മുഹമ്മദ് നബിയുടെ ഭരണകാലം
മുഹമ്മദ് നബിയുടെ ഭരണകാലം മനുഷ്യചരിത്രത്തിലെ ഏറ്റവും നീതിപൂര്‍ണവും മാനവികവുമായ ഭരണ മാതൃകകളിലൊന്നാണ്. മദീനയിലേക്ക് ഹിജ്റ ചെയ്തതിന് ശേഷം, നബി(സ്വ) ഒരു പ്രവാചകനായി മാത്രമല്ല, ഭരണാധികാരിയായും സമൂഹത്തെ നയിച്ചു. നീതി, സമത്വം, മതസ്വാതന്ത്ര്യം, സാമൂഹിക ഉത്തരവാദിത്വം എന്നിവയാണ് അദ്ദേഹത്തിന്റെ ഭരണത്തിന്റെ അടിസ്ഥാനശിലകള്‍. മദീനാ ഭരണഘടനയിലൂടെ വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കും ഗോത്രങ്ങള്‍ക്കും സമാധാനപരമായ സഹവാസം ഉറപ്പാക്കി. നിയമം എല്ലാവര്ക്കും ഒരുപോലെ ബാധകമാക്കിയ നബി(സ്വ) ദുര്‍ബലരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ശക്തരുടെ അന്യായം തടയുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭരണകാലം രാഷ്ട്രീയ അധികാരത്തിന്റെയും ധാര്‍മ്മിക നേതൃത്വത്തിന്റെയും മഹത്തായ ഉദാഹരണമാണ്.
പ്രവാചകനിയോഗാനന്തരം ഒരു വ്യാഴവട്ടത്തിലധികം കാലം മക്കയിലാണ് പ്രവാചകനും മുസ്ലിംകളും ജീവിച്ചത്. അവിടെ അവര്‍ തീര്‍ത്തും മര്‍ദിതരായിരുന്നു. സ്വാതന്ത്ര്യവും സുരക്ഷയും നേടാനും ദൈവവിശ്വാസം സംരക്ഷിച്ച് മുസ്ലിംകളായി ജീവിക്കാനുമാണ് തികഞ്ഞ മുന്നൊരുക്കത്തോടെ അവര്‍ ഹിജ്റ വഴി മദീനയിലെത്തിയത്. യസ്രിബ് എന്ന നാമധേയത്തില്‍ അറിയപ്പെട്ട ആ പ്രദേശത്തിന്റെ നേതൃത്വം പ്രവാചകന് ഏറ്റെടുക്കുകയും റസൂലിന്റെ പട്ടണം (മദീനത്തുര്‍റസൂല്‍-മദീന) എന്ന് അത് പുനര്‍നാമകരണം ചെയ്യപ്പെടുകയും ചെയ്തു.
അന്ന് മുതല്‍ (ഹിജ്റ ഒന്ന് റബീഉല്‍ അവ്വല്‍) തന്നെയാണ് മുഹമ്മദ് നബി(സ്വ)യുടെ ഭരണകാലം തുടങ്ങുന്നത്. ഏതാണ്ട് പതിനൊന്ന് വര്‍ഷത്തോളം നീണ്ടുനിന്ന ഈ ഘട്ടം തിരുനബിയുടെ ദേഹവിയോഗത്തോടെയാണ് അവസാനിക്കുന്നത്. (ക്രി.622 സെപ്തംബര്‍ -633 ജൂണ്‍)
മദീന എന്ന പട്ടണത്തില്‍ നിന്ന് തുടങ്ങിയ ഭരണം അവസാനകാലമായപ്പോഴേക്ക് മക്കയും മറ്റ് അയല്പ്രദേശങ്ങളുമടങ്ങുന്ന വിശാലമായ ഭൂപ്രദേശം വരെ വ്യാപിച്ചിരുന്നു.
പ്രവാചകഭരണകാലം – ഘട്ടങ്ങള്‍
പതിനൊന്ന് വര്‍ഷം നീണ്ടുനിന്ന പ്രവാചക ഭരണകാലത്തെ മൂന്ന് ഘട്ടങ്ങളായാണ് ചരിത്രത്തില്‍ വേര്‍തിരിച്ചുകാണുന്നത്. ഒന്ന്. ഇസ്ലാമിക സമൂഹസൃഷ്ടി, പ്രബോധന പ്രവര്‍ത്തനങ്ങള്‍, പ്രതിരോധയുദ്ധങ്ങള്‍ എന്നിവയുടെ ഘട്ടം. ഇത് ഹിജ്റ ഒന്ന് മുതല്‍ ആറു വരെ നീണ്ടുനില്ക്കുന്നു.
രണ്ട്. ഖുറൈശികളുമായുള്ള കരാര്‍, അയല്‍പ്രദേങ്ങളിലെ ഭരണാധികാരികളെ ഇസ്ലാമിലേക്ക് ക്ഷണിക്കല്‍, ഇസ്ലാം വിരുദ്ധരെ നേരിടല്‍ എന്നിവയുടെ ഘട്ടം. ഹിജ്റ എട്ടിലെ മക്കാവിജയം വരെ ഇത് നീണ്ടുനില്ക്കുന്നു.
മൂന്ന്. നിവേദക സംഘങ്ങളെ സ്വീകരിക്കല്‍, ഇസ്ലാമിലേക്കുള്ള വിവിധ സംഘങ്ങളുടെ ഒഴുക്ക് എന്നിവയുടെ ഘട്ടം. പ്രവാചകന്റെ വിയോഗത്തോടെയാണ് ഈ അവസാനഘട്ടത്തിന് വിരാമമിടുന്നത്.
ഒന്നാം ഘട്ടം (ഹി: 1-6)
ഹിജ്റയുടെ ഒന്നാം തീയ്യതി മുതല്‍ ആരംഭിച്ച ഈ ഘട്ടത്തില്‍ ഒരു ഇസ്ലാമിക സമൂഹത്തിനും അതോടൊപ്പം ഭരണക്രമത്തിനും അസ്തിവാരമിടലായിരുന്നു പ്രവാചകന്റെ ലക്ഷ്യം.
മദീനയില്‍ അന്ന് ജീവിച്ചിരുന്നത് നാലുതരം വിഭാഗക്കാരായിരുന്നു. മക്കയില്‍ നിന്ന് ഹിജ്റ ചെയ്തെത്തിയ മുഹാജിറുകളും അവരെ സ്വീകരിച്ച അന്‍സ്വാറുകളുമടങ്ങുന്ന മുസ്ലിം വിഭാഗം. മുസ്ലിംകളോട് മമതയോ വിദ്വേഷമോ ഇല്ലാത്ത, എന്നാല്‍ ബഹുദൈവാരാധകരായ ഔസ്, ഖസ്റജ് ഗോത്രക്കാരായ തദ്ദേശവിഭാഗം. റോമില്‍ നിന്നും അസീറിയയില്‍ നിന്നും പലായനം ചെയ്തെത്തി അവിടെ സ്ഥിരവാസമാക്കിയ ജൂതവിഭാഗം. പിന്നെ നന്നേ ന്യൂനപക്ഷമായ ക്രൈസ്തവ വിഭാഗവും.
ഈ നാല് വിഭാഗങ്ങളെയും തന്റെ കീഴില്‍ കൊണ്ടുവരിക എന്ന ശ്രമകരമായ ദൗത്യമാണ് പ്രവാചകന് പ്രഥമമായി ചെയ്യാനുണ്ടായിരുന്നത്. അതില്‍ അദ്ദേഹം വിജയിച്ചു. പരസ്പരം സഹോദര ബന്ധം സ്ഥാപിച്ച് മുഹാജിറുകളെയും അന്‍സ്വാറുകളെയും ഒരു ചരടില്‍ കോര്‍ത്തു. മദീനയില്‍ തന്റെ ഖസ്വ ഒട്ടകം മുട്ടുകുത്തിയ സ്ഥലത്ത് ഒരു പള്ളിയും സ്ഥാപിച്ചു. തന്റെ ആസ്ഥാനവും മുസ്ലിം സമൂഹത്തിന്റെ സാംസ്കാരിക കേന്ദ്രവുമായി മാറിയ ആ പള്ളിയാണ് മസ്ജിദുന്നബവി.
നബി(സ്വ)യുടെ മാതൃകാധന്യമായ നേതൃത്വവും മുഹാജിര്‍-അന്‍സ്വാരീ സമൂഹത്തിന്റെ സാഹോദര്യബന്ധവും ഏറ്റവുമധികം ആകര്‍ഷിച്ചത് ഔസ്-ഖസ്റജ് ഗോത്രക്കാരെയായിരുന്നു. ദശാബ്ദങ്ങള്‍ നീണ്ടുനിന്ന വെറുപ്പും വൈരവും വലിച്ചെറിഞ്ഞ് അവരും ഇസ്ലാമിക സമൂഹത്തില്‍ ലയിച്ചുചേരുന്നതാണ് പിന്നീട് കണ്ടത്.
എന്നാല്‍ ഇസ്റാഈല്‍ വംശക്കാരനല്ലാത്തതിനാല് നളീര്‍, ഖൈനുഖാഅ്, ഖുറൈള എന്നീ വിഭാഗങ്ങളടങ്ങുന്ന ജൂതസമൂഹം പ്രവാചകന്റെ നേതൃത്വം അംഗീകരിച്ചില്ല. അറബികളെ വഞ്ചിച്ചും പലിശയും കൊള്ളലാഭവും ഈടാക്കി തടിച്ചുകൊഴുക്കുകയും ചെയ്ത അവര്‍ മദീനയുടെ വ്യാപാരമേഖല പിടിച്ചടക്കിവെച്ചിരിക്കുകയായിരുന്നു. അവരോട് തികച്ചും നയതന്ത്രസമീപനമാണ് നബി(സ്വ)കൈക്കൊണ്ടത്. പുറമെ സൗഹൃദം നടിക്കുകയും അകമേ ശത്രുത വെക്കുകയും ചെയ്യുന്ന അവരെ കൂട്ടുപിടിച്ച് മക്കയിലെ ഖുറൈശീ സമൂഹം മുസ്ലിംകള്ക്കെതിരെ നീങ്ങരുതെന്ന് ഉറപ്പു വരുത്തേണ്ടത് അനിവാര്യമായിരുന്നു. ജൂതഗോത്രങ്ങളുമായി ഉടമ്പടിയിലേര്‍പ്പെട്ടത് അതിനു വേണ്ടിയായിരുന്നു. മതസ്വാതന്ത്ര്യവും പരസ്പര സഹകരണവും സംരക്ഷണവും നിര്‍ഭയത്വവും ഉറപ്പുവരുത്തുന്ന ഈ കരാര്‍ മതേതര സമൂഹത്തില്‍ മുസ്ലിംകള് കൈക്കൊള്ളേണ്ട നിലപാടിന്റെ നിദര്‍ശനം കൂടിയാണ്.
ഈ സഖ്യം നിലവില്‍ വന്നതോടെ മദീനയും അതിന് ചുറ്റുമുള്ള പ്രദേശങ്ങളും ഒരു ഏകരാജ്യമാവുകയായിരുന്നു. മദീന അതിന്റെ തലസ്ഥാനവും പ്രവാചകന് ആ രാജ്യത്തിന്റെ നേതാവുമായി അംഗീകരിക്കപ്പെട്ടു.
പ്രബോധന സംസ്കരണ പ്രവര്‍ത്തനങ്ങള്‍ പിന്നീട് അഭംഗുരം നടന്നു. ഹിജ്റ രണ്ടില്‍ റമദാന് വ്രതവും സകാത്തും പെരുന്നാളും നിയമമാക്കപ്പെട്ടു. പ്രതിരോധത്തിന്റെ വഴിയില്‍ ബദര്‍(ഹി.2), ഉഹ്ദ്(ഹി.3), ഖന്ദഖ്(ഹി.5), ബനൂഖുറൈള(ഹി.5) എന്നീ രണാങ്കണങ്ങളിലും മുസ്ലിംകള്ക്ക് എത്തിപ്പെടേണ്ടിവന്നു. ഇക്കാലത്തിനിടെ വഞ്ചനയിലൂടെ മുസ്ലിംകളെ നശിപ്പിക്കാന്‍ ശ്രമിച്ച ജൂതര്‍ സ്വയം നാശത്തിന്റെ കുഴി തോണ്ടുകയും ഭീഷണിയുയര്‍ത്തിയ പല ഗോത്രങ്ങളും കീഴൊതുങ്ങുകയും ചെയ്തു.
ഹിജ്റ ആറില്‍ ഹുദൈബിയാ സന്ധിക്ക് വേദയൊരുങ്ങിയതോടെ മുഖ്യഎതിരാളികളായ ഖുറൈശികളും പത്തിമടക്കുകയായിരുന്നു.
രണ്ടാം ഘട്ടം(ഹി.6-8)
പ്രവാചകന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക ഭരണകൂടത്തെ അറേബ്യന്‍ ഉപദ്വീപ് ഒന്നടങ്കം അംഗീകരിക്കേണ്ടി വന്ന ഘട്ടത്തിന് തുടക്കം കുറിച്ചത് ഹിജ്റ ആറാം വര്‍ഷം ദുല്‍ഖഅ്ദില്‍ നടന്ന ചരിത്രവിശ്രുതമായ ഹുദൈബിയാ സന്ധിയോടെയായിരുന്നു.
ഉംറയെന്ന ഉദ്ദേശവുമായി 1400ഓളം വരുന്ന സ്വഹാബികളുടെ സംഘത്തെ നയിച്ച് കഅ്ബയെ ലക്ഷ്യമാക്കി നീങ്ങിയ പ്രവാചകന് ഒടുവില്‍ ഹുദൈബിയയില്‍ വെച്ച് ഖുറൈശികളുമായി സന്ധിക്ക് വഴങ്ങി. അതിലെ വ്യവസ്ഥകളെല്ലാം പ്രത്യക്ഷത്തില്‍ മുസ്ലിംകള്ക്ക് എതിരായിരുന്നു. എന്നാല്‍ പിന്നീട് അത് ‘വ്യക്തമായ വിജയ’മായിത്തീരുന്നതാണ് കണ്ടത്. വ്യവസ്ഥകള്‍ ഖുറൈശികള്‍ തന്നെ ലംഘിച്ചതോടെ സന്ധി ദുര്‍ബലപ്പെടാന്‍ തുടങ്ങി. മാത്രമല്ല, അംറുബ്നുല്‍ ആസ്വ്, ഖാലിദ് ബ്നുല്‍ വലീദ്, ഉസ്മാനുബ്നു ത്വല്‍ഹ തുടങ്ങിയ മക്കയുടെ കരളിന്റെ കഷണങ്ങള്‍ മുസ്ലിംകളാവുകയും ചെയ്തു.
ഹിജ്റ ഏഴില്‍ പ്രബോധനത്തിന്റെ പുതിയ വഴികള്‍ തേടിയ പ്രവാചകന് അയല്‍രാജ്യങ്ങളിലെ രാജാക്കന്മാരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകളെഴുതി. ‘മുഹമ്മദുര്‍റസൂലുല്ലാഹ്’ എന്ന മുദ്രയോടെയുള്ള കത്തുകളില്‍ അല്ലാഹുവിന്റെ ഏകത്വവും തന്റെ പ്രവാചകത്വവും അംഗീകരിക്കണമെന്നും ഇസ്ലാം സ്വീകരിച്ച് പരലോകമോക്ഷം നേടണമെന്നും രാജാക്കന്മാരെ ദൂതര്‍ ഉണര്‍ത്തി.
എത്യോപ്യയിലെ നേഗസ്, പേര്‍ഷ്യയിലെ കോസ്റോസ്, റോമിലെ ഹിരാക്ലിയസ്, ഈജിപ്തിലെ മുഖൗഖിസ്, യമാമയിലെ സൗദ ബിന്‍അലി, ദമസ്കസിലെ ഹാരിസ് ബിന്‍ അബീശമൂര്, ബഹറൈനിലെ മുന്ദിര്ബിനു സാവ, ഉമാനിലെ ജീഫര്‍ ബ്ന് ജാലന്ദി തുടങ്ങിയവര്‍ക്കാണ് കത്തുകളയച്ചത്. ഇവരില്‍ പേര്‍ഷ്യന്‍, ദമസ്കസ് ഭരണാധികാരികള്‍ മാത്രമാണ് കത്തുകള്‍ പിച്ചിച്ചീന്തിയത്. മറ്റുള്ളവര്‍ അനുഭാവത്തോടെ അതംഗീകരിക്കുകയായിരുന്നു.
ഫലഭൂയിഷ്ടമായ ഖൈബര്‍ പ്രദേശം കൂടി കീഴടക്കിയ ദൂതര്‍ക്ക് മുന്നില്‍ ഇസ്ലാമിന്റെ പിറവിയിടമായ മക്ക മാത്രമേ പിന്നീട് അവശേഷിച്ചിട്ടുള്ളൂ. ഹിജ്റ എട്ട് റമദാനില്‍ പതിനായിരം പേരടങ്ങുന്ന സൈന്യവുമായി ദൂതര്‍ മക്കയിലേക്ക് നീങ്ങി.
ചെറുത്തുനില്ക്കാനുള്ള കരുത്തുപോലുമില്ലാതെ ഖുറൈശികള്‍ സ്വന്തം വീടുകളില്‍ അഭയം പ്രാപിച്ചു. രക്തരഹിതമായ വിപ്ലവത്തിലൂടെ പ്രവാചകന് തന്റെ പ്രിയനാടിനെയും പുണ്യകഅ്ബയെയും ഇസ്ലാമിന്റെ കുടക്കീഴില് ചേര്‍ത്തുനിര്‍ത്തി.
മൂന്നാം ഘട്ടം(ഹി.9-11)
ഖുറൈശികളുടെ പരമോന്നത സൈന്യാധിപന് അബൂസുഫ്യാനും ഭാര്യ ഹിന്ദും മകന് ഇക്രിമയുമടക്കം മക്കയിലെ ഒട്ടുമിക്ക പേരും ഇസ്ലാമിലെത്തി. അഞ്ചുദിനം അവിടെ തങ്ങിയ ദൂതര്‍ ബഹുദൈവത്വത്തിന്റെ അടയാളങ്ങളെല്ലാം നിശ്ശേഷം നാമവശേഷമാക്കി. കഅ്ബ അടിമുടി ശുദ്ധീകരിച്ചു. ബിലാലിനോട് കഅ്ബയുടെ മട്ടുപ്പാവില്‍ കയറി ബാങ്ക് വിളിക്കാന്‍ ആവശ്യപ്പെട്ടു. അഞ്ചാംനാള്‍ കഅ്ബയുടെ താക്കോല്‍, അതുവരെ അത് കൈവശം വെച്ചിരുന്ന ഉസ്മാനുബ്നുത്വല്ഹക്കു തന്നെ തിരിച്ചുനല്‍കിയും മക്കയുടെ ഭരണം അതാബുബ്നു ഉസൈദിനെ ഏല്‍പ്പിച്ചും തിരുനബി മദീനയിലേക്ക് മടങ്ങി.
മദീനയിലെത്തിയ നബി(സ്വ), മദീനയുടെ പ്രാന്തങ്ങളില്‍ നിവസിച്ചിരുന്ന വിവിധ ഗോത്രങ്ങളിലേക്ക് പ്രബോധകരെ അയക്കാന്‍ നടപടിയെടുത്തു. ബനൂതമീം, ഗഫ്ഫാര്‍, സുലൈം, മുസൈന, ജുഹൈന തുടങ്ങി 16ഓളം ഗോത്രങ്ങളിലേക്ക് ദൂതരെ അയച്ചു. മക്കാവിജയത്തിന്റെ പിന്നാലെ നടന്ന ഈ നടപടിക്ക് വന്പ്രതികരണങ്ങളുണ്ടായി. കൂട്ടം കൂട്ടമായാണ് സമൂഹങ്ങള്‍ ഇസ്ലാമിലേക്ക് വന്നത്.
ഇതിനിടെ ഹിജ്റ എട്ട് ശവ്വാലില്‍ സഖീഫ്, ഹവാസിന് ഗോത്രങ്ങളുമായി നടന്ന ഹുനൈന്‍ യുദ്ധവും ഹിജ്റ ഒമ്പതില്‍ റോമക്കാരുമായി നടന്ന തബൂക്ക് യുദ്ധവും ഇസ്ലാമിന്റെ മുന്നേറ്റം തടയാന്‍ ശ്രമിച്ചിരുന്ന അവസാനത്തെ ശക്തികളെയും ഉന്മൂലനം ചെയ്യുന്നതായിരുന്നു.
മക്കയിലേക്ക് മാര്‍ച്ച് നടത്തിയ മുസ്ലിംകളുടെ എണ്ണം പതിനായിരമായിരുന്നു. തൊട്ടടുത്ത മാസം ഹുനൈനിലേക്ക് 12,000 പേരും അടുത്ത വര്‍ഷം തബൂക്കിലേക്ക് 30,000 പേരുമാണ് നീങ്ങിയത്. ഹിജ്റ പത്തില്‍ നടന്ന വിടവാങ്ങല്‍ ഹജ്ജില്‍ തിരുനബിയോടൊപ്പമുണ്ടായിരുന്നത് ഒരുലക്ഷത്തി നാല്പതിനായിരം പേരും. ഇസ്ലാം നേടിയ വളര്‍ച്ചയുടെ ഗ്രാഫ് ഇതില്‍ നിന്നും ഗ്രഹിക്കാം.
പ്രവാചകനെ നേരില്‍ കണ്ട് ഇസ്ലാം സ്വീകരിച്ചിരുന്ന ദൗത്യസംഘങ്ങളുടെ ഒഴുക്ക് മക്കാവിജയാനന്തരം വര്‍ദ്ധിച്ചു. എഴുപതിലധികം സംഘങ്ങളെയാണ് തിരുനബി സ്വീകരിച്ചത്. അവിടത്തെ നയസമീപനത്തിന്റെ മികവ് ഇവിടെ തെളിഞ്ഞുകാണും. ദൂസ്, സുദാഅ്, സഖീഫ്, നജ്റാന്, ത്വയ്യ് തുടങ്ങിയ ഇവയില്‍ പ്രധാന ദൗത്യസംഘങ്ങളാണ്.
ഹിജ്റ പത്ത് ദുല്‍ഖഅ്ദ് 25ന് തിരുനബി തന്റെ ആദ്യത്തെയും അവസാനത്തെയും ഹജ്ജ് യാത്രയുടെ വിളംബരം നടത്തി. നാനാദിക്കുകളില്‍ നിന്നുമായി ഒഴുകിയെത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി അറഫയിലെ ബത്വ്നുല്‍ വാദിയില്‍ വെച്ച് തന്റെ വിടവാങ്ങല്‍ പ്രസംഗം നിര്‍വഹിച്ചു, നബി(സ്വ).
ചരിത്രത്തിലെ മഹത്തായ മനുഷ്യാവകാശ വിളംബരം എന്നും ഇസ്ലാമിന്റെ നയപ്രഖ്യാപനം എന്നും അറിയപ്പെടുന്ന ഈ പ്രഭാഷണം പൂര്‍ത്തിയായതിനു പിന്നാലെ ”ഇന്നു ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു”(അല്‍മാഇദ: 3) എന്ന വചനവും ഇറങ്ങി. അഥവാ പ്രവാചകദൗത്യം അവസാനിച്ചു എന്നതിന്റെ വ്യക്തമായ സൂചന.
വിശുദ്ധഖുര്‍ആനും തിരുചര്യയും അതിന്റെ അടിസ്ഥാനത്തിലുള്ള ജീവിത-ഭരണക്രമവും പിന്‍ഗാമികള്‍ക്ക് പകര്‍ന്നു നല്‍കിയായിരുന്നു 23 വര്‍ഷം നീണ്ടുനിന്ന തിരുജീവിതത്തിന് വിരാമമായത്. തന്റെ പിന്‍ഗാമിയായി ആത്മസുഹൃത്ത് അബൂബക്ര്(റ) ഉണ്ടാവുമെന്ന വ്യക്തമായ സൂചനയും നല്‍കിയായിരുന്നു ആ മാതൃകാഭരണാധികാരിയുടെ ദിവ്യസംഗമയാത്ര.
