ഡോ: യൂസുഫുല്‍ ഖറദാവിയുടെ ഫത്‌വകള്‍
വര്‍ത്തമാന ലോകത്ത് തലയെടുപ്പുള്ള മുസ്‌ലിം പണ്ഡിതന്‍മാരില്‍ പ്രമുഖനാണ് ഡോ: യൂസുഫുല്‍ ഖറദാവി. ഈജിപ്ഷ്യന്‍ പണ്ഡിതനായ ഈ 93 കാരന്‍ ഇപ്പോള്‍ ഖത്തറിലാണ് താമസിക്കുന്നത്. രാഷ്ട്രീയമായ അഭിപ്രായത്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ചിന്താഗതിയുള്ള ഖറദാവി അന്തര്‍ദേശീയ മുസ്‌ലിം പണ്ഡിതസഭയുടെ അധ്യക്ഷനാണ്. 2004ല്‍ കിംഗ് ഫൈസല്‍ അവാര്‍ഡു ലഭിച്ചു. യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി എന്നാണ് മുഴുവന്‍ പേര്. ഒട്ടേറെ വിദ്യാഭ്യാസ പരിഷ്‌കരണ സമിതികളില്‍ അംഗമായിരുന്നു ഖറദാവി. നൂറിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഫിഖ്ഹുസ്സകാത്ത് (സകാത്തിന്റെ കര്‍മശാസ്ത്രം) എന്ന ഗ്രന്ഥം വളരെ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ അനേകം പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വിശ്വാസവും ജീവിതവും, മതതീവ്രവാദം, വിധിവിലക്കുകള്‍ എന്നിവ അവയില്‍പ്പെട്ടതാണ്. വിവിധ വിഷയങ്ങളില്‍ ഡോ: ഖറദാവി നല്കിയ ഫത്‌വാകള്‍ വര്‍ത്തമാന ലോകത്ത് ചിന്താവിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്. രണ്ടു ഭാഗമായി അദ്ദേഹത്തിന്റെ ഫത്‌വാകള്‍ മലയാളത്തില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. ജനനം 1926 സെപ്തംബര്‍ 9.
ഡോ: യൂസുഫുല്‍ ഖറദാവി നല്കിയ ഏതാനും ഫത്‌വാകള്‍ ഇവിടെ എടുത്തു ചേര്‍ക്കുന്നു.
ഫോട്ടോഗ്രഫി
ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതില്‍ തെറ്റുണ്ടോ? അത് നിഷിദ്ധമാണോ? എന്റെ ഉറക്കറയില്‍ ചില നടന്‍മാരുടെ ഫോട്ടോകളും സ്ത്രീകളുടെ ചിത്രങ്ങളുള്ള ഏതാനും മാസികകളുമുണ്ട്. അവ കൈവശം വെയ്ക്കുന്നത് ഇസ്‌ലാമിക ശരീഅത്തിന്റെ ദൃഷ്ടിയില്‍ കുറ്റകരമാണോ?
ഉത്തരം: ഈജിപ്തിലെ വ്യാഖ്യാത പണ്ഡിതനും സമുന്നതനായ മുഫ്തിയുമായിരുന്ന അല്‍ അല്ലാമഃ അശൈഖ് മുഹമ്മദ് ബുഹൈത്ത് അല്‍ മുത്വീഇ ഫോട്ടോഗ്രാഫി അനുവദീയമാണെന്ന് സമര്‍ഥിച്ചു കൊണ്ട് എഴുതിയ ഒരു പ്രബന്ധത്തില്‍, അത് ‘ഞാന്‍ സൃഷ്ടിച്ചതു പോലെ സൃഷ്ടിക്കുന്നവര്‍’ എന്ന തിരുവചനത്തിന്റെ വരുതിയില്‍ വരുന്നതല്ലെന്ന് അഭിപ്രായപ്പെടുകയുണ്ടായി. കാരണം, ഫോട്ടോഗ്രാഫിയില്‍ സൃഷ്ടികര്‍മം എന്ന പ്രക്രിയയല്ല സൃഷ്ടിയുടെ ഛായ പകര്‍ത്തുകയെന്നത് മാത്രമാണ് നടക്കുന്നത്. പ്രതിഛായ (Reflection) എന്നാണ് അതിന്റെ സാങ്കേതിക നാമം തന്നെ-ഏറ്റവും അനുയോജ്യമായ നാമകരണം. വസ്തുക്കളുടെ ഛായ ഒരു ദര്‍പ്പണത്തിലെന്ന പോലെ ഒരു പ്രതലത്തില്‍ പ്രതിബിംബിക്കുകയാണ് ഫോട്ടോഗ്രാഫിയില്‍ സംഭവിക്കുന്നത്. ഒരു ശില്പിയോ ചിത്രകാരനോ ചെയ്യുന്നതു പോലുള്ള കൃത്യമല്ല അത്. അതിനാല്‍ അത് നിഷിദ്ധമാക്കപ്പെട്ട സൃഷ്ടികര്‍മത്തിന്റെ വരുതിയില്‍ വരുന്നതല്ല. തന്നിമിത്തം ശൈഖ് മുഹമ്മദ് ബുഹൈത്തിന്റെ മുന്‍ചൊന്ന ഫത്‌വയോട് ബഹുഭൂരിപക്ഷം പണ്ഡിതന്‍മാരും യോജിക്കുകയുണ്ടായി. ഇതേ അഭിപ്രായമാണ് ഞാന്‍ എന്റെ ‘വിധിവിലക്കുകള്‍’ എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എടുക്കുന്ന ചിത്രം ഹലാലായതാണെങ്കില്‍ ഫോട്ടോഗ്രാഫിയില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. സ്ത്രീയുടെ നഗ്‌നമോ അര്‍ധനഗ്‌നമോ ആയ ചിത്രങ്ങളോ ശര്‍ഇന്റെ ദൃഷ്ടിയില്‍ അസ്വീകാര്യമായ മറ്റു ദൃശ്യങ്ങളോ ക്യാമറയില്‍ പകര്‍ത്തരുത് എന്നു മാത്രം. സ്വന്തം മക്കളുടെയോ സുഹൃത്തുക്കളുടേയോ പ്രകൃതി ദൃശ്യങ്ങളുടെയോ പ്രത്യേക ചടങ്ങുകളുടെയോ ഛായകള്‍ ക്യാമറയില്‍ പകര്‍ത്തുന്നത് അനുവദനീയമാണ്. പാസ്‌പോര്‍ട്ടിനു വേണ്ടി ചിത്രമെടുക്കുന്നതും കുപ്രസിദ്ധ കേടികളുടെ ഫോട്ടോ പകര്‍ത്തുന്നതും സമ്മാനദാന ചടങ്ങുകള്‍ ക്യാമറയിലാക്കുന്നതും അനുവദനീയമാണെന്ന് ഇവ്വിഷയത്തില്‍ അതിതീവ്രത പുലര്‍ത്തുന്നവര്‍ പോലും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ നടീനടന്‍മാരുടെ ഫോട്ടോകള്‍ വാങ്ങി സൂക്ഷിക്കുന്നത് മത നിഷ്ഠയുള്ള മുസ്‌ലിമിനു ചേര്‍ന്ന വൃത്തിയല്ല. നടീനടന്‍മാരുടെയും ഗായികാഗായകന്‍മാരു ടെയും ഫോട്ടോകള്‍ സൂക്ഷിക്കുന്നതില്‍ മുസ്‌ലിമിന് എന്തുകാര്യം? മറ്റു ജോലികളൊന്നു മില്ലാത്ത വ്യക്തികള്‍ക്കു മാത്രം ചേരുന്ന ഒന്നാണിത്. ഇത്തരം ചിത്രങ്ങള്‍ വഴി അവര്‍ക്ക് സമയം കൊല്ലാം.
എന്നാല്‍ സ്ത്രീകളുടെ നഗ്‌നചിത്രങ്ങളുള്ള മാസികകള്‍ സൂക്ഷിച്ചു വെയ്ക്കുന്നത് ഖേദകരമായ കാര്യമാണ്. ഉത്പന്നങ്ങളുടെ പരസ്യത്തിന് സ്ത്രീകളുടെ മേനിക്കൊഴുപ്പ് ചൂഷണം ചെയ്യപ്പെടുന്ന ഇക്കാലത്ത് വിശേഷിച്ചും. ഉപഭോക്താക്കളെ കുടുക്കാനുള്ള കെണിയാണവ. എങ്കിലും ചോദ്യകര്‍ത്താവ് മാസികകള്‍ സൂക്ഷിച്ചു വെയ്ക്കുന്നത് അതിലുള്ള വൈജ്ഞാനിക കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെങ്കില്‍-അതിലുള്ള ചിത്രങ്ങള്‍ കണ്ടുരസിക്കുക എന്ന ഉദ്ദേശത്തോ ടെയല്ലെങ്കില്‍- കുഴപ്പമില്ല. ഇസ്‌ലാമിക സംസ്‌കാരത്തിനു നിരക്കാത്ത നഗ്‌നചിത്രങ്ങള്‍ ഒഴിവാക്കുകയാണുത്തമം. അത് സാധ്യമല്ലെങ്കില്‍ അവക്ക് ബഹുമതി കല്പിക്കപ്പെടുകയോ മനസ്സിനെ ആകര്‍ഷിക്കുകയോ ചെയ്യാത്ത സ്ഥലത്ത് സൂക്ഷിക്കുക. എന്നാല്‍ ചിത്രങ്ങള്‍ തൂക്കുന്നത് അനുവദനീയമല്ല. അങ്ങനെ ചെയ്യുമ്പോള്‍ അവയ്ക്ക് ഒരുതരം മഹത്വം കല്പിക്കപ്പെടുന്നുണ്ട്. അത് ശര്‍ഇനു വിരുദ്ധമത്രെ. സര്‍വലോക നാഥനായ അല്ലാഹുവല്ലാതെ മഹത്വം അര്‍ഹിക്കുന്നില്ല.
പ്രതിമകള്‍, ശില്പങ്ങള്‍
പ്രതിമകളെ സംബന്ധിച്ച ഇസ്‌ലാമിക വിധിയെന്താണ്? എന്റെ വശം പൗരാണിക ഈജിപ്തു കാരുടെ ചില പ്രതിമകളുണ്ട്. ഒരു അലങ്കാരം എന്ന നിലയില്‍ അവ വീട്ടില്‍ പ്രദര്‍ശിപ്പിക്കുവാന്‍ ഞാനൊരുമ്പെട്ടു. പക്ഷേ, ചിലര്‍ എതിര്‍ത്തു. അത് ഹറാമാണ് എന്നവര്‍ പറയുന്നു. ശരിയാണോ?
ഉത്തരം: ഇസ്‌ലാം പ്രതിമകള്‍ നിരോധിച്ചിരിക്കുന്നു. മനുഷ്യരുടേതോ തിര്യക്കുകളുടേതോ ആവട്ടെ, ആകാരമുള്ള പ്രതിമകളെല്ലാം നിഷിദ്ധമാണ്. വല്ല മാലാഖയുടേതോ ഈസാ തുടങ്ങിയ പ്രവാചകന്‍മാരുടേതോ കന്യാമറിയമിന്റേതോ പോലെ ആദരണീയ വ്യക്തിത്വങ്ങളെയോ ഹിന്ദുക്കളുടെ ഗോമാതാവിനെപ്പോലെ വല്ല ദൈവങ്ങളെയോ പ്രതിനിധീകരിക്കുന്ന പ്രതിമകളാവുമ്പോള്‍ വിലക്കിന്റെ കാഠിന്യം കൂടുന്നു. അത്തരം പ്രതിമകള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ചിലപ്പോള്‍ കുഫ്‌റിനു തുല്യമോ കറയറ്റ കുഫ്ര്‍ തന്നെയോ ആയിത്തീരാം. അത് ഹലാലായി കരുതുന്നവര്‍ കാഫിറാകുകയും ചെയ്യും. ഏകദൈവ വിശ്വാസത്തിന്റെ പരിരക്ഷയില്‍ അതീവ നിഷ്‌കര്‍ഷയുണ്ട് ഇസ്‌ലാമിന്. ഏകദൈവ വിശ്വാസത്തിന് നിസ്സാരമായ പോറലെങ്കിലും ഏല്ക്കാന്‍ സാധ്യതയുള്ള എല്ലാ വഴികളും അത് അടച്ചുകളയുന്നു.
ഇത് ബഹുദൈവ വിശ്വാസത്തിന്റെയും വിഗ്രഹാരധനയുടേയും കാലഘട്ടത്തിന് മാത്രം ബാധകമായ ഒന്നാണെന്നും ഇന്ന് ബഹുദൈവത്വമോ വിഗ്രഹാരാധനയോ ഇല്ലെന്നും ചിലര്‍ പറയാറുണ്ട്. ഇത് ശരിയല്ല. ഇക്കാലത്തുമുണ്ട് വിഗ്രഹാരാധകര്‍. ഗോക്കളെയും മേഷങ്ങളെയും പൂജിക്കുന്നവരുമുണ്ട്. യാഥാര്‍ഥ്യം നിഷേധിക്കുന്നതെന്തിന്? വിഗ്രഹാരാധകരേക്കാള്‍ ഒട്ടും മോശക്കാരല്ലാത്ത ആളുകളെ യൂറോപ്പില്‍ കാണാം. വ്യാപാരകേന്ദ്രങ്ങളില്‍ കുതിരയുടെ തല കെട്ടിത്തൂക്കുന്നവരുണ്ടവിടെ. അല്ലെങ്കില്‍ കാറില്‍ വല്ലതും കെട്ടിത്തൂക്കും. ജനങ്ങളിലിപ്പോഴും അന്ധവിശ്വാസമുണ്ട്. അയഥാര്‍ഥമായ കാര്യങ്ങളോടുള്ള മമത മനുഷ്യമനസ്സിന്റെ ദൗര്‍ബല്യമാണ്. വിദ്യാസമ്പന്നര്‍ പോലും ഇതില്‍നിന്നൊഴിവല്ല. അതിനാല്‍ വിഗ്രഹാരാധനയിലേക്ക് നയിക്കുന്നതോ വിഗ്രഹാരാധനയുടെ നേരിയ ഗന്ധമുള്ളതോ ആയ സര്‍വവും ഇസ്‌ലാം നിരോധിച്ചു. പ്രതിമകള്‍ നിരോധിച്ചതും അതിനാല്‍ തന്നെ. പൗരാണിക ഈജിപ്തുകാരുടെ പ്രതിമകളും ഈ ഇനത്തില്‍പ്പെടുന്നു.
ചിലര്‍ ഇത്തരം പ്രതിമകളെ ഉറുക്ക് എന്ന നിലയില്‍ കെട്ടിനടക്കാറുണ്ട്. അസൂയാലുക്കളുടെയും ജിന്നിന്റെയും കണ്ണേറിന്റെയും ദ്രോഹം തടുക്കാനാണത്രെ ഇത്. ഇതില്‍ കുറ്റം രണ്ടാണ്. പ്രതിമയെ ഉപയോഗിച്ചതിന്റെയും ഉറുക്ക് കെട്ടിയതിന്റെയും. പ്രതിമകളുടെ കൂട്ടത്തില്‍ കുട്ടികളുടെ കളിക്കോപ്പുകള്‍ മാത്രമേ ഹലാലായതുള്ളൂ. മറ്റെല്ലാം നിഷിദ്ധമാണ്.
