ഖുര്‍ആന്‍ ഉപമകള്‍ -3
അല്ലാഹുവിൽ നിന്നുള്ള ഗ്രന്ഥമായ വിശുദ്ധ ഖുർആൻ കേവലം വിധിവിലക്കുകൾ മാത്രം പരാമർശിക്കുന്ന ഒന്നല്ല, മറിച്ച് മാനവ സമൂഹത്തിന് സമഗ്രവും സമ്പൂർണ്ണവുമായ വെളിച്ചം നൽകാൻ പര്യാപ്തമായ ഒരു മഹദ് ഗ്രന്ഥമാണ്. നിയമാവലികൾ, ശിക്ഷണപാഠങ്ങൾ, ഗുണപാഠങ്ങൾ എന്നിവ ധാരാളമായി അതിലുണ്ട്. വിവരണം, കഥാകഥനം, ആഖ്യാനം തുടങ്ങിയ പല രൂപത്തിലും ഖുർആൻ മനുഷ്യമനസ്സുകളെ സമീപിക്കുന്നു. കാര്യങ്ങൾ എളുപ്പത്തിൽ ഗ്രഹ്യമാക്കുന്നതിനായി ഉപമകളിലൂടെയും ഉദാഹരണങ്ങളിലൂടെയും കാര്യങ്ങൾ അവതരിപ്പിക്കുന്നു. ഭാഷയിൽ ഉപമാലങ്കാരങ്ങൾക്കുള്ള വലിയ സ്ഥാനം കാരണം, വായനക്കാരന്റെ ആസ്വാദ്യത വർദ്ധിപ്പിക്കുന്നതിനൊപ്പം വിഷയം വേഗത്തിൽ മനസ്സിലാക്കാനും ഇത് സഹായിക്കുന്നു. ഖുർആനിൽ നാൽപ്പതിലേറെ വ്യക്തമായ ഉപമകളും ഒട്ടേറെ വ്യംഗ്യമായ ഉപമകളും കാണാവുന്നതാണ്. അവയിൽ പുറമെ കാണുന്ന നുരയും പതയും, കൈവിട്ട പ്രകാശം, ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കാത്തവൻ, പ്രകാശത്തിനു മേൽ പ്രകാശം തുടങ്ങിയ ഉപമകളാണ് ഖുര്‍ആന്‍ ഉപമകള്‍ എന്ന ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ഖുർആനിലെ ഉപമകളിൽ എന്തിനോട് ഉപമിക്കുന്നു എന്നതിനേക്കാൾ, ഉപമയിലെ പ്രമേയമാണ് ശ്രദ്ധിക്കേണ്ടത്. ഒരു കൊതുകിനെയോ അതിനേക്കാൾ നിസ്സാരമായതിനെയോ ഉപമയാക്കുന്നതിൽ അല്ലാഹു ലജ്ജിക്കുന്നില്ല. എന്നാൽ പ്രമേയങ്ങളെ ശ്രദ്ധിക്കാതെ ഉപമകളുടെ ബാഹ്യമായ കാര്യങ്ങളിൽ തർക്കവിതർക്കങ്ങൾ നടത്തുന്നവരെ ഖുർആൻ ആക്ഷേപിക്കുന്നത് കാണാൻ കഴിയും.
പുറമെ കാണുന്ന നുരയും പതയും
ഭൗതിക ജീവിതത്തിന്റെ പളപളപ്പുകള്‍ക്കിടയില്‍ എല്ലാവരും ആഗ്രഹിച്ചുകൊണ്ടിരിക്കുന്നത് സുഖസൗകര്യങ്ങളുടെ സമ്പൂര്‍ണതയാണ്. അതാകട്ടെ ഒരിക്കലും ഒരാള്‍ക്കും പൂര്‍ണമായി ഈ ലോകത്ത് ലഭ്യമല്ല താനും. കോടീശ്വരനായാലും അസ്വസ്ഥ മനസ്സിന്റെ ഉടമയാണെങ്കില്‍ പുറമേ കാണുന്ന സാമ്പത്തിക ശേഷി മാത്രം നോക്കി ഒരാളെ ധന്യന്‍ എന്ന് വിലയിരുത്തിക്കൂടാ.
അതുപോലെത്തന്നെയാണ് ബാഹ്യമായ സൗന്ദര്യവും സൗകര്യവും വിലയിരുത്തി ഒരു വ്യക്തിയെയോ, കുടുംബത്തെയോ സമൂഹത്തെയോ വിലയിരുത്തുന്നതും. ഈയൊരു യാഥാര്‍ഥ്യത്തിന് മുന്‍പില്‍നിന്ന് സത്യത്തെയും അസത്യത്തെയും ഉപമിച്ച് പറയുന്ന വിശുദ്ധ ഖുര്‍ആനിലെ 13ാം അധ്യായത്തിലെ 17ാം വചനം എത്ര ചിന്താര്‍ഹം!
”അല്ലാഹു ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ആ വെള്ളം താഴ്വരകളിലൂടെ അവയുടെ വലിപ്പത്തിനനുസരിച്ച് ഒഴുകിക്കൊണ്ടിരിക്കുന്നു. ആ ഒഴുക്കില്‍ പൊങ്ങി നില്ക്കുന്ന നുരയെയും വഹിച്ചുകൊണ്ടാണ് ആ ഒഴുക്ക്. വല്ല ആഭരണമോ, ഉപകരണമോ ഉണ്ടാക്കാന്‍വേണ്ടി തീയിലിട്ട് കത്തിക്കുന്ന ലോഹത്തില്‍നിന്നും അതുപോലുള്ള നുരയുണ്ടാകും. അതുപോലെയാകുന്നു അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാല്‍ ആ നുര ചവറായി പോകുന്നു. മനുഷ്യര്‍ക്കുപകാരമുള്ളതാകട്ടെ, ഭൂമിയില്‍ തങ്ങിനില്ക്കുന്നു. അപ്രകാരം അല്ലാഹു ഉപമകള്‍ വിവരിക്കുന്നു’‘(13:17).
വളരെ ആഴത്തില്‍ വിലയിരുത്തേണ്ട ഒരു ഉപമയാണിത്. ശുദ്ധമായ ലോഹം അടിയില്‍ തങ്ങി നില്ക്കും അതിലെ മാലിന്യങ്ങള്‍ പുറമെ പതച്ചു പൊങ്ങിനില്ക്കും. ശുദ്ധമായ വെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി മനുഷ്യര്‍ക്ക് ഉപകാരപ്പെടുന്നു. പുറമേക്ക് കാണുന്ന കുത്തൊഴുക്കിലെ നുരയും പതയും പതഞ്ഞുപൊങ്ങി പൊട്ടിത്തീരുന്ന കുമിളകള്‍ മാത്രവും. ഇതുപോലെത്തന്നെയാണ് ജീവിത പ്രവാഹത്തിന്റെ മുകള്‍പരപ്പില്‍ അസത്യത്തിന്റെ ചപ്പും ചവറും പൊങ്ങി നില്ക്കുന്നതായി നമുക്ക് പലപ്പോഴും കാണാം. കാലക്രമത്തില്‍ അവയൊക്കെ ഛിന്നഭിന്നമായി നശിച്ചുപോകുന്നു. സത്യം സ്ഥായിയായ അംഗീകാരത്തോടെ സമൂഹത്തിന്റെ അന്തര്‍ധാരയായി നിലനില്ക്കുന്നു.
അസത്യത്തിന്റെയും അസാന്മാര്‍ഗികതയുടെയും സഹയാത്രികര്‍ ഭൗതിക ജീവിതത്തില്‍ പൊലിമയും പൊങ്ങച്ചവും പ്രകടിപ്പിക്കുന്നത് സത്യസന്ധരെയും സന്മാര്ഗികളെയും പുഛിക്കുന്നിടം വരെ എത്താറുണ്ട്. ശാശ്വതമായ ജീവിതത്തെ സംബന്ധിച്ചിടത്തോളം നശ്വരമായ ഇഹലോകജീവിതം എത്ര തുച്ഛമാണെന്ന് നബി(സ്വ) ഉദാഹരിച്ചത് നോക്കൂ. ”ഒരു മഹാ സമുദ്രത്തില്‍നിന്ന് ഒരു പക്ഷി തന്റെ കൊക്കുകൊണ്ട് എടുക്കുന്ന വെള്ളം എത്രയാണോ അത്രയാണ് ഈ ഇഹലോകം, സമുദ്രത്തില്‍ ബാക്കി എത്രയാണോ അതാണ് പരലോകം.” ഈ വിശ്വാസ ദൃഢതയുള്ള ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ക്ഷണികമായ ഈ ലോക ജീവിതം അടിച്ചുപൊളിച്ചു പുളയ്ക്കാനുള്ളതല്ല. വിജയത്തിനുള്ള വഴിയൊരുക്കാനും സ്വര്‍ഗം കരസ്ഥമാക്കാനുമുള്ളതാണ്. അതുകൊണ്ടുതന്നെ ബാഹ്യമായ മോഡിക്കല്ല മറിച്ച് മനസ്സിലൂറിയ വിശ്വാസത്തിനും അതില്‍നിന്നുത്ഭുതമാവുന്ന സത്പ്രവര്ത്തനങ്ങള്ക്കുമാണ് പ്രഥമ പരിഗണന. അതിന് വിരുദ്ധമായ ജീവിത വീക്ഷണം വെച്ചു പുലര്‍ത്തുന്നവരാകട്ടെ അവര്‍ ശരീരത്തിന്റെ സൗഖ്യവും ബാഹ്യമായ സുഖസൗകര്യങ്ങളും എത്രത്തോളം നേടാമോ അത്രയും ശേഖരിക്കാന്‍ ശ്രമിക്കുന്നു. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിനിടയില്‍ മറ്റാരുടെയും വിധിവിലക്കുകള്‍ അവന് മുഖവിലക്കെടുക്കുന്നില്ല. ധര്‍മാ-ധര്‍മങ്ങള്‍ അവനെ വ്യാകുലപ്പെടുത്തുന്നില്ല. എന്നാല്‍ അതു മുഖേന ജീവിതത്തില്‍ ശരിയായ സമാധാനം കിട്ടില്ല അവര്‍ക്ക്.
തനിക്ക് ലഭിച്ചത് ആവശ്യത്തിന് മാത്രം ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്കുകൂടി ഉപകാരപ്പെടുത്തുകയും ചെയ്യുന്ന പ്രസിദ്ധി ആഗ്രഹിക്കാത്ത സജ്ജനങ്ങളാണ് സത്യത്തിന്റെ സഹചാരികള്‍. പുറമേക്ക് കാണുന്ന പളപളപ്പില്‍ മാത്രം കാര്യം കാണുന്നവര്‍ ജീവിത ലക്ഷ്യമെന്തന്നറിയാത്ത അസത്യത്തിന്റെ കുത്തൊഴുക്കില്‍ പെട്ടവരും. ആഭരണമുണ്ടാക്കാന്‍ സ്വര്‍ണ്ണമുരുക്കുമ്പോഴും ഇതേ പ്രതിഭാസം നമുക്ക് ദര്‍ശിക്കാനാകും.
ചൂടേറ്റ് തനി തങ്കത്തിന് മാറ്റ് കൂടുമ്പോള്‍ അതിലെ മാലിന്യമാണ് നുരയായി പൊന്തുന്നത്. ജീവിത പരീക്ഷണത്തിന്റെ ഏത് തീച്ചൂളയിലും വിശ്വാസത്തിന്റെ മാറ്റുകൂട്ടുന്ന പ്രക്രിയക്ക് നല്ല ഒരു ഉപമ തന്നെയാണിത്.
കൈവിട്ട പ്രകാശം
”സന്മാര്ഗം വിറ്റ് ദുര്‍മാര്‍ഗം വാങ്ങിയവരാകുന്നു അവര്‍. എന്നാല്‍ അവരുടെ കച്ചവടം ലാഭകരമാവുകയോ അവര്‍ ലക്ഷ്യം പ്രാപിക്കുകയോ ചെയ്തില്ല. അവരെ ഉപമിക്കാവുന്നത് ഒരാളോടാകുന്നു. അയാള്‍ ഒരു തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ തപ്പുവാന്‍ അവരെ വിടുകയും ചെയ്തു. ബധിരരും ഊമകളും അന്ധരുമായതിനാല്‍ അവര്‍ സത്യത്തിലേക്ക് തിരിച്ച് വരില്ല’‘ (2:16-18).
ദുര്‍ഘടമായ പാതയിലൂടെ ഇരുട്ടുള്ള രാത്രിയിലെ സഞ്ചാരം ഓര്‍ത്തു നോക്കുക! എത്ര പ്രയാസമായിരിക്കും. എന്നാല്‍ ആ രാത്രി സഞ്ചാരത്തിനിടയില്‍ ശക്തമായ ഒരു പ്രകാശത്തെ കൂട്ടായി കിട്ടിയാല്‍ അതെത്ര സൗഭാഗ്യമായിരിക്കും! അപരിചതമായ അപകട സാധ്യതകളെ മുന്‍കൂട്ടി കാണാനും അബദ്ധങ്ങളില്‍ വീഴാതെ സൂക്ഷിക്കാനുമൊക്കെ ഉപകരിക്കുന്ന നല്ല വെളിച്ചം പ്രദാനം ചെയ്യുന്ന ഒരുകൈവിളക്ക് വലിച്ചെറിയുന്നവന് എന്തൊരക്രമമാണ്ചെയ്യുന്നത്. സത്യവിശ്വാസവും സന്മാര്ഗവും വ്യക്തമായതിനുശേഷം അവ കൈയൊഴിഞ്ഞ് അധാര്‍മികതയും തന്നിഷ്ടവും പിന്‍പറ്റി ജീവിക്കുന്ന ദുര്വൃത്തരെയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. അസത്യത്തെ ഇരുട്ടായിട്ടാണ് ഖുര്‍ആനില്‍ പലയിടത്തും വിശദീകരിക്കുന്നത് സത്യത്തെ പ്രകാശമായും. സത്യവെളിച്ചം എന്ന് ബൈബിളിലുടനീളം കാണാന്‍ കഴിയും. ഏക സ്വരൂപനോടുള്ള ഓംകാര മന്ത്രത്തില്‍ അസദോമ സദ്ഗമയ- തമസോമ ജ്യോതിര്‍ഗമയ, അഥവാ അസത്യത്തില്നിന്നും സത്യത്തിലേക്ക് ഇരുട്ടില്‍നിന്നും വെളിച്ചത്തിലേക്ക് നയിക്കേണമേ എന്ന പ്രാര്‍ഥനയും ഇതേ അര്‍ഥത്തില്‍തന്നെയാണ്.
അതായത് സത്യവിശ്വാസവും ധര്‍മ വിചാരവും സത്കര്‍മങ്ങളും ജീവിതത്തെ പ്രകാശമാനമാക്കുന്നുവെങ്കില് അസത്യവും അധര്‍മവും അവിശ്വാസവും വികല വിശ്വാസവും ജീവിതത്തെ ഇരുള്മുറ്റിയതാക്കുന്നു. ആ പ്രകാശം കാലാകാലങ്ങളില്‍ പ്രവാചകന്മാരിലൂടെ ലോകത്തിന് കൈമാറിയിട്ടുണ്ട്.
സാക്ഷാല്‍ ദൈവത്തിന്റെ പക്കല്‍ നിന്നുള്ള സത്യപ്രകാശത്തെ ഊതിക്കെടുത്തിയും കൈയൊഴിച്ചും അജ്ഞതയുടെ അന്ധകാരത്തിലൂടെ മുന്നോട്ട് ഗമിക്കുന്നവര്‍ ചെന്നെത്തുന്നത് ഭയാനകമായ നരകത്തിന്റെ കവാടത്തിലേക്കാണ്. ആ യാത്രയില്‍ അവര്‍ക്ക് കിട്ടിയ വെളിച്ചത്തെ സസന്തോഷം സ്വീകരിക്കുകയും നന്മ- തിന്മകളെ തിരിച്ചറിയുകയും ചെയ്തിരുന്നെങ്കില്‍ അതവര്‍ക്ക് നിലയ്ക്കാത്ത അനുഗ്രഹവും നിരന്തരമായ സന്തോഷവും പ്രദാനം ചെയ്യുമായിരുന്നു. പക്ഷേ ഭൗതികതയുടെ അതിപ്രസരത്തില്‍ അത് ചിന്തിക്കാനുള്ള മനസ്സും കേള്‍ക്കാനുള്ള കാതും കാണാനുള്ള കണ്ണും അവര്‍ക്കുണ്ടായില്ല. അതാണ് ബധിരരും മൂകരും അന്ധരുമായ അവര്‍ സത്യത്തിലേക്ക് മടങ്ങിവരികയില്ലെന്ന് പറഞ്ഞത്. തങ്ങളുടെ ഇഹലോകത്തെ അവര്‍ പരലോകത്തിന് പകരംവിറ്റുതുലച്ചു.
ആ കച്ചവടം ഒരിക്കലും അവര്‍ക്ക് ലാഭകരമല്ല. നശ്വരമായ അറുപതോ എഴുപതോ വര്ഷങ്ങള്ക്കായി അനശ്വരതയുടെ സുഖാനുഭവങ്ങളാണ് അവര്‍ നഷ്ടപ്പെടുത്തിയത്. ഒരിക്കല്‍ അവര്‍ക്ക് നല്കിയ വെളിച്ചം തിരിച്ചെടുത്ത് അവരെ കൂരിരുട്ടിലേക്ക് തള്ളിവിട്ടതുപോലെ. ദൈവിക മാര്‍ഗദര്‍ശനം കൈയൊഴിച്ച മനുഷ്യനെയും അഗണ്യകോടിയില്‍ തള്ളുന്നു. അവന് പ്രകാശത്തെ കൈവിട്ടു. അവനെ പ്രകാശത്തിന്റെ ഉടമയും കൈവിട്ടു എന്നു ചുരുക്കം.
രണ്ടുതരം ഭൃത്യന്മാര്
‘ഒരാളുടെ ഉടമസ്ഥതയിലുള്ള യാതൊന്നിനും കഴിവില്ലാത്ത, ഒരു അടിമയെയും നമ്മുടെ വകയായി നാം ഉപജീവനം നല്‍കിയിട്ട് അതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിച്ച് കൊണ്ടിരിക്കുന്ന ഒരാളെയും അല്ലാഹു ഉപമയായി എടുത്തു കാണിക്കുന്നു. ഇവര്‍ തുല്യരാകുമോ. അല്ലാഹുവിന് സ്തുതി. പക്ഷേ അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല. (ഇനിയും) രണ്ട് പുരുഷന്മരെ അല്ലാഹു ഉപമയായി എടുത്തു കാണിക്കുന്നു. അവരില്‍ ഒരാള്‍ യാതൊന്നിനും കഴിവില്ലാത്ത ഊമയാകുന്നു. അവന് തന്റെ യജമാനന് ഒരു ഭാരവുമാണ്. അവനെ എവിടേക്ക് തിരിച്ചുവിട്ടാലും അവന് യാതൊരു നന്മയും കൊണ്ടു വരില്ല. അവനും, നേരായ പാതയില്‍ നിലയുറപ്പിച്ചുകൊണ്ട് നീതി കാണിക്കാന്‍ കല്പിക്കുന്നവനും തുല്യരാകുമോ’(16:75,76)
തൊഴിലാളിയും മുതലാളിയും, അടിമയും ഉടമയും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കി ധാരാളം ഉദാഹരണങ്ങളും ഉപമകളും ഉദ്ധരിക്കുന്നുണ്ട് ഖുര്‍ആനില്‍. ഏഴാം നൂറ്റാണ്ടിലെ അറേബ്യന്‍ സാഹചര്യത്തിലും മറ്റു ലോകങ്ങളിലുമെല്ലാം സാമൂഹിക ക്രമത്തിന്റെ അനിവാര്യ ഘടകമായിരുന്നു അടിമ സമ്പ്രദായം. ഇതാണ് അടിമകള്‍ ഉപമകളും ഉപമേയങ്ങളുമാകാനുള്ള പശ്ചാത്തലം. ഇസ്ലാമിക പ്രബോധനവുമായി മുഹമ്മദ് നബി കടന്നുവന്നപ്പോള്‍ ആ അടിമ സമ്പ്രദായത്തെ ഇല്ലാതാക്കാനുള്ള ക്രിയാത്മകമായ അനേകം നിര്‍ദേശങ്ങള്‍ മതവിധികളില്‍ കൂടി നല്കുകയുണ്ടായി. അങ്ങനെ ലോകം അടിമത്തമോചനം അജണ്ടയാക്കുന്നതിനും നൂറ്റാണ്ടുകള്‍ മുമ്പേ ഇസ്ലാമിക ലോകത്തു നിന്ന് അടിമത്വം തുടച്ചു നീക്കുകയുണ്ടായി.
രണ്ടുതരം അടിമകളെയും ഉടമകളെയും ഈ സൂക്തങ്ങളില്‍ ഉപമിക്കുകയാണ് അല്ലാഹു. യഥാര്‍ഥ ദൈവത്തെ ആരാധിക്കുകയും അവനോട് മാത്രം പ്രാര്‍ഥിക്കുകയും ചെയ്യേണ്ടതിന് പകരം അല്ലാഹു അല്ലാത്തവരെ ആരാധിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നവര്‍ തങ്ങളുടെ നിലപാട് ന്യായീകരിക്കാന്‍ വേണ്ടി പല ഉപമകളും പറയാറുണ്ട്. വക്കീല്‍ മുഖേനയല്ലാതെ കോടതിയില്‍ പോകാമോ, ട്രാന്‍സ്ഫോമറില്‍നിന്ന് നേരിട്ട് ബള്‍ബ് കത്തിക്കാമോ എന്നതു പോലെയാണ് ദൈവത്തിലേക്കടുക്കാന്‍ പങ്കാളിയെ സ്വീകരിക്കുന്നവര്‍ ന്യായീകരിക്കാറുള്ളത്. ഇത്തരം ഉപമകളൊന്നും രാജാധിരാജനായ സൃഷ്ടികര്‍ത്താവിനെ ഉപമയാക്കി പറയരുതെന്ന ശക്തമായ താക്കീതാണ് ഈ സൂക്തത്തിന് തൊട്ടുമുന്പില് പറഞ്ഞത്. ശേഷമാണ് സര്‍വസ്വതന്ത്രനും പരമാധികാരിയും പരാശ്രയ മുക്തനുമായ അല്ലാഹുവിന് തുല്യരായി സൃഷ്ടികളില്‍ ആരെയെങ്കിലും ഗണിക്കുന്നത് തെറ്റാണെന്നും അയുക്തമാണെന്നും ഈ ഉപമകളിലൂടെ സമര്‍ഥിക്കുന്നത്.
ആദ്യത്തെ ഉദാഹരണത്തില്‍ സ്വന്തമായിട്ടൊന്നും ചെയ്യാന്‍ കഴിയാത്ത, മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള ഒരാളെപ്പോലെ എന്നത് ലോകത്തുള്ള ഏതു മനുഷ്യരും ഏത് സൃഷ്ടിക്കും ബാധകമാണ്. കാരണം ഒരു സൃഷ്ടിയും സ്രഷ്ടാവിന്റെ വിധിക്കും നിയന്ത്രണത്തിനും വിധേയമാവാത്തതായി ഇല്ല. സ്വതന്ത്രനായ ഒരു വ്യക്തിക്ക് തന്റെ സ്വത്തില്‍നിന്ന് ചെലവഴിക്കുന്നതിന് യാതൊരു തടസ്സവുമില്ല. ആരോടും ചോദിക്കേണ്ട. അവന് വേണ്ടത് ചെലവഴിക്കാം. കാരണം അവനാണ് അവന്റെ സ്വത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം. എന്നാല്‍ മറ്റൊരാളുടെ അടിമയായി ജോലി ചെയ്യുന്ന ഒരാള്‍ക്ക് പണമില്ല എന്നത് മാത്രമല്ല, സ്വന്തം കാര്യങ്ങള്‍ പോലും സ്വതന്ത്രമായി തീരുമാനിക്കാന്‍ സാധ്യമല്ല. 1400 വര്‍ഷം മുന്‍പ് ഈ ഉപമ ആ സമൂഹത്തില്‍ വളരെയധികം സ്വാധീനിച്ചിരിക്കണം. കാരണം തന്റെ വീട്ടിലെ അടിമയാരെന്ന് ശരിക്ക് ബോധ്യമുള്ളവരാണല്ലോ അവര്‍. അപ്പോള്‍ സ്വതന്ത്രനും അടിമയും തമ്മിലെ താരതമ്യം ഉദാഹരിക്കുന്നതിലൂടെ ദൈവത്തിലേക്ക് അടുപ്പിക്കാനും സ്വാധീനിക്കാനും വേണ്ടി വിളിച്ച് പ്രാര്‍ഥിക്കുന്ന ദൈവേതര ശക്തികളൊക്കെ സാക്ഷാല്‍ ദൈവത്തിന്റെ അടിമകളാണെന്ന് അവരെ വീണ്ടും ബോധ്യപ്പെടുത്തുകയാണ്. അപ്പോള്‍ ദുര്‍ബലനായ ഒരു അടിമ തന്റെ ഉടമയായ സ്രഷ്ടാവിലേക്കടുക്കാന്‍ മറ്റൊരടിമയോട് സഹായം തേടുകയല്ല വേണ്ടത്.
ഇനി ഇയാള്‍ അടിമത്വം എന്നതിനു പുറമെ യജമാനന് ഭാരമായ ഊമകൂടിയാണെങ്കില്, അവര്‍ക്ക് ഒന്നും ചെയ്തുതരാന്‍ കഴിയില്ല. ദൈവേതര ആരാധ്യരുടെ ദുര്‍ബലത ഇതിലേറെ ഭംഗിയായി വിവരിക്കാന്‍ ആര്‍ക്കാണ് കഴിയുക.
ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കാത്തവന്
”മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്ഥിക്കുന്നവര് ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല, അതിന്നായി ആരാധ്യരെല്ലാം ഒത്തുചേര്‍ന്നാല്‍ പോലും. ഇനി ഈച്ച അവരില്‍നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍നിന്ന് അത് തിരിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ” (22:73).
ലോകത്ത് ഒട്ടേറെ മതങ്ങളും അതിനേക്കാള്‍ കൂടുതല്‍ ആരാധിക്കപ്പെടുന്ന ദൈവങ്ങളുമുണ്ട്. ഈ ആരാധ്യരെത്തന്നെ മനുഷ്യദൈവങ്ങളും മനുഷ്യേതര ദൈവങ്ങളുമായി വിഭജിക്കപ്പെടുന്നു. തുമ്പയും തുളസിയും പേരാലും പാലയും പോലെയുള്ള വൃക്ഷലതാദികളും എലിയും പാമ്പും പശുവും തുടങ്ങി മൃഗങ്ങളും പ്രകൃതി പ്രതിഭാസങ്ങളും ഗിരിശൃംഗങ്ങളും വരെ നീളുന്ന പട്ടിക മനുഷ്യേതര ദൈവ ഗണത്തില്‍ ഉള്‍പ്പെടുന്നു. മനുഷ്യരില്‍തന്നെ ജീവിക്കുന്നവരും മരിച്ചുപോയവരും മുതല്‍ കാല്പനിക കഥകളിലെ കഥാപാത്രങ്ങളും ഇതിഹാസങ്ങളിലെ നായികാ- നായകന്മാരുംവരെ നീണ്ടുകിടക്കുന്നു. അവയില്‍തന്നെ ചരിത്ര പിന്‍ബലമുള്ള പ്രവാചകന്മാരും പുണ്യപുരുഷന്മാരും മിത്തുകളില്‍ മാത്രമുള്ള സങ്കല്പങ്ങളും ഉള്‍പ്പെട്ടു. ലോകത്തുള്ള വൈവിധ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ദൈവവിശ്വാസത്തിലും ആരാധ്യരെ തെരഞ്ഞെടുക്കുന്നതിലുമുള്ളത്. അതുകൊണ്ടുതന്നെ ശരിയായ ആരാധ്യനെ കണ്ടെത്താനും ഉറപ്പിക്കാനും ഏറെ പരിശ്രമങ്ങള്‍ ആവശ്യമാണ്. പക്ഷേ ഒരു ഉത്പന്നത്തില്‍നിന്ന് തനിക്ക് ഗുണകരമായത് തെരഞ്ഞെടുക്കുമ്പോള്‍ കാണിക്കുന്ന ശുഷ്കാന്തിപോലും തന്റെ സ്രഷ്ടാവും രക്ഷിതാവുമാകേണ്ട ആരാധ്യരെ തെരഞ്ഞെടുക്കുമ്പോള്‍ കാണിക്കുന്നില്ല.
വിവിധങ്ങളായ ബിംബങ്ങള്‍ പ്രതിഷ്ഠിച്ച് അവക്ക് മുമ്പില്‍ പൂജയും നിവേദ്യവും ബലിയും ആരാധനയും അര്‍പ്പിച്ചുകൊണ്ടിരുന്ന ആറാം നൂറ്റാണ്ടിലെ അറബികളും ഇക്കാര്യത്തില്‍ തുല്യരാണ്. മനുഷ്യരേ ശ്രദ്ധിച്ചു കേള്‍ക്കുക എന്ന ഈ അഭിസംബോധന. എല്ലാവര്ക്കും ബാധകമാണ്. ശേഷം പറയുന്നത് ഉപമകളില്‍ ഏറ്റവും ലളിതസംഗതി ആരാധ്യന്‍ സ്രഷ്ടാവായിരിക്കണം എന്ന് എല്ലാവരും സമ്മതിക്കുന്ന ഒരു വിഷയമാണ്. ഏതൊരു മതവിശ്വാസിയും ദൈവത്തെ പരിചയപ്പെടുത്തുന്ന പദംകൂടിയാണ് സ്രഷ്ടാവ്, പടച്ചവന്, കര്‍ത്താവ്, ഉടയോന് എന്നതൊക്കെ. ആ പടച്ചവന് തന്നെയാണോ തന്റെ മുന്പിലെ പ്രതിഷ്ഠകള്‍ എന്ന് ചിന്തിച്ചുറപ്പിക്കാനാണ് ഈ ഉദാഹരണം ഖുര്‍ആനില്‍ ഉദ്ധരിക്കുന്നത്. ഈ ആരാധ്യര്‍ എന്തെങ്കിലും ഒന്ന് സൃഷ്ടിച്ചിട്ടുണ്ടോ? നിസ്സാരജീവിയായ ഒരീച്ചയെപ്പോലും!? പോകട്ടെ ഒരു ഈച്ച ഈ വിഗ്രഹങ്ങള്‍ക്കായി നല്കപ്പെട്ട ബലിയില്‍ നിന്നോ നിവേദ്യങ്ങളില്‍ നിന്നോ വല്ലതും ആഹാരമാക്കിയാല്‍ അത് തടയാനോ ആ തട്ടിയെടുത്തത് തിരിച്ചു പിടിക്കാനോ പോലും അവക്ക് സാധ്യമല്ലതാനും.
പ്രകാശത്തിനു മേല്‍ പ്രകാശം
”അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമയിതാ. ചുമരില്‍ ഒരു വിളക്കുമാടം. അതില്‍ ഒരു വിളക്ക്. വിളക്കാകട്ടെ ഒരു സ്ഫടികത്തിനകത്ത്. സ്ഫിടകമാകട്ടെ ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയും. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നാണ് ആ വിളക്കിനുള്ള ഇന്ധനം. അതായത് കിഴക്കുഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ അല്ലാത്ത ഒലീവ് മരത്തില്‍നിന്ന്. അതിന്റെ എണ്ണ തീ തട്ടിയിട്ടില്ലെങ്കില്തന്നെ പ്രകാശിക്കുന്നതാകുന്നു. അങ്ങനെ പ്രകാശത്തിനുമേല്‍ പ്രകാശം. അല്ലാഹു തന്റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. മനുഷ്യര്‍ക്ക് വേണ്ടി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ’‘ (24:35).
എത്ര സര്‍ഗാത്മകമായ ഉദാഹരണം. പരമ പ്രകാശമായ ആ പരബ്രഹ്മത്തിന് ഉദാത്തമായ ഉപമാലങ്കാരം. സാധാരണയായി വിളക്ക് വെക്കാന്‍വേണ്ടി മുന്‍പ് കാലത്ത് ചുമരില്‍ അര്‍ധ വൃത്താകൃതിയില്‍ ഉണ്ടാക്കുന്ന പഴുതിനാണ് മിശ്കാത്ത് എന്ന അറബി പദം (വിളക്കുമാടങ്ങള്‍) ഉപയോഗിക്കുന്നത്. കാറ്റില്‍ അണഞ്ഞ് പോകാതിരിക്കാനും വെളിച്ചം ഒരു പ്രത്യേക ഭാഗത്തേക്ക് കേന്ദ്രീകരിക്കുവാനും വേണ്ടിയാണിത്. അതില്‍വെച്ച വിളക്കാകട്ടെ സ്വയം ജ്വലിക്കുന്ന നക്ഷത്രം കണക്കെയുള്ള സ്ഫടികവും. എന്തുമാത്രം ശുദ്ധവും ശുഭ്രവുമായ പ്രകാശം. അതിന്റെ പുറമെ അതിന് ഇന്ധനമേകുന്ന എണ്ണയാകട്ടെ നല്ല തിളക്കമുള്ള ഒലീവ് എണ്ണയും. അതുതന്നെ പകല്‍ മുഴുവന്‍ വെയിലുകൊള്ളുന്ന ഒലീവില്‍നിന്ന്. കാരണം ഒരു കുന്നിന്റെ കിഴക്കു ഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ ഉള്ള മരമാണെങ്കില്‍ ഉച്ചക്ക് മുന്‍പും ശേഷവും കുറെ സമയം വെയില് കിട്ടാതെ വരാം. പകല്‍ മുഴുവന്‍ വെയിലേറ്റു നില്ക്കുന്ന ഒലീവ് വൃക്ഷത്തിന്റെ എണ്ണ കൂടുതല്‍ തെളിഞ്ഞതായിരിക്കുകയും സ്ഫടികത്തിന്റെ തിളക്കവും വിളക്കുമാടത്തിന്റെ ആകൃതിയും എല്ലാംകൂടി പ്രകാശത്തെ പരമാവധി തെളിഞ്ഞതാക്കുന്നു. ശുദ്ധ പ്രകൃതിയില്‍നിന്നും ലഭിക്കുന്ന ശുഭ്ര പ്രകാശം! പ്രപഞ്ചത്തിനാകെ പ്രകാശം പരത്തിയ ദിവ്യ ദീപ്തിയുടെ അത്യന്തം ലളിതമായ ഒരു പ്രതീകം.
പ്രകാശത്തിന്റെ സമ്പൂര്‍ണ്ണത ആ ഉദാഹരണത്തില്‍ ദര്‍ശിക്കാന്‍ കഴിയുന്നു എന്നാണ്. ദിവ്യ പ്രകാശത്തിന്റെ ഒരംശം പര്‍വ്വത മുകളില്‍ പ്രതിഫലിച്ചപ്പോള്‍ മൂസാനബി(അ) ബോധരഹിതനായ സംഭവം ഖുര്‍ആനില്‍ (7:143) വിവരിക്കുന്നിടത്ത് പാഠമുണ്ട്.
ദൈവത്തെ ഈ ഭൂമിയില്‍വെച്ച് ഒരാള്‍ക്കും കാണാന്‍ കഴിയില്ല. മഹാനായ യേശു ക്രിസ്തു തന്റെ അനുചരന്മാരെ പഠിപ്പിച്ച ”അവന്റെ സ്വരം ഒരാളും കേട്ടിട്ടില്ല. അവന്റെ സ്വരൂപം ഒരാളും കണ്ടിട്ടില്ല”. തന്റെ മുന്നില്‍ നില്ക്കുന്ന, തന്നെ കേള്‍ക്കുന്ന ശിഷ്യരോടാണ് യേശു ഇത് പറയുന്നത്.
കേനോപനിഷത്തിലെ പ്രഥമ കാണ്ഡത്തില്തന്നെ ആറാം ശ്ലോകത്തില്‍ പറയുന്നത് കാണുക. ”ഏതൊന്നിനേയാണോ കണ്ണു കൊണ്ട് കാണാന്‍ സാധിക്കാത്തതും എന്നാല്‍ കണ്ണുകള്‍ക്ക് കാഴ്ച നല്‍കുകയും ചെയ്യുന്നത് അതിനെ നീ ബ്രഹ്മമായി മനസ്സിലാക്കുക. കണ്ണുകൊണ്ട് കാണുന്ന ഏതൊന്നിനെയും മനുഷ്യന് ഉപാസിക്കുന്നുവെങ്കില്‍ അത് ബ്രഹ്മമല്ല” 1
സര്‍വശക്തന്റെ പ്രകാശം പോലും ഏറ്റവും ഉല്‍കൃഷ്ടവും സുന്ദരവുമാവുമ്പോള്‍ അവന്റെ രൂപം എത്ര മനോഹരമായിരിക്കും. ആ സുന്ദര സ്വരൂപം വിശ്വാസികള്‍ക്ക് സ്വര്ഗപ്രവേശാനന്തരം ദര്‍ശിക്കാമെന്ന് അവന് വാഗ്ദാനം ചെയ്തിരിക്കുന്നു. തെളിഞ്ഞ മാനത്ത് പൂര്‍ണ ചന്ദ്രനെ കാണുംപോലെ രാജാധിരാജന് തന്റെ വിനീത ദാസന്മാര്ക്ക് വെളിപ്പെടും. അതിനുള്ള രണ്ട് ഡിമാന്റുകള്‍, ആ ദൈവത്തോടുള്ള പ്രാര്‍ഥനയിലും ആരാധനയിലും യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ധാരാളം സല്ത്കര്മങ്ങള് പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ.് (18:110).
അല്ലാഹു ഉപമകള്‍ക്ക് വിധേയമല്ല. എന്നാല്‍ ഖുര്‍ആന്‍ അവതരണ കാലത്ത് മനുഷ്യന്ന് മനസിലാകത്തക്ക വിധം ഒരു സമ്പൂര്‍ണ പ്രകാശത്തിന്റെ തനിമ പറഞ്ഞു തരുന്നതാണിത്. ശുദ്ധ പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന ശുഭ്രപ്രകാശംപോലെ പ്രപഞ്ചത്തിനാകെ പ്രകാശം നല്കിയ ദിവ്യദീപ്തിയുടെ അത്യന്തം ലളിതവും സുതാര്യവും സുന്ദരവുമായ ഒരു പ്രതീകമാണീ പ്രകാശത്തിനു മേല്‍ പ്രകാശത്തിന്റെ ഉപമ.
References- https://shlokam.org/texts/Kena-1-7/[↩]
