ഹജ്ജിന്റെ നിര്‍ബന്ധ ഘടകങ്ങളും ഭാഗങ്ങളും
സൗകര്യവും ശേഷിയും ഉള്ള ഒരു മുസ്‌ലിമിന് ജീവിതത്തിൽ ഒരിക്കൽ ഹജ്ജ് നിർബന്ധമാണ്. സുഊദി അറബ്യയിലെ മക്ക എന്ന പ്രദേശം കേന്ദ്രീകരിച്ചാണ് ഇത് നിർവഹിക്കേണ്ടത്. ഇസ്‌ലാമിലെ മറ്റ് ആരാധനകളെ പോലെ ഹജ്ജിനും നിർബന്ധമായതും ഐച്ഛികമായതുമായ ഭാഗങ്ങൾ ഉണ്ട്. നിർബന്ധമായും ഹജ്ജിൽ നിർവഹിച്ചിരിക്കേണ്ട അനുഷ്ഠാന കാര്യങ്ങളാണ് ഹജ്ജിന്റെ നിര്‍ബന്ധ ഘടകങ്ങളും ഭാഗങ്ങളും എന്ന ഈ അധ്യായത്തിൽ. ഇഹ്റാം, ഹജ്ജിന്റെ ഇഹ്റാം രീതികൾ, ഇഹ്റാം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇഹ്റാം ഒറ്റനോട്ടം അറഫയിൽ നിൽക്കൽ എന്നീ ഭാഗങ്ങളായി ഈ ലേഖനത്തിൽ ഇത് സവിസ്തരം വിശദീകരിച്ചിട്ടുണ്ട്.
ഹജ്ജ് അല്ലാഹുവിന്റെ അടുക്കല്‍ സ്വീകര്യമാകാന്‍ നിര്‍ബന്ധമായ നാലു ഘടകങ്ങളുണ്ട്. ഇഹ്‌റാം, അറഫയില്‍ നില്‍ക്കല്‍, ത്വവാഫുല്‍ ഇഫാദ, സഫ-മര്‍വ കുന്നുകള്‍ക്കിടയിലെ ഓട്ടം എന്നിവയാണവ. ഇവ ഹജ്ജിന്റെ റുക്‌നുകള്‍ എന്നറിയപ്പെടുന്നു. റുക്‌നുകളില്‍ ഏതെങ്കിലും ഒന്ന് പൂര്‍ണമായും നഷ്ടപ്പെട്ടാല്‍ ഹജ്ജ് സ്വീകരിക്കപ്പെടില്ല. ബലി പ്രായശ്ചിത്തമായി നല്കി ഹജ്ജില്‍ നിന്ന് വിരമിക്കുകയും സാധിക്കുമെങ്കില്‍ അടുത്തവര്‍ഷം ഹജ്ജ് നിര്‍വഹിക്കുകയും ചെയ്യണം. ഓരോ റുക്‌നും സ്വീകര്യമാകാന്‍ അവയ്‌ക്കെല്ലാം കൃത്യമായ രൂപവും വേറെ നിര്‍ബന്ധ ഘടകങ്ങളും ഭാഗങ്ങളുമുണ്ട്. ഇവ ശ്രദ്ധിക്കാതിരുന്നാല്‍ ഹജ്ജ് ഒരുപക്ഷേ പൂര്‍ണമായും നഷ്ടപ്പെട്ടേക്കും.
ഇതുകൂടാതെ നിര്‍ബന്ധമായി ചെയ്യേണ്ടതും ചെയ്തില്ലെങ്കില്‍ കുറ്റകരവുമായ കാര്യങ്ങളാണ് ഹജ്ജിന്റെ വാജിബുകള്‍. ഇവ നഷ്ടപ്പെട്ടാല്‍ ഹജ്ജ് സ്വീകാര്യമാകുമെങ്കിലും പ്രതിഫലം കുറയും. പ്രായശ്ചിത്തമായി ബലി നല്കുകയും വേണം. ഇഹ്‌റാം മീഖാതില്‍ വെച്ചായിരിക്കുക, അറഫയില്‍ സൂര്യാസ്തമയംവരെ നില്ക്കുക, മുസ്ദലിഫയില്‍ രാപ്പാര്‍ക്കുക, അയ്യാമുത്തശ്‌രീഖില്‍ മിനായില്‍ താമസിക്കുക, ബലിയറുക്കുക, ക്രമപ്രകാരം ജംറകളില്‍ കല്ലെറിയുക, മുടിമുറിക്കുകയോ കളയുകയോ ചെയ്യുക, വിടവാങ്ങല്‍ ത്വവാഫ് ചെയ്യുക എന്നിവയാണ് വാജിബുകള്‍. ഇവയോരോന്നും നിര്‍വഹിക്കേണ്ട രൂപം നബി(സ്വ) കാണിച്ചും പഠിപ്പിച്ചും തന്നിട്ടുണ്ട്. അതുപ്രകാരം നിര്‍വഹിക്കുമ്പോള്‍ മാത്രമേ ഹജ്ജ് സ്വീകര്യവും പുണ്യകരവുമാകൂ.
ഹജ്ജില്‍ പുണ്യകരവും നിഷിദ്ധവുമായ കാര്യങ്ങളുമുണ്ട്. ഇസ്‌ലാം അനുവദിച്ചതും ഇഹ്‌റാമിലൂടെ പ്രത്യേകം നിഷിദ്ധമാക്കിയിട്ടില്ലാത്തതുമായ എല്ലാ കാര്യങ്ങളും ഹജ്ജില്‍ അനുവദനീയമാണ്. സാധാരണ ഇസ്‌ലാം നിശ്ചയിച്ച എല്ലാ നന്മകളും അതുപോലെയോ അതിലേറെയോ പുണ്യകരമാണ്. എല്ലായിടത്തും എല്ലാകാലത്തും നിഷിദ്ധമാക്കിയ യാതൊന്നും ഹജ്ജില്‍ അനുവദനീയമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ അത്തരം നിഷിദ്ധകാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഹജ്ജിന്റെ ദിവസങ്ങളിലും പ്രദേശങ്ങളിലും കൂടുതല്‍ കുറ്റകരമാണ്. ഏകദൈവാരാധന, സാഹോദര്യം, സമഭാവന, ക്ഷമ പോലുള്ള ആശയങ്ങളില്‍ ഊന്നിയ ഹജ്ജില്‍ അതിനു വിരുദ്ധമായ, ശിര്‍ക്കും ബിദ്അതും അഹങ്കാരവും വിവേചനവും അക്ഷമയും പോലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നത് മഹാനഷ്ടമാണുണ്ടാക്കുക. ആ ദിനങ്ങളുടെയും പ്രദേശങ്ങളുടെയും പവിത്രത മാനിക്കണം. അല്ലാഹുവിന്റെ അതിഥികള്‍ എന്ന നിലയില്‍ മറ്റുള്ള ഹാജിമാരെ ആദരിക്കണം. അവര്‍ക്കോ അവരുടെ കര്‍മങ്ങള്‍ക്കോ പ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കണം. പകര്‍ച്ചവ്യാധികളുള്ളവര്‍ ഹജ്ജില്‍ പ്രവേശിക്കാതിരിക്കേണ്ടതാണ്. പരമാവധി അവിടെ മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കുമെല്ലാം ആവശ്യമായ സൗകര്യങ്ങളും സഹായങ്ങളും ചെയ്തുകൊടുക്കാന്‍ ശ്രദ്ധിക്കണം. ശണ്ഠയും കുതര്‍ക്കങ്ങളും സംഭവിച്ചാല്‍ ഹജ്ജ് നിഷ്ഫലമായിപ്പോകും. അവധാനതയും അച്ചടക്കവും വിനയവും വിട്ടുവീഴ്ചയും ശാന്തതയും മിതവ്യയവുമെല്ലാം ഹജ്ജിന്റെ കാതലാണ്. കര്‍മം കഴിച്ചുകൂട്ടലാകാതിരിക്കാന്‍ ഈ കാര്യങ്ങളിലെല്ലാം ശ്രദ്ധിച്ചേ പറ്റൂ. തിരക്കും ബഹളവുമുണ്ടാക്കരുത്. അല്ലാഹുവിന്റെ റസൂല്‍ (സ്വ) ചെയ്തുകാണിച്ചതിലേറെ കര്‍മങ്ങള്‍ നിര്‍മിച്ചും രൂപങ്ങള്‍ മാറ്റിയും ഭക്തി പ്രകടിപ്പിക്കരുത്. ഇസ്‌ലാം ആരാധനയിലും ആചാരങ്ങളിലും ഭക്തിയിലും വിരക്തിയിലുമെല്ലാം മധ്യമനിലപാടാണ് അംഗീകരിക്കുന്നത്. ഇത് കീഴ്‌മേല്‍ മറിക്കുന്ന ആത്മാര്‍ഥതയും ആരാധനാ തല്പരതയും കാപട്യമാണ്.
ഹജ്ജ്
റുക്‌നുകള്‍ വാജിബുകള്‍
ഇഹ്‌റാം ഇഹ്‌റാം മീക്വാതില്‍ വെച്ചാവുക
അറഫയില്‍ നില്‍ക്കല്‍ അറഫ: അസ്തമയം വരെ നില്ക്കുക (ദുല്‍ഹിജ്ജ 9)
ത്വവാഫുല്‍ ഇഫാദ മുസ്ദലിഫയില്‍ രാത്രി താമസിക്കുക (ദുല്‍ഹിജ്ജ 9)
സഅ്‌യ് മിനായില്‍ താമസിക്കുക (ദുല്‍ഹിജ്ജ 8,10,11,12,13), ബലിയറുക്കുക, മുടിയെടുക്കുക, ജംറകളില്‍ എറിയുക (ദുല്‍ഹിജ്ജ 10,11,12,13), ത്വവാഫുല്‍ വിദാഅ്
ഇഹ്‌റാം
അഹ്‌റമ എന്ന പദത്തില്‍ നിന്നുണ്ടായതാണ് ഇഹ്‌റാം. നിഷിദ്ധമാക്കുക എന്നാണ് ഈ പദത്തിന്റെ ഭാഷാര്‍ഥം. ഹറം പ്രദേശത്ത് പ്രവേശിക്കുക എന്നും ആദരണീയ മാസങ്ങളില്‍ പ്രവേശിക്കുക എന്നും അര്‍ഥമാക്കാവുന്നതാണ്. പ്രത്യേക നിയ്യത്തോടുകൂടി ഹജ്ജിലേക്കോ ഉംറയിലേക്കോ പ്രവേശിക്കുക എന്നതാണ് ഇതിന്റെ ഇസ്‌ലാമിക സാങ്കേതിക വിവക്ഷ. ഇഹ്‌റാമില്‍ പ്രവേശിക്കുന്നതോടു കൂടി ചിലകാര്യങ്ങള്‍ നിഷിദ്ധമാകുന്നതുകൊണ്ടാണ് ഇതിന് ഈപേര് കിട്ടിയത്.
ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ടതും സുന്നത്തുമായ ചില കാര്യങ്ങളുണ്ട്. നഖം മുറിക്കുക, മീശപോലുള്ള രോമങ്ങള്‍ മുറിക്കുകയോ കളയുകയോ ചെയ്യുക എന്നിവ നല്ലതാണ്. കുളിക്കുക, ശരീരത്തില്‍ സുഗന്ധം പുരട്ടുക,പുരുഷന്മാര്‍വെളുത്തതുംവൃത്തിയുള്ളതുമായ ഉടുമു ണ്ടും ഒരു മേല്‍മുണ്ടും ധരിക്കുക, സ്ത്രീകള്‍ മുഖവും മുന്‍കൈയും ഒഴികെയുള്ള ഭാഗങ്ങള്‍ മറയുന്ന മാന്യമായ വസ്ത്രം ധരിക്കുക എന്നിവ സുന്നത്താണ്. ഇതിനു ശേഷം ഹജ്ജിന്റെയോ ഉംറയുടെയോ രണ്ടിന്റെയുമോ നിയ്യത്ത് പറയേണ്ടതുണ്ട്. ഇഹ്‌റാമിനായി പ്രത്യേക സുന്നത്തു നമസ്‌കാരമില്ല.
ഏതൊരു കര്‍മവും അല്ലാഹുവിങ്കല്‍ സ്വീകാര്യമാകണമെങ്കില്‍ നിയ്യത്ത് നിര്‍ബന്ധമാണ്. നിയ്യത്തു കളുടെ സ്ഥാനം ഹൃദയമാണ്. മനസ്സിന്റെ തീരുമാനമാണ് നിയ്യത്ത്. അത് നാവുകൊണ്ട് ഉച്ചരിക്കേ ണ്ടതില്ല. എന്നാല്‍ ഹജ്ജിന്റെയും ഉംറയുടെയും നിയ്യത്തുകള്‍ മനസ്സിലുണ്ടാകുന്നതിനൊപ്പം നാവുകൊണ്ട് ഉച്ചരിക്കുകകൂടി വേണം. ഇതാണ് നബി(സ്വ)യുടെ മാതൃക (ബുഖാരി) 1. ലബ്ബൈക ഉംറതന്‍(70), ലബ്ബൈക ഹജ്ജന്‍(71), ലബ്ബൈക ഉംറതന്‍ വ ഹജ്ജന്‍ (72) എന്നിങ്ങനെയോ ലബ്ബൈക എന്നതിന് മുമ്പ് അല്ലാഹുമ്മ എന്നുകൂടി ചേര്‍ത്ത് അല്ലാഹുമ്മ ലബ്ബൈക ഹജ്ജന്‍… എന്നോ ഉദ്ദേശിക്കുന്ന കര്‍മത്തിനനുസരിച്ച് നിയ്യത്ത് പറയാവുന്നതാണ്.
നിയ്യത്ത് മീഖാതില്‍ നിന്ന് വാഹനത്തില്‍ കയറിയശേഷം ചൊല്ലുന്നതാണ് സുന്നത്ത്. മറ്റൊരാള്‍ക്ക് പകരക്കാരനായാണ് ഹജ്ജോ ഉംറയോ നിര്‍വഹിക്കുന്നതെങ്കില്‍ അയാള്‍ നിയ്യത്ത് പറയേണ്ടത്, ലബ്ബൈക അന്‍ ഫുലാന്‍ (ഞാന്‍ ഇന്ന ആള്‍ക്കുവേണ്ടി ഹജ്ജ് / ഉംറ നിര്‍വഹിക്കുന്നു) എന്നാണ്. രോഗത്താലോ മറ്റോ കര്‍മം പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്ന് ശങ്കയുള്ളവര്‍ക്ക്, ലബ്ബൈകല്ലാഹുമ്മ മഹില്ലീ ഹൈസു ഹബസ്തനീ (ഞാന്‍ തടയപ്പെടുന്ന സമയത്ത് ഇഹ്‌റാമില്‍ നിന്ന് ഒഴിവാകും) എന്ന നിബന്ധനയോടെ നിയ്യത്ത് ചെയ്യാവുന്നതാണ് (ബുഖാരി) 2.
കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ അവര്‍ വിവേകമുള്ളവരാണെങ്കില്‍ അവരോട് ഇഹ്‌റാമിന്റെ മര്യാദകള്‍ പറഞ്ഞ് കൊടുക്കുകയും നിയ്യത്ത് ചെയ്യാന്‍ പറയുകയും ചെയ്യുക. നന്നെ ചെറിയ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുകയോ അവര്‍ക്ക്‌വേണ്ടി രക്ഷിതാക്കള്‍ പറയുകയോചെയ്യുക. ഇവരുടെ ഹജ്ജിന്റെ പ്രതിഫലം ഹജ്ജ് ചെയ്യിക്കുന്ന രക്ഷിതാക്കള്‍ക്കാണല്ലോ.
നിയ്യത്തു ചെയ്തുകഴിഞ്ഞാല്‍ ഇഹ്‌റാമില്‍ പ്രവേശിച്ചവനായി. തുടര്‍ന്ന് കഅ്ബ കാണുന്നതു വരെ തല്‍ബിയത് ചൊല്ലിക്കൊണ്ടിരിക്കുക. തല്‍ബിയതിന്റെ രൂപം:
ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്
ലബ്ബൈക ലാ ശരീക ലക ലബ്ബൈക്
ഇന്നല്‍ ഹംദ വന്നിഅ്മത്ത ലക വല്‍മുല്‍ക്
ലാ ശരീക ലക
ഇഹ്‌റാം ചെയ്ത് ഹജ്ജില്‍ പ്രവേശിച്ചവര്‍ ഇസ്‌ലാമികമായ എല്ലാ മര്യാദകളും പാലിക്കാന്‍ ബാധ്യസ്ഥരാണ്. ”ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല. നിങ്ങള്‍ ഏതൊരു സദ് പ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്. നിങ്ങള്‍ ഹജ്ജ് യാത്രയ്ക്കുവേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോകുക. എന്നാല്‍ യാത്രയ്ക്കുവേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക’‘ (2:197). നമസ്‌കാരം പോലുള്ള മറ്റു നിര്‍ബന്ധകര്‍മങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കുക, ഇസ്‌ലാം നിഷിദ്ധമാക്കിയ കാര്യങ്ങള്‍ പാടെ വര്‍ജിക്കുക, തന്റെ വാക്കു കൊണ്ടോ പ്രവൃത്തികൊണ്ടോ ഒരു മുസ്‌ലിമിനെയും ദ്രോഹിക്കാതിരിക്കുക, ഇഹ്‌റാമില്‍ നിഷിദ്ധമാകുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കുക എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഹജ്ജിന്റെ ഇഹ്‌റാം രീതികള്‍
ഹജ്ജിന് മൂന്നുതരത്തില്‍ ഇഹ്‌റാം നിര്‍വഹിക്കാവുന്നതാണ്.
- ഹജ്ജിന്റെ മാസങ്ങളില്‍ (ദുല്‍ ഖഅ്ദ ഒന്നുമുതല്‍ ദുല്‍ഹിജ്ജ പത്തുവരെയുള്ള ദിവസങ്ങളാണ് ഹജ്ജിന്റെ മാസങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്) ഹജ്ജ് മാത്രം ഉദ്ദേശിച്ച് ഇഹ്‌റാമില്‍ പ്രവേശിക്കുക. ഇതിന് ഇഫ്‌റാദ് എന്നു പറയും. ഇവര്‍ ലബ്ബൈക ഹജ്ജന്‍ എന്നോ അല്ലാഹുമ്മ ലബ്ബൈക ഹജ്ജന്‍ എന്നോ നിയ്യത്ത് ചെയ്യണം. ശേഷം ഹജ്ജിന്റെ ദിവസം (ദുല്‍ഹിജ്ജ എട്ട്) ഹജ്ജ് നിര്‍വഹിക്കാനായി മിനായിലേക്ക് പോകണം.
- ഹജ്ജിന്റെ മാസത്തില്‍ ഹജ്ജും ഉംറയും ഒരൊറ്റ ഇഹ്‌റാമില്‍ ഉദ്ദേശിക്കുക. ഈ രൂപത്തിന് ഖിറാന്‍ എന്നു പറയുന്നു. ലബ്ബൈക ഹജ്ജന്‍ വ ഉംറതന്‍(74) എന്നോ അല്ലാഹുമ്മ ലബ്ബൈക ഹജ്ജന്‍ വ ഉംറതന്‍(75) എന്നോ ആണ് ഇവര്‍ നിയ്യത്ത് ചെയ്യുക. ഇവര്‍ ഉംറ നിര്‍വഹിച്ചു കഴിഞ്ഞാല്‍ ഹജ്ജിന്റെ ദിവസംവരെ ഇഹ്‌റാമില്‍തന്നെ തുടരുകയും ശേഷം ഹജ്ജിന്റെ ദിവസമാകുമ്പോള്‍ അതേ ഇഹ്‌റാമോടെ ഹജ്ജ് നിര്‍വഹിക്കുകയും ചെയ്യുന്നു.
- ഹജ്ജിന്റെ മാസത്തില്‍ ലബ്ബൈക ഉംറതന്‍ (അല്ലാഹുമ്മ ലബ്ബൈക ഉംറതന്‍) എന്നു പറഞ്ഞ് ഉംറക്കായി ഇഹ്‌റാമില്‍ പ്രവേശിക്കുകയും അതു നിര്‍വഹിച്ച് തഹല്ലുലാവുകയും ചെയ്യുന്നു. (ഇഹ്‌റാമില്‍ നിന്നൊഴിവാകുന്നതിനാണ് തഹല്ലുല്‍ എന്നു പറയുന്നത്.) ദുല്‍ഹിജ്ജ എട്ടിന് തന്റെ താമസസ്ഥലത്തു നിന്ന് പുതിയ ഇഹ്‌റാം ചെയ്ത് ലബ്ബൈക ഹജ്ജന്‍ എന്ന നിയ്യത്തുമായി ഹജ്ജ് നിര്‍വഹിക്കുക. ഇതിന് തമത്തുഅ് എന്നാണ് പറയുക. തമത്തുഅ് ആണ് നബി(സ്വ) താല്പര്യപ്പെട്ട ഹജ്ജിന്റെ രൂപം.
തമത്തുഅ് (ഇഹ്‌റാം മുറിച്ച് സ്വാതന്ത്ര്യമെടുക്കല്‍) രൂപവും ഖിറാന്‍ (ചേര്‍ത്തെടുക്കല്‍) രൂപവുമെടുത്ത് ഹജ്ജും ഉംറയും നിര്‍വഹിച്ചവര്‍ ഒരു ആടിനെയെങ്കിലും ബലി അറുത്ത് മക്കയിലെ പാവങ്ങള്‍ക്ക് വിതരണം ചെയ്യല്‍ നിര്‍ബന്ധമാണ്. ബലി സാധിക്കാത്തവര്‍ പത്തു ദിവസം നോമ്പു നോല്‍ക്കണം. അതില്‍ മൂന്നെണ്ണം മക്കയില്‍ നിന്നും ബാക്കി ഏഴെണ്ണം നാട്ടിലെത്തിയ ശേഷവും നിര്‍വഹിക്കാം. ഈ മൂന്നു നോമ്പ് സാധാരണ നോമ്പ് നിഷിദ്ധമായ അയ്യാമുത്തശ്‌രീഖിന്റെ ദിനങ്ങളായ ദുല്‍ഹിജ്ജ 11, 12, 13 തിയ്യതികളിലും നിര്‍വഹിക്കാവുന്നതാണ്. ഇഫ്‌റാദായി ഹജ്ജ് നിര്‍വഹിക്കുന്നവര്‍ ബലി നല്‌കേണ്ടതില്ല.
എന്നാല്‍ തമത്തുഓ ഖിറാനോ ഉദ്ദേശിച്ച് ഇഹ്‌റാം ചെയ്ത് എത്തിയവരില്‍ ചിലര്‍ ബലിയില്‍ നിന്ന് രക്ഷപ്പെടാനായി പിന്നീട് ഇഫ്‌റാദാക്കുകയും അതിനു ശേഷം ഹറമില്‍ നിന്ന് പുറത്തുപോയി പുതിയ നിയ്യത്തില്‍ ഇഹ്‌റാമില്‍ പ്രവേശിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് അല്ലാഹു വിന്റെ ദീനിനെ കളിയാക്കലാണ്.
ഇഹ്‌റാം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഇഹ്‌റാമില്‍ പ്രവേശിച്ചാല്‍ പുരുഷന്മാര്‍ തുന്നിയ വസ്ത്രം ധരിക്കുക, നെരിയാണി മറയുന്ന ഷൂ ധരിക്കുക, തല മറയ്ക്കുക എന്നിവ നിഷിദ്ധമാണ്. ശരീരത്തിലും വസ്ത്രത്തിലും മറ്റും സുഗന്ധം പുരട്ടുക, തലമുടിയടക്കം ശരീരത്തിലെ ഏതെങ്കിലും ഭാഗത്തെ രോമങ്ങള്‍ നീക്കംചെയ്യുക, നഖം മുറിക്കുക, വിവാഹം നടത്തുക, ശാരീരിക ബന്ധം നടത്തുക, കരജീവികളെ വേട്ടയാടുക എന്നീ കാര്യങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അനുവദനീയമല്ല. സ്ത്രീകള്‍ ഇഹ്‌റാമില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ കൈയുറയും മുഖംമൂടിയും ധരിക്കാന്‍ പാടില്ല.
ഈ നിഷിദ്ധകാര്യങ്ങള്‍ മന:പൂര്‍വം പ്രവര്‍ത്തിച്ചാല്‍ അത് പ്രായശ്ചിത്തം നല്‌കേണ്ട കുറ്റകൃത്യ മാണ്. ന്യായമായ കാരണത്താല്‍ ലംഘിക്കേണ്ടിവന്നാലും പ്രയാശ്ചിത്തം നല്കണം. എന്നാല്‍ അറിയാതെയോ നിര്‍ബന്ധിതരായോ ആണ് ചെയ്തതെങ്കില്‍ പ്രായശ്ചിത്തം നല്‌കേണ്ടതില്ല. പ്രായശ്ചിത്തമായി ഒരു ആടിനെ ബലിയറുക്കുകയോ ആറു അഗതികള്‍ക്ക് ഭക്ഷണം നല്കുകയോ മൂന്നുദിവസം നോമ്പെടുക്കുകയോ വേണം.
ജീവികളെ വേട്ടയാടിയാല്‍ ആ ജീവിയുടെ വലുപ്പുമുള്ള മൃഗത്തെ ബലികൊടുക്കുകയോ അതിന്റെ വിലയ്ക്കു തുല്യമായ ഭക്ഷ്യവസ്തുക്കള്‍ പാവങ്ങള്‍ക്ക് വിതരണം ചെയ്യുകയോ അതിനും സാധ്യമല്ലെങ്കില്‍ എത്ര ദരിദ്രര്‍ക്കാണോ ആ ഭക്ഷണം നല്കുക അത്രയും എണ്ണം നോമ്പെടുക്കുകയോ വേണം (ഖുര്‍ആന്‍ 5:95). ഇഹ്‌റാമിലായിരിക്കേ ദമ്പതികള്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ അവരുടെ ഹജ്ജ് നഷ്ടപെടും. അവന്‍ ഒരു ഒട്ടകത്തെ ബലി നല്കുകയും അടുത്തവര്‍ഷം വീണ്ടും ഹജ്ജ് നിര്‍വഹിക്കുകയും വേണം. സ്ത്രീ പകരം ഹജ്ജ് ചെയ്താല്‍ മതി, പ്രായശ്ചിത്ത ബലി നല്‌കേണ്ടതില്ല. എന്നാല്‍ ദുല്‍ഹിജ്ജ പത്തിന് മുടികളഞ്ഞ് ഒന്നാം തഹല്ലുലായ ശേഷമാണ് ഭാര്യാ സംസര്‍ഗം നടന്നതെങ്കില്‍ അവന്റെ ഹജ്ജ് നഷ്ടപ്പെടുകയില്ല. ഒരു ആടിനെ ബലിനല്കിയാല്‍ മതിയാകുന്നതാണ്. ലൈംഗികബന്ധമാണ് കുറ്റകരമെങ്കിലും ചുംബനം, അത്തരം സംസാരങ്ങള്‍ എന്നിവയും ഒഴിവാക്കേണ്ടതാണ്. വിവാഹം, വിവാഹാലോചന, വിവാഹ നിശ്ചയം എന്നിവ നടത്തിയാല്‍ അവ സ്വീകര്യമാവുയില്ല. അവര്‍ക്ക് പ്രത്യേക പ്രായശ്ചിത്തം നിശ്ചയിക്കപ്പെട്ടിട്ടില്ല.
ഇഹ്‌റാമിലായിരിക്കെ പുരുഷന്മാര്‍ക്ക് തുന്നിയ വസ്ത്രം ധരിക്കാന്‍ പാടില്ലെന്നു പറഞ്ഞുവല്ലോ. എന്നാല്‍ ബെല്‍ട്ട്, ചെരിപ്പ്, കണ്ണട, മോതിരം, ഇയര്‍ഫോണ്‍, വാച്ച് മുതലായവ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. തുണി, ചെരിപ്പ് എന്നിവ കിട്ടിയില്ലെങ്കില്‍ തുന്നിയ വസ്ത്രം, ഷൂ എന്നിവ ഉപയോഗിക്കാം. കുളിക്കുക, ഇഹ്‌റാം വസ്ത്രം അലക്കുക, മുടിചീകുക, സുഗന്ധം മണക്കുക, കണ്ണാടി നോക്കുക, എണ്ണതേക്കുക, കുടപോലെ തണലിനുള്ള വസ്തുക്കള്‍ ഉപയോഗിക്കുക എന്നിവയും അനു വദനീയമാണ്. ഏതുതരം ഭക്ഷണവും കഴിക്കാം. വേട്ടയാടുന്നതിനാണ് വിലക്കുള്ളത്. സാധാരണ അനുവദനീയമായ ഏതു മാംസവും അനുവദനീയമാണ്. താന്‍ ആവശ്യപ്പെട്ടിട്ടല്ലാതെ വേട്ടയാടിക്കിട്ടിയ മാംസവും കഴിക്കാം. ശല്യമുണ്ടാക്കുന്ന പാമ്പ്, എലി, തേള്‍ പോലുള്ള ജീവികളെ കൊല്ലുക, തന്റെ വസ്തുക്കള്‍ സഞ്ചി, ബാഗ് പോലെ തുന്നിക്കൂട്ടിയ വസ്തുവില്‍ കൂടെ കരുതുക, കുളിക്കു മ്പോഴോ മറ്റോ രോമങ്ങള്‍ കൊഴിഞ്ഞു പോവുക എന്നിവകൊണ്ട് ഹജ്ജിന് കോട്ടം തട്ടുകയില്ല.
ആര്‍ത്തവം, പ്രസവരക്തം എന്നിവയുള്ളവര്‍ കുളിച്ച് നന്നായി ബന്ധിച്ച് ഇഹ്‌റാമില്‍ പ്രവേശിക്ക ണം. ത്വവാഫല്ലാത്ത ഹജ്ജിന്റെ എല്ലാ കര്‍മങ്ങളിലും അവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഇഹ്‌റാമിലായിരിക്കെ ആര്‍ത്തവം, പ്രസവരക്തം, ബോധപൂര്‍വമല്ലാത്ത സ്ഖലനം എന്നിവ സംഭവിച്ചാലും ഇഹ്‌റാം മുറിയുകയുമില്ല. ശുദ്ധിയാകുന്നതുവരെ ത്വവാഫ്, നമസ്‌കാരങ്ങള്‍ എന്നിവ നിര്‍വഹിക്കാ തിരുന്നാല്‍ മതി. ഇഹ്‌റാമിലായിരിക്കെ മരണപ്പെടുന്ന സ്ത്രീപുരുഷന്മാരെ ഇഹ്‌റാം വസ്ത്രത്തി ലാണ് കഫന്‍ ചെയ്യേണ്ടത്. ഇവരെ കുളിപ്പിക്കുമ്പോള്‍ സുഗന്ധങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. ഉംറയുടെ ഇഹ്‌റാമിനും ഇക്കാര്യങ്ങളെല്ലാം ബാധകമാണ്.
മക്ക, മദീന ഹറമുകളില്‍ ചിലകാര്യങ്ങള്‍ എല്ലാവര്‍ക്കും നിഷിദ്ധമാണ്. ഹറമിലെ ജീവികളെ കൊല്ലുക, ഉപദ്രവിക്കുക, അവിടെയുള്ള മരങ്ങള്‍, ഇദ്ഖിര്‍ അല്ലാത്ത ചെടികള്‍ എന്നിവ മുറിക്കുക തുടങ്ങിയവ നിഷിദ്ധമാണ്. ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: നബി(സ) അരുളി: അല്ലാഹു മക്കയെ പരിശുദ്ധമാക്കിയിരിക്കുന്നു. എനിക്ക് മുമ്പും എനിക്ക് ശേഷവും ഒരാള്‍ക്കും അവിടെ യുദ്ധം അനു വദിച്ചിട്ടില്ല. എനിക്ക് തന്നെ പകലിലെ ഒരു മണിക്കൂര്‍ മാത്രമാണ് അനുവദിക്കപ്പെട്ടത്. അവിടത്തെ പുല്ലരിയുവാനോ മരം മുറിക്കുവാനോ വേട്ടമൃഗത്തെ ഓടിക്കുവാനോ വീണുപോയ വസ്തു അതിന്റെ ഉടമസ്ഥന്‍ അല്ലാതെ എടുക്കുവാനോ പാടില്ല. അപ്പോള്‍ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ഇദ്ഖിര്‍ പുല്ല് ഒഴിവാക്കിയാല്‍ കൊള്ളാം. അതു ഞങ്ങള്‍ ഖബറുകളില്‍ വെക്കുകയും പുരമേയു കയും ചെയ്യാറുണ്ട്. അപ്പോള്‍ നബി(സ്വ) പറഞ്ഞു. ‘എന്നാല്‍ ഇദ്ഖിര്‍ ഒഴിച്ച്’ (ബുഖാരി) 3. നബി(സ്വ) പറഞ്ഞു: ”ഇബ്‌റാഹീം മക്കയെ ഹറമായി പ്രഖ്യാപിക്കുകയും അവിടത്തുകാര്‍ക്കുവേണ്ടി പ്രാര്‍ഥിക്കു കയും ചെയ്തു. അതുപോലെ ഞാന്‍ മദീനയെ ഹറമാക്കുകയും ഇബ്‌റാഹീം മക്കക്കാര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചതുപോലെ മദീനയുടെ സ്വാഇനും മുദ്ദിനും ബര്‍കതുണ്ടാകാന്‍ പ്രാര്‍ഥിക്കുകയും ചെയ്യുന്നു” (ബുഖാരി) 4. മക്കയില്‍ പ്രവേശിക്കുമ്പോള്‍ കുളിക്കുന്നത് സുന്നത്താണ്.
ഇഹ്‌റാം ഒറ്റനോട്ടം
- ഇഹ്‌റാമിന്റെ നിയ്യത്തോടുകൂടി കുളിക്കുക.
- ശരീരത്തില്‍ സുഗന്ധം പുരട്ടുക. പുരുഷന്മാര്‍ വെളുത്ത ഒരു തുണിഉടുക്കുക, മറ്റൊന്നു പുതയ് ക്കുക.
- സ്ത്രീകള്‍ മുഖവും കൈപ്പടങ്ങളും മറയ്ക്കാത്ത, ശരീരം മുഴുവന്‍ മൂടുന്ന മാന്യമായ വസ്ത്രം ധരിക്കുക.
- മീഖാതിലെത്തിയാല്‍ വാഹനത്തില്‍ കയറിയശേഷം നിയ്യത്ത് പറയുക.
ഇതോടെ ഇഹ്‌റാം പ്രാബല്യത്തിലായി. ഇഹ്‌റാമില്‍ പ്രവേശിച്ചതു മുതല്‍ കഅ്ബക്കടുത്ത് എത്തുന്നതുവരെ തല്‍ബിയത്ത് ചൊല്ലിക്കൊണ്ടിരിക്കുക.
ഇഹ്‌റാമോടുകൂടി നിഷിദ്ധമാകുന്ന കാര്യങ്ങള്‍
പൊതുവില്‍:
- സുഗന്ധം ഉപയോഗിക്കുക
- മുടി നീക്കം ചെയ്യുക
- നഖം മുറിക്കുക
- വേട്ടയാടുക
- വിവാഹം നടത്തുക
- ശാരീരിക ബന്ധത്തിലേര്‍പ്പെടുക
പുരുഷന്മാര്‍ :
- തലമറയ്ക്കുക
- തുന്നിയ വസ്ത്രം ധരിക്കുക
- തെരിയാണി മറയുന്ന ഷൂ ധരിക്കുക
സ്ത്രീ :
- മുഖം മറയ്ക്കുക
- കൈയുറ ധരിക്കുക
അറഫയില്‍ നില്‍ക്കല്‍
മക്കയില്‍ നിന്ന് ഏകദേശം 20 ഉം മിനായില്‍ നിന്ന് 13 ഉം കിലോമീറ്റര്‍ അകലത്തിലുള്ള പ്രദേശ മാണ് അറഫ. ഇവിടെ അല്പനേരമെങ്കിലും നില്‍ക്കല്‍ ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട നാലു സ്തംഭങ്ങളില്‍ (റുക്ന്‍) ഒന്നാണ്. ഇത് നഷ്ടപ്പെട്ടവന് ഹജ്ജില്ല. നബി(സ്വ)യുടെ ഹജ്ജിലെ പ്രസിദ്ധമായ അറഫാ പ്രഭാഷണം നടന്ന സ്ഥലമാണ് ഇത്. (നബി(സ്വ)യുടെ അറഫാ പ്രസംഗം ലിങ്ക് കാണുക)
ദുല്‍ഹിജ്ജ ഒമ്പതിന് സൂര്യോദയത്തിനുശേഷം മിനായില്‍നിന്ന് തല്‍ബിയതും തക്ബീറുമായി പുറ പ്പെട്ട് മസ്ജിദുന്നമിറയിലെത്തുക. ഇവിടെ ദുഹ്‌റിനു മുമ്പോ ശേഷമോ ആയി യാതൊരു സുന്നത്തു നമസ്‌കാരവുമില്ല. ശേഷം ഉച്ചവരെ അവിടെ തങ്ങി അവിടെ നടക്കുന്ന, പ്രഭാഷണം ശ്രവിക്കുക. ശേഷം ദുഹ്‌റും അസ്‌റും ജംഉം ഖസ്‌റുമായി നമസ്‌കരിച്ച്, അറഫയായി അടയാളപ്പെടുത്തിയിരി ക്കുന്ന പ്രദേശത്തേക്ക് നീങ്ങുക. സൂര്യനസ്തമിക്കുന്നതിനു മുമ്പ് ഇവിടെ കുറച്ചു നേരമെങ്കിലും നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹജ്ജ് അസാധുവാകും. ആ ഹാജി ഒട്ടകത്തെ ബലി നല്കുകയും അടുത്ത വര്‍ഷം വീണ്ടും ഹജ്ജ് നിര്‍വഹിക്കുകയും വേണം. നബി(സ്വ) പറഞ്ഞു ”ഹജ്ജ് അറഫയാണ്” അല്‍ മുസ്തദ്‌റകു അലസ്സ്വഹീഹൈനി, അബൂ അബ്ദില്ല അല്‍ ഹാകിം മുഹമ്മദ്ബനു അബ്ദില്ല, ദാറുല്‍ കുതുബില്‍ ഇല്മിയ്യ, ബൈറൂത്ത്, വാള്യം 02, പേജ്: 555, ഹദീസ് 1717)). പ്രയാസം കാരണം അറഫയില്‍ നില്‍ക്കാന്‍ കഴിയാത്തവര്‍ക്ക് അല്പനേരമെങ്കിലും നില്‍ക്കാനായി പത്താം തിയ്യതി സുബ്ഹ്‌വരെ ഇളവനുവദിച്ചിട്ടുണ്ട്. ആശുപത്രിയിലായ രോഗികളെയും മറ്റും ഇക്കാരണത്താല്‍ ആംബുലന്‍സിലും മറ്റുമായി ഇവിടെ കൊണ്ടുവരാറുണ്ട്.
അറഫയിലാണ് നില്‍ക്കുന്നത് എന്ന് ഉറപ്പുവരുത്തിയാല്‍ ഏതു ഭാഗത്തും നില്ക്കാവുന്നതാണ്. ബത്‌നു ഉര്‍ന അറഫയില്‍ പെട്ടതല്ല. അറഫയുടെ പരിധിക്കു പുറത്തുനിന്നാല്‍ മതിയാകുകയില്ല. കഴിയുമെങ്കില്‍ ഖിബ്‌ലക്കഭിമുഖമായി നില്‍ക്കുക. നബി(സ) ജബലുര്‍റഹ്‌മയുടെ അടുത്താണ് നിന്നത്. അദ്ദേഹം പറഞ്ഞു. ഞാന്‍ ഇവിടെ നില്‍ക്കുന്നു. അറഫയില്‍ എവിടെയും നില്ക്കാവുന്നതാണ് (ഇബ്‌നുമാജ) 5. ജബലുര്‍റഹ്‌മയില്‍ കയറുക എന്നത് പുണ്യമുള്ള കാര്യമല്ല. ഈ പ്രദേശങ്ങള്‍ തൊട്ടുമുത്തുക, ബര്‍ക്കത്തെടുക്കുകപോലുള്ള കാര്യങ്ങള്‍ നബി(സ്വ)യുടെ മാതൃകയില്ലാത്തതാണ്.
ഏറെ പുണ്യവും മഹത്വവുമുള്ള ദിനമാണ് അറഫാദിനം. ഉമര്‍(റ) പറയുന്നു: നിശ്ചയം ഒരു ജൂതന്‍ തന്നോട് പറയുകയുണ്ടായി: ‘അല്ലയോ അമീറുല്‍മുഅ്മിനീന്‍! നിങ്ങളുടെ ഗ്രന്ഥത്തില്‍ നിങ്ങള്‍ പാരായണം ചെയ്യാറുള്ള ഒരായത്തുണ്ട്. അത് ജൂതന്മാരായ ഞങ്ങള്‍ക്കാണ് അവതരിച്ചു കിട്ടിയിരു ന്നെങ്കില്‍ ആ ദിനം ഞങ്ങളൊരു പെരുന്നാളായി ആഘോഷിക്കുമായിരുന്നു’ ഉമര്‍(റ) ചോദിച്ചു. ഏത് ആയത്താണത്? ജൂതന്‍ പറഞ്ഞു. ‘ഇന്ന് നിങ്ങളുടെ മതത്തെ ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. അതുവഴി എന്റെ അനുഗ്രഹത്തെ നിങ്ങള്‍ക്ക് ഞാന്‍ പൂര്‍ത്തിയാക്കിത്തരികയും ഇസ്‌ലാമിനെ മതമായി നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു (ബുഖാരി) 6 എന്ന വാക്യം തന്നെ. ഉമര്‍(റ) പറഞ്ഞു: ആ വാക്യം അവതരിച്ച ദിവസവും അവതരിച്ച സ്ഥലവും ഞങ്ങള്‍ക്ക് നല്ലപോലെ അറിവുണ്ട്. തിരുമേനി(സ്വ) വെള്ളിയാഴ്ച ദിവസം അറഫയില്‍ സമ്മേളിച്ചിരുന്ന ഘട്ടത്തിലാണ് അത് അവതരിച്ചത്’ (ബുഖാരി) 7.
പ്രാര്‍ഥനയ്ക്ക് ഉത്തരം കിട്ടാന്‍ ഏറെ സാധ്യതയുള്ള സ്ഥലമാണ് അറഫ. ആഇശ(റ) പറയുന്നു: റസൂല്‍(സ്വ) അരുളി: അറഫാ ദിവസത്തേക്കാള്‍ കൂടുതലായി പാപികളെ നരകത്തില്‍ നിന്ന് മോചിപ്പിക്കുന്ന ഒറ്റ ദിവസവുമില്ല (മുസ്‌ലിം) 8. അതിനാല്‍ പരമാവധി പാപമോചന പ്രാര്‍ഥന നിര്‍വഹിക്കുക. ഈ ദിവസം ഹാജിമാരല്ലാത്തവര്‍ നോമ്പനുഷ്ഠിക്കണമെന്നും അത് പാപങ്ങള്‍ മായ്ക്കുമെന്നും നബി(സ്വ) പറഞ്ഞിട്ടുണ്ട്.
ഉച്ചതിരിഞ്ഞതു മുതല്‍ സൂര്യാസ്തമയം വരെയാണ് ഹാജിമാര്‍ അറഫയില്‍ നില്‍ക്കേണ്ടത്. കൈക ളുയര്‍ത്തി ഖിബ്‌ലക്കഭിമുഖമായി നിന്ന് താഴ്മയോടെ പ്രാര്‍ഥിക്കുക. ഏതെങ്കിലും പ്രത്യേക പ്രാര്‍ഥന നബി(സ്വ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നില്ല. ”പ്രാര്‍ഥനകളില്‍ ഉത്തമമായ പ്രാര്‍ഥന അറഫയിലേതാണ്. ഞാനും എനിക്കുമുമ്പുള്ള നബിമാരും നടത്തിയ പ്രാര്‍ഥനകളില്‍ ഉത്തമമായ പ്രാര്‍ഥന, ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹുലാ ശരീക ലഹു ലഹുല്‍മുല്‍കു വലഹുല്‍ ഹംദു വഹുവ അലാകുല്ലി ശൈഇന്‍ ഖദീര്‍ എന്ന പ്രാര്‍ഥനയാണ്’ എന്നും നബി(സ്വ) പറഞ്ഞതിനാല്‍ (തിര്‍മിദി) 9 പ്രാര്‍ഥനകളില്‍ കൂടുതലായി ഈ വാക്യം ഉപയോഗിക്കാവുന്നതാണ്. അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. ആധിപത്യങ്ങളും സ്തുതിയുമെല്ലാം അവനാകുന്നു. അവന്‍ എല്ലാറ്റിനും കഴിവുറ്റവനാകുന്നു എന്നാണ് ഈ വചനത്തിന്റെ ആശയം. ഓരോ പ്രാര്‍ഥനയും വേണമെങ്കില്‍ മൂന്നുവട്ടം ആവര്‍ത്തിക്കാവുന്നതാണ്.
അല്ലാഹുവിനോട് അറിയാവുന്ന ഭാഷയില്‍ മനസ്സറിഞ്ഞ് പ്രാര്‍ഥിക്കുക എന്നതാണ് അറഫയില്‍ ചെയ്യാനുള്ളത്. അര്‍ഥമറിയാതെ ഏതെങ്കിലും പുസ്തകത്തില്‍ നോക്കിയോ കാണാതെ പഠിച്ചതോ ആയ പ്രാര്‍ഥനകള്‍ നടത്തി ഏറ്റവും ഉദാത്തമായ സമയം നശിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട താണ്. പരലോക മോക്ഷത്തിനെന്നപോലെ ഈ ലോകത്ത് ക്ഷേമത്തിനുവേണ്ടിയും പ്രാര്‍ഥിക്കാം. പ്രാര്‍ഥനകള്‍ക്കു പുറമെ ഖുര്‍ആന്‍ പാരായണം, ദിക്‌റുകള്‍, തല്‍ബിയത് എന്നിവയും നടത്താ വുന്നതാണ്. ഇവയൊക്കെ ഒരാള്‍ ചൊല്ലിക്കൊടുത്ത് ഏറ്റുചൊല്ലുന്നതോ സംഘമായി ചൊല്ലുന്നതോ നബി(സ്വ)യുടെ മാതൃകയല്ല.
സൂര്യാസ്തമയത്തിനുശേഷം ഇവിടെ നിന്ന് മുസ്ദലിഫയിലേക്ക് നീങ്ങണം. സൂര്യാസ്തമയത്തിന് മുമ്പ് ഇവിടെ നിന്ന് പുറപ്പെടുന്നത് കുറ്റമാണ്. അങ്ങനെ വന്നാല്‍ പ്രായശ്ചിത്തമായി ബലി നല്‌കേണ്ടതുണ്ട്. മഗ്‌രിബ് നമസ്‌കാരം മുസ്ദലിഫയിലെത്തിയശേഷം ഇശാഇനൊപ്പം ജംആയി നിര്‍വഹിക്കുകയാണ് വേണ്ടത്.
അറഫ ഒറ്റനോട്ടം
- ദുല്‍ഹിജ്ജ ഒമ്പതിന് സൂര്യോദയത്തോടെ ഹാജിമാര്‍ അറഫയിലേക്ക് നീങ്ങുക.
- സാധിക്കുമെങ്കില്‍ മസ്ജിദുന്നമിറയില്‍ നടക്കുന്ന ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കുക.
- മസ്ജിദുന്നമിറയില്‍ നിന്ന് ഇമാമിന്റെ പ്രഭാഷണം ശ്രദ്ധിച്ചുകേള്‍ക്കുക.
- അറഫയിലേക്ക് നീങ്ങുക.
- ഇഷ്ടമുള്ള സ്ഥലത്ത്, കഴിയുമെങ്കില്‍ ജബലുര്‍റഹ്‌മക്കും ഖിബ്‌ലക്കും അഭിമുഖമായി, അല്ലെങ്കില്‍ ഖിബ്‌ലക്കഭിമുഖമായി നിന്നോ ഇരുന്നോ കൈകളുയര്‍ത്തി പ്രാര്‍ഥിക്കുക.
പ്രാര്‍ഥനക്ക് ഏറെ ഉത്തരമുള്ള സ്ഥലമാണ്. മനസ്സറിഞ്ഞ് സ്വന്തമായി പ്രാര്‍ഥിക്കുക ദിക്ര്‍, ഖുര്‍ആന്‍ പാരായണം, തല്‍ബിയത് എന്നിവയും നിര്‍വഹിക്കാം. സൂര്യാസ്തമനത്തിനു ശേഷം മാത്രം അവിടെ നിന്ന് മുസ്ദലിഫയിലേക്ക് നീങ്ങുക.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 562, ഹദീസ് 1476[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 07, ഹദീസ് 5089[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 651, ഹദീസ് 1736[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 67, ഹദീസ് 2129[↩]
- സുനനു ഇബ്‌നി മാജ, ഇബ്‌നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്‌നു യസീദില്‍ ഖസ്‌വീനി, ദാറു ഇഹ്‌യാഇല്‍ കുതുബില്‍ അറബിയ്യ, വാള്യം 02, പേജ് 1002, ഹദീസ് 3012[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 50, ഹദീസ് 4606[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 25, ഹദീസ് 45[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 107, ഹദീസ് 1348[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 05, പേജ് 572, ഹദീസ് 3585[↩]
