മുസ്ദലിഫ
ഹജ്ജ് എന്ന ആരാധനാ കർമ്മത്തിന്റെ പ്രധാന അനുഷ്ഠാനങ്ങളായ മുസ്ദലിഫയിൽ രാത്രി കഴിച്ചു കൂട്ടുക, മിനയിൽ താമസിക്കൽ, ജംറകളും കല്ലേറും, മൃഗബലി, മുടി നീക്കം ചെയ്യൽ, തൽബിയ എന്നിവ ഇവിടെ വായിക്കാം. ഹജ്ജ്കർമ്മം ഒറ്റനോട്ടത്തിൽ എന്ന ഭാഗം. ദുൽഹജ്ജ് എട്ടു മുതൽ പതിമൂന്നാം തീയതി വരെയുള്ള ഹജ്ജിന്റെ നിർണിത ദിനങ്ങളിൽ നിർവഹിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വളരെ ഹ്രസ്വമായി വിശദീകരിക്കുന്നത് ഹജ്ജിൻ്റെ ഏകദേശം രൂപം എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കും.
മുസ്ദലിഫയില്‍ രാത്രി കഴിച്ചുകൂട്ടുക
മിനായുടെയും അറഫയുടെയും ഇടയിലായി ജംറയില്‍നിന്ന് മൂന്നു കിലോമീറ്ററും അറഫ അതിര് ത്തിയായ മസ്ജിദുന്നമിറയില്‍ നിന്ന് ഏഴു കിലോമീറ്ററും അകലത്തില്‍ സ്ഥിതിചെയ്യുന്ന ഒരു പ്രദേ ശമാണ് മുസ്ദലിഫ. മസ്ജിദുല്‍ ഹറമില്‍നിന്ന് പത്ത് കിലോമീറ്റര്‍ അകലത്തിലാണിത്. ഇതിന് നാലു കിലോമീറ്റര്‍ നീളവും 12.25 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുമുണ്ട്. ഇസ്ദലഫ എന്ന അറബി പദത്തിന് അടുത്തു എന്നാണ് അര്‍ഥം. അല്ലാഹുവുമായി അടിമ അടുക്കുന്ന സ്ഥലം, രാത്രിയുടെ ആദ്യയാമത്തില്‍ ഭക്തര്‍ പ്രവേശിക്കുന്ന സ്ഥലം എന്നെല്ലാം ഉദ്ദേശിക്കപ്പെട്ടതാകാം പേരെന്ന് ചരിത്രകാരന്മാര് പറയുന്നു. ഇതുകൂടാതെ ജംഅ് എന്ന പേരുമുണ്ട്. ആളുകള്‍ ഒത്തു കൂടുന്നസ്ഥലം എന്ന അര്‍ഥത്തില്‍ വന്നതാവാം ആ പേര്.
ദുല്‍ഹിജ്ജ ഒമ്പതിന് സൂര്യാസ്തമയത്തിനുശേഷം അറഫയില്‍നിന്ന് പുറപ്പെടുന്ന ഹാജിമാര്‍ ആ രാത്രിയില്‍ ഇവിടെ താമസിക്കണം. തിരക്ക് കൂട്ടാതെ ശബ്ദഘോഷങ്ങളില്ലാതെ ശാന്തമായി വേണം മുസ്ദലിഫയിലേക്ക് നടക്കേണ്ടത്. ജനങ്ങളേ, ശാന്തതയോടെ, ശാന്തതയോടെ എന്നിങ്ങനെ നബി(സ്വ) തന്റെ കൂടെയുള്ളവരെ ഓര്‍മിപ്പിച്ചിരുന്നു എന്ന് ജാബിര്‍(റ) പറയുന്നു (മുസ്ലിം) 1. അവിടെ എത്തുന്നതുവരെ തല്ബിയത് ചൊല്ലിക്കൊണ്ടിരിക്കണം. ഇവിടെ എത്തിയ ഉടനെ മഗ്രിബും ഇശാഉം ഒരു ബാങ്കും രണ്ട് ഇഖാമതുമായി ജംഉം ഖസ്റുമാക്കി നമസ്കരിച്ച് അധികം വൈകാതെ ഉറങ്ങുക എന്നതാണ് നബി(സ്വ)യുടെ മാതൃക (മുസ്ലിം) 1. മറ്റു സുന്നതു നമസ്കാരങ്ങളൊന്നും നബി(സ്വ) ഇവിടെ നിര്‍വഹിച്ചിട്ടില്ല. രാത്രിയില്‍ ഇവിടെ പ്രാര്‍ഥനകളും കീര്‍ത്തനങ്ങളുമായി ഉറങ്ങാതിരിക്കുന്നത് ഈ തിരുസുന്നത്തിനെതിരാണ്. പാതിരക്ക് മുമ്പ് മുസ്ദലിഫയില്‍ എത്തുകയില്ലെങ്കില്‍ എത്തിയ സ്ഥലത്തുവെച്ച് നമസ്കാരങ്ങള്‍ നിര്‍വഹിക്കണമെന്നും നമസ്കാരം നഷ്ടപ്പെടുത്തരുതെന്നും പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നു.
സ്വുബ്ഹ് ബാങ്കുകൊടുത്ത ഉടനെ നമസ്കരിച്ച് സൂര്യന് ഉദിക്കുന്നതിന്റെ കുറച്ചു മുമ്പുവരെ പ്രാര്‍ഥനകളും കീര്‍ത്തനങ്ങളുമായി ഇവിടെയുള്ള മശ്അറുല്‍ ഹറാമിന്നടുത്ത് നില്ക്കുക. ഇപ്പോള്‍ ഇവിടെ പള്ളിയുണ്ട്. അതിനകത്ത് തന്നെ നില്‍ക്കണമെന്നില്ല. നാം രാത്രി താമസിച്ച സ്ഥലത്തു ഖിബ്ലക്ക് അഭിമുഖമായി നിന്നാലും മതി. നബി(സ്വ) പറഞ്ഞു, ഞാന്‍ ഇവിടെയാണ് നില്‍ക്കുന്നത് (മുസ്ലിം) 2. സൂര്യന് ഉദിക്കുന്നതിനു മുമ്പായി ഇവിടെനിന്ന് മിനായിലേക്ക് നീങ്ങുക. ഈ യാത്രയിലും തല്ബിയതുകള് ചൊല്ലിക്കൊണ്ടിരിക്കുക.
മുഹസ്സര്‍ താഴ്വരയിലെത്തിയാല്‍, മറ്റുയാത്രക്കാര്‍ക്ക് പ്രയാസമുണ്ടാവുകയില്ലെങ്കില് അല്പം വേഗതയില്‍ നടക്കാവുന്നതാണ് (മുസ്ലിം) 2. കഅ്ബ നശിപ്പിക്കാന്‍ പുറപ്പെട്ട യമന്‍ ഭരണാധികാരി അബ്രഹയുടെ ആനപ്പടയെ അല്ലാഹു നശിപ്പിച്ച സ്ഥലമാണ് വാദീ മുഹസ്സര്‍.
ഹജ്ജിന്റെ ഭാഗമായി രാത്രി മുഴുവന്‍ മുസ്ദലിഫയില്‍ താമസിക്കുകയാണ് വേണ്ടതെങ്കിലും സ്ത്രീകള്‍, പ്രയാസമുള്ളവര്‍ എന്നിവര്‍ക്കെല്ലാം അര്‍ധരാത്രിക്കുശേഷം, അഥവാ ചന്ദ്രക്കലമാഞ്ഞതിനു ശേഷം മിനായിലേക്ക് പോകാവുന്നതാണ് (ബുഖാരി) 3.
ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ മുസ്ദലിഫയില്‍ നിന്ന് ശേഖരിക്കുന്നത് നബിചര്യയല്ല. ഇതെല്ലാം മതത്തിലെ അതിരുകവിച്ചിലുകളാണ്. ഈ കല്ലുകള്‍ മിനായില്‍ എവിടെ നിന്നും പെറുക്കിയെടുക്കാവുന്നതാണ്.
മിനായില്‍ താമസിക്കല്‍
മക്ക നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഏകദേശം ഏഴു കിലോമീറ്റര്‍ അകലത്തില്‍ ഹറമില്പെട്ട പ്രദേശമാണ് മിനാ. തമ്പുകളുടെ നഗരം എന്നാണിത് അറിയപ്പെടുന്നത്. ഹാജിമാര്‍ക്കായി ശീതീകരണ സംവിധാനമുള്ള, തീപിടിക്കാത്ത ഒരു ലക്ഷത്തിലേറെ കൂടാരങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹജ്ജിന്റെ പല പ്രധാന കര്‍മങ്ങളും ഇവിടെ കേന്ദ്രീകരിച്ചു കൊണ്ടാണ് നിര്‍വഹിക്കുന്നത്. ഹാജിമാരുടെ പ്രധാന താമസസ്ഥലവും ഇതാണ്. ഇവിടെ ടെന്റിലോ പുറത്തോ ആയി ഹാജിമാര്‍ താമസിക്കേണ്ടതാണ്. അതിനാവശ്യമായ എല്ലാ സൗകര്യങ്ങളും സുഊദി സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. മിനായില്‍ നിന്നാണ് ഹാജിമാര്‍ ഹജ്ജിന്റെ കര്‍മങ്ങള്‍ തുടങ്ങുന്നത്. എല്ലാ ഹാജിമാരും ദുല്‍ഹിജ്ജ എട്ടിന് (യൗമുത്തര്‍വിയ) ദുഹ്ര്‍ നമസ്കരിക്കാന്‍ മിനായിലെത്തുന്നു. ഒമ്പതിന്റെ സുബ്ഹ് വരെ എല്ലാ നമസ്കാരങ്ങളും ജംആക്കാതെ ഖസ്ര് മാത്രമാക്കി നമസ്കരിക്കണം. ഈ ഖസ്ര് യാത്രക്കാര്‍ക്കുള്ള ആനുകൂല്യമല്ല. എല്ലാ ഹാജിമാരും ഇങ്ങനെയാണ് ചെയ്യേണ്ടത്. ഒമ്പതിന് സൂര്യോദയത്തോടെ അറഫയിലേക്ക് പുറപ്പെടണം.
ഈ സമയത്തുള്ള മിനായിലെ വാസം ഹജ്ജിന്റെ സുന്നത്താണ്. അന്ന് അവിടെ പോവുകയോ താമസിക്കുകയോ ചെയ്തില്ലെങ്കില്‍, ഹജ്ജിലെ നബിചര്യയുടെ പൂര്‍ണത നഷ്ടപ്പെടുമെന്നല്ലാതെ കുറ്റമാകുന്നില്ല. എന്നാല്‍ ദുല്‍ഹിജ്ജ പത്തുമുതല്‍ പതിമൂന്നുവരെയുള്ള ദിവസങ്ങളില്‍ ഇവിടെ താമസിക്കുക എന്നത് ഹജ്ജിന്റെ നിര്‍ബന്ധഭാഗമാണ്, വാജിബാണ്. ഇതാണ് നബി(സ്വ)യുടെ മാതൃക. പ്രത്യേക സാഹചര്യത്തില്‍ ചോദിച്ചവര്‍ക്കു മാത്രമേ ഇതില്‍ നബി(സ്വ) ഇളവനുവദിച്ചിട്ടുള്ളൂ. അബ്ബാസ്(റ) ഹാജിമാര്‍ക്ക് വെള്ളം കൊടുക്കാന്‍ ഏല്പിക്കപ്പെട്ട വ്യക്തിയാ യിരുന്നതിനാല്‍ മിനക്ക് പുറത്ത് താമസിക്കാന്‍ നബി(സ്വ) അനുമതി നല്കുകയുണ്ടായി. ഇതുപോലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത കാര്യങ്ങളില്‍ മാത്രമേ ഈ ഇളവ് ഉപയോഗിക്കാവൂ. ഹജ്ജിന്റെ എന്തെങ്കിലും ഉത്തരവാദിത്തം ഏല്പിക്കപ്പെട്ടവര്, രോഗത്താല്‍ അവിടെ താമസിക്കാന്‍ പറ്റാത്തവര്‍ തുടങ്ങിയവരാണിത് (മജ്മൂഉ ഫതാവാ ഇബ്നിബാസ്) 4
തിരിച്ചുപോകാന്‍ ധൃതിയുള്ളവര്‍ രണ്ടുദിവസം താമസിച്ചാലും മതി. ഖുര്‍ആന്‍ പറയുന്നു: ”എണ്ണപ്പെട്ട ദിവസങ്ങളില്‍ നിങ്ങള്‍ അല്ലാഹുവെ സ്മരിക്കുക. രണ്ടു ദിവസംകൊണ്ട് മതിയാക്കി ആരെങ്കിലും ധൃതിപ്പെട്ട് പോരുന്നപക്ഷം അവന് കുറ്റമില്ല. ഒരു ദിവസവുംകൂടി താമസിച്ചു പോരുന്നവന്നും കുറ്റമില്ല. സൂക്ഷ്മത പാലിക്കുന്നവന്ന് അതാണ് ഉത്തമം. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അവങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുമെന്ന് മനസ്സിലാക്കുകയും ചെയ്യുക”(2:203).
ഇത് ദുല്‍ഹിജ്ജ പതിനൊന്നും പന്ത്രണ്ടുമാണ്. പന്ത്രണ്ടിന് മതിയാക്കി പോകു ന്നവര്‍ സൂര്യാസ്തമയത്തിനു മുമ്പായി ഇവിടെനിന്ന് പോകണം. എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കില്‍ വൈകുന്നതില്‍ കുഴപ്പമില്ല.
മിനായില്‍ താമസിക്കാന്‍ സ്ഥലമില്ലാത്ത സാഹചര്യം വന്നാല്‍ തൊട്ടടുത്ത സ്ഥലത്ത് താമസി ക്കാവുന്നതാണ്. അറിയാതെ മിനാക്ക് പുറത്തായിപോയാലും കുഴപ്പമില്ല. ബോധപൂര്‍വം മിനായില്‍ താമസം ഒഴിവാക്കുന്നവരും രണ്ടു ദിവസമെങ്കിലും മുഴുവനായി താമസിക്കാത്തവരുമെല്ലാം പ്രായശ്ചിത്തമായി ബലി നല്‍കണം.
മിനായില്‍ താമസിക്കുന്ന ദിവസങ്ങളില്‍ പ്രധാനമായും ചെയ്യാനുള്ള കര്‍മങ്ങള്‍ ജംറകളിലെ കല്ലേറാണ്. കൂടാതെ പരമാവധി സമയം പ്രാര്‍ഥനകളും ദിക്റുകളുമായി കഴിയുക. ഏതെങ്കിലും പ്രത്യേക ദുആകളും ദിക്റുകളും ഇവിടെ നിര്‍ണയിക്കപ്പെട്ടിട്ടില്ല. ഹജ്ജിലാണുള്ളതെന്നും വളരെ പുണ്യകരമായ സ്ഥലത്തും സമയത്തുമാണ് എന്നുമുള്ള ബോധത്തോടെ പരമാവധി നന്മകള് വര്‍ധിപ്പിക്കുക. എല്ലാ നമസ്കാരങ്ങളും ഖസ്റായി ഓരോന്നിന്റെയും നേരത്ത് നിര്‍വഹിക്കുയാണ് നബിചര്യ. ജംആക്കേണ്ടതില്ല എന്നര്‍ഥം. തമത്തുഅ് ആയി ഹജ്ജ് നിര്വഹിക്കുന്നവന് ബലി നല്കാന് കഴിയില്ലെങ്കില്‍ പകരമായി നിര്‍വഹിക്കേണ്ട പത്തു നോമ്പുകളില്‍ മൂന്നെണ്ണം മിനായില്‍ താമസിക്കുന്ന അയ്യാമുത്തശ്രീഖില്‍ എടുക്കാവുന്നതാണ്.
ജംറകളും കല്ലേറും
ഹറമിന്റെ ദിശയില്‍ മിനായുടെ അതിര്‍ത്തിയിലാണ് ജംറകള്‍ സ്ഥിതിചെയ്യുന്നത്. ഹജ്ജിന്റെ ഭാഗമായി കല്ലേറ് എന്ന ചടങ്ങ് നിര്‍വഹിക്കേണ്ടത് ഇവിടെയുള്ള ജംറകള്‍ എന്നു അടയാള പ്പെടുത്തിയ തൂണുകള്ക്കുനേരെയാണ്. ജംറ എന്നാല്‍ ചെറുകല്ല്, കല്ലുകള്‍ ഒരുമിച്ചു കൂട്ടുന്ന സ്ഥലം എന്നെല്ലാമാണ് ഭാഷയിലെ അര്‍ഥം. മിനായില്‍ നിശ്ചിത അകലങ്ങളിലായി സ്ഥാപിച്ച തൂണുകളും അതിനു ചുറ്റുമുള്ള കൊട്ടത്തളവും ഉള്‍ക്കൊള്ളുന്നതാണ് ഹജ്ജിലെ ജംറ. ഏകദേശം ഇരുനൂറുമീറ്റര്‍ അകലങ്ങളിലായി ഇങ്ങനെ മൂന്നു കല്ലേറു സ്ഥലങ്ങള്‍ (ജംറ) ഉണ്ട്. ഈ തൂണുകള്‍ക്കു നേരെയാണ് കല്ലെറിയേണ്ടത്.
ഏറെ തിരക്കിന് സാധ്യതയുള്ള ഇവിടെ ഹാജിമാര്‍ക്ക് പരമാവധി സൗകര്യപ്രദമായി കര്‍മം നിര്‍വ ഹിക്കാനുള്ള സജ്ജീകരണങ്ങള്‍ അധികൃതര്‍ ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായി ജംറയിലേക്ക് പ്രവേശിക്കാനും പുറത്തുപോകാനും വണ്‍വേ സംവിധാനമാണ്. കൂടാതെ ഒരോ രാജ്യക്കാര്‍ക്കും പ്രത്യേകം സമയം നിശ്ചയിച്ചിട്ടുണ്ട്. ഇപ്പോള്‍ മുകള്തട്ടിലൂടെയും എറിയാനുള്ള പാലം ഉണ്ടാക്കി യിട്ടുണ്ട്. അധികൃതരുടെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് ഹാജിമാര്‍ക്ക് പ്രയാസം സൃഷ്ടിക്കുമെ ന്നതിനാല്‍ കുറ്റകരമാണ് എന്നുപണ്ഡിതന്മാര് ഫത്വ നല്‍കിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഇവിടെ യുണ്ടായ പലദുരന്തങ്ങള്‍ക്കും പ്രധാനകാരണം ഇങ്ങനെവന്ന നിയമ ലംഘനങ്ങളായിരുന്നു. നിഷ്കളങ്കരായ ഹാജിമാരുടെ വിഷമങ്ങള്‍ക്കും മരണത്തിനും കാരണക്കാരാകാതിരിക്കാന്‍ ഒരോരു ത്തരും ശ്രദ്ധിക്കേണ്ടത് ഇസ്ലാമിക ബാധ്യതയാണ്.
എന്നാല്‍ പ്രയാസമുണ്ടാകാതിരിക്കാന്വേണ്ടി നബി(സ്വ) നിര്‍ദേശിച്ചുതന്ന സമയവും സ്ഥലവും രൂപവുമൊന്നും മാറ്റാവുന്നതല്ല. അയ്യാമുത്തശ്രീഖില്‍ ഉച്ചക്കുശേഷമാണ് ജംറകളില്‍ എറിയേണ്ടത്. ഇത് രാവിലെ നിര്‍വഹിക്കാന്‍ പാടില്ല. ആദ്യം എറിയാന്‍ പറഞ്ഞ സ്ഥലത്ത് തിരക്കായാല്‍ അടു ത്തതില്‍ നിന്ന് തുടങ്ങാനും പാടില്ല. ഏഴു കല്ലുകളില്‍ ഒരോന്നു വീതം അല്ലാഹു അക്ബര്‍ എന്നു ചൊല്ലി സ്തൂപത്തിനു നേരെ എറിയുകയാണ് ഏറിന്റെ രീതി. ഇതിനു പകരം എല്ലാംകൂടി ഒന്നിച്ചെറി യാനോ, സ്തൂപത്തിലോ ചുറ്റുമുള്ള തടത്തിലെങ്കിലുമോ വീഴാത്ത വിധത്തില്‍ എവിടെയെങ്കിലും എറിഞ്ഞുപോകാനോ പാടില്ല. ചെകുത്താനെ എറിയുന്നു എന്ന രൂപേണ ചെകുത്താനെ ചീത്ത വിളി ച്ചും തളത്തിന്റെ മതിലുകള്‍ ചവിട്ടിയും മറ്റും വലിയ കല്ലും ചെരിപ്പും കുടയും പോലുള്ള വസ്തു ക്കള്‍കൊണ്ട് എറിയാനോ, വീണുപോയ കല്ലിനുപകരം മറ്റെന്തെങ്കിലും എടുത്ത് എറിയാനോ പാടില്ല. കടലമണിയോളം വലിപ്പമുള്ള ചെറിയ കല്ലുകളാണ് എറിയാന്‍ ഉപയോഗിക്കേണ്ടത്. കിട്ടിയില്ലെങ്കില്‍ വലിയ കല്ലുപയോഗിക്കാം. ഇത് എവിടെ നിന്നും ശേഖരിക്കാവുന്നതാണ്. ദുല്‍ഹിജ്ജ പത്താം ദിവസത്തെ ഏറിനുള്ള ഏഴെണ്ണം എടുത്തുനല്കാന് നബി(സ്വ) ആവശ്യപ്പെട്ടത് ജംറക്ക് തൊട്ടടുത്തു നിന്നാണ്. എല്ലാ ദിവസത്തേക്കുമുള്ള കല്ലുകള്‍ മുസ്ദലിഫയില്‍ നിന്നുതന്നെ പെറുക്കി സൂക്ഷിക്കുന്നതില്‍ ഒരു പുണ്യവുമില്ല. മിനായില്‍ നിന്നു ശേഖരിച്ചാല്‍ മതി. കല്ലുകള്‍ കഴുകുകയോ മറ്റോ വേണ്ടതില്ല. കല്ലെറിയുമ്പോള്‍ മറ്റുള്ളവരുടെ കണ്ണിലും തലയിലുമൊന്നും വീഴാതിരിക്കാനും ശ്രദ്ധിക്കുക. ഏറെ സൂക്ഷ്മതയോടെ നിര്‍വഹിക്കേണ്ട ഇബാദത്താണ് എന്ന ബോധം നഷ്ടപ്പെടാതെ സൂക്ഷിക്കണം. അതിരുകവിയലുകള്‍ കര്‍മത്തിന്റെ പുണ്യം നഷ്ടപ്പെടുത്തുമെന്നു മാത്രമല്ല കുറ്റകരം കൂടിയാണ്.
ദുല്‍ഹിജ്ജ പത്തിന് മിനായിലെത്തിയാല്‍ ആദ്യമായി ചെയ്യേണ്ടത് കല്ലേറാണ്. ഇത് നബി(സ്വ) നിര് വഹിച്ചത് ദുഹാ (പൂര്‍വാഹ്നം) സമയത്താണ്. എപ്പോഴാണോ എത്തുന്നത് അപ്പോള്‍ എറിയാവുന്ന താണ്. മുസ്ദലിഫയില്‍ നിന്ന് നേരത്തേ പുറപ്പെട്ട സ്ത്രീകളും ദുര്‍ബലരും ദുഹാസമയം ആയതിനു ശേഷമാണ് കല്ലെറിയേണ്ടത്. മിനാ അതിര്‍ത്തിയില്‍ മക്കയോട് അടുത്തുള്ളതും കൂടുതല്‍ വലു തുമായ ജംറതുല്‍ കുബ്റായിലാണ് (ജംറതുല്‍ അഖബ) അന്ന് കല്ലെറിയേണ്ടത്. ഇവിടെ കല്ലെ റിഞ്ഞ് തുടങ്ങുന്നതോടെ തല്ബിയത് അവസാനിപ്പിക്കണം. പിന്നീട് തക്ബീറാണ് ചൊല്ലേണ്ടത്. അന്ന് കല്ലെറിഞ്ഞ് മിനായില്‍ മടങ്ങിയെത്തിയ ശേഷമാണ് ദുഹ്ര്‍ നമസ്കരിക്കേണ്ടത്.
പതിനൊന്നു മുതലുള്ള ദിനങ്ങളില്‍ ഉച്ചയ്ക്കു ശേഷമാണ് കല്ലെറിയേണ്ടത്. അതിനു മുമ്പെ എറിയുന്നത് സ്വീകരിക്കപ്പെടില്ല. അതിനാല്‍ മാറ്റി എറിയണം. എന്തെങ്കിലും കാരണവശാല്‍ ഒരു ദിവസം എറിയാന്‍ കഴിയാതെവന്നാല്‍ അത് അടുത്ത ദിവസം എറിയാവുന്നതാണ്. അയ്യാമു ത്തശ്രീഖ് തീരുന്നതിനു മുമ്പായി അതു നിര്‍വഹിക്കണം. നബി(സ്വ) ഈ ദിവസങ്ങളില്‍ കല്ലേറിനു ശേഷമാണ് ദുഹ്ര്‍ നമസ്കരിച്ചത്. അസ്തമയത്തിനു മുമ്പാകുന്നതാണ് നല്ലതെങ്കിലും രാത്രിയിലും ഏറ് നിര്‍വഹിക്കാവുന്നതാണ്. പതിനൊന്നിന് ആദ്യം ജംറതുല്‍ ഊലായില്‍ ഏഴു കല്ലുകള്‍ ഓരോ ന്നായി, അല്ലാഹുഅക്ബര്‍ എന്നു പറഞ്ഞ് എറിയുക. ശേഷം അല്പം മുന്നോട്ട് വന്ന് ഖിബ്ലക്ക് അഭിമുഖമായി നിന്ന് പ്രാര്‍ഥിക്കുക. പിന്നെ ജംറതുല്‍ വുസ്ത്വായിലും ആദ്യത്തേതുപോലെ എറി യുകയും പ്രാര്‍ഥിക്കുകയും ചെയ്യുക. അവസാനം ജംറതുല്‍ അഖബയില്‍ എറിയുക. എന്നാല്‍ അവിടെ നബി (സ്വ) പ്രാര്ഥിച്ചിട്ടില്ലാത്തതിനാല് പ്രാര്‍ഥിക്കേണ്ടതില്ല. ജംറതുല്‍ ഊലായിലും വുസ് ത്വായിലും നമുക്കിഷ്ടമുള്ള പ്രാര്‍ഥനകള്‍ നിര്‍വഹിക്കാവുന്നതാണ്.
പന്ത്രണ്ടിനും ഇതേ ക്രമത്തില്‍ എറിയുക. ഇതോടെ വാജിബ് പൂര്‍ണമായതിനാല്‍ അത്യാവശ്യമു ള്ളവര്‍ക്ക് ഹജ്ജ് അവസാനിപ്പിച്ച് പോകാവുന്നതാണ്. എന്നാല്‍ പൂര്ണമാക്കാന് ഉദ്ദേശിക്കുന്നവര്‍ പതിമൂന്നിനും ഇതേ ക്രമത്തില്‍ ഏറു നടത്തുക. ഇവ ഈക്രമത്തില്തന്നെ ചെയ്യുക എന്നത് ഹജ്ജിന്റെ നിര്‍ബന്ധ ബാധ്യതയില്‍ പെട്ടതാണ്. ബോധപൂര്‍വം തെറ്റിച്ചാല്‍ പ്രായശ്ചിത്തമായി മൃഗബലി നടത്തണം. എന്തെങ്കിലും കാരണങ്ങളാല്‍ ഏതെങ്കിലും ദിവസം പകലോ രാത്രിയോ ആ ദിവസത്തെ ഏറ് നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ടു ദിവസത്തെയും ഏറുകള്‍, അല്ലെങ്കില്‍ മൂന്നു ദിവസത്തെയും ഏറുകള്‍ മൂന്നാമത്തെ ദിവസം ആദ്യദിവസത്തെ ഏറിനു ശേഷം രണ്ടാം ദിനത്തിന്റെത് എന്ന ക്രമത്തില്‍ ഒരേ ദിവസംതന്നെ എറിയാവുന്നതാണ്. ഇതോടെ ബാധ്യത വീടും. അയാള്‍ ബലി നിര്‍വഹിക്കേണ്ടതില്ല (ഇബ്നു ഖുദാമ, അല്‍മുഗ്നീ) 5.
എത്ര കല്ലുകള്‍ എറിഞ്ഞു എന്നോ എറിഞ്ഞ കല്ല് ജംറയില്‍ വീണിട്ടുണ്ടോ എന്നും സംശയമായാല്‍ ഉറപ്പുള്ള എണ്ണം സ്വീകരിക്കുകയും വേറെ കല്ല് എറിയുകയും വേണം. കുറച്ച് പ്രയാസപ്പെട്ടാലും സ്വയം എറിയുന്നതാണ് ഉത്തമം. എന്നാല്‍ വലിയ പ്രയാസമുള്ളവര്‍ക്ക് മറ്റു ഹാജിമാരെ ചുമത ലപ്പെടുത്താവുന്നതാണ്. അയാള്‍ ഓരോ ജംറയിലും ആദ്യം തന്റെ ഏറ് നിര്‍വഹിക്കുകയും ശേഷം നിയ്യത്തോടുകൂടി ഏല്പിച്ച ആള്‍ക്കുവേണ്ടി ഏറു നര്വഹിക്കുകയുമാണ് വേണ്ടത്. പകരക്കാരന് ചെയ്തതിനു ശേഷം സ്വന്തമായി ചെയ്യാനുള്ള സാഹചര്യമുണ്ടായാല്‍ വേണമെങ്കില്‍ സ്വന്തമായി നിര്‍വഹിക്കാം; ബാധ്യതയില്ല (ഇമാം ശന്‍ഖീത്വീ, അദ്വാഉല്‍ ബയാന്‍ )
മൃഗബലി
പുരാതനകാലം മുതല്‍ മതസമൂഹങ്ങളില്‍ ദൈവപ്രീതിക്കായുള്ള മൃഗബലി പുണ്യകര്‍മമായി കരുത പ്പെട്ടുവരുന്നു. ഇസ്ലാമും പ്രപഞ്ച സ്രഷ്ടാവിന് വണങ്ങുന്നതിനുള്ള ഒരു രൂപമായി ബലിയെ നിശ്ച യിച്ചിട്ടുണ്ട്. ജീവനെടുക്കുന്നത് ഇസ്ലാമില്‍ മഹാപാപമാണ്. മനുഷ്യനെന്നല്ല ഒരു ജീവിയെയും വെറുതെ കൊല്ലാന്‍ പാടില്ല. എന്നാല്‍, ചില ജീവികള്‍ മനുഷ്യന്റെ ഭക്ഷണത്തിനായി നിശ്ചയിക്ക പ്പെട്ടവയാണ്. അവയുടെ നിലനില്പും മനുഷ്യന്റെ നിലനില്പുമെല്ലാം ഇങ്ങനെ അനുകൂലനം ചെയ്യ പ്പെട്ടതാണ്. അതിനാല്‍ ന്യായമായ തോതിലും രൂപത്തിലും അവയെ അറുക്കുന്നതും തിന്നുന്നതും ഇസ്ലാം അനുവദിച്ചു. അതിനാല്‍ പാവപ്പെട്ടവന് ഭക്ഷണമാകാനും തനിക്ക് ദാനം പുണ്യമാകാനു മായി ഒട്ടകങ്ങളെയും ആടുമാടുകളെയും ബലിയറുത്ത് ദരിദ്രര്‍ക്ക് ഭക്ഷണമായി നല്‍കാവുന്നതാണ്. ”ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട് അവയുടെമേല്‍ നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട് ബലിയര്‍പ്പിക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണ്കഴിഞ്ഞാല് അവയില്‍ നിന്നെടുത്ത് നിങ്ങള്‍ ഭക്ഷിക്കുകയും, സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക് അപ്രകാരം നാം കീഴ്പെടുത്തി ത്തന്നിരിക്കുന്നു”(22:36).
ബലി മൃഗത്തിന്റെ മാംസമോ രക്തമോ ഒന്നും ദൈവത്തിനായി മാറ്റിവെക്കുന്നില്ല. അതൊന്നും നേര്‍ച്ചയായി അല്ലാഹു സ്വീകരിക്കുകയുമില്ല. ആ സന്ദര്‍ഭത്തിലുള്ള ഭക്തന്റെ മനസ്സാണ് പ്രതിഫലത്തിന് മാനദണ്ഡം. ”അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്. അല്ലാഹു നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്ത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന് അവയെ നിങ്ങള്‍ക്ക് കീഴ്പെടുത്തിത്തന്നിരിക്കുന്നു. നബിയേ, സദ്വൃത്തര്‍ക്ക് നീ സന്തോഷ വാര്‍ത്ത അറിയിക്കുക”(22:37).
തനിക്കു പ്രിയപ്പെട്ടതെന്തും, ജീവന്‍പോലും, ദൈവശാസനമുണ്ടെങ്കില് ബലിനല്കാന് തയ്യാറാണെന്ന സന്ദേശമാണ് ബലിയിലൂടെ ഇസ്ലാം മുന്നോട്ടുവെക്കുന്നത്. ഇബ്റാഹീം(അ) പ്രവാചകന്റെയും കുടുംബത്തിന്റെയും മഹത്തായ ബലിയുടെ ഓര്മ പുതുക്കുന്ന ഹജ്ജില്‍ അക്ഷരാര്‍ഥത്തില്‍ തന്നെ ബലി പ്രസക്തമാവുകയാണ്. ഇതിനുവേണ്ടി തെരഞ്ഞെടുക്കുന്ന മൃഗങ്ങള്‍ ന്യൂനതകളില്ലാത്തവയും പ്രായം തികഞ്ഞവയുമാകണം. ഒട്ടകത്തിലും മാടുകളിലും ഏഴുവരെ പേര്‍ക്ക് പങ്കുചേരാവുന്നതാണ്. (ബലി പെരുന്നാള്ലിങ്ക് നോക്കുക).
കഅ്ബയുമായി ബന്ധപ്പെട്ടു നടക്കുന്ന ബലിക്കാണ് ഹദ്യ് എന്നു പറയുന്നത്. ഹാജിമാരോ അല്ലാ ത്തവരോആയ ആര്‍ക്കും ഇങ്ങനെ ബലി നിര്‍വഹിക്കാവുന്നതാണ്. ഇത് എപ്പോഴും എത്രയും ആകാവുന്നതാണ്.
മൂന്നുതരം ബലികളാണ് ഹജ്ജിലുള്ളത്.
- ഹജ്ജിന്റെ നിര്ബന്ധഭാഗമായ (വാജിബ്) ബലി. മുതമത്തിഉം ഖാരിനും ഇത് ചെയ്യല്‍ നിര്‍ബന്ധമാണ്.
- ഹജ്ജ് കര്‍മത്തിലെ ഏതെങ്കിലും വാജിബ് നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ട പ്രായശ്ചിത്ത(കഫ്ഫാറത്)മായി നടത്തുന്ന ബലി.
- ഹജ്ജോ ഉംറയോ നിര്‍വഹിക്കുന്നതില്‍നിന്ന് തടയപ്പെട്ടാല്‍ നടത്തേണ്ട ബലി ”നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറയും പൂര്‍ണമായി നിര്‍വഹിക്കുക. ഇനി നിങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് സൗകര്യപ്പെടുന്ന ഒരു മൃഗത്തെ ബലിയര്‍പ്പിക്കേണ്ടതാണ്. ബലിമൃഗം എത്തേണ്ട സ്ഥാനത്ത് എത്തുന്നത്വരെ നിങ്ങള്‍ തലമുടിയെടുക്കരുത്. ആരെങ്കിലും രോഗിയാവുകയോ, തലയില്‍ വല്ല പ്രയാസാവും അനുഭവപ്പെടുകയോ ആണെങ്കില്‍ പ്രായശ്ചിത്തമായി നോമ്പോ ദാനധര്‍മമോ ബലി കര്‍മമോ നിര്‍വഹിച്ചാല്‍ മതിയാകും. ഇനി നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാണെങ്കിലോ, അപ്പോള്‍ ഒരാള്‍ ഉംറ നിര്‍വഹിച്ചിട്ട് ഹജ്ജ്വരെ സുഖമെടുക്കുന്ന പക്ഷം സൗകര്യപ്പെടുന്ന ഒരു മൃഗത്തെ ബലിയറുക്കേണ്ടതാണ്. ഇനി ആര്‍ക്കെങ്കിലും അത് കിട്ടാത്തപക്ഷം ഹജ്ജിനിടയില്‍ മൂന്നുദിവസവും, നിങ്ങള്‍ തിരിച്ചെത്തിയിട്ട് ഏഴു ദിവസവും -പത്ത് ദിവസം- നോമ്പനുഷ്ഠിക്കേണ്ടതാണ്. കുടുംബസമേതം മസ്ജിദുല്‍ ഹറാമില്‍ താമസിക്കുന്ന വര്‍ക്കല്ലാത്തവര്‍ക്കാകുന്നു ഈ വിധി. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക(2:196).
മൂന്നുതരം നിര്‍ബന്ധ ബലിയും(ഹദ്യ്) ഇവിടെ പരാമര്‍ശിക്കപ്പെടുന്നുണ്ട്. എല്ലാ ഹാജിമാരും ബലി നല്‍കേണ്ടതില്ല. ഖിറാന്‍, തമത്തുഅ് എന്നീ രൂപത്തില്‍ ഹജ്ജ് തീരുമാനിച്ചവര്‍ക്കാണ് ബലി നിര്‍ബന്ധമാകുന്നത്. ഇത് ദുല്‍ഹിജ്ജ പത്തിന് ജംറതുല്‍ അഖബയിലെ കല്ലേറ് കഴിഞ്ഞതുമുതല്‍ അയ്യാമുത്തശ്രീഖ് കഴിയുന്നതുവരെ നിര്‍വഹിക്കാവുന്നതാണ്. ഇവിടെ ഹാജിയുടെ ശേഷിയനുസ രിച്ച് എത്ര മൃഗത്തെയും ബലി അറുക്കാവുന്നതാണ്. സമയത്തിനു മുമ്പായാല്‍ അത് ഹജ്ജിന്റെ നിര്ബന്ധബലിയായി പരിഗണിക്കപ്പെടില്ല. പകരം വേറെ ബലി നടത്തണം. ബലി മിനായില്‍ എവിടെയും നിര്‍വഹിക്കാമെങ്കിലും അതിനായി നിശ്ചിതസ്ഥലമുണ്ട്. ഹാജിക്ക് വേണമെങ്കില്‍ മൃഗത്തെ വാങ്ങി സ്വയം അറുക്കാം. ബിസ്മില്ലാഹി വല്ലാഹു അക്ബര്‍, അല്ലാഹുമ്മ ഇന്ന ഹാദാ മിന്‍ക വലക അല്ലാഹുമ്മ തഖബ്ബല്‍ മിന്നീ എന്നു പറഞ്ഞാണ് അറുക്കേണ്ടത്. മറ്റുദാനങ്ങളില് നിന്ന് വ്യത്യസ്തമായി ഇത് ബലിദാനം ചെയ്തവര്‍ക്ക് തിന്നുകയും ബന്ധുക്കളെയോ കൂട്ടുകാരെയോ തീറ്റുകയും ചെയ്യാം. നിര്‍ബന്ധമല്ല. ദരിദ്രര്‍ക്കുള്ള അവകാശം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഇന്ന് സുഊദി സര്‍ക്കാര്‍ ബലിയറുക്കുവാനുള്ള മൃഗത്തിനുള്ള വില ഹാജിമാരില്‍നിന്ന് ശേഖരിച്ച് അവിടെവെച്ച്തന്നെ നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ (ദുല്‍ഹിജ്ജ പത്തുമുതല്‍ പതിമൂന്നുവരെ) അറുത്ത് മാംസം സംസ്കരിച്ച് ഗുണമേന്മയോടെ വിവിധ രാജ്യങ്ങളിലെ ദരിദ്രര്‍ക്ക് എത്തിക്കാനുള്ള വിശാലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതിനാല്‍ ഹാജി അതിനുള്ള ബാങ്ക് അക്കൗണ്ടില്‍ പണമടച്ചാല്‍ മതി. ബലിക്ക് സാമ്പത്തികമായോ മറ്റോ സാധിക്കാതെവന്നാല്‍ അവര്‍ പത്ത് ദിവസം നോമ്പനുഷ്ഠിക്കണം. ഇതില്‍ മൂന്നെണ്ണം മക്കയില്‍ നിന്നും ബാക്കി സ്വന്തം നാട്ടിലെത്തിയ ശേഷ വും നിര്‍വഹിക്കേണ്ടതാണ്. മക്കയിലെ നോമ്പ് അയ്യാമുത്തശ്രീക്വിന്റെ ദിനങ്ങളിലും അനുവദിക്കപ്പെട്ടിട്ടുണ്ട്.
പ്രായശ്ചിത്ത ബലി
ഹജ്ജിന്റെ പ്രധാനഘടകങ്ങളോ (റുക്നുകള്) നിര്ബന്ധഭാഗങ്ങളോ (വാജിബുകള്‍) നഷ്ടപ്പെടുന്ന വര്‍ക്ക് ചില സന്ദര്‍ഭങ്ങളില്‍ പ്രായശ്ചിത്തമായി ബലി നിശ്ചയിച്ചിട്ടുണ്ട്. ഹജ്ജിന്റെ റുക്നുകളായ ഇഹ്റാം, അറഫയില്‍ നില്ക്കല് നിര്‍ത്തം, ത്വവാഫുല്‍ഇഫാദ, സഅ്യ് എന്നിവ നഷ്ടപ്പെട്ടാല്‍ ഒട്ടകം ബലിയായി നല്‍കുകയും അടുത്തവര്‍ഷം ഹജ്ജ് നിര്‍വഹിക്കുകയുമാണ് വേണ്ടത്.
ഹജ്ജിന് ഇഹ്റാമില്‍ പ്രവേശിച്ചശേഷം രോഗം, പണം നഷ്ടപ്പെടല്‍, തിരിച്ചുപോകേണ്ട നിര്‍ബന്ധ ഘട്ടങ്ങളുണ്ടാകല് പോലെ അനിവാര്യമായ കാരണങ്ങളാല്‍ ഹജ്ജ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നവന് പ്രായശ്ചിത്തമായി ബലിനല്‍കി വേണം ഇഹ്റാമില്‍ നിന്ന് ഒഴിവാകാന്‍. അവന്റെ നിര്ബന്ധഹജ്ജ് പിന്നീട് നിര്‍വഹിക്കുകയും വേണം (ഖുര്‍ആന്‍ 2:196). ഇഹ്റാം ചെയ്യുമ്പോള്‍ തന്നെ ‘തടയപ്പെടുന്നത്വരെ’ എന്ന നിബന്ധന വെച്ചിട്ടുണ്ടെങ്കില്‍ പ്രായശ്ചിത്ത ബലി നല്‍കേണ്ടതില്ല. ഈബലി ഹറമില്‍തന്നെ നിര്‍വഹിക്കണമെന്ന് നിര്‍ബന്ധമില്ല.
പുരുഷന്മാര് ഇഹ്റാമിലായിരിക്കെ തുന്നിയവസ്ത്രം ധരിക്കുക, നെരിയാണി മറയുന്ന ഷൂ ധരിക്കുക, തലമറയ്ക്കുക, പുരുഷന്മാരും സ്ത്രീകളും ശരീരത്തിലും വസ്ത്രത്തിലും സുഗന്ധം പുരട്ടുക, തലമുടിയടക്കം ശരീരത്തിലെ ഏതെങ്കിലും ഭാഗത്തെ രോമങ്ങള്‍ നീക്കംചെയ്യുക, നഖം മുറിക്കുക, സ്ത്രീകള്‍ ഇഹ്റാമില്‍ കൈയുറയും മുഖംമൂടിയും ധരിക്കുക തുടങ്ങിയ ഹജ്ജിലെ വാജിബുകള്‍ ബോധപൂര്‍വമോ എന്തെങ്കിലും കാരണത്താലോ മറികടക്കേണ്ടിവന്നാല് ബലി നല്‍കണം. ഈ ബലികള്‍ സാധിക്കാതെ വന്നാല്‍ മൂന്നുദിവസം നോമ്പെടുക്കുകയോ ആറു ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുകയോ വേണം.
ഇഹ്റാമില്‍ ജീവികളെ വേട്ടയാടിയാല്‍ ആ ജീവിയുടെ വലിപ്പുമുള്ള മൃഗത്തെ ബലികൊടുക്കുകയോ അതിന്റെ വിലക്കുള്ള ഭക്ഷ്യവസ്തുക്കള്‍ അര സാഅ് അല്ലെങ്കില്‍ ഒരു കിലോവീതം പാവങ്ങള്‍ക്ക് വിതരണം ചെയ്യുകയോ അതിനും സാധ്യമല്ലെങ്കില്‍ എത്ര ദരിദ്രര്‍ക്കാണോ ആ ഭക്ഷണം നല്‍കുക അത്രയും എണ്ണം നോമ്പെടുക്കുകയോ വേണം (വി. ഖു 5:95). ഇഹ്റാമിലായിരിക്കെ ദമ്പതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ഹജ്ജ് നഷ്ടപെടും. അവന് ഒരു ഒട്ടകത്തെ ബലി നല്‍കുകയും അടുത്തവര്‍ഷം വീണ്ടും ഹജ്ജ് നിര്‍വഹിക്കുകയും വേണം. എന്നാല്‍ ദുല്‍ഹിജ്ജ പത്തിന് മുടികളഞ്ഞ് ഒന്നാം തഹല്ലുലാലയ ശേഷമാണ് ഭാര്യാസംസര്‍ഗം നടന്നതെങ്കില്‍ ഒരു ആടിനെ ബലി നല്കിയാല് മതിയാകുന്നതാണ്
മീഖാത്തില്‍വെച്ച് ഇഹ്റാം നിര്‍വഹിക്കുക, അറഫയില്‍ സൂര്യാസ്തമയംവരെ നില്ക്കുക, മുസ്ദലിഫയില്‍ രാപ്പാര്‍ക്കുക, മിനായില്‍ താമസിക്കുക, ജംറകളില്‍ കല്ലെറിയുക, മുടിയെടുക്കുക, ത്വവാഫുല്‍ വിദാഅ് നിര്‍വഹിക്കുക എന്നീ ഹജ്ജിന്റെ വാജിബുകള്‍ നഷ്ടപ്പെട്ടാലും മൃഗബലി നടത്തണം. പ്രായശ്ചിത്ത ബലിമാംസം ബലി അറുത്തവര്‍ തിന്നരുത്. അത് ഹറമിലും പുറത്തുമുള്ള ദരിദ്രര്‍ക്ക് നല്കാനുള്ളതാണ്.
മുടി നീക്കം ചെയ്യല്‍
ദുല്‍ഹിജ്ജ പത്തിന് ജംറതുല്‍ അഖബയിലെ ഏറും ബലിയും കഴിഞ്ഞാല്‍ പിന്നീട് ഹാജി തലമു ണ്ഡനം ചെയ്യുകയോ വെട്ടുകയോ ചെയ്യുകയാണ് വേണ്ടത്. ഇങ്ങനെയാണ് നബി(സ്വ) ചെയ്തത്. എന്നാല്‍ ഈ ക്രമം പാലിക്കല്‍ നിര്‍ബന്ധമില്ലെന്ന് സ്വഹാബികളുടെ മാതൃകകളിലൂടെ മനസ്സിലാകുന്നു. ജംറയിലെ ഏറ്, ബലി, മുടിയെടുക്കല്‍ എന്നിവ പരസ്പരം മുന്തിക്കുകയോ പിന്തിക്കുകയോ ചെയ്യാം. എന്നാലും നബി(സ്വ) കാണിച്ച മാതൃക പിന്തുടരുന്നതാണ് ഉത്തമം. മനഃപൂര്‍വം മുടിയെടുക്കാതിരുന്നാല് പ്രായശ്ചിത്തബലി നടത്തേണ്ടതുണ്ട്.
മുടി പൂര്‍ണമായും എടുക്കുന്നതാണ് (മുണ്ഡനം ചെയ്യുക) കൂടുതല്‍ പുണ്യകരം. നബി(സ്വ) പറഞ്ഞു: ‘അല്ലാഹുവേ, തലമുണ്ഡനം ചെയ്തവര്‍ക്ക് നീ കാരുണ്യം നല്കേണമേ’. സ്വഹാബികള്‍ പറഞ്ഞു, റസൂലേ, മുടി മുറിച്ചവരെയും. നബി(സ്വ) അപ്പോഴും, തലമുണ്ഡനം ചെയ്തവരെ അല്ലാഹു അനുഗ്രഹിക്കട്ടെ. എന്നു പറഞ്ഞു. മുടിമുറിച്ചവരെയും എന്ന് സ്വഹാബികള്‍ ആവര്‍ത്തിച്ചു. അപ്പോഴും റസൂല്‍ മുണ്ഡനം ചെയ്തവരെയും എന്ന് ആവര്‍ത്തിച്ചു. വീണ്ടും സ്വഹാബികള്‍ മുടിമുറിച്ചവരെയും എന്നു പറഞ്ഞപ്പോള്‍ മുടിമുറിച്ചവരെയും എന്ന് റസൂല്‍(സ്വ) പറഞ്ഞു (ബുഖാരി) 6.
മുടിമുറിക്കുക എന്നാല്‍ ഏതെങ്കിലും ഭാഗത്ത് നിന്ന് ഏതാനു ഇഴകള്‍ മുറിക്കുകയല്ല. ഇതെല്ലാം നമ്മുടെ ആരാധനയുടെ ആത്മാര്‍ഥത നശിപ്പിക്കുന്നതും മതത്തില്‍ കുതന്ത്രങ്ങള്‍ നിര്‍മിക്കലുമാണ്. എല്ലാ ഭാഗത്തും നിന്നുമായി മുറിക്കണം. സ്ത്രീകളും മുടി മുറിക്കണം. അവര്‍ മുടി പൂര്‍ണമായി മുറിക്കുകയോ വടിക്കുകയോ പാടില്ല. ഒരു വിരലിന്റെ നീളത്തില്‍ മുടിയുടെ അറ്റത്തുനിന്ന് മുറിച്ചാല്‍ മതി. ഇതോടെ ഹാജിമാര്‍ക്ക് ഇഹ്റാമില്‍ നിഷിദ്ധമായിരുന്ന സ്ത്രീബന്ധമല്ലാത്ത മറ്റെല്ലാ കാര്യങ്ങളും അനുവദനീയമാകും.
തല്ബിയ
ഇഹ്റാമിനുശേഷം ഹജ്ജ് കഴിയുന്നതുവരെയായി ഹാജിമാര്‍ ഏറെ നിര്‍വഹിക്കേണ്ട തൗഹീദ് പ്രഖ്യാപനമാണ് തല്ബിയത്. കഅ്ബ പണിതശേഷം, അല്ലാഹുവിനെ ആരാധിക്കാനായി ആദ്യമായി ഭൂമിയില്‍ നിര്‍മിക്കപ്പെട്ട ആ ഭവനത്തിലേക്ക് പുണ്യയാത്രക്ക് (ഹജ്ജ്)വരാന്‍ ജനങ്ങളെ ക്ഷണി ക്കാന്‍ ഇബ്റാഹീം നബി(അ)യോട് അല്ലാഹു കല്പിച്ചു. ആ കല്പനയ്ക്കുള്ള ഉത്തരമായിട്ടാണ് തല്ബിയത് ചൊല്ലുന്നത് എന്ന് പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നു (ഫത്ഹുല്ബാരീ) 7.
തല്ബിയത് എന്ന അറബി പദത്തിന്, പ്രഖ്യാപനം, ഉത്തരംനല്കല്, മുഖംതിരിക്കല്‍ എന്നെല്ലാം ഭാഷാര്‍ഥമുണ്ട്. ലബ്ബൈക എന്ന വാക്കിന് നിനക്ക് ഉത്തരം നല്കിയിരിക്കുന്നു, നിന്നിലേക്ക് മുഖം തിരിച്ചിരിക്കുന്നു, നിന്നോട് ഇഷ്ടപ്രഖ്യാപനം നടത്തിയിരിക്കുന്നു, നിന്നെ ലക്ഷ്യമാക്കിയിരിക്കുന്നു എന്നെല്ലാം അര്‍ഥം പറയപ്പെട്ടിട്ടുണ്ട്. ചുരുക്കത്തില്‍ അല്ലാഹുവിനോടുള്ള ഇഷ്ടപ്രഖ്യാപനവും അവന്റെ ക്ഷണംപരിഗണിക്കലും അവന് ആവശ്യപ്പെട്ട ആരാധനക്കുള്ള സന്നദ്ധതയും അവനോടുള്ള നന്ദിപ്രകടനവും അവന്റെ കഴിവുകള്‍ക്കു മുമ്പിലുള്ള വിനയപ്രകടനവും സര്‍വോപരി ആരാധ്യനെന്ന നിലക്കുള്ള അവന്റെ ഏകത്വം ആവര്‍ത്തിച്ചുരുവിട്ട് പ്രഖ്യാപി ക്കലുമാണ് തല്‍ബിയതിലൂടെ ഹാജി നിര്‍വഹിക്കുന്നത്. നമസ്കാരത്തില്‍ ഓരോ കര്‍മത്തിനു ശേഷവും തക്ബീര്‍ ചൊല്ലുന്നതുപോലെയാണ്, ഹജ്ജിലെ ഒരു കര്‍മത്തില്‍നിന്നും മറ്റൊരു കര്മത്തിലേക്ക് മാറുന്നതിനുള്ള അറിയിപ്പായ തല്ബിയത്. കഅ്ബയില്‍ പ്രവേശിച്ചാല്‍ ഇത് അവസാനിപ്പിക്കും. ത്വവാഫ് കഴിഞ്ഞാല്‍ വീണ്ടും ആരംഭിക്കും. അറഫയിലെത്തിയാല് തല്ബിയത് നിര്‍ത്തുന്നു. അവിടെ നിന്ന് തിരിച്ചാല്‍ മുസ്ദലിഫയില്‍ എത്തുന്നത്വരെ വീണ്ടും തല്ബിയത് ചൊല്ലുന്നു.
ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്. ലബ്ബൈക ലാശരീക ലക ലബ്ബൈക്. ഇന്നല് ഹംദ വന്നിഅ്മത ലക വല്‍ മുല്‍ക്, ലാ ശരീക ലക്.(73) (അല്ലാഹുവേ നിന്റെ വിളിക്കിതാ ഉത്തരം നല്കിയിരിക്കുന്നു. ഉത്തരം നല്കിയിരിക്കുന്നു. വിളിക്കുത്തരം ചെയ്തിരിക്കുന്നു. നിനക്ക് പങ്കുകാരില്ല, സ്തുതിയും അനുഗ്രഹ ങ്ങളും ആധിപത്യവുമെല്ലാം നിനക്കുതന്നെ, നിനക്കു പങ്കുകാരില്ല) ഇതാണ് ഏറ്റവും ശരിയായ തല്‍ ബിയതിന്റെ വാക്യം (ബുഖാരി) 8. ഇതാണ് നബി(സ്വ) നിര്‍വഹിച്ചത്. അബ്ദു ല്ലാഹിബ്നു ഉമര്‍(റ)വില്‍നിന്നും മറ്റും ചിലവര്ധനകള് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ടങ്കിലും റസൂല്‍(സ്വ) സ്വീകരിച്ച രൂപമാണ് ഉത്തമമെന്നതില്‍ സംശയമില്ല. പ്രബലമായ സുന്നത്താണ് ഇത് എന്നാണ് ഇമാം അഹ്മദും ശാഫിഈ ഇമാമിന്റെ ഒരഭിപ്രായവും സൂചിപ്പിക്കുന്നത് (ഇബ്നുബാസ്(റ) ഇതാണ് ശരിയായ അഭിപ്രാമായി തെരഞ്ഞെടുത്തത് മജ്മൂഉ ഫതാവാ 17/75,76). ഇഹ്റാം കഴിഞ്ഞാല്‍ കഅ്ബ കാണുന്നതുവരെ തല്ബിയത് മാത്രമാണ് ചൊല്ലേണ്ടത്. ഹജ്ജിന് ഇഹ്റാം ചെയ്തവനാണെങ്കില്‍ മറ്റു ദുആകളും ദിക്റുകളും നിര്‍ദേശി ക്കപ്പെടാത്തപ്പോഴെല്ലാം ദുല്‍ഹിജ്ജ പത്ത്വരെ സന്ദര്‍ഭം കിട്ടുമ്പോഴെല്ലാം ഇത് ചൊല്ലി ക്കൊണ്ടിരിക്കാവുന്നതാണ്.
തല്‍ബിയതിന് ഏറെ മഹത്വവും കൂലിയും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. തൗഹീദ് പ്രഖ്യാപനമാണത്. ഏറ്റവും ശ്രേഷ്ഠമായ ഹജ്ജ് ഏതാണ് എന്ന ചോദ്യത്തിന് തല്‍ബിയതും ബലിയുമുള്ളത് എന്നാണ് നബി(സ്വ) മറുപടി നല്‍കിയത്. തല്‍ബിയതിന് അദ്ദേഹം സ്വര്‍ഗം വാഗ്ദാനം ചെയ്തിട്ടുണ്ട്. നാം തല്ബിയത് ചൊല്ലുമ്പോള്‍ നമ്മുടെ ഇരുപാര്‍ശ്വങ്ങളിലുമുള്ള വൃക്ഷങ്ങള്‍,കല്ലുകള്‍, മണ്ണ് എന്നിവയും തല്ബിയത് ചൊല്ലുമെന്നും അദ്ദേഹം ഉണര്‍ത്തി (തിര്‍മിദി) 9. അത് ഹജ്ജിന്റെ അടയാളമാണെന്നും അത് ചൊല്ലാന്‍ അനുചരന്മാരോട് നിര്‍ദേശിക്കാനും ജിബ്രീല്‍(അ) നബി(സ്വ)യോട് ഉണര്‍ത്തുന്നുണ്ട് (ഇബ്നുമാജ,2923). പുരുഷന്മാര് ഇത് മിതമായ ശബ്ദത്തിലും സ്ത്രീകള്‍ ചെറിയ ശബ്ദത്തിലും ചൊല്ലുന്നതാണ് ഉത്തമം. (ഇമാം ഇബ്നു തൈമിയ, ഇബ്നു ഉസൈമീന്‍ എന്നിവര്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നു).
ഇഹ്റാം ആരംഭിച്ചതുമുതല്‍ ഹജ്ജ്കഴിഞ്ഞ് ഇഹാറാമില് നിന്ന് ഒഴിയുന്നതുവരെ അഥവാ ജംറതുല്‍ അഖബയില്‍ എത്തുന്നതുവരെ എല്ലാ സന്ദര്‍ഭങ്ങളിലും തല്ബിയത് ചൊല്ലാവുന്നതാണ്. യാത്രയി ലും ഇരുത്തത്തിലും നമസ്കാരശേഷവുമെല്ലാം ഇത് നിര്‍വഹിക്കാം. എന്നാല്‍ മത്വാഫ്, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലെല്ലാം മറ്റു പ്രാര്‍ഥനകളും ദിക്റുകളുമാണ് നിര്‍വഹിക്കേണ്ടത്.
ഹജ്ജ് കര്‍മം ഒറ്റനോട്ടത്തില്‍
ചാന്ദ്രവര്ഷമനുസരിച്ചുള്ള കാലഗണനയിലെ പന്ത്രണ്ടാം മാസമായ ദുല്‍ഹിജ്ജ എട്ടുമുതല്‍ പതിമൂന്നു വരെയുള്ള ആറു ദിനങ്ങളിലാണ് ഹജ്ജിന്റെ കര്‍മങ്ങള്‍ നിര്‍വഹിക്കപ്പെടുന്നത്.
- എട്ട് (യൗമുത്തര്‍വിയ): ഉച്ചയാകുമ്പോഴേക്കും ഹാജിമാര്‍ മിനായില്‍ എത്തുന്നു. അവിടെ ടെന്റുക ളിലോ പുറത്തോ താമസിക്കുന്നു. ദുഹ്ര്‍, അസ്വ്ര്‍, ഇശാ എന്നീ നമസ്കാരങ്ങള്‍ ക്വസ്റായും (രണ്ടു റക്അത്തായി) മറ്റു നമസ്കാരങ്ങള്‍ സാധാരണ നിര്‍വഹിക്കുന്നത് പോലെയും ജംആക്കാതെ (ഒന്ന് മറ്റൊന്നിന്റെ സമയത്ത് ചേര്‍ക്കാതെ) നമസ്കരിക്കുന്നു. ദിക്ര്, ദുആ, ഖുര്‍ആന്‍ പാരായണം തുടങ്ങിയ നന്മകളുമായി പിറ്റേന്ന് പ്രഭാതോദയംവരെ അവിടെ നില്ക്കുന്നു.
- ഒമ്പത് (യൗമു അറഫ): സൂര്യനുദിച്ച ശേഷം തല്‍ബിയതുമായി അറഫയിലേക്ക് പുറപ്പെടുന്നു. അറഫയുടെ അതിര്‍ത്തിയിലുള്ള മസ്ജിദുന്നമിറയിലെത്തി ഉച്ചതിരിഞ്ഞശേഷമുള്ള ഇമാമിന്റെ പ്രഭാഷ ണം ശ്രവിച്ച്, ദുഹ്റും അസ്റും ജംഉം ഖസ്റുമായി നമസ്കരിച്ച് അറഫമൈതാനിയിലേക്ക് നീങ്ങുന്നു. അവിടെ പ്രാര്‍ഥനാ കീര്‍ത്തനങ്ങളുമായി സൂര്യനസ്തമിക്കുന്നതുവരെ താമസിക്കുന്നു. ശേഷം സാവകാശം മുസ്ദലിഫയിലേക്ക് നീങ്ങുന്നു. അവിടെ എത്തിയ ഉടനെ മഗ്രിബും ഇശാഉം നമസ്കാരങ്ങള്‍ ജംഉം കസ്റുമാക്കി നമസ്കരിക്കുന്നു. വേഗം ഉറങ്ങുന്നു. രോഗികളോ ദുര്‍ബലരോ ആയവര്‍ പാതിരക്കുശേഷം മസുദലിഫയില് നിന്ന് മിനായിലേക്ക് നീങ്ങുന്നു. മറ്റുള്ളവര്‍ സ്വുബ്ഹ് ബാങ്ക് കൊടുത്ത ഉടനെ നമസ്കരിച്ച് മശ്അറുല്‍ ഹറാമിലോ തനിക്ക് സൗകര്യപ്പെട്ട സ്ഥലത്തോ ഇരുന്ന് ദിക്ര് ദുആകളില്‍ മുഴുകുന്നു. സൂര്യോദയത്തിന് അല്പം മുമ്പായി മിനായിലേക്ക് പുറപ്പെടുന്നു.
- പത്ത് (യൗമുന്നഹ്ര്): മിനായില്‍ തിരിച്ചെത്തുന്ന ഹാജി ഉടനെ ജംറതുല്‍ അഖബയില്‍ കല്ലേറു നട ത്തുന്നു. മിനായില്‍ ഹജ്ജിന്റെ ബലി നടത്തേണ്ട ഖാരിനും മുതമത്തിഉം അതു നിര്‍വഹിച്ച് തലമു ടിയെടുക്കുന്നു. ഇതോടെ ഇഹ്റാമില്‍ നിന്ന് ഭാഗികമായി ഒഴിവാകുന്നു. സാധാരണവേഷം സ്വീകരി ക്കുന്നു. ഇഹ്റാമില്‍ നിഷിദ്ധമായ സ്ത്രീ സംസര്‍ഗമല്ലാത്ത കാര്യങ്ങളെല്ലാം അനുവദനീയമായി. ശേഷം മസ്ജിദുല്‍ ഹറമിലെത്തി ത്വവാഫുല്‍ ഇഫാദ നിര്‍വഹിക്കുന്നു. മഖാമു ഇബ്റാഹീമില്‍ നമസ്കാരം. പിന്നീട് സഫാമര്‍വക്കിടയില്‍ സഅ്യ് നിര്‍വഹിച്ച് ഇഹ്റാമില്‍ നിന്ന് പൂര്‍ണമായും മുക്തനായി ആരാധനകളുമായി മിനായില്‍ താമസിക്കുന്നു.
- പതിനൊന്ന് (യൗമുത്തശ്രീഖ്): ഉച്ചയ്ക്കുശേഷം ജംറകളിലേക്ക് കല്ലേറിനായി നീങ്ങുന്നു. ആദ്യം ജംറതുല്‍ ഊലായില്‍ കല്ലെറിയുന്നു. ഖിബ്ലക്കഭിമുഖമായി പ്രാര്‍ഥിക്കുന്നു, ശേഷം ജംറതുല്‍ വുസ്ത്വായില്‍ കല്ലെറിഞ്ഞ് ഖിബ്ലക്കഭിമുഖമായി നിന്ന് പ്രാര്‍ഥിക്കുന്നു. അവസാനമായി ജംറതുല്‍ കുബ്റായില്‍ കല്ലെറിയുന്നു. ഇവിടെ പ്രാര്‍ഥനയില്ല. തിരിച്ചു മിനായിലെ താമസസ്ഥലത്തെത്തുന്നു. ആരാധനയില്‍ കഴിയുന്നു. ഹജ്ജിന്റെ പ്രായശ്ചിത്ത നോമ്പ് നോല്ക്കാനുള്ളവര്ക്ക് ഈ ദിവസം നോമ്പ് തുടങ്ങാം. പത്തില്‍ മൂന്നെണ്ണം മക്കയില്‍വെച്ച് നിര്‍വഹിക്കേണ്ടതാണ്.
- പന്ത്രണ്ട് (യൗമുത്തശ്രീഖ്): പതിനൊന്നിന്റെ കര്‍മങ്ങള്‍ ആവര്‍ത്തിക്കുന്നു. നാട്ടിലേക്ക് പോകാന്‍ ധൃതിയുള്ളവര്‍ക്ക് ഉച്ചക്കു ശേഷമുള്ള കല്ലേറ് കഴിഞ്ഞ് മിനായില്‍ നിന്ന് യാത്രതിരിക്കാം. ന്യായമായ കാരണമില്ലാതെ വൈകുന്നവര്‍ അന്നുപോകാന്‍ പാടില്ല.
- പതിമൂന്ന് (യൗമുത്തശ്രീഖ്): മുന്‍ ദിവസങ്ങളിലെ കര്‍മങ്ങള്‍ ആവര്‍ത്തിക്കുക. ഹജ്ജ് അവസാ നിച്ചു. നാട്ടിലേക്ക് തിരിക്കുന്നവര്‍ക്ക് വിടവാങ്ങല്‍ ത്വവാഫ് നടത്തി മക്ക വിടാം. ആര്‍ത്തവം, പ്രസവരക്തം എന്നിവയുള്ളവര്‍ക്ക് ത്വവാഫുല്‍ വിദാഅ് ആവശ്യമില്ല.
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 38, ഹദീസ് 1218[↩][↩]
- സ്വഹീഹു മുസ്ലിം, അബുല്‍ ഹസന് മുസ്ലിമുബ്നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്ലിം), ദാറു ഇഹ്യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 04, പേജ് 43, ഹദീസ് 1219[↩][↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 165, ഹദീസ് 1679[↩]
- മജ്മൂഅ് ഫതാവാ വ മഖാലാത്തുന്‍ മുതനവ്വിഅ, ഇബ്നി ബാസ്, ഇദാറത്തുല്‍ ബുഹുസില്‍ ഇല്മിയ്യ, സുഊദി അറേബ്യ, വാള്യം 17, പേജ് 362[↩]
- അല്‍ മുഗ്നി ലി ഇബ്നു ഖുദാമ, അബൂ മുഹമ്മദ് അബ്ദുല്ലാഹിബ്നു അഹ്മദ് ബ്നി ഖുദാമ, ഇബ്നു ഖുദാമ, മക്തബതുല്‍ ഖാഹിറ, 1968, വാള്യം 05, പേജ് 333[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 174, ഹദീസ് 1727[↩]
- ഫത്ഹുല്‍ ബാരി, അഹ്മദ് ബ്നു അലിയ്യിബ്നി ഹജര്‍ അബുല്‍ ഫദ്ല് അല്‍ അസ്ഖലാനി, ദാറുല്‍ മഅ്രിഫ, ബൈറൂത്ത്, വാള്യം 03, പേജ്: 409, ഹദീസ് 1549[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 138, ഹദീസ് 1549[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്നു ഈസാ ബ്നു സൗറത്തു ബ്നു മൂസാബ്നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 180, ഹദീസ് 828[↩]
