ഇമാം ബുഖാരി
ഇമാം ബുഖാരി (റ) ഇസ്ലാമിക വിജ്ഞാന ചരിത്രത്തിലെ ഏറ്റവും മഹത്തായ ഹദീസ് പണ്ഡിതന്മാരിലൊരാളാണ്. ഹദീസുകളുടെ ശേഖരണത്തിലും പരിശുദ്ധത ഉറപ്പാക്കുന്നതിലും അദ്ദേഹം സ്വീകരിച്ച കർശനമായ മാനദണ്ഡങ്ങൾ അദ്ദേഹത്തെ അനന്യനാക്കുന്നു. ബാല്യകാലം മുതൽ തന്നെ അറിവിനോടുള്ള അസാധാരണമായ ആസ്വാദനവും സ്മരണശക്തിയും പ്രകടിപ്പിച്ച ഇമാം ബുഖാരി, ഇസ്ലാമിക ലോകമാകെ സഞ്ചരിച്ചു ആയിരക്കണക്കിന് ഹദീസുകൾ ശേഖരിച്ചു. അദ്ദേഹത്തിന്റെ ജീവിതവും സേവനവും സുന്നത്തിന്റെ സംരക്ഷണത്തിന് നൽകിയ അമൂല്യ സംഭാവനകളാണ്.
മുഹമ്മദുബ്നു ഇസ്മാഈലുബ്നി ഇബ്രാഹിമുബ്നി മുഗീറതുല്‍ ജഅഫി എന്നാണ് ഇമാം ബുഖാരിയുടെ പൂര്‍ണനാമം. ഹദീസിലെ ‘അമീറുല്‍ മുഅ്മിനീന്‍’, ‘ഹദീസ് പണ്ഡിതന്മാരുടെ നേതാവ്’ എന്നീ വിശേഷണങ്ങളില്‍ അറിയപ്പെടുന്ന ഇമാം ബുഖാരി ഹിജ്റ 194ല്‍ ശവ്വാല്‍ മാസം 13ന് വെള്ളിയാഴ്ച ബുഖാറയില്‍ ജനിച്ചു. അബുല്ഹസന് എന്ന പേരില്‍ പ്രസിദ്ധനായ അദ്ദേഹത്തിന്റെ പിതാവ് ഇസ്മാഈല്‍, ഇമാം മാലികിന്റെ ശിഷ്യനും ഹദീസ് പണ്ഡിതനുമായിരുന്നു. ഒരേ സമയം പാണ്ഡിത്യം കൊണ്ടും സമ്പന്നതകൊണ്ടും അനുഗൃഹീതനായിരുന്ന അബുല്‍ ഹസന് സാത്വികനും സൂക്ഷ്മാലുവുമായിരുന്നു. തന്റെ സമ്പത്തില്‍ ഹറാമോ സംശയാസ്പദമോ ആയ ഒരു ദിര്‍ഹം പോലും തന്റെ അറിവോടെ കടന്നുകൂടിയിട്ടില്ലെന്ന് മരണസമയത്ത് തന്നെ സന്ദര്‍ശിച്ച യഹ്യബ്നു ഹഫ്സ് എന്ന പണ്ഡിതനോട് അദ്ദേഹം പറയുകയുണ്ടായി. ഇമാം ബുഖാരിയുടെ മാതാവ് ആരാധനനിരതയും ഭക്തയും ധാരാളം ബഹുമതികളുടെ ഉടമയുമായിരുന്നു. ശൈശവത്തില്‍ കാഴ്ച നഷ്ടപ്പെട്ട ഇമാം ബുഖാരിക്ക്, ചന്ദ്രപ്രകാശത്തില്‍ ‘അത്താരീഖുല്‍ കബീര്‍’ എന്ന ഗ്രന്ഥത്തിന്റെ കരട് കോപ്പി തയ്യാറാക്കാന്‍ സാധിക്കുമാര് കാഴ്ച തിരിച്ചുകിട്ടിയത് മാതാവിന്റെ നിരന്തര പ്രാര്‍ഥനയുടെ ഫലമായിരുന്നുവത്രേ. പിതാവ് മരണപ്പെട്ടപ്പോള്‍ മാതാവിന്റെ സംരക്ഷണത്തിലാണ് അദ്ദേഹം വളര്‍ന്നത്. വിജ്ഞാനത്തിന്റെ മടിത്തട്ടില്‍ ശ്രേഷ്ഠതയുടെ മുലപ്പാല്‍ കുടിച്ച് വളര്‍ന്നവനാണ് ബുഖാരിയെന്ന് ഇമാം ഖസ്ത്വല്ലാനി പറഞ്ഞത് ഈ അര്‍ഥത്തിലാണ്. പത്താം വയസ്സില്‍ മതപാഠശാലയില്‍ പഠിക്കുമ്പോള്‍ തന്നെ ബുഖാരി ഹദീസുകള്‍ ഹൃദിസ്ഥമാക്കാന്‍ താല്പര്യം കാണിക്കുകയും വിജ്ഞാന സദസ്സുകളില്‍ പതിവായി പങ്കെടുക്കുകയും ചെയ്യുമായിരുന്നു. ബുഖാറയിലെ ആ കാലഘട്ടത്തിലെ മഹാപണ്ഡിതനായിരുന്ന അല്ലാമാ ദാഖിലിയുടെ വിജ്ഞാന സദസ്സില്‍ അദ്ദേഹം സദാ സന്നിഹിതനായിരുന്നു. ഒരിക്കല്‍ അധ്യാപനം നടത്തിക്കൊണ്ടിരിക്കെ തെറ്റായി ഉദ്ധരിച്ച ഹദീസ് പരമ്പര ഇമാം ബുഖാരി പെട്ടെന്ന് തിരുത്തുകയുണ്ടായി. ആദ്യം ക്ഷോഭിച്ച ദാഖിലി സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ശാന്തനായി. അദ്ദേഹം തെറ്റ് അംഗീകരിച്ചുവെന്ന് മാത്രമല്ല, അതുതിരുത്താന്‍ ബുഖാരിയെത്തന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്ന് ബുഖാരിക്ക് പതിനൊന്ന് വയസ്സു മാത്രമായിരുന്നു പ്രായം. ബുഖാറ പട്ടണത്തിലെ പ്രശസ്തമായ വിജ്ഞാനസദസ്സുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന മുഹമ്മദുബ്നു സലാമ അല്ബീകന്ദി, അബ്ദല്ലാഹിബ്നു മുഹമ്മദ് മുസ്നദി, ഇബ്റാഹീമുബ്നു അശ്അസ് തുടങ്ങിയ പ്രഗത്ഭ പണ്ഡിതന്മാരില് നിന്നെല്ലാം ഇമാം ബുഖാരി വിജ്ഞാനം തേടി. പതിനാറ് വയസ് തികഞ്ഞപ്പോഴേക്കും വലിയ ഒരു ഹദീസ് ശേഖരം സ്വന്തമാക്കുകയും പണ്ഡിതന്മാരുടെ വൈജ്ഞാനിക നിലവാരത്തെക്കുറിച്ചും ഗവേഷണങ്ങളെക്കുറിച്ചുമൊക്കെ അഭിപ്രായം പറയാനുള്ള കഴിവ് നേടുകയും ചെയ്തു. ഗ്രന്ഥങ്ങളിലെ തെറ്റുകള്‍ കണ്ടെത്താനും തിരുത്താനും പലരും ബുഖാരിയെയാണ് ഏല്‍പ്പിച്ചിരുന്നത്.
ഒരിക്കല്‍ അദ്ദേഹം ബഗ്ദാദില്‍ ചെന്നപ്പോള്‍ അവിടത്തെ പണ്ഡിതന്മാര് അദ്ദേഹത്തെ പരീക്ഷിക്കാന്‍ തീരുമാനിച്ചു. അവര്‍ ഏതാനും ഹദീസുകള്‍ പരമ്പര (സനദ്) മാറ്റിമറിച്ച് അദ്ദേഹത്തോടു ചോദിച്ചു. അദ്ദേഹം മറുപടി കൊടുത്തു: ”നിങ്ങള്‍ ഉദ്ധരിച്ച ഹദീസിന്റെ സനദ് തെറ്റാണ്. ഓരോ ഹദീസിന്റെയും ശരിയായ പരമ്പര ഇങ്ങനെയാണ്. ഈ ഓരോ പരമ്പരയിലും വന്ന ഹദീസ് ഇങ്ങനെയാണ്”. അങ്ങനെ അവര്‍ തെറ്റിച്ചു ചോദിച്ച ഹദീസുകള്‍ ശരിയായ പരമ്പരയിലേക്ക് ചേര്ത്തിക്കൊണ്ടവര്ക്ക് പറഞ്ഞുകൊടുത്തു. അവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് ഇമാം ബുഖാരി തന്റെ പാണ്ഡിത്യം തെളിയിച്ചു.
ഇമാം ബുഖാരിയുടെ ഗ്രന്ഥരചന
മക്കയിലും മദീനയിലുമുള്ള താമസത്തിനിടയിലാണ് ‘സ്വഹാബികളുടെയും താബിഉകളുടെയും പ്രശ്നങ്ങള്‍’ (ഖളായാ സ്വഹാബത്തി വത്താബിഈന്‍), ‘മഹത്തായ ചരിത്രം’, (അത്താരീഖുല്‍ കബീര്‍) എന്നീ സുപ്രധാനങ്ങളായ രണ്ടു ഗ്രന്ഥങ്ങള്‍ ഇമാം ബുഖാരി രചിച്ചത്. അതിനുശേഷം ബസ്വറ, കൂഫ, സിറിയ, ഈജിപ്ത്, ബഗ്ദാദ് തുടങ്ങിയ ഇസ്ലാമിക വിജ്ഞാന കേന്ദ്രങ്ങളില്‍ താമസിച്ച് ഹദീസുകള്‍ ശേഖരിച്ചു. ഇവ്വിധം സമാഹരിച്ച ആറു ലക്ഷത്തിലേറെ ഹദീസുകളില്‍ നിന്ന് സൂക്ഷ്മ പരിശോധനക്ക് ശേഷം സമാഹരിച്ച 7397 ഹദീസുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഏറ്റവും ആധികാരിക ഹദീസ് ഗ്രന്ഥമായ ‘അല്‍ ജാമിഉസ്സ്വഹീഹ്’. നീണ്ട പതിനാറു വര്‍ഷക്കാലത്തെ തീവ്ര തപസ്യയിലൂടെയാണ് ഈ മഹല്‍കൃത്യം അദ്ദേഹം പൂര്‍ത്തിയാക്കിയത്. ദേഹശുദ്ധി വരുത്തി രണ്ടു റക്അത്ത് നമസ്കരിച്ച് ഇസ്തിഖാറത്ത് (നന്മ തേടിയുള്ള പ്രാര്‍ഥന) നടത്തിയ ശേഷമാണ് ഓരോ ഹദീസും തെരഞ്ഞെടുത്തതെന്നും, തന്റെയും അല്ലാഹുവിന്റെയും ഇടയിലുള്ള ഒരു തെളിവായി ഈ ഗ്രന്ഥത്തെ കണക്കാക്കുന്നതിനാല്‍ സംശയാസ്പദമായ ഒരു ഹദീസു പോലും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അസന്നിഗ്ധമായി അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്.
അല്‍ ജാമിഉസ്സ്വഹീഹ് എന്ന സ്വഹീഹുല്‍ ബുഖാരി രചിക്കാന്‍ പ്രേരണയായിത്തീര്‍ന്ന കാരണങ്ങള്‍ ഇമാം ബുഖാരി തന്നെ വിശദീകരിക്കുന്നു: ”ഹദീസ് ക്രോഡീകരണ രംഗത്തേക്ക് കടന്നുവന്ന പല പണ്ഡിതന്മാരും ഹദീസിന്റെ സ്വീകാര്യതയും ബലഹീനതയും പരിഗണിക്കാതെയാണ് രചനകള്‍ നടത്തിയത്. ദുര്‍ബലമായ ഹദീസുകള്‍ ഒഴിവാക്കി സ്വീകാര്യയോഗ്യമായവ മാത്രം ഉള്‍പ്പെടുത്തി പ്രാമാണികമായ ഒരു ഗ്രനഥത്തില് ഹദീസുകള്‍ സമാഹരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതിനുപുറമെ പ്രമുഖ പണ്ഡിത ശ്രേഷ്ഠനായ ഇമാം ഇസ്ഹാഖുബ്നു റാഹവൈഹി, സ്വഹീഹായ ഹദീസുകള്‍ മാത്രം തെരഞ്ഞെടുത്ത് സമഗ്രവും സംക്ഷിപ്തവുമായ ഒരു ഗ്രന്ഥം രചിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചതും എന്റെ മനസ്സിനെ സ്വാധീനിച്ചു”.
ഇമാം ബുഖാരിയുടെ സ്വഭാവ മഹിമകള്‍
വ്യക്തിജീവിതത്തില്‍ സൂക്ഷ്മതയും ലാളിത്യവും വിശുദ്ധിയും കാത്തുസൂക്ഷിച്ചിരുന്ന മഹാനായിരുന്നു ഇമാം ബുഖാരി. ഹദീസ് നിവേദന പരമ്പരയിലെ റിപ്പോര്‍ട്ടര്‍മാരെക്കുറിച്ച് അഭിപ്രായം പറയേണ്ടിവരുമ്പോള്‍ വളരെ മാന്യമായ രീതിയിലും ഭാഷയിലും മാത്രമാണ് അദ്ദേഹമത് ചെയ്തത്. അസ്വീകാര്യന്മാരായ റിപ്പോര്‍ട്ടര്‍മാരെക്കുറിച്ച് പരമാവധി അനഭിലഷണീയന്‍ (മുന്കറുല് ഹദീസ്) എന്നു മാത്രമാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഈ രൂപത്തില്‍ തെറ്റിദ്ധാരണക്ക് ഇടംകൊടുക്കാതെ അദ്ദേഹം സൂക്ഷ്മത പുലര്‍ത്തി.
സമ്പന്നനായ പിതാമഹന്റെ അരുമ മകനായിരുന്നെങ്കിലും ഭൗതിക താത്പര്യമോ ആഡംബര ഭ്രമമോ സ്ഥാനമോഹമോ അദ്ദേഹത്തെ പിടികൂടിയില്ല. അറിവന്വേഷിച്ചുകൊണ്ടുള്ള യാത്രയില്‍ പലപ്പോഴും ഭക്ഷണത്തിനും വസ്ത്രത്തിനും വിഷമിക്കേണ്ടിവന്നു. എന്നാലും പ്രയാസങ്ങള്‍ മറ്റുള്ളവരെ അറിയിക്കുകയോ പരസഹായം തേടുകയോ ചെയ്തില്ല. അധികാരി വര്‍ഗത്തിന്റെ അരികുപറ്റി സുഖജീവിതം നയിക്കാനുള്ള അവസരങ്ങളുണ്ടായിട്ടും അതെല്ലാം തട്ടിക്കളയുകയും അതിന്റെ പേരില്‍ നേരിടേണ്ടിവന്ന പ്രയാസങ്ങള്‍ സസന്തോഷം സഹിക്കുകയും ചെയ്തു.
ബുഖാറയിലെ ഗവര്‍ണര്‍ അമീര്‍ ഖാലിദുബ്നു അഹ്മദുദ്ദൗലി, ഇമാം ബുഖാരിയോട് ഗ്രന്ഥങ്ങളുമായി തന്നെ വന്ന് കാണാന്‍ ഖലീഫ ബിന്‍ ത്വാഹിറിനെ ചുമതലപ്പെടുത്തി. അമീറിന്റെ ദൂതനോടുള്ള ഇമാമിന്റെ മറുപടി വളരെ വ്യക്തമായിരുന്നു: ”വിജ്ഞാനത്തെ അധികാര കവാടങ്ങളിലേക്കാനയിച്ച് അതിനെ നിന്ദിക്കാന്‍ ഞാന്‍ ഇല്ല. വിജ്ഞാനത്താല്‍ താത്പര്യമുള്ളവര്‍ പള്ളിയിലേക്കോ എന്റെ വീട്ടിലേക്കോ വരട്ടെ. അല്ലെങ്കില്‍ വിജ്ഞാനസദസ്സില്‍ നിന്ന് എന്നെ തടയുക. അന്ത്യദിനത്തില്‍ അല്ലാഹുവിങ്കല്‍ എനിക്ക് ഒഴികഴിവ് ലഭിക്കാമല്ലോ. വിജ്ഞാനം മറച്ചുവെക്കാന്‍ എനിക്ക് സാധ്യമല്ല. ആരോടെങ്കിലും അറിവ് തേടുകയും അത് മറച്ചുവെക്കുകയും ചെയ്താല്‍ അന്ത്യദിനത്തില്‍ അല്ലാഹു അവന് തീയിന്റെ കടിഞ്ഞാണിടുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്”. അതോടെ ഗവര്‍ണ്ണറുമായുള്ള അദ്ദേഹത്തിന്റെ ബന്ധം മോശമായി. പിന്നീട് അതിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുകയും ചെയ്തു.
ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്ക് വഴികാട്ടിയായി നിലകൊള്ളുന്ന ഖുര്‍ആന്റെ വിശദീകരണമായ തിരുസുന്നത്ത് സുരക്ഷിതമായിരിക്കണമെന്ന ദൈവിക നിയമത്തിന്റെ സാക്ഷാത്കാരമാണ് ഇമാം ബുഖാരിയിലൂടെ സഫലമാവുന്നത്. വ്യക്തിത്വത്തിന്റെ മാഹാത്മ്യവും ജീവിത വിശുദ്ധിയും സ്വഭാവങ്ങളുടെ സവിശേഷതയും ഹദീസുകള്‍ സ്വീകരിക്കുന്നതില്‍ പുലര്‍ത്തിയ സൂക്ഷ്മതയും ആ മാര്‍ഗത്തില്‍ വരിച്ച ത്യാഗങ്ങളും കണക്കിലെടുക്കുമ്പോഴാണ് എന്തുകൊണ്ട് സ്വഹീഹുല്‍ ബുഖാരി പ്രാമാണികതയില്‍ മികച്ച ഗ്രന്ഥമായിത്തീര്‍ന്നു എന്നു മനസ്സിലാവുന്നത്.
ബുഖാരിയുടെ പഠനയാത്രകള്‍
വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ പരിമിതമായതിനാലും, ഇസ്ലാമിക രാഷ്ട്രം വിശാലമാവുകയും പ്രവാചക ശിഷ്യന്മാരും അവരുടെ അനുയായികളും വിദൂര ദേശങ്ങളില്‍ ജീവിച്ചു മരിക്കുകയും ചെയ്തതുകൊണ്ടും ചിലപ്പോള്‍ ഒരു ഹദീസിനെക്കുറിച്ച് പഠിക്കാനോ വിജ്ഞാനം കരസ്ഥമാക്കാനോ ദീര്ഘയാത്രകള് വേണ്ടിവന്നു. ഇങ്ങനെ സാഹസിക യാത്രകള്‍ നടത്തിയാണ് ഇമാം ബുഖാരി ഹദീസുകള്‍ ശേഖരിച്ചത്. ബുഖാറയിലെ പണ്ഡിതന്മാരില് നിന്ന് വിജ്ഞാനം നേടിക്കഴിഞ്ഞപ്പോള്‍ ദിവ്യബോധനത്തിന്റെ കേന്ദ്രവും പ്രവാചകന്റെ ആസ്ഥാനവുമായ മക്കയും മദീനയും ഉള്‍ക്കൊള്ളുന്ന പുണ്യഭൂമിയിലേക്ക് അദ്ദേഹം യാത്രപോയി. ഹിജ്റ 210ല്‍ മാതാവും സഹോദരനുമൊപ്പം ഹജ്ജ് ചെയ്തു. ഹജ്ജ് കഴിഞ്ഞ് സഹോദരനെയും മാതാവിനെയും തിരിച്ചയച്ചു. ഇമാം ബുഖാരി വിജ്ഞാനസമ്പാദനത്തിനായി മക്കയില്‍തന്നെ താമസമാക്കി. അന്ന് മക്കയിലെ വിജ്ഞാന സദസ്സുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഇമാം അബുല്‍ അല്ലാമാ അല്‍ഹുമൈദി ആയിരുന്നു. അക്കാലത്ത് മദീനയിലുണ്ടായിരുന്ന പ്രസിദ്ധ പണ്ഡിതന്മാരാണ് ഇബ്രാഹീമുബ്നുല് മുന്ദിര്, ഇബ്റാഹിമുബ്നു ഹംസ എന്നിവര്‍. ഈ യാത്രയിലാണ് ഇമാം ബുഖാരി ‘അത്താരീഖുല്‍ കബീര്‍’ എന്ന ഗ്രന്ഥം രചിച്ചത്. മക്ക, മദീന, ത്വാഇഫ്, ജിദ്ദ എന്നിവിടങ്ങളില്‍ വിജ്ഞാന സമ്പാദനത്തിനായി പലപ്പോഴായി അദ്ദേഹം താമസിച്ചത് മൊത്തം ആറുവര്‍ഷമായിരുന്നു.
തുടര്‍ന്ന് അന്നത്തെ വിജ്ഞാന കേന്ദ്രങ്ങളും സാംസ്കാരിക തലസ്ഥാനങ്ങളുമായിരുന്ന ബസ്വറ, കൂഫ, ബഗ്ദാദ്, സിറിയ, ഈജിപ്ത്, ഖുറാസാന്‍ തുടങ്ങി വിജ്ഞാന സമ്പത്ത് എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം അദ്ദേഹം ചെന്നെത്തുകയും വിജ്ഞാനം സമ്പാദിക്കുകയും ചെയ്തു. വിഖ്യാതരായ ആയിരക്കണക്കിന് പണ്ഡിതന്മാരില് നിന്ന് ഹദീസുകള്‍ കേട്ടതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
