ദുര്‍ബല ഹദീസുകളും അതിന്റെ ഇനങ്ങളും
ഹദീസിന്റെ ബലാബലങ്ങളെ കുറിച്ച പഠനമാണ് ഹദീസ് നിദാന ശാസ്ത്രം (ഉസ്വൂലുല്‍ ഹദീസ്). ഈ പഠനശാഖയെ മാനദണ്ഡമാക്കി ഹദീസുകളെ സ്വീകാര്യം, അസ്വീകാര്യം എന്നിങ്ങനെ പ്രധാനമായി രണ്ട് ഭാഗങ്ങള്‍ ആക്കിയിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ ഹദീസുകള്‍ അസ്വീകാര്യമാകും. ദുര്‍ബല ഹദീസുകളും അതിന്റെ ഇനങ്ങളും എന്ന ഈ അധ്യായത്തില്‍, മുര്‍സല്‍, മുഅല്ലഖ്, മുന്‍ഖതിഅ്, മുഅ്ദല്‍, മുദല്ലസ് തുടങ്ങിയ ഹദീസുകളിലെ ദുര്‍ബല ഇനങ്ങളെ വിശദീകരിക്കുന്നു. കൂടാതെ നിവേദകന്റെ അയോഗ്യതയാല്‍ തിരസ്‌കൃതമാകുന്ന ഹദീസ്, പ്രാമാണികരോടുള്ള വിയോജിപ്പിന്റെ അടിസ്ഥാനത്തില്‍ ഹദീസ് എന്നിവയും വായിക്കാം. ഹദീസ് റിപ്പോര്‍ട്ടര്‍മാരുമായി ബന്ധപ്പെട്ട വിഭജനം, ഹദീസുകളുമായി ബന്ധപ്പെട്ട മറ്റു ചില സംജ്ഞകള്‍ എന്നീ ഭാഗങ്ങളും ഇവിടെ പഠനവിധേയമാക്കുന്നുണ്ട്.
സാധുതയെ അടിസ്ഥാനമാക്കിയുള്ള ഹദീസിന്റെ മൂന്നാമത്തെ ഇനമാണ് ദഈഫ് അഥവാ ദുര്‍ബല ഹദീസുകള്‍. ഹദീസ് സ്വീകാര്യതയ്ക്കാവശ്യമായ നിബന്ധനകള്‍ പൂര്‍ത്തീകരിക്കപ്പെടാത്ത ഹദീസുകള്‍ അഥവാ സ്വഹീഹോ ഹസനോ അല്ലാത്തവ, അസ്വീകാര്യങ്ങളാണ്. ഇത്തരം ഹദീസുകള്‍ ദ്വഈഫ് (ദുര്‍ബലം) എന്നറിയപ്പെടുന്നു. ദുര്‍ബലമായ ഹദീസുകള്‍ മതകാര്യങ്ങളില്‍ പ്രമാണമാക്കാന്‍ പറ്റില്ല. ഹദീസ് ദുര്‍ബലമാകാനുള്ള കാരണം പലതാണ്. ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയില്‍ നിന്ന് ഏതെങ്കിലും കണ്ണി നഷ്ടപ്പെട്ടാല്‍ അത് ദുര്‍ബലമാണ്. പരമ്പരയില്‍ (സനദ്) ആരും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും അവയിലെ റിപ്പോര്‍ട്ടര്‍മാരില്‍ ചിലരകുടെ നീതിനിഷ്ഠയെപ്പറ്റിയോ സത്യസന്ധതയെപ്പറ്റിയോ ആക്ഷേപമുണ്ടെങ്കില്‍ അത്തരം ഹദീസുകളും ദുര്‍ബലമാണ്. ദുര്‍ബലതയിലുള്ള കാരണങ്ങള്‍ക്കനുസരിച്ച് ദ്വഈഫായ ഹദീസുകളെ തരംതിരിക്കുകയും ഓരോന്നിനും പ്രത്യേകം പേരു നല്‍കുകയും ചെയ്തിട്ടുണ്ട്.
ദ്വഈഫിന്റെ ഇനത്തില്‍ പെട്ടതാണ് ‘മുര്‍സല്‍.’ ഹദീസ് റിപ്പോര്‍ട്ട് ചെയ്ത സ്വഹാബി ആരെന്ന് വ്യക്തമാക്കാതെ നബിയെ കാണുകയോ നേരിട്ട് കേള്‍ക്കുകയോ ചെയ്തിട്ടില്ലാത്ത താബിഅ് നബി(സ്വ)യില്‍ നിന്ന് നേരിട്ട് ഉദ്ധരിച്ച ഹദീസുകള്‍ക്കാണ് മുര്‍സല്‍ എന്നു പറയുന്നത്. എന്നാല്‍ പ്രസ്തുത ഹദീസ് മറ്റു പരമ്പരകളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ വിട്ടുപോയ ആള്‍ ആരെന്ന് മറ്റു മാര്‍ഗങ്ങളിലൂടെ വ്യക്തമാക്കുകയോ ചെയ്താല്‍ ‘മുര്‍സല്‍’ സ്വീകാര്യമാണെന്നും ചില പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. മുര്‍സലായ ഹദീസുകള്‍ മാത്രം രേഖപ്പെടുത്തിയ ഗ്രന്ഥങ്ങളാണ് അബൂദാവൂദിന്റെ അല്‍ മറാസില്‍, ഇബ്‌നുഅബീ ഹാകിമിന്റെ അല്‍മറാസില്‍ തുടങ്ങിയവ.
നിവേദക പരമ്പരയുടെ തുടക്കത്തില്‍ ഒന്നോ അതിലധികമോ നിവേദകരെ വിട്ടുകളഞ്ഞ് ഉദ്ധരിക്കപ്പെട്ട ഹദീസാണിത്. ഒറ്റ നിവേദകനേയും പരാമര്‍ശിക്കാതെ പ്രവാചകനില്‍നിന്ന് ഉദ്ധരിക്കപ്പെട്ട ഹദീസുകളും സ്വഹാബിയെയോ സ്വഹാബികളെയോ മാത്രം പരാമര്‍ശിച്ച് മറ്റാരെയും പരാമര്‍ശിക്കാതെ ഉദ്ധരിക്കപ്പെട്ട ഹദീസുകളും മുഅല്ലഖാണ്. ഹദീസ് സ്വീകാര്യമാകാനുള്ള പ്രധാന ഉപാധിയായ കണ്ണിചേര്‍ച്ചയുടെ അഭാവം മൂലം ഇത്തരം ഹദീസുകള്‍ അസ്വീകാര്യമാണ്.
കണ്ണിമുറിഞ്ഞ പരമ്പരയായ ഹദീസ് എന്നതാണ് മുന്‍ഖതിഇന്റെ സാമാന്യവിവക്ഷ. നിവേദക ശൃംഖലയുടെ കണ്ണി അറ്റുപോവുന്നതിലൂടെ ഒന്നോ അതിലധികമോ പേര്‍ വിവിധ സ്ഥലങ്ങളില്‍ ഉള്ള നിവേദകരെ സംബന്ധിച്ച് അജ്ഞാതമാവുന്നു. ഇവ ദുര്‍ബലവും അതിനാല്‍ അസ്വീകാര്യവുമാണെന്നാണ് പണ്ഡിതന്മാരുടെ ഏകോപിതാഭിപ്രായം.
നിവേദക ശ്രേണിയില്‍ നിന്ന് തുടരെ രണ്ടോ അതില്‍ കൂടുതലോ നിവേദകര്‍ വിട്ടുപോയതാണ് മുഅ്ദല്‍. നിവേദക ശ്രേണിയിലെ ഒന്നിലധികം കണ്ണികള്‍ വിട്ടുപോയതിനാല്‍ ഇത് അസ്വീകാര്യമാണെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരമില്ല.
മുദല്ലസ് (ന്യൂനത മറച്ചു വെക്കപ്പെട്ടത്)
ന്യൂനത മറച്ചുവെക്കപ്പെട്ടത് എന്നാണ് മുദല്ലസിന്റെ ഭാഷാര്‍ത്ഥം. നിവേദക ശ്രേണിയുടെ ന്യൂനത മറച്ചു വെച്ച് ബാഹ്യരൂപം ഭംഗിയായി അവതരിപ്പിക്കപ്പെട്ട ഹദീസാണ് മുദല്ലസ്.
നിവേദകന്റെ അയോഗ്യതയില്‍ തിരസ്‌കൃതമാകുന്ന ഹദീസ്
നിവേദകരുടെ പലതരം അയോഗ്യതകള്‍ കാരണം ദുര്‍ബലവും തിരസ്‌കൃതവുമാവുന്ന ഹദീസുകളുമുണ്ട്. അയോഗ്യതയുടെ സ്വഭാവമനുസരിച്ച് അവയും പലതായി തരംതിരിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് താഴെ വിവരിക്കുന്നത്.
1) മത്‌റൂക് (വര്‍ജ്യം)
കളവ് ആരോപിക്കപ്പെട്ട നിവേദകനിലൂടെ ഉദ്ധരിക്കപ്പെട്ട ഹദീസുകളാണ് മത്‌റൂക് (വര്‍ജ്ജ്യം) എന്ന പേരില്‍ അറിയപ്പെടുന്നത്. നിവേദക പരമ്പരയില്‍ കള്ളം ആരോപിക്കപ്പെട്ട ആരെങ്കിലുമുണ്ടെങ്കില്‍ പ്രസ്തുത ഹദീസ് മത്‌റൂകാണ്. നബിയുടെ പേരില്‍ കളവ് പറഞ്ഞതായി തെളിയിക്കപ്പെട്ടില്ലെങ്കിലും സാധാരണ സംസാരങ്ങളില്‍ കളവ് പറഞ്ഞതായി തെളിയിക്കപ്പെടുകയാണെങ്കില്‍ ആ നിവേദകന്‍ കളവ് പറയുന്നതിന്റെ പേരില്‍ ഹദീസ് കളവായി കണക്കാക്കപ്പെടുന്നു. ദുര്‍ബല ഹദീസുകളില്‍ ഏറ്റവും മോശപ്പെട്ട മൗദൂഇന്റെ തൊട്ടടുത്ത സ്ഥാനമാണ് മത്‌റൂകിന് ഹദീസ് പണ്ഡിതന്മാര്‍ കല്‍പ്പിച്ചിരിക്കുന്നത്.
2) മുന്‍കര്‍ (അജ്ഞാതം)
ഗുരുതരമായ അബദ്ധം, അശ്രദ്ധ, സദാചാരലംഘനം തുടങ്ങിയവയാല്‍ ആക്ഷേപിതനായ വ്യക്തി നിവേദക പരമ്പരയില്‍ ഉണ്ടെങ്കില്‍ അത്തരം ഹദീസ് മുന്‍കറാണ്. പ്രാമാണികരായ നിവേദകര്‍ ഉദ്ധരിച്ചതിന് ഭിന്നമായി ദുര്‍ബലമായ നിവേദകര്‍ ഉദ്ധരിച്ച ഹദീസ് എന്നും മുന്‍കര്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഇതിന് വിപരീതമാണ് മഅ്‌റൂഫ്.
3) മുഅല്ലല്‍ (വൈകല്യമുള്ളത്)
ബാഹ്യരൂപം കുറ്റമറ്റതാണെങ്കിലും സാധുതയെ ദോഷകരമായി ബാധിക്കുന്ന സൂക്ഷ്മമായ വൈകല്യങ്ങള്‍ കണ്ടെത്തിയിട്ടുള്ള ഹദീസ് എന്നാണ് മുഅല്ലലിന്റെ നിര്‍വചനം. ഈ വൈകല്യങ്ങള്‍ അധികവും ഹദീസിന്റെ നിവേദക പരമ്പരയിലാണ് സംഭവിക്കുന്നത്. എങ്കിലും അപൂര്‍വമായി ഹദീസിന്റെ ഉള്ളടക്കത്തിലും സംഭവിക്കാവുന്നതാണ്. ഇമാം ദാറുഖുത്വ്‌നിയുടെ ‘അല്‍ഇലലുല്‍ വാരിദ ഫില്‍ അഹാദീസിന്നബവിയ്യ’ ഈ വിഷയം പ്രതിപാദിക്കുന്ന ഏറ്റവും സമഗ്രമായ കൃതിയാകുന്നു.
4) മൗദൂഅ് (കല്പിതം)
ദുര്‍ബലമായ ഹദീസുകളില്‍ ഏറ്റവും മോശപ്പെട്ട ഇനമാണ് മൗദൂഅ് (വ്യാജം). പ്രവാചകന്റെ പേരില്‍ നിര്‍മിക്കപ്പെട്ടതിനാല്‍ ഹദീസ് എന്ന വിശേഷണം പോലും അതര്‍ഹിക്കുന്നില്ല. സ്വന്തം വാക്യങ്ങള്‍ക്ക് സനദ് കെട്ടിച്ചമച്ച് ഹദീസാണെന്ന നിലയില്‍ ഉദ്ധരിക്കുക, ഏതെങ്കിലും മഹദ്‌വചനങ്ങളോ ആപ്ത വാക്യങ്ങളോ ഹദീസുപരമ്പര(സനദ്) യിലേക്ക് ചേര്‍ത്തി പ്പറയുക മുതലായ രീതിയില്‍ മൗദൂഅ് ഉണ്ടാകാറുണ്ട്.
ചിലര്‍ കല്പിത ഹദീസുകള്‍ മാത്രം അടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ച് സമുദായത്തെ ബോധവാന്മാരാക്കി. ഇബ്‌നുജൗസി, ഇബ്‌നുഅബ്ദില്‍ ബര്‍റ്, അലി അല്‍ഖാരി, ശൗക്കാനി മുതലായ പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ പ്രാമാണികരാണ്.
പ്രാമാണികരോടുള്ള വിയോജിപ്പിന്റെ അടിസ്ഥാനത്തില്‍
ഹദീസുകളുടെ ദുര്‍ബലതയ്ക്കുള്ള മറ്റൊരു കാരണമാണ് പ്രമാണികരായ നിവേദകര്‍ റിപ്പോര്‍ട്ട് ചെയ്തവയുമായുള്ള വിയോജിപ്പ്. ഈ വിയോജിപ്പിന്റെ സ്വഭാവമനുസരിച്ച് ഹദീസുകളെ അഞ്ചായി തരംതിരിക്കപ്പെട്ടിട്ടുണ്ട്.
1. മുദ്‌റജ്
നിവേദകശ്രേണിയുടെ ശരിയായ ക്രമത്തിന് ഭംഗം സംഭവിക്കുകയോ ഹദീസിന്റെ ഉള്ളടക്കത്തില്‍ വേര്‍പെടുത്താന്‍ കഴിയാത്തവിധം പുറത്തു നിന്ന് വല്ല വാക്യവും കൂടിച്ചേരുകയോ ചെയ്ത ഹദീസാണ് മുദ്‌റജ്. സനദിന് (പരമ്പര) കലര്‍പ്പ് സംഭവിച്ചതിന് മുദ്‌റജുല്‍ ഇസ്‌നാദ് എന്നും മത്‌നില്‍ (ഉള്ളടക്കം) കലര്‍പ്പ് സംഭവിച്ചതിന് ‘മുദ്‌റജുല്‍ മത്‌ന്’ എന്നും പറയുന്നു.
2. മഖ്‌ലൂബ്
ഹദീസിന്റെ ഉള്ളടക്കത്തില്‍ നിന്ന് ഏതെങ്കിലും പദമോ നിവേദക ശ്രേണിയിലെ ഏതെങ്കിലും നിവേദകന്റെ പേരോ മാറ്റപ്പെടുകയോ, ഒന്നിന്റെ സ്ഥാനത്ത് മറ്റൊന്ന് വെക്കപ്പെടുകയോ ചെയ്ത ഹദീസ് എന്നാണ് മഖ്‌ലൂബിന്റെ സാങ്കേതിക നിര്‍വചനം. മഖ്‌ലൂബായ ഹദീസ് അസ്വീകാര്യമാണ്.
3. അല്‍മസീദുഫീ മുത്തസ്സലില്‍ അസാനിദ്
പ്രത്യക്ഷത്തില്‍ കണ്ണികളൊന്നും വിട്ടുപോയിട്ടില്ലാത്ത നിവേദകശ്രേണിയില്‍ എവിടെയെങ്കിലും ഒരു നിവേദകന്‍ അധികമായി കടന്നുകൂടിയിട്ടുള്ള ഹദീസാണത്. യഥാര്‍ഥത്തില്‍ ഇത് നിവേദകന്റെ ധാരണപ്പിശകുകൊണ്ട് സംഭവിക്കുന്ന അബദ്ധമാണ്.
4. മുദ്ത്വരിബ്
തുല്യമായ ഒട്ടേറെ വഴികളിലൂടെ ഉദ്ധരിക്കപ്പെട്ട ഭിന്നവിരുദ്ധങ്ങളായ നിവേദനങ്ങളാണ് മുദ്ത്വരിബ്(അസ്ഥിരമായത്). നിവേദകന് മനഃപാഠമില്ല എന്ന തോന്നല്‍ സൃഷ്ടിക്കപ്പെടുന്നതാണ് മുദ്ത്വരിബ് ദുര്‍ബല ഹദീസുകളുടെ പട്ടികയില്‍ ഉള്‍പ്പെടാനുള്ള പ്രധാനകാരണം.
5) മുസ്വഹ്ഹഫ്
പ്രാമാണികരായ നിവേദകര്‍ ഉദ്ധരിച്ച വാചകങ്ങളില്‍ ആശയപരമായോ പദപരമായോ മാറ്റം വരുത്തപ്പെട്ട ഹദീസാണ് മുസ്വഹ്ഹഫ്. ഈ മാറ്റം ഹദീസിന്റെ ഉള്ളടക്കത്തിലും നിവേദക ശ്രേണിയിലും സംഭവിക്കാം. സൂക്ഷ്മതക്കുറവു കൊണ്ടോ അശ്രദ്ധ കൊണ്ടോ സംഭവിക്കുന്ന അബദ്ധമാണിത്. ഇത്തരം അബദ്ധം അപൂര്‍വമായി മാത്രമേ സംഭവിക്കുന്നു ള്ളുവെങ്കില്‍ അത് നിവേദനകന്റെ മനഃപാഠവൈകല്യമായോ സൂക്ഷ്മതക്കുറവായോ വിലയിരുത്തപ്പെടുകയില്ല. നേരിയ അബദ്ധത്തില്‍നിന്ന് മനുഷ്യരില്‍ ഒരാളും സുരക്ഷിതനല്ല. പക്ഷേ ഇത്തരം അബദ്ധങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്ന ഒരു നിവേദകന്‍ തികച്ചും അയോഗ്യനാണെന്ന കാര്യത്തില്‍ സംശയമില്ല. അത്തരക്കാര്‍ നിവേദനം ചെയ്യുന്ന ഹദീസ് സ്വീകാര്യവുമല്ല. ഇമാം ദാറുഖുത്വ്‌നിയുടെ അത്തസ്ഹീഹ്, ഇമാം ഖത്താബിയുടെ ഇസ്വ്‌ലാഹു അഖ്ത്വാഇല്‍ മുഹദ്ദീസീന്‍ തുടങ്ങിയവ ഈ വിഷയത്തിലെ സവിശേഷ ഗ്രന്ഥങ്ങളാണ്.
6) ശാദ്ദ് (ഒറ്റപ്പെട്ടത്)
പ്രാമാണികനായ നിവേദകന്‍ ഉദ്ധരിച്ചതില്‍ നിന്ന് ഭിന്നമാകാതിരിക്കുക എന്നതാണ് ഹദീസ് സ്വീകരിക്കുന്നതിനുള്ള ഉപാധി. പ്രാമാണികന്‍ ഉദ്ധരിച്ചതിന് ഭിന്നമായി നിവേദനം ചെയ്യപ്പെടുന്ന ഹദീസിന് ശാദ്ദ് എന്ന് പറയുന്നു. ഒറ്റപ്പെട്ടത് എന്നാണ് ശാദ്ദിന്റെ ഭാഷാര്‍ഥം. ഹദീസിന്റെ മത്‌നിലെന്നപോലെ സനദിലും ശാദ്ദ് സംഭവിക്കാം.
ഹദീസ് റിപ്പോര്‍ട്ടര്‍മാരുമായി ബന്ധപ്പെട്ട വിഭജനം
ആരുമായി ബന്ധപ്പെടുത്തിയാണോ ഹദീസുകള്‍ ഉദ്ധരിക്കുന്നത് അതിന്റെ അടിസ്ഥാന ത്തില്‍ ഹദീസുകള്‍ ഖുദ്‌സി, മര്‍ഫൂഅ്, മൗഖൂഫ്, മഖ്തൂഅ് എന്നിങ്ങനെ നാലായി തരം തിരിക്കപ്പെട്ടിട്ടുണ്ട്.
അല്ലാഹുവിലേക്ക് ചേര്‍ത്തുകൊണ്ട് നബി(സ്വ) പറഞ്ഞ വാക്കുകള്‍ക്ക് ഖുദ്‌സി എന്നുപറയുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങളും പദങ്ങളും അല്ലാഹുവിന്റേതുതന്നെ. എന്നാല്‍ ഖുദ്‌സിയായ ഹദീസുകളുടെ ആശയം അല്ലാഹുവിന്റെയും പദങ്ങള്‍ പ്രവാചകന്റെതുമായിരിക്കും. ഖുദ്‌സിയായ ഹദീസുകള്‍ക്ക് ഒരുദാഹരണം: അത്യുന്നതനും അനുഗ്രഹപൂര്‍ണനുമായ അല്ലാഹു പറഞ്ഞു: എന്റെ ദാസന്മാരേ, തീര്‍ച്ചയായും ഞാന്‍ എനിക്ക് അക്രമം നിഷിദ്ധമായിരിക്കുന്നു. നിങ്ങള്‍ക്കും ഞാനിതാ അത് നിഷിദ്ധമാക്കുന്നു. അതിനാല്‍ നിങ്ങള്‍ പരസ്പരം അക്രമം പ്രവര്‍ത്തിക്കരുത് (മുസ്‌ലിം). ഖുദ്‌സിയായ ഹദീസുകളുടെ സമാഹരമാണ് അബ്ദുല്‍ റഊഫ് മുനാവിയുടെ (ഹി: 1031) അല്‍ ഇത്ഹാഫുസ്സനിയ ബില്‍ അഹാദിസില്‍ ഖുദുസിയ്യ.
ഉന്നതി നല്‍കപ്പെട്ടത് എന്നാണ് മര്‍ഫൂഇന്റെ അര്‍ഥം. നബിയുമായി ബന്ധപ്പെടുത്തി ഉദ്ധരിക്കപ്പെട്ടത് എന്നാണ് ഉദ്ദേശ്യം. അദ്ദേഹത്തിന്റെ വാക്ക്, പ്രവൃത്തി, സമ്മതം, ഗുണവര്‍ണന തുടങ്ങിയവയാണ് സാങ്കേതികമായി മര്‍ഫൂഅ്. അത് പറഞ്ഞ ആള്‍ സ്വഹാബിയായാലും അല്ലെങ്കിലും ശരി.
മര്‍ഫൂഅ് നാലുതരത്തിലുണ്ട്.
- മര്‍ഫൂഅ് ഖൗലി. നബി(സ്വ) പറഞ്ഞു എന്നു പറയുക.
- മര്‍ഫൂഅ് ഫിഅ്‌ലി. നബി(സ്വ) ഇപ്രകാരം പ്രവര്‍ത്തിച്ചു എന്നു പറയുക
- മര്‍ഫൂഅ് തഖ്‌രീരി. നബി(സ്വ)യുടെ സാന്നിദ്ധ്യത്തില്‍ ചെയ്തു എന്നു പറയുക.
- മര്‍ഫൂഅ് വസ്വ്ഫി. നബി(സ്വ)യുടെ സ്വഭാവ വിശേഷണങ്ങള്‍ വര്‍ണിച്ചുപറയുക.
ഇന്ന കാര്യം സുന്നത്താണ് എന്നോ ഞങ്ങള്‍ കല്പിക്കപ്പെട്ടു എന്നോ ഞങ്ങളോട് വിരോധിച്ചിട്ടുണ്ട് എന്നോ സ്വഹാബികള്‍ പറയുന്ന ഹദീസുകള്‍ക്ക് ‘മര്‍ഫൂഅ്ഹുക്മീ’ എന്നും പേരു നല്‍കിയിട്ടുണ്ട്.
സ്വഹാബികളുടെ വാക്കുകള്‍, പ്രവൃത്തി, അംഗീകാരം എന്നിവ പറയുന്ന ഹദീസുകളാണ് മൗഖൂഫ്. അബൂബക്ര്‍(റ) പറഞ്ഞു, ഉമര്‍(റ) ചെയ്തു എന്നൊക്കെ പറയുന്ന ഹദീസുകള്‍ ഇതിനുദാഹരണം. നിര്‍ത്തിവെക്കപ്പെട്ടത് (സ്വഹാബിയിലെത്തി നില്‍ക്കുന്നത്) എന്നാണ് മൗഖൂഫിന്റെ ഭാഷാര്‍ഥം.
ഭാഷയില്‍ ഛേദിക്കപ്പെട്ടത് എന്ന് അര്‍ഥമുള്ള പദമാണ് മഖ്ത്വൂഅ്. താബിഇയുടെയോ, മറ്റോ നാമത്തിന് ശേഷം നിവേദക പരമ്പര ഛേദിക്കപ്പെട്ടതുപോലെയായതിനാലാണ് ഈ പേര്. താബിഇന്റെയോ അതിനുശേഷമുള്ളവരുടെയോ വാക്കുകള്‍, പ്രവൃത്തി, അംഗീകാരം തുടങ്ങിയവ പറയുന്ന ഹദീസാണ് മഖ്ത്വൂഅ്. ‘ഹസന്‍ ബസ്വരി പറഞ്ഞു, മസ്ത്വൂഖ് ചെയ്തു’ എന്നിങ്ങനെ പറയുന്ന ഹദീസുകളാണിവ.
എന്നാല്‍ ശാഫിഈ, ത്വബ്‌റാനി തുടങ്ങിയവര്‍ പരമ്പര മുറിഞ്ഞ ഹദീസുകള്‍ക്കും (മുന്‍ഖത്വിഅ്) മഖ്ത്വൂഅ് എന്ന് പ്രയോഗിച്ചത് കാണാം.
മുസ്വനഫു ഇബ്‌നി അബീശൈഖ (235), മുസ്വനഫു അബ്ദിര്‍ റസാഖ് (21), എന്നീ ഹദീസു ഗ്രന്ഥങ്ങളിലും ഇബ്‌നുജരീര്‍, ഇബ്‌നു അബീഹാകിം, ഇബ്‌നുല്‍ മുന്‍ദിര്‍ എന്നീ തഫ്‌സീറുകളിലും ഇത്തരം ഹദീസുകള്‍ കൂടുതല്‍ കാണാവുന്നതാണ്.
ഹദീസുകളുമായി ബന്ധപ്പെട്ട മറ്റു ചില സംജ്ഞകള്‍
1) മൂസ്‌നദ്
ചേര്‍ത്തുപറയപ്പെടുന്നത്, ചാരിവെക്കപ്പെട്ടത് എന്നെല്ലാമാണ് ഭാഷാര്‍ഥം. ഇടമുറിയാത്ത നിവേദക ശ്രേണിയിലൂടെ നബി(സ്വ)യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസ് എന്നാണ് മുസ്‌നദിന്റെ സാങ്കേതിക നിര്‍വചനം.
2) മുത്തസ്വില്‍
ഇടവിടാതെ ചേര്‍ന്നുവന്നത്, അവിഛിന്നം എന്ന് ഭാഷാര്‍ഥം. സാങ്കേതിക ഭാഷയില്‍, ഇടമുറിയാത്ത നിവേദക പരമ്പരയിലൂടെ നബി(സ്വ)യില്‍ നിന്നോ സ്വഹാബിയില്‍ നിന്നോ ഉദ്ധരിക്കപ്പെടുന്നത് എന്നു നിര്‍വചിക്കാം.
3) സിയാദതുസ്സ്വിഫാത്ത്
പ്രാമാണികര്‍ അധികരിപ്പിച്ചവ എന്നര്‍ഥം. ഒരു ഹദീസിന്റെ നിവേദകന്മാരില്‍ ഒരാള്‍ മറ്റു നിവേദകന്മാര്‍ ഉദ്ധരിച്ചതിനെക്കാള്‍ അധികമായി നിവേദനം ചെയ്തിട്ടുള്ള ഭാഗമെന്നതാണ് വിവക്ഷ.
4) ഇഅ്തിബാര്‍, മുതാബിഅ്, ശാഹിദ്
നിരീക്ഷിക്കുക, പരിചരണം ചെയ്യുക എന്നൊക്കെ അര്‍ഥമുള്ള പദമാണ് ഇഅ്തിബാര്‍. ഒരു നിവേദകന്‍ മാത്രമുള്ള ഹദീസ് മറ്റാരെങ്കിലും ഉദ്ധരിച്ചിട്ടുണ്ടോ എന്നറിയുന്നതിന് വേണ്ടി അതിന്റെ നിവേദക പരമ്പരകള്‍ പരിശോധിക്കുക എന്നാണ് ഇഅ്തിബാറിന്റെ സാങ്കേതിക വിവക്ഷ. മുതാബിഅ് എന്ന പദത്തിന് അനുഗാമി എന്നര്‍ഥമാണ്. ഒരു നിവേദകന്‍ മാത്രമുള്ള ഹദീസിനോട് അക്ഷരത്തിലോ ആശയത്തിലോ മാത്രമായോ യോജിക്കുന്നവിധം ഒരേ സഹാബിയില്‍ നിന്നു തന്നെ മറ്റു നിവേദകര്‍ ഉദ്ധരിച്ചിട്ടുള്ള ഹദീസാണ് സാങ്കേതികമായി മുതാബിഅ്. ഭാഷയില്‍ സാക്ഷി എന്നര്‍ഥമുള്ള ശാഹിദ് എന്ന സംജ്ഞയുടെ വിവക്ഷ, ഒരു നിവേദകന്‍ മാത്രമുള്ള ഹദീസിനോട് അക്ഷരത്തിലോ ആശയത്തിലോ യോജിക്കുന്ന വിധം അതേ സ്വഹാബിയില്‍ നിന്നല്ലാതെ മറ്റു നിവേദകര്‍ ഉദ്ധരിച്ച ഹദീസ് എന്നാണ്.
5)മുഅന്‍അന്‍
അന്‍അന എന്ന ക്രിയാ ശബ്ദത്തിന്റെ കര്‍മപദമാണ് മുഅന്‍അന്‍. (അന്‍ അന്‍) ഉപയോഗിച്ച് ഇന്നയാള്‍ ഇന്നയാളില്‍ നിന്ന് (ഫുലാന്‍ അന്‍ഫുലാന്‍) എന്ന നിവേദക ശ്രേണിയോട് കൂടിയ ഹദീസിനാണ് മുഅന്‍അന്‍ എന്നുപറയുന്ന
