ഉംറ
വാസയോഗ്യമായ സ്ഥലം ലക്ഷ്യംവയ്ക്കുക, സന്ദര്‍ശനം എന്നിവയാണ് ഉംറയുടെ ഭാഷാര്‍ഥം. കഅ്ബയിലും പരിസരത്തുമായി പ്രത്യേക നിയ്യത്തോടെ പുണ്യം പ്രതീക്ഷിച്ച് നിശ്ചിത കര്‍മങ്ങള്‍ നിര്‍വഹിക്കുക എന്നതാണ് ഇസ്ലാമികമായി ഉംറ. ഒരു സത്യവിശ്വാസിക്ക് ശേഷിയുണ്ടെങ്കില്‍ ഹജ്ജുപോലെ ജീവിതത്തില്‍ ഒരിക്കല്‍ നിര്‍ബന്ധമായ കര്‍മമാണ് ഉംറ (2:196). ഇബ്നു തൈമിയ(റ)യെപ്പോലെ ധാരാളം പണ്ഡിതന്മാര് ഉംറ നിര്‍ബന്ധമല്ലെന്ന അഭിപ്രായക്കാരാണ് (മജ്മൂഉ ഫതാവാ) 1. അത് നിര്‍ബന്ധമാണ് എന്ന നിലപാട് തന്നെയാണ് സൂക്ഷ്മത (അദ്വ്വാഉല്‍ ബയാന്‍, ശന്‍ഖീത്വീ). ഇഹ്റാം, ത്വവാഫ്, സഅ്യ് എന്നീ മൂന്ന് നിര്‍ബന്ധ ഘടകങ്ങളാണ് (റുക്നുകള്) ഉംറയ്ക്കുള്ളത്. ഇവയില്‍ ഒന്ന് നഷ്ടപ്പെട്ടാല്‍ ഉംറ നഷ്ടപ്പെടും. ഇഹ്റാം മീഖാതില്‍ വെച്ചായിരിക്കല്‍, മുടിയെടുക്കല്‍ എന്നിവ ഇതിന്റെ മുഖ്യഭാഗങ്ങളാണ് (വാജിബുകള്‍). ഇവ നഷ്ടപ്പെട്ടാല്‍ പ്രായശ്ചിത്തമായി ബലി നല്‍കണം. ഇഹ്റാം, ത്വവാഫ്, സഅ്യ്, മുടിയെടുക്കല്‍ എന്നിവയാണ് ഉംറയുടെ കര്‍മങ്ങള്‍. (കര്‍മരൂപങ്ങള്‍ക്ക് ഇവയുടെ ലിങ്ക് കാണുക). ഹജ്ജുപോലെത്തന്നെ ഏറെ പുണ്യം വാഗ്ദാനം ചെയ്യപ്പെട്ടതാണ് ഉംറയും. അബൂഹുറയ്റ(റ) പറയുന്നു: നിശ്ചയം നബി(സ്വ)പറഞ്ഞു: ഒരു ഉംറ അടുത്ത ഉംറ വരേയുള്ള പാപങ്ങള്‍ക്കുള്ള പരിഹാരമാകുന്നു. പുണ്യകരമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലമേയില്ല (ബുഖാരി) 2.
ഉംറ ഹജ്ജിന്റെ മാസങ്ങളിലും മറ്റു മാസങ്ങളിലുമെല്ലാം നിര്‍വഹിക്കാം. റമദാന് മാസത്തിലെ ഉംറക്ക് ഹജ്ജിന്റെ പ്രതിഫലമുണ്ടെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഹജ്ജ് പൂര്‍ത്തിയാക്കാന്‍ ശേഷിയില്ലാത്ത സ്ത്രീയോട് റമദാനില്‍ ഉംറ ചെയ്താല്‍ ഹജ്ജിന്റെ പുണ്യമുണ്ടെന്ന് നബി(സ്വ) സമാധാനിപ്പിച്ചത് (ബുഖാരി) 3 ശ്രദ്ധേയമാണ്. എന്നാല്‍ റമദാനിലെ ഉംറ ഹജ്ജിന് പകരമാവുകയോ ഹജ്ജിന്റെ ബാധ്യത ഒഴിവാക്കുകയോ ഇല്ല. (ഫത്ഹുല്‍ബാരി) 4. മറ്റുകാലങ്ങളിലെ ഉംറയെക്കാള്‍ മഹത്തായ പുണ്യം ലഭിക്കുമെന്നാണ് ഇത് അര്‍ഥമാക്കുന്നത്. വേറെ ഏത് ദിവസത്തിലെയും ഉംറയുടെ പ്രതിഫലം തുല്യമാണ്. ഉംറ നിര്‍വഹിച്ചാല്‍ ഹജ്ജ് നിര്‍ബന്ധമാണ് എന്ന ധാരണ ശരിയല്ല. നബി(സ്വ) ഒരു ഹജ്ജ് മാത്രമേ നിര്‍വഹിച്ചുള്ളൂവെങ്കിലും നാലു ഉംറകള്‍ നിര്‍വഹിച്ചിട്ടുണ്ട്. അതിനാല്‍ കഴിവുള്ളവര്‍ക്ക് ഉംറ കൂടുതല്‍ തവണ ചെയ്യാവുന്നതാണ്. ഇത് ലോകമാന്യത്തിനും വിനോദയാത്രയ്ക്കുമുള്ള അവസരമാക്കാതിരിക്കന്‍ ശ്രദ്ധിക്കുക. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിര്‍ബന്ധമായി നിര്‍വഹിക്കേണ്ട സാമ്പത്തിക ബാധ്യതകളുണ്ടെന്നിരിക്കെ വിദൂര ദേശങ്ങളിലുള്ളവര്‍ അടിക്കടി ഉംറ നിര്‍വഹിക്കുന്നത് നല്ല കീഴ്വഴക്കമല്ല.
ഒരു യാത്രയില്‍ തന്നെ പലതവണ ഉംറ നിര്‍വഹിക്കുക എന്നത് നബി(സ്വ)യുടെ മാതൃക ഇല്ലാത്തതാണ്. ഹജ്ജതുല്‍വിദാഇല്‍ പത്തൊമ്പത് ദിവസം അദ്ദേഹവും അനുയായികളും മക്കയില്‍ താമസിച്ചെങ്കിലും ഒരു ഉംറ മാത്രമേ നിര്‍വഹിച്ചിട്ടുള്ളൂ. എന്നാല്‍ സാധാരണ നിലയില്‍ മക്കവിട്ട് പുറത്തുപോയി വരുന്നവര്‍ക്ക് വീണ്ടും മക്കയില്‍ പ്രവേശിക്കുമ്പോള്‍ ഉംറ നിര്‍വഹിക്കാവുന്നതാണ്.
നബി(സ്വ)യുടെ ഹജ്ജുവേളയില്‍ ആഇശ(റ)ക്ക് ആര്‍ത്തവം കാരണം ഉംറയുടെ ത്വവാഫ് നിര്‍വഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പിന്നീട് അവരെ കൂട്ടി തന്‍ഈമില്‍ പോയി ഇഹ്റാം ചെയ്യിക്കാന്‍ സഹോദരന് അബ്ദുര്‍റഹ്മാനെ നബി(സ്വ) ചുമതലപ്പെടുത്തി. ആഇശ(റ) അങ്ങനെ ഇഹ്റാം ചെയ്ത് നഷ്ടപ്പെട്ട ഉംറ നിര്‍വഹിച്ചു. പക്ഷേ, കൂടെപോയ അബ്ദുര്‍റഹ്മാന്‍(റ) അങ്ങനെ ചെയ്തില്ലെന്നതില്‍ നിന്നും മനസ്സിലാകുന്നത്, ഇങ്ങനെ ഉംറ നിര്‍വഹിക്കേണ്ടത് പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമാണെന്നാണ്. ഹജ്ജെന്ന പോലെ ഉംറയും ബാധ്യതയുള്ള മറ്റൊരാള്‍ക്ക് പകരമായി നിര്‍വഹിക്കാവുന്നതാണ്. സ്വന്തമായ ഉംറ നിര്‍വഹിച്ച ശേഷമേ മറ്റുള്ളവര്‍ക്കുവേണ്ടി ഉംറ നിര്‍വഹിക്കാവൂ. ഇതും നേരത്തേ സൂചിപ്പിച്ച പോലെ ഒരേയാത്രയില്‍ ആവര്‍ത്തിച്ചു ചെയ്യേണ്ടതല്ല. കൂലിക്ക് നിര്‍വഹിക്കുന്നത് ശരിയല്ല; ചെലവ് കൈപ്പറ്റാവുന്നതാണ്.
ഉംറ നിര്‍വഹിക്കാനുദ്ദേശിച്ചുകൊണ്ട് ദൂരദേശങ്ങളില്‍ നിന്ന് വരുന്നവര്‍ മീഖാതില്‍ വെച്ച് ഹജ്ജിന്റെതുപോലെ ഇഹ്റാം ചെയ്യുക (ഇഹ്റാംലിങ്ക്കാണുക). ശേഷം അല്ലാഹുമ്മ ലബ്ബൈക ഉംറതന്‍(70) എന്നു നിയ്യത്ത് പറഞ്ഞ് ഇഹ്റാമില്‍ പ്രവേശിക്കുക. മീഖാതിന്റെ പരിധിക്കുള്ളില്‍ താമസിക്കുന്നവര്‍ താമസസ്ഥലത്തുനിന്ന് ഇഹ്റാം ചെയ്താല്‍ മതി. മീഖാതിലേക്ക് പോകേണ്ടതില്ല. ഇഹ്റാമിലും പിന്നീടങ്ങോട്ടു കര്‍മങ്ങളിലുമെല്ലാം മുഅ്തമിറിനും (ഉംറ ചെയ്യുന്നവന്) ഹാജിയുടെ സുന്നതുകളും വാജിബുകളും ഹറാമുകളും മര്യാദകളുമെല്ലാം ബാധകമാണ്. ഇവ നഷ്ടപ്പെടുത്തുന്നത് ഉംറ നിഷ്ഫലമാക്കുകയോ പ്രായശ്ചിത്തം നിര്‍ബന്ധമാക്കുകയോ പ്രതിഫലം കുറയ്ക്കുകയോ ചെയ്യും.
ഇഹ്റാമില്‍ പ്രവേശിച്ചാല്‍ തല്‍ബിയതുമായി കഅ്ബയെ ലക്ഷ്യമാക്കി നീങ്ങുക. ഉംറയുടെ ത്വവാഫ് നിയ്യത്തോടെ നിര്‍വഹിക്കുക. ഇദ്ത്വിബാഅ് വസ്ത്രശൈലിയും റമല് നടത്തവും, ത്വവാഫുല്ക്വുദൂം പോലെ മറ്റെല്ലാ കര്‍മങ്ങളും പൂര്‍ത്തിയാക്കുക. സംസം കുടിക്കാം. (ത്വവാഫ് ലിങ്ക് കാണുക) സഅ്യും ഹജ്ജിന്റെതുപോലെ പൂര്‍ത്തിയാക്കുക. (സഅയ് ലിങ്ക് കാണുക) ശേഷം മുടിയെടുക്കുക. ഉംറക്കു മാത്രമായി വന്ന പുരുഷന്മാര് മുടി പൂര്‍ണമായും വടിക്കുന്നതാണ് ഉത്തമം. സ്ത്രീകള്‍ ഒരു വിരല്‍ നീളത്തില്‍ മുടി മുറിക്കുക. ഇതോടെ ഉംറയുടെ ഇഹ്റാമില്‍ നിന്ന് വിരമിച്ചു. കര്‍മങ്ങള്‍ പൂര്‍ണമായി.
ഉംറയുടെ രൂപം
ഉംറയുടെ കര്‍മങ്ങള്‍
- ഇഹ്റാം
- ത്വവാഫ്
- സഅ്യ് (സ്വഫാ മര്‍വകള്‍ക്കിടയില്‍ ഓടല്)
- മുടി കളയുകയോ വെട്ടുകയോ ചെയ്യല്‍
- ഇഹ്റാം
മീഖാത്ത്
ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും ഉംറക്കോ ഹജ്ജിനോ വേണ്ടി മക്കയിലേക്കു വരുന്നവര്‍ ഇഹ്റാമില്‍ പ്രവേശിക്കുന്ന സ്ഥലങ്ങളാണ് ദുല്ഹുലൈ(അബ്യാര് അലി), ജുഹ്ഫ(റാബിഅ്),ഖര്നുല് മനാസില്‍(സൈലുല്‍ കബീര്‍),യലംലം, ദാതുല്‍ ഇര്ഖ് എന്നിവയാണ് നിര്‍ദിഷ്ട മീഖാത്തുകള്‍.ഇഹ്റാമിന്റെ രൂപം
1. കുളി, സുഗന്ധം പൂശല്‍
2. ഇഹ്റാമിന്റെ വേഷം ധരിക്കല്‍ (പുരുഷന്മാര് മാത്രം)
3. തല്ബിയത്ത്ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ഇഹ്റാം ചെയ്ത ശേഷം മാത്രമേ മീഖാത്ത് കടന്നു പോകാന്‍ പാടുള്ളൂ.
2. വെള്ളം കിട്ടാതെ വരികയോ, ഉപയോഗിക്കാന്‍ കഴിയാതെ വരികയോ ചെയ്താല്‍ തയമ്മും ചെയ് താല് മതി.
3. സുഗന്ധം പൂശുന്നത് ശരീരത്തില്‍ മാത്രം. (വസ്ത്രത്തിലല്ല)
4. നഖം മുറിക്കാനോ മുടി നീക്കാനോ ഉദ്ദേശിക്കുന്നവര്‍ ഇഹ്റാമിന് മുമ്പ് ചെയ്യേണ്ടതാണ്. (പുറപ്പെടുന്നതിന്റെ മുമ്പ് റൂമില്‍ നിന്ന് ചെയ്താല്‍ യാത്രക്ക് സൗകര്യമാവും)
5. പുരുഷന്മാര്ക്ക് ഇഹ്റാമിന്റെ വേഷം വെള്ള മുണ്ടും, രണ്ട് ചുമലും മറയും വിധമുള്ള മേല്മുണ്ടുമാണ്. സ്ത്രീകള്‍ക്ക് പ്രത്യേക നിറവും വേഷവും നിശ്ചയിക്കപ്പെട്ടിട്ടില്ല.
6. ഇഹ്റാം ഏതെങ്കിലുമൊരു നമസ്കാരത്തിന് ശേഷമാവുന്നതാണ് നല്ലത്. എന്നാല്‍ ഇഹ്റാമിന് പ്രത്യേക നമസ്കാരമില്ല. കുളി, സുഗന്ധം പൂശല്‍, ഉംറ യുടെ വേഷം ധരിക്കല്‍, നമസ്കാരം എന്നിവയ്ക്ക് ശേഷം ഉംറ നിര്വഹിക്കാനുദ്ദേശിക്കുന്നു എന്ന് മനസ്സില്‍ കരുതുക. തല്‍ബിയത്ത് (ലബ്ബൈക…) ചൊല്ലുക
7. വാഹനം നീങ്ങിത്തുടങ്ങുമ്പോള്‍ മുതല്‍ തല്‍ബിയത്ത് ചൊല്ലിത്തുടങ്ങണം. ആദ്യ തല്ബിയത്തില് ‘ലബൈക്കല്ലാഹുമ്മ ഉംറതന്‍’ എന്നായിരിക്കണം. പിന്നീട് കഅ്ബയിലെത്തുന്നത് വരെ തല്‍ബിയത്ത് തുടരുകയും വേണം.
8. ആര്ത്തവകാരികളും മീഖാത്തില്‍ വെച്ചു തന്നെ ഇഹ്റാം ചെയ്യണം. (കുളി, സുഗന്ധം പൂശല്‍, നിയ്യത്ത്, തല്‍ബിയത്ത് എന്നിവ നിര്‍വഹിക്കുക) അവര്‍ നമസ്കരിക്കാന്‍ പാടില്ല. സ്ത്രീകള്‍ തല്‍ബിയത്ത് ഉറക്കെ ചൊല്ലേണ്ടതില്ല.
9. ഇഹ്റാമിന് ശേഷം പാടില്ലാത്ത കാര്യങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കേണ്ടതാണ്.മക്കയിലെത്തുമ്പോള്‍.
മക്കയിലെത്തുമ്പോഴോ കഅ്ബ കാണുമ്പോഴോ പ്രത്യേക പ്രാര്‍ഥനകളൊന്നുമില്ല. മക്ക യിലെത്തുന്ന ഏതു നേരത്തും ഉംറയുടെ ആദ്യ കര്‍മമായ ത്വവാഫ് തുടങ്ങാവുന്നതാണ്. ആവശ്യ മെങ്കില്‍ ഇത് പിന്തിക്കാവുന്നതാണ്.
ത്വവാഫിന്റെ രൂപം
- ഹജറുല്‍ അസ്വദിന്റെ നേരെ നിന്ന് ബിസ്മി ല്ലാഹി അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞു കൊണ്ട്
തുടങ്ങുക. - ആകെ ഏഴ് തവണയാണ് കഅ്ബയെ ചുറ്റേണ്ടത്.
- മഖാം ഇബ്റാഹീമിന്റെ പിറകില്‍ നിന്ന് കഅ്ബയിലേക്ക് തിരിഞ്ഞ് രണ്ടു റകഅത്ത് നമസ്കരിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുന്നതോടെ തല്‍ബിയത്ത് അവസാനിപ്പിക്കണം.
- പുരുഷന്മാര് ത്വവാഫ് തുടങ്ങുന്നതിന് മുമ്പ് വലത്തെ ചുമല് കാണത്തക്കവിധം മേല്‍മുണ്ട് ധരിക്കണം.
- ത്വവാഫിന് വുദു നിര്‍ബന്ധമാണ്. ആര്ത്തവകാരികള് ശുദ്ധിയായ ശേഷമേ ത്വവാഫ് ചെയ്യാവൂ
- കഅ്ബ തന്റെ ഇടതു ഭാഗത്ത് വരത്തക്ക വിധമാണ് ത്വവാഫ് ചെയ്യേണ്ടത്.
- ഹജറുല്‍ അസ്വദ് തൊട്ടു തടവുന്നതും ചുംബിക്കുന്നതും സുന്നത്താണ്. തിരക്കുള്ള സമയത്ത് അത് ഉപേക്ഷിക്കാവുന്നതാണ്.
- റുക്നുല്‍ യമാനി തടവുന്നത് സുന്നത്താണ്. ചുംബിക്കരുത്. കഅ്ബയുടെ മറ്റൊരു ഭാഗവും തടവുന്നത് പുണ്യമല്ല.
- ത്വവാഫ് ആരംഭിക്കുമ്പോഴോ ത്വവാഫിനിടയിലോ പ്രത്യേകം ദിക്റുകളോ പ്രാര്‍ഥനകളോ ഇല്ല. ത്വവാഫിനിടയില്‍ ദിക്റുകളും പ്രാര്‍ഥനകളും വര്‍ധിപ്പിക്കണം. (ആവശ്യമുണ്ടെങ്കില്‍ സംസാരിക്കാം).
- ഓരോ ചുറ്റലിലും റുക്നുല്‍ യമാനിയുടെയും ഹജറുല്‍ അസ്വദിന്റെയും ഇടയില്‍ വെച്ച്
റബ്ബനാ ആതിനാ ഫിദ്ദുന്യാ… എന്ന പ്രാര്‍ഥന ചൊല്ലല്‍ സുന്നത്താകുന്നു. - ഓരോ ചുറ്റലിലും ഹജറുല്‍ അസ്വദിന്റെ നേരെ എത്തുമ്പോള്‍ അല്ലാഹു അക്ബര്‍ എന്ന് പറയണം. കൈകള്‍ ഉയര്‍ത്തേണ്ടതില്ല.
- ആദ്യത്തെ മൂന്ന് ചുറ്റലിലും അല്പം വേഗത്തില്‍ നടക്കണം. ഇത് സ്ത്രീകള്‍ക്ക് ബാധകമല്ല. ത്വവാഫിനിടയ്ക്ക് നമസ്കാര സമയമായാല്‍ ത്വവാഫ് നിര്‍ത്തി നമസ്കാരത്തിന് ശേഷം ബാക്കി പൂര്‍ത്തിയാക്കണം.
- ത്വാവാഫിനിടയ്ക്ക് വുദു നഷ്ടപ്പെട്ടാല്‍ വുദു എടുത്ത ശേഷം ബാക്കി പൂര്‍ത്തിയാക്കണം. ചുറ്റലുകളുടെ എണ്ണത്തെ പ്പറ്റി സംശയമുണ്ടായാല്‍ ഉറപ്പുള്ള എണ്ണം സ്വീകരിക്കണം.
- ഇബ്റാഹീം മഖാമിന്റെ പിറകില്‍ നിന്ന് നമസ്കരിക്കാന്‍ സൗകര്യപ്പെട്ടില്ലെങ്കില്‍ മറ്റെവിടെ നിന്നും നമസ്കരിക്കാവുന്നതാണ്. ആദ്യത്തെ റക്അത്തില്‍ ഖുല്‍ യാ അയ്യുഹല്‍ കാഫിറുനും രണ്ടാമത്തെ റക്അത്തില്‍ ഖുല്ഹുവ ല്ലാഹു അഹദും ഓതണം.
- സ്ത്രീപുരുഷന്മാര് ഇടകലരുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.
- ത്വവാഫിനും നമസ്കാരത്തിനും ശേഷം സംസം കുടിക്കുക. പ്രത്യേക രൂപമോ പ്രാര്‍ഥന
കളോ ഇല്ല.
(ത്വവാഫിനുദ്ദേശിക്കുന്നുവെങ്കില് മസ്ജിദുല്‍ ഹറമില്‍ തഹിയ്യത്ത് നമസ്കാരമില്ല)സ്വഫാ മര്‍വകള്‍ക്കിടയില്‍ ഓടല് (സഅ്യ്)
1. സ്വഫായില്‍ നിന്ന് തുടങ്ങുക.
2. പച്ച ലൈറ്റ് കൊണ്ട് അടയാളപ്പെടുത്തിയ സ്ഥലങ്ങള്‍ക്കിടയില്‍ പുരുഷന്മാര് വേഗത്തില്‍ നടക്കുക.
3. സ്വഫായുടെയും മര്വയുടെയും മുകളില്‍ വെച്ച് ഖിബ്ലയുടെ നേര്‍ക്ക് തിരിഞ്ഞ് പ്രാര്‍ഥിക്കുക.
4. സ്വഫാ മുതല്‍ മര്‍വ വരെ ഒന്ന്, മര്‍വ മുതല്‍ സ്വഫാ വരെ രണ്ട് എന്ന ക്രമത്തില്‍ ആകെ ഏഴ് തവണ ഓടുക.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. സഅ്യിന് വുദു നിര്‍ബന്ധമില്ല.
2.സ്വഫയോടടുക്കുമ്പോള്
إنَّ الصَّفَا والمَرْوَةَ مِنْ شَعَائِرِ الله فَمَنْ حَجَّ البَيْتَ أو اعْتَمَرَ فَلَا جُنَاحَ عَلَيْهِ أَنْ يَطَّوَّفَ بِهِمَا وَمَنْ تَطَوَّعَ خَيْرًا فَإِنَّ اللَّهَ شَاكِرٌ عَليم (سورة البقرة (158)’തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പ്പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന് ഹജ്ജോ ഉംറയോ നിര്‍വ്വഹിക്കുന്ന ഏതൊരാളും അവ യിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍ കുറ്റമൊന്നുമില്ല. ആരെങ്കിലും സത്കര്‍മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു’. എന്ന ആയത്ത് ഓതി നിര്‍ദിഷ്ട പ്രാര്‍ഥന ചൊല്ലണം.
3. സ്വഫായിലും മര്‍വയിലും കയറുമ്പോഴും ഇറങ്ങുമ്പോഴും അവയ്ക്കിടയില്‍ ഓടുമ്പോഴും പ്രത്യേക പ്രാര്‍ഥനകളൊന്നുമില്ല.
4. സ്വഫായുടെയും മര്വയുടെയും മുകളില്‍ വെച്ച് ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍ എന്ന് തുടങ്ങുന്ന ദിക്ര് ചൊല്ലല്‍ സുന്നത്താകുന്നു.
5. സഅ്യിനിടക്ക് നമസ്കാര സമയമായാല്‍ സഅ്യ് നിര്‍ത്തി നമസ്കാരത്തിന് ശേഷം ബാക്കി പൂര്‍ത്തിയാക്കുക.മുടി വെട്ടല്‍
1. പുരുഷന്മാര് അല്പ ഭാഗം മാത്രം വെട്ടി മതിയാക്കരുത്. മുണ്ഡനം ചെയ്യുന്നതാണ് ഉത്തമം. 2. സ്ത്രീകള്‍ മുടി കൂട്ടിപ്പിടിച്ചു അറ്റത്തു നിന്ന് ഒരു ചെറുവിരലോളം നീളത്തില്‍ വെട്ടിയാല്‍ മതി
ഇതോടുകൂടി ഉംറ പൂര്‍ത്തിയായി. ഇഹ്റാം കൊണ്ട് പാടില്ലാത്തതെല്ലാം അനുവദനീയമായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മസ്ജിദുല്‍ ഹറമിലെ ജമാഅത്ത് നമസ്കാരങ്ങളിലും പ്രാര്‍ഥനകളിലുമായി കഴിച്ചുകൂടുക.
പ്രത്യേകം നിര്‍ദേശിക്കപ്പെട്ട ദിക്റുകളും പ്രാര്‍ഥനകളും
തല്‍ബിയത്ത് ആരംഭം
لَبَّيْكَ اللَّهُمَّ عُمْرَةً (اللَّهُمَّ لَبَّيْكَ عُمْرَةً لَبَّيْكَ عُمْرَةً)
തല്‍ബിയത്തിന്റെ പൂര്‍ണ്ണരൂപം
لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لا شَرِيكَ لَكَ لَبَّيْكَ. إِنَّ الْحَمْدَ وَالنِّعْمَةَ لَكَ والمَلكَ لا شَرِيكَ لَكَ
ത്വവാഫ് തുടങ്ങുമ്പോള്‍
بِسْمِ اللَّهِ اللَّهِ أَكْبَر
ഓരോ ചുറ്റിലിലും ഹജറുല്‍ അസ്വദിന്റെ നേരെ എത്തുമ്പോള്‍
الله أَكْبَرُ
ത്വവാഫില്‍ റുക്നുല്‍ യമാനിയുടെയും ഹജറുല്‍ അസ്വദിന്റെയും ഇടയില്‍
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وفِي الآخِرَةِ حَسَنَةً وقِنَا عَذَابَ النَّارِ
സ്വഫായുടെയും മര്വയുടെയും മുകളില്‍
لا إِلَهَ إِلا الله، والله أَكْبَرُ لَا إِلَهَ إِلَّا اللَّهَ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ لَا إِلَهَ إِلَّا اللَّهَ وَحْدَهُ أَجْزَ وَعْدَهُ وَنَصَرَ عَبْدَهُ وَهَزَمَ الْأَحْزَابَ وَحْدَهُ
ഇഹ്റാമില്‍ വിരോധിക്കപ്പെട്ട കാര്യങ്ങള്‍
1. പുരുഷന്മാര് ശരീരാവയവങ്ങളുടെ രൂപത്തില്‍ തുന്നിച്ചേര്‍ത്ത വസ്ത്രം ധരിക്കരുത്.
2. സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിക്കരുത്.
3. പുരുഷന്മാര് തല മറയ്ക്കരുത്.
4. സ്ത്രീകള്‍ മുഖം മറയ്ക്കരുത്.
5. രോമങ്ങളും നഖങ്ങളും നീക്കം ചെയ്യരുത്.
6. ലൈംഗിക ബന്ധവും സല്ലാപവും പാടില്ല.
7. വേട്ടയാടരുത്.
8. വിവാഹം കഴിക്കരുത്.
ഹജ്ജും ഉംറയും; സ്ത്രീകള്‍ക്കുള്ള ഇളവുകള്‍
ഹജ്ജിനും ഉംറക്കും മദീന സിയാറത്തിനും പോകുന്ന സഹോദരിമാര്‍ അധികപേരും കര്‍മങ്ങള്‍ പ്രാമാണികമായി പഠിക്കാതെ പോകുന്നതിനാല്‍ വലിയ അബദ്ധങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്. കാര്യങ്ങള്‍ പഠിക്കുകയും മതത്തിന്റെ ഇളവുകള്‍ സ്വീകരിക്കുകയും ചെയ്താല്‍ സ്വീകാരയോഗ്യമായ വിധത്തില്‍ സംതൃപ്തിയോടെ കര്‍മങ്ങള്‍ ചെയ്തു നിര്‍വൃതിയടയാം.
ഇസ്ലാം ആരാധനകള്‍ കൊണ്ട് ബുദ്ധിമുട്ട് ഉദ്ദേശിക്കുന്നില്ല. അതിനാല്‍ ധാരാളം ഇളവുകള്‍ നല്കിയിരിക്കുന്നു. ‘അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്. അവന് നിങ്ങള്‍ക്ക് പ്രയാസം ഉദ്ദേശിക്കുന്നില്ല’ (2:185). ‘നിങ്ങള്‍ക്ക് ഭാരം കുറച്ചുതരണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു’ (4:28). ‘മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന് ചുമത്തിയിട്ടുമില്ല’ (22:78).
അബൂഹുറയ്റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: ‘നിശ്ചയം, മതം എളുപ്പമാണ്. മതത്തെ തീവ്രമാക്കിയാല്‍ അത് അവനെ പരാജയപ്പെടുത്തും. അതിനാല്‍ മിതത്വം പാലിക്കുകയും സാധിക്കുന്നത്രയും പ്രവര്‍ത്തിക്കുകയും ചെയ്യുക, സന്തോഷിക്കുകയും ചെയ്യുവിന്‍. കാലത്തും വൈകുന്നേരവും രാത്രിയുടെ അന്ത്യയാമത്തിലും നിങ്ങള്‍ അല്ലാഹുവിനോട് സഹായം തേടുകയും ചെയ്യുവിന്‍’ (ബുഖാരി) 5.
ഹജ്ജ് ശാരീരിക പീഡനമല്ല
നബി(സ്വ) പറഞ്ഞു: ‘സ്ത്രീകള്‍ക്കുള്ള ധര്‍മസമരമാണ് ഹജ്ജ് കര്‍മം'(ബുഖാരി) 6. നബിചര്യ അനുസരിച്ച് ഭക്തിയോടെ ഹജ്ജ് നിര്‍വഹിക്കുക എന്നത് അതിന്റെ താത്പര്യമാകുന്നു. അനവധി ആളുകളുടെ ധാരണ ഹജ്ജ് എന്ന ആരാധനാ കര്‍മം ശാരീരിക പീഡനം അനുഭവിക്കലാണ് എന്നതത്രേ. അത്തരക്കാരാണ് ഇഹ്റാമില്‍ പ്രവേശിച്ചാല്‍ പിന്നെ മക്കയില്‍ നിന്ന് മിനായിലേക്കും അറഫയിലേക്കും മുസ്ദലിഫയിലേക്കും അങ്ങനെ ഹജ്ജിന്റെ ആദ്യാവസാനം വാഹനം ഒട്ടും ഉപയോഗിക്കാതെ നടന്നു തന്നെ പോവുന്നത്. ഹജ്ജിന് വരുന്ന സ്ത്രീകളും ഇങ്ങനെ നടക്കുന്നവരുണ്ട്. ഒരു തീര്ഥാടകന് അവകാശപ്പെട്ട സൗകര്യങ്ങള്‍ പോലും ഉപയോഗിക്കാതെ പ്രയാസം സ്വയം ഏറ്റുവാങ്ങുന്നവര്‍. എന്നാല്‍ പ്രവാചകന്(സ്വ) ഹജ്ജില്‍ വാഹനം ഉപയോഗിച്ചുവെന്ന് അവര്‍ മനസ്സിലാക്കുന്നില്ല.
സ്ത്രീകളുടെ ഇഹ്റാം വസ്ത്രം
ഹജ്ജിനും ഉംറക്കും വരുന്ന അനേകം സ്ത്രീകള്‍ പ്രത്യേക നിറമുള്ള വസ്ത്രം ധരിക്കാറുണ്ട്. അങ്ങനെയുള്ള വസ്ത്രം ധരിക്കുന്നത് കുടുതല്‍ പുണ്യവും പ്രതിഫലവും ഉള്ളതാണെന്ന അബദ്ധ ധാരണയുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് ഇഹ്റാം ചെയ്യുന്നതിന് നിശ്ചിത കളറുള്ള വസ്ത്രം ഇസ്ലാം നിര്‍ദേശിച്ചിട്ടില്ല. ഏതെങ്കിലും നിറമുള്ള വസ്ത്രം ഹജ്ജിനു പോകുന്ന സ്ത്രീക്ക് പ്രത്യേകമായി സുന്നത്തുണ്ട് എന്നു കരുതി ധരിക്കുമ്പോള്‍ ബിദ്അത്തായി മാറും.
അവര്‍ക്ക് ഇഷ്ടമുള്ള ഏതു കളറുള്ള വസ്ത്രവും ധരിക്കാം. ഇടുങ്ങിയതോ നേര്‍ത്തതോ ശരീരവടിവുകള്‍ മുഴപ്പിച്ചുകാണിക്കുന്നതോ ആയ വസ്ത്രം പാടില്ല. അലങ്കാരം നിറഞ്ഞതോ ഔറത്ത് വെളിവാകുന്നതോ ആയ വസ്ത്രവും പാടില്ല. പുരുഷന്മാരോട് സാദൃശ്യം പുലര്‍ത്തുന്ന വസ്ത്രവും അവര്‍ ഒഴിവാക്കണം. സത്യനിഷേധികളുടെ പ്രത്യേക വിശ്വാസ ആചാരവുമായി ബന്ധപ്പെട്ട വസ്ത്രവും അണിഞ്ഞുകൂടാ. സ്ത്രീകളുടെ മാന്യതയും വ്യക്തിത്വവും കാത്തുസൂക്ഷിക്കുന്ന വസ്ത്രം, വളകള്‍, മോതിരം, കണ്ണട തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. ഇഹ്റാമില്‍ സ്ത്രീകള്‍ ബുര്‍ഖയോ മുഖാവരണമോ ധരിക്കല്‍ നിഷിദ്ധമാണ്. കൈയുറയും ധരിക്കാന്‍ പാടില്ല.
അബ്ദുല്ലാഹിബ്നു ഉമറി(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: ഇഹ്റാമില്‍ പ്രവേശിച്ച സ്ത്രീ, മുഖം മൂടുന്ന വസ്ത്രവും കൈയുറയും ധരിക്കരുത്’ (ബുഖാരി) 7
മുസ്ദലിഫയില്‍ നിന്ന് ജംറയിലേക്ക്
മുസ്ദലിഫയില്‍ രാപ്പാര്‍ക്കുക എന്നത് ഹജ്ജിന്റെ വാജിബുകളില്പ്പെട്ട ഒന്നാണ്. സുബ്ഹി നമസ്കരിച്ച് മശ്അറുല്‍ ഹറാമില്‍ പോയി പ്രാര്‍ഥിച്ചു സുര്യോദയത്തിനു മുമ്പ് മുസ്ദലിഫയില്‍ നിന്നു ജംറത്തുല്‍ അഖബയിലേക്ക് പുറപ്പെടേണ്ടതുണ്ട്. എന്നാല്‍ അനാരോഗ്യമുള്ള സ്ത്രീകള്‍ക്കും കൂടെയുള്ളവര്‍ക്കും അര്‍ധരാത്രിക്കു ശേഷം (സുബ്ഹിക്കു മുമ്പ്) തന്നെ, അതായത് രാത്രി ചന്ദ്രന് അസ്തമിച്ച ശേഷം മുസ്ദലിഫയില്‍ നിന്നു പുറപ്പെടുന്നതില്‍ ഇളവുണ്ട്. ഇത് തിരക്കിനു മുമ്പ് ജംറയില്‍ കല്ലെറിയാന്‍ അവര്‍ക്ക് ഏറെ സഹായകമാണ്. പ്രവാചക പത്നി സൗദ(റ) തടിച്ച ശരീരമുള്ള വനിതയായിരുന്നു. മുസ്ദലിഫയില്‍ നിന്നു ജനങ്ങളുടെ തിരക്കിനു മുമ്പ് ജംറയിലേക്ക് പോകാന്‍ അനുവാദം ചോദിച്ചു. അപ്പോള്‍ നബി(സ്വ) അവര്‍ക്ക് അനുവാദം നല്കി. പിന്നീട് ആഇശ(റ) പറയുന്നു: അവര്‍ അനുവാദം തേടിയ പോലെ ഞാനും ചോദിച്ചിരുന്നുവെങ്കില്‍ അത് എനിക്ക് ഏറെ സന്തോഷകരമായിരുന്നു (ബുഖാരി) 8
ഹജ്ജ് വേളയില്‍ ആര്‍ത്തവമുണ്ടായാല്‍
ഹജ്ജും ഉംറയും ഉദ്ദേശിച്ചു കൊണ്ട് പുറപ്പെട്ട് ഇഹ്റാം ചെയ്യാനായി മീഖാത്തില്‍ എത്തുകയും എന്നാല്‍ ആ സമയത്ത് ആര്‍ത്തവമുണ്ടാവുകയും ചെയ്താല്‍ ഇഹ്റാം ചെയ്യാതെ മക്കയിലേക്ക് പോവുകയും ഇഹ്റാം ചെയ്യണമെങ്കില്‍ ആര്‍ത്തവത്തില്‍ നിന്ന് ശുദ്ധി നിര്‍ബന്ധമാണെന്ന് കരുതുകയും ചെയ്യുന്നവര്‍ ധാരാളമുണ്ട്. ഇത് വലിയ തെറ്റാണ്. കാരണം ഇഹ്റാം ചെയ്യാന്‍ ആര്‍ത്തവം തടസ്സമല്ല. ആര്ത്തവക്കാരിക്ക് ത്വവാഫ് ഒഴികെ ഹജ്ജിന്റെ മുഴുവന്‍ കാര്യങ്ങളും ചെയ്യാന്‍ അനുവാദമുണ്ട്. ആഇശ(റ)ക്ക് ഹജ്ജിന്റെ സന്ദര്‍ഭത്തില്‍ ആര്‍ത്തവം ഉണ്ടായപ്പോള്‍ നബി(സ്വ) അവരോട് ത്വവാഫ് ചെയ്യരുത് എന്നാണ് വിലക്കിയത് (ബുഖാരി) 9. ത്വവാഫ് ശുദ്ധിയായ ശേഷം ചെയ്യാവുന്നതേയുള്ളു. എന്നാല്‍ മീഖാത്തില്‍ നിന്ന് ഇഹ്റാം ചെയ്യാതെ പോയാല്‍ മീഖാത്തിലേക്ക് മടങ്ങണം. അല്ലെങ്കില്‍ പ്രായശ്ചിത്തമായി ഒരു ആടിനെ അറുത്ത് മക്കയിലെ ദരിദ്രര്‍ക്ക് നല്‍കേണ്ടതുണ്ട്. ഹജ്ജിന്റെയും ഉംറയുടെയും റുക്ന്നുകളില്പ്പെട്ടതാണ് ഇഹ്റാം ചെയ്യല്‍. മീഖാത്തില്‍ നിന്നുതന്നെ ഇഹ്റാം ചെയ്യല്‍ നിര്‍ബന്ധമാണ്.
ഇനി അവര്‍ക്ക് ഹജ്ജിന്റെ ത്വവാഫ് ചെയ്ത ശേഷമാണ് ആര്‍ത്തവമുണ്ടായതെങ്കില്‍ സഅ്യ് ചെയ്യാനോ ബാക്കി ഹജ്ജ് കര്‍മം പൂര്‍ത്തീകരിക്കാനോ യാതൊരു തടസ്സവുമില്ല. സഅയ് ചെയ്യാന്‍ ശുദ്ധി നിബന്ധനയല്ല. ഡോക്ടറുടെ അനുവാദമുണ്ടെങ്കില്‍, ആരോഗ്യ പ്രശ്നം ഉണ്ടാകില്ല എങ്കില്‍ ആര്‍ത്തവം താല്‍ക്കാലികമായി നീട്ടിവെക്കാന്‍ വേണ്ടി ഗുളിക കഴിക്കല്‍ അനുവദനീയമാണ്. ഹജ്ജിന്റെ ദിനരാത്രങ്ങളില്‍ ആര്‍ത്തവക്കാരിയായ ഹജ്ജ് കര്‍മം ചെയ്യുന്നവള്‍ക്കും ദുആ, ദിക്റുകള്‍, സ്വലാത്ത്, ഖുര്‍ആന്‍ പാരായണം എന്നിവ നിര്‍വഹിക്കാന്‍ സാധിക്കും.
ഹജ്ജിനെത്തുന്ന സഹോദരിമാര്‍ക്ക് വ്യക്തിപരമായോ മറ്റോ രോഗങ്ങളോ ബുദ്ധിമുട്ടുകളോ അനുഭവപ്പെടുമെന്നും അങ്ങനെ കര്‍മം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന ആശങ്കയുണ്ടെങ്കില്‍ ഇഹ്റാം ചെയ്യുന്ന വേളയില്‍ ഇങ്ങനെ ഒരു നിബന്ധന കൂടി വെക്കുക:
اللَّهُمَّ مَحِلِّي حَيْثُ حَبَسْتَنِي
അല്ലാഹുവേ, നീ എന്നെ തടയുന്ന സ്ഥലത്ത് ഞാന്‍ തഹല്ലുലാകുന്നതാണ് (ബുഖാരി) 10. ഇങ്ങനെ ചെയ്താല്‍ അവരുടെ മേല്‍ യാതൊരു ഫിദ്യയും ബാധ്യതയില്ല. ഹജ്ജിലും ഉംറക്കും ത്വവാഫിന് ആദ്യത്തെ മൂന്നു തവണ കാലുകള്‍ അടുത്തടുത്തു വെച്ച് വേഗത്തില്‍ നടക്കുക എന്ന സുന്നത്തുണ്ട്. ഇതിന് റമ്ല്‍ എന്നാണ് പറയുക. സഅ്യ് നടത്തുന്ന സ്ഥലം (മസ്ആ) പച്ച ലൈറ്റുകള്‍ കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു. ഈ അടയാളങ്ങള്‍ക്കിടയില്‍ പുരുഷന്മാര് ചെറുതായി ഓടണം. എന്നാല്‍ സ്ത്രീകള്‍ക്ക് ഈ രണ്ട് അവസരങ്ങളിലും നടന്നാല്‍ മതി.
ജംറകളില്‍ എറിയുന്നത് ഹജ്ജിന്റെ നിര്‍ബന്ധ ഘടകങ്ങളില്‍പ്പെട്ടതാണ്. അതിനാല്‍ ഓരോ ഹജ്ജുകാരനും സ്വയം എറിയുകയാണ് വേണ്ടത്. എന്നാല്‍ ജംറകളില്‍ കല്ലെറിയാന്‍ സാധിക്കാത്ത അശക്തരായ സ്ത്രീകള്‍, ഗര്‍ഭിണികള്‍, പ്രയാധിക്യമുള്ള വനിതകള്‍, രോഗികള്‍, കുഞ്ഞുങ്ങള്‍, കൂടെയുള്ള സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് ആവശ്യമായി വന്നാല്‍ ഹജ്ജ് ചെയ്യുന്ന മറ്റൊരാളെ തനിക്കായി കല്ലെറിയുന്നതിനു വേണ്ടി ഏല്പിക്കാവുന്നതാണ്.
ത്വവാഫുല്‍ വിദാഉം സ്ത്രീകളും
വിടവാങ്ങല്‍ ത്വവാഫ് ഹജ്ജിന്റെ നിര്‍ബന്ധ കാര്യങ്ങളില്‍പ്പെട്ടതാണ്. എന്നാല്‍ പ്രസവരക്തമുള്ളവളോ ആര്‍ത്തവക്കാരിയോ ആയവര്‍ വിടവാങ്ങല്‍ ത്വവാഫ് ചെയ്യേണ്ടതില്ല. പ്രവാചക പത്നിക്ക് അങ്ങനെ അനുഭവമുണ്ടായി.
ആഇശ(റ) പറയുന്നു: നബിപത്നി സ്വഫിയ്യ ബിന്ത് ഹുയയ്യി(റ)ന് ഹജ്ജത്തുല്‍ വിദാഇല് ആര്‍ത്തവമുണ്ടായി. അപ്പോള്‍ നബി(സ്വ) ചോദിച്ചു: അവര്‍ നമ്മെ തടഞ്ഞുവെക്കുമോ? അപ്പോള്‍ ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, തീര്‍ച്ചയായും അവര്‍ ത്വവാഫുല്‍ ഇഫാദ ചെയ്തിട്ടുണ്ട്. അപ്പോള്‍ നബി(സ്വ) പറഞ്ഞു: എങ്കില്‍ മക്കയില്‍ നിന്ന് മടങ്ങട്ടെ (ബുഖാരി) 11
ത്വവാഫുല്‍ ഇഫാദ അഥവാ ഹജ്ജിന്റെ റുക്നായ ത്വവാഫ് ചെയ്തിട്ടുണ്ടെങ്കില്‍ ആര്‍ത്തവക്കാരിക്കും പ്രസവരക്തമുള്ള സ്ത്രീക്കും ഏറ്റവും അവസാനമുള്ള വിടവാങ്ങല്‍ ത്വവാഫ് നിര്‍വഹിക്കേണ്ടതില്‍ ഇളവുണ്ട്. അത് ചെയ്യാതെ മടങ്ങാവുന്നതാണ്. അവയില്‍ നിന്നു ശുദ്ധിയാകാന്‍ മക്കയില്‍ കാത്തിരിക്കേണ്ട കാര്യമില്ല. അത് സ്ത്രീകളോടുള്ള അല്ലാഹുവിന്റെ കരുണയും അവര്‍ക്കുള്ള ദീനീപരമായ ഇളവുമാണ്.
ദുല്‍ഹജ്ജ് പത്തിന് ആര്‍ത്തവമുള്ളവളാണ് എങ്കില്‍ അവള്‍ക്ക് അന്ന് നിര്‍വഹിക്കേണ്ട ത്വവാഫുല്‍ ഇഫാദ ശുദ്ധിയായ ശേഷം നിര്‍വഹിച്ചാല്‍ മതി. അപ്പോള്‍ മക്കയില്‍ നിന്നു നാട്ടിലേക്ക് മടങ്ങേണ്ട ദിവസമാണ് ശുദ്ധിയായതെങ്കില്‍ ത്വവാഫുല്‍ ഇഫാദയും വിടവാങ്ങല്‍ ത്വവാഫും ഒരുമിച്ചു ചെയ്യാനും അവള്‍ക്ക് അനുവാദം നല്‍കുന്നുണ്ട്.
ഇമാം മര്‍ദാവി ഇന്‍സാഫില്‍ പറയുന്നു: ഹജ്ജിന്റെ റുക്നുകളില്‍പ്പെട്ട ത്വവാഫു സിയാറ അഥവാ ത്വവാഫുല്‍ ഇഫാദ ആരെങ്കിലും നീട്ടിവെച്ചാല്‍ അവര്‍ മക്ക വിടുന്ന ദിവസം അത് ചെയ്യട്ടെ. വിടവാങ്ങല്‍ ത്വവാഫിനും അത് മതിയാകുന്നതാണ് .
ഈ കര്‍മത്തെക്കുറിച്ച് വ്യക്തമായി പഠിച്ചാല്‍ ഹജ്ജിനു വരുന്ന പലരും ചെയ്തേക്കാവുന്ന വിശ്വാസ-കര്‍മരംഗത്തെ പിഴവുകള്‍ അനുകരിക്കേണ്ടിവരില്ല. മീഖാത്ത് ഉള്‍പ്പെടെ ഓരോ ഭാഗത്തും പ്രത്യേക ദുആകളും കൂട്ട പ്രാര്‍ഥനകളും ചെയ്യിക്കുന്നതായി കാണാം. ഹജ്ജിന്റെ ഭാഗമല്ലാത്ത പല സ്ഥലങ്ങളിലേക്കും അവ ഹജ്ജിന്റെ കര്‍മങ്ങളില്‍ ഉള്ളതാണെന്ന ഭാവേന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ കൊണ്ടുപോകുന്നതായും കാണാം. അതൊന്നുംതന്നെ നബി(സ്വ) പഠിപ്പിക്കാത്ത സംഗതികളാണ്.
References- അല്‍ മജ്മൂഅ് അല്‍ ഫതാവാ, അല്‍ ഫതാവല്‍ കുബ്റാ, തഖിയുദ്ദീന് അബുല്‍ അബ്ബാസ് അഹ്മദ് ഇബ്നുതൈമിയ്യ, ദാറുല്‍ കുതുബുല്‍ ഇല്മിയ്യ, ഒന്നാം പതിപ്പ്, വാള്യം 06, പേജ് 27[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 02, ഹദീസ് 1773[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 03, ഹദീസ് 1782[↩]
- ഫത്ഹുല്‍ ബാരി, അഹ്മദ് ബ്നു അലിയ്യിബ്നി ഹജര്‍ അബുല്‍ ഫദ്ല് അല്‍ അസ്ഖലാനി, ദാറുല്‍ മഅ്രിഫ, ബൈറൂത്ത്, വാള്യം 03, പേജ്: 604[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 23, ഹദീസ് 39[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 1026, ഹദീസ് 2632[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 653, ഹദീസ് 1741[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 603, ഹദീസ് 1597[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 594, ഹദീസ് 1567[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 05, പേജ് 1957, ഹദീസ് 4801[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 04, പേജ് 1598, ഹദീസ് 414[↩]
