പ്രവാചകന്റെ ഉമ്മമാര്
പ്രവാചകന് മുഹമ്മദ് നബി(സ്വ)യുടെ ബാല്യകാല ജീവിതം രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് പ്രവാചകന്റെ ഉമ്മമാര്. ജനനത്തോടെ കൂടെ സംരക്ഷണം നല്കിയ ആമിന ബിന്ത് വഹബ്, മുലയൂട്ടിയും വളര്‍ത്തിയും ബാല്യത്തെ പാകപ്പെടുത്തിയത് ഹലീമതുസ്സഅദിയ്യ, സേവനവും കരുതലും നല്കിയ ഉമ്മുഅയ്മന്(റ), പിതാവിന്റെ വിയോഗത്തിന് ശേഷം സ്നേഹവും സുരക്ഷയും നല്കിയ ഫാത്തിമ ബിന്ത് അസദ്(റ) എന്നിവരുടെ ജീവിതവും സംഭാവനകളും ഈ അധ്യായം അവതരിപ്പിക്കുന്നു. പ്രവാചകന്റെ വ്യക്തിത്വവികാസത്തില്‍ ഈ സ്ത്രീകളുടെ പങ്ക് ചരിത്രപരമായ പശ്ചാത്തലത്തോടെ ഇവിടെ വിശദീകരിക്കുന്നു.
ഖുറൈശ് ഗോത്ര പ്രമുഖനായ അബ്ദുല്‍ മുത്ത്വലിബിന്റെ മകന് അബ്ദുല്ലയാണ് മുഹമ്മദ് നബിയുടെ പിതാവ്. മറ്റൊരു പ്രമുഖനായ വഹബിന്റെ മകള്‍ ആമിനയാണ് നബിയുടെ ഉമ്മ. മക്കയിലെ അന്നത്തെ പതിവനുസരിച്ച് കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്കാന് ഗ്രാമീണരായ സ്ത്രീകളെ ഏല്പിക്കുമായിരുന്നു. ബനൂസഅ്ദിലെ ഹലീമയാണ് നബിക്ക് മുലപ്പാല്‍ കൊടുത്തു വളര്‍ത്തിയത്. നബിയുടെ ചെറുപ്പത്തില്‍ തന്നെ ഉമ്മ മരണപ്പെട്ടിരുന്നു. എന്നാല്‍ മുലപ്പാല്‍ കൊടുത്ത ഹലീമയെ നബി ഉമ്മയെ പോലെ ആദരിച്ചിരുന്നു. മുലപ്പാല്‍ കൊടുത്ത സ്ത്രീ സ്വന്തം ഉമ്മയുടെ സ്ഥാനത്തും അവരുടെ മക്കള്‍ സ്വന്തം സഹോദരങ്ങളുടെ സ്ഥാനത്തും ആയി കണക്കാക്കണമെന്നാണ് ഇസ്ലാം അനുശാസിക്കുന്നത്. രക്തബന്ധം, വിവാഹബന്ധം, മുലകുടിബന്ധം എന്നീ മൂന്നു രീതിയിലുള്ളതും അടുത്ത കുടുംബ ബന്ധമായി ഇസ്ലാം കണക്കാക്കുന്നു.
ആമിനബിന്‍ത് വഹബ്
കടുത്ത ദാരിദ്ര്യത്തിലും നൂറൊട്ടകങ്ങളെ ബലിയറുക്കേണ്ടിവന്നെങ്കിലും വത്സലപുത്രനായ അബ്ദുല്ലയെ തനിക്ക് തിരിച്ചുകിട്ടിയതില്‍ അബ്ദുല്‍ മുത്വലിബ് അല്ലാഹുവിനെ സ്തുതിച്ചു. കത്തി ഉപേക്ഷിച്ച് മകന്റെ കൈയ്യും പിടിച്ച് അദ്ദേഹം വീട്ടിലേക്ക് നടന്നു.
തന്റെ പത്തുമക്കളില്‍ ഇളയവനും സുന്ദരനുമായ അബ്ദുല്ലക്ക് വിവാഹം ചെയ്തുകൊടുക്കാന്‍ അബ്ദുല്‍മുത്വലിബ് ഒരു പെണ്ണിനെ കണ്ടുവെച്ചു. സൗന്ദര്യം കൊണ്ടും കുടുംബ മഹിമകൊണ്ടും ഖുറൈശികളില്‍ തലയെടുപ്പുള്ളവള്. ആമിനബിന്‍ത് വഹബ്. ഖുസയ്യിന്റെ സഹോദരനും സുഹറയുടെ പേരക്കുട്ടിയുമായ വഹബിന്റെ മകള്‍.
സുഹറ ഗോത്രത്തിന്റെ തലവന്‍ കൂടിയായ വഹബ് നേരത്തെ മരണപ്പെട്ടു. പിതൃവ്യന് വുഹൈബിന്റെ സംരക്ഷണത്തിലായിരുന്നു ആമിനയുടെ ജീവിതം. ക്രിസ്തുവര്‍ഷം 569ല്‍ ആ വിവാഹം നടന്നു. അതിനെ തുടര്‍ന്നാണ് ആനക്കലഹം നടക്കുന്നത്.
അബ്ദുല്ല ആമിന ദാമ്പത്യം അധികകാലം നീണ്ടുനിന്നില്ല. വിവാഹത്തിന്റെ തൊട്ടടുത്ത വര്‍ഷം തന്നെ സിറിയയിലേക്ക് കച്ചവടത്തിന് പോയ അബ്ദുല്ല യസ്രിബി(മദീന)ല്‍ വെച്ച് മരണപ്പെടുക യായിരുന്നു.
വിധവയും ഗര്‍ഭിണിയുമായ ആമിനയെ പ്രയാസങ്ങളറിയിക്കാതെ അബ്ദുല്‍മുത്വലിബ് സംരക്ഷിച്ചു. ഭര്‍ത്താവിന്റെ മരണത്തില്‍ സങ്കടപ്പെട്ടവള്‍ ജനിക്കാനിരിക്കുന്ന കുട്ടിയെക്കുറിച്ച് സ്വപ്നങ്ങള്‍ നെയ്തു. ഒരു ദിവസം അവര്‍ സ്വപ്നം കണ്ടു. അതില്‍ അവരോട് ഇങ്ങനെ പറയപ്പെട്ടു.
”നിന്റെ ഗര്‍ഭത്തിലിരിക്കുന്നത് ഒരു ജനതയുടെ നായകനാണ്. അവരുടെ പ്രവാചകനും. അസൂയക്കാരുടെ ഉപദ്രവങ്ങളില്‍ നിന്നും നീ ഏകനായ രക്ഷിതാവില്‍ അഭയം തേടുക. കുട്ടിക്ക് നീ ‘മുഹമ്മദ്’ എന്ന പേര് നല്‍കുകയും ചെയ്യുക”
ക്രിസ്തുവര്‍ഷം 570 റബീഉല്‍ അവ്വലില്‍ ആമിന മുഹമ്മദിനെ പ്രസവിച്ചു. ഹലീമയില്‍ നിന്ന് മൂന്ന് വര്‍ഷത്തോളം മുലകുടിച്ച കുട്ടിയെ പിന്നീട് ആമിന തന്നെ വളര്‍ത്തി. ആറാം വയസ്സില്‍ അവനെയും കൂട്ടി അവര്‍ യസ്രിബിലേക്ക് പോയി; കുടുംബ സന്ദര്‍ശനത്തിന്. അവരോടൊപ്പം പരിചാരികയായ ബറക(ഉമ്മ ു ഐമന്)യുമുണ്ടായിരുന്നു.
ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ അബവാഇല്‍ ആമിന മരണപ്പെട്ടു. ക്രിസ്തുവര്‍ഷം 576ല്‍. ബറകയാണ് കുട്ടിയെ പിന്നീട് മക്കയിലേക്ക് തിരിച്ചെത്തിച്ചത്.
ഹലീമതുസ്സഅദിയ്യ
മുലകൊടുത്തു വളര്‍ത്താന്‍ ശിശുക്കളെ അന്വേഷിച്ച് ബനൂസഅ്ദ് ഗോത്രത്തിലെ ആ സംഘം മക്ക ലക്ഷ്യംവെച്ച് നീങ്ങി. പൊതുവെ ദരിദ്രരായ അവരില്‍ അതിദരിദ്രയായ ഒരു യുവതിയുമുണ്ടായിരുന്നു. പേര് ഹലീമ. ഭര്‍ത്താവ് ഹാരിസും മുലകുടി പ്രായമുള്ള മകനും അടങ്ങുന്ന ആ കുടുംബം ഒരു പെണ്‍കഴുതയുടെ പുറത്തായിരുന്നു യാത്ര. ഒപ്പം, പാല് ചുരത്താന്‍ പിശുക്കിയായ ഒരു ഒട്ടകവുമുണ്ടായിരുന്നു.
മുഹമ്മദ് എന്ന തന്റെ അനാഥക്കുഞ്ഞിനെ മാതാവ് ആമിന ഒന്നുരണ്ട് കുടുംബങ്ങളെ ഏല്പിക്കന്‍ ശ്രമിച്ചു. എന്നാല്‍ പിതാവ് മരിച്ച, ആ ദരിദ്ര ശിശുവിനെ അവരെല്ലാം കൈയൊഴിഞ്ഞു.
രണ്ട് ദിനങ്ങള്‍ കഴിഞ്ഞു. തങ്ങള്‍ക്കിണങ്ങിയ കുഞ്ഞുങ്ങളെയും സ്വീകരിച്ച് ആ സംഘം മക്ക വിടാനൊരുങ്ങി. എന്നാല്‍ ഒരു കുട്ടിയെയും ലഭിക്കാത്തതിന്റെ നോവിലായിരുന്നു ഹലീമയെന്ന പോറ്റുമ്മ. തുല്യസങ്കടവുമായി മറ്റൊരുമ്മ അപ്പുറത്തുമുണ്ടായിരുന്നു. ദരിദ്രനായ തന്റെ കുഞ്ഞിന് ഒരു പോറ്റുമ്മയെയും ലഭിക്കാത്ത ആമിന.
കുഞ്ഞിനെക്കിട്ടാത്ത ഹലീമ സങ്കടപ്പെട്ടു. ”എല്ലാവരും കയ്യൊഴിഞ്ഞ ആ അനാഥക്കുഞ്ഞിനെ നമുക്കെടുത്താലോ? ദൈവം അവനിലൂടെ നമ്മെ അനുഗ്രഹിക്കുമായിരിക്കും” ഹലീമ ഭര്‍ത്താവിനോട് ചോദിച്ചു.
”നീ ആഗ്രഹിക്കുംപോലെ ചെയ്തേക്കൂ” – അദ്ദേഹം പറഞ്ഞു. അങ്ങനെ ദൈവഹിതംപോലെ മുഹമ്മദ് ഹലീമയുടെ മുലകുടിപ്പുത്രനായി. മക്കയുടെ തെക്കുകുഴക്കെ പ്രവിശ്യയായ ഹവാസിന് ഗ്രാമങ്ങളിലൊന്നിലേക്ക് ‘അല്‍അമീനെ’യുംകൊണ്ട് അവര്‍ യാത്രയായി.
യാത്രയില്‍ വിസ്മയങ്ങള്‍ അവരെ കാത്തിരിക്കുകയായിരുന്നു. ആദ്യ മുലയൂട്ടലിനായി കുട്ടിയെ അവര്‍ മാറോട് ചേര്‍ത്തുവെച്ചു. കണ്ണുകളെ അവര്‍ക്ക് വിശ്വസിക്കാനായില്ല. അവരുടെ മുലകള്‍ നിറഞ്ഞിരിക്കുന്നു! മുഹമ്മദും ഹലീമയുടെ കുട്ടിയും വയറുനിറയെ സ്തന്യം നുകര്‍ന്നു.
ദാഹമകറ്റാന്‍ അല്പം പാലിനായി ഹലീമയുടെ ഭര്‍ത്താവ് ഒട്ടകത്തിനടുത്തെത്തി. പിശുക്കിയായ അവളുടെ അകിടുകളും പാല് നിറഞ്ഞുവീര്ത്തിരിക്കുന്നു!!
യാത്രയില്‍ അതുവരെ നടക്കാന്‍ പ്രയാസപ്പെട്ടിരുന്ന കഴുത അവരെയും വഹിച്ച് ഓടുന്നതാണ് പിന്നീട് കണ്ടത്. വിസ്മയമടക്കാനാവാതെ ഹലീമയുടെ ഭര്‍ത്താവ് പറഞ്ഞു: ”ഹലീമ, പടച്ചവനാണേ, ഈ കുട്ടി അനുഗൃഹീതന്‍ തന്നെ!”
നബി(സ്വ)യുടെ പോറ്റുമ്മ
ഹവാസിനിലെ, സഅ്ദുബ്നുബകര് ഗോത്രക്കാരന്‍ അബൂദുവൈബിന്റെ മകളായാണ് ഹലീമ ജനിച്ചത്. അബൂകബ്ശ എന്ന പേരിലറിയപ്പെട്ടിരുന്ന ഹാരിസ്ബിന്‍ അബ്ദില്‍ ഉസ്സ ഹലീമയെ ജീവിതസഖിയാക്കി.
ആടുകളെ മേച്ചും മക്കയിലെ പ്രമാണിമാരുടെ മക്കളെ മുലയൂട്ടി വളര്‍ത്തിയും ഗ്രാമീണ ജീവിതം നയിച്ചിരുന്ന തികച്ചും സാധാരണക്കാരിയായ ഹലീമയെ ചരിത്രത്തിലേക്ക് കൊണ്ടുവന്നത് പ്രവാചകന് മുഹമ്മദാ(സ്വ)ണ്.
അനാഥനും ദരിദ്രനുമായ മുഹമ്മദിന്റെ കുടുംബത്തില്‍ നിന്ന് പ്രതിഫലമായി ഒന്നും ലഭിക്കില്ലെന്നറിഞ്ഞിട്ടും മാതൃത്വത്തിന്റെ മാധുര്യവും സ്നേഹവും ചാലിച്ച മുലപ്പാല്‍ ആവോളം കുഞ്ഞിന് ഹലീമ പകര്ന്നുനല്കി. മൂന്നു വര്‍ഷത്തെ ആ മുലകുടിക്കാലം തിരുനബിക്കും അവിസ്മരണീയമായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ഹലീമ ഓര്മയിലേക്കെത്തുമ്പോഴെല്ലാം അവിടുന്ന് വികാരാധീനനായി. ഒരിക്കല്‍ അവരെ കണ്ടപ്പോള്‍ എന്തെന്നില്ലാത്ത ആഹ്ലാദം കൊള്ളുകയും ചെയ്തു ദൂതര്‍.
ഹലീമയുടെ സ്തന്യം നുകര്ന്നതുവഴി മുലകുടി ബന്ധത്തിലുള്ള നിരവധി സഹോദരീ സഹോദരന്മാരും നബി(സ്വ)ക്കുണ്ടായി. അബ്ദുല്ലാഹിബ്നു ഹാരിസ്, അനീസ ബിന്ത് ഹാരിസ്, ശൈമാഅ് എന്നിവര്‍ അവരില്‍ പ്രധാനികളാണ്.
ഇവരില്‍ ശൈമാഇ(റ)നെ ഹുനൈന്‍ യുദ്ധാവസരത്തില്‍ നബി(സ്വ) കണ്ടുമുട്ടി. ബന്ദികള്‍ക്കിടയില്‍ നിന്ന് സഹോദരനെ അന്വേഷിച്ചെത്തിയ അവരെ നബി(സ്വ) തിരിച്ചറിഞ്ഞത്, ബാല്യത്തില്‍ അവരുടെ കയ്യില്‍ കടിച്ചതിന്റെ അടയാളം കണ്ടപ്പോഴായിരുന്നു.
ഹലീമയെയും ഹാരിസിനെയും കുറിച്ച് നബി(സ്വ) ശൈമാഇനോട് ചോദിച്ചറിഞ്ഞു. അവര്‍ മരിച്ച വിവരം അറിയിച്ചപ്പോള്‍ അവിടുന്ന് കണ്ണുകള്‍ നിറച്ചു. സമ്മാനങ്ങള്‍ നല്‍കിയാണ് ദൂതര്‍ സഹോദരിയെ യാത്രയാക്കിയത്.
ഹിജ്റ എട്ടാം വര്‍ഷത്തിലാണ് ഹലീമ നിര്യാതയായത്.
ഉമ്മുഅയ്മന്(റ)
അബ്ദുല്ല മരിക്കുമ്പോള്‍ ആമിനക്കായി ബാക്കിവെച്ചത് അഞ്ച് ഒട്ടകങ്ങളും ഏതാനും ആടുകളും പിന്നെ ഒരു അടിമസ്ത്രീയും മാത്രം. അബവാഇല്‍ വെച്ച് ആമിനയും മരിച്ചപ്പോള്‍ മുഹമ്മദിന് കാവലായത് ഈ എത്യോപ്യന്‍ അടിമസ്ത്രീയാണ്. കുട്ടിയെ അബ്ദുല്‍മുത്വലിബ് ഏറ്റെടുക്കുമ്പോഴും അദ്ദേഹത്തിന്റെ മരണാനന്തരം അബൂത്വാലിബ് സ്വീകരിച്ചപ്പോഴും മുഹമ്മദിന് കാവലായി ഈ സ്ത്രീ ഉണ്ടായിരുന്നു. എത്യോപ്യന്‍ വംശജനായ സഅ്ലബയുടെ മകള്‍ ബറക്ക.
ഉറ്റവര്‍ മരിച്ചുപിരിഞ്ഞ് ഓരോ കൈകള്‍ മാറിമാറിപ്പോകുമ്പോഴും ബറക്കയുടെ കൈകളില്‍ തന്നെയായിരുന്നു നബി(സ്വ). ബാല്യത്തില്‍ ചാപല്യങ്ങളില്‍ നിന്നും കൗശലങ്ങളില്‍ നിന്നും മാറിനിന്ന നബിക്ക് ഭക്ഷണം നല്‍കിയിരുന്നത് ഇവരായിരുന്നു. ശൈശവ ബാല്യ-കൗമാരങ്ങളിലെ മാതൃനിര്‍വിശേഷമായ ആ ലാളന ജീവിതത്തില്‍ നബി(സ്വ) മറന്നില്ല. ബറക്കയെ കാണുമ്പോഴെല്ലാം അവരുടെ പുറത്തുതട്ടി ദൂതര്‍ പറയും: ‘എന്റെ കടുംബത്തിന്റെ ബാക്കിയാണിവര്’.
നബി(സ്വ) ഖദീജയെ വിവാഹം കഴിച്ചപ്പോള്‍ ബറക്കയെ സ്വതന്ത്രയാക്കി. ഇതോടൊപ്പം തന്നെയാണ് സൈദുബ്നുല്‍ ഹാരിസ(റ)യെ ഖദീജ നബിക്ക് നല്കിയതും. തുടര്‍ന്ന് ബറക്കയെ ഉബൈദുബ്നു സൈദ് എന്നയാള്‍ വിവാഹം ചെയ്തു. ഈ ദാമ്പത്യത്തില്‍ ഒരു കുട്ടി ജനിച്ചു-അയ്മന്. പിന്നീട് ഈ കുട്ടിയിലേക്ക് ചേര്‍ത്തിയാണ് ബറക്ക ചരിത്രത്തില്‍ അറിയപ്പെട്ടത്-ഉമ്മു അയ്മന്.
താന്‍ വളര്‍ത്തിക്കൊണ്ടുവന്ന മുഹമ്മദ് പ്രവാചകനായി വന്നപ്പോള്‍ ഉമ്മു അയ്മന് താമസംവിനാ വിശ്വസിച്ചു. ഭര്‍ത്താവ് ഉബൈദ് എതിര്‍ത്തെങ്കിലും ആ ബന്ധം ഉപേക്ഷിച്ചായിരുന്നു ഉമ്മു അയ്മന്റെ വിശ്വാസ പ്രഖ്യാപനം. അതിനുശേഷമാണ് തന്റെ വളര്‍ത്തുമകനായ സൈദിന് നബി(സ്വ) അവരെ വിവാഹം കഴിച്ചുനല്‍കിയത്. ഈ ബന്ധത്തില്‍ പിറന്ന മകനാണ് ഉസാമ. നബി(സ്വ)യുടെ ലാളനയിലും വാല്സല്യത്തണലിലും പിച്ചവെച്ച് ഇസ്ലാമിക ചരിത്രത്തിലെ ധീരനായി മാറിയ ഉസാമതുബ്നു സൈദ്(റ).
താമസം മാറിയെങ്കിലും ഇടയ്ക്കിട വിവരങ്ങളറിയാന്‍ ഉമ്മു അയ്മന് നബി(സ്വ)യുടെ വീട്ടില്‍ വന്നിരുന്നു. ഹിജ്റക്കൊരുങ്ങിയപ്പോള്‍ ഒട്ടകത്തെ ആവശ്യപ്പെട്ട് അവര്‍ നബി(സ്വ)യുടെ മുമ്പിലെത്തി. നബി നല്‍കുകയും ചെയ്തു. അവരെ സ്വര്ഗസ്ത്രീയായാണ് നബി(സ്വ) വിശേഷിപ്പിച്ചിരുന്നത്. ഒരിക്കല്‍ നബി(സ്വ) പറഞ്ഞു: ‘സ്വര്‍ഗത്തിലെ മഹിളയെ ആരെങ്കിലും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ ഉമ്മുഅയ്മനെ വിവാഹം ചെയ്യട്ടെ’. ഇത് കേട്ടാണ് സൈദ്(റ) ഇവരെ ഭാര്യയാക്കിയത്.
ഉമ്മു അയ്മന്(റ) സേവനരംഗത്ത്
തിരുനബിയും ഭര്‍ത്താവും മക്കളും യുദ്ധക്കളത്തിലേക്ക് പോകുമ്പോള്‍ വീട്ടിലിരുന്നില്ല ഉമ്മു അയ്മന്(റ). അവരും പോകും. ഉഹ്ദിലും ഖൈബറിലും ഹുനയ്നിലും അവര്‍ പങ്കെടുത്തു. പോരാളികള്‍ക്ക് വെള്ളം നല്‍കിയും മുറിവേറ്റവരെ പരിചരിച്ചും സേനാനികള്‍ക്ക് ആവേശം പകര്‍ന്നും അവര്‍ ജിഹാദില്‍ പങ്കെടുത്തു.
ഭര്‍ത്താവ് സൈദ്(റ) മുഅ്ത യുദ്ധത്തിലെ നായനകനായിരിക്കെ മരിച്ചു. മൂത്ത മകന് അയ്മന്(റ) ഹുനയ്ന്‍ യുദ്ധത്തില്‍ ശഹീദായി. നബി(സ്വ) തന്റെ അവസാനകാലത്ത് സിറിയയിലേക്ക് സൈന്യത്തെ നിയോഗിച്ചിരുന്നു. ഉമര്‍(റ)വിനെപ്പോലുള്ള മുതിര്‍ന്ന നിരവധി സ്വഹാബിമാരുള്ക്കൊണ്ടിരുന്ന സൈന്യത്തിന്റെ നായകനാക്കിയത് കൗമാരം വിടാത്ത ഉസാമ(റ)വിനെയായിരുന്നു. ഇത് ഉമ്മുഅയ്മനെ സന്തോഷവതിയാക്കി.
നബി(സ്വ) രോഗിയായി കിടന്നപ്പോള്‍ പരിചരിക്കാന്‍ അവര്‍ ഇടയ്ക്കിടെ വന്നു. ദൂതരുടെ മരണവിവരമറിഞ്ഞ് അവര്‍ പൊട്ടിക്കരയുകയുണ്ടായി.
ഖലീഫമാരായ അബൂബക്ര്(റ), ഉമര്‍(റ), ഉസ്മാന്(റ) എന്നിവര്‍ തിരുദൂതരുടെ പോറ്റുമ്മയെ അങ്ങേയറ്റം ആദരിച്ചു. ഉസ്മാന്(റ)ന്റെ കാലത്താണ് വയോവൃദ്ധയായ ഉമ്മു അയ്മന്(റ) യാത്രയാവുന്നത്.
ഫാത്തിമ ബിന്ത്അസദ്(റ)
”ഉമ്മാ അല്ലാഹു നിങ്ങള്‍ക്ക് കാരുണ്യം ചൊരിയട്ടെ, എന്റെ ഉമ്മയുടെ മരണശേഷമുള്ള എന്റെ ഉമ്മയായിരുന്നു നിങ്ങള്‍. ഞാന്‍ വിശന്നു കരഞ്ഞപ്പോള്‍ നിങ്ങളെന്റെ വയറു നിറച്ചു. ഞാന്‍ നഗ്നനായപ്പോള്‍ നിങ്ങളെന്നെ വസ്ത്രമുടുപ്പിച്ചു. എന്നെ അന്നമൂട്ടുന്നതില്‍ നിങ്ങള്‍ നിങ്ങളെപ്പോലും മറന്നു. എല്ലാം അല്ലാഹുവിനെയും അന്ത്യനാളിനെയും ഉദ്ദേശിച്ചുകൊണ്ടായിരുന്നു”.
ഫാത്വിമയുടെ മയ്യിത്തിന്റെ തലഭാഗത്തിരുന്നുകൊണ്ട് നിറമിഴികളോടെ തിരുനബി പറഞ്ഞു. പിന്നീട് അവിടുന്ന് മയ്യിത്ത് കുളിപ്പിക്കാനും കഫന്‍ ചെയ്യാനും ആളെ ഏര്‍പ്പാടാക്കി. ഉസാമ(റ)യോട് ഖബ്ര്‍ ഒരുക്കാന്‍ നിര്‍ദ്ദേശിച്ചു. ശേഷം ദൂതര്‍ തന്നെ മയ്യിത്ത് ഖബ്റില്‍ കിടത്തി. എന്നിട്ട് പ്രാര്‍ഥിച്ചു. (അനസ്ബുബ്നു മാലിക് ഉദ്ധരിച്ച ഹദീസ്).
ഖുറൈശ് ഗോത്രത്തിലെ, ഹാശിം കുടുംബത്തിലെ അസദിന്റെ മകള്‍ ഫാത്വിമ. അബൂത്വാലിബിന്റെ ഭാര്യയും അലി(റ)യുടെ ഉമ്മയുമായ ഫാത്വിമ. അവരായിരുന്നു തിരുനബിയുടെ വളര്‍ത്തുമ്മ. ഉമ്മ ആമിനയും പിതാമഹന് അബ്ദുല്‍ മുത്തലിബും മരിച്ചപ്പോള്‍ എട്ടുവയസ്സുകാരനായ മുഹമ്മദിനെ സ്വന്തം കുഞ്ഞിനെപ്പോലെ ഓമനിച്ചു വളര്‍ത്തിയ മഹതി. അവരുടെ മരണം ദൂതരെ വല്ലാതെ ദു:ഖിപ്പിച്ചു.
ഇരുപത്തിയഞ്ചാം വയസ്സില്‍ ഖദീജ(റ)യെ വിവാഹം ചെയ്യുന്നതുവരെയും നബിയുടെ കാര്യ ങ്ങളെല്ലാം നോക്കിയിരുന്നത് അബൂത്വാലിബൂം ഫാത്വിമയും തന്നെയായിരുന്നു. അബൂത്വാലിബിന് വേറെയും മക്കളുണ്ടായിരുന്നു. ദരിദ്രനുമായിരുന്നു അദ്ദേഹം. എങ്കിലും സഹോദര പുത്രനായ നബിയെ പട്ടിണിയെന്താണെന്ന് അറിയിക്കാതെ ഇരുവരും വളര്‍ത്തി.
നാല്‍പ്പതാം വയസ്സില്‍ പ്രവാചകത്വം ലഭിച്ചപ്പോള്‍ കുടുംബം തള്ളിപ്പറഞ്ഞെങ്കിലും അബൂ ത്വാലിബും ഫാത്വിമയും ചേര്‍ത്തു തന്നെ പിടിച്ചു. അബൂത്വാലിബ് വിശ്വസിക്കാതെ അനുഭാവം പ്രകടിപ്പിച്ചു. എന്നാല്‍ ഫാത്വിമ നബി(സ്വ)യില്‍ വിശ്വസിച്ചു. ആദ്യകാല വിശ്വാസികളില്‍ പ്രധാനിയായിരുന്നു ഫാത്വിമ(റ).
ദാരിദ്ര്യം കാരണം പ്രയാസം നേരിട്ടിരുന്ന അബൂത്വാലിബിന്റെയും ഫാത്വിമയുടെയും കുടുംബത്തെ പിന്നീട് തിരുനബി തിരിച്ചും സഹായിച്ചു. അവരുടെ മകന് അലി(റ)യെ ഏറ്റെടുത്തുകൊണ്ട് ഫാത്വിമ, തന്നെ വളര്‍ത്തിയപോലെ അവരുടെ മകന് അലി(റ)യെ നബി(സ്വ)യും വളര്‍ത്തി.
ഫാത്തിമ(റ) ഹിജ്റയിലും പങ്കെടുത്തു. നബി(സ്വ)യുടെ മകള്‍ ഫാത്വിമ(റ) അലി(റ)യുടെ വധുവായി തന്റെ അടുക്കലെത്തിയപ്പോള്‍ അവളെ സ്നേഹത്തോടെ സ്വീകരിച്ചു ഫാത്വിമ(റ). ഫാത്വിമ(റ)യുടെ മരണ ശേഷവും നബി(സ്വ) അവരെ നന്ദിയോടെ സ്മരിച്ചിരുന്നു.
