ഖുർആൻ അന്തിമ വേദഗ്രന്ഥം
ഏകദേശം ഏഴാം നൂറ്റാണ്ടു മുതൽ ലോകം അവസാനിക്കുന്നത് വരെയുള്ള മാനവ സമൂഹത്തിന് പ്രപഞ്ച സൃഷ്ടാവായ ദൈവത്തിൻറെ, അല്ലാഹുവിൻറെ ജീവിത മാർഗദർശനമാണ് വിശുദ്ധ ഖുർആൻ. ഖുർആൻ അന്തിമ വേദഗ്രന്ഥം എന്ന ഈ അധ്യായത്തിൽ വിശുദ്ധ ഖുർആനിൻ്റെ ദൈവികതയും ആധികാരികതയും അതിൻറെ അമാനുഷികതയും അത്ഭുതങ്ങളുമെല്ലാം സവിസ്തരം വായിക്കാം. ഖുർആൻ അല്ലാഹുവിൻറെ വചനങ്ങൾ, ഖുർആൻ മാനവർക്ക് മാർഗദർശനം, ഖുർആൻ അന്യൂനമായ ഗ്രന്ഥം, വിശുദ്ധ ഖുർആൻ പ്രതിപാദ്യശൈലി, ഖുർആനിൻ്റെ വെല്ലുവിളി, ഖുർആൻ അത്ഭുതങ്ങളുടെ കലവറ എന്നീ ഉപശീർഷകങ്ങളാണ് ഈ അധ്യായത്തിൽ വരുന്നത്.
മനുഷ്യര്‍ക്കു നല്‍കാനുള്ള സന്ദേശങ്ങള്‍ അല്ലാഹു മനുഷ്യരില്‍ നിന്ന് തെരെഞ്ഞെടുക്കുന്ന ദൂതന്മാരിലൂടെ മാത്രമേ നല്‍കാറുള്ളൂ. ആദം നബി(അ) മുതലുള്ള പ്രവാചക ശൃംഖല മുഹമ്മദ് നബിയോടുകൂടി അവസാനിച്ചതായി അല്ലാഹു അറിയിക്കുന്നു.അതോടൊപ്പം ദിവ്യ സന്ദേശങ്ങളുടെ അവതരണവും നിലച്ചുകഴിഞ്ഞു. ഇനി അന്ത്യനാള്‍ വരെയുള്ള ആളുകള്‍ക്ക് അന്തിമവേദഗ്രന്ഥമായ ഖുര്‍ആന്‍ മാത്രമേ അവലംബമായുള്ളൂ.
ഖുര്‍ആന്‍ അന്തിമ വേദ ഗ്രന്ഥമാണ്. ഖുര്‍ആനിന്റെ നിലനില്‍പ്പുതന്നെ അതിനുള്ള തെളിവാകുന്നു. പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഖുര്‍ആനിന്റെ സ്വീകര്‍ത്താവായ മുഹമ്മദ് നബി(സ്വ) ഉപയോഗിച്ച അതേ ഖുര്‍ആന്‍ ഇന്നും നിലനില്‍ക്കുന്നുവെന്നത്, ഇനി പുതിയ ഒരു വേദഗ്രന്ഥത്തിന് ഇവിടെ ഇടമില്ലന്ന് വ്യക്തമാക്കുന്നുണ്ട്. മുന്‍വേദ ഗ്രന്ഥങ്ങളുടെ ചരിത്രം പരിശോധിക്കുന്ന ഗവേഷകര്‍ക്ക് ബോധ്യമാവുന്ന ഒരു കാര്യമുണ്ട്. ഒരു പ്രവാചകനുശേഷം അടുത്ത പ്രവാചകന് നിയുക്തനാവുന്നതിനുമുമ്പ് ആദ്യത്തെ പ്രവാചകന്റെ വേദ ഗ്രന്ഥങ്ങള്‍ കാലഹരണപ്പെടുകയോ മനുഷ്യരുടെ കൈയേറ്റങ്ങള്‍ക്കു വിധേയമാവുകയോ ചെയ്തിട്ടുണ്ടാവും. ഉദാഹരണമായി മൂസാനബിയുടെ തൗറാത്ത് കയ്യേറ്റങ്ങള്‍ക്ക് വിധേയമായപ്പോഴാണ് ഈസാനബിയെ ഇഞ്ചീലുമായി അല്ലാഹു നിയോഗിച്ചത്. ഇഞ്ചീല്‍ കാലഹരണപ്പെട്ടപ്പോഴാണ് ഖുര്‍ആനുമായി മുഹമ്മദ് നബി നിയുക്തനായത്.
എന്നാല്‍ മുഹമ്മദ് നബി(സ്വ) വിടപറഞ്ഞ് നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഖുര്‍ആനില്‍ തിരുത്തലുകള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ല. കാരണം എക്കാലവും ഖുര്‍ആനിനെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു വിഭാഗം നില നിന്നിരുന്നു. ഇന്നും ലോകത്ത് ലക്ഷക്കണക്കിനാളുകള്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയവരുണ്ട്. മറ്റൊരു ഗ്രന്ഥത്തിനും ഈ സൂക്ഷിപ്പ് അറകള്‍ ഉണ്ടായിരുന്നില്ല. മനുഷ്യര്‍ക്ക് നല്‍കാനുള്ള ദൈവീക സന്ദേശം ജീവനോടെ നിലനില്ക്കുണ്ടെന്നിരിക്കെ പുതിയൊരു വേദഗ്രന്ഥത്തിന്റെ ആവശ്യകതയില്ലല്ലോ. അതുകൊണ്ടു തന്നെ ഖുര്‍ആന്‍ വേദഗ്രന്ഥങ്ങളുടെ അവസാന പതിപ്പായി തുടരുകയും ചെയ്യുന്നു.
ഖുർആൻ അല്ലാഹുവിന്റെ വചനങ്ങള്‍
പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ സവിശേഷമായ ഗുണനാമങ്ങളില്‍ ഒന്നാണ് സംസാരിക്കുന്നവന് (മുതകല്ലിം) എന്നത്. എന്നാല്‍ അല്ലാഹുവിന്റെ സംസാരം എങ്ങനെയാണെന്നോ അതിന്റെ ഭാഷ ഏതെന്നോ നമുക്കറിയില്ല. അല്ലാഹു അവന്റെ വ്യത്യസ്ത സൃഷ്ടി വര്ഗങ്ങളോട് സംസാരിച്ചതായി വിശുദ്ധ ഖുര്‍ആനിലുണ്ട്.
ആദ്യത്തെ മനുഷ്യനെ സൃഷ്ടിച്ച ശേഷം കല്പനാ നിരോധങ്ങളടങ്ങുന്ന നിര്‍ദേശങ്ങള്‍ അല്ലാഹു നല്‍കുകയും ഭൂമിയില്‍ മനുഷ്യവാസത്തിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി വെക്കുകയും ചെയ്തു. അത് സ്വായത്തമാക്കാനുള്ള ശാരീരികക്ഷമതയും നിരീക്ഷണ പാടവങ്ങളും ധിഷണാശേഷിയും മനുഷ്യന് സ്രഷ്ടാവ് നല്കി. അതേ സമയം ധര്‍മനിഷ്ടമായ ജീവിതം നയിക്കാനാവശ്യമായ നേര്‍മാര്‍ഗം കണ്ടെത്താനുള്ള കഴിവ് മനുഷ്യപ്രകൃതിയിലില്ല. ആ നേര്‍മാര്‍ഗം ദിവ്യസന്ദേശത്തിലൂടെ അല്ലാഹു നല്‍കുമെന്ന് ഒന്നാമത്തെ മനുഷ്യനോടു തന്നെ പറഞ്ഞു. ഈ നിര്‍ദേശങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട മനുഷ്യരിലൂടെയാണ് നല്കപ്പെടുന്നത്. അവര്‍ ദൈവദൂതന്മാര് (റസൂല്‍) എന്നറിയപ്പെടുന്നു.
ദൂതന്മാരോട് അല്ലാഹു സംസാരിച്ചിട്ടുണ്ട്. അത് മനുഷ്യര്‍ തമ്മില്‍ സംസാരിക്കുന്നതു പോലെയല്ല. ഒരു മറയ്ക്കു പിന്നില്‍ നിന്ന് അശരീരിയായോ മാലാഖയെ ദൂതനായി അയച്ചു കൊടുത്തു കൊണ്ടോ മനസ്സില്‍ തോന്നലായിട്ടോ ആണ് അല്ലാഹുവിന്റെ വചനങ്ങള്‍ ദൂതന്മാര് ഗ്രഹിക്കുന്നത് (42:51). ഓരോ ദൂതനോടും അദ്ദേഹത്തിന്റെ മാതൃഭാഷയിലാണ് അല്ലാഹു സംസാരിച്ചിട്ടുള്ളത് (14:4). ദൈവദൂതന്മാരില് ചിലര്‍ക്ക് വേദഗ്രന്ഥങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇബ്റാഹീം നബിക്കു നല്കിയ ഗ്രന്ഥം, മൂസാ നബിക്കു നല്കിയ തൗറാത്ത്, ദാവൂദ് നബിക്കു നല്കിയ സബൂര്‍, ഈസാ നബിക്കു കൊടുത്ത ഇന്‍ജീല്‍ എന്നിവ വേദഗ്രന്ഥങ്ങളാണ്. അവയെല്ലാം അല്ലാഹുവിന്റെ വചനങ്ങളാണ്. പക്ഷേ അവയൊന്നും യഥാര്‍ഥ രൂപത്തില്‍ ഇന്ന് നിലനില്ക്കുന്നില്ല.
മനുഷ്യരിലേക്കയക്കപ്പെട്ട അവസാനത്തെ ദൈവദൂതനാണ് മുഹമ്മദ് നബി. എ.ഡി.ആറാം നൂറ്റാണ്ടില്‍ അറേബ്യയിലാണ് അദ്ദേഹം ജനിച്ചുവളര്‍ന്നതും നബിയായി നിയുക്തനായതും. മുഹമ്മദ് നബി മുഖേന മനുഷ്യരിലേക്ക് അല്ലാഹു അയച്ച സന്ദേശമാണ് വിശുദ്ധ ഖുര്‍ആന്‍. മുഹമ്മദ് നബി അറബിയായിരുന്നു. അറബ് ജനതയായിരുന്നു നബിയുടെ പ്രഥമപ്രബോധിതര്‍. അല്ലാഹു അദ്ദേഹത്തിനു നല്കിയ വിശുദ്ധ ഖുര്‍ആന്‍ ശുദ്ധമായ അറബി ഭാഷയിലാണ് (26:195). ഈ ഗ്രന്ഥം ലോകവസാനം വരെ നിലനില്ക്കണമെന്ന് അല്ലാഹു തീരുമാനിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിലൂടെ അറബി ഭാഷയും എന്നും പുഷ്കലമായി നില നില്ക്കും. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്.
അല്ലാഹുവിന് പ്രത്യേകം ഭാഷ ആവശ്യമില്ല. മനുഷ്യര്‍ക്ക് മനസ്സിലാവുന്ന ഭാഷയിലാണ് അല്ലാഹു സംസാരിക്കുക. മനുഷ്യരാകട്ടെ തങ്ങളുടെ ഭാഷയില്‍ എവിടെ നിന്ന് പറഞ്ഞാലും അല്ലാഹുവിന് മനസ്സിലാവും. മനുഷ്യനെ വിവിധ ഭാഷക്കാരായി സൃഷ്ടിച്ചതു തന്നെ ചിന്തിക്കാനുതകുന്ന ദൃഷ്ടാന്തമാണെന്ന് അല്ലാഹു പറയുന്നു (30:22). വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണെന്ന് മുസ്ലിംകള് വിശ്വസിക്കുന്നു. ഇസ്ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് ഈ വിശ്വാസം. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ് എന്ന ഗൗരവം കണക്കിലെടുത്തു വേണം അതിനെ സമീപിക്കാന്‍. അല്ലാഹുവിന്റെ വചനങ്ങള്‍ എന്ന ആദരവോടെ അത് പാരായണം ചെയ്യുക, ഹൃദിസ്ഥമാക്കുക, കഴിവതും ജീവിതത്തില്‍ പകര്‍ത്തുക. ഇതാണ് ജീവിത വിജയത്തിനുള്ള മാര്‍ഗം.
ഖുർആൻ മാനവര്‍ക്ക് മാര്‍ഗ ദര്‍ശനം
ഭൗതിക യാഥാര്‍ഥ്യങ്ങള്‍ക്ക് ഒരു മുഖമേയുള്ളൂ; വസ്തുതയിലും അനുഭവത്തിലും. വെള്ളം ഉദാഹരണമായി എടുക്കാം. വെള്ളത്തിന്റെ ഒഴുക്ക് എന്ന ഗതി, വെള്ളത്തിന്റെ ആകൃതി, ഖര-ദ്രാവക-വാതകാവസ്ഥകള്‍ തുടങ്ങിയവ ഏതു കാലത്തും മാറ്റമില്ലാത്ത യാഥാര്‍ഥ്യങ്ങളാണ്. ജലം രാസപരിണാമങ്ങള്‍ക്ക് വിധേയമാക്കി അപഗ്രഥിച്ചാല്‍ (analysis) കിട്ടുന്ന ഘടകങ്ങള്‍ക്കും സ്ഥലകാല വ്യത്യാസമില്ല. തീ, കാറ്റ്, മണ്ണ്, ലോഹങ്ങള്‍ തുടങ്ങി സസ്യജീവജാലങ്ങളുടെ ശരീരഘടകങ്ങളും മറ്റും ഇങ്ങനെത്തന്നെ. ഇത്തരം കാര്യങ്ങള്‍ക്കാണ് ശാസ്ത്രം എന്ന് പൊതുവില്‍ പറയപ്പെടുന്നത്. മനുഷ്യര്‍ക്ക് നല്കപ്പെട്ട നൈസര്‍ഗികമായ കഴിവുകളും ചിന്താശേഷിയും കൊണ്ടുള്ള പഠന മനനങ്ങളിലൂടെ ഇവ കണ്ടെത്താം, പരിപോഷിപ്പിക്കാം.
മനുഷ്യധിഷണ കൊണ്ട് കണ്ടെത്താനാവാത്ത കാര്യങ്ങളാണ് ധാര്‍മികത എന്നു പറയുന്നത്. സത്യം, നീതി തുടങ്ങിയ മൂല്യങ്ങള്‍ ഉദാഹരണമായെടുക്കാം. സത്യവും അസത്യവും നീതിയും അനീതിയുമെല്ലാം ഓരോരുത്തരും അവനവന്റെ കാഴ്ച്ചപ്പാടിലൂടെയും താത്പര്യത്തിനനുസരിച്ചും ആവിഷ്കരിച്ചാല്‍ ആപേക്ഷികം മാത്രമേ ആയിത്തീരൂ. അങ്ങനെ വരുമ്പോള്‍ ‘കൈയൂക്കുള്ളവന് കാര്യക്കാരന്‍’ എന്ന കാട്ടുനീതിയായിരിക്കും നടപ്പിലാവുക. ഫലം അരാജകത്വമോ അധീശത്വമോ ആയിരിക്കും. അങ്ങനെ വന്നാല്‍ മനുഷ്യരാശിയുടെ നാശമായിരിക്കും സംഭവിക്കുക. ഇവിടെയാണ് മൂല്യങ്ങളുടെ പ്രസക്തി. മാനവിക മൂല്യങ്ങള്‍ കാലാതിവര്‍ത്തിയായി നിലനില്ക്കേണ്ടതാണ്. അതുകൊണ്ടു തന്നെയാണ് അവ മനുഷ്യന് സ്വയം കണ്ടെത്തുന്നതിനു പകരം സ്രഷ്ടാവ് അത് നേരിട്ട് എത്തിച്ചു തരുന്നത്. അവയാണ് മത മൂല്യങ്ങള്‍ എന്നറിയപ്പെടുന്നത്. മതങ്ങളാകുന്ന മാനവിക മൂല്യങ്ങള്‍ തന്റെ ദൂതന്മാര് വഴി അല്ലാഹു മനുഷ്യരെ പഠിപ്പിച്ചതാണ് എന്നാണ് ഇസ്ലാമിക കാഴ്ചപ്പാട്.
ലോകത്ത് അനേകം മതങ്ങളുണ്ട്. അവയെല്ലാം തന്നെ ദൈവപ്രോക്ത സത്യങ്ങളാവാനാണ് സാധ്യത. പക്ഷേ, കാലക്രമത്തില്‍ മനുഷ്യര്‍ സ്വാര്‍ഥതയ്ക്കു വേണ്ടി കൈകടത്തല്‍ നടത്തി വികൃതമാക്കിയതാണ് അവ. എത്ര വികൃതമാക്കിയാലും സര്‍വരും അംഗീകരിക്കുന്ന ചില പൊതുമൂല്യങ്ങള്‍ എന്നും നിലനില്ക്കുന്നു. അതുകൊണ്ടാണല്ലൊ ഒരു കാര്യം തെറ്റാണ്, മഹാ കുറ്റമാണ് എന്നോ ഒരു കാര്യം മഹാദൗത്യമാണെന്നോ ലോകം അംഗീകരിക്കാന്‍ കാരണം. ഈ മൂല്യങ്ങള്‍ വച്ചു കൊണ്ടാണ് അന്താരാഷ്ട്രനിയമങ്ങള്‍ രൂപകല്പന ചെയ്യപ്പെട്ടത്. അംഗീകരിക്കാത്തതും മറികടക്കാന്‍ പഴുതന്വേഷിക്കുന്നതും മനുഷ്യന്റെ ധാര്‍ഷ്ട്യം കാരണമാണ്. അത് മാനവര്‍ക്ക് മാര്‍ദര്‍ശനമാണ്.
മാനവികതയുടെ സന്മാര്ഗം ദൈവികമായ മാര്‍ഗമാണ്. അതാണ് പ്രവാചകന്മാര് മുഖേന മനുഷ്യരാശിക്കു ലഭിച്ചത്. വേദഗ്രന്ഥങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും ഈ മൂല്യങ്ങളാണ്. ഇങ്ങനെ മനുഷ്യരിലേക്ക് സന്മാര്ഗം എത്തിച്ചു കൊടുക്കുന്ന സംവിധാനം പൂര്‍ത്തികരിച്ചു കൊണ്ട് അല്ലാഹു ഇറക്കിയ അന്തിമ വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. അത് ലോകാന്ത്യം വരെ നിലനില്ക്കുന്നതുമാണ്.
ഖുർആൻ അന്യൂനമായ ഗ്രന്ഥം
ന്യൂനത മനുഷ്യസഹജമാണ്. മനുഷ്യന് ചെയ്യുന്ന ഏതു പ്രവര്‍ത്തനവും എത്ര കുറ്റമറ്റതാക്കാന്‍ ശ്രമിച്ചാലും പോരായ്മയുണ്ടാവും. ചെയ്തയാള്‍ക്ക് തിരുത്താവുന്ന കുറവുകളും മറ്റൊരാള്‍ക്ക് സഹായിക്കാവുന്നതും അടുത്ത തലമുറയ്ക്ക് തിരുത്താവുന്നതുമായ കാര്യങ്ങളുണ്ട്. എന്നാല്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ അപാകമോ അപൂര്‍ണമോ കാണില്ല. സമ്പൂര്‍ണന്‍ അല്ലാഹു മാത്രമാണ്.
ഒരു മനുഷ്യന് ഒരു ഗ്രന്ഥം രചിക്കുന്നു എന്നിരിക്കട്ടെ. അയാള്‍ എത്രവലിയ പ്രതിഭാശാലി ആയിരുന്നാലും അതില്‍ ഓരോ പതിപ്പിലും ചേര്‍ക്കാനോ കുറയ്ക്കാനോ മാറ്റാനോ ഉണ്ടാവും. വിശുദ്ധ ഖുര്‍ആന്‍ ഒരു ഗ്രന്ഥമെന്ന നിലയില്‍ മാനുഷികമായ ന്യൂനതകളില്‍ നിന്ന് മുക്തമാണ്. കാരണം അത് അല്ലാഹുവിന്റെ വചനമാണ്. ഭൂതവര്‍ത്തമാനഭാവി അറിയാവുന്ന അല്ലാഹുവിന്റെ വചനങ്ങളില്‍, കാലപ്പകര്‍ച്ച കൊണ്ട് കാലഹരണപ്പെടുന്ന കാര്യങ്ങളുണ്ടാവില്ല. മനുഷ്യന് എത്ര പുരോഗമിച്ചാലും മൂല്യങ്ങള്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുന്നു.
ഒരു ഗ്രന്ഥത്തില്‍ വരാവുന്ന മറ്റൊരു പ്രയാസം ഭാഷയുടേതാണ്. ഏതു ഭാഷയിലുള്ളതാണെങ്കിലും ഒരു ഗ്രന്ഥം നൂറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ സംവേദനക്ഷമമല്ലാതെ വരുന്നു. കാരണം അത്രമേല്‍ ഭാഷയില്‍ പരിവര്‍ത്തനം വന്നുകഴിഞ്ഞിരിക്കും. ഷെയ്ക്സ്പിയര്‍ കൃതികള്‍ മാത്രം മതി ഉദാഹരണത്തിന്. ബൈബിള്‍ ‘അവതീര്‍ണമായ’ ഭാഷയില്‍ അതിന്റെ കോപ്പികള്‍ പോലുമില്ല. ആ ഭാഷയും ഇല്ലാതായി. ഇന്ത്യന്‍ ക്ലാസിക്കുകളായ ‘രാമായണ’വും ‘മഹാഭാരത’വും ലക്ഷക്കണക്കിന് സാഹിത്യങ്ങളില്‍ ഉപജീവിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ, മൂല ഭാഷ സംസ്കൃതം മൃതഭാഷയായി നിലനില്ക്കുന്നു. എന്നാല്‍ ഒരു ഭാഷയിലെ പ്രഥമകൃതി പതിനാലു നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ആ ഭാഷയിലെ ക്ലാസിക്കായി നിലനില്‍ക്കുന്നത് വിശുദ്ധ ഖുര്‍ആന്‍ മാത്രമേയുള്ളൂ. ആ ഭാഷയാകട്ടെ ലോകവ്യവഹാര ഭാഷകളിലൊന്നായി വളരുകയാണിന്നും. അതിനര്‍ഥം ആ ഗ്രന്ഥം ന്യൂനതകളുണ്ടാകാവുന്ന മനുഷ്യരചനയല്ല എന്നാണ്. വിശുദ്ധ ഖുര്‍ആന്‍ സ്രഷ്ടാവിന്റെ വചനങ്ങളാണെന്ന് മുസ്ലിംകള് വിശ്വസിക്കുന്നു.
ഒരു ഗ്രന്ഥത്തില്‍ ‘അപ്ഡേഷന്’ ആവശ്യം വരുന്നത് ഭൗതിക വിഷയങ്ങളിലുള്ള പരാമര്ശങ്ങളായിരിക്കും. വിശിഷ്യ ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍. എന്നാല്‍ വിശുദ്ധ ഖുര്‍ആനിലെ അത്തരത്തിലുള്ള ഏതെങ്കിലും പരാമര്‍ശങ്ങള്‍ തെളിയിക്കപ്പെട്ട ശാസ്ത്ര വസ്തുകകള്‍ക്ക് എതിരായിരിക്കുന്നില്ല. അതിനര്‍ഥം എഡി ആറാം നൂറ്റാണ്ടില്‍ ഇങ്ങനെ കാര്യങ്ങള്‍ പറഞ്ഞുതരാന്‍ കഴിവുള്ള ആരും ഉണ്ടായിരുന്നില്ല എന്നാണ്. അഥവാ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണമായി ഇന്നും നിലനില്ക്കുന്നു. ഇനിയും നിലനില്ക്കും. കാരണം അത് പ്രപഞ്ചസ്രഷ്ടാവിന്റെ വചനങ്ങളാണ്.
വിശുദ്ധ ഖുര്‍ആന്‍ പ്രതിപാദ്യശൈലി
വിശുദ്ധ ഖുര്‍ആന്‍ ഒരു മതഗ്രന്ഥമാണെന്നു പറയാം. മതത്തിന്റെ മൂല്യങ്ങളും സിദ്ധാന്തങ്ങളും കല്പനകളും നിരോധങ്ങളും വഴിക്കുവഴിയായോ അധ്യായം തിരിച്ചു കൊണ്ടോ വിവരിക്കുന്ന ഒരു സാമ്പ്രദായിക രീതിയിലല്ല വിശുദ്ധ ഖുര്‍ആനിന്റെ പ്രതിപാതന ശൈലി. വിശുദ്ധ ഖുര്‍ആനില്‍ വിശ്വാസ കാര്യങ്ങളുണ്ട്. അനുഷ്ടാന മുറകളുണ്ട്, സ്വഭാവ പാഠങ്ങളും സാംസ്കാരിക മര്യാദകളുമുണ്ട്. സച്ചരിതരുടെ മാതൃകകളും ഗുണപാഠങ്ങളുമുണ്ട്. ദുഷ്ടതയുടെ ചരിത്രവും പര്യവസാനവുമുണ്ട്. ഇവയെല്ലാം ഇടകലര്‍ത്തിയും ആവര്‍ത്തിച്ചും ചിന്തയെ തട്ടിയുണര്‍ത്തിക്കൊണ്ടാണ് ഖുര്‍ആനികാധ്യാപനങ്ങള്‍.
വിശുദ്ധ ഖുര്‍ആന്‍ ‘മുസ്ലിം സമുദായ’ത്തിന്റെ മതഗ്രന്ഥമല്ല, മനുഷ്യര്‍ക്കുള്ള അല്ലാഹുവിന്റെ സന്ദേശമാണ്. അത് അംഗീകരിക്കുന്നവര്‍ ആണ് മുസ്ലിം എന്ന് അറിയപ്പെടുന്നത്. വിശുദ്ധ ഖുര്‍ആനില്‍ മനുഷ്യരേ എന്ന് വിളിച്ചുകൊണ്ടുള്ള നിര്‍ദേശങ്ങളുണ്ട്. വിശ്വാസികളേ എന്ന് പ്രത്യേകം വിളിച്ചു കൊണ്ടുള്ള കല്പനകളും നിരോധങ്ങളുമുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ കേവലം മതശാസനങ്ങളല്ല. വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു അഭിസംബോധന ചെയ്യുന്നത് മനുഷ്യധിഷണയെയാണ്. അതുകൊണ്ടുതന്നെ പ്രകൃതിയിലേക്ക് കണ്ണോടിക്കാനും ചിന്തിക്കാനുമുള്ള ആഹ്വാനങ്ങള്‍ ധാരാളമുണ്ട്. വിശ്വാസകാര്യങ്ങളുടെ പ്രതിപാദനങ്ങള്‍ ചിന്തോദ്ദീപകങ്ങളാണ്. വിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ക്കും പ്രകൃതി പ്രതിഭാസങ്ങള്‍ക്കും ‘ആയത്തുകള്‍’ എന്നാണ് ഖുര്‍ആനില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
വിശുദ്ധ ഖുര്‍ആനില്‍ നിരവധി സമൂഹങ്ങളുടെ ചരിത്രസംക്ഷേപങ്ങളുണ്ട്. വ്യക്തികളുടെ ജനിമൃതികളുടെയും ജീവസന്ധാരണ രീതികളുടെയും നാള്‍വഴികളല്ല ഖുര്‍ആനിലെ ചരിത്രം. മറിച്ച് പില്ക്കാലക്കാര്ക്ക് മാതൃകയാവേണ്ട ഉന്നതമൂല്യങ്ങളും പാഠമാകേണ്ട മുന്തലമുറകളുടെ വീഴ്ചകളും സന്ദര്ഭോജിതമായി, ചിലേടത്ത് വിശദമായും ചിലേടത്ത് സംക്ഷിപ്തമായും ഓര്‍മപ്പെടുത്തുന്ന രീതിയിലാണ് ചരിത്രകഥനം.
എല്ലാറ്റിനുമുപരിയായി വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചതു തന്നെ അത്ഭുതകരമാണല്ലോ. ഒറ്റയടിക്കായല്ല, ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ട്, ഒരു തലമുറയെ പടിപടിയായി വളര്‍ത്തിക്കൊണ്ടുവരാനുള്ള പരുവത്തിലാണ് അത് അല്ലാഹു പൂര്‍ത്തിയാക്കിയത്. ഒരു ഗ്രന്ഥത്തിലെ പ്രതിപാദ്യം നൂറ്റാണ്ടുകള്‍ക്കു ശേഷവും സമകാലിക സമൂഹങ്ങള്‍ക്ക് മാര്‍ഗദര്‍ശകമായി വര്‍ത്തിക്കുന്നു എന്നതു തന്നെ അത്ഭുതമാണ്. കാരണം ഇത് അല്ലാഹുവിന്റെ വചനങ്ങളാണ്.
ഖുര്‍ആനിന്റെ വെല്ലുവിളി
ഖുര്‍ആന്‍ തന്റെ വചനമാണെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. ഖുര്‍ആന്‍ അവതരണ വേളയിലെ ശ്രോതാക്കള്‍ മുതല്‍ അന്ത്യനാള്‍ വരെയുള്ള ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് അത് ബോധ്യമാവുകയും അനുഭവപ്പെടുകയും ചെയ്യും. വിവിധ നൂറ്റാണ്ടുകളിലെ ലോകവളര്‍ച്ച നിരീക്ഷിക്കുകയാണെങ്കില്‍ അത് വിവിധ മേഖലകളിലാണെന്ന് കണ്ടെത്താന്‍ കഴിയും. ഖുര്‍ആന്‍ അവതരണകാലത്തെ ജനതയ്ക്ക് ഇന്നത്തെ ശാസ്ത്രീയ വളര്‍ച്ച പ്രാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഖുര്‍ആനിന്റെ സ്ഫുടമായ അറബി ഭാഷയും അതിന്റെ ലാളിത്യവും ഈണാത്മകവും വശ്യവുമായ ശൈലിയും അവരെ അത്ഭുതപ്പെടുത്തി. കാരണം, അക്ഷരാഭ്യാസമില്ലെങ്കിലും പ്രാസവും വൃത്തവുമൊത്ത അറബിക്കവിതകള്‍ നിമഷനേരം കൊണ്ട് വാമൊഴിയായി രചിക്കുന്നവരായിരുന്നു അവരിലധികപേരും. ഭാഷ കൊണ്ട് അമ്മാനമാടുന്ന അവര്‍ക്കിടയിലെ സര്‍ഗ്ഗപ്രതിഭകള്‍ ഖുര്‍ആന്‍ പാരായണം ഒളിച്ചിരുന്ന് കേള്‍ക്കുമായിരുന്നു. ലോകം വളര്‍ന്നു കൊണ്ടിരുന്നു. തത്ത്വശാസ്ത്രങ്ങളുടെ ഒരു യുഗമുണ്ടായിരുന്നു. അന്ന് ഫിലോസഫര്‍മാര്‍ക്ക് മുമ്പില്‍ ഖുര്‍ആനിന്റെ തത്ത്വശാസ്ത്രങ്ങള്‍ മറി കടക്കാന്‍ കഴിയാത്ത കടമ്പയായി മാറി. ചരിത്രഗവേഷണങ്ങള്‍ വികാസം പ്രാപിച്ചപ്പോള്‍ ചരിത്രകാരന്മാര് ഖുര്‍ആനില്‍ പറഞ്ഞ ചരിത്രയാഥാര്‍ഥ്യങ്ങളിലെത്തിച്ചേരുകയായിരുന്നു. ആധുനിക ശാസ്ത്ര ശാഖകള്‍ വേഗത്തില്‍ വളര്‍ച്ച പ്രാപിക്കുമ്പോഴും പില്ക്കാലത്തെ ശാസ്ത്ര യാഥാര്‍ഥ്യങ്ങള്‍ ഖുര്‍ആനില്‍ മുമ്പേ പ്രവചിക്കപ്പെട്ടത് ശാസ്ത്രലോകത്തെയും അത്ഭുതപ്പെടുത്തുന്നു.
മുഹമ്മദിന്റെ സൃഷ്ടിയാണ് ഖുര്‍ആന്‍, മുഹമ്മദ് വിദഗ്ധനായ മാരണക്കാരനായത് കൊണ്ടാണ് ഖുര്‍ആന്‍ ഉരുവിടാന്‍ കഴിയുന്നത്, ശാസ്ത്രത്തിന്റെ പിറവിയോട് കൂടി ഖുര്‍ആനിന്റെ മരണമണി മുഴങ്ങിക്കഴിഞ്ഞു എന്നിങ്ങനെയുള്ള അവകാശവാദങ്ങളുന്നയിച്ചവരോടെല്ലാമായി ഖുര്‍ആന്‍ പലതവണ ലളിതമായ വെല്ലുവിളി നടത്തിയിട്ടുണ്ട്. ആദ്യം അവരോട് ഖുര്‍ആന്‍ പോലുള്ള ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു(17:88). അതിനു ശേഷം ഒരു പത്ത് സൂറത്തെങ്കിലും കൊണ്ടുവരാനാവശ്യപ്പെട്ടു(11:13). അവസാനമായി ഒരു അധ്യായമെങ്കിലും കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു(10:38). എന്നാല്‍ ഖുര്‍ആനിന്റെ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ അക്കാലത്തെ അറബിഭാഷാ കുലപതികള്‍ മുതല്‍ ഇന്നുവരെ ആര്‍ക്കും സാധിച്ചിട്ടില്ല.
ഖുര്‍ആന്‍ അത്ഭുതങ്ങളുടെ കലവറ
ഖുര്‍ആനിലെ വിജ്ഞാന കലവറ തുറക്കുമ്പോള്‍ പണ്ഡിതരെപ്പോലും അമ്പരപ്പിക്കുന്ന അത്ഭുതങ്ങളാണ് കാണാന്‍ കഴിയുന്നത്. പല വിജ്ഞാനശാഖകളുടെയും അകക്കാമ്പുകള്‍ വിലയിരുത്തുന്നതും മറ്റുചില വിജ്ഞാനീയങ്ങള്‍ക്ക് ജന്മം നല്‍കുന്നതും ഖുര്‍ആനില്‍ കാണാം.
പ്രപഞ്ചോത്പത്തി ഖുർആനിൽ
മഹാവിസ്ഫോടന സിദ്ധാന്തം (BIG BANG THEORY) ഭൂരിപക്ഷം ശാസ്ത്രജ്ഞരും അംഗീകരിച്ച ഒരു വസ്തുതയാകുന്നു. പ്രപഞ്ചം അത്യധികം സാന്ദ്രവും താപോന്മുഖവുമായ ഒരവസ്ഥയില്‍ നിന്ന് വികസിച്ച് ഉണ്ടായതാണെന്നാണ് ഈ സിദ്ധാന്തത്തിന്റെ കാതല്‍. ഖുര്‍ആനിന്റെ ചില പരാമര്‍ശങ്ങള്‍ ഇതിനോടു യോജിക്കുന്നു. ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതാ യിരുന്നുവെന്നും എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? (21:30, 51: 47).
മനുഷ്യോത്പത്തി ഖുർആനിൽ
പത്തൊന്‍പത് ഇരുപത് നൂറ്റാണ്ടുകളില്‍ ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ഉയര്‍ത്തിപ്പിടിച്ച് ഭൗതികവാദികള്‍ മതങ്ങള്‍ പറയുന്ന മനുഷ്യോത്പ്പത്തി സിദ്ധാന്തത്തെ നിരാകരിച്ചിരുന്നു. എന്നാല്‍ ജനിതക ശാസ്ത്രം പുരോഗമിക്കുകയും മനുഷ്യന്റെ ഡി എന്‍ എയെക്കുറിച്ച് പഠനം പുരോഗമിക്കുകയും ചെയ്തപ്പോള്‍ ശാസ്ത്രലോകം മനുഷ്യന് പരിണമിച്ചുണ്ടായതല്ല എന്ന വസ്തുതയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ആദമിനെയും ഭാര്യ ഹവ്വയെയും കുറിച്ച് ‘നിങ്ങളുടെ മാതാപിതാക്കള്‍’ എന്ന ഖുര്‍ആനിന്റെ പരാമര്‍ശം (7:27) ഇവിടെ ശ്രദ്ധേയമാകുന്നു. ഇന്ത്യയുടെ മുക്കുമൂലകളില്‍ അധിവസിക്കുന്ന നൂറ്റി ഇരുപത്തിയൊന്നിലധികം കോടി വരുന്ന മനുഷ്യരുടെയും കോശമെടുത്ത് പരിശോധിച്ചാല്‍ DNAയില്‍ കണ്ടുവരുന്ന MITOCHONDRIAL DNA ഒന്നാണെന്ന് കണ്ടെത്താന്‍ കഴിയും. ജീവിച്ചിരിക്കുന്ന മുഴുവന്‍ മനുഷ്യരുടെയും, ഇനി നൂറ്റാണ്ടുകള്‍ കഴിഞ്ഞ് പിറക്കുന്ന മനുഷ്യരുടെയും മൈക്രോ കോന്ഡിയല് ഡി എന്‍ എ ഒന്നുതന്നെയാണെന്ന വസ്തുത ഖുര്‍ആനിന്റെ ‘നിങ്ങളുടെ മാതാപിതാക്കള്‍’ എന്ന പ്രഖ്യാപനത്തെ ശരിവെക്കുകയാണ്. കാരണം M-DNA ഒരൊറ്റ മാതാവിലൂടെ മാത്രമേ കൈമാറുകയുള്ളൂ എന്ന് ശാസ്ത്രം സ്ഥിരീകരിച്ചിരിക്കുന്നു. അതുപോലെ തന്നെ ഡി എന്‍ എയില്‍ കാണുന്ന Y ക്രോമസോമുകളും എല്ലാവരുടെതും ഒന്നുതന്നെയാകുന്നു. ഇത് ഒരൊറ്റ പിതാവിലൂടെ മാത്രമേ കൈമാറാന്‍ കഴിയുകയുള്ളൂ. ഇതിലൂടെ മനുഷ്യകുലത്തിന്റെ പിതാവും മാതാവും ഒന്നാണെന്നും വ്യക്തമാകുന്നു. (വി.ഖു 4:1)
മനുഷ്യോത്പത്തിയെ കുറിച്ച് ഖുര്‍ആനിന്റെ മറ്റൊരു പരാമര്‍ശം മണ്ണില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു എന്നാകുന്നു (22:5, 30:20). ഒന്നുകൂടി സ്പഷ്ടമാക്കിക്കൊണ്ട് മണ്ണിന്റെ സത്തയില്‍ (സുലാല) നിന്നും (23:12) എന്നും പറഞ്ഞിട്ടുണ്ട്. മണ്ണിലെ മൂലകങ്ങള്ക്കാണ് സുലാല എന്ന വാക്ക് ഉപയോഗിക്കുന്നത്. എഴുപതോളം മൂലകങ്ങളാണ് മണ്ണിലുള്ളതെന്ന് ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കറിയാം. അതിലെ ഏതാനും മൂലകങ്ങളാണ് മനുഷ്യസൃഷ്ടിപ്പിന് അല്ലാഹു ഉപയോഗിച്ചിരിക്കുന്നത് എന്നതൊരു ശാസ്ത്ര വസ്തുതയാകുന്നു.
മനുഷ്യപ്പിറവി ഖുർആനിൽ
ഖുര്‍ആന്‍ മനുഷ്യപ്പിറവിയുമായി ബന്ധപ്പെട്ട ശാസ്ത്ര വസ്തുതകള്‍ വെളിപ്പെടുത്തിയത് ഇങ്ങനെ സംഗ്രഹിക്കാം:
1. മനുഷ്യന് സൃഷ്ടിക്കപ്പെടുന്നത് ശുക്ലത്തിലെ സൂക്ഷ്മമായ ഒരു തന്തുവില്‍(ബീജം) നിന്നാണ് (75: 36,37).
2. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം നിര്‍ണയിക്കുന്നത് പുരുഷ ബീജത്തിലെ ഘടകങ്ങള്‍ മാത്രമാണ്. സ്ത്രീക്ക് ഇതില്‍ യാതൊരു പങ്കുമില്ല (53: 45,46).
3. ഭ്രൂണം അട്ടയെപ്പോലെ (അലഖ്) ഗര്‍ഭപാത്രത്തില്‍ അള്ളിപ്പിടിച്ചാണ് പോഷകങ്ങളും ഓക്സിജനും വലിച്ചെടുത്ത് വളരുന്നത് (96:2).
4. ഭ്രൂണത്തില്‍ കാര്‍ട്ടിലേജ് ബോണ്‍ ടിഷ്യു (ശിശുവിന്റെ ശരീരത്തില്‍ ആദ്യം പടരുന്ന നേര്‍ത്ത അസ്ഥിപഞ്ജരം) പ്രത്യക്ഷപ്പെട്ടതിനു ശേഷമാണ് മാംസപേശികള്‍ അവയെ പൊതിയുന്നത് (23:14).
5. ഭ്രൂണവളര്‍ച്ചയില്‍ വ്യത്യസ്തമായ മൂന്നു ഘട്ടങ്ങളുണ്ട്. ഗര്‍ഭ പാത്രം മൂന്ന് അന്ധകാരങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന മൂന്ന് പാളികള്‍ (Layers) ചേര്‍ന്നാണ് രൂപപ്പെട്ടത് (39: 6).
ഭ്രൂണശാസ്ത്രം വളര്‍ച്ച പ്രാപിച്ചതും മേല്പറഞ്ഞ കാര്യങ്ങള്‍ കണ്ടെത്തിയതും ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ്.
ജലവും ജീവനും ഖുർആനിൽ
മനുഷ്യനടക്കമുള്ള പ്രപഞ്ചത്തിലെ ജീവന്റെ നിലനില്പിന് ജലമാണ് ആധാരമെന്നത് ഖുര്‍ആന്‍ വ്യക്തമാക്കുന്ന അത്യത്ഭുതങ്ങളിലൊന്നാണ് (21: 30, 24: 45, 25: 54).
