നവോത്ഥാനം: സ്ത്രീ ശാക്തീകരണത്തിലൂടെ
സമൂഹത്തിലെ യഥാര്‍ഥ നവോത്ഥാനം സാധ്യമാകുന്നത് സ്ത്രീകള്‍ക്ക് അവകാശങ്ങളും അവസരങ്ങളും ലഭിക്കുമ്പോഴാണ്. സ്ത്രീ ശാക്തീകരണം നവോത്ഥാനത്തിന്റെ കേന്ദ്രബിന്ദുവായി മാറിയത് വിദ്യാഭ്യാസം, സാമൂഹിക ബോധവല്‍ക്കരണം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവ സ്ത്രീകളിലേക്ക് വ്യാപിച്ചപ്പോഴാണ്. സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിച്ചതോടെ കുടുംബവും സമൂഹവും ഒരുപോലെ പുരോഗതിയുടെ വഴിയിലേക്ക് നീങ്ങി. നവോത്ഥാന പ്രസ്ഥാനങ്ങള്‍ സ്ത്രീകളെ പരമ്പരാഗത ചങ്ങലകളില്‍ നിന്ന് മോചിപ്പിച്ച് ആത്മവിശ്വാസത്തോടെയും സ്വയംബോധത്തോടെയും മുന്നേറാന്‍ പ്രചോദനം നല്കി. അതിനാല്‍ തന്നെ നവോത്ഥാനം: സ്ത്രീ ശാക്തീകരണത്തിലൂടെ എന്ന ആശയം സാമൂഹിക പരിഷ്കരണത്തിന്റെ ഏറ്റവും ശക്തമായ വഴികളിലൊന്നായി കണക്കാക്കപ്പെടുന്നു.
പുരുഷനും സ്ത്രീയും ചേര്‍ന്നതാണ് സമൂഹം. എന്നാല്‍ ചരിത്രത്തിന്റെ ഏതു ദശാസന്ധിയിലും സ്ത്രീകള്‍ സമൂഹത്തിന്റെ പൊതുധാരയില്‍ നിന്ന് അകറ്റപ്പെടുകയോ അരികു വത്കരിക്കപ്പെടുകയോ ചെയ്തതായി കാണാം. ഒരു സമുദായവും ഇതിന്നപവാദമല്ല. കേരളത്തിന്റെ സാമൂഹികതലം നവോത്ഥാനത്തിലേക്ക് കാലെടുത്തു വെച്ച പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങള്‍ സ്ത്രീകളുടെ പിന്നാക്കാവസ്ഥയ്ക്ക് ഉത്തമോദാഹരണമാണ്. മാറു മറയ്ക്കാന്‍ സ്വാതന്ത്ര്യമില്ല, അക്ഷരാഭ്യാസം വിലക്കപ്പെട്ടു, ക്ഷേത്രപ്രവേശനം പാടില്ല, മറക്കുടയ്ക്കു പിന്നില്‍ സൂര്യപ്രകാശം പോലും കാണാതെ നടക്കണം, വിധവകള്‍ പുനര്‍വിവാഹം ചെയ്യപ്പെട്ടു കൂടാ, സതി സമ്പ്രദായം ആചരിക്കണം തുടങ്ങിയവയായിരുന്നു അക്കാലത്തെ ഹൈന്ദവ സമൂഹങ്ങളിലെ സ്ത്രീകളുടെ അവസ്ഥ. ആ ദുരവസ്ഥയ്ക്കെതിരെ അവരില്‍ നിന്നു തന്നെ നവോത്ഥാന ചിന്തകള്‍ ഉയര്‍ന്നു വരികയും ദീര്‍ഘകാലത്തെ ശ്രമഫലമായി സാമൂഹിക വിപ്ലവം തന്നെ നടക്കുകയും ചെയ്തു.
സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ഏറെ പരിഗണന നല്കിയ മതമാണ് ഇസ്ലാം. സ്ത്രൈണതയുടെ ശക്തിദൗര്‍ബല്യങ്ങള്‍ കൃത്യമായി പരിഗണിച്ചു കൊണ്ടു തന്നെ ഇസ്ലാം സ്ത്രീകള്‍ക്ക് സമൂഹ നിര്‍മാണ പ്രക്രിയയില്‍ പുരുഷനു തുല്യം അവകാശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ഉള്‍ക്കൊള്ളാതെ പില്ക്കാലത്ത് മുസ്ലിം സമുദായത്തില്‍ സംജാതമായ സ്ത്രീകളുടെ സാമൂഹിക സ്ഥിതി അതി ദയനീയമായിത്തീര്‍ന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കേരള മുസ്ലിംകള്‍ക്കിടയിലും ഇതായിരുന്നു സ്ഥിതി. പെണ്ണ് പള്ളിയിലോ പള്ളിക്കൂടത്തിലോ പോയിക്കൂടാ. ഓത്തു പഠിക്കാം, എഴുത്ത് പഠിച്ചു കൂടാ. ജീവിത പങ്കാളിയെ സ്വീകരിക്കുമ്പോള്‍ സ്ത്രീയുടെ അനുവാദം പോലും പരിഗണിക്കപ്പെട്ടിരുന്നില്ല. വിവാഹ സമയത്ത് സ്ത്രീക്കുള്ള അവകാശമായി ഇസ്ലാം നിര്‍ബ്ബന്ധമാക്കിയ മഹ്റ് വാക്കുകളിലൊതുക്കി. വിവാഹ മോചനവും മോചനാനന്തര ജീവിതവും അതീവ ദുസ്സഹമായിരുന്നു സ്ത്രീകള്‍ക്ക്. അടുക്കളയില്‍ മാത്രം ജീവിതം തളയ്ക്കപ്പെട്ട മുസ്ലിം സ്ത്രീകള്‍ സമൂഹത്തിന്റെ ഭാഗമാണെന്ന് ആരും കണ്ടില്ല.
കേരള മുസ്ലിംകള്ക്കിടയില് മക്തി തങ്ങളിലൂടെയും (1847-1912) വക്കം മൗലവിയിലൂടെയും (1873-1932) നവോത്ഥാനത്തിന്റെ കാറ്റു വീശിത്തുടങ്ങി. മുസ്ലിം സമൂഹത്തിന്റെ വിശ്വാസ-അനുഷ്ഠാന-ആചാരങ്ങളിലെല്ലാം ജീര്‍ണത കടന്നു കൂടിയിരുന്നു. ഭൗതിക വിദ്യാഭ്യാസത്തിലൂടെയും വിശുദ്ധ ഖുര്‍ആന്‍ പഠനങ്ങളിലൂടെയുമാണ് മുസ്ലിംകളെ നവോത്ഥാന നായകര്‍ ഉണര്‍ത്തിയതും ഉയര്‍ത്തിക്കൊണ്ടു വന്നതും. അതിന്റെ കൂടെത്തന്നെ സ്ത്രീ സമുദ്ധാരണവും അവര്‍ ലക്ഷ്യമിട്ടു. കാരണം, സ്ത്രീ ശാക്തീകരണത്തിലൂടെ മാത്രമേ സമൂഹ സമുദ്ധാരണം നടക്കൂ എന്ന് അവര്‍ തിരിച്ചറിഞ്ഞു. കാരണം നബി(സ്വ) സമൂഹ സമുദ്ധാരണത്തോടൊപ്പം സ്ത്രീകളുടെ അവകാശ സംരക്ഷണവും ഉറപ്പു വരുത്തിയിരുന്നു.
‘ഇസ്ലാം സ്ത്രീകള്‍ക്ക് അനുവദിച്ച സ്വാതന്ത്ര്യവും വക വെച്ചുകൊടുത്ത അവകാശങ്ങളും സ്ത്രീകള്‍ക്ക് ലഭ്യമാക്കണം’ എന്ന് മക്തി തങ്ങള്‍, വക്കം മൗലവി തുടങ്ങിയവര്‍ പ്രഭാഷണങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും നിരന്തരം സമൂഹത്തെ ബോധവത്കരിക്കാന്‍ ശ്രമിച്ചു. സ്ത്രീകള്‍ക്ക് മത-ഭൗതിക വിദ്യാഭ്യാസം നല്കല് നിര്‍ബ്ബന്ധമാണെന്ന് അവര്‍ സമൂഹത്തെ ബോധ്യപ്പെടുത്തി. വക്കം മൗലവി തന്റെ ‘അല്‍ ഇസ്ലാം’ മാസികയില്‍ (1918) സ്ത്രീ ശാക്തീകരണത്തിനു വേണ്ടി നിരന്തരം ലേഖനങ്ങളെഴുതി. വളരെ പതുക്കെയാണെങ്കിലും സമുദായം ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു. മദ്റസകളിലും പൊതുവിദ്യാലയങ്ങളിലും മുസ്ലിം പെണ്‍കുട്ടികള്‍ വന്നു തുടങ്ങി. സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാക്കിയ സ്കോളര്‍ഷിപ്പുകള്‍ അതിന് ആക്കം കൂട്ടി. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തോടെ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ മുസ്ലിം സമുദായം വിദ്യാഭ്യാസം നേടാന്‍ താത്പര്യം പ്രകടിപ്പിച്ചു തുടങ്ങി. പെണ് പള്ളിക്കൂടങ്ങള്‍ നിലവില്‍ വന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മുസ്ലിം പെണ്‍കുട്ടികള്‍ പൊതു സമൂഹത്തോടൊപ്പം വിദ്യാഭ്യാസ രംഗത്ത് മികച്ചു നില്ക്കുന്ന ചിത്രമാണുള്ളത്.
സംഘടിത വനിതാ മുന്നേറ്റങ്ങള്‍
സ്ത്രീകളുടെ പുരോഗമനത്തിനായി ഇസ്വ്ലാഹീ പ്രസ്ഥാനം ചെയ്ത നവോത്ഥാന സേവനങ്ങള്‍ക്ക് കണക്കില്ല. നിരവധി സ്ത്രീരത്നങ്ങള്‍ തന്നെ ഈ രംഗത്ത് മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. പണ്ഡിതയും പ്രസംഗകയും എഴുത്തുകാരിയുമായ എം.ഹലീമാ ബീവി (1918-2000), ആയിശ ബീവി, മായന്‍ റഊഫ് തുടങ്ങിയവര്‍ നവോത്ഥാനത്തിന്റെ ആദ്യഘട്ടത്തില്‍ സ്ത്രീ ശാക്തീകരണത്തിനു വേണ്ടി വലിയ സേവനങ്ങള്‍ ചെയ്തു. പി.കെ.സുബൈദ, പി.എന്‍. ഫാത്തിമക്കുട്ടി തുടങ്ങിയവര്‍ മധ്യകാലത്തെ വനിതാ എഴുത്തുകാരായിരുന്നു. പഴയ കാല മുസ്ലിം പ്രസിദ്ധീകരണങ്ങളില്‍ കാണുന്ന ചില മുസ്ലിം വനിതാ എഴുത്തുകാരികളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മൈതീന്‍ ബീവി, വി.എസ്.കാസിം ബി മിസ്ത്രസ്, നസിയാബി, ബി.എസ്.സൈദ, മര്‍യം ബീവി മരക്കാര്‍, ഡോ: പികെ. റാബിയ മുതലായവര്‍ ഉദാഹരണം.
കേരള മുസ്ലിം ഐക്യസംഘം മുതല്‍ മുസ്ലിം സമൂഹത്തില്‍ ഉരുത്തിരിഞ്ഞ നവോത്ഥാന സംഘങ്ങളൊക്കെ സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചു. ജമാഅത്തെ ഇസ്ലാമി, മുസ്ലിം എഡ്യുക്കേഷനല്‍ സൊസൈറ്റി (എം.ഇ.എസ്) എന്നീ സംഘടനകളും ഈ രംഗത്ത് സംഭാവനകള്‍ നല്കി. എന്നാല്‍ ചരിത്രം അറിയാതെ പോയ ചില സംരംഭങ്ങളുണ്ട്. 1930 കളില്‍ ടി.സി.കുഞ്ഞാച്ചുമ്മയുടെ നേതൃത്വത്തില്‍ തലശ്ശേരിയിലും എം.ഹലീമാ ബീവിയുടെ നേതൃത്വത്തില്‍ തിരുവല്ലയിലും ഉണ്ടായ വനിതാ സംഘടനകള്‍ക്ക് പക്ഷേ തുടര്‍ച്ചയുണ്ടായില്ല. കേരള നദ്വത്തുല് മുജാഹിദീന്റെ കീഴില്‍ മുസ്ലിം ഗേള്‍സ് ആന്റ് വിമന്‍സ് മൂവ്മെന്റ് (എം.ജി.എം) രൂപീകരിക്കപ്പെട്ടതോടെയാണ് (1987) വ്യവസ്ഥാപിതമായ മുസ്ലിം വനിതാ മുന്നേറ്റം കേരളത്തിലുണ്ടായത്. എം.ജി.എമ്മിന് മുസ്ലിം സ്ത്രീകള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതോടെ സ്ത്രീകള്‍ കൂടുതല്‍ സജീവമായി മതരംഗത്തും പൊതുരംഗത്തും എത്തിത്തുടങ്ങി. 1984 ല്‍ ജമാഅത്തെ ഇസ്ലാമി വനിതാ സംഘടന (ജി.ഐ.ഒ) രൂപീകരിച്ചിരുന്നു. പിന്നീട് എം.ഇ.എസ്, മുസ്ലിം ലീഗ് തുടങ്ങിയ സാമൂഹിക രാഷ്ട്രീയ സംഘടനകള്‍ക്കു കീഴിലും വനിതാ കൂട്ടായ്മകള്‍ ഉണ്ടായി. കേരളത്തിലെ മുസ്ലിംകള്ക്കിടയില് വലിയ ജാഗരണത്തിനു കരണമായത് ഈ സ്ത്രീ ശാക്തീകരണമായിരുന്നു.
മുസ്ലിംകള് പൊതുവിലും സ്ത്രീകള്‍ വിശേഷിച്ചും അക്ഷരാഭ്യാസത്തിന്റെ കാര്യത്തില്‍ വളരെ പിറകിലായിരുന്നുവെങ്കിലും സ്ത്രീകള്‍ക്കു വേണ്ടി മാത്രം പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങള്‍ നവോത്ഥാനത്തിനു മാറ്റു കൂട്ടി. 1923 ല്‍ പി.കെ മൂസക്കുട്ടി സാഹിബ് നടത്തിയ ‘മുസ്ലിം മഹിള’ , 1926 ല്‍ കെ.സി.കോമുക്കുട്ടി മൗലവി പുറത്തിറക്കിയ ‘നിസാഉല്‍ ഇസ്ലാം’ എന്നീ വനിതാ മാസികകള്‍ ശ്രദ്ധയര്‍ഹിക്കുന്നു. വക്കം മൗലവിയുടെ ‘അല്‍ ഇസ്ലാം’ എന്ന അറബി മലയാള മാസിക സ്ത്രീകളെ ഉന്നം വെച്ചു കൊണ്ടുള്ളതായിരുന്നു. എന്നാല്‍ ഇവയൊന്നും ദീര്‍ഘകാലം മുന്നോട്ടു പോയില്ല. എം.ജി.എം 1990 ല്‍ ആരംഭിച്ച വനിതാ മാസിക ‘പുടവ’ സജീവമായി നിലനില്ക്കുന്നു. ജി.ഐ.ഒ യുടെ ‘ആരാമം’ വനിതാ മാസിക 1985 ല്‍ പുറത്തിറങ്ങി. അവയുടെ പിന്നാലെ മഹിളാ ചന്ദ്രിക, പൂങ്കാവനം(1987), സന്തുഷ്ട കുടുംബം (2002) തുടങ്ങിയ വനിതാ പ്രസിദ്ധീകരണങ്ങള്‍ മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അവയെല്ലാം ഇപ്പോള്‍ നിലവിലുണ്ട്. അക്ഷരജ്ഞാനമില്ലാത്ത ഒരു ഭൂതകാലത്തില്‍ നിന്ന് അക്ഷരക്കേളികളുടെ രംഗത്തേക്ക് മുസ്ലിം സമൂഹത്തെ എത്തിച്ചത് നവോത്ഥാന പ്രസ്ഥാനമായിരുന്നു.
വനിതാ സമ്മേളനങ്ങളുടെ പങ്ക്
അടുക്കളയ്ക്കപ്പുറം കാണാത്ത മുസ്ലിം സ്ത്രീകളെ പൊതു സമൂഹത്തിന്റെ അരംഗത്തേക്കാനയിച്ചതില്‍ വനിതാ സമ്മേളനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. 1936 ല്‍ തിരുവല്ലയില്‍ ഹലീമ ബീവി സംഘടിപ്പിച്ച വനിതാ സമ്മേളനത്തില്‍ 200 സ്ത്രീകള്‍ പങ്കെടുത്തു എന്നത് അന്ന് ചിന്തിക്കാനാവാത്ത വിപ്ലവമായിരുന്നു. അതിലവര്‍ നടത്തിയ സ്വാഗത ഭാഷണം ചരിത്ര പ്രസിദ്ധമാണ്. നവോത്ഥാന പാതയില്‍ ഈടുറ്റ സംഭാവന കാഴ്ച്ച വെച്ച ഐക്യസംഘം സ്ത്രീകളെ പ്രത്യേകം സംഘടിപ്പിച്ചതായി കാണുന്നില്ല. പിന്നീട് കേരള നദ്വത്തുല് മുജാഹിദീന്‍ രൂപീകരിച്ച ശേഷം 1958 ല്‍ ഏറണാകുളത്തും 1959 ല്‍ കോഴിക്കോട്ടും വനിതാ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി മലപ്പുറത്തും കുറ്റിപ്പുറത്തും വലിയ വനിതാ സമ്മേളനങ്ങള്‍ നടത്തി. 1982 ല്‍ ഫറോക്കില്‍ നടന്ന മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി മുസ്ലിം വിദ്യാര്‍ഥിനികള്‍ക്കു മാത്രമായി സംഘടിപ്പിച്ച സമ്മേളനം കേരളത്തിലെ പ്രഥമ മുസ്ലിം വിദ്യാര്‍ഥിനി സമ്മേളനമായിരുന്നു. 1979, 82, 87, 92, 97, 2002, 2007, 2014, 2018 വര്‍ഷങ്ങളില്‍ നടന്ന മുജാഹിദ് സമ്മേളനങ്ങളിലെ പതിനായിരക്കണക്കിനുള്ള മുസ്ലിം വനിതാ പങ്കാളിത്തം ലോക മുസ്ലിം നേതാക്കളെപ്പോലും വിസ്മയിപ്പിച്ചതായിരുന്നു.
വര്‍ത്തമാന കാല മുസ്ലിം സ്ത്രീയവസ്ഥയിലേക്ക് കാലം കാലെടുത്തു വെച്ചത് അവാച്യമായ കഠിന പ്രയത്നങ്ങളിലൂടെയാണ്. അതിനു മുന്നില്‍ നിന്നത് മുസ്ലിം നവോത്ഥാനത്തിന്റെ നേര് പിന്‍ഗാമികളായ മുജാഹിദ് പ്രസ്ഥാനമാണ്. ആദ്യമൊക്കെ സ്ത്രീ വിദ്യാഭ്യാസത്തോടും സ്ത്രീ ശാക്തീകരണത്തോടും പുറം തിരിഞ്ഞു നിന്ന മുസ്ലിം സമൂഹം വമ്പിച്ച മാറ്റങ്ങള്‍ക്കു വിധേയമായി. ഇന്ന് പള്ളികളും പള്ളിക്കൂടങ്ങളും സ്ത്രീ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. കലാലയങ്ങളും സര്‍വകലാശാലകളും ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളെക്കൊണ്ട് അഭിമാനം കൊള്ളുന്നു. പെണ്‍കുട്ടികള്‍ക്കു മാത്രമായി വിദ്യാലയങ്ങളും കലാലയങ്ങളും സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. വനിതാ സംവരണ സീറ്റുകളിരുന്ന് മുസ്ലിം സ്ത്രീകള്‍ ഭരണ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചു.
വിശുദ്ധ ഖുര്‍ആനിന്റെയും നബി ചര്യയുടെയും ചുവട് പിടിച്ച് നിഷ്കാമ കര്‍മ യോഗികള്‍ കഠിനാധ്വാനം ചെയ്തു കൊണ്ടാണ് ഈ നേട്ടങ്ങള്‍ കൈവരിച്ചത്. ‘സ്ത്രീ വിമോചന ഫെമിനിസ’ങ്ങള് ക്രിയാത്മകമായി സ്ത്രീകള്‍ക്കു വേണ്ടി അധികമൊന്നും ചെയ്തിട്ടില്ല എന്നു കൂടി ഓര്‍ത്തു വെക്കേണ്ടതുണ്ട്.
