രതിവൈകൃതങ്ങള്‍
രതിവൈകൃതങ്ങള്‍ എന്ന വിഷയത്തെ ഇസ്‌ലാം മാനവമര്യാദ, ശുദ്ധി, ആത്മനിയന്ത്രണം എന്നീ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തുന്നത്. സ്വവര്‍ഗരതി, സ്വയംഭോഗം, പരപീഡനേച്ഛ, ആത്മപീഡനേച്ഛ, പരവര്‍ഗ വസ്ത്രധാരണേച്ഛ, പ്രദര്‍ശനേച്ഛ, ശിശുകാമം, മൃഗകാമം, സ്പര്‍ശകാമം, ആര്‍ത്തവകാലത്തെ ലൈംഗികവേഴ്ച എന്നിവയുമായി ബന്ധപ്പെട്ട ഇസ്ലാമിക നിലപാടുകളും നിയമപരമായ വിധികളും ഖുർആനും സ്വീകാര്യ ഹദീസുകളും അടിസ്ഥാനമാക്കി ഈ ലേഖനം വിശദീകരിക്കുന്നു. വ്യക്തിയുടെയും സമൂഹത്തിന്റെയും ധാർമ്മിക ശുദ്ധി സംരക്ഷിക്കുന്നതിൽ ലൈംഗിക പ്രവണതകളെക്കുറിച്ച് ഇസ്‌ലാം സ്വീകരിക്കുന്ന സമതുലിത സമീപനമാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്.
സ്ത്രീയെയും പുരുഷനെയും ജീവിതത്തിന്റെ ആനന്ദാനുഭൂതിയിലേക്ക് ആനയിക്കപ്പെടുന്ന വേളയാണ് വിവാഹം. ആരോഗ്യകരമായ ലൈംഗിക ബന്ധമാണ് ദാമ്പത്യത്തിന്റെ സൗന്ദര്യം നിലനിര്‍ത്തുന്നത്. മനുഷ്യപ്രകൃതിയില്‍ നിലീനമായിട്ടുള്ള ലൈംഗികതയുടെ ആവശ്യത്തെ പരിഗണിച്ചും അനുവദനീയമായ മാര്‍ഗത്തില്‍ വൈകാരികശമനത്തിന് പരിഹാരം കാണാനുമാണ് പ്രകൃതിമതമായ ഇസ്‌ലാം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്. വിശുദ്ധഖുര്‍ആനിലെ അധ്യാപനങ്ങളുടെയും പ്രവാചക തിരുമേനി(സ്വ)യുടെ തിരുമൊഴികളുടെയും അടിസ്ഥാനത്തില്‍ ഇസ്‌ലാം വരച്ചുകാണിക്കുന്ന നിയമാതിര്‍ത്തികളെ കൃത്യമായി മനസ്സിലാക്കാന്‍ നമുക്ക് സാധിക്കും. അതിനെ അതിലംഘിച്ചാല്‍ മനുഷ്യന്‍ ലൈംഗിക അരാജകത്വത്തിലേക്ക് നീങ്ങാനും അതുവഴി വൃത്തിഹീന സംസ്‌കാരത്തിലെത്തിച്ചേരാനും എളുപ്പമായിരിക്കും. അതുകൊണ്ടുതന്നെ രതിവൈകൃതങ്ങള്‍ ഇസ്‌ലാം നിന്ദ്യവും പാപവുമായികാണുന്നു.
മനുഷ്യന്‍ അവന്റെ ജീവിതത്തില്‍ പക്വതയുടെ തലത്തിലേക്ക് എത്തുന്നത് നിരവധി പഠനാനുഭവങ്ങളുടെ വികാസ പരിണാമ ഘട്ടങ്ങള്‍ തരണം ചെയ്തു കൊണ്ടാണ്. സദാചാര ബന്ധിതമായ ലൈംഗിക ജീവിതത്തിലേക്ക് വിവാഹത്തിലൂടെ വഴിതെളിയുമ്പോള്‍ തന്നെ ചുറ്റുപാടുകളുടെ പ്രേരണയും ദുഃസ്വാധീനവും സാഹചര്യങ്ങളുടെ സമ്മര്‍ദവും ലൈംഗിക വ്യതിചലന(sexual perversions)ങ്ങളിലേക്ക് അവനെ നയിക്കാനുള്ള സാധ്യത ഏറെയാണ്.
വ്യക്തിയുടെ ലൈംഗികാസക്തിയെ എങ്ങനെ എപ്പോള്‍ ആരിലൂടെ തൃപ്തിപ്പെടുത്തണം എന്ന അതിരടയാളങ്ങള്‍ മതം നിഷ്‌കര്‍ഷിച്ചു തരുമ്പോള്‍ മാത്രമേ രതിവൈകൃതങ്ങളിലേക്ക് മനുഷ്യന്‍ നീങ്ങാതിരിക്കൂ. രതിവൈകൃതങ്ങളിലേക്ക് മനുഷ്യന്‍ നീങ്ങാതിരിക്കാനുള്ള സാഹചര്യത്തെക്കൂടി ഇല്ലാതാക്കി ലൈംഗിക അരാജകത്വ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ദൈവിക മാര്‍ഗദര്‍ശനങ്ങള്‍ക്കേ കഴിയുകയുള്ളൂ. ആരോഗ്യപരവും മാനശ്ശാസ്ത്രപരവുമായ ചികിത്സാമുറകളിലൂടെ രതിവൈകൃതങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കേണ്ടത് പ്രഥമ ബാധ്യതയാണ്. സര്‍വോപരി ചൊവ്വായ മതത്തിന്റെ ശുദ്ധ പ്രകൃതിയെ അംഗീകരിച്ചു കൊണ്ട് സ്രഷ്ടാവിന് സമ്പൂര്‍ണമായി വിധേയമാവാന്‍ വിശ്വാസികള്‍ക്ക് ബാധ്യതയുണ്ട്.
എല്ലാ വ്യക്തികളിലും ഒരളവോളം ലൈംഗിക അസാമാന്യതകളുടെ അംശം ഉണ്ടായിരിക്കുമെന്ന് മനഃശാസ്ത്രജ്ഞന്മാരും ലൈംഗിക ശാസ്ത്രജ്ഞന്മാരും അഭിപ്രായപ്പെടുന്നു. സ്വാഭാവികമായ ലൈംഗിക സംതൃപ്തി കൈവരിക്കുന്നതിനുള്ള സാധ്യതകളും സാഹചര്യങ്ങളും ഇല്ലാത്തവരില്‍ ഇത്തരം ലൈംഗികവ്യാപാരങ്ങള്‍ കാണാനുള്ള സാധ്യത കൂടുതലാണ്. മനഃശാസ്ത്ര സമീപനത്തിലൂടെ മതിയായ മാര്‍ഗനിര്‍ദേശങ്ങള്‍ (കൗണ്‍സലിംഗ്) നല്‍കി ഇങ്ങനെയുള്ളവരെ അതില്‍ നിന്ന് മോചിപ്പിച്ചെടുക്കേണ്ടതുണ്ട്. വിശ്വാസികളുടെ സ്വഭാവഗുണമായി അല്ലാഹു എണ്ണിപ്പറഞ്ഞതില്‍ പെട്ടതാണ് ലൈംഗിക ധാര്‍മികത. ‘തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരത്രെ അവര്‍. തങ്ങളുടെ ഭാര്യമാരുമായോ തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധമൊഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല. എന്നാല്‍ അതിനപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍’ (വി.ഖു 23:5-7).
സ്വവര്‍ഗരതി
മനുഷ്യന്റെ നൈസര്‍ഗികമായ ലൈംഗിക ബന്ധത്തിന്റെ സ്വഭാവം സ്ത്രീയും പുരുഷനും തമ്മിലുള്ള വേഴ്ചയാണ്. മനുഷ്യ പ്രകൃതി അംഗീകരിക്കുന്നതും അതുതന്നെ. സ്ത്രീയുടെയും പുരുഷന്റെയും സൃഷ്ടിപ്പിലെ ഘടനാപരമായ സവിശേഷതകള്‍ പ്രകൃതിക്ക് യോജ്യവും പരസ്പര പൂരകവുമാണ്. എന്നാല്‍ ഇതിന് കടകവിരുദ്ധമായി ഒരേ വര്‍ഗത്തില്‍ നിന്നുള്ള ലൈംഗിക വേഴ്ച പ്രകൃതിവിരുദ്ധമാണ്. അത് ഇസ്‌ലാം വിലക്കിയതുമാണ്. മനുഷ്യവംശ നിലനില്പിന്നാധാരം സ്ത്രീ പുരുഷ ലൈംഗികബന്ധവും ഇണജീവിതവുമാണല്ലോ. എന്നാല്‍, ഇതിന് വിരുദ്ധമായി ഒരേവര്‍ഗത്തില്‍ പെട്ടവര്‍ തമ്മില്‍ നടക്കുന്ന ലൈംഗികവേഴ്ച പൗരുഷത്തെ അവമതിക്കുകയും സ്ത്രീയുടെ അസ്തിത്വത്തെ നിഷേധിക്കുകയും ചെയ്യുന്ന ഹീനവൃത്തിയാണ്. ഈ മ്ലേച്ഛ വൃത്തിയുടെ വ്യാപനം ദൂരവ്യാപകമായ ദുരന്തഫലങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
പുരുഷ സ്വവര്‍ഗരതിയുടെ കേന്ദ്രമായിരുന്ന സദൂം നിവാസികളോട് ലൂത്വ് നബി(അ) ചോദിച്ചതായി വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നു: ‘ലോകത്തിലെ മനുഷ്യരില്‍ നിന്ന് നിങ്ങള്‍(മാത്രം) പുരുഷന്മാരുടെ അടുക്കല്‍(ലൈംഗികവേഴ്ചയ്ക്ക്) ചെല്ലുകയാണോ? നിങ്ങള്‍ക്കായി നിങ്ങളുടെ രക്ഷിതാവ് സൃഷ്ടിച്ചു തന്ന ഇണകളെ നിങ്ങള്‍ ഉപേക്ഷിക്കുകയാണോ? എന്നാല്‍ നിങ്ങള്‍ അക്രമകാരികളായ ഒരു ജനത തന്നെ’ (26:165,166). അല്ലാഹു നിശ്ചയിച്ചതും അനുവദിച്ചുതന്നതുമായ ലൈംഗികതയുടെ അതിര്‍വരമ്പുകള്‍ അതിലംഘിച്ച് അരാജകത്വത്തിന്റെയും നിന്ദ്യതയുടെയും പാപവഴിയിലേക്ക് ലൂത്വിന്റെ ജനത എത്തിപ്പെട്ടതായി ഖുര്‍ആന്‍ ഗൗരവസ്വരത്തില്‍ താക്കീത് ചെയ്യുകയാണ്.
പുരുഷനും പുരുഷനുമായും സ്ത്രീയും സ്ത്രീയുമായും നടത്തുന്ന ലൈംഗികവേഴ്ചയാണ് സ്വവര്‍ഗരതി. ഒരേ വര്‍ഗത്തില്‍പെട്ട വ്യക്തികളുടെ ലൈംഗികത എന്ന അര്‍ഥത്തില്‍ ഹോമോ സെക്ഷ്വാലിറ്റി(Homo sexuality) എന്ന പേരില്‍ ഇതറിയപ്പെടുന്നു. പുരുഷനും പുരുഷനും തമ്മിലുള്ള ലൈംഗിക വേഴ്ചയ്ക്ക് സോദോമി എന്നും സ്ത്രീയും സ്ത്രീയും തമ്മിലുള്ള രതിയെ സാഫിസം എന്നും വിളിക്കാറുണ്ട്.
ലൂത്വ് നബിയുടെ നഗരമായ സദൂം നശിപ്പിക്കപ്പെട്ടത് പ്രകൃതി വിരുദ്ധമായ ഈ രതിവൈകൃതം മൂലമായിരുന്നു. അദ്ദേഹത്തിന്റെ അതിഥികളായി മനുഷ്യരൂപം പ്രാപിച്ചിരുന്ന മലാഖമാരെപ്പോലും അവര്‍ അപമാനിച്ചുവെന്ന് ഖുര്‍ആനിലും ബൈബിളിലും(ഉല്പത്തി 19) കാണാം. പ്രകൃതി വിരുദ്ധമായ സ്വവര്‍ഗരതി എന്ന നീചകാര്യത്തില്‍ ഏര്‍പ്പെട്ട സദൂം നിവാസികളെ പരീക്ഷിക്കാനായി മനുഷ്യരൂപത്തില്‍ മാലാഖമാരെ അയക്കുകയുണ്ടായി. ആ സമൂഹം അല്ലാഹുവിന്റെ കടുത്ത ശിക്ഷയ്ക്ക് വിധേയമായി (11:77-81).
സ്വവര്‍ഗരതിയും സ്വവര്‍ഗ പ്രേമക്കാര്‍ തമ്മിലുള്ള വിവാഹവും അനുവദനീയമാക്കിയ രാജ്യങ്ങളില്‍ എയ്ഡ്‌സ് പോലുള്ള ഗുരുതര ലൈംഗിക രോഗങ്ങള്‍ മനുഷ്യനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
സ്വയംഭോഗം
രതിമൂര്‍ച്ച പ്രാപിക്കാനായി ബാഹ്യചോദകങ്ങളെ പ്രയോഗിക്കുന്ന രീതിയാണ് സ്വയംഭോഗം. എതിര്‍ലിംഗത്തിലെ വ്യക്തികളെ ലൈംഗിക ബന്ധത്തിന് ലഭ്യമല്ലാത്തതിനാലും വിവാഹേതര ലൈംഗികബന്ധത്തെ ധാര്‍മിക സദാചാരമൂല്യ ബന്ധിത സമൂഹം പാപമായി കാണുന്നതിനാലും സ്വയംഭോഗം എന്ന രതിവൈകൃതത്തില്‍ കൗമാരക്കാര്‍ അടക്കമുള്ളവര്‍ എത്തിപ്പെടുന്നു. മാസ്റ്റര്‍ബേഷന്‍ (Masturbation) എന്ന ഇംഗ്ലീഷ് പദമാണ് സ്വയംഭോഗത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. മാസ്റ്റര്‍ ബേറിയ എന്ന ലാറ്റിന്‍ പദത്തിന് ‘സ്വയം മലിനപ്പെടുത്തുക’ എന്നാണര്‍ഥം. സ്വയംഭോഗാനന്തരം കണ്ടുവരാറുള്ള കുറ്റബോധ മനസ്ഥിതിക്ക് കാരണം ഈ സ്വയം മലിനപ്പെടലാണെന്ന് പ്രാചീന ലൈംഗിക മനഃശാസ്ത്രജ്ഞരുടെ പക്ഷം. വികാരം തിളച്ച് മറിയുമ്പോള്‍ ഞരമ്പുകള്‍ക്ക് ആശ്വാസം നല്‍കാനും വികാരത്തിന്റെ സമ്മര്‍ദം ശമിപ്പിക്കാനും ശരീരത്തില്‍ നിന്ന് ഇന്ദ്രിയം പുറത്തേക്ക് കളയാനായി കൈകളുപയോഗിച്ച് നടത്തുന്ന മൈഥൂനത്തിന് ഹസ്തമൈഥുനം, മുഷ്ടിമൈഥുനം എന്നീ പദങ്ങള്‍ ഉപയോഗിക്കപ്പെടുന്നു.
മിക്ക മതസമൂഹങ്ങളും സ്വയംഭോഗം പാപവും ഹീനവുമായി അനുശാസിക്കുന്നു. വിശുദ്ധ ഖുര്‍ആനിലോ നബിചര്യയിലോ സ്വയംഭോഗത്തെപ്പറ്റി വ്യക്തമായ പരാമര്‍ശമില്ലെങ്കിലും ചില സൂചനകളുണ്ട്. ഇമാം മാലിക് (റ) അടക്കമുള്ള പണ്ഡിതന്മാര്‍ അത് നിഷിദ്ധമാണെന്ന് പറഞ്ഞിട്ടുണ്ട്.
ഭക്ഷണം കിട്ടാതെ വിശന്നു മരിക്കാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ നിഷിദ്ധമായ ശവമല്ലാതെ മറ്റൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ ശവം അനുവദനീയമാകുന്നത്‌പോലെ, നിഷിദ്ധമായ വ്യഭിചാരത്തിലേക്ക് എത്തുമെന്ന് ബോധ്യമാകുന്ന സന്ദര്‍ഭത്തില്‍ ഹസ്തമൈഥുനം അനുവദനീയമാണെന്നാണ് ഇമാം ഗസ്സാലിയുടെ അഭിപ്രായം.
നബി(സ്വ) പറഞ്ഞു. യുവ സമൂഹമേ, നിങ്ങളില്‍ നിന്ന് ആര്‍ക്കെങ്കിലും വിവാഹത്തിന് സാധിക്കുമെങ്കില്‍ അവന്‍ വിവാഹം കഴിച്ചുകൊള്ളട്ടെ. അത് ദൃഷ്ടികളെ നിയന്ത്രിക്കാന്‍ ഏറ്റവും നല്ലതും ഗുഹ്യസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതവുമാണ്. ആര്‍ക്കെങ്കിലും, അത് സാധിക്കുന്നില്ലെങ്കില്‍ അവന്‍ നോമ്പനുഷ്ഠിച്ച് കൊളളട്ടെ. അത് അവനുള്ള പരിചയമാണ് (ബുഖാരി)1
പരപീഡനേച്ഛ
ലൈംഗിക പങ്കാളിക്ക് വേദനയുളവാക്കി ലൈംഗികോത്തേജനവും രതിനിര്‍വൃതിയും നേടുന്ന രതിവൈകൃതമാണ് പരപീഡനേച്ഛ. മറ്റുള്ളവരുടെ വേദനയില്‍ ആനന്ദം കണ്ടെത്താനും മറ്റുള്ളവരെ വേദനിപ്പിക്കാനും പല മനുഷ്യരിലും സ്വാഭാവികത്വരയുണ്ട്. ക്രൂരത ആസ്വദിക്കുക എന്ന തലത്തിലേക്ക് അത് നീങ്ങുമ്പോള്‍ നീചമായ മൃഗീയതയുടെ സാഫല്യമായി അത് മാറുന്നു. രതിവൈകൃതങ്ങള്‍ കൊണ്ട് കുപ്രസിദ്ധി നേടിയ മാര്‍ക്വിസ് ഡി സാഡേ (1740-1814)ക്കു ശേഷമാണ് പരപീഡനേച്ഛയിലൂടെയുള്ള ലൈംഗികാസ്വാദനം സാഡിസം എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
ആത്മപീഡനേച്ഛ
സ്വശരീരത്തെ പീഡനമേല്‍പിച്ചുള്ള വേദനയിലൂടെ ലൈംഗിക സംതൃപ്തി നേടുന്ന രതിവൈകൃതമാണ് മസോകിസം അഥവാ ആത്മപീഡനേച്ഛ. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ലിയോ സാച്ചര്‍ ബോണ്‍ മസോക്ക് എന്ന എഴുത്തുകാരന്‍ സ്വയം പീഡനാസക്തിയിലൂടെ ലൈംഗിക സംതൃപ്തി കണ്ടെത്തിയിരുന്നു. അത് അദ്ദേഹം തന്റെ കൃതികളിലൂടെ വെളിപ്പെടുത്തുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പേരിലേക്ക് ചേര്‍ത്തിയാണ് ഈ ലൈംഗിക വ്യതിചലനത്തിന് മസോകിസം എന്ന് പേരുവന്നത്. സ്വയം പീഡനാസക്തിയുള്ള ആള്‍ ഇണയ്ക്ക് കീഴ്‌പ്പെടണമെന്ന് അതിയായി ആഗ്രഹിക്കുന്നു. സംഭോഗത്തിന് മുമ്പോ സംഭോഗാനന്തരമോശാരീരിക വേദന ഇക്കൂട്ടര്‍ക്ക് അനുഭവപ്പെടണം. ചുരുക്കം ചിലര്‍ക്ക് പീഡനം അനുഭവിക്കുന്നു എന്ന ചിന്തകൊണ്ട് മാത്രം ഉത്തേജനമുണ്ടാവുകയും ചെയ്യും.
ആത്മപീഡനേച്ഛ എന്ന ലൈംഗികവൈകൃതത്തിന് നിമിത്തമായിത്തീരുന്ന സാഹചര്യങ്ങള്‍ ലൈംഗികോത്തോജനമുണ്ടാക്കുന്ന ദൃശ്യങ്ങളും ലൈംഗികപരമായ അപക്വമായ ഇടപെടലുമാണ്. എതിര്‍ലിംഗത്തില്‍ പെട്ടവരില്‍നിന്ന് അമാന്യമായ ഇടപെടലുകള്‍ ഉണ്ടായാല്‍ വൈകാരികതയ്ക്ക് കൂച്ചുവിലങ്ങിടാനുള്ള തന്ത്രങ്ങള്‍ അന്വേഷിക്കാനുള്ള ത്വരയുണ്ടാകുന്നു. അത് സ്വയം പീഡനത്തിന്റെ വഴിയിലൂടെ ലൈംഗിക നിര്‍വൃതിയടയാന്‍ കാരണമായേക്കാം. മറ്റുള്ളവരാല്‍ പീഡിപ്പിക്കപ്പെടാന്‍ പാടില്ലാത്തതുപോലെ സ്വയം പീഡനത്തിന്റെ വഴിയും മതം വിലക്കിയിട്ടുണ്ട്. ഉപദ്രവിക്കാനോ മറ്റുള്ളവരാല്‍ ഉപദ്രവമേല്പിക്കപ്പെടാനോ പാടില്ല എന്ന് റസൂല്‍(സ്വ) പഠിപ്പിക്കുന്നുണ്ട്. വിവാഹവും ലൈംഗികവേഴ്ചയുമൊക്കെ മതത്തിന്റെ വീക്ഷണത്തില്‍ പുണ്യകര്‍മമായി പരിഗണിക്കപ്പെടുന്നത് അവയൊക്കെയും അല്ലാഹു കനിഞ്ഞരുളിയ ആരോഗ്യത്തോടും ശരീരത്തോടുമുള്ള ബാധ്യതാനിര്‍വഹണത്തിന്റെ വഴികളാണ് എന്നതാണ്. സ്വയം ഹത്യയുടെയോ ആത്മപീഡനത്തിന്റെയോ വഴി തെരഞ്ഞെടുക്കുന്നത് ഏത് ആസ്വാദനത്തിന്റെ പേരിലായാലും അല്ലാഹുവിനോടുള്ള നിന്ദയും ധിക്കാരവുമാണ്.
പരവര്‍ഗ വസ്ത്രധാരണേച്ഛ
എതിര്‍ലിംഗത്തില്‍ പെട്ടവരുടെ വസ്ത്രം ധരിച്ച് സംതൃപ്തിയടയുന്ന രതിവൈകൃതമാണ് പരവര്‍ഗവസ്ത്രധാരണേച്ഛ (Transvestism) ട്രാന്‍സ് വെസ്റ്റിസം). സ്ത്രീവേഷമണിയുന്ന പുരുഷന്മാരും പുരുഷവേഷം ധരിക്കുന്ന സ്ത്രീകളും സിനിമകളിലും നാടകങ്ങളിലും പ്രത്യക്ഷപ്പെടുകയും പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള സംഭാഷണങ്ങള്‍ അശ്ലീലച്ചുവയോടെ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. സ്വന്തമായ ലിംഗവ്യക്തിത്വം പുലര്‍ത്താന്‍ കഴിയാത്ത വിധത്തിലുളള പരവര്‍ഗവസ്ത്ര ധാരണേച്ഛ എന്ന രതിവൈകൃതത്തിലേക്ക് എത്തിക്കുന്ന മുഖ്യകാരണങ്ങളിലൊന്ന് അതാണ്. ലിംഗവ്യക്തിത്വ നിരാസത്തിന് വഴിതുറക്കുന്ന ഈ രതിവൈകൃത മനോഭാവം വളര്‍ന്നുവരാതിരിക്കാന്‍ ഇസ്‌ലാം പുരുഷനോട് സ്ത്രീ വേഷം ധരിക്കാന്‍ പാടില്ലെന്നും സ്ത്രീയോട് പുരുഷവേഷം ധരിക്കരുതെന്നും നിഷ്‌കര്‍ഷിച്ചു. ലൈംഗികമായ അപക്വതയ്ക്കുകുടി കാരണമാകുന്ന ഈയൊരു രതിവൈകൃതത്തെ തടയിടാനുള്ള ഏകപോംവഴി ഇസ്‌ലാം പഠിപ്പിക്കുന്ന മാന്യവും ഉദാത്തവുമായ വസ്ത്രധാരണ സംസ്‌കാരം സ്ത്രീ പുരുഷന്മാര്‍ നിലനിര്‍ത്തിപ്പോരുക എന്നത് മാത്രമാണ്. ലൈംഗിക മനഃശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഇസ്‌ലാം പുരുഷനോടും സ്ത്രീയോടും പാലിക്കാന്‍വേണ്ടി കല്പിച്ചിട്ടുളള വസ്ത്രധാരണരീതി കാലദേശ ഭേദമെന്യേ മനുഷ്യ പ്രകൃതിക്കിണങ്ങിയതും സാമൂഹ്യ സുരക്ഷയും ആരോഗ്യജീവിതവും ഉറപ്പുനല്‍കുന്നതും കൂടിയാണ്.
പ്രദര്‍ശനേച്ഛ
സ്വന്തം ലൈംഗികാവയവങ്ങളോ നഗ്നതയോ മറ്റുള്ളവരെകാണിച്ച് ലൈംഗിക സംതൃപ്തിയടയുന്ന സ്വഭാവമുള്‍ക്കൊള്ളുന്ന രതിവ്യതിയാനമാണ് പ്രദര്‍ശനേച്ഛ (Exhibitionism). പുരുഷന്മാരിലും സ്ത്രീകളിലും കാണപ്പെടുന്ന ഈ രതിവൈകൃതത്തിന് അടിമപ്പെടാന്‍ കാരണമാകുന്നത് നഗ്നമേനി പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ദൃശ്യങ്ങളുടെ പതിവ് കാഴ്ചക്കാരാകുന്ന സാഹചര്യമായിരിക്കാം. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പരന്നൊഴുകുന്ന ആഭാസ ദൃശ്യങ്ങളും അവയ്ക്ക് കിട്ടുന്ന കമന്റുകളും ലൈക്കുകളും കൂടുതല്‍ ആളുകളിലേക്ക് ഷെയര്‍ ചെയ്യാനുള്ള ത്വര അതിന്റെ കാഴ്ചക്കാര്‍ക്കുണ്ടാക്കുന്നു. നഗ്നത ആസ്വദിക്കാനുള്ള താത്പര്യത്തോടൊപ്പം മററുള്ളവരെ ആസ്വദിപ്പിക്കാനുള്ള മനോരോഗത്തിനും ഇത് കാരണമാകുന്നു. ബാത്‌റൂമില്‍ നഗ്നത വെളിപ്പെടുത്തി കുളിക്കുന്നവരിലും വസ്ത്രം മാറുമ്പോള്‍ അന്യര്‍ക്ക് കാണത്തക്കവിധം ശരീര പ്രദര്‍ശനം നടത്തുന്നവരിലും ചെറിയ തോതില്‍ പ്രദര്‍ശനേച്ഛയുണ്ട് എന്ന് മനഃശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. കണ്ണാടിക്കു മുമ്പില്‍ കൂടുതല്‍ സമയം ചെലവിടുന്നവരില്‍ അതുവഴി ലൈംഗികാനുഭൂതിയില്‍ ലയിക്കാനുള്ള പ്രവണതയുണ്ടാകുന്നതും പ്രദര്‍ശനേച്ഛ കാരണമാണ്.
ലജ്ജ വിശ്വാസത്തിന്റെ ശാഖയായി പഠിപ്പിക്കപ്പെട്ട മതത്തില്‍ പുരുഷനും സ്ത്രീയും നിര്‍ബന്ധമായും മറച്ചിരിക്കേണ്ട ഭാഗത്തി(ഔറത്ത്)ന്റെ കാര്യത്തില്‍ കണിശമായ നിഷ്‌കര്‍ഷയുണ്ട്. മിസ്‌വര്‍(റ) പറയുന്നു: ഞാന്‍ ഭാരമുള്ള ഒരു കല്ലെടുത്ത് നടന്നുപോയപ്പോള്‍ എന്റെ വസ്ത്രം വീണുപോയി. അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു. വസ്ത്രം ധരിക്കുക. നഗ്നരായി നടക്കരുത് (അബൂദാവൂദ്) 2 സ്ത്രീകളുടെവേഷവിധാനത്തെ സംബന്ധിച്ച് റസൂല്‍(സ്വ) പ്രത്യേകം ഓര്‍മപ്പെടുത്തിയത് ഇവിടെ പ്രസ്താവ്യമാണ്. ‘വസ്ത്രം അണിഞ്ഞിട്ടും നഗ്നകളായി, ഒട്ടകത്തിന്റെ പൂഞ്ഞപോലെ ചെരിയുന്ന തലയോടുകൂടിയ സ്ത്രീകള്‍ എന്റെ സമൂഹത്തില്‍ അവസാനകാലത്ത് ഉണ്ടാകുന്നതാണ്. നിങ്ങള്‍ അവരെ ശപിക്കുക. അവര്‍ ശപിക്കപ്പെടേണ്ടവരാണ്’ (ത്വബ്‌റാനി) 3
നഗ്നത വെളിപ്പെടുത്തുന്ന വസ്ത്രധാരണം ശീലമാക്കിയാല്‍ പുരുഷനിലും സ്ത്രീയും സദാചാരബോധം പതിയെപ്പതിയെ ഇല്ലാതെയാവും. ലൈംഗികോത്തേജനത്തിന്റെ വഴി നഗ്നത പ്രദര്‍ശനമാണെങ്കില്‍ വസ്ത്ര സംസ്‌കാരത്തിലുള്ള സദാചാരബോധത്തെ ഇല്ലാതെയാക്കുന്നതിലൂടെ ലൈംഗികാസക്തിയെ കയറൂരിവിടാന്‍ എളുപ്പം സാധിക്കുന്നു. അതുകൊണ്ടാണ് ശരീരം വെളിപ്പെടുന്ന വിധമുള്ള ഏത് വസ്ത്രധാരണരീതിയെയും ഇസ്‌ലാം കണിശമായി വിലക്കിയത്. ഹിശാമുബ്‌നു ഉര്‍വ(റ) പറയുന്നു: മുന്‍ദിറുബ്‌നു സുബൈര്‍ ഇറാഖില്‍നിന്ന് വന്നപ്പോള്‍ അബൂബക്‌റിന്റെ മകള്‍ അസ്മാഇന് കൂഫയിലെ മര്‍വില്‍നിര്‍മിച്ച വസ്ത്രങ്ങളില്‍ നിന്ന് നേരിയതും മുന്തിയതുമായ ഒരെണ്ണം കൊടുത്തയച്ചു. കാഴ്ച നഷ്ടപ്പെട്ടിരുന്ന അസ്മാ കൈകൊണ്ട് സ്പര്‍ശിച്ചശേഷം അതില്‍ വെറുപ്പ് പ്രകടിപ്പിക്കുകയും അത് തിരിച്ചുകൊടുക്കാന്‍ പറയുകയും ചെയ്തു. ഇത് അദ്ദേഹത്തിന് വലിയ പ്രയാസമുണ്ടാക്കി. അദ്ദേഹം പറഞ്ഞു. ഉമ്മാ, അത് നിഴലിക്കുന്നതല്ല. അപ്പോള്‍ അവര്‍ പറഞ്ഞു: നിഴലിക്കുന്നതല്ലെങ്കിലും ശരീരഭാഗങ്ങള്‍ വ്യക്തമായികാണത്തക്കവിധം പ്രകടിപ്പിക്കുന്നതാണ്.
ശിശുകാമം
കാമപൂര്‍ത്തീകരണത്തിനായി കുട്ടികളെ ലൈംഗികമായി ഉപയോഗപ്പെടുത്തി അതില്‍ ആനന്ദം കണ്ടെത്തുന്ന രതി വൈകൃതമാണ് ശിശുകാമം (Pedophilias) പീഡോഫീലിയ). കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് ഉപയോഗപ്പെടുത്തുകയും വര്‍ധിച്ചുവരുന്ന ബാലപീഡനങ്ങളും ശിശുകാമമെന്ന രതി വൈകൃതത്തിന്റെ ദുരന്തഫലമാണ്. ഇത്തരം പീഡനത്തിനിരയാകുന്ന കുട്ടികളില്‍ ശാരീരികമായും മാനസികമായും ആഘാതങ്ങള്‍ ഏല്‍ക്കുന്നു. ഇളം പ്രായത്തില്‍ അവര്‍ അനുഭവിക്കുന്ന മാനസിക വിഭ്രാന്തിയും വൈകാരിക ശൈഥില്യവുമാണ് ഇത്തരം രതിവൈകൃതങ്ങളോട് സഹകരിക്കാന്‍ പ്രധാനകാരണം. ശിശുകാമത്തില്‍ ഏര്‍പ്പെടുന്നവരാകട്ടെ, ബാല്യകാലത്ത് ലൈംഗികാക്രമണത്തിന് വിധേയരായവരോ സഫലമാവാത്ത രതിമോഹങ്ങള്‍ കൊണ്ടുനടക്കുന്നവരോ ആയ അപക്വ മനസ്സിന്റെ ഉടമകളാണ്.
സാമൂഹ്യഭദ്രതയുടെ അടിത്തറയിളക്കുന്ന ശിശുകാമമെന്ന രതിവൈകൃതത്തിന്റെ ഇരകളായിത്തീരുന്ന ബാലികാ ബാലന്മാര്‍ ഇന്ന് ഏറിവരുന്നു. സാമൂഹിക സദാചാരത്തിന് പോറലേല്‍പ്പിക്കുന്ന ഈ അധാര്‍മിക പ്രവണതയെ ധാര്‍മികതയുടെ പടച്ചട്ടകൊണ്ട് പ്രതിരോധിക്കേണ്ടതുണ്ട്. യൗവനദശയില്‍ വിവാഹത്തിന് പ്രാപ്തമായ സാഹചര്യമുണ്ടായാല്‍ വിവാഹം കഴിപ്പിക്കേണ്ടത് ബാധ്യതയായി അല്ലാഹു കല്പിക്കുന്നു. ‘നിങ്ങളിലുള്ള അവിവാഹിതരെയും നിങ്ങളുടെ അടിമകളില്‍ നിന്നും അടിമസ്ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതാണ്. അല്ലാഹു വിപുലായ കഴിവുള്ളവനും സര്‍വജ്ഞനുമത്രെ. വിവാഹം കഴിക്കാന്‍ കഴിവ് ലഭിക്കാത്തവര്‍ അല്ലാഹുതന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്കസ്വാശ്രയത്വം നല്‍കുന്നതുവരെ സന്മാര്‍ഗ നിഷ്ഠ പുലര്‍ത്തട്ടെ’ (24:32,33). ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ള മാനദണ്ഡപ്രകാരമുള്ള വിവാഹവും ഇണകള്‍ പരസ്പരം തൃപ്തിപ്പെട്ടുകൊണ്ടുള്ള ലൈംഗിക വേഴ്ചയും മാത്രമാണ് കാമപൂര്‍ത്തീകരണത്തിന് നിഷിദ്ധ വഴികള്‍ തേടാതിരിക്കാനുള്ള ഏക പോംവഴി.
മൃഗകാമം
ഏറ്റവും പഴക്കംചെന്ന ഒരു ലൈംഗിക വൈകൃതമാണ് മൃഗഭോഗം(Bestiality). സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്ന ഈ ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ടവര്‍ മൃഗങ്ങളുടെ ലൈംഗികബന്ധം നോക്കിനില്ക്കാന്‍ താത്പര്യം കാണിക്കുന്നു. ചുരുക്കം ചിലര്‍ക്ക് ഇത് കാണുന്നതിലൂടെ ലൈംഗിക സംതൃപ്തി ലഭിക്കുന്നു. ഈ അവസ്ഥയെ ‘മിക്‌സോസ്‌കോപിയ സുഫിലിയ’ എന്ന് പറയപ്പെടുന്നു. ഇത് ഗുരുതരമായ മാനസികരോഗത്തിന്റെ തുടക്കം കൂടിയാണ്. സമൂഹത്തില്‍ ഒറ്റപ്പെട്ടവരിലും മനോരോഗികളിലും കൂടുതലായി മൃഗഭോഗം കാണാന്‍ സാധ്യതയുണ്ട്. ചിലര്‍ മൃഗങ്ങള്‍ തമ്മില്‍ ലൈംഗിക ബന്ധം നടക്കുന്നതു കണ്ട് ലൈംഗിക ഉത്തേജിതരായി സ്വയം ഭോഗത്തില്‍ ഏര്‍പ്പെടുന്നു. പൂര്‍ണമായി ലൈംഗികമായി വഴിതെറ്റിയ ഇക്കൂട്ടരെ കൗണ്‍സലിംഗിലൂടെ മൃഗഭോഗാസക്തിയിലേക്ക് എത്തിയ സാഹചര്യങ്ങളില്‍ നിന്ന് മോചിപ്പിച്ചെടുക്കാന്‍ സാധിക്കണം.
സാധാരണ സ്വയം ഭോഗത്തിനുള്ള ആഗ്രഹമോ താത്പര്യമോ ഇല്ലാത്ത മൃഗഭോഗാസക്തരായ മനുഷ്യരെ ‘സൂയിറാസ്റ്റ്’ എന്നാണ് പറയുന്നത്. ലൈംഗിക ജീവിതത്തിന്റെ സംതൃപ്തിയെക്കുറിച്ച് പൊടുന്നനെ ബോധവത്ക്കരിക്കുന്നതിനു പകരം മനുഷ്യന്റെ പവിത്രതയും ജീവിതത്തിന്റെ മഹത്വവും ഉയര്‍ത്തിപ്പിടിക്കുന്ന മതമൂല്യങ്ങളും മനഃശാസ്ത്രപരമായ സമീപനത്തിലൂടെ പഠിപ്പിക്കപ്പെട്ടാല്‍ ഇക്കൂട്ടര്‍ സംസ്‌കരിക്കപ്പെടും. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളോട് കുട്ടികള്‍ക്കുണ്ടാകുന്ന അടുപ്പം വൈകാരികമായി പരിണമിച്ച് അത് ചിലപ്പോള്‍ മൃഗഭോഗത്തിലെത്തിക്കുന്ന സാഹചര്യങ്ങളുണ്ടാക്കിയേക്കാം. ഗുണപരവും ശാസ്ത്രീയവുമായ സമീപനത്തിലൂടെ ചികിത്സിക്കുകയാണെങ്കില്‍ ക്രമാനുഗതമായി ഇത്തരക്കാരെ മോചിപ്പിച്ചെടുക്കാന്‍ സാധിക്കും.
സ്പര്‍ശകാമം
എതിര്‍ലിംഗത്തില്‍ പെട്ടവരുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും അതിലൂടെ അനുഭൂതി തേടുകയും ചെയ്യുന്നതിനാണ് സ്പര്‍ശനാനുഭൂതി (Frottage) എന്ന് പറയുന്നത്. ലൈംഗിക പങ്കാളിയില്‍ നിന്ന് അസംതൃപ്തി നേരിടുകയോ ലൈംഗികബന്ധത്തിന് വഴങ്ങാത്ത അവസ്ഥയുണ്ടാവുകയോ ചെയ്യുന്ന സാഹചര്യത്തില്‍ പുരുഷന്മാരാണ് മിക്കപ്പോഴും സ്പര്‍ശകാമാനുഭൂതിയുടെ വഴിവിട്ട രീതികള്‍ ഉപയോഗിക്കുന്നത്. യുവതികളുമായി ഒന്നിച്ച് ഇടപഴകുന്ന സന്ദര്‍ഭത്തെ വികാരാവേശം ജനിപ്പിക്കുന്ന ശരീരഭാഗങ്ങളെ സ്പര്‍ശിക്കുന്നതിന് ഉപയോഗിക്കുകയും അതുവഴി ലൈംഗികസുഖം നേടിയെടുക്കുകയും ചെയ്യുന്നു. സ്ത്രീ ശരീരഭാഗങ്ങള്‍ സ്പര്‍ശിക്കാന്‍ വിനോദസ്ഥലങ്ങളെയും യാത്രാവാഹനങ്ങളെയും ഉപയോഗപ്പെടുത്തി ലൈംഗികോത്തേജനം ഉണ്ടാക്കാന്‍ തക്ക തന്ത്രങ്ങള്‍ പയറ്റുന്ന രതിവൈകൃതമാണത്. ചലച്ചിത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെടുന്ന പെണ്ണുടല്‍ ഇത്തരം രതിവൈകൃതത്തിന് ആക്കംകൂട്ടുന്നു. അല്പവസ്ത്ര ധാരിണികളായ യുവതികളുടെ ലൈംഗിക ചുവയുള്ള ഡയലോഗുകളും അതിരുകളേതുമില്ലാതെ ഇടപഴകാനുളള ത്വരയും രതിവൈകൃതക്കാരില്‍ സ്പര്‍ശകാമം ജനിപ്പിക്കുന്നു.
കാരണങ്ങള്‍ കണ്ടെത്തി മതിയായ ചികിത്സ നടത്തിയില്ലെങ്കില്‍ ലജ്ജാകരമായ ലൈംഗിക ആഭാസത്തിലേക്ക് സമൂഹത്തെ അധഃപതിപ്പിക്കുന്ന മനോവൈകൃതം കൂടിയാണിതെന്നത് ഗൗരവബുദ്ധ്യാ കണക്കിലെടുക്കണം. അന്യപുരുഷനും സ്ത്രീയും ഇടപഴകുന്ന സന്ദര്‍ഭങ്ങള്‍ക്ക് ഇസ്‌ലാം അതിരുകള്‍ വെക്കുകയും നിമയങ്ങളും ചട്ടങ്ങളും കര്‍ക്കശമാക്കുകയും ചെയ്തു. കാമാതുരമായ മനസ്സോടെ നടക്കുന്നവര്‍ക്ക്, സ്ത്രീ സൗന്ദര്യം പ്രകടിപ്പിക്കുന്നതും വിലക്കുകളോ നിയന്ത്രണങ്ങളോ ഏതുമില്ലാതെ അഴിഞ്ഞാടുന്നതും സ്പര്‍ശനകാമം എന്ന രതിവൈകൃതം മൂര്‍ഛിക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് വിശ്വാസിനികള്‍ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ പാലിക്കേണ്ട ഇടപഴകല്‍ രീതി കൃത്യമായി അല്ലാഹു പഠിപ്പിച്ചുതരുന്നു. പ്രവാചക പത്‌നിമാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കല്പനയാണെങ്കിലും എല്ലാകാലത്തും വിശ്വാസിനികള്‍ പാലിക്കേണ്ട പെരുമാറ്റ രീതിയായി ഇത്‌നമുക്ക് വായിക്കാന്‍ സാധിക്കും.
‘പ്രവാചകപത്‌നിമാരേ, സ്ത്രീകളില്‍ മറ്റ് ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ അന്യരോട് അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കാം. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞുകൊള്ളുക. നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. പ്രവാചകന്റെ വീട്ടുകാരേ, നിങ്ങളില്‍ നിന്ന് മാലിന്യം നീക്കിക്കളയാനും നിങ്ങളെ ശരിയായി ശുദ്ധീകരിക്കാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത് (33:32,33).
ആര്‍ത്തവവും ലൈംഗികവേഴ്ചയും
മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പിന് ജഗന്നിയന്താവ് ഇണകളായിട്ടാണ് മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളത്. പ്രായപൂര്‍ത്തിയാകുന്നതോടെ, പുരുഷനും സ്ത്രീയും പരസ്പരം ആകര്‍ഷിക്കപ്പെടാന്‍ തക്കവണ്ണമുള്ള ശാരീരിക മാറ്റങ്ങള്‍ അവരില്‍ പ്രകടമായിത്തുടങ്ങുന്നു. പ്രായപൂര്‍ത്തിയെത്തിയ പുരുഷന്റെ ലൈംഗികാവയവങ്ങള്‍ ബീജവും സ്ത്രീയുടെ ലൈംഗികാവയവങ്ങള്‍ അണ്ഡവും ഉത്പാദിപ്പിക്കാന്‍ ആരംഭിക്കുന്നു. ബീജോത്പാദനം വൃഷണങ്ങളിലും അണ്ഡോത്പാദനം അണ്ഡാശയത്തിലും നടക്കുന്നു.
ഓരോ മാസവും ഓരോ അണ്ഡം വീതമാണ് സ്ത്രീ ശരീരം പുറത്തുവിടുന്നത്. ഏകദേശം 24 മണിക്കൂറാണ് അണ്ഡത്തിന്റെ ആയുസ്സ്. ബീജസങ്കലനം ഈ സമയത്തിനുള്ളില്‍ നടന്നില്ലെങ്കില്‍, 14 ദിവസങ്ങള്‍ക്കുശേഷം ഉപയോഗശൂന്യമായ അണ്ഡവും ഭ്രൂണത്തെ സ്വീകരിക്കാന്‍ തയ്യാറായിരുന്ന ഗര്‍ഭാശയത്തിന്റെ ഉള്ളിലെ ആവരണവും (എന്‍ഡോമെട്രിയം) അതിലെ രക്തക്കുഴലുകളുള്‍പ്പെടെ ശരീരം പുറന്തള്ളുന്നതാണ് ആര്‍ത്തവം. ശരീരത്തില്‍ സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന ഈ രക്തത്തെ അശുദ്ധരക്തമായി കാണേണ്ടതില്ല. 12 വയസ്സുമുതല്‍ 50 വയസ്സുവരെയുള്ള സ്ത്രീകളില്‍ 28 ദിവസം കൂടുമ്പോള്‍ യോനിയില്‍ നിന്ന് ഉണ്ടാകുന്ന രക്തസ്രാവം എന്നാണ് ആയുര്‍വേദ ശാസ്ത്രഗ്രന്ഥങ്ങളില്‍ ആര്‍ത്തവത്തെക്കുറിച്ച് സാമാന്യമായി പറയുന്നത്. സ്വാഭാവികവും പ്രകൃതിദത്തവുമായ ഒരു ശാരീരിക പ്രവര്‍ത്തനമെന്ന നിലയ്ക്ക് വൈദ്യശാസ്ത്രം നിര്‍വചിച്ചിട്ടുള്ള ആര്‍ത്തവത്തിന് സ്ത്രീ ശരീരത്തെ പൂര്‍ണതയിലെത്തിക്കുന്നതില്‍ വലിയ പങ്കുവഹിക്കാനുണ്ട്.
എന്നാല്‍ ആര്‍ത്തവത്തെ അതീവ രഹസ്യസ്വഭാവത്തോടെ കാണുകയും ആ ഘട്ടത്തില്‍ ‘അശുദ്ധിയുള്ളവര്‍’ എന്ന നിലയ്ക്ക് സ്ത്രീ എല്ലാ തരത്തിലും അകറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്ന പൊതുബോധം പഴയകാലത്തെപ്പോലെ ഇന്നും വിവിധ സമൂഹത്തില്‍ ശക്തമായി നിലനില്ക്കുന്നു. ആര്‍ത്തവകാലത്ത് സ്ത്രീയെ മാറ്റിപ്പാര്‍പ്പിക്കണമെന്നും അവള്‍ പുരുഷനെ കാണാന്‍ പാടില്ലാത്തവളാണെന്നും ആഹാരപാനീയങ്ങള്‍ പോലും വേറെയാക്കി അവള്‍ അകന്നുനില്‌ക്കേണ്ടവളാണെന്നുമുള്ള മിഥ്യാധാരണകള്‍ ഇസ്‌ലാം ഒരിക്കലും അംഗീകരിക്കുന്നില്ല. ആര്‍ത്തവകാലം സ്‌ത്രൈണ ശാപത്തിന്റെ കാലമായോ പിശാചിന്റെ അവിശുദ്ധ രതിയായോ ഇസ്‌ലാം പരിഗണിക്കുന്നില്ല. ആര്‍ത്തവം ശരീരത്തിന്റെ വിസര്‍ജ്യമാണെന്നും അതിനാല്‍ തന്നെ ആര്‍ത്തവകാരി ശാരീരിക ശുദ്ധിവരുത്തണമെന്നും നിഷ്‌കര്‍ഷിക്കുന്ന ഇസ്‌ലാമിന്റെ സമീപനം തീര്‍ത്തും പ്രകൃതിപരവും ശാസ്ത്രീയവുമാണ്.
ജൂതരും മജൂസികളും(അഗ്നിയാരാധകരും) ആര്‍ത്തവകാലത്ത് സ്ത്രീകളില്‍ നിന്ന് പൂര്‍ണമായും അകന്നുനിന്നിരുന്നു. ക്രൈസ്തവര്‍ അവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. ജാഹിലിയ്യാ കാലത്തെ അറബികളും സ്ത്രീകള്‍ക്ക് ആര്‍ത്തവമുണ്ടായാല്‍ അവരോട് അടുക്കുകയോ അവരോടൊന്നിച്ച് തിന്നുകയോ കുടിക്കുകയോ ഒന്നും ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആര്‍ത്തവകാലത്ത് അനുവര്‍ത്തിക്കേണ്ട രീതിയെ സംബന്ധിച്ച് ചില മുസ്‌ലിംകള്‍ നബിയോട് വിവരം അന്വേഷിച്ചത്. ആ സന്ദര്‍ഭത്തില്‍ അവതീര്‍ണമായ ഖുര്‍ആന്‍ സൂക്തം ഇപ്രകാരമാണ്: ‘ആര്‍ത്തവത്തെക്കുറിച്ച് അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക, അതൊരു മാലിന്യമാകുന്നു. അതുകൊണ്ട് ആര്‍ത്തവകാലത്ത് നിങ്ങള്‍ സ്ത്രീകളില്‍ നിന്നും അകന്നുനില്ക്കുക. അവര്‍ ശുദ്ധിയാകുന്നതുവരെ സമീപിക്കരുത്. ശുദ്ധിയായിക്കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട് കല്പിച്ചവിധം അവരുടെ അടുത്ത് ചെല്ലുക. പശ്ചാത്തപിച്ചുമടങ്ങുന്നവരെയും ശുദ്ധിപാലിക്കുന്നവരെയുമാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്.’ (2:222).
ആര്‍ത്തവകാലത്ത് സ്ത്രീയുടെ ജനനേന്ദ്രിയം അശുദ്ധ രക്തംകൊണ്ടും രക്തക്കട്ടകള്‍കൊണ്ടും നിരവധി സൂക്ഷ്മ രോഗാണുക്കള്‍കൊണ്ടും വൃത്തിഹീനമാവുന്നു. അതുകൊണ്ട് ലൈംഗിക സുരക്ഷയുടെയും ശുചിത്വപൂര്‍ണമായ ജീവിത രീതിയുടെയും ഭാഗമായി ഇസ്‌ലാം ഈ വേളയില്‍ സ്ത്രീയുമായുള്ള ലൈംഗികവേഴ്ച നിഷിദ്ധമാക്കി. ശരീരശാസ്ത്രപരമായി വൃത്തിഹീനതയും ജൈവരാസപരമായി അമ്ലത കുറയുന്നതുമൂലവും വന്‍ അണുബാധയും മാനസികമായി ആര്‍ത്തവ ടെന്‍ഷന്‍ എന്ന സമ്മര്‍ദാവസ്ഥയുമൊക്കെ സ്ത്രീ അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തില്‍ ലൈംഗികവേഴ്ചയെ നിഷിദ്ധമാക്കിയ ഇസ്‌ലാമിക നിയമത്തില്‍ ശാസ്ത്രീയതയും സര്‍വകാലപ്രസക്തമായ പ്രായോഗികതയും മനസ്സിലാക്കാന്‍ സാധിക്കും. സ്ത്രീയുടെ പ്രകൃതിപരവും ശരീരശാസ്ത്രപരവും മനശ്ശാസ്ത്രപരവുമായ അവസ്ഥയെ പരിഗണിച്ചുകൊണ്ട് ഇങ്ങനെയൊരു നിയന്ത്രണം മാത്രമാണ് ഇസ്‌ലാം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവരെ വീട്ടല്‍നിന്ന് പുറത്താക്കി തനിച്ച് പാര്‍പ്പിക്കാന്‍ കല്പിക്കുകയോ അവരുമായി മറ്റ് സഹവാസങ്ങള്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിക്കുകയോ ഇസ്‌ലാം ചെയ്യുന്നില്ല. നബി(സ്വ) പറഞ്ഞു: (ആര്‍ത്തവകാലത്ത്) നിങ്ങള്‍ സംഭോഗമൊഴികെ മറ്റെല്ലാം ചെയ്തുകൊള്ളുക (മുസ്‌ലിം) 4
ഋതുമതിയായിരിക്കെ സംഭോഗമൊഴികെയുള്ള ബാഹ്യമായ പ്രേമപ്രകടനങ്ങള്‍ അനുവദനീയമാണെന്ന് ആഇശ(റ) പറയുന്ന: ”ഞാന്‍ ഋതുമതിയായിരിക്കുമ്പോള്‍ റസൂല്‍(സ്വ) എന്നോട് അരയില്‍ ഒരു കെട്ടുകെട്ടുവാന്‍ കല്പിക്കുകയും ഞാനങ്ങനെ ചെയ്തശേഷം അദ്ദേഹം എന്നോട് പ്രേമപ്രകടനങ്ങള്‍ നടത്തുകയും ചെയ്യാറുണ്ടായിരുന്നു (ബുഖാരി) 5
ആര്‍ത്തവകാല വൃത്തിയെക്കുറിച്ച് നടന്ന ഗവേഷണ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവ നിര്‍ബാധം വളരുന്ന ആര്‍ത്തവവേളയില്‍ യോനീ സ്രവങ്ങളുടെ അമ്ലത കുറയുന്നതുമൂലം ട്രൈക്കോമോണസ് പോലുള്ള ജീവികള്‍ വളരാന്‍ ഇടയാകുന്നു. അതിനാല്‍ ആര്‍ത്തവകാലത്ത് ലൈംഗികവേഴ്ച നടത്തുന്ന പുരുഷന്മാര്‍ക്ക് ട്രൈക്കോമാറ്റിസ് ബാധ വരാനുള്ള സാധ്യതകള്‍ വളരെ കൂടുതലായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ലൈംഗിക വിശുദ്ധിയുടെയും സദാചാര ലൈംഗികതയുടെയും ഭാഗമായി സ്ത്രീപുരുഷന്മാര്‍ പാലിക്കേണ്ട ശാസ്ത്രീയ മാര്‍ഗനിര്‍ദേശങ്ങളാണ് വിശുദ്ധ ഖുര്‍ആനിലും പ്രവാചകന്‍(സ്വ)യുടെ വചനങ്ങളിലും ഈ വിഷയകമായി വന്നിട്ടുള്ളത്.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 26, ഹദീസ് 1905[↩]
- സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 04, പേജ് 72, ഹദീസ് 4016[↩]
- മുഅ്ജമുല്‍ കുബ്‌റാ ലിത്ത്വബ്‌റാനി, വാള്യം 13, പേജ് 63, ഹദീസ് 156[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 01, പേജ് 169, ഹദീസ് 302[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 67, ഹദീസ് 300[↩]
