്പെടുത്തും. അത്തരം കാര്യങ്ങളുണ്ടാകുന്നത് വഴി നോമ്പ് നഷ്ടപ്പെടും. ഇങ്ങനെ നോമ്പ് ദുര്‍ബലപ്പെടുത്തുന്ന കാര്യങ്ങള്‍ ഇവിടെ വായിക്കാം.
ബോധത്തോടെ തിന്നുക, കുടിക്കുക, ഛര്‍ദിക്കുക, ആര്‍ത്തവം, പ്രസവരക്തം, സ്ഖലനം, ഡയാലിസിസും രക്തസ്വീകരണവും എന്നീ ഉപശീർഷകങ്ങളാണ് അധ്യായത്തിലുള്ളത്.
നോമ്പ് ദുര്‍ബലപ്പെടുന്ന കാര്യങ്ങള്‍ മനഃപൂര്‍വം ചെയ്യുന്നത് പാപമാണ്. അവര്‍ പശ്ചാത്തപിക്കുകയും നോമ്പ് നോറ്റു വീട്ടുകയും വേണം. സംഭോഗമാണെങ്കില്‍ നിശ്ചയിക്കപ്പെട്ട പ്രായശ്ചിത്തവും നിര്‍വഹിക്കണം. സ്വാഭാവികമായുണ്ടാകുന്ന ഋതുരക്തം, പ്രസവരക്തം എന്നിവ സംഭവിച്ചാല്‍ നോമ്പുപേക്ഷിക്കുകയും അത്രയും എണ്ണം നോമ്പ് പിന്നീട് നോറ്റുവീട്ടുകയുമാണ് വേണ്ടത്.
യാതൊരു കാരണവുമില്ലാതെ നിര്‍ബന്ധ നോമ്പ് ഒഴിവാക്കുക, അനുഷ്ഠിച്ച നോമ്പ് മുറിക്കുക എന്നിവ വലിയ പാപമാണ്. കാരണം ഇസ്ലാമിന്റെ അടിസ്ഥാന അനുഷ്ഠാന കര്‍മങ്ങളില്‍പെട്ടതാണ് നോമ്പ്. എന്നാല്‍ നമസ്കാരം ഉപേക്ഷിച്ചവരെപ്പോലെ ഇത് അവിശ്വാസമായി പരിഗണിച്ചിട്ടില്ല. എങ്കിലും ഇവര്‍ എത്രയും വേഗം തെറ്റുതിരുത്തി പശ്ചാത്തപിക്കണം. നോമ്പു മുറിച്ചവനാണെങ്കില്‍ പകരം നോമ്പ് നോറ്റുവീട്ടണം.
റമദാനില്‍ നോമ്പില്ലാത്തവര്‍ (ഇളവുള്ളവരും) നോമ്പുകാര്‍ക്ക് വിലക്കപ്പെട്ട കാര്യങ്ങള്‍ പരസ്യമായി നിര്‍വഹിക്കുന്നതില്‍ നിന്ന് പരമാവധി മാറിനില്‍ക്കണം. നോമ്പുമാസത്തെ ആദരവോടെ കാണാന്‍ എല്ലാവര്ക്കും ബാധ്യതയുണ്ട്.
ആര്‍ത്തവം, പ്രസവരക്തം, യാത്ര, രോഗം, കഠിന തൊഴിലുകള്‍ എന്നിവയാല്‍ നോമ്പ് ഒഴിവാക്കിയവര്‍ അവരുടെ തടസ്സങ്ങള്‍ നീങ്ങിയ ഉടനെ നോറ്റുവീട്ടല്‍ നിര്‍ബന്ധമാണ്. കാരണങ്ങളില്ലാതെയോ നോമ്പു ദുര്‍ബലപ്പെടുന്ന കാര്യങ്ങള്‍ മനഃപൂര്‍വം നിര്‍വഹിക്കുന്നതിലൂടെയോ മറ്റോ റമദാന് വ്രതം നഷ്ടപ്പെടുത്തിയവരും അത്രയും നോമ്പുകള്‍ നോറ്റുവീട്ടണം.
പ്രതിബന്ധം നീങ്ങുന്നതോടെ നോറ്റുവീട്ടല്‍ നിര്‍ബന്ധമാകുമെങ്കിലും വീട്ടണം എന്ന നിയ്യത്തോടെ അത് നീട്ടിവെക്കുന്നത് കുറ്റകരമല്ല. ശഅ്ബാനിലായിരുന്നു തനിക്ക് നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റുവീട്ടാന്‍ സാധിക്കാറുണ്ടായിരുന്നത് എന്ന് ആഇശ(റ) പറയുന്നു (ബുഖാരി) . അടുത്ത റമദാനിനുമുമ്പായി നോറ്റുവീട്ടുന്നതാണ് ഉത്തമം. സാധിച്ചില്ലെങ്കില്‍ സാധ്യമാകുന്ന ഉടനെ അത് നിര്‍വഹിക്കുക.
നഷ്ടപ്പെട്ട നോമ്പുകള്‍ ഒന്നിച്ച് തുടര്‍ച്ചയായ ദിവസങ്ങളില്‍ തന്നെ നോറ്റുവീട്ടണമെന്ന് നിബന്ധനയില്ല; ഇടവിട്ട് നിര്‍വഹിക്കാവുന്നതാണ്. നിര്‍ബന്ധ നോമ്പുകള്‍ നോറ്റുവീട്ടുന്നതിനുമുമ്പ് ഐഛികവ്രതം അനുഷ്ഠിക്കാവുന്നതാണ്. എന്നാല്‍ ഐഛിക വ്രതത്തിന്റെ ദിവസം കടമായുള്ള നിര്‍ബന്ധനോമ്പിന്റെ കൂടി നിയ്യത്ത് ചെയ്താല്‍ രണ്ടിന്റെയും പ്രതിഫലം ലഭിക്കുമെന്ന ധാരണക്ക് അടിസ്ഥാനമില്ല.
ബോധത്തോടെ തിന്നുക, കുടിക്കുക, ഛര്‍ദിക്കുക
നോമ്പുമുറിക്കാനുള്ള തീരുമാനം
അകാരണമായി നോമ്പുമുറിക്കാന്‍ തീരുമാനിച്ചാല്‍ (അങ്ങനെ കരുതുകവഴി) നോമ്പ് ദുര്‍ബലപ്പെടുമെന്നും (അയാളുടെ നിയ്യത്ത് നഷ്ടപ്പെട്ടതിനാല്‍) നോമ്പ് മുറിയുന്ന ഒരു കാര്യവും ചെയ്തില്ലെങ്കി ലും അയാള്‍ പശ്ചാത്തപിച്ച് പകരം നോമ്പെടുക്കണമെന്നും പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നു (ഫിഖ്ഹുസ്സുന്ന) .
ബോധത്തോടെ തിന്നുക, കുടിക്കുക
നോമ്പിന്റെ പ്രധാനഘടകമാണ് പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കല്‍. ഖുര്‍ആനും(2:187) ഹദീസും (മുസ്ലിം) ഇത് വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ നോമ്പിന്റെ പകലില്‍ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും മൂലം നോമ്പ് മുറിയും. അത് എത്ര ചെറിയ അളവിലായാലും. നോമ്പു നോറ്റ് മനഃപൂര്‍വം മുറിക്കുന്നത് കുറ്റകരമാണ്. അതിനാലവന് പരമകാരുണികനായ സ്രഷ്ടാവിനോട് പാപമോചനം തേടുകയും പകരം നോമ്പ് നോറ്റുവീട്ടുകയും വേണം. ആമാശയത്തിലേക്ക് പ്രവേശിക്കുന്ന വിധത്തിലുള്ള ഗുളികകളും മരുന്നും മറ്റും ഉപയോഗിക്കുന്നതും ഭക്ഷണം പോലെ നോമ്പിനെ ദുര്‍ബലമാക്കും. ഭക്ഷണപദാര്‍ഥങ്ങളല്ലാത്ത കല്ല്, നാണയംപോലുള്ള വസ്തുക്കള്‍ ബോധപൂര്‍വം വയറ്റിലെത്തിയാലും നോമ്പ് നഷ്ടപ്പെടും.
പ്രഭാതോദയം ബോധ്യപ്പെട്ട ശേഷം അത്താഴം കഴിക്കുന്നതും, അസ്തമിച്ചിട്ടില്ലെന്ന് ഉറപ്പുള്ളപ്പോള്‍ നോമ്പ് തുറക്കുന്നതും മനഃപൂര്‍വമുള്ള ഭക്ഷണം കഴിക്കലായി പരിഗണിക്കപ്പെടും. നോമ്പ് മുറിയുകയും ചെയ്യും.
എന്നാല്‍ മറവിയോ സമയത്തെക്കുറിച്ച തെറ്റിദ്ധാരണയോ അരുതുകളെക്കുറിച്ചുള്ള അറിവില്ലായ്മയോ കാരണമാണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ അവര്‍ക്ക് നോമ്പ് നഷ്ടപ്പെടുന്നില്ല. ഓര്‍മവന്ന സമയം മുതല്‍, ഇവയില്‍നിന്ന് വിരമിച്ച് നോമ്പ് പൂര്‍ത്തിയാക്കണം. ‘ആരെങ്കിലും താന്‍ നോമ്പുകാരനാണെന്ന കാര്യം മറന്നനിലയില്‍ വല്ലതും തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ അയാള്‍ തന്റെ നോമ്പ് പൂര്‍ത്തിയാക്കിക്കൊള്ളട്ടെ. എന്തുകൊണ്ടെന്നാല്‍ അവനെ തീറ്റിയതും കുടിപ്പിച്ചതും അല്ലാഹുവത്രെ’ (മുസ്ലിം) . മറ്റൊരാളുടെ പീഡനത്താലോ മറ്റോ ഉണ്ടായ നിര്‍ബന്ധിതാവസ്ഥയിലാണ് അങ്ങനെ ചെയ്യേണ്ടി വന്നതെങ്കിലും നോമ്പു മുറിയില്ല. ബാക്കി സമയം പൂര്‍ത്തിയാക്കാവുന്നതാണ്.
മനഃപൂര്‍വം ഛര്‍ദിക്കല്‍
ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധ പ്രക്രിയ എന്ന നിലയില്‍ ചിലപ്പോള്‍ ഛര്‍ദി സംഭവിക്കാം. അത് നോമ്പുകാരന്റെ നിയന്ത്രണത്തില്‍പെട്ടതല്ല. ഇതുമൂലം നോമ്പ് മുറിയുകയില്ല. എന്നാല്‍ സ്വാഭാവിക രൂപത്തിലല്ലാതെ വയറ്റിനകത്തുള്ള ഭക്ഷണ പദാര്‍ഥങ്ങളോ മറ്റോ പുറത്തുകളയുന്നതിനുവേണ്ടി ഛര്‍ദി ഉണ്ടാക്കിയാല്‍ നോമ്പ് മുറിയും. അയാള്‍ ആ നോമ്പ് നോറ്റുവീട്ടണം. നബി(സ്വ) പറഞ്ഞു: ‘വല്ലവന്നും ഛര്‍ദിയുണ്ടായാല്‍ അവന് നോമ്പ് നോറ്റുവീട്ടേണ്ടതില്ല. എന്നാല്‍ മനഃപൂര്‍വം ഛര്‍ദി ഉണ്ടാക്കുകയാണെങ്കില്‍ അവന് അത് നോറ്റുവീട്ടേണ്ടതാണ്’ (തിര്‍മിദി) .
ആര്‍ത്തവം, പ്രസവരക്തം, സ്ഖലനം
ആര്ത്തവകാരികളും പ്രസവരക്തമുള്ള സ്ത്രീകളും നോമ്പെടുക്കുന്നത് നിഷിദ്ധമാണ്. അവര്‍ നോമ്പെടുത്താല്‍ അത് സ്വീകാര്യമല്ല. മറ്റു ദിവസങ്ങളില്‍ അവര്‍ നോമ്പ് നോറ്റുവീട്ടല്‍ നിര്‍ബന്ധമാണ്. നോമ്പുകാരിയായിരിക്കെ നോമ്പിന്റെ പകലില്‍ ഇവ ഉണ്ടായാലും അപ്പോള്‍ മുതല്‍ നോമ്പ് ദുര്‍ബലമാകും. ആ ദിവസത്തെ നോമ്പും പിന്നീട് നോറ്റുവീട്ടണം.
നോമ്പ് നോല്ക്കാന്വേണ്ടി മരുന്നുപയോഗിച്ച് ആര്‍ത്തവം നിയന്ത്രിക്കാമോ എന്നത് പുതിയ ഗവേഷണ വിഷയമാണ്. സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി നേരത്തേ തന്നെ ഇങ്ങനെ ചെയ്യുന്നവളായിരിക്കുകയും അതില്‍ എന്തെങ്കിലും പ്രയാസങ്ങള്‍ അനുഭവപ്പെടാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അവള്‍ക്ക് വേണമെങ്കില്‍ റമദാനിലും മരുന്നുപയോഗിച്ച് മാസമുറ മാറ്റിവെക്കാവുന്നതാണ്. എന്നാല്‍ അത് അവള്‍ക്ക് മാനസികമോ ശാരീരികമോ ആയ പ്രശ്നങ്ങള്‍ പിന്നീടെങ്കിലും ഉണ്ടാക്കുമെങ്കില്‍ ഇങ്ങനെ ചെയ്യരുത് എന്നാണ് ഒരു വിഭാഗം പണ്ഡിതന്മാരുടെ നിലപാട്. കൃത്രിമമായി മാസമുറ തെറ്റിക്കുന്നത് അല്ലാഹു സ്ത്രീകള്‍ക്ക് നല്കിയ സ്വാഭാവിക പ്രകൃതിക്ക് മാറ്റംവരുത്തലാണ്. അത് നമുക്ക് അറിഞ്ഞാലും ഇല്ലെങ്കിലും എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടാക്കും. മറ്റു ദിവസങ്ങളില്‍ നോറ്റുവീട്ടുന്നത് തന്നെയാണ് അവര്‍ക്ക് ഉത്തമമായിട്ടുള്ളത് എന്നാണ് മറ്റൊരു വിഭാഗം വിധി നല്‍കുന്നത്. എന്നാല്‍ ഇങ്ങനെ ആര്‍ത്തവം തെറ്റിച്ച് നോമ്പെടുത്താല്‍ ആ നോമ്പ് സാധുവാകുമെന്നതില്‍ എല്ലാവരും യോജിക്കുന്നു.
മറ്റു സന്ദര്‍ഭങ്ങളില്‍ തീരെ നോറ്റുവീട്ടാന്‍ കഴിയാത്ത അവസ്ഥ ഇല്ലെങ്കില്‍ അല്ലാഹു നിശ്ചയിച്ച പ്രകൃതിയെ സ്വതന്ത്രമായി വിട്ട് നഷ്ടപ്പെടുന്ന നോമ്പുകള്‍ പിന്നീട് നോറ്റുവീട്ടുന്നതാകും കൂടുതല്‍ സൂക്ഷ്മതക്ക് നല്ലത്.
സ്ഖലനം
ലൈംഗികവികാര നിയന്ത്രണം നോമ്പിന്റെ നിര്‍ബന്ധഭാഗമാണ്. ഇണയെ പ്രാപിച്ചാല്‍ നോമ്പു മുറിയും. പ്രായശ്ചിത്തമായി രണ്ടുമാസം തുടര്‍ച്ചയായി നോമ്പുനോല്‍ക്കുകയോ അറുപത് അഗതികള്‍ക്ക് ആഹാരം നല്‍കുകയോ ചെയ്യണം. ഇച്ഛാപൂര്‍വകമല്ലാതെ സ്ഖലനമുണ്ടായാല്‍ നോമ്പ് മുറിയില്ല. മദജലം(മദിയ്യ്) പുറത്തുവരുന്നതുകൊണ്ടും നോമ്പിന് തകരാറ് സംഭവിക്കില്ല.
സംഭോഗം
നോമ്പ് ദുര്‍ബലപ്പെടുത്തുന്ന കാര്യങ്ങളില്‍ പ്രത്യേക പ്രായശ്ചിത്തം നിശ്ചയിക്കപ്പെട്ട ഏക കുറ്റമാണ് ഇണയുമൊത്തുള്ള ലൈംഗികബന്ധം. നോമ്പിന്റെ നിര്‍ബന്ധ ഭാഗമാണ് ഭാര്യാഭര്‍തൃ സംസര്‍ഗം ഉപേക്ഷിക്കുക എന്നുള്ളത്. മനുഷ്യനെ ലൈംഗികവികാരം നിയന്ത്രിക്കാന്‍ കഴിയുന്നവനാക്കുകയും അങ്ങനെ ആത്മീയതയുടെ ഉയര്‍ന്ന പദവികളില്‍ അവരോധിക്കുകയും ചെയ്യുക എന്നത് നോമ്പിന്റെ പ്രധാന താത്പര്യമാണ്. എന്നിരിക്കെ അതില്‍ വീഴ്ചവരുത്തുന്നത് വലിയ കുറ്റമാണ്.
റമദാനില്‍ നോമ്പുകാരനായിരിക്കെ സ്വേഛപ്രകാരം (നിര്ബന്ധിതന്, മറന്നവന് എന്നിവര്‍ കുറ്റക്കാരല്ല) ഇണകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ പകരം പാപമോചന പ്രാര്‍ഥനക്കും നോമ്പു നോറ്റുവീട്ടുന്നതിനും പുറമെ പ്രായശ്ചിത്തം നിര്‍വഹിക്കണം. ഒരു സത്യവിശ്വാസിയായ അടിമയെ മോചിപ്പിക്കുക, അതിന് ശേഷിയില്ലാത്തവന് രണ്ടുമാസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുക, അതിനും കഴിയാത്തവന് അറുപത് ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുക എന്നതാണ് ഇതിനുള്ള പ്രായശ്ചിത്തം. സ്ത്രീ സ്വാഭീഷ്ടപ്രാകരമാണ് ഇതില്‍ പങ്കാളിയായതെങ്കില്‍ അവളും പ്രായശ്ചിത്തം നല്‍കണമെന്നാണ് ഭൂരിപക്ഷം പണ്ഡിതരും അഭിപ്രായപ്പെട്ടത്. എന്നാല്‍ സ്ത്രീക്ക് പാപമോചന പ്രാര്‍ഥനയും പകരം നോറ്റുവീട്ടലും മാത്രമേ ബാധകമാകൂ എന്നാണ് ഇമാം ശാഫിഈ, അഹ്മദ് എന്നിവരുടെ അഭിപ്രായം. അതാണ് കൂടുതല്‍ പ്രാമാണികം.
ഒരിക്കല്‍ ഒരു മനുഷ്യന് നോമ്പുകാരനായിരിക്കെ താന്‍ ഭാര്യയുമായി രമിച്ചു എന്ന് നബി(സ്വ)യോട് കുറ്റസമ്മതം നടത്തുകയും തന്നെ ശുദ്ധീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തോട് ഒരു അടിമയെ മോചിപ്പിക്കാന്‍ പറഞ്ഞപ്പോള്‍ തനിക്ക് അതിനുള്ള ശേഷിയില്ലെന്ന് അയാള്‍ ഉണര്‍ത്തി. എങ്കില്‍ രണ്ടുമാസം തുടര്‍ച്ചയായി നോമ്പെടുക്കാന്‍ ആവശ്യപ്പെട്ടു. അതിനും കരുത്തില്ലെന്ന് അയാള്‍ പറഞ്ഞു. എങ്കില്‍ അറുപത് ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കണമെന്ന് നബി(സ്വ) ധരിപ്പിച്ചു. താന്‍ ദരിദ്രനാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശേഷം അദ്ദേഹം അവിടെ ഒരിടത്ത് ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ തനിക്ക് സമ്മാനമായി ലഭിച്ച ഒരു വലിയ കുട്ട കാരക്ക നബി(സ്വ) അയാള്‍ക്ക് നല്കി. അതുകൊണ്ടുപോയി പാവങ്ങള്‍ക്ക് നല്കി പ്രായശ്ചിത്തം നിര്‍വഹിക്കാന്‍ നബി(സ്വ) അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ താന്‍ തന്നെയാണ് പ്രദേശത്തെ ഏറ്റവും ദരിദ്രനെന്നു പറഞ്ഞ ആ മനുഷ്യനെ നോക്കി ചിരിച്ചുകൊണ്ട് ‘എങ്കില്‍ തന്റെ കുടുംബത്തിനെ ആഹരിപ്പിക്കുക’ എന്ന് നബി(സ്വ)പറഞ്ഞു (അഹ്മദ്) . ഈ റിപ്പോര്‍ട്ട് പ്രായശ്ചിത്തത്തിന്റെ രീതിയും പ്രാധാന്യവും അതിന് സാധിക്കാത്തവര്‍ക്കുള്ള പോംവഴിയും നിര്‍ദേശിക്കുന്നുണ്ട്.
ഈ പ്രായശ്ചിത്തം റമദാനിലെ നോമ്പുമായി ബന്ധപ്പെട്ട് മാത്രമേ ബാധകമാവൂ. മറ്റേതെങ്കിലും നോമ്പുകളോ മറ്റു മാസങ്ങളില്‍ നോറ്റുവീട്ടുന്ന റമദാന് നോമ്പോ ആണെങ്കില്‍ പകരം നോമ്പ് നോല്‍ക്കണമെന്നല്ലാതെ മറ്റു പ്രായശ്ചിത്തം ആവശ്യമില്ല. റമദാനിന്റെ പകല്‍ വ്യഭിചരിച്ചവന് പകരം നോമ്പ് നോല്‍ക്കുകയും ഇസ്ലാമികശിക്ഷ ഏറ്റുവാങ്ങുകയും വേണം; പ്രായശ്ചിത്തം വേണ്ടതില്ല എന്ന് യൂസുഫുല്‍ഖര്‍ദാവി നിരീക്ഷിക്കുന്നു (ഫിഖ്ഹുസ്സ്വിയാം)
ഡയാലിസിസും രക്തസ്വീകരണവും
ശരീരത്തിലെ രക്തം ചില കൃത്രിമ യന്ത്രങ്ങളിലൂടെ ശുദ്ധീകരിച്ച് തന്റെതന്നെ ശരീരത്തിലേക്ക് കടത്തിവിടുന്ന പ്രക്രിയയാണ് ഡയാലിസിസ്. ഈ രക്തത്തില്‍ ചില പോഷകഘടകങ്ങള്‍ ചേര്‍ക്കാറുണ്ട്. ആയതിനാല്‍ ഇതുമൂലം നോമ്പ് മുറിയുമെന്നാണ് ആധുനികരായ ശൈഖ് മുഹമ്മദ് അബൂസുഹ്റയെപ്പോലുള്ള പണ്ഡിതരുടെ അഭിപ്രായം. (ആധുനിക പ്രശ്നങ്ങളില്‍ ലോകപണ്ഡി തരുടെ ഫത്വകള്-സമാഹരണം: പി മുഹമ്മദ് കുട്ടശ്ശേരി).
രക്തസ്വീകരണം എന്നത് ആഹാരം കഴിക്കുന്നത് പോലെ തന്നെ ശരീരത്തിന് പോഷണം നല്‍കുകയാണ് ചെയ്യുന്നത്. ആയതിനാല്‍ രക്തസ്വീകരണം മൂലം നോമ്പ് മുറിയും. ഡയാലിസിസോ രക്തസ്വീകരണമോ ആവശ്യമായി വരുന്നവര്‍ സ്വാഭാവികമായും നോമ്പ് നീട്ടിവെക്കാന്‍ ഇളവനുവദിക്കപ്പെട്ട രോഗികളായിരിക്കും. അതിനാല്‍ അവര്‍ പിന്നീട് നോറ്റുവീട്ടുകയാണ് വേണ്ടത്.
കൃത്രിമആഹാരം
ഞരമ്പുകളിലൂടെയോ മറ്റോ ശരീരത്തിന് പോഷണം നല്കുന്നതോ ഭക്ഷണത്തിന് പകരമാകുന്നതോ ആയ (വൈറ്റമിനുകള്‍ പോലുള്ളവ) വസ്തുക്കള്‍ കുത്തിവെപ്പിലൂടെയോ മറ്റുരീതികളിലോ സ്വീകരിച്ചാല്‍ നോമ്പു മുറിയും.
സമയം മുന്തിക്കലും പിന്തിക്കലും
ശഅ്ബാന്‍ കഴിഞ്ഞതിനു ശേഷം ശവ്വാല്‍ പിറക്കുന്നതുവരെയാണ് റമദാന്. അതുപോലെ പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെയാണ് ഓരോ നോമ്പിന്റെയും സമയം. ഈ സമയ ഘടനയില്‍ ബോധപൂര്‍വം മാറ്റങ്ങള്‍ വരുത്തിയാല്‍ നോമ്പ് നഷ്ടപ്പെടും. റമദാന് മാസം പിറന്നില്ലെ ന്നറിഞ്ഞിട്ടും നോമ്പെടുക്കുക, ശവ്വാല്‍പിറ തെളിഞ്ഞിട്ടും നോമ്പ് തുടരുക എന്നിങ്ങനെ അല്ലാഹുവും റസൂലും (സ്വ) നിശ്ചയിച്ച സമയക്രമത്തില്‍ മാറ്റം വരുത്തുന്നത് നിഷിദ്ധമാണ്. അത്തരം ദിവസങ്ങളലെ നോമ്പ് സാധുവാകുന്നതല്ല. ഉറപ്പായതിനു ശേഷമല്ലാതെ, സൂക്ഷ്മതയുടെ പേരിലോ മറ്റോ മാസം പിറക്കും മുമ്പേ നോമ്പ് തുടങ്ങാനോ മാസം മാറിയശേഷം തുടരാനോ പാടില്ല.
അബൂഹുറയ്റ(റ) പറയുന്നു: നബി(സ്വ) അരുളി: ‘റമദാന് നോമ്പിന് ഒന്നോ രണ്ടോ ദിവസം മുന്‍ കൂട്ടി നിങ്ങള്‍ നോമ്പു തുടങ്ങരുത്. വല്ലവനും അതിനുമുമ്പ് തന്നെ നോമ്പ് പിടിച്ച് വരികയാണെ ങ്കില്‍ അവന് അങ്ങനെ നോമ്പ് അനുഷ്ഠിക്കാം’ (ബുഖാരി) . നേരത്തെയുള്ള സുന്നത്തുനോമ്പ് ആണെങ്കില്‍ തുടരാം എന്നാണ് ഉദ്ദേശ്യം.
അറിവില്ലാതെ പ്രഭാതത്തിനുശേഷം നോമ്പ് തുടങ്ങുകയോ നേരമാകാതെ നോമ്പ് തുറക്കുകയോ ചെയ്താല്‍ അത് കുറ്റകരമല്ല. ആ നോമ്പ് പൂര്‍ണമാകുന്നതുമാണ്. നബി(സ്വ)യുടെ കാലത്ത് ഒരിക്കല്‍ മേഘംമൂടിയ ഒരു ദിവസം നേരത്തെ നോമ്പു തുറക്കുകയും ശേഷം സൂര്യനെ കാണുകയും ചെയ്തു. എന്നാല്‍ നോമ്പ് മാറ്റി നിര്‍വഹിക്കാന്‍ നബി(സ്വ) ആവശ്യപ്പെട്ടില്ല (ബുഖാരി) . ഇതിന്റെ അടിസ്ഥാനത്തില്‍ മേഘാവൃത ദിനങ്ങളില്‍ സമയമായെന്ന് ഉറപ്പുവരുത്താന്‍ വേണ്ടി നോമ്പു തുറക്കാതെ കാത്തിരിക്കേണ്ടതില്ലെന്നും അങ്ങനെ തെറ്റിപ്പോയാല്‍ നോമ്പ് പകരം നോറ്റുവീട്ടേണ്ടതില്ലെന്നും ഇമാം ഇബ്നു തൈമിയ നിരീക്ഷിക്കുന്നു (മജ്മൂഉല്‍ ഫതാവാ) .
എന്നാല്‍ സമയമായിട്ടും സൂക്ഷ്മതയുടെ പേരില്‍ നോമ്പ് തുറക്കാന്‍ വൈകിക്കുന്നത് കുറ്റകരമാണ്. അതുപോലെത്തന്നെ പ്രഭാതോദയത്തി(ഫജ്റ്)ന് വളരെ നേരത്തെ സൂക്ഷ്മതയുടെ പേരില്‍ അത്താഴം കഴിക്കാതിരിക്കുന്നതും ശരിയായ നടപടിയല്ല. നബി(സ്വ) പറയുന്നു: ‘സമയമായ ഉടനെ നോമ്പുതുറക്കുന്നേടത്തോളം കാലം ജനങ്ങള്‍ നന്മയിലായിരിക്കും. നിങ്ങള്‍ നോമ്പുതുറക്കാന്‍ ധൃതികൂട്ടുക. യഹൂദികള്‍ നോമ്പുതുറക്കല്‍ വൈകിക്കുന്നവരാണ്’ (ഇബ്നു മാജ) .
References