പണം
പണം എന്നത് ഇസ്‌ലാമിക ജീവിതക്രമത്തില്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രധാന ഘടകമാണ്. ധനസമ്പാദനത്തിന്റെ ഇസ്‌ലാമിക രീതിശാസ്ത്രം, അതുമായി ബന്ധപ്പെട്ട അടിസ്ഥാന നിയമങ്ങള്‍, ധന ഉടമസ്ഥതയുടെ ആശയം, സ്വകാര്യ ഉടമസ്ഥതയ്ക്ക് നിശ്ചയിച്ചിരിക്കുന്ന പരിധികളും നിയന്ത്രണങ്ങളും, സമൂഹക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ബൈതുല്‍മാലിന്റെ പങ്ക് എന്നിവയെക്കുറിച്ച് ഖുർആനും സ്വീകാര്യ ഹദീസുകളും അടിസ്ഥാനമാക്കി ഈ ലേഖനം വിശദീകരിക്കുന്നു. സാമ്പത്തിക വിഷയങ്ങളെ നിയമപരവും സാമൂഹികവുമായ നിലയില്‍ അവതരിപ്പിക്കുന്നതാണ് ഇതിന്റെ ലക്ഷ്യം.
തന്റെ ആവാസ കേന്ദ്രമായ ഭൂമിയിലെ മനുഷ്യന്റെ നിലനില്പിന് അടിസ്ഥാനമായ സമ്പത്ത്, പണം എന്ന ആശയത്തിലേക്കെത്തുന്നത് മറ്റുപല കണ്ടുപിടുത്തങ്ങളെയും പോലെ യാദൃഛികമായാണ്. മനുഷ്യന്‍ ഭൂമിയില്‍ വ്യത്യസ്തങ്ങളായ വിഭവങ്ങള്‍ കണ്ടു. അതില്‍ പലതും തനിക്ക് ഉപകാരപ്രദമാണെന്ന് അവന്‍ മനസ്സിലാക്കി. എന്നാല്‍ ആവശ്യമായതെല്ലാം നേടിയെടുക്കാനുള്ള സമയമോ സാങ്കേതികതയോ ശക്തിയോ തനിക്കില്ലെന്ന് അവന്‍ തിരിച്ചറിഞ്ഞു. മനൂഷ്യന്റെ സമൂഹിക ജീവിതം സാക്ഷാത്കരിക്കാന്‍ വിഭവങ്ങളുടെ ഈ വികേന്ദ്രീകരണം അനിവാര്യമാണ്. പരസ്പരം കൊടുത്തും വാങ്ങിയും ഇടപഴകുമ്പോഴാണ് മനുഷ്യന്‍ സമൂഹജീവയാവുക. ഇതിനുവേണ്ടിയാണ് സ്രഷ്ടാവ് വിഭങ്ങളെല്ലാം വിവിധ ദേശങ്ങളിലും ജനതതികളിലുമായി വികേന്ദ്രീകരിച്ചത്.
അങ്ങനെ മറ്റുള്ളവരില്‍ നിന്ന് തനിക്കുപകാരപ്രദമായ വസ്തുക്കള്‍ നേടിയെടുക്കാനുള്ള മാര്‍ഗമായാണ് പുരാതനകാലത്ത് ബാര്‍ട്ടര്‍ സമ്പ്രദായം നിലവില്‍ വന്നത്. ഇതിന് ധാരാളം പരിമിതികളുണ്ടായിരുന്നു. ഒരേ ആവശ്യക്കാരായ രണ്ടുപേര്‍ കണ്ടുമുട്ടണം എന്നതു തന്നെ പ്രായോഗികമായി വലിയബുദ്ധിമുട്ട് സൃഷ്ടിച്ചു. ഈ സാഹചര്യമാണ് എല്ലാ വസ്തുവിനും പകരമാകുന്ന, ആര്‍ക്കും എപ്പോഴും വസ്തുക്കള്‍ നേടാന്‍ കഴിയുന്ന ഒരു പൊതുമാധ്യമമെന്ന ആശയം ഉടലെടുക്കുന്നത്. ഇതാണ് പണം എന്ന ആശയത്തിന്റെ ഉത്ഭവത്തിലേക്കെത്തിച്ചത്. പണമായി എന്താണ് ഉപയോഗിക്കേണ്ടത് എന്നതിന് കൃത്യമായ രൂപം ആദ്യകാലത്തുണ്ടായിരുന്നില്ല. സമൂഹത്തിന് പൊതുവേ താല്പര്യമുള്ള കല്ലുകള്‍, ജപ മണികള്‍, തിമിംഗലത്തിന്റെ പല്ല്, കവടി എന്നിവയെല്ലാം ഇങ്ങനെ പണമായി ഉപയോഗിക്കപ്പെട്ടു.
മനുഷ്യ പുരോഗതിയുടെ അടുത്തഘട്ടത്തിലാണ് ലോഹവസ്തുക്കള്‍ പണമായി ഉപയോഗിച്ചു തുടങ്ങിയത്. ഇരുമ്പ്, ചെമ്പ് പോലെ അന്ന് സുലഭമായ ലോഹങ്ങള്‍ കൊണ്ടുള്ള കത്തി, മഴു, പാത്രം പോലുള്ള ഉപകരണങ്ങളാണ് ഇങ്ങനെ പണമായി ഉപയോഗിക്കപ്പെട്ടത്. പിന്നീട് സ്വര്‍ണവും വെള്ളിയും വ്യാപകമായി ലഭിച്ചതോടെ അവകൊണ്ടുള്ള ആഭരണങ്ങളും മറ്റും പണമായി. ഇത് പണ ഉപയോഗം ലളിതമാക്കുകയും കൂടുതല്‍ വിശ്വാസ്യമാക്കുകയും ചെയ്തു. പിന്നീടാണ് ഉപയോഗ സൗകര്യത്തിനായി ലോഹവസ്തുക്കളെ നാണയമായി രൂപാന്തരപ്പെടുത്തി ഉപയോഗിക്കാന്‍ തുടങ്ങുന്നത്. ലോഹങ്ങളില്‍ ജീവിതത്തിന് ആവശ്യമുള്ളതും എന്നാല്‍ ലഭ്യത ഏറെ കൂടിയതോ തീരെ ഇല്ലാത്തതോ ആകരുത് നാണയത്തിനുപയോഗിക്കുന്ന വസ്തു എന്ന ചിന്തയില്‍ നിന്നാണ് സ്വര്‍ണവും വെള്ളിയും നാണയത്തിന്റെ മാധ്യമമാകുന്നത്. ഇത്തരത്തിലുള്ള ആദ്യത്തെ നാണയമായി കണ്ടു കിട്ടിയത് ബി സി ഏഴാം നൂറ്റാണ്ടില്‍ ഗ്രീക്കിലെ ലിഡിയയില്‍ വെള്ളിയും സ്വര്‍ണവും ചേര്‍ത്ത് നിര്‍മിച്ച നാണയമാണ്. ഇതില്‍ രാജകീയ മുദ്രയും നാണയത്തിന്റെ മൂല്യമറിയിക്കുന്ന തൂക്കവും വ്യക്തമാക്കിയിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് സ്വര്‍ണ, വെള്ളി നാണയങ്ങള്‍ക്കു പകരം അവയുടെ മൂല്യത്തെ അടിസ്ഥാനമാക്കിയുള്ള കറന്‍സി (കടലാസ് പണം) നടപ്പിലാകുന്നത്. സര്‍ക്കാരിന്റെ മുദ്രയും അംഗീകാരവുമായിരുന്നു ഇതിന്റെ മൂല്യത്തിനുള്ള ഉറപ്പ്. ഇങ്ങനെ 1789, 1796 കാലഘട്ടത്തിലെ ഫ്രഞ്ച് വിപ്ലവ സര്‍ക്കാര്‍ അസൈനറ്റ് എന്നപേരിലും 1812ല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ ഗ്രീന്‍ബേക് എന്ന കറന്‍സിയും അടിച്ചിറക്കി. ആദ്യകാലങ്ങളില്‍ ഇങ്ങനെ മുദ്രണംചെയ്യുന്ന കറന്‍സികളുടെ മൂല്യത്തിന് തുല്യമായ ലോഹം സര്‍ക്കാര്‍ ഖജനാവില്‍ സൂക്ഷിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഈ രീതിയും മാറി, സര്‍ക്കാര്‍ ഉറപ്പിന്മേല്‍ മാത്രം ലോഹ സൂക്ഷിപ്പില്ലാതെയാണ് ഇപ്പോള്‍ ഓരോ രാജ്യങ്ങളും നോട്ടുകള്‍ അച്ചടിക്കുന്നത്.
കൊണ്ടു നടക്കാനും സൂക്ഷിച്ചുവെക്കാനും, തനിക്കാവശ്യമുള്ള വസ്തുക്കള്‍ ആവശ്യമുള്ളപ്പോള്‍ വാങ്ങാനും വില്‍ക്കാനുമെല്ലാം കറന്‍സികളുടെ രംഗപ്രവേശം വഴിയൊരുക്കി എന്നത് മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയില്‍ വലിയ സ്വാധീനമാണ് ഉണ്ടാക്കിയത്. ക്രയവിക്രയം എളുപ്പമായതോടെ മനുഷ്യരുടെ ജീവിതസൂചികയിലും കാര്യമായ വളര്‍ച്ചയുണ്ടായി. വസ്തുക്കളുടെയും സേവനങ്ങളുടെയും ആശയങ്ങളുടെയുമെല്ലാം മൂല്യമളക്കാന്‍ കഴിയുന്നു എന്നതാണ് പണത്തിന്റെ മറ്റൊരു ഗുണം. ഇത് ആളുകളെ പരമാവധി വസ്തുക്കള്‍ ഉത്പാദിപ്പിക്കാനും സേവനങ്ങള്‍ നല്കാനും ആശയങ്ങള്‍ രൂപീകരിക്കാനുമൊക്കെ തല്പരരാക്കി. ഇവയെല്ലാം മൂല്യമുള്ളതായതിനാല്‍ കൂടുതല്‍ മൂല്യമുള്ളതുണ്ടാക്കാനുള്ള അന്വേഷണവും അവന്‍ ആരംഭിച്ചു. ഇങ്ങനെ പണം ഏറെയായി കൈവന്നത് സുരക്ഷിതമായി സൂക്ഷിക്കാനും ആവശ്യക്കാരന് മൂലധനമായി നല്കി അതിന്റെ മൂല്യം വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളുണ്ടായി. ഇതാണ് ആധുനിക സാമ്പത്തിക മേഖലയുടെ നെടുംതൂണായി മാറിയ ബാങ്കിംഗ് സംവിധാനത്തിന്റെ തുടക്കത്തിന് കാരണമായത്. ഇത് വീണ്ടും ഉത്പാദനം വര്‍ധിപ്പിക്കുകയും പുതിയ പുതിയ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിലേക്കാവശ്യമായ മുടക്കുമുതല്‍ സംഭാവന നല്കുകയും ചെയ്തു. കുറഞ്ഞ കാലത്തിനുള്ളില്‍ ശാസ്ത്ര സാങ്കേതിക മേഖലകളിലും മറ്റും മനുഷ്യന്‍ ഇത്രവലിയ ഔന്നത്യങ്ങളിലെത്തിച്ചേരാന്‍ സാധിച്ചതിന്റെ ഒരു പ്രധാന കാരണം ഗവേഷണങ്ങള്‍ക്കും മറ്റുമുള്ള ലോപമില്ലാത്ത പണലഭ്യതയാണ്.
സമ്പത്ത് പണമായതും പണത്തിന്റെ മാധ്യമം കറന്‍സിയായതുമെല്ലാം മനുഷ്യ പുരോഗതിയില്‍ വലിയ തോതില്‍ സ്വാധീനിക്കുകയും ജീവിതം പ്രയാസരഹിതമാക്കുകയും ചെയ്തപ്പോള്‍ പലവിധ അപചയങ്ങള്‍ക്കും അതു കാരണമായി എന്നതും വസ്തുതയാണ്. മാറിക്കൊണ്ടിരിക്കുന്ന പണമൂല്യം ലാഭനഷ്ടങ്ങളെ നിര്‍വചനാതീതമാക്കുന്നു. എത്രയും സമ്പാദിച്ചു സൂക്ഷിച്ചുവെക്കാമെന്നത് ആളുകളെ ആര്‍ത്തിയുള്ളവരാക്കുന്നു. സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും ലഭിക്കേണ്ട അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന വിധത്തില്‍ ചിലരുടെ ധനാര്‍ത്തി വളരുന്നു. സമൂഹത്തില്‍ കറങ്ങേണ്ട പണം കുറച്ചാളുകളുടെ സ്ഥിരനിക്ഷേപമാവുകയും അത് ചലനത്തിലൂടെ നേടേണ്ട സ്വാഭാവിക വളര്‍ച്ചയെ ഇല്ലാതാക്കി സമൂഹത്തില്‍ ചിലരെമാത്രം സമ്പന്നരാക്കി നിര്‍ത്തുകയും ചെയ്യുന്നു. മാനവിക മൂല്യങ്ങള്‍ക്കു പകരം പണമൂല്യം ഔന്നത്യത്തിന്റെ മാപിനിയായി മാറുന്നു. പ്രത്യക്ഷത്തിലുള്ള സാമ്പത്തിക അഴിമതികള്‍ (കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, കൈക്കൂലി…) മുതല്‍ അക്രമങ്ങളെല്ലാം അടിസ്ഥാനപരമായി പണ സമ്പാദനവുമായി ബന്ധപ്പെട്ട് വളരുന്നതാണ്. ഇത് രാഷ്ട്രങ്ങളുടെയും സമൂഹങ്ങളുടെയും കുടുംബങ്ങളുടെയും വ്യക്തികളുടെയുമെല്ലാം ബന്ധങ്ങളിലും നിലനില്പിലും പ്രതികൂലമായി ബാധിക്കുന്നു. കടം കൊടുക്കാനുള്ള പണവും വാങ്ങാനുള്ള ആവശ്യങ്ങളും വര്‍ധിപ്പിച്ചത് സമ്പന്ന വ്യക്തികള്‍ മുതല്‍ രാഷ്ട്രങ്ങള്‍ വരെയുള്ളവരെ അയഥാര്‍ഥ കണക്കിലെ സമ്പന്നരാക്കുകയും അസമാധാനികളാക്കുകയുംചെയ്തു.
ഇസ്‌ലാമിക വീക്ഷണപ്രകാരം പണത്തിന്റെയും നാണയങ്ങളുടെയും നോട്ടുകളുടെയും അടിസ്ഥാനമൂല്യം അളക്കേണ്ടത് സ്വര്‍ണം, വെള്ളി എന്നിവയിലൂടെയാണ്. നബിയുടെ കാലത്ത് കറന്‍സിയില്ലെങ്കിലും സകാത്ത് കണക്കാക്കുമ്പോള്‍ അടിസ്ഥാനമാക്കിയത് സ്വര്‍ണവും വെള്ളിയുമാണ്. തുല്യമായ അളവില്‍ സ്വര്‍ണവും വെള്ളിയും ലഭിക്കുന്ന മൂല്യത്തിലേ നോട്ടടിക്കാന്‍ പാടുള്ളൂ. ഉമവി ഭരണാധികാരിയായ അബ്ദുല്‍ മലിക് നാണയങ്ങളുടെ വളരെ തുഛമായ മുദ്രണച്ചെലവുകൂടി നാണയത്തിന്റെ മൂല്യത്തില്‍ ലയിപ്പിച്ചത് അടുത്ത ഖലീഫയായി വന്ന ഉമറുബ്‌നു അബ്ദില്‍ അസീസ്(റ) പിന്‍വലിച്ചത് ഈ മാനദണ്ഡപ്രകാരമാണ്. ഇത് രാഷ്ട്രങ്ങളുടെ അമിതമായ നോട്ടുമുദ്രണ ചൂഷണം ഇല്ലാതാക്കുകയും സുതാര്യമായ വിദേശ വിനിമയം സാധ്യമാക്കുകയുംചെയ്യും.
ധനസമ്പാദനത്തിന്റെ ഇസ്‌ലാമിക രീതിശാസ്ത്രം
നേടാനും സ്വന്തമാക്കാനുമുള്ള ത്വര മനുഷ്യസഹജമാണ്. ‘നിങ്ങള്‍ സ്വത്തിനെ വല്ലാതെ സ്‌നേഹിക്കുന്നവരാണ്'(വി.ഖു). ‘ശ്മശാനമല്ലാതെ മനുഷ്യന്റെ പൂതിക്ക് അറുതിവരുത്തുകയില്ലെന്ന്’ മുഹമ്മദ് നബി(സ്വ) ഉണര്‍ത്തുന്നു. ഇസ്‌ലാം മനുഷ്യന്റെ ഈ ജൈവികതേട്ടത്തെ അംഗീകരിക്കുകയും സമ്പത്ത് എല്ലാ മനുഷ്യരുടെയും ജീവിതത്തിന്റെ അടിസ്ഥാനമാണെന്നതിനാല്‍ അത് നേടുന്നതിലും വിനിയോഗിക്കുന്നതിലും മതപരമോ വര്‍ഗപരമോ ലിംഗപരമോ ആയ വിവേചനങ്ങളില്ലാതെ മനുഷ്യരുടെ സ്വതന്ത്രമായ പരസ്പരം സഹകരണം താല്പര്യപ്പെടുന്നു. കൈകാര്യംചെയ്യാന്‍ കഴിയാത്ത അവിവേകികള്‍ക്ക് അത് നല്കി നശിപ്പിക്കരുതെന്നുമാത്രമാണ് ഇവിടെ ഇസ്‌ലാം നല്കുന്ന നിര്‍ദേശം. ‘അല്ലാഹു നിങ്ങളുടെ നിലനില്‍പിന്നുള്ള മാര്‍ഗമായി നിശ്ചയിച്ച് തന്നിട്ടുള്ള നിങ്ങളുടെ സ്വത്തുകള്‍ നിങ്ങള്‍ വിവേകമില്ലാത്തവര്‍ക്ക് കൈവിട്ട് കൊടുക്കരുത്. എന്നാല്‍ അതില്‍ നിന്നും നിങ്ങള്‍ അവര്‍ക്ക് ഉപജീവനവും വസ്ത്രവും നല്‍കുകയും, അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യുക’(4:5).
സമ്പാദിക്കാനും സൂക്ഷിച്ചുവെക്കാനുമെല്ലാം ഇസ്‌ലാം മനുഷ്യന്ന് സ്വാതന്ത്ര്യം നല്കുന്നു. സമ്പത്തെല്ലാം അല്ലാഹുവിന്റെതാണെന്നും എന്നാല്‍ അവന്റെ നിയന്ത്രണത്തിന് വിധേയമായി മനുഷ്യന് അത് സമ്പാദിക്കാമെന്നതുമാണ് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനം. സമ്പാദിക്കാനും വിനിമയം ചെയ്യാനും സ്വാതന്ത്ര്യം വേണമെന്നതാണ് ഒരു സാമ്പത്തിക സംവിധാനത്തിന്റെ വളര്‍ച്ചയുടെ ആണിക്കല്ല്. സമ്പത്ത് സംസ്‌കാരമാണ്. സമ്പാദിക്കുന്ന വസ്തുവും സമ്പാദന രീതിയുമെല്ലാം മനുഷ്യന്റെയും സമൂഹത്തിന്റെയും സംസ്‌കാരത്തെ ധ്വനിപ്പിക്കുമെന്നതില്‍ സംശയമില്ല. ആഹാരമാണ് ആദര്‍ശം എന്നു പറയുന്നത് അതുകൊണ്ടാണ്. അപ്പോള്‍ എന്തെല്ലാം, എങ്ങനെയെല്ലാം, എത്രത്തോളം സമ്പാദിക്കാം എന്ന വിഷയത്തില്‍ നിര്‍ണിതമായ വ്യവസ്ഥകളുണ്ടാകുമ്പോഴേ സമ്പാദ്യം മാനവികവും ധാര്‍മികവുമാകൂ.
എന്നാല്‍ ഭൗതിക സാമ്പത്തിക വ്യവസ്ഥയ്ക്ക് ഇത് സാധിച്ചിട്ടില്ല. കമ്യൂണിസവും കാപിറ്റലിസവും സോഷ്യലിസവുമെല്ലാം ഈ രംഗത്ത് പരാജയപ്പെട്ടതാണ് ചരിത്രം. ഇവിടെ കൃത്യമായ നിയന്ത്രണങ്ങള്‍ വെക്കാന്‍ മനുഷ്യ മനീഷക്ക് അസാധ്യമാണെന്നതാണ് നേര്. അടിസ്ഥാനപരമായ ശരിതെറ്റുകള്‍ തീരുമാനിക്കാന്‍ ബുദ്ധി അപര്യാപ്തമാണെന്നിരിക്കെ ഇവിടെ ദൈവ നിര്‍ദേശങ്ങള്‍ തന്നെ അതിരുകള്‍ വരക്കണം. മറ്റേത് കാര്യങ്ങളെയും പോലെ വെറും നിയമനിര്‍മാണം കൊണ്ട് സമ്പാദനമേഖല മാനവികമാക്കുക സാധ്യമല്ല. കൃത്യമായ ദൈവിക ബോധത്തിലൂടെ, നിരങ്കുശമായ ദൈവികവിചാരണയെ കുറിച്ച ഭയം കൂടി ഉണ്ടായാലേ ഇതു സാധ്യമാകൂ. അതുകൊണ്ടു തന്നെ ഇസ്‌ലാം ഈ രംഗത്ത് ദൈവബോധത്തില്‍ അധിഷ്ഠിതമായ നിലയില്‍ വളരെ കൃത്യവും സുതാര്യവും പ്രായോഗികവുമായ നിയമങ്ങളും വ്യവസ്ഥകളും മുന്നോട്ടുവെച്ചിട്ടുണ്ട്.
ഒരു മനുഷ്യന്‍ ഏറെ സമ്പാദിക്കുന്നത് ഇസ്‌ലാം വിലക്കുന്നില്ലെന്നു മാത്രമല്ല അത് പ്രോത്സാഹിപ്പിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. ‘നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഭൗതികാനുഗ്രഹങ്ങള്‍ നിങ്ങള്‍ തേടുന്നതില്‍ കുറ്റമൊന്നുമില്ല’ (2:198). ഇത് ഇസ്‌ലാം നിശ്ചയിച്ച വ്യവസ്ഥകളോടെ ആയിരിക്കണമെന്നേയൂള്ളൂ. മനുഷ്യന്റെ പ്രഥമ ബാധ്യതയായ സ്രഷ്ടാവിനെ ആരാധിക്കുന്നതില്‍ വീഴ്ചവരുത്തരുത്. എന്നാല്‍ ഭക്തി വര്‍ധിപ്പിക്കാനായി ആരാധനയില്‍ തന്നെ മുഴുകണമെന്നില്ല, സമ്പാദിക്കുന്ന മേഖലയില്‍ ദൈവസ്മരണയുണ്ടായാല്‍ മതി. ‘അങ്ങനെ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപിച്ചുകൊള്ളുകയും, അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം’(62:10). നല്ല മനുഷ്യന് നല്ല സ്വത്ത് എത്ര നല്ലതാണ് എന്നാണ് നബി(സ്വ) പറയുന്നത് (മുസ്‌നദ് അഹ്‌മദ്) 1
ഭൗതികതയെ പരിത്യജിച്ച് സന്ന്യാസം സ്വീകരിച്ചവനാണ് ദൈവത്തിങ്കല്‍ മഹോന്നതനെന്നു ചില മതങ്ങള്‍ വിലയിരുത്തുമ്പോള്‍, ഇസ്‌ലാം ഈ ഭൂമിയിലെ സൗകര്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ദൈവപ്രീതിയും പരലോകമോക്ഷവും നേടാനാണ് ആവശ്യപ്പെടുന്നത്. ‘നബിയേ, പറയുക: അല്ലാഹു അവന്റെ ദാസന്‍മാര്‍ക്ക് വേണ്ടി ഉല്‍പാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാര്‍ത്ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹികജീവിതത്തില്‍ സത്യവിശ്വാസികള്‍ക്ക് അവകാശപ്പെട്ടതാണ്. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവര്‍ക്കുമാത്രമുള്ളതുമാണ്. മനസ്സിലാക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു’(7:32).
ന്യായമായ സമ്പാദ്യത്തിന് ഇസ്‌ലാം പൂര്‍ണസുരക്ഷയും ഉറപ്പാക്കുന്നുണ്ട്. മോഷ്ടാവിന്റെ കൈമുറിക്കണമെന്നും, വീണുകിട്ടുന്ന വസ്തു ഉപയോഗിക്കാന്‍ പാടില്ലെന്നും, ഒരാളുടെ ഒരുതുണ്ടം ഭൂമി ക്രമവിരുദ്ധമായി കൈക്കലാക്കിയാല്‍ ഏഴു ഭൂമിയുടെ ശിക്ഷ അനുഭവിക്കണമെന്നും, സകാത്ത് സ്വീകരിക്കുമ്പോള്‍ ഏറ്റവും നല്ലത് തന്നെ തരാന്‍ നിര്‍ബന്ധിക്കരുതെന്നും, കൊള്ളക്കാരനെ കൈകാലുകള്‍ ഛേദിക്കുന്നത് വരെയുള്ള കടുത്തശിക്ഷക്ക് വിധേയമാക്കാമെന്നും, കച്ചവടത്തില്‍ അനീതി അരുതെന്നും, ചതിയും വഞ്ചനയും മുഖേനെ ഇടപാടുകള്‍ നടത്തരുതെന്നുമായി കര്‍ശനമായ നിര്‍ദേശങ്ങള്‍ ഇസ്‌ലാമിക സംഹിത മുന്നോട്ടുവെച്ചത് സമ്പാദ്യത്തിന് സുരക്ഷയേകാനാണ്. സ്വത്ത് സംരക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ടവന്‍ രക്തസാക്ഷിയാണെന്ന് നബി(സ) പറഞ്ഞുവെച്ചത് ഇതിന്റെ പ്രാധാന്യം സൂചിപ്പിക്കുകയാണ്.
അല്ലാഹുവിന്റെ വിചാരണക്ക് വിധേയമാക്കപ്പെടുന്ന വിഷയമാണ് സമ്പാദനം. കൃത്യമായ ആ കണക്കെടുപ്പില്‍ വരവും ചെലവും സൂക്ഷ്മമായി വിലയിരുത്തപ്പെടുമെന്ന് നബി(സ്വ) ഓര്‍മപ്പെടുത്തുന്നു. എവിടെ നിന്നാണ് സമ്പാദിച്ചത് എന്നും എന്തിലാണ് ചെലവഴിച്ചത് എന്നും ചോദിക്കപ്പെടാതെ പരലോകത്ത് ഒരാളുടെ പാദങ്ങളും നീങ്ങുകയില്ല(തിര്‍മിദി) 2.
ധനസമ്പാദനത്തിന്റെ അടിസ്ഥാന നിയമങ്ങള്‍
സ്വത്ത് സമ്പാദിക്കാനും ഉടമപ്പെടുത്താനും ചെലവഴിക്കാനുമെല്ലാം വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും അനുമതി നല്കുന്നതാണ് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ. മനുഷ്യര്‍ക്ക് അനുഗുണമായതെല്ലാം അല്ലാഹു അനുവദിച്ചിട്ടുണ്ട്. അപകടകരമായതു മാത്രമേ നിഷിദ്ധമാക്കിയിട്ടുള്ളൂ. അതിനാല്‍ അവന്‍ അനുവദിച്ചതും മാനവികതക്ക് വിശിഷ്ടമായതും മാത്രമേ സമ്പാദിക്കാവൂ. മദ്യം, പലിശ, ചൂതാട്ടം, വേശ്യാവൃത്തി തുടങ്ങിയവ സമ്പാദനമാര്‍ഗമാക്കുന്നത് നിഷിദ്ധമാണ്.
തന്റെ സമ്പാദനം രീതിയിലും ഉത്പന്നത്തിലും മനുഷ്യസമൂഹത്തിനോ പ്രകൃതിക്കോ പ്രയാസമുണ്ടാക്കരുത്. അവയുടെ അവകാശങ്ങള്‍ ഹനിക്കുന്നതോ ന്യായവിരുദ്ധമോ ആകരുത്.
”അന്യായമായി നിങ്ങള്‍ അന്യോന്യം സ്വത്തുക്കള്‍ തിന്നരുത്. അറിഞ്ഞുകൊണ്ടു തന്നെ, ആളുകളുടെ സ്വത്തുക്കളില്‍ നിന്ന് വല്ലതും അധാര്‍മികമായി നേടിയെടുത്തു തിന്നുവാന്‍ വേണ്ടി നിങ്ങളതുമായി വിധികര്‍ത്താക്കളെ സമീപിക്കുകയും ചെയ്യരുത്”(2:188).
”സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങള്‍ അന്യോന്യം എടുത്ത് തിന്നരുത്. നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു”(4:29).
വിഭവങ്ങള്‍ തടയപ്പെട്ടവര്‍ക്ക് തന്റെ സമ്പാദ്യത്തില്‍ അവകാശമുണ്ടെന്നും അവരുടെ അവകാശങ്ങള്‍ നല്കാതെ സമ്പാദിക്കുന്നതും സൂക്ഷിച്ചുവെക്കുന്നതും വലിയ അക്രമമാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ”അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും”(51:19).
”സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക”(9:34).
പ്രകൃതിയെ ദുരുപയോഗം ചെയ്യുന്നതും നിഷിദ്ധമാണ്. അനാവശ്യമായി വീടുകളും എടുപ്പുകളും സമ്പാദിച്ചു കൂട്ടിയ സമൂഹത്തെ കുഴപ്പക്കാരായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു (7:74).
സമ്പാദിച്ച വസ്തു അനുവദനീയമാകുന്നത് സമ്പാദ്യമാര്‍ഗം ശുദ്ധമാവുക കൂടി ചെയ്യുമ്പോഴാണ്. മോഷണവസ്തു വിലക്കുവാങ്ങരുതെന്നു പറയുന്നത് ഈ മാനദണ്ഡപ്രകാരമാണ്. മുടക്കുമുതല്‍ അനുവദനീയവും പലിശ നിഷിദ്ധവുമാകുന്നതും ഇങ്ങനെത്തന്നെ. മോഷ്ടിച്ചുകൊണ്ടുവന്ന വസ്തുവും പലിശയും ശുദ്ധവും അനുവദനീയവുമല്ലാതാകുന്നത് അവ വന്നവഴി അശുദ്ധവും നിഷിദ്ധവുമായതിനാലാണ്.
തൊഴില്‍, ദാനം, സമ്മാനം, അനന്തരാവകാശം, കടം, നിധി, നഷ്ടപരിഹാരങ്ങള്‍, വീണുകിട്ടിയവസ്തുക്കള്‍, ഇനാം, ആദായങ്ങള്‍ എന്നീ മാര്‍ഗങ്ങളിലൂടെ കൈവശപ്പെടുത്തുന്നവ അനുവദനീയ സമ്പാദ്യമായി ഇസ്‌ലാം പരിഗണിക്കുന്നു. ഇവ ഉപയോഗിക്കാനും സൂക്ഷിച്ചുവെക്കാനുമെല്ലാം മുസ്‌ലിമിന് സ്വാതന്ത്ര്യമുണ്ട്. ശാരീരികവും ബൗദ്ധികവുമായ അധ്വാനം, കൃഷി, കച്ചവടം എന്നിവയെല്ലാം തൊഴിലിന്റെ പരിധിയില്‍ വരുന്നതാണ്. ദരിദ്രനെന്ന നിലയില്‍ ലഭിക്കുന്ന സകാത്ത്, ദാനം എന്നിവ ന്യായമായ സമ്പത്താണ്. വസ്വിയ്യത്, വഖ്ഫ് എന്നിവ അവയുടെ അവകാശികള്‍ക്ക് സ്വീകരിക്കാവുന്നതാണ്. സാമൂഹിക ബന്ധങ്ങളുടെ പേരില്‍ മനുഷ്യര്‍ പരസ്പരം തൃപ്തിയോടെ നല്കുന്ന സമ്മാനങ്ങള്‍ അനുവദനീയ സമ്പാദ്യമാണ്. ഇസ്‌ലാം അനുവദിച്ച നിയമപ്രകാരം ലഭിക്കുന്ന അനന്തരാവകാശ സ്വത്ത് സമ്പാദിക്കുകയും ഉപയോഗിക്കുകയുമാകാം. തന്റെ അത്യാവശ്യങ്ങള്‍ക്ക് നിര്‍ബന്ധിതമായി വാങ്ങുന്ന വായ്പകള്‍ സ്വന്തമാക്കാനും ഉപയോഗിക്കാനും ഇസ്‌ലാം അനുമതി നല്കുന്നുണ്ട്. തന്റെ അധീനയതില്‍ വരുന്ന നിധിയും ഉപയോഗയോഗ്യമാണ്. തന്റെ സമ്പാദ്യത്തില്‍ നിന്നുള്ള വരുമാനങ്ങളായ ആദായം, ലാഭവിഹിതം, വാടക, പാട്ടം എന്നിവയും അനുവദനീയമാണ്.
ഈ വരുമാനങ്ങളെല്ലാം അനുവദനീയമാകാന്‍ പ്രധാനമായും രണ്ടു പൊതു മാനദണ്ഡങ്ങളാണുള്ളത്. ന്യായമായ മാര്‍ഗത്തിലൂടെ സമ്പാദിച്ചതാവണം. ഇവിടെ ന്യായത്തിന്റെ അടിസ്ഥാനം ഇസ്‌ലാമിക വ്യവസ്ഥക്ക് ബാധകമാവുക എന്നതാണ്. ഭൗതിക മാനദണ്ഡപ്രകാരം ന്യായമെന്ന് വിധിയെഴുതുന്ന പലതും ഇസ്‌ലാമികമായി അന്യായമാണ്. ഉദാഹരണമായി, കേസ് നടത്തി ജയിച്ച് കോടതി മുഖേന ലഭിക്കുന്നത് ന്യായമാണെങ്കിലും അതില്‍ ഇസ്‌ലാം അംഗീകരിക്കാത്ത നിയമങ്ങളാണ് മാനദണ്ഡമാക്കിയതെങ്കില്‍ ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ ആ സമ്പാദ്യം അന്യായമാണ്. കൂടാതെ, ഉടമപ്പെടുത്താനും ഉപയോഗിക്കാനും ഇസ്‌ലാം അനുവദിച്ചതാകണം സമ്പാദിച്ച വസ്തു. മദ്യം, പന്നി പോലെ ഇസ്‌ലാം നിഷിദ്ധമാക്കിയതോ അശുദ്ധമോ ആയ വസ്തുക്കളാകരുത്. ഇത്തരം വസ്തുക്കള്‍ ലഭിച്ചാല്‍ അത് സ്വീകരിക്കാനോ ഉപയോഗിക്കാനോ പാടില്ല. താല്‍പര്യമുള്ളവര്‍ക്ക് ദാനമായോ സമ്മാനമായോ വിലയ്‌ക്കോ നല്കാനും പാടില്ല.
ധന ഉടമസ്ഥത
ആധുനിക കാലത്ത് നിലവില്‍ വന്ന പ്രധാന സാമ്പത്തിക വീക്ഷണങ്ങളാണ് ക്യാപിറ്റലിസവും കമ്യൂണിസവും സോഷ്യലിസവും. മുതലാളിയെ മാത്രം പരിഗണിക്കുന്ന ക്യാപിറ്റലിസവും തൊഴിലാളിക്ക് അമിതപ്രാധാന്യം നല്കിയ കമ്യൂണിസവും അതിന്റെ ഫലമായി ഉണ്ടാകേണ്ടതെന്നു കരുതുന്ന എല്ലാവര്‍ക്കും തുല്യാവകാശമെന്ന സോഷ്യലിസവും സമ്പത്തിനോടും ഉടമസ്ഥാവകാശത്തോടും വെച്ചുപുലര്‍ത്തിയ നിലപാടുകള്‍ ക്രിയാത്മകമായിരുന്നില്ല എന്നതാണ് അവയുടെ പരാജയ കാരണം. കമ്യൂണിസവും ഉപോത്പന്നമായ സോഷ്യലിസവും ഇന്ന് ലോകത്ത് നിന്ന് നിഷ്‌ക്രമിച്ചു. മുതലാളിത്തമാകട്ടെ മനുഷ്യത്വ വിരുദ്ധതയില്‍ കൂടുതല്‍ അക്രാമകമായി ഭീകരത സൃഷ്ടിക്കുകയാണ്.
ആധുനിക ധനതത്ത്വശാസ്ത്രത്തിന്റെ പിതാവായറിയപ്പെടുന്ന, മുതാലളിത്ത ആശയദാതാവായ ആഡംസ്മിത്ത്, സോഷ്യലിസത്തിന്റെ മഹാസ്വപ്നം കണ്ട കാള്‍ മാര്‍ക്‌സ് മുതലായവര്‍ പരാജയപ്പെട്ടത് മാനവികതയിലൂന്നിയ പ്രായോഗികതയിലാണ്. ഇസ്‌ലാമിന്റെ വീക്ഷണം ഇവയില്‍ നിന്ന് വ്യത്യസ്തമാണ്. സമ്പത്ത് പൂര്‍ണമായും പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന്റെതാണ്. ”അല്ലാഹുവിന്റെതാകുന്നു ആകാശങ്ങളിലും ഭൂമിയിലുമുള്ളത്. തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും, സ്തുത്യര്‍ഹനുമാകുന്നു”(31:26). എന്നാല്‍ അത് നിശ്ചിത അളവിലും അവധിയിലും ഉപയോഗിക്കാന്‍ അവന്‍ എല്ലാ ജന്തുക്കള്‍ക്കും ജീവിജാലങ്ങള്‍ക്കും അനുമതി നല്കിയിട്ടുണ്ട്. ”ഭൂമിയിലുള്ള എല്ലാ ജന്തുക്കളുടെയും ഉപജീവനം, അല്ലാഹുവിന്റെ ബാധ്യതയാണ്. അവയുടെ താമസസ്ഥലവും എത്തിച്ചേരുന്ന സങ്കേതവും അവന്‍ അറിയുന്നു. എല്ലാം സ്പഷ്ടമായ രേഖയിലുണ്ട്’‘(11:6). ‘‘സ്വന്തം ഉപജീവനത്തിന്റെ ചുമതല വഹിക്കാത്ത എത്രയെത്ര ജീവികളുണ്ട്. അല്ലാഹുവാണ് അവയ്ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവനാണ് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍”(29:60).
വിഭവ ഉപയോഗ, സൂക്ഷിപ്പ് നല്കപ്പെട്ട മനുഷ്യന്‍ തികച്ചും വ്യത്യസ്തനാണ്. ”അവനാകുന്നു നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ വിധേയമാക്കി തന്നവന്‍. അതിനാല്‍ അതിന്റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്റെ ഉപജീവനത്തില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. അവങ്കലേക്ക് തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്’‘(67:15).
ദൈവം നല്കിയ സ്വത്തിന്റെ സംരക്ഷണമാണ് മനുഷ്യന്റെ ചുമതല. ദൈവികമായ നിര്‍ദേശങ്ങള്‍ക്കനുസൃതമായി അത് പരിപാലിക്കുകയും വളര്‍ത്തുകയും വിനിയോഗിക്കുകയുമാണ് ഇത്‌കൊണ്ട് അര്‍ഥമാക്കുന്നത്. ഈ വിതരണത്തില്‍ ദൈവം ഏറ്റപ്പറ്റുകളും സംവിധാനിച്ചിട്ടുണ്ട്. ചീര്‍പ്പു പല്ലുകള്‍ പോലെ എല്ലാവരും സാമ്പത്തികമായി സമന്മാരാവുക എന്നത് മനുഷ്യജീവിതത്തില്‍ പ്രായോഗികമല്ലെന്നതിനാലാണത്. ‘അവരാണോ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം പങ്ക് വെച്ചു കൊടുക്കുന്നത്? നാമാണ് ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്ക് വെച്ചുകൊടുത്തത്. അവരില്‍ ചിലര്‍ക്ക് ചിലരെ സേവകരാക്കി വെക്കത്തക്കവണ്ണം അവരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപരി നാം പല പടികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിന്റെ രക്ഷിതാവിന്റെ കാരുണ്യമാകുന്നു അവര്‍ ശേഖരിച്ചു വെക്കുന്നതിനെക്കാള്‍ ഉത്തമം”(43:32).
ഈ വിഭജനം ദൈവികമായ പരീക്ഷണം കൂടിയാണ്. ഓരോ മനുഷ്യനും ജന്മനാ വ്യത്യസ്ത കഴിവുകളുള്ളവരാണ്. ഈ ഭൂമിയിലെ ജീവിതം ആശ്വാസകരമാകാന്‍ ഈ വൈവിധ്യങ്ങള്‍ അനിവാര്യമാണ്. തൊഴില്‍ ദാതാവുണ്ടാകുമ്പോഴേ തൊഴിലാളിക്ക് നിലനില്പുള്ളൂ. എല്ലാവരും സമ്പന്നരായാല്‍ സമ്പത്ത് വളര്‍ത്തുന്നതിനാവശ്യമായ ജോലിക്ക് ആളില്ലാതെ വരും. എല്ലാവരും ഒരുപോല ദരിദ്രരോ സമ്പന്നരോ ആയാല്‍ സമ്പത്ത് നിര്‍മിക്കാനോ ഉപയോഗിക്കാനോ കഴിയാതെ വരും. അതിനാല്‍ മനുഷ്യര്‍ പരസ്പര സഹകാരികളാകാനും ഈ ഏറ്റക്കുറച്ചിലുകള്‍ ആവശ്യമാണ്.
സ്വത്ത് കൈകാര്യത്തിലെ നൈപുണിയിലും മനുഷ്യര്‍ വ്യത്യസ്തരാണ്. ഒരു പിതാവിന്റെ കൂടെ കച്ചവടം പഠിച്ച രണ്ടു മക്കള്‍ക്ക് ഒരേസ്ഥലത്ത് ഒരേപോലുള്ള രണ്ട് കടകള്‍ നിര്‍മിച്ചുകൊടുത്താല്‍ രണ്ടുപേരുടെയും വരുമാനം തുല്യമായിരിക്കില്ലെന്നത് യാഥാര്‍ഥ്യമാണ്.
സമ്പന്നന്‍ തന്റെ ബാധ്യതകള്‍ നിര്‍വഹിച്ചാല്‍ അവന്‍ സുരക്ഷിതനാകും. ഇല്ലാത്തവര്‍ക്ക് കൊടുക്കാന്‍ വിസമ്മതിച്ച ചില സമ്പന്നന്മാരെ ഭൂമിയില്‍ നിന്നു തന്നെ ദൈവം പിടികൂടിയ സംഭവങ്ങള്‍ ഇസ്‌ലാമിക ചരിത്രം പഠിപ്പിക്കുന്നുണ്ട്. ഖുര്‍ആന്‍ (68:17-33), (28:76-82). ദൈവം പ്രിയപ്പെട്ടവര്‍ക്ക് നല്കുന്നതാണ് സമ്പത്ത് എന്ന ധാരണ ഖുര്‍ആന്‍ തിരുത്തിയിട്ടുണ്ട്.(23:55,56) അതുപോലെ ദരിദ്രന്‍ സങ്കടങ്ങള്‍ സഹിച്ചാല്‍ ദൈവം പ്രതിഫലം നല്കും എന്നത് ദരിദ്രരെ അടിച്ചമര്‍ത്താനായി സമ്പന്നര്‍ക്കുവേണ്ടി പുരോഹിതന്മാര്‍ നിര്‍മിച്ചതല്ല.
സ്വകാര്യ ഉടമസ്ഥതയുടെ പരിധികളും നിയന്ത്രണങ്ങളും
ഇസ്‌ലാം സ്വകാര്യസ്വത്ത് അനുവദിക്കുന്നു. എന്നാല്‍ മുതലാളിത്ത വ്യവസ്ഥിതി യിലെപ്പോലെ ഉടമയ്ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്കി സമൂഹത്തിനുമേല്‍ അധീശത്വം അവകാശപ്പെടാന്‍ അനുവദിക്കുന്നില്ല. കൃത്യമായ നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാണ് ഇസ്‌ലാമിക ദൃഷ്ട്യാ സ്വകാര്യസ്വത്ത്.
മനുഷ്യര്‍ക്കു മാത്രമല്ല എല്ലാ ജീവജാലങ്ങള്‍ക്കും അവയുടെതായ അതിജീവന അവകാശമുണ്ടെന്നും അവയുടെയെല്ലാം പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടാ ത്തിടത്തോളം കാലം സമ്പന്നന് മിച്ചസ്വത്ത് കൂട്ടിവെക്കാന്‍ അവകാശമില്ലെന്നും ദൈവശാസനമുണ്ട്. അത്തരം അവകാശികള്‍ക്ക് നല്കാതെ പിടിച്ചുവെക്കുന്ന സ്വത്തില്‍ ഇടപെടാന്‍ സമൂഹത്തിന്റെ അധികാരികള്‍ക്ക് അവകാശവും ധാര്‍മികബാധ്യതയുമുണ്ട്. ന്യായമായ പ്രതിഫലം നല്കിയോ അനുവദിക്കാത്ത സാഹചര്യത്തില്‍ ബലം പ്രയോഗിച്ചോ ഉടമയില്‍ നിന്ന് പിടിച്ചെടുക്കാം. പില്കാല സ്ഥിതി ഞാനറിഞ്ഞിരുന്നെങ്കില്‍ മിച്ചഭൂമി പിടിച്ചെടുത്ത് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമായിരുന്നുവെന്ന ഉമര്‍(റ)വിന്റെ ദീര്‍ഘദര്‍ശനം സൂചിപ്പിക്കുന്നത് ഇതാണ്. ഇവര്‍ക്ക് ഭൗതികമായ ശിക്ഷയ്ക്ക് പുറമെ പരലോകത്ത് അല്ലാഹുവിന്റെ കടുത്ത ശിക്ഷലഭിക്കുമെന്ന് ഇസ്‌ലാം താക്കീതു ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും ശേഖരിച്ചുവെയ്ക്കുകയും അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ നോവേറിയ ശിക്ഷയെ സംബന്ധിച്ച സുവാര്‍ത്ത അറിയിക്കുക. നരകത്തീയിലിട്ട് ചുട്ടുപഴുപ്പിച്ച് അവകൊണ്ട് അവരുടെ നെറ്റികളും പാര്‍ശ്വഭാഗങ്ങളും മുതുകുകളും ചൂടുവെക്കും ദിനം! അന്ന് അവരോടു പറയും: ‘ഇതാണ് നിങ്ങള്‍ നിങ്ങള്‍ക്കായി സമ്പാദിച്ചുവെച്ചത്. അതിനാല്‍ നിങ്ങള്‍ സമ്പാദിച്ചുവെച്ചതിന്റെ രുചി ആസ്വദിച്ചുകൊള്ളുക’‘(9:34,35).
മിച്ചധനത്തില്‍ ഞങ്ങള്‍ക്ക് യാതൊരു അവകാശവുമില്ലെന്നു തോന്നുവോളം നബി(സ്വ) ഉപദേശിച്ചുകൊണ്ടിരുന്നുവെന്ന് അബൂസഈദില്‍ ഖുദ്‌രി(റ) പറയുന്നു (മുസ്‌ലിം) 3 തന്റെ കൈവശമുള്ളത് ചെലവഴിക്കല്‍ നിര്‍ബന്ധമായ സാഹചര്യങ്ങളില്‍ അത് പൂഴ്ത്തിവെക്കാനോ അമിതലാഭത്തിന് വില്‍ക്കാനോ പാടില്ലെന്ന് നബി(സ്വ) പഠിപ്പിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ സ്വകാര്യസ്വത്തില്‍ ന്യായമായ നിലയില്‍ ഇടപെടാന്‍ ഭരണകൂടത്തിന് ഇസ്‌ലാം സ്വാതന്ത്ര്യം നല്കുന്നു.
സമ്പത്ത് നശിപ്പിക്കരുത് എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന നയമാണ്. ഉടമസ്ഥതയുടെ മറവില്‍ ഒരാളെ ധൂര്‍ത്തനോ ദുര്‍വ്യയക്കാരനോ ആകാന്‍ ഇസ്‌ലാം അനുവദിക്കില്ല. അതുപോലെ ആര്‍ക്കും ഉപകാരപ്പെടുത്താതെ താന്‍ നേടിയവസ്തു നശിപ്പിക്കാനും പാടില്ല. ഭൂമി മൂന്നുവര്‍ഷത്തിലേറെ തരിശിട്ടാല്‍ സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്ന് നബി(സ്വ) ഓര്‍മപ്പെടുത്തിയത് ഉദാഹരണമാണ്.(കിതാബുല്‍ഖറാജ്) 4
ജനോപകാരപ്രദമായ അറിവുകളും കഴിവുകളും സ്വന്തമാക്കി മറ്റുള്ളവര്‍ക്ക് തടയാന്‍ പാടില്ലെന്നും മാന്യമായ ചെലവുവാങ്ങി അവ സൗജന്യമായി നല്കുകയാണ് വേണ്ടതെന്നുമുള്ള ഇസ്‌ലാമികാധ്യാപനം പേറ്റന്റുകളുടെയും പകര്‍പ്പവകാശത്തിന്റെയും പേരില്‍ ഉടമസ്ഥരും സമൂഹവും പീഡിപ്പിക്കപ്പെടാതിരിക്കാന്‍ വേണ്ടിയുള്ളതാണ്. പൊതു അവശ്യവസ്തുക്കള്‍ തനിക്കാവശ്യമുള്ളതിലേറെ ഉടമപ്പെടുത്തിവെക്കാനും കച്ചവടമാക്കാനും ഇസ്‌ലാമിക സാമ്പത്തികനിയമം പൗരനെ അനുവദിക്കുന്നില്ല. പുല്ല്, വെള്ളം എന്നിവ ഇതില്‍പെട്ടതാണ്.
ഉപകാരപ്രദല്ലാത്തതും അപകടകരവുമായ വസ്തുക്കള്‍ (ഹലാലും ത്വയ്യിബുമല്ലാത്ത വസ്തുക്കള്‍) സമ്പാദിച്ചുവെക്കാന്‍ പാടില്ല. ഇവ ഏതെന്ന് കാലികമായി മനുഷ്യധിഷണക്ക് തീരുമാനിക്കാം. പക്ഷേ, ആത്യന്തികമായി തീരുമാനമെടുക്കാന്‍ അവന് കഴിയില്ല. അതിനാല്‍ സ്രഷ്ടാവായ ദൈവം എല്ലാ കാലത്തും മനുഷ്യര്‍ തെറ്റിദ്ധരിച്ചേക്കാവുന്ന ഇത്തരം ചില വസ്തുക്കള്‍ പേരെടുത്തു പറഞ്ഞ് നിഷിദ്ധമാക്കുകയും നിഷിദ്ധതയുടെ പൊതുമാനദണ്ഡങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തു. (7:33) മദ്യം, പന്നി, പലിശ, ചൂത്, മോഷണം, കൊള്ള, കൈയേറ്റം, പിടിച്ചുപറി എന്നിവ പാടില്ലാത്ത സമ്പാദ്യങ്ങള്‍ക്ക് ഉദാഹരണമാണ്.
നിയമവിധേയമായി സമ്പാദിക്കാന്‍ അനുവദിക്കുമ്പോഴും അതില്‍ വല്ലാതെ മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്നും കുറഞ്ഞത് കൊണ്ട് തൃപ്തിപ്പെടുന്നതാണ് പരലോകത്തേക്ക് പണിയെടുക്കാന്‍ കൂടുതല്‍ അവസരമുണ്ടാക്കുക എന്നും നബി(സ്വ) പഠിപ്പിക്കുന്നു. ”നിങ്ങള്‍ കൂടുതല്‍ സംഭരിച്ചു വെക്കരുത്. അങ്ങനെ വരുമ്പോള്‍ ഐഹികജീവിതം കൊണ്ടുമാത്രം നിങ്ങള്‍ സംതൃപ്തരാകും (മുസ്‌ലിം) 5 സൂറത്തുത്തക്കാസുര്‍ ഓതിക്കൊണ്ടിരിക്കുമ്പോള്‍ നബി(സ്വ)പറഞ്ഞു. ആദം സന്തതികളൊക്കെ എന്റെ ധനം, എന്റെ ധനം എന്നുപറഞ്ഞുകൊണ്ടിരിക്കുന്നു. (അവരുടെ ശ്രദ്ധ മുഴുവനും ധനത്തില്‍ ലയിച്ചിരിക്കുന്നു) എന്നാല്‍, ആദമിന്റെ മകനേ! നീ തിന്നു തീര്‍ത്തതും ധരിച്ചു ദ്രവിപ്പിച്ചതും ധര്‍മം ചെയ്ത് അവശേഷിപ്പിച്ചതും അല്ലാതെ നിന്റെ ധനത്തില്‍ നിന്ന് നിനക്ക് വല്ലതും നേടാന്‍ കഴിയുമോ? (തിര്‍മുദീ) 6
ഒരിക്കല്‍ റസൂല്‍(സ്വ) ഒരുപായയില്‍ കിടന്നുറങ്ങി. എഴുന്നേറ്റപ്പോള്‍ ആ പായ തിരുദൂതന്റെ ശരീരത്തില്‍ അടയാളങ്ങളുണ്ടാക്കിയിരുന്നു. ഞങ്ങളപ്പോള്‍ അവിടുത്തോട് ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ! അങ്ങേക്ക് ഞങ്ങളൊരു മാര്‍ദവമുള്ള വിരിപ്പുണ്ടാക്കിത്തന്നാലോ? അന്നേരം തിരുദൂതന്‍(സ്വ) പറഞ്ഞു: ദുന്‍യാവുമായി എനിക്കെന്ത് ബന്ധമാണ്! ഒരു വൃക്ഷച്ചുവട്ടില്‍ കുറച്ചു സമയം നിഴലേറ്റു വിശ്രമിച്ചു; പിന്നീട് അതുപേക്ഷിച്ചുപോയ ഒരു യാത്രക്കാരനെപ്പോലെ മാത്രമാണ് ഞാനീ ലോകത്തില്‍ (തിര്‍മുദീ) 7
സമൂഹക്ഷേമവും ബൈതുല്‍മാലും
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം വരെ പൊതുധനകാര്യം വളരെ പരിമിതമായ ലക്ഷ്യങ്ങളിലൂന്നിയുള്ളതായിരുന്നു. ആഭ്യന്തരവും ബാഹ്യവുമായ ആക്രമണങ്ങളില്‍നിന്ന് രാജ്യത്തെ രക്ഷിക്കുകയായിരുന്നു പ്രധാനം. ഇതിനാവശ്യമായ സാമ്പത്തിക സമാഹരണം പ്രജകളില്‍ നിന്ന് നിര്‍വഹിക്കുകയും ചെയ്തുപോന്നു. രാജ്യവളര്‍ച്ചയുടെ അടിസ്ഥാനമായ സാമൂഹിക വളര്‍ച്ചനേടണമെങ്കില്‍ സമൂഹക്ഷേമ പദ്ധതികള്‍ സര്‍ക്കാര്‍ തലത്തില്‍ സൗജന്യമായി നിര്‍വഹിക്കപ്പെടണമെന്നു വന്നു. ഇതിന് വലിയ തോതില്‍ പണം ആവശ്യമാവുകയും അത് ശേഖരിക്കാനും വിതരണം ചെയ്യാനും ശക്തമായ സംവിധാനങ്ങള്‍ ഒരുക്കേണ്ടി വരികയും ചെയ്തതാണ് പുതിയ പൊതു ധനതത്ത്വശാസ്ത്രത്തിന് കാരണമായത്. ഇതില്‍ പൊതു വരവിനെയും ചെലവിനെയും വിശദമായി ചര്‍ച്ചചെയ്തു. പൊതുചെലവിന്റെ ലക്ഷ്യം എപ്പോഴും സമൂഹക്ഷേമം മാത്രമായിരിക്കണം, ഇത് വളരെ സൂക്ഷ്മതയോടെ കൈകാര്യംചെയ്യപ്പെടണം, അത് ഭരണാധികാരികളുടെ ന്യായയുക്തമായ അനുമതിയോടെയായിരിക്കണം, ചെലവ് വരവിനെക്കാള്‍ കൂടുതലാകാന്‍ പാടില്ല, എന്നീ ന്യായങ്ങളായിരുന്നു ചെലവിന് പ്രധാനമായും ഉണ്ടായിരുന്നത്.
പൗരന്മാര്‍, വ്യവസായ സ്ഥാപനങ്ങള്‍, സ്വത്തുക്കള്‍ എന്നിവരില്‍ നിന്ന് കൃത്യമായ നിയമങ്ങള്‍ക്കനുസൃതമായി വാങ്ങുന്ന നികുതികള്‍, ഫീസ്, പ്രത്യേക നികുതികള്‍ (സെസ്), പിഴ, കണ്ടുകെട്ടല്‍ സ്വത്ത്, അവകാശികളില്ലാത്ത സ്വത്ത്, സര്‍ക്കാരിന് ലഭിക്കുന്ന സഹായങ്ങള്‍, സര്‍ക്കാര്‍ വസ്തുക്കള്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള ആദായങ്ങള്‍, രാജ്യത്തിനകത്തുനിന്നോ പുറത്തുനിന്നോ സ്വീകരിക്കുന്ന കടം, കമ്മിനികത്താനായി അടിച്ചിറക്കുന്ന നോട്ട് എന്നിവയില്‍ നിന്നാണ് ഈ പൊതുഭണ്ഡാരത്തിലേക്ക് വരവെത്തുന്നത്.
ഈ രണ്ടു മേഖലകളിലും ആധുനിക സര്‍ക്കാരുകള്‍ തങ്ങളുടെ പൗരന്മാര്‍ക്ക് ബാധ്യതയായതാണ് പൊതു ധനകാര്യത്തിന്റെ ചരിത്രം. സത്യസന്ധമായി വരവും ചെലവും നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നതാണ് പ്രധാന ന്യൂനത. ഒരു സമൂഹത്തെയോ ഭരണകൂടത്തെ തന്നെയോ നിയമങ്ങള്‍ അടിച്ചേല്പിച്ച് നിര്‍മിക്കാന്‍ കഴിയില്ല.
ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ ഈയിടെ മാത്രമാണ് പൊതുധനകാര്യം ഇത്രവിശാലമായി പരിഗണിച്ചതെങ്കില്‍ ഇസ്‌ലാം അത് പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, പ്രവാചകന്റെ കാലത്തുതന്നെ ആരംഭിച്ചിട്ടുണ്ട്. ദൈവവിശ്വാസത്തിലും ധാര്‍മികബോധത്തിലുമൂന്നിയ ആ സമ്പദ്‌വ്യവസ്ഥ ലോകത്തിനു മുമ്പില്‍ അനുകരണീയ മാതൃക അവതരിപ്പിച്ചിട്ടുമുണ്ട്. ഇതാണ് ബൈതുല്‍മാലിന്റെ ആന്തരാര്‍ഥം.
മരണപ്പെട്ടവന്റെ സ്വത്ത് അനന്തരാവകാശികള്‍ക്കാണെന്നും എന്നാല്‍ ആരെങ്കിലും കടക്കാരനായി മരണപ്പെട്ടാല്‍ അത് താന്‍ ഏറ്റെടുത്തിരിക്കുന്നു എന്നുമുള്ള മുഹമ്മദ്(സ്വ)യുടെ പ്രഖ്യാപനം സമമൂഹക്ഷേമത്തിന് ഇസ്‌ലാമിക വ്യവസ്ഥിതി നല്കിയ പ്രാധാന്യം വിളിച്ചോതുന്നുണ്ട്. പിന്‍ഗാമികളായ ഭരണാധികാരികളും ഇത് ഏറ്റെടുത്തു. സകാത്തായി കിട്ടിയ ഒട്ടകം മെലിഞ്ഞാല്‍ ഭരണാധികാരിയായ താന്‍ ദൈവത്തിങ്കല്‍ മറുപടിപറയേണ്ടിവരുമെന്ന രണ്ടാം ഖലീഫ ഉമറിന്റെ വേവലാതി അതിന്റെ ഭാഗമായിരുന്നു. വ്യവസ്ഥാപിതമായ മാര്‍ഗത്തിലൂടെ വരവുകണ്ടെത്താനും ചെലവ് നിയന്ത്രിക്കാനും കഴിഞ്ഞപ്പോള്‍ ഇസ്‌ലാമിക രാഷ്ട്രത്തിന് ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാന്‍ കഴിഞ്ഞുവെന്നത് ചരിത്രം സാക്ഷ്യപ്പെടുത്തിയ യാഥാര്‍ഥ്യമാണ്. ഗിബ്ബണും, വില്യംമൂറും, മൈക്കല്‍ എച് ഹാര്‍ട്ടും, ഗോയ്‌ഥേയമെല്ലാം ഈ യാഥാര്‍ഥ്യം രേഖപ്പെടുത്തിയവരാണ്.
ഇസ്‌ലാമിക സര്‍ക്കാരിന്റെ പൊതുഖജനാവാണ് ബൈതുല്‍മാല്‍ കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇവിടെ സമാഹരിക്കപ്പെടുന്ന സ്വത്താണ് സര്‍ക്കാരിന്റെ ധനം, അഥവാ പൊതുമുതല്‍ എന്ന് വ്യവഹരിക്കപ്പെടുന്നത്. പൗരന്മാരില്‍ നിന്ന് മതപരമായും അല്ലാതെയും ശേഖരിക്കുന്ന ധനവും സര്‍ക്കാരിലേക്ക് മറ്റു നിലക്ക് വന്നുചേരുന്ന ധനവുമെല്ലാം ഇവിടെ കേന്ദ്രീകരിക്കപ്പെടുകയും ആവശ്യാനുസരണം ചെലവാക്കപ്പെടുകയും ചെയ്യുക എന്നതാണ് ഇതിന്റെ സംക്ഷിപ്തമായ പ്രവര്‍ത്തന രീതി.
സമൂഹത്തിന്റെയും പൗരന്റെയും മാത്രമല്ല രാജ്യവുമായി ബന്ധപ്പെട്ട ജീവജാലങ്ങളുടെ പോലും ഗുണത്തിന് അനിവാര്യമായതെല്ലാം ഇസ്‌ലാമിക സര്‍ക്കാറിന് സൗജന്യമായി നിര്‍വഹിച്ചുകൊടുക്കാന്‍ കഴിഞ്ഞത് നിറഞ്ഞു കവിഞ്ഞ ഖജനാവുകള്‍കൊണ്ടു മാത്രമായിരുന്നില്ല. അത്യാവശ്യവും ആവശ്യവും അനാവശ്യവും തിരിച്ചറിയാന്‍ കഴിഞ്ഞ സമൂഹമായിരുന്നു അവരെന്നതും ദൈവികനീതിയെ ഭയപ്പെട്ടുകൊണ്ടായിരുന്നു സമാഹരണവും വിതരണവുമെന്നുതുമായിരുന്നു പ്രധാന കാരണം. നിര്‍ണിത അളവിനു മേലെയുള്ള വിഭവങ്ങള്‍ക്ക് അല്ലാഹു നിശ്ചയിച്ച സകാത്ത് നല്കാനും മിച്ചമുള്ളതില്‍ നിന്നും ഇല്ലാത്തവന് യഥേഷ്ടം കൊടുക്കാനുമുള്ള മാനസികാവസ്ഥയിലേക്ക് സമൂഹം വളര്‍ന്നപ്പോള്‍ അവിടെ വലിയ നികുതികളും പിഴ സംഖ്യകളും അന്യായമായ നോട്ടടിക്കലുമൊന്നും വേണ്ടിവന്നില്ല. സര്‍ക്കാര്‍ ജനപ്രീതിക്കുവേണ്ടിയോ അനീതിക്കുവേണ്ടിയോ ഇല്ലായ്മയില്‍ നിന്ന് വാരിക്കോരി ‘ജനക്ഷേമം’ നടത്തിയില്ലെന്നതിനാല്‍ അവര്‍ കടക്കെണിയിലകപ്പെട്ടുമില്ല. ലോകാത്ഭുതമായി ഇന്നും പരിഗണിക്കപ്പെടുന്ന ഉമറിന്റെയും ഉസ്മാന്റെയുമെല്ലാം ക്ഷേമഭരണം ഉട്ടോപ്യയല്ല; പുതിയ സമൂഹങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും ഇനിയും പരീക്ഷിക്കാവുന്ന ജീവല്‍മാതൃകകളാണ്.
References
- മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 29, പേജ് 298,299, ഹദീസ് 17763[↩]
- സുനനു ത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 418, ഹദീസ് 2583[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 05, പേജ് 138, ഹദീസ് 1728[↩]
- കിതാബുല്‍ ഖറാജ്, അബൂ യൂസുഫ് യ്അ്ഖൂബ് ബ്‌നു ഇബ്‌റാഹീം, അല്‍ മക്തബുല്‍ അസ്ഹരിയ്യ ലിത്തുറാസ്, പേജ് 114[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 08, പേജ് 211, ഹദീസ് 2958[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 588, ഹദീസ് 2377[↩]
- സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 04, പേജ് 612, ഹദീസ് 2417[↩]
