കേരളം ഉണരുന്നു
കൊളോണിയല്‍ ഭരണ മേല്‍ക്കോയ്മയില്‍ സൈനിക അടിച്ചമര്‍ത്തലുകളും മിഷനറികളുടെ ധൈഷണികാധിനിവേശവും നീണ്ടുപോയത് നിമിത്തം കേരളത്തിലെ മുസ്‌ലിംകളുടെ നില വല്ലാതെ പിന്നോട്ടടിച്ചു. മുസ്‌ലിംകള്‍ക്കിടയിലെ പേരിനു മാത്രമുള്ള നേതൃത്വമാകട്ടെ യാഥാസ്ഥിതിക മനോഭാവമുള്ള പ്രാദേശിക പണ്ഡിതന്‍മാരില്‍ നിക്ഷിപ്തമായി. സമൂഹത്തിന്റെ പൊതുധാരയില്‍ നിന്ന് മുസ്‌ലിംകള്‍ അന്യം നിന്ന പോലെയായി. കോളനിവാഴ്ച ഏറെ പിടി മുറുക്കിയ മലബാറില്‍ (ഇന്നത്തെ ഉത്തര കേരളം) സ്ഥിതി കൂടുതല്‍ ദയനീയമായിരുന്നു. മാതൃഭാഷയില്‍ പോലും നിരക്ഷരരായി അവര്‍ കഴിഞ്ഞു കൂടി. സാമൂഹിക പിന്നാക്കാവസ്ഥ മാത്രമായിരുന്നില്ല അതിനു കാരണം. യാഥാസ്ഥിതിക സമീപനത്തിന്റെ മതവിരുദ്ധ നീക്കവും കൂടിയായിരുന്നു. മലയാളം പഠിക്കല്‍ നിഷിദ്ധമെന്നും ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നും മുസ്‌ലിം സമൂഹം ധരിച്ചു വശായി. പണ്ഡിതന്‍മാര്‍ അങ്ങനെ പഠിപ്പിച്ചു.
മധ്യനൂറ്റാണ്ടുകളില്‍ ഈ അപചയം സംഭവിച്ചത് മുസ്‌ലിംകള്‍ക്കു മാത്രമല്ല, ചാതുര്‍വര്‍ണ്യമെന്ന വിശ്വാസത്തിന്റെയും ബ്രാഹ്‌മണ മേധാവിത്വത്തിന്റെയും ഫലമായി കേരളത്തിലെ ഈഴവാദി പിന്നാക്കക്കാരും ഹരിജനങ്ങള്‍ എന്ന് വിളിക്കപ്പെട്ടിരുന്ന ദളിതരും ഹൈന്ദവ സമൂഹത്തില്‍ പിന്നാക്കക്കാരായി നിലകൊണ്ടു. ഐത്താചാരണം നിമിത്തം പൊതുസമൂഹത്തിലേക്കുള്ള സ്വതന്ത്രപ്രവേശം ഈ വലിയ ജനവിഭാഗത്തിന് തടയപ്പെട്ടു. ഹൈന്ദവ ദര്‍ശനങ്ങള്‍ തെറ്റായി വായിക്കപ്പെട്ടതും നേതൃത്വത്തിലിരുന്ന വരേണ്യവിഭാഗത്തിന്റെ ചൂഷണ മനസ്ഥിതിയുമാണവരെ പിന്നോട്ടു തള്ളിയത്. ഹൈന്ദവ സമൂഹത്തില്‍ താരതമ്യേന മുന്നാക്കം നിന്നിരുന്ന നായര്‍ വിഭാഗത്തിലെ അത്യാചാരങ്ങള്‍ക്ക് അതിരില്ലായിരുന്നു. സവര്‍ണ വിഭാഗത്തില്‍ പോലും സ്ത്രീ ജനങ്ങള്‍ക്ക് അസ്തിത്വമില്ലാത്ത സാമൂഹിക വ്യവസ്ഥയായിരുന്നു നിലവിലുണ്ടായിരുന്നത്.
പതിനാലു മുതല്‍ പതിനേഴു വരെ നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ നടന്ന നവോത്ഥാന (renaissance)ത്തില്‍ നിന്ന് വ്യത്യസ്തമായി, പത്തൊന്‍പത് ഇരുപത് നൂറ്റാണ്ടുകള്‍ കേരളത്തിന്റെ നവോത്ഥാന കാലഘട്ടമായിരുന്നു. വിവിധ സമുദായങ്ങള്‍ക്കിടയില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ട് സാമൂഹിക മാറ്റങ്ങള്‍ക്കും നവജാഗരണങ്ങള്‍ക്കും വേണ്ടി നിരവധി മഹാരഥന്‍മാര്‍ കര്‍മരംഗത്തിറങ്ങിയിട്ടുണ്ട്. ശ്രീ നാരായണ ഗുരു(1854-1928), മഹാ കവി കുമാരനാശാന്‍(1873-1924), ഒയ്യാരത്ത് ചന്തുമേനോന്‍(1847-1899), വി.ടി.ഭട്ടതിരിപ്പാട് (1896-1982), അയ്യന്‍ കാളി(1863-1941), ചട്ടമ്പി സ്വാമികള്‍(1853-1924), സനാഉല്ലാ മഖ്തി തങ്ങള്‍ (1847-1912), വക്കം അബ്ദുല്‍ ഖാദര്‍ മൗലവി(1873-1932) മുതലായവര്‍ അവരില്‍ എടുത്തു പറയേണ്ടവരാണ്. ഇന്ന് ഇന്ത്യന്‍ സമൂഹങ്ങളില്‍ ‘പ്രബുദ്ധ കേരളം’ എന്ന് വിശേഷിക്കപ്പെടാന്‍ കാരണമായത് കഴിഞ്ഞ ഒരു നൂറ്റാണ്ടായി നടന്നുവരുന്ന സമഗ്ര ജാഗരണവും സാമൂഹിക നവോത്ഥാനവും ആയിരുന്നു.
കേരള മുസ്‌ലിംകള്‍ നവോത്ഥാനത്തിന്റെ പാതയില്‍
ക്രിസ്താബ്ദം പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ ലോകത്തിന്റെ വിവിധ കോണുക ളില്‍ തുടക്കം കുറിച്ച ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങളുടെ അലയൊലികള്‍ ഇന്ത്യയിലും എത്തിച്ചേര്‍ന്നു. അറേബ്യന്‍ ഉപദ്വീപില്‍ ഇസ്‌ലാമിക നവോത്ഥാനവുമായി രംഗത്തു വന്ന മഹാപണ്ഡിതന്‍ ശൈഖ് മുഹമ്മദ് ബ്‌നു അബ്ദില്‍ വഹ്ഹാബ് (1703-1792)ന്റെ സമകാലികനും സതീര്‍ഥ്യനുമായിരുന്ന ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി(1703-1763) ഡല്‍ഹി കേന്ദ്രമാക്കി ഉത്തരേന്ത്യയില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അഫ്ഗാന്‍ മുതല്‍ ബര്‍മ (ഇന്നത്തെ മ്യാന്‍മര്‍)വരെ വ്യാപിച്ചു കിടന്ന മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു സിന്ധുഗംഗ സമതലം. പതിനാറാം നൂറ്റാണ്ടില്‍, മുജദ്ദിദ് അല്‍ഫ്ഥാനി എന്ന പേരിലറിയപ്പെട്ടിരുന്ന അഹ്‌മദ് സര്‍ഹിന്ദി (1564-1622) ദഅ്‌വത്ത് പ്രവര്‍ത്തനം കൊണ്ട് വിപ്ലവം സൃഷ്ടിച്ച പ്രദേശമായിരുന്നു ഡല്‍ഹിയും പരിസര പ്രദേശങ്ങളും. അതിന്റെ തുടര്‍ച്ചയായാണ് ശാഹ് വലിയ്യുല്ലാഹി നിര്‍വഹിച്ചത്. അദ്ദേഹത്തിന്റെ മക്കളും പേരമക്കളും ആ ദൗത്യം ഏറ്റെടുത്തു. അത് വഹാബി മൂവ്‌മെന്റ് എന്ന വലിയ മുന്നേറ്റമായി. ഉത്തരേന്ത്യയില്‍ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ പോലും ഉണര്‍വ്വേകിയ വഹാബി മൂവ്‌മെന്റ് ബ്രിട്ടീഷുകാര്‍ സൈനിക ശക്തി കൊണ്ട് അടിച്ചൊതുക്കുകയായിരുന്നു. ആ മൂവ്‌മെന്റിന്റെ ബാക്കിപത്രമാണ് 1847ലെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് ബ്രിട്ടീഷുകാര്‍ തന്നെ നിരീക്ഷിക്കുന്നുണ്ട്. 19ാം നൂറ്റാണ്ട് നിറഞ്ഞുനിന്ന സര്‍ സയ്യിദ് അഹ്‌മദ് ഖാന്‍ (1817-1898), ഇരുപതാം നൂറ്റാണ്ടില്‍ ജ്വലിച്ചു നിന്ന അല്ലാമാ ഇഖ്ബാല്‍ (1877-1938) തുടങ്ങിയവരെല്ലാം ആ മഹാമുന്നേറ്റത്തിന്റെ തുടര്‍ച്ചയില്‍ പങ്കാളികളായിരുന്നു.
ഉത്തരേന്ത്യയിലെ ഇസ്‌ലാഹീ മൂവ്‌മെന്റില്‍ നിന്ന് വെളിച്ചം കിട്ടിയ സയ്യിദ് അഹ്‌മദ് ദഹ്‌ലവിയും ഇസ്മാഈല്‍ ദഹ്‌ലവിയും പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ആലപ്പുഴയിലെത്തി. ഗുജറാത്തില്‍ നിന്നും മറ്റും വന്ന് താമസമാക്കിയ അനേകം സേട്ട് കുടുംബങ്ങള്‍ കൊച്ചിയിലും ആലപ്പുഴയിലും ഉണ്ടായിരുന്നു. സയ്യിദ് അഹ്‌മദും മറ്റും ഇവര്‍ക്കിടയില്‍ ഇസ്‌ലാമിക സന്ദേശം പ്രചരിപ്പിച്ചു. കൊച്ചി സേട്ടുമാരുടെ പള്ളിയില്‍ കര്‍ണാടകയിലെ ബട്കല്‍കാരനായ അബ്ദുല്‍ കരീം മൗലാന ഖാദിയും ഖത്തീബുമായിരുന്നു. അദ്ദേഹമാകട്ടെ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയയുടെ ആശയാദര്‍ശക്കാരനായിരുന്നു. ഇബ്‌നു തൈമിയയുടെ അല്‍ അഖീദതുല്‍ വാസ്വിതിയ്യ, അല്‍ ഫുര്‍ഖാന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ക്ക് അദ്ദേഹം വിശദീകരണം എഴുതി. വിശുദ്ധ ഖുര്‍ആനും നബിചര്യയും ജനങ്ങളെ പഠിപ്പിക്കാന്‍ തുടങ്ങി. സ്വാതന്ത്ര്യസമര സേനാനിയും ഉത്പതിഷ്ണുവുമായിരുന്ന ഇ.മൊയ്തു മൗലവിയുടെ പിതാവ് മരക്കാര്‍ മുസല്യാര്‍ അബ്ദുല്‍ കരീം മൗലാനയുടെ ശിഷ്യനായിരുന്നു.
മലബാറിലാകട്ടെ മമ്പുറത്ത് താമസമാക്കിയ സയ്യിദ് അലവി തങ്ങള്‍ (1752-1845) ഹദര്‍ മൗത് സ്വദേശിയായിരുന്നു. അദ്ദേഹം തൗഹീദിലധിഷ്ഠിതമായ ജീവിതം നയിച്ചു. അന്ധവിശ്വാസങ്ങള്‍ക്കെതിരെ സമുദായത്തിനകത്തും ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ സമൂഹത്തിലും പൊരുതിയ ബാഅലവി തങ്ങള്‍ കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന് വിത്തു പാകിയവരില്‍ പ്രധാനിയാണ്. അതേ പാത തന്നെ കൂടുതല്‍ ശക്തിയോടെ പിന്തുടര്‍ന്ന അദ്ദേഹത്തിന്റെ മകന്‍ സയ്യിദ് ഫദ്ല്‍ പൂക്കോയ തങ്ങള്‍ (1824-1903) മുസ്‌ലിംകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ ജനസ്വാധീനം തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ നാടു കടത്തുകയായിരുന്നു. മുസ്‌ലിം സമൂഹത്തില്‍ നടമായിരുന്ന അനാചരങ്ങളിലൊന്നായ നേര്‍ച്ചോത്‌സവങ്ങള്‍ക്കെതിരെ ഫദ്ല്‍ പൂക്കോയ തങ്ങള്‍ നല്‍കിയ മതവിധി (ഫത്‌വാ) പ്രസിദ്ധ ചരിത്രകാരന്‍ കെ.കെ.മുഹമ്മദ് അബ്ദുല്‍ കരീം ‘മഹത്തായ മാപ്പിള ചരിത്ര’ത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സയ്യിദ് ഫദ്ല്‍ പൂക്കോയ തങ്ങളുടെ മലയാളത്തിലുള്ള ഖുതുബയാണ് ബ്രിട്ടുഷുകാരെ ഭയപ്പെടുത്തിയിരുന്നത്. ലോഗന്റെ ഡയറിയിലും മലബാര്‍ ഗസറ്റിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തെ തൊട്ടുണര്‍ത്തിയ നവോത്ഥാന പാതയില്‍ മുന്നില്‍ നടന്ന മഹാ മനീഷിയാണ് സയ്യിദ് സനാഉല്ലാഹ് മഖ്തി തങ്ങള്‍. കര്‍ണാടകയില്‍ നിന്നു വന്ന് പൊന്നാനിയില്‍ താമസമാക്കിയ (എഡി. 1800) സയ്യിദ് മുഹമ്മദ് സഖാഫ് തങ്ങളുടെ പൗത്രനാണ് സനാഉല്ലാഹ് മക്തി തങ്ങള്‍ (1847-1912). ക്രൈസ്തവ പാതിരിമാര്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സഹായത്തോടെ ക്രിസ്തീയത പ്രചരിപ്പിക്കുകയും ഇസ്‌ലാമിനെ ഭത്‌സിക്കുകയും ചെയ്തു കൊണ്ട് വന്‍ പ്രചാരണങ്ങള്‍ നടത്തിയിരുന്ന കാലം. അതിനെ പ്രതിരോധിക്കാന്‍ മുസ്‌ലിംകളില്‍ ഒരു പണ്ഡിതനും തയ്യാറാവാത്ത സന്ദര്‍ഭത്തില്‍ മക്തി തങ്ങള്‍ രംഗത്തു വരികയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗം (സാള്‍ട്ട് ഇന്‍സ്‌പെക്ടര്‍) രാജിവെച്ച് ദഅ്‌വത്ത് രംഗത്ത് സജീവമായി. മുസ്‌ലിംകള്‍ക്കിടയിലാകട്ടെ അജ്ഞതയും അന്ധവിശ്വാസവും അനാചാരങ്ങളും കൊടികുത്തി വാഴുകയായിരുന്നു. പ്രഭാഷണം വഴിയും ‘സത്യപ്രകാശം’, ‘പരോപകാരം’ മുതലായ പ്രസിദ്ധീകരണങ്ങള്‍ വഴിയും മക്തി തങ്ങള്‍ മുസ്‌ലിംകളെ ധൈഷണികമായി ഉണര്‍ത്തി. ക്രൈസ്തവയ്‌ക്കെതിരെ അദ്ദേഹം രചിച്ച കൃതികള്‍ക്ക് മറുപടി പറയാന്‍ പാതിരിമാര്‍ അശക്തരായിരുന്നു, അന്നും ഇന്നും.
1922ല്‍ മരണപ്പെട്ട വടുതലക്കാരന്‍ മാഹിന്‍ ഹമദാനിയുടെ ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ ബാക്കിപത്രമാണ് ആലപ്പുഴ ലജ്‌നത്തുല്‍ ഇസ്‌ലാം സംഘവും അവിടത്തെ സ്ഥാപനങ്ങളും.
പത്തൊന്‍പാതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ തിരുവിതാംകൂറില്‍ ഉയര്‍ന്നു വന്ന പ്രകാശ ഗോപുരമായിരുന്നു വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി (1873-1932). തിരുവിതാം കൂര്‍ രാജകൊട്ടാരത്തിലെ ദുര്‍ഭരണത്തിനെതിരെയും മുസ്‌ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ ക്കെതിരെയും ഒന്നിച്ചു പടപൊരുതിയ മഹാനായിരുന്നു വക്കം മൗലവി. പത്രപ്രസിദ്ധീകരണ ങ്ങളായിരുന്നു അദ്ദേഹത്തിന്റെ ആയുധം. സ്വദേശാഭാമാനി പത്രം വിശ്വപ്രസിദ്ധമാണ്. ഈജിപ്തില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ‘അല്‍ മനാര്‍’ അറബി മാസികയും അതിന്റെ പ്രസാധകന്‍ മുഹമ്മദ് റഷീദ് റിദാ(1865-1935)യുമായിരുന്നു വക്കം മൗലവിയുടെ ആദര്‍ശ വഴികാട്ടി. റശീദ് റിദായുമായി മൗലവി നിരന്തരം ബന്ധപ്പെട്ടിരുന്നു. വക്കംമൗലവിയുടെ ലേഖനങ്ങള്‍ അല്‍മനാറില്‍ ഈജിപ്തിലും റശീദ് റിദായുടെ ചിന്തകള്‍ കേരളത്തിലും വെളിച്ചം കണ്ടു.
ചുരിക്കിപ്പറഞ്ഞാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഉത്തരേന്ത്യയിലും മുസ്‌ലിംകള്‍ക്കിടയിലുണ്ടായ ജാഗരണമാണ്, കേരളത്തിലെ മുസ്‌ലിം സമൂഹത്തെ മതപരമായും ഭൗതികമായും പുരോഗതിയിലേക്കെത്തിച്ച നവോത്ഥാന പാതയിലേക്ക് നയിച്ചത്.
നവോത്ഥാനത്തിന്റെ നൂറ്റാണ്ട്
ഇരുപതാം നൂറ്റാണ്ട് അക്ഷരാര്‍ഥത്തില്‍ കേരള മുസ്‌ലിംകളുടെ നവോത്ഥാനത്തിന്റെ കാലഘട്ടമായിരുന്നു. മുസ്‌ലിം സമൂഹത്തില്‍ ഇന്നു കാണുന്ന സകലമാന ഉത്ഥാനവും ജാഗരണവും പുരോഗതിയും കൈവരിച്ചത് ഈ കാലഘട്ടത്തിലാണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ മുസ്‌ലിംകളുടെ സാമൂഹിക സ്ഥിതി അതി ദയനീയമായി നില്‍ക്കുമ്പോള്‍ കേരളത്തിലെ മുസ്‌ലിംകള്‍ എല്ലാ നിലയിലും പ്രബുദ്ധത കൈവരിക്കാന്‍ കാരണം കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ ഇവിടെ നടന്ന ജാഗരണമായിരുന്നു. ഇതിന്റെ ആകത്തുകയാണ് നവോത്ഥാനം എന്നത്.
നവോത്ഥാനത്തിന് ഒരു സ്റ്റാര്‍ട്ടിംഗ് പോയിന്റില്ല. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ അവിടവിടെ കാണപ്പെട്ട മഹാമനുഷ്യരുടെ സമര്‍പ്പിത മുന്നേറ്റങ്ങള്‍ക്ക് തുടര്‍ച്ചയും സംഘടിത രൂപവും കൈവന്നപ്പോള്‍ അത് സമുദായത്തിന്റെ സമഗ്രപുരോഗതിയായി മാറി. പുരോഗതിയുടെ ഈ സമഗ്രതയാണ് നവോത്ഥാനം. ഏതെങ്കിലും നേതാവോ പണ്ഡിതനോ സാമൂഹികപ്രവര്‍ത്തകനോ താന്‍ നവോത്ഥാനപ്രവര്‍ത്തനം നടത്തുകയാണെന്ന് പറഞ്ഞിട്ടില്ല. നവോത്ഥാനം എന്ന പേരില്‍ ഒരു സംഘടനയോ പ്രസ്ഥാനമോ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. സമൂഹത്തില്‍ സമഗ്രതല സ്പര്‍ശിയായ പുരോഗതി കൈവരിക്കുമ്പോഴേ അത് നവോത്ഥാനമാകൂ.
കേരളത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ വളര്‍ത്തിയെടുത്ത പരിവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. പ്രഥമവും പ്രധാനവുമായി നടന്നത് വിശുദ്ധ ഖുര്‍ആനിലേക്കുള്ള തിരിച്ചു പോക്കായിരുന്നു. ഖുര്‍ആനും സുന്നത്തുമാണ് തങ്ങളുടെ ജീവിതമെന്ന് മുസ്‌ലിംകള്‍ മനസാവാചാ കര്‍മണാ അംഗീകരിച്ചു തുടങ്ങിയപ്പോള്‍ ഇതര രംഗങ്ങളിലും പരിവര്‍ത്തനത്തിന്റെ നാമ്പുകള്‍ വിടര്‍ന്നു. നാട്ടാചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കുമപ്പുറം പ്രമാണബദ്ധമായ ജീവിതം നയിക്കണമെന്ന ബോധവത്കരണമാണ് ആദ്യം നടത്തിയത്. അതിന്നായി മതപഠനത്തിന് പ്രാമുഖ്യം നല്‍കി. നവോത്ഥാനത്തിന്റെ ഊടും പാവുമായി വര്‍ത്തിച്ച ഘടകങ്ങള്‍ ഇവയായിരുന്നു. (ഒന്ന്), വിശുദ്ധ ഖുര്‍ആനിലൂടെയുള്ള മതപഠനം. (രണ്ട്), മതപഠനത്തോടൊപ്പം പൊതു വിദ്യാഭ്യാസം. (മൂന്ന്), വിശ്വാസവും അനുഷ്ഠാനവും സമൂഹക്ഷേമ പ്രവര്‍ത്തനങ്ങളും ഒന്നിച്ച് നീങ്ങി. (നാല്), സമൂഹത്തിന്റെ അര്‍ധഭാഗമായ സ്ത്രീ ശാക്തീകരണം. (അഞ്ച്), മത നിരപേക്ഷതയിലൂന്നിയ രാഷ്ട്രീയ പ്രബുദ്ധത. (ആറ്), വ്യക്തമായ ലക്ഷ്യബോധത്തോടെയുള്ള സംഘടിത മുന്നേറ്റവും ആസൂത്രണങ്ങളും. (ഏഴ്), മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. (എട്ട്), സാക്ഷരതയ്‌ക്കൊപ്പം നിറഞ്ഞു നിന്ന പത്രപ്രസിദ്ധീകരണങ്ങളും കനപ്പെട്ട ഗ്രന്ഥങ്ങളും. (ഒന്‍പത്), ഇതര മതവിഭാഗങ്ങളുമായുള്ള അടുത്ത ബന്ധം. (പത്ത്), ദിശാബോധമുള്ള, നിഷ്‌കാമകര്‍മ യോഗികളായ മഹത്തുക്കളുടെ നേതൃത്വം.
ഇവയെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ഇതര വിഭാഗങ്ങള്‍ക്കൊപ്പം മുസ്‌ലിം സമുദായവും സമുദായത്തിന്റെ മുഖ്യധാരയില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ കെല്പു കൈവരിച്ചുവെന്നതാണ് ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ സന്ദേശം.
നവോത്ഥാനം: സംഘടിത രൂപത്തിലേക്ക്
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കേരളമുസ്‌ലിംകള്‍ക്കിടയില്‍ ആരംഭം കുറിച്ച നവോത്ഥാന ചിന്തകള്‍ ഒറ്റപ്പെട്ടതും പണ്ഡിതന്‍മാരായ വ്യക്തികളില്‍ കേന്ദ്രീകൃതവുമായി രുന്നു. ഏതൊരു സംരംഭവും ജനകീയമായ കൂട്ടായ്മകള്‍ ഉണ്ടായാല്‍ മാത്രമേ തഴച്ചു വളരൂ. മുസ്‌ലിംകളുടെ ഉന്നമനത്തിനായി ഒരു കൂട്ടായ ശ്രമവും ആ കാലഘട്ടങ്ങളില്‍ ഉണ്ടായിരുന്നില്ല. അവിടവിടെയായി ഒറ്റപ്പെട്ട കൂട്ടായ്മകള്‍ ഉണ്ടാവാന്‍ തുടങ്ങിയതോടെയാണ് മുസ്‌ലിംകളുടെ ഉയിര്‍ത്തെഴുന്നേല്‍പ് ആരംഭിച്ചത്. പക്ഷേ അത് വളരെ മന്ദഗതിയിലായിരുന്നു. അവയില്‍ പലതിനും തുടര്‍ച്ചയോ വളര്‍ച്ചയോ ഉണ്ടായില്ല.
വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി മുന്‍കൈയെടുത്ത് സ്ഥാപിച്ച തിരുവിതാംകൂര്‍ മുസ്‌ലിം സഭയും(1910) ചിറയിന്‍കീഴ് താലൂക്ക് മുസ്‌ലിം സഭയും അദ്ദേഹത്തിന്റെ സമകാലികന്‍ കൂടിയായ മാഹിന്‍ ഹമദാനി ആലപ്പുഴയില്‍ രൂപം നല്‍കിയ ലജ്‌നത്തുല്‍ ഇസ്‌ലാം സഭയും (1915) ഇത്തരത്തിലുള്ള കൂട്ടായ്മകളുടെ തുടക്കമായിരുന്നു. എന്നാല്‍ യാഥാസ്ഥിതികരായ മുസ്‌ലിം സമുദായത്തിന്റെ ഭാഗത്തു നിന്നുമുണ്ടായ ശക്തമായ എതിര്‍പ്പു മൂലം മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. കൊച്ചിയില്‍ സ്ഥാപിതമായ മുസ്‌ലിം എഡ്യുക്കേഷന്‍ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടതും ഇക്കാലത്തു തന്നെ. ഇതേ കാലത്ത് കൊല്ലത്ത് ധര്‍മപോഷിണി എന്ന ഒരു പ്രസ്ഥാനം ഉടലെടുത്തു. മലബാര്‍ ഭാഗത്ത് മഖ്ദൂം പണ്ഡിത കുടുംത്തിന്റെ ആസ്ഥാനമായ പൊന്നാനിയില്‍ മഊനത്തുല്‍ ഇസ്‌ലാം സഭ രൂപീകരിച്ചത് 1900 ലാണ്. അതിന്റെയും പത്ത് വര്‍ഷം മുന്‍പായി കോഴിക്കോട്ടെ വിജ്ഞാന കുതുകിള്‍ ചേര്‍ന്ന് ഹിമായത്തുല്‍ ഇസ്‌ലാം സഭ രൂപീകരിച്ചിരുന്നു (1889). അതിന്റെ മുന്നോടിയായി ‘ധര്‍മതാരക’ എന്ന സ്‌ക്വാഡ് രൂപീകരിച്ച് ബോധവത്ക്കരണം തുടങ്ങിയിരുന്നു. 1911 ല്‍ തലശ്ശേരിയില്‍ ഇംദാദുല്‍ ഇസ്‌ലാം സഭ നിലവില്‍ വന്നു.
ഉപരിസൂചിത സംഘങ്ങള്‍ രൂപീകരിക്കപ്പെട്ടത് വൈജ്ഞാനിക താത്പര്യത്തോടെയും ധൈഷണിക കാഴ്ച്ചപ്പാടോടെയുമായിരുന്നു. എന്നാല്‍ കേരളത്തില്‍ ആദ്യമായി ഇസ്‌ലാം എത്തിച്ചേര്‍ന്ന കൊടുങ്ങല്ലൂരില്‍ 1922 ല്‍ ‘നിഷ്പക്ഷസംഘം’ രൂപം കൊണ്ടത് മറ്റൊരു തരത്തിലാണ്. കൊടുങ്ങല്ലൂരിലെ പ്രധാനികളായ തറവാട്ടുകാര്‍ തമ്മില്‍ വഴക്കും തമ്മിലടിയും പതിവായ സാഹചര്യത്തില്‍ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് നിഷ്പക്ഷസംഘം ഉണ്ടായത്. പതിനൊന്ന് പ്രമുഖരെ ഉള്‍പ്പെടുത്തി മാഹിന്‍ ഹമദാനിയുടെ അധ്യക്ഷതയില്‍ സംഘം നിലവില്‍ വന്നു. കുറഞ്ഞ കാലം കൊണ്ട് വലിയ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞ ഈ സംരംഭത്തിന് ഏറെ പ്രചാരം സിദ്ധിച്ചു. കൊടുങ്ങല്ലൂരില്‍ ഉണ്ടായിരുന്ന ഇ.കെ മൗലവി, കെ.എം മൗലവി തുടങ്ങിയ പണ്ഡിതന്‍മാരുടെ സഹകരണം കൂടിയായപ്പോള്‍ ഉദ്ദിഷ്ട ലക്ഷ്യം സഫലീകൃതമായിത്തുടങ്ങി. ഈ അനുകൂലാവസ്ഥ സംഘത്തിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ പ്രചോദനമേകി. അങ്ങനെയാണ് നിഷ്പക്ഷസംഘം എന്ന പേരു മാറ്റി ഐക്യസംഘം എന്നാക്കുകയും പ്രവര്‍ത്തനങ്ങള്‍ കേരളാടിസ്ഥാനത്തില്‍ വിപുലീകരിക്കു കയും ചെയ്യാന്‍ ശ്രമമാരംഭിച്ചത്. 1922 ല്‍ കേരള മുസ്‌ലിം ഐക്യസംഘം നിലവില്‍ വന്നു. തിരുവിതാംകൂര്‍, തിരുകൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നു ‘രാജ്യ’ങ്ങളായി കിടന്നിരുന്ന മലയാളക്കരയെ ഒന്നായിക്കണ്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ആ ദീര്‍ഘദര്‍ശനം എത്ര ചിന്താര്‍ഹമാണ്. ഭാഷാടിസ്ഥാനത്തില്‍ കേരളസംസ്ഥാനം രൂപീകരിക്കപ്പെടുന്നത് 1956 ലാണ്.
